തപോമയിയുടെ അച്ഛൻ
ഗാഢമായ ഇരുട്ടുള്ള രാത്രിയായിരുന്നു അത്. ഏറെനേരം കഴിഞ്ഞപ്പോള്‍ തിരികെ വന്ന ചില അയല്‍ക്കാര്‍ വൃദ്ധനെ ദൂരെയുള്ള ഒരാശുപത്രിയിലേക്കു കൊണ്ടുപോയി. അവര്‍ പറഞ്ഞ കാര്യങ്ങള്‍ ഡോക്ടര്‍ എഴുതിയെടുത്തു. പൊലീസ് വന്ന് അന്വേഷിച്ചുപോയി. കാര്യമൊന്നുമുണ്ടായില്ല. എങ്കിലും തങ്ങള്‍ക്കെതിരെ പരാതി പറഞ്ഞു എന്നുകണ്ട് പട്ടാളക്കാര്‍ ക്ഷുഭിതരായി. മുത്തച്ഛനെ ആശുപത്രിയിലേക്കു കൊണ്ടുപോയ അയല്ക്കാരിലൊരാളെ അതിനു പിറ്റേദിവസം മുതല്‍ കാണാതായി. അയാളെ...
Your Subscription Supports Independent Journalism
View Plansഗാഢമായ ഇരുട്ടുള്ള രാത്രിയായിരുന്നു അത്. ഏറെനേരം കഴിഞ്ഞപ്പോള്‍ തിരികെ വന്ന ചില അയല്‍ക്കാര്‍ വൃദ്ധനെ ദൂരെയുള്ള ഒരാശുപത്രിയിലേക്കു കൊണ്ടുപോയി. അവര്‍ പറഞ്ഞ കാര്യങ്ങള്‍ ഡോക്ടര്‍ എഴുതിയെടുത്തു. പൊലീസ് വന്ന് അന്വേഷിച്ചുപോയി. കാര്യമൊന്നുമുണ്ടായില്ല. എങ്കിലും തങ്ങള്‍ക്കെതിരെ പരാതി പറഞ്ഞു എന്നുകണ്ട് പട്ടാളക്കാര്‍ ക്ഷുഭിതരായി.
മുത്തച്ഛനെ ആശുപത്രിയിലേക്കു കൊണ്ടുപോയ അയല്ക്കാരിലൊരാളെ അതിനു പിറ്റേദിവസം മുതല്‍ കാണാതായി. അയാളെ അന്വേഷിച്ചുചെന്നവരെയാവട്ടെ, സൈനികര്‍ പിടിച്ചുവെച്ചു. തങ്ങള്‍ക്കെതിരെ കേസുണ്ടാക്കാന്‍ അയാളെ ഒളിപ്പിച്ചിട്ടുള്ളതാണെന്നായിരുന്നു അവരുടെ വാദം. വൈകാതെ ഓരോരുത്തരായി അപ്രത്യക്ഷരാകാന്‍ തുടങ്ങി. പിന്നീട് ആരും ഒന്നും മിണ്ടിയില്ല. ആ ഇരുണ്ട നിശ്ശബ്ദതയിലേക്കാണ് പട്ടാളത്തില്‍നിന്നും രക്ഷപ്പെട്ട് ജഹാന് തിരിച്ചുവന്നത്. പിറ്റേന്നു കാലത്ത് മുത്തച്ഛന് ജഹാനോടു ചോദിച്ചു: ‘‘യുദ്ധം തീര്‍ന്നോ?’’
ജഹാന് മറുപടി പറഞ്ഞില്ല. പട്ടാളത്തിലെ ഹ്രസ്വകാലജീവിതം അയാളെ അക്കാര്യം പഠിപ്പിച്ചിരുന്നു: തീരാനല്ല യുദ്ധങ്ങള്‍ ആരംഭിക്കുന്നത്. ഈ യുദ്ധവുമതേ. അക്കാര്യം മുത്തച്ഛനോടു പറയേണ്ട. പറഞ്ഞാല്‍ പട്ടാളത്തില്‍നിന്നും ഓടിപ്പോന്നതാണെന്നു പറയേണ്ടിവരും. അദ്ദേഹം കൂടുതല്‍ വിഷമിക്കും.
‘‘ഇവിടെ നിന്നാല്‍ അപകടമാണ്’’, ശബ്ദം താഴ്ത്തിക്കൊണ്ട് മുത്തച്ഛന് പറഞ്ഞു, ‘‘പലരേയും കാണാതാകുന്നു എന്നു പറഞ്ഞു കേള്‍ക്കുന്നു. ചിലര്‍ മരിച്ചുപോകുന്നു. എന്താണ് സംഭവിക്കുന്നതെന്ന് അറിഞ്ഞുകൂടാ. നീയിപ്പോള്‍ ഇവിടെ വരേണ്ടിയിരുന്നില്ല.’’
അക്കാര്യം ജഹാനും അറിയാം. താന്‍ വിട്ടുപോന്ന കാര്യം അറിയുന്നതോടെ പട്ടാളക്കാരോ അവരുടെ ചാരന്മാരോ തന്നെ അന്വേഷിച്ചുവരും. പക്ഷേ, ഇവിടേക്കല്ലാതെ എങ്ങോട്ടുപോകും?
‘‘ഈ നാടുവിട്ടു പോണം’’, അവന്റെ മനസ്സു വായിച്ചതുപോലെ മുത്തച്ഛന് പറഞ്ഞു.
‘‘എവിടേക്ക്?’’
‘‘ഇന്ത്യയിലേക്കു പോകൂ’’, കാഴ്ചയില്‍ ഇരുട്ടുമാത്രം അവശേഷിച്ചതിനാല്‍ തെറ്റായ ദിശയിലേക്കു ചൂണ്ടിക്കൊണ്ട് അദ്ദേഹം പറഞ്ഞു.
