പാർവതി
12. ചെയർപേഴ്സന്റെ വരവ്ഒരുദിവസം യാതൊരു മുന്നറിയിപ്പുമില്ലാതെ ചെയർപേഴ്സൺ കയറി വന്നപ്പോൾ സൗമിനി അമ്പരന്നുപോയി. കൂടെ സഹായികളൊന്നുമില്ലാതെ അവർ തനിച്ചാണ് വന്നത്. ‘‘നേരത്തെ വിളിച്ചുപറയാതെ വന്നതിന് സോറി.’’ അവർ പറഞ്ഞു. ‘‘ഈ വഴിയിലൂടെ പോകുമ്പോൾ ടീച്ചർ ഫ്രീ ആണെങ്കിൽ ഒന്നു കയറിനോക്കാമെന്ന് കരുതി. പിന്നെ ഇന്ന് ഞായറാഴ്ച ആയതുകൊണ്ട് ടീച്ചർ വീട്ടിൽ കാണുമെന്ന് അറിയാമായിരുന്നു.’’കേട്ടപ്പോൾതന്നെ അത് വെറുതെ പറഞ്ഞ ഭംഗിവാക്കാണെന്ന് സൗമിനിക്ക്...
Your Subscription Supports Independent Journalism
View Plans12. ചെയർപേഴ്സന്റെ വരവ്
ഒരുദിവസം യാതൊരു മുന്നറിയിപ്പുമില്ലാതെ ചെയർപേഴ്സൺ കയറി വന്നപ്പോൾ സൗമിനി അമ്പരന്നുപോയി. കൂടെ സഹായികളൊന്നുമില്ലാതെ അവർ തനിച്ചാണ് വന്നത്. ‘‘നേരത്തെ വിളിച്ചുപറയാതെ വന്നതിന് സോറി.’’ അവർ പറഞ്ഞു. ‘‘ഈ വഴിയിലൂടെ പോകുമ്പോൾ ടീച്ചർ ഫ്രീ ആണെങ്കിൽ ഒന്നു കയറിനോക്കാമെന്ന് കരുതി. പിന്നെ ഇന്ന് ഞായറാഴ്ച ആയതുകൊണ്ട് ടീച്ചർ വീട്ടിൽ കാണുമെന്ന് അറിയാമായിരുന്നു.’’
കേട്ടപ്പോൾതന്നെ അത് വെറുതെ പറഞ്ഞ ഭംഗിവാക്കാണെന്ന് സൗമിനിക്ക് മനസ്സിലായി. അവരെപ്പോലെ ഇത്രയും തിരക്കുള്ള ഒരാൾക്ക് മുൻകൂട്ടി തയാറാക്കിയ പരിപാടി അനുസരിച്ചല്ലാതെ ഒന്നും ചെയ്യാനാവില്ലല്ലോ.
‘‘ശരിയാ, ഞായറാഴ്ചകളിൽ ഞാൻ സാധാരണ ക്ലാസുകൾ എടുക്കാറില്ല. അന്ന് ഞാനും മോളും കൂടി സിനിമക്കോ മറ്റോ പോകും. അതു കഴിഞ്ഞു വല്ല ഹോട്ടലീന്നും ഉച്ചക്ക് ഭക്ഷണം കഴിക്കും. രാത്രി ചെല പഴങ്ങളും പാലും മതി മോൾക്ക്. അടുക്കളക്കും വേണല്ലോ ഒരുദിവസത്തെ റസ്റ്റ്. പിന്നെ അന്നുമാത്രം സൗകര്യമുള്ള ചുരുക്കം ചെല കുട്ട്യോൾക്ക് രാവിലെ വീട്ടിൽ ചെലതൊക്കെ പറഞ്ഞുകൊടുക്കുമെന്നു മാത്രം…’’
‘‘അതു നല്ലതാ. പിന്നെ ഇവിടെ ഇപ്പോൾ മൾട്ടിപ്ലക്സുകളും ഒന്നാന്തരം റെസ്റ്റോറന്റുകളും ഉണ്ടല്ലോ.’’
‘‘പലതും സുഷമാജിയുടെ കാലത്ത് തൊടങ്ങിയത്.’’
‘‘ഹേയ്, അങ്ങനെയൊന്നുമില്ല. ചിലതിനൊക്കെ ഞാൻ ലീഡർഷിപ് കൊടുത്തുവെന്ന് മാത്രം. പണിയൊക്കെ ചെയ്തത് എന്റെ സഹപ്രവർത്തകരാണ്. എത്രയായാലും, ഒരു ടൗൺ ആകുമ്പോൾ ഇത്തരം ചില സൗകര്യങ്ങൾകൂടി വേണമല്ലോ.’’ ചെയർപേഴ്സൺ വിനീതയായി. ‘‘അല്ലെങ്കിലും എനിക്ക് ഇവിടെയൊക്കെ പോകാൻ എവിടെയാ സമയം?’’
‘‘നമ്മടെ നാട്ടില് നല്ല കാര്യങ്ങൾക്ക് ലീഡർഷിപ് കൊടുക്കാൻ പറ്റിയ നേതാക്കൾ കൊറവല്ലേ. എല്ലാർക്കും കാശ് ഉണ്ടാക്കുന്നതിലാ നോട്ടം.’’
