Begin typing your search above and press return to search.
proflie-avatar
Login

തപോമയിയുടെ അച്ഛൻ

തപോമയിയുടെ അച്ഛൻ
cancel

അവളുടെ കണ്ണുകളില്‍ ഒരു ശൂന്യതയുണ്ടായിരുന്നു. അതിന്‍റെ ആഴത്തിലേക്കു നോക്കാന്‍പോലും ഞാന്‍ ഭയന്നു. ഗോപാല്‍ ബറുവയുടെ കുറിപ്പുകള്‍ തുടരുന്നു.ഡോക്ടര്‍ തപസ് സര്‍ക്കാര്‍ കുറെനാള്‍ മുമ്പ് എന്നോടു ചോദിച്ചു: ‘‘ഗോപാല്‍ ദാ, നിങ്ങളുടെ മുഖത്ത് എപ്പോഴും ദുഃഖമുണ്ട്. സത്യത്തില്‍ അങ്ങനെ സങ്കടകരമായൊരു പശ്ചാത്തലത്തിലല്ല നിങ്ങളുടെ ജീവിതം. എന്താണ് പ്രശ്നം? ഭാര്യ നേരത്തേ മരിച്ചുപോയതിലുള്ള നിരാശയാണോ?’’ തര്‍ക്കവും കുതര്‍ക്കവും പിണക്കവുമായി നടക്കുന്ന തപസ് വളരെ അപൂര്‍വമായിട്ടേ ഗൗരവമുള്ള കാര്യങ്ങള്‍ സംസാരിക്കാറുള്ളൂ. ചികിത്സപോലും അദ്ദേഹം വലിയ കാര്യമായി എടുക്കാറില്ല. പക്ഷേ ഇതാ, തപസ് ഫലിതമല്ലാത്ത ഒരു കാര്യം എന്നോടു...

Your Subscription Supports Independent Journalism

View Plans

 അവളുടെ കണ്ണുകളില്‍ ഒരു ശൂന്യതയുണ്ടായിരുന്നു. അതിന്‍റെ ആഴത്തിലേക്കു നോക്കാന്‍പോലും ഞാന്‍ ഭയന്നു.  ഗോപാല്‍ ബറുവയുടെ കുറിപ്പുകള്‍ തുടരുന്നു.ഡോക്ടര്‍ തപസ് സര്‍ക്കാര്‍ കുറെനാള്‍ മുമ്പ് എന്നോടു ചോദിച്ചു: ‘‘ഗോപാല്‍ ദാ, നിങ്ങളുടെ മുഖത്ത് എപ്പോഴും ദുഃഖമുണ്ട്. സത്യത്തില്‍ അങ്ങനെ സങ്കടകരമായൊരു പശ്ചാത്തലത്തിലല്ല നിങ്ങളുടെ ജീവിതം. എന്താണ് പ്രശ്നം? ഭാര്യ നേരത്തേ മരിച്ചുപോയതിലുള്ള നിരാശയാണോ?’’ തര്‍ക്കവും കുതര്‍ക്കവും പിണക്കവുമായി നടക്കുന്ന തപസ് വളരെ അപൂര്‍വമായിട്ടേ ഗൗരവമുള്ള കാര്യങ്ങള്‍ സംസാരിക്കാറുള്ളൂ. ചികിത്സപോലും അദ്ദേഹം വലിയ കാര്യമായി എടുക്കാറില്ല.

പക്ഷേ ഇതാ, തപസ് ഫലിതമല്ലാത്ത ഒരു കാര്യം എന്നോടു തിരക്കുന്നു. മുമ്പൊരിക്കല്‍ സന്താനം സാര്‍ ചോദിച്ച അതേ ചോദ്യം. ഞാന്‍ ചിരിച്ചുകൊണ്ട് ഒന്നുമില്ല, എന്‍റെ മുഖഭാവം അങ്ങനെയാവാം എന്നേയുള്ളൂ എന്നുപറഞ്ഞ് ഒഴിഞ്ഞു. അപ്പോള്‍ അദ്ദേഹം പറഞ്ഞു: ‘‘മനുഷ്യര്‍ക്ക് ചില കാര്യങ്ങള്‍ പറയാന്‍ മടിയായിരിക്കും. അടുത്ത ബന്ധുക്കളോടോ സുഹൃത്തുക്കളോടോ, എന്തിന് സ്വന്തം മനഃസാക്ഷിയോടുപോലും നമ്മള്‍ പലതും ഒളിക്കുന്നു. ഇങ്ങനെ പറയാനാവാതെ കെട്ടിക്കിടക്കുന്ന കാര്യങ്ങളാണ് അവരെ നിത്യദുരിതത്തിലേക്കു നയിക്കുന്നത്.

നിങ്ങള്‍ ഒരു കാര്യം ചെയ്യൂ, എല്ലാ വിഷമങ്ങളും ഒരു കടലാസില്‍ പകര്‍ത്തിയെഴുതാന്‍ ശ്രമിക്കൂ. ആദ്യമൊക്കെ ബുദ്ധിമുട്ടായിരിക്കും. പക്ഷേ, ഒരിക്കല്‍ തുടങ്ങിക്കഴിഞ്ഞാല്‍ പിന്നെ വലിയൊരു ഒഴുക്കുപോലെ എളുപ്പം എല്ലാം തുറന്നുപറയാനാവും. അതുകഴിഞ്ഞ് വേണമെങ്കില്‍ ആ കടലാസുകള്‍ നശിപ്പിച്ചുകളയുക. എങ്കിലും സ്വന്തം പ്രയാസങ്ങള്‍ ആരോടെങ്കിലും പറഞ്ഞതുപോലുള്ള ഒരു ആശ്വാസം നിങ്ങള്‍ക്കുണ്ടാവും.’’

അങ്ങനെയൊന്നുമില്ലെന്നു പറഞ്ഞ് അപ്പോള്‍ ഞാന്‍ വീണ്ടും ചിരിച്ചു. തപസ് അതു വിശ്വസിച്ചിട്ടില്ലെന്ന് തോന്നി. ഈ ഫലിതപ്രകടനങ്ങള്‍ക്കെല്ലാമപ്പുറത്ത് അയാള്‍ വളരെ പ്രഗല്ഭനായ ഒരു ഡോക്ടറാണെന്ന് എനിക്കറിയാം. അനേകം സ്ഥലങ്ങളില്‍ ജോലിചെയ്തിട്ടുണ്ട്, എത്രയോ മനുഷ്യരെ അടുത്തറിഞ്ഞിട്ടുണ്ട്. കൂടുതലൊന്നും ഡോക്ടര്‍ എന്നോടു ചോദിച്ചില്ല. പക്ഷേ, ആ നിർദേശം എന്നെ സ്വാധീനിക്കുകതന്നെ ചെയ്തു. ഒരു പക്ഷേ, ഇത്തരം കുറിപ്പുകള്‍ എഴുതാന്‍ എന്നെ പ്രേരിപ്പിച്ചതും ആ വാക്കുകളായിരിക്കണം. അങ്ങനെ പലപ്പോഴായി, ദീര്‍ഘമായ ഇടവേളകള്‍ എടുത്തുകൊണ്ട് എഴുതുന്നതാണ് ഈ കുറിപ്പുകളെല്ലാം.

