പാർവതി
08 സുബേദാർ ഉദ്ധം സിങ്അത്തവണ നാട്ടിൽനിന്ന് മടങ്ങിയെത്തിയപ്പോൾ പലതും പറയാനുണ്ടായിരുന്നു പാർവതിക്ക്. സാധാരണയായി വെറും കുശലങ്ങൾക്ക് അപ്പുറമായി ഒന്നും ചോദിക്കാനും പറയാനും കാണാറില്ല അമ്മക്കും മകൾക്കും. നാട്ടിൽ ചൂടുണ്ടോ, മഴ തുടങ്ങിയോ എന്നു തുടങ്ങിയ കുറെ പതിവു ചോദ്യങ്ങൾ. പിന്നെ അമ്മാമ്മക്ക് സുഖമാണോ, അച്ചുവേട്ടൻ എന്തു പറയുന്നു, ഇന്ദിരയുടെ കണ്ണുകളെങ്ങനെ തുടങ്ങിയ മറ്റു ചോദ്യങ്ങളിൽ അതവസാനിക്കും... അതിന് അവിടെയും ഇവിടെയും നോക്കി, മുക്കിയും മൂളിയും...
Your Subscription Supports Independent Journalism
View Plans08 സുബേദാർ ഉദ്ധം സിങ്
അത്തവണ നാട്ടിൽനിന്ന് മടങ്ങിയെത്തിയപ്പോൾ പലതും പറയാനുണ്ടായിരുന്നു പാർവതിക്ക്. സാധാരണയായി വെറും കുശലങ്ങൾക്ക് അപ്പുറമായി ഒന്നും ചോദിക്കാനും പറയാനും കാണാറില്ല അമ്മക്കും മകൾക്കും. നാട്ടിൽ ചൂടുണ്ടോ, മഴ തുടങ്ങിയോ എന്നു തുടങ്ങിയ കുറെ പതിവു ചോദ്യങ്ങൾ. പിന്നെ അമ്മാമ്മക്ക് സുഖമാണോ, അച്ചുവേട്ടൻ എന്തു പറയുന്നു, ഇന്ദിരയുടെ കണ്ണുകളെങ്ങനെ തുടങ്ങിയ മറ്റു ചോദ്യങ്ങളിൽ അതവസാനിക്കും... അതിന് അവിടെയും ഇവിടെയും നോക്കി, മുക്കിയും മൂളിയും എന്തെങ്കിലും പറയും പാർവതി. അത്രയും മതി സൗമിനിക്കും. അത്ഭുതം തോന്നാറുണ്ട്, ജനിച്ചുവളർന്ന നാടിനെപ്പറ്റി ഇത്രയുമൊക്കെ അറിഞ്ഞാൽ മതിയോ ഒരാൾക്ക്? അന്നാട്ടിൽ പറിച്ചുകളയാനാവാത്ത വേരുകളൊന്നും ഇല്ലേ അവർക്ക്?
നേരെ മറിച്ചാണ് നീലിമയുടെ കാര്യം. താൻ പിറന്നുവളർന്ന നാടിനെയും അവിടത്തെ മണ്ണിനെപ്പറ്റിയും പറയുമ്പോഴൊക്കെ അവളുടെ മുഖത്തേക്ക് ചോര ഇരച്ചുകയറുന്നത് കാണാൻ രസമാണ്. അവിടത്തെ ഓരോ മണൽത്തരിയിലും തന്റെ കാൽപ്പാടുകൾ കാണുമെന്ന് അവൾ പറയുന്നത് വലിയ അഭിമാനത്തോടെയാണ്. ഇവിടെയുള്ള അപൂർവം ചില നാട്ടുകാർ അവധിക്ക് പോയിവരുമ്പോൾ ഒരുപാട് പുതിയ വാർത്തകൾ കൊണ്ടുവരാറുണ്ട്.