‘‘ഒരളവിൽ കൂടുതൽ കാശുണ്ടാക്കിയിട്ട് എന്തുകാര്യം? ജീവിക്കാനുള്ള പണം പോരേ നമുക്കൊക്കെ? മക്കളെ നല്ല നിലയിൽ പഠിപ്പിച്ചുവിടലാണ് നമ്മുടെ ചുമതല. പിന്നീടുള്ള വഴി അവർതന്നെ കണ്ടെത്തിക്കൊള്ളണം. അല്ലാതെ ആഹാരം വായില് വെച്ചുകൊടുക്കുന്ന തള്ളപ്പക്ഷികളല്ലല്ലോ നമ്മളൊക്കെ.’’
‘‘ഇങ്ങനെ എല്ലാ നേതാക്കളും ചിന്തിച്ചിരുന്നെങ്കിൽ…’’ അവർ മറുപടി പറയാതെ വെറുതെ ചിരിക്കുകമാത്രം ചെയ്തു.
‘‘സൗമിനി ടീച്ചർക്ക് ആ സ്കൂളിൽ കുറെക്കാലംകൂടി നിൽക്കാമായിരുന്നു.’’
‘‘ശര്യാണ്. ഞാൻ പിരിഞ്ഞുപോരാൻ തീരുമാനിച്ചപ്പോൾ തന്നെ ആവുന്നത്രകാലം നിൽക്കാന്ന് അവർ പറഞ്ഞതാ. ചെയർമാനും കൊറേ നിർബന്ധിച്ചു. അതിനുവേണ്ടി എല്ലാ നിബന്ധനകളിലും ഇളവുചെയ്യാനും അവർ തയാറായിരുന്നു...പക്ഷേ...’’
‘‘ടീച്ചറെപ്പോലെ മാത്സ് പഠിപ്പിക്കാൻ ഒരാളെ കിട്ടണ്ടേ?’’
‘‘എത്രയായാലും ഒരേ സ്ഥലത്തു ഒരുപാട് കാലം നിക്കുമ്പോ ആർക്കായാലും ബോറടിക്കും.’’
‘‘ശരിയാണ്. നീണ്ടകാലം ഒരു കോളേജിൽ പഠിപ്പിച്ചപ്പോഴേക്കും മടുത്തുതുടങ്ങിയിരുന്നു. വേറൊരു ഫീൽഡിലേക്ക് മാറിയാൽ കൊള്ളാമെന്ന് തോന്നി. സാധാരണക്കാർക്കുകൂടി പ്രയോജനം കിട്ടുന്ന എന്തെങ്കിലും ചെയ്യാൻ കഴിഞ്ഞാൽ അതല്ലേ ഏറ്റവും വലിയ പുണ്യം?’’
“ശരിയാണ്. പക്ഷേ എനിക്ക് ആകെക്കൂടി അറിയാവുന്ന ഒരേയൊരു മേഖല ഇത് മാത്രം.”
“അത് തന്നെ ധാരാളമല്ലേ സൗമിനി ടീച്ചറേ? കോളേജിൽ പഠിപ്പിക്കാൻ താരതമ്യേന എളുപ്പമാണ്. അപ്പോഴേക്കും കുട്ടികൾക്ക് കുറേക്കൂടി തിരിച്ചറിവ് കിട്ടിക്കാണും. സ്കൂൾതലത്തിലാണ് കൂടുതൽ വിഷമം. ശരിയായ സ്വഭാവ രൂപീകരണം നടക്കുന്നത് ആ പ്രായത്തിലാണ്. അതുകൊണ്ടുതന്നെ ഇന്ന് പലരും കൂടുതൽ ഓർക്കുക സ്കൂളിൽ പഠിപ്പിച്ച അധ്യാപകരെയാണ്. ഇടയിൽ ചില കോളേജ് മാഷന്മാരും ഒരു മിന്നായംപോലെ കടന്നുവരുമെങ്കിലും.” സൗമിനി തലയാട്ടി.
“മാഡത്തിന്റെ ആ പഴയ എൻ.ജി.ഒ?”
“അത് പറയാനാണ് ഞാൻ പ്രധാനമായും തിടുക്കത്തിൽ കയറിവന്നത്. മുനിസിപ്പാലിറ്റിയിൽതന്നെ പിടിപ്പത് പണിയുള്ളതുകൊണ്ട് ഇപ്പോൾ ആ സംഘടനയുടെ പ്രവർത്തനങ്ങളെ കുറിച്ച് ഒരളവിൽ കൂടുതൽ തിരക്കാൻ കഴിയാറില്ല. അതുകൊണ്ട് ആ ചുമതലയൊക്കെ മുമ്പ് എന്റെ കൂടെ പ്രവർത്തിച്ചിരുന്ന ചില ചെറുപ്പക്കാരെ ഏൽപിച്ചിരിക്കുകയാണ്. അവരത് നല്ല നിലയിൽ കൊണ്ടുപോകുമെന്ന് എനിക്ക് ഉറപ്പുണ്ട്… പിന്നെ ഇപ്പോൾ ലാലാജി ട്രസ്റ്റ് ഒരു പുതിയ ആശയവുമായി മുന്നോട്ടുവന്നപ്പോൾ സൗമിനിജിയെ അൽപം ബുദ്ധിമുട്ടിക്കാമെന്ന് കരുതി.”
“അയ്യോ, അത്തരം കാര്യങ്ങളെപ്പറ്റി എനിക്ക് യാതൊരു പിടിയുമില്ലല്ലോ. ഒരുപക്ഷേ എന്റെ മോള് പാർവതിക്ക് വല്ലതും ചെയ്യാൻ കഴിഞ്ഞേക്കും. അവളിപ്പൊ ഒരു ഇൻസ്റ്റിറ്റ്യൂട്ടില് ക്ലാസെടുക്കാൻ പോണുണ്ട്. കൂടാതെ, എനിക്കിപ്പൊതന്നെ പിടിപ്പത് പണിയുണ്ട്.”
