തപോമയിയുടെ അച്ഛൻ
ഓഖ്ലയിലെ ക്യാമ്പില്‍ വീണ്ടുമൊരു അഗ്നിബാധാശ്രമമുണ്ടായി. ഇത്തവണ പക്ഷേ, തീ പടരുന്നതിനുമുമ്പ് അണയ്ക്കാന്‍ ക്യാമ്പിലെ ജഹാനും കൂട്ടുകാര്‍ക്കും സാധിച്ചു. അതിരാവിലെത്തന്നെയായിരുന്നു ഈ ശ്രമവും. ഇരുട്ടില്‍ ചിലര്‍ ഓടിപ്പോകുന്നത് ആളുകള്‍ കണ്ടു. അതുമാത്രമല്ല, അവരില്‍ ചിലരെ ജഹാന്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. പക്ഷേ, അതിലെന്തെങ്കിലും കാര്യമുണ്ടാവുമോ എന്നറിഞ്ഞുകൂടാ. എന്തായാലും ഒരു പരാതിയെഴുതി പിറ്റേന്നു കാലത്തുതന്നെ ജഹാന്‍ സ്റ്റേഷനില്‍ കൊണ്ടുക്കൊടുത്തു. ‘‘ഇരന്നുണ്ടാക്കിയതായിരുന്നു ആദ്യത്തെ ക്യാമ്പ്. അത് വെള്ളമെടുത്തുപോയി. ഇപ്പോഴത്തേത് മോഷ്ടിച്ചുണ്ടാക്കിയെടുത്തതാണ്. അതുതന്നെ പഴയതിന്‍റെ പാതിയേ...
Your Subscription Supports Independent Journalism
View Plansഓഖ്ലയിലെ ക്യാമ്പില്‍ വീണ്ടുമൊരു അഗ്നിബാധാശ്രമമുണ്ടായി. ഇത്തവണ പക്ഷേ, തീ പടരുന്നതിനുമുമ്പ് അണയ്ക്കാന്‍ ക്യാമ്പിലെ ജഹാനും കൂട്ടുകാര്‍ക്കും സാധിച്ചു. അതിരാവിലെത്തന്നെയായിരുന്നു ഈ ശ്രമവും. ഇരുട്ടില്‍ ചിലര്‍ ഓടിപ്പോകുന്നത് ആളുകള്‍ കണ്ടു. അതുമാത്രമല്ല, അവരില്‍ ചിലരെ ജഹാന്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. പക്ഷേ, അതിലെന്തെങ്കിലും കാര്യമുണ്ടാവുമോ എന്നറിഞ്ഞുകൂടാ. എന്തായാലും ഒരു പരാതിയെഴുതി പിറ്റേന്നു കാലത്തുതന്നെ ജഹാന്‍ സ്റ്റേഷനില്‍ കൊണ്ടുക്കൊടുത്തു.
‘‘ഇരന്നുണ്ടാക്കിയതായിരുന്നു ആദ്യത്തെ ക്യാമ്പ്. അത് വെള്ളമെടുത്തുപോയി. ഇപ്പോഴത്തേത് മോഷ്ടിച്ചുണ്ടാക്കിയെടുത്തതാണ്. അതുതന്നെ പഴയതിന്‍റെ പാതിയേ ഉള്ളൂ’’, തപോമയി എന്നോടു പറഞ്ഞു, ‘‘ഇനി കത്തിപ്പോയാല്‍ മരിക്കുകയാണു ഭേദം.’’
ഇപ്പോള്‍ ക്യാമ്പിന്‍റെ പരിസരത്ത് നിറച്ചും ചാരന്മാരുണ്ട്. പൊലീസുകാര്‍ സാധാരണ വേഷത്തില്‍ വന്നുപോവുന്നു. അവിടെനിന്നും ഭീകരപ്രവര്‍ത്തനങ്ങളുണ്ടാവുന്നുണ്ടോ എന്നതാണ് അവരുടെ പരിശോധന. പുതിയ ആരെങ്കിലും അടുത്തുവന്നാല്‍ അവരിലാരെങ്കിലും സമീപിക്കും. ചോദ്യംചെയ്യും.
‘‘മറ്റൊരു വിധത്തില്‍ അതു ഗുണവുമാണ്. ഉപദ്രവിക്കാന്‍ വരുന്ന ഗ്രൂപ്പുകളെയും അവര്‍ നിരീക്ഷിക്കും. ഇരുകൂട്ടര്‍ക്കും പരസ്പരം അറിയാം. പൊലീസുകാരുടെ മുന്നില്‍ െവച്ചു കത്തിക്കാന്‍ മടിക്കുമല്ലോ’’, തപോമയി പറഞ്ഞു, ‘‘അതായത്, പൊലീസ് തീരുമാനിച്ചാലേ ഇനിയൊരു അഗ്നിബാധയ്ക്കു സ്കോപ്പുള്ളൂ.’’
‘‘പ്രശ്നമതല്ല, ജഹാന്‍ പോകുന്നിടത്തൊക്കെ ഇപ്പോള്‍ ആരൊക്കെയോ പിറകേ വരുന്നു. അയാളെ അവര്‍ നോട്ടമിട്ടിട്ടുണ്ടെന്നാണ് എന്‍റെ പേടി’’, തപോമയി പറഞ്ഞു.
‘‘അയാളോടു സൂക്ഷിക്കാന്‍ പറയണം’’, ഞാന്‍ പറഞ്ഞു.
‘‘അതാണൊരു പ്രശ്നം. ജഹാന്‍ ഒന്നും കാര്യമാക്കുന്നില്ല. അയാള്‍ വലിയ ഉത്സാഹത്തിലാണ്. എന്താണ് കാര്യമെന്നറിഞ്ഞുകൂടാ. ഒരു കാര്യം കേള്‍ക്കണോ, ടാര്‍പാളിന്‍കൊണ്ടു മേഞ്ഞ തന്‍റെ കുടില്‍ ഇപ്പോള്‍ അയാള്‍ രണ്ടുനിലയുള്ള വീടാക്കി മാറ്റി!’’
അയാള്‍ ആരോ ഉപേക്ഷിച്ച ചില മരപ്പലകകള്‍ കൊണ്ടുവന്ന് കുടിലിന്‍റെ നടുക്കായി ഉയര്‍ത്തി തട്ടുപിടിപ്പിച്ചു. അപ്പോള്‍ വീടിന് രണ്ടാമത്തെ നിലയായി. താങ്ങു കൊടുക്കാന്‍ മുളവടികൊണ്ടുള്ള ഊന്നുകള്‍. മുകളിലേക്കു കയറാന്‍ മുളകള്‍കൊണ്ടുതന്നെ കെട്ടിയുണ്ടാക്കിയ പടികള്‍. മുകളിലെ നിലയില്‍ അയാള്‍ സെക്കൻഡ് ഹാൻഡ് മാര്‍ക്കറ്റില്‍നിന്നും വാങ്ങിയ കുറച്ചു പുസ്തകങ്ങള്‍ വാങ്ങിെവച്ചിരിക്കുന്നു. ഒരു ലൈബ്രറി രൂപം കൊള്ളുകയാണ്.
‘‘അയാള്‍ വായിച്ചുതുടങ്ങി എന്നാണോ പറയുന്നത്?’’ ഞാന്‍ ചോദിച്ചു. എങ്കില്‍ അയാള്‍ക്കു ചില പുസ്തകങ്ങള്‍ കൊടുക്കണമല്ലോ എന്നോര്‍ത്തു.
