തപോമയിയുടെ അച്ഛൻ
അദ്ദേഹം പോയപ്പോള്‍ ഗോപാല്‍ ബറുവ ചിരിച്ചുകൊണ്ടു പറഞ്ഞു: ‘‘പിണങ്ങിയതു നോക്കണ്ട. ഇനി നാളെ ഇതേപോലെ വരും. വൈകുന്നേരമായാല്‍ വീട്ടിലിരുന്നു വഴക്കുണ്ടാക്കലാണ്. വീട്ടുകാര്‍തന്നെ ഇങ്ങോട്ടയക്കും.’’ ‘‘ഭക്തനാണെന്നു തോന്നുന്നല്ലോ’’, ഞാന്‍ ചോദിച്ചു. ‘‘എന്നാണ് നാട്യം. അതു ഞാന്‍ ഭക്തനല്ലാത്തതുകൊണ്ടാണ്. കുറിയൊക്കെ ഇവിടേക്കു വരുമ്പോള്‍ പ്രത്യേകം വരയ്ക്കും. ഇനി വേറൊരു സമയത്ത് വിശ്വാസികളോടും തര്‍ക്കിക്കുന്നതു കാണാം. ആരോടെങ്കിലും വാദിച്ചു ജയിക്കണം എന്നേയുള്ളൂ....
Your Subscription Supports Independent Journalism
View Plansഅദ്ദേഹം പോയപ്പോള്‍ ഗോപാല്‍ ബറുവ ചിരിച്ചുകൊണ്ടു പറഞ്ഞു: ‘‘പിണങ്ങിയതു നോക്കണ്ട. ഇനി നാളെ ഇതേപോലെ വരും. വൈകുന്നേരമായാല്‍ വീട്ടിലിരുന്നു വഴക്കുണ്ടാക്കലാണ്. വീട്ടുകാര്‍തന്നെ ഇങ്ങോട്ടയക്കും.’’
‘‘ഭക്തനാണെന്നു തോന്നുന്നല്ലോ’’, ഞാന്‍ ചോദിച്ചു.
‘‘എന്നാണ് നാട്യം. അതു ഞാന്‍ ഭക്തനല്ലാത്തതുകൊണ്ടാണ്. കുറിയൊക്കെ ഇവിടേക്കു വരുമ്പോള്‍ പ്രത്യേകം വരയ്ക്കും. ഇനി വേറൊരു സമയത്ത് വിശ്വാസികളോടും തര്‍ക്കിക്കുന്നതു കാണാം. ആരോടെങ്കിലും വാദിച്ചു ജയിക്കണം എന്നേയുള്ളൂ. ഇപ്പോള്‍ പകലാണെന്നു പറഞ്ഞാല്‍ രാത്രിയാണെന്ന നിലപാടെടുക്കും, വാദിക്കും. സദാസമയവും തര്‍ക്കം: അതാണ് രീതി. ചൂടാവുന്നതു കാര്യമാക്കാനില്ല. സാധുവാണ്. പണമുണ്ട്. കാശൊന്നും നോക്കാതെ ആളുകളെ ചികിത്സിക്കുമായിരുന്നു.
ഒരിക്കല്‍ പക്ഷേ, ഒരു മരുന്നു പിഴച്ചു. രോഗി മരിച്ചുപോയി. അതോടെ മോഡേണ്‍ മെഡിസിനില്‍ വലിയ വിശ്വാസമില്ലാതായി. ഇപ്പോള്‍ ചികിത്സയില്‍ വെറും നാലഞ്ചു മരുന്നുകളാണ് അയാളുടെ സ്വത്ത്. പഴയ ചില കൂട്ടുകളാണ്. അതും മാറ്റിയും മറിച്ചും സംയോജിപ്പിക്കും. പറ്റിയ ഒരു ഫാര്‍മസിസ്റ്റ് കുറച്ചുദൂരെയുണ്ട്. മരുന്ന് എല്ലാവര്ക്കും കൊടുക്കും. എന്താണ് കാര്യമെന്നറിയില്ല, ഈ മരുന്നുകള്‍ കഴിച്ചാല്‍ ഒരുവിധം രോഗങ്ങളൊക്കെ പോകും. പഴയ വൈദ്യന്മാരുടെ പോലെയുള്ള വിദ്യയാണ്.’’
‘‘തപോമയീ, ഇവിടെ വരൂ’’, അദ്ദേഹം ഇടയില്‍ വിളിച്ചു.
‘‘ഏജന്സിക്കാര് എന്തു പറഞ്ഞു? ഈ മോഷ്ടാവിനെ മാറ്റാറായില്ലേ?’’ തപോമയി എത്തിയപ്പോള്‍ ഗോപാല്‍ ബറുവ പറഞ്ഞു.
‘‘നല്ലൊരാളെ നോക്കുന്നുണ്ട്’’, അയാള്‍ പറഞ്ഞു. പിന്നെ എന്തോ ആലോചിച്ചിട്ടെന്ന വണ്ണം പറഞ്ഞു. ‘‘ഒരു സ്ത്രീയെ അയക്കാമെന്ന് ഏജന്സിക്കാര് പറയുന്നു. അച്ഛനോട് ചോദിച്ചിട്ടാവാം എന്നുവച്ചു.’’
‘‘എന്തിന് ചോദിക്കണം!’’ പിന്നെ എന്റെ നേര്‍ക്കു തിരിഞ്ഞുകൊണ്ട് ഗോപാല്‍ ബറുവ പറഞ്ഞു. ‘‘ഇവന് എല്ലാം വിൽക്കുന്നു. വലിയ വിലപിടിപ്പുള്ള പുരാവസ്തുക്കളൊക്കെ ഇവിടെയുണ്ട്. എല്ലാം സാറിന്റേതാണ്. എത്ര കാലത്തെ അധ്വാനമാണ്! സന്താനം സാര്‍ പലയിടങ്ങളില്‍നിന്നും പുരാവസ്തുക്കള്‍ ശേഖരിക്കുമായിരുന്നു. അവ ഒറിജിനലാണോ എന്നറിയാനുള്ള വൈദഗ്ധ്യം അദ്ദേഹത്തിനുണ്ടായിരുന്നു. പലതും മ്യൂസിയങ്ങള്‍ക്കു കൊടുത്തു. പൊട്ടിയതും പൊളിഞ്ഞതുമായ വസ്തുക്കള്‍ എന്നു കണക്കാക്കിയിട്ടാവും ഇവന്റെ ശ്രദ്ധ അവിടേക്കു തിരിഞ്ഞിട്ടില്ല. പിന്നെ ഇതൊക്കെ അറിയാവുന്നവര്‍ വേണമല്ലോ വാങ്ങിക്കാനും.’’
