തപോമയിയുടെ അച്ഛൻ
തപോമയി ബറുവയെ ആദ്യമായി കണ്ടുമുട്ടിയ ഒക്ടോബര്‍ മാസത്തിലെ ആ ഉച്ചസമയം. സ്വയം പരിചയപ്പെടുത്തിയതിനു ശേഷം അയാള്‍ തന്റെ തോള്ബാഗില്നിന്നും കുറച്ചു കടലാസുകള്‍ അടുക്കിയ ഒരു ഫയലെടുത്ത് എന്റെ മേശപ്പുറത്തു വെച്ചു. പോയ വര്‍ഷത്തെ വരവുചെലവു കണക്കുകളായിരുന്നു അത്. ഓഡിറ്റ് ചെയ്തുകിട്ടാന്‍ സമയമെടുത്തതുകൊണ്ട് കുറച്ചു വൈകിയെന്ന് അയാള്‍ പറഞ്ഞു. ഈ കണക്കുകള്‍ അംഗീകരിച്ചശേഷം മാത്രമേ അനുവദിച്ച പദ്ധതിക്കുള്ള അടുത്ത ഗഡു കൊടുക്കുകയുള്ളൂ എന്നൊരു...
Your Subscription Supports Independent Journalism
View Plansതപോമയി ബറുവയെ ആദ്യമായി കണ്ടുമുട്ടിയ ഒക്ടോബര്‍ മാസത്തിലെ ആ ഉച്ചസമയം. സ്വയം പരിചയപ്പെടുത്തിയതിനു ശേഷം അയാള്‍ തന്റെ തോള്ബാഗില്നിന്നും കുറച്ചു കടലാസുകള്‍ അടുക്കിയ ഒരു ഫയലെടുത്ത് എന്റെ മേശപ്പുറത്തു വെച്ചു. പോയ വര്‍ഷത്തെ വരവുചെലവു കണക്കുകളായിരുന്നു അത്. ഓഡിറ്റ് ചെയ്തുകിട്ടാന്‍ സമയമെടുത്തതുകൊണ്ട് കുറച്ചു വൈകിയെന്ന് അയാള്‍ പറഞ്ഞു. ഈ കണക്കുകള്‍ അംഗീകരിച്ചശേഷം മാത്രമേ അനുവദിച്ച പദ്ധതിക്കുള്ള അടുത്ത ഗഡു കൊടുക്കുകയുള്ളൂ എന്നൊരു നിബന്ധന നിലവിലുണ്ടായിരുന്നു.
‘‘ഒന്നു നോക്കൂ, എന്തെങ്കിലും കുറവുണ്ടെങ്കില്‍ നമുക്ക് ശരിയാക്കാം.’’ അയാള്‍ തുടര്‍ന്നു. ‘‘ഞാന്‍ നോക്കിയപ്പോള്‍ കാര്യമായ കുഴപ്പമൊന്നും കണ്ടില്ല. ചില രസീതികള്‍ കളഞ്ഞുപോയതിനാല്‍ ഓഡിറ്റര്‍ കുറേക്കാലം പിടിച്ചുവെച്ചു എന്നുമാത്രം. ചെറിയ തുകക്കുള്ള ബില്ലുകളാണെന്നു പറഞ്ഞിട്ടും അയാള്‍ സമ്മതിക്കേണ്ടേ? ഇപ്പോള്‍ അതിനു പകരം മുദ്രപത്രത്തിലെഴുതിയ സത്യവാങ്മൂലമുണ്ട്.’’
ആ കടലാസുകള്‍ എടുത്ത് ധൃതിയില്‍ ഒന്നു മറച്ചുനോക്കിയശേഷം ഞാന്‍ പറഞ്ഞു: ‘‘ബില്ലുകളോ രസീതികളോ ഒന്നുമല്ല പ്രശ്നം, ഇതൊന്ന് കൃത്യമായി നമ്പറിട്ട് ക്രമത്തില്‍ അടക്കിവെക്കാത്തതാണ്.’’
‘‘അതെന്റെ കുഴപ്പമാണ്’’, അയാള്‍ ചിരിച്ചു. ‘‘അത്തരം അച്ചടക്കങ്ങള്‍ എനിക്കു പറഞ്ഞിട്ടുള്ളതല്ല.’’
പിന്നെ തപോമയി ആ കടലാസുകള്‍ തിരിച്ചുവാങ്ങി ശ്രദ്ധയോടെ കെട്ടഴിച്ച് കടലാസുകള്‍ ക്രമത്തില്‍ വെക്കാന്‍ ശ്രമിച്ചു. അയാള്‍ക്കത് സാധിക്കില്ലെന്ന് എനിക്ക് ഒറ്റനോട്ടത്തില്‍ത്തന്നെ മനസ്സിലായി.
‘‘സാരമില്ല, ഫയല്‍ നോക്കുമ്പോള്‍ ഞാന്‍ ശരിയാക്കിക്കോളാം’’, ഞാന്‍ പറഞ്ഞു. പക്ഷേ, ഇത്തരത്തില്‍ കുറച്ചു ഫയലുകള്‍ മുമ്പേ വന്നിരിപ്പുണ്ട്. ഏതാണ്ട് ഒരാഴ്ചത്തെ സമയമെടുത്താലേ അവയെല്ലാം ഒന്ന് ഒതുക്കാന്‍ സാധിക്കൂ. അതു മതിയെന്ന് അയാള്‍ സമ്മതിച്ചു. സംഘടനയുടെ വിലാസവും ഫോണ്‍നമ്പറും അടങ്ങിയ ഒരു വിസിറ്റിങ് കാര്‍ഡ് അയാള്‍ എനിക്കു തന്നു. അന്ന് പൊതുവേ തിരക്കുകുറഞ്ഞ ഒരു ദിവസമായിരുന്നു. തപോമയിയുടെ പതുക്കെ നിര്‍ത്തിനിര്‍ത്തിയുള്ള, അതേസമയം ഊർജസ്വലമായ സംസാരം കേട്ടിരിക്കാന്‍ മുഷിപ്പു തോന്നിയില്ല. പറയുന്ന വിഷയങ്ങള്‍ക്ക് പുതുമയുണ്ട്. അയാള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന മേഖല അഭയാർഥികളും അവരുടെ അതിജീവനവുമൊക്കെയായിരുന്നല്ലോ. സാധാരണയായി അധികമാരും തിരിഞ്ഞുനോക്കാത്ത ഒരിടം.
