മുടിയറകൾ - 15
വെളിയിടത്തിലെ കൂട്ടത്തല്ല് കണ്ട് പരിഭ്രമിച്ചെങ്കിലും പൊടിപടലം തിങ്ങിയ ആൾക്കൂട്ടത്തിലേക്ക് പെരുമാനൂരച്ചൻ ഇറങ്ങി. ആളുകൾ ആയുധങ്ങൾ മറച്ചുപിടിച്ചു. ചുറ്റും കൂടുന്ന കാണികളാണ് എല്ലാ കലഹങ്ങളുടെയും കാരണക്കാർ. തല്ല് കാണാനൊരു മൂന്നാമൻ ഇല്ലെങ്കിൽ രണ്ടുപേർ തമ്മിലൊരു പോരുണ്ടാവില്ല. പെരുമാനൂരിന്റെ വാക്കുകളുടെ ആഴം പറോട്ടിക്കാർക്ക് മനസ്സിലായില്ല.
ചിത്രീകരണം: കന്നി എം
56
ഒറ്റക്കണ്ണനായിരുന്നു പെരുമാനൂരച്ചൻ.
നഷ്ടപ്പെട്ട കണ്ണിനെക്കുറിച്ച് ചോദിക്കുമ്പോഴെല്ലാം തോട്ടത്തിലൂടെയുള്ള അന്നത്തെ സവാരി അച്ചൻ ഓർക്കും.
കാഴ്ചയുടെ അതിരുകളെ ചുരുക്കാനൊരു ദൂതൻ വരുമെന്ന് അച്ചന് അറിയാമായിരുന്നു. തൂവലടർത്തുന്നതുപോലെ ഇലപൊഴിഞ്ഞുകൊണ്ടിരുന്ന ആകാശത്തായിരുന്നു അതിന്റെ അടയാളം. പൊതിഞ്ഞുപിടിക്കുന്ന തണുപ്പിലും, ചെടികളും മരങ്ങളും അച്ചനോടു സംസാരിച്ചുകൊണ്ടിരുന്നു. എല്ലാറ്റിനോടും മിണ്ടിയും പറഞ്ഞുമുള്ള നടപ്പ് അവസാനിപ്പിക്കാൻ തുടങ്ങുമ്പോഴാണ് ചില്ലയിലിരുന്ന പറവ ചിലച്ചുകൊണ്ട് താണുപറന്നത്. മിന്നായംപോലെ കറുപ്പും മഞ്ഞയും കലർന്ന ചുണ്ടിന്റെ കൂർച്ച.
പറവയെന്തിനാണ് ഒരാളുടെ, അതുമൊരു പുരോഹിതന്റെ കണ്ണ് അടർത്തിയെടുത്തത്. കറുപ്പിനു പകരം വെളുപ്പണിഞ്ഞൊരു ഒറ്റക്കണ്ണൻ കാക്കയെപ്പോലെ സെമിനാരിയുടെ ചില്ലയിൽ അച്ചൻ ഒറ്റപ്പെട്ടു. പിന്നീടവർ പറോട്ടിയിലേക്ക് അദ്ദേഹത്തെ സ്ഥലം മാറ്റുകയുംചെയ്തു.
കുടിപ്പകക്ക് പേരുകേട്ട ഇടവകയായിരുന്നു പറോട്ടി. എല്ലാ തിരുനാളിനും ഒരു തല്ല് ഉറപ്പാണ്. പ്രദക്ഷിണം കഴിയുന്നതോടെ തെക്കു വടക്കൻമാരുടെ ചേരിതിരിഞ്ഞുള്ള അടിയങ്ങ് കേറി മൂക്കും.
വെളിയിടത്തിലെ കൂട്ടത്തല്ല് കണ്ട് പരിഭ്രമിച്ചെങ്കിലും പൊടിപടലം തിങ്ങിയ ആൾക്കൂട്ടത്തിലേക്ക് പെരുമാനൂരച്ചൻ ഇറങ്ങി. ആളുകൾ ആയുധങ്ങൾ മറച്ചുപിടിച്ചു. ചുറ്റും കൂടുന്ന കാണികളാണ് എല്ലാ കലഹങ്ങളുടെയും കാരണക്കാർ. തല്ല് കാണാനൊരു മൂന്നാമൻ ഇല്ലെങ്കിൽ രണ്ടുപേർ തമ്മിലൊരു പോരുണ്ടാവില്ല. പെരുമാനൂരിന്റെ വാക്കുകളുടെ ആഴം പറോട്ടിക്കാർക്ക് മനസ്സിലായില്ല.
