Begin typing your search above and press return to search.
proflie-avatar
Login

തപോമയിയുടെ അച്ഛൻ

തപോമയിയുടെ അച്ഛൻ
cancel

അഞ്ചരയടി മാത്രം പൊക്കവും ആകാശത്തോളം പോന്ന നെഞ്ചൂക്കും കൈമുതലായിരുന്ന നെപ്പോളിയന്‍ ബോണപ്പാര്‍ട്ട് ലോകചരിത്രത്തെ മാറ്റിമറിച്ച ചക്രവര്‍ത്തിയായിരുന്നു. ഫ്രഞ്ച് വിപ്ലവത്തിന്‍റെ ഉൽപന്നമായിരുന്നു നെപ്പോളിയന്‍, പക്ഷേ അയാളാണ് വിപ്ലവത്തിന്‍റെ എല്ലാ ആദര്‍ശങ്ങളെയും തകിടംമറിച്ചതും. പക്ഷേ, യുദ്ധരംഗത്തു മാത്രമല്ല അദ്ദേഹത്തിന്‍റെ പടയോട്ടങ്ങള്‍ ചലനമുണ്ടാക്കിയിട്ടുള്ളത്. രാഷ്ട്രീയം, കല, സാഹിത്യം, ഭാഷ: ഗംഭീരമായ ആ സൈനികനീക്കങ്ങളില്‍ ഇളകിമറിയാത്ത വിഷയങ്ങളില്ല എന്നുതന്നെ പറയണം. അതിലൊന്നായിരുന്നു ഈജിപ്ഷ്യന്‍ പുരാലിഖിതങ്ങളുടെ വായന. 1799ല്‍ നെപ്പോളിയന്‍റെ പട ഈജിപ്തിലെത്തുന്നു. പടയാളികള്‍...

Your Subscription Supports Independent Journalism

View Plans

അഞ്ചരയടി മാത്രം പൊക്കവും ആകാശത്തോളം പോന്ന നെഞ്ചൂക്കും കൈമുതലായിരുന്ന നെപ്പോളിയന്‍ ബോണപ്പാര്‍ട്ട് ലോകചരിത്രത്തെ മാറ്റിമറിച്ച ചക്രവര്‍ത്തിയായിരുന്നു. ഫ്രഞ്ച് വിപ്ലവത്തിന്‍റെ ഉൽപന്നമായിരുന്നു നെപ്പോളിയന്‍, പക്ഷേ അയാളാണ് വിപ്ലവത്തിന്‍റെ എല്ലാ ആദര്‍ശങ്ങളെയും തകിടംമറിച്ചതും. പക്ഷേ, യുദ്ധരംഗത്തു മാത്രമല്ല അദ്ദേഹത്തിന്‍റെ പടയോട്ടങ്ങള്‍ ചലനമുണ്ടാക്കിയിട്ടുള്ളത്. രാഷ്ട്രീയം, കല, സാഹിത്യം, ഭാഷ: ഗംഭീരമായ ആ സൈനികനീക്കങ്ങളില്‍ ഇളകിമറിയാത്ത വിഷയങ്ങളില്ല എന്നുതന്നെ പറയണം. അതിലൊന്നായിരുന്നു ഈജിപ്ഷ്യന്‍ പുരാലിഖിതങ്ങളുടെ വായന.

1799ല്‍ നെപ്പോളിയന്‍റെ പട ഈജിപ്തിലെത്തുന്നു. പടയാളികള്‍ കണ്ടെത്തിയതാണ് റോസെറ്റാ സ്റ്റോണ്‍ എന്ന ഒരു മീറ്ററിലധികം നീളവും മുക്കാല്‍ മീറ്റര്‍ വീതിയുമുള്ള ഫലകം. ഫ്രഞ്ച് സേന എഴുനൂറ്റിയമ്പതു കിലോഗ്രാം ഭാരമുള്ള ആ ഫലകം അലക്സാൻഡ്രിയയിലേക്കു കൊണ്ടുപോകുന്നു. അധികം വൈകാതെ, ബ്രിട്ടീഷുകാര്‍ ഫ്രഞ്ച് സൈന്യത്തെ തോൽപിച്ചപ്പോള്‍ അത് ബ്രിട്ടീഷ് മ്യൂസിയത്തിലേക്കു മാറ്റപ്പെടുന്നു. റോസറ്റാ സ്റ്റോണിലെ മൂന്നു ലിഖിതങ്ങളിലൊന്ന് പുരാതനമായ ഹൈറോഗ്ലിഫിക്സിലായിരുന്നു.

ഹൈറോഗ്ലിഫിക്സ് പ്രാചീന ഈജ്പിഷ്യന്‍ ഭാഷയുടെ ലിപിയായിരുന്നു. ക്രിസ്തുമത വ്യാപനത്തോടുകൂടി ഈജിപ്ഷ്യന്‍ ലിപികള്‍ നിരോധിക്കപ്പെട്ടു. വിഗ്രഹാരാധകരുടെ ഭൂതകാലത്തെ മായ്ച്ചുകളയാനുള്ള ശ്രമം. കുറേക്കാലംകൂടി ഈജിപ്ഷ്യന്‍ ഭാഷ വാമൊഴിയായി തുടര്‍ന്നു. പിന്നീട് കോപ്റ്റിക് വന്നു. കോപ്റ്റിക് അറബിക്കു വഴിമാറി. പതിനേഴാം നൂറ്റാണ്ടില്‍, സിക്സറ്റസ് അഞ്ചാമന്‍ മാർപാപ്പ റോമന്‍ വീഥികളില്‍ അലങ്കാരത്തിനായി ഈജിപ്തില്‍നിന്നുള്ള ചില പുരാതന ഫലകങ്ങള്‍ കൊണ്ടുവന്ന് സ്ഥാപിച്ചപ്പോഴാണ് ആളുകള്‍ക്ക് ഹൈറോഗ്ലിഫിക്സ് വായിക്കാനുള്ള താൽപര്യം വീണ്ടും ഉണ്ടാവുന്നത്.

തപോമയിയുടെ കൈയില്‍നിന്നും ഞാന്‍ സ്കാന്‍ ചെയ്തു സൂക്ഷിച്ച രണ്ടാമത്തെ എഴുത്ത് വായിക്കാന്‍ കുറേ പരിശ്രമിച്ചിട്ടും എനിക്കു സാധിച്ചില്ല. അത് ഒരു പ്രാചീനലിഖിതമല്ലെന്നതു മാത്രമാണ് എനിക്കു മനസ്സിലായത്. വേണമെങ്കില്‍ ഒരു തോണിയുടേതെന്നു തോന്നിക്കാവുന്ന ചിഹ്നം അതിലുണ്ടായിരുന്നു. അതേസമയം നേരത്തേ കണ്ടു പരിചയമുള്ള എഴുത്തുകളോ മുദ്രകളോ ഒന്നുമായിട്ടും അതിനു സാദൃശ്യമില്ലായിരുന്നു. ഞാനത് മൊബൈലില്‍ത്തന്നെ സൂക്ഷിച്ചു. ‘കുട്ടികള്‍ ദൈവത്തിന്‍റേതാണ്’ പോലുള്ള ഒരു വരിയോ കവിതയോ ഒക്കെ ആവും ഇതും എന്നു തോന്നി.

