തപോമയിയുടെ അച്ഛൻ
ഞങ്ങള്‍ തിരിച്ചെത്തുമ്പോള്‍ ഏതാണ്ട് എട്ടുമണി കഴിഞ്ഞിരുന്നു. മടക്കയാത്രയില്‍ വലിയ ട്രാഫിക് തിരക്കുകളുണ്ടായിരുന്നില്ല. അങ്ങോട്ടുപോയതിന്റെ പാതിസമയമേ വേണ്ടിവന്നുള്ളൂ. എനിക്കിറങ്ങാനുള്ള മെട്രോ സ്റ്റേഷനെത്തിയപ്പോള്‍ തപോമയി ചോദിച്ചു: ‘‘പോയിട്ടു തിരക്കുണ്ടോ? ഇല്ലെങ്കില്‍ എന്റെ വീടുവരെ ഒന്നു വന്നിട്ടു പോകൂ. ഇവിടെനിന്നും അധികമില്ല. തിരിച്ചു താമസസ്ഥലത്തുതന്നെ വിടാന്‍ ഡ്രൈവറോടു പറയാം.’’ പിറ്റേന്ന് ഞായറാഴ്ചയായതുകൊണ്ട് കുറച്ചു...
Your Subscription Supports Independent Journalism
View Plansഞങ്ങള്‍ തിരിച്ചെത്തുമ്പോള്‍ ഏതാണ്ട് എട്ടുമണി കഴിഞ്ഞിരുന്നു. മടക്കയാത്രയില്‍ വലിയ ട്രാഫിക് തിരക്കുകളുണ്ടായിരുന്നില്ല. അങ്ങോട്ടുപോയതിന്റെ പാതിസമയമേ വേണ്ടിവന്നുള്ളൂ. എനിക്കിറങ്ങാനുള്ള മെട്രോ സ്റ്റേഷനെത്തിയപ്പോള്‍ തപോമയി ചോദിച്ചു: ‘‘പോയിട്ടു തിരക്കുണ്ടോ? ഇല്ലെങ്കില്‍ എന്റെ വീടുവരെ ഒന്നു വന്നിട്ടു പോകൂ. ഇവിടെനിന്നും അധികമില്ല. തിരിച്ചു താമസസ്ഥലത്തുതന്നെ വിടാന്‍ ഡ്രൈവറോടു പറയാം.’’ പിറ്റേന്ന് ഞായറാഴ്ചയായതുകൊണ്ട് കുറച്ചു വൈകിയാലും കുഴപ്പമൊന്നുമില്ലെന്നു വിചാരിച്ചു. തപോമയിയുടെ അച്ഛനെ കാണണമെന്ന് കുറച്ചുനാളായി വിചാരിക്കുകയായിരുന്നല്ലോ.
നേരിയ മഞ്ഞുണ്ടായിരുന്നു. പാല്‍പ്പത പോലെയുള്ള വെളിച്ചം തൂവുന്ന വിളക്കുകളുള്ള വീഥികള്‍ പിന്നിട്ട് വണ്ടി പിന്നെയും നീങ്ങി. ശനിയാഴ്ചയായതുകൊണ്ടാവാം തെരുവുകച്ചവടം തിമിര്‍ക്കുന്നു. ശീതകാല വസ്ത്രങ്ങളില്‍ ആസകലം മൂടിയ മനുഷ്യര്‍ കൂടിനിന്ന് കച്ചവടക്കാരുടെ വാക്കുകള്‍ സശ്രദ്ധം കേള്‍ക്കുന്നുണ്ട്. ഇടക്കിടെ തീച്ചുറ്റുള്ള ഒരു ചക്രം ആകാശത്തേക്ക് ആരോ തൊടുത്തുവിടുന്നു. അത് കുറേ ഉയരത്തില്‍പ്പോയി പതുക്കെ ആളുകള്‍ക്കിടയിലേക്കു വന്നുവീണു. ഞാന്‍ പിറകിലെ ഗ്ലാസ് തുറന്നു. മുഖരിതമാണ് അന്തരീക്ഷം. പുക പിടിച്ചതുപോലുള്ളതെങ്കിലും തെളിച്ചമുള്ള ആകാശം. മേഘങ്ങള്‍ കാണാനേയില്ല.
കുറച്ചുദൂരം പോയപ്പോള്‍ പഴയ ദില്ലിയുടെ പരിസരങ്ങളായി. പാതകള്‍ നേര്‍ത്തു. തെരുവുകളില്‍ കൂടുതല്‍ ആള്‍ത്തിരക്കു കാണാമായിരുന്നു. പഴയ സൈക്കിള്‍ റിക്ഷകളുടെ ഒരു നിര ഞങ്ങളുടെ വാഹനത്തിന് എതിരെ വന്നു. പാതയോരങ്ങളില്‍ പെട്രോമാക്സിന്റെ വെളിച്ചത്തില്‍ ഭക്ഷണശാലകള്‍. തന്തൂരി അടുപ്പുകളില്‍ മാംസം ചുടുന്നതു കണ്ടു. കസേരകള്‍ക്കൊപ്പം തന്നെ നിരത്തിയിട്ടിരിക്കുന്ന ഗ്യാസ് സിലിണ്ടറുകള്‍. വഴിയോരത്തുനിന്ന് ചായ കുടിക്കുന്നവര്‍, ഭക്ഷണം കഴിക്കുന്നവര്‍, അവരെയാരെയും ശ്രദ്ധിക്കാതെ കുനിഞ്ഞുനിന്ന് പറാത്തകള്‍ പരത്തുന്ന മനുഷ്യര്‍. അരിഞ്ഞിട്ട ഉരുളക്കിഴങ്ങിന്റെയും കോളിഫ്ലവറിന്റെയും വന്മലകള്ക്കു മുന്നിലിരിക്കുന്നവരെ പാതിയേ കാണാനുള്ളൂ. ഗതാഗതം ഇടക്കിടെ സ്തംഭിക്കുന്നു. അവസാനിക്കാത്ത ഒച്ചകള്‍കൊണ്ട് കലുഷിതമായ തെരുവുകള്‍.