മുത്തച്ഛന് ചുവരിലെ ഒരലമാരിയില്‍ കുറേനേരം തപ്പി ഒരു അളുക്കില്നിന്നും തീരെ ചെറിയ രണ്ടു കമ്മലുകള്‍ പുറത്തെടുത്തു. ‘‘ഇതു നിന്റെ അമ്മയുടേതാണ്. മങ്ങിയിരിക്കുന്നുണ്ടാവും അല്ലേ? അതു നോക്കേണ്ട, സ്വര്‍ണമാണ്. വിറ്റാല്‍ കുറച്ചുപണം കിട്ടാതിരിക്കുകയില്ല. അതു മാത്രമേ എന്റെ കൈയിലിപ്പോള്‍ ഉള്ളൂ. പട്ടാളക്കാരുടെ നോട്ടത്തില്പ്പെടാതിരുന്നതുകൊണ്ടാണ് ഇതു ബാക്കിയായത്. പിന്നെ ഒന്നുകൂടിയുണ്ട്.’’ അദ്ദേഹം വീണ്ടും അലമാരി തപ്പി ഒരു കണക്കുപുസ്തകം കണ്ടെടുത്തു. അതിന്റെ ഉള്ളില്‍നിന്നും എടുത്ത തീരേ മുഷിഞ്ഞ പഴയൊരു കത്ത് അയാളുടെ നേര്‍ക്കു നീട്ടി.
‘‘ഇത് ഇന്ത്യയിലുള്ള ഒരാളുടെ മേല്‍വിലാസമാണ്. വര്‍ഷങ്ങള്‍ക്കുമുമ്പ് കുറച്ചുകാലം ഞാനും ഒരു പട്ടാളക്കാരനായിരുന്നു. ഞങ്ങള്‍ ഒരുമിച്ചു യുദ്ധം ചെയ്തിരുന്നു. ഒരിക്കല്‍ ഒരു മലഞ്ചെരുവില്‍ മുറിവേറ്റു വീണുകിടന്നിരുന്ന അയാളെ ചുമലിലേറ്റി താഴേക്കു കൊണ്ടുവന്നത് ഞാനായിരുന്നു. മടങ്ങിപ്പോയതിനുശേഷം അയാള്‍ എനിക്ക് കുറച്ചുകാലം എഴുത്തുകള്‍ അയച്ചിരുന്നു. ഇതൊന്നേ ഇപ്പോള്‍ ബാക്കിയുള്ളൂ. കൈയില്‍ വെക്കൂ. അയാള്‍ക്ക് എന്റെ പ്രായമുണ്ടാവും. ജീവിച്ചിരിപ്പുണ്ടോ എന്നറിഞ്ഞുകൂടാ. ഉണ്ടെങ്കില്‍, സഹായിക്കാതിരിക്കുകയില്ല. പ്രാണന് രക്ഷിച്ചവനെ ഒരാള്‍ക്കു മറക്കാന്‍ സാധിക്കുമോ?’’
ആ അവസ്ഥയില്‍ മുത്തച്ഛനെ വിട്ടുപോകുന്നത് മനുഷ്യത്വമായിരുന്നില്ല. എന്നാല്‍, പ്രായോഗികബുദ്ധി അതായിരുന്നു. അവിടെനിന്നാല്‍ അയാളെയും കാണാതാവും. കൊല്ലപ്പെടുന്ന അനേകായിരം ആളുകള്‍ക്കിടയില്‍ ഒരാള്‍കൂടി, മറ്റൊന്നുമില്ല. അയാള്‍ തന്റെ കുറച്ചുവസ്ത്രങ്ങള്‍ ഒരു തുണിസഞ്ചിയിലെടുത്തുവെച്ചു. അമ്മയുടെ കമ്മലുകള്‍ കീശയില്‍ വെച്ചു. വളരെ കുറച്ചു പണം മാത്രമേ അയാളുടെ കൈയില്‍ ഉണ്ടായിരുന്നുള്ളൂ. വഴിച്ചെലവിനുപോലും തികയാത്തത്രയും കുറച്ച്. എന്നാലും പോവുകതന്നെ. നടന്നും ചരക്കുവാഹനങ്ങളുടെ മുകളിലിരുന്നും അയാള്‍ നദിക്കരയിലെത്തിച്ചേര്‍ന്നു. നദി മുറിച്ചുകടന്നാല്‍ കിഴക്കന്‍ ബംഗാളാണ്.
പക്ഷേ, അയാളുടെ കൈയിലുള്ള പണത്തിന് തോണിക്കാരാരും കൊണ്ടുപോകാന്‍ തയാറായിരുന്നില്ല. കുറച്ചുനാള്‍ അവിടെ ചുറ്റിപ്പറ്റിനിന്നു. തോണിക്കാരുമായി സൗഹൃദത്തിലായി. ഒടുവില്‍ തിങ്ങിനിറഞ്ഞ ഒരു തോണിയില്‍ രാത്രിനേരത്ത് നദിയിലൂടെ അതിര്‍ത്തി കടന്ന് ബംഗ്ലാദേശിലെ അഭയാർഥി ക്യാമ്പിലെത്തി. കോക്സ്ബസാര്‍ എന്നായിരുന്നു ആ കേന്ദ്രത്തിന്റെ പേര്. ഇപ്പോള്‍ ലോകത്തിലെത്തന്നെ ഏറ്റവും വലിയ അഭയാലയമാണ് കോക്സ് ബസാറിലേത്. എന്നാല്‍, ജഹാന് എത്തുന്ന കാലത്ത് അത് ചെറിയൊരു ക്യാമ്പായിരുന്നു.
പങ്കിടുന്ന മതവിശ്വാസമോ ഭാഷയോ ഒന്നും അഭയമന്വേഷിക്കുന്നവരെ സഹായിച്ചുവെന്നു വരില്ല. അതിര്‍ത്തി കടന്നുവരുന്നവരെ ശത്രുക്കളെപ്പോലെയായിരുന്നു നാട്ടുകാര്‍ കണ്ടിരുന്നത്. ജനിച്ച നാള് മുതല്‍ തനിക്കു സഹജമായിരുന്ന ആ ഭീതി, തങ്ങള്‍ ഏതു സമയവും ആക്രമിക്കപ്പെടാമെന്ന അരക്ഷിതാവസ്ഥ; അതെല്ലാം അവിടെയും അയാള്‍ക്കൊപ്പമുണ്ടായിരുന്നു. ഇടക്കിടെ ക്യാമ്പില്‍ പരിശോധനയുണ്ടാവും. മേല്‍വിലാസമില്ലാത്തവര്‍ അറസ്റ്റുചെയ്യപ്പെടുന്നത് സാധാരണമായിരുന്നു. അയാളുടെ കൈയില്‍ രേഖകളൊന്നുമില്ല. ക്യാമ്പില്‍ നില്ക്കുന്നതും സുരക്ഷിതമല്ലെന്ന് ജഹാനു മനസ്സിലായി.