‘‘അങ്ങനെയാണെങ്കില്‍ കുഴപ്പമില്ലായിരുന്നു...’’ തപോമയി ചിരിച്ചു. ‘‘സംഗതി അവിടെ നിൽക്കുന്നില്ല. അയാള്‍ രണ്ടു കഥകളെഴുതിയിരിക്കുന്നു! എന്നെ വായിച്ചു കേള്‍പ്പിച്ചു.’’
‘‘ഓ! എങ്ങനെയുണ്ട്?’’
‘‘എനിക്കെങ്ങനെ അറിയും? ഞാന്‍ സാഹിത്യം വായിക്കുന്ന ആളാണോ! എന്‍റെ അച്ഛനുണ്ടായിരുന്നെങ്കില്‍ വായിച്ചു പറയുമായിരുന്നു’’, തപോമയി തുടര്‍ന്നു, ‘‘നല്ല തമാശയുള്ള കഥകളാണ്. പിന്നെ, ഈ ബുദ്ധിമുട്ടുകള്‍ക്കെല്ലാമിടയ്ക്കും തമാശക്കഥകളെഴുതുന്നതു തന്നെ അത്ഭുതമല്ലേ? അതാണ് ഞാന്‍ പറഞ്ഞത് ജഹാന്‍ വലിയ ആവേശത്തിലാണെന്ന്.’’
അയാള്‍ എഴുതിയ കഥകള്‍ എനിക്കു വായിക്കാനായി തരാമെന്നു തപോമയി പറഞ്ഞെങ്കിലും അതു നടന്നില്ല. അതിനുമുമ്പേ എനിക്ക് ദില്ലിയില്‍നിന്നും മാറ്റമായി. പിന്നെ എല്ലാ മാറ്റങ്ങള്‍ക്കുമിടയിലുള്ള തിരക്കുകള്‍ കാരണം ഞാന്‍ അതു മറന്നു. സ്ഥലം മാറുമ്പോള്‍ ഗോപാല്‍ ബറുവയുടെ പുസ്തകം സൂക്ഷിച്ചു കൈയിലെടുത്തെങ്കിലും അതു വായിക്കാനുള്ള താൽപര്യം ക്രമേണ കുറഞ്ഞുവന്നിരുന്നു. ബാല്യകാലത്തെ പ്രണയവും പരാജയവുമൊക്കെ ആര്‍ക്കാണ് ഇപ്പോള്‍ വായിക്കേണ്ടത്? ആകെയുള്ള ഇഷ്ടം അദ്ദേഹം സ്വയം രൂപവത്കരിക്കാന്‍ ശ്രമിക്കുന്ന ആ ഗൂഢഭാഷയാണ്. അതു പലപ്പോഴും പിടിതരാതെ നിൽക്കുകയുംചെയ്യുന്നു. പുതിയ പരിസരങ്ങള്‍, അവിടവുമായി ഇണങ്ങുന്നതിന്‍റെ ബദ്ധപ്പാടുകള്‍, ജോലിയിലെ തിരക്കുകള്‍: തപോമയിയുടെ അച്ഛന്‍റെ രഹസ്യപുസ്തകം എന്‍റെ അലമാരിയിലെ ഒരറയില്‍ രഹസ്യമായി തുടര്‍ന്നു.
അതിനിടയില്‍ പലപ്പോഴും ഞാന്‍ തപോമയിയോടു സംസാരിക്കുകയും സന്ദേശങ്ങള്‍ കൈമാറുകയുമൊക്കെ ചെയ്തിരുന്നുവെങ്കിലും ഈ പുസ്തകത്തിന്‍റെയോ ലിപിസഞ്ചയത്തിന്‍റെയോ കാര്യങ്ങള്‍ അവയിലൊന്നും ഉണ്ടായിരുന്നില്ല. തന്‍റെ പിതാവിനോടൊപ്പം ആ ഒരു കാലവും അതിനെ സംയോജിപ്പിക്കുന്ന ചിത്രലിപികളും മണ്‍മറഞ്ഞുപോയി എന്നു കരുതാനാവും അയാള്‍ക്കിഷ്ടം. അല്ലെങ്കിലും മരിച്ചവരെയും അവരുടെ കാലത്തേയും മറന്നുകളയുക എന്നതും അതിജീവനത്തിന്‍റെ ഭാഗമാണ്. ഭൂതകാലത്തെ ഉപാസിച്ചുകൊണ്ടിരിക്കുന്നതില്‍ എന്തു കാര്യം!
ഒരിക്കല്‍ പക്ഷേ, സംസാരിക്കുന്നതിനിടയില്‍ അയാള്‍ ഡോ. തപസ് സര്‍ക്കാറിനെക്കുറിച്ചു പറഞ്ഞതോര്‍ക്കുന്നു. അദ്ദേഹം ചില പുസ്തകങ്ങളൊക്കെ നോക്കി ചില ചിഹ്നങ്ങളെല്ലാം കണ്ടുപിടിച്ചിട്ടുണ്ട് എന്നതായിരുന്നു വിവരം. അതില്‍ പക്ഷേ, അദ്ദേഹം അന്വേഷിക്കുന്നതൊന്നും കണ്ടെത്താനായില്ല എന്നുണ്ട്. ഡോക്ടര്‍ ഒരു ഒഴുക്കില്‍ പോകുന്ന ആളാണ്. കുറച്ചുകാലം അതുമായി മുന്നോട്ടുപോകും. ഇപ്പോള്‍ ആ ഒരു ഘട്ടമാണ്. അധികം വൈകാതെ അദ്ദേഹത്തിന് ഇതിലൊക്കെയുള്ള താൽപര്യം അവസാനിക്കുകയും ചെയ്യും.
ഡോക്ടര്‍ തപോമയിയോടു ചോദിച്ചത്രേ: ‘‘നമുക്ക് ഒരുമിച്ചു പഠിച്ചാലോ?’’
‘‘എനിക്കു സമയമില്ല’’, അതായിരുന്നു തപോമയിയുടെ മറുപടി. ‘‘മനുഷ്യര്‍ക്ക് കൂടുതല്‍ ബുദ്ധിമുട്ടുള്ള വേറെ ചില പദപ്രശ്നങ്ങള്‍ പൂരിപ്പിക്കാനുണ്ട്.’’
‘‘നിന്‍റെകൂടി ആരോഗ്യത്തിനു വേണ്ടിയാണ്’’, ഡോക്ടര്‍ പ്രലോഭിപ്പിച്ചു. തന്‍റെ ആരോഗ്യത്തിനുവേണ്ടി ഗൂഢഭാഷ പഠിക്കണമെന്നാണോ!
തപോമയിയുടെ കുട്ടിക്കാലത്തെ ആരോഗ്യസ്ഥിതിയും ബാലാരിഷ്ടതകളുമൊക്കെയാണത്രേ പഴയ ചില കുറിപ്പുകളില്‍.. അതെല്ലാം ഡോക്ടര്‍ക്ക് എളുപ്പം വായിക്കാനായി. മരുന്നുകളുടെ പേരുകള്‍, കണ്ട വൈദ്യന്മാര്‍, അങ്ങനെ പലതും. അതൊക്കെ ഒരു ഡോക്ടര്‍ക്കു അറിയാന്‍ ഇഷ്ടം കാണുമല്ലോ.
‘‘വേണമെങ്കില്‍ മതി. രോഗങ്ങളെക്കുറിച്ചൊരു ധാരണ കിട്ടും...’’
‘‘എന്തു കാര്യത്തിന്?’’