‘‘ശരിതന്നെ. അക്കാര്യം അവനറിയില്ലെന്നു തോന്നുന്നു.’’ കുറച്ചുനേരം എന്തോ ആലോചിച്ചുകൊണ്ട് തപോമയി പറഞ്ഞു.
‘‘അതു നന്നായി’’, ഗോപാല്‍ ബറുവ പറഞ്ഞു, ‘‘വിഡ്ഢിയാണ്. ഇവിടെയുള്ള ആന്റിക് കലക്ഷനിൽ തൊട്ടാല്‍ അവന് ധനികനാവും. ഏറ്റവും വിലപിടിപ്പുള്ള വീഞ്ഞുതന്നെ കുടിക്കാന്‍ സാധിക്കും.’’
തപോമയി അച്ഛന്റെ നീരുവന്ന കാല് തൊട്ടുനോക്കി. താഴെ ഒരു തലയിണവെച്ച് കുറച്ചുയര്‍ത്തി.
‘‘എന്താണ് നീരു വറ്റാത്തത് എന്നാണ് എന്റെ സംശയം’’, അയാള്‍ പറഞ്ഞു.
‘‘അതിനുള്ള ഗുളികകള്‍ ഡോക്ടര്‍ തന്നിട്ടുണ്ട്.’’ ഗോപാല്‍ ബറുവ ആ പൊതികള്‍ എടുത്തു കാണിച്ചു.
‘‘വാങ്ങിവച്ചിട്ടെന്ത്? അതു കഴിച്ചാലല്ലേ മാറുകയുള്ളൂ!’’ തപോമയി കുട്ടികളോടെന്ന മട്ടില്‍ അച്ഛനോടു പറഞ്ഞു. അയാള്‍ ഒരു നനഞ്ഞ തുണികൊണ്ട് നീരുവന്ന ഭാഗങ്ങള്‍ സാവധാനം തുടച്ചു. ഗോപാല്‍ ബറുവ ഒന്നും പറഞ്ഞില്ല. വേദനയുണ്ടെന്ന് അദ്ദേഹത്തിന്റെ മുഖം നോക്കിയാല്‍ അറിയാം.
‘‘ഞങ്ങള്‍ പഴയ ചില കഥകള്‍ പറഞ്ഞുകൊണ്ടിരിക്കുകയാണ്’’, ഗോപാല്‍ ബറുവ മകനോടു പറഞ്ഞു, ‘‘കേള്‍ക്കണമെങ്കില്‍ നിനക്കും ഇവിടെയിരിക്കാം. തപോമയി അവിടെ നിൽക്കേണ്ടെന്നാണ് വൃദ്ധന് സൂചിപ്പിക്കുന്നതെന്ന് എനിക്കു മനസ്സിലായി.
‘‘ഞാന്‍ കേള്‍ക്കാത്ത എന്തു കഥയാണുള്ളത്? വേണമെങ്കില്‍ അതെല്ലാം ഞാനങ്ങോട്ടു പറഞ്ഞുതരാം’’, ചിരിച്ചുകൊണ്ട് തപോമയി തുടര്‍ന്നു, ‘‘അച്ഛന് പണ്ട് സന്താനം സാറിന്റെ കഥയെഴുതുന്നുണ്ടായിരുന്നല്ലോ.’’
‘‘കഥയല്ല, ജീവചരിത്രം. കഥയെഴുതാന്‍ എനിക്കറിഞ്ഞുകൂടാ’’, ഗോപാല്‍ ബറുവ പറഞ്ഞു, പിന്നെ പെട്ടെന്ന് ഓര്‍ത്തെടുക്കുന്നതുപോലെ അദ്ദേഹം ചോദിച്ചു, ‘‘തപോ, ശരിതന്നെ. അങ്ങനെ കുറച്ചു കടലാസുകള്‍ ഉണ്ടായിരുന്നു. അതു കാണുന്നില്ലല്ലോ?’’
‘‘ഏതു കടലാസുകള്‍?’’
‘‘ഞാനൊരിക്കല്‍ സന്താനം സാറിനെക്കുറിച്ച് ചിലതെല്ലാം എഴുതിയിരുന്നു. നീയതു വായിച്ചിട്ടുണ്ട്. ഓര്‍ക്കുന്നുണ്ടോ?’’
‘‘ഉണ്ടെന്നു തോന്നുന്നു. ഇവിടെയെവിടെയെങ്കിലും കാണും. അതാരെടുക്കാനാണ്?’’
‘‘അതു കിട്ടിയാല്‍ നന്നായിരുന്നു. ഇദ്ദേഹത്തെപ്പോലുള്ളവര്ക്ക് അതില്‍ താൽപര്യമുണ്ടാവും’’, അദ്ദേഹം എന്നെ ചൂണ്ടി.
‘‘നമുക്കു നോക്കാം’’, മുറിയിലാകമാനം ഒന്നോടിച്ചുനോക്കിക്കൊണ്ട് തപോമയി പറഞ്ഞു, ‘‘പക്ഷേ, ഈ പാതാളത്തില്‍നിന്നും എങ്ങനെയാണതു കിട്ടുക?’’
‘‘ജീവചരിത്രം വിറ്റാല്‍ കാശുകിട്ടും എന്നു വരുകയാണെങ്കില്‍ രാജു എടുത്തുതരും’’, ഗോപാല്‍ ബറുവ ചിരിച്ചു.
