അമരകോശം

രേമാലി കശ്യപ് -1975കൈയിലെ മുഷിഞ്ഞ തുണിസഞ്ചി തുറക്കുമ്പോൾ, അതിനുള്ളിലുണ്ടായിരുന്ന കടലാസുകൾ കീറിപ്പോയെങ്കിലോ എന്ന ഭയമായിരുന്നു രേമാലി കശ്യപിന്. ആറു ദിവസം മുമ്പ് തുടങ്ങിയ യാത്ര. ഈ നഗരത്തിലേക്ക് എത്താൻ ഇത്രയേറെ സമയം വേണ്ടിവരുമെന്ന് അയാൾ കരുതിയില്ല. എന്നാലും ലക്ഷ്യസ്ഥാനം ഹൃദയത്തോട് അത്രയേറെ അടുത്തുനിൽക്കുന്നതായി അയാൾക്ക് തോന്നി. ഈ ആറു ദിവസവും, ഒരുനേരം മാത്രമേ അയാൾ ഭക്ഷണം കഴിച്ചിരുന്നുള്ളൂ. ഒരുവേള വിശന്നു മരിച്ചുപോകുമെന്നുപോലും അയാൾക്ക് തോന്നി. അങ്ങനെ തോന്നുമ്പോഴൊക്കെ തന്റെ ബാല്യം ഓർത്തു. ചോളം കൊയ്യുമ്പോൾ അടർന്നുവീഴാറുള്ള മണികൾ രഹസ്യമായി തുണിയിൽക്കെട്ടി കൊണ്ടുവരുമായിരുന്ന അമ്മ,...
Your Subscription Supports Independent Journalism
View Plansരേമാലി കശ്യപ് -1975
കൈയിലെ മുഷിഞ്ഞ തുണിസഞ്ചി തുറക്കുമ്പോൾ, അതിനുള്ളിലുണ്ടായിരുന്ന കടലാസുകൾ കീറിപ്പോയെങ്കിലോ എന്ന ഭയമായിരുന്നു രേമാലി കശ്യപിന്. ആറു ദിവസം മുമ്പ് തുടങ്ങിയ യാത്ര. ഈ നഗരത്തിലേക്ക് എത്താൻ ഇത്രയേറെ സമയം വേണ്ടിവരുമെന്ന് അയാൾ കരുതിയില്ല. എന്നാലും ലക്ഷ്യസ്ഥാനം ഹൃദയത്തോട് അത്രയേറെ അടുത്തുനിൽക്കുന്നതായി അയാൾക്ക് തോന്നി.
ഈ ആറു ദിവസവും, ഒരുനേരം മാത്രമേ അയാൾ ഭക്ഷണം കഴിച്ചിരുന്നുള്ളൂ. ഒരുവേള വിശന്നു മരിച്ചുപോകുമെന്നുപോലും അയാൾക്ക് തോന്നി. അങ്ങനെ തോന്നുമ്പോഴൊക്കെ തന്റെ ബാല്യം ഓർത്തു. ചോളം കൊയ്യുമ്പോൾ അടർന്നുവീഴാറുള്ള മണികൾ രഹസ്യമായി തുണിയിൽക്കെട്ടി കൊണ്ടുവരുമായിരുന്ന അമ്മ, അവ പുഴുങ്ങിത്തന്നാണ് വിശപ്പടക്കിയത്.
“തളരരുത് രേമാലി. നമുക്ക് ലക്ഷ്യത്തിലെത്തണം.’’
അവന്റെ ഉള്ളം അവനോട് തന്നെ അലറി. ഈ ആറു ദിവസവും.
“നമ്മുടേത് ഒരു വലിയ രാജ്യമാണ്.”
മാസങ്ങൾക്ക് മുമ്പ് നാട്ടിലെ കമ്പനിപ്പടിയിൽ സമരം നയിക്കുമ്പോൾ രഞ്ജൻ ബാബു പറഞ്ഞത് അയാൾക്കോർമ വന്നു. രഞ്ജൻ ബാബു അന്നേരം രണ്ടു കൈകളും വിടർത്തിക്കാട്ടിയിരുന്നു. പക്ഷേ, അതിലും രേമാലിക്ക് വലിപ്പം മനസ്സിലായില്ല. ഈ യാത്ര വേണ്ടിവന്നു അതു മനസ്സിലാക്കാൻ. അയാളെ തളർത്തിക്കളഞ്ഞ യാത്ര. പക്ഷേ, ലക്ഷ്യത്തെക്കുറിച്ചോർക്കുമ്പോൾ ആവേശം നൽകിയതും.
നിരത്തിലേക്കിറങ്ങിയ അയാൾ ക്ഷീണത്താൽ അവിടെത്തന്നെയിരുന്നു. മുഖത്തേക്ക് പാറി വീണ തലമുടി ഒതുക്കിെവച്ചു. അതിലെ ജട കൈകൊണ്ട് വേർപെടുത്തി. അപ്പോൾ പെയ്ത ചാറ്റൽമഴ അയാൾക്ക് ഉണർവു നൽകി. എന്നാൽ, താൻ കൈയിൽ കരുതിയിരിക്കുന്ന കടലാസുകൾ നനയുമോ എന്നോർത്തപ്പോൾ വേഗംതന്നെ ഒരു കൂര തേടി.