പുറത്ത്, അത്ര ദൂരെയല്ലാതെ ഒരു ചെറിയ ഹോട്ടലില്‍ അയാള്‍ക്കു ജോലി കിട്ടി. രാപ്പകല്‍ വിശ്രമമില്ലാത്ത ജോലിയാണ്. പണം കൊടുക്കാതെ ഭക്ഷണം കഴിക്കാമെന്നുള്ള ഗുണം മാത്രമേയുള്ളൂ. അവിടെ കുറച്ചുദിവസം ജോലി ചെയ്യുമ്പോഴേക്കും സംശയത്തിന്റെ കണ്ണുകള്‍ അയാള്‍ക്കുനേരേ നീണ്ടുവരുന്നത് അയാളറിഞ്ഞു. ഒരുദിവസം ഉടമസ്ഥന് അയാളെ ചോദ്യം ചെയ്തു. ജഹാന് സത്യം പറഞ്ഞു. ‘‘എനിക്കു നിന്നെ സഹായിക്കാനാവില്ല’’, ഉടമസ്ഥന് ഉപദേശിച്ചു: ‘‘ഇന്ത്യയിലേക്കു പോകൂ, അവിടേക്ക് എത്രയധികം ആളുകളാണ് പോകുന്നത്!’’ തനിക്കും അവിടേക്കുതന്നെയാണ് പോകാനുള്ളത്. ജഹാന് പറഞ്ഞു. ഇന്ത്യതന്നെയാണ് ഒരു പോംവഴി. ഇന്ദിരാ ഗാന്ധിയുടെയും ഷാറൂഖ് ഖാന്റെയും ഇന്ത്യ. അല്ലെങ്കില്‍ മുത്തച്ഛന് തന്ന വിലാസത്തിലെ ഒരാള്‍ ജീവിച്ചിരിക്കാനിടയുള്ള ഇന്ത്യ. പക്ഷേ, എങ്ങനെ പോകണം എന്നറിഞ്ഞുകൂടാ.
അതിര്‍ത്തി കടന്നുവേണം ഇന്ത്യയിലേക്കു പോകാന്‍. പക്ഷേ, അതേ ഒരു വഴിയുള്ളൂ. എന്നാല്‍, എളുപ്പമല്ല. ബംഗ്ലാദേശ്- ഇന്ത്യാ അതിര്‍ത്തിയില്‍ സുരക്ഷാക്കണ്ണുകള് ഇരുവശത്തുമുണ്ട്. രണ്ടു രാജ്യങ്ങളും നാലായിരത്തിലധികം കിലോമീറ്റര്‍ ദൂരം അതിര്‍ത്തി പങ്കിടുന്നു. ഭൂപ്രദേശങ്ങളുള്ള അതിര്‍ത്തികളുണ്ട്. നദീപ്രദേശങ്ങള്‍ വിഭജിക്കുന്ന അതിര്‍ത്തികളും. എമ്പാടും കാവല്‍ നിൽക്കുന്ന അർധസൈനിക വിഭാഗങ്ങള്‍. പൊലീസ്.
എന്നാലും ഇന്ത്യയിലേക്കു പോവുകയല്ലേ? മാന്യമായി വസ്ത്രം ധരിച്ചവരെ അതിര്‍ത്തിയില്‍ അങ്ങനെ പരിശോധിക്കുകയില്ലെന്ന് ആരോ പറഞ്ഞു കേട്ടു. എന്താണ് മാന്യത എന്നറിഞ്ഞുകൂടാ. ഹോട്ടലിന്റെ ഉടമസ്ഥന് കൊടുത്ത ഇത്തിരിക്കാശുകൊണ്ട് ജഹാന് അങ്ങാടിയിലെ സെക്കൻഡ്സ് മാര്‍ക്കറ്റില്‍നിന്നും ചാരനിറമുള്ള ഒരു പഴയ സ്യൂട്ടും ഒരു തുകല്‍ബാഗും വാങ്ങിച്ചു. ഒരു ജോടി കാന്‍വാസ് ഷൂസ്. പിന്നെ ഒരു കറുത്ത കണ്ണട. താന്‍ ജോലിചെയ്തിരുന്ന ഹോട്ടലിന്റെ മുന്നിലൂടെ, ആ പുത്തന്‍ വേഷത്തില്‍ അയാള്‍ നടന്നുനോക്കി. ഹോട്ടലുടമ അയാളെ തിരിച്ചറിഞ്ഞില്ല.
അതിരാവിലത്തെ ബസ് അയാളെ ബംഗ്ലാദേശിന്റെ പടിഞ്ഞാറന്‍ അതിര്‍ത്തിയിലുള്ള ബേനാപ്പോള് എന്നൊരു ചെറിയ പട്ടണത്തിലിറക്കി. പട്ടണം ഉണര്ന്നുവരുന്നതേയുണ്ടായിരുന്നുള്ളൂ. ബസ് സ്റ്റാൻഡിലെ ചായക്കടയില്‍ കുറച്ചുപേര്‍ കൂനിക്കൂടിയിരുന്ന് സംസാരിക്കുന്നുണ്ടായിരുന്നു. ആ നേര്‍ത്ത വെളിച്ചത്തില്‍ കാണുമ്പോള്‍ എന്തോ ആഭിചാരക്രിയ ചെയ്യുന്നവരാണെന്നു തോന്നും. ഇടക്കിടെ അവര്‍ തലയുയര്‍ത്തി അവനെ നോക്കി. വീണ്ടും കുനിഞ്ഞിരുന്നു സംസാരിക്കുന്നതു തുടര്‍ന്നു. ജഹാന് അവരറിയാതെ അവരെ ശ്രദ്ധിച്ചുകൊണ്ടിരുന്നു. ഇന്ത്യയിലേക്കു കടക്കുന്നതിനെക്കുറിച്ചാണ് അവര്‍ സംസാരിക്കുന്നതെന്നു മനസ്സിലായപ്പോള്‍ ജഹാന് അടുത്തു ചെന്നുനിന്നു. പറയുന്നതു കേള്‍ക്കാനായി രണ്ടു ചായ കുടിച്ചു.