“പാർവതിക്കും സഹകരിക്കാം. പക്ഷേ, ഇതിൽ സൗമിനി ടീച്ചറുടെ പേര് വന്നാൽ അതിന്റെ പൊലിമ വലുതാണ്. എന്തായാലും, തന്നെത്തന്നെ ചെറുതാവാൻ നോക്കണ്ട,” ചെയർപേഴ്സൺ ചിരിച്ചു. “ഈ നഗരത്തിലെ സ്വന്തം ഇമേജിനെപ്പറ്റി അറിയില്ല മാഡത്തിന്.”
‘‘എന്നാലും…’’
‘‘അങ്ങനെ കാര്യമായിട്ടൊന്നുമില്ല. അനാഥ പെൺകുട്ടികൾക്കായി അവർ ഒരു വിദ്യാലയം നടത്തുന്നുണ്ടെന്ന് അറിയാമല്ലോ. അനുബന്ധമായി ഭിന്നശേഷിക്കാരായ കുട്ടികൾക്കായി മറ്റൊന്നുകൂടി തുടങ്ങാൻ അവർക്ക് പ്ലാനുണ്ട്. അതിന്റെ തലപ്പത്തു, അതായത് ഗവേണിങ് കൗൺസിൽ ചെയർപേഴ്സൺ ആയി സൗമിനി ടീച്ചർ വരണമെന്നാണ് അവരുടെ ആഗ്രഹം. ഇതിന്റെയെല്ലാം പുറകിലുള്ള ആ കേണലാണ് മാഡത്തിന്റെ പേര് നിർദേശിച്ചത്. പറഞ്ഞു സമ്മതിപ്പിക്കാൻ എന്നെ ഏൽപ്പിച്ചുവെന്നു മാത്രം.’’
‘‘അതിന് ഭരണപരമായ കാര്യങ്ങളെപ്പറ്റി എനിക്ക് യാതൊന്നും അറിഞ്ഞുകൂടല്ലൊ.’’
‘‘അതിന് പാകത്തിന് വലിയ ഭരണമൊന്നും വേണ്ടവിടെ.’’ സുഷമാജി ചിരിച്ചു. ‘‘അവരുടെ പഠനരീതിയെയും സിലബസിനെയും പറ്റി കാലാകാലങ്ങളിൽ വേണ്ട നിർദേശങ്ങൾ കൊടുക്കുക. എന്തെങ്കിലും മാറ്റം വരുത്താനുണ്ടെങ്കിൽ പറഞ്ഞുകൊടുക്കുക, അത്രയൊക്കെ മതി. ഇടക്ക് അവരുടെ യോഗം കൂടുമ്പോൾ അതിന് നേതൃത്വവും കൊടുക്കണം.’’
‘‘ശരി. ഞാൻ ഒന്നു ആലോചിട്ടു പറയാം.’’ സൗമിനി തലചൊറിഞ്ഞു.
‘‘മതി, ധാരാളം മതി. ഉദ്ഘാടന ചടങ്ങോടൊപ്പം അവിടത്തെ കുട്ടികളുടെ ചില പരിപാടികളും നടത്താൻ ആലോചനയുണ്ട്. നാലാള് അറിയേണ്ടേ?’’
ഒടുവിൽ പോകാനിറങ്ങുമ്പോൾ എന്തോ മറന്നതുപോലെ സുഷമാജി തിരിഞ്ഞുനിന്നു.
“പിന്നെ ഒരു കാര്യംകൂടി. ഇവിടത്തെ ട്യൂഷനെപ്പറ്റി കോർപറേഷനിൽ ഒരു പരാതി കിട്ടിയിരിക്കുന്നു. പതിവുപോലെ ഊമക്കത്തുതന്നെ.”
“പരാതിയോ? ഒരാൾ കൊറേ കുട്ട്യോൾക്ക് പ്രൈവറ്റ് ട്യൂഷൻ എടുക്കുന്നതിനെ പറ്റി എന്തു പരാതി?”
“ലൈസൻസ് എടുത്തിട്ടില്ലാന്നു. പിന്നെ വേറെ ചിലതുംകൂടിയുണ്ട്. അതൊന്നും ടീച്ചർ അറിയേണ്ട.”
“ഇത് നല്ല തമാശ. ഞാനൊരു ബിസിനസ് നടത്തുകയല്ലല്ലോ. വാസ്തവത്തിൽ പഠിത്തത്തിൽ പൊറകിലായ കുട്ട്യോൾക്ക് ഒരു സഹായം ചെയ്യുകയല്ലേ. മാത്രമല്ല, ഇതിനായി ഞാനൊരു പരസ്യവും കൊടുത്തിട്ടില്ല. കൊറേ കുട്ട്യോളും അവരുടെ രക്ഷാകർത്താക്കളും കേട്ടറിഞ്ഞു വരണു, അത്രന്നെ. മത്സരങ്ങളുടെ കാലായതുകൊണ്ടു തങ്ങളുടെ മക്കള് മുമ്പിൽതന്നെ എത്തണമെന്ന് വാശി ഏറ്റവും കൂടുതൽ അമ്മമാർക്കാ. സുഷമാജിക്കറിയില്ല, നൈറ്റ്സ്കൂളുകളിൽ പഠിച്ചു പത്താം ക്ലാസ് പാസാകാൻ പാടുപെടുന്ന ചില വീട്ടമ്മമാരും ഇക്കൂട്ടത്തിലുണ്ട്. മിക്കവരും പണ്ടു പഠിച്ച സയൻസും കണക്കും അപ്പാടെ മറന്നുകഴിഞ്ഞിരിക്കുന്നു. മറ്റു കുട്ട്യോൾടെ കൂടെ അവരെ ഇരുത്താൻ പറ്റില്ലല്ലൊ. അവർക്കുവേണ്ടി രാത്രി വേറെ ക്ലാസ് എടുക്കുക എന്നതന്നെ വലിയൊരു അധ്വാനമാണ്. അവരെ പ്രോത്സാഹിപ്പിക്കാനായി ഫീസിന്റെ കാര്യം ഞാൻ പറയാറേയില്ല. അവർ കവറിലിട്ടു തരുന്നത് എണ്ണിനോക്കാറ് കൂടിയില്ല. അവരിൽ പലരും ഒറ്റയടിക്ക് പാസാകുന്നത് കാണുമ്പോൾ കിട്ടണ സന്തോഷം ചെറുതല്ല.”
