വനം വകുപ്പിനും നിശ്ചയമില്ല വയനാട്ടിൽ കടുവകളെത്രയെന്ന്!

മനു രമാകാന്ത് പകർത്തിയ കടുവാ ചിത്രങ്ങൾ
കാടിറങ്ങുന്ന വന്യതയെക്കുറിച്ച് ആഴ്ചപ്പതിപ്പിൽ (ലക്കം: 1406) ഡോ. ജയകൃഷ്ണൻ ടി എഴുതിയ ലേഖനത്തിന് ഒരു അനുബന്ധം. എഴുത്തുകാരനും അധ്യാപകനും വന്യജീവിതെത്തക്കുറിച്ച് സൂക്ഷ്മമായി പഠിക്കുകയുംചെയ്യുന്ന ലേഖകൻ കാടിനെയും കടുവയെയും കുറിച്ച് എഴുതുന്നു.
അതീവ നിരാശനായ ഞാൻ എന്റെയേറെ പിന്നിലായി നിന്നിരുന്ന ടൈഗർ ട്രാക്കർ ശ്രീനിയെ തിരിഞ്ഞുനോക്കി. ‘‘ഇല്ല ശ്രീനി, കടുവയില്ല. അത് പോയിട്ടുണ്ടാവും.’’ എന്റെ ശരീരഭാഷയിൽനിന്ന് എന്റെ തകർന്ന മനസ്സ് അദ്ദേഹം ഗണിച്ചിട്ടുണ്ടാവും.
പക്ഷേ, ശ്രീനിയെ തിരിഞ്ഞുനോക്കുമ്പോൾതന്നെ ഉള്ളിൽ എന്തോ ഒരു തിരിച്ചറിവിന്റെ ചെറുചെറു വിസ്ഫോടനങ്ങൾ നടന്നുതുടങ്ങിയിരുന്നു. ഒരു നിമിഷം ഞാൻ കണ്ടവഗണിച്ച എന്തോ ഒരു കാര്യം പൊടുന്നനെയോർത്തു. ഞാനിപ്പോ എന്താ കണ്ടത്! ശ്രീനിയെത്തന്നെ നോക്കിക്കൊണ്ട് ഞാനതോർത്തെടുക്കാൻ ശ്രമിച്ചു. അത് പുഴക്കരയിൽ കൂട്ടിയിട്ടിരിക്കുന്ന കരിയിലകളുടെ കൂമ്പാരംതന്നെയായിരുന്നോ! കരിയിലകളെങ്ങനെയാ ഇത്ര അസാധാരണമാംവിധം വെയിലത്ത് തിളങ്ങുന്നത്! കരിയിലകൾക്കെങ്ങനെയാ കറുത്ത ഡിസൈൻ ഉണ്ടാവുക. ഇനി..! ശ്രീനിയിൽനിന്ന് കണ്ണെടുത്ത് ഞാൻ വീണ്ടും എനിക്കുമാത്രം കാണാനാവുന്ന പുഴക്കരയിലേക്ക് തിരിഞ്ഞുനോക്കി.
എനിക്ക് കേൾക്കാവുന്ന ഉച്ചത്തിൽ എന്റെ ചങ്ക് മിടിച്ചുതുടങ്ങി. കാതിൽ പറമ്പിക്കുളത്തെ ഊരിൽ ജീവിക്കുന്ന മണികണ്ഠന്റെ ശബ്ദം: ‘‘സാറേ കാട്ടിലെ ദൈവം കടുവയാണ്. അതങ്ങനെയുമിങ്ങനെയുമൊന്നും നമുക്ക് ദർശനം നൽകില്ല.’’ അടുത്തമാസം വിരമിക്കുന്ന വനം വകുപ്പ് ഉദ്യോഗസ്ഥൻ വിനോദിന്റെ നിരാശപ്പെടുത്തുന്ന ശബ്ദം: ‘‘സാറേ, ഇരുപത്തിനാല് കൊല്ലംകൊണ്ട് ഞാനീ കാടുകളിലുണ്ട്. തലങ്ങും വിലങ്ങും യാത്ര ചെയ്തിട്ടുണ്ട്. ജീപ്പിലും നടന്നുമൊക്കെ. ഇന്നേ വരെ ഞാൻ കടുവയെ കണ്ടിട്ടില്ല. വിരമിക്കുന്നതിനു മുമ്പ് ഒരു നോക്ക് അതിനെയൊന്ന് കാണാനാവുമെന്ന പ്രതീക്ഷ ഇനിയെനിക്കില്ല.’’
