ദൈവത്തിെൻറ ഒത്താശ -'9MM െബരേറ്റ' തുടരുന്നു - ഭാഗം 3
മാധ്യമം ആഴ്ചപ്പതിപ്പിൽ വിനോദ് കൃഷ്ണയെഴുതുന്ന 9MM െബരേറ്റ എന്ന നോവൽ - ഭാഗം 3.ചിത്രീകരണം: തോലിൽ സുരേഷ്
ദൈവത്തിെൻറ ഒത്താശ
നാഗ്പൂരിലേക്കായിരുന്നു അവരുടെ യാത്ര. റെയിൽവേസ്റ്റേഷനിൽ വൻ തിരക്കായിരുന്നു. മദ്രാസികൾ, ബീഹാറികൾ, ദലിതർ, മുസ്ലിംകൾ, ക്രിസ്ത്യാനികൾ. പ്ലാറ്റ്ഫോമിലെ വൈവിധ്യം കണ്ട് ശിവറാം ഗോദ്രക്ക് മനംപിരട്ടി. ആൾക്കൂട്ടത്തിെൻറ മുറുമുറുപ്പുകൾ അനൗൺസ്മെൻറ് കേൾക്കാൻ സാധിക്കാത്തവിധം അലയടിച്ചിരുന്നു. നാഗ്പൂരിൽ ചെന്ന് ദൈവത്തെ കണ്ട് പദ്ധതി അവതരിപ്പിക്കണം. ഫണ്ടിങ് സാധ്യത ആരായണം. അതിനേക്കാൾ ഉപരി അനുഗ്രഹം വാങ്ങണം. ഇതായിരുന്നു യാത്രയുടെ ഉദ്ദേശ്യം. വിമൽ വൻസാര സ്മാർട്ട്ഫോണിൽ മുഴുകിയിരിക്കുകയാണ്. ഒറ്റവിരൽകൊണ്ട് എത്രവേഗമാണ് അയാൾ ടൈപ്പ് ചെയ്യുന്നത്. ശിവറാമിെൻറ മനസ്സ് അസ്വസ്ഥപ്പെടുന്നതൊന്നും അയാൾ അറിയുന്നില്ല. ആൾക്കൂട്ടത്തിെൻറ ഒച്ചപ്പാടുകൾ ഒന്നും തന്നെ വിമലിനെ അലട്ടുന്നുണ്ടായില്ല. ട്രെയിൻ മൂന്നുമണിക്കൂർ ലേറ്റാണ്. ഇൻഫർമേഷൻ കൗണ്ടറില് ആളുകൾ തടിച്ചുകൂടി നിൽക്കുന്നുണ്ട്. ശിവറാം അവർക്കിടയിൽനിന്നും മസ്സിൽപവർ ഉപയോഗിച്ച് പുറത്തുകടന്നു. മറാത്തിയിൽ മറ്റൊരു അനൗൺസ്മെൻറ് കേട്ടപ്പോൾ അയാൾക്ക് വല്ലാത്ത ആശ്വാസം തോന്നി. വിമൽ ഒരു കുപ്പി വെള്ളം വാങ്ങി അവിടത്തന്നെ നിൽപ്പുണ്ടായിരുന്നു.
"മൂന്നു മണിക്കൂർ സമയമുണ്ട്. ഇവിടിരുന്നാൽ ബോറടിക്കും, ഈ ആൾക്കൂട്ടം എന്നെ അസ്വസ്ഥനാക്കുന്നു. നമുക്ക് പുറത്തിറങ്ങി നടക്കാം."
ശിവറാം ഗോദ്ര വിമലിനെ നോക്കി ഒറ്റവിരൽകൊണ്ട് മുഖം ചൊറിഞ്ഞു.
ലഗേജ് ക്ലോക്ക് റൂമിൽ െവച്ച് രണ്ടാളും പ്രധാന കവാടം വഴി െറയിൽവേ സ്റ്റേഷെൻറ മുന്നിലേക്കുള്ള റോഡിലേക്കിറങ്ങി. എന്തുചെയ്യണമെന്ന് പരസ്പരം സംസാരിച്ച് തീരുമാനിച്ചില്ലെങ്കിലും അവർ ജങ്ഷൻ കഴിഞ്ഞുള്ള ബാറിലേക്ക് ലക്ഷ്യംവെച്ച് നടന്നു.
ബാറിലിന്ന് നല്ല തിരക്കാണ്. അൽപനേരം കാത്ത് നിന്ന ശേഷമാണ് തൃപ്തികരമായ ഒരിടം അവർക്ക് ഇരിക്കാനായി കിട്ടിയത്. ചുമരിൽ കാളിയുടെ വലിയ ഫോട്ടോ വെച്ച ഒരു ഇടത്തരം ബാറായിരുന്നു അത്. വിവിധ ഭാഷകൾ സംസാരിക്കുന്നവർ ഗ്ലാസുകളും കുപ്പികളും വളരെ ഇഷ്ടത്തോടെ കൈകാര്യം ചെയ്യുന്നുണ്ടായിരുന്നു. രക്തബന്ധത്തിലുള്ളവരെയോ ഭാര്യയെയോ ഒക്കെ സ്നേഹപൂർവം തൊടുന്നതിനെക്കാൾ ആത്മാർഥമായാണ് അവർ മദ്യം മണക്കുന്ന ഗ്ലാസുകൾ സ്പർശിച്ചിരുന്നത്. റെസ്േറ്റാറൻറ് പോലെ ഫീൽ ചെയ്യുന്ന ആ ബാറിെൻറ കവാടത്തിൽ ബിയറിെൻറ അടപ്പുകൾ നിറച്ചുെവച്ച രണ്ടു വലിയ പ്ലാസ്റ്റിക്ക് ചാക്കുകളുണ്ടായിരുന്നു. രാവിലെ മുതൽ ആളുകൾ കുടിച്ചു വറ്റിച്ചതിെൻറ സ്മാരകംപോലെ അതവിടെ തലയെടുപ്പോടെ ചീർത്ത് കിടന്നു. കരക്കടിഞ്ഞ പള്ളവീര്ത്ത ഒരു കപ്പല്പോലെ!
"രണ്ട് ബഡ് വൈസർ...''
ശിവറാം ഗോദ്ര എന്തോ ഓർത്തിരിക്കുന്നതിനിടയിൽ വെയിറ്ററോട് വിമൽ വൻസാരെ പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു:
"നല്ല ചിൽഡ് തന്നെ എടുത്തോ."