അതൊക്കെ കേട്ടപ്പോൾ സുഷമാജിയുടെ മുഖം വാടി. ഊമക്കത്തിനെപ്പറ്റി ഇപ്പോൾ പറയേണ്ടായിരുന്നുവെന്ന് അവർക്ക് തോന്നി.
“അയാം സോറി മാഡം, ഞാൻ ഇതൊക്കെ പറഞ്ഞുവെന്ന് മാത്രമേയുള്ളൂ. ടീച്ചർ അതൊക്കെ മറന്നേക്കൂ. ഇനി അതേപ്പറ്റി വറി ചെയ്യുകയേ വേണ്ട. ഇതിന്റെ പുറകിൽ ചില അസൂയക്കാരും, ശത്രുക്കളും ഉണ്ടാവുമെന്ന് ഉറപ്പുണ്ട്. പിന്നെ ഇതൊക്കെ കൈകാര്യം ചെയ്യാൻ ഞങ്ങൾക്ക് നന്നായറിയാം. പൊതുവെ ഊമക്കത്തുകളൊക്കെ വലിച്ചെറിയാൻ നല്ലൊരു ചവറ്റുകുട്ടയുണ്ട് ഞങ്ങളുടെ ഓഫീസിൽ.”
അങ്ങനെ പറഞ്ഞു സമാധാനിപ്പിച്ച് അവർ പോയെങ്കിലും സൗമിനിയുടെ മനസ്സമാധാനം കളയാൻ അത് മതിയായിരുന്നു. ആരായിരിക്കും അതിന്റെ പുറകിൽ? ഊമക്കത്തായതുകൊണ്ട് ആളൊരു ഭീരുവാണെന്ന് ഉറപ്പ്. ഇതുപോലെ വല്ല ട്യൂഷൻ സെന്ററും നടത്തുന്നവർ ആയിരിക്കുമോ? അത്തരം സെന്ററുകൾ ഇഷ്ടംപോലെയുണ്ട് നഗരത്തിൽ. കുട്ടികളുടെ വിജയശതമാനം വേണ്ടത്ര ഉയരാത്തതുകൊണ്ടു പുതിയ സ്ഥാപനങ്ങൾ കൂണുകൾപോലെ ഉയരുന്നുമുണ്ട്. അവരൊക്കെ സിറ്റി പത്രങ്ങളിൽ പരസ്യങ്ങൾ കൊടുക്കാറുണ്ട്. മിക്കതിനും വലിയ നിലവാരമില്ല താനും. താൻ ഇതിനായി യാതൊരു കാൻവാസിങ്ങും നടത്തിയിട്ടെങ്കിലും തന്റെ പ്രശസ്തിയായിരിക്കും പലരെയും അലട്ടുന്നത്.
പലതും പറഞ്ഞു മനസ്സിലെ ഭാരമൊഴിക്കാനായി അവർ പാർവതിയുടെ വരവിനു വേണ്ടി കാത്തിരിക്കുകയായിരുന്നു. പക്ഷേ അവൾ ക്ലാസ് കഴിഞ്ഞു വന്നുകയറിയത് കൈയിൽ രണ്ടു വലിയ സഞ്ചിയുമായാണ്. വന്ന ഉടനെ സഞ്ചി മാറ്റിെവച്ച് അമ്മയെ കെട്ടിപ്പിടിച്ച് രണ്ടു കവിളിലും ഉമ്മവെച്ചു. ആദ്യമൊന്ന് അമ്പരന്നെ ങ്കിലും ഉടൻതന്നെ സൗമിനിക്ക് കാര്യം മനസ്സിലായി. വരുന്ന വഴിക്ക് സുഷമാജിയെ കണ്ടുകാണും.
‘‘കൺഗ്രാറ്റ്സ് അമ്മാ. യൂ പ്രൂവ്ഡ് ഇറ്റ്.’’
‘‘അതിന് ഞാൻ ഉറപ്പ് പറഞ്ഞില്ലല്ലോ. ആലോചിച്ചിട്ട് പറയാന്നല്ലേ പറഞ്ഞുള്ളൂ.’’
‘‘ഇതിൽ അത്രകണ്ടു ആലോചിക്കാൻ എന്തിരിക്കുന്നു?" അതിശയമായി പാർവതിക്ക്. “അപ്പോൾതന്നെ താങ്ക്സ് പറഞ്ഞു അവർക്ക് കൈ കൊടുക്കായിരുന്നില്ലേ?’’
