തപോമയിയുടെ അച്ഛൻ
അന്നു രാത്രി നിര്‍ത്താതെ മഴ പെയ്തു. ഏതോ വിചിത്രമായ പേരുള്ള ഒരു കാറ്റു വീശുന്നതായി സൂചിപ്പിച്ചുകൊണ്ട് കാലാവസ്ഥാവിദഗ്ധരടങ്ങുന്ന ഒരു പാനല്‍ ചര്‍ച്ച ടെലിവിഷനില്‍ നടക്കുന്നുണ്ടായിരുന്നു. കുറേ വൈകിയിരുന്നുവെങ്കിലും ഗോപാല്‍ ബറുവയുടെ ഭംഗിയുള്ള കൈപ്പടയിലെഴുതിയ ജീവചരിത്രം ഞാന്‍ വായിക്കാനാരംഭിച്ചു. കുറച്ചു പഴയൊരു ശൈലിയിലായിരുന്നു ആ എഴുത്ത്. പലേടത്തും ആദ്യകാലത്തെ കവിതകളിലെ മാതിരി ഘനസാന്ദ്രമായ ബിംബങ്ങള്‍, വരികള്‍. പുതിയ പുസ്തകങ്ങളോ,...
Your Subscription Supports Independent Journalism
View Plansഅന്നു രാത്രി നിര്‍ത്താതെ മഴ പെയ്തു. ഏതോ വിചിത്രമായ പേരുള്ള ഒരു കാറ്റു വീശുന്നതായി സൂചിപ്പിച്ചുകൊണ്ട് കാലാവസ്ഥാവിദഗ്ധരടങ്ങുന്ന ഒരു പാനല്‍ ചര്‍ച്ച ടെലിവിഷനില്‍ നടക്കുന്നുണ്ടായിരുന്നു. കുറേ വൈകിയിരുന്നുവെങ്കിലും ഗോപാല്‍ ബറുവയുടെ ഭംഗിയുള്ള കൈപ്പടയിലെഴുതിയ ജീവചരിത്രം ഞാന്‍ വായിക്കാനാരംഭിച്ചു. കുറച്ചു പഴയൊരു ശൈലിയിലായിരുന്നു ആ എഴുത്ത്. പലേടത്തും ആദ്യകാലത്തെ കവിതകളിലെ മാതിരി ഘനസാന്ദ്രമായ ബിംബങ്ങള്‍, വരികള്‍. പുതിയ പുസ്തകങ്ങളോ, ഒരുപക്ഷേ വര്‍ത്തമാനപത്രങ്ങളോ പോലും ശ്രദ്ധിക്കാത്ത ഒരാളുടെ വാക്യഘടനയും എഴുത്തുരീതിയുമാണെന്നു തോന്നി. ആദ്യ താളില്‍ ഗോപാല്‍ ബറുവ എഴുതി: സമര്‍പ്പണം. ഗുരുവിന്. എന്റെ ഗുരുവും വഴികാട്ടിയുമായ ഷണ്മുഖം സന്താനത്തിന്റെ ജീവിതകഥ. എഴുതുന്നത് അദ്ദേഹം ജീവിതത്തിലേക്കു കൂട്ടിക്കൊണ്ടുപോയ ശിഷ്യന് ഗോപാല്‍ ബറുവ. (അദ്ദേഹം സൂര്യനായിരുന്നു, ഞാനോ ഒരു നിഴല്‍ മാത്രവും.)
ആളുകള്‍ അദ്ദേഹത്തെ പട്ടാളക്കാരനായിട്ടാണ് കാണുന്നത്. സൈന്യത്തില്‍ വലിയ ഉദ്യോഗം വഹിച്ച ഒരാള്‍. പക്ഷേ, അത് അദ്ദേഹത്തിന്റെ ചെറിയൊരു വിലാസം മാത്രമായിരുന്നു. പില്‍ക്കാലത്തൊരിക്കലും ആ പദവികള്‍ അദ്ദേഹം എടുത്തുപറഞ്ഞിട്ടില്ല. നക്ഷത്രങ്ങളും ചിഹ്നങ്ങളും തുന്നിയ ഉടുപ്പുകള്‍ പ്രദര്‍ശിപ്പിച്ചിട്ടില്ല. അദ്ദേഹത്തിന്റെ കാലം വേറെയായിരുന്നു. അഥവാ, കുറേക്കൂടി ആഴമുള്ള, കുറേക്കൂടി ആദിമമായ ഒരു സമയത്തിലേക്ക് അദ്ദേഹം യാത്ര ചെയ്യുകയായിരുന്നു എന്നു പറയാം. വലിയ സൈനികനായിരുന്നെങ്കിലും ഷണ്മുഖം സന്താനം പട്ടാളക്കാരനാകാന്‍ പറ്റിയ ഒരാളായിരുന്നു എന്നു പറഞ്ഞുകൂടാ. ഒരു ശാസകന്റെ രീതികള്‍ അദ്ദേഹത്തിനു പറഞ്ഞിട്ടില്ലായിരുന്നു.
സന്താനം തമിഴ്നാട്ടില്‍ തഞ്ചാവൂര്‍ ജില്ലയിലെ വൈദികരുടെ കുടുംബത്തില്‍ ജനിച്ചു. വേദം പഠിക്കുകയും പഠിപ്പിക്കുകയുമായിരുന്നു അദ്ദേഹത്തിന്റെ പൂർവികരുടെ തൊഴില്‍. ഉൽപതിഷ്ണുക്കളായിരുന്നു അവര്‍. അവരുടെ പാഠശാലയില്‍ ആര്‍ക്കും പ്രവേശനമുണ്ടായിരുന്നു. അക്കാലത്തെ സാമൂഹികസാഹചര്യമനുസരിച്ച് താഴത്തെ ശ്രേണിയില്‍നിന്നും അധികമാരും പഠനത്തിന് പോയിരുന്നില്ലെന്നതു വേറെ കാര്യം. സന്താനത്തിന്റെ അച്ഛന് പക്ഷേ, അത്തരം പഠനങ്ങളില്‍നിന്നു മാറി ഒരു മെഡിക്കല്‍ ഡോക്ടറായിത്തീര്‍ന്നു. ചെറിയ ബിരുദമേയുള്ളൂ അന്നൊക്കെ. ഡിപ്ലോമയോ സര്‍ട്ടിഫിക്കറ്റോ പോലെ എന്തോ. അക്കാലത്ത് നാട്ടിന്‍പുറങ്ങളിലെല്ലാം വീടുകളില്‍ പോയി ചികിത്സിക്കുന്ന കർമനിരതരായ ചില ഡോക്ടര്‍മാര്‍ ഉണ്ടായിരുന്നു. പ്രതിരോധ കുത്തിവെപ്പുകളൊക്കെ പതുക്കെ പ്രചാരത്തില്‍ വരുന്നതേയുള്ളൂ. പെനിസിലിന് കണ്ടുപിടിക്കപ്പെട്ടിട്ടുണ്ട്. ഏതായാലും ആധുനികവൈദ്യരംഗത്ത് ഒരുണര്‍വു വന്നുതുടങ്ങുന്ന സമയം. അപ്പോള്‍ അച്ഛന് മകനെ കൂടുതല്‍ വലിയൊരു ഡോക്ടറാക്കണം എന്നായിരുന്നു ആഗ്രഹം.
