പാർവതി
09. ശിശിരത്തിന്റെ കാമുകൻമുതിർന്നതിനുശേഷം അന്നാദ്യമായി സൗമിനി കരഞ്ഞു. തേങ്ങിത്തേങ്ങി കരഞ്ഞു. ഇത്രയും കാലം എല്ലാം ഉള്ളിലൊതുക്കി ഒന്നും പുറത്തു കാണിക്കാതിരുന്ന സൗമിനി. എപ്പോഴും പുഞ്ചിരിക്കുന്ന, ചിരിക്കാൻ മാത്രമറിയുന്ന സൗമിനി ടീച്ചർ. ആ ചിരിക്കുന്ന മുഖവും അപ്പോൾ വിടരുന്ന കണ്ണുകളുമാണ് ഒരുപാട് പെൺകുട്ടികളെ ആരാധികമാരാക്കിയത്. ഇളംനിറത്തിലുള്ള വോയിൽ സാരികളും ആ ചിരിക്കുന്ന മുഖത്തോട് നന്നായി ചേരുന്നുണ്ടെന്ന് അവർ തമ്മിൽ പറയാറുണ്ട്.ആ സൗമിനി ടീച്ചറാണ്...
Your Subscription Supports Independent Journalism
View Plans09. ശിശിരത്തിന്റെ കാമുകൻ
മുതിർന്നതിനുശേഷം അന്നാദ്യമായി സൗമിനി കരഞ്ഞു. തേങ്ങിത്തേങ്ങി കരഞ്ഞു. ഇത്രയും കാലം എല്ലാം ഉള്ളിലൊതുക്കി ഒന്നും പുറത്തു കാണിക്കാതിരുന്ന സൗമിനി. എപ്പോഴും പുഞ്ചിരിക്കുന്ന, ചിരിക്കാൻ മാത്രമറിയുന്ന സൗമിനി ടീച്ചർ. ആ ചിരിക്കുന്ന മുഖവും അപ്പോൾ വിടരുന്ന കണ്ണുകളുമാണ് ഒരുപാട് പെൺകുട്ടികളെ ആരാധികമാരാക്കിയത്. ഇളംനിറത്തിലുള്ള വോയിൽ സാരികളും ആ ചിരിക്കുന്ന മുഖത്തോട് നന്നായി ചേരുന്നുണ്ടെന്ന് അവർ തമ്മിൽ പറയാറുണ്ട്.
ആ സൗമിനി ടീച്ചറാണ് ഇപ്പോൾ ഇങ്ങനെ...
ശരത്കാലത്തെ വേവ് കുറഞ്ഞ രാത്രിയും പകലിനെ എത്തിപ്പിടിക്കാൻ നോക്കുന്ന അയഞ്ഞ ഇരുട്ടും ആ തേങ്ങൽത്തുള്ളികളെ ഏറ്റുവാങ്ങാൻ മടിച്ചപ്പോൾ സൗമിനി പകച്ചു.
അനക്കമറ്റ രാത്രിയിൽ മകളുടെ മുറിയിൽ പൊടുന്നനെ വെട്ടം തെളിഞ്ഞപ്പോൾ അവർ ശബ്ദമൊതുക്കി. തിടുക്കത്തിൽ കരച്ചിൽ തുടച്ചുകളഞ്ഞു. ഇളംറോസ് അളവ് കുപ്പിയുടെ അടപ്പ് തുറന്ന് തൊണ്ട നനച്ചു. സ്ത്രീകൾ എപ്പോഴും ആവുന്നത്ര വെള്ളം കുടിക്കണമെന്ന് ആവർത്തിക്കാറുള്ള നഗരത്തിലെ ഏറ്റവും തിരക്കുള്ള സ്പെഷലിസ്റ്റ് ഗൈനക്. അവരുടെ അപ്പോയിന്റ്മെന്റ് കിട്ടാൻ വിഷമമാണെങ്കിലും, മകൾക്ക് കണക്കിന്റെ ഊടുവഴികൾ കാട്ടിക്കൊടുക്കുന്ന ടീച്ചർക്കായി സമയമുണ്ട് എപ്പോഴും.
അടുത്ത മുറി വീണ്ടും ഇരുട്ടിലായപ്പോൾ ആശ്വാസമായി സൗമിനിക്ക്. എന്തായാലും, പിറ്റേന്ന് പ്രാതൽ സമയത്ത് ഊൺമേശയിൽ മകളെ നേരിടേണ്ടിവന്നു അമ്മക്ക്.
അങ്ങനെ ഒരുപാട് ഇടവേളകളിലൂടെ ശരത്കാലത്തെ സ്നേഹിക്കുന്ന കാമുകന്റെ കഥ ഇതൾ വിടർത്തി. സയൻസും അത്യാവശ്യം കണക്കും പഠിപ്പിക്കുന്ന ശരത് മാഷ്. ബീഹാറിലെ മുസാഫർപുർക്കാരൻ. കണക്ക് കമ്മിയാണെങ്കിലും സയൻസ് കടുകട്ടി. സ്റ്റാഫ് മുറിയിൽ അടുത്തടുത്തിരിക്കുന്നയാൾ അടുക്കാൻ നോക്കിയത് സ്വാഭാവികം. നാട്ടിൻപുറത്തുകാരി വീട്ടമ്മയെപ്പോലെ സൗമിനി ടീച്ചർ അകലാൻ നോക്കിയതും സ്വാഭാവികം. ഒരു ദീപാവലിക്കാലത്ത് അയാളുടെ ഭാര്യ ഹിന്ദി പഠിപ്പിക്കുന്ന സുസ്മിത കുഴഞ്ഞുവീണു പിടഞ്ഞത് സൗമിനിയുടെ മടിയിൽ. ആശുപത്രിയിൽ കൊണ്ടുപോയതും അവർതന്നെ.
അപ്പോഴേക്കും എല്ലാം കഴിഞ്ഞിരുന്നു… സൗമിനിയെപ്പോലെ എപ്പോഴും ചിരിക്കുന്ന സുസ്മിത ടീച്ചർ. ക്ലാസിലും പുറത്തും ഒരുപോലെ. എന്തു സംശയം ചോദിച്ചാലും ചിരിച്ചുകൊണ്ടുതന്നെ മറുപടി. അതുകൊണ്ട് അവർ പോയപ്പോൾ ഏറ്റവും കരഞ്ഞത് അവിടത്തെ കുട്ടികളായിരുന്നു. വർഷം മൂന്നു കഴിഞ്ഞെങ്കിലും ആരുടെയും ഉള്ളിലെ മുറിവുണങ്ങിയിട്ടില്ല ഇതേവരെ. മറവി എളുപ്പമായിരിക്കും ചിലർക്ക്. പക്ഷേ തനിക്കതു സാധിക്കില്ലല്ലോ. സൗമിനി ഓർക്കാറുണ്ട്.
