തപോമയിയുടെ അച്ഛൻ
അതിനുശേഷം ദീപാവലിയുടെ തിരക്കുകളായി. പലരും ദീര്‍ഘകാലത്തെ അവധിയില്‍ പോയി. ഇടഞ്ഞ ഫണ്ടിന്റെയും അതിന്റെ പദ്ധതികളുടെയും ചര്‍ച്ചകള്‍ തൽക്കാലം മാറ്റിെവക്കേണ്ടിവന്നു. കുറച്ചു നാളത്തെ ഇടവേളക്കുശേഷം – നവംബര്‍ അവസാനത്തിലാവണം – തപോമയി ബറുവ അയാള്‍ക്കൊപ്പം പ്രവര്‍ത്തിക്കുന്ന മറ്റൊരു ചെറുപ്പക്കാരനെയും കൂട്ടി ഓഫിസില്‍ വന്നു. തണുപ്പുകാലം ആരംഭിച്ചിരുന്നു. ആളുകള്‍ പതുക്കെപ്പതുക്കെ കമ്പിളിക്കുപ്പായങ്ങളിലേക്കു മാറിത്തുടങ്ങി. തപോമയി പക്ഷേ,...
Your Subscription Supports Independent Journalism
View Plansഅതിനുശേഷം ദീപാവലിയുടെ തിരക്കുകളായി. പലരും ദീര്‍ഘകാലത്തെ അവധിയില്‍ പോയി. ഇടഞ്ഞ ഫണ്ടിന്റെയും അതിന്റെ പദ്ധതികളുടെയും ചര്‍ച്ചകള്‍ തൽക്കാലം മാറ്റിെവക്കേണ്ടിവന്നു. കുറച്ചു നാളത്തെ ഇടവേളക്കുശേഷം – നവംബര്‍ അവസാനത്തിലാവണം – തപോമയി ബറുവ അയാള്‍ക്കൊപ്പം പ്രവര്‍ത്തിക്കുന്ന മറ്റൊരു ചെറുപ്പക്കാരനെയും കൂട്ടി ഓഫിസില്‍ വന്നു.
തണുപ്പുകാലം ആരംഭിച്ചിരുന്നു. ആളുകള്‍ പതുക്കെപ്പതുക്കെ കമ്പിളിക്കുപ്പായങ്ങളിലേക്കു മാറിത്തുടങ്ങി. തപോമയി പക്ഷേ, അതു ഗൗനിച്ചിട്ടില്ലെന്നു കണ്ടു. അയാള്‍ പതിവുപോലെ കൈയിറക്കമില്ലാത്ത ഒരു ടീഷര്‍ട്ടാണ് ധരിച്ചിരുന്നത്. തലയിലെ തൊപ്പിയും കാണാനില്ല. ഒപ്പം വന്ന ചെറുപ്പക്കാരനാകട്ടെ, ഇന്സേര്ട്ട് ചെയ്ത തന്റെ ഷര്‍ട്ടിന്റെ കൈകള്‍ കൈയറ്റത്തോളം നീട്ടി ബട്ടണുകളിട്ട് കുറച്ചൊരു ഔദ്യോഗികമട്ടിലായിരുന്നു. എന്നാല്‍ ചുളിവുകളുള്ള, മുഷിഞ്ഞ വസ്ത്രങ്ങളാണ്. സൂക്ഷിച്ചുനോക്കിയാല്‍ അവിടവിടെ കീറിയ ഭാഗങ്ങള്‍ തുന്നിച്ചേര്ത്തിരിക്കുന്നതു കാണാമായിരുന്നു.
തപോമയി ഇരുന്നിട്ടും കൂടെവന്ന ചെറുപ്പക്കാരന് നിന്നതേയുള്ളൂ. മുന്നിലിട്ട കസേരകള്‍ തന്നെ ഉദ്ദേശിച്ചിട്ടുള്ളവയല്ലെന്നോ അല്ലെങ്കില്‍ അത്തരം കസേരകളില്‍ താന്‍ ഇരിക്കാന്‍ അര്‍ഹനല്ലെന്നോ ഉള്ള മട്ടിലായിരുന്നു അയാള്‍. സംഭാഷണത്തിനിടക്ക് അക്കാര്യം തപോമയി ശ്രദ്ധിച്ചിട്ടുണ്ടായിരുന്നില്ലെന്നു തോന്നി. ചെറുപ്പക്കാരന് അയാളെയും നോക്കിയില്ല. അവിടെ, ആ മുറിയില്‍ നിൽക്കുമ്പോഴും അയാള്‍ മറ്റെവിടെയോ ആണെന്നു തോന്നും. നേര്‍ക്കുനേര്‍ നോക്കാന്‍ അയാള്‍ മടിച്ചു. ‘ഷെല്‍ട്ടര്‍’ എന്ന സംഘടനക്ക് ബാക്കി കൊടുക്കാനുള്ള പണത്തിന്റെ കാര്യം ഒന്നുമായിട്ടില്ലെന്ന് ഞാന്‍ പറഞ്ഞു. ഫയലുകളെല്ലാം തയാറാക്കിയിട്ടുണ്ട്. എന്നാല്‍, നീണ്ട അവധി കാരണം പല സീറ്റുകളിലും ആളില്ല. ഇനി ഉത്സവം കഴിഞ്ഞ് ഒാരോരുത്തരായി തിരിച്ചുവരണം.
‘‘എനിക്കറിയാം. അത് അതിന്റെ സമയമെടുക്കട്ടെ’’, അയാള്‍ പറഞ്ഞു, ‘‘ഇപ്പോള്‍ വേറൊരു പരിപാടിയുമായിട്ടാണ് ഞങ്ങള്‍ വന്നിരിക്കുന്നത്.’’ തപോമയി ‘ഞങ്ങള്‍’ എന്നുപറഞ്ഞപ്പോള്‍ കൂടെവന്ന ചെറുപ്പക്കാരന് മുഖംകുനിച്ച് പേടികലര്‍ന്ന ഒരു ലജ്ജയോടെ ചിരിച്ചു. അപ്പോഴാണ് അയാള്‍ നിൽക്കുകയാണല്ലോ എന്നു തപോമയി അറിയുന്നത്.
വീണ്ടും നിർബന്ധിച്ചപ്പോള്‍ അയാള്‍ ഇരിപ്പുറക്കാത്തമട്ടില് ഇരുന്നു. നേരിയ പരിഭ്രമത്തോടെ ചിരിച്ചു. മെലിഞ്ഞ ശരീരമാണ് അയാള്‍ക്ക്. സാമാന്യത്തിലധികം നീളം കൂടിയ കാലുകളും താരതമ്യേന നീളം കുറഞ്ഞ കൈകളും. കുട്ടികളുടേതുപോലുള്ള ചെറിയ കൈപ്പത്തികള്‍. ഫ്രെയിമുകളിലെ ചായം അടര്‍ന്നുപോയ വലിയൊരു വട്ടക്കണ്ണട മുഖത്തുണ്ട്. കാഴ്ചശേഷിയിലെ അപാകത സൂചിപ്പിക്കുന്ന മട്ടില്‍ കണ്ണടയുടെ ചില്ലുകള്‍ക്കു നല്ല കട്ടിയുണ്ടായിരുന്നു. ആഴത്തിലാണ് ആ കണ്ണുകള്‍. പതിഞ്ഞ മൂക്ക്. മീശ വടിച്ചുകളഞ്ഞ, പ്രായം കൃത്യമായി നിര്‍ണയിക്കാനാവാത്ത മുഖം. ശരീരത്തിന് നേര്‍ത്ത മഞ്ഞനിറം. കഷണ്ടി കയറിയിരിക്കുന്നു.