മകന്, പക്ഷേ, മുത്തച്ഛന്റെ കൂടെയാണ് വളര്‍ന്നത്. അദ്ദേഹം ചെറുപ്പത്തില്‍ പഠിപ്പിച്ച സംസ്കൃത കാവ്യങ്ങളും തമിഴ് ക്ലാസിക്കുകളും കുട്ടിയെ ഭാഷയിലേക്കാകര്ഷിച്ചു. മാത്രവുമല്ല, സന്താനത്തിന് മെഡിസിനു ചേരാനുള്ള മാര്‍ക്കുണ്ടായിരുന്നില്ല. പകരം ഇംഗ്ലീഷും തമിഴും ഉള്‍പ്പെട്ട ഒരു ഭാഷാ കോഴ്സിന് അദ്ദേഹം ചേര്‍ന്നു. അക്കാലത്തെല്ലാം തീരെ ശോഷിച്ച കുട്ടിയായിരുന്നു സന്താനം. കുറച്ച് ഉയരമുണ്ടെന്നു മാത്രമേയുള്ളൂ. ആരോഗ്യം നന്നാക്കിയെടുക്കാനാണ് എന്‍.സി.സിയില്‍ ചേരുന്നത്. കായികമായ പരിശീലനം കിട്ടുമല്ലോ. അതു വഴിത്തിരിവായി. ആയിടെ വന്ന ഒരു സൈനിക പരീക്ഷയില്‍ നല്ല റാങ്കു കിട്ടി, പട്ടാളത്തിലെ ഓഫീസര്‍മാര്‍ക്കുള്ള കോളേജിലേക്ക് പ്രവേശനം കിട്ടി. ഓഫീസര്‍മാര്‍ക്കിടയില്‍ വലിയ പേരായിരുന്നു സന്താനത്തിന്. തെളിഞ്ഞ പെരുമാറ്റം, നല്ല ബുദ്ധിശക്തി. അങ്ങനെ പടിപടിയായി ഉയര്‍ന്നാണ് അദ്ദേഹം ഏറക്കുറെ ചെറുപ്പത്തില്‍ത്തന്നെ ഒരു കേണലായി മാറുന്നത്.
കായിക അഭ്യാസങ്ങളിലോ പോരാട്ടത്തിലോ ഒന്നുമായിരുന്നില്ല അദ്ദേഹത്തിന്റെ മികവ്. ചെറുപ്പത്തില്‍ മുത്തച്ഛനോടൊപ്പമുള്ള പരിശീലനംകൊണ്ട് അദ്ദേഹത്തിന് പല ഭാഷകള്‍ കൈകാര്യംചെയ്യാന്‍ സാധിച്ചിരുന്നു. കണക്ക് വിരല്‍ത്തുമ്പിലായിരുന്നു. അതുകൊണ്ടുതന്നെ, വിവരവിനിമയങ്ങളില് പുലര്‍ത്തേണ്ട രഹസ്യാത്മകതയില്‍ അദ്ദേഹം പരിശീലനം നേടി. സൈന്യത്തിലെ ഇന്റലിജന്‍സ് വിഭാഗത്തിലായിരുന്നു സന്താനത്തിന്റെ പ്രവര്‍ത്തനം. സൈന്യത്തിന്റെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കായി വിചിത്രവും എളുപ്പം തിരിച്ചറിയാന്‍ കഴിയാത്തതുമായ പലതരം ഗൂഢഭാഷകള്ക്ക് അദ്ദേഹം രൂപംകൊടുത്തു. പോരാ, ശത്രുസൈന്യം ഉപയോഗിക്കുന്ന അത്തരം കോഡുകളെ തിരിച്ചറിയാനുള്ള വഴികളും സന്താനത്തിനുണ്ടായിരുന്നു. യുദ്ധം ശക്തിയുടെ മാത്രമല്ലല്ലോ. ബുദ്ധികൊണ്ട് പല ശത്രുവിന്റെ സൈനിക നീക്കങ്ങളും അദ്ദേഹം തകര്‍ത്തു. സ്വന്തം രീതിയില്‍ മുന്നേറി.
അക്കാലത്ത് അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിക്കാനുള്ള ഒരു ഭാഗ്യം എനിക്കുണ്ടായി. അദ്ദേഹം എന്നെ കൂടെക്കൂട്ടുകയായിരുന്നു. ഇവിടെ പരാമര്‍ശിക്കപ്പെടാന്‍ മാത്രം ഞാന്‍ ആരുമല്ല. എങ്കിലും അദ്ദേഹത്തിന് ആവശ്യമായ ചിഹ്നങ്ങള്‍ നിർമിക്കാനും പിന്നീട് അഴിച്ചെടുക്കാനുമുള്ള ഒരു ചെറിയ കഴിവ് എങ്ങനെയോ എന്റെ കൂടെ ജന്മനാ ഉണ്ടായിരുന്നിരിക്കണം. അതാവാം പദപ്രശ്നങ്ങളുടെയും കടങ്കഥകളുടെയും ലോകത്തേക്ക് ഞാന്‍ ആകര്‍ഷിക്കപ്പെടാനുള്ള കാരണവും. ഈ സിദ്ധി സന്താനം സാറിനോടൊപ്പം പ്രവര്‍ത്തിക്കാന്‍ എന്നെ സഹായിച്ചു. എനിക്ക് കൃത്യമായൊരു പദവിയോ ഔദ്യോഗിക ചിഹ്നങ്ങളോ ഉണ്ടായിരുന്നില്ല. രേഖകളില്‍ പേരുപോലും ഉണ്ടായിരുന്നോ എന്നുപോലും സംശയമായിരുന്നു. അദ്ദേഹത്തിന്റെ വകുപ്പില്‍ ഏറക്കുറെ രഹസ്യമായി ഞാന്‍ പ്രവര്‍ത്തിച്ചു.
ഒരുപക്ഷേ, ഞാന്‍ മറ്റൊരു മേല്‍വിലാസമില്ലാത്ത അഭയാർഥിയായിരുന്നു എന്നതുകൊണ്ടാവാം. അത്തരം കാര്യങ്ങളിലെ റിസ്കുകള്‍ സന്താനം സ്വയം ഏറ്റെടുത്തു. രൂപമില്ലാത്ത ഒരു നിഴലായിരുന്നുവെങ്കിലും എന്താണ് ഞാന്‍ ചെയ്യുന്നത് എന്നു ചോദിക്കാനുള്ള അധികാരം മറ്റാര്‍ക്കും ഉണ്ടായിരുന്നില്ല. അദ്ദേഹത്തിന്റെ സഹായത്തോടെ കുറച്ചുകാലം കഴിയുമ്പോഴേക്കും ആ വിചിത്ര ചിഹ്നഭാഷകളില് കോഡുകളെഴുതാനും ഉപയോഗിക്കാനുമൊക്കെ എനിക്ക് എളുപ്പമായി. പലപ്പോഴും വലിയ വേഗത്തില്‍ ഞാന്‍ അത്തരം സന്ദേശങ്ങള്‍ തയാറാക്കി. ഞാന്‍ അദ്ദേഹത്തിന്റെ കൂടെ ചേര്‍ന്നതിനു ശേഷമുള്ള കാലം അങ്ങനെ കാര്യമായ സൈനികനീക്കങ്ങളുള്ള ഒന്നായിരുന്നില്ല. വലിയ ചില യുദ്ധങ്ങള്‍ അതിനു മുന്നേത്തന്നെ തീര്‍ന്നുപോയിരുന്നു. എങ്കിലും അതിര്‍ത്തികളില്‍ ഇടക്കിടെ ചില നുഴഞ്ഞുകയറ്റങ്ങള്‍, അപൂർവം ചില സൈനികനീക്കങ്ങള്‍, ആഭ്യന്തരമായുള്ള അട്ടിമറിശ്രമങ്ങള്‍ എന്നിവയെല്ലാം ഞങ്ങള്‍ ചിഹ്നഭാഷയില്‍ വിനിമയംചെയ്തു. പുതിയ സര്‍ക്കാറുകള്‍ വരുകയും മാറുകയുംചെയ്തു. അതൊന്നും ഞങ്ങളുടെ തൊഴിലിനെ ബാധിച്ചില്ലെന്നു പറയണം.