പക്ഷേ, ശരത് മാഷിന് മനസ്സിലാവാത്തത് ഒന്നുമാത്രം. ദിവസത്തിന്റെ നല്ലൊരു ഭാഗം ചിലവഴിക്കുന്നത് സ്കൂളിൽ. അവിടത്തെ വകുപ്പുമുറിയിലെ മേശകൾ തമ്മിലുള്ള അകലം ഒന്നൊന്നര അടി മാത്രം. കണക്കിൽ സയൻസുണ്ട്. സയൻസിൽ കണക്കും. ഇതിൽ കൂടുതൽ എന്തു പൊരുത്തം വേണം? എന്നിട്ടും ഒരേ കൊമ്പിൽ കൂടുകൂട്ടാൻ എന്തേ മടിക്കുന്നു? ഉത്തരമുണ്ട് സൗമിനിക്ക്. മേശകൾ തമ്മിലുള്ള അടുപ്പം ജീവിതത്തിൽ വേണമെന്നില്ല. സയൻസിന്റെ അടുപ്പത്തിന് അകലാൻ നേരം വേണ്ട. വേനലിൽ വെന്തുരുകിയവർ ഇലകളുടെ നിറക്കൊഴുപ്പ് മോഹിക്കുന്നത് മനസ്സിലാവും. പക്ഷേ, ഇനിയൊരു ആൺകൂട്ട് വേണ്ടെനിക്ക്.
ആദ്യമായി അമ്മ തന്നോട് ഉള്ളുതുറക്കുന്നത് നന്നായി രസിക്കുന്നുണ്ട് പാർവതിക്ക്. താനും ഒരൊത്ത പെണ്ണായെന്നു അംഗീകരിക്കുകയാണവർ. അപ്പോൾ, സത്യത്തിൽ എന്താണ് വേണ്ടത് അമ്മക്ക്? അടുപ്പിക്കണോ, അതോ അകറ്റണോ? രണ്ടിനും കെൽപ്പുണ്ട് പാർവതിക്ക്.
പിന്നെ രാത്രി വളരെ വൈകിയുള്ള ചില ഫോൺവിളികൾ. അതാണ് പാർവതിയെ വല്ലാതെ അരിശം പിടിപ്പിക്കുന്നത്. അതായത് താൻ ഉറങ്ങിയെന്ന് ഉറപ്പാക്കിയതിനുശേഷമുള്ള വിളികൾ. പക്ഷേ ആ ബോറനറിയില്ല പാർവതി വൈകിയേ ഉറങ്ങൂവെന്ന്.
‘‘അതെന്താ ഇങ്ങനെ?’’ പാർവതി ചോദിച്ചു.
‘‘ഏറെ നാളായി പെൺചൂരറിയാത്തതിന്റെ കേടന്നെ. ഒരുതരം ഞരമ്പുരോഗം അല്ലാണ്ടെന്താ? പിന്നെ യാദവകുലത്തിൽ പിറന്നതോണ്ട് സാക്ഷാൽ ശ്രീകൃഷ്ണന്റെ ഒരംശം തന്നിലും കാണാതിരിക്കില്ലെന്ന വിശ്വാസം! എന്നാലും എനിക്ക് മനസ്സിലാകാത്തത് ഒന്നുമാത്രം. ഇത്ര പെട്ടെന്ന് ആ പാവം സുസ്മിതയെ മറക്കാൻ കഴിയോ ആ കോന്തനു? പ്ലസ് ടുവിന് പഠിക്കുന്ന ഒരു മകളുണ്ടെന്നതും മറക്കുന്നു. അടുത്ത വർഷം കോളേജിൽ ചേരേണ്ട കുട്ടി.’’
തീരെ മനസ്സിലാവുന്നില്ല പാർവതിക്ക്. ശ്രീകൃഷ്ണന്റെ വേരുകൾ ഈ ബോറൻ മാഷിലേക്കോ? ചിരിയടങ്ങുന്നുണ്ടായിരുന്നില്ല പാർവതിക്ക്.
‘‘അമ്മക്ക് ഈ വിളികൾ നിറുത്തിക്കൂടെ?’’
‘‘ഒരു നമ്പർ ബ്ലോക്ക് ചെയ്താൽ വേറൊന്നിൽനിന്ന് വരും വിളി. അതാണ് അയാളുടെ രീതി. സിമ്മുകളുടെ സർക്കസ്. ഒരുമ്പെട്ടിറങ്ങിയവർക്ക് എന്താ ചെയ്യാൻ പാടില്ലാത്തത്?’’
‘‘ഹെഡ് മാസ്റ്ററോട് പറയുമെന്ന് സൂചിപ്പിച്ചപ്പോൾ രണ്ടു മൂന്നു ദിവസത്തേക്ക് സ്വൈരംണ്ടായിരുന്നു. അതുകഴിഞ്ഞു പിന്നേം തുടങ്ങി ശല്യപ്പെടുത്തല്. അയാളുടെ ആ തേനൂറുന്ന കൊഞ്ചൽ കേട്ടാൽ ശരിക്കും അറപ്പ് വരും.’’
‘‘പോലീസിൽ പറഞ്ഞാലോ...’’
‘‘ഇവടത്തെ പോലീസിനെപ്പറ്റി ഒന്നുമറിയില്ല മോൾക്ക്. അവടത്തെ ദാരോഗ അയാളുടെ ജാതിക്കാരനാണെങ്കിൽ പ്രതി ഞാനാവും. ഞാൻ അയാളെ കുടുക്കാൻ നോക്കി എന്നാവും കേസ്.’’
അപ്പോൾ ഇനി പാർവതി തന്നെ ഇടപെട്ടേ പറ്റൂ. അവൾ ഉറപ്പിച്ചു.
നീലിമയോട് പറഞ്ഞപ്പോൾ ചിരിയോട് ചിരി.
‘‘ഞരമ്പുരോഗമല്ല, ഒരുതരം മൂരിപ്രണയം. നല്ല കൊഴുത്ത പശുക്കളെ കണ്ടാൽ ഹരിയാണയിലെ മെലിഞ്ഞുണങ്ങിയ കിഴവൻ കാളകൾക്കുവരെ കാമം ഇളകുന്നത് കണ്ടിട്ടുണ്ട്.’’ അവൾ ചിരിച്ചു.
‘‘അപ്പോൾ ഇത് നമുക്കുതന്നെ കൈകാര്യം ചെയ്യേണ്ടിവരും, അല്ലേ?’’
‘‘പിന്നല്ലാണ്ട്? എപ്പോഴും ഞാനുണ്ടാവും നിന്റെ കൂടെ.’’
‘‘അതറിയാം.’’
‘‘ആട്ടെ, വളയ്ക്കണോ, അതോ ഒടിക്കണോ?’’
‘‘അതൊന്നും വേണ്ടാ. വെറുതെ വിരട്ടിവിട്ടാൽ പോരേ?’’
‘‘ഈ അസുഖത്തിന് അത് പോരെന്നാ തോന്നുന്നേ. രോഗം വല്ലാതെ കൂടിയ മട്ടാണ്. ’’
‘‘പിന്നെ?’’
‘‘ഇതിങ്ങോട്ട് വിട്ടുതന്നേക്ക്. ഇത് ഞാൻതന്നെ കൈകാര്യം ചെയ്തോളാം. എന്നെ വിശ്വാസമില്ലേ?’’
‘‘വിശ്വാസം കൂടണതാ കൊഴപ്പം.’’
‘‘എനിക്കൊരു പ്ലാനുണ്ട്. നീ ഒപ്പം നിന്നാൽ മാത്രം മതി.’’
‘‘നിക്കാം. പക്ഷേ കൊളമാക്കരുത്.’’
‘‘അതൊക്കെ ഞാൻ നോക്കിക്കോളാമെന്നേ. ആട്ടെ. അടുത്താഴ്ചയല്ലേ ദുർഗാ പൂജ? അപ്പോൾ നോക്കാം.’’
‘‘എന്തിനാ പൂജയൊക്കെ?’’ പാർവതി അമ്പരന്നു.
