സംവാദങ്ങൾ അവസാനിക്കുന്നില്ല
രാജ്യത്ത് സംവാദം സാധ്യമാകാത്ത ഒരു അന്തരീക്ഷം ഭരണകൂടം ബോധപൂർവം സൃഷ്ടിച്ചെടുത്തിട്ടുണ്ട്. അതടക്കമുള്ള അധികാരശ്രമങ്ങളെ ആശയരംഗത്ത് പ്രതിരോധിക്കാനുള്ള പല വഴികളില്‍ പ്രധാനമായത് സംവാദങ്ങളെ സജീവമാക്കുകയെന്നുള്ളതാണെന്ന് ചിന്തകനായ ലേഖകൻ പറയുന്നു. ഇക്കാലത്ത്, ജനകീയ സംവാദങ്ങളുടെ സമരവേദിയായി ജീവിതത്തെയാകെ മാറ്റിത്തീര്ക്കുകയെന്നുള്ളത് അത്യന്തം പ്രധാനമാണെന്നും അദ്ദേഹം സംവദിക്കുന്നു.ഒന്ന്സ്വന്തം പേരിനെ അപ്രസക്തമാക്കുംവിധം 'പരമത...
Your Subscription Supports Independent Journalism
View Plansരാജ്യത്ത് സംവാദം സാധ്യമാകാത്ത ഒരു അന്തരീക്ഷം ഭരണകൂടം ബോധപൂർവം സൃഷ്ടിച്ചെടുത്തിട്ടുണ്ട്. അതടക്കമുള്ള അധികാരശ്രമങ്ങളെ ആശയരംഗത്ത് പ്രതിരോധിക്കാനുള്ള പല വഴികളില്‍ പ്രധാനമായത് സംവാദങ്ങളെ സജീവമാക്കുകയെന്നുള്ളതാണെന്ന് ചിന്തകനായ ലേഖകൻ പറയുന്നു. ഇക്കാലത്ത്, ജനകീയ സംവാദങ്ങളുടെ സമരവേദിയായി ജീവിതത്തെയാകെ മാറ്റിത്തീര്ക്കുകയെന്നുള്ളത് അത്യന്തം പ്രധാനമാണെന്നും അദ്ദേഹം സംവദിക്കുന്നു.
ഒന്ന്
സ്വന്തം പേരിനെ അപ്രസക്തമാക്കുംവിധം 'പരമത ഖണ്ഡന സ്വാമി' എന്നൊരു പണ്ഡിതന് 1880കളില്‍ 'മൂത്തകുന്നം' പ്രദേശത്ത് പ്രശസ്തനായിരുന്നു. അദ്ദേഹത്തിന്റെ പേര് ഒരു വ്യക്തിയെന്ന നിലയില്‍ എന്നുള്ളതിനേക്കാള്‍, ഒരു കാലഘട്ടത്തിന്റെ താര്‍ക്കിക പ്രവണതയുടെ അടയാളവുമാണ്. അധ്വാന പ്രവര്‍ത്തനം പലതരത്തിലുള്ള 'സഹകരണം' ആവശ്യപ്പെടുമ്പോള്‍; എല്ലാതരം 'മേല്‍ക്കോയ്മ'ക്കും ഏതെങ്കിലും തരത്തിലുള്ള 'അടിച്ചമര്‍ത്തല്‍' അനിവാര്യമാകും. സർവ ശരീര-നിന്ദാ തത്ത്വചിന്തക്കുമടിയില് പരോക്ഷമായെങ്കിലും അധ്വാനനിന്ദതന്നെയാണ് ഒളിച്ചിരിക്കുന്നത്. സമസ്തവും ഏതോ 'പരമാത്മാവിന്റെ' വൈഭവംകൊണ്ടുണ്ടായതാണെന്ന നിലപാടുകള്‍ക്കിടയില്‍, മനുഷ്യപ്രയത്നത്തെ നിസ്സാരമാക്കുന്ന മേല്‍ക്കോയ്മാ നയമാണ് പതിയിരിക്കുന്നത്. വ്യത്യസ്ത ചരിത്രഘട്ടങ്ങളില്‍ 'തര്‍ക്കം' വ്യത്യസ്ത സ്വഭാവങ്ങള്‍ പ്രകടിപ്പിച്ചിട്ടുണ്ടെങ്കിലും, നവോത്ഥാനകാലത്ത് പൊതുവില്‍ അത് പുനരുത്ഥാനകേന്ദ്രിതമായി, പ്രതിലോമകരമായാണ് പ്രവര്‍ത്തിച്ചത്. അധ്വാനകേന്ദ്രിതമായ പ്രത്യക്ഷ അറിവുകളെയും അതിന്റെതന്നെ തുടര്‍ച്ചയായി രൂപംകൊണ്ട 'പരോക്ഷ' അറിവുകളെയും കൃത്രിമമായി വിഭജിച്ച്, അമൂര്‍ത്ത അറിവുകളുടെ കേവലമേല്ക്കോയ്മ ജീവിതത്തിനുമേല്‍ അടിച്ചേൽപിക്കാനുള്ള ഒരാശയ സംവിധാനമായിട്ടാണ് അവര്‍ 'തര്‍ക്ക'ത്തെ ഉപയോഗപ്പെടുത്തിയത്. 'നിങ്ങള്‍ക്ക് കളഞ്ഞുപോവാത്തത് നിങ്ങളുടെ കൈവശമിപ്പോഴുമുണ്ട്. നിങ്ങള്‍ക്ക് കൊമ്പുകള്‍ കളഞ്ഞുപോയിട്ടില്ല. അതുകൊണ്ട് നിങ്ങള്‍ക്ക് കൊമ്പുകളുണ്ട്' എന്ന തരത്തിലുള്ള 'കുതര്ക്കങ്ങളാണ്' പരമതഖണ്ഡനക്കാര് മനോഹരമായ 'കുപ്പായം' ധരിപ്പിച്ച് പൊതുജനമധ്യത്തില്‍ അവതരിപ്പിച്ചുകൊണ്ടിരിക്കുന്നത്. ഇന്ത്യന്‍ സവർണത 'ശങ്കരാചാര്യര്‍' കയറിയതായി കരുതുന്ന അറിവിന്റെ 'സർവജ്ഞപീഠം' എന്ന മിത്ത് സത്യത്തില്‍ ഭീമാകാരമായി വളര്‍ന്ന മേല്‍ക്കോയ്മാ കാഴ്ചപ്പാടിന്റെ വിജയസ്തംഭമാണ്. സത്യത്തില്‍ 'വാദിക്കാനും ജയിക്കാനുമല്ല' എന്ന ധീരവിനയപ്രഖ്യാപനത്തിലൂടെ ഗുരു ഇടിച്ചുപൊളിച്ചത്, ആ സവർണ വിജയസ്തംഭത്തെയാണ്. കേരളത്തില്‍ സംഭവിച്ചതും എന്നാല്‍ വേണ്ടത്ര തിരിച്ചറിയപ്പെടാതെ പോയതുമായ മറ്റൊരു 'ഭീമാകൊറഗോവ്'!
മക്തി തങ്ങളും ചട്ടമ്പിസ്വാമികളും ബ്രഹ്മാനന്ദശിവയോഗിയുമുള്പ്പെടെയുള്ള 'നവോത്ഥാനപ്രതിഭകള്' നടത്തിയ പ്രകാശപൂർണമായ ധൈഷണിക സംവാദങ്ങളില്പോലും, തര്‍ക്കത്തിന്റെ ഇരുണ്ട നിഴലുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഗുരുവിന്റെ 'വാദിക്കാനും ജയിക്കാനുമല്ല...' എന്നുള്ളത്, അതിനൊക്കെയെതിരെയുള്ള വിമര്‍ശനവും സ്വയംവിമര്‍ശനവുമായി വളര്‍ന്ന സംവാദം സംബന്ധിച്ചുള്ള മറ്റൊരു 'മഹാവാക്യ'മായി തീരുകയാണുണ്ടായത്. വടക്കന്‍ പറവൂരിലെ ഒരു ക്ഷേത്രത്തിലേക്ക് 'തേവന്' എന്നൊരു പുലയന് കടന്നപ്പോള്‍, ''തേവനല്ല ദേവനാണ് അകത്തുകയറിയത്'' എന്ന് ഗുരു പറഞ്ഞപ്പോള്‍, അതിലെ 'പ്രാസഭംഗിയല്ല', മഹത്തായൊരറിവിന്റെ പ്രകാശസാന്നിധ്യമാണ് 'മലയാളം' അനുഭവിച്ചത്. 