‘‘നമ്മളെവിടെയാണ് പറഞ്ഞുനിര്‍ത്തിയത്?’’ തപോമയി മുറിയില്‍നിന്നും പോയി ഞങ്ങള്‍ രണ്ടു പേരും മാത്രമായപ്പോള്‍ ഗോപാല്‍ ബറുവ ചോദിച്ചു. സന്താനത്തിന്റെ കഥ പറയുകയായിരുന്നുവെങ്കിലും എവിടെയാണ് പറഞ്ഞവസാനിപ്പിച്ചത് എന്ന് പെട്ടെന്ന് എനിക്കോര്‍മ വന്നില്ല. ഏതായാലും നിഗൂഢസന്ദേശങ്ങളുടെ കഥ പറയുകയായിരുന്നു. ഞാനതു സൂചിപ്പിച്ചു.
‘‘അതേ’’, ഗോപാല്‍ ബറുവ എന്നെ നോക്കിക്കൊണ്ടു തുടര്‍ന്നു, ‘‘സന്ദേശങ്ങള്‍ ഉണ്ടാക്കി അയക്കുമ്പോള്‍ മറുഭാഗത്തുള്ളവര്‍ അറിയാതിരിക്കണം എന്നുണ്ടല്ലോ. ഇനി അഥവാ തിരിച്ചറിയും എന്നുറപ്പുണ്ടെങ്കില്‍ ആ കോഡുകള്‍ തെറ്റായ വിവരം നൽകുന്നതായിരിക്കണം. ശത്രുവിന്റെ നീക്കങ്ങളുടെ വഴി പിഴപ്പിക്കുക എന്ന ഉദ്ദേശ്യമാവും അപ്പോള്‍ അവയ്ക്ക്. ശരിയായ സന്ദേശങ്ങളുടെ കാര്യത്തില്‍ അവ കിട്ടിയാലും എതിരാളികള്‍ക്ക് തിരിച്ചറിയാന്‍ സാധിക്കരുത് എന്നുണ്ടെങ്കില്‍ നിഗൂഢചിഹ്നങ്ങളും ചിത്രങ്ങളും ഉപയോഗിക്കാം.’’
‘‘പഴയ ആന്റിബയോട്ടിക്കുകള്‍ ഫലവത്താകാതെവരുന്ന സാഹചര്യമില്ലേ? ആന്റിബയോട്ടിക് റെസിസ്റ്റന്‍സ്. ഗൂഢസന്ദേശങ്ങള്‍ നിർമിക്കുന്നവര്‍ ബാക്ടീരിയകളെപ്പോലെയാണ്. പോകെപ്പോകെ ബാക്ടീരിയകള്‍ക്ക് മരുന്നുകളെ മറികടക്കുന്ന പുതിയ കോഡുകള്‍ കൊണ്ടുവരേണ്ടിവരും’’, അദ്ദേഹം പറഞ്ഞു.
‘‘അധികമാര്‍ക്കും അറിയാത്ത ഒരു ഭാഷ ഉപയോഗിച്ചാല്‍ ശരിയാവില്ലേ?’’, ഞാന്‍ ചോദിച്ചു.
‘‘തീര്‍ച്ചയായും അതൊരു സാധ്യതയാണ്. രണ്ടാം ലോകമഹായുദ്ധകാലത്ത് അമേരിക്ക ജപ്പാനെതിരെ യുദ്ധം ചെയ്യുമ്പോള്‍ ആ രീതി പരീക്ഷിച്ചിട്ടുണ്ട്. നവാഹോ എന്നു കേട്ടിട്ടുണ്ടോ? അമേരിക്കയിലെ ആദിമനിവാസികളാണ്. നവാേഹാ ഗോത്രത്തിലെ യുവാക്കളെ അമേരിക്കന്‍ ഉദ്യോഗസ്ഥന്മാര് സൈന്യത്തില്‍ കോഡുകള്‍ അയക്കുന്നതിനായും സ്വീകരിക്കുന്നതിനായും വിന്യസിച്ചു. അവരുടെ ഭാഷയ്ക്ക് ലിപിയുണ്ടായിരുന്നില്ല. എല്ലാം മനഃപാഠമാക്കുകയായിരുന്നു എല്ലാവരുടെയും ശീലം. ഇനി ആരെങ്കിലും കേട്ടാലും മനസ്സിലാക്കാന്‍ എളുപ്പമല്ല. കാരണം, ഏതെങ്കിലും ഏഷ്യന്‍, യൂറോപ്യന്‍ ഭാഷകളുമായി സാമ്യമില്ലാത്തതായിരുന്നു ആ ഭാഷ. അമേരിക്കന്‍ പട്ടാളത്തിന്റെ നീക്കം ഫലിച്ചു. ശാന്തസമുദ്രത്തിലെ യുദ്ധത്തില്‍ അവര്‍ക്കു മേല്‍ക്കൈ നേടിക്കൊടുത്തത് നവാഹോ ഭാഷയില്‍ അയച്ച ഗൂഢസന്ദേശങ്ങളായിരുന്നു.’’
ഗോപാല്‍ ബറുവ നീണ്ട ഒരു ചുമയിലേക്കു പോയി. അദ്ദേഹത്തിന്റെ ശരീരം വിറകൊള്ളുന്നതുപോലെ. എനിക്കു പരിഭ്രമമായി, എന്തുചെയ്യണം എന്നറിഞ്ഞുകൂടാ. രാജുവും തപോമയിയും ഓടിവന്നെങ്കിലും അദ്ദേഹം കൈയുയര്‍ത്തി കുഴപ്പമില്ലെന്നു കാണിച്ച് അവരെ തിരിച്ചയച്ചു.
‘‘പദപ്രശ്നം പൂരിപ്പിക്കാന്‍ അക്കാലത്ത് ഞാന്‍ കൈവരിച്ച സാമർഥ്യം സന്താനം സാറിനെ ആകര്‍ഷിച്ചത് എന്തുകൊണ്ടാണെന്നറിയാമോ?’’ ചുമയടങ്ങിയപ്പോള് ഗോപാല്‍ ബറുവ ചോദിച്ചു. പദപ്രശ്നങ്ങളില്‍ ഉപയോഗിക്കുന്ന ഹ്രസ്വസൂചനകളുള്ള ഭാഷയുടെ സവിശേഷതയാവാം എന്ന് ഊഹിച്ചെങ്കിലും ഞാന്‍ മറുപടി പറഞ്ഞില്ല.
‘‘അതിനും ഒരു ചരിത്രമുണ്ട്’’, അദ്ദേഹം പറഞ്ഞു. ‘‘നിങ്ങള്‍ അലന് ടൂറിങ് എന്ന ഒരാളെക്കുറിച്ചു കേട്ടിരിക്കുമല്ലോ.’’