‘‘മഹിഷാസുര മർദിനിയുടെ ദുഷ്ടനിഗ്രഹം.’’
‘‘അയ്യോ! അതൊന്നും വേണ്ടാ.’’
‘‘പേടിക്കേണ്ടാ മോളെ.’’ നീലിമ അവളുടെ പതിവ് സ്റ്റൈലിൽ പൊട്ടിച്ചിരിക്കുന്നുണ്ടെങ്കിലും പാർവതിക്ക് ഉള്ളിൽ പേടിയായിരുന്നു.
‘‘അമ്മ സമ്മതിക്കില്ല.’’
‘‘ടീച്ചർ അറിയണ്ട.’’
‘‘നിനക്കറിയില്ല അമ്മേടെ പ്രകൃതം. മഹാത്മജിയുടെ സൂക്തങ്ങൾ അമ്മാമ്മ ഉരുവിടുന്നത് കേട്ടുവളർന്നയാളാണ്. അമ്മാമ്മയുടെ പൂജാമുറിയിൽ ദൈവങ്ങൾക്കൊപ്പം ഗാന്ധിജിയുടെ ചിത്രവുമുണ്ട്.’’
‘‘ആയിക്കോട്ടെ.’’
‘‘നീ പറേണത് കേൾക്കുമ്പോൾ…’’
‘‘നിന്റെയൊരു കാര്യം. സംഗതി നടക്കുകേം വേണം, എനിക്കൊട്ട് വിട്ടുതരികേമില്ല. പേടിക്കണ്ടാന്നെ. ഞാനല്ലേ പറയുന്നത്?’’ വീണ്ടും ആ അട്ടഹാസം.
അങ്ങനെ ഒന്നും രണ്ടും പറഞ്ഞു പിരിയുമ്പോൾ നീലിമയുടെ ഉള്ളിലെ പ്ലാനിനെക്കുറിച്ചു തന്നെയായിരുന്നു പാർവതിയുടെ ആധി. എന്തും ചെയ്യാൻ മടിയില്ലാത്ത ഒരുമ്പെട്ടവളാണ്. എന്തിനാണ് അവൾ പൂജവരെ കാക്കുന്നത്? ദുർഗ, മഹിഷാസുരൻ എന്നിവർക്കൊക്കെ ഇവിടെ എന്താണ് പ്രസക്തി. ആ ശരത് മാഷെ കൈകാര്യം ചെയ്യാനുള്ള പുറപ്പാടാണോ? എങ്കിൽ പെട്ടത് തന്നെ. അമ്മ തന്നെ നിറുത്തിപ്പൊരിക്കാതെ വിടില്ല. അല്ലെങ്കിലും അവർക്ക് തീരെ അഭിപ്രായമില്ല നീലിമയെപ്പറ്റി.
അപ്പോൾ ബിശ്വജിത് പറയാറുള്ള, കൊൽക്കത്തയിലെ പൂജക്കാലത്തെപ്പറ്റി ഓർമ വന്നു. ഒമ്പതു ദിവസവും നഗരം നിറങ്ങൾ വാരിപ്പൂശി തിമിർക്കുന്ന കാലം. ലോകത്തിന്റെ ഏതു മൂലയിലായിരുന്നാലും അതൊക്കെ ഓരോ ബംഗാളിയുടെയും ഓർമകളിൽ നിറഞ്ഞുനിൽക്കാറുണ്ട്. അങ്ങേയറ്റം പുരോഗമനാശയങ്ങളും വിപ്ലവ ചിന്തകളും ഉള്ളിൽ കൊണ്ടു നടക്കുന്ന ബിശ്വജിത്തിനുപോലും ആ നവരാത്രിക്കാലം ഒരു പൂരക്കാലമാണ്. അത് പറഞ്ഞു കളിയാക്കിയപ്പോൾ അതിന്റെ പുറകിലുള്ള ആ വലിയ ആശയത്തെയാണ് താൻ ആദരിക്കുന്നത് എന്നാണ് അയാൾ പറഞ്ഞത്. അതായത് തിന്മയുടെ മേലുള്ള നന്മയുടെ വിജയം. അങ്ങനെയെങ്കിൽ നീലിമ പ്ലാൻ ചെയ്യുന്നതും അങ്ങനെ എന്തെങ്കിലും ആയിരിക്കും.
‘‘ഹെന്റമ്മേ!’’ പാർവതി ഞെട്ടി. അങ്ങനെ അവൾ വീർപ്പടക്കി ആ നവരാത്രിക്കായി കാത്തിരിക്കുകയായിരുന്നു. ഇനിയും ഒരാഴ്ച... കടന്നുപോകാൻ മടിക്കുന്ന രാത്രികൾ.
ഒടുവിൽ നവരാത്രിക്കാലം വന്നെത്തി. ഇതിനിടയിൽ നീലിമയെ ഒന്നോ രണ്ടോ പ്രാവശ്യം മാത്രമേ കണ്ടുള്ളൂ. അവളാണെങ്കിൽ പതിവുള്ള കളിയും ചിരിയുംതന്നെ. ഒന്നും വിട്ടുപറയുന്നതുമില്ല.
സൗമിനി ശരത് മാഷിൽനിന്ന് മനപ്പൂർവം അകന്നുനിൽക്കാൻ നോക്കുകയാണ്. വീട്ടിലെത്തിയാൽ ഫോൺ ഓഫ് ചെയ്തു വെക്കും. അയാൾ സ്റ്റാഫ്റൂമിൽ വരുന്ന ഇടവേളകളിൽ ക്ലാസുകളെടുക്കാൻ ശ്രദ്ധിച്ചു. ഇതിനിടയിൽ അയാളുടെ കോമാളിത്തങ്ങൾ സ്കൂളിൽ ചിലരൊക്കെ ശ്രദ്ധിക്കാൻ തുടങ്ങിയിരുന്നു. അതിൽ അയാൾക്കൊട്ടു വല്ലായ്മയും ഇല്ലായിരുന്നു. ഇതിൽ എന്താണ് തെറ്റ് എന്ന ഭാവമായിരുന്നു അയാളുടെ മുഖത്ത്.
പക്ഷേ, ഇക്കാര്യത്തിൽ സൗമിനിക്ക് ഒരു സൂചന കൊടുത്തത് പ്യൂൺ തിവാരിയായിരുന്നു. അറിയപ്പെടുന്ന ഒരു ഏഷണിക്കാരനാണെങ്കിലും അവിടത്തുകാരിയല്ലാത്ത സൗമിനി ടീച്ചറിനോട് അയാൾക്ക് വലിയ ബഹുമാനമായിരുന്നു. ഇന്നാട്ടുകാരികളെപ്പോലെ അണിഞ്ഞൊരുങ്ങാറില്ല. എപ്പോഴും സാധാരണ കോട്ടൺ സാരികൾ മാത്രം. ലിപ്സ്റ്റിക്ക് ഇടാത്ത ഒരേയൊരു ടീച്ചർ. നല്ല അടക്കവും ഒതുക്കവുമുള്ള, ഐശ്വര്യമുള്ള സ്ത്രീ.
