അമരകോശം
1. പൈവഇനിയങ്ങോട്ട് കുത്തനെയുള്ള മൺപാതയാണ്. കാഴ്ചയിൽ മാത്രമാണ് അതങ്ങനെയെന്ന് പൈവക്കറിയാം. ജലമൊഴുകിയുണ്ടായ വഴിയാണ്. നിറയെ ഗർത്തങ്ങളാണ്. അവിടേക്ക് പോലീസ് ജീപ്പ് കയറുമ്പോൾ, എന്തോ മഹാകാര്യം ചെയ്യാൻ പോകുന്നപോലെ ഡ്രൈവർ സജ്ജനായി, ഒന്നു പിന്നിലേക്ക് ഞെളിഞ്ഞിരുന്നു. ചിരപരിചിതമായ വഴിയായതു കൊണ്ടുതന്നെ പൈവക്ക് ഭാവമാറ്റമൊന്നുമുണ്ടായില്ല. പൈവക്ക് മാത്രമല്ല ഒപ്പമുണ്ടായിരുന്ന ഹെഡ്കോൺസ്റ്റബിൾ ടൈറ്റസിനും. പൈവക്ക് ഇപ്പോൾ 70 വയസ്സായി. അവർക്ക് ഓർമ െവച്ച...
Your Subscription Supports Independent Journalism
View Plans1. പൈവ
ഇനിയങ്ങോട്ട് കുത്തനെയുള്ള മൺപാതയാണ്. കാഴ്ചയിൽ മാത്രമാണ് അതങ്ങനെയെന്ന് പൈവക്കറിയാം. ജലമൊഴുകിയുണ്ടായ വഴിയാണ്. നിറയെ ഗർത്തങ്ങളാണ്. അവിടേക്ക് പോലീസ് ജീപ്പ് കയറുമ്പോൾ, എന്തോ മഹാകാര്യം ചെയ്യാൻ പോകുന്നപോലെ ഡ്രൈവർ സജ്ജനായി, ഒന്നു പിന്നിലേക്ക് ഞെളിഞ്ഞിരുന്നു. ചിരപരിചിതമായ വഴിയായതു കൊണ്ടുതന്നെ പൈവക്ക് ഭാവമാറ്റമൊന്നുമുണ്ടായില്ല. പൈവക്ക് മാത്രമല്ല ഒപ്പമുണ്ടായിരുന്ന ഹെഡ്കോൺസ്റ്റബിൾ ടൈറ്റസിനും.
പൈവക്ക് ഇപ്പോൾ 70 വയസ്സായി. അവർക്ക് ഓർമ െവച്ച കാലം മുതൽക്കേ ഈ വഴി ഇങ്ങനെയാണ്. സമതലമാർന്ന തന്റെ ഗ്രാമം. അവിടെനിന്നും ഓടിയെത്താൻ ദൂരത്തിൽ ഈ കുന്നിൻചുവട്. കുന്നിനാകട്ടെ ആകാശത്തോളം പൊക്കവും. എന്നെങ്കിലുമൊരിക്കൽ ഇതു കയറാൻ കഴിയുമെന്ന് കുട്ടിക്കാലത്ത് വിചാരിച്ചിരുന്നില്ല. പക്ഷേ ഇപ്പോൾ കുന്നുകയറ്റം പൈവക്ക് ചെയ്തു പഴകിയ ഒരു ശീലമായി. ഈയടുത്ത വർഷങ്ങളിൽ എത്ര തവണയാണ് പോലീസ് ജീപ്പിൽ കുന്നുകയറിയത്!
ഈ കുന്നിന്റെ മറുവശം എവിടെയാണെന്ന് ഇന്നുമാർക്കും അറിയില്ല. കുന്നിന്റെ മുകളിലേക്ക് കയറിപ്പോയി മടങ്ങിവരാത്തവരെല്ലാം എങ്ങോട്ടേക്കാണ് പോകുന്നത്? പോകുന്നവരെ കണ്ടെത്താൻ കഴിയാതെ വരുമ്പോൾ എപ്പോഴും സംശയമുന ഗ്രാമത്തിലുള്ളവർക്കു നേരെ മാത്രം നീളുന്നത് എന്താണ്? അതോർത്തപ്പോൾ മാത്രം പൈവക്ക് അമർഷം തോന്നി.
പോലീസ് സ്റ്റേഷനിൽനിന്നും അന്വേഷണം വരുമ്പോൾ പൈവ കുട്ടികൾക്കൊപ്പം ചിലവഴിക്കുകയായിരുന്നു. പൈവയുടെ ഗ്രാമത്തിൽ തേവുവിന്റെ ഫോണിൽ മാത്രമേ വിളിച്ചാൽ കിട്ടുകയുള്ളൂ. അവന്റെ വീട് ഗ്രാമത്തിന്റെ പടിഞ്ഞാറേ ദിശയിലാണ്. അവിടെ ഒരു പ്രത്യേക ഇടത്തു പോയി നിന്നാൽ ഫോണിലൂടെ പറയുന്നത് വ്യക്തമായി കേൾക്കാം. അതുകൊണ്ടുതന്നെ കുറ്റവാളിയല്ലെങ്കിലും തേവുവിന്റെ നമ്പർ പോലീസ് സ്റ്റേഷനിലെ ബോർഡിൽ ഒരു കടലാസിൽ എഴുതിയൊട്ടിച്ചിരുന്നു.