'അന്നോളം അറിഞ്ഞിട്ടില്ലാത്തൊരഴക്' എവിടെനിന്നോ അപ്പോള്‍ ഗുരു 'ദേവ'നാക്കിയ ആ തേവനൊപ്പം അവിടേക്ക് കടന്നുവരുകയാണുണ്ടായത്. മനുഷ്യാധ്വാനം സൃഷ്ടിച്ചുകൊണ്ടേയിരിക്കുന്ന 'സാംസ്കാരിക ഉല്പാദനങ്ങളെ' കൈയടക്കാനും, കീഴ്പ്പെടുത്താനും വക്രീകരിക്കാനുമുള്ള, 'ജാതിമേല്‍ക്കോയ്മാ' താര്‍ക്കിക രാഷ്ട്രീയത്തെയാണ്, 1924ല്‍ ആലുവയിലെ അദ്വൈതാശ്രമത്തില്‍ നടന്ന സർവമത സമ്മേളനത്തില്‍വെച്ച് ഗുരു പൊളിച്ചത്. സ്നേഹസംവാദങ്ങള്‍ തുടരേണ്ടത് മതങ്ങള്‍ തമ്മിലാണെന്നും വ്യത്യസ്ത ആശയങ്ങള്‍ തമ്മിലാണെന്നും ജാതി ഒരു മരണാനന്തര പരിചരണംപോലുമില്ലാതെ കുഴിച്ചുമൂടേണ്ടതാണെന്നുമുള്ള മഹാസന്ദേശമാണ്, 'വാദിക്കാനും ജയിക്കാനുമല്ല' എന്ന ആ ധീരവിനയത്തില് മന്ദഹസിക്കുന്നത്. എന്നാലിന്നും കൃത്രിമ മതതര്‍ക്കങ്ങള്‍ സൃഷ്ടിക്കുകയും, അതോടൊപ്പം ജാതിയെ സ്പര്‍ശിക്കാതിരിക്കുകയും ചെയ്യുന്നവര്‍, സമർഥമായി, ഗുരു തിരസ്കരിച്ച ആ പഴയ സവര്‍ണ താര്‍ക്കിക സമ്പ്രദായങ്ങളെ, ആധുനിക സമൂഹങ്ങള്‍ക്കുമേല്‍ കെട്ടിവെക്കാന്‍ ശ്രമിക്കുകയാണ്.
സാമൂഹികമായ നിരവധി കീഴ്മേല്‍ മറിച്ചിലുകള്‍ സംഭവിച്ചിട്ടും പ്രത്യേകിച്ച് ആരും പഠിപ്പിക്കാതെതന്നെ, 'ജാതി' നന്നായി പഠിക്കപ്പെടുകയും അതിനെ തള്ളിപ്പറയുന്ന പുരോഗമനവാദികള്പോലും സ്വന്തം ജീവിതത്തിന്റെ നിർണായക വഴിത്തിരിവുകളില്‍ മാത്രമല്ല, പൊതുജീവിതത്തില്പോലും ഒരു ജാള്യവുമില്ലാതെ 'ജാതി' പിന്തുടരുകയും ചെയ്യുന്നു. അതിനുമപ്പുറം കടന്ന്, ഔദ്യോഗിക അനുഷ്ഠാനങ്ങളും ആഘോഷങ്ങളുമായി ജാതിമേല്‍ക്കോയ്മ അരങ്ങു തകര്‍ക്കുകയും ചെയ്യുന്നു. ഇക്കാര്യത്തില്‍ ജനകീയ ഹിന്ദുമതത്തിനോ ഇസ്ലാം മതത്തിനോ ക്രിസ്തുമതത്തിനോ അതെത്ര സങ്കുചിതമായാല്പ്പോലും മേല്‍ക്കോയ്മ ജാതിയോട് മത്സരിക്കാനാവില്ല. ബോംബിട്ട് ആളെക്കൊല്ലാന്‍ സർവ ബ്രാന്ഡിലുംപെട്ട മതതീവ്രവാദികള്‍ക്ക് കഴിയുമെങ്കിലും, ആ പേരില്‍ ജാതിവ്യവസ്ഥക്ക് സമാനമായ ഒരു ബദല്‍ സമൂഹം അടിയില്‍നിന്ന് കെട്ടിപ്പൊക്കാന്‍ അവര്‍ക്ക് കഴിയില്ല.