ഡോക്ടര്‍ തപസ്സ് സര്‍ക്കാര്‍ ഇതെങ്ങനെ വായിക്കും എന്നറിഞ്ഞുകൂടാ. തീരെ പരിചയമില്ലാത്ത ഒരാള്‍ക്ക് മിക്കവാറും അസാധ്യമാണ് അത്തരം ചിഹ്നങ്ങളുടെ വായന. തന്നെയുമല്ല, അദ്ദേഹം നോക്കിക്കൊണ്ടിരിക്കുന്നത് കാര്‍ഡ് ഗെയിമുകളിലെ എളുപ്പവഴികളോ മറ്റോ ആണല്ലോ. അതിനൊന്നും ഒരു സാധ്യതയുമില്ല. ഗോപാല്‍ദാക്ക് ചീട്ടുകളിയില്‍ എന്തെങ്കിലും മാന്ത്രികത ഉണ്ടെന്ന് എനിക്കു തോന്നിയിട്ടേയില്ല. പദപ്രശ്നങ്ങളും നമ്പര്‍ ഗെയിമുകളുമൊക്കെ സ്ഥിരം പൂരിപ്പിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് സ്വാഭാവികമായും ലഭിക്കുന്ന മുന്‍തൂക്കം ഗോപാല്‍ദാ കളികളിലും ഉപയോഗിക്കുന്നു എന്നേ ഉണ്ടാവൂ.

ആദിമലിപികളാണെങ്കില്‍ അവ എളുപ്പം പിടിതരുന്നവയല്ല. മഹാബുദ്ധിമാന്മാരുടെ മേഖലയാണത്. ഹൈറോഗ്ലിഫിക്സിന്‍റെ വായനക്കു പിന്നില്‍ പ്രധാനമായും രണ്ട് വലിയ തലച്ചോറുകളുണ്ട്. ഒന്നാമത്തെയാള്‍ തോമസ് യങ് ആയിരുന്നു. ഫിസിക്സ് ക്ലാസുകളില്‍ പലപല മേഖലകളില്‍ നാം അദ്ദേഹത്തെ ഇപ്പോഴും പഠിക്കുന്നുണ്ട്. എന്നാല്‍, അദ്ദേഹം ഫിസിക്സില്‍ മാത്രമല്ല, ഭാഷയിലും വൈദ്യരംഗത്തും പ്രതിഭ തെളിയിച്ച ആളായിരുന്നു. രോഗനിര്‍ണയത്തിലും ശുശ്രൂഷയിലും അദ്ദേഹം വലിയ പരീക്ഷണങ്ങള്‍ നടത്തിയിട്ടുണ്ട്.

എന്നാലും രോഗത്തില്‍ മാത്രമായിരുന്നു അദ്ദേഹത്തിന്‍റെ ശ്രദ്ധ. ആ രോഗവും വഹിച്ചുവരുന്ന മനുഷ്യരെ യങ് അവഗണിച്ചു. രണ്ടു വയസ്സുള്ളപ്പോള്‍ ഒഴുക്കോടെ വായിക്കാന്‍ പഠിച്ച അസാമാന്യപ്രതിഭയായിരുന്നു യങ്. പത്തു പതിനാലു വയസ്സിനുള്ളില്‍ ഇറ്റാലിയനും ഹീബ്രുവും ഗ്രീക്കും കോപ്റ്റിക്കും ലത്തീനും ഫ്രഞ്ചും കാല്‍ദിയനും അറബിക്കും പേർഷ്യനുമടക്കം പത്തു പതിനഞ്ചു ഭാഷകളില്‍ അദ്ദേഹം പ്രവീണനായിത്തീര്‍ന്നു. ‘യങ് എന്ന പ്രതിഭാസം’ എന്നാണ് ആളുകള്‍ അദ്ദേഹത്തെ വിളിച്ചിരുന്നത്.

യങ് റോസറ്റാ സ്റ്റോണിനെക്കുറിച്ചു കേട്ട് അതു കാണാനായി പോകുന്നത് 1914ലാണ്. അദ്ദേഹം ആണ് റോസെറ്റാ സ്റ്റോണിലെ ടോളമി എന്നും ബേരേണിക്ക എന്നുമുള്ള പേരുകള്‍ വായിച്ചത്. പ്രധാനപ്പെട്ട ആളുകളുടെ പേരെല്ലാം വര്‍ത്തുളാകൃതിയിലുള്ള ഒരു രൂപക്കൂട്ടില്‍ എഴുതിവെക്കുന്ന സമ്പ്രദായം നിലനിന്നിരുന്നു. cartouche എന്നു പറയും ആ ആകൃതിക്ക്. ഈ പേരുകളുടെ വായന വലിയൊരു നാഴികക്കല്ലായിരുന്നു. പക്ഷേ, തോമസ് യങ് അതൊരു തമാശയായിട്ടാണ് എടുത്തത്, വൈകാതെ അദ്ദേഹം തന്‍റെ ശാസ്ത്രമേഖലയിലേക്കു തിരിച്ചുപോയി.

ഇക്കാലത്താണ് ഷാങ് ഫ്രാങ്സോ ഷാംപോളിയോ എന്ന ബുദ്ധിമാനായ ചെറുപ്പക്കാരന്‍ ഈ രംഗത്തേക്കു വരുന്നത്. അയാളും നിരവധി ഭാഷകളില്‍ പണ്ഡിതനായിരുന്നു. ഷാംപോളിയോ ഈജിപ്ഷ്യന്‍ കാര്‍ടൂഷേകളില്‍ അലക്സാണ്ടറെന്നും ക്ലിയോപാട്രയെന്നും വായിച്ചു. അതിനേക്കാള്‍ വലിയ മുന്നേറ്റം റാമെസസ് എന്ന ഫറവോയുടെ പേരു വായിച്ചതായിരുന്നു. അതിനുവേണ്ടി അയാള്‍ വായനയില്‍ സ്വരാക്ഷരങ്ങളെ ഒഴിവാക്കുകയാണ് ചെയ്തത്. ഈ വായന അയാളെ ആര്‍ക്കിമിഡീസിനെപ്പോലെ ഉന്മാദത്തോളമെത്തിച്ചു. ആ സമയത്ത് അയാള്‍ ബോധരഹിതനായി നിലത്തുവീണു എന്നാണ് പറയപ്പെടുന്നത്. പിന്നീട് 1828ല്‍ നീണ്ട പതിനെട്ടുമാസം ഈജിപ്തിലെമ്പാടും യാത്ര ചെയ്ത് ഷംപോളിയന്‍ പുരാലിഖിതങ്ങള്‍ മനസ്സിലാക്കുകയുണ്ടായി. പതിനാലു നൂറ്റാണ്ടുകള്‍ക്കു ശേഷമായിരുന്നു വീണ്ടും ആ ലിപികള്‍ പൂര്‍ണമായ അർഥത്തില്‍ വായിക്കപ്പെടുന്നത്.