തല്ലിനൊരു അറുതിവരുത്താനുള്ള ശ്രമത്തിൽ വെളിയിടത്തിനു ചുറ്റും മതിൽ പണിയാൻ തീരുമാനി ച്ചു. തെക്കരാണ് ആദ്യം തടഞ്ഞത്. പിന്നീട് വടക്കരും അവരോടൊപ്പം ചേർന്നു. എല്ലായിടത്തു നിന്നും ഒറ്റപ്പെട്ടുപോയതിന്റെ നിസ്സഹായതയോടെ കൂട്ടുകാരനെ തേടി പെരുമാനൂരച്ചൻ ഞാറക്കടവിലെത്തി.
വെളിച്ചം അടർന്നുപോയ കണ്ണിലേക്ക് മാമ്പള്ളി നോക്കുന്നതു കണ്ട് അച്ചൻ ചിരിച്ചു.
“ദൈവത്തിനും ഒറ്റക്കണ്ണായിരുന്നെടോ.”
മേൽക്കൂരയിലെ പ്രാവിൻകൂട്ടിൽനിന്നുള്ള കുറുകലിന്റെ ഒച്ച രണ്ടാളെയും സെമിനാരിയുടെ കല്ലുപാകിയ ഇടവഴിയിലൂടെ നടത്തിച്ചു. ഒരു പറവയെപ്പോലെ പിടലി ചരിച്ചുള്ള പെരുമാനൂരിന്റെ കൂടു തകർന്ന ഓർമകൾ. മാമ്പള്ളിയതെല്ലാം കേട്ടിരുന്നു.
“തന്നെയവർ ഒതുക്കിയതാണ്.”
“ഒതുങ്ങേണ്ടവരല്ലേ മാമ്പള്ളി നമ്മൾ.”
ഞാറക്കടവുപോലെയായിരുന്നില്ല പറോട്ടി. പാതിരിമാർ വരാൻ മടിച്ചൊരിടം. സഭക്ക് അവിടെ വേരോട്ടം കുറവായിരുന്നു. പള്ളിമുറ്റത്തെങ്കിലും നിൽക്കാനാവുമെന്ന പ്രതീക്ഷയോടെ മാർഗംകൂടിയവരുടെ തുടർച്ചക്കാരായിരുന്നു ഒട്ടുമിക്ക കുടുംബങ്ങളും. അവിടത്തെ കാര്യങ്ങളിൽ ഇടപെടാൻ പറോട്ടിപ്പോലീസും മടിച്ചു.
തെക്കു വടക്കരുടെ നേതാവായിരുന്നു പാറേലന്തപ്പൻ. അയാളുടെ പൂർവികർ മാടമ്പിമാർക്കെതിരെയുള്ള സമരത്തിൽ പങ്കെടുത്തവരാണ്. പള്ളിയോട് അയാൾക്ക് അടുപ്പമൊന്നുമില്ലെങ്കിലും മാമ്പള്ളിയച്ചനുമായി ചില ഇടപാടുകൾ ഉണ്ടായിരുന്നു.
“പറോട്ടിയിലെ പ്രശ്നങ്ങൾ ഉടനെയൊന്നും അവസാനിക്കില്ല. നമുക്ക് ഇത്താപ്പനോടു പറഞ്ഞു നോക്കാം.”
“അയാള് നമ്മളെ സഹായിക്കുമോ..?”
“അയാളും കൂട്ടരും വിചാരിച്ചാലേ എന്തെങ്കിലും നടക്കൂ.”
മാമ്പള്ളിയച്ചൻ ഇടപെട്ട കാര്യമായതുകൊണ്ട് പാറേലിത്താപ്പൻ സഹായിക്കാമെന്ന് സമ്മതിച്ചു. വെളിയിടത്തിൽ അയാളൊരു മുളനാട്ടി കൊടി ഉയർത്തി. പിന്നെ കൂട്ടത്തിലുള്ളവരെ വിളിച്ചുകൂട്ടി കാര്യങ്ങൾ അവതരിപ്പിച്ചു.
“ആദ്യമായാണ് പള്ളി നമ്മളോടൊരു കാര്യം ആവശ്യപ്പെടുന്നത്. ഇത്തവണ വെളിയിടത്തിൽ ആയുധമെടുക്കാൻ ഒരുത്തനെയും അനുവദിക്കരുത്.”
ഇത്തിരി സ്നേഹം കിട്ടിയാൽ വീററ്റ് വിധേയപ്പെട്ടുപോകുന്ന ശൗര്യം ഇത്താപ്പന്റെ സിരകളിലൂടെ വീണ്ടും ഒഴുകി. അയാളെ അനുസരിക്കുകയല്ലാതെ മറ്റു വഴികളില്ലാത്തതിനാൽ തെക്കരും വടക്കരും മറുത്തൊന്നും പറയാതെ വീടുകളിലേക്ക് മടങ്ങി.