എന്റെ തലയിൽനിന്നും ചാലുകളായി വിയർപ്പൊലിച്ചിറങ്ങി. ഞാൻ വീണ്ടും ശ്രീനിയെ തിരിഞ്ഞുനോക്കി. എന്റെ ഭാവത്തിൽനിന്നെന്താണെന്ന് മനസ്സിലാക്കി ശ്രീനി എന്നെ നോക്കി പുഞ്ചിരിക്കുന്നു. മുന്നോട്ട് പൊയ്ക്കൊള്ളാൻ ആംഗ്യം കാണിക്കുന്നു. എന്ത് ബാധയാണെന്റെയുള്ളിലേക്ക് കയറിയതെന്നെനിക്കറിയില്ല, ഞാനെന്റെ ജീവിതത്തിലെ ഏറ്റവും സുന്ദരമായ അനുഭവത്തിലേക്ക് പതിയെ ചുവടുവെച്ചു. രണ്ടായിരത്തി പതിനഞ്ചിൽ സോഷ്യൽ മീഡിയ ഇളക്കിമറിച്ച ഞാനും കടുവയുമായുള്ള വൈറലായ ഒരു വിഡിയോ ക്ലിപ്പിന്റെ ജനനം അവിടെ തുടങ്ങുന്നു.
ഇത് കാടിനുള്ളിൽ സംഭവിച്ച കാര്യം. കാടിന് പുറത്തെന്തൊക്കെയാണ് സംഭവിക്കുന്നത്?
കടുവയെന്നത് ഒരു മിത്തുപോലെ, അല്ലെങ്കിൽ അങ്ങ് ദൂരെ മൈസൂരുവിലോ തിരുവനന്തപുരത്തോ പോവുമ്പോൾ കാഴ്ചബംഗ്ലാവിൽ മാത്രം കാണാനാവുന്ന സംഭവം മാത്രമായിരുന്നു ഇടുക്കിക്കാർക്കും വയനാട്ടുകാർക്കും വരെ. വല്ലപ്പോഴും മാത്രം കാടിനുള്ളിൽനിന്ന് പുറത്ത് വരുന്ന കാട്ടാനയോടൊ കാട്ടുപന്നിയോടൊ കാട്ടുപോത്തിനോടൊ ഒക്കെ സഹവസിച്ചും സഹകരിച്ചും പോകാനൊക്കെ അന്നാട്ടുകാർക്കൊരു തഞ്ചമുണ്ടായിരുന്നു. ആ പ്രശ്നങ്ങൾക്ക് ഓരോ നാട്ടിലും പലപല പരിഹാരങ്ങളുമുണ്ടായിരുന്നു.
അപ്പോൾ കാടുമായി കെട്ടുപിണഞ്ഞുകിടക്കുന്ന ആദിവാസി ജീവിതങ്ങൾക്കോ?
പെരിയാർ വനത്തിനടുത്തുള്ള ഊരിലെ ഒരു മൂപ്പനെന്നോട് നെഞ്ചിൽ കൈവെച്ചു പറഞ്ഞതാണ്: ‘‘എന്റെ പൂർവികരൊക്കെ കാട്ടിൽ തേനെടുക്കാനോ ചുള്ളി പെറുക്കാനോ പോവുമ്പോൾ കടുവയുടെയും ആനയുടെയും മുന്നിലൊക്കെ ചെന്ന് പെടാറുണ്ട്.’’
‘‘എന്നിട്ട്?’’