അങ്ങനെയിരിക്കേ, വടക്കുകിഴക്കന്‍ മേഖലയിലെ ചില പ്രദേശങ്ങളിലേക്ക് സന്താനത്തിന് ഔദ്യോഗികമായി സഞ്ചരിക്കേണ്ടിവന്നു. ഞാനും കൂടെപ്പോയി. ഒരൊഴിവുദിവസം ഞങ്ങള്‍ ചില പുരാതന ഗുഹാക്ഷേത്രങ്ങള്‍ സന്ദര്‍ശിച്ചു. അവിടെവെച്ചാണ് ആദ്യമായി ഇത്തരം ചില ചിഹ്നങ്ങള്‍ ഞങ്ങള്‍ കാണുന്നത്. അവ ചില അർഥങ്ങള്‍ സൂചിപ്പിക്കുന്നവയാണെന്ന് സന്താനം എന്നോടു പറഞ്ഞു. ‘‘ഗോപാല്‍... ഒന്നുകൂടി സൂക്ഷിച്ചുനോക്കൂ. ആദിമമായ ഒരു പദപ്രശ്നംപോലെ തോന്നുന്നില്ലേ?’’–അങ്ങനെ ചിന്തിക്കുന്നത് എന്തുകൊണ്ടാണെന്നു ഞാന്‍ ആലോചിച്ചു.
‘‘എല്ലാം ചില സന്ദേശങ്ങള്പോലെ തോന്നുന്നു.’’ അങ്ങനെ പറഞ്ഞുകൊണ്ട് ചില രൂപങ്ങള്‍ ആവര്‍ത്തിക്കുന്നത് അദ്ദേഹം എനിക്കു കാണിച്ചുതന്നു. ചിലതെല്ലാം കൂടുതല്‍ തവണ ആവര്‍ത്തിക്കുന്നു. അതു മിക്കവാറും ആ ഭാഷയിലെ സ്വരാക്ഷരങ്ങളായിരിക്കണം. സൈന്യത്തിലെ യൂനിറ്റിലുണ്ടായിരുന്ന ഫോട്ടോഗ്രാഫര്‍മാരെ വിളിച്ചുകൊണ്ടുവന്ന് ഞങ്ങള്‍ അവയുടെയെല്ലാം ഫോട്ടോഗ്രാഫുകള്‍ എടുപ്പിച്ചു.
പിന്നീടുള്ള ദിവസങ്ങള്‍ അവ നിർധാരണംചെയ്യാനുള്ള ശ്രമങ്ങളായിരുന്നു. ആദിമമായ ചില ഭാഷകള്‍ പഠിച്ചിരുന്നതുകൊണ്ട് സന്താനത്തിന് ലിപികളുടെ സാധ്യതകള്‍ എളുപ്പത്തില്‍ കണ്ടെത്താന്‍ കഴിഞ്ഞു. വിട്ടുപോയ ചില ചിഹ്നങ്ങള്‍ പൂരിപ്പിക്കാന്‍ എനിക്കും സാധിച്ചു എന്നതു വിസ്മരിക്കുന്നില്ല. വൈകാതെത്തന്നെ മറ്റു ചില പ്രാചീനപ്രദേശങ്ങള്, ഗുഹകള്‍, ക്ഷേത്രങ്ങളും പരിസരങ്ങളും: ഞങ്ങളുടെ യാത്രകള്‍ക്കു തുടര്‍ച്ചയുണ്ടായി. പഴയ ചില ബുദ്ധവിഹാരങ്ങളില്നിന്നും ഞങ്ങള്‍ക്ക് അപൂര്‍വമായ താളിയോലകളും ഫലകങ്ങളും പരിശോധിക്കാന്‍ കിട്ടി. അവ വായിക്കാന്‍ സാധിക്കുന്ന പ്രായംചെന്ന ചില ഭിക്ഷുക്കളെ കണ്ടുമുട്ടാന്‍ സാധിച്ചു.
ഞങ്ങളുടെ യാത്രകള്‍ ആവര്‍ത്തിച്ചു; രാത്രികള്‍ നീണ്ടുപോയി. ആദിമകാലത്ത് ആരോ രൂപംകൊടുത്ത ഒരു പുരാതന ലിപിസഞ്ചയത്തിന്റെ ദംശനമേറ്റവരെപ്പോലെയായിരുന്നു ഞങ്ങള്‍. സന്താനം കൊല്‍ക്കത്തയിലെ ഇന്ത്യാ മ്യൂസിയവും നാഷനല്‍ ലൈബ്രറിയും താവളമാക്കിയതുപോലെയുണ്ടായിരുന്നു. സാവധാനം, സൈന്യത്തിനുവേണ്ടുന്ന ജോലിയില്‍ ഞങ്ങള്‍ ഇരുവരുടെയും ശ്രദ്ധ കുറയാന്‍ തുടങ്ങി. രണ്ടോ മൂന്നോ തവണ ഞങ്ങള്‍ തെറ്റായ സന്ദേശങ്ങള്‍ അയക്കുകകൂടി ചെയ്തു. സൈനികജീവിതത്തിലാദ്യമായി കേണല്‍ സന്താനത്തിന് ഒരു താക്കീതും പിന്നീട് ഔദ്യോഗികമായ ശാസനയും കിട്ടി. തെറ്റ് തന്റേതാണെങ്കില്ക്കൂടിയും ആ നടപടികള്‍ അദ്ദേഹത്തിന് വലിയ മാനഹാനിയായിത്തോന്നിയിരുന്നു.