മരിച്ച മനുഷ്യെൻറ മുഖഭാവമുള്ള വെയിറ്റർ ജീവിതത്തിലാദ്യമായി ചിരിക്കുന്നതുപോലെ അവരോട് ചിരിച്ചു.
"ഇവിടുത്തെ 80 ശതമാനം ബാറും ഷെട്ടികളാണ് നടത്തുന്നത്. മറ്റേപ്പന്നികൾ ഈ ബിസിനസ്സിൽ മാത്രം കൈവെക്കില്ല. ഹറാമല്ലേ."
ശിവറാം ഗോദ്ര തെൻറ മൂക്കിലെ ഒറ്റ രോമം തിരുമ്മിക്കൊണ്ടിരുന്നു.
ഷെട്ടിയുടെ ബാർ ഒരു മിനി ഇന്ത്യയായിരുന്നു. ഇത്തരം ബാറുകളിലെപ്പോഴും തിരക്കാണ്. ഗൂഢാലോചനകളും പ്രണയത്തെപ്പറ്റിയുള്ള സംസാരവും കൂടാതെ മറ്റെന്താണ് ഇവിടെ നടക്കുന്നത്. ഒറ്റക്ക് കഴിക്കാൻ വരുന്നവരുടെ ആത്മഗതങ്ങൾ...ബാറിന് ഏകാകികളുടെ ധ്യാനമുഖം കൈവരുന്നത് അപ്പോഴാണ്.
ഒരു ബീഹാറി ബാബു വന്ന് ഇരുവരും ഇരുന്ന ടേബിൾ തുടച്ചു. മറ്റൊരാൾ നിലത്ത് വീണുകിടക്കുന്ന മൂടികൾ പെറുക്കുന്നുണ്ടായിരുന്നു. ഒരു കർഷകേൻറതുപോലെ ചേറുപിടിച്ച കൈകളായിരുന്നു അയാളുടേത്.
"ഹരിജനങ്ങളാണ്. ഇവറ്റകൾക്കിതല്ലാതെ മറ്റെന്തു ജോലി കിട്ടാനാണ്.''
വിമൽ വൻസാരയുടെ മുഖത്തൊരു പുച്ഛം വിയർപ്പായി പൊടിഞ്ഞു.
ഏറെ നേരമായിട്ടും വെയിറ്റർ ബിയറുമായി വന്നില്ല. പെട്ടെന്ന് ബാറിലൊരു ശംഖൊലി മുഴങ്ങി. പിന്നെ കുന്തിരിക്കത്തിെൻറ മണം പുകയായി ബാറിൽ നിറഞ്ഞു. നിലയ്ക്കാത്ത മണിയൊച്ചയായിരുന്നു പുറകെ വന്നത്. ഗ്ലാസുകളുടെയും ചിയേഴ്സിെൻറയും പതിഞ്ഞ ശബ്ദങ്ങൾ നിലച്ചു. ടേബിൾ സർവിസുകൾ ഒന്നും തന്നെ അപ്പോൾ ഉണ്ടായില്ല. ഒരു നിമിഷം ആളുകൾക്ക് പരസ്പരം കാണാനാകാത്തവിധം ബാറിൽ പുകനിറഞ്ഞു നിന്നു. മണിയൊച്ച നിന്നതും നെറ്റിയിൽ ചുവപ്പുകുറി തൊട്ട ഉയർന്ന ബാർ ജീവനക്കാരൻ താലത്തിൽ മധുരവുമായി എല്ലാ ടേബിളിലും എത്തി. ആളുകൾ ഭക്തിപൂർവം ചെറിയ മഞ്ഞ ജിലേബിപോലുള്ള പ്രസാദം വാങ്ങി വായിലിട്ടു. പുക പൂർണമായും ഒഴിഞ്ഞുപോയി. ബാർ അതിെൻറ സ്വതഃസിദ്ധമായ മണം വീണ്ടെടുത്തു. ഒന്നും സംഭവിക്കാത്തതുപോലെ ആളുകൾ വീണ്ടും ലഹരിനുണയാൻതുടങ്ങി. ഗൂഢാലോചനകൾ, മോഹങ്ങൾ, പ്രണയകഥകൾ, ഏകാകികളുടെ ആത്മഗതങ്ങൾ. എല്ലാം നാലുചുവരുകൾക്കുള്ളിൽ പുനർപ്രകാശനം ചെയ്തു. വിമൽ വൻസാര ഗ്ലാസിൽ മദ്യം പതയുന്നതും നോക്കിയിരുന്നു. ശിവറാം ഗോദ്ര രണ്ടു ഗ്ലാസും നിറച്ചു.
"ചിയേഴ്സ്!"
ദേശസ്നേഹം, പാശ്ചാത്യർ കണ്ടുപിടിച്ച ഉപചാരം പറയുന്നതിൽനിന്നും അവരെ വിലക്കിയില്ല. അല്ലെങ്കിലും മദ്യത്തിനും മയക്കുമരുന്നിനും എന്ത് ദേശീയത. അമേരിക്കക്കാരൻ കുടിച്ചാലും ഇന്ത്യക്കാരൻ കുടിച്ചാലും ഇസ്രായേലി കുടിച്ചാലും ആ ലഹരിക്ക് ഒരേ വികാരമേ ഉൽപാദിപ്പിക്കാൻ കഴിയൂ.
"അമിത ദേശീയത പടക്കം പൊട്ടുന്നപോലുള്ള കാര്യമാണ്. ഏത് ഭൂഖണ്ഡത്തിലുള്ളവർ തീ കൊടുത്താലും പൊട്ടും.''
മൗനമായിരുന്ന നേരങ്ങളിൽ ഇങ്ങനെ പലതും അവ്യക്തമായി അവരുടെ മനസ്സിനെ മദിച്ചു.