‘‘കുട്ടി എന്തൊക്കെയാ ഈ പറേണെ?’’
‘‘അമ്മേടെ ശക്തി അമ്മക്കന്നെ അറിയാത്തതാ പ്രശ്നം. അമ്മ ഈ സിറ്റീലെ ഒരു പേരുകേട്ട ടീച്ചറാണെന്നത് ശരി. പക്ഷേ അതിനപ്പുറം കൊറേക്കൂടി വിശാലമായൊരു ലോകം അമ്മയെ കാത്തിരിക്കണുണ്ട്. വേറെ ആളെ കിട്ടാഞ്ഞിട്ടല്ല ആ ലാലാജി ട്രസ്റ്റ് അമ്മേടെ പേരന്നെ പറഞ്ഞത്. ഇവിടെ പ്രശസ്തിയെക്കാൾ പ്രധാനം തലപ്പത്തിരിക്കണ ആളുടെ ക്രെഡിബിലിറ്റിയാണ്. ഇവിടത്തെ ചെല വല്യ കൊമ്പന്മാരുടെ എടയിൽ അമ്മേടെത്ര സ്വീകാര്യത ഉള്ള ആരെയും അവർ കണ്ടുകാണില്ല.’’
‘‘എന്നാലും…’’
‘‘ഇതിൽ ഒരു എന്നാലൂല്യ. ഇതിന്റെ ഉദ്ഘാടനം കൊറച്ചു വലിയതോതിൽ നടത്താനാ അവരുടെ പരിപാടി. അവടത്തെ കുട്ട്യോൾടെ കലാപരിപാടികളും ഒക്കെണ്ടാവും. ചെലപ്പൊ വല്ല മന്ത്രീം കാണുവായിരിക്കും. പൊറത്തൂന്നു വല്ല ഡൊണേഷനും കിട്ടാൻ നല്ല പബ്ലിസിറ്റി വേണ്ടേ? ഇത്തരം നല്ല കാര്യങ്ങൾക്ക് സംഭാവന കൊടുക്കണ ഇവിടത്തുകാരായ കൊറേ എൻ.ആർ.ഇകളുമുണ്ട്... എന്തായാലും ഇതോടെ അമ്മേടെ സാന്നിധ്യം ശാന്തിനഗറിൽ ഒന്നൂടി തെളിഞ്ഞുകിട്ടീന്ന് ഒറപ്പ്. പിന്നെ ചെല സാമൂഹിക സംഘടനകളുടെ ചടങ്ങിൽ സംസാരിക്കാനുള്ള ക്ഷണവും കിട്ടിയേക്കും.’’
‘‘ഇതെല്ലാംകൂടി കൊണ്ടുനടക്കാൻ വെഷമായിരിക്കില്ലേ മോളെ?’’
‘‘ഒരു വെഷമോംണ്ടാവില്ല. വളരെ ദൂരേള്ള ഏതോ നാട്ടീന്നു ഒളിച്ചോടി വന്ന ഒരു സ്ത്രീക്ക് മറ്റൊരു നാട്ടിൽ വേരുറപ്പിക്കാൻ കഴിഞ്ഞൂന്നത് ചെറിയ കാര്യല്ല. അമ്മ അങ്ങനെ ചെലതൊക്കെ പ്രൂവ് ചെയ്യണംന്ന മോഹംണ്ട് പാർവതിക്ക്. ഇവിടത്തുകാരുടെ വിചാരം അവരാണ് ഏറ്റവും വലിയ മിടുക്കമ്മാരെന്നാ. ആ കാലൊക്കെ എന്നേ കഴിഞ്ഞു. ഇന്ന് നമ്മള് മലയാളികള് എവടെയൊക്കെ ചെന്നെത്തിയിരിക്കണു?’’
‘‘അതെയതെ. ഇനി ഒരാള് എവറസ്റ്റിന്റെ മോളീക്കൂടി കേറിയാ എല്ലാമായി.’’ സൗമിനി ഉറക്കെ ചിരിച്ചു.
ആ ചിരിയോടെ ഉള്ളിലെ കനം കുറച്ചു കുറഞ്ഞതുപോലെ തോന്നി സൗമിനിക്ക്. ആ ഊമക്കത്തു അത്രയേറെ ശല്യപ്പെടുത്തിയിരുന്നു അവരെ.
പിന്നീട് ഇക്കാര്യം പാർവതിയോട് സൂചിപ്പിച്ചപ്പോൾ പെട്ടെന്നുതന്നെ അവളുടെ മറുപടിവന്നു.
“പോയി പണിനോക്കാൻ പറയണം. അല്ലാണ്ട് ഇതിനൊക്കെപ്പറ്റി ആലോചിച്ചു സമയം കളയണത് മണ്ടന്മാരാ. കോർപറേഷനിലെ പോലെ നമ്മടെ ഉള്ളിലും വേണം വല്ല്യൊരു ചവറ്റുകുട്ട. വേണ്ടാത്ത ചപ്പുചവറുകളൊക്കെ അപ്പൊത്തന്നെ എറിഞ്ഞു കളഞ്ഞേക്കണം. അല്ലെങ്കിൽ അവടെ കെടന്ന് നാറും…”
“എന്നാലും ആ കത്ത്…”
“ഇത് അയാളന്നെ. ഒരു സംശയോല്ല്യാ പാർവതിക്ക്.”
“ആര്?”
“അമ്മേടെ പഴയ ഫ്രണ്ട് ആ ശരദ് മാഷ്, അല്ലാണ്ടാരാ?”