‘‘കാര്യമുണ്ട്. എന്താണെന്നുവച്ചാല്‍ ആ രോഗി നീയായിരുന്നു’’, ഡോക്ടര്‍ വീണ്ടും പറഞ്ഞു.
‘‘അതിനല്ലേ നിങ്ങളെപ്പോലുള്ളവര്‍! ഞാനെന്തിന് അതൊക്കെ പഠിക്കണം!’’ തപോമയി ആ ചൂണ്ടയില്‍ കൊത്തിയില്ല. തപസ് സര്‍ക്കാറിന്‍റെ പരിശ്രമത്തില്‍ വലിയ ഗുണമൊന്നുമുണ്ടാകുമെന്നു തോന്നിയില്ല. അദ്ദേഹത്തിനു വേണ്ടതൊന്നും ഗോപാല്‍ ബറുവ എഴുതിെവച്ചിട്ടുണ്ടാവില്ലെന്നാണ് എന്‍റെ നിഗമനം. ഗണിതത്തിലും കളികളിലും ചിലര്‍ക്കുണ്ടാവുന്ന സ്വാഭാവികമായ ചില മുന്‍തൂക്കങ്ങളായിരുന്നു ഗോപാല്‍ദാക്കുമുണ്ടായിരുന്നത്. അത് ഏതെങ്കിലും ഗൂഢപദ്ധതിയുടെ ഭാഗമാണെന്നാണോ! ഡോക്ടറെപ്പോലെയുള്ള ഒരാള്‍ ഇത്തരം തമാശകളുടെ പിറകേ പോകുന്നതെന്നതിനാണെന്ന് എനിക്കു മനസ്സിലായില്ല.
‘‘ചിലപ്പോള്‍ അദ്ദേഹം എന്തെങ്കിലും സംശയം ചോദിക്കാനായിട്ടു വിളിക്കും. ഞാന്‍ നമ്പര്‍ കൊടുത്തിട്ടുണ്ട്.’’ തപോമയി ഓർമിപ്പിച്ചുകൊണ്ടു ഫോണ്‍ െവച്ചു.
ഞാനതു മറന്നു. കുറേ മാസങ്ങള്‍ക്കുശേഷം പക്ഷേ, തപോമയി പറഞ്ഞതുപോലെ ഡോക്ടര്‍ സര്‍ക്കാര്‍ എന്നെ വിളിക്കുകതന്നെ ചെയ്തു. അദ്ദേഹം ചില സംശയങ്ങള്‍ ചോദിക്കുകയായിരുന്നു. ലിപികള്‍ വായിക്കുന്നതിന്‍റെ ദിശ, ശബ്ദസമാനതയുള്ള ചില ചിഹ്നങ്ങള്‍, വാക്യങ്ങള്‍ അവസാനിപ്പിക്കുമ്പോഴുള്ള അടയാളങ്ങള്‍: ഇങ്ങനെ ചിലതിലായിരുന്നു ഡോക്ടറുടെ സംശയങ്ങള്‍. എനിക്കറിയാവുന്ന വിധത്തില്‍ ഞാനതൊക്കെ സംസാരിച്ചു. കൃത്യതയുള്ള ചോദ്യങ്ങളും സംശയങ്ങളുമെല്ലാം സൂചിപ്പിക്കുന്നത്, തീര്‍ച്ചയായും അദ്ദേഹത്തിന് ഈ സംഗതിയില്‍ കുറച്ച് താൽപര്യം ഉണ്ടായിട്ടുണ്ട് എന്നുതന്നെയാണ്. എന്നാലും എന്താണ് താന്‍ വായിക്കുന്നതെന്നോ അതിലെ ഉള്ളടക്കം എന്തെന്നോ ഒന്നും തപസ് സര്‍ക്കാര്‍ എന്നോടു പറഞ്ഞില്ല; ഞാന്‍ ചോദിക്കുകയും.
എങ്കിലും ഡോക്ടര്‍ സര്‍ക്കാര്‍ അക്കാര്യങ്ങള്‍ സംസാരിച്ചപ്പോള്‍ കുറച്ചുകാലമായി നിര്‍ത്തിെവച്ചിരുന്ന പഴയ ആ വായന പുനരാരംഭിക്കണമെന്ന ആഗ്രഹം എനിക്കുണ്ടായി. ഞാന്‍ അലമാരയില്‍നിന്നും തപ്പി ഗോപാല്‍ ബറുവയുടെ പുസ്തകമെടുത്തു. വായിച്ചുനിര്‍ത്തിയ ഭാഗത്തെ ചിത്രഭാഷ ഞാന്‍ മുമ്പു വായിക്കാന്‍ ശ്രമിച്ചു പരാജയപ്പെട്ടതായിരുന്നു. അതിനെത്തുടര്‍ന്നുള്ള ഭാഗങ്ങളില്‍ വ്യക്തമായും ഇംഗ്ലീഷിലെഴുതിയ താളുകളില്‍ ഞാന്‍ വീണ്ടും തുടങ്ങി.
ദ്വീപിലേക്കു പോകുന്നു
ആ പലായനത്തിന്‍റെ കഥ എഴുതണമെന്നു കരുതിയിട്ടുതന്നെ കുറേ നാളായി. പക്ഷേ, ഇപ്പോഴും അതെല്ലാം ഓര്‍ക്കുമ്പോള്‍ കൈ വിറക്കുന്നു. പേനയില്‍നിന്നും ഒഴുകിവീഴുന്ന മഷിക്ക് ചുവന്ന നിറം. കലാപങ്ങളില്‍ അകപ്പെട്ടുപോയവര്‍ക്ക് ആ ദൃശ്യങ്ങള്‍ മറക്കാനാവുകയില്ലെന്നുള്ളതു സത്യമാണ്. ഇടക്കിടെ അവരുടെ ദുഃസ്വപ്നങ്ങളില്‍ അവ ആവര്‍ത്തിച്ചുകൊണ്ടേയിരിക്കും. അതേസമയം, അതെല്ലാം പകര്‍ത്തിയെഴുതുക! ഒരുപക്ഷേ, വീണ്ടും ലഹളബാധിതപ്രദേശങ്ങളിലേക്കു പോകുന്നതുപോലെയും അവിടെയുള്ള ഗലികളില്‍ ഒളിച്ചിരിക്കുന്നതുപോലെയും തോന്നും.
അനേകം രീതികളില്‍ കൊല്ലപ്പെടുന്ന മനുഷ്യര്‍. കരള്‍ പിളര്‍ന്നു തെരുവില്‍ കിടക്കുന്നവര്‍, തീപ്പന്തംപോലെ സ്വയം കത്തിയെരിയുന്നവര്‍, പ്രാണനുവേണ്ടി ശവങ്ങള്‍ക്കു മുകളിലൂടെ പാഞ്ഞുപോകുന്നവര്‍... ഇനി കലാപങ്ങള്‍ക്കുശേഷം കാണാതാവുന്നവര്‍, മാനഭംഗത്തിന് ഇരകളാവുന്ന സ്ത്രീകള്‍. നാട്ടിന്‍പുറങ്ങളില്‍നിന്നും നഗരങ്ങളില്‍നിന്നുമുള്ള അഭയാർഥിപ്രവാഹങ്ങള്‍. പുതിയ നാടുകള്‍, ജീവിതം. നഷ്ടപ്പെട്ടുപോയ മനുഷ്യരെക്കുറിച്ചുള്ള ഓർമകള്‍. ഇനിയൊരിക്കലും പഴയ ഇടങ്ങളിലേക്കു തിരിച്ചുപോകാനാവില്ലെന്നുള്ള വേദന. മരിച്ചുപോയ മനുഷ്യരെക്കുറിച്ചുള്ള സങ്കടങ്ങള്‍തന്നെയാണ് വിട്ടുപോന്ന ദേശങ്ങളെക്കുറിച്ചും ആളുകള്‍ക്കുണ്ടാവുക. അതു വിവരിക്കുക കഠിനമാണ്.