എപ്പോഴും ഗ്രാമത്തിലേക്ക് വിളിക്കേണ്ട ആവശ്യം വരുമ്പോൾ അനേകം കടലാസുകൾക്കിടയിൽ തിരയാതെ തന്നെ പോലീസുകാർ അവന്റെ നമ്പർ കണ്ടെത്തിയിരുന്നു. കണ്ണുകൾ കൃത്യമായി അതിൽ തറഞ്ഞിരുന്നു എന്നു പറയുന്നതാവും കൂടുതൽ ശരി. ഹൃദയത്തിൽ മുറിപ്പാട് വീഴ്ത്തുന്നവിധം ഗ്രാമത്തെക്കുറിച്ച് കേട്ട ശേഷമാണ് ഓരോ പോലീസുകാരനും ആ സ്റ്റേഷനിൽ ജോലിക്ക് എത്തിയിരുന്നത്. അവിടെ സേവനം നടത്തുമ്പോൾ എല്ലാം പ്രശ്നങ്ങൾക്ക് എന്തെങ്കിലുമൊരു പരിഹാരം കാണണം എന്നുണ്ടാകും. പക്ഷേ ആർക്കും അതിനു സാധിച്ചിരുന്നില്ല. മിക്കവരും മടങ്ങിപ്പോകുക ആ ഗ്രാമത്തിലേക്ക് വിളിക്കാനുള്ള നമ്പർ ഹൃദിസ്ഥമാക്കിക്കൊണ്ട് മാത്രമാകും.
സ്റ്റേഷനിൽനിന്ന് വിളി വന്നാൽ തേവുവിനറിയാം, അതു മിക്കവാറും പൈവക്കയെ അന്വേഷിച്ചുള്ളതാണ്. അതുമല്ലെങ്കിൽ എന്തെങ്കിലും പ്രത്യേക ലക്ഷണങ്ങളോ വേഷങ്ങളോ ഉള്ളവരെ ഗ്രാമത്തിലെങ്ങാനും കണ്ടോ എന്നന്വേഷിക്കാൻ. അങ്ങനെയാരെയും, അവൻ ഓർമെവച്ച നാൾ മുതൽ കണ്ടിട്ടില്ല. പിന്നെന്തിനാണ് ഇടക്കിടെ ഇങ്ങനെയൊരു ചോദ്യം? എന്തായാലും ഇക്കുറി അവർ വിളിച്ചത് പൈവക്കയെ അന്വേഷിച്ചാണ്.
ഈ നേരങ്ങളിൽ അവർ എവിടെയാണുണ്ടാവുക എന്ന് ഗ്രാമത്തിലെ എല്ലാവർക്കുമറിയാം. ഒരു കൂട്ടം കുട്ടികൾക്കു നടുവിൽ, അവർക്കു പാഠങ്ങൾ പകർന്നുനൽകിക്കൊണ്ട്. എന്നു െവച്ചാൽ, പുസ്തകം നിവർത്തിെവച്ചുള്ള അധ്യാപനം മാത്രമല്ല. കളിചിരികളും തമാശകളും എല്ലാം പൈവക്കക്ക് പാഠങ്ങളാണ്. അതുകൂടിയുണ്ടെങ്കിലല്ലേ മനുഷ്യന് ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ പറ്റൂവെന്ന് അക്ക പറയും. ഇടക്കിടെ കുന്നിലേക്ക് കുട്ടികളുമായി അവർ പോകാറുണ്ട്, അതും വൈകുന്നേരങ്ങളിൽ. ശാന്തതയിൽനിന്നും വന്യതയിലേക്ക് ആ കാട് വളരുന്നത് കുട്ടികളെ കാട്ടിക്കൊടുക്കുക കൂടിയാണ് അക്കയുടെ ലക്ഷ്യം.
തേവു ചെല്ലുമ്പോൾ, അക്കയും കുട്ടികളും ചേർന്ന് തലേന്ന് കഴിച്ച മാമ്പഴത്തിന്റെ വിത്ത് തറയിൽ കുഴിച്ചുവെക്കുകയാണ്. മൺവെട്ടിയും വെള്ളക്കുടവും ഒക്കെയായി കുട്ടികൾ ചുറ്റുമുണ്ട്. ഒരുകുട്ടി ചെറിയ ഒരു കുന്താലികൊണ്ട് മണ്ണിളക്കുകയാണ്. ആ കുത്ത് തറയിൽ ഏശാതെ വരുമ്പോൾ മറ്റൊരു കുട്ടി മണ്ണിലേക്ക് വെള്ളം ഒഴിച്ചുകൊടുക്കുന്നുണ്ട്.
“അക്കാ, സ്റ്റേഷനിൽനിന്ന് വിളിച്ചു.”
അവൻ ഉറക്കെ പറഞ്ഞു. കുറച്ചു നേരം നിൽക്കാൻ പൈവ ആംഗ്യം കാട്ടി.