“ഹേയ്, അയാളൊരു ബോറനാണെങ്കിലും ഇത്തരം ചീപ്പ് കാര്യങ്ങളൊന്നും ചെയ്യില്ല.”
“ബോറന്മാർക്ക് അരിശം പിടിച്ചാ ഇതും ഇതിനപ്പുറോം ചെയ്തെന്ന് വരും. അന്ന് നിങ്ങടെ സ്കൂളിൽ വന്നു യാത്രപറയാതെ ജിലേബി കൊടുത്തയച്ചപ്പോൾതന്നെ മനസ്സിലായില്ലേ അയാളുടെ ഉള്ളിലെ ചൊരുക്ക്.”
എന്നിട്ടും വിശ്വാസമായില്ല സൗമിനിക്ക്. പിന്നീട് പാർവതി വേഷം മാറാൻ അവളുടെ മുറിയിലേക്ക് പോയപ്പോൾ അവൾ പറഞ്ഞതിനെപ്പറ്റി ആലോചിക്കുകയായിരുന്നു സൗമിനി. ശരിയാണ്, തനിക്ക് പലരോടും പലതും തെളിയിക്കാനുണ്ട്. ആരോടും പകയോ പ്രതികാരബുദ്ധിയോ ഒന്നുമില്ലെങ്കിലും താൻ നാട്ടിൽനിന്ന് പേടിച്ചോടി വന്നതല്ലെന്നും തന്നെ ആരും ഉപേക്ഷിച്ചതല്ലെന്നും… അങ്ങനെ ഒരിക്കൽ നാട്ടിലെ നിരത്തിലൂടെ കൈയും വീശി ഞെളിഞ്ഞു നടക്കാനാകണം. ഞാൻ സൗമിനിയാണ്. ഇന്നാട്ടിൽ പിറന്നു വളർന്ന മേലേടത്തെ സൗമിനി. ഇവിടന്നു എന്റെ വേര് പറിച്ചുകളയാൻ ആര് കൂട്ടിയാലും കൂടില്ല.
ഇപ്പോൾ എനിക്കൊരു മോളുണ്ട്, എല്ലാം തുറന്നു പറയാനും ചർച്ചചെയ്യാനും. അവളിൽനിന്നു മാത്രം എന്തെങ്കിലും ഒളിച്ചുവെക്കണമെന്ന് തോന്നാറില്ല. അമ്മയും മകളും മാത്രമുള്ള ചെറിയ ലോകം മതി എനിക്ക്.
ഓർക്കുന്തോറും ഉള്ളിൽ എന്തൊക്കെയോ തിളച്ചുമറിയുന്നതുപോലെ. മോള് പറഞ്ഞത് വളരെ ശരിയാണ്. തന്റെ മനസ്സിലും വേണം ഒരു ചവറ്റുകുട്ട. സാമാന്യം വലിയൊരു ചവറ്റുകുട്ട. അതിൽ വലിച്ചെറിയാൻ പലതുമുണ്ട്. പോയകാലത്തെ ചില അഴുക്കുകൾ തൊട്ട് പലപ്പോഴായി ഉള്ളിൽ കടന്നുകൂടിയ ചില മുഖങ്ങളും…
മുറിയിൽനിന്നു വേഷം മാറി പാർവതി വന്നത് വലിയ ഉത്സാഹത്തോടെയാണ്.
സഞ്ചിയിൽനിന്ന് ഒരു തുണി പാക്കറ്റെടുത്തു നീട്ടിയിട്ട് അവൾ പറഞ്ഞു.
‘‘ആദ്യത്തെ ശമ്പളം കിട്ടിയപ്പോൾ അമ്മക്കൊരു ചെറിയ സമ്മാനം.’’
രണ്ടു ചുരിദാർ സെറ്റുകൾ. ഒന്ന് പിങ്ക് മറ്റേത് ഇളം നീല. രണ്ടും അമ്മയുടെ പ്രിയപ്പെട്ട നിറങ്ങൾ.
‘‘താങ്ക്സ് മോളേ, എന്നാലും വേണ്ടായിരുന്നു. ഞാൻ സാധാരണ ചുരിദാർ ഇടാറില്ലല്ലോ.’’
‘‘എന്നാൽ ഇനിമുതൽ ആവാല്ലോ. അമ്മയുടെ ഒതുങ്ങിയ ശരീരത്തിന് സാരിയേക്കാൾ അതാവും കൂടുതൽ ചേരുക. ക്ലാസെടുക്കാനും ഇതാണ് കൂടുതൽ സൗകര്യം.’’
‘‘എന്നാലും ആദ്യം വാങ്ങണ്ടത് നിനക്കല്ലേ?’’
‘‘പാർവതിക്ക് ഇഷ്ടംപോലെ അമ്മതന്നെ വാങ്ങിത്തന്നിട്ടുണ്ടല്ലോ. പിന്നെ ജോലി തൊടങ്ങീട്ടല്ലേ ഉള്ളൂ. ഇനിയും വാങ്ങാല്ലൊ. മാസത്തിന്റെ പാതിയിൽ കേറിയതുകൊണ്ട് അത്രക്ക് ശമ്പളേ കിട്ടിയിട്ടുള്ളൂ.’’
‘‘എങ്ങനെയുണ്ട് നിന്റെ ടീച്ചിങ് അനുഭവം?’’