മാറാൻ ഒരു ജോടി വസ്ത്രങ്ങൾ മാത്രമേ കരുതിയിട്ടുള്ളൂ. കഴിഞ്ഞ ദിനങ്ങളിലൊന്നും അതേക്കുറിച്ച് ഓർത്തതേയില്ല. മഴ നനഞ്ഞപ്പോൾ ദേഹത്തുനിന്നുയർന്ന ഗന്ധമാകണം അയാളെ അതോർമിപ്പിച്ചത്. എപ്പോഴും മഴയാണല്ലോ ഇങ്ങനെ ചിലത് ഓർമിപ്പിക്കുന്നത്. ഒരു വെണ്ണീറായി മാറിയ തന്റെ ഗ്രാമം, മൂന്നുദിനങ്ങൾക്കു ശേഷം അതിൽ പൊടിഞ്ഞിറങ്ങിയ മഴ, പൊള്ളുന്ന മാംസത്തിന്റെ ഗന്ധം പ്രസവിച്ചത് അയാളോർത്തു.
ഇപ്പോളണിഞ്ഞിരിക്കുന്ന പൈജാമയുണ്ടല്ലോ അതയാളുടേതുതന്നെയല്ല. ഗ്രാമവാസികളിൽ ആരുടെയോ ഒരാളുടേത്. ജീവനും കൈയിൽ പിടിച്ച് ഓടുന്നതിനിടയിൽ ഉപേക്ഷിച്ചതാവാം. അല്ലെങ്കിൽ ജീവൻതന്നെ നഷ്ടപ്പെട്ട ഒരാളുടേതാകാം.
മഴ തോർന്നപ്പോൾ അയാൾ വീണ്ടും നിരത്തിലേക്ക് ചെന്നിരുന്നു. കൈയിലെ പൊതിയിൽനിന്നും പത്രക്കടലാസ് കൈയിലെടുത്തു. ഒന്ന് തടവിയശേഷം മടിയിലേക്ക് നിവർത്തിെവച്ചു.
തനിക്ക് കാര്യങ്ങൾ ചോദിക്കാൻ കഴിയുന്ന മുഖങ്ങളുണ്ടോയെന്ന് തലയുയർത്തി നോക്കി. പക്ഷേ ഏതു ഭാഷയിൽ ചോദിക്കും. പെട്ടെന്നാണ് മുടി നീട്ടി വളർത്തിയ ഒരു യുവാവ് അടുത്തേക്ക് വന്നത്.
“എന്താണ് വേണ്ടത് സഹോദരാ..?’’
രേമാലി കുറിയ മനുഷ്യനാണെന്ന് തിരിച്ചറിഞ്ഞപോലെ, മുട്ടുകുത്തിയിരുന്ന് അയാൾ രേമാലിയുടെ ഭാഷയിൽ ചോദിച്ചു.
ആ പത്രക്കടലാസ് അയാൾ നിവർത്തിക്കാട്ടി.
“ഈ വാർത്തയിൽ പറയുന്ന ഗ്രാമത്തിലേക്ക് പോകാനുള്ള വഴി.”
അയാൾ പത്രം വാങ്ങി സൂക്ഷിച്ചുനോക്കി.
“നിങ്ങൾ നല്ല ഭാഗ്യമുള്ളവനാണല്ലോ.”
ചെറുപ്പക്കാരൻ പറഞ്ഞു. പെട്ടെന്ന് രേമാലിക്ക് സങ്കടംവന്നു. ഇയാൾ എന്തറിഞ്ഞിട്ടാകും പറയുന്നത്. ഇപ്പോൾ ചെറുപ്പക്കാരൻ എഴുന്നേറ്റു നിന്നു.
“ഈ ഗ്രാമം വരെ പോകുന്ന ബസുകൾ ഇല്ല. പക്ഷേ, ഇതിന്റെ ഏറ്റവും അടുത്തേക്ക് പോകുന്നതുണ്ട്. അതുടനെ തന്നെ പുറപ്പെടും. അവിടെയെത്തിയാൽ ഗ്രാമത്തിലേക്ക് വഴി കണ്ടെത്തുക ബുദ്ധിമുട്ടുള്ള കാര്യമല്ല.’’
അതും പറഞ്ഞ്, അയാൾ രേമാലിയുടെ കരം കവർന്നു. ക്ഷീണമെല്ലാം അലിഞ്ഞില്ലാതായപോലെ. ഒരു കുട്ടിയെപ്പോലെ അയാളുടെ പിന്നാലെ കൈകോർത്ത് രേമാലി നടന്നു. അവരൊരു ബസിനടുത്തേക്കെത്തി. ബസിലെ ജീവനക്കാരോട് സംസാരിച്ചു.
“ഈ ബസ് ചെന്നുനിൽക്കുന്ന സ്ഥലത്ത് ഇറങ്ങിയാൽ മതി. പിന്നെയെല്ലാം എളുപ്പമാകും.’’
രേമാലി തലയാട്ടി. അയാൾ പോയിക്കഴിഞ്ഞപ്പോൾ താൻ പേരുപോലും ചോദിച്ചില്ലല്ലോ എന്നോർത്തു. ക്ഷീണം കാരണം ബസ് എടുക്കും മുമ്പുതന്നെ രേമാലി ഉറങ്ങിപ്പോയി. ഉണരുമ്പോൾ, ഇരുവശത്തും പാടങ്ങൾ നിറഞ്ഞ വഴിയാണ് കണ്ടത്. ഇതുപോലുള്ള പാടങ്ങളിൽ അച്ഛനുമമ്മക്കും ഒപ്പം ജോലിക്കുപോയ കാലം, പോകുമ്പോൾ പാടിയിരുന്ന പാട്ട് ഏതെന്ന് എത്രയായിട്ടും ഓർത്തെടുക്കാൻ പറ്റുന്നില്ല.