തന്റെ പുതിയ പദ്ധതിയെക്കുറിച്ച് എഴുതിയിട്ടുള്ള ഒരു കടലാസ് തപോമയി എനിക്കു നീട്ടി. ഏതാനും വരികള്‍ മാത്രമേ അതില്‍ എഴുതിയിട്ടുണ്ടായിരുന്നുള്ളൂ. അതു വളരെ ലളിതമായിരുന്നു. ശീതകാലം ആരംഭിക്കുകയാണ്. അഭയാർഥി ക്യാമ്പിലുള്ള കുട്ടികള്‍ക്കും വയസ്സുചെന്നവര്ക്കും പുതക്കാന്‍ കുറേ കമ്പിളിപ്പുതപ്പുകള്‍ വാങ്ങണം.
‘‘എത്ര പേര്‍ക്കാണ് നിങ്ങള്‍ ഉദ്ദേശിക്കുന്നത്?’’, ഞാന്‍ ചോദിച്ചു.
‘‘ഇരുനൂറ്. അല്ലേ?’’, തപോമയി അപ്പോള്‍ ആ ചെറുപ്പക്കാരന്റെ നേര്‍ക്കു തിരിഞ്ഞുനോക്കിക്കൊണ്ടു ചോദിച്ചു, ‘‘അതായത് മൊത്തം ആളുകളുടെ പാതി വരും. ബാക്കിയുള്ളവര്‍ക്കായി ഞങ്ങള്‍ വേറൊരു സ്പോണ്‍സറെ കൂടി അന്വേഷിക്കുന്നുണ്ട്.’’
ഇതത്ര വലിയ സാമ്പത്തികബാധ്യത വരുന്ന ഒന്നല്ലല്ലോ എന്നോര്‍ത്തു. ഒരു പ്രോജക്ട് എന്നുതന്നെ പറയാനും മാത്രമില്ല. എങ്കില്‍ക്കൂടിയും മറ്റൊരു പദ്ധതി നിലവിലുള്ളപ്പോള്‍ പുതിയ ഒന്ന് നടക്കുമോ എന്നു സംശയം തോന്നി. ഇപ്പോഴുള്ള സഹായത്തിന്റെ കാര്യത്തില്‍ത്തന്നെ മേലധികാരികളില്‍ പലരും അനുകൂലമല്ല. ഒന്നാമത്, സന്നദ്ധസേവനത്തിനാണ് പണം കൊടുക്കുന്നതെങ്കിലും കമ്പനിയുടെ പേരുകൂടി അതിലൂടെ ശ്രദ്ധിക്കപ്പെടണം എന്ന് സ്വാഭാവികമായും അവര്‍ക്കു താൽപര്യമുണ്ടാവുമല്ലോ. ഫ്ലക്സ് ബോര്‍ഡുകള്‍, ഉദ്ഘാടനത്തിന്റെ ആഘോഷം, താരരാഷ്ട്രീയക്കാരുടെ സാന്നിധ്യം, മാധ്യമങ്ങളിലെ വാര്‍ത്തകള്‍: ഇവിടെ അതിനൊന്നും ഒരു സാധ്യതയുമില്ല.
വോട്ടവകാശം പോലുമില്ലാത്ത ഏറ്റവും ദരിദ്രരായ മനുഷ്യര്‍ക്കിടയില്‍ പണം ചെലവഴിക്കുമ്പോള്‍ എന്തു കാര്യം! അതിലൂടെ കമ്പനിയുടെ ഉൽപന്നങ്ങള്ക്ക് എന്തു ശ്രദ്ധ കിട്ടാനാണ്? ഡയറക്ടര്‍മാരിലൊരാള്‍ അനുകമ്പ പ്രകടിപ്പിച്ചതുകൊണ്ടുമാത്രം മുന്നോട്ടുപോയതാണ് ഇപ്പോഴുള്ള പദ്ധതി. രണ്ടാമത്തെ കാര്യം, തപോമയി അപേക്ഷ വെച്ചിട്ടുള്ള അഭയാർഥി സമൂഹത്തോട് ഒരു പ്രതിപത്തി സര്ക്കാര്തലത്തില്ത്തന്നെയില്ല. ചിലര്‍ സാമൂഹ്യ മാധ്യമങ്ങളില്‍ അവരെ കുറ്റവാളികളായും ഭീകരരായും മുദ്രകുത്തുന്നു. ആ സാഹചര്യത്തില്‍ അവരെ സഹായിക്കുന്നത് സംശയത്തിനിടവരുത്തുമോ എന്ന ഭീതിയാണ് എല്ലാവര്ക്കും.
‘‘ഒന്ന് പുഷ് ചെയ്യണം.’’ കമ്പിളിപ്പുതപ്പുകളുടെ കാര്യം തപോമയി പറഞ്ഞു. ‘‘ചെറിയ പ്രൊപ്പോസലല്ലേ?’’
ചെറിയ പദ്ധതിയാണെന്നത് അനുകൂലഘടകമാണെങ്കിലും അതു മാത്രം മതിയാവില്ലല്ലോ. ശ്രമിക്കാമെന്ന് വാക്കുപറഞ്ഞപ്പോള് അയാള്‍ എഴുന്നേറ്റു. മുറിയില്‍നിന്നും പുറത്തിറങ്ങുന്നതിനുമുമ്പ്, വാതില്‍ പാതി തുറന്നുപിടിച്ചുകൊണ്ട് പറഞ്ഞു: ‘‘ഓ, പരിചയപ്പെടുത്താന്‍ വിട്ടു. ഇയാള്‍ ജഹാന്, ജഹാന് സാബിര്‍. ക്യാമ്പിലെ അംഗമാണ്. അവിടെ ഒരു കോണ്ടാക്ട് ജഹാനാണ്. കുറച്ചെങ്കിലും ഇംഗ്ലീഷ് അറിയുന്ന കുറച്ചുപേരേ ഉള്ളൂ.’’ ഞാന്‍ അയാള്‍ക്കു നേരേ നോക്കി. ജഹാന് തല കുനിച്ചു. എപ്പോഴും അങ്ങനെയാണ്, മുഖത്തേക്കു നോക്കുമ്പോള്‍ അയാള്‍ കണ്ണുകള്‍ പിന്‍വലിക്കുന്നു.
തപോമയി തിരക്കി: ‘‘ഒരുദിവസം ഞങ്ങളുടെ കൂടെ വരാമോ? ക്യാമ്പൊന്നു നേരിട്ടു കണ്ടാല്‍ കൂടുതല്‍ നന്നാവും.’’