ആ മേഖലയില്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങിയതിനെക്കുറിച്ച് തപോമയി പറഞ്ഞു. അവിചാരിതമായിട്ടാണ് അയാള്‍ അതില്‍ വന്നുപെട്ടത്. മുമ്പ് ദില്ലിയില്‍ത്തന്നെ അടുത്തെവിടെയോ ഒരു കോര്‍പറേറ്റ് ഓഫീസില്‍ കൗണ്‍സലര്‍ ആയി ജോലി നോക്കുകയായിരുന്നു അയാള്‍. ജോലി ചെയ്തിരുന്ന സ്ഥാപനത്തിന്റെ അടുത്തുതന്നെയായിരുന്നു ഷെല്‍ട്ടര്‍ എന്ന സന്നദ്ധസംഘടനയുടെ ഓഫീസും. അടുത്ത് എന്നുവെച്ചാല്‍ അതേ കെട്ടിടത്തില്‍ത്തന്നെ, താഴത്തെ നിലയിലെ ചെറിയൊരു മുറിയിലായിരുന്നു അവരുടെ ഓഫീസ്.
ഗിരിധര്‍ റാവു എന്നു പേരുള്ള ആജാനുബാഹുവായ ഒരു മനുഷ്യനാണ് അതു നടത്തിയിരുന്നത്. ആദ്യമെല്ലാം ഈ സംഘടനയോട് തപോമയിക്ക് ഇഷ്ടക്കുറവുണ്ടായിരുന്നു. സഹായം തേടിവരുന്ന അഭയാർഥികളുടെ ഒച്ചയും ബഹളവും കാരണം ജോലിചെയ്യാന്‍ തന്നെ ബുദ്ധിമുട്ടായിരുന്നു അവിടെ. കയറിവരുമ്പോള്‍ മുഷിഞ്ഞു കീറിയ വസ്ത്രങ്ങള്‍ ധരിച്ച ദരിദ്രരായ ആളുകള്‍ കോണിപ്പടിയില്‍ ഇരിക്കുന്നതു കാണാം. അവര്‍ ചുമയ്ക്കുന്നു, മൂക്കു പിഴിയുന്നു. ആരെങ്കിലും നടന്നുപോകുമ്പോള്‍ ഭൂമിയോളം താഴ്ന്നും കോണുകളിലേക്ക് ഒതുങ്ങിയും സ്വയം ഇല്ലാതാവാന്‍ പരിശ്രമിക്കുന്നു.
ഓഫീസ് കെട്ടിടത്തിനു മുന്നിലുമുണ്ട് കാത്തുനിൽക്കുന്ന വയസ്സന്മാര്, സ്ത്രീകള്‍, കൈക്കുഞ്ഞുങ്ങള്‍... അപരിചിതമായ ഭാഷ, പുകയിലയും മദ്യവും കലര്‍ന്ന വിയര്‍പ്പിന്റെ മണം. ആരാണ് ഇവര്‍ക്ക് ഈ മുറി അനുവദിച്ചുകൊടുത്തത്? മാന്യന്മാരായ ഇടപാടുകാര്‍ വരുമ്പോള്‍ ഈ അപശകുനങ്ങള്‍ കണ്ട് മടങ്ങിപ്പോയാലും അത്ഭുതമില്ല.
ആയിടക്ക്, ചെറിയ ഒരു സംഭാവനക്കോ മറ്റോ വേണ്ടി സന്നദ്ധസംഘടനയുടെ ചുമതലക്കാരനായിരുന്ന ഗിരിധര്‍ റാവു തപോമയി ജോലിചെയ്യുന്ന ഓഫീസില്‍ കയറിവന്നു. അവര്‍ തമ്മില്‍ മുമ്പു കണ്ടിട്ടില്ല. ഒറ്റനോട്ടത്തില്‍ത്തന്നെ എന്തോ ഒരിഷ്ടം തോന്നുന്ന ഒരാളായിരുന്നു റാവു. അറുപതിലേറെ പ്രായം കാണും, ഒത്ത ഉയരം, ശരീരം. അൽപം സ്ത്രൈണമെന്നു തോന്നിക്കാവുന്ന ശബ്ദത്തില്‍, നിര്‍ത്താതെ സംസാരിച്ചുകൊണ്ടിരിക്കും. വിവിധ ഭാഷകളില്‍ മാറിമാറിയാണ് സംസാരം.
അയാളെ പരിചയപ്പെട്ടു. പറഞ്ഞുവന്നപ്പോള്‍ ആള് നിസ്സാരക്കാരനല്ലെന്നു മനസ്സിലായി. നിരവധി വിദേശരാജ്യങ്ങളില്‍ ജോലിചെയ്തിരുന്ന ആളാണ്. ഐക്യരാഷ്ട്രസഭയുടെ സ്ഥാപനങ്ങളില്‍ വലിയ ഉദ്യോഗങ്ങള്‍ വഹിച്ചിരുന്നു. കുറേക്കാലം കഴിഞ്ഞപ്പോള്‍ എല്ലാം ഉപേക്ഷിച്ച് ദില്ലിയില്‍ വന്ന് ഇത്തരമൊരു സംഘടന ആരംഭിച്ചു. അഭയാർഥികളും അവരുടെ നാനാതരം പ്രശ്നങ്ങളുമെല്ലാം അദ്ദേഹത്തിന് പരിചയമുള്ള മേഖലയായിരുന്നു.