‘‘ഗംഭീരം. സൗമിനി ടീച്ചറുടെ മകൾ എന്ന പേരിലാണ് ഞാൻ അറിയപ്പെടുന്നതന്നെ. ഈ നഗരത്തിൽ സൗമിനി വല്ല്യൊരു ബ്രാൻഡാണെന്ന് ഇപ്പഴാ മനസ്സിലായത്. കണക്കിന്റെ മാന്ത്രികപ്പൂട്ട് തൊറക്കാനുള്ള താക്കോൽ അമ്മേടെ കൈയിലുണ്ടെന്നാ പറയണേ.’’
‘‘അതൊക്കെ ട്യൂഷൻ ക്ലാസിൽ ആ രാമചന്ദ്രൻ മാഷ് പഠിപ്പിച്ചുതന്നത്. കണക്കിനെ വെറുക്കരുതെന്ന് മാഷ് പറയാറുണ്ട്. പിന്നെ അതിനോടുള്ള പേടി തൊടങ്ങും. കണക്കിനെ സ്നേഹിച്ചു തൊടങ്ങിയാൽ അത് തിരിച്ചിങ്ങോട്ടും സ്നേഹം തരുമത്രേ.’’
“അങ്ങോരെ അന്ന് ലൈബ്രറിയിൽ വച്ചു കണ്ടിരുന്നു. ഒരിക്കെ കണ്ടാ പിന്നീട് മറക്കാനാവാത്ത മുഖം. കോളേജിൽ ചേർന്നതിനു ശേഷം അമ്മ മാഷെ കണ്ടിരുന്നോ? ഡിഗ്രിക്ക് കണക്ക് തന്നെ എടുത്തതിനെ പറ്റി പറയാൻ.”
സൗമിനി മറുപടി പറയാൻ ഒന്ന് മടിച്ചു.
“അന്ന് വല്ല്യ ഉപദേശല്ലേ അങ്ങോര് തന്നത്? അതോണ്ട് ചോയ്ക്കണതാ.”
“കണ്ടിരുന്നു… ഒന്നു രണ്ടു തവണ… ചെല സംശയങ്ങള് ചോയ്ക്കാൻ വീട്ടിൽ പോയിരുന്നു…” അൽപം വിട്ടുവിട്ടാണ് സൗമിനി അത്രയും പറഞ്ഞൊപ്പിച്ചത്. അത് ശ്രദ്ധിക്കാതെ പാർവതി തുടർന്നു.
‘‘എന്തായാലും, പാർവതി സൗമിനി എന്ന ഇരട്ടപ്പേര് കൊണ്ടന്നെ അടുത്ത മാസം മുതൽ കൂടുതൽ കുട്ടികൾ ചേരുംന്നാ അവര് പറയണത്. പ്രത്യേകിച്ചും ഇംഗ്ലീഷിന്. അപ്പോൾ ശമ്പളവും കൂട്ടി തരാത്രെ.’’
‘‘കൊള്ളാം. ആട്ടെ, ടീച്ചിങ് ഇഷ്ടപ്പെട്ടോ കുട്ടിക്ക് ?’’
‘‘പിന്നില്ലാതെ. എത്രയായാലും സൗമിനീടെ ചോരയല്ലേ? പിന്നെ ഇംഗ്ലീഷ് പഠിപ്പിക്കാൻ കൊറച്ചു കൈയും കലാശവും നന്നാവുംന്ന് തോന്നി. കുട്ട്യോൾക്കും അത് ഇഷ്ടപ്പെട്ടിരിക്കുന്നു.’’
‘‘നന്നായി. ഷേക്സ്പിയർ എടുക്കുമ്പോൾ അഭിനയിപ്പിച്ചു പഠിപ്പിച്ചാൽ അത് കുട്ട്യോൾടെ മനസ്സില് എക്കാലത്തേക്കും പതിഞ്ഞു കെടക്കും…’’
കുറച്ചു കഴിഞ്ഞപ്പോൾ അകത്തുപോയി ഒരു വെള്ളക്കുപ്പിയും രണ്ടു ചില്ലു ഗ്ലാസുകളുമായി അവൾ വന്നു. ‘‘എന്താത് മോളേ?’’
‘‘അതൊക്കെ പറയാന്നെ. ലെറ്റ്സ് ഫോർഗെറ്റ് എവരിതിങ് ആൻഡ് സെലിബറേറ്റ് ടുഡേ.’’ വലിയ മൂഡിലായിരുന്നു അവൾ. ‘‘ഇതുപോലൊരു ഒക്കേഷൻ ഇനി എവടന്നു കിട്ടാനാ?’’
‘‘ഇതിൽ എന്താന്നു പറയൂ.’’
‘‘ഇപ്പൊ പറയാം.’’ രണ്ടു പ്ലേറ്റുകളിൽ കശുവണ്ടിയും കായ ഉപ്പേരിയും നിരന്നു. പിന്നെ അവൾക്കായി വേറൊരു പ്ലേറ്റും.
‘‘ഇത് റഷ്യയിൽനിന്ന് കൊണ്ടുവന്ന മുന്തിയ വോഡ്ക. നീലിമേടെ ഒരു ബന്ധു പൊറത്തുനിന്നു കൊണ്ടുവന്നതാ.’’
‘‘അയ്യേ, ഞാൻ കുടിക്കില്ല. നീ കുടിക്കുംന്ന് ഇപ്പഴാ മനസ്സിലായത്.’’