വിമൽ വൻസാരയും ശിവറാം ഗോദ്രയും റിപ്പീറ്റ് ചെയ്തു. ആദ്യം കുടിച്ചതിനേക്കാൾ വേഗത്തിലാണ് അവർ രണ്ടാമത്തെ കുപ്പി ബിയർ തീർത്തത്. മൂന്നാമതും ഓർഡർ ചെയ്ത സാധനം കുടിച്ചു പകുതിയായപ്പോഴേക്കും ശിവറാം ഗോദ്രയുടെ പോക്കറ്റിൽനിന്നും മൊബൈൽ അലാറം മുഴങ്ങി. മദ്യപിച്ചിരുന്നു സമയംപോയതറിഞ്ഞില്ലെങ്കിൽ, വണ്ടി മിസ്സാകുമെന്ന് കരുതി അയാൾ സമയം സെറ്റ് ചെയ്ത് വെച്ചിരുന്നു. ശിവറാം ഗോദ്ര അങ്ങനെയാണ്. എല്ലാത്തിനും കൃത്യതയുണ്ട്. പ്ലാൻ പാളിയ ചരിത്രം അയാളുടെ ജീവിതപുസ്തകത്തിലില്ല. പ്രത്യേകിച്ചും ടെക്കിയായ ശേഷം. വിമൽ വൻസാര പക്ഷേ അങ്ങനെയല്ല. അയാൾ അശ്രദ്ധയിൽനിന്നാണ് ജീവിതത്തിെൻറ ചിട്ടയുണ്ടാക്കുന്നത്. പക്ഷേ സംഘത്തിൽനിന്ന് കിട്ടിയ പാഠങ്ങൾ സമയനിഷ്ഠയും ജാഗ്രതയും പാലിക്കാൻ അവരുടെ മനസ്സിനെ പ്രാപ്തമാക്കിയിരുന്നു. പക്ഷേ പ്രായം കൂടി വരുംതോറും മനസ്സിൽ ഏറിവരുന്ന വൈരാഗ്യം ചിലപ്പോഴെങ്കിലും താളം തെറ്റിക്കുന്നു. ശിവറാം ഗോദ്ര ബില്ല് പറഞ്ഞു. വിമൽ വൻസാര കാശ് കൊടുത്തു. ആ നോട്ടുകളിൽ കണ്ട വൃദ്ധപിതാവിെൻറ ചിത്രത്തിൽ ശിവറാം ഗോദ്ര പേനയെടുത്ത് എന്തോ എഴുതിവെച്ചു. ഇത് കണ്ട് വിമൽ വൻസാര പുഞ്ചിരിച്ചുകൊണ്ട് ചോദിച്ചു:
"നമ്മുടെ രാജ്യം ക്യാഷ് ലെസ് എക്കോണമി ആയാലുള്ള പ്രധാന ഗുണം എന്താണെന്നറിയാമോ?''
"പാവം മഹാത്മാവിനെ ദിവസവും ചുമന്ന് നടക്കേണ്ടിവരില്ല.''
ഉത്തരവും അയാൾ തന്നെ പറഞ്ഞ് ചിരിച്ചു.
അവർ ബാറിൽനിന്നും ഇറങ്ങിയപ്പോൾ പുറത്ത് നന്നായി ഇരുട്ട് പരന്നിരുന്നു. വഴിവിളക്കുകളും കടകൾക്കു മുന്നിലെ ലൈറ്റുകളും പ്രകാശിച്ചുനിൽപ്പുണ്ട്. അവർ വന്നവഴിയിലൂടെ തന്നെ റെയിൽവേ സ്റ്റേഷനിലെത്തി. ഒട്ടും തിരക്കില്ലാത്ത മനുഷ്യരെപ്പോലെ നടന്നു.
പ്ലാറ്റ്ഫോമിൽ നേരത്തേയുണ്ടായിരുന്നതിെൻറ പകുതിപോലും ആൾക്കാർ ഉണ്ടായിരുന്നില്ല. വണ്ടി വൈകിയ സമയം കൃത്യമായി പാലിച്ചുകൊണ്ട് പ്ലാറ്റ്ഫോമിലേക്കെത്തി.
ശിവറാം ഗോദ്ര വിൻഡോ സീറ്റിലാണ് ഇരുന്നത്. അയാളുടെ തൊട്ടുമുന്നിൽ ഒരു കാശ്മീരി പെൺകുട്ടിയാണ്. അവൾ ജനാലയിലൂടെ പുറത്തേക്ക് നോക്കിയിരിപ്പാണ്. തെൻറ അടുത്ത് പുതിയ യാത്രികർ വന്നതൊന്നും അവൾ ശ്രദ്ധിച്ചിട്ടില്ല. അവൾ നേരത്തേ എന്തോ വായിച്ചിരിക്കുകയായിരുന്നുവെന്ന് ശിവറാം ഗോദ്ര ഊഹിച്ചു. അവളുടെ വെളുത്ത വിരലുകൾ തടിച്ച പുസ്തകം മൃദുലമായി പിടിച്ചിരിക്കുകയായിരുന്നു. അയാൾ ആ പുസ്തകത്തിെൻറ ശീർഷകം വായിക്കാൻ കഴിയാത്തതിൽ അസ്വസ്ഥനായി. പുറം ചട്ടയിലെ ചെറിയ വാചകം അവളുടെ വിരലുകളാൽ മറഞ്ഞിരിക്കുകയാണ്. വണ്ടി നീങ്ങിത്തുടങ്ങിയതിനു ശേഷമാണ് വിമൽ വൻസാര സീറ്റിൽ വന്നിരുന്നത്. അയാൾ രണ്ടു പ്രാവശ്യം ഏമ്പക്കം വിട്ടു. പോക്കറ്റിൽനിന്നും ടൗവലെടുത്ത് നെറ്റിയിൽ പൊടിഞ്ഞ നേരിയ വിയർപ്പ് തുടച്ചു. മുന്നിലിരിക്കുന്ന പെൺകുട്ടിയെ അയാൾ ശ്രദ്ധിച്ചതേയില്ല. കമ്പാർട്മെൻറിലെ ശീതീകരണശേഷിയിൽ അയാൾ അത്ര തൃപ്തനായിരുന്നില്ല. അതയാൾ രണ്ടുവട്ടം ആരോടെന്നില്ലാതെ പറയുകയും മൂത്രമൊഴിക്കാൻ ഇടയ്ക്കിടക്ക് എഴുന്നേറ്റുപോവുകയും ചെയ്തിരുന്നു. ഈ നേരമത്രയും ശിവറാം ഗോദ്രയുടെ കണ്ണുകൾ ആ പുസ്തകത്തിെൻറ ശീർഷകം വായിക്കാനായി വൃഥാ ശ്രമിച്ചുകൊണ്ടിരുന്നു. പെൺകുട്ടി പുസ്തകം അനക്കുകയോ വിരലുകൾ മാറ്റുകയോ ചെയ്തില്ല. അവൾ ഒരു പ്രതിമപോലെ പുറത്തേക്ക് തന്നെ ഇമചിമ്മാതെ നോക്കിയിരിപ്പാണ്. അവസാനം ക്ഷമനശിച്ചിട്ട് അയാൾ അവളുടെ കൈയിലെ പുസ്തകം ബലമായി തൊട്ടുകൊണ്ട് ചോദിച്ചു:
"ഏതാണ് പുസ്തകം?"