പിന്നെ അവളുടെ അമ്മ കൊടുത്തയച്ച പലതരം പലഹാരങ്ങളും. വീട്ടിലെ തൊഴുത്തിൽ എരുമകൾ ഉള്ളതുകൊണ്ട് അവൾക്ക് ഇഷ്ടപ്പെട്ട ചില പേഡകളും മുന്തിയ നെയ്യ് കൊണ്ടുണ്ടാക്കിയ മറ്റ് മധുരപലഹാരങ്ങളും ഉറപ്പ്. കൂടാതെ, വലിയൊരു ടിൻ നിറയെ നെയ്യും. പോകുന്നത് അടുത്ത കൂട്ടുകാരിയായ പ്രഭ്ജോത് ആണെങ്കിൽ അവൾക്കും കാണും വലിയൊരു ടിൻ നിറയെ നെയ്യും കുറെ മധുരപലഹാരങ്ങളും. കൃത്യമായി ജിമ്മിൽ വ്യായാമം ചെയ്യുന്ന, കോളജ് തലത്തിൽ അറിയപ്പെടുന്ന ഒരു അത് ലറ്റ് കൂടിയായതുകൊണ്ട് എന്തു കഴിച്ചാലും കുഴപ്പമില്ല നീലിമക്ക്.
പാർവതി അപൂർവമായി വല്ലപ്പോഴും നാട്ടിൽ പോകുമ്പോൾ തനിക്ക് എന്താണ് കൊണ്ടുവരുകയെന്ന് അവൾ ചോദിക്കുമ്പോഴൊക്കെ തന്റെ വീട്ടിൽ എരുമകളൊന്നും ഇല്ലല്ലോ എന്നുപറഞ്ഞു തഞ്ചത്തിൽ ഒഴിയുകയാണ് പതിവ്. ഒടുവിൽ അവൾ മുറുകെപ്പിടിച്ചു.
“ഇവിടത്തെ പൊട്ടറ്റോ ചിപ്സ് തിന്നു മടുത്തു, വേറെ എന്തെങ്കിലും കൊണ്ടുവരാൻ പറ്റുമോ നിനക്ക്? ഇവിടെ കിട്ടാത്ത എന്തെങ്കിലും...”
“കായ ഉപ്പേരി ആയാലോ?”
“അതൊക്കെ ഇവിടെയും കിട്ടുമെന്നേ, വേറെ എന്തെങ്കിലും...” അവൾ ആവർത്തിച്ചു.
“നേന്ത്രപ്പഴം കൊണ്ടുവരായിരുന്നു, പക്ഷേ ഇവിടെ എത്തുമ്പോഴേക്കും ചീത്തയാകും...”
“ചുരുക്കത്തിൽ എനിക്ക് കൊണ്ടുവരാൻ നിന്റെ നാട്ടിൽ ഒന്നുമില്ല എന്നുതന്നെ... എന്തൊക്കെയാ നിങ്ങടെ നാടിനെപ്പറ്റിയുള്ള പരസ്യങ്ങള്.”
പാർവതി വല്ലാതായി. നീലിമ എന്തൊക്കെ തന്നിരിക്കുന്നു തനിക്ക്, എന്നിട്ടും...
പെട്ടെന്നാണ് ഇത്തവണ അവിടത്തെ ചായക്കടയിലെ കുപ്പിപ്പാത്രത്തിലെ ചക്ക ഉപ്പേരിയെപ്പറ്റി ഓർമവന്നത്. അതേപ്പറ്റി അച്ചുവേട്ടനോട് ചോദിച്ചപ്പോൾ അതിനെന്താ ഞാൻ തന്നെ ശരിയാക്കാല്ലോ എന്നാണ് പറഞ്ഞത്. അങ്ങനെ ഇത്തവണ ഒരു ടിൻ നിറയെ ചക്ക ഉപ്പേരിയുമായാണ് അവൾ വണ്ടികയറിയത്.