പിന്നീട് തപോമയി ഗിരിധര്‍ റാവുവിന്റെ ഓഫീസ് സന്ദര്‍ശിക്കുന്നതു പതിവായി. ഒഴിവുള്ളപ്പോഴൊക്കെ ചെല്ലും, എഴുത്തുപണികളില്‍ സഹായിക്കും. തിരക്കൊഴിഞ്ഞ നേരങ്ങളിലാണെങ്കില് അങ്ങാടിയില്‍ കിട്ടാവുന്ന നാനാതരം സുഗന്ധദ്രവ്യങ്ങള്‍ വെറ്റിലയില്‍ ചേര്‍ത്ത് റാവുവിന്റെ വിശാലമായ മുറുക്കുണ്ട്. വെറ്റിലമുറുക്കിന്റെ ഓര്‍ക്കെസ്ട്ര എന്നാണ് അതിന് തപോമയി കൊടുത്ത പേര്. ആ ‘സംഗീതവിരുന്നില്‍’ അയാളും പങ്കുചേരും. കുറച്ചു കഴിഞ്ഞപ്പോള്‍ റാവുവിനോടൊപ്പം ക്യാമ്പുകള്‍ സന്ദര്‍ശിക്കാന്‍ തപോമയിയും പോയി. പോകെപ്പോകെ, ഓഫീസ് കെട്ടിടത്തിനു മുന്നില്‍ വന്നുനിൽക്കുന്നത് നിഴലുകളല്ല, മനുഷ്യരാണെന്നു തിരിച്ചറിഞ്ഞു. ഒരുപക്ഷേ, ശൂന്യരായ മനുഷ്യര്‍. അവരുടെ പ്രശ്നങ്ങളില്‍ അയാളും താൽപര്യമെടുത്തുതുടങ്ങി.
‘‘ഒരുനിലക്ക് അതു സ്വാഭാവികമായിരുന്നു. ഞങ്ങള്‍ കിഴക്കന്‍ ബംഗാളില്‍നിന്നുള്ളവരാണ്. ഇത്തരം പ്രശ്നങ്ങള്‍ ഞങ്ങള്ക്കെളുപ്പം മനസ്സിലാവും,’’ തപോമയി പറഞ്ഞു. എന്നുവെച്ചാല്‍ തപോമയി പുറത്തുനിന്നു വന്നു എന്നല്ല. അയാളുടെ അച്ഛനുമമ്മയുമാണ് അങ്ങനെ വന്നവര്‍. തപോമയി ജനിച്ചത് ഇന്ത്യയില്‍ത്തന്നെയാണ്, കൊല്‍ക്കത്തയില്‍. പക്ഷേ, പൈതൃകമായി താനൊരു അഭയാർഥിയാണ്. അഭയാർഥികള്‍ക്ക് സവിശേഷമായ ജീന്‍ ഉണ്ടെങ്കില്‍ തന്റെ രക്തത്തിലും അതുണ്ടാവും. കൂടുവിട്ടു പോകേണ്ടിവരുന്ന ദേശാടനപ്പക്ഷികളുടെ ജീന്‍.
ഗിരിധര്‍ റാവു അസാമാന്യമായ മനസ്സലിവുള്ള മനുഷ്യനായിരുന്നു. അദ്ദേഹം ആളുകളെ കേട്ടു, അവരുടെ പ്രശ്നങ്ങളില്‍ ഒരു കാരണവരെപ്പോലെ ഇടപെട്ടു. അവരെ ഉപദേശിക്കുകയും ചിലപ്പോള്‍ ശകാരിക്കുകയും ചെയ്തു. മിക്കവാറും സ്വന്തം കൈയിലെ പണം ചെലവഴിച്ചുകൊണ്ടായിരുന്നു പ്രവര്‍ത്തനം. സോഷ്യല്‍ വര്‍ക്കില്‍ ബിരുദാനന്തരബിരുദമുള്ളതുകൊണ്ടും കുറേക്കാലം കൗണ്‍സലറായി ജോലിചെയ്യുന്നതുകൊണ്ടും തപോമയിക്ക് റാവുവിന്റെ പ്രവര്‍ത്തനരീതി അത്ര അപരിചിതമായി തോന്നിയില്ല. മനുഷ്യമനസ്സുകളുടെ എൻജിനീയറിങ് ആണല്ലോ സംഗതി. അങ്ങനെയിരിക്കേ, പെട്ടെന്ന് ഒരുദിവസം രക്തസമ്മർദം നിശിതമായി ഉയര്‍ന്ന് ഗിരിധര റാവു കുഴഞ്ഞുവീണു.
പക്ഷാഘാതമായിരുന്നു. എളുപ്പം ആശുപത്രിയിലെത്തിക്കാവുന്ന സ്ഥലത്തായിരുന്നില്ല അവര്‍ അപ്പോള്‍. ഒരുവശം തളര്‍ന്ന് റാവു കിടപ്പിലായി. ഒട്ടും വിശ്രമിക്കാത്ത പ്രകൃതമായിരുന്നു അദ്ദേഹത്തിന്റേത്. ‘‘മുഖം കോടിപ്പോയി. റാവുസാറിന് ആളുകളെ തിരിച്ചറിയാനാവുമായിരുന്നു. പക്ഷേ, സംസാരിക്കുമ്പോള്‍ വാക്കുകള്‍ കുഴയുന്നതുപോലെ’’, തപോമയി പറഞ്ഞു.
‘‘ഇപ്പോഴും ഉണ്ടോ?’’, ഞാന്‍ തിരക്കി.
‘‘മരിച്ചിട്ടില്ല. പക്ഷേ, അങ്ങനത്തെ ഒരവസ്ഥയിലാണ്. ഓരോ ദിവസം കഴിയുന്തോറും സ്ഥിതി മോശമായി വരുന്നു.’’