‘‘ടീച്ചർ ഒന്ന് ശ്രദ്ധിക്കുന്നത് നല്ലതാ.’’ സ്റ്റാഫ്റൂമിൽ ആരുമില്ലാത്ത സമയത്ത് അയാൾ അടക്കംപറഞ്ഞു. ‘‘ഈ സ്ഥലം ലേശം പെശകാ. കഴിഞ്ഞതവണ ബെസ്റ്റ് ടീച്ചർ അവാർഡ് കിട്ടീരുന്നതുകൊണ്ട് ഈ പെണ്ണുങ്ങൾക്കൊക്കെ ഭയങ്കര കുശുമ്പാ. എന്തെങ്കിലും വീണുകിട്ടാനായി കാത്തിരിക്കുകയാണവർ.’’
‘‘സാരമില്ല, തിവാരി. ആരെങ്കിലും എന്തെങ്കിലും പറഞ്ഞോട്ടെ. ഞാൻ അതൊന്നും ശ്രദ്ധിക്കാറില്ല.’’
അപ്പോഴാണ് ആൺകുട്ടികളുടെ മൂത്രപ്പുരയുടെ ചുവരിൽ കരിക്കട്ടയിൽ കോറിയിട്ട കലാസൃഷ്ടിയെപ്പറ്റി അയാൾ സൂചിപ്പിച്ചത്. കണ്ടയുടനെ തന്നെ അയാളത് മായ്ച്ചു കളഞ്ഞെങ്കിലും ടീച്ചർ കുറച്ചു ശ്രദ്ധിക്കാതെ വയ്യ. പേര് ശാന്തിനഗർ എന്നാണെങ്കിലും ലേശം അശാന്തിയുണ്ടാക്കാൻ അധികം പേർ വേണ്ടല്ലോ.
അതോടെയാണ് കാര്യങ്ങളുടെ ഗൗരവം സൗമിനിക്ക് ശരിക്ക് പിടികിട്ടിയത്. പരിചയമില്ലാത്ത നാടാണ്. പൊതുവെ കുട്ടികൾക്കൊക്കെ അവരോട് സ്നേഹമാണെങ്കിലും എല്ലാവരും അങ്ങനെയാണെന്ന് വിശ്വസിക്കുക വയ്യ.
അതിൽപിന്നെ ശരത് മാഷിൽനിന്ന് കൂടുതൽ അകലാൻ അവർ ശ്രദ്ധിച്ചു. രാത്രി ഫോൺ ഓഫ് ചെയ്തു വെച്ചിട്ടും യാതൊരു പ്രയോജനവുമില്ലെന്ന് പെട്ടെന്ന് മനസ്സിലായി. കാരണം, പിറ്റേന്ന് ഫോൺ തുറക്കുമ്പോൾ ഒരു കുന്ന് വാട്സ്ആപ്പ് സന്ദേശങ്ങളായിരിക്കും കാത്തിരിക്കുക. ഫോണിൽ കിട്ടാത്തതിന്റെ സങ്കടമായിരുന്നു മിക്കതിലും. എന്നാലും, വാട്സ്ആപ്പ് എന്ന മഹാത്ഭുതം കണ്ടുപിടിച്ച മഹാനെ പുകഴ്ത്താതെ വയ്യത്രെ. നേരിൽ പറയാൻ വിഷമമുള്ള കാര്യങ്ങൾകൂടി തുറന്നുപറയാനാവുക എന്ന സൗഭാഗ്യം ചെറുതല്ല. അവളില്ലാതെ അയാൾക്ക് ജീവിക്കാനാവില്ലത്രേ. അവൾക്കുവേണ്ടി എന്തും ചെയ്യാൻ തയാറാണ്. അൽപം സ്വാതന്ത്ര്യം വേണെങ്കിൽ സ്വന്തം മകളെ ഹോസ്റ്റലിൽ ആക്കാനും തയാറാണ്.
കൂട്ടത്തിൽ ഇനിയും തന്നെ വേദനിപ്പിക്കരുതേയെന്ന അപേക്ഷയും! മിക്കതും ഒരു അവശ കാമുകന്റെ ദയനീയ വിലാപങ്ങൾ. പ്രായത്തിനു നിരക്കാത്ത ചാപല്യങ്ങൾ. ഒടുവിൽ അത് ചില അശ്ലീല വീഡിയോകളിൽ എത്തിയതോടെ അയാളുടെ ശിരസ്സിലേക്ക് വിശാൽനഗറിലെ ഉഷ്ണം ഇരച്ചുകേറിയെന്ന് സൗമിനിക്ക് മനസ്സിലായി. അതോടെ മെസേജുകൾ തുറന്നുനോക്കാതെ വന്നയുടനെ മായ്ച്ചു കളയാൻ തുടങ്ങി... ഈ മനുഷ്യന് എന്നെങ്കിലും ഒരു ഉത്തരവാദപ്പെട്ട, മാന്യനായ കാമുകനാകാൻ കഴിയുമോ? അതിശയിക്കുകയായിരുന്നു അവർ… എന്തായാലും, ആ സംഭവത്തോടെ ചിലതൊക്കെ മകളോട് തുറന്നുപറയാതെ വയ്യെന്ന് അവർക്ക് തോന്നി.
വിശ്വസിക്കാനാവാതെ, പാർവതി ഇത്തിരിനേരം തരിച്ചിരുന്നു പോയി. കാര്യങ്ങൾ ഇവിടംവരെ എത്തിയെന്ന് അവൾക്ക് ഊഹിക്കാൻപോലും കഴിഞ്ഞില്ല. എന്തായാലും ഇപ്പോഴെങ്കിലും അമ്മക്ക് ഇതൊക്കെ തുറന്നുപറയാൻ തോന്നിയല്ലോ, അവൾ ആശ്വസിച്ചു. ഇനി വൈകിക്കാൻ വയ്യ. കാര്യങ്ങൾ കൂടുതൽ വഷളാവുന്നതിനു മുമ്പ് ഇടപെട്ടില്ലെങ്കിൽ...
അങ്ങനെയാണ് ഇനിയിത് വൈകിക്കാൻ വയ്യെന്ന് അവൾ നീലിമയോട് സൂചിപ്പിച്ചത്. മറ്റു കാര്യങ്ങൾ വിട്ടുപറഞ്ഞതുമില്ല.
പക്ഷേ, നീലിമയുടെ പ്രതികരണം ഒരു അലസമട്ടിലായിരുന്നു.
‘‘അതൊക്കെ നോക്കാമെന്നേ. ദുർഗാപൂജക്ക് ഇനിയും ദിവസങ്ങളുണ്ടല്ലോ. അപ്പോൾ നോക്കാമെന്നേ.’’
‘‘നിന്റെയൊരു ദുർഗാപൂജ! എന്തായാലും, ഇതിനി വച്ചു താമസിപ്പിക്കാൻ വയ്യ. നീയൊന്ന് ചൂടായേ പറ്റൂ.’’
മറുപടിയായി അവൾ ഒന്ന് തലയാട്ടുകമാത്രം ചെയ്തു.
അങ്ങനെയിരിക്കെ പെട്ടെന്നൊരു ദിവസം അയാൾ സ്കൂളിൽ വരാതായപ്പോൾ അത്ഭുതമായി മറ്റുള്ളവർക്ക്. മുൻകൂട്ടി പറയാതെ അയാൾ ഒരിക്കലും ലീവ് എടുക്കാറില്ല. എപ്പോഴും കൃത്യസമയത്തിനുതന്നെ സ്കൂളിൽ ഹാജരാകുന്ന ആൾ. ഈ സാറിനു ഒരിക്കലും പനിയും വരില്ലേയെന്നു കുട്ടികൾ തമാശ പറയാറുണ്ട്. വല്ലാതെ ശബ്ദമുണ്ടാക്കുന്ന ആ പഴഞ്ചൻ ബൈക്കിനാണെങ്കിൽ ചെറിയൊരു തുമ്മലും ചീറ്റലും അല്ലാതെ കാര്യമായ രോഗങ്ങളൊന്നുമില്ല.