നടീൽ കഴിഞ്ഞയുടൻ ഒരു കുട്ടി, ‘ഇവിടെ ചവിട്ടരുത്’ എന്നൊരു ചെറിയ ബോർഡ് കൂടി കൊണ്ടുെവച്ചു. ഏതോ കാർഡ് ബോർഡ് പെട്ടിയുടെ വെട്ടിയെടുത്ത ഭാഗത്ത് കടലാസ് കൊണ്ടൊട്ടിച്ച് ഒരു മുളങ്കമ്പിൽ കോർത്ത് തയാറാക്കിയ ബോർഡ്. അതുറപ്പിച്ചു കഴിഞ്ഞതും എല്ലാവരും കൈയടിച്ചു. പൈവ ഇടുപ്പിലേക്ക് സാരിത്തുമ്പ് ചെരുവി െവച്ചു. കൈകൾ മുന്നിലേക്ക് നീട്ടി. മിട്ടു എന്ന പെൺകുട്ടി കുടത്തിലെ വെള്ളം കൈകളിലേക്ക് ഒഴിച്ചു. കുട്ടികൾക്ക് കൈ കഴുകുന്നത് എങ്ങനെയെന്നു കാണിക്കാൻ പൈവ ഒരു പാട്ടുപാടിക്കൊടുത്തു.
അഞ്ച് വിരലുകൾ കോർത്തു വക്കാം
പിന്നെയവയെ പിരിക്കാൻ നോക്കാം
എങ്ങനെ?
കറക്കി കറക്കി കറക്കി...
തേവു അതു ചിരിയോടെ നോക്കിനിന്നു. കുട്ടികളിൽ ചിലരുടെ മുഖം മ്ലാനമാണ്. അവരുടെ പൈവക്ക പോലീസിനൊപ്പം പോകുകയാണ്. ഇനി എപ്പോഴാണോ വരിക? വികൃതി കാട്ടി, തല്ലു കിട്ടുമ്പോളെല്ലാം അവരുടെ അടുത്തേക്ക് അക്ക ഓടിവരും. അച്ഛനെയും അമ്മയെയും ശകാരിക്കും. ഇനി കുറച്ചു നേരത്തേക്ക് അതുണ്ടാകില്ല. പോകുന്നത് പോലീസിന്റെ കൂടെയാണ്. അക്കക്ക് പോലീസിനെ ഭയമില്ലേ എന്നാവാം കുട്ടികൾ ചിന്തിക്കുന്നത്.
അക്ക പോലീസിന്റെ കൂടെ പോകുന്നുവെന്നത്, മിട്ടുവിന് അത്ര പുതുമയുള്ള കാര്യമല്ല. അവളാണ് കുട്ടികളുടെ കൂട്ടത്തിൽ ഏറ്റവും മുതിർന്നവൾ. എന്നാലും, അക്ക എപ്പോൾ മടങ്ങിവരുമെന്ന് ഓർത്ത് അവൾക്കും ചെറിയൊരാധി കയറി.
“അപ്പോൾ പറഞ്ഞതൊക്കെ ഓർമയുണ്ടല്ലോ...’’ പൈവ ചോദിച്ചു
“ഉണ്ട്...’’ കുട്ടികൾ ഒരുമിച്ചു തലയാട്ടി.
“എല്ലാരും, ഞാൻ പറഞ്ഞേൽപ്പിച്ച കാര്യങ്ങൾ കൃത്യമായി ചെയ്യണം. ഞാൻ വന്ന ശേഷം നോക്കും.’’
എല്ലാവരും സമ്മതം മൂളി.
കുഞ്ഞുങ്ങൾക്കൊപ്പമുള്ള ഈ നല്ലനേരത്തിനു ശേഷം, ഇനിയൽപം ദീർഘമായ യാത്രയാണ് എന്ന് പൈവക്ക് അറിയാം. ഏതാണ്ട് ഉൾവനംവരെ ആയിരിക്കും. അവിടെ ഒരു മൃതദേഹമുണ്ടാകും.
“അക്കയ്ക്ക് പോലീസിനെ പേടിയില്ലേ?’’
പോകാൻ നേരം ഒരു ചെറിയ പെൺകുട്ടി ചോദിച്ചു.
പൈവ ചിരിച്ചു.
“അവരുടെ കൂടെ പോകാതെ... അവർ മോശക്കാരാണ്.”
കൂട്ടത്തിൽ വേറൊരുത്തൻ വിളിച്ചു പറഞ്ഞു.
അപ്പോഴും പൈവക്ക് ചിരിവന്നു. കുട്ടികൾ എത്ര വേഗമാണ് കാര്യങ്ങൾ മനസ്സിലാക്കുന്നത്!
“എന്ത് മോശം കാര്യമാണ് നിനക്ക് അവരെക്കുറിച്ച് അറിയാവുന്നത്?” പൈവ ഒന്ന് തിരിഞ്ഞുനോക്കി ചോദിച്ചു.
“അതോ... അതോ”, അവൻ പറഞ്ഞു.
പറയാൻ പൈവ ധൈര്യം കൊടുത്തു.
“അവരാണ് അണ്ണലാരെ കൊന്നത്.”
“അണ്ണലാരെ കൊന്നു എന്ന് ആരാ പറഞ്ഞത്?’’
“അണ്ണലാരെ കാണാതായില്ലേ?” അവൻ ചോദിച്ചു.
“കാണാതായവരെല്ലാം മരിച്ചു പോവുകയാണോ?”
“മരിച്ചു പോകുന്നവരെ നമ്മൾ പിന്നെ കാണുന്നില്ലല്ലോ...”
നീ കൊള്ളാമല്ലോ എന്ന മട്ടിൽ പൈവ അവന്റെ അടുത്തേക്ക് ചെന്നു കവിളിൽ തലോടി.