ഇന്ന് ഞാന്‍ ഞങ്ങളുടെ ഒരുമിച്ചുള്ള ജീവിതത്തിന്‍റെ ആദ്യനാളുകള്‍ ഓർമിക്കുന്നു. മറ്റൊരു ജീവിതത്തിലേക്കെന്നപോലെ എന്‍റെ തന്നെ ഗതകാല ജീവിതത്തിലേക്ക് ഉറ്റുനോക്കുന്നു. ഇപ്പോഴും ശരിതെറ്റുകളുടെ നിര്‍ണയം എനിക്കെളുപ്പമല്ല. അതുകൊണ്ട് എന്നെത്തന്നെ സമാധാനിപ്പിക്കാനെന്നോണം ചിലപ്പോഴെങ്കിലും എനിക്കു ചിഹ്നഭാഷ ഉപയോഗിക്കേണ്ടിവരുന്നുണ്ട്. എന്തിനാണ് ഇതെല്ലാം അങ്ങനെ നിഗൂഢമാക്കി, എന്നില്‍നിന്നുതന്നെ മറച്ചുവെക്കുന്നത് എന്ന് ഞാന്‍ സ്വയം ചോദിക്കുന്നു... ഉത്തരമില്ല. ക്യാമ്പില്‍നിന്നും സുമനയെയും കൂട്ടിവന്നതിനുശേഷമുള്ള കാര്യങ്ങള്‍ എഴുതാനാണ് ഇപ്പോള്‍ എന്‍റെ ഉദ്യമം.

കോടതിക്കേസുകളില്‍ കുടുങ്ങി മിക്കവാറും ഉപേക്ഷിക്കപ്പെട്ടിരുന്ന മൂന്നുനിലയുള്ള ഒരു കെട്ടിടത്തിന്‍റെ മുകളിലെ മൂന്നാമത്തെ നിലയില്‍, എലികളും കൂറകളും സ്വൈരവിഹാരം നടത്തിയിരുന്ന രണ്ടു മുറികളിലായി ഞങ്ങള്‍ ജീവിതം ആരംഭിച്ചു. വാടകച്ചീട്ടെഴുതുകയോ കരാറുണ്ടാക്കുകയോ ഒന്നും ചെയ്തില്ല. കൂടെ ജോലിചെയ്തിരുന്ന ഒരു കാവല്‍ക്കാരന്‍ ഏൽപിച്ചുതന്ന ദല്ലാളുടെ കൂടെ പോയി. കുറച്ചു ദൂരെയായിരുന്നു താമസസ്ഥലം. രണ്ടു ബസുകള്‍ മാറിക്കയറേണ്ടുന്ന ദൂരം ഞങ്ങള്‍ ഒരു പകലിന്‍റെ പാതിയെടുത്തു സഞ്ചരിച്ചു. ആ കെട്ടിടത്തിലെ മുറികളിലൊക്കെയും അനാഥരെപ്പോലുള്ള മനുഷ്യരാണ് അക്കാലത്ത് ജീവിച്ചിരുന്നത്.

അതില്‍ പ്രയാസം തോന്നിയില്ല, കാരണം, ഞങ്ങളേക്കാള്‍ അനാഥരായ ആരാണുള്ളത്! കയറിയിറങ്ങാനുള്ള പ്രയാസംകൊണ്ടാവണം, മൂന്നാമത്തെ നിലയില്‍ മറ്റാരും താമസമുണ്ടായിരുന്നില്ല. വീട്ടുടമസ്ഥന്‍ ഏറ്റവും താഴെയുള്ള നിലയിലെ ആദ്യത്തെ മുറിയിലായിരുന്നു. വിദേശത്തുനിന്നുള്ളതെന്നു തോന്നിച്ച ഒരു പഴഞ്ചന്‍ ഓവര്‍ക്കോട്ടും തൊപ്പിയുമൊക്കെ ധരിച്ചു മാത്രമേ അയാളെ കണ്ടിരുന്നുള്ളൂ. അത്രയും മെലിഞ്ഞ ഒരാളെ അതിനുമുമ്പോ പിന്നീടോ ഞാന്‍ കണ്ടിട്ടില്ല. അതുകൊണ്ടുതന്നെ അയാള്‍ക്ക് ഉള്ളതിലധികം ഉയരം തോന്നിച്ചിരുന്നു.

സായന്തന്‍ സെന്‍ഗുപ്ത എന്നായിരുന്നു അയാളുടെ പേര്. പക്ഷേ, ഏതൊരാളോടും അയാള്‍ സ്വയം ‘മിസ്റ്റര്‍ സായ്’ എന്നു മാത്രമാണ് പരിചയപ്പെടുത്തിയിരുന്നത് (അയാം സായന്തന്‍ സെന്‍ ഗുപ്ത, ബട്ട് യു ക്യാന്‍ കോള്‍ മീ മിസ്റ്റര്‍ സായ്). സായിക്ക് സ്വര്‍ണനിറമുള്ള ഫ്രെയിമുകളോടു കൂടിയ കണ്ണടയുണ്ടായിരുന്നു. അത് മൂക്കിന്‍റെ പാലത്തിലേക്കു താഴ്ത്തി കണ്ണടക്ക് മുകളിലൂടെയാണ് അയാള്‍ ആളുകളെ നോക്കുക. ഒരു ചെറിയ ട്രാന്‍സിസ്റ്റര്‍ റേഡിയോയില്‍നിന്നും കുറഞ്ഞ ശബ്ദത്തില്‍ സദാസമയവും എന്തോ കേട്ടുകൊണ്ട് എരിപൊരി സഞ്ചാരത്തോടെ ആ മുറിയില്‍ അയാള്‍ നടക്കുമായിരുന്നു.

ഇടക്കിടെ അക്കാലത്തുതന്നെ മറ്റാരും വലിക്കാത്ത തരത്തിലുള്ള ഒരു ചുരുട്ട് അയാള്‍ കത്തിച്ചു കൈയില്‍ പിടിച്ചിട്ടുണ്ടാവും. ഓരോ നിശ്ചിത ഇടവേളകളിലും അയാള്‍ റേഡിയോ മാറ്റിപ്പിടിച്ച് ചുരുട്ടില്‍നിന്നും പുകയെടുക്കും. പില്‍ക്കാലത്താണ് സായ് ക്രിക്കറ്റ് മത്സരങ്ങളുടെ കമന്‍ററിയാണ് കേട്ടുകൊണ്ടിരുന്നതെന്ന് എനിക്കു മനസ്സിലായത്.

ഞങ്ങള്‍ക്കു താക്കോല്‍ തരുന്നതിനുമുമ്പ് അയാള്‍ എന്നെയും സുമനയെയും ഒന്നുനോക്കി എന്നല്ലാതെ ഒന്നും ചോദിക്കുകയോ പറയുകയോ ഉണ്ടായില്ല. അയാള്‍ നൂറുരൂപ എന്‍റെ കൈയില്‍നിന്നും വാങ്ങിച്ചു. അപ്പോള്‍ത്തന്നെ ഒരു ഇരുപതുരൂപയുടെ നോട്ടെടുത്ത് ദല്ലാള്‍ക്കു കൊടുക്കുകയും ചെയ്തു.