‘‘അവര് ധൈര്യമായി മുന്നോട്ട് ചെന്ന് ആ മൃഗങ്ങളോട് കാര്യം പറയും. ഞങ്ങളും നിങ്ങളെപ്പോലെ കാടിനെ ആശ്രയിച്ചു ജീവിക്കയാണെന്നും, ഉപദ്രവിക്കാതെ വഴിമാറിത്തരണമെന്നും. അവര് വഴിമാറിപ്പോവുകയും ചെയ്യും.’’
‘‘നിങ്ങൾക്കത് പറ്റൂല്ലേ?’’ ജന്മനായുള്ള പിൻബുദ്ധിത്തരംകൊണ്ട് ഞാൻ ചോദിച്ചു.
ഇവനെന്നെ കൊലക്ക് കൊടുക്കാനാണോയെന്ന മട്ടിലൊരു നിമിഷം മൗനംപൂണ്ടെന്നെ നോക്കിനിന്നതിനു ശേഷം അദ്ദേഹം വ്യക്തമാക്കി, ‘‘ഇപ്പൊ പറ്റൂല്ല. ചവിട്ടി തേച്ചുകളയും. ആ പരസ്പരവിശ്വാസം നഷ്ടപ്പെട്ടു.’’
പരസ്പര വിശ്വാസത്തിന്റെ ചരടുകളാണ് ചന്നംപിന്നം പൊട്ടിയത്. കാടിനുള്ളിലും പുറത്ത് നാട്ടിലുമൊക്കെ.
കർഷകർക്ക് ഭരണകർത്താക്കളോടുള്ള വിശ്വാസം നഷപ്പെട്ടു. മൃഗങ്ങൾക്ക് കർഷകരോടും. വനം മന്ത്രിയിലുള്ള വിശ്വാസം നഷ്ടപ്പെടുമ്പോൾ അദ്ദേഹത്തിന് പറയാനുള്ളതെന്താ! ‘‘ഒക്കെ കാരണം പരിസ്ഥിതിവാദികളാണ്.’’ അങ്ങനെ മന്ത്രിയും തന്റെ തോളത്ത് ചിരിച്ചുകൊണ്ട് വന്ന് കയറിയ മാൻഡ്രേക്കിന്റെ പ്രതിമയെ പരിസ്ഥിതിവാദത്തിന് കൈമാറുന്നതോടെ ഇക്കളി അനന്തവും അജ്ഞാതവും അനിശ്ചിതവുമായി മാറുകയാണ്. മേൽനോട്ടം വഹിക്കാനോ എന്താണ് സംഭവിക്കുന്നതെന്ന് കൃത്യമായി മനസ്സിലാക്കാനോ ആരുമില്ലാത്ത അവസ്ഥ.
ഒരു കർഷകനെന്നോട് പറഞ്ഞു, ‘‘കാടിനുള്ളിൽ കടുവകളുടെ എണ്ണം ക്രമാതീതമായി കൂടി. അതിനനുസരിച്ചുള്ള ഭക്ഷണം കാട്ടിലില്ലാതെയായി.’’
വായനക്കാർക്കറിയാം, കടുവകൾക്ക് വിഹരിക്കാൻ അവയുടെ അധീനതയിലുള്ള പ്രത്യേക പ്രദേശങ്ങളുണ്ട്. അതിരുകളിലെ മരങ്ങളിലൊക്കെ കൂർത്ത നഖംകൊണ്ട് രാജമുദ്രകൾ പതിപ്പിച്ച് അതിനുള്ളിലാകും പള്ളിനീരാട്ടും വേട്ടയാടലും വിശ്രമവുമൊക്കെ; ഒറ്റക്ക്. ആ അതിരിനുള്ളിൽ മറ്റൊരു കടുവ അതിക്രമിച്ചു കേറിയാലോ! പിന്നെ മോനേ, യുദ്ധമാണ്.