‘‘ഉവ്വ്’’, ഞാന്‍ പറഞ്ഞു, ‘‘ഗണിതശാസ്ത്രജ്ഞനായിരുന്നില്ലേ?’’
‘‘അതേ. പക്ഷേ, അതിലധികം മറ്റൊരു വിലാസംകൂടിയുണ്ട്, ടൂറിങ്ങിന്. അദ്ദേഹമാണ് രണ്ടാം ലോകമഹായുദ്ധത്തില്‍ ജർമന്‍ സൈന്യത്തിന്റെ ഗൂഢസന്ദേശങ്ങള്‍ വായിച്ചെടുത്തത്.’’
അലന് ടൂറിങ്ങിന്റേത് ഒരു വിചിത്ര ജന്മമായിരുന്നു. അതീവ ബുദ്ധിമാന്. ആരോടും കൂട്ടുകൂടാത്ത, തികച്ചും ഏകാകിയായ ഒരു ജീനിയസ്. ഗൂഢസന്ദേശങ്ങള്‍ പുറത്തുവിട്ടിരുന്ന ശത്രുസൈന്യത്തിന്റെ ‘എനിഗ്മ’ എന്ന യന്ത്രത്തിനു ബദലായി ആ സന്ദേശങ്ങള്‍ വായിക്കാന്‍ സഹായിക്കുന്ന മറ്റൊരു യന്ത്രം ടൂറിങ് നിർമിച്ചു. ആ ഒരു കണ്ടുപിടിത്തമാണ് ജർമന്‍ മുന്നേറ്റങ്ങളുടെ മുനയൊടിച്ചത്. ശത്രുസൈന്യത്തിന്റെ കപ്പലുകളുടെ സഞ്ചാരപഥങ്ങള്‍ അലന് ടൂറിങ്ങും സഹപ്രവര്‍ത്തകരും അപ്പപ്പോള്‍ മനസ്സിലാക്കിയിരുന്നു. രണ്ടാം ലോകമഹായുദ്ധത്തിന്റെ കാലയളവ് രണ്ടു വര്‍ഷത്തേക്കെങ്കിലും ചുരുക്കിയത് ടൂറിങ്ങിന്റെ വിജയമാണെന്നു പറയാം. എത്രയോ നാശനഷ്ടങ്ങള്‍ ഒഴിവാക്കാന്‍ അതിലൂടെ സാധിച്ചു. ഒന്നരക്കോടിയെങ്കിലും മനുഷ്യരുടെ ജീവന് അതുകൊണ്ടുമാത്രമാണ് രക്ഷപ്പെട്ടത്.
കുറച്ചുകാലം മുമ്പ് അദ്ദേഹത്തെക്കുറിച്ചുള്ള ഒരു ഹോളിവുഡ് സിനിമ ഇറങ്ങിയത് ഞാന്‍ കണ്ടിട്ടുണ്ടായിരുന്നു: ‘ഇമിറ്റേഷന്‍ ഗെയിം.’ അലന് ടൂറിങ് നാൽപതുവയസ്സിലോ മറ്റോ ആത്മഹത്യ ചെയ്യുകയായിരുന്നു. അതാണ് മറ്റൊരു ‘എനിഗ്മ.’ തൊഴിലുമായി ബന്ധപ്പെട്ട കാര്യത്തിനായിരുന്നില്ല അത്. ടൂറിങ് സ്വവര്‍ഗാനുരാഗിയായിരുന്നു. അക്കാലത്ത് ബ്രിട്ടനിലും പാശ്ചാത്യ രാജ്യങ്ങളിലും അത് കുറ്റകരമാണ്. യുദ്ധകാലത്ത് അവര്‍ പ്രവര്‍ത്തിച്ചിരുന്ന സ്ഥലത്ത് അക്കാര്യം ആരും ശ്രദ്ധിച്ചിരുന്നില്ല, അല്ലെങ്കില്‍ അവഗണിച്ചു. പക്ഷേ, യുദ്ധത്തിനുശേഷം ഒരുദിവസം അദ്ദേഹത്തിന്റെ വീട്ടില്‍ ഒരു കളവ് നടന്നു. അതന്വേഷിക്കാന്‍ വന്ന പോലീസുകാരാണ് ആ ‘രഹസ്യം’ കണ്ടുപിടിച്ചത്. മഹാനായ ആ ഗൂഢലിപിക്കാരന്റെ ജീവിതത്തിന്റെ കോഡുകള്‍ പുറത്തുള്ളവര്‍ വായിച്ചു എന്നർഥം.
സര്‍ക്കാറിന്റെ ഭാഗത്തുനിന്നുള്ള അനാവശ്യമായ ഒരിടപെടലുണ്ടായി. ടൂറിങ്ങിനെ രാസചികിത്സക്ക് വിധേയനാക്കി. ഹോര്‍മോണുകള്‍ കുത്തിവെച്ചു. അതിന്റെ സമ്മര്‍ദം താങ്ങാനാവാതെയാണ് അദ്ദേഹം സയനൈഡ് കഴിച്ച് ആത്മഹത്യ ചെയ്തത്. പില്ക്കാലത്ത്, ചരിത്രത്തില്‍ തങ്ങള്‍ ചെയ്ത മറ്റനേകം തെറ്റുകള്‍ക്കു മാപ്പിരന്നതുപോലെ ബ്രിട്ടൻ ടൂറിങ്ങിന്റെ കാര്യത്തിലും ക്ഷമ ചോദിക്കുകയുണ്ടായി.
‘‘സങ്കടകരമായ സിനിമകള്‍ ഞാന്‍ കാണാറില്ല. പറഞ്ഞുവരുന്നത് അക്കാര്യമല്ല. ടൂറിങ്ങിനെ സൈന്യത്തിലെ രഹസ്യവിഭാഗത്തിന്റെ ചുമതലയേൽപിച്ചപ്പോള് അദ്ദേഹം തന്റെ സഹായികളെ റിക്രൂട്ട് ചെയ്തത് എങ്ങനെയായിരുന്നു എന്നറിയാമോ?’’ ഗോപാല്‍ ബറുവ എന്നെ നോക്കി. എനിക്കറിയുമായിരുന്നില്ല അതിന്റെ ഉത്തരം.