‘‘ഞാന്‍ ജോലിയില്‍നിന്നും പിരിയാന്‍ ആലോചിക്കുന്നു, ഗോപാല്‍’’, ഒരു വൈകുന്നേരം അദ്ദേഹം പറഞ്ഞു. പറയുകയല്ല, തന്റെ ഗൂഢഭാഷയില്‍ എനിക്കൊരു സന്ദേശം അയക്കുകയായിരുന്നു. ആ വാക്കുകള്‍ വായിച്ച് ഞാന്‍ അമ്പരന്നു. അദ്ദേഹം വലിയ ജോലിയില്‍നിന്നു വിരമിക്കുന്നു. ധനികനാണ്. പെന്ഷന് കിട്ടും. എന്റെ കാര്യമോ? എന്റെ പേരുപോലും ഇവിടത്തെ രേഖകളിലെവിടെയുമില്ല. എനിക്കു കിട്ടുന്ന ശമ്പളംപോലും സൈന്യത്തിന്റെ ഓഡിറ്റ് ആവശ്യമില്ലാത്ത രഹസ്യ കണക്കുകളില്‍നിന്നും ലഭ്യമാക്കുന്നതാണ്. എനിക്ക് മറുപടി അയക്കാന്‍ കഴിഞ്ഞില്ല. അടുത്ത സന്ദേശം വന്നു: ‘‘ഞാനില്ലാതെ നിങ്ങള്‍ക്കും ഇവിടെ ജോലിയുണ്ടാവില്ല.’’ അതിനും മൗനംതന്നെയായിരുന്നു എന്റെ മറുപടി. കുറച്ചു കഴിഞ്ഞപ്പോള്‍ അദ്ദേഹം നേരിട്ട് എന്റെയടുത്തേക്കു വന്നു. ‘‘ഗോപാല്‍, എന്റെ കൂടെ പോരുകയല്ലേ? ഒന്നും പേടിക്കേണ്ട. ഇപ്പോള്‍ നിങ്ങള്‍ക്കു കിട്ടുന്നതെല്ലാം ഞാന്‍ സംരക്ഷിക്കും.’’
‘‘പക്ഷേ, ഞാനെന്തു പണിയെടുക്കും സര്?’’
‘‘ഇപ്പോള്‍ ചെയ്യുന്നതു തന്നെ, കോഡുകള്‍...’’, അദ്ദേഹം നിസ്സാരമായി പറഞ്ഞു, ‘‘പക്ഷേ, നമ്മള് മണ്മറഞ്ഞുപോയ മനുഷ്യരോടു സംസാരിക്കാന്‍ പോകുന്നു.’’
കേണല്‍ സന്താനം സ്വയം വിരമിച്ചശേഷം സ്വന്തം നാട്ടിലേക്കാണ് ആദ്യം പോയത്. അദ്ദേഹത്തിന്റെ അച്ഛന് മരിച്ചുപോയിരുന്നു. പക്ഷേ, മുത്തച്ഛന് അപ്പോഴുമുണ്ട്. ഏതാണ്ടു നൂറുവയസ്സു പ്രായം ചെന്ന ഒരു ജ്ഞാനവൃദ്ധന്‍. തന്റെ പുതിയ പദ്ധതികളെക്കുറിച്ച് സന്താനം മുത്തച്ഛനോടു പറഞ്ഞു. അദ്ദേഹം തന്റെ പ്രപിതാമഹരില്നിന്നും കൈമാറിക്കിട്ടിയ ചില സംഘകാല തമിഴ് രചനകളുടെ താളിയോലകള്‍ എടുത്തുകൊടുത്തിട്ടു പറഞ്ഞു: ‘‘നിനക്കു പ്രയോജനപ്പെട്ടേക്കും. ഇതിലെ ചില ഓലകളില്‍ വിചിത്രമായ ചില ലിപികള്‍ ഉണ്ട്. എനിക്കവ വായിക്കാനേ കഴിഞ്ഞിട്ടില്ല. ഒരുപക്ഷേ, നീ വിചാരിച്ചാല്‍ അതു സാധിക്കും. അതു മാത്രമല്ല, നീയിപ്പോള്‍ ചില ഗുഹാചിത്രങ്ങളെക്കുറിച്ചു പറഞ്ഞില്ലേ? അത്തരം കാര്യങ്ങളില്‍ താൽപര്യമുള്ള ഒരു സുഹൃത്ത് എനിക്കുണ്ടായിരുന്നു. ഒരു രമാകാന്ത ശാസ്ത്രികള്‍. അദ്ദേഹം കുറച്ചുകാലം മുമ്പു മരിച്ചുപോയി. ശാസ്ത്രികള്‍ തമിഴില്‍ ചില ഗ്രന്ഥങ്ങള്‍ എഴുതിയിട്ടുണ്ട്. മദ്രാസിലെ കണ്ണിമാറ ലൈബ്രറിയില്‍ തിരക്കിയാല്‍ കിട്ടും.’’ ലൈബ്രറിയിലെ ചില ജീവനക്കാരുടെ ഫോണ്‍ നമ്പറുകളും വിവരങ്ങളും മുത്തച്ഛന് കൈമാറി.
രമാകാന്ത ശാസ്ത്രികളുടെ ഗ്രന്ഥത്തില്‍ ബ്രാഹ്മി ലിപികളെക്കുറിച്ചുള്ള ചില പരാമര്‍ശങ്ങളുണ്ടായിരുന്നു. അക്കാലത്ത് പണ്ഡിതര്ക്കിടയിലുണ്ടായിരുന്ന ഒരു തര്‍ക്കവിഷയം, ബ്രാഹ്മി ലിപികള്‍ തമിഴ് തന്നെയാണോ എന്നതായിരുന്നു. സന്താനം തഞ്ചാവൂരിലെയും സമീപപ്രദേശങ്ങളിലെയും ഗുഹകള്‍ സന്ദര്‍ശിക്കാന്‍ തീരുമാനിച്ചു. മാസങ്ങളോളം അദ്ദേഹം അതിനുവേണ്ടി ചെലവഴിച്ചു. ചിലപ്പോള്‍ കാമറയില്‍ അവയെല്ലാം പകര്‍ത്തി. അല്ലെങ്കില്‍ വരച്ചെടുത്തു.
ഞങ്ങളിരുവരും ദില്ലിയിലേക്കു മാറി. ആര്‍ക്കൈവ്സില്‍ പ്രവര്‍ത്തിക്കാനുള്ള സൗകര്യത്തിനു വേണ്ടിയായിരുന്നു അത്. അദ്ദേഹം പഴയ ദില്ലിയില്‍ കുറച്ചു പുരാതനമായ വലിയൊരു വീട് വാങ്ങിച്ചു. മുമ്പ് ഏതോ ഒരു ബ്രിട്ടീഷ് സൈനികോദ്യോഗസ്ഥന് താമസിച്ചിരുന്ന, ആളുകള്‍ പേടിപ്പെടുത്തുന്ന ചില കഥകള്‍ പറഞ്ഞുകൊണ്ടിരുന്ന ഒരു ബംഗ്ലാവ്. അടുത്തുതന്നെ അദ്ദേഹത്തിന്റെ ഒരു ബന്ധുവിന്റെ ഒരൊഴിഞ്ഞ ഫ്ലാറ്റുണ്ടായിരുന്നു. അവിടേക്ക് ഞാനെന്റെ കുടുംബത്തെ മാറ്റിപ്പാര്‍പ്പിച്ചു. ആയിടക്ക് മിക്കവാറും ഞങ്ങള്‍ തമിഴ്നാട്ടിലാണ് പ്രവര്‍ത്തിച്ചുകൊണ്ടിരുന്നത്. നാലോ അഞ്ചോ മാസങ്ങള്‍ കൂടുമ്പോള്‍ മാത്രമാണ് ദില്ലിയിലേക്കു പോയികൊണ്ടിരിക്കുന്നത്.