എന്തുവേണമെങ്കിലും ഉണ്ടാക്കാൻ അമ്മാമ്മയും അച്ചുവേട്ടനും തയാറാണെങ്കിലും ഒന്നും വേണ്ടെന്നാണ് സൗമിനി പറയാറ്. എനിക്ക് വേണ്ടതെല്ലാം ഇവിടത്തെ സൗത്ത് ഇന്ത്യൻ കടകളിൽനിന്ന് കിട്ടുമല്ലോ. ചക്ക ഉപ്പേരിയാണെങ്കിൽ അമ്മക്ക് തീരെ പറ്റുകയുമില്ല. ഗ്യാസിന്റെ ശല്യമുണ്ടത്രെ.
അമ്മക്ക് ആകെക്കൂടി വേണ്ടത് ചില മലയാളം കവിതാ പുസ്തകങ്ങൾ മാത്രം. പ്രത്യേകിച്ച് വൈലോപ്പിള്ളിയും ഇടശ്ശേരിയും കുഞ്ഞിരാമൻ നായരും. അതൊക്കെ ശാന്തിനഗറിൽ കിട്ടാത്തത്.
എന്തായാലും അത്തവണ പാർവതിക്ക് പറയാൻ പലതുമുണ്ടായിരുന്നു. ഉള്ളിൽ തള്ളിക്കയറിവരുന്നത് പുറത്തുവിടാൻ തിടുക്കപ്പെടുകയായിരുന്നു. എല്ലാം ശ്രദ്ധയോടെ കേട്ടുകൊണ്ടിരിക്കുമ്പോൾ സൗമിനിയുടെ മുഖത്ത് കാര്യമായ ഭാവമാറ്റങ്ങളൊന്നും കാണാനായില്ല. ഇതൊക്കെ തനിക്ക് നന്നായറിയാമല്ലോ എന്ന മട്ടിൽ അവർ ചിരിച്ചു.
‘‘ആ പാറക്കെട്ടിലിരുന്ന് ഞാനും വിലാസിനിയും എത്രയോ സ്വപ്നങ്ങൾ കണ്ടിരിക്കണു. ആ പ്രായത്തിലെ പെൺകുട്ടികൾ കാണുന്ന സാധാരണ സ്വപ്നങ്ങൾ. അതു കഴിഞ്ഞ് നിറഞ്ഞ മനസ്സോടെ കൈ കോർത്തുപിടിച്ചു കുന്നിറങ്ങുമ്പോൾ തികച്ചും വേറൊരു ലോകത്തായിരിക്കും ഞങ്ങൾ. എല്ലാം മറന്നു മറ്റൊരു ആകാശത്തൂടെ കൈ വീശി പറക്കണതുപോലെ. അപ്പഴൊക്കെ രാത്രി ചിമ്മിനിവിളക്കിന്റെ അരണ്ട വെളിച്ചത്തിൽ, നൂറ് പേജിന്റെ വരയിട്ട നോട്ടുപുസ്തകത്തിൽ എന്തൊക്കെയോ കുറിച്ചിടാറുണ്ട്. അതൊക്കെ കവിതയാണെന്ന് ഒരിക്കലും തോന്നിയിട്ടില്ല. ഒരുപക്ഷേ അതൊക്കെ എന്റെ സ്വപ്നങ്ങളായിരിക്കും കണ്ടതും കാണാൻ കൊതിക്കണതും.’’
കണ്ണടച്ചിരുന്നു എന്തൊക്കെയോ ഓർക്കുകയാണ് അമ്മ. മറക്കാനാവാത്ത ആ ചങ്ങാത്തത്തെ, പൊയ്പോയ ആ കൗമാരത്തെ. ഒടുവിൽ കണ്ണുകൾ തുടച്ചു, അവർ പറഞ്ഞു:
‘‘നന്നായി മോളേ, നീ അവടെ പോയതും ആ പാറക്കെട്ടിലിരുന്നതും കിനാവ് കണ്ടതുമൊക്കെ...’’ മകളെ കെട്ടിപ്പിടിക്കുമ്പോൾ അമ്മയുടെ തൊണ്ടയിടറി.
