തപോമയിയുടെ അച്ഛൻ
പോയ വര്‍ഷത്തിന്റെ അവസാനം, ക്രിസ്മസിന് ഒന്നോ രണ്ടോ ദിവസം കഴിഞ്ഞ്, ഒരു ആശംസാ കാര്‍ഡ് എനിക്കു തപാലില്‍ കിട്ടി. സന്തോഷകരമായ പുതുവര്‍ഷം നേര്‍ന്നുകൊണ്ടുള്ള ഒന്ന്. അതിലെന്താണ് ഇത്ര അസാധാരണമായിട്ടുള്ളത് എന്നല്ലേ? ഒന്നല്ല, രണ്ടു കാര്യങ്ങള്‍ പറയാം. ഒന്നാമതായി ഒരു കാര്‍ഡ് കിട്ടുന്നു എന്നതുതന്നെ. ഇക്കാലത്ത് ആരെങ്കിലും പ്രിന്റ് ചെയ്ത ആശംസാ കാര്‍ഡുകള്‍ അയക്കാറുണ്ടോ? എഴുത്തുകുത്തുകള്‍ തന്നെ ഇല്ലാതായല്ലോ. പിന്നെയല്ലേ കാര്‍ഡുകള്‍! കാലം മാറുന്നു.–തപോമയി...
Your Subscription Supports Independent Journalism
View Plansപോയ വര്‍ഷത്തിന്റെ അവസാനം, ക്രിസ്മസിന് ഒന്നോ രണ്ടോ ദിവസം കഴിഞ്ഞ്, ഒരു ആശംസാ കാര്‍ഡ് എനിക്കു തപാലില്‍ കിട്ടി. സന്തോഷകരമായ പുതുവര്‍ഷം നേര്‍ന്നുകൊണ്ടുള്ള ഒന്ന്.
അതിലെന്താണ് ഇത്ര അസാധാരണമായിട്ടുള്ളത് എന്നല്ലേ? ഒന്നല്ല, രണ്ടു കാര്യങ്ങള്‍ പറയാം. ഒന്നാമതായി ഒരു കാര്‍ഡ് കിട്ടുന്നു എന്നതുതന്നെ. ഇക്കാലത്ത് ആരെങ്കിലും പ്രിന്റ് ചെയ്ത ആശംസാ കാര്‍ഡുകള്‍ അയക്കാറുണ്ടോ? എഴുത്തുകുത്തുകള്‍ തന്നെ ഇല്ലാതായല്ലോ. പിന്നെയല്ലേ കാര്‍ഡുകള്‍! കാലം മാറുന്നു.–തപോമയി ബറുവ അയച്ചതായിരുന്നു അത്.
ഏതായാലും കുറെ കാലങ്ങള്‍ക്കുശേഷം അച്ചടിച്ച ഒരു സന്ദേശം വന്നുചേര്‍ന്നതില്‍ കൗതുകമുണ്ടായിരുന്നു. ഭംഗിയുള്ള ഒരു കവറിലിട്ട് ആദ്യം പശകൊണ്ടും അതിനുമീതേ ഇന്സുലേഷന് ടേപ്പുകൊണ്ടും ഒട്ടിച്ചിട്ടാണ് തപോമയി കാര്ഡയച്ചിരിക്കുന്നത്. അതും രജിസ്റ്റര്‍ ചെയ്ത സ്പീഡ് പോസ്റ്റില്‍. ആകക്കൂടി ഒരു രസം തോന്നി. പുതുവത്സരാശംസകളയക്കുന്നതിന് ഇത്രയേറെ മുന്‍കരുതലുകള്‍ ആവശ്യമുണ്ടോ? ഇതുപോലുള്ള കാര്‍ഡുകളൊക്കെ വെറുതേ ഒന്നെടുത്തുനോക്കി അവിടെത്തന്നെ വെക്കുകയല്ലേ നമ്മള് ചെയ്യുക? പലരും അതിലെഴുതിയിരിക്കുന്നതു വായിക്കുക പോലുമില്ല. പിന്നെ, ആരു വായിച്ചാലും ഇതിലൊക്കെ ഒളിപ്പിക്കാന്മാത്രം എന്തു സ്വകാര്യത! വാക്യങ്ങള്‍ എങ്ങനെ മാറിയാലും ആശംസകള്‍ ആശംസകള്തന്നെയാണല്ലോ.
തപോമയിയുടെ ആശംസാ കാര്‍ഡില്‍ തെളിഞ്ഞുനിൽക്കുന്നത് അയാളുടെ ഫോട്ടോയാണ്. ഒപ്പം, ഇപ്പോള്‍ ജീവിച്ചിരിപ്പില്ലാത്ത അയാളുടെ അമ്മയും അച്ഛനുമുണ്ട്. കുറച്ചു വര്‍ഷങ്ങള്‍ക്കുമുമ്പ് ഏതോ അവധിക്കാലം ചെലവഴിക്കാന്‍ പോയ സമയത്ത് എടുത്തതായിരിക്കണം. പശ്ചാത്തലത്തില്‍ ഒരു മലമ്പ്രദേശവും, കുറച്ചു ദൂരെയായി ഒരു ബുദ്ധക്ഷേത്രത്തിന്റെ കവാടവും കണ്ടു. മഞ്ഞുകാലത്തെ സൂചിപ്പിച്ചുകൊണ്ട് ഇലപൊഴിഞ്ഞ മരങ്ങള്‍. പേടി പറ്റിയതുമാതിരി, അപ്രസന്നമായ വെളിച്ചം.