മുഖ്യപാതയില്‍നിന്നും വണ്ടി ഒരു ഇടവഴിയിലേക്കു തിരിഞ്ഞു. അവിടെനിന്നും ഒരിറക്കം ഇറങ്ങി. പാത ദുര്‍ഘടമായി, ഇടക്കിടെ കുഴികളും തടസ്സങ്ങളും. അങ്ങനെ ഏകദേശം ഒരു കിലോമീറ്റര്‍ പോയിരിക്കാം. സമനിരപ്പിലെത്തി എന്നു തോന്നിച്ചപ്പോള്‍ വണ്ടി നിന്നു. തപോമയി പറഞ്ഞു: ‘‘നമുക്കിറങ്ങാം.’’
ഏറക്കുറെ വിജനമായൊരു പ്രദേശമായിരുന്നു അത്. വലിയ ഉയരമുള്ള കെട്ടിടങ്ങളൊന്നും കാണാനില്ല. കച്ചവടസ്ഥാപനങ്ങള്‍ തീരെയില്ല. നഗരത്തിന്റെ നടുക്ക് അങ്ങനെയൊരു ഇടമുണ്ടാവുക അത്ഭുതമായിരുന്നു. ഒരുകാലത്ത് വളരെ സമ്പന്നരായ ആളുകള്‍ ജീവിച്ചിരുന്ന ഒരു പ്രദേശമായിരുന്നു അതെന്ന് തോന്നിച്ചു. അപൂര്‍വം ചില വീടുകളാണുള്ളത്. അവതന്നെ ഉയരമുള്ള മതിലുകളും വലിയ ഗേറ്റുകളുംകൊണ്ട് സുരക്ഷിതമാക്കിയിരിക്കുന്നു. ഈ വീടുകള്‍ക്കുള്ളിലും ആളുകളൊന്നും കാര്യമായിട്ടില്ലെന്നു തോന്നി. ഒച്ചയനക്കങ്ങള്‍ കുറഞ്ഞ പരിസരങ്ങളായിരുന്നു അത്.
തപോമയിയുടെ വീട് ഒരറ്റത്തായിരുന്നു. അതിനുമുണ്ട് ചുറ്റുപാടും കെട്ടിയുയര്‍ത്തിയ മതില്. എന്നാല്‍, അതു പലേടത്തും പൊളിഞ്ഞിരിക്കുന്നു. ഇഷ്ടികകള്‍ പുറത്തു കാണാനുണ്ട്. മതിലിന്റെ പൊളിഞ്ഞ ഭാഗങ്ങളിലൂടെ നായ്ക്കള്‍ക്ക് വേണമെങ്കില്‍ അനായാസമായി കയറിയിറങ്ങാം. മതിലിനു താഴെ അച്ചടക്കമേതുമില്ലാതെ പാഴ് ച്ചെടികള്‍ വളര്ന്നുനിൽക്കുന്നതു കണ്ടു. ഉള്ളിലേക്കു കടക്കുമ്പോള്‍ ഉയരമുള്ള ഇരുമ്പുകവാടം മനസ്സു വിറങ്ങലിപ്പിക്കും മട്ടില്‍ ഭീതിയുളവാക്കുന്ന ഒരു ശബ്ദമുണ്ടാക്കി. നഗരത്തില്‍ പൊതുവേ കാണാത്തത്രയും വിസ്തൃതമായൊരു മുറ്റം ആ വീടിനുണ്ടായിരുന്നു.
മുറ്റത്ത് വലിയ വൃക്ഷങ്ങള്‍ വളര്‍ന്നു പന്തലിച്ചുനിൽക്കുന്നു. പഴയ മട്ടിലുള്ള ഇരുനില വീടായിരുന്നു അത്. എന്നാല്‍, അങ്ങനെ വീടെന്നു പറഞ്ഞാല്‍ കൃത്യമാവില്ല. വീടുകളുടെ ഒരു സമാഹാരംപോലെയുണ്ടായിരുന്നു അത്. ഒരുപാട് വലുപ്പമുള്ള, മിക്കവാറും നിരവധി മുറികളുള്ള ഒരു കെട്ടിടസമുച്ചയം തന്നെ. ചെറിയൊരു ഫ്ലാറ്റിനുപോലും വലിയ വാടകയീടാക്കുന്ന ഈ നഗരത്തില്‍ ഇത്ര വലിയൊരു വീട്ടിലാണോ തപോമയി താമസിക്കുന്നത്? എനിക്ക് അത്ഭുതം തോന്നി.
നാലഞ്ചു ചെടിച്ചട്ടികള്‍ മുറ്റത്തു കണ്ടു. എന്നാല്‍, അവയൊന്നും ഒട്ടും പരിപാലിക്കപ്പെടുന്നില്ലെന്നു മനസ്സിലായി. എല്ലാ ചട്ടികളിലും പുല്ലുകള്‍ വളര്ന്നുനിൽക്കുന്നു. ഒരൽപം നടന്നപ്പോള്‍ നാലഞ്ചു പടികളുള്ള ഒരു ചെറിയ പടിപ്പുരയും അധികം വീതിയില്ലാത്ത വാതിലും കണ്ടു. വാതില്‍ അടഞ്ഞുകിടക്കുകയായിരുന്നു. അതിനുമേല്‍ വ്യാളികളുടെ ചിഹ്നമുള്ള ഒരു ചിത്രം കൊത്തിയിരിക്കുന്നു. സാക്ഷയിന്മേലുമുണ്ട് വിശേഷപ്പെട്ട ചില കൊത്തുപണികള്‍. ഏറക്കുറെ തമിഴ്നാട്ടിലെ പഴയ അമ്പലങ്ങളില്‍ കാണുന്ന രീതിയിലുള്ള ചിത്രപ്പണികളാണ് അതെല്ലാം.