‘‘എന്നാലും അമ്മേ, പാർവതി അന്നവടെ കണ്ടത്... ഒന്നും മനസ്സിലാവണില്ല ഇപ്പഴും... സത്യത്തിൽ ഒരുപാട് പേടിച്ചുപോയി.’’
‘‘സ്വപ്നങ്ങളെ ഒരിക്കലും പേടിക്കരുത്. ഇഴ പിരിക്കാൻ നോക്കരുത്. അത് അബദ്ധാവും. മനസ്സിന്റെ വഴിവിട്ട യാത്രകളെ ഒരു സൗഭാഗ്യമായി കണ്ടാ മതി. സ്വപ്നം കാണാൻ കഴിയുക എന്നതന്നെ വലിയൊരു ഭാഗ്യല്ലേ?’’
‘‘അപ്പൊ അന്നു കണ്ടതൊക്കെ പാർവതീടെ ഉള്ളിലെ മോഹങ്ങളാണോ?’’
‘‘ആവാം, ആവാതിരിക്കാം. അതേപ്പറ്റി വേവലാതിപ്പെടാതെ, മനസ്സിനെ വെറുതെ മേയാൻ വിടണതാവും ബുദ്ധി. അല്ലെങ്കിലും, എല്ലാ തോന്നലുകൾക്കും അർഥം കാണാൻ നോക്കണത് വങ്കത്തമാണ്. ചെലതൊക്കെ ഊഹിക്കാൻ വിടണതല്ലേ നല്ലത്? ഇപ്പൊ തോന്നണതാവില്ല ഇത്തിരി കഴിയുമ്പൊ തോന്നുക. ഒന്നിൽനിന്ന് പൊട്ടിമുളച്ചു കൊമ്പും ചില്ലയുമായി കൊറെയേറെ മറു കാഴ്ചകൾ. ഇതൊക്കെയല്ലേ മോളേ ഈ ജീവിതംന്ന് പറയണത്? ഇതൊന്നുമില്ലെങ്കിൽ നമ്മടെ മനസ്സൊരു മരുഭൂമിയാവില്ലേ?’’ ഒന്നും മനസ്സിലായില്ലെങ്കിലും ഏതാണ്ടൊക്കെ മനസ്സിലായതുപോലെ പാർവതി തലയാട്ടി.
എന്തായാലും, അമ്മയുടെ തെളിഞ്ഞ മുഖവും, അതിലേറെ തെളിഞ്ഞ ശബ്ദവും അവൾക്ക് വലിയൊരു സാന്ത്വനമായി. ചിലപ്പോഴൊക്കെ അമ്മയെ തീരെ മനസ്സിലാക്കാനാവാറില്ല അവൾക്ക്. ആരും തളർന്നുപോകുന്ന ഒട്ടേറെ ദുർഘടങ്ങളിലൂടെ കടന്നുപോന്നപ്പോഴും മനസ്സിനെ തന്റെ പിടിയിൽതന്നെ നിർത്താൻ അവർക്ക് കഴിഞ്ഞിട്ടുണ്ട്. ഉള്ളിലെ തിരയിളക്കങ്ങൾ പുറത്തു കാണിക്കാതെ കാലത്തേ കുളിച്ചൊരുങ്ങി, കൃത്യസമയത്തു തന്നെ സ്കൂളിലെത്തുന്ന സൗമിനി ടീച്ചർ. എപ്പോഴും പുഞ്ചിരിക്കുന്ന സൗമിനി ടീച്ചർ. ഒരിക്കലും ക്ലാസിൽ വൈകിയിട്ടില്ല. ഉള്ളിലെ വിഷമങ്ങൾ കുട്ടികളുടെ നേർക്കു കാട്ടിയിട്ടുമില്ല. അവരുടെ എല്ലാ കുസൃതികളെയും ചിരിവിടാതെ തന്നെ കൈകാര്യം ചെയ്യാനാവുന്നുമുണ്ട് അമ്മക്ക്. ഒരുപക്ഷേ അതുകൊണ്ടു തന്നെയാവാം അവർ കുട്ടികളുടെ പ്രിയപ്പെട്ടവളാകുന്നത്. വീട്ടിലും ഒരിക്കലും ദേഷ്യപ്പെട്ടു കണ്ടിട്ടില്ല.