എത്ര പെട്ടെന്നാണ് കാര്യങ്ങൾ മാറിമറിയുന്നത്. വിവാഹം കഴിച്ചതും രണ്ടു കുഞ്ഞുങ്ങളായതും എല്ലാം ജീവിതത്തിലെ വലിയ സന്തോഷങ്ങളായിട്ടേ അയാൾ കണ്ടിരുന്നുള്ളൂ. എന്തായാലും തന്റെ കുഞ്ഞുങ്ങൾക്ക് തന്നെപ്പോലെ ചെറുപ്പത്തിൽ പണിയെടുക്കേണ്ടി വരില്ല. അങ്ങനെയായിരുന്നല്ലോ നാട്ടിൽ കമ്പനി വരുമ്പോൾ പറഞ്ഞിരുന്നത്.
രേമാലി അടക്കം 250 കുടുംബങ്ങളെയാണ് കമ്പനി സ്ഥാപിക്കാനായി മാറ്റിപ്പാർപ്പിച്ചത്. പകരം വീടു െവച്ചുതരാം എന്നാണ് ആദ്യം പറഞ്ഞത്. അക്കാലത്ത് ആ കുടുംബങ്ങൾ കഴിഞ്ഞിരുന്ന ഇലകൾകൊണ്ട് മറച്ച ചാളയെക്കാൾ എത്രയോ നന്നാകും കുമ്മായവും കല്ലുംകൊണ്ടുള്ള ഒരു വീടു കിട്ടിയാൽ.
വീടു മാത്രമല്ല, ഓരോ കുടുംബത്തിലും ഒരാൾക്ക് കമ്പനിയിൽ ജോലി കിട്ടി. ജമീന്ദാരുടെ പാടത്തു പണിയെടുത്ത് കൂലിപോലും കിട്ടാതെ മടങ്ങുന്നതിലും നല്ലതല്ലേ പറഞ്ഞുറപ്പിച്ച കൂലി. രേമാലി അടക്കമുള്ളവർ വിട്ടുകൊടുക്കുന്ന ഭൂമിക്ക് പണവും നൽകുമെന്ന്. അതും നന്നാകുകയേ ഉള്ളൂ.
പുതിയ വീടുകൾ പണിയുന്നത് കമ്പനി ഇരിക്കുന്ന ഇടത്തുനിന്നും അൽപം അകലെയാണ് എന്നാണ് ആദ്യം പറഞ്ഞത്. അതുകൊണ്ടു തന്നെ ഫാക്ടറിയോട് ചേർന്ന് 250 കുടുംബങ്ങൾക്കും മറയുള്ള ഓരോ ഷെഡ് നൽകി. ഇലകൾകൊണ്ട് മറച്ച ചാളയെക്കാൾ എന്തുകൊണ്ടും ഭേദം. എല്ലാം മാറാൻപോകുന്നുവെന്ന് രേമാലിക്ക് തോന്നി. ജോലിക്ക് പോയിത്തുടങ്ങുമ്പോൾ അയാൾ ഉന്മേഷവാനായിരുന്നു. എന്നാൽ, പെട്ടെന്നാണ് ദുഃഖം ജീവിതത്തിലേക്ക് വന്നത്. രേമാലിയുടെ ഭാര്യ ശാന്തി അസുഖബാധിതയായി. എപ്പോഴും ചുമച്ചു ചുമച്ചു നടക്കും. അധികം ദൂരേക്ക് ഒന്നും പോകാൻ അവർക്കാവില്ല. അപ്പോഴേക്കും കിതപ്പും ചുമയും തുടങ്ങിയിട്ടുണ്ടാകും.
‘‘ഏയ് രേമാലി നീ എന്തിനാണ് പൈസ കൂട്ടിവക്കുന്നത്. നിനക്കുള്ളതെല്ലാം കമ്പനി തരില്ലേ? അവളെ പട്ടണത്തിൽ കൊണ്ടുപോയി ചികിത്സിക്ക്.”
ചില ചങ്ങാതിമാർ പറയും. അയാൾ പണമൊന്നും ഒളിച്ചുവച്ചിട്ടില്ല. ഇവർ എന്താണ് ഇങ്ങനെയെല്ലാം പറയുന്നത്. പണം കൂട്ടിവക്കുന്നതിലല്ല അയാൾ സന്തോഷിച്ചത്. കുട്ടികളുടെ ജീവിതാഹ്ലാദങ്ങളിലാണ്.
കുഞ്ഞുങ്ങളെ സംബന്ധിച്ച് വലിയ ഞായറാഴ്ചകൾ ആഘോഷത്തിന്റെ ദിനങ്ങളാണ്. വലിയ ഞായറാഴ്ചകളെന്നു അവർ അതിനെ വിളിക്കാൻ കാരണമുണ്ട്. രേമാലിക്ക് അന്നു മുഴുവൻ അവധിയാണ്. കുഞ്ഞുങ്ങളെ പുറത്തേക്ക് കൊണ്ടുപോകും.
“ബാബാ എപ്പോഴാണ് നമ്മൾ പോകുന്നത്...’’ മകൾ റിത ചോദിക്കും.
“ഉടനെ പോകുമല്ലോ.’’
അതു കേൾക്കേണ്ട താമസം മകൻ മുന്നി ഓടിയെത്തും. വളഞ്ഞ കാലുകൾ ഏന്തിച്ചുവച്ച് അവൻ വരുന്നത് രേമാലി കൗതുകത്തോടെ നോക്കും.
“ബാബാ പോകാനായോ?” അവൻ ചോദിക്കും.