ഇസ്ലാം മതം മുതല്‍, മറ്റെല്ലാ മതങ്ങളെയും മതരഹിതരെയും ഇന്ത്യയില്‍ 'ജാതി' ഏറക്കുറെ കീഴ്പ്പെടുത്തി കഴിഞ്ഞിട്ടുണ്ട്! തത്ത്വത്തില്‍ ജാതിമേല്‍ക്കോയ്മയെ തള്ളിക്കളയുന്ന മതങ്ങളെപ്പോലും കീഴ്പ്പെടുത്താന്‍ കഴിഞ്ഞ 'ജാതിമേല്‍ക്കോയ്മ'യാണ് ഇന്ത്യയിലെ അസഹിഷ്ണുതയുടെ മുഖ്യസ്രോതസ്സ് എന്ന മൗലികവസ്തുതയാണ്, ജനാധിപത്യ വിശകലനങ്ങളില്നിന്നുപോലും വഴുക്കിപ്പോവുന്നത്. സച്ചാര്‍ കമീഷന് ഇന്ത്യന്‍ മുസ്ലിംകള്‍ക്കിടയിലെ 'അഷ്റഫ്, അജ് ലഫ്, അര്‍സല്‍' എന്ന ത്രിവര്ണങ്ങളെ കൃത്യമായും തിരിച്ചറിയുന്നുണ്ട്. ചാതുര്‍വര്‍ണ്യത്തിന്റെ മേല്‍ക്കോയ്മാ മാതൃകയാണ് ഇന്ത്യന്‍ സാമൂഹിക ജീവിതത്തിന്റെ സാംസ്കാരിക നേതൃത്വമായി സർവസ്ഥലത്തും നിലനില്‍ക്കുന്നത്.
രണ്ട്
'സത്യമേവ ജയതേ' 'ശസ്ത്രമേവ ജയതേ'യായും ഹേ റാം ജയ് ശ്രീറാമായും ഗോരക്ഷ മനുഷ്യശിക്ഷയായും സമാധാനം ഭീരുക്കളുടെ സ്വപ്നമായും യുദ്ധം മോക്ഷമായും പ്രണയവും സൗഹൃദവും ശിക്ഷിക്കപ്പെടേണ്ട കുറ്റകൃത്യമായും മാറുന്നൊരു കാലത്താണ് ഇന്നു നാം ജീവിക്കുന്നത്. ഉർദുവും അറബിയും ചൈനീസും വിദ്യാലയങ്ങളില്‍നിന്ന് ഒഴിച്ചുനിര്‍ത്തപ്പെടുകയും 'മനുസ്മൃതി' ഭരണഘടനക്കു മുകളില്‍ പ്രതിഷ്ഠിക്കപ്പെടുകയും സവര്‍ക്കര്‍ മഹാത്മാഗാന്ധിക്കും മുകളിലേക്ക് ഉയര്‍ത്തപ്പെടുകയും തകര്‍ക്കപ്പെട്ട ബാബരിപള്ളിയെക്കുറിച്ച് ഒരു വാക്കുപോലും അധികാരകേന്ദ്രങ്ങളില്‍നിന്ന് കേള്‍ക്കാതിരിക്കുകയും സാമ്പത്തികശാസ്ത്രം, പൊള്ളവാഗ്ദാനശാസ്ത്രമെന്ന അർഥത്തില്‍ വെറും 'ജുംലനോമിക്സ്' ആയിത്തീരുകയും ചെയ്യുന്നൊരു രാഷ്ട്രീയാവസ്ഥയിലൂടെയാണ് ഇന്ന് നാം കടന്നുപോകുന്നത്. വെറുപ്പ് വൈറസ് സർവത്ര വ്യാപിക്കുകയും സംവാദസാധ്യതകള്‍ കുറയുകയും നിലപാടുകള്‍ക്കു മുകളില്‍ 'മതിഭ്രമങ്ങള്‍' കയറിനില്ക്കുകയും പുനരുത്ഥാനം നവോത്ഥാനത്തെ പിന്തള്ളുകയും മിത്തുകള്‍ക്കു മുന്നില്‍ ചരിത്രം മുട്ടുകുത്തുകയും ചെയ്യുന്നൊരു കാലവും അത്ര നല്ലതല്ല. വരേണ്യതകള്ക്കു മുന്നില്‍ മൂല്യബോധം വിളറുകയും