പിന്നെ അമ്മയുടെ അത്യപൂർവമായ ഏകാഗ്രത. അതാണ് പാർവതിയെ വല്ലാതെ വിസ്മയിപ്പിക്കുന്നത്. അതേപ്പറ്റി ചോദിച്ചപ്പോൾ മുഖത്ത് പതിവ് പുഞ്ചിരിതന്നെ.
‘‘ഏറ്റവും ഏകാഗ്രത വേണ്ടത് കണക്കിലല്ലേ മോളേ? പണ്ടൊക്കെ എല്ലാ കണക്കുകൂട്ടലുകളും നടന്നിരുന്നത് നമ്മടെ മനസ്സിലല്ലേ? പിന്നീട് എത്രയോ കഴിഞ്ഞാണ് സഹായത്തിന് യന്ത്രങ്ങൾ എത്തിയത്.’’
അമ്മ അമ്പലങ്ങളിലൊന്നും പോകുന്നത് കണ്ടിട്ടില്ല. നേർച്ചകളും നേരാറില്ല. അതേസമയം ഈ മഹാപ്രപഞ്ചം മുഴുവനും നിയന്ത്രിക്കുന്ന ഒരു വലിയ ചൈതന്യത്തിൽ വിശ്വാസമുണ്ട് അവർക്ക്. മനുഷ്യന്റെ കൊച്ചുബുദ്ധികൊണ്ട് അളക്കാനാവാത്ത മഹാപ്രപഞ്ചം.
സന്ധ്യക്ക് കുറച്ചുനേരം കണ്ണടച്ചിരുന്നു ധ്യാനിക്കുന്നത് കാണാറുണ്ട്. എത്ര തിരക്കുണ്ടെങ്കിലും അത് മുടക്കുന്നത് കണ്ടിട്ടില്ല. ഒരുപക്ഷേ അതുതന്നെയായിരിക്കും അമ്മയുടെ ഏകാഗ്രതയുടെ പുറകിൽ...
അന്നത്തെ അനുഭവത്തെപ്പറ്റി നീലിമയോട് പറഞ്ഞപ്പോൾ അവൾ പതിവുപോലെ പൊട്ടിച്ചിരിച്ചു. “മണ്ടിപ്പെണ്ണേ. പ്രായമിത്രയായിട്ടും നിന്റെ ബുദ്ധി ഉറച്ചിട്ടില്ലല്ലോ.” പാർവതിയുടെ ചെവിക്ക് പിടിച്ചു തിരുമ്മിക്കൊണ്ട് നീലിമ പറഞ്ഞു. “നിന്റെ ഓരോ തോന്നലുകൾ! നോൺസെൻസ്.” പിന്നെ അവളുടെ ആ പൊള്ളച്ചിരി. ഹരിയാനയിലെ കാവൽമാടങ്ങളിൽ മുഴങ്ങാറുള്ള ചിരി.
പാർവതി വിചാരിച്ചതുപോലെ തന്നെ. പുതിയൊരു കാര്യം അവളെ പറഞ്ഞു വിശ്വസിപ്പിക്കാൻ നന്നെ പാട്. അത് അവൾതന്നെ സമ്മതിക്കാറുണ്ട്.