വലുപ്പമുണ്ടായിരുന്നുവെങ്കിലും തീര്‍ത്തും അവഗണിച്ചുപോരുന്ന ഒരു കെട്ടിടമായിരുന്നു അത്. ഒറ്റനോട്ടത്തില്‍ത്തന്നെ അറിയാം. പുറത്ത് വിളക്കുകള്‍പോലും ഇല്ലായിരുന്നു. അകത്തുവരുന്ന വെളിച്ചത്തിന്റെ ഒരു പാളി തുറന്നിട്ട ജനലിലൂടെ പുറത്തേക്കു നീണ്ടുകിടന്നു. ആ നേരിയ വെളിച്ചത്തില്‍ കാണുമ്പോഴും ചുമരുകളില്‍ വിള്ളലുകള്‍ തെളിഞ്ഞുകാണാനുണ്ട്. അവ എത്രയോ കാലമായി വെള്ളവീശിയിട്ടില്ലെന്നു തോന്നും. അതൊരു വാര്ക്കക്കെട്ടിടമായിരുന്നെങ്കിലും ചായ്ച്ചിറക്കിയിരിക്കുന്നത് വളവുകളുള്ള ചെറിയ ഓടുകള്‍ ഉപയോഗിച്ചായിരുന്നു.
അവയില്‍ത്തന്നെ ചില ഓടുകള്‍ പൊട്ടിയിട്ടുണ്ട്. ഏറ്റവും അത്ഭുതകരമായിത്തോന്നിയത് കിഴക്കുവശത്തെ ചുവരിനോടു ചേര്‍ന്ന് ഉയര്ന്നുപോയിരിക്കുന്ന ആല്‍മരമായിരുന്നു. അത് വീടിനു മുകളില്‍ പടര്‍ന്നുപന്തലിച്ചിരിക്കുന്നു. അതിന്റെ നിഴല്‍ ഇരുട്ടിനെ കൂടുതല്‍ സാന്ദ്രമാക്കുന്നതായി തോന്നിച്ചു. ആല്‍മരത്തിന്റെ വേരുകള്‍ ചുവരുകളിലേക്കും ടെറസ്സിന്റെ കൈവരികളിലേക്കുമൊക്കെ നീണ്ടുപോയിരിക്കുന്നതു കണ്ടു. കെട്ടിടത്തോളംതന്നെ ബൃഹത്തായ ഒരാല്‍മരമായിരുന്നു അത്.
‘‘ഇതെന്താണ് ഈ ആല്‍മരം വെട്ടാതെ വീടിലേക്കു വളരാന്‍ വിട്ടിരിക്കുന്നത്?’’ -ഞാന്‍ ചോദിച്ചു.
‘‘അത് സ്വയംഭൂവായ ആല്‍മരമാണ്’’, തപോമയി ചിരിച്ചു.
‘‘പക്ഷേ, ഈ കെട്ടിടം സ്വയംഭൂവല്ലല്ലോ. അപ്പോള്‍ അതിനെ സംരക്ഷിക്കേണ്ടേ?’’
‘‘ആല്‍മരത്തെ അതുപോലെത്തന്നെ വളരാന്‍ വിടണം എന്നാണ് ഉടമസ്ഥന്റെ കരാര്‍. അദ്ദേഹം വാടകയ്ക്കു തന്നതല്ല. ഞങ്ങളുടെ ഹൗസ് ഓണര്‍ വിചിത്രസ്വഭാവമുള്ള ഒരാളായിരുന്നു.’’
‘‘അദ്ദേഹം ഇപ്പോള്‍ എവിടെയുണ്ട്?’’
‘‘മരിച്ചുപോയി.’’
‘‘എന്നാല്‍പ്പിന്നെ ഇതെല്ലാമൊന്നു വൃത്തിയാക്കരുതോ? അതോ അദ്ദേഹത്തിന്റെ അവകാശികള്‍ക്കും ഇങ്ങനെ തുടരുകതന്നെയാണോ ആവശ്യം?’’
‘‘അദ്ദേഹത്തിന് അനന്തരാവകാശികള്‍ എന്നു പറയാന്‍ ഇപ്പോള്‍ ആരുമില്ല. ഒരു മകളുണ്ടായിരുന്നത് നേരത്തേ മരിച്ചു. ഭാര്യയും ഇതിലൊന്നും ഇടപെടില്ലായിരുന്നു. അവര്‍ ഒരു ആശ്രമത്തില്‍ കഴിയുകയായിരുന്നു. ഏതാനും വര്‍ഷം മുമ്പ് അവരും മരിച്ചു. ഇപ്പോള്‍ എന്റെ അച്ഛനാണ് അദ്ദേഹത്തിന്റെ ഒരു സുഹൃത്തെന്നോ ശിഷ്യനെന്നോ ഒക്കെ പറയാവുന്ന ഒരാള്‍. പറഞ്ഞുവന്നാല്‍ ഈ വീട് നിലംപൊത്തുംവരെ ഞങ്ങള്‍ ഇതുപോലെ സൂക്ഷിക്കണം’’, തപോമയി പറഞ്ഞു.