മറ്റൊരു സന്ദര്‍ഭത്തിലായിരുന്നെങ്കില്‍ വലിയ ഫലിതം തോന്നിക്കുന്നതായിരുന്നു സായന്തന്‍ സെന്‍ഗുപ്തയുമായുള്ള അന്നത്തെ ഇടപെടല്‍. അയാളുടെ ഉടുപ്പും നടപ്പും സംസാരരീതിയുമെല്ലാം അസാധാരണമായിരുന്നു. അതെല്ലാം ഇപ്പോഴും എന്‍റെ മനസ്സില്‍ മായാതെ നിൽപുണ്ട്. എന്തെന്നാല്‍ അങ്ങനെയൊരു മനുഷ്യനെ അതിനുമുമ്പോ പിന്നീടോ ഞാനെന്‍റെ ജീവിതത്തില്‍ കണ്ടിട്ടേയില്ല.

മേലേനിന്നും കെട്ടി നീട്ടി താഴേക്കിട്ട ഒരു കയറില്‍പ്പിടിച്ചു വേണം മുകളിലെ മുറിയിലേക്കു പോകാന്‍. ഞങ്ങള്‍ പതുക്കെ ജീവിതത്തിന്‍റെ പഴഞ്ചന്‍ പടികള്‍ കയറാനാരംഭിച്ചു എന്നു തോന്നി. രണ്ടടി നടന്നു കയറുമ്പോഴേക്കും ദല്ലാള്‍ തിരികേ വന്ന് ഉടമസ്ഥന്‍ വിളിക്കുന്നു എന്നുപറഞ്ഞു. താഴേക്കു ചെന്നപ്പോള്‍ ചെവിയില്‍നിന്നും റേഡിയോ മാറ്റിപ്പിടിച്ചശേഷം മിസ്റ്റര്‍ വിദേശികള്‍ സംസാരിക്കുന്ന മട്ടിലുള്ള ഇംഗ്ലീഷില്‍ ചോദിച്ചു: ‘‘മിസ്റ്റര്‍ ഗോപാല്‍, വോട്ട്ഡ്യൂയു ഡ്യു ഫോറെ ലിവിങ്?’’

ഞാന്‍ വിഷമിച്ചു. ഇപ്പോഴത്തേത് രഹസ്യജീവിതമാണ്. അതു പറയുന്നതു ശരിയല്ല. അപ്പോള്‍ മനസ്സില്‍ വന്നതു പറഞ്ഞു: കണക്കെഴുതുന്ന ഒരാള്‍, ഗുമസ്തന്‍. ജഗദാംബികയുടെ കടയില്‍ ആ ജോലിയിലല്ലേ ഞാനാരംഭിച്ചത്?

‘‘ഓള്‍ റൈറ്റ്. ബൈ ദ വേ, ലെമ്മീ ആസ്ക് യു സംതിങ്. ഡ്യു യു കണ്‍സ്യൂം ആല്‍കോഹോള്‍? ഐ മീന്‍, ഡു യു റ്റേക് ഏ ഡ്രിങ്ക് ഓര്‍ റ്റൂ?’’ മദ്യപിക്കാന്‍ കൂട്ടു ചോദിക്കുകയാണോ!

‘‘നോ, സര്‍.’’

‘‘ദെന്‍ ഫോഗെറ്റബൗട്ടിറ്റ്. ബട്ട് നെവര്‍ ഫോര്‍ഗെറ്റ് റ്റു അഡ്രസ് മീ മിസ്റ്റര്‍ സായ്. നോ മോര്‍ സര്‍ പ്ലീസ്. ഐ ഹാവിന്‍റ് ബീന്‍ നൈറ്റഡ് യെറ്റ്.’’ അയാള്‍ വീണ്ടും റേഡിയോ ചെവിയില്‍ ​െവച്ച് വിശദീകരിക്കുന്ന മട്ടില്‍ തുടര്‍ന്നു. ‘‘സീ, ഐ ഹാവ് സം ക്വാട്ട ഫ്രം എ മിലിട്ടറി ഫ്രണ്ട്. ഇഫ് യു ആര്‍ ഇന്‍ററസ്റ്റഡ് ഇന്‍ പര്‍ച്ചേസിങ് സം ബോട്ടില്‍സ്, ഐ ഹാവ് എ സ്പെഷ്യല്‍ ഓഫര്‍ അവെയ്ലബിള്‍. ബട്ട് സിന്‍സ് യുവാര്‍ വണോഫ് ദോസ് ടിപ്പിക്കല്‍ റ്റീറ്റോട്ടല്‍ ഇന്ത്യന്‍സ്, ലെറ്റ്സ് നോട് റ്റോക് അബൗട്ട് ദാറ്റ്.’’

‘‘മാതൃകാ ഇന്ത്യക്കാരന്‍’’ എന്ന പ്രയോഗത്തില്‍ പരിഹാസമാണോ! പക്ഷേ, പരിഹാസത്തിനാണെന്നുണ്ടെങ്കില്‍പ്പോലും ആ പദവിക്ക് ഞാന്‍ അര്‍ഹനായിട്ടുണ്ടോ? സായന്തന്‍ സെന്‍ഗുപ്ത വലിയൊരു പദവി വഹിച്ചിരുന്ന ഉദ്യോഗസ്ഥനായിരിക്കും എന്നായിരുന്നു എന്‍റെ ധാരണ. അയാള്‍ ആരോടും എപ്പോഴും ഇംഗ്ലീഷില്‍ മാത്രമേ സംസാരിച്ചിരുന്നുള്ളൂ.

പിന്നീട് ചിലര്‍ പറഞ്ഞു, അയാള്‍ ഒരു വയസ്സന്‍ സായിപ്പിന്‍റെ കുശിനിക്കാരനായിരുന്നുവെന്ന്. സായിപ്പ് സ്വാതന്ത്ര്യത്തിനു ശേഷവും ഇന്ത്യയില്‍ തുടര്‍ന്നു. അയാള്‍ മരിച്ചപ്പോള്‍ ഈ മൂന്നുനില വീടും പുരയിടവും സായന്തനു കിട്ടി. പലതവണ ശകാരം കേട്ടു തഴക്കം വന്നതുകൊണ്ട് സായിപ്പിന്‍റെ ഭാഷയും ഉച്ചാരണവും ഒസ്യത്തായി വന്നു.

‘‘എ ജെന്‍റില്‍മാന്‍ നെയിംഡ് മിസ്റ്റര്‍ തോംപ്സണ്‍ വോസ് മൈ ബോസ്, യു നോ. ഹി വോസ് ആന്‍ എൻജിനീയര്‍, ആര്‍കിടെക്റ്റ്, എ റൈറ്റര്‍, പോയറ്റ്, കൊനോസര്‍ ഓഫ് ഗേള്‍സ് ആൻഡ് സിംഗിള്‍ മാള്‍ട്ടഡ് സ്പിരിറ്റ്സ്. മോര്‍ ദാന്‍ ദാറ്റ് എ ഫാസ്റ്റ് ബൗളര്‍... ഡിഫിക്കള്‍ട്ട് റ്റു സേ വോട്ട് ഹി വോസ് നോട്ട്. ഐയാം പ്രൗഡോഫ് ഹാവിങ് ബീന്‍ ഏബിള്‍ റ്റു സേര്‍വ് ഹിം ആസ് ഹിസ് ലോയല്‍ ബട്ലര്‍.’’ ക്രിക്കറ്റ് കമന്‍ററി ഇല്ലായിരുന്ന ഒരു ദിവസം മുറ്റത്തു​െവച്ചു കണ്ടുമുട്ടിയപ്പോള്‍ അയാള്‍ എന്നോടു പറഞ്ഞു.