“നീ കരുതുന്നപോലെയല്ല. ഒരാളെപ്പോലെ ഏഴുപേർ കാണും, ഈ ഭൂഗോളത്തിന്റെ ഏതെങ്കിലും ഒരറ്റത്ത്. അങ്ങനെ കേട്ടിട്ടില്ലേ നീയ്? ഒന്ന് അമ്പാലയിലാണെങ്കിൽ വേറൊരാൾ ഫിലാഡൽഫിയയിൽ, പിന്നെ റാസൽഖൈമയിൽ, ജൊഹാനസ്ബർഗിൽ, മെക്സിക്കോയിൽ, ബെയ്ജിങ്ങിൽ... അങ്ങനെയങ്ങനെ, ലോകം മുഴുവനും.”
‘‘എന്നാലും?’’
“ഒരു എന്നാലുമില്ല. പക്ഷേ, ഒരേ സ്ഥലത്തു ഒരേപോലെ രണ്ടുപേരെന്ന് ഇതേവരെ കേട്ടിട്ടില്ല. അതും ഇങ്ങനെ നേർക്കുനേർ വരിക.”
“ഓ...”
“എന്തായാലും, സുബേദാർ ഉദ്ധം സിങ്ങിനെപ്പോലെ വേറൊരാളെ കാണാൻ പാടാണ്.”
അവൾ ചോദ്യഭാവത്തിൽ നോക്കിയപ്പോൾ അവൾ പറഞ്ഞു.
“എന്റെ ദാദാജി, അല്ലാണ്ടാരാ.”
“ഓ...”
“കണ്ടിട്ടില്ല. പക്ഷേ കേട്ടിട്ടുണ്ട്, ഇളയച്ഛൻ ഹവിൽദാർ ബൽബീർ സിങ്ങിൽനിന്ന്. ഒക്കെ സെക്കൻഡ് വേൾഡ് വാർ പരാക്രമങ്ങൾ. അന്ന് ബർമയിലായിരുന്നത്രെ അവരുടെ റെജിമെന്റ്. എത്രയെണ്ണത്തിനെ കൊന്നൊടുക്കിയോ ആവോ. ഡ്രോയിങ് റൂമിലെ പടം കണ്ടാലറിയാം ആളുടെ വമ്പത്തം... പിരിച്ചുവെച്ച കൊമ്പൻ മീശ. ചൊക ചൊകാന്നു ചുവന്ന മുഖം. ഹൌ...’’
ആ ഓർമയിൽ സ്വയം നഷ്ടപ്പെട്ടു നീലിമ ഒന്നു പിടഞ്ഞു.
ആ ഫൗജി കുടുംബത്തിന്റെ പാരമ്പര്യത്തിൽനിന്നു അൽപമെങ്കിലും തെന്നിമാറിയത് അവളുടെ അച്ഛൻ മാത്രം. എൻജിനീയറിങ് പാസായ അദ്ദേഹം ആദ്യം ജോലിയിൽ ചേർന്നത് നാട്ടിനടുത്ത ഒരു ഫാക്ടറിയിൽ. പിന്നീട് കുറേക്കൂടി മെച്ചപ്പെട്ട പദവിയിൽ, ഇവിടത്തെ തന്നെ മറ്റൊരു ഫാക്ടറിയിൽ. അങ്ങനെയാണ് ആ കുടുംബം ഹരിയാന വിട്ടത്. അതുകൊണ്ടുതന്നെ പിറന്ന നാടിനെയും തങ്ങളുടെ പാരമ്പര്യത്തെയും പൂർവികരെയും പറ്റി എത്ര വേണമെങ്കിലും ആവർത്തിക്കാൻ വലിയ താൽപര്യമാണ് അവൾക്ക്.
അല്ലെങ്കിലും അതങ്ങനെയാണ്. പഴയ പോരാട്ടങ്ങൾക്ക് ഊറ്റം കൂടും. പണ്ടേ പോയവർക്കാണ് പെരുമ. കേട്ട കഥകളേക്കാൾ കേൾപ്പിച്ച കഥകൾക്ക് മിഴിവ് കൂടുതൽ. നേട്ടങ്ങളുടെ പെരുമയിൽ കോട്ടങ്ങൾ മറവിയിൽ പോകുക സാധാരണം. ചുവരിലെ ചിത്രത്തിൽ തൂങ്ങുന്നവർ എപ്പോഴും ഹീറോകൾ.