‘‘പദപ്രശ്നം പൂരിപ്പിക്കുകയായിരുന്നു അദ്ദേഹവും സ്വീകരിച്ച രീതി. 1942ല്‍ ഡെയിലി ടെലഗ്രാഫ് പത്രത്തില്‍ വന്ന ഒരു ക്രോസ് വേഡ് ഗെയിമായിരുന്നു പരീക്ഷ. അതു പന്ത്രണ്ടു മിനിറ്റിനുള്ളില്‍ പൂരിപ്പിക്കുന്നവരെയാണ് അലന് ടൂറിങ് തന്റെ വകുപ്പിലേക്ക് എടുത്തത്. അത്രയും വേഗത്തില്‍ പൂരിപ്പിക്കാന്‍ സാധിക്കുന്നവര്‍ക്ക് ഗൂഢസന്ദേശങ്ങള്‍ ഡീകോഡു ചെയ്യാന്‍ കഴിയുമെന്ന് ടൂറിങ് വിശ്വസിച്ചു. അതു ശരിയുമായിരുന്നു.’’
‘‘അതേയതേ, ഞാനോര്‍ക്കുന്നു. സിനിമയില്‍ അങ്ങനെയൊരു രംഗമുണ്ട്.’’
‘‘അതാണ് ഞാന്‍ പറഞ്ഞുവരുന്നത്. സന്താനം സാര്‍ അലന് ടൂറിങ്ങിന്റെ കാര്യം വായിച്ചിട്ടുണ്ടായിരുന്നു. എന്നോട് പറയാറുണ്ട്, ടൂറിങ്ങിനെ ഓര്‍ത്തതുകൊണ്ടാണ് പദപ്രശ്നം പൂരിപ്പിക്കുന്നതില്‍ മിടുക്കു കാണിച്ച ഒരാളെത്തന്നെ കൂടെക്കൂട്ടാമെന്നു തീരുമാനിച്ചതെന്ന്.’’
‘‘ഇനിയുള്ള കാലം സന്ദേശങ്ങളുടേതാണ്.’’ ഒന്ന് നിര്‍ത്തി എന്റെ നേരേ നോക്കി ഗോപാല്‍ ബറുവ പറഞ്ഞു. ‘‘ഞാന്‍ വായിച്ചിട്ടുണ്ട്, ഒന്നാം ലോകമഹായുദ്ധം രസതന്ത്രജ്ഞന്മാരുടേതായിരുന്നു. ക്ലോറിനും മസ്റ്റാഡ് ഗ്യാസുമൊക്കെ അതില്‍ പരീക്ഷിക്കപ്പെട്ടു. പത്തുലക്ഷം കുതിരകളെ സഞ്ചാരത്തിനും ഭാരം വഹിക്കുന്നതിനുമായി ഉപയോഗിച്ചു. രണ്ടാം ലോകമഹായുദ്ധം ഭൗതികശാസ്ത്രജ്ഞരുടേതായിരുന്നു എന്നുവേണം വിചാരിക്കാന്‍. അണുപരീക്ഷണങ്ങളുടെ സൃഷ്ടിയായ ബോംബുകള്‍ ലോകമാകെ നാശം വിതച്ചു. പുതിയ യന്ത്രസംവിധാനങ്ങളും വിമാനങ്ങളും വാഹനങ്ങളുമുണ്ടായി. കുതിരകളുടെ പണി പോയി. ഇനിയൊരു മഹായുദ്ധമുണ്ടാവുകയാണെങ്കില്‍ വിവരങ്ങളാവും അണുബോംബുകളേക്കാള്‍ മാരകമാവുക. ഡാറ്റ, സന്ദേശങ്ങള്‍, അറിവുകള്‍...’’
അപ്പോള്‍ പുറത്ത് ചാറ്റല്‍മഴ പൊടിയുന്നുണ്ടെന്നു തോന്നി. അൽപം കഴിഞ്ഞപ്പാള്‍ കരിയിലകളിലൂടെ കാറ്റു കടന്നുപോകുന്നതിന്റെ ശബ്ദം. ചാറ്റല്‍ മഴ തെല്ലുനേരം നിന്നു, പിന്നെ വലിയ ആരവത്തോടെ തകര്ത്തുപെയ്തുകൊണ്ട് തിരിച്ചുവന്നു.
ഗോപാല്‍ ദാ തിരിഞ്ഞ് ജനലിലൂടെ പുറത്തേക്കു നോക്കി.
‘‘ഡോക്ടറുടെ പ്രവചനം ഫലിച്ചല്ലോ!’’ ഞാന്‍ പറഞ്ഞു.
അദ്ദേഹം അതു കേട്ടില്ല. തിമിര്‍ത്തുപെയ്യുന്ന മഴയുടെ ആരവത്തിനു കാതോര്‍ത്തുകൊണ്ട് അങ്ങനെയിരുന്നു. അദ്ദേഹത്തിന്റെ മുഖം മങ്ങുന്നതുപോലെ. കാരണമറിയാത്ത ഒരു വിഷാദം അന്തരീക്ഷത്തില്‍ ഉരുണ്ടുകൂടുന്നതായി എനിക്കു തോന്നി.
‘‘പദപ്രശ്നങ്ങള്‍ ഇപ്പോഴും നോക്കാറുണ്ടോ?’’ വിഷയം മാറ്റാനെന്നോണം ഞാന്‍ തിരക്കി. ഗോപാല്‍ ബറുവ തിരിഞ്ഞ് എന്റെ നേര്‍ക്കുനോക്കി. ഞാന്‍ ചോദ്യം ഒന്നുകൂടി ആവര്‍ത്തിച്ചു.
‘‘അവയിലൊന്നും ഒരു വെല്ലുവിളിയില്ലാതായിരിക്കുന്നു. നിരന്തരം ആവര്‍ത്തിക്കപ്പെടുന്ന കള്ളങ്ങള്‍... കണക്കുകള്‍...’’, അദ്ദേഹം പറഞ്ഞു.