–തപോമയി പഴയ സ്ഥാപനത്തിലെ പണി വിട്ടു. സന്നദ്ധസംഘടനയുടെ ചുമതലക്കാരനായി. ഞാന്‍ അയാളെ നോക്കി. ഒരു നാൽപതു വയസ്സെങ്കിലുമുണ്ട്. നല്ല വെളുത്ത നിറം, ആറടിയിലേറെ പൊക്കം. അധികം തടിച്ചിട്ടോ മെലിഞ്ഞിട്ടോ അല്ല. പക്ഷേ, തീരെ ശോഷിച്ച കൈകള്‍. വായിക്കാനുപയോഗിക്കുന്ന തരത്തിലുള്ള വൃത്താകൃതിയിലുള്ള ഒരു കണ്ണടയാണ് മുഖത്ത്. നല്ല കട്ടിയുള്ള മീശ. കുറച്ചു ദിവസമായി ഷേവു ചെയ്യാത്തതുകൊണ്ട് വളര്ന്നുനിൽക്കുന്ന, അവിടവിടെ നരകയറിയ, അച്ചടക്കമില്ലാത്ത താടി. പുകവലിക്കുന്ന ആളാണ് എന്നുറപ്പിക്കാനാവുന്നവിധം കറുത്ത നിറം കുറേശ്ശെ ബാധിച്ച ചുണ്ടുകള്‍. ഏതിനുമുപരി, എപ്പോഴും ചിരിക്കുന്ന മുഖം. പ്രകാശിക്കുന്ന കണ്ണുകള്‍.
കണക്കുകള്‍ സമര്‍പ്പിക്കുന്നത് ആറേഴു മാസം വൈകിയിട്ടാണ് എന്നുണ്ടെങ്കിലും എനിക്കയാളോട് നീരസം പ്രകടിപ്പിക്കാന്‍ തോന്നിയില്ല. അയാള്‍ ഗിരിധര്‍ റാവുവിനെക്കുറിച്ചു പറഞ്ഞതുമാതിരി, ആളുകളെ തന്നിലേക്കാകര്‍ഷിക്കുന്ന വിചിത്രമായൊരു കാന്തം ഈ ചെറുപ്പക്കാരന്റെ കണ്ണുകളിലുണ്ട്. ഓരോ വാക്കുകൊണ്ടും ഓരോ ചിരികൊണ്ടും അയാള്‍ ചുറ്റുമുള്ളവരിലേക്കൊരു പാലം പണിയുന്നു.
വൈകാതെ വീണ്ടും വരാമെന്നു പറഞ്ഞുകൊണ്ടാണ് പോയതെങ്കിലും കുറേ നാളത്തേക്ക് അയാളെ കണ്ടതേയില്ല. പഴയ ചില കണക്കുകള്‍ തീര്‍ക്കുന്നതിന്റെ തിരക്കുകളായിരുന്നതിനാല്‍ അക്കാര്യം ഞാനും മറന്നു. അതിനേക്കാള്‍ തിടുക്കമുള്ള ചില ഫയലുകള്‍ ബാക്കിയുണ്ടായിരുന്നു. ഏതാണ്ട് രണ്ടാഴ്ച കഴിഞ്ഞപ്പോള്‍ എനിക്ക് തപോമയിയുടെ ഒരു ഫോണ്‍കോള്‍ വന്നു. അയാളാണെന്നു മനസ്സിലായപ്പോള്‍ ഫയല്‍ നോക്കുന്നതേയുള്ളൂ എന്ന് കുറച്ചൊരു ഖേദത്തോടെ ഞാന്‍ പറഞ്ഞു.
‘‘അയ്യോ, അതിനല്ല വിളിച്ചത്’’, അയാള്‍ പറഞ്ഞു. ‘‘അത് അതിന്റെ മുറപോലെ വരട്ടെ. പക്ഷേ, അന്നു സമര്‍പ്പിച്ച കടലാസുകളുടെ കൂടെ അച്ഛന്റെ ഒരു മെഡിക്കല്‍ പ്രിസ്ക്രിപ്ഷന്പെട്ടിട്ടുണ്ടോ എന്നൊരു സംശയം.’’
‘‘ഉവ്വോ, ഞാന്‍ ശ്രദ്ധിച്ചില്ല.’’ എങ്കിലും മരുന്നുകുറിപ്പടിയെപ്പോലെ അത്യാവശ്യമുള്ള ഒരു സംഗതി ഇത്രയും വൈകി അന്വേഷിക്കുന്നതില്‍ എനിക്ക് അത്ഭുതം തോന്നി. ഞാനത് കണ്ടെടുത്ത് ഉടന്‍തന്നെ ഒരു ഫോട്ടോയെടുത്ത് വാട്സ്ആപ്പില്‍ അയച്ചുകൊടുക്കാം എന്നുപറഞ്ഞു.
‘‘അതിന്റെ കാര്യമല്ല. ശരിക്കും പറഞ്ഞാല്‍ കുറിപ്പടിയല്ല പ്രശ്നം, മരുന്നൊക്കെ ഇവിടെയുണ്ട്. ഇല്ലെങ്കിലും ഡോക്ടര്‍ സുഹൃത്താണ്, എഴുതി വാങ്ങുകയും ചെയ്യാം. പക്ഷേ, അതിന്റെ പുറകില്‍ എന്തോ വരച്ചുവച്ചിട്ടുണ്ടെന്ന് അച്ഛന് പറയുന്നു.’’
‘‘വരച്ചുവയ്ക്കുകയോ?’’
‘‘അതേ. അത്ര കാര്യമൊന്നുമുള്ളതാവില്ല. എന്തൊക്കെയോ കോറിവരയ്ക്കുന്ന ഒരു പതിവുണ്ട്, എന്റെ അച്ഛന്. കുട്ടികള്‍ കാര്‍ട്ടൂണ്‍ വരയ്ക്കുന്നതുപോലെ ചിലതൊക്കെ. ഒരു കാര്യവുമുള്ളതല്ല. പക്ഷേ, പണ്ടേയുള്ള ശീലമാണ്. വയസ്സായപ്പോള്‍ കുറുമ്പു കൂടിവരുന്നു. ചിലതൊക്കെ വരച്ചാല്‍ ഉടന്‍തന്നെ കീറിക്കളയുകയും ചെയ്യും. ഇതു വിട്ടുപോയെന്നാണ് പറയുന്നത്. ഇപ്പോള്‍ എങ്ങനെയോ ഓർമവന്നു. പിന്നെ അതിനുള്ള തിരച്ചിലായി. കിട്ടിയില്ലെങ്കില്‍ കുട്ടികളുടെ പോലെ വാശിയാണ്. ഒന്നും പറയേണ്ടാ.’’