“പേടിക്കണ്ട. അക്കക്ക് പോലീസിനെ പേടിയില്ല. അവർക്ക് അക്കയെ പേടിയാണ്.”
ഒന്നു നിർത്തിയശേഷം പൈവ തുടർന്നു.
“എത്രയോ കാലമായി അക്ക അവരെ കാണുന്നു. ഒരേ കാര്യത്തിന് അവർക്കൊപ്പം യാത്രചെയ്യുന്നു. പക്ഷേ ഇതുവരെ പോയ കാര്യം അവർ വിചാരിച്ചപോലെ നടന്നിട്ടില്ല. ഇനി നടക്കാനും പോകുന്നില്ല. അക്ക വേഗം വരും.’’
അത്രയും പറഞ്ഞ്, പൈവ തേവുവിന്റെ വീട് ലക്ഷ്യമാക്കി നടന്നു.
അവിടെ എത്തിയപ്പോഴേക്കും പോലീസ് വണ്ടിയുമെത്തി. പതിവുപോലെ ടൈറ്റസ് തന്നെയാണ് വന്നത്. ഡ്രൈവർ പുതിയ ആളാണ്. തേവു മികച്ച ആതിഥേയനായി. മോരും മുളകും കലക്കിയ വെള്ളം കൊടുത്തു. പരിഭ്രമംകൊണ്ടാകും ആ ഡ്രൈവർ അതു കുടിച്ചതുമില്ല. ക്ഷീണം ഒന്നാറിയപ്പോൾ ടൈറ്റസ് ചോദിച്ചു.
“പൂവാം, ഒരുപാട് വൈകണ്ട, തിരിച്ചെത്താൻ പാടാകും.”
പൈവ മുൻ സീറ്റിലേക്ക് ഇരുന്നു. ടൈറ്റസ് പിന്നിൽ കയറി. തേവു ആ യാത്ര നോക്കി. പൈവയെയുംകൊണ്ട് ഇങ്ങനെ കാടിനുള്ളിലേക്ക് പുറപ്പെടുമ്പോൾ ആ ജീപ്പിനു കരയുന്ന മുഖമാണെന്ന് എപ്പോഴും അവന് തോന്നാറുണ്ട്. പക്ഷേ ഉള്ളിലിരിക്കുന്ന പൈവ ഒരിക്കൽപോലും കരയുകയോ അസ്വസ്ഥയാവുകയോ ചെയ്യുന്നത് കണ്ടിട്ടില്ല. അവർക്കുള്ളിലുള്ള വിശ്വാസം മുഖത്ത് തെളിഞ്ഞു കാണാം.
തേവു തിരികെ വീടിനുള്ളിലേക്ക് നടന്നു.
ഒരു ചങ്ങല വലിച്ചെടുക്കുന്ന ശബ്ദത്തോടെ ആ ജീപ്പ് സ്റ്റാർട്ടായി. കല്ലുപാകിയ വഴികൾ കടന്ന് അത് കുന്നിന്റെ ചരുവിലെത്തി. ആകാശത്തോളം പോകുന്ന കയറ്റം കയറാൻ എന്നവണ്ണം ഒരു നിമിഷം ഒന്ന് കിതച്ചുനിന്നു. ആ കിതപ്പ് ജീപ്പിന്റേത് മാത്രമായിരുന്നില്ല, പുതിയ ഡ്രൈവറുടേത് കൂടിയായിരുന്നു. കുന്നിന്റെ പൊക്കം അളക്കാനെന്നപോലെ അയാൾ ജീപ്പിന്റെ ചില്ലിലൂടെ ആകാശത്തേക്ക് നോക്കി.
“പോട്ടെ പോട്ടെ.’’ ടൈറ്റസ് അയാളെ ധൃതിപ്പെടുത്തി.
വണ്ടിയുടെ ‘ഹനുമാൻ ഗിയർ’ തട്ടിയിട്ടു, പതുക്കെ ഉലഞ്ഞുലഞ്ഞ് ജീപ്പ് മൺപാത കയറാൻ തുടങ്ങി.
കുന്നുകയറുന്ന ഈ ഉലക്കത്തിൽ ടൈറ്റസിന്റെ വയറിന് അസ്വസ്ഥത ഉണ്ടാകുക പതിവാണ്. അതിൽനിന്നും ശ്രദ്ധ മാറ്റാൻ അയാൾ പൈവയോട് സംസാരിക്കുകയാണ് ചെയ്യുക.
“ഒരു പ്രായമായ കിളവനാണ്. ഒരു പത്ത് മുപ്പത് ദിവസത്തെ പഴക്കം കാണും.”
കിളവനെന്ന പ്രയോഗം അത്ര രസിക്കാത്ത പോലെ പൈവ ടൈറ്റസിനെ നോക്കി. അപ്പോൾ രംഗം തണുപ്പിക്കാനായി അയാൾ പറഞ്ഞു.
“അല്ല, നമുക്കെല്ലാം അറിയാം അണ്ണലാർ അല്ലെന്ന്. പക്ഷേ എന്തെങ്കിലും ഒരു തീരുമാനം ഉണ്ടായാൽ, നമുക്ക് ആ കേസ് അങ്ങ് ക്ലോസ് ചെയ്യാമല്ലോ...”