പലരും നഗരങ്ങളിലേക്കു ചേക്കേറിയപ്പോള്‍ ഞങ്ങളുടെ ഗ്രാമത്തിലുള്ളവര്‍ ഒരു ദ്വീപിലേക്കാണ് എത്തിപ്പെട്ടത്. അവശേഷിച്ച കുറച്ചുപേരേ ഒപ്പമുണ്ടായിരുന്നുള്ളൂ. പലരും കൊല്ലപ്പെടുകയും കാഴ്ചയില്‍നിന്നു മാഞ്ഞുപോവുകയുമുണ്ടായി. ചിലര്‍ ഗ്രാമത്തില്‍ത്തന്നെ തുടര്‍ന്നു. ഒഴിഞ്ഞുപോരാന്‍ കൂട്ടാക്കിയില്ല. ആത്മഹത്യ ചെയ്യുന്നതുപോലെത്തന്നെയായിരുന്നു അത്.
സുമനയുടെ അമ്മ അവരിലൊരാളായിരുന്നു. അവരുടെ രണ്ടു കുട്ടികള്‍ കൊല്ലപ്പെടുകയും ഒരാളെ കാണാതാവുകയുംചെയ്തു. വീടൊക്കെ മിക്കവാറും തകര്‍ന്നുവീണിരുന്നു. അയല്‍പ്പക്കത്തും ആരുമില്ല. എന്നാലും അവര്‍ മറ്റുള്ളവര്‍ക്കൊപ്പം ആ നാടു വിട്ടുപോരാന്‍ വിസമ്മതിച്ചു. കാണാതായ തന്‍റെ കുട്ടി മടങ്ങിവരും എന്നതായിരുന്നു അവര്‍ പറഞ്ഞ കാരണം. അവളെ കാത്ത് താനിരിക്കും. അവള്‍ മടങ്ങിവരുമ്പോള്‍ വീട്ടില്‍ ആരുമില്ലാതെയാവാന്‍ പാടില്ല. എത്ര പറഞ്ഞിട്ടും അവരെ ആ തീരുമാനത്തില്‍നിന്നു പിന്തിരിപ്പിക്കാനായില്ല.
രാത്രിയില്‍ ആരും കാണാതെ നാലഞ്ചു തോണികളില്‍ ബാക്കിയുള്ളവര്‍ പുറപ്പെട്ടു. അതൊരു നീണ്ട യാത്രയായിരുന്നു. പലപ്പോഴും നദിയുടെ ഓരം ചേര്‍ന്ന് തോണികള്‍ സഞ്ചരിച്ചു. എവിടേക്കെന്നറിയാത്ത യാത്ര. ഭക്ഷണമില്ല. പലരും തളര്‍ന്നുവീണു. യാത്രക്കിടയിലും ചില കുട്ടികള്‍ മരിച്ചു. ഒടുവില്‍, ഒരു പകലറുതിയില്‍ ആള്‍ത്താമസത്തിന്‍റെ ലക്ഷണമൊന്നുമില്ലാത്ത ഒരു ദ്വീപില്‍ ആ യാത്രക്കാര്‍ ഇറങ്ങി.
ഒറ്റനോട്ടത്തില്‍ ശൂന്യമെന്നു തോന്നിച്ചുവെങ്കിലും കുറെക്കാലം മുമ്പ് ആളുകള്‍ ജീവിച്ചിരുന്ന ഒരിടംപോലെയുണ്ടായിരുന്നു അത്. ഉള്ളിലേക്കു നടക്കുമ്പോള്‍ അപൂർവം ചിലേടങ്ങളില്‍ മേല്‍ക്കൂര തകര്‍ന്നുവീണ കല്ലുവീടുകളും അവക്കു സമീപം കിണറുകളുമൊക്കെ ഞങ്ങള്‍ കണ്ടു. പായലും ജലസസ്യങ്ങളും പടര്‍ന്നുനിൽക്കുന്ന കുളങ്ങള്‍, കുറ്റിച്ചെടികള്‍ വന്നുമൂടിയ നടപ്പാതകള്‍. ഏതോ ഭൂതകാലത്ത് ഉപേക്ഷിക്കപ്പെട്ട ഒരു ആവാസവ്യവസ്ഥയുടെ തെളിവുകളായി പലതരം ഉപകരണങ്ങള്‍, ആയുധങ്ങള്‍... ദ്വീപില്‍ വന്നുചേര്‍ന്നവര്‍ക്ക് നിദ്രയിലാണ്ടുകിടക്കുന്ന ഒരു പഴയ കാലത്തെ ഒന്നുണര്‍ത്തിയെടുത്താല്‍ മതി എന്നു തോന്നി.
കണ്ടല്‍ക്കാടുകളായിരുന്നു ദ്വീപിനു ചുറ്റും. ജലത്തോടു ചേര്‍ന്ന്, വേരുകള്‍ പുറത്തു കാണിച്ചു നിൽക്കുന്ന കുള്ളന്‍ മരങ്ങള്‍. കൂറ്റന്‍മരങ്ങളുള്ള വനമല്ല, അതിന്‍റെ ചെറുപതിപ്പുകള്‍. ഉള്ളിലേക്കു പോകുന്തോറും അതു കൂടുതല്‍ ഗാഢമായി. ഞങ്ങള്‍ ആ ദ്വീപില്‍ താമസിക്കാനാരംഭിച്ചു.
മനുഷ്യര്‍ എല്ലാം എത്രവേഗം മറക്കുന്നു! സഹനത്തിന്‍റെയും ദുരിതത്തിന്‍റെയും നാളുകള്‍ മായുന്നു. ഏവരിലും പുതിയൊരു ജീവിതം കെട്ടിപ്പടുക്കുന്നതിന്‍റെ ഉത്സാഹം നിറഞ്ഞു. എന്‍റെ തോണിയിലാണ് കുറച്ചുപേര്‍ ദ്വീപിലെത്തിയത്. പിന്നീട് ഞാന്‍ അവിടെയും തോണിക്കാരനായിരുന്നു. അക്ഷരങ്ങളോ കണക്കോ ഒന്നും ആവശ്യമില്ലാത്ത ഒരു ഗ്രാമത്തില്‍ ഒരാളുടെ പാഠപുസ്തകങ്ങള്‍കൊണ്ട് എന്തു പ്രയോജനം? ദ്വീപിനെ ചുറ്റിയും, ചിലപ്പോഴെല്ലാം മറ്റു ദ്വീപുകളിലേക്കു സഞ്ചരിച്ചും ഞാന്‍ ജീവിതം കഴിച്ചു. ദൂരെയുള്ള ചെറുപട്ടണങ്ങള്‍, ഗ്രാമങ്ങള്‍ എന്നിവ നദിയിലൂടെ ചെന്നു കണ്ടെത്തി. അവിടേക്ക് വിറകും പഴങ്ങളും തേനും കൊണ്ടുക്കൊടുത്തു. ധാന്യങ്ങള്‍ ശേഖരിച്ചു.