ആനന്ദമാത്രവാദങ്ങള്ക്കു മുന്നില്‍ ആദര്‍ശങ്ങള്‍ നിസ്സഹായമാവുകയും ഇനിയെന്ത് എന്ന ചോദ്യം ആത്മബോധമുള്ളവര്ക്കിടയില് അസ്വസ്ഥതകള്‍ പടര്‍ത്തുകയും ന്യായത്തിനുമുന്നില്‍ നീതി നിസ്സഹായമാവുകയും ചെയ്യുന്നൊരു ഇരുട്ടിലേക്കാണ് ഇന്ന് നാം വലിച്ചെറിയപ്പെടുന്നത്. ഗ്രഹാം സ്റ്റെയിനും ഇഹ്സാൻ ജാഫരിയും സ്റ്റാൻ സ്വാമിയും രോഹിത് വെമുലയും നജീബ് അഹമ്മദും വിസ്മൃതരാവുകയും അവര്‍ക്കൊപ്പം നിന്നവര്‍ തടവിലാകുകയും വംശഹത്യാബോറര് വീരരാവുകയും നിസ്സഹായരായ മനുഷ്യര്‍ തൂത്തുവാരാനുള്ള വെറും ചവറുകളാവുകയും ചെയ്യുന്നൊരു കാലത്തിനു മുന്നിലാണ് ഇന്ന് മനുഷ്യത്വം നിന്നു കിതക്കുന്നത്. ജെയിംസ് വെബ് ടെലിസ്കോപ് പതിനായിരക്കണക്കിന് പ്രകാശവര്‍ഷങ്ങള്‍ക്കപ്പുറമുള്ള കാഴ്ചകള്‍ പങ്കുവെക്കുമ്പോഴും തൊട്ടടുത്തുള്ള മനുഷ്യന്റെ കണ്ണീര് കാണാനാവാതാവുംവിധം കണ്ണ് കെട്ടപ്പെടുന്നൊരു കാലമാണ് കരുത്താര്‍ജിക്കുന്നത്.
നമ്മളൊരു 'തോറ്റ ജനത'യായിത്തീരുകയാണോ എന്ന ഉത്കണ്ഠയില്‍ ഉരുകി, കുറേ മനുഷ്യര്‍ ഒരിക്കല്‍ ഉയര്‍ത്തിപ്പിടിച്ച ശിരസ്സ് താഴ്ത്തി സങ്കടത്തോടെ ജീവിതത്തില്‍നിന്ന് എന്നെന്നേക്കുമായി ഇറങ്ങിപ്പോവുന്നു. മറ്റു ചിലര്‍ 'വട്ട്' പിടിച്ച് എന്തുചെയ്യണമെന്നറിയാതെ വീര്‍പ്പുമുട്ടുന്നു. കൊലചെയ്യപ്പെട്ടവര്ക്കും തടവിലകപ്പെട്ടവര്ക്കും നിസ്സഹായരായവര്ക്കുമൊപ്പം നിവര്‍ന്നു നിന്ന് വേറെ ചിലര്‍ കവിതകളെഴുതി സമാശ്വസിക്കുന്നു. മനസ്സ് പീഡിതര്‍ക്കും ശരീരം ദൈനംദിന ജീവിതത്തിനും പകുത്ത്, കുടഞ്ഞുകളയുന്ന അശാന്തിക്ക് സ്വയം കയറിട്ട്, സാധാരണകാലത്തെ സാംസ്കാരിക പ്രവര്‍ത്തനങ്ങളുമായി വളരെയേറെ മനുഷ്യര്‍ ഒരുവിധം ഒപ്പിച്ചു കഴിഞ്ഞുപോവുന്നു. എത്രകാലമെന്നറിയാതെ? നമുക്കുവേണ്ടി നമ്മള്പോലുമില്ലെങ്കില് നമുക്കു പിന്നെ ആരാണ്? നമ്മള് നമുക്കുവേണ്ടി മാത്രമാണെങ്കില്‍ നമ്മള് പിന്നെ എന്തിനാണ്? ഇപ്പോഴല്ലെങ്കില്‍ പിന്നെ എപ്പോഴാണ്? എന്ന റാബിഹില്ലലിന്റെ ചോദ്യം 'ചക്രവാളങ്ങളില്‍' മുഴങ്ങുന്നു.