‘‘നിന്റെ കൈയില്‍ പാസ്പോര്‍ട്ട് ഉണ്ടോ?’’ അവര്‍ തിരക്കി. പാസ്പോര്‍ട്ട് എന്ന വാക്ക് ജഹാന് ആദ്യമായി കേള്‍ക്കുകയായിരുന്നു.
പാസ്പോര്‍ട്ടില്ലാതെ അതിര്‍ത്തി കടക്കുക സാധ്യമല്ല. അവര്‍ വിശദീകരിച്ചുകൊടുത്തു. ഇനി അതല്ലെങ്കില്‍ കാവലില്ലാത്ത, വേലി കെട്ടാത്ത കരപ്രദേശങ്ങളുണ്ട്. പക്ഷേ, അതു വളരെ ദൂരെയാണ്. കൃത്യമായ വിവരം അവര്‍ക്കും ഇല്ല.
‘‘പക്ഷേ, ഏറ്റവും വലിയ പാസ്പോര്‍ട്ട് പണമാണ്’’, അവര്‍ സൂചിപ്പിച്ചു, ‘‘പണം എന്നുവച്ചാല്‍ അമേരിക്കന്‍ പണം. ഡോളര്‍ എന്നു കേട്ടിട്ടുണ്ടോ? അതുമില്ല. നീയൊക്കെ എന്തിനാണ് ഈ പണിക്കിറങ്ങിയത്?’’ അപ്പോള്‍ ജഹാന് കീശയില്‍നിന്നും രണ്ടു കമ്മലുകള്‍ എടുത്തുകാണിച്ചു. ‘‘ഇതു സ്വര്‍ണമാണോ?’’ അവര്‍ സംശയിച്ചു. വളരെ കാലമായി ഉപയോഗിക്കാതെ അതു നിറം മങ്ങിയിരുന്നു. എന്നാലും അതുകൊണ്ടു കിട്ടാവുന്ന കുറച്ചു അമേരിക്കന്‍ നോട്ടുകള്‍ ഒരാള്‍ അവനെടുത്തുകൊടുത്തു. ‘‘നോക്ക്, നൂറു ഡോളര്‍ കൊടുത്താല്‍ ഒരു പാസ്പോര്‍ട്ട് സംഘടിപ്പിച്ചുതരുന്ന ഒരു ദല്ലാള്‍ ഉണ്ട്. അയാളെ കാണണം.’’ അയാളെ എപ്പോള്‍ എവിടെ വെച്ചു കാണണം എന്നതെല്ലാം അവര്‍ വിശദീകരിച്ചു.
ഈ മനുഷ്യര്‍ പറയുന്നതു വിശ്വസിക്കാമോ? അവരെ സംശയിക്കാവുന്ന എല്ലാ സാഹചര്യങ്ങളുമുണ്ടായിരുന്നു. തന്റെ സ്വര്‍ണം സ്വീകരിച്ച് അവര്‍ തന്നത് ഈ പറയുന്ന ഡോളര്‍ തന്നെയാണെന്ന് എന്താണുറപ്പ്? ഇനി അവര്‍ നിർദേശിക്കുന്ന ദല്ലാള്‍ പാസ്പോര്‍ട്ട് തരും എന്നതിനും ഉറപ്പുണ്ടോ? അങ്ങനെയൊന്നു കിട്ടിയാലും ഇന്ത്യയിലേക്കു കടക്കാന്‍ സാധിക്കും എന്നും തീര്‍ച്ചയൊന്നുമില്ല. ഏതു സമയത്തും, എവിടെ െവച്ചും ഈ പദ്ധതികളെല്ലാം പാളാം. പണം പോകാം, ജയിലില്‍ കിടക്കാന്‍പോലും സാധ്യതയുണ്ട്. എന്നിട്ടും ജഹാന് ആ വാഗ്ദാനം സ്വീകരിച്ചു.
അയാള്‍ക്കു പാസ്പോര്‍ട്ടു കിട്ടി. പക്ഷേ, അതു ശൂന്യമായ കുറച്ചു താളുകള്‍ മാത്രമായിരുന്നു. പേരെഴുതുകയോ ചിത്രം പതിക്കുകയോ ഒന്നുമില്ല. ഒന്നുമറിയാത്തതുകൊണ്ട് ജഹാന് സംശയിച്ചില്ല. ‘‘സത്യത്തില്‍ അതായിരുന്നു എന്നെ സംബന്ധിച്ചിടത്തോളം ശരിയായ പാസ്പോര്‍ട്ട്.’’ പിന്നീടെപ്പോഴും അയാള്‍ പറയും, ‘‘ഞാന്‍ ആരുമല്ലായിരുന്നു. ശൂന്യമായിരുന്നു എന്റെ ജീവിതം. അതിന് പടങ്ങളോ അക്ഷരങ്ങളോ ഒന്നും ആവശ്യമുണ്ടായിരുന്നില്ല.’’