അങ്ങനെയുള്ളയാൾ പിറ്റേന്നും വരാതായപ്പോൾ എന്തോ പ്രശ്നമുണ്ടെന്ന് ഹെഡ് മാസ്റ്റർക്ക് തോന്നിയിരിക്കണം. അതുകൊണ്ടാണ് തിരക്കിവരാൻ തിവാരിയെ പറഞ്ഞയച്ചത്. ആ കൊടിയ വേനൽക്കാലത്തു ആറേഴ് കിലോമീറ്റർ സൈക്കിൾ ചവിട്ടാൻ മടിയായിരുന്നെങ്കിലും അവിടന്ന് രസകരമായ എന്തെങ്കിലും മസാല കിട്ടുമെന്ന വിശ്വാസത്തിൽ അയാൾ ആഞ്ഞു ചവിട്ടി വിട്ടു. അത് ശരിയുമായിരുന്നു. മാഷ് വീട്ടിലില്ലായിരുന്നെങ്കിലും വേണ്ടതിൽ കൂടുതൽ വിവരങ്ങൾ അയാൾക്ക് വീണുകിട്ടി. ലാലാജി ട്രസ്റ്റിന്റെതന്നെ ഉടമസ്ഥതയിലുള്ള മറ്റൊരു സ്കൂളിലേക്ക് സ്ഥലം മാറ്റത്തിനു ശ്രമിക്കുകയാണത്രെ മാഷ്. അത് ഏതാണ്ട് ശരിയായ മട്ടാണ്. അടുത്ത കൊല്ലം മകളെ ചേർക്കാൻ പറ്റിയ, കോളേജിനടുത്തുള്ള മുന്തിയ സ്കൂൾ. അടുത്ത വീട്ടുകാരാണ് ഇതൊക്കെ പറഞ്ഞുകൊടുത്തത്.
മാഷ് പിന്നീട് സ്കൂളിൽ വന്നതേയില്ല. വിളിക്കാൻ പോയ തിവാരിയുടെ മുമ്പിൽ അയാൾ മുഖം കറുപ്പിച്ചു നിന്നു. വല്ലാതെ കാറു കെട്ടിയ മുഖം. അതിലേറെ കാറിയ ഒച്ചയും.
‘‘എന്താ തിവാരി?’’
‘‘ഹെഡ് മാസ്റ്റർ അന്വേഷിക്കുന്നുണ്ട്.’’
‘‘എന്തുപറ്റി നിങ്ങടെ സ്കൂളിന്? മേൽക്കൂര വല്ലതും ഇടിഞ്ഞുവീണോ?’’
‘‘സാറ് രണ്ടു മൂന്നു ദിവസായിട്ട് ചെല്ലാത്തതുകൊണ്ടാ. ലീവ് ലെറ്റർ കിട്ടീട്ടില്ല. സാറിന്റെ പോർഷനും തീർന്നിട്ടില്ലാന്നു പറഞ്ഞു.’’
‘‘ഞാനൽപം തിരക്കിലാന്ന് പറയൂ. പിന്നെ ലെറ്ററൊക്കെ പതുക്കെ വന്നോളും. വേറൊരു സ്കൂളിൽനിന്ന്.’’
‘‘എവിടന്നു സാർ?’’
‘‘അതൊക്കെ വഴിയെ അറിയാം. പിന്നെ അങ്ങേർക്ക് എന്നെ കാണണമെങ്കിൽ എന്റെ പുതിയ സ്കൂളിൽ വരാൻ പറയൂ. നേരത്തെ വിളിച്ചുപറഞ്ഞിട്ട് വരണം. അല്ലെങ്കിൽ കണ്ടെന്നുവരില്ല. ഞാനൽപം തിരക്കിലാ.’’
‘‘എന്താ മാഷീ പറയണത്? പ്രായമായ അങ്ങോരു ഇവിടം വരെ വരികേ?’’
‘‘അതെന്താ വന്നാൽ? അങ്ങോട്ടും ഇങ്ങോട്ടും ദൂരം ഒരുപോലെയല്ലേ? പിന്നെ ഇവിടെ വന്നാൽ ഇവിടത്തെ ഹെഡ് മാസ്റ്ററുടെ എ.സി മുറിയിൽ കുറച്ചുനേരം വിശ്രമിക്കുകയും ചെയ്യാം. ഈ ചൂടുകാലത്തു അതൊക്കെയൊരു സുഖമല്ലേ? ഇനി ഞാൻ അടുത്ത ഹെഡ് മാസ്റ്റർ ആകുമ്പോൾ ഇരിക്കാൻ പോകുന്നതും അവിടെതന്നെ. പിന്നെ ഒരു കാര്യം അവിടെ പോയി പറഞ്ഞോളൂ, ഇത് നിങ്ങടെ സ്കൂൾ പോലെയല്ല... വലിയ പണക്കാരുടെ മക്കൾ പഠിക്കുന്ന സ്കൂളാ. പ്ലസ് ടുക്കാരുടെ ക്ലാസ് മുറികളിൽ ഓവർ ഹെഡ് പ്രോജക്ടർ വരെയുണ്ട്.’’
മാഷ് വാശിയിലാണെന്നു കണ്ടപ്പോൾ തിവാരിക്ക് അധിക നേരം അവിടെ നിൽക്കണമെന്ന് തോന്നിയില്ല. ഒരുപക്ഷേ, സൗമിനി ടീച്ചറുടെ കാര്യത്തിൽ ഹെഡ് മാസ്റ്റർ വിളിച്ചു ഗുണദോഷിച്ചു കാണും. അതായിരിക്കും അങ്ങേരോട് ഇത്രക്ക് ചൊരുക്ക്. തിരിഞ്ഞുനടക്കാൻ തുടങ്ങിയപ്പോൾ ശരത് മാഷ് പുറകിൽനിന്നു വിളിച്ചു.
‘‘നിൽക്കെടോ, ഒരു കാര്യം മറന്നു.’’ അകത്തു നിന്നെടുത്ത ഒരു പാക്കറ്റ് അയാളുടെ നേർക്കു നീട്ടുമ്പോൾ അയാളുടെ കണ്ണുകളിൽ ഒരു കള്ളച്ചിരിയുണ്ടായിരുന്നു. നഗരത്തിലെ ഒരു പ്രശസ്ത മിഠായി കടക്കാരുടെ പാക്കറ്റ്. “കുറച്ചു ജിലേബിയുണ്ട്. നിങ്ങടെ സ്റ്റാഫ്റൂമിൽ വിതരണം ചെയ്തോളൂ. ഏതു നല്ലകാര്യം തുടങ്ങുമ്പോഴും അൽപം മധുരം വേണമെന്നല്ലേ പറയാറ്?’’
ഒരു മൂളിപ്പാട്ടോടെ തിരിച്ച് സൈക്കിൾ ചവിട്ടുമ്പോൾ തിവാരി ഓർത്തു, ശരത് മാഷ് തന്റെ പ്രതികാരത്തിന്റെ മധുരം ശരിക്കും നുണയുകയാണ്. അവിടത്തെ ടീച്ചർമാർ രുചിക്കുന്ന ഓരോ ജിലേബിയും സൗമിനി ടീച്ചർക്കുള്ള കുത്താണ്…
മൂന്നാല് ദിവസമായിട്ടും നീലിമയെ ഫോണിൽ കിട്ടാറില്ലായിരുന്നു. ഫേസ്ബുക്കിലോ വാട്സ്ആപ്പിലോ ആളില്ല. എന്തുപറ്റിയെന്നു പാർവതി അമ്പരന്നിരിക്കെ പെട്ടെന്നൊരു വിളിവന്നു.