രേമാലി ഇല്ലെന്ന് പറയും. പോകണമെങ്കിൽ ചില നിബന്ധനകൾ വക്കും. കൈകളിലെ നഖം മുറിക്കണം, വൃത്തിയായി കുളിക്കണം എന്നൊക്കെ. എല്ലാം കഴിഞ്ഞു മൂവരും ഇറങ്ങുമ്പോൾ ഉച്ച കഴിയും. അമ്മക്ക് അസുഖം ഭേദമായശേഷം കൊണ്ടുപോകാമെന്നു റിത ശാന്തിയെ ആശ്വസിപ്പിക്കും.
ഒരു നാഴികനേരം നടന്നാൽ നിറയെ കാറ്റാടിമരങ്ങളുടെ പാടമാണ്.
“പണ്ടിവിടെ ചോളപ്പാടങ്ങളായിരുന്നു.”
രേമാലി കുഞ്ഞുങ്ങൾക്ക് പറഞ്ഞുകൊടുക്കും. അവർക്കറിയാം അതെന്താണെന്ന്. അവരിപ്പോൾ പോകുന്നത് ബാബയുടെ അമ്മാവന്റെ വീട്ടിലേക്കാണ്. ആ മുത്തശ്ശൻ ജോലിചെയ്യുന്നത് ജന്മിയുടെ ചോളപ്പാടത്തിലാണ്. ചോളത്തിന്റെ ഇലകൾപോലെ അയാൾക്കും ഒരു ചെറിയ വളവുണ്ട്. എപ്പോഴും കാണുമ്പോൾ അയാൾ ബാബയുടെ വയറിൽ ഒരിടി കൊടുക്കും. മുന്നിക്ക് അതത്ര ഇഷ്ടമല്ല. ബാബയെക്കാൾ കരുത്തനല്ലല്ലോ അയാൾ. പ്രായത്തിൽ മുതിർന്നതുകൊണ്ടാകും.

“ഓ രേമു നീ നന്നായല്ലോ.’’
വയറിന് ഇടിച്ചുകൊണ്ട് അമ്മാവൻ ചോദിക്കും.
“നിനക്ക് നല്ലൊരു ജോലി കിട്ടിയില്ലേ? പിന്നെന്തു വേണം അതും കമ്പനിയിൽ. നീയിപ്പോൾ ധനികനാണല്ലോ.
കുട്ടികളെ രേമാലിയുടെ അമ്മായിയെ ഏൽപിച്ചശേഷം അവർ പാടത്തിനു നടുവിലൂടെ നടക്കും.
“എനിക്ക് കൂടി അവിടെ എന്തെങ്കിലും ജോലികിട്ടുമോ?” അമ്മാവൻ ചോദിക്കും.
രേമാലി ഒന്നും പറയാതെ ചിന്തിക്കുന്നപോലെ മുഖം വക്കും.
“ഇത്രയും പ്രായമായല്ലേ. ഇവിടെ പലപ്പോഴും പറഞ്ഞ കൂലിയുടെ പകുതിയേ കിട്ടൂ. അവിടെയാകുമ്പോൾ അങ്ങനെയല്ലല്ലോ.’’
കാറ്റപ്പോൾ ചോളച്ചെടികളുടെ ഇലത്തലപ്പ് അനക്കും. അതു ചിലപ്പോൾ അമ്മാവന്റെ ഈ ആഗ്രഹത്തെ തന്നെ തണുപ്പിച്ചു കളയും.
“അതെല്ലാം പോട്ടെ ശാന്തിക്ക് എങ്ങനെയുണ്ട്.” ആ നിസ്സഹായതയിൽനിന്നും അയാളെ രക്ഷിക്കാൻ അമ്മാവൻ ചോദിക്കും.
“അതുപോലെതന്നെ.’’
“ഉം. ചികിത്സിക്കണ്ടേ. സ്ഥലത്തിന്റെ പണം ഉടനെങ്ങാൻ കിട്ടുമോ.”
“അറിയില്ല.”
അതുപോലെതന്നെ വീടിന്റെ കാര്യവും ഒന്നുമായില്ലല്ലോ, രേമാലി ഓർക്കും.
“ഗ്രാമമുഖ്യന്റേത് പോലുള്ള വീട് നമുക്ക് കിട്ടുമോ?’’
റിത ഇടക്കിടെ ചോദിക്കും.
കിട്ടും കിട്ടും, അയാൾ പറയും. അവളപ്പോൾ സന്തോഷത്താൽ തുള്ളിച്ചാടും, മുന്നിയോട് പറയും. ആ പ്രതീക്ഷയും സന്തോഷവും തുടർന്നുകൊണ്ടേയിരുന്നു. എല്ലാം, ഒരു ദിവസം തകിടം മറിയുംവരെ.
അതൊരു ചെറിയ ഞായറാഴ്ചയായിരുന്നു. അന്നയാൾക്ക് ഉച്ചവരെ ജോലിയുണ്ട്. ജോലി കഴിഞ്ഞെത്തിയ ശേഷം വെയിലാറിയപ്പോൾ കുട്ടികളുമായി നടക്കാനിറങ്ങി. ഒരു തണലിൽ വെറുതെ ചാരിയിരുന്ന ശേഷം, അയാൾ കുഞ്ഞുങ്ങൾ കളിക്കുന്നത് നോക്കിയിരുന്നു. അവർ പഴയ പാടങ്ങളുടെ ദിശയിലേക്ക് ഓടി. ദൂരെ കമ്പനിയുടെ പുകക്കുഴൽ കാണാം. അതിൽനിന്നും പൊന്തുന്ന പുക കാണാം. അവിടെ തങ്ങളുടെ ചാളയുണ്ടായിരുന്നപ്പോൾ പുക ഉണ്ടാകുമായിരുന്നോ. വല്ലപ്പോഴും, വിശേഷദിവസങ്ങളിൽ, ജമീന്ദാർ പാകംചെയ്യാൻ എന്തെങ്കിലും തന്നാൽ മാത്രം. ഇപ്പോൾ അങ്ങനെയല്ല. സദാ കമ്പനിയിൽനിന്നുള്ള പുകയുണ്ട്.