പെൺകുട്ടി യാതൊരു സങ്കോചവും കൂടാതെ ആ പുസ്തകം അയാൾക്ക് നിവർത്തി പിടിച്ച് കാണിച്ചു കൊടുത്തു.
'9 MM ബെരേറ്റ', അയാളുടെ മുഖം വിളറിയത് പെൺകുട്ടി ശ്രദ്ധിച്ചു. അവൾ അതിൽപിന്നെ ശിവറാം ഗോദ്രയോട് പുഞ്ചിരിക്കുകയോ മനസ്സിൽ അയാളെപ്പറ്റി മറ്റെന്തെങ്കിലും ചിന്തിക്കുകയോ ചെയ്തില്ല. വണ്ടിക്ക് വേഗത കൂടിയത് ചില്ലു ജനാലകൾ അതിവേഗം കടത്തിവിടുന്ന ഇരുട്ടിലെ പച്ചപ്പുകളിൽനിന്നും അവൾ മനസ്സിലാക്കിയിരുന്നു. പുസ്തകം ഹാൻഡ്ബാഗിൽ വെച്ച ശേഷം അവൾ കണ്ണടച്ച് കിടന്നു.
ശിവറാം ഗോദ്ര ബാത്ത്റൂമിലേക്ക് നടന്നു. വണ്ടി പാളം മാറുന്നതിെൻറ ശബ്ദത്തിൽ അയാളൊന്നു കുലുങ്ങി. കമ്പാർട്മെൻറിലെ പലരും ഉറക്കം പിടിച്ചിരുന്നു. ചിലർ അരണ്ട വെളിച്ചത്തിലിരുന്ന് ഭക്ഷണം കഴിക്കുന്നുണ്ട്. മിക്ക ചെറുപ്പക്കാരും മൊബൈലുമായി സല്ലാപത്തിലാണ്. A2 കമ്പാർട്മെൻറിലെ ശുചിമുറി പൊതുവെ വൃത്തിയുള്ളതായിരുന്നു. ശിവറാം പാൻറ്സിെൻറ സിബ്ബ് തുറക്കുന്നതിനിടയിൽ അവിടത്തെ കണ്ണാടിക്കരികിൽ കോറിയിട്ടത് വായിച്ചു.
"ബഹൻച്ചൂത്ത്."
അവിടെ എഴുതിയ ഫോൺനമ്പറുകളും മറ്റു തെറികളും മനസ്സിൽ വായിച്ച ശേഷം അയാള് കാര്യം കഴിച്ച് പുറത്തിറങ്ങി. വണ്ടി അപ്പോഴേക്കും ഏതോ ചെറിയ സ്റ്റേഷൻ പിന്നിട്ടിരുന്നു. അതിെൻറ നേര്ത്ത വെളിച്ചവും ഒച്ചയും കാറ്റിനൊപ്പം കമ്പാർട്മെൻറിെൻറ ഉള്ളിലേക്ക് വന്നു.
ബർത്തിലെത്തിയപ്പോൾ വിമൽ വൻസാര എഴുന്നേറ്റിരുന്ന് ലാപ്ടോപ്പിലെന്തോ ചെയ്യുന്നതാണ് അയാൾ കണ്ടത്.
"നിനക്ക് വിശക്കുന്നില്ലേ'', ശിവറാം ചോദിച്ചു.
വിമൽ വൻസാര ഒന്നു മൂളുക മാത്രം ചെയ്തു. കാശ്മീരി പെൺകുട്ടി താഴത്തെ ബർത്തിൽ പുതച്ചുകിടക്കുകയാണ്. ശിവറാം ബാഗ് തുറന്ന് ഒരു ടൗവലെടുത്ത് മുഖം തുടച്ചു. എന്നിട്ട് ചില്ലുജനാലക്കരികിൽ, പുറത്തെ ഇരുട്ടിലേക്ക് നോക്കി മയങ്ങാതിരിക്കാൻ ശ്രമിച്ചു. ഏറെനേരം അങ്ങനെയിരുന്നപ്പോൾ, 1948 ജനുവരി പതിമൂന്നിലെ ഇരുട്ടിൽനിന്ന് ഹിന്ദുക്കളെയും സിഖുകാരെയും തിക്കിനിറച്ച ഒരു തീവണ്ടി സമാന്തരമായി ഓടിക്കൊണ്ടിരിക്കുന്നതായി അയാൾക്ക് തോന്നി. ആ തീവണ്ടിക്ക് വേഗത കുറവായതിനാൽ അള്ളിപ്പിടിച്ചിരുന്നവർ ആരും തന്നെ ട്രാക്കിലേക്ക് തെറിച്ചുവീണിരുന്നില്ല.!.
''ബച്ചാവോ...ബച്ചാവോ.'' ആളുകൾ നിലവിളിക്കുകയാണ്. കുട്ടികളുടെ കരച്ചിൽ തീവണ്ടിയുടെ ഒച്ചയേക്കാൾ ഉറക്കെ മുഴങ്ങുന്നു. കൂട്ടക്കുരുതി നടക്കുകയാണ്. പടിഞ്ഞാറൻ പഞ്ചാബിലെ ഗുജറാത്ത് റെയിൽവേ സ്റ്റേഷനിൽവെച്ചുള്ള നിലവിളിയാണത്. സ്ത്രീകളെ തട്ടിക്കൊണ്ടുപോകുന്നു.
"ബിരിയാണി...ബിരിയാണി... ചപ്പാത്തി... ചപ്പാത്തി... പാനീ...പാനീ... ടംഡാ പാനീ..." അയാളുടെ ചിന്തകളെ മുറിച്ചുകൊണ്ട് വിൽപ്പനക്കാർ കടന്നുവന്നു. അതിലൊരാള് മുഹമ്മദീയനായിരുന്നു.
വിമൽ വൻസാര രണ്ട് പൊതി ചപ്പാത്തിയും കറിയും വാങ്ങി. മുമ്പത്തേക്കാൾ വേഗം കുറഞ്ഞാണ് ഇപ്പോൾ വണ്ടി ഓടിക്കൊണ്ടിരിക്കുന്നത്. ചങ്ങാതിമാർ രണ്ടാളും താഴത്തെ സീറ്റിലിരുന്ന് ചപ്പാത്തി കറിയിൽ മുക്കി കഴിച്ചു.
"ഞാൻ പ്രസേൻറഷന് ശരിയാക്കിവെച്ചിട്ടുണ്ട്", വിമൽ വൻസാര പറഞ്ഞു.