പിന്നിലിരുന്ന് ടൈറ്റസ് പറഞ്ഞു. ചുമൽ പകുതി ചരിച്ചുകൊണ്ട് പൈവ ചോദിച്ചു
“അതെങ്ങനെ തീരും? എല്ലാത്തിനും പരിഹാരം വേണ്ടേ?’’
കൂടുതൽ സംസാരിച്ചാൽ തർക്കങ്ങളിലേക്കാണ് പോവുക എന്ന് ടൈറ്റസിനറിയാം. അന്നേരം, കുറച്ചുനാൾ മുമ്പ് പണിമുടക്കിയ തന്റെ ഹൃദയം, അതിലിരിക്കുന്ന വാൽവ്, എല്ലാം അയാളുടെ ശ്രദ്ധയിലേക്ക് വന്നു. പതിയെപ്പതിയെ ശ്വാസം വിടാൻ തുടങ്ങി. നെഞ്ച് വേദനിക്കുന്നുണ്ടോ എന്നു തടവിനോക്കി.
ഉച്ചകഴിഞ്ഞപ്പോഴേക്കും ജീപ്പ് കുന്നിന്റെ പകുതിയെത്തി. മരമേലാപ്പിന്റെ തണുപ്പ് എല്ലാത്തിനെയും ശാന്തമാക്കിയപോലെ. മൃതദേഹമുള്ള സ്ഥലം എത്താറായി എന്ന് പൈവക്ക് പെട്ടെന്ന് മനസ്സിലാകും. അത്രമാത്രം ദുർഗന്ധം വരും. മരിച്ചവർ മനുഷ്യനെ അടുത്തേക്ക് വിളിക്കുക ഗന്ധംകൊണ്ടാണെന്ന് പൈവക്കറിയാം.
അവിടെ രണ്ട് വനംവകുപ്പ് ഉദ്യോഗസ്ഥർ നിൽപ്പുണ്ട്. പൈവക്ക് കണ്ടു പരിചയമുള്ളവരാണ്. ഇടക്കിടക്ക് ഗ്രാമത്തിലെ പാതയോരത്ത് അവർ വിശ്രമിക്കുന്നതും കുട്ടികളോട് സംസാരിക്കുന്നതും കാണാം. ചിലപ്പോഴൊക്കെ കാട്ടുപഴങ്ങൾ കുട്ടികൾക്ക് നൽകുകയും ചെയ്യും. അവരിൽ ഒരാളാണ് മൃതദേഹം ചൂണ്ടിക്കാണിച്ചത്. ഒരു ഞാറമരത്തിന്റെ കൊമ്പിൽനിന്ന് തൂങ്ങിത്തൂങ്ങി താഴേക്ക് എത്താറായ ഒരു പുരുഷൻ. അതിൽനിന്നും മാംസം അടർന്നുവീഴുന്നുണ്ട്.
അരോചകമായ ശബ്ദത്തോടെ വണ്ടുകൾ കറങ്ങുന്നു. ഇതെല്ലാം തന്നെ പ്രതീക്ഷിച്ചാണ് പൈവ വന്നത്. അടുത്തേക്കു ചെന്നു. തന്റെ കൺനിരപ്പിൽ വന്നു നിൽക്കുന്ന, മൃതദേഹത്തിന്റെ കാലിലേക്ക് പാളിനോക്കി. പിന്നെയതിനെ വിശദമായി പരിശോധിക്കുന്നതുപോലെ കുറച്ചു നേരം നിന്നു. മുഖം വ്യക്തമല്ല. കഴുത്തുമുറുക്കിയപ്പോൾ പുറത്തേക്കു തുറിച്ചുചാടിയ കണ്ണുകൾ എപ്പോഴോ അതിൽനിന്നും അടർന്നുപോയിരിക്കുന്നു. അവിടെ വലിയൊരു കുഴി. അതിൽനിന്നൊരു പുഴു പുളച്ചു, ദേഹമാകെ ചുവന്ന മോതിരവലയം ഉള്ളത്. ആ ചുവപ്പിന്റെ സൗന്ദര്യത്തിൽ പൈവയുടെ കാഴ്ച ആദ്യം തങ്ങിനിന്നു. പിന്നെയതൊരു മൃതദേഹമാണല്ലോ എന്നോർത്തു.
ടൈറ്റസ് പൈവയെ തുറിച്ചുനോക്കി. ഭാവവ്യത്യാസങ്ങൾ പരിശോധിക്കുകയായിരുന്നു. താൻ കരുതുന്ന മറുപടി ഉടൻ വരുമെന്ന് കാത്തിരുന്നു.
“അല്ല.’’
അത്രയും പറഞ്ഞശേഷം പൈവ തിരികെ ജീപ്പിലേക്ക് നടന്നു. വേഗം തന്നെ തിരികേപ്പോകാമല്ലോ എന്ന ആവേശത്തിൽ ഡ്രൈവറും ഒപ്പം ചേർന്നു; എന്തൊരു നശിച്ച സ്ഥലമാണിതെന്ന് ഓർത്തുകൊണ്ട്.
മനസ്സിൽ ഒരു തെറി പറഞ്ഞുകൊണ്ട് ടൈറ്റസ് അവരെ അനുഗമിച്ചു. മൺപാത തിരിച്ചിറങ്ങുമ്പോൾ ജീപ്പിനു വേഗം നന്നേ കുറഞ്ഞതായി ടൈറ്റസിനു തോന്നി. കോട ഇറങ്ങാൻ തുടങ്ങിയിരിക്കുന്നു. ജീപ്പിന്റെ പിന്നിലൂടെ നോക്കിയാൽ കാണുന്നത് കോടയോ ആകാശമോ എന്നയാൾക്ക് സംശയമായി. അയാൾ പിന്നിലേക്ക് നീങ്ങിയിരുന്നു പിറുപിറുക്കാൻ തുടങ്ങി.