അയാൾ അതിനെ നോക്കിയിരുന്നു. മെല്ലെ മെല്ലെ അതൊരു മേഘമായി. ആകാശത്തേക്ക് പൊന്തി. പതിയെ രേമാലി ഇരിക്കുന്ന ദിശനോക്കി വന്നു. ആ വരവ് രസത്തോടെ നോക്കിയിരിക്കുകയായിരുന്നു അയാൾ. പെട്ടെന്ന് ആ മേഘം താഴേക്ക് ഇറങ്ങി. ഭൂമിയെയാകെ മൂടി. കുഞ്ഞുങ്ങൾ എവിടെ, അയാൾ നോക്കി, കാണുന്നില്ലല്ലോ. പെട്ടെന്ന് കാറ്റു വീശി, റിതയെയും മുന്നിയെയും അയാൾ കണ്ടു. കുഞ്ഞുങ്ങൾ തന്റെ ദിശയിലേക്ക് ഓടിവരുകയാണ്. മുന്നി ഏന്തിയേന്തി പതുക്കയേ എത്തുന്നുള്ളൂ. അവനെക്കാത്ത് റിത ഇടക്കിടെ തിരിഞ്ഞുനിക്കുന്നുണ്ട്. പെട്ടെന്നാണ് ഒരു ഭീമൻ മേഘം അടർന്നു കുട്ടികൾക്കു മേൽ പതിച്ചത്.
രേമാലി എഴുന്നേറ്റ് കുഞ്ഞുങ്ങളുടെ അടുത്തേക്ക് ഓടാൻ നോക്കി. പക്ഷേ കണ്ണുകൾ തുറക്കാൻ കഴിയുന്നില്ല. എന്തൊരു എരിച്ചിലാണ്. പിന്നീടെപ്പോഴോ ഒരു ദീർഘമായ നിദ്ര വിട്ടിട്ട് എന്നപോലെ അയാൾ എഴുന്നേറ്റു. കുട്ടികളെ ഒടുവിൽ കണ്ട ദിശയിലേക്കോടി. അവിടെയെല്ലാം തിരഞ്ഞു. ഇനി വീട്ടിൽ പോയിട്ടുണ്ടാകുമോ. തിരികെ അവിടേക്ക് ചെന്നു. അവിടെയെല്ലാം ആൾത്തിരക്കാണ്. എല്ലാവരും ഭയപ്പെട്ട് ചിതറി നടക്കുകയാണ്. അപ്പോഴാണ് അയാൾ കാലടികളിലേക്ക് നോക്കിയത്. ഭൂമിക്ക് കറുത്ത നിറമാണ്. വേഗംതന്നെ അയാൾ വീടിരുന്നിടത്ത് എത്തി. അവിടെയാരും തന്നെ ഉണ്ടായിരുന്നില്ല.
“ഓ രേമാലി ശാന്തിയെ ആശുപത്രിയിൽ കൊണ്ടുപോയി.’’
നാലുപേർ ഒരു വൃദ്ധനെ ചുമന്നുകൊണ്ടു പോകുകയായിരുന്നു. അതിൽ ഒരുവൻ പറഞ്ഞു. കമ്പനിപ്പുക ശ്വസിച്ച് ഗ്രാമം ഉറഞ്ഞ അന്നേ ദിവസം, ആശുപത്രിയിലേക്ക് താൻ ഓടിയ ഓട്ടം ഓർത്തിരിക്കുമ്പോൾ ബസ് ജീവനക്കാരൻ അയാളുടെ ചുമലിൽ തട്ടി. അപ്പോഴാണ് ഇറങ്ങേണ്ട സ്ഥലം എത്തിയതായി അയാൾക്ക് മനസ്സിലായത്. ഇപ്പോൾ ബസിനുള്ളിൽ താൻ മാത്രമേയുള്ളൂ.
“ഇവിടെ ഇറങ്ങിക്കോളൂ.” അയാൾ പറഞ്ഞു.

ഒരു മനുഷ്യന്റെപോലും സാന്നിധ്യമില്ലാത്ത ഒരിടത്താണോ താൻ ഒരു ഗ്രാമം തേടി വന്നിരിക്കുന്നത്. രേമാലിക്ക് ചെറിയ അങ്കലാപ്പ് തോന്നി. അയാളൊന്ന് കറങ്ങിനോക്കി. ദൂരെ ഒരു കുന്നു കാണുന്നു. അവിടെത്തന്നെയാകണം താൻ അന്വേഷിച്ചുവന്ന ഗ്രാമമുള്ളത്. അയാൾ അങ്ങനെ കരുതാൻ കാരണമുണ്ട്. പണ്ട് കമ്പനി വരും മുമ്പ്, താൻ പാർത്തിരുന്ന ഇടത്തോട് ചേർന്നൊരു കുന്നുണ്ടായിരുന്നു. കരിമ്പച്ച കമ്പളം പുതച്ചത്. കമ്പനി വന്ന ശേഷമാണ് അതു ചുവക്കാൻ തുടങ്ങിയത്. അത്രകാലവും കുന്നിലെ മണ്ണ് ചുവപ്പാണെന്ന് കേട്ടിട്ടേ ഉള്ളാരുന്നു. പക്ഷേ മരങ്ങൾ നീങ്ങിയപ്പോഴാണ് അതു കാണുമാറായത്. തന്റെ പൂർവകാലത്തിലേതുപോലെ ഈ കുന്നിന്റെ ചുവട്ടിലും ഒരു ഗ്രാമമുണ്ടാകും. കമ്പനി വന്നാൽ അവരീ കുന്നിന്റെയും പച്ചവിരി നീക്കും. രേമാലി അതു ലക്ഷ്യമാക്കി നടന്നു.