തപോമയി കൂടുതല്‍ ചെറുപ്പമായിരുന്നു അന്ന്. അസാമാന്യമായ ഉയരം. തോളറ്റത്തോളം വീണുകിടക്കുന്ന മുടി. അയഞ്ഞ, പരുക്കന്‍ വസ്ത്രങ്ങള്‍. തിളക്കമുള്ള കണ്ണുകള്‍. അയാളുടെ അച്ഛന് പക്ഷേ, ഞാന്‍ കാണുന്ന കാലത്തുള്ളതുപോലെത്തന്നെ. കുറച്ചു കൂനിക്കൂടിയ നിൽപ്, മുഖത്തു ചുളിവുകള്‍, ഒതുക്കമില്ലാത്ത, നരച്ച മുടി, ശൂന്യമായ അതേ നോട്ടം. ഒരു ഘട്ടം കഴിഞ്ഞപ്പോള്‍ അദ്ദേഹത്തെ നിത്യമായ ഒരു വാർധക്യം ബാധിച്ചു. പിന്നെ മരണംവരെ അതുപോലെത്തന്നെ തുടര്ന്നുപോയതാവണം.
പക്ഷേ, കാര്‍ഡിന്റെ ഏറ്റവും ചുവടെ, ചിത്രങ്ങള്‍ക്കു താഴെ പേനകൊണ്ട് എഴുതിയിരിക്കുന്നതു (?) കണ്ട് ഞാനൊന്ന് അമ്പരന്നു. ഇങ്ങനെയായിരുന്നു അതില്‍:
ഇതെന്താണ്, കുട്ടികള്‍ വരച്ചുകളിക്കുന്നതുപോലെ എന്തോ ഒന്നല്ലേ എന്നു കാണുന്നവര്‍ക്കു തോന്നാം. സംഗതി അതല്ല. ഗൂഢമായ ഒരു ചിഹ്നഭാഷയിലെഴുതിയിരിക്കുന്ന ഒരു സന്ദേശമായിരുന്നു അത്. ഞാന്‍തന്നെ അതു വായിക്കണമെന്ന് ഒരുപക്ഷേ, ഏറക്കുറെ നിർബന്ധപൂർവം എഴുതിയുണ്ടാക്കിയ ഒന്ന്. അതുകൊണ്ടാണ് തപോമയി ഇത്രമാത്രം മുന്‍കരുതലുകള്‍ എടുത്തിരിക്കുന്നതെന്ന് എനിക്കു തെളിഞ്ഞു.
എന്നാല്‍, ആ സമയത്ത് എന്നെ കുഴക്കിയ പ്രശ്നം ആ രഹസ്യഭാഷയായിരുന്നില്ല. ഒരുപാടു കാലമായി അത്തരം വിചിത്രലിപികളുമായി പരിചയപ്പെട്ടിട്ടുള്ള ഒരാള്‍ എന്നനിലയില്‍ എന്നെ സംബന്ധിച്ചിടത്തോളം തുലോം നിസ്സാരമായിരുന്നു ആ സന്ദേശം. അതേസമയം, ഇത് തപോമയിതന്നെ എഴുതി അയച്ചതോ എന്ന സംശയം എന്നെ ഒരു പ്രതിസന്ധിയിലകപ്പെടുത്തുകയാണെന്നു തോന്നി. കുറച്ചുനേരം ഞാനതിലേക്കുതന്നെ നോക്കിനിന്നു. അങ്ങനെ നോക്കിനിൽക്കേ, കണ്ടുമറന്ന ഒരു ചലച്ചിത്രത്തില്നിന്നെന്നപോലെ ഒരു വിദൂരദൃശ്യം എന്റെ ഓർമയിലെത്തുന്നു.
ദൃശ്യത്തില്‍, പുകയും മഞ്ഞും വേര്‍തിരിച്ചറിയാനാവാത്തവിധം കൂടിക്കലര്‍ന്നു കിടന്നിരുന്ന ഒരു വൈകുന്നേരം പഴയ ദില്ലിയിലെ ഇടുങ്ങിയ തെരുവുകളിലൂടെ അയാള്‍ക്കൊപ്പം ഞാന്‍ നടന്നുപോവുകയായിരുന്നു. അയാള്‍ സംസാരിക്കുന്നുണ്ട്, പക്ഷേ ചുറ്റുപാടുമുള്ള കോലാഹലങ്ങള്‍ക്കിടയില്‍ അതൊന്നും അത്ര വ്യക്തമല്ല. പക്ഷേ, സ്വാഭാവികമായും എനിക്കൂഹിക്കാം: ലോകത്തെയും ജീവിതത്തെയും കുറിച്ചുള്ള ചില പ്രതീക്ഷകള്‍ തപോമയി എന്നോടു പങ്കുവെക്കുകയാണ്, മനുഷ്യരിലുള്ള തന്റെ വിശ്വാസം ഉറപ്പിക്കുകയാണ്. ഇടക്കിടെ സംസാരിക്കുന്നതു നിര്‍ത്തി, ഭൂമിയിലേക്കുതന്നെ ഏറ്റവും മനോഹരമായൊരു ചിരികൊണ്ട് താന്‍ പറഞ്ഞതിനെയെല്ലാം സാധൂകരിക്കുകയാണ്.
–അസാധാരണം എന്നു മുമ്പു സൂചിപ്പിച്ച ആ രണ്ടാമത്തെ കാര്യം അതാണ്; ആ രഹസ്യഭാഷയിലെ എഴുത്ത്.
അത്തരം ചിഹ്നഭാഷ എനിക്കു പരിചിതമായിരുന്നു. ഏറക്കുറെ തെറ്റില്ലാതെ ഞാനതു വായിക്കുകയും ചെയ്യും. ഇവിടെ എഴുതിയിരിക്കുന്നതിന്റെ കാര്യമെടുത്താല്‍ അതില്‍ വലുതായിട്ടൊന്നുമില്ല: ഒരു Happy New Year. അത്രമാത്രം.
അതെങ്ങനെ ഞാന്‍ വായിച്ചു എന്നു വിശദീകരിച്ചാല്‍ സകലരും ചിരിക്കും, അത്ര നിസ്സാരമായ നിഗൂഢതയേ അതിലുള്ളൂ. ഒരു തുടക്കക്കാരന് പൂര്‍ത്തിയാക്കുന്ന ഒരു ഹ്രസ്വസന്ദേശം. തപോമയി അത്തരം എഴുത്തുകള്‍ പരിചയപ്പെട്ടു തുടങ്ങി എന്നർഥം.