അതായത്, ആല്‍മരം അതിന്റെ സമയമെടുത്തു വളരും, പന്തലിക്കും. അതിന്റെ സഹസ്രശാഖകള്കൊണ്ട് കോണ്‍ക്രീറ്റിലും ഉരുക്കിലും കെട്ടിപ്പൊക്കിയെ എടുപ്പിലേക്കു നഖങ്ങള്‍ ആഴ്ത്തും. ഇനി അഥവാ കെട്ടിടത്തിന്റെ ചുവരുകളും അസ്ഥിബന്ധങ്ങളും ഞെരുക്കി ആല്മരംതന്നെ ഉണങ്ങിപ്പോവുകയാണെങ്കില് അതുമാവാം. ‘‘കെട്ടിടമോ മരമോ ഏതാണ് അതിജീവിക്കുന്നതെങ്കില്‍ അങ്ങനെയാവട്ടെ എന്നാണ് അദ്ദേഹം പറഞ്ഞത്.’’
എല്ലാം വിചിത്രമായി തോന്നി. ഇത്രയും വലിയ നഗരത്തിന്റെ മധ്യഭാഗത്ത് എന്നു പറയാവുന്ന ഒരിടത്ത് ഏറക്കുറെ ഒഴിഞ്ഞ ഒരു പ്രദേശം. പുരാതനമായ, വലിയ വീടുകള്‍. അതില്‍ത്തന്നെ ഒരു വീട് പ്രകൃതിയോട് ഇണങ്ങി, അതില്‍ വിലയംപ്രാപിക്കാനായി കാത്തുനിൽക്കുന്നു. അതിന്റെ ചുവരുകള്‍ക്കും മതിലിനും കാലപ്പഴക്കം കൊണ്ടുള്ള വിള്ളലുകള്‍. കെട്ടിടത്തിനുമേല്‍ വേരുപടര്‍ത്തി വളര്‍ന്ന ഒരാല്‍മരം.
വാതില്‍ അകത്തുനിന്നും അടച്ചിരുന്നില്ല. പതുക്കെ തള്ളിയപ്പോള്‍ത്തന്നെ അതു തുറന്നു. ഉള്ളില്‍ ഒരനക്കവുമില്ല. വീടിനുള്ളില്‍ ആരുമില്ലെന്നു സംശയം തോന്നി. അനേകം മുറികളില്നിന്നുമുള്ള ഗാഢമായൊരു നിശ്ശബ്ദത കൂടിച്ചേര്‍ന്ന് അന്തരീക്ഷത്തില്‍ തങ്ങിനിൽക്കുന്നതുപോലെ. അകത്ത് നേര്‍ത്ത പ്രകാശമുള്ള ഒരു ബള്‍ബ് കത്തുന്നുണ്ട്. തപോമയി വരാന്തയിലെ വിളക്കുകള്‍കൂടി തെളിയിച്ചു. നീളമുള്ള വരാന്തയാണ്. പക്ഷേ, ഒരുഭാഗം മുഴുവന്‍ പഴയ മരസാമാനങ്ങള്‍ അടുക്കിയിട്ടിരിക്കുകയായിരുന്നു. ഒരു ചാരുകസേല മാത്രമേ ഇരിക്കാന്‍ പാകത്തിന് അവിടെ ഉണ്ടായിരുന്നുള്ളൂ. പെട്ടെന്ന് അകത്തുനിന്നും ആരോ ചുമയ്ക്കുന്നതു കേട്ടു. ആ നിശ്ശബ്ദതയില്‍ അതൊരു വലിയ ഒച്ചപോലെ അവിടെ മുഴങ്ങി.
‘‘അച്ഛന് കിടക്കുകയാണ്’’, തപോമയി പറഞ്ഞു, ‘‘കഴിഞ്ഞ മാസം ഒന്നു വീണു. ഇപ്പോള്‍ പരസഹായമില്ലാതെ എഴുന്നേല്ക്കാന് വയ്യ.’’
ഞങ്ങള്‍ അദ്ദേഹം കിടക്കുന്ന മുറിയിലേക്കു കടന്നു. ഇരുളടഞ്ഞ, ചെറിയൊരു മുറിയായിരുന്നു അത്. തപോമയി സ്വിച്ചിട്ടു. ഞങ്ങളെ കണ്ടപ്പോള്‍ കട്ടിലില്‍ കിടന്നിരുന്ന വൃദ്ധന് എഴുന്നേല്ക്കാന് ശ്രമിച്ചു. വലതു കാലില്‍ മുട്ടിനുതാഴെ പ്ലാസ്റ്റര്‍ ഇട്ടിരിക്കുന്നു. കട്ടിലിന്റെ വശത്തായി ഏന്തിനടക്കാവുന്ന ഒരു വാക്കര്‍. തപോമയി അദ്ദേഹത്തെ താങ്ങി, രണ്ടു തലയണകള്‍ നിവര്‍ത്തിവെച്ച് ഇരിക്കാന്‍ സഹായിച്ചു.
‘‘സഹായത്തിന് ഒരാളുണ്ട്. പക്ഷേ, ഇന്നു നേരത്തേ പോയി. ഇനി നാളെ കാലത്തേ വരൂ’’, തപോമയി പറഞ്ഞു.
‘‘അവന് ഇന്നും പണം ചോദിച്ചു’’, തപോമയിയുടെ അച്ഛന് പറഞ്ഞു.
‘‘രാജുവോ? എന്നിട്ട് അച്ഛന് കൊടുത്തോ?’’
‘‘ഇല്ല. നീ കൊടുക്കരുതെന്നു പറഞ്ഞല്ലോ.’’