പഠിക്കാൻ വന്ന കുട്ടികളാണ് അസനാരോട് അതുപറഞ്ഞത്. കവാടത്തിനു മുന്നിൽ ഒരാൾ തളർന്നുകിടക്കുന്നു. അസനാർ വേഗംതന്നെ അവിടേക്ക് ചെന്നു. കുട്ടികളിൽ ചിലരെ കമാലിനെയും ആനന്ദമിത്രനെയും കൂട്ടാൻ വിട്ടു.
ഇത്രയും മുഷിഞ്ഞ വസ്ത്രങ്ങൾ ധരിച്ച ഒരാളെ അസനാർ അടുത്തെങ്ങും തന്നെ കണ്ടിട്ടില്ല.
“വഴി തെറ്റി വന്നതാകുമോ?” തന്റെ കോലൻ തലമുടി പിന്നിലേക്ക് മാടിക്കെട്ടിക്കൊണ്ട് വന്ന ആനന്ദമിത്രൻ ദൂരെനിന്നേ ചോദിച്ചു.
അപ്പോഴേക്കും അയാൾക്ക് കുടിവെള്ളം നൽകാനുള്ള കാര്യങ്ങൾ നോക്കുകയായിരുന്നു അസനാർ.
“ഏയ് കുറച്ചു ദൂരെയുള്ള ആളാണെന്ന് തോന്നുന്നു.”
കമാൽ അന്നേരം ആനന്ദന്റെ തോളിൽ പിടിച്ചു. ശബ്ദം താഴ്ത്തി ചോദിച്ചു.
“ഇനി പോലീസുകാർ...’’
ഈയിടെ പോലീസുകാർ ഇത്തരം ആളുകളെ റിക്രൂട്ട് ചെയ്യുന്നതായി കേട്ടിരുന്നു. സാധാരണക്കാരിൽ സാധാരണക്കാരായവരെ. ഭക്ഷണത്തിനുള്ള പണം കിട്ടിയാൽ അതിനായി പണിയെടുക്കാൻ അനേകം ആളുകൾ തയാറായിരുന്നു. കാഴ്ചയിൽത്തന്നെ ദരിദ്രർ എന്നു തിരിച്ചറിയാവുന്ന അവർക്ക് ഗ്രാമങ്ങളിൽ സഞ്ചരിക്കാൻ തടസ്സങ്ങൾ ഉണ്ടാകില്ല. ആരും ശ്രദ്ധിക്കില്ല. എന്തൊക്കെയാണ് ഓരോയിടത്തെയും വിവരങ്ങൾ എന്നറിയാൻ കഴിയും. കമ്പനിക്കെതിരെ സമരം നടത്തുന്നതുകൊണ്ടുതന്നെ ഇവിടത്തെ വിവരങ്ങൾ അറിയാൻ വിട്ടതാകുമെന്നാണ് കമാലിന്റെ പക്ഷം.
കണ്ണ് തുറക്കുമ്പോൾ രേമാലി ഒരു മുറിക്കുള്ളിലായിരുന്നു. മരുന്നിന്റെ ഗന്ധം അവിടെയെങ്ങും നിറഞ്ഞിരുന്നു. ആ ഒറ്റമുറിയുടെ വാതിലിലൂടെ അയാൾക്ക് കാണാം, വൃത്തിയായി പണിത വീടുകളുള്ള ഗ്രാമം. ഇതുപോലെ നല്ല വീടുകൾ തരാം എന്നാണല്ലോ ആ നായ്ക്കൾ പറഞ്ഞത്.
“രേമാലി അങ്ങനെ ഒരു വീടില്ല. നിനക്ക് വേണ്ടി എന്നല്ല ആർക്കു വേണ്ടിയും കമ്പനി എങ്ങും വീടു വക്കുന്നില്ല.’’
അമ്മാവനാണ് അയാളോടത് പറഞ്ഞത്. കമ്പനി മാനേജ്മെന്റിൽ ആരെയും കാണാനില്ല. എവിടെപ്പോയോ. അപ്പോൾ അവർ പറഞ്ഞ വീടുകൾ എവിടെയാണ്. അതിനുവേണ്ടി എല്ലാ കുടുംബങ്ങളെയും പ്രത്യേകം നിർത്തി ചിത്രം പിടിച്ചത് എന്തിനാണ്. അതിന്റെ കോപ്പി എല്ലാർക്കും തന്നത് എന്തിനാണ്.
രേമാലി മെല്ലെ എഴുന്നേൽക്കാൻ നോക്കി. അപ്പോഴേക്കും പുറത്തുനിന്നു മൂന്നുപേർ ഉള്ളിലേക്ക് വന്നു. അസനാർ, ആനന്ദൻ, കമാൽ. അസനാർ കൂടെയുള്ളതുകൊണ്ടോ പ്രായത്തിലെ ഇളപ്പംകൊണ്ടോ പൈവ കെട്ടിടത്തിനു പുറത്തു കറങ്ങി നിന്നതേയുള്ളൂ.
പരിചയപ്പെടുത്താൻ ആനന്ദൻ ഒരുങ്ങിയപ്പോൾ കമാൽ തോളിൽ തട്ടി വിലക്കി.