എന്നിട്ടും ഫോട്ടോയോ പേരോ ഒന്നുമില്ലാത്ത ഈ പാസ്പോര്‍ട്ട് വീശിക്കാണിച്ചപ്പോള് ബംഗ്ലാദേശികളായ ഉദ്യോഗസ്ഥന്മാര് ചെറുപുഞ്ചിരിയോടെ അയാളെ കടത്തിവിട്ടു. അവിടെനിന്നും ഇന്ത്യയുടെ അതിര്‍ത്തിക്കുള്ളിലുള്ള പെട്രോപോള്‍ എന്ന ചെക് പോസ്റ്റായിരുന്നു ആദ്യത്തെ കടമ്പ. തെക്കന്‍ ബംഗാളില്‍ കരമാര്‍ഗമുള്ള ഏക ചെക് പോയന്റ്; ഏറ്റവും വലുതും. ഇരുരാജ്യങ്ങളും തമ്മിലുള്ള കച്ചവടത്തിന്റെ പാതിയും ആ വഴിക്കാണ് നടക്കുന്നത്. നിരനിരയായി കിടക്കുന്ന ചരക്കുവാഹനങ്ങള്ക്കരികിലൂടെ ജഹാന് നടന്നു.
പെട്രോപോളിലെ അതിര്‍ത്തി കര്‍ശനമാണെന്നാണ് പറയുന്നത്. പക്ഷേ, അവിടേയും ചിലര്‍ കാണും. തലയെണ്ണി പണം കൊടുക്കുക. വരിയില്‍ നിൽക്കാതെ, മറ്റൊന്നും ശ്രദ്ധിക്കാതെ നേരേ നടന്നുപോവുക. ദല്ലാള്‍ പറഞ്ഞതു ഫലിച്ചു. ആര്‍ക്കൊക്കെയോ പണം കൊടുത്തശേഷം, ഒന്നും സംഭവിക്കാത്ത മട്ടില്‍ നേരേ നടന്നുപോയി. പെട്രോപോളിലെ കര്‍ക്കശക്കാരായ ഉദ്യോഗസ്ഥര്‍ അവര്‍ നടന്നുപോകുന്നതു കാണാതിരിക്കാന്‍ മറ്റെവിടേക്കോ നോക്കി, വലിയ തിരക്കുകള്‍ അഭിനയിച്ചു.
കൊല്‍ക്കത്തയിലെത്തിയപ്പോള്‍ അയാള്‍ തന്റെ കോട്ടും സ്യൂട്ടും അഴിച്ചു. പഴയ വസ്ത്രങ്ങളിലേക്കു മാറി. അപ്പോഴാണ് ആശ്വാസമായത്. ഇത്രയും നേരം താന്‍ വിചിത്രമായൊരു നാടകത്തില്‍ അഭിനയിക്കുകയായിരുന്നുവെന്ന് അയാള്‍ക്കു തോന്നി. കൊല്‍ക്കത്ത അയാളെ ആകര്‍ഷിച്ചില്ല. കിഴക്കന്‍ ബംഗാളിലെ തെരുവുകളില്‍ കേട്ട അതേ ഭാഷ, പരിസരങ്ങള്‍. കടന്നുപോന്നതിന്റെ അതേ ഛായയില്‍ ഒരു നദി. തൂക്കുപാലത്തില്‍ നിന്നും അയാള്‍ ദൂരേക്കുനോക്കി. ഇരുട്ടില്‍ കപ്പലുകളുടെ മിന്നായങ്ങള്‍ കണ്ടു.
ഹൗറ സ്റ്റേഷനില്‍നിന്നും കിട്ടിയ ആദ്യത്തെ തീവണ്ടിയില്‍ ജഹാന് ദില്ലിയിലേക്കു പോന്നു. അവിടെ കുറച്ചു ദിവസങ്ങള്‍ അലഞ്ഞശേഷം ആഗ്രയിലേക്കു പോയി. താജ്മഹലുള്ള സ്ഥലമാണ് ആഗ്ര എന്ന് അയാള്‍ക്കറിയുമായിരുന്നില്ല. അയാളെ സംബന്ധിച്ച് മുത്തച്ഛന് തന്ന പഴയ പട്ടാളക്കാരന്റെ വിലാസമായിരുന്നു ആഗ്ര. അവിടെ പക്ഷേ, അങ്ങനെയൊരാളെ കണ്ടെത്താന്‍ ജഹാന് കഴിഞ്ഞില്ല. അത്തരമൊരു തെരുവുപോലും അവിടെയെങ്ങും ഇല്ലായിരുന്നു. ആഗ്രയിലും പരിസരത്തും അയാള്‍ ചുറ്റിനടന്നു. ഭൂമിയിലെ ഏറ്റവും കമനീയമായ ശവകുടീരം കണ്ടു. വഴിയോരത്തെ കടകളില്‍നിന്നും മധുരമുള്ള പലഹാരം വാങ്ങിത്തിന്നു. അപ്പോള്‍ ഇന്ത്യ കൂടുതല്‍ മധുരിക്കുന്നുവെന്നു തോന്നി. താജ്മഹലിനു പിന്നില്‍, മെലിഞ്ഞൊഴുകുന്ന നദിയുടെ കരയില്‍ രാത്രിയില്‍ പോയി, തന്റെ നാട്ടിലില്ലാത്തത്രയും തെളിച്ചമുള്ള നിലാവു കണ്ടു.