സൈലന്റ് വാലിയിൽ ഏതോ രാത്രിയിൽ ഒരു മലമുകളിൽനിന്ന് അടിവാരത്തെ ഇരുട്ടിലെങ്ങോ പൊരിഞ്ഞ പോരാട്ടത്തിലേർപ്പെട്ടിരുന്ന കടുവകളുടെ അലർച്ച കേട്ടത് ഇതാ ഈ നിമിഷവും എന്റെ രക്തത്തിലുണ്ട്, അതോർത്തെന്റെ രോമങ്ങളിന്നുമെഴുന്ന് നിൽക്കുന്നുണ്ട്...
കടുവകളുടെ ഇണചേരൽ കാലം വരും. അതായത് ജനുവരി-ഫെബ്രുവരി മാസങ്ങളിൽ. അതിരുകളിത്തിരി ഭേദിച്ച് മറ്റ് ആൺകടുവകളുടെ വിഹാരഭൂമിയിലേക്ക് കടന്നാലേ ചിലപ്പോ പെണ്ണ് കിട്ടൂ. കാര്യം നടക്കൂ. സംഗതി പക്ഷേ മുടിഞ്ഞ റിസ്ക്കാണ്. കടുവകൾക്കിടയിൽ ഏറ്റവും കൂടുതൽ കാഷ്വാലിറ്റീസ് ഉണ്ടാവുന്നത് കയറുപൊട്ടി നിൽക്കുന്ന ഈ കാമകാലത്താണ്.
യുദ്ധത്തിനിെട ഗുരുതരമായി പരിക്കേറ്റ് മുറിവും നക്കിത്തുടച്ചു നടക്കുന്നതിനിടയിൽ കടുവക്ക് മനസ്സിലാവും; കഴിഞ്ഞു. സ്വന്തമായി ഇരപിടിച്ചിരുന്ന ആ സുവർണകാലം കഴിഞ്ഞു. ഇനി വയ്യ. ഭക്ഷണത്തിനായി ഇനി റിസ്ക് കുറഞ്ഞ മാർഗങ്ങൾ തേടാം. പ്രായമായ കടുവകളുടെയും ചിന്തകളീ വഴിക്കുതന്നെയാണ് സഞ്ചരിക്കുന്നത്. ഇനി ഓടിച്ചിട്ട് പിടിച്ചു കൊന്ന് തിന്നാനുള്ള ആരോഗ്യമില്ല.
ഇങ്ങനെ പരിക്കേറ്റും പ്രായമായും ശക്തരായ മറ്റ് യുവകടുവകളുടെ ഉപദ്രവവും വെറുപ്പീര് കൊണ്ടും നിൽക്കക്കള്ളിയില്ലാതെയാവുമ്പഴാണ് കാടിന് പുറത്തേക്ക് അവറ്റകൾ വരുന്നത്. ഓരോന്നോരോന്നായി. നാടെങ്കിൽ നാട്!
‘കടുവ പശുവിനെ കൊന്ന് തിന്നു’, ‘പുലി ആടിനെപ്പിടിച്ചുകൊണ്ട് പോയി’, ‘മുറ്റത്ത് കെട്ടിയിരുന്ന പട്ടിയുടെ പാതി തിന്ന ദേഹം കാടിനുള്ളിൽനിന്ന് കണ്ടെത്തി.’ കാടുമായി അതിർത്തി പങ്കിടുന്ന പ്രദേശങ്ങളിലുള്ള ചായക്കടകളിൽ രാവിലെ പോയിരുന്ന് പത്രം നിവർത്തുമ്പോൾ കാണുന്ന ലോക്കൽ വാർത്തകളാണിവ. നമ്മുടെ ലോക്കൽ പേജുകളിൽ നിറയുന്ന ‘പ്രസ്താവന, സപ്താഹ, ഉത്സവ, ഉദ്ഘാടന’ വാർത്തകളില്ല. കടുവ മീൻസ് ബിസിനസ്. രക്തപങ്കിലമാണ് പത്രങ്ങളിൽ കാണാനാവുന്ന മനുഷ്യരുടെ ദൈനംദിന ജീവിതം.