"എനിക്കു വലിയ പ്രതീക്ഷയുണ്ട്. ഈ പ്രോജക്ട് നടന്നാൽ അത് ചരിത്രമാകും'' -ശിവറാം ഗോദ്ര ചവച്ചുകൊണ്ട് പറഞ്ഞു.
യാത്രകൾ ജീവിതം നിർമിക്കുന്നുവെന്ന മട്ടിൽ തീവണ്ടി പാലങ്ങളും പാടങ്ങളും ചെറുപട്ടണങ്ങളും കടന്നുപോയിക്കൊണ്ടിരുന്നു. രാത്രി അതിെൻറ ഏകാന്തത മറക്കാനെന്നോണം തീവണ്ടിക്ക് കൂട്ടുവന്നു. വിമൽ വൻസാര കമ്പിളിപ്പുതപ്പിനുള്ളിൽ സ്വസ്ഥമായി ചുരുണ്ടുകൂടിക്കിടന്ന് കൂർക്കം വലിച്ചുതുടങ്ങിയിരുന്നു. എന്നത്തേയുംപോലെ ചിന്തകളുടെ കുഴമറിച്ചിലുകൾ ശിവറാം ഗോദ്രയുടെ ഉറക്കത്തെ ഈ യാത്രയിലും നീട്ടിക്കൊണ്ടിരുന്നു.
ഗ്വോളിയോറിൽനിന്നും ഡൽഹിയിലേക്കുള്ള നാരായൺ ആപ്തയുടേയും വിനായക് ഗോഡ്സെയുടേയും തീവണ്ടിയാത്രയെ പറ്റി അയാൾക്ക് ഓർമവന്നു. താൻ നാഥുറാം ഗോഡ്സെയുടെ പുനർജന്മമാണെന്ന മട്ടിൽ അയാളുടെ മനസ്സ് ഭൂതകാലത്തിൽനിന്ന് ചരിത്രം വഴിമാറിയ ആ തീവണ്ടിയാത്ര കടം കൊണ്ടു.
1948 പുനർസൃഷ്ടിക്കാൻ സമയമായിരിക്കുന്നു.
ഗോഡ്സെയുടെ ചിതാഭസ്മം ഒഴുക്കാൻ സമയമായിരിക്കുന്നു.
നിസ്ക്കാര തഴമ്പുള്ളവരേയും അവരെ പെറ്റവരേയും കുത്തിനിറച്ച ഒരു തീവണ്ടി അതിർത്തി കടത്തിവിടാൻ സമയമായിരിക്കുന്നു.
ശിവറാം ഗോദ്ര ഭ്രാന്ത് പിടിച്ചവനെപ്പോലെ A2 കമ്പാർട്മെൻറിലെ ശൈത്യത്തിലിരുന്ന് ഒരു ഭൂപടം മാറ്റിവരയ്ക്കാൻ ആഗ്രഹിച്ചു. തീവണ്ടി ഒരു ചെറിയ പുഴ കടന്നു.
"ദൈവം" തങ്ങളെ കൈവിടിെല്ലന്ന് ആ രാത്രിയാത്ര അയാളെ നിരന്തരം ഓർമപ്പെടുത്തി. അയാൾ നീണ്ടുനിവർന്ന് കിടന്നെങ്കിലും ഉറങ്ങാൻ കഴിഞ്ഞില്ല. കമ്പാർട്മെൻറിെൻറ പുറത്തെ ട്രാക്കിലൂടെ ഭൂതകാലത്തിൽനിന്നുള്ള കൽക്കരി തീവണ്ടി അയാളെ അലോസരപ്പെടുത്തിക്കൊണ്ടിരുന്നു. കമ്പിളിപുതപ്പ് മുഖത്തേക്ക് വലിച്ചിട്ട് അയാൾ കണ്ണടച്ചുറങ്ങാൻ ശ്രമിച്ചെങ്കിലും ഏറ്റവും വേണ്ടപ്പെട്ടവർ മടിയിൽ കിടന്നു മരിച്ചാലുണ്ടാവുന്ന ഒരുതരം വിറയൽ അയാളെ പൊതിയാൻ തുടങ്ങി. ക്ഷമനശിച്ച അയാൾ എഴുന്നേറ്റിരുന്ന് നീരാവി മൂടിയ ചില്ലു ജനാല തുടച്ചു. അപ്പോൾ സമാന്തരമായി ഓടിക്കൊണ്ടിരിക്കുന്ന തീവണ്ടിയിൽ നിന്ന് ജീവൻ പോകുന്നവരുടെ അവസാന ശ്വാസം ചോരനിറമുള്ള മഞ്ഞുതുള്ളികളായി ട്രാക്കിൽ പൊടിയുന്നത് അയാൾ കണ്ടു. താൻ സഞ്ചരിക്കുന്ന വണ്ടിയാണോ അതോ ഭൂതകാലത്തെ തീവണ്ടിയാണോ നീങ്ങുന്നതെന്ന് അറിയാൻ കഴിയാത്ത താൽക്കാലിക ബുദ്ധിഭ്രമം അയാൾക്കുണ്ടായി. തെൻറ ശരീരത്തിലെ വിയർപ്പ് കുടിച്ച് നരച്ചുപോയ കൈത്തണ്ടയിലെ ചുവന്ന ചരടിലേക്ക് അയാൾ ഒന്നു നോക്കി. സ്വബോധത്തിലേക്ക് തിരിച്ചുവന്നു. താൻ സഞ്ചരിക്കുന്ന തീവണ്ടി വിജനമായ ഒരിടത്തിൽ പിടിച്ച് ഇട്ടിരിക്കുകയാണ്. കൊയ്ത്ത് കഴിഞ്ഞ പാടത്തിനറ്റത്ത് ഒരു ഗ്രാമീണ ക്ഷേത്രം ശിവറാം ഗോദ്ര കണ്ടു. അതി
െൻറ പൗരാണിക മകുടത്തിൽ പാറിപ്പറക്കുന്ന കാവിക്കൊടി അയാളുടെ ശരീരത്തിൽ ഓക്സിടോസിൻ ഉൽപാദിപ്പിക്കാൻ പോന്നതായിരുന്നു. ഓക്സിടോസിെൻറ സ്വാധീനത്താൽ ശിവറാം ഗോദ്ര പെട്ടെന്ന് തന്നെ ശാന്തനാവുകയും ഒരു കുട്ടിയെപ്പോലെ പുതച്ച് കിടക്കുകയും ചെയ്തു. വണ്ടി മെല്ലെ ഓടിത്തുടങ്ങിയപ്പോൾ അയാൾ ഒന്ന് ചരിഞ്ഞു കിടന്നു. ഉറക്കത്തിലെപ്പോഴോ അയാൾ കൈ നീട്ടിപ്പിടിച്ച് ലിംഗം തൊട്ടു. വാതിലിനിടയിൽ കുടുങ്ങി ഉണങ്ങിപ്പോയ പല്ലിയെ തൊട്ടതുപോലെ കൈ പിൻവലിച്ചുകൊണ്ടയാൾ ഉറക്കത്തിൽ പുഞ്ചിരിച്ചു.