പതുക്കെപ്പതുക്കെ, ഗതകാലത്തിന്‍റെ ചാരുതകളിലേക്ക് ആ ദ്വീപും ഉണര്‍ന്നുവന്നു. പഴയ കല്ലുവീടുകളുടെ ചുവരുകളെ ഉറപ്പുള്ളതാക്കി ഞങ്ങള്‍ താമസസ്ഥലങ്ങളുണ്ടാക്കി. പുതിയ പുല്‍വീടുകള്‍, വൃത്തിയാക്കിയെടുത്ത കുളങ്ങള്‍, കിണറുകള്‍. ഒഴിഞ്ഞ സ്ഥലങ്ങള്‍ കിളച്ചും ഉഴുതും വയലുകള്‍ ഉണ്ടായിവന്നു. കുളങ്ങളില്‍ മീനുകള്‍... വിദൂരദ്വീപുകളില്‍നിന്നും ആടുമാടുകളെ വാങ്ങിക്കൊണ്ടുവന്നു. ഭൂമിയില്‍ ജീവിതം തുടങ്ങുന്ന ആദിമമനുഷ്യരെപ്പോലെയായിരുന്നു ഞങ്ങളപ്പോള്‍.
തോണി കയറ്റിയിടാനുള്ള ഒരു പുര ഞാന്‍ പണിതുണ്ടാക്കി. ഒരു വാതില്‍ മാത്രമുള്ള ഒരൊറ്റ മുറിയില്‍ തനിച്ചായിരുന്നു എന്‍റെ വാസം. തോണി ബന്ധിപ്പിച്ച കടവിനടുത്തുതന്നെയായിരുന്നു അത്. ദ്വീപിനുള്ളിലേക്ക് അധികമൊന്നും പോകാതെ, മിക്കവാറും സമയങ്ങളില്‍ തോണിയിലും രാത്രിയില്‍ ആ പുരയിലുമായി ഞാന്‍ കഴിഞ്ഞു. നദി കടക്കേണ്ടുന്നവര്‍, ദൂരദിക്കുകളിലെ ചെറുപട്ടണങ്ങളിലേക്കെത്തേണ്ടവര്‍: എല്ലാവരും എന്നെത്തേടിവന്നു. ചിലര്‍ക്കു വനപ്രദേശത്തേക്കു പോകണമായിരുന്നു. നദിയില്‍ മീന്‍ കിട്ടുന്ന ഇടങ്ങളിലേക്കു പോകണമായിരുന്നു. തേനും മുളയും ശേഖരിക്കാന്‍ കാട്ടിനുള്ളിലേക്കു പോകുന്നവര്‍ വളരെ നേരത്തേ പോകും. വൈകി തിരിച്ചുവരും. ഞാന്‍ അവരെ കൊണ്ടുവിട്ടു. തിരിച്ചുവരാനുള്ള സമയത്തുപോയി കാത്തുനിന്നു. നദിയുടെ ഒഴുക്കിലേക്കു നോക്കി ഞാന്‍ തോണിയിലിരിക്കും. ഒരു നദിയല്ല, അനേകം നദികളുടെ ഒരു സമാഹാരമാണ് ഒഴുകിക്കൊണ്ടിരിക്കുന്നതെന്ന് ഞാന്‍ വിചാരിച്ചു. ആ ഒഴുക്കിലേക്കു നോക്കിക്കൊണ്ടിരുന്നാല്‍ നേരം പോകുന്നതറിയില്ല. ചിലപ്പോള്‍ തോണി കരയ്ക്കടുപ്പിച്ച് ഞാന്‍ നദിയില്‍ നീന്തും. അതിന്‍റെ ഉപരിതലത്തില്‍ ഒരു പൊങ്ങുതടിപോലെ ഉയര്‍ന്നു കിടക്കും. അപ്പോഴെല്ലാം മീനുകള്‍ എന്‍റെ ശരീരത്തില്‍ വന്നുതൊട്ട് കുശലം ചോദിക്കും.
ഓരോ ഋതുവിലും നദിയുടെ മനസ്സുമാറുന്നതു കാണാമായിരുന്നു. ശീതകാലത്ത് അതിനുമേല്‍ മഞ്ഞിന്‍റെ ശിരോവസ്ത്രം, പിന്നെ വിതുമ്പിപ്പെയ്യുന്ന മഴക്കാലങ്ങള്‍, അശരണമായ വെയില്‍... ചിലപ്പോള്‍ ഒരു മുതല തോണിയെ ഉറ്റുനോക്കിക്കൊണ്ട് അനങ്ങാതെ കിടക്കുന്നു. ചിലപ്പോള്‍ പാമ്പുകള്‍ ഒഴുക്കുമുറിച്ചു നീന്തിപ്പോകുന്നു. തോണി തുഴഞ്ഞ് നദിയുടെ വിസ്തൃതിയിലേക്കെത്തുമ്പോള്‍ ദൂരദിക്കിലേക്കുള്ള ഒരു കപ്പലിന്‍റെ ഛായാചിത്രം ചക്രവാളത്തോട് ഉരുമ്മിനിൽക്കുന്നു...
ഇടക്കെല്ലാം ശ്യാമള്‍ ബറുവയും സുമനയും അവരുടെ വയസ്സന്‍ നായയും എന്‍റെ തോണിയില്‍ സഞ്ചരിക്കും. അവര്‍ മറ്റു ദ്വീപുകളിലുള്ള ചന്തകളിലേക്കു പോവുകയാവും. പോകുമ്പോള്‍ ധാന്യങ്ങളും ശേഖരിച്ച മീനും ഫലങ്ങളും തേനും അവര്‍ കൊണ്ടുപോയി വിൽക്കും. തിരിച്ചുവരുമ്പോള്‍ വീട്ടുസാമാനങ്ങളുണ്ടാവും. കൈ നിറയെ വളകള്‍, പലഹാരങ്ങള്‍. തോണിക്കാരന്‍ ആരോടും അധികമൊന്നും സംസാരിച്ചില്ല. പകരം, തുഴക്കോല്‍ കുത്തുന്നതില്‍ ശ്രദ്ധിക്കുകയാണെന്നു നടിച്ചു. അല്ലെങ്കില്‍ ജലമൊഴുകുന്നതു നോക്കി ധ്യാനിച്ചു.
എന്നാല്‍, തോണി തുഴയുമ്പോഴെല്ലാം ഒരു അറിയാനോട്ടം നിന്‍റെ ദിശയിലേക്കായിരുന്നു. അത്രമാത്രം. നീ എന്‍റെ നേര്‍ക്കു നോക്കിയില്ല. അല്ലെങ്കില്‍ മറ്റുള്ളവരെ കാണുന്നതുപോലെത്തന്നെ ഉദാസീനമായ ഒരു നോട്ടം. നമുക്കിടയില്‍ അനേകം നദികളുള്ളതുപോലുണ്ടായിരുന്നു.