കഥയുടെ ചരടു മുറിച്ചുകൊണ്ടാണ് മഴ പെയ്യുന്നതെന്നു തോന്നി. ഗോപാല്‍ ബറുവയുടെ ശ്രദ്ധ അതിന്റെ ആരവങ്ങളിലേക്കു പോകുന്നു. കുറച്ചുനേരം അതിന്റെ ഏകതാനമായ ഈണത്തിലേക്കു ഞാനും ശ്രദ്ധിച്ചു.
‘‘സന്താനം സാറിന്റെ കഥ പറയുക എളുപ്പമല്ല’’, പൊടുന്നനെ ഗോപാല്‍ ബറുവ പറഞ്ഞു, ‘‘അതെല്ലാം അദ്ദേഹം പലപ്പോഴായി എന്നോടു പറഞ്ഞതാണ്. പിന്നെ ദീര്‍ഘകാലം ഞാന്‍ അദ്ദേഹത്തിന്റെ നിഴലുപോലെ നടന്ന് പലതും മനസ്സിലാക്കി. ഞാന്‍ പറഞ്ഞില്ലേ, ഒക്കെയും എവിടെയൊക്കെയോ എഴുതിവച്ചിട്ടുണ്ട്. ഇപ്പോള്‍ എഴുന്നേല്ക്കാന് വയ്യാത്തതുകൊണ്ട് എടുത്തുതരാന്‍ വയ്യെന്നു മാത്രം.’’
‘‘തിരക്കില്ല. അതു പിന്നീടെപ്പോഴെങ്കിലും കിട്ടുമ്പോള്‍ തന്നാല്‍ മതി’’, ഞാന്‍ പറഞ്ഞു. സുഖമില്ലാതെയിരിക്കുന്ന ഒരാളെ കൂടുതല്‍ ബുദ്ധിമുട്ടിക്കുന്നതു ശരിയല്ല.
‘‘അതില്‍ ഇനി എന്റെ കഥ കുറച്ചേയുള്ളൂ! എന്നെ പട്ടാളത്തിന്റെ രഹസ്യവിഭാഗത്തിലേക്ക് എടുത്തു. ഈസ്റ്റേണ്‍ കമാൻഡിലായിരുന്നു അദ്ദേഹം. കൊല്‍ക്കത്തയില്‍ ഫോര്‍ട്ട് വില്യമിലായിരുന്നു ഓഫീസ്. അക്കാലത്ത് അധികവും മോഴ്സ് കോഡുകള്‍ ഉപയോഗിച്ചുള്ള വിനിമയമാണ്. ടെലിഗ്രാം സന്ദേശങ്ങള്‍ പ്രചാരത്തിലാവുന്നതിനുമുമ്പ് യുദ്ധരംഗത്താണ് അതുപയോഗിച്ചിരുന്നത്. കുത്തും വരയും മാത്രമുള്ള ആ ലിപി പക്ഷേ, സുരക്ഷിതമായിരുന്നില്ല. ഏവര്‍ക്കും അതു വായിക്കാനറിയാമല്ലോ. പിന്നെ ചില റേഡിയോ ഫ്രീക്വന്‍സികള്‍... അതും അത്ര സേഫായിരുന്നില്ല.
പലര്‍ക്കും ചോര്‍ത്തിയെടുക്കാം. അപ്പോള്‍ ചോര്ത്തിക്കിട്ടിയാലും മനസ്സിലാക്കാന്‍ സാധിക്കാത്ത, സാധിച്ചാലും തെറ്റിദ്ധരിപ്പിക്കാന്‍ പോന്ന ഒരു വിചിത്ര ഭാഷ അദ്ദേഹം സ്വയം ഉണ്ടാക്കി. ഞാനും അക്കാര്യത്തില്‍ സഹായിച്ചിരുന്നു എന്നു പറയാം. പല ഭാഷകളില്‍നിന്നുമുള്ള ലിപികള്‍, ചിഹ്നങ്ങള്‍, ചിത്രങ്ങള്‍, ചില വരകളും കുത്തുകളുമൊക്കെയായി ഒരു ഗൂഢഭാഷ. അതില്‍ത്തന്നെ ആവശ്യമുള്ളത്രയും കാര്യങ്ങളേ സൈന്യത്തില്‍നിന്നും പറഞ്ഞുവിടുന്ന ചാരന്മാര്ക്കുപോലും അറിയുമായിരുന്നുള്ളൂ. കൂടുതല്‍ വിവരങ്ങള്‍ കൊടുത്താല്‍ അതവരുടെ സുരക്ഷയെ ബാധിക്കും എന്ന് അദ്ദേഹം വിചാരിച്ചു.’’
‘‘അതിനിടയില്‍ ഞങ്ങളുടെ ഔദ്യോഗിക ജീവിതത്തില്‍ ഒരു വഴിത്തിരിവുണ്ടായി’’, അദ്ദേഹം പറഞ്ഞുനിര്‍ത്തി.
‘‘സമയം വൈകിയല്ലോ, ആ കഥ ഇനി പിന്നീടൊരിക്കലാവാം’’, ഞാന്‍ പറഞ്ഞു.
പുറത്ത് മഴയുടെ ശക്തി വീണ്ടും കൂടുകയാണ്. ഇടിമിന്നലിന്റെ വെളിച്ചം ജനാലയിലൂടെ അകത്തേക്കു മിന്നി. അതിന്റെ ശബ്ദത്തിനായി കാതോര്‍ത്തുവെങ്കിലും കേട്ടില്ല. ദൂരെ ഇരമ്പങ്ങള്‍ മാത്രം.
‘‘ശരിതന്നെ. സമയം വൈകി. അല്ലെങ്കില്‍ നിങ്ങള്‍ ഇവിടെ താമസിച്ചുകൊള്ളൂ. രാവിലെ പോകാം.’’
പോയിട്ട് കാര്യമുണ്ടെന്നു ഞാന്‍ പറഞ്ഞു.
‘‘അതൊരു നീണ്ട കഥയാണ്. പക്ഷേ, ഞാനതു ചുരുക്കിയെഴുതിയിട്ടുണ്ടായിരുന്നു. ആ കടലാസുകള്‍ കണ്ടെത്തിയാല്‍ എളുപ്പമായി. നിങ്ങള്‍ക്കു സൗകര്യപൂര്‍വം വായിക്കാമല്ലോ.’’