‘‘പാർവതി അങ്ങനെ കുടിക്കാറൊന്നുവില്ല. വല്ലപ്പോഴും ഇതുപോലത്തെ ചെല വിശേഷാവസരങ്ങളിൽ… അതും നീലിമയോടൊപ്പം മാത്രം. ഇന്ന് അവളെക്കൂടി വിളിച്ചാലോന്ന് ആലോചിച്ചതാ. പിന്നെ അമ്മക്കിഷ്ടാവില്ലെന്നു കരുതി വേണ്ടാന്ന് വച്ചു.’’ പ്ലേറ്റ് നീട്ടിക്കൊണ്ട് അവൾ തുടർന്നു, ‘‘അമ്മക്ക് കശുവണ്ടീം ഉപ്പേരീം ഉണ്ട്, പാർവതിക്ക് കൊറച്ചു ചിക്കൻ ഫ്രൈയും.’’
‘‘എനിക്ക് വേണ്ടാ. ഞാനിതേ വരെ കഴിച്ചിട്ടില്ല.’’
‘‘കൊഴപ്പമില്ലമ്മേ. സോഡ ഒഴിച്ച് നന്നായി നേർപ്പിച്ചിട്ടുണ്ട്. സ്വാദിനുവേണ്ടി ചെറുനാരങ്ങയും പിഴിഞ്ഞൊഴിച്ചിട്ടുണ്ട്.’’
‘‘എന്തായാലും വേണ്ടാന്നേ. എനിക്ക് അതിന്റെ ചൊവ തീരെ പിടിക്കില്ല.’’ സൗമിനി ആ ഗ്ലാസ് മാറ്റിെവച്ചു.
‘‘ഓക്കേ. ചെറുതായൊന്നു സിപ്പ് ചെയ്താ മതി. ഒരു കമ്പനിക്ക് വേണ്ടി.’’
‘‘മോൾക്ക് കള്ള് കുടിക്കാനുള്ള കമ്പനിയായി അമ്മ. ആരും കേക്കണ്ട.’’ ചിയേഴ്സ് പറഞ്ഞു പാർവതി ഗ്ലാസ് ഉയർത്തിയപ്പോൾ സൗമിനിയും മടിയോടെ ഗ്ലാസ് പൊക്കി. ഒരു സിപ്പ് എടുത്തു മദ്യത്തിന്റെ ചവർപ്പ് പോകാനായി കശുവണ്ടിയെടുത്തു ചവച്ചു.
‘‘പതുക്കെ മതി. രാത്രിക്ക് ഇപ്പഴും ചെറുപ്പമാണ്. ഇങ്ങനത്തെ അവസരങ്ങളിൽ ലേശം കഴിച്ചു കൊറെ നേരം വർത്താനം പറഞ്ഞിരിക്കാൻ ഒരു രസാണ്.’’ അവൾ എണീറ്റു ജാലകങ്ങൾ തുറന്നിട്ടപ്പോൾ നിലാവ് പാൽപുഴയായി അകത്തേക്കൊഴുകിയിറങ്ങി. തണുപ്പുകാലത്തിന്റെ വരവറിയിക്കാനായി ഒരു നനുത്ത കാറ്റ് വീശിവരുന്നുണ്ടായിരുന്നു.
‘‘വെളുത്ത വാവാന്ന് തോന്നണു. മനോഹരമായ കാലാവസ്ഥ.’’ എല്ലാംകൊണ്ടും ഐശ്വര്യമുള്ള ദിവസംതന്നെ. നമുക്ക് കൊറെ നേരമിരുന്നു കണകുണ സംസാരിക്കാം.’’ എന്തോ ഓർത്തുകൊണ്ട് സൗമിനി ഒരു കവിൾകൂടി കുടിച്ചു. ഇത്തവണ പഴയ ചവർപ്പ് തോന്നിയില്ല.
പിന്നീട് കുറെ നേരം അവർ അതുമിതും സംസാരിച്ചുകൊണ്ടിരുന്നു. രണ്ടുപേരും പതിവിനപ്പുറം ഉള്ള് തുറക്കുകയായിരുന്നു. അപ്പോൾ അവർ അമ്മയും മകളുമായിരുന്നില്ല. നല്ല കൂട്ടുകാർ മാത്രം. പ്രായവ്യത്യാസം മറന്നു അവരങ്ങനെ പരസ്പരം കെട്ടിപ്പുണരുകയും കവിളുകളിൽ ഉമ്മവെക്കുകയുംചെയ്തു. മകളുടെ കൈകൾക്കുള്ളിൽ ഒരു പക്ഷിക്കുഞ്ഞിനെപ്പോലെ അവർ ചുരുണ്ടുകൂടുമ്പോൾ അവർക്കിടയിൽ അതിരുകളും മതിലുകളും ഇല്ലായിരുന്നു. അതിനിടയിൽ തന്റെ ആദ്യത്തെ ഗ്ലാസ് ഒഴിയുന്നതും അത് വീണ്ടും താനെ നിറയുന്നതും സൗമിനി അറിഞ്ഞില്ല. അനന്തതയിലേക്ക് എടുത്തെറിയപ്പെട്ടതുപോലെ. നിലാവിന്റെ പാൽപുഴയിൽ നീന്തിത്തുടിക്കുന്നതുപോലെ…
മദ്യം കൊടുത്ത അയവിൽ അന്ന് സൗമിനി പത്തുമണിക്ക് തന്നെ ഉറങ്ങാൻ കിടന്നു. അല്ലലറിയാത്ത ആ ഉറക്കത്തിൽ കിനാവുകളുടെ ഭാരമില്ലാതെ അവർ ഉറങ്ങിക്കൊണ്ടേയിരുന്നു… പോയകാലത്തിന്റെ ഓർമകളിൽ ഒരുപാട് ചിരിച്ചു, ഒരുപാട് കരഞ്ഞു അവരങ്ങനെ കിടന്നു…