നാഗ്പൂരിലെ വൃത്തിയുള്ള തണുത്ത പ്രഭാതത്തിലേക്കാണവർ വണ്ടിയിറങ്ങിയത്. ആ പ്രഭാത വിശുദ്ധിയുടെ ഏഴിലൊന്ന് വൃത്തിപോലും അവരുടെ ഉള്ളിലുണ്ടായിരുന്നില്ല. കടലുകൾ ഏഴ് കടന്നിട്ടും ഭൂഖണ്ഡങ്ങൾ താണ്ടിയിട്ടും അനേകം തരം മനുഷ്യരുമായി അടുത്തിടപഴകിയിട്ടും അവരുടെ ഉള്ളിലെ നൈസർഗികമായ ചിന്തക്ക് യാതൊരു മഹത്ത്വവും കൈവന്നിരുന്നില്ല. പക, പരിണാമ ദിശയിലെ വളർച്ചാ മുരടിപ്പ്പോലെ അവരുടെ ഉള്ളിൽ കട്ടപിടിച്ച് കിടന്നു.
പതിനൊന്ന് മണിക്കാണ് ദൈവവുമായുള്ള കൂടിക്കാഴ്ച. അൽപം വിശ്രമിക്കാനും കുളിച്ച് വേഷം മാറി പദ്ധതികൾ ഒന്നുകൂടി റിവൈസ് ചെയ്യാനും ഇഷ്ടംപോലെ സമയമുണ്ട്. പ്രഭാതകർമങ്ങൾ എല്ലാം തന്നെ അവർ കാര്യാലയത്തിൽ ചെന്നാണ് നിർവഹിച്ചത്. ഊഷ്മളമായ സ്വീകരണമായിരുന്നു. രണ്ടാളും വെജിറ്റേറിയൻ ഭക്ഷണം കഴിച്ച ശേഷം മുറിയിൽ തന്നെ ഇരുന്ന് നേരം പോക്കി. വിമൽ വൻസാര ഒരിക്കൽ കൂടി കുളിച്ചു. അയാൾ പതിവിലും ഉന്മേഷവാനായി കാണപ്പെട്ടിരുന്നു. പതിനൊന്നിന് അഞ്ച് മിനിറ്റ് ബാക്കിയുള്ളപ്പോൾ അവർ മുറിക്ക് പുറത്തിറങ്ങി. കാര്യാലയത്തിെൻറ പുൽത്തകിടിയിലൂടെ ദൈവത്തെ കാണാൻ പുറപ്പെട്ടു. പോണപോക്കിൽ സ്ഥാപക
െൻറ പ്രതിമയിൽ പുഷ്പാർച്ചന നടത്താനും അവർ പ്രത്യേകം ഉത്സാഹം കാണിച്ചു. ഏറെനേരമൊന്നും പുറത്ത് കാത്ത്നിൽക്കേണ്ടി വന്നില്ല. കൃത്യം പതിനൊന്നിന് തന്നെ അകത്തേക്ക് ചെല്ലാനായി അറിയിപ്പുണ്ടായി.
അവർ അകത്ത് കടന്നപ്പോൾ വിശാലമായ ഏറെ അടുക്കും ചിട്ടയോടും കൂടിയ മുറിയിൽ ഒരു വലിയ കസേര ഒഴിഞ്ഞു കിടക്കുന്നതാണ് കണ്ടത്. സുഗന്ധതൈലത്തിേൻറതെന്ന് തോന്നിക്കുന്ന ചന്ദനത്തിരി മണം ഇരുവരുടേയും ഉത്സാഹത്തെ വർധിപ്പിക്കാൻ പോന്നതായിരുന്നു. പെട്ടെന്ന് എവിടെനിന്നെന്ന് അറിയാൻ സാധിക്കാത്ത വിധം വെളുത്ത കട്ടിമീശയുള്ള ദൈവം കസേരയിൽ പ്രത്യക്ഷനായി.
"നമസ്തെ...''
വിമൽ വൻസാര കൈ കൂപ്പി. ശിവറാം ഗോദ്രയും കൈകൂപ്പി.
വെളുത്ത മീശക്കാരൻ ദൈവം ചിരിച്ചുകൊണ്ട് പ്രത്യഭിവാദ്യം ചെയ്തു.
"യാത്ര സുഖമായിരുന്നോ?"
വിമൽ വൻസാരയും ശിവറാം ഗോദ്രയും വിടർന്ന മുഖത്തോടെ തലയാട്ടി.
"നിങ്ങളയച്ച മെയിലുകൾ എല്ലാം തന്നെ ഞാൻ കണ്ടിരുന്നു. നേരിൽ കണ്ട് സംസാരിക്കാം എന്നതിനാലാണ് വിശദമായി ഞാൻ മറുപടി അയക്കാതിരുന്നത്, നിങ്ങളെപ്പോലുള്ള ടെക്കികളായ ചെറുപ്പക്കാർ ഇത്തരം മഹത്തരമായ കാര്യങ്ങളുമായി മുന്നിട്ടിറങ്ങുന്നതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്."
ദൈവം ഒരിക്കൽകൂടി പുഞ്ചിരിച്ചപ്പോൾ വെളുത്ത മീശരോമങ്ങൾക്കിടയിലൂടെ വരേണ്യവർഗത്തിെൻറ വെളുത്തപല്ലുകൾ നന്നായി വെളിവായി.
വിമൽ വൻസാര ലാപ്ടോപ്പ് തുറന്നു.
"മൂന്ന് പദ്ധതികളാണ് ഞങ്ങളുടെ കൈവശമുള്ളത്. എല്ലാം നന്നായി ആസൂത്രണം ചെയ്യേണ്ടതാണ്. ചിലവും നന്നായി വരും." ശിവറാം ഗോദ്രയാണ് സംസാരിച്ചുതുടങ്ങിയത്.