‘‘ശരിക്കും ജീവചരിത്രം എഴുതുകയായിരുന്നോ?’’
‘‘അങ്ങനെ പറഞ്ഞുകൂടാ. ചിലപ്പോള്‍ ചിലതെല്ലാം എഴുതിവക്കണമെന്നു തോന്നും. എന്തിനാണെന്നറിഞ്ഞുകൂടാ. ലക്ഷ്യമൊന്നുമില്ല. അനുഭവങ്ങള്‍, ചിതറിയ ചില ചിന്തകള്‍, ആഗ്രഹങ്ങള്‍... അങ്ങനെയെന്തൊക്കെയോ...’’
‘‘അതും ഗൂഢഭാഷയിലാണോ?’’
‘‘അല്ല, ഇംഗ്ലീഷിലോ ഹിന്ദിയിലോ ആവണം.’’ അദ്ദേഹം പറഞ്ഞു. ‘‘മുമ്പൊരിക്കല്‍ ആര്ക്കിയോളജിക്കാര് അദ്ദേഹത്തെക്കുറിച്ച് എഴുതാനാവുമോ എന്നു ചോദിച്ചിരുന്നു. അവരുടെ ഒരു ജേണലിനുവേണ്ടി. അപ്പോള്‍ എഴുതിനോക്കിയതാണ്. കൊടുക്കാന്‍ ധൈര്യം വന്നില്ല. എഴുത്തില്‍ ഞാന്‍കൂടി ഉള്‍പ്പെട്ടിരുന്നു. എഴുത്തിലാണെങ്കിലും അദ്ദേഹത്തെപ്പോലെ വലിയൊരു മനുഷ്യനോടൊപ്പം നിസ്സാരനായ എന്നെക്കൂടി ചേര്ത്തുനിര്ത്തേണ്ടിവരുമല്ലോ എന്ന പേടി.’’
അപ്പോള്‍ തപോമയി കടലാസുകളുടെ ഒരു ചുരുളുമായി വന്നുകൊണ്ട് ചോദിച്ചു: ‘‘ഇതാണോ അച്ഛന് പറഞ്ഞ ജീവചരിത്രം?’’
‘‘ഇതെവിടുന്നു കിട്ടി?’’ ഗോപാല്‍ ബറുവ ചോദിച്ചു. അദ്ദേഹം തപോമയിയുടെ മുഖത്തേക്ക് സൂക്ഷിച്ചുനോക്കി.
‘‘ഇതോ! കുറേക്കാലം മുമ്പ് ഫോട്ടോസ്റ്റാറ്റെടുക്കണമെന്നു പറഞ്ഞ് അച്ഛന് തന്നെയാണ് എന്നെ ഏൽപിച്ചത്. അച്ഛന് മറന്നുപോയി അല്ലേ? തിരക്കില്‍പ്പെട്ട് ഞാനും അതു വിട്ടു. ഇതാ, കുറച്ചുമുമ്പ് നിങ്ങള്‍ തമ്മില്‍ സംസാരിക്കുന്നതു കേട്ടപ്പോള്‍ ഞാന്‍ അതിനേക്കുറിച്ചോര്ത്തു. നോക്കുമ്പോള്‍ എന്റെ ബാഗില്‍ത്തന്നെ കിടപ്പുണ്ടായിരുന്നു!’’
ഗോപാല്‍ ബറുവ ആ കടലാസുകള്‍ വാങ്ങി, തന്റെ കണ്ണട തപ്പിയെടുത്ത് വായിക്കാന്‍ തുടങ്ങി. അദ്ദേഹത്തിന്റെ മുഖത്ത് സമ്മിശ്രവികാരങ്ങളുണ്ടാവുന്നതു ഞാന്‍ ശ്രദ്ധിച്ചു. പലതവണ ആ കടലാസുകള്‍ മറിച്ചുനോക്കിയശേഷം അദ്ദേഹം അതെന്റെ നേര്‍ക്കുനീട്ടി. ‘‘ഇതു തന്നെ. വായിക്കൂ, അദ്ദേഹത്തെക്കുറിച്ചറിയാനാവും.’’
ഞാന്‍ ആ കടലാസുകള്‍ വാങ്ങി. മനോഹരമായ കൈപ്പടയില്‍, കൃത്യമായും മാര്‍ജിനൊക്കെ പാലിച്ച് മഷിപ്പേന കൊണ്ടെഴുതിയ കുറച്ചു താളുകള്‍. ഇംഗ്ലീഷിലാണ് എഴുത്ത്, ഗൂഢലിപിയൊന്നും കാണാനായില്ല. പണ്ടെപ്പോഴെങ്കിലും എഴുതിയതാവണം. ഇക്കാലത്ത് അദ്ദേഹം ഫലിതങ്ങള്‍പോലും ചിഹ്നങ്ങളിലൂടെ എഴുതുകയാണല്ലോ.
അതു വാങ്ങിയ ശേഷം അദ്ദേഹത്തോട് യാത്ര പറഞ്ഞു. എന്നിട്ട് മുറിയില്‍നിന്നും പുറത്തുകടന്ന് ഇടനാഴിയില്‍ കുറേ നേരം ഞാന്‍ മഴ ഒഴിയുന്നതിനു കാത്തുനിന്നു. സമയം വളരെയായിരുന്നു. പിന്നെ, ആ വീട്ടിലെ അനേകം മുറികളില്‍ നിന്നേതില്നിന്നോ തപോമയി തപ്പിയെടുത്ത ഒരു നരച്ച കുട ചൂടി ഞങ്ങള്‍ ഇരുവരും വാഹനത്തിന്റെയടുത്തേക്കു നടന്നു. കാലപ്പഴക്കത്തിന്റെ പൊടി അതിന്റെ ശീലയിലുണ്ടായിരുന്നു. മഴ നനഞ്ഞപ്പോള്‍ ഒരു നൂറ്റാണ്ടെങ്കിലും പഴക്കമുള്ള ഒരു ഗന്ധം ഞങ്ങളെ ചൂഴ്ന്നു. തപോമയി എന്നോടു പറഞ്ഞു: ‘‘നല്ല കുടകളെല്ലാം അവന് എടുത്തുകൊണ്ടുപോയിക്കാണണം. എന്തു ചെയ്യാം! ഒരു പ്രത്യേക സ്വഭാവം. ചെറിയ സാധനങ്ങളേ മോഷ്ടിക്കൂ. ഇതൊരു രോഗമാണെന്നു തോന്നുന്നു.’’