നമ്മുടെ കാലത്തും നിരവധി മനുഷ്യര്‍ മുഖംതരാതെ നിൽക്കുന്ന കോഡുകളെ മെരുക്കിയെടുക്കാന്‍ പരിശ്രമിച്ചുകൊണ്ടിരിക്കുന്നു. അധികവും അന്തര്‍മുഖരായ മനുഷ്യര്‍, നിശ്ശബ്ദര്‍. അവരുടെ ലോകം വേറെയാണ്. രസകരമായ ഒരു കാര്യം, ഇക്കാലത്ത് കോഡു ചെയ്യപ്പെട്ട ആശയങ്ങള്‍ ഏറെയും സൃഷ്ടിക്കപ്പെടുന്നത് സൈന്യത്തിനോ പോലീസിനോ പദപ്രശ്നങ്ങള്‍ക്കോ അല്ല; പകരം പരീക്ഷകള്‍ക്കു വേണ്ടിയാണ് എന്നുള്ളതാണ്. അഭിജാതമായ സര്‍വകലാശാലകളിലേക്കുള്ള പ്രവേശനം, ഉന്നതമായ ചില ജോലികള്‍ക്കുള്ള മത്സരപ്പരീക്ഷകള്‍ ഇവയിലെല്ലാം പലതരത്തിലുള്ള കോഡുകള്‍ നിർമിക്കപ്പെടുകയും നിർധാരണം ചെയ്യപ്പെടുകയും നടക്കുന്നുണ്ട്.

കൂടുതല്‍ പ്രശസ്തമായ സ്ഥാപനങ്ങളിലേക്കുള്ള പരീക്ഷകളില്‍ കൂടുതല്‍ കഠിനമായ കോഡുകള്‍ ഉപയോഗിക്കപ്പെടുന്നു. ഇങ്ങനെയുള്ള രഹസ്യലിഖിതങ്ങള്‍ എഴുതിയുണ്ടാക്കുന്നവരാണ് ഈ മേഖലയില്‍ ഏറ്റവും വിദഗ്ധര്‍. അങ്ങനെയുള്ളവരെ ചിലരെയെങ്കിലും പഴയ നാഗരികതകളുടെ ഭാഷ വേര്‍തിരിച്ചെടുക്കാന്‍ ഉപയോഗിക്കുന്നത് നന്നാവും എന്നാണ് എന്‍റെ തോന്നല്‍. അത്തരത്തിലുള്ള ഒന്നുരണ്ടു പേരുടെ കഥ പറയാം.

ജൂലൈ മാസത്തിന്‍റെ തുടക്കത്തില്‍ എനിക്ക് ബാംഗ്ലൂരില്‍ ഒരു ഔദ്യോഗിക മീറ്റിങ് ഉണ്ടായിരുന്നു. അതു കഴിഞ്ഞ് മടങ്ങുന്നതിനുമുമ്പുള്ള സമയത്ത് ഞാന്‍ ടോണി സേവിയര്‍ എന്ന സുഹൃത്തിനെ കാണാന്‍ പോയി. അദ്ദേഹത്തെ പരിചയപ്പെട്ടിട്ട് അധികമായിട്ടില്ല. കുറേക്കാലം മുമ്പ് ചില മലയാള കഥകള്‍ വിവര്‍ത്തനംചെയ്യാനുള്ള ഒരു പദ്ധതി ടോണിക്കുണ്ടായിരുന്നു. അങ്ങനെ ചെയ്യുമ്പോള്‍ ഒന്നു വായിച്ചുനോക്കണം എന്ന് അദ്ദേഹം എന്നോടു പറഞ്ഞിരുന്നു. അതിലെന്തെങ്കിലും പുരോഗതി ഉണ്ടായോ എന്നറിഞ്ഞുകൂടാ. ഒരുപക്ഷേ, തിരക്കില്‍ അതെല്ലാം വിട്ടുപോയിരിക്കാം.

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്‍റുകളിലേക്കുള്ള അഡ്മിഷന്‍ പരീക്ഷകള്‍ക്ക് (CAT) പരിശീലിപ്പിക്കുന്ന ഒരു സ്ഥാപനത്തിന്‍റെ ക്രിയേറ്റിവ് ഡയറക്ടറാണ് ടോണി. അദ്ദേഹം ഐ.ഐ.എം ലഖ്നോവില്‍നിന്നും മാനേജ്മെന്‍റ് ബിരുദാനന്തര ബിരുദം പാസായി കുറച്ചുകാലം കോര്‍പറേറ്റുകളില്‍ ജോലിചെയ്തെങ്കിലും ഇത്തരമൊരു ജോലിയിലേക്കു മാറുകയായിരുന്നു. കോര്‍പറേറ്റ്സ് കില്‍ ക്രിയേറ്റിവിറ്റി എന്നാണ് അയാളുടെ പക്ഷം. ‘‘കണക്കും ഇംഗ്ലീഷും ബുദ്ധിശേഷിയുമൊക്കെ പരീക്ഷിക്കുന്ന ചോദ്യക്കടലാസുകള്‍ സോള്‍വ് ചെയ്യുക എന്നതാണ് തന്‍റെ ഹോബി; എനിക്കതു മടുക്കുന്നതേയില്ല’’, ടോണി പറയും. അതിനോടുള്ള കമ്പമാണ് അയാളെ തിരിച്ച് ഈ ട്രെയിനിങ് സ്ഥാപനത്തിലേക്കെത്തിച്ചതും.

കുറച്ചൊക്കെ അക്കാര്യത്തില്‍ എനിക്കും താൽപര്യമുണ്ടായിരുന്നുവെങ്കിലും അത്തരം ചോദ്യങ്ങള്‍ വളരെ വേഗത്തില്‍, ഒട്ടുമിക്കവാറും ഒരു തെറ്റുമില്ലാതെ സോള്‍വ് ചെയ്യുന്നവരെ എനിക്കത്ഭുതമായിരുന്നു. വേറൊരു ചക്രവാളത്തിലാണ് അവരുടെ ബുദ്ധി പ്രവര്‍ത്തിക്കുന്നതെന്നു തോന്നും. ചില കുഴക്കുന്ന ചോദ്യങ്ങളൊന്നും വായിച്ചാല്‍ത്തന്നെ എനിക്കു മനസ്സിലാവില്ല. ‘‘എത്ര ചോദ്യങ്ങള്‍ ചെയ്യും എന്നാണോ ചോദിച്ചത്?’’ ഒരിക്കല്‍ ടോണി എന്നോടു പറഞ്ഞു. ‘‘അതു വിഷയമല്ല, ഇപ്പോഴൊക്കെ ഞാന്‍ എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരമെഴുതും. പ്രശ്നം, എത്ര വേഗത്തില്‍ ഒരു ക്വസ്റ്റ്യന്‍ പേപ്പര്‍ സോള്‍വ് ചെയ്യാമെന്നുള്ളതാണ്. ആ ദൈര്‍ഘ്യം കുറച്ചുകൊണ്ടുവരാനാണ് ഞാന്‍ നോക്കുന്നത്. അതായത് എന്നോടുതന്നെയുള്ള ഒരു മത്സരം.’’