ഏതൊക്കെയോ തൊഴിലാളികള്‍ അവനെ കൂടെക്കൂട്ടി. അവര്‍ക്കൊപ്പം വില കുറഞ്ഞ കൗതുകവസ്തുക്കളും സ്വര്‍ണനിറമുള്ള താക്കോല്‍ ചെയിനുകളും സന്ദര്‍ശകര്‍ക്കു വിറ്റു. പത്തിരുനൂറു രൂപ വരുമാനമുണ്ടായിരുന്നു. നഗരത്തിന്റെ പുരാതനമായ ഒരു തെരുവിനു പിറകില്‍ രാത്രിയില്‍ ഒരു ഗോഡൗണിനു കാവല്‍ കിടന്നു. താമസം ഫ്രീ. രാത്രിയില്‍ ശബ്ദം കേട്ടാല്‍ ഉണര്‍ന്ന് വിളക്കു തെളിയിക്കണം. എലികളും കൂറകളും അയാള്‍ക്കു കൂട്ടു കിടന്നു. മസാലയുടെയും മുളകിന്റെയും ഗന്ധമുള്ള ഉറക്കം. മേയ് ജൂണ്‍ മാസത്തിലെ കൊടും ചൂടില്‍ മസാലകള്‍ക്കിടയില്‍ താന്‍ വെന്ത് പാകമായി ഒരു വിഭവമായി മാറുമെന്നായിരുന്നു അയാളുടെ ഭീതി. അയാള്‍ പഴയ സ്യൂട്ടും കോട്ടും കണ്ണടയും ധരിച്ച് താജ്മഹലിന്റെ പശ്ചാത്തലത്തില്‍ തന്റെയൊരു ചിത്രമെടുപ്പിച്ചു. അത് നാട്ടിലെ ചില കൂട്ടുകാര്‍ക്ക് അയച്ചുകൊടുത്തു. അതവര്‍ക്കു കിട്ടിയോ എന്നറിഞ്ഞുകൂടാ. (അവരിലാരെങ്കിലും ജീവിച്ചിരിപ്പുണ്ടോ എന്നുപോലും.) കിട്ടുകയാണെങ്കില്‍, അവര്‍ അയാളെയോര്‍ത്ത് അസൂയപ്പെടാനിടയുണ്ട്.
ഓരോരോ ഋതുക്കളിലും ശവകുടീരം രൂപം മാറുന്നുണ്ടെന്നു ജഹാനു തോന്നി. ഒരു കാര്യം മാത്രം അയാള്‍ പ്രത്യേകം ശ്രദ്ധിച്ചു. സന്തോഷിക്കാന്‍ കഴിയുന്നവരാണ് ശവകുടീരം കാണാനെത്തുന്നത്; ദുഃഖിതരല്ല. കാരണം അതു പ്രണയത്തിന്റെ സ്മാരകമാണെന്ന് അവര്‍ വിചാരിച്ചിരുന്നു. അതിന്റെ മുന്നില്‍നിന്നുകൊണ്ട് സ്വന്തം ചിത്രം പിടിക്കുന്നതില്‍ അവര്‍ ആഹ്ലാദിച്ചു. പല നാടുകളില്‍നിന്നും ഭാഷകളില്‍നിന്നുമുള്ള സന്ദര്‍ശകര്‍. അവരോടു സംസാരിച്ച് ആഹ്ലാദം കണ്ടെത്താനായില്ലെങ്കിലും അയാളുടെ ഭാഷ ഭേദപ്പെട്ടു. രാത്രിയില്‍ ഹിന്ദി സിനിമകള്‍ കണ്ടു രസിക്കാമെന്നായി. തിയറ്ററില്‍ ഷാറൂഖ് ഖാനെ ആദ്യമായി കണ്ട് അയാള്‍ മതിമറന്നു. അക്കാര്യവും ജഹാന് നാട്ടിലേക്കെഴുതി. മറുപടി വന്നില്ല.
അതിനിടയില്‍ അയാളെ പൊലീസ് പിടിച്ചു. രേഖകളൊന്നുമില്ല. അറസ്റ്റ് ചെയ്തു ജയിലിലിട്ടാല്‍ പിന്നെ പുറംലോകം കാണില്ല. പൊലീസുകാരില്‍ കുറച്ചു മുതിര്‍ന്ന ഒരാള്‍ ചോദിച്ചു,
‘‘ഇത് യു.പിയാണ്, ഉത്തര്‍പ്രദേശ്. മനസ്സിലായോ?’’ അവനു മനസ്സിലായില്ല. ആഗ്ര എന്നാണ് താന്‍ ധരിച്ചിരുന്നത്.
അയാള്‍ക്ക് അവനോടു പാവം തോന്നിക്കാണണം. അയാള്‍ കയര്‍ത്തില്ല. പകരം ‘‘ഞാന്‍ നിന്നെ വിട്ടേക്കാം. പക്ഷേ, ഇവിടെ പിന്നെ കാണാന്‍ പാടില്ല.’’
‘‘എവിടെ പോകും?’’ അവന് അറിയാതെ ചോദിച്ചതാണ്. നിശ്ചയമായും അക്കാര്യത്തെക്കുറിച്ച് അവനറിയുമായിരുന്നില്ല.
‘‘വന്നിടത്തേക്കു മടങ്ങിപ്പോ.’’
‘‘നാട്ടിലേക്കു പോവാനാവില്ല സര്.’’
‘‘അതിന് നിന്റെ നാടേതാണ് എന്നു ഞാന്‍ ചോദിച്ചോ?’’ പൊലീസുകാരന് ചിരിച്ചു.
‘‘എനിക്കു പണിയുണ്ടാക്കാതെ തിരിച്ചു പോ’’, അയാള്‍ പറഞ്ഞു, ‘‘യു.പിയില്‍, അതായത് ഉത്തര്‍പ്രദേശില്‍ പറ്റില്ല. ദില്ലിയിലേക്കുള്ള വണ്ടി കയറ്. അവിടെയാവുമ്പോള്‍ പലമാതിരി ആളുകള്‍ കാണും. നിന്നെപ്പോലുള്ളവരെ തിരിച്ചറിഞ്ഞെന്നുവരില്ല.’’ ജഹാന് അനുസരിച്ചു. പക്ഷേ, ദില്ലിയില്‍ ചെന്നെത്തിയതിന്റെ മൂന്നാംപക്കം അയാളെ അവിടത്തെ പൊലീസ് പിടിച്ചു. പൊലീസ് സ്റ്റേഷനില്‍നിന്നും പുറത്തിറക്കിക്കൊണ്ടുവന്നത് ഗിരിധര്‍ റാവുവായിരുന്നു. നേരേ ഒരു ക്യാമ്പിലേക്ക്.
പഴയ കുപ്പികളും പാത്രങ്ങളുമൊക്കെ പെറുക്കിവിൽക്കുന്ന ജോലിയിലായിരുന്നു അയാള്‍. പകല്‍ മുഴുവന്‍ മാലിന്യമലകളില്‍ വസ്തുക്കള്‍ തേടിയുള്ള അലച്ചിലാണ്. ഓരോ ദിവസവും കോര്പറേഷന് വണ്ടികള്‍ കൊണ്ടുവന്നുതള്ളുന്ന കൂമ്പാരങ്ങള്‍. അടുത്തെങ്ങും ആളുകള്‍ വരില്ല. പട്ടികള്‍ക്കൊപ്പമാണ് ജഹാന്റെ സന്ദര്‍ശനം. ആദ്യമൊക്കെ അവ അയാളെ നോക്കി കുരക്കുമായിരുന്നു.