‘‘വരുന്നതിനു വിരോധമില്ല.’’ ഞാന്‍ പറഞ്ഞു. ‘‘പക്ഷേ, ആദ്യം നിങ്ങളുടെ പുതിയ അപേക്ഷ തത്ത്വത്തില്‍ അംഗീകരിക്കപ്പെടണം. അതിനുമുമ്പ് അവിടെ വന്നുപോയിട്ട് എന്തു പ്രയോജനം?’’
തപോമയി അപ്പോള്‍ പറഞ്ഞു: ‘‘പ്രയോജനമോ? പ്രോജക്ട് സാങ്ഷന് ചെയ്തില്ലെങ്കില്‍, ശരിയാണ്. ഔദ്യോഗികമായി ആ യാത്ര ഉപയോഗശൂന്യമാവും. പക്ഷേ, ഞാന്‍ നിങ്ങളെ കമ്പനി പ്രതിനിധിയായിട്ടല്ല ക്ഷണിക്കുന്നത്.’’
‘‘പിന്നെ?’’
‘‘ഒരു വ്യക്തി എന്ന നിലയില്‍ സന്ദര്‍ശിക്കാവുന്ന ഒരിടമാണത്.’’ വെറുതേ ചെന്നു കാണാന്‍ മാത്രം അഭയാർഥി ക്യാമ്പിനെന്താണ് പ്രത്യേകത എന്ന മട്ടില്‍ ഞാനയാളെ നോക്കി.
‘‘മനുഷ്യര്‍ ജീവിതത്തില്‍ നിർബന്ധമായും കാണേണ്ടുന്ന ചില ഇടങ്ങളുണ്ടെന്നു ഞാന്‍ പറയും.’’
‘‘ഒരു ജയില്‍, മെന്റല്‍ ഹോസ്പിറ്റല്‍, പിന്നെ മാറാരോഗികളെ പരിചരിക്കുന്ന ഒരു വാര്‍ഡ്. അല്ലേ?’’ എവിടെയോ വായിച്ചിട്ടുള്ള കാര്യം ഞാന്‍ അയാളോടു പറഞ്ഞു.
‘‘മൂന്നും കാണേണ്ടതുതന്നെ. മനുഷ്യരുടെ അഹന്ത കുറയ്ക്കാന്‍ അത്തരം സന്ദര്‍ശനങ്ങള്‍ സഹായിക്കും.’’ തപോമയി സമ്മതിച്ചു. ‘‘എന്നാല്‍ ഇക്കാലത്ത്, അതിന്റെ കൂടെ ചേര്‍ക്കേണ്ട ഒന്നുകൂടിയുണ്ട്; അഭയാർഥി ക്യാമ്പുകള്‍.’’
അയാള്‍ വാതിലിന്റെ പിടിവിട്ട് വീണ്ടും മുറിയുടെ ഉള്ളിലേക്കു കയറിനിന്നു. പിന്നെ എന്തോ ആലോചിക്കുന്നമട്ടില് തെല്ലിട നിര്‍ത്തിയശേഷം പതുക്കെ പറഞ്ഞു: ‘‘എന്നാണ് നമ്മള് അവയെ വിളിക്കുന്നത്. പക്ഷേ, ശരിക്കും പറഞ്ഞാല്‍ അതു ശരിയല്ല. കാരണം, ഇപ്പോള്‍ ഞാന്‍ പറഞ്ഞ ആ ക്യാമ്പിലുള്ളവര്ക്കാര്ക്കും അഭയാർഥികള്‍ എന്ന മുദ്ര കിട്ടിയിട്ടില്ല. കിട്ടുമെന്നും തോന്നുന്നില്ല.’’
‘‘കുടിയേറ്റക്കാര്‍, അഭയാർഥികള്‍ എന്നൊക്കെ വെറുതേ ഒഴുക്കിനു പറയുന്നതാണ്. ഈ പ്രയോഗങ്ങള്‍ക്കൊക്കെ സൂക്ഷ്മമായ അർഥവ്യത്യാസങ്ങളുണ്ട്’’, തപോമയി വിശദീകരിച്ചു, ‘‘ഉദാഹരണത്തിന് സ്വന്തം നാട്ടില്‍നിന്നും വിട്ടുപോന്നു. മറ്റൊരു നാട്ടില്‍ എങ്ങനെയൊക്കെയോ എത്തിച്ചേര്‍ന്നു. അങ്ങനെ എത്തിച്ചേര്‍ന്നവരെ എല്ലാവരും സാധാരണ വിളിക്കുന്നതാണ് റെഫ്യൂജീസ് എന്ന്. അങ്ങനെ വിളിക്കാമെന്നേയുള്ളൂ. അവര്‍ അഭയാർഥികള്‍ ആയിട്ടില്ലെന്നതാണ് യാഥാർഥ്യം.’’
മറ്റൊരു രാജ്യത്തു ചെന്ന് അഭയാർഥികളായി അംഗീകരിക്കപ്പെടുക എന്നതുതന്നെ എളുപ്പമല്ല. അതിനു പലപ്പോഴും വര്‍ഷങ്ങള്‍ വേണ്ടിവരും. നിരവധി കടമ്പകള്‍ കടന്നുപോകണം. ഒന്നോര്‍ത്താല്‍ ചില വലിയ ബിരുദങ്ങള്‍ നേടുന്നതുപോലെയാണ് അഭയാർഥിച്ചാപ്പ കിട്ടുന്നതും. അതുവരെ ക്യാമ്പുകള്‍ എന്നുവിളിക്കുന്ന ഷെഡ്ഡുകളില്‍ താമസിക്കുന്നു. ഐക്യരാഷ്ട്ര സഭ അഭയാർഥികള്‍ക്കായി രൂപീകരിച്ചിട്ടുള്ള ഏജന്‍സിയില്‍ പേര് രജിസ്റ്റര്‍ചെയ്യുന്നു. അതുകൊണ്ടു ഗുണമുണ്ടോ? മിക്കവാറും ഇല്ല. കാരണം, ഇന്ത്യ ആ വേദിയില്‍ അംഗമല്ല. എന്നാലും ഈ മനുഷ്യരെല്ലാവരും അവിടെപ്പോകുന്നു.
ഫോട്ടോ പതിച്ച ഒരു കാര്‍ഡ് സമ്പാദിക്കുന്നു. ചിലപ്പോള്‍ ഒളിവിലും ചിലപ്പോള്‍ തെളിവിലുമായി എന്തെങ്കിലും ജോലിചെയ്യുന്നു. തകര്‍ന്നുകിടക്കുന്ന വേലികള്‍ കടന്ന് തരിശിട്ടതെങ്കിലും തങ്ങളുടേതല്ലാത്ത പുല്‍മേടുകളില്‍ ഭീതിയോടെ മേയുന്ന നാൽക്കാലികളെപ്പോലെയാണ് അവരുടെ പെരുമാറ്റം. ഏതൊക്കെയോ വിശപ്പിന്റെ വിളികള്‍ ആ വേലികള്‍ ഭേദിക്കാന്‍ അവരെ പ്രേരിപ്പിച്ചു. ആരും കാണാതിരിക്കാന്‍, കേള്‍ക്കാതിരിക്കാന്‍ ഭൂമിയില്‍ ആവുന്നതും കാല്തൊടുവിക്കാതെ നടക്കാന്‍ ശ്രമിക്കുന്ന മൃഗങ്ങളെ അവര്‍ ഓർമിപ്പിക്കുന്നു.