പള്ളിത്തിരുനാളിന്റെ ഭാഗമായുള്ള അടി കുറഞ്ഞു. വഴിത്തർക്കം പറഞ്ഞു തടസ്സം നിന്നവരെല്ലാം പാറേലിത്താപ്പന്റെ ഭീഷണിയിൽ ഒതുങ്ങിയതോടെ വെളിയിടം പള്ളിമതിലിനുള്ളിൽ ഒതുങ്ങി.
തിരുനാളുകളിൽ നടന്ന രക്തച്ചൊരിച്ചിലുകൾക്ക് പരിഹാരമായി അച്ചനൊരു വടി ആശീർവദിച്ച് മർത്താമറിയത്തിന്റെ നടയിൽ വെച്ചു. ദണ്ഡമോചനത്തിനായി ആർക്കുവേണമെങ്കിലും അതെടുത്തു നെറുകയിൽ മുട്ടിക്കാം. ഇത്താപ്പൻ വടിയെടുത്ത് മൂന്നുതവണ നെറുകയിൽ മുട്ടിച്ചു. അയാൾക്കു പിന്നാലെയെത്തിയവരും അങ്ങനെ ചെയ്തു. മുട്ടുവടിനേർച്ചയെന്ന നിലയിൽ പിൽക്കാലത്ത് അത് പറോട്ടിത്തിരുന്നാളിലെ പ്രധാന വരുമാനമായി.
57
പറോട്ടിയിലെ തിരുനാളിന് ചാരായം വാറ്റാൻ രായൻ വിളിച്ചെങ്കിലും കുഞ്ഞാപ്പി പോയില്ല. കൊടി കയറിയിട്ടും തിരുനാളിന്റെ തലേന്നാണ് അവൻ കടയടച്ച് പള്ളിയിലേക്കിറങ്ങിയത്. കൂട്ടിവെച്ചിരുന്ന കാശിനൊരു ഷർട്ട് വാങ്ങിയിരുന്നു. പുത്തനുടുപ്പ് വല്ലപ്പോഴുമേയുള്ളൂ. മിക്കവാറും രായനുടുത്ത് പഴകിയതാവും അവന് കിട്ടുക.
ഞാറക്കടവിൽനിന്ന് പുറപ്പെടുമ്പോൾ പള്ളിമുറ്റത്ത് കാത്തുനിൽക്കാൻ ആരോ ഉണ്ടെന്നൊരു തോ ന്നൽ. തേച്ച് വെളുപ്പിച്ചെടുത്ത വള്ളിച്ചെരുപ്പിന്റെ വെളുപ്പുപോലെയൊരു ചിരി അവന്റെ മുഖത്ത് തെളിഞ്ഞു.
തിരുനാളിന്റെ തലേദിവസമായിരുന്നിട്ടും പള്ളിമുറ്റം തിങ്ങി ആളുകൾ. പൊരിക്കടലയും കൊറിച്ച് തിരുനാൾക്കാഴ്ചകൾ കണ്ടു നടന്നു. കുലുക്കികുത്തിനു വെച്ച പൈസ പോയെങ്കിലും തനിച്ചൊരു ഭാഗ്യം തേടുന്നതിന്റെ സുഖം അവനു തോന്നി.
ജീവിതമെന്നത് ഒറ്റക്കു ചെയ്യുന്നൊരു യാത്രയാണ്. ഇടക്കിടെ ആളുകൾ കയറിയും ഇറങ്ങിയും പോകുന്ന യാത്ര. എവിടെയാണ് ഇറങ്ങേണ്ടതെന്ന് നിശ്ചയമില്ലാത്തൊരു സഞ്ചാരം. ഒരുപക്ഷേ, ഒന്നിനു മൊരു ഉറപ്പില്ലാത്തതാവും ജീവിതത്തെ ഇത്രയും മനോഹരമാക്കുന്നത്. കോളാമ്പിമൈക്കിലൂടെയുള്ള പെരുമാനൂരച്ചന്റെ പ്രസംഗം ശ്രദ്ധിക്കാതെ പരിഹാരപ്രദക്ഷിണവും ഉരുൾനേർച്ചയുമായി ആളുകൾ പള്ളിക്കു ചുറ്റും വലംവെച്ചു. അടിമവെക്കാൻ നിൽക്കുന്നവരുടെ കൂട്ടത്തിൽ ദുമ്മിനിയെ കണ്ടതോടെ കുഞ്ഞാപ്പി അടുത്തേക്ക് ചെന്നു.