“നിങ്ങൾ ആരാണ്?’’ അസനാർ ചോദിച്ചു. അന്നേരമാണ് തങ്ങൾക്കിടയിൽ ഭാഷ ഒരു പ്രശ്നമാണ് എന്ന് രേമാലിക്ക് മനസ്സിലായത്. അയാൾ എന്തോ തിരയാൻ തുടങ്ങി. കൈയിൽ കൊണ്ടുവന്ന സഞ്ചിയാകുമെന്നു മനസ്സിലാക്കിയ ആനന്ദമിത്രൻ, പുറത്തേക്കു പോയി അതു കൊണ്ടുവന്നു.
അതിനുള്ളിൽനിന്നും രേമാലി ഒരു ചീട്ട് വലിച്ചെടുത്തു. അയാൾക്ക് ജീവിതത്തിൽ ആകെ ലഭിച്ചിട്ടുള്ള ഒരു രേഖയായിരുന്നു അത്. കമ്പനിയിലെ മേൽനോട്ടക്കാരൻ എന്നും അതു പരിശോധിപ്പിച്ച് രജിസ്റ്ററിൽ ഒപ്പുെവപ്പിക്കുമായിരുന്നു. അസനാർ ആ ചീട്ട് വിശദമായി പരിശോധിച്ചു.
“കമ്പനിയിലെ ജീവനക്കാരായിരുന്നു.’’ അസനാർ മറ്റു രണ്ടുപേരെയും നോക്കി.
“ഞാൻ പറഞ്ഞില്ലേ. പോലീസുകാർ അയച്ചതു തന്നെയാകും.’’ കമാൽ വേഗത്തിൽ പറഞ്ഞു.
“നിങ്ങൾക്കെന്താണ് വേണ്ടത്?’’ രേമാലിയെ ഞെട്ടിച്ചുകൊണ്ടാണ് അയാളുടെ ഭാഷയിൽ അസനാർ ചോദിച്ചത്.
“സാബ് എനിക്കിവിടെ കമ്പനിക്കെതിരെ നടക്കുന്ന പോരാട്ടത്തിൽ ചേരണം.’’ അതിനും വണ്ണം കരുത്തനാണെന്ന് കാണിക്കാൻ രേമാലി ഒന്നു നിവർന്നുനിന്നു.
“നിങ്ങളുടെ കൂട്ടത്തിൽ ചേരാൻ വന്നതാണ്.” മറ്റുള്ളവരെ നോക്കി അസനാർ പറഞ്ഞു. ഇരുവരുടെയും മുഖത്തുനിന്നും വായിച്ചെടുത്തതുകൊണ്ട് അസനാർ വീണ്ടും രേമാലിക്ക് നേരെ തിരിഞ്ഞു.
“നീ ഇവരെ ചതിക്കിെല്ലന്ന് എന്താണ് ഉറപ്പ്. നിനക്ക് ഇവരോടൊപ്പം ചേരണമെന്ന് എന്താണ് വാശി.’’
അസനാർ ചോദിച്ചു.
കൈയിലെ മുഷിഞ്ഞ സഞ്ചി അയാൾ വീണ്ടും തുറന്നു. അതിൽനിന്നും കുറെ കടലാസുകൾ എടുത്തു. പുക വിഴുങ്ങിയ ഗ്രാമത്തിന്റെ ചിത്രങ്ങളായിരുന്നു എല്ലാം. അതിലൊരെണ്ണത്തിൽ, പാതി മണ്ണിൽ പുതഞ്ഞനിലയിൽ രണ്ടു കുഞ്ഞു ശരീരങ്ങൾ. രൂപം നഷ്ടപ്പെട്ട കണ്ണുകൾക്ക് പകരം രണ്ടു പൊട്ടുകൾ മാത്രമുള്ള മുഖം. ഒരു നിമിഷം ദൈന്യതയോടെ അവർ പരസ്പരം നോക്കി.
“രേമാലി ഇതെല്ലാം ഇവർക്ക് അറിയുന്ന കാര്യമാണ്. അതുകൊണ്ടാണല്ലോ അവർ ഇവിടെ കമ്പനി വരണ്ട എന്ന പേരിൽ സമരം ചെയ്യുന്നത്. നീയെന്തിനാണ് ഇവിടെ, ഇവരുടെ സമരത്തിൽ ചേരുന്നത് എന്നാണ്...” അസനാർ വീണ്ടും ചോദിച്ചു.
ആ കവറിൽനിന്നും അയാൾ മറ്റൊരു ചിത്രം പുറത്തെടുത്തു. വീടു നൽകേണ്ട കുടുംബങ്ങൾ എന്ന പേരിൽ കമ്പനി പകർത്തിയ ഫോട്ടോഗ്രാഫ് ആയിരുന്നു അത്. ചുറുചുറുക്കുള്ള ശാന്തി, കുഞ്ഞു റിത, പിന്നെ ഒക്കത്തിരിക്കുന്ന മുന്നി.
ആ ചിത്രത്തിലെ കുഞ്ഞുങ്ങളാണ് നേരത്തേ കണ്ടതുപോലെ രൂപമാറ്റം വന്നത് എന്നറിയാൻ, അൽപംകൂടി നേരം തുറിച്ചുനോക്കേണ്ടി വന്നു മൂവർക്കും. അതേസമയം തന്നെ ഗ്രാമത്തിലെ കുട്ടികളിൽനിന്നും ആർപ്പുവിളികളും ഉയർന്നു. അവർ ഉല്ലസിക്കുകയാണ്. അവരൊക്കെ ഇങ്ങനെ വെള്ളം കയറിയതുപോലെ ചീർത്തുവലിയുന്നതാണ് ആനന്ദൻ ഓർത്തത്.