വെളുത്ത മീശക്കാരൻ ദൈവം ശിവറാം ഗോദ്രയുടെ കണ്ണുകളിലേക്ക് തന്നെ നോക്കി ദീർഘശ്വാസമെടുത്തു.
"ഹിന്ദു രാഷ്ട്രത്തിെൻറ പുനർനിർമിതി അത്ര ചിലവുകുറഞ്ഞ കാര്യമല്ലെന്ന് എനിക്കറിയാം, കാര്യങ്ങൾ കേൾക്കട്ടെ. ഫണ്ടിങ് ശരിയാക്കാം."
വിമൽ വൻസാര ലാപ്ടോപ്പിലെന്തോ ടൈപ്പ് ചെയ്ത ശേഷം മോണിറ്റർ ദൈവത്തിനു നേരെ തിരിച്ചുെവച്ചു കൊടുത്തു. അതിമനോഹരമായൊരു വീഡിയോ പ്രസേൻറഷനായിരുന്നു അത്. ദൈവം ക്ഷമാപൂർവം പത്തുമിനിറ്റുള്ള ആ വീഡിയോ കണ്ടു. ലാപ് വെളിച്ചത്തിെൻറ ഏറ്റക്കുറച്ചിലുകളിൽ പലപ്പോഴും ദൈവത്തിെൻറ മുഖം വിടരുന്നത് അവരെ രണ്ടുപേരെയും ആഹ്ലാദിപ്പിച്ചിരുന്നു. സുദീർഘമായൊരു ശംഖൊലിയിലാണ് പ്രസേൻറഷൻ അവസാനിച്ചത്.
"സബാഷ്, ഇതൊരു വലിയ മിഷനാണ്", ദൈവം കഷണ്ടിത്തല തടവി പഴയ പുഞ്ചിരി ആവർത്തിച്ചു.
"പ്രതിമയുടെ നിർമാണവുമായി ബന്ധപ്പെട്ട പദ്ധതിയാണ് രണ്ടാമത്തേത്. അതിെൻറ നിർമാണം ഉടൻ ആരംഭിക്കുന്ന തരത്തിൽ കാര്യങ്ങൾ എങ്ങനെ ജനകീയമായി ചെയ്യാം എന്നുള്ളതിെൻറ ഒരു നിർദേശമാണിത്."
ശിവറാം ഗോദ്ര തെൻറ കസേരയിൽ ഒന്നുകൂടി അമർന്നിരുന്ന ശേഷം പറഞ്ഞു:
"അത് സംഘടനാ ബലത്തിൽ ഇപ്പോൾ തന്നെ നടപ്പിലാക്കിക്കൊണ്ടിരിക്കുകയാണ്. പ്രതിമ നിർമാണത്തിനുള്ള ഉരുക്ക് ചൈനയിൽനിന്നും ഇറക്കുമതി ചെയ്യാമെന്ന് സർക്കാർ തന്നെ പ്രഖ്യാപിച്ചിട്ടുണ്ടല്ലോ. അത് വിഷയമുള്ള കാര്യമല്ല, എങ്കിലും നിങ്ങൾ ഇ-മെയിലിൽ പറഞ്ഞ നിർദേശത്തോട് സംഘടനയ്ക്ക് പൂർണ യോജിപ്പാണ്." ദൈവത്തിെൻറ അളന്നുമുറിച്ചുള്ള സംസാരം, ഇച്ഛാശക്തിയുള്ള ഒരു വൃദ്ധേൻറത് ആയിരുന്നുവെങ്കിലും അനേകം യുദ്ധം ജയിച്ച യുവധീരേൻറതുപോലെ ഇരുവർക്കും അനുഭവപ്പെട്ടു.
"വിശ്വാസികളിൽനിന്ന് കത്തിയുടെയും കൊടുവാളി
െൻറയും രൂപത്തിൽ ഉരുക്കിനായുള്ള സംഭാവന സ്വീകരിക്കുന്നത് നല്ല ആശയമാണ്. നമ്മുടെ സദ്ചിന്ത മറ്റുള്ളവരിലേക്ക് എത്തിക്കാനും ഈ ഒരു ഉദ്യമത്തിലൂടെ സാധിക്കും. അത് നല്ലത് തന്നെ..."
വിമൽ വൻസാര ദൈവെത്ത തന്നെ ഉറ്റുനോക്കികൊണ്ടിരുന്നു.
"മൂന്നാമത്തെ ആശയം ഇൻറർനെറ്റിൽ നമ്മുടെ പിടിമുറുക്കുന്നതിനെ പറ്റിയാണ്. ഡാറ്റകളുടെ യുദ്ധമാണ് ഇനി വരാനിരിക്കുന്നത്. അതുപോലെ മാനിപ്പുലേറ്റഡ് ഇൻഫർമേഷൻ സെപ്ലെ, അതൊരുതരം ഒളിയുദ്ധമാണ്. അത് വികസിപ്പിക്കുന്നതിനും മുൻതൂക്കം നൽകണം.''
വിമൽ വൻസാര അർഥശങ്കക്കിടയില്ലാത്ത വിധം കാര്യങ്ങൾ വിശദീകരിച്ചപ്പോൾ ദൈവം ആദ്യ ദൈവത്തി
െൻറ രൂപം വെറുതെ മനസ്സിൽ സങ്കൽപിച്ച് ആനന്ദം അനുഭവിച്ചു.
"വിമൽ പറഞ്ഞതാണ് ശരി. ഇൻറർനെറ്റിലെ ഭാരതത്തെയാണ് ആദ്യം കാവിവത്കരിക്കേണ്ടത്." ഹിന്ദുരാഷ്ട്രം സ്വപ്നം കാണുന്ന മനുഷ്യരുടെ സംസാരം തുടരുന്നതിനിടയിൽ സൂര്യന് ചൂടുപിടിച്ച് തുടങ്ങിയിരുന്നു.
"സാബ്'', വാതിൽക്കൽനിന്ന് വെള്ളവസ്ത്രമണിഞ്ഞ ഒരു വൃദ്ധൻ തെൻറ ചുളിവുകൾ വീണ മുഖവുമായി വിനീതവിധേയനായി നിന്നു. ദൈവം ആംഗ്യം കാണിച്ചപ്പോൾ അയാൾ അകത്തേക്ക് കടന്നുവന്ന് നേരിയ മഞ്ഞ നിറമുള്ള ലസ്സി വിമലിെൻറയും ശിവറാമിെൻറയും അടുക്കൽ വെച്ചു.
"കുടിക്കൂ", ദൈവം പുഞ്ചിരി ആവർത്തിച്ചു.