ഇതുപോലെ ഒരുപാട് പറയാനുണ്ട് അമ്മാമ്മക്കും വല്യമ്മാനെപ്പറ്റി. ഓരോതവണ നാട്ടിൽ പോകുമ്പോഴും ചുമരിൽ തൂങ്ങുന്നയാൾക്ക് വലിപ്പം കൂടിവരുന്നത് പാർവതി ശ്രദ്ധിക്കാറുണ്ട്. അതുപോലെ അങ്ങേരുടെ നായയ്ക്കും. അൾസേഷ്യന്റെ ഉയരം കൂടുന്തോറും, കണ്ണുകളിലെ ചോരച്ചുവപ്പും കുരയുടെ മുഴക്കവും കൂടുന്നു. കാതങ്ങൾ താണ്ടുന്ന കുരയെ പേടിച്ചു കള്ളന്മാർ ഭാണ്ഡം മുറുക്കി ഊര് വിട്ടുവത്രെ.
അങ്ങനെ വല്യമ്മാനും സുബേദാർ ഉദ്ധം സിങ്ങും ചുവരിൽ കിടന്നു മത്സരിച്ച് മീശ പിരിക്കുന്തോറും ആരോടും പറയാതെ കാലം മുന്നോട്ടു പോയിക്കൊണ്ടിരുന്നു.
പാർവതിയുടെ ഉള്ളിലാകട്ടെ സംശയങ്ങൾ പെരുകുകയാണ്. തന്നെപ്പോലെ ആറ് പാർവതിമാരോ? അക്കൂട്ടത്തിൽ ഒരുവളെ ആയിരിക്കുമോ അന്ന് പുഴവക്കത്തു കണ്ടത്? പക്ഷേ, അവൾ പെട്ടെന്ന് മറഞ്ഞുപോയതോ? അതൊരു മായക്കാഴ്ചയായിരുന്നോ? അന്നത്തെ വെപ്രാളത്തിൽ അവളുടെ കാലുകൾ നിലത്തു മുട്ടുന്നുണ്ടോയെന്നു നോക്കിയില്ല! എന്തായാലും, അഞ്ചു അനിയത്തിമാർക്കായി താൻ ഒരിക്കലും മോഹിക്കില്ല.
ശ്ശെ… വെറും വങ്കത്തരം. ശാസ്ത്രം ഇത്രയും പുരോഗമിച്ചു കഴിഞ്ഞ കാലത്ത്, ഇത്തരം കെട്ടുകഥകൾ വിശ്വസിക്കാനാവുമോ? അമ്മാമ്മപോലും ഇതൊക്കെ ചിരിച്ചുതള്ളുന്നു.
പക്ഷേ, നീലിമ പൊട്ടിയല്ല. അവൾ പറയുന്നതിൽ എന്തെങ്കിലും കാര്യം കാണാതിരിക്കില്ല. തന്നെപ്പോലെ ഒരു പഞ്ചാബിപ്പെണ്ണിനെ പേടിപ്പിക്കുക എളുപ്പമല്ലെന്ന് അവൾ എപ്പോഴും പറയും. പോരാത്തതിന് ആ ഫൗജി കുടുംബത്തിന്റെ പാരമ്പര്യവും. എൻജിനീയറിങ് പാസായി മിലിറ്ററിയിൽ ചേരണമെന്നാണ് അവളുടെ മോഹം. വെറുതെ കമീഷൻഡ് ഓഫീസർ ആയാൽ പോരാ. എൻജിനീയറിങ് ബിരുദമെടുത്തു മിലിറ്ററി എൻജിനീയറിങ് കോറിൽതന്നെ കയറണം. വേണ്ട സമയത്തു എൻജിനീയറിങ് കോളജിൽ അഡ്മിഷൻ കിട്ടിയില്ല. ഇനി ഡിഗ്രി കഴിഞ്ഞിട്ട് ഒന്നുകൂടി ശ്രമിക്കണം. ബയോളജിയിലെ മാർക്കുകൾവെച്ചു പണ്ട് മെഡിസിന് കിട്ടുമായിരുന്നെങ്കിലും അതിലൊന്നും താൽപര്യമില്ലായിരുന്നു അവൾക്ക്. ഡോക്ടർപണിക്കുള്ള ക്ഷമ തനിക്കില്ലെന്ന് അവൾ സമ്മതിക്കാറുണ്ട്.