ഞങ്ങള്‍ ആ പഴഞ്ചന്‍ മുറികളില്‍ താമസം തുടങ്ങിയ രാത്രി സുമന ഉറങ്ങിയില്ല. സ്ഥലം മാറിയതിന്‍റെ കുഴപ്പമായിരിക്കും എന്നതായിരുന്നു എന്‍റെ ധാരണ. പക്ഷേ, അവള്‍ ഉറങ്ങിയിട്ട് നാളുകളായിട്ടുണ്ടായിരുന്നുവെന്ന് പിന്നീടാണ് എനിക്കു മനസ്സിലായത്. അന്നു രാത്രിയില്‍ ഇടയിലെപ്പോഴോ ഉണര്‍ന്നപ്പോള്‍ അവള്‍ കൈകളില്‍ തലപൂഴ്ത്തി, നിലത്തു കുന്തിച്ചിരിക്കുന്നതു ഞാന്‍ കണ്ടു. അത്തരമൊരു മൗനം നീണ്ടുപോയി. ഞാന്‍ പലപ്പോഴും അവളെ ആശ്വസിപ്പിക്കാന്‍ ശ്രമിക്കും.

 

എന്നാല്‍ സാന്ത്വനങ്ങള്‍ക്കെല്ലാമപ്പുറത്തുള്ള വലിയൊരു നിശ്ശബ്ദതയിലേക്ക് അവള്‍ കൂപ്പുകുത്തിക്കഴിഞ്ഞിരുന്നു. ഒപ്പമുള്ളത് എനിക്കു പരിചയമുണ്ടായിരുന്ന ആ പഴയ പെണ്‍കുട്ടിയല്ല. അവളുടെ ആകൃതി സ്വീകരിച്ച മറ്റാരോ... ഒരുകാലത്ത് സ്വന്തം ശരീരമെന്നതുപോലെ അടുത്തറിയാമായിരുന്ന ഒരാളോട് സാദൃശ്യമുള്ള, പക്ഷേ കൂടുതല്‍ ക്ഷീണിച്ച, വിളറിയ ഒരു രൂപം.

ഞാന്‍ അവളെ പുതിയ ജീവിതത്തിലേക്കു തിരിച്ചുകൊണ്ടുവരാന്‍ പരിശ്രമിച്ചു. അല്ലെങ്കില്‍ അങ്ങനെയായിരുന്നു എന്‍റെ വിശ്വാസം. അവധിയുള്ള ദിവസങ്ങളിലെല്ലാം ഞാന്‍ അവള്‍ക്കരികിലേക്ക് ഓടിയെത്തുമായിരുന്നു. നാട്ടില്‍ ഉത്സവകാലങ്ങളില്‍ മാത്രം കിട്ടിയിരുന്ന മധുരപലഹാരങ്ങള്‍ വാങ്ങിക്കൊണ്ടുവന്ന് ഞാന്‍ അവള്‍ക്കു സമ്മാനിക്കും. രസഗുളകള്‍, മിഷ്ടിദൊയി, സന്ദേശ്... കേണല്‍ സന്താനത്തോടൊപ്പം ജോലി തുടങ്ങിയിട്ട് അധികകാലമായിട്ടില്ല, എന്നാലും ഭേദപ്പെട്ട ശമ്പളമുണ്ടായിരുന്നു. കുറേക്കൂടി സമാധാനപൂര്‍ണമായൊരു ജീവിതത്തിലേക്കു പ്രവേശിക്കുകയായിരുന്നു ഞാന്‍. സൈന്യവുമായി ബന്ധപ്പെട്ട ചില ചിഹ്നസന്ദേശങ്ങള്‍ വിനിമയംചെയ്യുന്നതില്‍ അതിനകംതന്നെ എനിക്കു കുറേയൊക്കെ മുന്നേറാന്‍ സാധിച്ചിരുന്നു. അതേസമയം, സുമനയുടെ മൗനത്തിന്‍റെ ദുരൂഹതകള്‍ വായിച്ചെടുക്കാന്‍ എനിക്കു സാധിച്ചതേയില്ല.

ഞാനവളെ നഗരത്തിന്‍റെ കാഴ്ചകള്‍ കാണാന്‍ കൊണ്ടുപോയി. കാളീഘട്ടിലെ ക്ഷേത്രത്തിലേക്ക്. ദേവീശിൽപങ്ങളുണ്ടാക്കുന്ന കുമാര്‍തുളിയിലെ തെരുവുകളിലേക്ക്, ഉരുക്കുചങ്ങലകളില്‍ തൂങ്ങിനിൽക്കുന്ന ഹൂഗ്ലി നദിയിലെ പാലത്തിലേക്ക്, വിക്ടോറിയ മെമ്മോറിയല്‍, ഹൗറയിലെ സ്റ്റേഷന്‍, ജനനിബിഡമായ തെരുവുകള്‍, പൂജാസമയത്തെ പന്തലുകള്‍... വഴികള്‍, വാഹനങ്ങള്‍, വിളക്കുകള്‍... എല്ലാം അവളുടെ കണ്ണുകളില്‍ അർഥമില്ലാത്ത, ഭാഷയില്ലാത്ത ഒരു ചലച്ചിത്രംപോലെ നീങ്ങി. ദൂരെനിന്നും ആരുടെയോ വിരലുകള്‍കൊണ്ടു നിയന്ത്രിക്കുന്ന ഒരു നിഴല്‍പ്പാവ മാത്രമായിരുന്നു അവള്‍.

ഒന്നോ രണ്ടോ ആഴ്ചകള്‍ അങ്ങനെ കഴിഞ്ഞു. രണ്ട് അപരിചിതരെപ്പോലെ തുടരുകയായിരുന്നു ഞങ്ങള്‍. ഞാനാലോചിച്ചു: എന്തിനാണ് ഞാന്‍ മാറിനിൽക്കുന്നത്? ഒരൊറ്റ ആത്മാവുപോലെ ജീവിച്ച ഭൂതകാലം ഞങ്ങള്‍ക്കുണ്ടായിരുന്നില്ലേ? അവള്‍ എന്നോടൊപ്പമില്ലാതിരുന്നത് ഒരിടവേള മാത്രമായിരുന്നു. ഇത്രയും കാലം അവളോടൊപ്പം ഒരുമിച്ചു ചേരുക എന്നതായിരുന്നില്ലേ എന്‍റെ ലക്ഷ്യം? ഇപ്പോള്‍ അതില്‍നിന്നും മാറുന്നതെന്തിന്? പതുക്കെപ്പതുക്കെ ജീവിതത്തിന്‍റെ താളം കണ്ടെത്തണം.

അങ്ങനെ ആലോചിച്ചുകൊണ്ട് കുറച്ചു ദിവസങ്ങള്‍ കഴിഞ്ഞു. ഒരു അവധിദിവസം പകല്‍ ഞാന്‍ വീട്ടിലുണ്ടായിരുന്നു. കുറേ രാത്രികളുടെ ഉറക്കം തീര്‍ക്കുകയായിരുന്നു അവള്‍. നിശ്വാസത്തിന്‍റെ നേര്‍ത്ത ശബ്ദം. ഞാന്‍ അവളോടു ചേര്‍ന്നിരുന്നു. അവളുടെ മുടിയിഴകള്‍ തഴുകി. കനം​െവച്ചുതൂങ്ങിയ ആ കണ്ണുകളില്‍ പതിയെ ഉമ്മ ​െവച്ചു. അവള്‍ ഉണര്‍ന്നു, പക്ഷേ ഒന്നും പറഞ്ഞില്ല. അസാധാരണമായി ഒന്നും സംഭവിക്കാത്തതുപോലെ അങ്ങനെ കിടന്നു. സ്പര്‍ശനങ്ങള്‍ അറിയാത്തതുപോലെയായിരുന്നു അവളുടെ ഭാവം. കണ്‍പീലികള്‍പോലും അനങ്ങുന്നില്ല. എന്നിട്ടും എന്നിലെ പുരുഷന്‍ ഉണര്‍ന്നുവന്നു. അവളുടെ നഗ്നതയിലേക്ക് ഞാനിറങ്ങി.

