വക്രോക്തിജീവിതം*
പിടിക്കപ്പെട്ട് ജയിലിലായാല്‍
എന്റെ കുടുംബത്തിന്
വിശപ്പാറ്റാന്‍
വേറേ വരുമാനമില്ല.
അതിനാല്‍
അലങ്കാരവും ധ്വനിയും ക്ലിഷ്ടതയും
പരിചയാക്കിയതാണ്
എന്റെ കവിത.
പച്ചയ്ക്ക് പറഞ്ഞ്
ആള്‍ക്കൂട്ടക്കൊലക്ക് കഴുത്താവാന്
എനിക്കിഷ്ടമില്ല.
സ്വന്തം വീടോ
ആസ്തിയോ കെടയാത്.
അച്ഛനമ്മ ആശ്രിതര്‍
അനാഥരാവും.
അതിനാല്‍
രാമനെ രവീണ് എന്നും
രാവണനെ രമേന്‍ എന്നും
കവിതയില്‍ ഞാന്‍ മാറ്റുന്നു.
എന്നെത്തന്നെയും ഞാന്‍
ആ തോണിയിലോ ഈ തോണിയിലോ
എന്നറിയാമട്ടില്,
ഇതെന്തുകൊണ്ട് നേരത്തേ പറഞ്ഞില്ല
എന്ന ഓമനമൊഴി പതിയാന്‍ പാകത്തിന്
പരുവപ്പെടുത്തുന്നു.
വഴങ്ങുംവൃത്തം എന്ന
സർവസമ്മതവട്ടത്തിലാണ്
പുരോഗമനച്ചായം പൂശിയ
എന്റെ കാവ്യവസതി.
സിബ്ബഴിക്കപ്പെട്ട്,
കള്ളി തിരിച്ചറിയപ്പെട്ട്
കൊലൈപ്പെടണോ വേണ്ടയോ
എന്ന് തീരുമാനിക്കപ്പെടുന്നിടത്ത്
പൊട്ടനും പോയി
ചട്ടനും പോയി
ലൈലസാ എന്ന്
എപ്പോഴും എന്റെ കവിത
രക്ഷപ്പെടുന്നു.
വക്രോക്തിജീവിതത്തിലാണ്
എന്റെ കാവ്യരക്ഷ.
========
*കുന്തകന്റെ വക്രോക്തി സിദ്ധാന്തം, ഭാരതീയ കാവ്യസിദ്ധാന്തങ്ങളിൽഒന്ന്