രണ്ടു വര്‍ഷത്തെ നിരന്തര പരിശ്രമത്തിനു ശേഷം അദ്ദേഹം വളരെ പ്രശസ്തമായ ഒരു ജേണലില്‍ ഒരു ഗവേഷണപ്രബന്ധം എഴുതി. സംഘകാലത്തെ ചേരലിഖിതങ്ങള് എന്നായിരുന്നു അതിന്റെ ശീര്‍ഷകം. പണ്ഡിതലോകം അമ്പരപ്പു നിറഞ്ഞ ആഹ്ലാദത്തോടെയാണ് ആ പ്രബന്ധത്തെ വരവേറ്റത്. സംഘകാലത്തെ ഒരു ലിഖിതത്തെക്കുറിച്ചും അന്ന് ആര്‍ക്കും അറിവുണ്ടായിരുന്നില്ല. അക്കാലത്തെ വിനിമയത്തെക്കുറിച്ചുള്ള ഏതാണ്ട് കൃത്യമായ നിരീക്ഷണങ്ങളായിരുന്നു അവ. സന്താനം ആ ലിപികളെ വായിച്ചു എന്നു മനസ്സിലാക്കാം.
അതിനോടു ബന്ധപ്പെട്ട ചര്‍ച്ചകള്‍ പല ജേണലുകളിലും പ്രത്യക്ഷപ്പെടാന്‍ തുടങ്ങി. ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ദേശീയ, വിദേശീയ വിദഗ്ധരെല്ലാം അദ്ദേഹത്തെ അന്വേഷിച്ചു മദ്രാസില്‍ വരുമായിരുന്നു. ആയിടക്കു ബ്രസ്സല്‍സില്‍ നടന്ന ഒരു അന്താരാഷ്ട്ര സമ്മേളനത്തില്‍ സന്താനം ഒരു പ്രത്യേക ക്ഷണിതാവായി വിളിക്കപ്പെട്ടു. ‘ദക്ഷിണേന്ത്യയിലെ ഗുഹാലിഖിതങ്ങളുടെ വായന’ എന്നായിരുന്നു അദ്ദേഹം അവിടെ അവതരിപ്പിച്ച പ്രബന്ധത്തിന്റെ ശീര്‍ഷകം. അത്തരം സെമിനാറുകള്‍ ഇന്ത്യയിലും ചിലയിടങ്ങളില്‍ നടക്കുകയുണ്ടായി. വലിയ ചര്‍ച്ചകള്‍ക്കു തുടക്കമിട്ട ഒരു പ്രബന്ധമായിരുന്നു അത്.
അതിനു മുന്നേത്തന്നെ ഈ മേഖലയില്‍ പ്രധാനപ്പെട്ട ചില പഠനങ്ങള്‍ നടന്നിരുന്നു. അമച്വര്‍ ഗവേഷകനായിരുന്ന മഹാലിംഗം എന്നൊരാളുടെ ചില നിഗമനങ്ങള്‍ അക്കാര്യത്തില്‍ സന്താനം സാറിനു വഴികാട്ടി. ഒടുവില്‍, ബ്രാഹ്മി ലിപി തമിഴ്ലിപികളുടെ വകഭേദമാണെന്നു തെളിയിക്കാന്‍ അദ്ദേഹത്തിനായി. ഏതായാലും അത്തരം നിഗമനങ്ങളെല്ലാം ചേര്‍ത്ത് സന്താനം ഒരു പുസ്തകത്തിനുവേണ്ടുന്നത്രയും വിവരങ്ങള്‍ എഴുതിയുണ്ടാക്കി.
ആയിടക്ക് സൈന്ധവനാഗരികതയുമായി ബന്ധപ്പെട്ട ചില പ്രധാനപ്പെട്ട ഉദ്ഖനനങ്ങള്‍ നടന്നിരുന്നു. ഇന്ത്യയിലും പാകിസ്ഥാനിലുമായി പുതിയ പുതിയ പ്രദേശങ്ങള്‍ വീണ്ടെടുക്കപ്പെട്ടു. ഒട്ടനേകം ഫലകങ്ങള്‍, ചിത്രങ്ങള്‍, പാത്രങ്ങളിലും ചുടുകട്ടകളിലുമൊക്കെയായി വരച്ചുവെച്ച രേഖാചിത്രങ്ങള്‍... ദ്രാവിഡ സംസ്കൃതിയുമായുള്ള സൈന്ധവതട സംസ്കാരത്തിന്റെ ബന്ധം സൂചിപ്പിക്കപ്പെടുന്ന ചില ലേഖനങ്ങള്‍ പ്രസിദ്ധീകരണങ്ങളില്‍ വന്നു. സന്താനത്തിന്റെ ശ്രദ്ധ ആ മേഖലയിലേക്കു തിരിയുന്നത് അങ്ങനെയാണ്. ഞങ്ങള്‍ ദില്ലിയിലേക്കു തിരിച്ചുപോന്നു. അദ്ദേഹം യൂനിവേഴ്സിറ്റിയില്‍ ഗവേഷണത്തിനു ചേര്‍ന്നു.
ആയിടെ, ദില്ലിയിലെ കേന്ദ്ര സെക്രട്ടേറിയറ്റ് ലൈബ്രറിയില്‍നിന്ന് അദ്ദേഹത്തിന് ഇംഗ്ലീഷ് ഗവേഷകനായിരുന്ന ഹണ്ടറുടെ ഒരു പുസ്തകം കിട്ടി. അതൊരു അപൂര്‍വ ഗ്രന്ഥമായിരുന്നു. അദ്ദേഹം ഓക്സ്ഫോഡില്‍ സമര്‍പ്പിച്ച ഡോക്ടറല്‍ പ്രബന്ധം. സ്വാതന്ത്ര്യത്തിനു മുന്നേ ഇന്ത്യയിലെ വിദ്യാഭ്യാസ വകുപ്പില്‍ ജോലിചെയ്തിരുന്ന ഹണ്ടര്‍ സൈന്ധവലിപികളെ മറ്റു സംസ്കൃതികളുടെ എഴുത്തുമായി താരതമ്യംചെയ്തു പഠിച്ചിരുന്നു. സന്താനത്തിന് സഞ്ചരിക്കാന്‍ ഒരു വാഹനം ലഭിച്ചതുപോലായി. ഇനി യാത്ര ചെയ്യുകയേ വേണ്ടൂ.