ടോണിയെ പലപ്പോഴും കാണാറുണ്ടായിരുന്നുവെങ്കിലും ഇത്തരം ചിഹ്നഭാഷയെക്കുറിച്ച് ഇതുവരെ ഞങ്ങള്‍ സംസാരിച്ചിരുന്നില്ല. ഇത്തവണ കണ്ടപ്പോള്‍ പക്ഷേ, തപോമയി എന്നെ കാണിച്ച രണ്ട് വാക്യങ്ങളെപ്പറ്റി ഞാന്‍ പറഞ്ഞു, ‘‘ഇന്‍ററസ്റ്റിങ്, ടോണി പറഞ്ഞു. ഒന്നു കാണാന്‍ പറ്റുമോ?’’

ഞാന്‍ സെല്‍ഫോണിന്‍റെ ആല്‍ബത്തില്‍ തപ്പി, ദിനംപ്രതി കിട്ടുന്ന നൂറുകണക്കിന് സെല്‍ഫികളുടെയും സന്ദേശങ്ങളുടെയും ഇടയില്‍നിന്നും ആ കടലാസിന്‍റെ ചിത്രം എടുത്തുകാണിച്ചു. ടോണി കുറച്ചുനേരം അതിലേക്കുതന്നെ നോക്കിനിന്ന ശേഷം തന്‍റെ ഐ പാഡ് തുടര്‍ന്ന് അതു സ്വയം പകര്‍ത്തിയെടുത്തു. മെസേജായിട്ട് വാങ്ങുകയല്ല, പകര്‍ത്തിയെടുക്കുകയാണ് ചെയ്തത് എന്ന കാര്യം എന്നെ പ്രത്യേകം ആകര്‍ഷിച്ചു. സ്വയം എഴുതിയെടുക്കുന്നതിന്‍റെ ഗുണം അത് മനസ്സില്‍ കൂടുതല്‍ നന്നായി പതിയും എന്നുള്ളതാണല്ലോ.

ആദ്യത്തെ സന്ദേശം ടോണിയും പെട്ടെന്നു വായിച്ചു: ‘‘കുഞ്ഞുങ്ങള്‍ ദൈവത്തിന്‍റേതാണ്.’’

‘‘അപ്പോള്‍ രണ്ടാമത്തേതോ?’’

ടോണി കുറച്ചുനേരം കൂടി നോക്കിയ ശേഷം നിഷേധിച്ചു തലയാട്ടി: ‘‘ദിസീസ് എ ബിറ്റ് കണ്‍ഫ്യൂസിങ്. ഒരു ബോട്ടിന്‍റെ ചിഹ്നമാണ്. ബട്ട് നോട്ട് എക്സാക്റ്റ്ലി എ ബോട്ട്. ഈവണീഫിറ്റീസ് എ ബോട്ട്, വാട്ട് ഡസിറ്റ് ഇന്‍ഡിക്കേറ്റ്?’’

‘‘എനിക്കും പിടികിട്ടുന്നില്ല’’, ഞാന്‍ പറഞ്ഞു.

 

‘‘ലെറ്റസ് സെന്‍ഡ് ഇറ്റ് റ്റു ജോസ്.’’ ടോണി ചിത്രം വാട്സാപ്പിലാക്കി ആര്‍ക്കോ അയക്കാന്‍ തയാറെടുത്തു.

‘‘ശരിക്കും ജോസ് അല്ല. ഹോസ് അഗസ്തോ ദെ അബ്രു. അങ്ങനെയൊരാളെ കേട്ടിട്ടുണ്ടോ?’’ സന്ദേശം അയച്ചശേഷം ടോണി തിരക്കി.

‘‘വല്ല ലാറ്റിന്‍ അമേരിക്കന്‍ എഴുത്തുകാരനുമാണോ?’’

‘‘നോ. അങ്ങനെ സെലബ്രിറ്റിയൊന്നുമല്ല. ആൻഡ് ഹീയിസ് ഇന്ത്യന്‍. ഗോവക്കാരനാണ്. ഞങ്ങളുടെ മുംബൈ ഓഫീസില്‍ ജോലിചെയ്യുന്നു. ഒരു ഐ.ഐ.ടിക്കാരന്‍. റീസണിങ് പരീക്ഷകളൊക്കെ ഇപ്പോള്‍ ജോസിന്‍റെ ചുമതലയാണ്. ഏതു ബുദ്ധിമുട്ടുള്ള ക്രോസ് വേഡും മിനിട്ടുകള്‍ക്കുള്ളില്‍ സോള്‍വ് ചെയ്യും. എന്താണ് പ്രശ്നമെന്നു​െവച്ചാല്‍ അയാള്‍ ഇപ്പോഴൊന്നും ഇതു കണ്ടെന്നുവരില്ല. വിളിച്ചാല്‍ ഫോണും എടുക്കുകയില്ല. ഏതെങ്കിലും കാലത്ത്, എപ്പോഴെങ്കിലും കണ്ടാല്‍ മറുപടി അയക്കും. ആ ഒരു പ്രതീക്ഷ മാത്രം.’’ എപ്പോഴെങ്കിലും അതു കിട്ടുകയാണെങ്കില്‍ എന്നെ അറിയിക്കാമെന്നു പറഞ്ഞുകൊണ്ട് ടോണി എന്നെ യാത്രയാക്കി.