‘‘അതേയതേ. ആ പണം അവന് ചാരായം കുടിച്ചു തീര്‍ക്കും’’, തപോമയി എന്നോടായി പറഞ്ഞു. ‘‘പക്ഷേ, വേറെയുമുണ്ട് റിസ്കുകള്‍, പണം കിട്ടിയില്ലെങ്കില്‍ കിട്ടിയത് എടുത്തുകൊണ്ടുപോയി വില്‍ക്കും.’’
‘‘മോഷ്ടിക്കുമെന്നാണോ?’’
‘‘നിയമവശാല്‍ അങ്ങനെയും പറയാം’’, തപോമയി പറഞ്ഞു, ‘‘അന്നന്നത്തെ മദ്യത്തിനുവേണ്ടിയുള്ളതേ എടുക്കൂ. പാത്രങ്ങള്‍, കുടകള്‍, വസ്ത്രങ്ങള്‍... ഒരു പിഞ്ഞാണം വിറ്റുകിട്ടുന്നത്രയും തുകയ്ക്കുള്ള ചാരായം, സ്റ്റീല്‍ ടംബ്ലറിനു കിട്ടുന്നത്, പഴയൊരു കത്തി, വാച്ച്: എന്തും അയാള്‍ക്ക് കുടിക്കാനുള്ള അളവാണ്.’’
‘‘വെളിച്ചം വരെ മോഷ്ടിക്കുന്ന വിരുതനാണ്’’, തപോമയിയുടെ അച്ഛന് പറഞ്ഞു. എനിക്കു മനസ്സിലായില്ല.
‘‘ഹഹഹ, കഴിഞ്ഞയാഴ്ച വരാന്തയിലെ ട്യൂബ് ലൈറ്റ് അഴിച്ചുകൊണ്ടുപോയി.’’ തപോമയി പറഞ്ഞ് ഉറക്കെ ചിരിച്ചു. ഇക്കാര്യത്തിലെന്തിനാണ് ചിരിക്കുന്നതെന്ന മട്ടില്‍ അച്ഛന് അയാളെ നോക്കി. തപോമയിക്ക് എല്ലാം തമാശയാണ്. സ്വന്തം വീട്ടില്‍നിന്നു കട്ടുകൊണ്ടുപോകുന്ന സംഗതിയും അയാള്‍ ഫലിതമായിട്ടെടുക്കുന്നു.
‘‘നീ ഇന്നു നേരത്തേയാണല്ലോ’’, അച്ഛന് ചോദിച്ചു. ഇത്രയും രാത്രിയായിട്ടും തപോമയി നേരത്തേയാണെന്ന് അയാളുടെ അച്ഛന് സൂചിപ്പിച്ചപ്പോള്‍ എനിക്കത്ഭുതം തോന്നി.
‘‘രാജു നേരത്തേ പോകുമെന്ന് എനിക്കറിയാം. അതാ ഞാന്‍ ഓഫീസില്‍ കയറാതെ വന്നത്’’, പിന്നെ എന്റെ നേര്‍ക്കു കാണിച്ചുകൊണ്ട് തപോമയി പറഞ്ഞു, ‘‘ഇതാരാണെന്നറിയാമോ, അച്ഛന് പരിചയപ്പെടേണ്ട ഒരാളെക്കൂട്ടിയാണ് ഞാന്‍ വന്നിരിക്കുന്നത്.’’
അതെന്താണെന്ന മട്ടില്‍ ഒരൽപം സംശയത്തോടെ അദ്ദേഹം എന്നെ നോക്കി. തപോമയി ഔപചാരികമായി എന്നെ പരിചയപ്പെടുത്തിയശേഷം പറഞ്ഞു: ‘‘പക്ഷേ, നിങ്ങള്‍ക്കു രണ്ടുപേര്‍ക്കും യോജിക്കാവുന്ന ചില താൽപര്യങ്ങളുണ്ടെന്നു കണ്ടിട്ടാണ് ഞാന്‍ കൂട്ടിക്കൊണ്ടുവന്നിട്ടുള്ളത്.’’ പുറത്തുനിന്നും ഒരു മരക്കസേര കൊണ്ടുവന്ന് മുറിയിലിട്ട ശേഷം തപോമയി എന്നോട് ഇരിക്കാന്‍ പറഞ്ഞു.
അതിനുശേഷം അയാള്‍ ഒരു മേശയുടെ വലിപ്പില്‍നിന്നും കുറേ കടലാസുകള്‍ വലിച്ചു പുറത്തിട്ടു. അയാള്‍ എന്തോ തിരയുകയായിരുന്നു. കുറേ നേരം അതു നോക്കിയിട്ടും അയാള്‍ക്കു കിട്ടിയില്ല. ഒടുവില്‍ തപോമയി അച്ഛനോട് ചോദിച്ചു, ‘‘ഡോക്ടറുടെ ആ കുറിപ്പടി എവിടെ?’’
‘‘ഏതു കുറിപ്പടി?’’
‘‘ഓ, മറന്നോ! അച്ഛന് അന്നു വാശിപിടിച്ച് എന്റെ കൈയില്‍നിന്നും മടക്കിവാങ്ങിച്ചില്ലേ? അതുതന്നെ.’’
‘‘അതെന്തിനാണ്? ആ മരുന്നൊന്നും കുടിക്കാന്‍ എന്നെക്കൊണ്ടു പറ്റില്ല. ഞാനതു വേണ്ടെന്നുവച്ചു.’’
‘‘മരുന്നിന്റെ കാര്യമല്ല. അതിനു പിറകില്‍ അച്ഛന് എന്തോ കുത്തിവരച്ചിരുന്നല്ലോ, അതു നോക്കാനാണ്.’’