“എന്താ... പതിവില്ലാണ്ടൊരു നേർച്ച..?”
“ഓ... പ്രായമായി വരികയല്ലേടാ.”
കുശിനിയിലെ പണിത്തിരക്കു കാരണം തിരുനാളിനേ കർമലി വരുകയുള്ളൂവെന്ന് ദുമ്മിനി പറഞ്ഞു. ഞാറക്കടവിലേക്ക് അയാളോടൊപ്പം മടങ്ങാമെന്നുള്ള സന്തോഷത്തോടെ നടയിറങ്ങുമ്പോഴാണ് രായനെത്തിയത്.
“നീ അയാളെ പറഞ്ഞു വിട്.”
മുണ്ടിന്റെ തുഞ്ചുയർത്തി വേർപ്പു തുടച്ചുകൊണ്ട് രായൻ ചീത്തവിളിച്ചു. പള്ളിനടയിൽനിന്നും വാങ്ങിയ പൊരിയും മടക്കുമൊക്കെ ദുമ്മിനിക്ക് കൊടുത്തിട്ട് കുഞ്ഞാപ്പി രായനു പിന്നാലെ ചെന്നു. ലെവൽക്രോസ് കഴിഞ്ഞുള്ള അത്തിക്കാനം ഷാപ്പിലെത്തിയപ്പോൾ രായൻ നിർബന്ധിച്ച് അകത്തേക്ക് കൂട്ടി. കള്ളിനൊപ്പം മുളകിട്ട കൂരിക്കറി വാങ്ങി.
“കർമലീടപ്പന് പ്രയാസമായിട്ടുണ്ടാവും.”
“നിനക്കിപ്പോ അവര് മതിയല്ലോ...”
രായൻ പിന്നെയും ദേഷ്യപ്പെട്ടു.
ഷാപ്പിൽനിന്നിറങ്ങി പാളത്തിലൂടെ നടക്കുമ്പോൾ ഇരുട്ടിലൊരു വെട്ടം. അടുത്തേക്ക് ചെന്നു. ഉടൽ രണ്ടായി വേർപെട്ടുപോയൊരു പശു പാളങ്ങളുടെ ഇരുവശങ്ങളിലായി കിടക്കുന്നു. തൊട്ടടുത്ത് കാലമെത്താതെ പിറന്ന കന്നുകുട്ടിയുടെ അനക്കമറ്റ ദേഹത്തേക്ക് കുഞ്ഞാപ്പി നോക്കി. മണം പിടിച്ചെത്തിയ പട്ടികളെ ഓടിച്ച് റാന്തലുവെട്ടവുമായി ഒരു കിളവൻ കൂട്ടിരിപ്പുണ്ട്. അന്നം തന്നിരുന്ന കന്നിനെ നഷ്ടപ്പെട്ടത് പറയുമ്പോൾ അയാൾക്ക് ശ്വാസംമുട്ടി.
“വയറ്റിച്ചൂലിയാ. സൂക്ഷിക്കണേന്ന് ഞാനിവളോടു പറഞ്ഞതാ. കേക്കാണ്ട് കയറും വലിച്ചോണ്ടൊരു പാച്ചിലായിരുന്നു.”
“എടോ. താനിതിങ്ങനെ പറഞ്ഞോണ്ടിരുന്നാ പിന്നാലെ വരുന്ന വണ്ടി കയറി ബാക്കിയുള്ളതുകൂടി അരഞ്ഞുപോകും.’’
രായനെന്താണ് പറഞ്ഞുവരുന്നതെന്ന് കിളവന് മനസ്സിലായില്ല. ശ്വാസംമുട്ടലോടെ അയാൾ ചത്തുപോയ പശുവിന്റെ കൊമ്പിൽ തടവി.
‘‘തന്റെ പശുവും അതിന്റെ വയറ്റീ കിടന്നതും ഒടുങ്ങി. റെയിൽവേപ്പോലീസെത്തി എഴുത്തുകുത്ത് കഴിയുന്നതോടെ ഒരു അയ്യായിരമെങ്കിലും കൈയീന്ന് പോകും. കുഴപ്പമൊന്നുമില്ലാതെ ഞങ്ങളിത് കൊണ്ടുപോയി കുഴിച്ചിട്ടോളാം. കാശൊന്നും ചോദിക്കരുത്.’’