‘‘വൈകിട്ട് കാണണം.’’
‘‘എവിടെ?’’
‘‘ആൽത്തറയിൽ തന്നെ.’’
അവളുടെ പതിവു ആസ്ഥാനമായ ആൽത്തറ. മുമ്പ് കുറെ പയ്യന്മാരുടെ വൈകിട്ടത്തെ താവളമായിരുന്നെങ്കിലും അവൾ അത് കൈയടക്കിയപ്പോൾ അവർ പതിയെ പിന്മാറി.
അങ്ങനെ അടുത്തദിവസം വൈകിട്ട് പതിവുപോലെ നീലിമ ആ ആൽത്തറയിൽ ചമ്രം പടിഞ്ഞിരിക്കുന്നതായി കാണപ്പെട്ടു.
ഇത്ര ദിവസം എവിടെയായിരുന്നെന്ന് പാർവതി ചോദിച്ചില്ല. നീലിമയൊട്ടു പറഞ്ഞതുമില്ല. ഒന്നും സംഭവിക്കാത്തമട്ടിൽ പതിവ് വളിപ്പുകളുമായി അതേ പൊള്ളച്ചിരി. ഇടക്ക് മൂളുന്ന പഞ്ചാബി നാടൻപാട്ടിന്റെ ഈണം. ഒടുവിൽ അവൾ നിവർന്നിരുന്ന് തുടയിൽ താളംപിടിക്കാൻ തുടങ്ങിയപ്പോൾ പാർവതിയുടെ ക്ഷമ കെട്ടു.
“ഇതുവരെ എവിടെയായിരുന്നു നീയ്?” അവൾ ചോദിച്ചു.
“ഇവിടെത്തന്നെ. അല്ലാതെവിടെ പോകാനാ?”
പെട്ടെന്ന് പാർവതിയുടെ മുഖം ചുവന്നു.
“ഈ ചുറ്റിക്കളി വേണ്ടാ എന്നോട്. പറ, നീ എന്താ ചെയ്തത് അയാളെ?”
“ആരെ?”
“പോടീ, ആ ശരത് മാഷെ.”
“ഓ, അതോ? ഞാൻ രംഗത്ത് തന്നെയില്ലായിരുന്നു. ഇത്തരം ചീള് കേസൊക്കെ കൈകാര്യം ചെയ്യാൻ ഞങ്ങളുടെ പിള്ളേർ മതി.”
“കൈകാര്യം ചെയ്യാനെന്നു പറഞ്ഞാൽ?” പാർവതി വിടുന്നില്ലെന്ന് കണ്ടപ്പോൾ നീലിമയുടെ മുഖത്ത് ഗൗരവം പടർന്നു.
പതിയെ അവൾ എല്ലാം വിശദീകരിക്കാൻ തുടങ്ങി.
ഇത്തരം കാര്യങ്ങൾ നോക്കാൻ അവരുടെ സെറ്റിൽ ചില പഞ്ചാബി ചെറുപ്പക്കാരുണ്ടത്രെ. പ്രത്യേകിച്ചും സ്ത്രീകളുടെയും പെൺകുട്ടികളുടെയും നേർക്കുള്ള അതിക്രമങ്ങൾ കൈകാര്യം ചെയ്യാൻ. സുബേദാർ ഉദ്ധംസിങ്ങിൽനിന്ന് പിൻതലമുറകളിലേക്ക് പകർന്നുകിട്ടിയ വിഭജനകാലത്തെ ചില അക്രമങ്ങളുടെ കഥകൾ ഇപ്പോഴും അവരുടെ ചോര തിളപ്പിക്കുന്നു. തട്ടിക്കൊണ്ടു പോകൽ, കൂട്ട ബലാത്സംഗം അങ്ങനെ പലതും… സ്വന്തം പെണ്ണിന്റെ മാനം കാക്കാനായി ഏതറ്റം വരെ പോകാൻ തയാറായ പോരാട്ടവീര്യമുള്ള പലരുടെയും കഥകളും അവരുടെ ഉള്ളിലുണ്ട്.
എന്തായാലും, നല്ലൊരു ജോലിചെയ്യുന്ന സ്കൂൾ മാഷായതുകൊണ്ട് താൻതന്നെ ഇടപെട്ട് കാര്യങ്ങൾ വെടക്കാക്കരുതെന്ന് നീലിമക്കും തോന്നിയിരുന്നു. തന്റെ മുൻ കോപത്തെപ്പറ്റി ഏറ്റവും ബോധ്യമുള്ളത് അവൾക്കുതന്നെ. അതുകൊണ്ട് കൈക്രിയകളൊന്നും വേണ്ടാ, നന്നായൊന്നു വിരട്ടിവിട്ടാൽ മതിയെന്ന് പിള്ളേരോട് പ്രത്യേകം ചട്ടംകെട്ടിയിരുന്നു. അയാൾ എതിർക്കാൻ വന്നാൽ മാത്രം രണ്ടാമത്തെ അടവ്. പക്ഷേ, അയാൾ കാഞ്ഞ പുള്ളിയായിരുന്നു. പെട്ടെന്നൊന്നും വഴങ്ങുന്ന മട്ടായിരുന്നില്ല. തനിക്കും ചില പിടിപാടുകളുണ്ടെന്ന് കാട്ടാൻ പോലീസിലുള്ള അടുത്ത ബന്ധുവിനെപ്പറ്റി പറയാൻ തുടങ്ങി. അതോടെ, അടുത്ത അടവിലേക്ക് നീങ്ങാതെ വയ്യെന്നായി. കോളേജിൽ ചേരാൻ പോകുന്ന സ്വന്തം മകളെ മറന്നുപോയോ എന്ന ഒരൊറ്റ ചോദ്യം മതിയായിരുന്നു അയാളുടെ പത്തി താഴാൻ. ഈ ഒരുമ്പെട്ട പിള്ളേർ എന്തും ചെയ്യാൻ മടിയില്ലാത്തവരാണെന്ന് അയാൾക്ക് തോന്നിയിരിക്കാം. ഇത്രയേ ഉള്ളൂ ഇവരുടെയൊക്കെ ധൈര്യം.
പതിവ് ചിരിയോടെ അവൾ നിറുത്തുമ്പോൾ പാർവതിക്ക് ചിരിക്കാനായില്ല. അവൾക്ക് ഇതൊക്കെ ഒരു നിസ്സാര കാര്യമാണെങ്കിലും ഒടുവിൽ കാര്യങ്ങൾ എങ്ങനെ തിരിയുമോ എന്ന കാര്യത്തിലായി അവളുടെ സംശയം.
എന്തായാലും, മാഷെ കാണാതായതിനുശേഷം വലിയ ആലോചനയിലായി സൗമിനി. തീർച്ചയായും ഇതിനു പുറകിൽ പാർവതി കാണാതിരിക്കില്ലെന്ന് ഉറപ്പാണ്. തനിച്ചു ധൈര്യമില്ലാത്തതുകൊണ്ട് ആ നീലിമയും കൂടെ കാണാതിരിക്കില്ല.