അപ്പോഴും വലിയൊരു ശൂന്യതയിലേക്കു നോക്കിക്കിടക്കുകയായിരുന്നു, അവള്‍. വഴിതെറ്റി, ശീതപ്രദേശത്തുകൂടെ നീങ്ങുന്ന ഒരു സഞ്ചാരിയെപ്പോലെ എനിക്കപ്പോള്‍ തോന്നി. ആ കർമം ആവര്‍ത്തിച്ചുകൊണ്ടിരുന്നു. ഓരോ വേഴ്ചക്കു ശേഷവും ഞാന്‍ സ്വയം ശപിച്ചു. രതി എന്ന് ആ പ്രക്രിയയെ വിളിക്കാനാകുമായിരുന്നില്ല. നിസ്സംഗവും ശിലാസമാനവുമായ ഒരു പ്രതിഷ്ഠയില്‍ അര്‍പ്പിക്കുന്ന ഒരു പുരുഷന്‍റെ ആരതി. ജൈവികമായ ഒരു അനുഷ്ഠാനം. എന്താണ് അവളെ കീഴ്പ്പെടുത്തിയിരിക്കുന്ന ആ നിസ്സംഗതയുടെ കാരണം? വേരുകള്‍ നഷ്ടപ്പെട്ടുപോയതോ? ശ്യാമള്‍ദായുടെ തിരോധാനമായിരിക്കുമോ? അഥവാ, ധാക്കൂറിയയിലെ ക്യാമ്പില്‍ സംഭവിച്ച ലൈംഗികമായ ആക്രമണങ്ങള്‍? ഏതുമാവട്ടെ, ഉണങ്ങാത്ത വ്രണംപോലെ അതു നീറിനീറി നിൽക്കുന്നുണ്ട്.

അവളെ തിരിച്ചുകിട്ടിയല്ലോ എന്ന ആശ്വാസമായിരുന്നു, എനിക്ക്. അതില്‍ ഞാന്‍ സ്വകാര്യമായി സന്തോഷിച്ചു. പക്ഷേ, എന്‍റെ സ്വാർഥതയെക്കുറിച്ചു സ്വയം തിരിച്ചറിയുന്നതിനപ്പുറം അവള്‍ക്കൊരു പുതുജീവിതം സമ്മാനിക്കുന്നുവെന്നു ഭാവിക്കാന്‍ ഞാന്‍ പണിപ്പെട്ടു. മനുഷ്യര്‍ എപ്പോഴും സ്വയം ന്യായീകരിച്ചുകൊണ്ടിരിക്കുമല്ലോ. അങ്ങനെ സ്വയം കഴുകിവൃത്തിയാക്കാന്‍ പണിപ്പെടുമ്പോഴും മനസ്സിന്‍റെ വിദൂരമായ ചില കോണുകളില്‍നിന്നും സ്വയം മായ്ച്ചുകളയാന്‍ പ്രയത്നിക്കുന്ന ഏതൊക്കെയോ ക്ഷണികദൃശ്യങ്ങളുടെ മിന്നല്‍പ്പിണരുകള്‍ ചിലപ്പോഴെല്ലാം എന്നെയും വന്നുതൊടുമായിരുന്നു. അതിന്‍റെ പ്രകാശത്തില്‍ ഞാന്‍ നഗ്നനായി. ഓർമകളില്‍ ഇടിമുഴങ്ങി. ശരിതെറ്റുകളെക്കുറിച്ചുള്ള ഒരാപത്ചിന്ത എന്നെ ബാധിച്ചു. നിസ്സഹായമായ, അതേസമയം, എല്ലാം തിരിച്ചറിയുന്ന രണ്ടു കണ്ണുകളുടെ ഓർമ അപ്പോള്‍ എന്നെ വേട്ടയാടി. എനിക്കു ചുറ്റും മഴയുടെ വിതാനങ്ങള്‍... അതു ശമിക്കുന്നതേയില്ല. ഞാന്‍ ആടിയുലയുന്നു... ഒന്നുമില്ല, ഒന്നുമില്ല. ഞാന്‍ സ്വയം ആശ്വസിപ്പിക്കാന്‍ ശ്രമിച്ചു.

-ഞാന്‍ എന്തുചെയ്തു? സ്വയം ചോദിച്ചു. ഒന്നും ചെയ്തില്ലല്ലോ എന്നാശ്വസിക്കാന്‍ ശ്രമിച്ചു. എന്നാല്‍ അതല്ലേ എന്‍റെ വേദനക്ക് ആധാരം? ആ ഒരു കാര്യം, ഒരു നിമിഷംകൊണ്ടു ചെയ്യാവുന്ന ഒന്ന്. അതു ചെയ്തില്ല. ഉള്ളിന്നുള്ളില്‍ അതായിരുന്നു എന്‍റെ വേദനയും.

ഇങ്ങനെ ആത്മവിചാരണ ചെയ്യുമ്പോഴും പുറത്ത് എന്നെ സംബന്ധിച്ച് ആശ്വാസകരമായ മറ്റൊരു ജീവിതമുണ്ടായിരുന്നു. ചിഹ്നങ്ങളുടെയും ലിപികളുടെയും രഹസ്യജീവിതം. ഒപ്പം, അനുകമ്പയോടെ പെരുമാറുന്ന ഒരു മേലുദ്യോഗസ്ഥനുണ്ടായിരുന്നു. അദ്ദേഹത്തിന്‍റെ സഹായത്തോടെ ഗൂഢസന്ദേശങ്ങളുടെ ദുരൂഹസമസ്യകളില്‍ ഞാന്‍ മുഴുകി. ജോലിയുടെ ഭാഗമായി അദ്ദേഹത്തോടൊപ്പം കുറച്ചൊക്കെ യാത്രചെയ്യാനും സാധിച്ചു. ഈ സമയത്തെല്ലാം ആ വീട്ടില്‍ അവള്‍ ഒറ്റക്കായിരുന്നു. മറ്റെങ്ങും പോവാനില്ലാതെ... ഒരുപക്ഷേ, അവള്‍ കൂടുതല്‍ ആശ്വസിച്ചിരുന്നത് തന്‍റെ ഏകാന്തതയിലായിരുന്നു എന്നു തോന്നിയിട്ടുണ്ട്.