എന്നാല്‍, ഇത്തരം കാര്യങ്ങളിലൊന്നും അങ്ങനെ പരിചയമില്ലാത്ത ഒരാളാണെന്നുണ്ടെങ്കില് ആരംഭത്തിൽതന്നെ വായന തെറ്റും. കൂടുതല്‍ കണിശമായി പറഞ്ഞാല്‍, വായനയുടെ ദിശ തെറ്റും.
അതിന്റെ കാരണം, മിക്ക ആളുകളും പതിവുപോലെ ഇടത്തുനിന്നും വലത്തേക്കാണ് വായിക്കാന്‍ നോക്കുക. അതല്ല, ഇവിടത്തെ വഴി. അറബി ഭാഷയില്‍, അല്ലെങ്കില്‍ ആദിമമായ ചില നാഗരികതകളുടെ ഭാഷകളിലെന്നവണ്ണം വലതുവശത്തുനിന്നു ഇടത്തോട്ടുവേണം വായിക്കാന്‍. അതെങ്ങനെ എനിക്കു മനസ്സിലായി എന്നല്ലേ? വലത്തേ അറ്റത്തെ 3 എന്ന അക്കം തന്നെ അതിന്റെ സൂചന. ആ മൂന്നിന് ഇവിടെ മറ്റൊരു അർഥവുമില്ല: മൂന്നു വാക്കുകള്‍ എന്നുമാത്രം. അതായത് മൂന്നു വാക്കുകളുള്ള ഒരു സന്ദേശമാണ് ഇത്.
ഇനി, തൊട്ട് ഇടതുഭാഗത്തുള്ള വൃത്താകൃതിയുള്ള ചിത്രങ്ങള്‍ നോക്കൂ. അവ തീര്‍ച്ചയായും ഈ സോഷ്യല്‍ മീഡിയക്കാലത്ത് ഏവര്‍ക്കുമറിയാം; സ്മൈലികളാണ്. സന്തോഷം സൂചിപ്പിക്കുന്നത്. അതായത് Happy. പിന്നെ അതിന് തൊട്ടുകിടക്കുന്ന ഇടതുഭാഗത്തുള്ള അക്ഷരത്തിന്റെ കാര്യമെടുക്കാം. ആ അക്ഷരവും മൂന്നുതവണ ആവര്‍ത്തിച്ചിരിക്കുന്നു. ആ അക്ഷരം ഏതാണ്? ഒറ്റനോട്ടത്തില്‍ ഇംഗ്ലീഷിലെ v ആണ്, ഏറക്കുറെ. പക്ഷേ, v എന്ന അക്ഷരത്തിന് എന്തു സാംഗത്യം? മനസ്സിലാക്കാന്‍ കഴിയാത്തതുകൊണ്ട് തൽക്കാലം അതവിടെ നിറുത്തി അടുത്ത വാക്കിലേക്ക്, അതായത് ഏറ്റവും ഇടതുഭാഗത്തുള്ളതിലേക്കു പോവുക. അതൊരു ചെവിയുടെ ചിത്രമല്ലേ! Ear. അപ്പോള്‍ Happy... Ear എന്നാവും. നിങ്ങള്‍ക്കറിയാമോ, പലപ്പോഴും ഉച്ചാരണം കൂടിെവച്ചാണ് നിഗൂഢ സന്ദേശങ്ങള്‍ തയാറാക്കുന്നത്. ഈ പരിപാടിയെ rebus method എന്നാണ് ലിഖിതങ്ങളെക്കുറിച്ചു പഠിക്കുന്ന ഗവേഷകര്‍ വിളിക്കുക. അതുകൊണ്ട് Happy Ear എന്നാല്‍ Happy Year തന്നെ.
അപ്പോള്‍ നടുക്കുള്ള അക്ഷരം ഊഹിക്കാവുന്നത് New എന്നാണല്ലോ. എന്നാല്‍, വെറുതെ ഊഹം മാത്രമല്ല, അതിനൊരു കാരണവുമുണ്ട്. വാസ്തവത്തില്‍ ആളുകള്‍ വിചാരിക്കുന്നതുപോലെ v എന്ന ഇംഗ്ലീഷ് അക്ഷരമല്ല അത്. മറിച്ച് ഗ്രീക് അക്ഷരമായ ‘ന്യൂ’ (Nu) ആണ്. കണക്കും മറ്റു ശാസ്ത്രവിഷയങ്ങളും പഠിക്കുന്ന വിദ്യാർഥികള്‍ ആ അക്ഷരം എളുപ്പം ഓര്‍ക്കും. അതുകൊണ്ട് ഇവിടെ അതുച്ചരിക്കുന്ന ശബ്ദമനുസരിച്ച് New എന്ന് ഇംഗ്ലീഷില്‍ എടുക്കാം. അതു മൂന്നുതവണ ആവര്‍ത്തിച്ചിരിക്കുന്നു. വാസ്തവത്തില്‍ ആ ആവര്‍ത്തനം വെറുതേയാണ്. മറ്റെല്ലാം മൂന്നുതവണ എഴുതിയിരിക്കുന്നുണ്ടല്ലോ, ആ ഒരുമയുടെ ഭംഗിക്കുവേണ്ടി മാത്രം. അങ്ങനെ മൊത്തത്തില്‍ വായിക്കുമ്പോള്‍ Happy New Year... എളുപ്പമല്ലേ? ഒരു ‘എലിമെന്ററി, മൈ ഡിയര്‍ വാട്സണ്!’ എന്നുപറയാന്‍ തോന്നുന്നില്ലേ?