ചത്തുപോയ പശുവിനെയും ചാപിള്ളയെയും ചുമന്ന് താഴെ ചെമ്മൺ റോഡിൽ കൊണ്ടുവരുമ്പോഴും കിളവന്റെ മുഖത്തേക്ക് നോക്കാനാവാതെ കുഞ്ഞാപ്പി തലകുമ്പിട്ടു. പെട്ടിയോട്ടോയിലേക്ക് മാംസത്തുണ്ട് കയറ്റുമ്പോൾ പശുവിന്റെ നെറ്റിയിൽ അയാളൊരു ഉമ്മ വെച്ചു. മരിച്ചവരുടെ അടക്കംകഴിഞ്ഞതുപോലൊരു ശാന്തത. മുറിവുകളെല്ലാം കൂടിച്ചേർന്നൊരു കന്നുകുട്ടി ഇരുട്ടിലൂടെ തുള്ളിച്ചാടി മറയുന്നത് കുഞ്ഞാപ്പി കണ്ടു. വിറയോടെ നിന്ന കിളവന്റെ കൈയിൽ കുറച്ചു രൂപ വെച്ചുകൊടുത്തിട്ട് അവൻ വണ്ടിയിലേക്ക് കയറി.
പെട്ടിയോട്ടോയുടെ വെട്ടം ഇരുട്ടുവീണ വഴിയെ തെളിക്കാൻ പാടുപെട്ടുകൊണ്ടിരുന്നു.
58
അത്തിക്കാനം റെയിൽവേ ക്രോസിൽനിന്ന് പെട്ടിയോട്ടോയിൽ കയറ്റിയ കന്നിന്റെ കഷണങ്ങൾ ആളുകൾ ഒഴിഞ്ഞതോടെ, വെളിയിടത്തിലെ കുറ്റിക്കാട്ടിൽ രണ്ടുപേരും കൂടി ഇറക്കിവെച്ചു. കത്തിയും വെട്ടുതടിയുമൊക്കെ എടുത്തുകൊണ്ടുവരുമ്പോൾ ചാക്കു നിറയെ ഉറുമ്പ്. പടുത വലിച്ചുകെട്ടി. വെട്ടിനുറുക്കാനുള്ള ഇറച്ചിക്കത്തികൾക്ക് മൂർച്ച വരുത്തുമ്പോഴേക്കും പാതിരാ കഴിഞ്ഞിരുന്നു.
‘‘രായാ... അവിഞ്ഞുതുടങ്ങിയിട്ടുണ്ട്.’’
മാംസത്തിൽ ഞെക്കിനോക്കിയിട്ട് രായൻ തോലു പൊളിച്ചുതുടങ്ങി. മണ്ണും അഴുക്കുമൊക്കെ കഴുകി വന്നപ്പോഴേക്കും വെളുപ്പിന് രണ്ടുമണി. വാടകക്കെടുത്ത പെട്രോമാക്സിന്റെ വെട്ടത്തിൽ വെളിയിടത്തിൽ കെട്ടിത്തൂക്കിയ കന്നിന്റെ തുടകൾ വെളുവെളെ കിടന്നു.
‘‘ചോരയില്ലേ. ആരുമിത് വാങ്ങില്ല.’’
‘‘നീയാ തലയും തോലുംകൂടി മുന്നീ വെക്ക്. ഞാനിപ്പ വരാം.’’
മുണ്ടുമടക്കി കുത്തി, തോർത്തിനു തലയിലൊരു കെട്ടുംകെട്ടി രായൻ ചാക്കുമെടുത്ത് ഇറങ്ങി. പ്രദക്ഷിണം കടന്നുപോകുന്ന റോഡിനെ അലങ്കരിച്ചിരുന്ന കടലാസു തോരണങ്ങൾ കാറ്റുവരുമ്പോൾ കൂട്ടത്തോടെ ഇളകി. പച്ചയോല ചുറ്റിയ മുളയിലെ ട്യൂബുവെട്ടത്തിനു ചുറ്റും ഈയലുകളുടെ മരണച്ചുറ്റ്. ക്ഷീണിച്ചുപോയ കുഞ്ഞാപ്പി കമുകിൻ തൂണിൽ ചാരിയിരുന്ന് ഉറങ്ങി.
വെളുപ്പിനേയുള്ള കതിനയും പള്ളിമുറ്റത്തെ ബാൻഡുകാരുടെ പെരുക്കവും കേട്ടതോടെ അവൻ ഉണർന്നു. കണ്ണുതിരുമ്മി നോക്കുമ്പോൾ കെട്ടിതൂക്കിയിട്ടിരിക്കുന്ന കന്നിന്റെ തുടകളിൽനിന്ന് ചോരയിറ്റുന്നു.