“ഇനിയും എത്രകാലം ഇതിന്റെ പിന്നാലെ ഇങ്ങനെ നടക്കും? ഇതുങ്ങളെയെല്ലാം പിടിച്ച് നല്ല ഇടികൊടുത്തു ചോദ്യംചെയ്താൽ ചിലപ്പോൾ സത്യം പറയും. അയാൾ... ആ കിളവൻ അണ്ണലാർ എവിടെയാണെന്ന്. ചത്തെന്നു ഒന്നു പറഞ്ഞു കിട്ടിയാൽ മതി. കേസ് ക്ലോസ്ഡ്.’’
അയാൾ പിറുപിറുക്കുന്നത് എന്താണെന്ന് അറിയാമെന്ന ഭാവത്തിൽ പൈവ പെട്ടെന്ന് തിരിഞ്ഞുനോക്കി. ടൈറ്റസ് ഒരു മൂളിപ്പാട്ടിലേക്ക് സംഭാഷണം വഴിതിരിച്ചു.
സ്റ്റേഷനിൽനിന്നിങ്ങുമ്പോൾ ടൈറ്റസ് പറഞ്ഞ കാര്യങ്ങൾ ഡ്രൈവർ ഓർത്തെടുത്തു.
“കാണാതായി എന്നത് കളവ് തന്നെയാണ്. അയാളെ ഗ്രാമത്തിൽ പലരും കണ്ടിട്ടുണ്ട്. ഇരുട്ടിന്റെ മറപറ്റി അയാളാ ഗ്രാമത്തിലൂടെ റോന്ത് ചുറ്റാറുണ്ട്. ഗ്രാമത്തിലെ തന്നെ ചില പുരുഷന്മാർ അയാളുടെ അനുയായികളാണ്. അവിടെനിന്നു പുറത്തേക്ക് ജോലിക്ക് പോയവർ അയാളെ പണമയച്ച് സഹായിക്കുന്നുമുണ്ട്. അപ്പോൾ അയാൾ എവിടെയാണ് ഉള്ളതെന്ന് അവറ്റകൾക്ക് അറിയാം. പറയാത്തതാണ്.”
“അതിനാരെങ്കിലും കണ്ടിട്ടുണ്ടോ സർ?’’ ഡ്രൈവർ ചോദിച്ചു.
“ആകാശത്തോളം പൊക്കം പോകുന്ന ഒരു ഒലട്ടി മരമുണ്ട് വനത്തിനുള്ളിൽ. ഗ്രാമത്തിൽനിന്ന് നോക്കിയാൽ വ്യക്തമായി കാണാം. ഇലകൾ പനപോലെ വിരിഞ്ഞുനിൽക്കുന്ന അതിന്റെ മേലെ, ദൂരക്കാഴ്ചയിൽ മനുഷ്യരെ കണ്ടവരുണ്ട്. അണ്ണലാരോ അയാൾക്കൊപ്പം വനത്തിനുള്ളിലേക്ക് പുറപ്പെട്ടു പോയ ആരെങ്കിലുമോ ആവാം. ഗ്രാമം എങ്ങനെയുണ്ടെന്ന് അയാൾ നിരീക്ഷിക്കുന്നതാണ്. മുമ്പ് വനത്തിനുള്ളിൽ പോയ കോളേജ് കുട്ടികൾ അയാളെ കണ്ടതായി പറഞ്ഞിട്ടുണ്ട്. പണ്ട് സർവീസിലുണ്ടായിരുന്ന വനപാലകർ പറയുന്നത് കേട്ടിട്ടുണ്ട്, ഒരു കിളവനെ കണ്ടുവെന്ന്. ഇവരെല്ലാം പറയുന്ന അടയാളങ്ങൾ െവച്ച് പലപ്പോഴും ചിത്രം വരച്ചുനോക്കിയതാണ്. പലതും പല മോന്തകൾ.“
ഒരു കല്ലിൽ തട്ടി സ്റ്റിയറിങ് സ്വയം ദിശ മാറിയപ്പോൾ ഇനിയങ്ങോട്ട് കൂടുതൽ ശ്രദ്ധ വേണമെന്ന് ഡ്രൈവർക്ക് തോന്നി. അണ്ണലാരെക്കുറിച്ച് ചിന്തിക്കുന്നത് നിർത്തി അയാൾ ഡ്രൈവിങ്ങിൽ മുഴുകി.
അമ്പതു വർഷമൊക്കെ ഒരു മനുഷ്യന് ഇങ്ങനെ ഒരു വനത്തിനുള്ളിൽ ഒളിച്ചു താമസിക്കാൻ പറ്റുമോ? വെറുതെയാണ്… എല്ലാം കളവ്. ഗ്രാമത്തിലെ വീടുകൾ എല്ലാം കയറി നിരങ്ങിയാൽ കിട്ടാവുന്നതേയുള്ളൂ ആ കിളവൻ അണ്ണലാരെ. അല്ലെങ്കിൽ തന്നെ ആർക്കാണ് അയാളെ കണ്ടെത്താൻ ഇത്ര അത്യാവശ്യം. സർക്കാരിനോ, അതോ ഈ വനം സ്വന്തമാക്കണമെന്ന് കരുതുന്ന കമ്പനിക്കോ?