തപോമയിയുടെ അച്ഛന് ഒന്നും പറയാതെ, സംശയത്തോടെ അയാളെ നോക്കുന്നതു കണ്ടു.
‘‘അതു സാരമില്ല, തപോമയി’’, ഞാന്‍ പറഞ്ഞു, ‘‘അക്കാര്യം എനിക്കോർമയുണ്ട്.’’
അപ്പോള്‍ അയാള്‍ മേശവലിപ്പില്‍നിന്നും വേറെയും ഏതോ കടലാസുകള്‍ തിരഞ്ഞെടുത്ത ശേഷം എന്നോടു പറഞ്ഞു: ‘‘എന്നാല്‍ അതു വരച്ച് അച്ഛനെ കാണിക്കൂ.’’ അയാള്‍ പറയുമ്പോലെ എളുപ്പമല്ല, അത്. വായിക്കുന്നതുതന്നെ കുറച്ചു പ്രയാസപ്പെട്ടിട്ടാണ്. എഴുതുക എന്നതിന് അതിലുമേറെ സമയമെടുക്കും. ഞാന്‍ വിഷമിച്ചു. ‘‘അതു പിന്നീടാവാം, തപോമയി. രാത്രി കുറേയായില്ലേ, അക്കാര്യം ഞാന്‍ പിന്നീടൊരിക്കല്‍ വരുമ്പോള്‍ സംസാരിക്കാം.’’ തപോമയി നിർബന്ധിച്ചില്ല. അച്ഛന്റെ മുന്നില്‍ ഒരാളാവാനുള്ള അയാളുടെ അവസരം കൈമോശം വന്നുവെന്ന് എനിക്കു തോന്നി.
ഒരു നിമിഷം ഇരിക്കൂ എന്നു പറഞ്ഞുകൊണ്ട് തപോമയി ആ മുറിവിട്ടുപോയി. പിന്നെ എന്താണ് സംസാരിക്കുക എന്നൊരു ചിന്താക്കുഴപ്പം എന്നെ ബാധിച്ചു. അദ്ദേഹവുമായി എന്നെ ബന്ധിപ്പിക്കുന്ന ഈയൊരു കാര്യം മാത്രമല്ലേ ഉള്ളൂ. ഒന്നും സംസാരിക്കാനുള്ള ഒരു മാനസികാവസ്ഥയിലല്ല തപോമയിയുടെ അച്ഛന്. കാലു വയ്യാതെ പ്ലാസ്റ്ററിട്ടിരിക്കുന്ന ഒരാളോടാണോ വിചിത്രലിഖിതങ്ങള് വായിക്കുന്നതിനെക്കുറിച്ചു സംസാരിക്കുക എന്നതായിരുന്നു എന്റെ വിചാരം.
തപോമയിയുടെ അച്ഛനാകട്ടെ, ഏതോ ചിന്തയിലാണ്ടുകൊണ്ട് അങ്ങനെത്തന്നെ ചാരിയിരിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ കണ്ണുകള്‍ ആ മുറിയിലില്ലാത്ത വിദൂരതയിലേക്കു നീളുന്നതായി എനിക്കു തോന്നി. ഞാന്‍ ചുറ്റുപാടും നോക്കി. പഴയ മരക്കട്ടില്‍. അതിനുതാഴെ പലപല അറകള്‍. വിവിധതരം എണ്ണകളുടെ സമ്മിശ്ര ഗന്ധം. കടഞ്ഞെടുത്ത മരക്കാതല്കൊണ്ട് നിർമിച്ച, മങ്ങിയൊരു കണ്ണാടി പിടിപ്പിച്ച മേശ. അതിനുമേല്‍ നൂറുകണക്കിന് അളക്കുകളും ചെപ്പുകളും ചിതറിക്കിടക്കുന്നു.
ചുവരില്‍ ചില ചിത്രങ്ങള്‍ തൂക്കിയിട്ടിരിക്കുന്നതു ഞാന്‍ കണ്ടു. നിറം മങ്ങിയ പെയിന്റിങ്ങുകളാണ്. അഞ്ചോ ആറോ ഫോട്ടോഗ്രാഫുകള്‍ ഫ്രെയിം ചെയ്തുവെച്ചിട്ടുണ്ട്. അവരില്‍ ഒരു സ്ത്രീയുടെ ചിത്രം ഉണ്ടായിരുന്നത് തപോമയിയുടെ അമ്മയായിരിക്കണം എന്നു ഞാനൂഹിച്ചു. അതുതന്നെ, തപോമയിക്ക് അവരുടെ നല്ല ഛായയുണ്ട്. അയാള്‍ക്ക് അമ്മയുമായാണ് രൂപസാദൃശ്യം. മറ്റു ഫോട്ടോകളില്‍ ചിലര്‍ ഔദ്യോഗിക വേഷങ്ങളിലായിരുന്നു. തപോമയിയുടെ അച്ഛന്റെ സഹപ്രവര്ത്തകരായിരുന്നിരിക്കണം. അദ്ദേഹം ഏതു വകുപ്പിലാണ് ജോലിചെയ്തിരുന്നതെന്ന് ഞാന്‍ തപോമയിയോടു ചോദിച്ചിരുന്നില്ല.