വെട്ടിയരിഞ്ഞ കന്നുകുട്ടിയുടെ മാംസം തള്ളയുടെ ഇറച്ചിക്കൊപ്പം രായൻ കൂട്ടിക്കലർത്തി വിറ്റു. ഉച്ചയോടെ കച്ചവടം കഴിഞ്ഞു. രണ്ടെണ്ണം അടിച്ച് പലകത്തട്ടിൽ കിടന്ന രായൻ സന്ധ്യയായതോടെ എഴുന്നേറ്റ് കുളിച്ചൊരുങ്ങി പള്ളിയിലേക്കിറങ്ങി. വാരിപ്പൂശിയ സെന്റിന്റെ മണത്തിനു മീതെയും ഒരു അവിഞ്ഞ നാറ്റം.
“നീ വരുന്നില്ലേ കുഞ്ഞാ...”
കർമലിയെ കാണാമെന്നുള്ള പ്രതീക്ഷയിൽ കുഞ്ഞാപ്പി പള്ളിക്ക് ചുറ്റും മൂന്നാലു തവണ നടന്നു. തിരുനാൾ ബലിയും പ്രദക്ഷിണവും കഴിഞ്ഞതോടെ മുട്ടുവടി നേർച്ചക്കുള്ള ആളുകളുടെ നിര വെളിയിടംവരെ നീണ്ടു.
ജീവിതത്തിനു തീപിടിച്ചതുപോലെ നാടകസ്റ്റേജിന്റെ ചുവന്ന കർട്ടൻ. അനൗൺസ്മെന്റ് തുടങ്ങിയതും, കച്ചവടക്കാർ സാധനങ്ങൾ ഒതുക്കാൻ തുടങ്ങി. പൊരിക്കടലക്കാരിയെ സഹായിക്കാൻ കൂടിയ രായൻ അവളെയും കൂട്ടി സെമിത്തേരിക്ക് പിന്നിലേക്ക് ധൃതിയിൽ നടന്നു.
പള്ളിമുറ്റത്തെ വിളക്കുകളെല്ലാം അണഞ്ഞു.
തനിച്ചായ കുഞ്ഞാപ്പി സ്റ്റേജിനു മുന്നിൽ ഇരുന്നെങ്കിലും നാടകം തീരുന്നതിനു മുന്നേ എഴുന്നേറ്റ് ബസ്േസ്റ്റാപ്പിലേക്ക് നടന്നു. ആളൊഴിഞ്ഞ വണ്ടിയുടെ പിൻസീറ്റിലേക്ക് ചുരുണ്ടുകൂടി കിടക്കുമ്പോഴും ചോരക്കുവേണ്ടി രായൻ തലയറുത്തു കൊന്ന പട്ടിക്കുഞ്ഞുങ്ങളുടെ ചത്തുമലച്ച കണ്ണായിരുന്നു അവന്റെ മനസ്സിൽ.
59
പറോട്ടിത്തിരുനാളു കഴിഞ്ഞതിന്റെ പിറ്റേന്ന് രാത്രി മാമ്പള്ളിയച്ചൻ പറഞ്ഞതനുസരിച്ച് കുഞ്ഞാപ്പിയും രായനും കൂടി ആശുപത്രിയിൽ ചെന്ന് വാറാനെ കണ്ടു. അയാൾ കൊടുത്ത പൊതിയുമായി മടങ്ങുമ്പോൾ രായനതു തുറന്നു. ചോര പറ്റിയെങ്കിലും ഉള്ളിലുള്ളതെന്താണെന്ന് അവന് മനസ്സിലായില്ല.
‘‘ഇതുപോലൊരെണ്ണം ചാമിക്ക് കൊടുക്കാൻവേണ്ടി ദൊരൈയണ്ണൻ തന്നുവിട്ടത് നീയോർക്കുന്നുണ്ടോ..?’’
നാടുവിട്ടുപോയ കാലം കുഞ്ഞാപ്പി ഓർത്തു.
ഒരു മലയിൽനിന്ന് മറ്റൊന്നിലേക്കുള്ള ഓട്ടപ്പാച്ചിലുകൾ. ഞാറക്കടവിനു മുകളിൽ ഏഴു മലകളാണുള്ളത്. ഏഴാംമല കടക്കുന്നതോടെയാണ് പാതാളഗർത്തം. അതിനുമപ്പുറം മൂർത്തികളുടെ തോട്ടമാണ്. തോട്ടത്തിനു കാവലായി കൊടിയസർപ്പങ്ങൾ. എല്ലാ പ്രതികൂലങ്ങളെയും മറികടന്ന് തോട്ടത്തിലെത്തുന്നവരുടെ മുതുകെല്ലു വളർന്നു പക്ഷിച്ചിറകുപോലെയാകും. പിന്നീടൊരിക്കലും മരണമുണ്ടാവില്ല.