‘‘നരകത്തിന്റെ ഫോട്ടോ കണ്ടിട്ടുണ്ടോ?’’ തപോമയി ചോദിച്ചു. ‘‘ഇല്ലെങ്കില്‍ ഇതാ, നോക്കൂ.’’ അയാള്‍ തന്റെ മൊബൈലെടുത്ത് ചില ഫോട്ടോകള്‍ കാണിച്ചുതന്നു. നിരനിരയായി പണികഴിപ്പിച്ചിട്ടുള്ള താൽക്കാലിക ഷെഡുകളുടെ ചിത്രം. ക്യാമ്പുകളാണ്. അവക്കുള്ളിലെ ഒറ്റമുറികളില്‍ പത്തും അതിലധികവും മനുഷ്യര്‍ കഴിഞ്ഞുകൂടുന്നുണ്ടാവും. പുകപിടിച്ച ചില്ലിലൂടെന്നവണ്ണമുള്ള കാഴ്ച. കുടിലുകളുടെ പുറത്തേക്കു തലനീട്ടുന്നത് മനുഷ്യരല്ല, അവരുടെ നിഴലുകളാണെന്നു തോന്നും.
ഇത്തവണ തപോമയി സമര്‍പ്പിച്ച അപേക്ഷ വേഗം സ്വീകരിക്കപ്പെട്ടു. തുക കുറവാണ് എന്നുള്ളതായിരുന്നു ആദ്യത്തെ കാരണം. മറ്റൊന്ന് അടുത്ത മാര്‍ച്ച് മാസത്തിനു മുമ്പായി സാമൂഹികസുരക്ഷക്കായി നീക്കിവെച്ച ഫണ്ട് തീര്‍ക്കേണ്ടതുണ്ടായിരുന്നു. തത്ത്വത്തില്‍ സ്വീകരിക്കപ്പെട്ടാലും പ്രോജക്ടുകള്‍ അതതു സ്ഥലത്തുപോയി സന്ദര്‍ശിക്കുക, അതിനുവേണ്ടുന്ന റിപ്പോര്‍ട്ടുകള്‍ കൊടുക്കുക, വീണ്ടും അംഗീകാരത്തിനുവേണ്ടി കാത്തുനിൽക്കുക: ആനയുടെ ഗര്ഭകാലത്തിലെന്നപോലെ സമയമെടുത്ത് പതുക്കെയേ ബ്യൂറോക്രസിയുടെ തീരുമാനങ്ങള്‍ രൂപപ്പെട്ടുവരികയുള്ളൂ. അതു ചലിക്കുന്നുണ്ടെന്നു തോന്നാന്തന്നെ വേണ്ടുവോളം നേരമെടുക്കും. പരമാവധി ഒരാഴ്ചക്കുള്ളില്‍ കാര്യങ്ങളെല്ലാം നടന്നാലേ ഗുണമുള്ളൂ; ഡിസംബര്‍ തുടക്കത്തോടെ ശീതകാലം കഠിനമാവും.
ഏതായാലും അപേക്ഷ അംഗീകരിച്ച കാര്യം ഉടന്‍തന്നെ ഞാന്‍ തപോമയിയെ ഫോണില്‍ വിളിച്ചുപറഞ്ഞു. അയാള്‍ പറഞ്ഞതിന്‍പ്രകാരം തൊട്ടടുത്ത ശനിയാഴ്ചതന്നെ ക്യാമ്പ് സന്ദര്‍ശിക്കാമെന്നു തീരുമാനിക്കുകയും ചെയ്തു. തപോമയിയുടെ സംഘടനയുടെ ബോര്‍ഡ് െവച്ച വാഹനത്തിലായിരുന്നു യാത്ര. അത് ഈ സന്ദര്‍ശനത്തിനായി തപോമയി പ്രത്യേകം വാടകക്ക് ഏര്‍പ്പാടു ചെയ്തതാണെന്ന് എനിക്കു മനസ്സിലായി. അയാളുടെ സംഘടനക്ക് ജീപ്പു പോയിട്ട് ഒരു മോട്ടോര്‍ സൈക്കിള്പോലുമില്ല.
നഗരത്തില്‍നിന്നും കുറച്ചു വിട്ടുമാറി ഓഖ്ലയില്, യമുനാനദിയുടെ കരയിലായിരുന്നു ക്യാമ്പ് പ്രവര്‍ത്തിച്ചിരുന്നത്. ശനിയാഴ്ച ഉച്ചക്കുശേഷം മൂന്നുമണിയോടെ പുറപ്പെട്ടെങ്കിലും ഗതാഗതത്തിരക്കുകള്‍ കാരണം നഗരത്തില്‍നിന്നു പുറത്തുകടക്കാന്തന്നെ വളരെയേറെ സമയമെടുത്തു. പൊടിയും പുകയും നിറഞ്ഞ ഒരന്തരീക്ഷത്തില്‍, കെട്ടിക്കിടക്കുന്ന വാഹനങ്ങളോടൊപ്പം സിഗ്നല്‍ കാത്തുനിൽക്കുന്ന കാല്‍നടക്കാരും വഴിയോരങ്ങളില്‍ ഉറച്ചുപോയ തെരുവുകച്ചവടക്കാരുമൊക്കെ ചേര്‍ന്നു രൂപംകൊടുത്ത ഒരു നിശ്ചല ശിൽപംപോലെ നഗരം നിലകൊണ്ടു. ഹോണുകളുടെ ശബ്ദം നിരന്തരം മുഴങ്ങിക്കൊണ്ടിരുന്നു. ആരൊക്കെയോ വാഹനങ്ങളുടെമേല്‍ കൈകള്‍ ചുരുട്ടി ഇടിക്കുന്നു, തമ്മില്‍ത്തമ്മില്‍ ശകാരിക്കുന്നു, ഏറെനേരം വൈകിയാണ് വാഹനങ്ങള്‍ ഒന്നു ശ്വാസമെടുത്തു ചലിച്ചുതുടങ്ങിയത്.