അങ്ങനെ ആലോചിച്ചുകൊണ്ടു നിൽക്കുമ്പോള്, പൊടുന്നനെ വളരെ പരിചിതമായൊരു മുഖം ഒരു ചിത്രത്തില്‍ ഞാന്‍ കണ്ടു. അതാണ് ആ ചുവരില്‍ വെച്ചിട്ടുള്ള ഏറ്റവും വലിയ ചിത്രം. ഈ രൂപം എനിക്കു നല്ല പരിചയമുണ്ട്. പക്ഷേ, പക്ഷേ... എവിടെയാണെന്ന കാര്യം പെട്ടെന്നു കിട്ടുന്നില്ല. എനിക്കറിയാവുന്ന ഒരാള്‍ എങ്ങനെ, ഇത്രയും വിദൂരമായ ഈ നഗരത്തില്‍, അപരിചിതമായ ഈ വീട്ടില്‍ വരുന്നത്? വെറുതേ സാദൃശ്യം തോന്നുന്നതാവാം എന്നു സംശയിച്ചു. എന്നാലും അങ്ങനെയല്ല, കൂടുതല്‍ അറിയാവുന്ന ഒരാളാണെന്നു തോന്നുന്നു...
‘‘ഈ ചിത്രത്തിലുള്ളത് ആരാണ്?’’ -ഞാന്‍ തിരക്കി. തപോമയിയുടെ അച്ഛന് ഒരൽപം വിഷമിച്ച് തലയുയര്‍ത്തി ചിത്രങ്ങളിലേക്കു നോക്കി. ഞാന്‍ ആ ഫോട്ടോയിലേക്കു കൈ ചൂണ്ടിക്കാണിച്ചു.
‘‘എന്താണ് അദ്ദേഹത്തെക്കുറിച്ചു ചോദിച്ചത്?’’ -തപോമയിയുടെ അച്ഛന് ചോദിച്ചു.
‘‘നല്ല പരിചയം തോന്നുന്നു. മുമ്പു കണ്ടിട്ടുള്ളതുപോലെ.’’
‘‘നിങ്ങള്‍ ദില്ലിയില്‍ വന്നിട്ടെത്ര നാളായി?’’
‘‘മൂന്നു മാസം.’’
‘‘ഏയ്. സാധ്യതയില്ല. അദ്ദേഹം മരിച്ചുപോയിട്ട് പത്തുപതിനഞ്ചു വര്‍ഷമായി.’’
‘‘ആരാണിത്?’’
‘‘ഈ വീടിന്റെ ഉടമസ്ഥന്’’, തപോമയിയുടെ അച്ഛന് പറഞ്ഞു. ശരിയാണ്, ഈ വീടിന്റെ ഉടമസ്ഥനെ ഞാനെങ്ങനെ അറിയാന്‍!
പക്ഷേ, അറിഞ്ഞില്ലെങ്കിലും അദ്ദേഹത്തിന് ചില പ്രത്യേകതകളുണ്ടല്ലോ. ഒരു വലിയ ആല്‍മരത്തെ സ്വതന്ത്രമായി വിട്ട് തന്റെ വീടിനു മുകളില്‍ പടര്‍ന്ന് അതിനെ കീഴ്പ്പെടുത്തണമെന്ന് ആശിച്ചിരുന്ന മനുഷ്യനല്ലേ! ഏതെങ്കിലും വിധത്തില്‍ അറിയപ്പെടുന്ന ഒരാളാവാം. ഒരു വലിയ പ്രകൃതിസ്നേഹിയോ അല്ലെങ്കില്‍ സന്ന്യാസിയോ മറ്റോ ആയിരിക്കണം. ഞാന്‍ ചുവരിലേക്കു വീണ്ടും നോക്കി. എവിടെയാണ് കണ്ടിട്ടുള്ളത്? ഒരുപക്ഷേ, തോന്നലാവാം. ഒരാളുടെ ഛായയില്‍ എത്രയോ മനുഷ്യര്‍!
‘‘നിങ്ങളുടെ നാട്ടുകാരനാണ്.’’ തപോമയിയുടെ അച്ഛന് പതുക്കെ പറഞ്ഞു.
‘‘കേരളത്തിലുള്ള ആളോ?’’
‘‘അല്ല, കേരളത്തിലല്ല. ഓ, നിങ്ങള്‍ മലയാളിയാണ് അല്ലേ? അങ്ങനെയാണെങ്കില്‍ അയല്നാട്ടുകാരന്. തമിഴ്നാട്ടുകാരനാണ്.’’
‘‘എന്താണ് പേര്?’’
‘‘സന്താനം. കേണല്‍ സന്താനം എന്നു പറയും. പട്ടാളത്തിലായിരുന്നു.’’ സന്താനം എന്ന പേരു കേട്ടപ്പോള്‍ പൊടുന്നനെ എനിക്കോർമ വന്നു.
‘‘സന്താനം! ഡോക്ടര്‍ സന്താനമല്ലേ?’’ കേണല്‍ എന്നല്ല, ഡോക്ടര്‍ എന്നാണ് എന്റെ ഓർമയിലുള്ളത്. ഇദ്ദേഹത്തിന് തെറ്റിയതാവാം. അദ്ദേഹത്തിന്റെ പുസ്തകം ഞാന്‍ വായിച്ചിട്ടുണ്ട്. പോരാ, പഠിച്ചിട്ടുണ്ട്. പുസ്തകത്തിന്റെ ഉള്‍ച്ചട്ടയില്‍ ഇതേ ചിത്രംതന്നെയാണ് കൊടുത്തിട്ടുള്ളത്.
‘‘ഡോക്ടര്‍ പിന്നീടായതാണ്. മുമ്പ് സൈന്യത്തിലായിരുന്നു. അതായത് കേണല്‍ സന്താനം പിന്നീട് ഡോക്ടറേറ്റ് എടുക്കുകയായിരുന്നു. ശരിയാണ്, പൊതുവേ തന്റെ സൈനിക ഭൂതകാലം അദ്ദേഹം പറയാറില്ല. പക്ഷേ, അദ്ദേഹത്തെ നിങ്ങള്‍ക്കെങ്ങനെ അറിയാം?’’