അല്ലെങ്കിൽതന്നെ, പുതുവര്‍ഷത്തിനു വരുന്ന ഒരു കാര്‍ഡില്‍ മറ്റെന്താണെഴുതുക! അതവിടെ നിൽക്കട്ടെ. നേരത്തേ പറഞ്ഞതുപോലെ, ഞാന്‍ അമ്പരന്നത് അക്കാര്യത്തിലല്ല. എളുപ്പമുള്ളതാണെങ്കിലും തപോമയിക്കെങ്ങനെ ഈ നിഗൂഢലിപികളില് എഴുതാന്‍ കഴിഞ്ഞു? എന്നെ അലട്ടിയ പ്രശ്നം അതൊന്നായിരുന്നു. ഒരുപക്ഷേ, ഇതു പഴയൊരു ഗ്രീറ്റിങ് കാര്ഡായിരിക്കുമോ? തപോമയിയുടെ അച്ഛന് ജീവിച്ചിരിക്കുന്ന കാലത്തുതന്നെ വാങ്ങിെവച്ച കാര്‍ഡുകളില്‍ ബാക്കിയുള്ള ഏതെങ്കിലുമൊന്ന്? പക്ഷേ, അങ്ങനെയല്ല. കാരണം, പുതിയ വര്‍ഷത്തിന്റെ സ്ഥാനത്ത് 2024 എന്ന് വ്യക്തമായി കാര്‍ഡില്‍ പ്രിന്റ് ചെയ്തിട്ടുണ്ട്.
സാധാരണ ഇംഗ്ലീഷില്‍ ഹാപ്പി ന്യൂ ഇയര്‍ എന്നും അച്ചടിച്ചിരിക്കുന്നു. രഹസ്യലിപി മാത്രമാണ് പേനകൊണ്ട് എഴുതിയിട്ടുള്ളത്. അപ്പോള്‍ അയാള്‍ തന്നെ എഴുതിയതാവണമല്ലോ. ഇതെങ്ങനെ സംഭവിച്ചു!? ഇനി ചിലപ്പോള്‍ പഴയ ഏതെങ്കിലും സന്ദേശങ്ങളില്നിന്നോ കുറിപ്പുകളില്നിന്നോ വെറുതെ പകര്‍ത്തി വരച്ചതാവുമോ എന്നായി എന്റെ സംശയം. അങ്ങനെയാണെങ്കില്ക്കൂടി, പകര്ത്താനായിട്ടാണെങ്കിലും ഈ മൂന്നു വാക്കുകളെങ്കിലും തിരിച്ചറിയാന്‍ പാകത്തിലുള്ള ഒരു ധാരണ അയാള്ക്കുണ്ടായിരിക്കണമല്ലോ.
ഇങ്ങനെ ഒരു സന്ദേശം കിട്ടുമ്പോള്‍ ഞാന്‍ വളരെ സന്തോഷിക്കുമെന്നും അയാളെ അഭിനന്ദിക്കുമെന്നും തപോമയി തീര്‍ച്ചയായും പ്രതീക്ഷിക്കുന്നുണ്ട്. കാരണം വളരെക്കാലം അയാള്‍ അത്തരമൊരു ചിഹ്നഭാഷയില്നിന്നും മാറിനടക്കുകയായിരുന്നല്ലോ. മറുപടിയായി അതേ പോലെയുള്ള ഒരു കാര്‍ഡു തന്നെ ഞാനയച്ചേക്കും എന്നും അയാള്‍ പ്രതീക്ഷിക്കുന്നുണ്ടാവണം. അതാവും ഉചിതം. അതെന്തോ, എനിക്കു ചെറിയൊരു സന്ദേഹം തോന്നി. വേണോ വേണ്ടയോ എന്നു വിചാരിച്ചു കുറച്ചുദിവസം ഞാന്‍ ഉഴപ്പി. ഒരാഴ്ചയോളം കഴിഞ്ഞപ്പോള്‍ അയാളുടെ മറ്റൊരു സന്ദേശം എനിക്കു വാട്സ്ആപ്പില്‍ കിട്ടി: ‘‘ഞാനൊരു പുതുവത്സരക്കാര്ഡ് അയച്ചിരുന്നു.
കിട്ടിയില്ലേ?’’ ‘‘കിട്ടി. വളരെ സന്തോഷം’’, എളുപ്പത്തില്‍ അയാള്‍ക്ക് നന്ദി പറഞ്ഞുകൊണ്ട് ഞാന്‍ തിരിച്ചും ഒരു സന്ദേശം അയച്ചു. കുറേ വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഇങ്ങനെ ‘തൊട്ടുനോക്കാവുന്ന’ ഒരു നവവത്സരാശംസ വന്നുചേരുന്നത് എന്നുകൂടി മറുപടിയില്‍ പറഞ്ഞിരുന്നു. അയാള്‍ വീണ്ടും എഴുതി: ഞാന്‍ ‘നിങ്ങളുടെ’ ഭാഷ പഠിച്ചതിനെക്കുറിച്ച് ഒന്നും പറഞ്ഞില്ല. ‘‘ഓ! ഗ്രേറ്റ്!’’ ഞാന്‍ ഒരു വോയ്സ് ക്ലിപ്പ് വിട്ടു. ‘‘ഇനി നമുക്ക് ആ ഭാഷയിൽതന്നെയാവാം എഴുത്തുകുത്തുകള്‍.’’ ഇത്തവണ ഒരു സ്മൈലിയായിരുന്നു അയാളുടെ മറുപടി.
ഓര്‍ത്തു നോക്കുമ്പോള്‍, ഏതാണ്ട് നാലഞ്ചു കൊല്ലമായി എനിക്ക് തപോമയിയെ അറിയാം. കൃത്യമായി പറഞ്ഞാല്‍ രണ്ടായിരത്തി പതിനെട്ട് ഒക്ടോബര്‍ മാസം മുതല്‍. ദില്ലിയില്‍, അഭയാർഥികള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന ‘ഷെല്‍ട്ടര്‍’ എന്ന പേരിലുള്ള ഒരു സന്നദ്ധസംഘടനയുടെ ചുമതലക്കാരനായിരുന്നു അയാള്‍. ഇപ്പോഴും അതേ. കൂടെ പ്രവര്‍ത്തിക്കാന്‍ കുറച്ചാളുകള്‍ മാത്രമുള്ള, വിപുലമായ സംവിധാനങ്ങളോ സമ്പത്തോ ഒന്നും ഇല്ലാത്ത ചെറിയൊരു സംഘടന.