കുറച്ചുദൂരം പിന്നിട്ടപ്പോള്‍ അലങ്കാരസമൃദ്ധമായ വീഥികളും കച്ചവടകേന്ദ്രങ്ങളും ആകാശത്തോളം ഉയര്ന്നുനിൽക്കുന്ന കമനീയമായ വാസസ്ഥലങ്ങളും അവസാനിച്ചു. രണ്ടു വണ്ടികള്‍ നേര്‍ക്കുനേര്‍ വന്നാല്‍ തെല്ലുനേരം പരസ്പരം നോക്കിനിന്ന്, ഉരസാതെ കടന്നുപോകാനാവാത്തത്രയും ഇടുങ്ങിയ മനസ്സുകളിലേക്ക് പാതകള്‍ മെലിഞ്ഞു. ആ പാതയുടെ ഓരത്തുകൂടെയും നടന്നുനീങ്ങുന്ന മനുഷ്യര്‍. മുഷിഞ്ഞു പൊടിപറ്റിയ തെരുവുകളെ തണുപ്പുവന്നു മൂടിയിരിക്കുകയാണെന്നു തോന്നി. ഇടക്കിടെ, എവിടെനിന്നൊക്കെയോ നദി വന്നു മുന്നില്‍പ്പെട്ടു.
തന്നിലേക്കു കേറിക്കേറി വരുന്ന ആവാസസമുച്ചയങ്ങളെ കണ്ടു പരിഭ്രമിച്ച്, ഒഴുകാന്‍ മറന്നുപോയതു മാതിരി കെട്ടിക്കിടക്കുന്ന അതിലെ കാളിമയാര്‍ന്ന ജലം. വാഹനത്തിന്റെ ചില്ലുകള്‍ ഉയര്ത്തിവെച്ചിട്ടും അപ്പോഴെല്ലാം അളിഞ്ഞ ഗന്ധം അനുഭവപ്പെട്ടിരുന്നു. നദിയിലേക്കിറങ്ങുന്ന തകര്‍ന്ന പടവുകളില്‍ നായ്ക്കള്‍ കൂട്ടുചേര്‍ന്നു നിൽക്കുന്നു. കുറേ സമയം നദിയുടെ അതേ കാഴ്ചകള്‍ തുടര്‍ന്നുപോയി. വെളിച്ചം കുറഞ്ഞുവന്നു. നിരത്തുകളുടെ അരികില്‍ ചെറിയ തീക്കുണ്ഡങ്ങള്‍ കൂട്ടി തീ കായുന്ന യാചകര്‍. നിറയെ കീറലുകളുള്ള അവരുടെ കമ്പിളിക്കുപ്പായങ്ങള്‍, മുഷിഞ്ഞ തലപ്പാവുകള്‍. തന്നിലേക്കുതന്നെ ഉള്‍വലിഞ്ഞ് ചിന്താമഗ്നനായി നിൽക്കുന്ന ഒരു കഴുതയെ കണ്ടു. പാതയുടെ വശങ്ങളിലെ കാഴ്ചകളില്‍ കൂറ്റന്‍ എടുപ്പുകള്‍ മാറി, ചെറിയ കൂരകളായി. അവതന്നെ, ഭീതിയാലെന്നവണ്ണം ആവുന്നത്ര ഭൂമിയിലേക്കു കുനിഞ്ഞു.
വണ്ടി തീരെ ഇടുങ്ങിയ ഒരു തെരുവിലേക്ക് എത്തിച്ചേര്‍ന്നപ്പോള്‍ റോഡരികില്‍ കളിച്ചിരുന്ന കുട്ടികള്‍ അതിനു ചുറ്റും ഓടിക്കൂടി. അവരുടെ അഴുക്കിലും പൊടിയിലും കുതിര്‍ന്ന ശരീരങ്ങള്‍ കഴുകിവെടിപ്പാക്കിയ വാഹനത്തില്‍ തൊട്ട് വൃത്തികേടാക്കുമെന്നു തോന്നിയതുകൊണ്ടാവും ഡ്രൈവര്‍ ഒച്ചയെടുത്തു. തപോമയി അയാള്‍ക്കു നേരേ അരുതെന്ന് കണ്ണു കാണിച്ചു. നേരത്തേ വിളിച്ചുപറഞ്ഞതുകൊണ്ടാവണം, ജഹാന് സാബിര്‍ ഞങ്ങളെ കാത്തുനിന്നിരുന്നു. തപോമയിയെ നോക്കി അയാള്‍ കൈവീശിക്കാണിച്ചു. കണ്ണടക്കുള്ളിലൂടെ അയാളുടെ മഞ്ഞനിറമുള്ള കണ്ണുകള്‍ പ്രകാശിക്കുന്നത് ഞാന്‍ കണ്ടു. അന്നും അയാള്‍ മുമ്പ് ഓഫിസില്‍ വന്ന അതേ വേഷത്തിലായിരുന്നു. അതേ ഉടുപ്പുകള്‍, വില കുറഞ്ഞ ഷൂസ്.
നാൽപതോളം ഷെഡുകളുടെ നിരയായിരുന്നു ആ ക്യാമ്പ്. ‘ദാരുള്‍ ഹിജ്രാത്’ എന്നായിരുന്നു അതിന്റെ വിളിപ്പേര്. അഭയാർഥികളുടെ ഇടം എന്നാണ് അതിന്റെയർഥമെന്ന് തപോമയി പറഞ്ഞുതന്നു. അയാള്‍ മുമ്പു മൊബൈലില്‍ കാണിച്ച ചിത്രങ്ങള്‍ എനിക്കോർമ വന്നു. കൂടുതല്‍ ദാരുണമായ പരിസരങ്ങള്‍ എന്നേ പറയാനുള്ളൂ. ഏതൊക്കെയോ കമ്പനികളുടെ പരസ്യപ്പലകകളായിരുന്ന ഫ്ലക്സ് ബോര്‍ഡുകളാണ് ചുവരുകളാക്കി െവച്ചിരിക്കുന്നത്. ക്രിക്കറ്റ്, സിനിമാ താരങ്ങളും കൊക്കോകോളയും ഷവോമിയും ഹ്യുണ്ടായി കാറുകളുമൊക്കെയുള്ള ചിത്രങ്ങളെക്കൊണ്ട് വിഭജിക്കപ്പെട്ട വാസസ്ഥലങ്ങള്‍.
മേല്‍ക്കൂരയായി തകരമോ ഉപേക്ഷിക്കപ്പെട്ട ആസ്ബസ്റ്റോസ് ഷീറ്റുകളോ മേഞ്ഞിരിക്കുന്നു. വൈകുന്നേരത്തിന്റെ വിളറിയ വെളിച്ചങ്ങള്‍ ആ വീടുകള്‍ക്കുമേല്‍ പരന്നുകിടന്നു. ഉള്ളില്‍ മുനിഞ്ഞുകത്തുന്ന വൈദ്യുതി ബള്‍ബുകള്‍. മേല്ക്കൂരകളില്നിന്നും മുകളിലേക്ക് പുകപൊങ്ങുന്നുണ്ടായിരുന്നു. അത്താഴത്തിനുള്ള പാചകം നടക്കുന്നതാവാം. അന്തരീക്ഷത്തില്‍ മസാലകളുടെ ഗന്ധം പടര്‍ന്നു.