മൂർത്തികളെ തൃപ്തിപ്പെടുത്താനാണ് ചാപിള്ളകളെക്കൊണ്ടുള്ള കൂടോത്രം ചെയ്യുക. ചാമിക്കുവേണ്ടി അതൊക്കെ എത്തിച്ചുകൊടുത്തിരുന്നത് ദൊരയണ്ണനായിരുന്നു. ഒരിക്കൽ അതുപോലൊരെണ്ണം മൺകുടത്തിലാക്കി അയാൾ രായന്റെയും കുഞ്ഞാപ്പിയുടെയും കൈയിൽ കൊടുത്തുവിട്ടു. തുറന്നുനോക്കരുതെന്ന് പറഞ്ഞിട്ടും പോകുന്ന വഴി രായനതിന്റെയുള്ളിലേക്ക് കൈയിട്ടു. തൊട്ടു പങ്കിലമായതിനാൽ അന്നു ചാമിയുടെ കുരുതിക്ക് ഫലമുണ്ടായില്ല.
വാറാൻ കൊടുത്ത പൊതിയുമായി പള്ളിപ്പറമ്പിലേക്ക് കയറുമ്പോൾ രായന് സംശയം.
‘‘ഇതും ചാപിള്ളയാണോ..?”
കുഞ്ഞാപ്പിയൊന്നും പറയാതെ മേടയുടെ വാതിലിൽ മുട്ടി. കാത്തിരുന്നതുപോലെ അച്ചൻ വാതിൽ തുറന്നു.
‘‘പെട്ടെന്ന് കയറൂ.’’
പൊതി വാങ്ങി അച്ചൻ മേശപ്പുറത്തുവെച്ചു.
‘‘നീയിവിടിരുന്നാ മതി ഞങ്ങളിപ്പോൾ വരാം.’’
ളോവയുമുടുത്ത് പുറത്തേക്കിറങ്ങുമ്പോൾ കൂടെയെത്തിയ രായനെ അച്ചൻ വിലക്കി.
അവർ പോകുന്നതും നോക്കി രായൻ ജനലഴികളിൽ പിടിച്ചുനിന്നു. കാറ്റിലിളകുന്ന ളോവ. പിന്നാലെ നടക്കുന്ന കുഞ്ഞാപ്പിയുടെ നിഴൽ വളർന്നൊരു പറവയുടെ രൂപമാകുന്നതുപോലെ. രായൻ ജനാലയടച്ചു.
സെമിത്തേരിയിലേക്ക് കയറുന്നതിനു മുന്നേ കുഞ്ഞാപ്പിയുടെ നെറുകയിൽ അച്ചൻ പുത്തൻവെള്ളം തളിച്ചു.
‘‘മുന്നേ നടന്നോളൂ.’’
കുഴിവെട്ടി ചാക്കോയുടെ കൂർക്കംവലി കേൾക്കാം. കന്യാസ്ത്രീകളെ അടക്കാറുള്ള സെമിത്തേരിയുടെ വടക്കുവശത്തേക്ക് കുഞ്ഞാപ്പി നടന്നു. മെഴുതിരികൾ അപ്പോഴും കാറ്റിൽ ഉലഞ്ഞുകൊണ്ടിരുന്നു. പോച്ച കേറിയ കുഴിമാടത്തിന്റെ കാൽക്കൽ കുഴിയെടുക്കാൻ അച്ചൻ ആംഗ്യം കാട്ടി. മരിച്ചവർക്കുവേണ്ടിയുള്ള പ്രാർഥന കഴിഞ്ഞതും കുഴിയിലേക്ക് പുത്തൻവെള്ളം തളിച്ചു.
“ഇനിയത് ഇറക്കിവെച്ചോളൂ.”
മണ്ണിട്ടു മൂടുമ്പോൾ കണ്ണിലിരുട്ടു കേറുന്നതുപോലെ. വിയർത്തൊലിച്ച് സെമിത്തേരിയിൽനിന്നിറങ്ങിയ കുഞ്ഞാപ്പി അറിയാതെ പിന്നിലേക്ക് നോക്കി. വെളുത്തതും കറുത്തതുമായ കുരിശുകൾ ചിറകുവെച്ചതുപോലെ ഇളകിയാടുന്നതു കണ്ട് അവൻ നിലത്തേക്ക് കുത്തിയിരുന്നു.