‘‘സാരമില്ല. ഞാന്‍ നോക്കിവക്കാം. നാളെ പോന്നോളൂ.’’
‘‘ഇനി അതുകിട്ടി കീറിക്കളഞ്ഞിട്ടേ അച്ഛനു സമാധാനമുള്ളൂ. ബുദ്ധിമുട്ടിക്കുന്നതില്‍ ക്ഷമിക്കണം’’, തപോമയി പറഞ്ഞു. ‘‘ഒരു നിവൃത്തിയും ഇല്ലാഞ്ഞിട്ടാണ്.’’
‘‘ഏയ്, ബുദ്ധിമുട്ടൊന്നുമില്ല’’, ഞാന്‍ പറഞ്ഞു. ‘‘അല്ലെങ്കില്‍ത്തന്നെ, ആ ഫയല്‍ എടുക്കേണ്ട സമയമായി.’’
ഞാന്‍ അന്നുതന്നെ ആ ഫയല്‍ തിരഞ്ഞെടുത്തുവെച്ചു. ഭാഗ്യത്തിന് അന്നു സമര്‍പ്പിച്ച കടലാസുകള്‍ക്കിടയില്‍ തപോമയിയുടെ അച്ഛന്റെ പേരെഴുതിയ ഒരു മരുന്നു കുറിപ്പടിയുമുണ്ടായിരുന്നു. ഡോക്ടര്‍ തപസ് സര്‍ക്കാര്‍ എന്നു പേരുള്ള ഒരു ഡോക്ടറുടേതാണ് ലെറ്റര്‍ പാഡ്. വീണ്ടും ഒരു ബംഗാളി. ഈ ഡോക്ടര്‍ക്ക് ഒരു പേജിലൊതുങ്ങാത്തത്രയും ബിരുദങ്ങളുണ്ട്. ദേശവിദേശ ബിരുദങ്ങള്‍, ഫെലോഷിപ്പുകള്‍.
വിദ്യാഭ്യാസം കൂടിയ മുറക്ക്, സ്വാഭാവികമായും കുറിപ്പടിയില്‍ രോഗിയുടെ പേര് എഴുതിയത് വായിക്കാന്‍ കഠിനശ്രമം വേണ്ടിവന്നു. മരുന്നുകളുടെ പേരുകളാവട്ടെ, ഒട്ടും വായിക്കാനാവില്ല. ഏതായാലും ആ കടലാസിലാണ് തപോമയിയുടെ അച്ഛന്റെ പേര് ആദ്യമായി ഞാന്‍ വായിക്കുന്നത്: ജി. ബറുവ, വയസ്സ് എഴുപത്തിയേഴ്. (അതോ എഴുപത്തിയൊമ്പതോ? ഡോക്ടറുടെ കൈയക്ഷരം കഠിനം.)
കൗതുകംകൊണ്ട് മരുന്നു കുറിപ്പടിയുടെ മറുപുറത്തേക്കു നോക്കി. തപോമയി പറഞ്ഞതുപോലെ എന്തെല്ലാമോ കോറിവരച്ചിട്ടിരിക്കുന്നു. അപ്പോള്‍ ലാൻഡ്ലൈനില്‍ എനിക്കൊരു ഫോണ്‍വന്നു. ഞാന്‍ ആ കടലാസ് മേശപ്പുറത്തു വെച്ചശേഷം ഫോണെടുത്തു. മറ്റൊരു സന്നദ്ധസംഘടനയില്നിന്നുള്ള ഒരാളായിരുന്നു. സംഭാഷണം നീണ്ടുപോയി. ഫോണ്‍ സംഭാഷണത്തിനിടക്ക് ആ കുറിപ്പിലേക്ക് അറിയാതെ നോക്കി.
അത്ഭുതം! അപ്പോള്‍ ആ കോറിവരച്ചിട്ടിരിക്കുന്നത് കാര്‍ട്ടൂണോ കുത്തിവരകളോ ഒന്നുമല്ലെന്ന് എനിക്കു മനസ്സിലായി. രണ്ടു വരികളിലായി കുറേ ചിത്രങ്ങളുടെ നിര. കുറേക്കാലമായി എനിക്കു പരിചയത്തിലുള്ള പുരാതനമായ ചിഹ്നലിപികളില് ചിലത് ആ എഴുത്തിലുണ്ടായിരുന്നു. ആ വിസ്മയത്തിന്റെ പരിഭ്രമം മാറാന്‍ കുറച്ചു സമയമെടുത്തു. അപ്പുറത്തു സംസാരിച്ചുകൊണ്ടിരുന്നയാളോട് ക്ഷമ പറഞ്ഞുകൊണ്ട് ഞാന്‍ ഫോണ്‍ പൊടുന്നനെ വെച്ചു.