ഇപ്പോഴത്തെ പോലീസുകാരൊക്കെ സർവീസിൽപോലും വന്നിട്ടില്ലാത്ത കാലത്താണ് അണ്ണലാരെ കാണാതാകുന്നത്. കാണാതാകുന്നു, എന്ന് പറയുന്നതല്ല ശരി. ഒളിച്ചു എന്ന് പറഞ്ഞാലേ കൃത്യമാകൂ. എത്രയോ ലക്ഷം രൂപ ഈ ഓപറേഷന് വേണ്ടി മാത്രം പൊടിച്ചിട്ടുണ്ടാകും. എന്തിനാണെന്ന് ചോദിച്ചാൽ ആർക്കുമറിയില്ല.
അങ്ങനെ ഓരോന്ന് ഓർത്തിരിക്കുമ്പോൾ ടൈറ്റസിനു നല്ല ദേഷ്യം വന്നു. മെല്ലെ അത് കടിച്ചമർത്തി. ഇരുട്ടുവീഴാൻ തുടങ്ങിയിരുന്നു. ഒരു പന്നി വണ്ടിക്ക് വട്ടം ചാടിയത് അപ്പോഴാണ്. ഒന്നു നിർത്തിയശേഷം, ഡ്രൈവർ വണ്ടിയെടുക്കാൻ ഒരുങ്ങുമ്പോൾ പൈവ അയാളുടെ തോളിൽ തട്ടി.
“നിർത്ത്, കഴിഞ്ഞിട്ടില്ല.’’
അതിനെ പിന്തുടർന്ന് പിന്നെയും കുറെ പന്നികൾ ആ വഴി കടന്നുപോയി.
“ഇനി പോവാം.’’ പൈവ പറഞ്ഞു.
ഗ്രാമത്തിലെത്തി, പൈവയെ ഇറക്കി മുൻ സീറ്റിലേക്ക് കയറുമ്പോൾ ടൈറ്റസ് അവരുടെ മുഖത്തേക്ക് നോക്കിയില്ല. ഇനിയും വരേണ്ടി വരുമെന്ന് അയാൾക്ക് നന്നായറിയാം. ഇവരെയും കൂട്ടി കാടിനുള്ളിൽ കാണുന്ന മൃതദേഹങ്ങൾ തിരിച്ചറിയാൻ പോകേണ്ടിവരും. എന്നാലും ഇനി അങ്ങനെയൊന്ന് ഉണ്ടാവാതിരിക്കട്ടെ. അയാൾ മാത്രമല്ല പൈവയും അതാഗ്രഹിക്കുന്നുണ്ട്.
മൊബൈൽ ഫോൺ എടുത്ത്, ടൈറ്റസ് സ്റ്റേഷനിലേക്ക് വിളിച്ചു.
“പ്രേതം കണ്ടു, അതയാളല്ല. ബാക്കി ഏർപ്പാടുകൾ നാളെ ചെയ്യാം.”
പൈവ ജീപ്പിൽ വന്നിറങ്ങുന്നത് കണ്ട് തേവു അങ്ങോട്ടേക്ക് വന്നു. തേവുവിന്റെ ഉമ്മറത്ത് കുറച്ച് ആളുകൾ കാത്തിരിക്കുന്നുണ്ട്. അവരുടെ മുഖത്തെല്ലാം ആകാംക്ഷ. പക്ഷേ ഓരോ തവണ താൻ പോയിട്ട് വരുമ്പോഴും കാത്തിരിക്കുന്ന ആളുകളുടെ എണ്ണം കുറഞ്ഞുകുറഞ്ഞു വരുന്നുണ്ടെന്ന് പൈവക്ക് തോന്നി. എല്ലാർക്കും മടുപ്പ് തുടങ്ങിയോ? അതോ അണ്ണലാർ മരിച്ചുപോയെന്ന് എല്ലാരും കരുതാൻ തുടങ്ങിയോ?
ഉള്ളിലേക്ക് കയറിയ പൈവ, എല്ലാവരുടെയും മുഖത്ത് നോക്കി ചിരിച്ചു. വർഷങ്ങളായി പോലീസുകാർക്കൊപ്പം വനത്തിൽ പോയി വന്നാലുള്ള ആ ചിരിയിൽ എല്ലാമുണ്ട്.
ഏതോ ഒരാൾ -അതാണാ ചിരിയുടെ അർഥം.
പൈവ വീട്ടിലേക്ക് ഇറങ്ങിനടന്നു. ഇരുട്ടായെങ്കിലും, കുട്ടികൾ പുറത്തിറങ്ങി കളിക്കുന്നുണ്ട്. പോലീസുകാർക്കൊപ്പം പോയ അക്ക തിരിച്ചുവന്നതിൽ അവർ സന്തോഷം കാണിച്ചു. ചുറ്റും ആർപ്പുവിളികളോടെ ഓടി. ചെയ്തു തീർത്ത കടമകളെക്കുറിച്ച് വാചാലരായി.
“അണ്ണലാരെ കണ്ടോ?” കുട്ടികളുടെ ചോദ്യങ്ങൾ തീരുന്നില്ല.