ദില്ലിയില്‍ സ്ഥിരമായപ്പോള്‍ വേറൊരു ഗുണംകൂടിയുണ്ടായി. അന്ന് അദ്ദേഹത്തിന്റെ മകള്‍ ദില്ലി സര്‍വകലാശാലയില്‍ ചരിത്രത്തില്‍ ബിരുദപഠനത്തിന് ചേര്‍ന്നിരുന്നു. വൈഗ എന്നായിരുന്നു അവളുടെ പേര്. അദ്ദേഹത്തിന്റെ നാട്ടിലെ നദിയുടെ പേരാണത്. വിവാഹത്തിനുശേഷം പത്തുവര്‍ഷമെങ്കിലും കഴിഞ്ഞാണ് സാറിനു കുഞ്ഞുണ്ടായത്. മകള്‍ അദ്ദേഹത്തിനു ജീവനായിരുന്നു. അദ്ദേഹം അവളെ എവിടേക്കും കൂട്ടി. സന്താനത്തിന്റെ എല്ലാ കഴിവുകളും താൽപര്യങ്ങളും സമ്മേളിച്ചിട്ടുള്ള മിടുക്കിയായ പെണ്‍കുട്ടിയായിരുന്നു വൈഗ. ഇന്ത്യന്‍ ഭാഷകള്‍ക്കു പുറമേ അവള്‍ക്കു നല്ലപോലെ ജർമനും ഭേദപ്പെട്ട രീതിയില്‍ ഗ്രീക്കും അറിയാമായിരുന്നു. അത് ഇത്തരം ഗവേഷണങ്ങള്‍ക്കു കൂടുതല്‍ ഗുണംചെയ്യും എന്നു പറയേണ്ടതില്ലല്ലോ. വലുതായപ്പോള്‍ ഗവേഷണയാത്രകളില്‍ ചിലപ്പോഴൊക്കെ അവളും കൂട്ടുകാരും ഞങ്ങള്‍ക്കൊപ്പം കൂട്ടുവന്നു. രാജസ്ഥാനില്‍, ഗുജറാത്തില്‍, പഞ്ചാബില്‍ ഇങ്ങനെയുള്ള അതിര്‍ത്തിപ്രദേശങ്ങളിലെല്ലാം സന്താനം ദിവസങ്ങളോളം തമ്പടിച്ചു.
നഗരത്തില്‍ തിരിച്ചുവന്ന് ആര്‍ക്കിയോളജിക്കല്‍ സര്‍വേക്കാരുടെ സഹായത്തോടെ അദ്ദേഹം സൈന്ധവസീലുകളുടെ ഒറിജിനലുകള്‍ പരിശോധിച്ചു. സൈന്യത്തില്‍ അദ്ദേഹത്തിനുണ്ടായിരുന്ന സ്വാധീനം ഇവിടേയും തുണച്ചു. തന്നെയുമല്ല, രണ്ടുവര്‍ഷം നീളുന്ന ഗവേഷണ സ്കോളര്‍ഷിപ്പ് അദ്ദേഹത്തിനു കിട്ടി.
അക്കാലത്താണ് മുമ്പ് ജോര്‍ജ് കുരുവിള എന്നൊരു പഴയ നാവികന് അമേരിക്കയില്‍നിന്നും ഒരു കമ്പ്യൂട്ടര്‍ കൊണ്ടുവരുന്നത്. ഐ.ബി.എം 1620 എന്ന കമ്പ്യൂട്ടറായിരുന്നു അത്. അയാള്‍ നാവികസേനയില്‍നിന്നും നേരത്തേ പിരിഞ്ഞ് വിദേശ മര്‍ച്ചന്റ് കപ്പലുകളില്‍ ജോലി ചെയ്തിരുന്നു. അക്കാലത്ത് കമ്പ്യൂട്ടറുകള്‍ വളരെ അപൂര്‍വമായിരുന്നല്ലോ. ഞങ്ങള്‍ രണ്ടുപേരും ആദ്യമായി കമ്പ്യൂട്ടര്‍ എന്ന വസ്തു കാണുന്നത് ഈ കുരുവിളയുടെ വീട്ടില്‍ വെച്ചാണ്. ഇന്നത്തെ ഏറ്റവും മോശം മൊബൈല്‍ ഫോണിന്റെ അത്രപോലും സാധ്യതയില്ലാത്തവയായിരുന്നു അക്കാലത്തെ കമ്പ്യൂട്ടറുകള്‍. മോണിട്ടര്‍ ഇല്ലാത്ത കമ്പ്യൂട്ടര്‍! ഡേറ്റ പഞ്ചു കാര്‍ഡുകള്‍ വഴിക്കാണ് ഇന്‍പുട്ട് കൊടുക്കേണ്ടത്. കുറേ സമയമെടുത്ത് പ്രോസസ് ചെയ്തു കിട്ടുന്ന റിസൽട്ടും പഞ്ച് കാര്‍ഡുകള്‍ മുഖാന്തരമാണ് കിട്ടുക. എന്നാലും അക്കാലത്ത് അതൊരു വലിയ സഹായമായിരുന്നു. അതുപയോഗിച്ചുള്ള ഒരു പ്രബന്ധം സന്താനം ബോംബെയിലെ ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റല്‍ റിസര്‍ച്ചില്‍ അവതരിപ്പിച്ചു.
അന്നത്തെ അവിടത്തെ മേലധികാരി ഈ പഠനങ്ങളോടു താൽപര്യമുള്ളയാളായിരുന്നു. ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ടിലാണ് ഇന്ത്യയില്‍ മികച്ച കമ്പ്യൂട്ടറുകളുള്ളത്. അവയെ ഉപയോഗിക്കാന്‍ അദ്ദേഹം അന്നുതന്നെ അനുവാദം തന്നു. ഒരു ഓഫീസ് മുറിയും താമസസ്ഥലവും ഏര്‍പ്പാടാക്കി. ഇങ്ങനെ ഗവേഷണവും പഠനവും കമ്പ്യൂട്ടറുകളുടെ സഹായത്തോടെയുള്ള വിശകലനവും മുറയ്ക്കു നടന്നു. ഒടുവില്‍ പുസ്തകത്തിന്റെ രണ്ടാം ഭാഗം തയാറായി. ഇനി അത് അച്ചടിക്കണം. പക്ഷേ, ഫോണ്ടുകള്ക്കായുള്ള അച്ചുകള്‍ അക്കാലത്ത് ലഭ്യമായിരുന്നില്ല. ഒരു വര്‍ഷം അങ്ങനെ അതു മുടങ്ങിപ്പോയി. ഭാഗ്യത്തിന് അടുത്ത വര്‍ഷം ടാറ്റക്കാര്‍ പുതിയ മെഷീനുകള്‍ ഇറക്കുമതി ചെയ്തു. അവയില്‍ ഫോട്ടോസെറ്റിങ്ങിനുള്ള മാര്‍ഗങ്ങളുണ്ടായിരുന്നു. ആര്‍ക്കിയോളജി വകുപ്പാണ് ആ പുസ്തകം പ്രസിദ്ധീകരിച്ചത്. ഏതാനും കോപ്പികള്‍ മാത്രം. അവ തന്നെ വിൽക്കപ്പെടാതെ പൊടിപിടിച്ചു കിടന്നു. ഇത്തരം കാര്യങ്ങളില്‍ താൽപര്യമുള്ളവര് അക്കാലത്ത് കുറവായിരുന്നു.