പുതുജീവിതം തുടങ്ങിയതിനുശേഷം ഏതാണ്ട് ഒരുമാസം കഴിഞ്ഞപ്പോൾതന്നെ കേണല്‍ സന്താനത്തിനോടൊപ്പം ഞാന്‍ കിഴക്കന്‍ ദേശങ്ങളിലേക്കു യാത്രചെയ്തു. ആദ്യമായി വിമാനത്തില്‍ കയറുകയായിരുന്നു. ജന്മദേശത്തിലെ വയലുകളെയും വിട്ടുപോന്ന നദിയെയും അന്വേഷിച്ചു. പക്ഷേ, കാഴ്ചകള്‍ക്കും ഉയരത്തിലായിരുന്നു വിമാനം. പച്ചപ്പിന്‍റെ ഒരു സൂചനപോലും കണ്ടില്ല. അപ്പോഴും ഞാന്‍ സുമനയെ ഓര്‍ത്തു. മുറിയില്‍ ഒറ്റക്ക് അവളിപ്പോള്‍ എന്തുചെയ്യുകയായിരിക്കും? അവളുടെ ഏകാന്തതയുടെ പദപ്രശ്നം ഇപ്പോഴും എന്നില്‍നിന്നും വഴുതിമാറുന്നു.

രണ്ടാഴ്ചത്തെ അസാന്നിധ്യത്തിനുശേഷം മടങ്ങിവന്നപ്പോള്‍ ഒരത്ഭുതമുണ്ടായി. മാസങ്ങള്‍ക്കുശേഷം ആദ്യമായി അന്ന് സുമനയെ പ്രസന്നതയോടെ കണ്ടു. അവള്‍ എന്നോടു പുഞ്ചിരിക്കുന്നു! അന്നത്തെ രാത്രിയില്‍ ആകാശത്തു നിറയെ നക്ഷത്രങ്ങള്‍ ഉണ്ടായിരുന്നു. ഞാന്‍ കൂടുതല്‍ സ്വാതന്ത്ര്യത്തോടെ സുമനയോടു ചേര്‍ന്നു കിടന്നു. അവളെ ഉമ്മ​െവച്ചു. ദേശാടനപ്പക്ഷികള്‍ നിരന്നുവന്നിരിക്കുന്ന വരമ്പുകളിലൂടെ നടന്നുപോകുന്ന കുട്ടികളായി ഞങ്ങള്‍ മാറി. അവ പറന്നുയരുമ്പോഴുള്ള ശബ്ദം ഞങ്ങളുടെ ഹൃദയമിടിപ്പുകളായിരുന്നു. അവളുടെ ശരീരത്തിലെ ശീതകാലം അവസാനിച്ചിരിക്കുന്നതായി ഞാനറിഞ്ഞു.

അവള്‍ വിലക്കി: ’’വേണ്ട. അധികം വികൃതി കാണിക്കേണ്ട.’’ ഞാന്‍ കളിമട്ടില്‍ അവളെ നോക്കി.

‘‘അറിയാമോ, എന്നോടൊപ്പം ഒരാള്‍ കൂടിയുണ്ട്.’’ ആദ്യം എനിക്കാ വാക്കുകള്‍ മനസ്സിലായില്ല. പിന്നെ അവ മനസ്സിലാക്കിയപ്പോള്‍ ആകാശരഥത്തില്‍ കയറിയതുപോലുള്ള ഒരു ആഹ്ലാദം എന്നെ ആവേശിച്ചു. ഞാന്‍ അവളോടു ചേര്‍ന്ന്, എന്നാല്‍ ആ ശരീരത്തില്‍ കൂട്ടുവന്ന അതിഥിക്ക് പോറല്‍പോലുമേല്‍ക്കരുതേ എന്ന സൂക്ഷ്മതയില്‍ ചേര്‍ന്നുകിടന്നു. അന്ന് ഒരു പക്ഷേ, വളരെ നാള്‍ക്കുശേഷം ആദ്യമായി അവള്‍ വളരെ ശാന്തയായി, എന്‍റെ കരവലയങ്ങളുടെ സുരക്ഷയില്‍ സുഖമായി ഉറങ്ങി.

എന്നാല്‍, അർധരാത്രി കഴിഞ്ഞപ്പോള്‍ ഒരു ദുഃസ്വപ്നം കണ്ട് ഞാനുണര്‍ന്നു. സുമന അപ്പോഴും നിദ്രയിലായിരുന്നു. പിന്നീട് എത്ര ശ്രമിച്ചിട്ടും എനിക്കുറങ്ങാന്‍ കഴിഞ്ഞില്ല. തലേ രാത്രിയിലെ ആഹ്ലാദത്തിന് അൽപം മാത്രമേ ആയുസ്സുണ്ടായിരുന്നുള്ളൂ എന്ന് എനിക്കു മനസ്സിലായി. ഞാന്‍ എഴുന്നേറ്റു. മുറിയിലെ ഒറ്റപ്പാളിമാത്രമുള്ള ജനവാതിലിലൂടെ പുറത്തെ ആകാശത്തേക്കു നോക്കിനിന്നു. സങ്കടംതന്നെ, നക്ഷത്രങ്ങളെല്ലാം മാഞ്ഞുപോയിരിക്കുന്നു. കെട്ടിടത്തിന്‍റെ താഴത്തെ മുറികളില്‍ ആരോ ചിലര്‍ ഉറങ്ങിയിട്ടില്ലെന്നു തോന്നുന്നു. വെളിച്ചം പുറത്തേക്കു വീഴുന്നുണ്ട്. ചിലപ്പോള്‍ സായന്തന്‍ സെന്‍ഗുപ്തയായിരിക്കണം. വിദേശത്ത് ഏതെങ്കിലും ക്രിക്കറ്റ് കളി നടക്കുകയാവണം. അങ്ങനെയുള്ളപ്പോള്‍ രാത്രികളിലും അയാള്‍ക്ക് ഉറങ്ങാതെ റേഡിയോ കേട്ടുകൊണ്ടിരിക്കുന്ന പതിവുണ്ട്.

മനസ്സ് അസ്വസ്ഥമാവുന്നത് എന്തിന്? ഞാന്‍ ചിന്തിച്ചു. മനസ്സിലാക്കാനാവാത്ത ഒരു ഭീതി എന്നെ ബാധിക്കുന്നു. എന്താണെന്നു തീര്‍ച്ചയില്ല. അങ്ങനെ നോക്കിനിൽക്കേ, വിചിത്രമായൊരു സന്ദേഹം എന്നില്‍ ഉണര്‍ന്നുവന്നു. അതുതന്നെ, ഞാന്‍ മനസ്സില്‍ കണക്കുകള്‍ കൂട്ടാന്‍ തുടങ്ങി. അപ്പോള്‍ എന്‍റെ ഭയം കൂടി.

–അതാവാം, അല്ലെന്നെങ്ങനെ ഉറപ്പിക്കും?

പിറ്റേന്നു കാലത്ത് പ്രാതലിനായി ഇരിക്കുമ്പോള്‍ സുമന ചോദിച്ചു: ‘‘ഗോപാല്‍, നിനക്കെന്തുപറ്റി? അസുഖം വല്ലതുമുണ്ടോ?’’ ഞാന്‍ നിഷേധിച്ചു തലയാട്ടി. അവള്‍ എന്‍റെ മനസ്സു വായിച്ചിരിക്കുന്നു. സ്ത്രീകള്‍ക്ക് എളുപ്പം ഒരാളുടെ അന്തര്‍ഗതങ്ങള്‍ മനസ്സിലാക്കാനാവും. ഞാന്‍ കുറച്ചുനേരം നിശ്ശബ്ദനായശേഷം അവളുടെ മുഖത്തേക്കു നോക്കിക്കൊണ്ട് പതിഞ്ഞ ശബ്ദത്തില്‍ ചോദിച്ചു: ‘‘സുമനാ, നമ്മള്‍ ജീവിതം തുടങ്ങിയിട്ടല്ലേയുള്ളൂ? നമ്മുടെ ചുറ്റുവട്ടങ്ങള്‍ ചെറുതാണ്. ഞാനാലോചിക്കുന്നത്...’’