ഉച്ചസമയത്തോടെയാണ് ഞാന്‍ തിരിച്ചെത്തിയത്. ദില്ലിയുടെ ആകാശം മൂടിക്കെട്ടിയിരുന്നു. ഗതാഗതത്തിരക്കുള്ള പാതയിലൂടെ ടാക്സി നീങ്ങി. മഴ തുടങ്ങി. കനത്ത മഴത്തുള്ളികള്‍ വീഴുന്നതിന്‍റെ ഒച്ച കേള്‍ക്കാം. കുറച്ചു കഴിഞ്ഞപ്പോള്‍ മഴത്തുള്ളികള്‍ മൂടി പുറംകാഴ്ചകള്‍ ഇല്ലാതായി. എത്ര വേഗതയില്‍ വൈപ്പര്‍ പ്രവര്‍ത്തിച്ചിട്ടും ഡ്രൈവര്‍ക്കു കാണാനാവുന്നില്ലെന്നു തോന്നി. വാഹനം തീരെ പതുക്കെയായി. ഞാന്‍ ഫോണിലെ സന്ദേശങ്ങള്‍ പരിശോധിക്കുകയായിരുന്നു. തപോമയിയുടേതായിരുന്നു അതിലൊന്ന്. ആ വരുന്ന ഞായറാഴ്ച അച്ഛന്‍റെ ജന്മദിനമാണെന്ന് അയാള്‍ എഴുതിയിരിക്കുന്നു. ഗോപാല്‍ ബറുവക്ക് എണ്‍പതു വയസ്സു തികയുകയാണ്. കുറച്ചുപേര്‍ക്ക് ഒരു വിരുന്നൊരുക്കുന്നുണ്ട്, അതിനു ക്ഷണിച്ചുകൊണ്ടുള്ളതായിരുന്നു ആ അറിയിപ്പ്. ഞായറാഴ്ചയല്ലേ, നോക്കാം എന്നു​െവച്ച് ഞാനാ ദിവസം മനസ്സില്‍ കുറിച്ചു.

ഞായറാഴ്ച പക്ഷേ, വൈകുന്നേരം ബാരകാംബാ റോഡ് മെട്രോക്കടുത്തുള്ള കേരളാ ക്ലബില്‍ നാട്ടില്‍നിന്നുള്ള ഒരു സംവിധായകന്‍റെ സിനിമാപ്രദര്‍ശനമുണ്ടായിരുന്നു. അതുകൊണ്ട് ജന്മദിനാശംസകള്‍ വിളിച്ചുപറയാമെന്നു കരുതി. പിന്നീടൊരിക്കല്‍ നേരിട്ടുപോയി ആശംസകളറിയിക്കുകയാവാം. രാവിലെ കുറച്ചുനേരം കൂടുതല്‍ ഉറങ്ങി. എഴുന്നേറ്റപ്പോള്‍ പ്രാതലിന്‍റെ സമയം കഴിഞ്ഞുപോയിരുന്നു. എന്നാല്‍, ഇനി ഉച്ചഭക്ഷണം കുറച്ചുനേരത്തേയാവട്ടെ എന്നു വിചാരിച്ച് തൊട്ടടുത്തുള്ള പഞ്ചാബി ധാബയിലേക്കു തിരിച്ചു. ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോള്‍ ടോണി വിളിച്ചു: ‘‘വാട്സാപ്പില്‍ ഞാനൊരു മെസേജ് അയച്ചിട്ടുണ്ട്. ഒന്നുനോക്കൂ’’, അയാള്‍ പറഞ്ഞു.

ഞാന്‍ ബില്ലിനു കാത്തിരിക്കുമ്പോള്‍ ഫോണിലെ സന്ദേശങ്ങള്‍ തുറന്നു. ഹോസ് അഗസ്തോ ദെ അബ്രു സോള്‍വ് ചെയ്തത് എന്നെഴുതിയശേഷം ടോണി എഴുതി: ‘‘നമ്മള്‍ ഊഹിച്ചതില്‍ തോണിയുടെ കാര്യം ശരിയായിരുന്നു. Do you see him from the boat? തോണിയില്‍നിന്നും നിങ്ങള്‍ അയാളെ കാണുന്നുണ്ടോ? എന്നാണ് ആ കോഡ് വാക്യം.’’

അതു കണ്ടപ്പോള്‍ ഞാന്‍ വീണ്ടും തപോമയി തന്ന കടലാസിന്‍റെ സ്കാന്‍ വീണ്ടും എടുത്തു സൂക്ഷ്മമായി നോക്കി. ജോസ് ഇക്കാര്യം എങ്ങനെയാണ് വായിച്ചത് എന്ന കാര്യം എനിക്കപ്പോഴും മനസ്സിലായില്ല. ഇനി ഒരു പക്ഷേ, അയാള്‍ തെറ്റായി വായിച്ചതായിരിക്കുമോ? ആ ഒരു ആവേശത്തിന് ഉടനെത്തന്നെ തപോമയിയുടെ വീട്ടിലെത്തി നേരിട്ട് ജന്മദിനാശംസകള്‍ നേരാമെന്നു കരുതി അങ്ങോട്ടു പോയി. ആ സമയത്ത് ലിഖിതം വായിച്ച ആവേശത്തിലോ എന്തോ, ഈ എഴുത്തുകള്‍ തപോമയി രഹസ്യമായി എടുത്ത് ഡോക്ടര്‍ സര്‍ക്കാറിനു കൊടുത്തതാണ് എന്ന കാര്യം ഞാന്‍ ഓര്‍ത്തതേയില്ല. ഒരു നിഗൂഢഭാഷ നിർധാരണം ചെയ്തതു ശരിയാണോ എന്നറിയാനുള്ള വലിയ കൗതുകം എന്നെ നയിച്ചു.

നേര്‍ത്ത മഴ പൊടിയുന്നുണ്ടായിരുന്നു. തപോമയി വീട്ടിലില്ല. വാതില്‍ തുറന്ന് പര്‍വീണ എന്നെ ഗോപാല്‍ദായുടെ അടുത്തേക്കു കൊണ്ടുപോയി. അദ്ദേഹം കിടക്കുകയായിരുന്നു. മുമ്പുകണ്ടതിലും കുറച്ചു ക്ഷീണമുള്ളതുപോലെ തോന്നി. എന്നെ കണ്ടപ്പോള്‍ അദ്ദേഹം എഴുന്നേറ്റിരുന്നു. ഞാന്‍ രണ്ടു ലിഖിതങ്ങളും ഫോണില്‍നിന്നും പകര്‍ത്തിയെഴുതിയെടുത്തു കൊണ്ടുപോയിരുന്നു. അദ്ദേഹത്തെ അതു കാണിച്ചു. അദ്ദേഹം കണ്ണടയണിഞ്ഞ ശേഷം അതിലേക്കു നോക്കി. അങ്ങനെ വ്യക്തമല്ല, കടലാസിലെ എഴുത്ത്. മുറിയിലെ വെളിച്ചം പോരെന്നുതോന്നിയപ്പോള്‍ പുറത്തു വരാന്തയിലേക്കു നടന്നു. ജനാലക്കരികില്‍ മഴ ചാറുന്നതു നോക്കിനിൽക്കാറുള്ള അതേയിടത്തു​െവച്ച് അദ്ദേഹം ആ കടലാസ് വീണ്ടും കൈയിലെടുത്തു. കുറച്ചുനേരം കഴിഞ്ഞപ്പോള്‍ അമ്പരപ്പോടെ ഗോപാല്‍ദാ എന്നെ നോക്കി. അദ്ദേഹത്തിന്‍റെ മുഖത്തെ ക്ഷോഭം എനിക്കപ്പോള്‍ കാണാം.