ഒന്നും വിട്ടുപറയുന്നില്ല മകൾ. ആ വിഷയം കൊണ്ടുവരുമ്പോഴൊക്കെ സമർഥമായി ഒഴിഞ്ഞുമാറുന്നു.
പാർവതിയാകട്ടെ അമ്മയുടെ മനസ്സിന്റെ വഴിവിട്ട സഞ്ചാരങ്ങളെപ്പറ്റി വേവലാതിപ്പെടുകയാണ്. എന്തും എളുപ്പത്തിൽ വിളയുന്ന വളക്കൂറുള്ള മണ്ണാണ് അവർക്ക്. സ്വപ്നവും മൂടൽമഞ്ഞും കൂടിക്കുഴയുന്നു പലപ്പോഴും. ഏതാണ് ഉണ്മ? ഏതാണ് പൊയ് എന്ന് ഉറപ്പിക്കാനാവാതെ അവർതന്നെ പലതും പറയുന്നു. കുറച്ചുകഴിഞ്ഞു അതൊക്കെ സ്വയം വെട്ടിത്തിരുത്തുന്നു.
അങ്ങനെ ചിലപ്പോൾ ശരത് മാഷ് എത്രയോ നല്ലവനെന്ന് ആവർത്തിക്കുന്നു. ബീഹാറിലെ മുസഫർപുരിൽ പിറന്ന അയാൾ ചിലപ്പോൾ ഡിണ്ടിഗലുകാരൻ. കട്ട തമിഴൻ.
സത്യത്തിൽ അവർക്ക് അയാളെ ഇഷ്ടമായിരുന്നോ? ഇത്തിരി ഇടമെങ്കിലും കൊടുക്കാതെ അയാളങ്ങനെ കേറിക്കളിക്കുമോ? സംശയങ്ങൾ കുമിഞ്ഞു കൂടുമ്പോൾ വഴിമുട്ടി പാർവതി പിടയുന്നു. നീലിമയോട് എന്തെങ്കിലും പറയുന്നതിനുമുമ്പ് തന്റെ കാൽച്ചുവട്ടിലെ മണ്ണിനെങ്കിലും ഉറപ്പുവേണ്ടേ?
കുറെയൊക്കെ അമ്മയുടെ കാട്ടിക്കൂട്ടലായിരുന്നില്ലേ?
വിരുതനായ അയാൾക്ക് അവരുടെ മനസ്സിന്റെ നേർത്ത തന്തികളിൽ ചെറുതായെങ്കിലും വിരലോടിക്കാൻ കഴിഞ്ഞിരിക്കുമോ? ഏറെക്കാലമായി തനിച്ചുകഴിയുന്ന ഒരു സ്ത്രീയുടെ അടിമനസ്സിലേക്കാണ് അയാൾ ചൂണ്ടക്കൊളുത്ത് എറിഞ്ഞത്. പകലിന്റെ നല്ലഭാഗം അടുത്തിരിക്കുമ്പോൾ തോന്നിയേക്കാവുന്ന അടുപ്പം ചെറുതാവില്ല. ആ മനസ്സിലെ ചെറുതിരകളെയെങ്കിലും കാണാതെ ഏതു പെണ്ണിനെയും ഉണർത്തിയേക്കാവുന്ന വീഡിയോകൾ അയക്കാനാവുമോ? പലതരം ലൈംഗിക വേഴ്ചകൾ കാട്ടുന്ന വീഡിയോകൾ. സമർഥമായൊരു നീക്കമായിരുന്നു അത്. നീണ്ടകാലം ആൺതുണയില്ലാതെ കഴിയുന്ന ഒരു സ്ത്രീയെ ചെറുതായെങ്കിലും ഇളക്കാൻ കഴിഞ്ഞേക്കുമെന്ന ധൈര്യം. ഒളിച്ചിരുന്നെങ്കിലും അതിൽ ചില വീഡിയോകൾ അവർ കണ്ടിരിക്കുമെന്ന വിശ്വാസം.
അയാളുടെ വാട്സ്ആപ്പുകൾ തുറക്കാറില്ലെന്ന അമ്മയുടെ തുറന്നുപറച്ചിൽ മുഴുവനായും വിശ്വസിക്കാൻ അവൾക്ക് കഴിഞ്ഞിട്ടില്ല. നീലിമയോടൊത്ത് അത്തരം ചില വീഡിയോകൾ അവളും കണ്ടിട്ടുണ്ട്. പ്രായപൂർത്തിയായവർക്ക് മാത്രമെന്ന മുന്നറിയിപ്പോടെ വരുന്ന വീഡിയോകൾ.
ഒരു കാലഘട്ടം മുഴുവൻ ചങ്ങമ്പുഴയുടെ രമണനായിരുന്നത്രെ ഒരു നാടിന്റെ കാമുകൻ. കാശില്ലാത്ത സ്കൂൾകുട്ടികൾ പകർത്തിവെച്ച നാൽപത് പേജിന്റെ നോട്ടുപുസ്തകങ്ങളിലിരുന്ന് രമണൻ കരഞ്ഞു. പിന്നീട് ഓലക്കെട്ടിടത്തിന്റെ മണൽ വിരിച്ച തറയിൽനിന്ന് തിക്കുറിശ്ശിയുടെ സോമൻ നീട്ടിവിളിച്ചു, ‘‘വനഗായികേ വാനിൽ, വരൂ നായികേ...’’ തകഴിയുടെ പരീക്കുട്ടിയുടെ കാലമായപ്പോഴേക്കും സിമന്റ് തറയായി. പിന്നീടുള്ള കാമുകന്മാർക്ക് സുഖമായിരുന്നു വേദനിക്കാൻ തണുപ്പിച്ച മൾട്ടിപ്ലക്സുകൾ വന്നു…
അതൊക്കെ അമ്മ പറയുന്നത് പരിഹാസ സ്വരത്തിലാണ്. ചിലപ്പോൾ വേറൊരു വിധത്തിൽ...
“റോമിയോ ജൂലിയറ്റിനെക്കാൾ എനിക്കിഷ്ടം ഒഥല്ലോവും മാക്ബത്തുമാണ്.”
“ആ മാഷ്ടെ സങ്കടം കാണുമ്പൊ ചെലപ്പൊ എനിക്കും വിഷമം തോന്നും. പാവം. അയാളെ കയറി അങ്ങ് പ്രേമിച്ചാലോ എന്നുകൂടി ആലോചിച്ചുപോവാറുണ്ട്.”
“അത്രക്ക് വെഷമം തോന്നേണ്ട കാര്യോന്നൂല്യ.”
“ഞാനല്ലേ അയാളോട് മോശായി പെരുമാറിയത്? ഒരാൾടെ വിളി കട്ട് ചെയ്യുക, നമ്പർ ബ്ലോക്ക് ചെയ്യുക, അതൊക്കെ മോശല്ലേ മോളേ?”
“ഒരു മോശൊല്ല്യ. തോന്ന്യാസം കാട്ടീത് അയാളാ.”
“എന്നാലും ചെലപ്പൊ അയാളെ ഒന്നു വിളിച്ചു സോറി പറയാൻ തോന്നും.”
“ഹേയ് അതൊന്നും വേണ്ടാ. അതിനി അയാൾക്ക് എളുതരമാവും. മറന്നു കെടന്നതൊക്കെ വീണ്ടും പൊങ്ങിവരും.” പേടിയായി പാർവതിക്ക്.