പിന്നെ പരിചയമായി. ഓരോരുത്തരും അദൃശ്യമായ അതിര്‍ത്തികളുണ്ടാക്കി. രൂക്ഷമായ ദുര്‍ഗന്ധം ശ്വസിച്ചുവേണം അതിനു ചുറ്റും നടക്കാന്‍. ചിലപ്പോള്‍ കാലില്‍ തടിച്ചുപൊട്ടും. കണ്ണുകള്‍ കലങ്ങും. എങ്കിലും ഇതൊരു നല്ല തൊഴിലാണെന്ന് അയാള്‍ക്കു തോന്നി. അഭയാർഥികളെപ്പോലെത്തന്നെ ഈ മലിനപർവതങ്ങളും. ജീവിതത്തില്‍നിന്നും പുറന്തള്ളപ്പെടുന്നതാണ്. മനുഷ്യരുള്ളേടത്തോളം കാലം രണ്ടും അവസാനിക്കുകയില്ല. ഒരുനിലക്ക് അതൊരു ലാഭമുള്ള കച്ചവടമായിരുന്നു. അപൂര്‍വം ചിലപ്പോള്‍ കൂടുതല്‍ വിലകിട്ടാവുന്ന ഏതെങ്കിലും ഇരുമ്പുസാധനങ്ങളോ മറ്റോ കൈയില്‍ വരാം. അധികമൊന്നും കേടുവരാത്ത ഭക്ഷണം കിട്ടാം.
ഒരു രാത്രിയില്‍ ആ ഭാഗ്യവും അണഞ്ഞു. മാലിന്യമല നിന്നു കത്താന്‍ തുടങ്ങി. തീനാളങ്ങള്‍ ആകാശത്തോളം ഉയരുന്നു. അടുത്തെങ്ങും ചെല്ലാനാവാത്ത വിധം കറുത്ത നിറമുള്ള പുക അന്തരീക്ഷത്തില്‍ നിറഞ്ഞു. കുറേ ദൂരെയാണെങ്കിലും ക്യാമ്പിലിരുന്നവര്ക്കും ശ്വാസം മുട്ടുമായിരുന്നു. വലിയ ഫയറെഞ്ചിനുകള്‍ അവിടേക്കു വന്നു. ആളുകളെ അങ്ങോട്ടു കടത്തിവിടാതായി. ദിവസങ്ങളോളം നിന്നു കത്തി സ്വയം ശാന്തമായതിനുശേഷം മാത്രമേ ജഹാനും കൂട്ടാളികളായ പട്ടികള്‍ക്കും അവിടേക്കു പോകാനായുള്ളൂ. കറുത്ത വലിയൊരു ശിൽപംപോലെ ഉയര്‍ന്നുനിന്ന ആ മലക്കു നേരേ നോക്കിയപ്പോള്‍ കൂടുതല്‍ അനാഥനാവുന്നതുപോലെ അയാള്‍ക്കു തോന്നി.
എന്നിട്ടും അയാള്‍ അതിനടുത്തേക്കു പോകും. തീയില്‍നിന്നും രക്ഷപ്പെട്ട വല്ലതുമുണ്ടോ എന്നു തിരയും. അത്തരമൊരു തിരച്ചിലിനിടയിലാണ് അയാള്‍ തപോമയിയെ കണ്ടെത്തിയത്. കത്തിപ്പോയ മാലിന്യത്തിനടുത്തു പോകരുതെന്ന് ഉത്തരവുണ്ടായിരുന്നു. ആഴത്തിലുള്ള തീ അണഞ്ഞുകാണില്ലെന്ന മുന്നറിയിപ്പ്. അപ്പോള്‍ താനതിനു മുകളില്‍ നിൽക്കുന്നതുകണ്ട് നിയമപാലകര്‍ അന്വേഷിച്ചുവന്നതാണെന്ന പേടിയായിരുന്നു ജഹാന്. വിറച്ചുകൊണ്ടാണ് അയാള്‍ തപോമയിക്കരികിലേക്കു വന്നത്.
അതു മാത്രമല്ല, അഭയാർഥികള്‍ക്കെതിരെ വലിയ ചുവരെഴുത്തുകളുണ്ടായിരുന്നു. അടുത്തുള്ള വീടുകളിലെ ചെറിയ കളവുകള്‍ മുതല്‍ ബസ് സ്റ്റാൻഡുകളിലെ പോക്കറ്റടി വരെ അവരുടെ കണക്കിലാണ് ആളുകള്‍ കൊള്ളിച്ചിരുന്നത്. പൊലീസ് വരും, തിരക്കും. പക്ഷേ, അങ്ങനെ തെളിവുകളൊന്നുമുണ്ടായിരുന്നില്ല. ഒന്നോ രണ്ടോ ദിവസം സ്റ്റേഷനില്‍ നിര്‍ത്തിയശേഷം അവരെ വിട്ടയക്കുകയായിരുന്നു പതിവ്. അക്കാര്യത്തിനാണ് തപോമയി ഏറ്റവും കൂടുതല്‍ പണിയെടുത്തിട്ടുള്ളത്. സ്റ്റേഷനിലെ പൊലീസുകാരെല്ലാം അയാളുടെ പരിചയക്കാരായി. ദൂരേനിന്നു കാണുമ്പോഴേ അവര്‍ അയാളെ പരിഹസിച്ചു ചിരിക്കുമായിരുന്നു.