‘‘ഒന്നേ ഞാന്‍ വായിച്ചുള്ളൂ.’’, ഞാന്‍ പറഞ്ഞു. അതു ശരിയായിരുന്നു. മറ്റേ വാക്യം ജോസ് വായിച്ചിരുന്നുവെങ്കിലും അതു ശരിയാണോ എന്നുറപ്പില്ല.

‘‘ഇതെവിടെനിന്നു കിട്ടി?’’ ഗോപാല്‍ ബറുവ ചോദിച്ചു. അദ്ദേഹത്തിന്‍റെ കൈകള്‍ വിറക്കുന്നതുപോലെ തോന്നി. ഞാന്‍ മറുപടി പറഞ്ഞില്ല. പറഞ്ഞാല്‍ അതു തപോമയിക്കു പ്രശ്നമാവും എന്ന് എനിക്കു തോന്നി.

‘‘ഇതെവിടെ നിന്നാണ് നിങ്ങള്‍ക്കു കിട്ടിയത്?’’ അദ്ദേഹം ഒരിക്കല്‍ക്കൂടി ചോദിച്ചു. പിന്നെ ജനല്‍ക്കമ്പികളില്‍ പിടിച്ചുകൊണ്ട് കുനിഞ്ഞുനിന്നു.

‘‘ഇവിടെയുള്ള എല്ലാം നഷ്ടപ്പെടുന്നു. പുരാവസ്തുക്കള്‍, മുദ്രകള്‍, പ്രതിമകളും വിളക്കുകളും ഛായാചിത്രങ്ങളും. ഇപ്പോള്‍ ഇതാ ഈ കുറിപ്പുകള്‍, എന്‍റെ ഡയറി... ഞാന്‍ എവിടെയെല്ലാം തിരക്കി. കിട്ടുന്നില്ല. ആരാണ് ഇതെല്ലാം എടുത്തുകൊണ്ടുപോകുന്നത്?’’

–എനിക്ക് അബദ്ധമായിത്തോന്നി. ഈയൊരു സാഹസത്തിനു മുതിരേണ്ടിയിരുന്നില്ല.

‘‘എന്‍റെ ഓർമകള്‍ക്കു വഴിതെറ്റുന്നു. മുമ്പെല്ലാം ഞാന്‍ എന്‍റെ കടലാസുകള്‍ ഒപ്പം സൂക്ഷിക്കുമായിരുന്നു. ഊണിലും ഉറക്കത്തിലും അവ എന്നോടൊപ്പം മാത്രമായിരുന്നു. ഇപ്പോള്‍ കുറേ നാളായി മനസ്സു ഒരിടത്തു നിൽക്കുന്നില്ല. ഓർമകള്‍ വഴുക്കുന്നു. എവിടെയാണ് ആ ഡയറി എന്നന്വേഷിച്ച് ഞാന്‍ എവിടെയെല്ലാം തിരഞ്ഞു! ഒരുപക്ഷേ, എല്ലാ പുരാവസ്തുക്കളും ചിത്രങ്ങളും ശിൽപങ്ങളും നഷ്ടപ്പെട്ടാലും ആ ഡയറിയെങ്കിലും കിട്ടിയാല്‍ മതിയായിരുന്നു എന്നായിരുന്നു എന്‍റെ പ്രാർഥന. എവിടെ! പക്ഷേ, ആരാണ്, എന്തിനാണ് ഇതെല്ലാം എടുത്തുകൊണ്ടുപോകുന്നത്? കിട്ടിയാല്‍ത്തന്നെ ആ ഡയറി വായിക്കാന്‍ ആര്‍ക്കു സാധിക്കും? എനിക്കു മനസ്സിലാവുന്നില്ല. അനേകവര്‍ഷം എത്രയോ ദുരൂഹമായ ലിപികളും ചിഹ്നങ്ങളും വേര്‍പിരിച്ചെടുക്കാന്‍ ഞാന്‍ പരിശ്രമിച്ചു. പലപ്പോഴും വിജയിക്കുകയോ വിജയിക്കാനൊരുമ്പെടുകയോ ചെയ്തു. പക്ഷേ, ഇപ്പോള്‍ എന്‍റെ ഡയറിക്കുറിപ്പുകള്‍ നഷ്ടമാകുന്നതിലെ ദുരൂഹത എനിക്കഴിച്ചെടുക്കാനാവുന്നില്ല. സത്യം പറയൂ, ഇതു നിങ്ങള്‍ക്കെവിടെനിന്നു കിട്ടി?’’

‘‘ഇതു ഡയറിക്കുറിപ്പുകളല്ല’’, ഞാന്‍ പറഞ്ഞു. മറ്റുചില കടലാസുകള്‍ ഡോക്ടര്‍ക്കു കൊടുക്കാനുള്ളതായിട്ട് എടുത്തു എന്നല്ലേ തപോമയി പറഞ്ഞത്?

‘‘എനിക്കറിയാം അത്. പക്ഷേ, അത്തരം കുറിപ്പുകളില്‍നിന്നും പകര്‍ത്തിയെഴുതിയതാണ്. ആദ്യത്തെ തവണ കണ്ടപ്പോള്‍തന്നെ ഞാന്‍ നിങ്ങളോടു ചോദിച്ചിരുന്നു. തപോമയിയല്ലേ നിങ്ങള്‍ കാണിക്കുന്ന സന്ദേശങ്ങള്‍ വായിക്കുന്നതെന്ന്. നിങ്ങള്‍ സത്യം പറഞ്ഞില്ല എന്നു ഞാന്‍ ഭയക്കുന്നു.’’

‘‘തപോമയിക്ക് വായിക്കാനറിയില്ല എന്നു പറഞ്ഞതു സത്യം തന്നെയാണ്.’’ ഞാന്‍ പറഞ്ഞു. അക്കാര്യത്തില്‍ എനിക്കു സംശയമില്ലായിരുന്നു. നിസ്സാരമായ കോഡുകള്‍പോലും അയാള്‍ വായിക്കുന്നില്ല. അതിലുപരി അയാള്‍ക്ക് ആ കലയില്‍ ഒട്ടും താൽപര്യമില്ല.

ഗോപാല്‍ ബറുവ എന്തോ ഓര്‍ത്തുകൊണ്ട് പുറത്തേക്കു നോക്കിനിന്നു. അപ്പോള്‍ മഴ കനക്കാന്‍ തുടങ്ങി.