“ഇല്ലില്ല അമ്മ വിളിക്കാൻ പോണില്ല.”
ഇങ്ങനെ പോകുന്നു അവരുടെ ചില സമയത്തെ പറച്ചിലുകൾ. അമ്മയുടെ പതറുന്ന മനസ്സിന്റെ പിടിവിട്ട സഞ്ചാരങ്ങൾ അവളെ പേടിപ്പിക്കാറുണ്ട്.
പാർവതി പേടിച്ചപോലെ ഒരുദിവസം സൗമിനി അയാളെ വിളിച്ചു. ഉടനെതന്നെ അയാൾ ഫോൺ കട്ട് ചെയ്യുകയും ചെയ്തു. ഇനി എന്തുണ്ടെങ്കിലും പറയാമെന്നു വാക്ക് കൊടുത്തിരുന്നതുകൊണ്ട് ചെറിയൊരു പരുങ്ങലോടെ സൗമിനി പറഞ്ഞു.
“ഞാൻ അയാളെ വിളിച്ചൂട്ടോ.”
“അയാള് കട്ട് ചെയ്തു കാണും.”
“ആ…”
“ഇനി വിളിക്ക്യോ?”
“ഹേയ് ഇല്ല.’’
“വിളിക്കുംന്ന് അയാൾക്കറിയാം. പെണ്ണുങ്ങടെ മനസ്സ് കൃത്യമായറിയണവരാണ് കാസനോവകൾ.”
“അയാൾ കാസനോവയൊന്നുവല്ല. അങ്ങനെയാണെങ്കിൽ സ്കൂളിൽ എന്നെക്കാൾ ഭംഗീള്ള വേറേം ടീച്ചർമാരുണ്ടല്ലോ.”
“അതാണ് സയൻസും കണക്കും തമ്മിലുള്ള പൊരുത്തം...” ചിരി അടക്കാനാവുന്നില്ല പാർവതിക്ക്. ‘‘ഭംഗി മാത്രല്ലല്ലോ ഒരു ആണിനെ ആകർഷിക്കണത്? വേറെ എത്രയോ എത്രയോ കാര്യങ്ങൾ.’’
‘‘ആവോ, ആർക്കറിയാം? എനിക്കീ ആണുങ്ങടെ മനഃശാസ്ത്രൊന്നും അറിയില്ല.’’
‘‘ഇത്രേം കവിതകളൊക്കെ വായിച്ചിട്ടോ?’’
“യാതൊരു ദുശ്ശീലോല്ല്യാ, സിഗററ്റു വലിയില്ല. സാധാരണ ബീഹാറികളെപ്പോലെ പാൻ ചവക്കണ ശീലോല്ല്യാ.” അത് കേൾക്കാത്തതുപോലെ എന്തൊക്കെയോ ഓർത്തുപറയുകയായിരുന്നു സൗമിനി.
“അസ്സലായി. ഇനി ഒരു മുണ്ടുകൂടി ഉടുപ്പിച്ചാൽ തനി മലയാളിയാക്കി തൃശൂർപൂരത്തിന് കൊണ്ടോവാം.” പാർവതി കളിയാക്കി.
അതും കേട്ട മട്ടില്ല. അവർ ഏതോ സ്വപ്നലോകത്തുകൂടെ സഞ്ചരിക്കുകയായിരുന്നു. ഇത്തിരി കഴിഞ്ഞു പാർവതി തുടർന്നു.
“അയാൾക്ക് വേണ്ടത് നീലിമ പറയണപോലെ ചന്തീല് നല്ല ചുട്ട പെടയാണ്. മുമ്പൊരിക്കൽ പാർവതി പറഞ്ഞിരുന്നു...’’
“ആ മുഷ്കത്തി പറയണത് കേൾക്കണ്ടെനിക്ക്.”
“ഈ കെട്ട കാലത്ത് ജീവിച്ചുപോകാൻ ഇത്തിരി മുഷ്ക്കൊക്കെ വേണം അമ്മേ. ഓരോ കാലത്തിനും ചേരുന്ന പലതരം മുഷ്കുകൾ.”
മൂന്നു തലമുറ. മൂന്ന് സ്ത്രീകൾ. ഒരു വീടാകെ അടക്കിഭരിക്കാൻ കെൽപ്പുള്ള ചങ്കുറപ്പുള്ള അമ്മാമ്മ. ഉള്ളിൽ നിഴലും വെളിച്ചവും കൂടിക്കുഴയുന്ന അമ്മ. ഇടയിൽ വഴിയറിയാതെ കുഴങ്ങുന്ന ഞാൻ. അമ്മാമ്മക്ക് തങ്ങളെക്കാൾ ആരോഗ്യമുണ്ടെന്ന് അമ്മതന്നെ സമ്മതിക്കാറുണ്ട്. വെളുപ്പിന് നാലരമണിക്ക് ഉണരുന്നു. അന്യരുടെ സഹായമില്ലാതെ വീട്ടുപണികളെല്ലാം ചെയ്യുന്നു. പുറംപണികളുടെ സഹായത്തിനു ഒരു സ്ത്രീയുണ്ടെങ്കിലും അകത്തും ഒരാളെ നിറുത്തിക്കൂടെയെന്ന് ഇടക്കൊക്കെ അച്ചുവേട്ടൻ ചോദിക്കുമ്പോഴൊക്കെ ഒരു സ്ഥിരം മറുപടിയുണ്ടത്രെ. അത്രക്കായിട്ടില്ല അച്ചൂ, ആവുമ്പൊ പറയണുണ്ട്. വേനൽക്കാലത്തുകൂടി ഒരു നീരിളക്കംതന്നെ അപൂർവമാണ്. അതിനുള്ള കാരണം സൗമിനിക്കറിയാം. വർഷങ്ങളായുള്ള ആ കണിശമായ ദിനചര്യതന്നെ. പിന്നെ തന്റെ സാമ്രാജ്യത്തിൽ വേറെയാരും ഇടപെടുന്നത് അവർക്ക് ഇഷ്ടമല്ലതാനും.
‘‘പഴയ മണ്ണാണ്. ഇന്നത്തെ തലമുറയുടെ ശരീരം പലതരം മരുന്നുകൾ നിറച്ച ഒരു കുപ്പി ഭരണിയല്ലേ. പലനിറത്തിലും വലിപ്പത്തിലുമുള്ള ഗുളികകൾ. ആന്റി ബയോട്ടിക്സ് തൊട്ട് പാരസെറ്റമോൾ വരെ… ഞരമ്പുകളിലാണെങ്കിൽ പലകാലത്തായി കുത്തിക്കയറ്റിയ പലതരം മരുന്നുകൾ. പ്രതിരോധാത്രേ. പഴയ മണ്ണിൽ രോഗങ്ങളുടെ വിത്തുകൾ മുളക്കില്ലായിരിക്കും.’’
ഒന്നും പറയണമെന്ന് തോന്നിയില്ല പാർവതിക്ക്. അലോപ്പതിയെ ആശ്രയിക്കാതെ കഴിയുന്നത്ര ഹോമിയോ മരുന്നുകളാണ് അമ്മ കഴിക്കാറ്. പക്ഷേ, ചെറിയ ജലദോഷവും പനിയും പോലും സഹിക്കാൻ കഴിയാത്ത അവൾക്ക് ഉടനെ രോഗം മാറ്റുന്ന അലോപ്പതിതന്നെ വേണം.
ചിത്രീകരണം: സതീഷ് ചളിപ്പാടം
(തുടരും)