ഞാനെന്താണ് പറയുന്നത് എന്നറിയാന്‍ അവള്‍ കൗതുകത്തോടെ എന്നെ നോക്കി. എനിക്കറിയാം, അവളുടെ കണ്ണുകളില്‍ അലിവാണുള്ളത്.

‘‘ഇത്തവണത്തേക്കെങ്കിലും...’’

‘‘ഇത്തവണത്തേക്കെങ്കിലും?’’

‘‘അതെ. ഇത്തവണ നമുക്കിത് വേണ്ടെന്നുവച്ചാലോ...’’

അപരിചിതമായതെന്തോ കേള്‍ക്കുന്ന മട്ടില്‍ അവള്‍ ഒരു നിമിഷം എന്നെ നോക്കി. അവളുടെ മുഖം വാടി, മുമ്പ് ക്യാമ്പില്‍നിന്നും വന്നതുമുതലുള്ള ഒരു വിഷമകാലത്തിലേക്ക് പൊടുന്നനെ ആ ശരീരം സംക്രമിക്കുന്നതുപോലെ എനിക്കു തോന്നി. ഞാന്‍ അവളുടെ നേര്‍ക്കു നോക്കാതെ മുഖം കുനിച്ചു.

‘‘ക്യാമ്പില്‍ ​െവച്ച് നീ ഒരുപാടു സഹിച്ചതല്ലേ? അതു ചെയ്തതാരൊക്കെയായാലും അവര്‍ കുറ്റവാളികളാണ്’’, ഞാന്‍ പറഞ്ഞു. ‘‘ഒരുപക്ഷേ, ഒരുപക്ഷേ...’’

ഇത്തവണ അവള്‍ എന്നെ നോക്കിയില്ല. മുഖംപൊത്തി നിലത്തിരുന്നു കരയാന്‍ തുടങ്ങി.

‘‘അതു ഞാന്‍ സാരമാക്കുന്നില്ല. അങ്ങനെ സംഭവിച്ചു... പക്ഷേ, ചിലപ്പോള്‍... അങ്ങനെയാണെങ്കില്‍ അവരുടെ ഭാരം നമ്മള്‍ ചുമക്കേണ്ടതെന്തിന്?’’

‘‘ഗോപാല്‍...’’

‘‘ഇപ്പോള്‍ ചെറിയ ചില കാര്യങ്ങള്‍കൊണ്ട് നമുക്കതു സാധിക്കും... ആശുപത്രിയില്‍ പോവുക മാത്രമേ വേണ്ടൂ... വേദനയോ ഒന്നും ഉണ്ടാവില്ല.’’ ഞാന്‍ സ്വരം താഴ്ത്തി.

‘‘ഞാന്‍... വരില്ല.’’ അവള്‍ നിസ്സംഗതയോടെ പറഞ്ഞു.

എന്താണ് പറയേണ്ടതെന്നറിയാതെ ഞാന്‍ കുഴങ്ങി. ആ സംശയം പക്ഷേ, മനസ്സില്‍ ഉറച്ചുപോയിരിക്കുന്നു.

പിറ്റേന്നും, അടുത്ത ദിവസങ്ങളിലുമെല്ലാം ഞാന്‍ അതുതന്നെ പറയാന്‍ പരിശ്രമിച്ചു. അവള്‍ നിശ്ശബ്ദയായി എന്നെ നോക്കുകമാത്രം ചെയ്തു. ഏതൊക്കെയോ ഭയജനകമായ ചിത്രങ്ങള്‍ അവള്‍ക്കുള്ളില്‍ രൂപമെടുക്കുന്നതായി എനിക്കു തോന്നി.

‘‘സുമനാ, നീ ശാന്തയായി ആലോചിക്കൂ... പാതിയെങ്കിലും അങ്ങനെയും സാധ്യതയില്ലേ? ഒരു കുറ്റവാളിയുടെ കുഞ്ഞ് നിനക്കുള്ളില്‍ വളരുന്നതെന്തിന്?’’

അപ്പോഴും അവള്‍ മുഖമുയര്‍ത്തിയില്ല.

‘‘ആ കുഞ്ഞ് എന്നെ അച്ഛന്‍ എന്നു വിളിക്കും... അതോര്‍ക്കുമ്പോള്‍...’’, ഞാന്‍ പറഞ്ഞു.

‘‘അപ്പോള്‍ അതാണ് നിന്‍റെ പ്രശ്നം അല്ലേ?’’ പെട്ടെന്ന് അവള്‍ ചോദിച്ചു, ‘‘എന്തിനാണ് ഇത്രയേറെ വളച്ചുകെട്ടുന്നത്?’’

ഞാന്‍ ചോദിച്ചു: ‘‘ഞാന്‍ പറഞ്ഞതു തെറ്റാണോ? ആ സാധ്യത നീ ആലോചിച്ചില്ലേ?’’

‘‘ഒന്നും തെറ്റല്ല, ഗോപാല്‍. ഓരോ വശത്തുനിന്നും നോക്കിയാല്‍ എല്ലാ ചെയ്തികളും ശരിയാണെന്നു തോന്നും.’’ അതീവ ശാന്തതയോടെ അവള്‍ പറഞ്ഞു.

‘‘പിന്നെ, ഞാന്‍ റേപ്പ് ചെയ്യപ്പെട്ടു. അല്ലേ? അതല്ലേ നീ പറഞ്ഞത്? ശരിയാണ്. അവരെ ഞാന്‍ എതിര്‍ത്തില്ല. ബഹളംവച്ചാല്‍, എതിര്‍ത്താല്‍ ഇല്ലാതാക്കുമായിരുന്നു. പക്ഷേ, മരണഭയംകൊണ്ടല്ല എതിര്‍ക്കാതിരുന്നത്. സത്യം. എന്‍റെ മരണം എന്നെ പേടിപ്പിക്കുന്നതേയില്ല, ഗോപാല്‍.’’

സുമന എന്നെ നോക്കിക്കൊണ്ട് ചോദിച്ചു: ‘‘പക്ഷേ, ഇപ്പോള്‍ എന്‍റെ ഉള്ളില്‍ വളരുന്ന കുഞ്ഞിനെ എനിക്കു കൊല്ലാന്‍ വയ്യ ഗോപാല്‍. അതെന്താണെന്ന് നീയെന്നോടു ചോദിക്കരുത്.’’

അവള്‍ക്ക് എന്നെ മനസ്സിലാക്കാനാവുന്നില്ലല്ലോ എന്ന വേദന എന്നില്‍ നിറഞ്ഞു.

അവള്‍ തുടര്‍ന്നു: ‘‘പിന്നെ, നീ പറയുന്നതെന്താണ്, ബലാല്‍ക്കാരം... അല്ലേ? ശരിയാണ്. ഒരു നിലയ്ക്കാലോചിച്ചാല്‍ ഇഷ്ടമില്ലാത്ത ലൈംഗികബന്ധങ്ങള്‍ എല്ലാം അതുതന്നെയല്ലേ? നീയും അതുതന്നെയല്ലേ എന്നോടു ചെയ്യുന്നത്?’’