മുറികള്ക്കുള്ളില്നിന്നും പ്രേതങ്ങളെപ്പോലെ കുറിയ മനുഷ്യര്‍ പുറത്തേക്കെത്തിനോക്കി. പലരും അപ്പോള്‍ത്തന്നെ മുഖം ഉള്ളിലേക്കു വലിക്കുകയും ചെയ്തു. ജഹാന് വള്ളികള്‍ പൊട്ടിയ രണ്ടു പ്ലാസ്റ്റിക് കസേരകള്‍ കൊണ്ടുവന്ന് പുറത്തിട്ടു. ഞങ്ങള്‍ ഇരുന്നപ്പോള്‍ ചില കുട്ടികള്‍ ചുറ്റിപ്പറ്റി നടക്കുന്നുണ്ടായിരുന്നു. അവരുടെ നേരേ നോക്കുമ്പോഴെല്ലാം ലജ്ജകൊണ്ട് അവര്‍ പിന്‍വലിയുകയും വീടുകള്‍ക്കുള്ളില്‍ കയറി വാതിലുകളാക്കി മറച്ച തട്ടുകള്ക്കപ്പുറത്തുനിന്ന് ഞങ്ങളെ നിരീക്ഷിക്കുകയും ചെയ്തുകൊണ്ടിരുന്നു.
മുഖം പാതിമറച്ച ഒരു സ്ത്രീ രണ്ടു ചില്ലു ഗ്ലാസുകളില്‍ പാല് ചേര്‍ക്കാത്ത ചായ കൊണ്ടുവന്നു തന്നു. എപ്പോഴും തപോമയി മാത്രമാണ് സംസാരിച്ചുകൊണ്ടിരുന്നത്. ചോദിക്കുന്നതിനുമാത്രം ജഹാന് ഒന്നോ രണ്ടോ വാക്കുകളില്‍ മറുപടി പറഞ്ഞു. ചിലപ്പോള്‍ മൂളി. അയാള്‍ നിൽക്കുകയായിരുന്നു. മൂന്നാമതൊരാള്‍ക്ക് ഇരിപ്പിടമില്ലാഞ്ഞിട്ടാണോ അതോ ഞങ്ങള്‍ക്കൊപ്പം ഇരിക്കാന്‍ മടിച്ചിട്ടാണോ എന്നറിയില്ല, മറ്റൊരു കസേര വന്നതേയില്ല.
തപോമയി ചില ചിത്രങ്ങള്‍ എടുത്തു. പിന്നെ ജഹാന് എടുത്തുവെച്ച അന്തേവാസികളുടെ പട്ടികയുടെ ഫോട്ടോസ്റ്റാറ്റ് ഒരു കവറിലിട്ട് എനിക്കു നേരേ നീട്ടി. അരമണിക്കൂറിലധികം സമയം ഞങ്ങള്‍ അവിടെ നിന്നില്ല. മടങ്ങുമ്പോഴേക്കും കുറേശ്ശ ഇരുട്ടുപടര്‍ന്നു തുടങ്ങിയിരുന്നു. തെരുവുകളിലെ വിളക്കുകളെല്ലാം തെളിഞ്ഞിരിക്കുന്നു. മഞ്ഞിന്റെ നേര്‍ത്തൊരു ആവരണം ആ വെളിച്ചത്തിനുമേല്‍ പടര്ന്നുകിടക്കുന്നുണ്ടെന്നു തോന്നി. ഞാന്‍ ജഹാന് തന്ന പട്ടിക എടുത്തുനോക്കി. ഏതാണ്ട് നാനൂറുപേരുടെ ലിസ്റ്റുണ്ട്. ഓരോ പേരിനു നേര്‍ക്കും വയസ്സു കാണിച്ചിരിക്കുന്നു.
‘‘അയാളെ തിരഞ്ഞെടുത്തത് നന്നായി’’, ഞാന്‍ പറഞ്ഞു, ‘‘അയാളുടെ കൈയക്ഷരം കൊള്ളാം.’’
‘‘ആണോ? ഇനി മോശമാണെങ്കിലും വേറേ നിവൃത്തിയില്ല. എന്റെ അറിവില്‍, അയാള്‍ക്കു മാത്രമേ അക്കൂട്ടത്തില്‍ എഴുത്തറിയൂ’’, തപോമയി പറഞ്ഞു.
‘‘അതെന്താ, ആരും പഠിച്ചിട്ടില്ലേ?’’
‘‘അപൂർവം ചിലര്‍ക്കേ ആ ഭാഗ്യമുണ്ടാവൂ. സ്കൂളില്‍ പോകുക, പഠിക്കുക എന്നതൊക്കെ ധൂര്ത്തുപോലെയാണ്. ജീവിച്ചുപോകുക എന്ന സമ്മർദത്തിനിടയില്‍ മറ്റൊന്നും പ്രധാനമല്ല’’, അയാള്‍ തുടര്‍ന്നു, ‘‘ഞാന്‍ കാണുമ്പോള്‍ ജഹാന് പഴയ കടലാസുകളും ഇരുമ്പും കുപ്പികളുമൊക്കെ എടുത്തുവില്ക്കുന്ന തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുകയായിരുന്നു. ഓഫീസുകളിലേക്കൊക്കെ കൂടെ കൊണ്ടുപോകാനും ചില അപേക്ഷകള്‍ എഴുതാനുമൊക്കെയുള്ള ഒരാളെ അന്വേഷിക്കുകയായിരുന്നു ഞാന്‍. അപ്പോഴാണ് അവര്‍ മിക്കവരും നിരക്ഷരരാണെന്നു മനസ്സിലായത്. പിന്നെ ചില കുട്ടികള്‍ എന്നെ ഇയാളുടെ അടുത്തേക്കു കൊണ്ടുപോയി. കത്തിക്കരിഞ്ഞുതീര്ന്ന, എങ്കിലും മനസ്സിലെ പുകച്ചില്‍ മാറിയിട്ടില്ലാത്ത ഒരു വലിയ മാലിന്യമലയുടെ മുകളില്‍ ചുമലിലൊരു ചാക്കുമായി നിൽക്കുകയായിരുന്നു അയാളപ്പോള്‍.
സകലതും കത്തിനശിച്ചുപോയ ഈ കറുത്ത ശൂന്യതക്കു മുകളില്‍ ഇയാളെന്താണ് ചെയ്തുകൊണ്ടിരിക്കുന്നത്? എനിക്കു മനസ്സിലായില്ല. ഞാനയാളെ കൈകാട്ടി വിളിച്ചു. അയാള്‍ മറുവശത്തേക്ക് ഓടിമാറാനാണ് ആദ്യം ശ്രമിച്ചത്. കുറേക്കാലത്തെ അനുഭവങ്ങള്‍ കൊണ്ടാവാം, എല്ലാവരെയും അവര്‍ ഭയക്കുന്നു. അപ്പോള്‍ കുട്ടികള്‍ കളിയാക്കിച്ചിരിച്ചു. അയാള്‍ നിന്നു, ആ കണ്ണുകളില്‍ ഭീതിയായിരുന്നു.’’