ചിലപ്പോഴൊക്ക ശ്യാമള്‍ ദാ എന്‍റെ ചെറിയ പുരയില്‍ വന്നു. അയാള്‍ ഒഴുക്കുള്ള തന്‍റെ ജീവിതത്തെപ്പറ്റി ഒട്ടും ഒഴുക്കില്ലാത്ത വാക്കുകളില്‍ സംസാരിച്ചു. അയാള്‍ സന്തോഷവാനായിരുന്നു. പലതവണ ശ്യാമള്‍ വിളിച്ചിട്ടും ഞാന്‍ അവരുടെ വീട്ടില്‍ ഭക്ഷണം കഴിക്കാന്‍ പോയില്ല. മൂന്നു വര്‍ഷം അങ്ങനെ കഴിഞ്ഞു. പ്രായം ചെന്ന ചിലര്‍ മരിച്ചുപോയി. മരിച്ചവരെ അടക്കുന്ന മണ്ണ് സ്വന്തം വേരുകളുള്ള മണ്ണായി പരിഗണിക്കുമല്ലോ. അപ്പോള്‍ ഈ ദ്വീപ് ഞങ്ങളുടെ ഭൂമിയായി അനുഭവപ്പെട്ടു തുടങ്ങി എന്നു പറയാം. പഴയ ഗ്രാമത്തിലെ ചില ഓർമകള്‍ അതിനോടൊപ്പം കെട്ടുപോകാതെ നിന്നു. നിലാവുള്ള രാത്രികളില്‍ തുറന്നിട്ട വാതിലിലൂടെ നദിയെ നോക്കിയിരിക്കുമ്പോള്‍ ഞാന്‍ ആ പഴയ കാലം ആലോചിച്ചു.
ഒരു അധ്യാപകനാവണം എന്നായിരുന്നു എന്‍റെ ആഗ്രഹം. മാസ്റ്റര്‍ മശായി എന്ന് ആളുകള്‍ വിളിക്കുമെന്നു വിചാരിച്ചു. കൂടെ അവള്‍, കുഞ്ഞുങ്ങള്‍... ഇതാ, ഒടുവില്‍ ഒറ്റക്ക് ഒരു തോണിക്കാരനായി ഞാന്‍ ഒടുങ്ങുന്നു. സങ്കടപ്പെടേണ്ടതുണ്ടോ? ഒരുനിലക്ക് അധ്യാപകനെപ്പോലെത്തന്നെ ഒരു കരയില്‍നിന്നും മറ്റൊന്നിലേക്കു ഒരാളെ കൊണ്ടെത്തിക്കുന്നതുപോലെയുള്ള തൊഴിലല്ലേ, ഒരു തോണിക്കാരന്‍റേതും? അങ്ങനെ ആശ്വസിക്കുക. അല്ലെങ്കില്‍ ഇവിടെനിന്നും വിട്ടുപോകാന്‍, കല്‍ക്കത്തപോലുള്ള ഏതെങ്കിലും നഗരത്തിലേക്ക് ചെന്നെത്താന്‍ എന്താണ് എനിക്കു തടസ്സം? ഒന്നുമില്ല. ആരുമില്ല. പക്ഷേ, കഴിയുന്നില്ലല്ലോ. എന്താണ് എന്‍റെ തോണിയെ ഈ കടവില്‍ കെട്ടിയിട്ടിരിക്കുന്നത്?
നീ വീശിയെറിഞ്ഞ ഒരു തുടല്‍ നീയറിയാതെയെങ്കിലും ഈ കഴുത്തിലുണ്ട്.
അതിന്‍റെ അറ്റമാണ് എനിക്കനുവദിച്ചിട്ടുള്ള സ്വാതന്ത്ര്യം.
നിനക്കു ചുറ്റും അതു വരച്ച വൃത്തത്തില്‍
ഒരു വളര്‍ത്തുമൃഗത്തെപ്പോലെ ഞാന്‍ തുടരുന്നു.
നീ മാത്രം അതറിയില്ലെന്നതിലാണ് എന്‍റെ ആശ്ചര്യം.
ആ പകല്‍ ഇപ്പോഴും ഓർമിക്കുന്നു. പകലിന്‍റെ മുരള്‍ച്ച എന്നെഴുതാനാണ് എനിക്കു കൗതുകം. ഒരു ദിവസം രാവിലെ വനത്തിനടുത്തേക്കു പോകുന്ന തോണിയില്‍ കയറാന്‍ അവള്‍ വന്നു. ഒറ്റക്കായിരുന്നു. അയാള്‍ എവിടെപ്പോയി? ഞാന്‍ ചോദിച്ചില്ല. ആ കടവിലേക്കുതന്നെ പോകാനുള്ള കുറച്ചു സ്ത്രീകള്‍ കൂടി ആയപ്പോള്‍ ഞാന്‍ തോണിയിറക്കി. വേലിയേറ്റത്തിന്‍റെ സമയം കഴിഞ്ഞു. നദി ശാന്തമായിരുന്നു. ഒഴുക്കില്ലെന്നുതോന്നും.
തുഴഞ്ഞ് കുറച്ചുദൂരെയെത്തിയപ്പോള്‍ തിരിഞ്ഞുനോക്കി. മൂകഗാംഭീര്യത്തില്‍ ആ ദ്വീപു നിലകൊള്ളുന്നതു കണ്ടു. വനത്തിന്‍റെയുള്ളിലേക്ക് തേന്‍ ശേഖരിക്കാന്‍ പോവുകയാണ് സ്ത്രീകള്‍. ഇനി വൈകുന്നേരത്തോടെയേ അവര്‍ മടങ്ങിയെത്തുകയുള്ളൂ. വനപ്രദേശത്തോട് തോണിയടുക്കുന്തോറും മനസ്സില്‍ ഒരശാന്തി നിറയുന്നതുപോലെ തോന്നി. കാടുകള്‍ക്കുമേല്‍ കാറ്റുവീശുന്നു. ഇലകള്‍ വിറച്ചുകൊണ്ടു സംസാരിക്കുന്നു. എന്താണ് അവ പറയാന്‍ ശ്രമിക്കുന്നത്?
സ്ത്രീകള്‍ വനത്തിനുള്ളിലേക്കു പോയി മറഞ്ഞിട്ടും ഞാന്‍ തോണി തിരിച്ചില്ല. കുറച്ചുനേരം അതില്‍ത്തന്നെയിരുന്നു. പിന്നെ ഒരു കുറ്റിയില്‍ തോണി കെട്ടിയശേഷം, വനത്തിലേക്കുള്ള പാതയിലൂടെ മുന്നോട്ടു നടന്നു. കുറച്ചുദൂരം പോയപ്പോള്‍ വൃക്ഷങ്ങള്‍ വന്ന് ചുറ്റുപാടും മൂടുന്നതുപോലെ തോന്നി. ദിശയറിയാനാവാത്തത്രയും ഇരുളടഞ്ഞിരുന്നു. ഉള്ളിലേക്കു പോകുന്തോറും മരങ്ങള്‍ക്ക് ഉയരം കൂടുന്നു, വനത്തിന്‍റെ ആഴം വർധിക്കുന്നു. ഇവരെല്ലാം എങ്ങോട്ടാണ് പോയത്? മനസ്സിലാവുന്നില്ല. കുറേനേരം പല ദിശകളിലേക്കു നടന്നു നോക്കിയശേഷം ഞാന്‍ ചവിട്ടടികള്‍ സൃഷ്ടിച്ചതെന്നുതോന്നിച്ച ഒരു നടപ്പാതയിലൂടെ മുന്നോട്ടുപോയി. അപ്പോള്‍, അതാ തോളില്‍ ഒരു കൂടയുമായി അവള്‍. കൂടയില്‍ തേനടകള്‍. അവളുടെ മുഖത്ത് വിസ്മയം വിടരുന്നതു കണ്ടു.
‘‘അല്ലാ, വലിയ തോണിക്കാരനെന്തിനാ കാട്ടില്‍ വന്നത്?’’ അവള്‍ ചിരിച്ചു. ഞങ്ങളുടെ പഴയ കാലത്തെ ഓർമിപ്പിക്കുന്ന കളിവാക്കുകള്‍.