ആ നിലക്ക്, തപോമയി ബറുവയെ പരിചയപ്പെട്ടത് സ്വാഭാവികമായിരുന്നു. അന്നത്തെ എന്റെ സാഹചര്യത്തില്‍ അയാളെ കണ്ടുമുട്ടാതിരിക്കാനാവുകയില്ല. പക്ഷേ, അയാളുടെ അച്ഛന്? ശരിയാണ്, അദ്ദേഹത്തെ പരിചയപ്പെട്ടതില്‍ തെല്ലൊരു അത്ഭുതമുണ്ട്, ആകസ്മികതയും. അക്കാര്യം വഴിയേ വിശദീകരിക്കാം.
അഭയാർഥികള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന ഒരാളുമായി എനിക്കെങ്ങനെയാണ് സൗഹൃദം എന്നല്ലേ? നേരത്തേ സൂചിപ്പിച്ചതുപോലെ സ്വാഭാവികമായിരുന്നു അത്. എന്റെ തൊഴിലിന്റെ ഭാഗം എന്നു വേണമെങ്കില്‍ പറയാം. അയാള്‍ മാത്രമല്ല, സന്നദ്ധസംഘടനകളില്പ്പെട്ട കുറേയേറെ ആളുകളുമായി അക്കാലത്ത് അടുപ്പമുണ്ടായിരുന്നു. ഇരുപതും ഇരുപത്തഞ്ചുമൊക്കെ വയസ്സുള്ള ചെറുപ്പക്കാരായിരുന്നു അധികവും. സോഷ്യല്‍ വര്‍ക്കില്‍ ബിരുദാനന്തര പഠനം പൂര്‍ത്തിയാക്കിയവര്‍.
തപോമയിയെപ്പോലെ നാൽപതിലെത്തിയവര് കുറവാണ്. ആ യുവാക്കളൊക്കെ ഇപ്പോള്‍ അതേ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നുണ്ടാവുമോ? അറിഞ്ഞുകൂടാ. പലര്‍ക്കും അവയൊക്കെ ഇടത്താവളങ്ങള്‍ മാത്രമായിരുന്നിരിക്കണം. മറ്റു ജോലികള്‍ കിട്ടി ആ നഗരത്തില്‍നിന്നും –ഒരുപക്ഷേ, രാജ്യത്തില്നിന്നുതന്നെയും– പോയിക്കാണാനിടയുണ്ട്. അവരാരുമായും പിന്നീട് ബന്ധപ്പെട്ടിട്ടില്ല. അതേസമയം, തപോമയി ബറുവയുമായുള്ള സൗഹൃദം ഞാനിപ്പോഴും തുടരുന്നു. അക്കാര്യത്തിലും ചെറിയൊരു അത്ഭുതമില്ലാതില്ല.
തപോമയിയെ ഞാന്‍ ആദ്യം കാണുന്നത് ഓഫീസില്‍ െവച്ചാണ്. ഒരുദിവസം ഉച്ചസമയത്ത് അയാള്‍ എന്റെ മുറിയില്‍ വന്നു. ഞാന്‍ അവിടേക്കു സ്ഥലംമാറ്റമായി വന്നിട്ട് ഒരുമാസം ആകുന്നതേ ഉണ്ടായിരുന്നുള്ളൂ. ‘‘ഓ, മുമ്പുണ്ടായിരുന്ന ആള് പോയി അല്ലേ!’’ വാതില്‍ തുറന്ന് അയാള്‍ കുറേക്കാലമായി പരിചയമുള്ള ഒരാളെപ്പോലെ ചിരിച്ചു. ‘‘പക്ഷേ, വീണ്ടും മലയാളി! ഓ, യൂ മല്ലൂസ് റോക്ക് എവരിവേര്‍.’’ എനിക്കു മുന്നേ അതേ കസേരയിലിരുന്നിരുന്ന ആളെക്കുറിച്ച് അയാള്‍ സൂചിപ്പിക്കുകയായിരുന്നു.
ഞാന്‍ പൊതുവേ നല്ല ഉയരമുള്ള ഒരാളായാണ് പരിഗണിക്കപ്പെടുന്നത്. എന്നാല്‍ ഇതാ, എന്നേക്കാളും ഉയരമുള്ള ഒരാള്‍! നരച്ച ജീന്‍സും കൈയിറക്കം കുറഞ്ഞ ടീഷര്‍ട്ടും. നെറ്റിയിലേക്ക് വീണുകിടക്കുന്ന മുടിയിഴകളെ മറയ്ക്കാന്‍ ശ്രമിച്ചുകൊണ്ട് മുഷിഞ്ഞ ഫ്ലാപ്പുള്ള ഒരു തൊപ്പി. പ്രകാശിക്കുന്ന കണ്ണുകള്‍. കട്ടിയുള്ള മീശ. ഇടയിലിടയില്‍ നര പ്രത്യക്ഷപ്പെട്ടുതുടങ്ങിയ താടി. ആരും പെട്ടെന്ന് ശ്രദ്ധിക്കും. ആദ്യമായി കാണുകയാണെങ്കിലും ഓഫീസിലെ നിത്യസന്ദര്‍ശകനാണ് അയാളെന്ന് അപ്പോള്‍ എനിക്കു മനസ്സിലായി
സാമൂഹികസേവനം ചെയ്യുന്ന സംഘടനകള്‍ക്കായി കോര്‍പറേറ്റുകള്‍ അവരുടെ ലാഭത്തിന്റെ നിശ്ചിത ശതമാനം ചെലവഴിക്കണം എന്നൊരു നിബന്ധനയുണ്ടല്ലോ. രണ്ടു ശതമാനമാണെന്നാണ് എന്റെ ഓർമ. കോര്‍പറേറ്റ് സോഷ്യല്‍ റെസ്പോണ്സിബിലിറ്റി (CSR) എന്നു പറയും. അങ്ങനെയുള്ള സാമ്പത്തികസഹായങ്ങള്‍ അന്വേഷിച്ച് പല ഭാഗത്തുനിന്നും പലവിധത്തിലുള്ള സാമൂഹികസംഘങ്ങള്‍ ഓഫീസ് സന്ദര്‍ശിക്കുമായിരുന്നു. ഞങ്ങളുടെ സ്ഥാപനത്തില്‍ ഈ സാമ്പത്തിക സഹായപദ്ധതികള്‍ കൈകാര്യം ചെയ്യുന്ന വകുപ്പിന്റെ ചുമതലയിലേക്കാണ് ഞാന്‍ സ്ഥലംമാറി വന്നത്. അത് ആ സെപ്റ്റംബര്‍ മാസത്തിലായിരുന്നു. വൈകാതെത്തന്നെ തപോമയിയെപ്പോലെയുള്ള പ്രവര്‍ത്തകരില്‍ പലരും ഓഫീസില്‍ എന്നെ കാണാന്‍ വന്നു.