‘‘മുമ്പ് ഞാന്‍ നിങ്ങളോടു പറഞ്ഞു, ഞാന്‍ പഴയൊരു മഴയാണ് കാണുന്നതെന്ന്. അല്ലേ? ഇപ്പോള്‍ തോന്നുന്നു, അങ്ങനെയല്ല. ഇത് പുതിയ മഴയാണ്. ഈ നഗരത്തിലെ അപരിചിതമായ ഒരു മഴ. പക്ഷേ, അതു കണ്ടുനിൽക്കുന്ന ഞാന്‍ വളരെ പഴയൊരാളാണ്. ഒരു പക്ഷേ, ദശകങ്ങള്‍ക്കു മുമ്പേ മരിച്ചുപോയ ഒരു മനുഷ്യന്‍. അയാള്‍ ഇപ്പോഴില്ല. ജീവിക്കുകയായിരുന്നു എന്നു നടിച്ചുകൊണ്ടിരുന്ന ഒരാള്‍ പല ദേശങ്ങളിലെ മഴകള്‍ കാണുകയായിരുന്നു. അവയില്‍ നനയുകയായിരുന്നു.

നിങ്ങള്‍ കാണിച്ച സന്ദേശം ഞാനെഴുതിയതുതന്നെയാണ്. നിഷേധിക്കുന്നില്ല. എന്നാല്‍ അതു രണ്ടും എന്‍റേതല്ല.’’

ഞാന്‍ അമ്പരന്നു. ഗോപാല്‍ ബറുവ എഴുതിയ സന്ദേശങ്ങളല്ലേ ഇത്രയും കാലം ഞാന്‍ വായിക്കാന്‍ പരിശ്രമിക്കുകയും ചിലപ്പോഴൊക്കെ വിജയിക്കുകയും ചെയ്തുകൊണ്ടിരുന്നത്? ഇപ്പോള്‍ ഈ ലിഖിതങ്ങള്‍ തന്‍റേതല്ല എന്ന് അദ്ദേഹം പറയുന്നു. പിന്നെയാരാണ് അദ്ദേഹത്തിനു വേണ്ടി, അദ്ദേഹം എഴുതിവെക്കാന്‍ വേണ്ടി ഇത്തരം സന്ദേശങ്ങള്‍ നിർമിക്കുന്നത്? ഗോപാല്‍ദായെ അറിയാതെയെങ്കിലും പ്രകോപിപ്പിച്ചതില്‍ ഞാന്‍ നിശ്ശബ്ദമായി ഖേദിച്ചു.

ഗോപാല്‍ ബറുവ പറഞ്ഞു: ‘‘ഞാന്‍ അതെഴുതിവച്ചു എന്നേയുള്ളൂ. ഒരുപക്ഷേ, ഡയറിയില്‍ മാത്രമാവില്ല, ചില കടലാസുകളിലും അങ്ങനെ കുത്തിവരച്ചിരിക്കാം. കാരണം, എന്‍റെ ജീവിതം തന്നയായിരുന്നു ആ രണ്ടു വാക്യങ്ങള്‍... അവയില്‍ ഞാനുണ്ട്. എന്നല്ല, ഞാനാണധികവും. പക്ഷേ, അതെന്തിന് നിങ്ങളുടെ അരികിലെത്തി? എനിക്കതു മനസ്സിലാവുന്നില്ല.’’

ഞാന്‍ ഒന്നും പറഞ്ഞില്ല. ഞങ്ങള്‍ക്കിടയില്‍ മഴയുടെ ഏകതാനമായ സ്വരം മാത്രം തുടര്‍ന്നു.

‘‘കുട്ടികള്‍ ദൈവത്തിന്‍റേതാണ്. അതു നിങ്ങള്‍ തീര്‍ച്ചയായും വായിച്ചിരിക്കും. എനിക്കറിയാം. രണ്ടാമത്തേത്?’’ അപ്പോഴേക്കും അദ്ദേഹം ശാന്തനായിരിക്കുന്നു എന്നു തോന്നി.

‘‘Do you see him from the boat...’’

ഞാന്‍ പരുങ്ങി. അതാരു വായിച്ചു എന്നു പറഞ്ഞില്ല. കൂടുതല്‍ ആളുകളിലേക്ക് അദ്ദേഹത്തിന്‍റെ കുറിപ്പുകള്‍ എത്തിയിരുന്നു എന്നു പറയാന്‍ പാടില്ല. അദ്ദേഹം എന്‍റെ മുഖത്തേക്കു സൂക്ഷിച്ചുനോക്കിക്കൊണ്ട് കുറച്ചുനേരം ഒന്നും പറയാതെ തുടര്‍ന്നു.

‘‘അതിനർഥം നിങ്ങള്‍ക്ക് കൂടുതല്‍ ദുര്‍ഗ്രഹമായ ലിപികളും വായിക്കാനാവും എന്നാണ്. അതില്‍ നിങ്ങളെ അഭിനന്ദിക്കുകയാണോ എന്‍റെ ദുര്‍ഗതിയില്‍ പരിതപിക്കുകയാണോ വേണ്ടത് എന്ന് എനിക്കറിഞ്ഞുകൂടാ.’’

ഗോപാല്‍ ബറുവ തിരിഞ്ഞുനിന്ന് എന്നെ നോക്കിക്കൊണ്ടു പറഞ്ഞു: ‘‘പക്ഷേ, ആ ലിഖിതത്തിലെ ഒരു ചിഹ്നം നിങ്ങള്‍ ശ്രദ്ധിച്ചില്ലെന്നു തോന്നുന്നു. വായിച്ചതില്‍ കാലവ്യത്യാസമുണ്ട്.’’

‘‘എന്താണത്?’’ ഞാന്‍ ചോദിച്ചു.

‘‘ഈ വാക്യം ഭൂതകാലത്തിലെഴുതിയതാണ്. do you see him...

എന്നല്ല, Did you see him from the boat എന്നാണ്. തോണിയിലിരുന്ന് നിങ്ങള്‍ അദ്ദേഹത്തെ കണ്ടുവോ എന്ന്.’’

ജോസ് അതു വായിച്ചതെങ്ങനെ എന്നറിയാതെ കാലത്തിന്‍റെ നേരിയ വ്യത്യാസം മനസ്സിലാക്കുക എളുപ്പമല്ല എന്നെനിക്കറിയാം. പക്ഷേ, ഞാന്‍ പ്രതികരിച്ചില്ല.

പര്‍വീണ ചായ കൊണ്ടുവന്നപ്പോള്‍ വീണ്ടും ഞങ്ങള്‍ നിശ്ശബ്ദരായി. ഞാന്‍ അദ്ദേഹത്തിന് ജന്മദിനാശംസകള്‍ നേര്‍ന്നു.

 

‘‘എന്‍റെ ജന്മദിനമൊന്നും കൃത്യമാണെന്നു തോന്നുന്നില്ല, ഗോപാല്‍ദാ പറഞ്ഞു. അക്കാലത്ത് ഏകദേശ ജന്മദിനങ്ങളായിരുന്നു ഏവര്‍ക്കും. പ്രസവിച്ച ദിവസത്തെ ചില ഓർമകള്‍, കാലാവസ്ഥ അങ്ങനെയെന്തെങ്കിലും അടയാളംെവക്കും. ഒക്കെയും കേട്ടുകേള്‍വികളെ ആശ്രയിച്ചുനിന്നു. അതുകൊണ്ടുതന്നെ കൃത്യമല്ലാത്ത ജീവിതമോ ദേശമോ കാലമോ ഇല്ലാതെ ഞങ്ങള്‍ ജീവിച്ചു.’’