ആ ഗവേഷണങ്ങള്‍ക്കു തുടര്ച്ചയുണ്ടാകുമായിരുന്നു. അദ്ദേഹത്തെപ്പോലെയൊരാള്‍ അതില്‍ പ്രവര്‍ത്തിച്ചാല്‍ ഏതാനും വര്‍ഷങ്ങള്‍കൊണ്ട് വലിയ മുന്നേറ്റം നടത്താനാവുമെന്നുള്ളതില് എനിക്കൊരു സംശയവുമുണ്ടായിരുന്നില്ല. അതിനിടയില്‍ അദ്ദേഹത്തിന്റെ മകള്‍ വലിയൊരു സ്കോളര്‍ഷിപ്പ് കിട്ടി സ്റ്റാന്‍ഫോഡില്‍ പഠിക്കാന്‍ പോയി. അവളുടെ പഠനമേഖലയും ഇത്തരം ലിപികളും താരതമ്യപഠനങ്ങളുമായിരുന്നു. വൈഗ ഒരവധിക്ക് നാട്ടില്‍ വന്ന കാലത്താണ് രാജസ്ഥാനില്‍ മരുഭൂമിയോടടുത്ത പ്രദേശങ്ങളില്‍ ഒരു വലിയ സൈറ്റ് വീണ്ടെടുക്കപ്പെടുന്നത്. അവിടത്തെ പുരാവസ്തു ഗവേഷകര്‍ സന്താനത്തെ ആ പ്രദേശത്തേക്കു കൂട്ടിക്കൊണ്ടുപോയി. ഞാനും വൈഗയും അവരെ അനുഗമിച്ചു. ഏതാനും മണിക്കൂറുകള്‍ അവിടെ ചെലവഴിച്ചപ്പോള്ത്തന്നെ അതൊരു നിധിയാണെന്ന് സന്താനം അവരോടു പറഞ്ഞു. മണ്‍പാത്രങ്ങളുടെയും ഭരണികളുടെയും സമൃദ്ധമായ ശേഖരം, താമ്രഫലകങ്ങള്, സങ്കരലോഹങ്ങളില് നിർമിച്ച നര്‍ത്തകരുടെ ചെറിയ പ്രതിമകള്‍, അനേകായിരം മുദ്രകള്‍, ആഭരണങ്ങളും നാണയങ്ങളും, കാതിലകള്‍, വളര്‍ത്തുമൃഗങ്ങളെ പൂട്ടിയ വാഹനമാതൃകകള്‍... ഞങ്ങള്‍ അടുത്തുള്ള പട്ടണത്തില്‍ താമസിച്ച് നിത്യവും ആ പ്രദേശത്തേക്കു യാത്രചെയ്തു.
ഗവേഷകര്‍ കുഴിച്ചുനിര്ത്തിയ ആഴംകൂടിയ ഒരു കിണറിന്റെ മുകള്‍വശത്തായി വലിയ പാറക്കെട്ടുകളുണ്ടായിരുന്നു. കിണറിന്റെ വശത്തുനിന്നും ആരംഭിക്കുന്ന ഒരു വലിയ ഗുഹയുടെ കവാടം. അതിന്റെ മുകളില്‍ ചെങ്കല്ലില്‍ ഏതോ ചിഹ്നങ്ങള്‍ കൊത്തിവെച്ചിരിക്കുന്നത് കാണാമായിരുന്നു. അതു വലുപ്പമുള്ളതാണ്. കുറച്ചു സൂക്ഷിച്ചുനോക്കിയാല്‍ വായിക്കാം. പക്ഷേ, സന്താനത്തിന് അത്രയും സൂക്ഷ്മമായ കാഴ്ചശേഷിയില്ലായിരുന്നു.
‘‘അപ്പ ഒന്നു മാറിനിൽക്കൂ, ഞാന്‍ നോക്കട്ടെ’’, മകള്‍ പറഞ്ഞു. അവള് ചെറിയൊരു പെണ്‍കുട്ടിയായിരുന്നു. ആ പാറക്കെട്ടിലേക്ക് എളുപ്പം നുഴഞ്ഞുകയറി കൂടുതല്‍ അടുത്തുചെന്നു വായിക്കാന്‍ അവള്‍ക്കു സാധിക്കുമെന്നു തോന്നി. അവള് അപ്രകാരം ചെയ്യുകയുംചെയ്തു. ഇക്കാര്യങ്ങളില്‍ സന്താനത്തേക്കാള്‍ താൽപര്യം പ്രകടിപ്പിച്ചിരുന്ന ആരെങ്കിലുമുണ്ടെങ്കില്‍ അത് ആ കുട്ടിയായിരുന്നു.
അടുത്തേക്കു കുനിഞ്ഞശേഷം വൈഗ എന്നോടു വിളിച്ചു പറഞ്ഞു, ‘‘അങ്കിള്‍, ഇതെഴുതിവെക്കൂ. മഹാ...അതേ, മഹാ കാല... പിന്നെ മീനുകളുടെ ചിഹ്നം, ചക്രം... അതേ, ആറായി വിഭജിച്ച ചക്രം...’’ ആ വാക്കുകള്‍ ഇപ്പോഴും എന്റെ ചെവിയില്‍ മുഴങ്ങുന്നുണ്ട്. ഞാന്‍ നോട്ട് ബുക്കില്‍ പെന്‍സില്‍കൊണ്ട് അവള് പറയുന്നത് അടയാളപ്പെടുത്തി. അടുത്തതു വായിക്കാനായി വൈഗ കുറച്ചുകൂടി ഉയരത്തിലേക്കു കയറി...
അപ്പോള്‍ ആ പാറകള്‍ നിൽക്കുന്നിടത്തെ മണ്ണ് ഊര്‍ന്നുപോയി, ശിലകള്‍ക്കിടയില്‍ വിള്ളലുണ്ടായി. ആ പെണ്‍കുട്ടി അഗാധമായ ഒരു ഗര്‍ത്തത്തിലേക്കു നിപതിച്ചു. ഞാന്‍ എഴുതുകയായിരുന്നതുകൊണ്ട് അവള് വീണുപോകുന്നതു കണ്ടില്ല. സന്താനം സാര്‍ അതു കണ്ടുനിൽക്കുകയായിരുന്നു. അത്രയും ആഴമുള്ള കിണറാണ്. വലിയ സന്നാഹങ്ങളോടു കൂടിയേ അതിനുള്ളിലേക്ക് ഇറങ്ങാന്‍പോലും കഴിയൂ. ഒരു വലിയ നിലവിളി കേട്ടു, പിന്നെ ഏതെല്ലാമോ തകര്‍ന്നുവീഴുന്ന ശബ്ദം. ആളുകള്‍ ഓടിക്കൂടി. അവര്‍ക്കു നടുവില്‍ ബോധരഹിതനായി അദ്ദേഹം വീണു കിടന്നു. ആ പെണ്‍കുട്ടിയുടെ മരണം എല്ലാവര്ക്കും വലിയ ആഘാതമായിരുന്നു. അദ്ദേഹം അതിന്റെ നടുക്കത്തില്‍നിന്ന് ഒരിക്കലും പുറത്തുവന്നില്ല. കണ്മുന്നിൽവെച്ച് അത്രയും പ്രിയപ്പെട്ട ഒരാള്‍ പ്രാചീനമായൊരു ലോകത്തിലേക്കെന്നപോലെ ആഴ്ന്നാഴ്ന്നുപോവുക... ആ ദുരന്തം അദ്ദേഹത്തെ കീഴ്മേല്‍ മറിച്ചു.