അയാള്‍ സ്വയം പരിചയപ്പെടുത്തി. സ്ഥാപനത്തിന്റെ പേരു പറഞ്ഞു. ഞാന്‍ ചില ഫയലുകളില്‍ ആ പേര് കണ്ടിട്ടുള്ളതായി ഓര്‍ത്തു. മുമ്പ് ചില കാര്യങ്ങളില്‍ ഞങ്ങളുടെ സ്ഥാപനം തപോമയിയുടെ സംഘടനക്ക് ചില സാമ്പത്തികസഹായങ്ങള്‍ ചെയ്തുകൊടുത്തിട്ടുണ്ട്. അതുകൊണ്ടുതന്നെ, ഇടക്കിടെ കണക്കുകള്‍ കാണിക്കാനും പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കാനും അയാള്‍ക്ക് ഓഫീസില്‍ വരേണ്ടതുണ്ടായിരുന്നു. തപോമയി വന്നപ്പോള്‍ എന്റെ സഹപ്രവര്‍ത്തകരില്‍ പലരും അടുത്തുവന്ന് കുശലം ചോദിച്ചു.
സന്നദ്ധസംഘടനകളിലെ ആളുകള്‍ പൊതുവേ ഓഫീസില്‍ എല്ലാവരുമായും അടുപ്പം സൂക്ഷിക്കുന്നവരായിരിക്കും. പക്ഷേ, എല്ലാം ഔദ്യോഗികമായ ബന്ധങ്ങള്‍. സ്ഥലം മാറിപ്പോയാല്‍ പിന്നെ അധികകാലമൊന്നും അത്തരം അടുപ്പങ്ങള്‍ നിലനിൽക്കുകയില്ല. പുതിയ ആളുകള്‍ വരും, ഫയലുകള്‍ തുടര്‍ന്നുപോകും. വലിയ നഗരങ്ങളിലെ ഓഫീസുകളില്‍ അങ്ങനെ വ്യക്തിബന്ധങ്ങള്‍ക്ക് സ്ഥാനമൊന്നുമില്ല. അതുകൊണ്ടാണ് അവിടെനിന്നു വിട്ടുപോന്നിട്ടും തപോമയിയുമായുള്ള ബന്ധം തുടര്‍ന്നുപോരുന്നതില്‍ അസാധാരണമായി ചിലതുണ്ടെന്നു പറഞ്ഞത്.
ഞാന്‍ രണ്ടു വര്‍ഷത്തോളമേ അവിടെയുണ്ടായിരുന്നുള്ളൂ. പക്ഷേ, വിട്ടുപോന്നിട്ടും തപോമയി കൂടെയുണ്ട്. ഇടക്കെല്ലാം കുശലം ചോദിച്ചുകൊണ്ടുള്ള ഒരു ഫോണ്‍കോള്‍, അയാളുടെ സംഘടനയുടെ പുതിയ പ്രവര്‍ത്തനങ്ങള്‍ വിവരിക്കുന്ന വീഡിയോയോ മറ്റോ, അല്ലെങ്കില്‍ ഹോളിക്കോ ദീപാവലിക്കോ പുതുവത്സരത്തിനോ ഒക്കെ വരുന്ന ആശംസകള്‍: ഈ മൂന്നു വര്‍ഷത്തിനുശേഷവും അതെല്ലാം നിലനിൽക്കുന്നു. പലപ്പോഴും ഞാന്‍ മറുപടി അയക്കുന്ന പതിവുമില്ല. എന്നാലും അയാള്‍ അതു തുടരുന്നു. പിന്നീടൊരിക്കല്‍ ദില്ലിയില്‍ പോയപ്പോള്‍ അയാള്‍ ഏതോ യാത്രയിലായിരുന്നു, നേരിട്ടു കണ്ടില്ല. ഇക്കാലയളവിനുള്ളില്‍ അയാള്‍ കൂടുതല്‍ തിരക്കുകളിലേക്കു പോയിട്ടുണ്ടാവും എന്നു ഞാനൂഹിച്ചു. നേരേ മറിച്ച്, തിടുക്കം നിറഞ്ഞ ഒരു ഔദ്യോഗികമേഖലയില്നിന്നും ഒഴിഞ്ഞ് ഏറക്കുറെ ശാന്തമായ ഒരു ജീവിതത്തിലേക്ക് ഞാന്‍ കൂടുമാറി.
തപോമയിയുമായി പരിചയെപ്പട്ട കാലത്തിലേക്കു തിരിച്ചു വരാം. ആ ഒക്ടോബര്‍ അവസാനം: നഗരം തണുപ്പുകാലത്തിലേക്ക് പതിയെ ചുവടുവെക്കുന്ന സമയം. തപോമയിയെ കണ്ടുമുട്ടി കുറച്ചുനാള്‍ കഴിഞ്ഞപ്പോള്‍ തന്നെ അയാളുടെ അച്ഛനെയും പരിചയപ്പെട്ടു. അതുപക്ഷേ, തീര്‍ത്തും അവിചാരിതമായിരുന്നു. ആലോചിക്കുമ്പോള്‍ ജീവിതത്തില്‍ ചില നിഗൂഢതകളുണ്ട്.