അതു ശരിയാവാം. അങ്ങനെയുള്ള ചെറിയ കളവുകള്‍ മാത്രം ചെയ്യുന്ന ഒരാളുടെ കഥ എവിടെയോ വായിച്ചിട്ടുണ്ടെന്ന കാര്യം ഞാന്‍ തപോമയിയോടു പറഞ്ഞു. മഴയുടെ ശക്തി കൂടുന്നുണ്ടായിരുന്നു. ആ ചെറിയ കുടയില്നിന്ന് ഞങ്ങള്‍ ഇരുവരും നനഞ്ഞു.
‘‘അതിലും രസമുള്ള കാര്യമാണ്. അവന് കഴിഞ്ഞൊരു ദിവസം ഒരു കൂട് ചീട്ട് മോഷ്ടിച്ചു. മോഷ്ടിക്കുക മാത്രമല്ല, അടുത്തുള്ള കുട്ടികള്‍ക്ക് ഏതോ ചെറിയ പൈസയ്ക്കു വില്‍ക്കുകയും ചെയ്തു. അന്ന് ഡോക്ടര്‍ സര്‍ക്കാറുണ്ടാക്കിയ പുകില്! സ്റ്റെതസ്കോപ്പു പോയപ്പോള്‍പോലും അദ്ദേഹം ഇത്ര വിഷമിച്ചിട്ടില്ല.’’
‘‘വേറൊരാളെ ശ്രമിച്ചുകൂടേ?’’
‘‘നോക്കാഞ്ഞിട്ടല്ല. കുറച്ചായി ഞാന്‍ ആ ഏജന്സിക്കാരോടു പറയുന്നു, ഒരാളെ മാറ്റിത്തരണമെന്ന്. ഇതുവരെയും ഒന്നും നടന്നില്ല. അവര്‍ പറയുന്നത് ചെറിയ കളവൊക്കെയുണ്ടെങ്കിലും രോഗികളെ നോക്കാന്‍ ഇവനേക്കാള്‍ നല്ലൊരാളെ കിട്ടാനില്ലത്രേ. ആലോചിച്ചാല്‍ ശരിയാണ്. ഒരു പണി ചെയ്യാനും മടിയില്ല. ക്ലീന്‍ ചെയ്യാനൊന്നും ഒട്ടും അറപ്പില്ല. എന്നാല്‍ കളവുണ്ട്.’’
‘‘ചെറിയ വസ്തുക്കള്‍ മോഷ്ടിച്ച് പിന്നെ വലുതിലേക്കു കടന്നാലോ?’’
‘‘നോക്കട്ടെ. ഏതായാലും ഇവന്റെ കരാര്‍ തീരാറായി. പിന്നെ പുതുക്കുന്നില്ലെന്നുവക്കാം. അടുത്ത ദിവസം മുതല്‍ ഞാന്‍ പര്‍വീണയെ ഇവിടെ കൊണ്ടുവന്നു നിര്‍ത്തും. അച്ഛനെ സഹായിക്കാന്‍. പക്ഷേ, ഒരു കാര്യം ശ്രദ്ധിക്കണേ, പര്‍വീണ ഹോം നഴ്സാണെന്നേ പറയാവൂ.’’
‘‘അങ്ങനെ അല്ലേ?’’ ആരാണ് പര്‍വീണ എന്ന് അറിയില്ലെങ്കിലും ഞാന്‍ ചോദിച്ചു.
‘‘അല്ലല്ല. ഓ, ഞാന്‍ പരിചയപ്പെടുത്താന്‍ വിട്ടുപോയതാവും. ക്യാമ്പിലുള്ള പെണ്‍കുട്ടിയാണ് പര്‍വീണ. അവളെ ഇവിടെ കൊണ്ടു നിര്‍ത്തിയാല്‍ ഒരാള്‍ക്കെങ്കിലും തൊഴിലാവുമല്ലോ. ഇതുപോലെ കളവുകളുമുണ്ടാവുകയില്ല. പര്‍വീണയെ ചിലപ്പോള്‍ കണ്ടുകാണും, നമ്മള് ക്യാമ്പില്‍ പോയപ്പോള്‍, അവളാണ് ചായ കൊണ്ടുതന്നത്.’’
എനിക്ക് അങ്ങനെ ഓര്‍ക്കാന്‍ കഴിയുന്നില്ലെന്നു പറഞ്ഞു.
‘‘ഇനി ഓര്‍ത്താലും’’, തപോമയി സൂചിപ്പിച്ചു. ‘‘അച്ഛന് അറിയേണ്ട. ഒരു ഹോം നഴ്സിന് പകരം മറ്റൊരാളെ ഏജന്‍സി തന്നയക്കുന്നു എന്നു കരുതിയാല്‍ മതി.’’
–താനും അഭയാർഥിയായിരുന്നു എന്നല്ലേ ഗോപാല്‍ ബറുവ പറഞ്ഞത്? അപ്പോള്‍ മറ്റൊരു അഭയാർഥിയെ സഹായിക്കുന്നതിന് എന്തെങ്കിലും തടസ്സം പറയുമോ? എനിക്ക് ആ യുക്തി പിടികിട്ടിയില്ല. ഞങ്ങള്‍ വണ്ടിയുടെ അരികില്‍ എത്തിയപ്പോള്‍ മഴയുടെ ശക്തികൂടി. തിരിച്ചുപോകുമ്പോള്‍ ഈ മഴയില്‍ തപോമയി ശരിക്കും നനഞ്ഞുകുതിരും. കുട കൊണ്ടൊന്നും ഒരു കാര്യവുമില്ല. ഞാനക്കാര്യം പറയുന്നതിനു മുമ്പേ അയാള്‍ പറഞ്ഞു: ‘‘വിചാരിക്കാത്ത മഴയല്ലേ, ക്യാമ്പെല്ലാം ചോര്‍ന്നൊലിക്കുന്നുണ്ടാവും. ജഹാനെ വിളിച്ചിട്ടു കിട്ടുന്നുമില്ല. എന്താ ചെയ്യുക?’’