വൃദ്ധൻ ഗ്ലാസ് കാലിയാവുന്നത് കാത്തുനിൽക്കാതെ മുറിവിട്ടു.
ലസ്സി ഗ്ലാസിൽനിന്ന് വിമൽ വൻസാരയുടെ ശ്രദ്ധപാളിയത് ദൈവത്തിന് പെട്ടെന്ന് തന്നെ പിടികിട്ടി.
"എന്താണ് ആലോചിക്കുന്നത്?"
ദൈവം മീശതടവിക്കൊണ്ട് വൻസാരയുടെ കണ്ണുകളിലേക്ക് നോക്കി. അപ്രതീക്ഷിതമായ ചോദ്യം കേട്ട് വിമൽ ഒന്നു വിളറി.
''അസാധാരണ ശാന്തതയുള്ള മനുഷ്യൻ ആയിരിക്കും ലോകത്തിലെ ഏറ്റവും അപകടകാരിയായ മനുഷ്യൻ.'' ഗ്ലാസ് ചുണ്ടോടടുപ്പിച്ചപ്പോൾ ഓർത്തുപോയത് ദൈവത്തിന് പിടികിട്ടിയോ. വിമൽ വൻസാര വെറുതെ പുഞ്ചിരിക്കാൻ ശ്രമിച്ച് പരാജയപ്പെട്ടു. ഒറ്റവലിക്ക് ലസ്സി കുടിച്ചു തീർത്ത ശേഷം ശിവറാം ഗോദ്ര വളരെ ഭവ്യതയോടെ ദൈവത്തോട് ചോദിച്ചു.
"എന്തുകൊണ്ട് ഉരുക്കുമനുഷ്യെൻറ പ്രതിമ ആദ്യം തെരഞ്ഞെടുത്തു?"
ദൈവം ഇത്തവണ പഴയതുപോലെ പുഞ്ചിരിച്ചില്ല. എന്നാൽ ശാന്തഭാവം കൈവിട്ടതുമില്ല. ദൈവം സാവധാനം സീറ്റിൽനിന്നും എഴുന്നേറ്റ് തെൻറ കഴുത്തിലൂടെയിട്ട ഷാൾ ഒന്ന് നേരെയാക്കി. പതുക്കെ നടന്ന് ചെന്ന് മുറിയുടെ കന്നിമൂലയിൽ വെച്ച അലമാര തുറന്നു. എന്നിട്ട് അതിൽനിന്നും ഒരു കുഞ്ഞു ട്രാൻസിസ്റ്റർ എടുത്ത് പഴയപടി സീറ്റിൽ ഒന്നും സംഭവിക്കാത്തപോലെ വന്നിരുന്നു. വിമൽ വൻസാരയും ശിവറാം ഗോദ്രയും കൗതുകം പൂണ്ടിരുന്നു. ദൈവം ട്രാൻസിസ്റ്ററുപോലെ തോന്നിപ്പിച്ച ആ ഷോ പീസിൽനിന്ന് സെറ്റ് ചെയ്തുവെച്ച മോണോലോഗ് കേൾപ്പിച്ചു.
"സ്വയം സേവകിനെ നിരോധിക്കണമെന്നുള്ളവർ കോൺഗ്രസിലുമുണ്ട്. ഞാനൊന്നു വ്യക്തമാക്കട്ടെ, ബലപ്രയോഗംകൊണ്ട് അമർച്ച ചെയ്യാവുന്നതല്ല ആ പ്രസ്ഥാനം. രാജ്യദ്രോഹികളോ കൊള്ളക്കാരോ അല്ല. രാജ്യത്തെ സ്നേഹിക്കുന്ന ദേശാഭിമാനികളാണവർ."
ദൈവം ട്രാൻസിസ്റ്റർ ഓഫ് ചെയ്ത് മീശതടവി ബ്രാൻഡ്മാർക്ക് പുഞ്ചിരി പൊഴിച്ചു. ശിവറാം ഗോദ്ര ആവേശഭരിതനായി.
വിമൽ വൻസാരക്ക് രോമാഞ്ചമുണ്ടായി.
"1948 ജനുവരി ഏഴിന് ലഖ്നോവിലെ ആകാശവാണി നിലയത്തിലൂടെ പട്ടേൽജി രാജ്യത്തോട് നടത്തിയ പ്രസംഗമാണത്." ദൈവം ഇതുപറയുമ്പോൾ അയാളുടെ നെറ്റിയിൽ പൊടിഞ്ഞ വിയർപ്പ് വട്ടപ്പൊട്ടു നനച്ചു. പൊട്ട് കൂടുതൽ ചുവപ്പായിത്തീർന്നു.
വിമൽ വൻസാരയുടെയും ശിവറാം ഗോദ്രയുടെയും ബഹുമാനം ആരാധന മനോഭാവത്തിന് വഴിമാറിത്തുടങ്ങിയിരുന്നു.
"ദൈവം എന്തു നല്ല മനുഷ്യനാണ്. ഇനി വരാനിരിക്കുന്ന വർഷങ്ങളിൽ ദൈവത്തിെൻറ കളി കാണാനിരിക്കുന്നതേയുള്ളൂ."
പള്ളികൾ പൊളിയും
പ്രതിഷ്ഠകൾ അനേകം ഉയരും!
ഈ കൂടിക്കാഴ്ചയാണ് തങ്ങളുടെ ജീവിതത്തിൽ ഇന്നേവരെ ഉണ്ടായിട്ടുള്ള വലിയ ആഹ്ലാദം എന്നവർക്ക് ബോധമുണർന്നു. വിമൽ വൻസാര ലസ്സി തണുപ്പ് മാറാത്ത മൺഗ്ലാസ് ഒറ്റക്കൈകൊണ്ട് മുറുകെ പിടിച്ചു. അവർക്ക് ഒന്നിനെപ്പറ്റിയും കൂടുതൽ വിശദീകരിക്കേണ്ടി വന്നില്ല. ദൈവത്തിന് എല്ലാം മനസ്സിലായി. അനുഗ്രഹം വാങ്ങി മുറിവിട്ടിറങ്ങുന്നതിന് മുൻപ് വെളുത്ത മീശക്കാരൻ ദൈവം ശബ്ദം താഴ്ത്തി അവർക്ക് ഉറപ്പുകൊടുത്തു:
"ദൈവം നിങ്ങളുടെ കൂടെയുണ്ട്."
(തുടരും)
മാധ്യമം ആഴ്ചപ്പതിപ്പ് വായിക്കാം https://epaper.madhyamam.com/t/15512/?s=WEEKLY