ഞാന്‍ ഒന്നുകൂടി നോക്കി. മുഴുവനായും പുരാതന ലിപികളൊന്നുമല്ല. എന്നാലും ചുരുങ്ങിയത് മൂന്നെണ്ണം സൈന്ധവനാഗരികതയിലെ ചിഹ്നങ്ങള്‍തന്നെയാണ്. മത്സ്യത്തിന്റെയും ആല്മരത്തിന്റെയും ഭാരമെടുക്കുന്ന മനുഷ്യന്റെയും ചിത്രങ്ങള്‍. മറ്റുള്ളവയില്‍ പലതും പുതിയകാലത്തെ ചിഹ്നങ്ങളാണ്. ഓഫീസ് വിട്ടുപോകുമ്പോള്‍ ഒരു കൗതുകത്തിന് ഞാന്‍ ആ കടലാസ് കൈയിലെടുത്തു. അതു വായിക്കാനായുള്ള പരിശ്രമവുമായി അന്നു രാത്രി വളരെ വൈകിയാണ് ഞാന്‍ കിടന്നത്. പിറ്റേന്നു കാലത്തുതന്നെ തപോമയി വന്നു. അതിനു മുന്നേ കുറിപ്പ് എന്റെ കൈവശമുണ്ടെന്നുള്ളത് ഞാന്‍ സന്ദേശമയച്ചതുകൊണ്ട് അയാള്‍ വലിയ ഉത്സാഹത്തിലായിരുന്നു. ‘‘ആ വിവരം കിട്ടിയപ്പോഴാണ് ഞാനൊന്നുറങ്ങിയത്’’, അയാള്‍ പറഞ്ഞു. ‘‘അച്ഛനാണെങ്കില്‍ കുറിപ്പു തിരികെ കിട്ടാതെ സമാധാനം തരില്ല.’’
‘‘അതിനുമാത്രം അത്ര പ്രധാനപ്പെട്ട കാര്യമൊന്നുമല്ലല്ലോ ഇതില്‍ എഴുതിയിരിക്കുന്നത്’’, ഞാന്‍ പറഞ്ഞു. ഞാന്‍ വായിച്ചതു ശരിയാണോ എന്നൊരു ഉദ്വേഗം എന്റെ മനസ്സിലുണ്ടായിരുന്നു.
‘‘എഴുതിയിരിക്കുകയോ! ഹഹഹ.’’ തപോമയി ചിരിച്ചു. ‘‘കോറിവരയ്ക്കുന്നത് എഴുത്താണോ! വെറുതെ വയസ്സുചെല്ലുമ്പോഴുള്ള ചില ഭ്രാന്തുകള്‍!’’
‘‘പക്ഷേ, ഈ കോറിവരച്ചിട്ടിരിക്കുന്നത് എഴുത്താണ് തപോമയീ’’, ഞാന്‍ പറഞ്ഞു. ‘‘ചില ആദിമഭാഷകളുടെ ലിപികളുമായി സാമ്യമുള്ള ചിഹ്നങ്ങള്‍ കലര്‍ത്തിയുണ്ടാക്കിയ ഒരു ഗൂഢഭാഷ അദ്ദേഹത്തിന് അറിയാമെന്നു തോന്നുന്നു.’’
‘‘ഓ! അങ്ങനെ ചില കുസൃതികളില്‍ അദ്ദേഹത്തിന് താൽപര്യമുണ്ടായിരുന്നു, പണ്ടും. ഞങ്ങളുടെ ഇപ്പോഴത്തെ വീടിന്റെ ഉടമസ്ഥനാണ് അച്ഛനെ ഈ തമാശ പഠിപ്പിച്ചത്. ആദ്യകാലത്ത് അദ്ദേഹത്തോടൊപ്പം ചില മ്യൂസിയങ്ങളിലൊക്കെ പോകുമായിരുന്നു. കുറേ പഴയ നാണയങ്ങളും സാധനങ്ങളുമൊക്കെ ശേഖരിച്ചുവച്ചിട്ടുണ്ട്. വയസ്സായപ്പോള്‍ അതെടുത്തു തിരിച്ചും മറിച്ചും നോക്കിക്കൊണ്ടിരിക്കലാണ് പ്രധാന ഹോബി. നടക്കാനൊന്നും വയ്യ. എന്നാലും ഈയൊരു ഭ്രാന്തിനുവേണ്ടി എന്നെയെത്ര ശല്യംചെയ്തു എന്നറിയാമോ!’’
‘‘അങ്ങനെ ശല്യംചെയ്യാന്‍ മാത്രം ഗൗരവമുള്ള കാര്യമൊന്നുമല്ലെന്നു തോന്നുന്നു. പക്ഷേ, ഒന്നു ചോദിക്കട്ടെ: അദ്ദേഹത്തിന് ജ്യോതിഷം അറിയാമോ?’’
‘‘ഒരിക്കലുമില്ല. എന്താ ചോദിച്ചത്?’’
‘‘ഇതില്‍ അങ്ങനെയൊരു പ്രവചനമാണ് എഴുതിയിട്ടുള്ളത്.’’ ‘‘ഓഹോ! അപ്പോള്‍ നിങ്ങള്‍ക്കും ഈ തലയിലെഴുത്തു വായിക്കാന്‍ കഴിയുമോ? അതു കൊള്ളാമല്ലോ’’, തപോമയി അത്ഭുതത്തോടെ എന്നെ നോക്കി.
‘‘അൽപസ്വൽപം തലയിലെഴുത്ത് ഞാനും പഠിച്ചിട്ടുണ്ട്.’’
‘‘ആണോ! എന്നാല്‍ പറയൂ, എന്താ അച്ഛന് എഴുതിവച്ചിരിക്കുന്നത്?’’
ഞാന്‍ കടലാസെടുത്ത് നോക്കി, സാവധാനം വായിച്ചു: ‘‘Bitter Drug... കയ്പുള്ള മരുന്ന്... ആദ്യവരി അങ്ങനെയാണ്.’’ അതുകേട്ടതും തപോമയി ഉറക്കെ ചിരിച്ചു. അയാള്‍ അങ്ങനെ ചിരിക്കാന്‍ മാത്രം എന്താണ് അതിലെ ഫലിതം എന്ന് എനിക്കു മനസ്സിലായില്ല.
അയാള്‍ പറഞ്ഞു. ‘‘ഈ അച്ഛന്റെ ഒരു കാര്യം! ഇത്ര പ്രായമായിട്ടും മരുന്നു കുടിക്കാന്‍ മടിയാണ്. കയ്പാണത്രേ! ഡോക്ടറാണെങ്കില് എപ്പോഴും പഴയ തരത്തിലുള്ള ചില മരുന്നുകളാണ് എഴുതുക. പ്രത്യേക കടകളിലേ കിട്ടൂ. പലതും ദ്രാവകരൂപത്തിലുള്ള, ഇപ്പോള്‍ അധികമാരും ഉപയോഗിക്കാത്ത തരം മരുന്നുകള്‍. കൊടുംകയ്പാണ് അവയ്ക്കെല്ലാം. ഗുളികരൂപത്തില്‍ രോഗം മാറേണ്ടാ എന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. ആട്ടേ, ബാക്കിയെന്താ എഴുതിയിരിക്കുന്നത്?’’