ഞാന്‍ തളര്‍ന്നു. എന്നില്‍നിന്നും വാക്കുകള്‍ മാഞ്ഞുപോയി.

സുമനയുടെ മനസ്സ് അന്യമായിക്കഴിഞ്ഞതായി മുമ്പും എനിക്കു തോന്നിയിരുന്നു. എന്നാല്‍ അന്നുമുതല്‍ എന്നെന്നേക്കുമായി സുമനയുടെ ശരീരവും എന്നില്‍നിന്നും അകന്നുപോയി.

* * *

വിചാരിച്ചതിലും കുറച്ചു നേരത്തേയായിരുന്നു പ്രസവം. അതെന്നെ ദുഃഖിപ്പിച്ചു. എന്‍റെ ഊഹം ശരിയാണെന്നു വരുമോ? പക്ഷേ, ഞങ്ങള്‍ അക്കാര്യം പിന്നെ സംസാരിച്ചില്ല. കുഞ്ഞുണ്ടായതിനു ശേഷവും ഞങ്ങള്‍ രണ്ടു ദ്വീപുകളായിത്തന്നെ തുടര്‍ന്നു. സത്രത്തിലെ ഒരേ മുറിയില്‍ താമസിക്കാനിടം കിട്ടിയ രണ്ട് അപരിചിതസഞ്ചാരികളായി... അപൂര്‍വം വാക്കുകളില്‍ വിനിമയം ചെയ്ത്... പക്ഷേ, അവളെ വിട്ടുപോകാന്‍ എനിക്കു മനസ്സുവന്നില്ല. ബാല്യത്തിലെന്നതുപോലെ, എവിടെയോ ഞങ്ങളെ ഇണക്കുന്ന ചില കണ്ണികള്‍ ഇപ്പോഴും നിലനിൽക്കുന്നുണ്ട് എന്നതാവാം.

സുമന തന്നെ കണ്ടെത്തിയ പേരായിരുന്നു തപോമൊയ്. ‘‘തപോ എന്നു വിളിക്കാം’’, അവള്‍ പറഞ്ഞു. ഉത്തമനായ മനുഷ്യന്‍. എന്നാണ് അതിന്‍റെ അർഥം.

താഴത്തെ നിലയില്‍നിന്നുള്ള സ്ത്രീകള്‍ വന്നുപറയും: ‘‘മിടുക്കന്‍. അച്ഛന്‍റെ അതേ ഛായതന്നെ.’’ ആ വാക്കുകളില്‍ ഞാന്‍ ചൂളി. അവന് എന്‍റെ ഛായയാണോ? ഞാന്‍ ആ കുഞ്ഞുമുഖത്ത് എന്നെ അന്വേഷിച്ചു. ഉവ്വ്, ചിലപ്പോള്‍ അവന്‍റെ ചിരിയില്‍ ഞാന്‍ എന്നെത്തന്നെ കണ്ട് ആഹ്ലാദിക്കുമായിരുന്നു. പക്ഷേ, ക്ഷണികമായിരുന്നു ആ വിശ്വാസം. നിഷ്കളങ്കമായ ആ ചിരിക്കിടയില്‍നിന്നും മറ്റാരുടെയോ മുഖം എന്നെ ഉറ്റുനോക്കുന്നതായി ഞാന്‍ ഭയന്നു.

എന്‍റെ അസ്വസ്ഥത തീര്‍ച്ചയായും അവള്‍ ഊഹിച്ചിരുന്നു. ഒരിക്കല്‍ കുഞ്ഞിനെ കിടത്തിയ തൊട്ടിലിലേക്കു നോക്കിക്കൊണ്ടു കിടക്കുമ്പോള്‍ സുമന പറഞ്ഞു. ‘‘ഗോപാല്‍, നീയിപ്പോള്‍ എന്താണ് ആലോചിക്കുന്നതെന്ന് എനിക്കറിയാം. എനിക്ക് അതെല്ലാം മനസ്സിലാവും. എന്നാല്‍, നിന്നോട് ഞാനൊരു കാര്യം പറയട്ടേ? എന്‍റെ വിധിയില്‍ ഞാന്‍ ആരേയും കുറ്റപ്പെടുത്തുന്നില്ല. ആരെങ്കിലും എന്നെ ഉപദ്രവിച്ചിട്ടുണ്ട് എന്നുണ്ടെങ്കില്‍ അതു ദൈവമാണ്. ദൈവം മാത്രം.’’

‘‘ക്യാമ്പില്‍ നിന്നെ ഉപദ്രവിച്ചത് ദൈവമല്ല’’, ഞാന്‍ പറഞ്ഞു.

 

‘‘എവിടെവച്ച് എന്നുള്ളതു പ്രസക്തമല്ല’’, അവള്‍ തുടര്‍ന്നു. ‘‘പക്ഷേ, ജീവിതത്തില്‍ സത്യമായും എന്നെ ഉപദ്രവിച്ചത് ദൈവമാണ് ഗോപാല്‍. വേറാരുമല്ല. അതുകൊണ്ട് എന്‍റെ കുഞ്ഞിന് ദൈവത്തിന്‍റെ ഛായയാണ്.’’ ഞാന്‍ ഒന്നും പറഞ്ഞില്ല.

അരികില്‍ തുണികൊണ്ടുകെട്ടിയ തൊട്ടിലില്‍ കുഞ്ഞ് ഉറങ്ങുന്നു. അവന്‍ ഉണരാതിരിക്കാന്‍ തീരെ പതിഞ്ഞ ശബ്ദത്തിലാണ് അവള്‍ സംസാരിച്ചുകൊണ്ടിരുന്നത്. ഉറങ്ങുന്ന കുഞ്ഞിന്‍റെ മുഖത്തേക്കു സൂക്ഷിച്ചു നോക്കിയശേഷം സുമന പറഞ്ഞു: ‘‘അവന്‍ ജനിച്ചപ്പോഴേ അതെനിക്കു മനസ്സിലായി, എന്നെ ഉപേക്ഷിച്ച, ഉപദ്രവിച്ച ദൈവത്തിന്‍റെ ഛായയാണ് അവനെന്ന്.’’

അവള്‍ ചിരിച്ചു. തളര്‍ന്ന ചിരി. പിന്നെ എന്‍റെ നേര്‍ക്കു നോക്കിക്കൊണ്ടു ചോദിച്ചു: ‘‘എന്താണ് അതിന്‍റെ കാരണം എന്നു നിനക്കറിയാമോ?’’ ഏതോ ഗൂഢരഹസ്യം കേള്‍ക്കാനെന്നതുപോലെ ഞാന്‍ അവളുടെ മുഖത്തേക്കു നോക്കി.

‘‘കുട്ടികള്‍ ദൈവത്തിന്‍റേതാണ്’’, അവള്‍ പറഞ്ഞു, ‘‘എല്ലാ കുട്ടികളും...’’

ഗോപാല്‍ ബറുവ ഡയറിയില്‍ തന്‍റെ ചിഹ്നഭാഷയില്‍ ആ വാക്കുകള്‍ പകര്‍ത്തി​െവച്ചിരിക്കുന്നു.

Children belong to God.‘കുട്ടികള്‍ ദൈവത്തിന്‍റേതാണ്.’’

–രണ്ടു വാക്കുകള്‍, രണ്ടു നക്ഷത്രങ്ങള്‍.

(തുടരും)

News Summary - weekly novel