തോളില്‍ വലിയ ചാക്കുകളുമായി, ഒരു കരിഞ്ഞ മാലിന്യമലയുടെ മുകളില്‍ നിന്നുകൊണ്ട് താഴേക്കു പേടിയോടെ നോക്കുന്ന ജഹാന്റെ ചിത്രം ഞാന്‍ മനസ്സില്‍ കണ്ടു. അയാള്‍ക്കു ചുറ്റും പുകയുടെ വലയങ്ങള്‍... കറുപ്പിലും വെളുപ്പിലുമുള്ള ഒരു ചലച്ചിത്രത്തിലെ പ്രകാശം കുറഞ്ഞ ഒരു രംഗം കാണുന്നതുപോലെ എനിക്കു തോന്നി.
‘‘പതുക്കെപ്പതുക്കെ അയാള്‍ എന്നോട് ഇണങ്ങി എന്നു പറയാം. ഞാന്‍ അയാള്‍ക്കു ചെറിയ ജോലികള്‍ കൊടുത്തു, സാധിക്കാവുന്നത്ര ധൈര്യം പകര്‍ന്നു. പിന്നെ ഞാനയാളെ അവരുടെ പ്രതിനിധിയാക്കുകയും അപേക്ഷകളെഴുതാനും ഫോറങ്ങള്‍ പൂരിപ്പിക്കാനും പഠിപ്പിക്കുകയും ചെയ്തു. ആദ്യമൊക്കെ ഏതിനും ഭയമായിരുന്നു അയാള്‍ക്ക്. ഒന്നും പരിചയമില്ല. പക്ഷേ, അയാള്‍തന്നെ എഴുതണമെന്ന് ഞാന്‍ നിർബന്ധം പിടിച്ചു. അതു ഗുണമായി. പല കാര്യങ്ങളും ജഹാനിപ്പോള് സ്വയം ചെയ്തുകൊള്ളും.
അതുപോലെത്തന്നെയായിരുന്നു അയാളുമായുള്ള ബന്ധവും. ചോദിച്ചതിനുമാത്രം ഉത്തരം പറയുന്ന ശീലം. അരണ്ട, ഭയന്ന മുഖഭാവം. ഒരുപാടു നാളുകള്‍ കഴിഞ്ഞിട്ടാണ് അയാള്‍ എന്നോട് അടുത്തിടപഴകാനും തുറന്നു സംസാരിക്കാനുമൊക്കെ തുടങ്ങിയത്. അങ്ങനെയൊരു ദിവസം അയാള്‍ എന്നോട് സ്വന്തം കഥ പറഞ്ഞു. അസാധാരണമായിരുന്നു അത്. അല്ലെങ്കില്‍ അവരില്‍ ആരുടെ കഥയാണ് സാധാരണമായിട്ടുള്ളത്! അന്വേഷിച്ചാല്‍, ആ കൂരകളിലുള്ള ഓരോ മനുഷ്യനും കാണും അത്തരം ചില കഥകള്‍...
ചെറുപ്പത്തിലേ മാതാപിതാക്കള്‍ മരിച്ച് ഏറക്കുറെ അനാഥനായിരുന്നു ജഹാന്. മുത്തച്ഛനാണ് അവനെ വളര്‍ത്തിയിരുന്നത്. വംശീയമായ എതിര്‍പ്പുകളുണ്ട്, അവഗണനയും. എന്നാലും അയാളുടെ കുട്ടിക്കാലം ഭേദമായിരുന്നു. അയല്‍ക്കാരില്‍ പലരെയും പോലെയല്ല, മുത്തച്ഛന് ഓടുമേഞ്ഞ ഒരു വീടുണ്ടായിരുന്നു. മുന്നില്‍ പൂച്ചെടികള്‍ പടര്ന്നുനിൽക്കുന്ന ചെറിയ മുറ്റം. വീടിനോടു ചേര്‍ന്ന് നിത്യോപയോഗ സാധനങ്ങള്‍ വിൽക്കുന്ന ഒരു ചെറിയ കടയുണ്ടായിരുന്നു അവര്‍ക്ക്. അതുകാരണം തങ്ങള്‍ ആ ഗ്രാമത്തിലെ പണക്കാരായിരുന്നു എന്നാണ് അയാള്‍ പറഞ്ഞത്.
തന്നെയുമല്ല, ജഹാന് ഏഴുകൊല്ലം സ്കൂളില്‍ പഠിച്ചിട്ടുണ്ട്. എഴുതാനും വായിക്കാനും കണക്കുകൂട്ടാനും പഠിച്ചപ്പോള്‍ ജഹാന് മുത്തച്ഛനെ സഹായിക്കാന്‍ കടയില്‍ നിന്നു. എന്നാല്‍, ഏറെക്കാലം അയാള്‍ക്ക് ആ ഗ്രാമത്തില്‍ തുടരാന്‍ സാധിച്ചില്ല. ജഹാന്റെ വഴി ഇന്ത്യയായിരുന്നു. ഇന്ത്യ, എല്ലാവര്ക്കും ഒരു കേട്ടുകേള്‍വിയായിരുന്നു. എവിടെയാണെന്നോ എങ്ങനെയാണെന്നോ അറിയില്ല. വരുന്നതിനു മുമ്പ് ഇന്നാട്ടിലുള്ള രണ്ടു പേരുകളേ അയാള്‍ കേട്ടിട്ടുണ്ടായിരുന്നുള്ളൂ: ഒന്ന് ഇന്ദിരാ ഗാന്ധി, രണ്ടാമത് ഷാറൂഖ് ഖാന്. ഇന്ദിരാ ഗാന്ധി മരിച്ചുപോയ കാര്യം അയാള്‍ക്കറിയുമായിരുന്നില്ല. ഷാറൂഖിന്റെ ചില സിനിമകള്‍ പഠിക്കുന്ന കാലത്ത് അയാള്‍ ചില കൂട്ടുകാരുടെ വീട്ടില്‍ ടെലിവിഷനില്‍ കണ്ടിട്ടുണ്ടായിരുന്നു.
എന്തിനാണ് ഇന്ത്യയിലേക്കു പോന്നത്? മുത്തച്ഛന് പറഞ്ഞതുകൊണ്ട്; അതാണ് ജഹാന്റെ ഉത്തരം. അക്കാലത്ത് നാട്ടില്‍ ഒരു യുദ്ധം വന്നു. ശരിക്കുമുള്ള യുദ്ധമല്ല, വംശീയകലാപം. സിവില്‍ വാര്. ജഹാന്റെ കൂട്ടരില്‍ പലരെയും സര്‍ക്കാര്‍ തിരഞ്ഞുപിടിച്ച് സൈന്യത്തില്‍ ചേര്‍ത്തു. ചെറിയ കുട്ടികള്‍ മുതല്‍ വയസ്സുചെന്നവര്‍ വരെയുണ്ട്. സൈന്യത്തില്‍ ചേര്‍ത്തു എന്നുപറഞ്ഞാല്‍ അടിമപ്പണിയാണ്, കൂലിയില്ല. ഒരു നേരമോ മറ്റോ ഭക്ഷണം കൊടുക്കും. അങ്ങനെ തുടര്‍ച്ചയായി ആറുമാസം ജോലിചെയ്തു. പലപ്പോഴും പരിക്കുപറ്റി. മരുന്നോ ശുശ്രൂഷയോ ഇല്ലാതെ പനിച്ചുവിറച്ചു കിടന്നു. ഭേദം തോന്നിയ ഉടനെ വീണ്ടും മുന്നണിയിലേക്ക്.