വായന വലത്തുനിന്നും ഇടത്തേക്കായിരുന്നു. രണ്ടാമത്തെ വരിയില്‍ ബാക്കിവന്ന അക്ഷരങ്ങള്‍ ഇടതുഭാഗത്ത് അടുത്ത വരിയിലായി എഴുതിയിരിക്കുന്നതു കണ്ടാല്‍ അതു മനസ്സിലാക്കാം. ഞാന്‍ അടുത്ത വരി വായിച്ചു. ‘‘അയാള്‍ എന്നേക്കാള്‍ മുമ്പ് മരിച്ചുപോകും... പ്രവചനം തന്നെയല്ലേ?’’ He will die before I d...
അവസാനത്തെ വാക്ക് കടലാസിന്റെ അറ്റത്താണ്, വ്യക്തമല്ല. do എന്നോ die എന്നോ ആവണം. രണ്ടായാലും അർഥം അതുതന്നെ. വലത്തുനിന്നും ഇടത്തോട്ടാണ് എഴുത്ത്. കണ്ടില്ലേ, രണ്ടാമത്തെ വരിയില്‍ സ്ഥലം പോരാഞ്ഞിട്ട് താഴെ വലത്തേ അറ്റത്തല്ലേ ബാക്കി എഴുതിയിരിക്കുന്നത്?’’
തപോമയി ചിരി നിയന്ത്രിക്കാനാവാതെ മുഖം പൊത്തി കുനിഞ്ഞിരുന്നു. അൽപം കഴിഞ്ഞപ്പോള്‍ ചിരിക്കിടയില്നിന്നുതന്നെ സംഗതി വിശദീകരിച്ചു. ‘‘ഡോക്ടറാണല്ലോ അച്ഛനെ സ്ഥിരം ചികിത്സിക്കുന്നത്! അച്ഛന്റെ പഴയ സ്നേഹിതനാണ്. ഇതെല്ലാം അവര്‍ തമ്മിലുള്ള ഗുസ്തിയാണ്. ദിവസവും ഡോക്ടര്‍ അങ്കിള്‍ വീട്ടില്‍ വരും. ചീട്ടു കളിക്കാന്‍ വരുന്നതാണ്. വലിയ സ്നേഹിതരാണെന്നു പറഞ്ഞിട്ടെന്താ, സ്ഥിരം എന്തെങ്കിലും കാണും, അവര്‍ക്കു തര്‍ക്കിക്കാന്‍. ഈ കയ്പന്‍ മരുന്ന് തന്നെ കുടിപ്പിക്കുന്നതിനുള്ള ദേഷ്യമാണ് ആ എഴുതിവച്ചിരിക്കുന്നത്.’’
അപ്പോള്‍ എനിക്കും ചിരിവന്നു. കുട്ടികളുടേതുപോലെത്തന്നെ, തപോമയിയുടെ അച്ഛന്. മരുന്നു കുടിക്കാനുള്ള മടി. ഡോക്ടര്‍ നിർബന്ധം പിടിക്കുമ്പോഴുള്ള രോഷം കാരണം അദ്ദേഹത്തിന് മരണം ആശംസിച്ചിരിക്കുകയാണ്. ആരും മനസ്സിലാക്കാതിരിക്കാന്‍ അത് ഒരു ഗൂഢലിപിയില്‍ എഴുതിവെച്ചിരിക്കുന്നു. സംഗതി വലിയ രസമുള്ളതാണെന്ന് എനിക്കു തോന്നി.
‘‘പക്ഷേ, ഇക്കാര്യം സാധാരണ ആരു വായിക്കാനാണ്?’’ ഞാന്‍ ചോദിച്ചു.
‘‘ആരും വായിക്കുകയില്ല’’, തപോമയി പറഞ്ഞു. ‘‘ഇതൊക്കെ വായിക്കാന്‍ കഴിയും എന്നുതന്നെ എനിക്കറിയാമായിരുന്നില്ല.’’
‘‘പക്ഷേ, ഡോക്ടര്‍ സര്‍ക്കാറിന് സാധിക്കുമോ?’’
‘‘എവിടുന്ന്! അദ്ദേഹത്തിന് അതിലും വലിയ ഗൂഢഭാഷയില്ലേ? പ്രിസ്ക്രിപ്ഷന് എഴുതുന്നത് അതിലാണ്. വായിക്കണമെങ്കില്‍ പത്തിരുപതു കിലോമീറ്റര്‍ ദൂരെയുള്ള ഒരു ഫാര്‍മസിസ്റ്റിന്റെ അടുത്തുതന്നെ പോകണം. അയാളുടെ കൈയിലേ ഈ മരുന്നുള്ളൂ. എന്റെ അറിവില്‍പ്പെട്ടിടത്തോളം അച്ഛന് എഴുതുന്ന ഭ്രാന്ത് വായിക്കുന്ന ആരും ഇല്ല.’’
‘‘ഇതാ, ഒരാള്‍.’’ ഞാന്‍ സ്വയം ചൂണ്ടിക്കൊണ്ടു ചിരിച്ചു. ‘‘കുറച്ചുകാലമായി എനിക്ക് കുറച്ചുണ്ട്, ഈ ഭ്രാന്ത്. പക്ഷേ, എന്റെ വിവരം കഷ്ടിയാണ്. ചില പുസ്തകങ്ങളില്‍നിന്നും നോക്കിപ്പഠിച്ചതാണ്.’’