‘‘നിനക്കു സുഖമാണോ?’’ ഞാന്‍ തിരക്കി.
‘‘അതറിയാന്‍ ഇവിടേക്കു വരേണ്ടതുണ്ടോ?’’ അവള്‍ കുസൃതിമട്ടില്‍ തിരിച്ചുചോദിച്ചു. പിന്നെ ഒന്നും പറയാതെ തന്‍റെ ജോലിയില്‍ മുഴുകുകയാണെന്നു ഭാവിച്ചു.
‘‘തേന്‍ വേണോ?’’ ഇടക്ക് അവള്‍ തന്‍റെ കൂട എന്‍റെ നേര്‍ക്കു നീട്ടിക്കാണിച്ചു.
‘‘എനിക്കിപ്പോള്‍ മധുരം ഇഷ്ടമല്ലാതായി.’’ ഞാന്‍ പറഞ്ഞു.
‘‘ഓഹോ! പക്ഷേ കണ്ടാല്‍ അങ്ങനെ തോന്നില്ലല്ലോ.’’ ഞാന്‍ ഒന്നും മിണ്ടിയില്ല.
‘‘പിന്നേ, ഒരു കാര്യം.’’ അവള്‍ പറഞ്ഞു. ‘‘ഇങ്ങനെ പരിചയമില്ലാതെ കാട്ടിലേക്കൊന്നും വരരുത് കേട്ടോ.’’
‘‘അതെന്താ കാടും നീ സ്വന്തമാക്കിയോ?’’
അവള്‍ ചിരിച്ചു. ഞാന്‍ ഒന്നും മിണ്ടിയില്ല.
‘‘ഗോപാല്‍, നീയെന്തിനാണ് ഒറ്റയ്ക്ക് ആ കടവില്‍ താമസിക്കുന്നത്?’’ തെല്ലുനേരം കഴിഞ്ഞപ്പോള്‍ അവള്‍ ചോദിച്ചു.
‘‘ഒറ്റയായിപ്പോയതുകൊണ്ടാവും.’’ ഞാന്‍ പറഞ്ഞു. അതില്‍ ഒരു കുറ്റപ്പെടുത്തലിന്‍റെ മുള്‍മുനയുണ്ടായിരുന്നു.
അപ്പോള്‍ അവളുടെ കണ്ണുകള്‍ ജലാര്‍ദ്രങ്ങളായി. എനിക്കു കുറ്റബോധം തോന്നി. ഒന്നും ആരുടെയും കുറ്റമായിരുന്നില്ലല്ലോ. ഞാന്‍ അവളോടു ചേര്‍ന്നുനിന്നു. ‘‘അരുത്’’ എന്നു പറഞ്ഞെങ്കിലും അവള്‍ പിന്മാറിയില്ല. അടക്കംപൂണ്ട് ഞാന്‍ അവളുടെ കണ്ണുകളില്‍ ചുംബിച്ചു. അവളുടെ വിയര്‍പ്പിന് അപ്പോള്‍ കാട്ടുതേനിന്‍റെ ഗന്ധമുണ്ടായിരുന്നു. ശരീരത്തിന് തേന്‍കണങ്ങളുടെ മധുരവും. ഒറ്റയടിപ്പാതയിലൂടെ ചേര്‍ന്നുനടക്കുന്ന രണ്ടു കുട്ടികളായി ഞങ്ങള്‍ വീണ്ടും മാറി. മഞ്ഞനിറമുള്ള പൂക്കള്‍ പൊഴിച്ചുകൊണ്ട് വൃക്ഷങ്ങള്‍ ഇളം കാറ്റില്‍ തലയാട്ടിക്കൊണ്ടിരുന്നു. അങ്ങനെ എത്രനേരം ഞങ്ങള്‍ അതുപോലെ നിന്നു എന്നറിയില്ല. പെട്ടെന്ന് പിറകില്‍നിന്നും ഒരു മുരള്‍ച്ച കേട്ടു. ഞെട്ടിത്തരിച്ച് പുറകോട്ടുനോക്കിയപ്പോള്‍ കാത്തുനിൽക്കുന്ന രണ്ടു കണ്ണുകള്‍ കണ്ടു. ജ്വലിക്കുന്ന കണ്ണുകള്‍. ഒരു പെണ്‍കടുവയും രണ്ടു കുഞ്ഞുങ്ങളുമായിരുന്നു അത്. മരങ്ങളും പുല്‍ക്കൊടികളും കാറ്റും കിളിച്ചൊല്ലുകളുമെല്ലാം പൊടുന്നനെ നിലച്ചു.
കടുവ ഒന്നുകൂടി മുരണ്ടു. ഞങ്ങള്‍ പിടിവിടുവിച്ച് പിറകിലേക്കു മാറി. അവളുടെ കൂട നിലത്തുവീണു. കുറച്ചുദൂരം ഓടി. കിതച്ചുകൊണ്ടു നിന്നു. പിന്‍തിരിഞ്ഞുനോക്കിയപ്പോള്‍ അവളെ കാണുന്നില്ല.
എന്തുചെയ്യണമെന്നാലോചിച്ചു. എവിടെ പോയിക്കാണും? തിരിച്ചുപോയി നോക്കുന്നത് കൂടുതല്‍ അപകടമുണ്ടാക്കില്ലേ? കുറെനേരം ഞാന്‍ അവിടെത്തന്നെ കുത്തിയിരുന്നു. ഇടക്കെപ്പോഴോ കാട്ടിനുള്ളില്‍നിന്നും ഒരു നായയുടെ കുര കേട്ടു. രണ്ടോ മൂന്നോ തവണ മാത്രം. പിന്നെ അതു നിലച്ചു. കുറച്ചുനേരം കഴിഞ്ഞപ്പോള്‍ ഒഴിഞ്ഞ കൂടയുമായി അവള്‍ തിരിച്ചുവരുന്നു. ഞാന്‍ ആശ്വാസത്തോടെ അവളെ നോക്കി. ‘‘തേനൊക്കെ പോയി.’’ അവള്‍ പറഞ്ഞു.
‘‘അതാണോ കാര്യം! നീ വരുന്നതു കാണാതെ പേടിച്ചിരിക്കുകയായിരുന്നു ഞാന്‍.’’
‘‘പിന്നേ! എന്നിട്ടാണോ എന്നെ അവിടെയിട്ട് ഓടിപ്പോന്നത്?’’
അവള്‍ പരിഹാസത്തോടെ ചോദിച്ചു. എന്നാലും ആ വാക്കുകളില്‍ കാലുഷ്യമുണ്ടായിരുന്നില്ല.
‘‘നീ പിറകേ വരുന്നുണ്ടാവുമെന്ന് ഞാന്‍ വിചാരിച്ചു.’’
‘‘അങ്ങനെ എപ്പോഴും മനുഷ്യര്‍ക്കു പിറകേ വരാന്‍ സാധിക്കുമോ? ജീവിതം അങ്ങനെയാണെന്നാണോ മാസ്റ്റര്‍ മശായി ഇത്രയും കാലംകൊണ്ടു പഠിച്ചത്?’’ അവള്‍ ചിരിച്ചു.