‘‘ഞാന്‍ അദ്ദേഹത്തിന്റെ ഒരു പുസ്തകം വായിച്ചിട്ടുണ്ട്.’’
‘‘ഒരു പുസ്തകമേ അദ്ദേഹം എഴുതിയിട്ടുള്ളൂ.’’
‘‘അതുതന്നെ. പുരാതന നാഗരികതയിലെ ലിപികളെക്കുറിച്ച്, അല്ലേ?’’
‘‘അങ്ങനെയും പറയാം. പുരാതന ഭാഷകളിലെ ലിപികള്‍ വായിച്ചെടുക്കാനുള്ള ചില മുന്നൊരുക്കങ്ങള്‍ ആ പുസ്തകത്തില്‍ അദ്ദേഹം എഴുതുന്നുണ്ട്. അത് അദ്ദേഹത്തിന്റെ ഡോക്ടറല്‍ പ്രബന്ധത്തിന്റെ ഭാഗമായിരുന്നു.’’
‘‘അതെല്ലാം ഞാന്‍ പലതവണ വായിച്ചു’’ -ഞാന്‍ പറഞ്ഞു.
തപോമയിയുടെ അച്ഛന് കുറച്ചുനേരം എന്നെ നോക്കി, പക്ഷേ ഒന്നും പറഞ്ഞില്ല. ഞങ്ങള്‍ക്കിടയില്‍ മൗനം തുടര്‍ന്നു. അകത്ത് പാത്രങ്ങള്‍ കലമ്പുന്നതിന്റെ ഒച്ച കേട്ടു. അദ്ദേഹം ചോദിച്ചു: ‘‘അതു വായിച്ചിട്ടാണോ നിങ്ങള്‍ ആ കുറിപ്പടിയുടെ പിന്നിലെഴുതിയതു വായിച്ചത്?’’
കണിശമായും അങ്ങനെയല്ലെങ്കിലും അതേയെന്ന് ഞാന്‍ തലയാട്ടി. കാരണം, ഗൂഢലിപികളെക്കുറിച്ചു പഠിക്കാനുള്ള പ്രാഥമികമായ ചില സമീപനങ്ങളായിരുന്നു ആ പുസ്തകത്തിലുണ്ടായിരുന്നത്. ഞാന്‍ അത്തരം ചില രീതികള്‍ പരിചയപ്പെടുന്നത് ആദ്യം ആ പുസ്തകത്തില്നിന്നാണെന്നു പറയാം.
അത്തരമൊരു ലിപിയില്‍ താൽപര്യമുള്ള ഒരാളെ കണ്ടുമുട്ടുമ്പോള്‍ അദ്ദേഹത്തിന് വിസ്മയമോ, കുറഞ്ഞപക്ഷം കൗതുകമോ ഉണ്ടാവും എന്നു ഞാന്‍ പ്രതീക്ഷിച്ചെങ്കിലും അതൊന്നും ആ മുഖത്തു കണ്ടില്ല. തന്നെയുമല്ല, അത്തരമൊരു ലിപി അറിയാവുന്ന ഒരാളെ പരിചയപ്പെട്ടതില്‍ അദ്ദേഹം അസ്വസ്ഥനാണെന്ന് ഞാന്‍ സംശയിച്ചു. ചില മനുഷ്യര്‍ അങ്ങനെയാണല്ലോ, തങ്ങളുടെ അറിവുകള്‍ മറ്റുള്ളവരില്‍നിന്നും മറച്ചുപിടിക്കാന്‍ അവര്‍ ശ്രമിക്കും. തങ്ങളുടെ പ്രാധാന്യം പൊയ്പ്പോകുമോ എന്ന ഭയമാണോ? അല്ലെങ്കില്‍ തന്റെ അറിവുകള്‍ക്ക് മറ്റൊരു അവകാശി വരുന്നു എന്നതുകൊണ്ടുള്ള ആശങ്കയാണോ, അറിഞ്ഞുകൂടാ.
അങ്ങനെയാണെങ്കില്‍ത്തന്നെ എന്റെ കാര്യത്തില്‍ അത്ര പേടിക്കാനൊന്നുമില്ലെന്നു ഞാന്‍ മനസ്സിലോര്‍ത്തു. ഡോക്ടര്‍ സന്താനത്തിന്റെ തീസിസ് ഞാന്‍ വായിച്ചിട്ടുണ്ടെന്നതു ശരിയാണെങ്കിലും അതിന്റെ ചുറ്റുവട്ടങ്ങള്‍ മാത്രമേ എനിക്കു മനസ്സിലായുള്ളൂ. വളരെ സങ്കീര്‍ണമായൊരു രീതിയിലാണ് ആ പുസ്തകം എഴുതപ്പെട്ടിട്ടുള്ളത്. ഒരുപക്ഷേ, സമാനമായ രീതികളില്‍ അക്കാദമിക് കഴിവുകളുള്ള ഒരാള്‍ക്കു മാത്രം സഞ്ചരിക്കാനുതകുന്ന രീതിയിലായിരുന്നു അതിന്റെ എഴുത്ത്.
അപ്പോള്‍ ചായയും മധുരപലഹാരങ്ങളുമായി തപോമയി വന്നു. പിന്നീട് ആ വിഷയം ഞങ്ങള്‍ തുടര്‍ന്നില്ല. ഔദ്യോഗികമായ ചില പദ്ധതികള്‍, വീട്ടുകാര്യങ്ങള്‍ എന്നിങ്ങനെ ചിലതു സംസാരിച്ചശേഷം, അധികം വൈകാതെ ഞങ്ങള്‍ അന്നു പിരിഞ്ഞു.