“ആ കണ്ടു.’’
“ആൾക്ക് എത്ര വയസ്സുണ്ട്?’’
“ഒരായിരം വരും”, നടക്കുന്നതിനിടെ പൈവ പറഞ്ഞു.
“അക്ക പറയുന്നത് പുളു ആണ്. അപ്പ പറഞ്ഞിട്ടുണ്ട് അണ്ണലാരും എന്റെ അപ്പൂപ്പനും ഒരേ പ്രായമാണെന്ന്. രണ്ടുപേരെയും ഒരുമിച്ചാണ് കാണാതായത്.’’
“ആണോ?’’ പൈവ ചോദിച്ചു.
“പൈവക്കക്ക് എത്ര പ്രായം ഉണ്ട്?’’
“നിന്റെ അപ്പൂപ്പന്റെ അത്ര തന്നെ പ്രായമുണ്ട്.”
“എന്നിട്ട് എന്താണ് പൈവയ്ക്കയെ കാണാതാകാത്തത്?”
“എന്നെ കാണാതായില്ല എന്ന് ആരാ പറഞ്ഞത്?”
“അക്ക ഇപ്പോഴും ഇവിടെ ഉണ്ടല്ലോ...’’
“ഞാൻ പോയശേഷം തിരിച്ചു വന്നതാണ്.”
“രാത്രിയായപ്പോൾ തിരിച്ചു വന്നതാകും അല്ലേ?’’
“അതെന്താ രാത്രിയാകുമ്പോൾ?’’
“അല്ല പൈവക്ക പെണ്ണല്ലേ?’’
“അതുകൊണ്ട്?’’
“ഞങ്ങടെ കൂടെയുള്ള പെൺകുട്ടികളെല്ലാം വൈകുന്നേരം ആകുമ്പോൾ വീട്ടിലേക്ക് തിരിച്ചുപോകും. നോക്ക്, ഞങ്ങൾ ആണുങ്ങൾ മാത്രമേ ഇവിടെ കളിക്കുന്നുള്ളൂ.”
പൈവ ചുറ്റും നോക്കി. ശരിയാണ്. ഇന്നെന്താണ് പെൺകുട്ടികൾ ആരും ഇല്ലാത്തത്?
നടക്കുന്നതിനിടെ, ഉമ്മറത്തിരുന്ന് അരി കഴുകുന്ന രത്തിനത്തെ കണ്ടു.
“അവളെവിടെ, മിട്ടു എവിടെ?” പൈവ ചോദിച്ചു.
“ഉള്ളിലുണ്ട് പൈവക്ക.“ അതുപറഞ്ഞ ശേഷം അവർ മിട്ടുവിനെ നീട്ടി വിളിച്ചു. മിട്ടു വേഗം പ്രത്യക്ഷപ്പെട്ടു. മുറ്റത്തേക്ക് ഇറങ്ങി, പൈവയുടെ അടുത്തേക്ക് ചെന്നു. ആ വേഗത്തിൽ നിന്നറിയാം അവളുടെ സന്തോഷവും ആശ്വാസവും.
“പഠിക്കുകയായിരുന്നോ നീ?’’
“അല്ലക്ക.’’
“എന്നാ കൂടെ വാ.”
അമ്മയെ തിരിഞ്ഞു നോക്കി പോയിവരാമെന്ന് തല വെട്ടിച്ച് അവൾ പൈവക്കൊപ്പം നടക്കാൻ തുടങ്ങി.
“എന്താണ് നീ ഉള്ളിലിരിക്കുന്നത്?’’
“വെറുതെ, അമ്മ പറഞ്ഞു ഉള്ളിലിരിക്കാൻ.’’
“രാത്രി പുറത്തിറങ്ങാൻ പേടിയുണ്ടോ?’’
“ഇല്ല, ഇന്ന് പോലീസുകാർ വന്നതുകൊണ്ടാണ്.”
“അവർ അങ്ങനെ വരും, പോവും.” ഒന്നു നിന്നശേഷം പൈവ അവളുടെ കവിളിൽ കൈെവച്ച് തോളിൽ തട്ടി.
“ഒന്നിനെയും പേടിക്കാതെ...’’
അവർ നടത്തം തുടർന്നു. ദൂരെ, ഉൾവനത്തിൽ നക്ഷത്രങ്ങളോളം തലപ്പൊക്കമുള്ള ഒരുലട്ടിമരത്തിന്റെ തലയ്ക്കൽ മനുഷ്യരൂപം പ്രത്യക്ഷപ്പെട്ടു.
“ഇനിയെന്നാണ് അവർ വീണ്ടും വരിക?” നടക്കുമ്പോൾ അവൾ പൈവക്കയോട് ചോദിച്ചു.
“അവർക്കെല്ലാം ഉറക്കം നഷ്ടപ്പെടുമ്പോൾ…
അണ്ണലാർ ജീവിച്ചോ മരിച്ചോ എന്നുറപ്പാക്കാതെ സമാധാനം കിട്ടാതെ വരുമ്പോൾ… അവർ വീണ്ടും വരും.”
പൈവക്ക് ഒപ്പം സഞ്ചരിച്ചെത്തിയ കോട ഗ്രാമത്തിൽത്തന്നെ വിശ്രമിച്ചു. അതു പുതച്ച് ഗ്രാമം ആ രാത്രി സുഖമായുറങ്ങി.