അങ്ങനെ ആര്‍ക്കും വായിക്കാനാവാത്ത ഒരു കുറിപ്പ് തനിക്കു തിരിച്ചുകിട്ടണമെന്ന് തപോമയിയുടെ അച്ഛന് എന്തിനാണ് വാശി പിടിക്കുന്നത് എന്നുമാത്രം എനിക്കു മനസ്സിലായില്ല. മാത്രവുമല്ല, അദ്ദേഹം എഴുതിയിരിക്കുന്നത് ഏറക്കുറെ ഒരു ഫലിതമാണല്ലോ. ഡോക്ടര്‍ സര്‍ക്കാര്‍ വായിച്ചാലും ചിരിച്ചേക്കും.
‘‘അതിലൊരു കാര്യമുണ്ട്’’, എന്റെ ചോദ്യം ഊഹിച്ചതുപോലെ തപോമയി പറഞ്ഞു. ‘‘ഞാനതു വായിക്കും എന്നാണ് മൂപ്പരുടെ പേടി. അങ്ങനെയൊരു സംശയം അദ്ദേഹത്തിനു മുമ്പേയുണ്ട്. ഞാന്‍ ഇതെല്ലാം പഠിച്ചെടുത്തിരിക്കുന്നു എന്ന, ഒരു കാരണവുമില്ലാത്ത സംശയം.’’
‘‘വായിച്ചാല്‍ത്തന്നെ എന്താണ് കുഴപ്പം?’’
‘‘കുഴപ്പമൊന്നുമുണ്ടായിട്ടല്ല. പക്ഷേ, ഇപ്പോള്‍ കണ്ടില്ലേ, തമാശ! ഇങ്ങനെ അച്ഛന്റെ ചില വികൃതികള്‍ മകന് വായിച്ചാലോ എന്ന ജാള്യമാവും. എല്ലാം ഒരാവേശത്തിന് എഴുതിവക്കുന്നതാണല്ലോ.’’
‘‘നിങ്ങള്‍ക്കു പഠിക്കണമെന്നു തോന്നിയിട്ടില്ലേ?’’
‘‘എന്തിന്! എന്റെ കാര്യങ്ങള്‍ തന്നെ വായിക്കാന്‍ നേരമില്ല. പിന്നെയാണ് ഈ നേരമ്പോക്കുകള്‍.’’ തപോമയി കുറച്ചുനേരം ആലോചിച്ചശേഷം പറഞ്ഞു. ‘‘ചെറുപ്പത്തില്‍ ഒരു കൗതുകമൊക്കെ തോന്നിയിരുന്നു. അച്ഛന് എന്താണീ കുത്തിവരയ്ക്കുന്നത് എന്ന തോന്നല്‍. വളര്‍ന്നപ്പോള്‍ അത്തരം തമാശകളിലൊക്കെയുള്ള അത്ഭുതം പോയി. എഴുതുന്നുണ്ടെങ്കില്‍ത്തന്നെ നേരാംവണ്ണം എഴുതിയാല്‍ പോരേ? എന്തിനാണ് ഈ സാഹസം?’’
‘‘ഒരു ഗെയിം പോലെയാണ് അതൊക്കെ. അതിന്റെ പിറകേ നീങ്ങിയാല്‍ സമയം പോകുന്നത് അറിയില്ല.’’
‘‘കുട്ടികളല്ലേ ഗെയിമൊക്കെ കളിക്കുക! ഞാന്‍ നോക്കിയിട്ട് ചെറുപ്പത്തിലെ ഉത്സാഹം കെട്ടുപോകാത്ത ഒരേ ഒരാള്‍ എന്റെ അച്ഛനാണ്. ഇത്തരം ചില പുസ്തകങ്ങളോ എഴുത്തുകളോ ഒക്കെ കിട്ടിയാല്‍ മതി, ദിവസം മുഴുവന്‍ ഇരുന്നോളും. വേണമെങ്കില്‍ അത്തരം ചില കുത്തിവരകള്കൊണ്ട് നോട്ടുപുസ്തകങ്ങള്‍ തന്നെ നിറയ്ക്കും’’, തപോമയി ചിരിച്ചു. ‘‘ചിലപ്പോള്‍ അച്ഛനും ഒരു കുഞ്ഞിനെപ്പോലെയായി മാറിയിരിക്കും അല്ലേ? പ്രായം ചെല്ലുന്തോറും മനുഷ്യര്‍ക്ക് കുട്ടികളുടെ പെരുമാറ്റമല്ലേ? വാശി, ശാഠ്യം, പിണക്കം... അങ്ങനെ...’’ ഞാന്‍ മറുപടി പറയാതെ തപോമയിയെ നോക്കുകമാത്രം ചെയ്തു.
‘‘അല്ല, അങ്ങനെയാവണം എന്നുമില്ല. ഓരോരുത്തര്‍ക്കും ഓരോ ഭ്രമങ്ങള്‍... ഞാനിപ്പോള്‍ കോര്‍പറേറ്റ് ജോലിയൊക്കെ കളഞ്ഞ് ഏതോ നാട്ടില്‍നിന്നും കെട്ടുകെട്ടിവന്നവരെ സഹായിക്കാന്‍ നടക്കുന്നില്ലേ? അച്ഛന് നോക്കുമ്പോള്‍ ഭ്രാന്ത് എനിക്കാണെന്നും തോന്നാം.’’
തപോമയിയുടെ അച്ഛനെ ഒന്നു പരിചയപ്പെടണമെന്ന് അപ്പോള്‍ എനിക്കു തോന്നി. അക്കാര്യം ഞാന്‍ സൂചിപ്പിക്കുന്നതിനു മുമ്പേ അയാള്‍ പറഞ്ഞു, ‘‘പക്ഷേ, ഇതൊരു അത്ഭുതമാണു കേട്ടോ. ഈ കുത്തിവരകള്‍ വായിക്കാനറിയാവുന്ന വേറൊരാളും ഈ നഗരത്തിലുണ്ടാവില്ല. ഒരുദിവസം വരാമോ? ഞാന്‍ അച്ഛന്റെയടുത്തു കൊണ്ടുപോയി അദ്ദേഹത്തെ പരിചയപ്പെടുത്താം.’’