ഞാന്‍ വീണ്ടും അവളുടെയടുത്തേക്കു ചെന്നു. എവിടെയോ വീണ് അവളുടെ കാലില്‍ മുറിവു പറ്റിയിരുന്നു. ഉടുപ്പുകളില്‍ ചോര പുരണ്ടിരിക്കുന്നു. സഹായിക്കാനായി ഞാന്‍ അവളുടെ നേര്‍ക്കു കൈനീട്ടി. അവള്‍ ഒഴിഞ്ഞുമാറിക്കൊണ്ടു പറഞ്ഞു: ‘‘ആപത്തുകാലത്ത് ഓടിപ്പോകുന്നവരെ അടുപ്പിക്കരുത് എന്നാണ് പ്രമാണം.’’ ഞാന്‍ ഒന്നും പറഞ്ഞില്ല. ആ വാക്കുകളില്‍ പരിഹാസമാണോ? അറിഞ്ഞുകൂടാ... ഞങ്ങള്‍ കടവിലേക്കു നടന്നു.
‘‘ഓടിപ്പോന്നപ്പോള്‍ എനിക്കു കുറച്ചു വഴിതെറ്റി എന്നു സംശയം’’, തെല്ലിട കഴിഞ്ഞപ്പോള്‍ ഞാന്‍ പറഞ്ഞു.
‘‘എന്നാല്‍ എന്‍റെ വഴി ശരിയായിരുന്നു’’, അവള്‍ പറഞ്ഞു. അത്രമാത്രം.
കുറച്ചുകൂടി നടന്നപ്പോള്‍ തേന്‍ ശേഖരിക്കാന്‍ പോയ മറ്റു സ്ത്രീകള്‍ തിരിച്ചുവരുന്നതു കണ്ടു. അവരാരോടും കടുവയെ കണ്ട കാര്യം സുമന പറഞ്ഞില്ല. തോണിവിട്ട് കാട്ടിലേക്കു കയറിവരാനെന്തേ എന്നായിരുന്നു എന്നോട് അവര്‍ക്കുള്ള സംശയം. ഞാന്‍ ചിരിച്ചതേയുള്ളൂ.
അത്ഭുതം: കടവിലെത്തിയപ്പോള്‍ കെട്ടിയിട്ട തോണിയില്‍ ശ്യാമള്‍ദാ ഇരിക്കുന്നുണ്ടായിരുന്നു. ഒപ്പം മുഷിഞ്ഞ ചെമ്പന്‍നിറമുള്ള അയാളുടെ വയസ്സന്‍ നായ. കുരയ്ക്കാത്ത, ശാന്തനായ ഒരു ജീവിയായിരുന്നു അത്. ഇരുവരും ഏറെനേരമായി കാത്തിരിക്കുന്നതുപോലെ. പക്ഷേ, ഇയാള്‍ ഇതെങ്ങനെ ഇവിടെയെത്തി? എനിക്കു മനസ്സിലായില്ല. മറ്റൊരു തോണിയില്‍ വന്നതായിരിക്കുമോ? പക്ഷേ, എപ്പോള്‍? എന്തിന്? ഞാന്‍ കേട്ട കുര ഈ നായയുടേതായിരുന്നോ?
അയാളുടെ വസ്ത്രങ്ങള്‍ മുഷിഞ്ഞിരുന്നു. നരച്ചുതുടങ്ങിയ മുടിയിഴകള്‍. പണിയെടുത്തു ക്ഷീണിച്ച് ആഴത്തിലേക്കുപോയ കണ്ണുകള്‍. സംസാരിച്ചില്ലെങ്കിലും അയാള്‍ പഴയതുപോലെത്തന്നെ എല്ലാവരോടും ചിരിക്കുന്നുണ്ട്. ആ ചിരിയില്‍ ലോകത്തെ ചേര്‍ത്തുനിര്‍ത്തുന്നുണ്ട്. സുമന അയാളുടെ അടുത്തുപോയി ഇരുന്നു. എന്‍റെ മനസ്സ് അറിയാതെ അസ്വസ്ഥമാവുന്നു. അവളുടെ ശരീരത്തിന്‍റെ ഗന്ധവും മധുരവും അയാള്‍ക്കുള്ളതാണ്. തുഴക്കോലെറിയുമ്പോള്‍ എന്‍റെ മനസ്സില്‍ അസൂയ നീറിക്കത്തി. പെണ്‍കടുവയുടെ കണ്ണുകളിലെന്നപോലെ ഭീതി കലര്‍ന്ന ഒരു കോപം എന്നെ ചൂഴുന്നു.
തോണി നദിയിലൂടെ കുറച്ചുദൂരം പോയപ്പോള്‍ പിന്നിട്ടുപോന്ന വനത്തിനുള്ളില്‍നിന്നും ഒരലര്‍ച്ച മുഴങ്ങി. ആരും ശ്രദ്ധിച്ചില്ല. ശ്യാമള്‍ദാ തോണിയുടെ ഒരറ്റത്തിരുന്നു മുന്നിലേക്കുതന്നെ നോക്കുന്നു. എല്ലാവരും കളിചിരികളില്‍ മുഴുകിയിരിക്കുന്നു. തോണിയില്‍നിന്നും ശ്യാമള്‍ദായുടെ നായ കുരക്കുന്നതു കേട്ടു. ഞാന്‍ തുഴച്ചില്‍ നിര്‍ത്തി.
സ്ത്രീകളിലൊരാള്‍ ചോദിച്ചു: ‘‘എന്തുപറ്റീ, ഗോപാല്‍?’’
‘‘ഒന്നുമില്ല. പക്ഷേ, പക്ഷേ, ഒരു ശബ്ദം കേട്ടില്ലേ?’’
‘‘ശബ്ദമോ? എന്തു ശബ്ദം?’’
‘‘ഒരു മുരള്‍ച്ചപോലെ...’’
‘‘മുരള്‍ച്ചയോ!’’
ഞാന്‍ തലയാട്ടി. ഇത്രയും വലിയ ഒരൊച്ച ആരും കേട്ടില്ലെന്നോ!
‘‘ഇല്ലേ, ഈ നായ കുരച്ചല്ലോ!’’ ഞാന്‍ വീണ്ടും പറഞ്ഞു.
‘‘ഹഹഹ! ഗോപാല്‍, നിനക്കിന്നെന്തോ പറ്റിയിട്ടുണ്ട്.’’ സ്ത്രീകള്‍ എന്നെ കളിയാക്കി ചിരിച്ചു. ‘‘ശ്യാമള്‍ദായുടെ നായ എന്നെങ്കിലും കുരച്ചു കേട്ടിട്ടുണ്ടോ? ദാദയോടുതന്നെ ചോദിച്ചുനോക്ക്!’’ ശ്യാമള്‍ ദാ വാത്സല്യത്തോടെ നായയെ തഴുകുന്നതു കണ്ടു.
അതെല്ലാം തോന്നലായിരുന്നുവോ? പക്ഷേ, മറ്റാരും കേട്ടില്ലെന്നുണ്ടോ? ഞാന്‍ സുമനയെ പാളിനോക്കി. ഞങ്ങളുടെ കണ്ണുകളിടഞ്ഞു. പെട്ടെന്നുതന്നെ അവ പിന്‍വലിഞ്ഞു. തിരിഞ്ഞുനോക്കിയപ്പോള്‍ മൂകഗാംഭീര്യമാര്‍ന്ന ആ വനം നൂറു കണ്ണുകള്‍കൊണ്ട് എന്നെ ഉറ്റുനോക്കുന്നതു കണ്ടു. നദിയും പരിസരങ്ങളും വൃക്ഷങ്ങളുമെല്ലാം നിശ്ശബ്ദമായിരുന്നു.–കാത്തുനിൽക്കുന്ന ഒരു വന്യമൃഗത്തിന്‍റെ നിശ്ശബ്ദത.