“എന്തുപറ്റി..?”
“എനിക്ക് പേടിയാകുന്നച്ചാ. നമ്മളെന്തെങ്കിലും കുഴപ്പംപിടിച്ച കാര്യമാണോ ചെയ്യുന്നത്..?”
‘‘ഏയ് ഒന്നുമില്ല. ജീവിച്ചിരിക്കുന്ന അച്ചൻമാരുടെയും കന്യാസ്ത്രീകളുടെയും ശരീരത്തിൽനിന്ന് ഏതെങ്കിലും അവയവം മുറിച്ചാൽ കർമങ്ങളോടെ വേണം അതു കുഴിച്ചിടാൻ. അങ്ങനെ ചെയ്തില്ലെങ്കിൽ മുറിഞ്ഞുപോയ അവയവമില്ലാതെ അന്ത്യവിധിയിൽ അവരുടെ ആത്മാവ് കഷ്ടപ്പെടും. നീയൊരു വിശുദ്ധ കർമമാണ് ചെയ്തത്. ഇതൊന്നും അവനോട് പറയരുത്.’’
അച്ചൻ കൊടുത്ത പണവും വാങ്ങി എടുപ്പിലേക്ക് മടങ്ങുമ്പോൾ രായൻ ഓരോന്നു ചോദിച്ചുകൊണ്ടിരുന്നു. ഒന്നും വെളിപ്പെടുത്താനാവാത്തതിന്റെ നിസ്സഹായതയോടെ കുഞ്ഞാപ്പി നടന്നു.
അറ്റുപോയൊരു ജീവനാണ് ഇത്രയുംനേരം ചുമന്നോണ്ടു നടന്നത്. അതും ഒരു കന്യാസ്ത്രീയുടെ. സ്വന്തം പൈതലിനെ അണച്ചുപിടിച്ച് ഭൂമിയിലേക്ക് എത്തിക്കേണ്ടിയിരുന്നൊരു പുതപ്പ്. സ്നേഹത്തെ മൂടിപ്പൊതിയാനാകാതെ അത് പിഞ്ഞിപ്പോയിരിക്കുന്നു. മനുഷ്യജന്മത്തെ തടഞ്ഞ് ആർക്കുവേണ്ടിയാണ് അത് തരിശുനിലമാക്കിയിട്ടത്. ജീവൻ തുടിക്കേണ്ടിയിരുന്ന ഇടങ്ങളെ പാഴ്നിലമാക്കിയത് ദൈവമാണോ. അവിടുത്തേക്ക് എങ്ങനെ കുഞ്ഞുങ്ങളെത്തുന്ന വഴികളെ തടയാനാവും. ഉത്തരമില്ലാതെ വെറും മണ്ണിലത് ഉപേക്ഷിക്കപ്പെടുമ്പോൾപോലും പുഴുക്കളോട് അലിവു കാട്ടിയാണ് അതിന്റെ ഒടുക്കം.
പാലത്തിനടിയിലെ എടുപ്പിലെത്തുന്നതുവരെ അവനൊന്നും മിണ്ടിയില്ല. കരപ്പുളി പെയ്യുന്ന തണുത്ത കാറ്റ് ഞാറക്കടവു പുഴയുടെ മീതെ അന്തിക്കമ്പളം പുതച്ചുകിടന്നു. കടവിലേക്ക് എത്തുന്നതിനു മുന്നേ മഴ പെയ്തുതുടങ്ങി.
എടുപ്പിൽ കിടന്നിരുന്ന പട്ടികളെ രായൻ മഴയത്തേക്ക് ഓടിച്ചു. ഏറു കിട്ടിയിട്ടും വിറയോടെ നിന്നവനെ മടിയിലേക്ക് എടുത്തുവെച്ച് രോമംനിറഞ്ഞ അതിന്റെ കുഞ്ഞിക്കഴുത്തിൽ കുഞ്ഞാപ്പി പതുക്കെ തടവി.
‘‘കുഴിച്ചിട്ടതെന്താണെന്ന് അച്ചൻ നിന്നോടു പറയാതിരിക്കില്ല.’’
കന്യാസ്ത്രീയമ്മയുടെ ഗർഭപാത്രം മറവുചെയ്യുമ്പോൾ പേടിച്ചുപോയ തന്നെ ധൈര്യപ്പെടുത്തി അച്ചൻ പറഞ്ഞതെല്ലാം കുഞ്ഞാപ്പി വീണ്ടും ഓർത്തു.
‘‘ഇല്ല രായാ. അത് പൊതിയോടെ തന്നെയാ മൂടിയത്.’’
(തുടരും)