ആ കൂട്ടുകുടുംബത്തിൽ സിഖുകാർക്ക് പുറമെ ഹിന്ദുമത വിശ്വാസികളുമുണ്ടത്രേ. അതൊരു പുതിയ അറിവായിരുന്നു പാർവതിക്ക്.
ഹരിയാനയിലെ ഗുസ്തി പരിശീലിപ്പിക്കുന്ന അഖാഡകൾ ലോകപ്രസിദ്ധമാണത്രേ. പെൺകുട്ടികളെ വരെ ഗുസ്തി പഠിപ്പിക്കുന്നുണ്ട്. പഴയകാല ഗുരുവായ ഗുരു ഹനുമാൻ ഇന്നും അവരുടെ കാണപ്പെട്ട ദൈവമാണ്. കൈയിലൊരു ഗദയുമായി പലപ്പോഴും ചിത്രങ്ങളിൽ പ്രത്യക്ഷപ്പെടാറുള്ള അദ്ദേഹത്തിന്റെ അഖാഡ ഡൽഹിയിലാണ്. അദ്ദേഹത്തിന്റെ ശിഷ്യന്മാരിൽ ചിലർ അന്താരാഷ്ട്രതലത്തിൽ വരെ രാജ്യത്തിനുവേണ്ടി മെഡലുകൾ നേടിയിട്ടുണ്ട്. രാജസ്ഥാനിൽ ജനിച്ച പൂർണ ആരോഗ്യവാനായിരുന്ന ആ യാദവൻ തൊണ്ണൂറ്റൊമ്പത് വയസ്സ് വരെ ജീവിച്ചു. ശതകം പൂർത്തിയാക്കാനാകാതെ ഒരു റോഡ് അപകടത്തിലാണ് അദ്ദേഹം മരിച്ചത്.
നീലിമയെയും ഗുസ്തി പഠിപ്പിക്കാൻ വീട്ടുകാർക്ക് താൽപര്യമായിരുന്നെങ്കിലും അവളുടെ നോട്ടം എപ്പോഴും നാനൂറു മീറ്റർ ഓട്ടത്തിലും ഹർഡിൽസിലുമായിരുന്നു.
ഒരു കാര്യത്തിൽ മാത്രമേ അവൾക്ക് സങ്കടമുള്ളൂ. പാട്യാലയിലെ നാഷനൽ സ്പോർട്സ് ഇൻസ്റ്റിറ്റ്യൂട്ടിൽ ചേരാൻ കഴിഞ്ഞില്ലയെന്നത്. സുഭാഷ് ബോസിന്റെ പേരിലുള്ള ആ സ്ഥാപനം ഏഷ്യയിലെ തന്നെ ഏറ്റവും മികച്ച ഒരു സ്പോർട്സ് സ്കൂൾ ആണത്രേ.
“സാരമില്ലെന്നേ”, പാർവതി ആശ്വസിപ്പിക്കാറുണ്ട്. “പാട്യാലയിൽ കിട്ടിയില്ലെങ്കിലും ആർമിയിലും കാണുമല്ലോ വലിയ സൗകര്യങ്ങൾ.”
തലയാട്ടിയെങ്കിലും പാട്യാല അവളുടെ മനസ്സിലെ ഏറ്റവും വലിയ സ്വപ്നങ്ങളിൽ ഒന്നാണെന്നു വ്യക്തമായിരുന്നു.