ഓഫീസില്‍ വരുന്നവരുമായി സൗഹൃദമുണ്ടാകാമെന്നത് ഒരു പരിധിവരെ ശരിയാണെന്നുവരികിലും അവരുടെ വീട്ടിലുള്ള ഒരാളെ, അതും കാലങ്ങളായി പുറത്തിറങ്ങാത്ത ഒരു വയോവൃദ്ധനെ പരിചയപ്പെടുക, പിന്നീട് ഹ്രസ്വകാലമാണെങ്കിലും അടുത്തബന്ധം പുലര്‍ത്തുക എന്നതെല്ലാം ഇന്നാലോചിക്കുമ്പോള്‍ ഒരു വിസ്മയംപോലെ തോന്നുന്നു. അതാണ്, അക്കാര്യത്തില്‍ ഒരു ആകസ്മികതകൂടി പ്രവര്‍ത്തിച്ചിട്ടുണ്ടെന്നു പറഞ്ഞത്. നേരേമറിച്ച്, ഞങ്ങള്‍ തമ്മില്‍ പരിചയപ്പെടാനുള്ള സാഹചര്യം ഒരുങ്ങിവന്നത് തന്റെ ഒരു പിഴവില്‍നിന്നായിരുന്നു എന്നാണ് തപോമയി പറയുക. ‘ഗൂഢഭാഷയില്‍ കൂടോത്രം ചെയ്യുന്നവരെ പരിചയപ്പെടുത്തേണ്ടിയിരുന്നില്ല!’ അയാള്‍ ചിരിക്കും. എന്നാല്‍, പിഴവിനേക്കാളുപരി, അയാള്‍ക്കു സംഭവിച്ച ഒരു മറവിയില്നിന്നാണ് സംഭവങ്ങളുടെ തുടക്കം. കൃത്യമായി പറഞ്ഞാല്‍ തപോമയി മറന്നുെവച്ച അയാളുടെ അച്ഛന്റെ ഒരു മരുന്നു കുറിപ്പടിയില്നിന്ന്.
–ഒന്നുകൂടി വ്യക്തമാക്കിയാല്‍, കുറിപ്പടിയുടെ പിന്നില്‍ അച്ഛന് കോറിവരച്ചിട്ട ചില ചിത്രങ്ങളില്‍നിന്ന്.
ഗോപാല്‍ ബറുവ എന്നായിരുന്നു അദ്ദേഹത്തിന്റെ പേര്. ഇപ്പോഴും തപോമയിയെക്കുറിച്ച് ഓര്‍ക്കുമ്പോഴെല്ലാം ഞാന്‍ ഗോപാല്‍ ബറുവയെയും ഓര്‍ക്കും. അദ്ദേഹവുമായി ചെലവഴിച്ചിരുന്ന ചില സായാഹ്നങ്ങള്‍. നേരത്തേ സൂചിപ്പിച്ചതുപോലെ, ഞങ്ങള്‍ പങ്കിട്ടിരുന്ന ചില സവിശേഷമായ ഇഷ്ടവിഷയങ്ങള്‍. വിഷയങ്ങള്‍ എന്ന് ഒരാവേശത്തിനു പറഞ്ഞെന്നേയുള്ളൂ, സംഗതി ബഹുവചനമല്ല.
ശരിക്കും ഒരേ ഒരു വിഷയം. അതില്‍ ദീര്‍ഘകാലത്തെ പഠനങ്ങള്‍കൊണ്ടും പരിശീലനംകൊണ്ടും അദ്ദേഹം സ്വായത്തമാക്കിയിരുന്ന അറിവുകള്‍. ഒരിക്കലും എനിക്കു മനസ്സിലാക്കാനാവാതിരുന്ന ചില പ്രശ്നങ്ങള്‍ അദ്ദേഹം എളുപ്പം, ഒറ്റനോട്ടത്തിൽതന്നെ പരിഹരിച്ചു. നേരേ മറിച്ചുള്ള കാര്യവും ശരിയാണ്. ഗോപാല്‍ ബറുവയുടെ മരണശേഷം അദ്ദേഹത്തിന്റെ ജീവിതത്തിലെ ചില നിഗൂഢതകളെ ഇഴപിരിക്കാന്‍ ഞാന്‍ പരിശ്രമിച്ചതും ഈ പരിശീലനംകൊണ്ടായിരുന്നു. അദ്ദേഹം പറയാന്‍ മടിച്ചിരുന്ന, അല്ലെങ്കില്‍ തന്നോടൊപ്പം മണ്ണടിഞ്ഞുപോവട്ടെ എന്നു കരുതിയിരുന്ന രഹസ്യങ്ങള്‍.
ഇപ്പോള്‍ തപോമയിയുടെ ആശംസാ കാര്‍ഡ് കിട്ടിയപ്പോള്‍ ഞാനതെല്ലാം ഓര്‍ക്കുന്നു. എങ്കിലും അദ്ദേഹം മറന്നുകളയാനാഗ്രഹിച്ച ഒരു ജീവിതത്തിന്റെ ഗുഹാലിഖിതങ്ങളിലേക്കുള്ള ഒരു താക്കോല്‍വാക്യം ഇപ്പോള്‍ തപോമയിയുടെ കൈയിലും ഉണ്ടല്ലോ എന്ന ചെറിയൊരു ആശങ്ക എന്നെയിപ്പോള്‍ കുഴക്കുന്നുണ്ട്. ഒരുപക്ഷേ, അയാള്‍ അത് എവിടെനിന്നെങ്കിലും പകര്‍ത്തി എഴുതിയതാവാമെന്ന് ഞാന്‍ ആശ്വസിക്കാന്‍ ശ്രമിച്ചു. ഒരു ചെറിയ സന്ദേശത്തിനപ്പുറത്ത് കൂടുതലൊന്നും അയാള്‍ എഴുതിയിട്ടില്ലല്ലോ എന്ന ആശ്വാസം. കുറച്ചുകാലത്തെ കൗതുകം കഴിയുമ്പോള്‍ അതെല്ലാം മറന്നുപോകാം. വിശേഷിച്ചും തപോമയിയെപ്പോലെ ഇരിക്കപ്പൊറുതിയില്ലാത്ത വിധം തിരക്കുകളില്‍ മുഴുകുന്ന ഒരാള്‍.