അധികവും ഒറ്റക്കാണ് തപോമയിയുടെ വരവ്. കാരണം, ഇക്കാര്യത്തിലുള്ള നിയമ വകുപ്പുകളെല്ലാം അയാള്‍ക്ക് കൃത്യമായി അറിയാമായിരുന്നു. ചിലപ്പോള്‍ ചെറിയ ചില തുകകള്‍ കെട്ടിവെക്കേണ്ടിവരും. പോകപ്പോകെ പൊലീസുകാരും അയാളോടും സഹതപിച്ചു. നല്ലൊരു ചെറുപ്പക്കാരന്, എന്തെല്ലാം കാര്യങ്ങള്‍ ചെയ്യാം! ഇതിപ്പോള്‍ തെണ്ടിത്തിരിഞ്ഞുവന്ന കുറേ ഏഴകള്‍ക്കു വക്കാലത്തുമായി നടക്കുന്നു. അവര്‍ കട്ടിട്ടില്ലെന്നും കക്കുകയില്ലെന്നുമൊക്കെ ഉശിരോടെ വാദിക്കുന്നു. ലോക്കപ്പില്‍ കിടക്കുന്നവര്‍ക്ക് ഭക്ഷണമെത്തിച്ചുകൊടുക്കുന്നു. സ്വന്തം പേരില്‍ ജാമ്യമെടുക്കുന്നു.
‘‘മിസ്റ്റര്‍ തപോമയി, ഓരോ ദിവസവും ഓരോ പുതിയ കാര്യവും പറഞ്ഞു നിങ്ങള്‍ ഞങ്ങളെ ബുദ്ധിമുട്ടിക്കാന്‍ വരുന്നു. നിങ്ങള്‍ വക്കീലാണോ? അറിയാത്ത ഒരു ലീഗല്‍ പോയന്റുമില്ലല്ലോ! എന്താണ് നിങ്ങള്‍ക്ക് ഇതിലുള്ള താൽപര്യം?’’ സ്റ്റേഷന്റെ ചുമതലയുള്ള ഓഫീസര്‍ ഒരിക്കല്‍ ചോദിച്ചു. മോഷണക്കുറ്റം ആരോപിച്ച് ലോക്കപ്പില്‍ കിടന്നിരുന്ന ഒരാളെ വിട്ടുകിട്ടാനായി തപോമയി എത്തിയിരിക്കുകയായിരുന്നു. മോഷണം പോയി എന്ന് ആരോപിക്കപ്പെട്ട വസ്തു തിരിച്ചുകിട്ടിയിട്ടും അയാളെ വിടാന്‍ പൊലീസ് തയാറായിരുന്നില്ല.
‘‘മനുഷ്യരിലുള്ള താൽപര്യം തന്നെ, സര്’’, തപോമയി ചിരിച്ചു. ‘‘ഇവരെ സഹായിക്കാനും ആരെങ്കിലും വേണമല്ലോ.’’
ഗിരിധര്‍ റാവുവിന്റെ കൈയില്‍നിന്നും പരിശീലിച്ച സുഗന്ധവ്യഞ്ജനങ്ങള്‍ ചേര്‍ത്ത ഒരു പൊതി മുറുക്കാന്‍ തപോമയി ഓഫീസര്‍ക്കു കൊടുത്തു.
‘‘ഓ, അതുകൊള്ളാം. ഈ മുറുക്കാന്‍ തന്ന് നിങ്ങളെന്നെ വശീകരിക്കുകയാണോ?’’ താംബൂലം ആസ്വദിച്ചുകൊണ്ട് ഓഫീസര്‍ ചോദിച്ചു, ‘‘നിങ്ങള്‍ ഒരു ബുദ്ധിസ്റ്റാണെന്നല്ലേ പറഞ്ഞത്? പക്ഷേ, ഇവരാരെങ്കിലും നിങ്ങളുടെ ആളുകളാണോ?’’
‘‘അതേ സര്.’’
‘‘ങേ? അതു വെറുതേ പറയുന്നതല്ലേ?’’
‘‘വെറുതെയല്ല സര്, എല്ലാവരും ബുദ്ധനിലേക്കു നടക്കുന്നു എന്നാണ് ഞാന്‍ പഠിച്ചിട്ടുള്ളത്’’, തപോമയി തുടര്‍ന്നു, ‘‘പിന്നെ വകുപ്പു നോക്കിയാല്‍ എന്റെ ആളുകളാണ് അവരെ സ്വന്തം നാട്ടില്‍നിന്നും ഓടിച്ചിട്ടുള്ളത്. വലിയ പാപമാണത്.’’
‘‘അതിന് നിങ്ങള്‍ പ്രായശ്ചിത്തം ചെയ്യുകയാണോ?’’
‘‘അതിനു ഞാന്‍ മതിയാവില്ല സര്. ഒരാളെക്കൊണ്ടു ചെയ്യാവുന്ന കാര്യമല്ല അത്.’’
-വായില്‍ നിറഞ്ഞ മുറുക്കാന്പത ജനലിലൂടെ തുപ്പിക്കളഞ്ഞ ശേഷം ഓഫീസര്‍ അയാളെ കൗതുകത്തോടെ നോക്കി. മൂന്നു ദശകം നീണ്ട തന്റെ ഔദ്യോഗികജീവിതത്തില്‍ ഒരു പ്രയോജനവുമില്ലാത്ത ചില ഏടാകൂടങ്ങളും ഏറ്റി നടക്കുന്ന ഒരാളെ അതിനുമുമ്പ് കണ്ടിട്ടില്ലെന്ന് അയാള്‍ ചിരിച്ചുകൊണ്ടു പറഞ്ഞു. തനി വിഡ്ഢിത്തമല്ലാതെ മറ്റെന്താണിതില്!
തപോമയി ഒരു രഹസ്യം വെളിവാക്കുന്നതുപോലെ ശബ്ദം താഴ്ത്തിക്കൊണ്ട് ഓഫീസറോടു പറഞ്ഞു, ‘‘ഒന്നോ രണ്ടോ ആളുകള്‍ പോരാ സര്, ലോകത്ത് ബുദ്ധിമാന്മാര് ഉണ്ടാക്കുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഇപ്പോള്‍ ഒരു സൈന്യംതന്നെ ആവശ്യമുണ്ട്. A battalion of idiots.’’