പിന്നേയും ഞങ്ങള്‍ക്കിടയില്‍ നിശ്ശബ്ദത കനത്തു. അതിന്‍റെ ഭാരം ദുർവഹമാകുന്നതായി അനുഭവപ്പെട്ടു. മഴ കുറയുന്ന ലക്ഷണം കാണുന്നില്ല. കൂടുതല്‍ നേരം കാത്തുനിൽക്കുന്നതില്‍ കാര്യമില്ല.

ഞാന്‍ ഇറങ്ങുമ്പോള്‍ ഗോപാല്‍ ബറുവ പഴയതുപോലെത്തന്നെ തന്‍റെ ഊന്നുവടിയെടുത്ത് എന്‍റെ കൂടെ രണ്ടു പടവുകള്‍ ഇറങ്ങിവന്നു. പിന്നെ എന്‍റെ കൈയില്‍ അമര്‍ത്തിപ്പിടിച്ചുകൊണ്ടു പറഞ്ഞു: ‘‘സ്നേഹിതാ, നിങ്ങള്‍ക്ക് ഇതെല്ലാം കിട്ടുന്നത് എവിടെനിന്നാണെന്നറിഞ്ഞുകൂടാ. ഇനി ഒരുപക്ഷേ, എന്‍റെ ഡയറിയും നിങ്ങളുടെ പക്കലുണ്ടാവും. അല്ലെങ്കില്‍ കാലക്രമേണ അതു നിങ്ങളിലേക്കെത്തിച്ചേരും. അപ്പോള്‍, നിങ്ങള്‍ ഈ വൃദ്ധനുവേണ്ടി ഒരു കാര്യം ചെയ്യുമോ? അതിനുള്ള ഉറപ്പുതരികയാണ് ഇപ്പോള്‍ എനിക്കു കിട്ടാവുന്ന ഏറ്റവും വലിയ ജന്മദിന സന്ദേശം.’’

ഞാന്‍ അദ്ദേഹത്തെ നോക്കി. അദ്ദേഹം ഊന്നുവടിയുടെ വളഞ്ഞ ഭാഗത്ത് അമര്‍ത്തിപ്പിടിച്ചുകൊണ്ട് എന്നോടു പറഞ്ഞു.

‘‘അപ്പോള്‍... അപ്പോള്‍... ആ ഡയറി നിങ്ങള്‍ നശിപ്പിച്ചു കളയണം.’’

ഞാന്‍ അദ്ദേഹത്തെ നോക്കി. ആ കണ്ണുകളില്‍ ദൈന്യമുണ്ട്. ചുണ്ടുകള്‍ വിറക്കുന്നു. ഞാന്‍ അദ്ദേഹത്തിന്‍റെ കൈകളില്‍ പിടിച്ചു. അവ മഞ്ഞുകട്ട പോലെ തണുത്തിരിക്കുകയാണെന്ന് എനിക്കു തോന്നി.

‘‘അതു കത്തിച്ചുകളയണം. അപ്പോള്‍ ഒരു ജീവിതത്തെ അഗ്നിശുദ്ധമാക്കുന്നതു പോലെയാണെന്നും കരുതണം. ചെയ്യുകയില്ലേ?’’

–ഞാന്‍ തലയാട്ടി.

‘‘ദയവു ചെയ്ത് നിങ്ങളതു വായിക്കാന്‍ ശ്രമിക്കുകയുമരുത്. എനിക്കു നിങ്ങളെ വിശ്വസിക്കാമോ?’’

ഞാന്‍ അദ്ദേഹത്തിന്‍റെ കൈകളില്‍ അമര്‍ത്തി. അദ്ദേഹം എന്‍റെ കണ്ണുകളിലേക്ക് ഉറ്റുനോക്കിക്കൊണ്ടു പറഞ്ഞു: ‘‘ഇതൊരു അപേക്ഷയല്ല, യാചനയാണ്.’’

അതു പറയുമ്പോള്‍ ആ കണ്ണുകള്‍ നിറഞ്ഞിരുന്നു. ആര്‍ത്തുപെയ്യുന്ന മഴ ഞങ്ങള്‍ക്കു ചുറ്റും സ്ഫടികഭിത്തികള്‍ സൃഷ്ടിച്ചു.

മടക്കയാത്ര കഠിനമായിരുന്നു. മെട്രോയിലും ബസിലുമായി ഞാന്‍ താമസസ്ഥലത്തേക്കു പോയി. ആകെ നനഞ്ഞു കുളിച്ചു. അതിനേക്കാളുപരി, ഗോപാല്‍ ബറുവയുടെ മനസ്സില്‍ വലിയൊരു മുറിവുണ്ടാക്കിയാണ് ഞാന്‍ മടങ്ങുന്നത് എന്ന വേദന എന്നെ വേദനിപ്പിച്ചിരുന്നു. അന്നു വൈകുന്നേരത്തെ സിനിമാപ്രദര്‍ശനത്തിന് ഞാന്‍ പോയില്ല.

ആ മഴ തോര്‍ന്നതേയില്ല. ഒരൽപം ശമിക്കുമ്പോഴേക്കും കൂടുതല്‍ ശക്തിയില്‍ വീണ്ടും അതു പെയ്യാനാരംഭിച്ചു. പാതയിലൂടെ ജലം കുത്തിയൊലിച്ചുകൊണ്ടുപോയി. ഇടക്കിടെ കാറ്റുവീശുന്നുണ്ടായിരുന്നു. മരങ്ങള്‍ നിലവിട്ടതുപോലെ ഉലയുകയും വിചിത്രമായൊരു ശബ്ദം പുറപ്പെടുവിക്കുകയും ചെയ്തുകൊണ്ടിരുന്നു. രാത്രിയെപ്പോഴോ വൈദ്യുതി നിലച്ചു. പത്തുമണിയോടെ തപോമയി ചില ചിത്രങ്ങള്‍ അയച്ചുതന്നു. ജന്മദിനാഘോഷത്തിന്‍റെ ചിത്രങ്ങള്‍. നാലോ അഞ്ചോ ആളുകള്‍ മാത്രം പങ്കെടുത്ത ചെറിയൊരു ചടങ്ങായിരുന്നു അത്. ഞാന്‍ നന്ദി പറഞ്ഞുകൊണ്ട് വീണ്ടും ആശംസകള്‍ എഴുതിയറിയിച്ചു.

–നിശ്ചിതമല്ലെന്നു പറയാവുന്ന ഒരു ജന്മദിനത്തിന്‍റെ ചെറിയ വിരുന്നിനു ശേഷം, അന്നു രാത്രി ഗോപാല്‍ ബറുവ മരിച്ചു.

(തുടരും)

News Summary - weekly novel