അത്രയും പ്രതിഭാശാലിയായിരുന്നു അവള്. ഈ ചെറുപ്പത്തില്‍ത്തന്നെ വലിയ പ്രസിദ്ധീകരണങ്ങളില്‍ അതീവഗൗരവമുള്ള പ്രബന്ധങ്ങള്‍ പ്രസിദ്ധീകരിച്ചയാള്‍. പല രാജ്യാന്തര സെമിനാറുകളിലും വിദ്യാർഥികളുടെ ഭാഗത്തുനിന്നും സംസാരിക്കാനായി ക്ഷണം ലഭിച്ചയാള്‍. അദ്ദേഹത്തെപ്പോലെത്തന്നെ, സ്നേഹസമ്പന്നയായ ഒരു മകള്‍... ആ മരണത്തിനു ശേഷവും അദ്ദേഹം ശേഖരിച്ച ഗൂഢലിപികളില്ത്തന്നെ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നു. അതൊരു നിഗൂഢലോകത്തിലുള്ള ഏകാന്തജീവിതമായിരുന്നു. പുറത്തിറങ്ങാതെ, ആരോടും സംസാരിക്കാതെ... ഞങ്ങള്‍ തമ്മില്‍ വിനിമയം ഉണ്ടായിരുന്നു... പക്ഷേ, വിചിത്രമായ ഒരു വിനിമയം. വളരെ അടുത്തു താമസിക്കുന്നവരായിരുന്നിട്ടും അദ്ദേഹം എനിക്കു ദീര്‍ഘമായ കത്തുകള്‍ എഴുതുമായിരുന്നു. മുടി വെട്ടാതെ, താടി നീട്ടിവളര്‍ത്തി ഒരു താപസനെപ്പോലെയായി അദ്ദേഹത്തിന്റെ രൂപം. നേരിട്ടുകണ്ടാല്‍ ഒന്നും സംസാരിക്കുകയില്ല. എഴുത്തുകളിലാവട്ടെ, പലപ്പോഴും പരസ്പരബന്ധമില്ലാത്ത വിഷയങ്ങള്‍. എന്നിട്ടും പണ്ഡിതോചിതമായ നിലപാടുകള്‍.
പിന്നെപ്പിന്നെ എഴുതുന്നതില്‍ കുറേയൊക്കെ ആ ചിഹ്നഭാഷയിലായി. വളരെ ബുദ്ധിമുട്ടി എനിക്കവ വായിക്കാന്‍ സാധിച്ചിരുന്നു. ഓർമകള്‍ നഷ്ടപ്പെട്ടുപോയ ഒരാളുടെ ആത്മഭാഷണംപോലെ എന്തൊക്കെയോ എഴുത്തുകള്‍... ഒടുവിലൊടുവില്‍ ആ ഭാഷയില്‍ മാത്രമായി എഴുത്ത്. പല ഭാഗങ്ങളും എനിക്കു വായിച്ചു മനസ്സിലാക്കാന്‍ സാധിച്ചില്ല. അദ്ദേഹം അതിനോടു സമാനമായ ചില ഭാഷകളും അവയുടെ ലിപികളും സ്വയം സൃഷ്ടിക്കുകയായിരുന്നുവെന്നു തോന്നി. അതീവഗൂഢമായിരുന്നു അവയുടെ കോഡിങ്. ഞാന്‍ പാതി മാത്രം വായിച്ച് മനസ്സിലാക്കാന്‍ ഒരു ഗതിയുമില്ലാതെ വിഷമിച്ചു നിന്നു. വീട്ടിലേക്കു ചെല്ലുമ്പോള്‍ അദ്ദേഹം എന്നെ തിരിച്ചറിഞ്ഞില്ല. കത്തയച്ചാല്‍ മറുപടി കിട്ടും. പക്ഷേ, മറുപടി ഈ പ്രച്ഛന്നഭാഷയിലാവുകയും ചെയ്യും. ഒടുവില്‍ കത്തുകളും വരാറില്ലാതായി. ഞാന്‍ അന്വേഷിച്ചു ചെന്നു. അദ്ദേഹത്തിന്റെ ഭാര്യ പറഞ്ഞു: ‘‘ഗോപാലിന് അദ്ദേഹം എന്നും എഴുതുന്നുണ്ട്. ഗോപാലിനു മാത്രം.’’
‘‘പക്ഷേ, എനിക്കു കിട്ടുന്നില്ലല്ലോ.’’
അപ്പോള്‍ അവര്‍ തലേരാത്രി അദ്ദേഹം എഴുതിവെച്ച ഒരു കത്ത് എടുത്ത് എനിക്കു തന്നു. തപാല്‍പ്പെട്ടിയില്‍ നിക്ഷേപിക്കാനായി വെച്ചിരുന്ന എനിക്കുള്ള എഴുത്ത്... ചിഹ്നഭാഷയില്‍ കുനുകുനു വാക്കുകളില്‍ എഴുതിയ ഒരു ഇന്‍ലന്റ് ആയിരുന്നു അത്. തിരിച്ചും മറിച്ചും ഞാന്‍ പരിശോധിച്ചു. –അപ്പോള്‍ ആ കത്തുകള്‍ കിട്ടാത്തതിന്റെ കാരണം എനിക്കു പിടികിട്ടി. അദ്ദേഹം കത്തു കിട്ടാനുള്ള ആളുടെ മേല്‍വിലാസവും ആ നിഗൂഢഭാഷയില്‍ എഴുതാന്‍ തുടങ്ങിയിരിക്കുന്നു! സന്താനത്തിന്റെ മരണവും ദാരുണമായിരുന്നു. അതൊരു ഓർമത്തെറ്റാണോ ആത്മഹത്യയാണോ എന്ന് ആര്‍ക്കും മനസ്സിലായില്ല. രക്തസമ്മർദത്തിനുള്ള ഗുളികകള്‍ ഒരുപാടെണ്ണം ഒരുമിച്ചു വിഴുങ്ങിയതുകൊണ്ടാണ് മരണം സംഭവിച്ചത് എന്നു മാത്രം പോസ്റ്റ്മോര്‍ട്ടം രേഖകളില്‍ കണ്ടു.
മരണക്കിടക്കയില്‍ ഒരു കുറിപ്പെഴുതിവെച്ചിരുന്നു. അദ്ദേഹത്തിന്റെ അനേകം സുഹൃത്തുക്കളും ലോകമെമ്പാടുമുള്ള ചിഹ്നവിദഗ്ധരുമൊക്കെ കുറേ പണിപ്പെട്ടതാണ്. അവര്‍ പൊതുവേ സമ്മതിച്ച ഒരു കാര്യം ഇതായിരുന്നു: അതു സൈന്ധവലിപികളില്നിന്നു മാത്രം എടുത്ത ചിഹ്നങ്ങളാണ്. പക്ഷേ, സൈന്ധവലിപികള്‍ കൃത്യമായി വായിക്കപ്പെട്ടിട്ടില്ലല്ലോ. അദ്ദേഹത്തോടൊപ്പം എത്രയോ കാലം അടുത്തു പ്രവര്‍ത്തിച്ചിരുന്ന ഒരു ശിഷ്യന് എന്ന നിലയില്‍ ഞാന്‍ വിശ്വസിക്കുന്നു: സന്താനം സൈന്ധവലിപികള്‍ വായിച്ചിട്ടുണ്ടാവണം. അദ്ദേഹത്തിന് ആ കാലത്തിന്റെ ഭാഷ പിടികിട്ടിയിട്ടുണ്ടാവും. അല്ലെങ്കില്‍ ആ ചിഹ്നങ്ങള്‍ മാത്രമുപയോഗിച്ച് അദ്ദേഹം എഴുതുകയില്ലായിരുന്നു.–നമുക്കാര്‍ക്കും ആ ഭാഷയുടെ താക്കോലുകള്‍ കണ്ടെത്താനാവുന്നില്ലെന്നു മാത്രം.