എന്റെ സ്മരണകളില്‍ ഇപ്പോള്‍ നിറയുന്നത് തിരക്കുകള്‍ സാന്ദ്രമാക്കിയ ആ ഒരു കാലമാണ്, അന്നത്തെ അനുഭവങ്ങളാണ്. അതില്‍ തപോമയി നിറഞ്ഞുനിൽക്കുന്നു. അതേസമയം, അയാള്‍ മാത്രമായിട്ടല്ല. തപോമയി ഒപ്പം കൂട്ടിയ അഭയാർഥികളുണ്ട്. അവരുടെ ജീവിതവും അതിജീവനവുമുണ്ട്. ഓര്‍ത്തുനോക്കിയാല്‍, ഏറ്റവും വലിയൊരു അഭയാർഥി എന്നു പറയാവുന്ന ഗോപാല്‍ ബറുവയുണ്ട്. അദ്ദേഹം വിട്ടുപോന്ന ദേശങ്ങളും മനുഷ്യരും, അതുപോലെത്തന്നെ പിന്നീട് എത്തിച്ചേര്‍ന്ന ദേശങ്ങളും മനുഷ്യരുമെല്ലാം പരസ്പരം ഇഴചേര്‍ന്നു നിൽക്കുന്നു.
അതിനെല്ലാമപ്പുറത്ത്, ആത്മഭാഷണങ്ങളെന്നോ ആത്മവിചാരണകളെന്നോ ഒക്കെപ്പറയാവുന്ന രീതിയിലുള്ള ചിലതെല്ലാം എഴുതിവെക്കാന്‍ അദ്ദേഹം സ്വീകരിച്ച വിചിത്രമായൊരു ഗൂഢഭാഷയുടെ കഥകൂടിയുണ്ട്. ഇപ്പോള്‍ തപോമയി എനിക്കയച്ച സന്ദേശത്തില്‍ ഉള്ളതുപോലെ പലതരം വിചിത്ര ചിഹ്നങ്ങള്‍...
–ഏതിനും, തപോമയിയുമായുള്ള എന്റെ സൗഹൃദം ഒരു നിമിത്തമായി എന്നേ പറയാനുള്ളൂ.
അതീവശാന്തനായ ഒരു മനുഷ്യനായിരുന്നു ഗോപാല്‍ദാ. ഉപയോഗിച്ചു തേഞ്ഞുപോയ ഒരു ഉപമ എടുത്താല്‍ ബുദ്ധനെപ്പോലെ ശാന്തന്. അല്ലെങ്കില്‍ മനസ്സിലെ എല്ലാ തിരയിളക്കങ്ങളെയും നിസ്സംഗമായൊരു മുഖഭാവംകൊണ്ട് മറച്ചുപിടിക്കാന്‍ കെൽപുള്ള ഒരാള്‍. ഞാനിപ്പോള്‍ എത്രയോ ദൂരെയിരുന്ന് ഭൂമിയില്നിന്നുതന്നെയും മറഞ്ഞുപോയ ഒരാളെക്കുറിച്ചോര്ക്കുന്നു. ഓര്‍ക്കുമ്പോള്‍ എന്റെ മനസ്സില്‍ വരുന്നത് ഒരു ദൃശ്യമാണ്. പുരാതനമായ ആ വീടിന്റെ ചോര്‍ന്നൊലിക്കുന്ന വരാന്തയില്‍, ഒരറ്റത്ത് ഒരു പഴയ മരക്കസേരയിലിരുന്ന് മഴ പെയ്യുന്നതു നോക്കിക്കൊണ്ടിരിക്കുന്ന ഗോപാല്‍ ബറുവ. ഇടക്കെല്ലാം വെള്ളത്തുള്ളികള്‍ ആ ശരീരത്തില്‍ വീണുകൊണ്ടിരുന്നു.
അവ അദ്ദേഹത്തിന്റെ അയഞ്ഞ കുപ്പായത്തില്‍ നനവുള്ള ഭൂപടങ്ങള്‍ സൃഷ്ടിച്ചു. പക്ഷേ, അദ്ദേഹം ശ്രദ്ധിച്ചില്ല. ഈ പെയ്യുന്ന മഴയല്ല; പകരം പഴയ, വളരെ പ്രാചീനമായൊരു മഴയാണ് താന്‍ കാണുന്നത് എന്നായിരുന്നു അദ്ദേഹം പറഞ്ഞിരുന്നത്. വയസ്സുചെന്ന ഒരാള്‍ എന്തെങ്കിലും പറയുകയാവുമെന്നേ ഞാന്‍ അപ്പോഴെല്ലാം വിചാരിച്ചുള്ളൂ. പിന്നീട്, അദ്ദേഹത്തിന്റെ മരണശേഷമാണ് അതു സത്യമാണെന്ന് എനിക്കു മനസ്സിലായത്.
–ശരിക്കും അതൊരു പഴയ മഴ തന്നെയായിരുന്നില്ലേ? മനസ്സില്‍നിന്നും ഒരിക്കലും തോര്‍ന്നുപോകാത്ത, കാലം ചെല്ലുന്തോറും കനത്തു കനത്തു വരുന്ന അശാന്തമായ മഴ. നൂറു കുട ചൂടിയാലും അതില്‍ ഒരാള്‍ക്ക് ചോര്‍ന്നൊലിക്കാതെ വയ്യ...