ഗുരുതര പരിക്കേറ്റവരും വയോവാർധക്യത്തിലുഴലുന്നവരും നിരാലംബരുമായ കടുവകൾ നാടിനടുത്തുള്ള എസ്റ്റേറ്റുകളിലും തേയിലത്തോട്ടങ്ങളിലും ലയങ്ങളിലും വിശന്ന് വലഞ്ഞു വന്ന് കയറുമ്പോൾ അവരെ വരവേൽക്കുന്ന കാഴ്ചകളെന്താ? പലവണ്ണത്തിലും കൊഴുപ്പിലുമുള്ള ഭക്ഷണം വീടുകൾക്ക് പുറത്ത് മനുഷ്യരൊരുക്കി നിർത്തിയിരിക്കുന്നത്! എന്ന് മാത്രമല്ല ആ ജീവനുള്ള ഭക്ഷണം കടുവ വരുന്നത് കണ്ട് നിലവിളിച്ചു കൊണ്ടെങ്ങുമോടിപ്പോവാതിരിക്കാൻ നല്ലവണ്ണമവറ്റകളെ കെട്ടിയിട്ടിട്ടുമുണ്ട്.
ഞങ്ങൾ കൊതിപ്പിക്കും, പക്ഷേ കൊല്ലാൻ പാടില്ല, തിന്നാൻപാടില്ല! എന്ത് നീതിയാണ്! വാ തുറന്ന് കടുവ ചോദിച്ചാൽ അതിശയിക്കാനില്ല.
മൃഗങ്ങളെ വിട്ട് കടുവാഭയാർഥികളുടെ ആക്രമണം മനുഷ്യരുടെ നേരെ തിരിക്കുേമ്പാഴാണ് കളി കാര്യമാവുന്നത്. ശരിയാണ്, ജിം കോർബറ്റ് നേരിട്ടതുപോലെ മനുഷ്യമാംസത്തിൽ ഹരംപൂണ്ടു നടക്കുന്ന കടുവകൾ നമ്മുടെ കാടുകളിലില്ല. ഒന്ന് രുചിച്ചു വരുമ്പോഴേക്കും നാടിളകിമറിഞ്ഞു ആ കടുവയെ ഹിറ്റ്ലിസ്റ്റിൽപെടുത്തി നമ്മളൊഴിവാക്കിയിരിക്കും! പക്ഷേ വയനാടിനറിയാം. ഇടുക്കിക്കറിയാം. ഒന്ന് പോയാൽ മറ്റൊന്ന് (അപ്പോഴേക്കും ആഘോഷം കഴിഞ്ഞു മീഡിയാവണ്ടികൾ ചുരമിറങ്ങിയിട്ടുണ്ടാവും!).
വനം വകുപ്പിനുപോലും നിശ്ചയമില്ല എത്ര കടുവകളാണ് വയനാട്ടിലുള്ളതെന്ന്, വന്നും പോയുമിരിക്കുന്നതെന്ന്. കണക്കുകളൊക്കെ പാളുന്നു (കടുവകളുടെ എണ്ണം കുറയുന്നതൊരിടത്ത് കണ്ടെത്തുന്നു, ആക്രമണങ്ങളുടെ എണ്ണമാണെങ്കിൽ കൂടുന്നു). കൊടിയ ഭീതിയിൽ മനുഷ്യർ ജീവിക്കുന്നു.
ആക്രമണത്തെക്കാൾ എത്രയോ ഭീകരമാണ് അതിന്റെ ഭീഷണി ഉണ്ടാക്കുന്ന അവസ്ഥയെന്നറിയുമോ! അതറിയണമെങ്കിൽ ആക്രമണം നേരിടുന്ന ഗ്രാമങ്ങളിൽ പോയി കുറച്ചുനാൾ നിൽക്കണം. പകൽപോലും മനുഷ്യർ പുറത്തിറങ്ങാൻ ധൈര്യപ്പെടില്ല. ഓരോ നിഴലിലും അവനെയവർ ഭീതിയോടെ തേടുന്നു. പുറത്ത് ഓരോ ചുള്ളിക്കൊമ്പൊടിയുന്ന ശബ്ദത്തിലും കടുവയെ സങ്കൽപ്പിച്ചു ഉൾക്കിടിലത്തോടുകൂടി രാത്രി മുഴുവൻ ഉറങ്ങാതെ നിങ്ങളെന്നെങ്കിലും കിടന്നിട്ടുണ്ടോ? എന്ത് ധൈര്യത്തിലാവും അവർ കുഞ്ഞുങ്ങളെ സ്കൂളുകളിലേക്കയക്കുന്നത്!