ഭ്രാന്തുപിടിക്കുന്നതുപോലെയായി. ഏതോ ഒരു വനപ്രദേശത്തുവെച്ച് ആരും ശ്രദ്ധിക്കാത്ത നേരത്ത് അയാള്‍ ഒളിച്ചുപോന്നു. നടന്നും ജീപ്പു കയറിയുമൊക്കെ സഞ്ചരിച്ച്, കുറച്ചുനാള്‍ക്കുശേഷം ഒരു രാത്രിയില്‍ സ്വന്തം ഗ്രാമത്തിലെത്തി. പരിസരത്തെങ്ങും വെളിച്ചമുണ്ടായിരുന്നില്ല. തെരുവുകള്‍ ശൂന്യമായിക്കിടന്നു. കൊടും പകര്‍ച്ചവ്യാധികള്‍ മരണം വിതച്ച ഗ്രാമങ്ങള്‍പോലെ അനാഥമായിരുന്നു അവിടം. വീട്ടില്‍ ഇരുട്ടും നിശ്ശബ്ദതയും അയാളെ സ്വീകരിച്ചു. ജഹാന് മുത്തച്ഛനെ വിളിച്ചു. മറുപടിയില്ല. വാതില്‍ അകത്തുനിന്നും ബന്ധിച്ചിരുന്നു. കുറച്ചുനേരം അങ്ങനെ വിളിച്ചപ്പോള്‍ അകത്തുനിന്നും ഒരു ഞരക്കം കേട്ടു.
‘‘മുത്തച്ഛാ, ഇതു ഞാനാണ്, ജഹാന്. ഒരു വിളക്കു കത്തിക്കൂ’’, അയാള്‍ വിളിച്ചു പറഞ്ഞു. അൽപനേരം കഴിഞ്ഞപ്പോള്‍ അകത്തുനിന്നും ഒരാള്‍ നടന്നുവരുന്നതിന്റെ ഒച്ച കേട്ടു. വാതില്‍ തുറന്നു. വിളക്കു കൊളുത്തിയിരുന്നില്ല. മുറിക്കുള്ളിലെ കൂടിയ ഇരുട്ടില്‍നിന്നും മുത്തച്ഛന്റെ ക്ഷീണിച്ച രൂപം അയാളെ നോക്കി.
‘‘നീ വന്നു അല്ലേ?’’ വൃദ്ധന് വിശ്വാസം വരാത്തമട്ടില്‍ അവന്റെ മുഖത്തു തൊട്ടുനോക്കിക്കൊണ്ടു ചോദിച്ചു. അവന് അയാളുടെ കൈകളില്‍ പിടിച്ചു. ആ കൈകള്‍ തണുത്തിരുന്നു.
‘‘ഇപ്പോള്‍ രാത്രിയാണോ?’’, മുത്തച്ഛന് ചോദിച്ചു.
‘‘പിന്നല്ലാതെ! ചുറ്റുപാടുമുള്ള ഈ ഇരുട്ട് മുത്തച്ഛന് കാണുന്നില്ലേ?’’, അവന് ചോദിച്ചു.
‘‘ഇല്ല’’, മുത്തച്ഛന് തെല്ലുനേരം ആലോചിച്ചുകൊണ്ടു പറഞ്ഞു. ‘‘അല്ലെങ്കില്‍ ഇരുട്ടുമാത്രമേ കാണുന്നുള്ളൂ. എപ്പോഴും...’’
–അതായിരുന്നു ജഹാന്റെ ജീവിതത്തിലെ ആദ്യത്തെ വഴിത്തിരിവ്. അഥവാ, ചുറ്റുപാടും ഇരുട്ടുമൂടിക്കൊണ്ടിരിക്കുകയാണെന്ന തിരിച്ചറിവ്. കുറച്ചുനാള്‍ മുമ്പ് ഒരുകൂട്ടം പട്ടാളക്കാര്‍ ആ നാട്ടിലും തമ്പടിച്ചിരുന്നു. യുദ്ധം എന്ന സര്‍പ്പം ഗ്രാമങ്ങളിലേക്ക് നിശ്ശബ്ദം ഇഴഞ്ഞുവന്നു. അതിന്റെ ദംശനത്തില്‍ സ്ത്രീകളും കുട്ടികളും വീണുപോയി. സൈനികര്‍ പുരുഷന്മാരെ മർദിച്ചു, അധിക്ഷേപിച്ചു. അവരുടെ സാധനങ്ങളെല്ലാം കൊള്ളയടിക്കപ്പെട്ടു. പൊതുവേ നിശ്ശബ്ദരായിരുന്ന മനുഷ്യര്‍ കൂടുതല്‍ നിശ്ശബ്ദരായി. ഇടക്കിടെ സ്ത്രീകളുടെ അനാഥശവങ്ങള്‍ തെരുവുകളില്‍ പ്രത്യക്ഷപ്പെട്ടു. രാത്രികളുടെ ദൈര്‍ഘ്യമേറി.
ഒരു സന്ധ്യാസമയത്ത് രണ്ട് പട്ടാളക്കാര്‍ വന്ന് മുത്തച്ഛന്റെ കടയില്‍നിന്നും സിഗരറ്റും പഴങ്ങളും വാങ്ങി. പണം കൊടുക്കാതെ മടങ്ങുന്നതു കണ്ടപ്പോള്‍ അദ്ദേഹം അവരെ തടഞ്ഞ് പണം ചോദിച്ചു. ആ മനുഷ്യന്റെ സ്വഭാവമനുസരിച്ച് ചോദിക്കുകയാവില്ല, യാചിക്കുകയായിരുന്നിരിക്കണം. പക്ഷേ, സൈനികര്‍ക്ക് ഇഷ്ടപ്പെട്ടില്ല. വൃദ്ധനാണെന്ന പരിഗണന കൂടാതെ അവര്‍ അയാളെ അടിച്ചു നിലത്തിട്ടു. കടയിലെ സാധനങ്ങള്‍ക്കു തീകൊളുത്തി. മുറ്റത്തെ പൂച്ചെടികള്‍ പിഴുതെറിഞ്ഞു. ആളുകള്‍ ഓടിക്കൂടിയപ്പോള്‍ പട്ടാളക്കാര്‍ക്ക് വാശി കയറി. ഒരാള്‍ ആകാശത്തേക്കു വെടിയുതിര്‍ത്തു. വിരണ്ട ജനക്കൂട്ടം പിന്നിലേക്കു മാറി. മറ്റൊരു പട്ടാളക്കാരന് കത്തിയെടുത്ത് മുത്തച്ഛന്റെ ഇരുകണ്ണുകളിലും കുത്തി.അന്നത്തെ ആ സന്ധ്യ മാഞ്ഞു. രാത്രിയായി. ആ രാത്രി പിന്നീട് അയാളുടെ ജീവിതത്തില്‍നിന്നും മാഞ്ഞുപോയതേയില്ല.