രേമാലിയിൽനിന്നും ഒരു കരച്ചിൽ പുറപ്പെട്ടു. അയാൾ തറയിൽ മുട്ടുകുത്തി ഇരുന്നു.
“അവർ രാക്ഷസൻമാരാണ്. നിങ്ങളാണ് ശരി. അവരെ എതിർക്കുന്നു. ഞങ്ങൾ വിഡ്ഢികളാണ്. അവരെ വിശ്വസിച്ചു.’’
ഇത്തവണ അസനാർക്ക് പരിഭാഷപ്പെടുത്തേണ്ടി വന്നില്ല. കമാൽ അയാളുടെ അടുത്തേക്കെത്തി ചുമലിൽ തട്ടി ആശ്വസിപ്പിച്ചു. പിന്നെ പിടിച്ചെഴുന്നേൽപ്പിച്ചു. കരച്ചിൽ കേട്ടിട്ടാകണം പൈവ വാതിൽക്കൽ വന്നെത്തി നോക്കി.
“ഇന്നേ ദിവസം നിങ്ങൾ ഇവിടെ ഉറങ്ങൂ. മറ്റു കാര്യങ്ങൾ പിന്നീട് തീരുമാനിക്കാം.” കമാൽ പറഞ്ഞു.
എപ്പോഴോ ഭാഷയുടെ മതിലുകൾ അഴിഞ്ഞുപോയി. അപ്പോഴേക്കും അയാൾക്കുള്ള ഭക്ഷണവും വെള്ളവുമായി ഒരാളെത്തി. അസനാർ പോകാനായി ഇറങ്ങി. അപ്പോഴേക്കും പൈവ മരച്ചുവട്ടിലേക്ക് മാറിനിന്നു.
“പൈവാ…” അസനാർ നീട്ടിവിളിച്ചു.
പെട്ടെന്നവൾ അനുസരണയുള്ള കുട്ടിയായി. ഓടി അടുത്തേക്ക് ചെന്നു.
“കമ്പനിക്കെതിരെ പോരാടാൻ എടുത്ത തീരുമാനം തെറ്റാണെന്ന് തോന്നുന്നുണ്ടോ?’’ നടക്കുന്നതിനിടയിൽ അസനാർ ചോദിച്ചു.
“ഇല്ല,”
“പിന്നെന്താണ് ഒളിച്ചുനിൽക്കുന്നത്...”
“അങ്ങ് ഞങ്ങളുടെ എതിർപക്ഷത്ത് ആണല്ലോ.’’
“എതിർപക്ഷത്തോ?’’
പറയുന്ന കേട്ടല്ലോ അയാൾ ഞങ്ങളുടെ സംഘത്തിൽ ചേരാൻ വന്നതാണെന്ന്. എന്തിനാണ് ഞങ്ങൾ നിങ്ങൾ എന്ന ഭേദം. ഈ കമ്പനി ഇവിടെ വരാതെ ഇരിക്കുക എന്നത് നമ്മുടെ എല്ലാവരുടെയും ആവശ്യമല്ലേ. ഇന്നു വന്ന ആളെത്തന്നെ നോക്കൂ. നമ്മുടെ ഗ്രാമവും അതുപോലെ ഒരു ശവപ്പറമ്പ് ആയിക്കോട്ടെ എന്നാണോ...’’
അസനാരോട് അത്രയും പറയാനുള്ള ധൈര്യം തനിക്കുണ്ടായതിൽ അവൾ അതിശയിച്ചു.
“ആ കമ്പനിയുടെ വരവ് എതിർക്കപ്പെടേണ്ടത് തന്നെയാണ്. പക്ഷേ...’’ അസനാർ ഒന്നു നിർത്തി.

“എന്താണ് പക്ഷേ... ഇപ്പോൾ ഒരാൾ വന്നത് കണ്ടില്ലേ? അവന്റെ നാട്ടുകാരോട് ചെയ്തപോലെ, എന്തെങ്കിലും ഭിക്ഷ തരും. അതുകണ്ടു കണ്ണു മഞ്ഞളിക്കണം എന്നാണോ?’’
“അങ്ങനെ ഒരു കീഴടങ്ങൽ എന്തായാലും എന്നിൽനിന്നും ഉണ്ടാകില്ല. അവരെ എതിർക്കണം, അതിനു നിങ്ങൾ കണ്ടെടുത്ത വഴി ശരിയല്ല. ആയുധംകൊണ്ട് ഒന്നും നേടാൻ കഴിയില്ലയെന്നു ഞാൻ വിശ്വസിക്കുന്നു.”
പൈവ ഒരുനിമിഷം നിന്നു. അസനാർ നടത്തം തുടർന്നു. അവൾ എതിർദിശയിലേക്കു തിരിഞ്ഞു, രേമാലിയുടെ കാര്യത്തിൽ എന്തു തീരുമാനമാകും ഉണ്ടാകുക എന്നോർത്തുകൊണ്ട്. ഗ്രാമത്തിലെ കുട്ടികൾ കളിച്ചുകൊണ്ടിരുന്ന ഒരു പന്ത് അപ്പോൾ ഉഗ്രശബ്ദത്തോടെ പൊട്ടി. പേടിച്ചരണ്ട കുട്ടികളോട് പൈവ വിളിച്ചു പറഞ്ഞു.
“ഭയപ്പെടരുത്.”
രേമാലിയുടെ വാക്കുകൾ അവൾക്കുള്ളിൽ മുഴങ്ങി.
“അവർ രാക്ഷസൻമാരാണ്. നിങ്ങളാണ് ശരി.’’