എന്നെന്നേക്കുമായി ഉപേക്ഷിക്കപ്പെട്ട ഗ്രാമങ്ങളുണ്ട്. വയനാട്ടിൽ.
എന്താണ് പരിഹാര മാർഗങ്ങൾ!
വയനാട് ചുരം
‘‘എല്ലാ ഹിംസ്ര മൃഗങ്ങളെയും തീർത്തുകളയണം.’’ ‘‘മനുഷ്യന്റെ കൃഷിക്കുവേണ്ടി കാട് കൈയേറണം.’’ ‘‘മനുഷ്യരാണ് വലുത്, മൃഗങ്ങളല്ല.’’ ‘‘നാട്ടിൽ പുലിയിറങ്ങിയാൽ സമിതി രൂപവത്കരിക്കണം. യോഗം ചേരണം.’’ ‘‘ഗർഭിണിയായ പന്നികളെ കണ്ടെത്തി അവയെ കരമൊഴിവാക്കി വിടണം.’’ ‘‘നാട് മൃഗങ്ങൾക്ക് തന്നെ മടക്കിനൽകണം.’’ ‘‘മനുഷ്യന്റെ ദുരാഗ്രഹവും പ്രകൃതിയോട് ചെയ്ത ദ്രോഹവുമാണ് ഈയവസ്ഥയുണ്ടാക്കിയെടുത്തത്.’’ ‘‘കൊല്ലുന്ന മൃഗത്തിന്റെ അവകാശത്തിനെപ്പറ്റിയും മനസ്സിലാക്കണം.’’ ‘‘പരിസ്ഥിതിവാദികൾ ഉണരണം.’’ ‘‘പരിസ്ഥിതിവാദികൾ ചാവണം.’’
പ്രസ്താവനകളും വിവാദങ്ങളും കൊഴുക്കുന്നതിനിടയിൽ മറ്റൊരു കടുവക്ക് കാടിനുള്ളിൽ വെച്ച് ദാ ഇതെഴുതുന്ന നിമിഷം പരിക്കേൽക്കുന്നുണ്ടാവാം. ഗത്യന്തരമില്ലായത് കാട് വിട്ടു പുറത്തേക്ക് ഏന്തിയേന്തി തന്റെ മുറിവുകൾ നക്കിത്തുടച്ചു നടക്കുന്നുണ്ടാവാം. ഒരു ക്രൂരതയുമില്ലാതെ, ശൂന്യമായ മനസ്സോടെ... പക്ഷേ വിശന്ന് പൊരിഞ്ഞു...
സന്ധ്യാനേരത്ത് തൊഴിലുറപ്പിനു പോയി തന്റെ വീട്ടിലേക്ക് മടങ്ങുന്ന ഒരു സ്ത്രീ. ഒരു വീടിന് പുറത്ത് കെട്ടിയിട്ടിരിക്കുന്ന ഒരു നായ. മറ്റൊരിടത്ത് കളിച്ചു കളിച്ചു കാടിന്റെയതിരിലേക്ക് തത്തിത്തത്തി നടക്കുന്ന മൂന്ന് വയസ്സ് മാത്രമുള്ള വെള്ള ഫ്രോക്കിട്ട ഒരു പെൺകുട്ടി. സമയം പോകുന്നു. അടിയന്തരമായ എന്ത് പരിഹാരമാണ് നിങ്ങൾക്ക് നൽകാനുള്ളത്? എന്ത് രാഷ്ട്രീയമാണ് ഈ നിമിഷം നിങ്ങൾക്ക് മുന്നോട്ട് വെക്കാനുള്ളത്? ഒന്നിനെയുമുപദ്രവിക്കാതെ അവരെ രക്ഷിക്കാൻ!