പാര്‍ലമെന്റില്‍, 'അഴിമതി', 'നാടകം', 'മുതലക്കണ്ണീര്' തുടങ്ങിയ അറുപതോളം വാക്കുകള്‍ക്ക് വിലങ്ങു വീഴുന്നതിന് മുമ്പുതന്നെ, 'മതനിരപേക്ഷതക്കും' മാനവികതക്കും ഇന്ത്യയില്‍ കുരുക്കുവീണ് കഴിഞ്ഞിരുന്നു. മാനവികമൂല്യങ്ങളെ ഇടിച്ചുവീഴ്ത്തുന്നൊരു 'ബുള്‍ഡോസര്‍' മുമ്പേതന്നെ 'മതനിരപേക്ഷത'യുടെ മാറിലൂടെ കയറിയിറങ്ങി കഴിഞ്ഞിരുന്നു. മതനിരപേക്ഷതയെന്നൊരു വാക്കുച്ചരിക്കാന്‍ ഒരുപാര്‍ട്ടിയും ധൈര്യപ്പെട്ടില്ല എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞതും ഇത് സംഘ്പരിവാര്‍ ആശയങ്ങളുടെ വിജയകാലം എന്ന് മോഹന്‍ ഭാഗവത് സാക്ഷ്യപ്പെടുത്തിയതും സവര്‍ക്കർ യുഗം ആരംഭിച്ചു കഴിഞ്ഞെന്ന് സംഘ്പരിവാര്‍ ധൈഷണികര്‍ ദൃഢപ്പെടുത്തിയതും 2019ലാണ്. എന്നാല്‍, ഇത്തരം പ്രഖ്യാപനങ്ങള്‍ക്കുള്ള റിഹേഴ്സലും അതിനാവശ്യമായ പ്രായോഗിക പദ്ധതികളും ആശയപ്രചാരണവും വെറുപ്പുൽപാദനവും മുമ്പെങ്ങുമില്ലാത്തവിധം വ്യാപകമായി തൊണ്ണൂറുകള്ക്കുമുമ്പേ ആരംഭിച്ചു കഴിഞ്ഞിരുന്നു. ജനസംഘം ഭാരതീയ ജനതാ പാര്‍ട്ടിയായി മാറിയ 1981ല്‍ പേരിനെങ്കിലും ഗാന്ധിയന്‍ സോഷ്യലിസം സ്വീകരിക്കുകയും മൂന്ന്-നാല് കൊല്ലങ്ങള്‍ക്കുശേഷം പെട്ടെന്നുതന്നെ അത് കൈയൊഴിക്കുകയും ചെയ്തതൊഴിച്ചാല്‍, ബാക്കി കാലമൊക്കെയും പ്രത്യക്ഷത്തില്‍തന്നെ സംഘ്പരിവാര്‍ ഉയര്‍ത്തിപ്പിടിച്ചത് സകലര്‍ക്കും അറിയാവുന്നതുപോലെ 'നാസി-ഫാഷിസ്റ്റ്' ചിന്തകളോട് ആഴത്തില്‍ ചേര്‍ന്നുനില്‍ക്കുന്ന സവര്‍ക്കര്‍, ഗോള്‍വള്‍ക്കര്‍, ദീന്‍ദയാല്‍ ഉപാധ്യായാ കാഴ്ചപ്പാടാണ്. ഇന്ത്യയില്‍ 'ഗാന്ധിയന്‍ കാഴ്ചപ്പാട്' മുകള്‍തലത്തില്‍ ഒരു 'പാട' മാത്രമായാണ് നിലനില്‍ക്കുന്നതെന്നും എന്നാല്‍, 'ജാതിമേല്‍ക്കോയ്മയുടെ' പ്രത്യയശാസ്ത്രം പൊട്ടിക്കാനാവാത്തത്ര ഉറപ്പുള്ളൊരു പാറയാണെന്നും 'ബാബരിപള്ളി' പൊളിയിലൂടെ അസന്ദിഗ്ധമാംവിധം പ്രായോഗികമായും സൈദ്ധാന്തികമായും ബോധ്യപ്പെട്ട പുതിയ രാഷ്ട്രീയ പശ്ചാത്തലത്തില്‍, അവര്‍ക്ക് ഒരു കാരണവശാലും പിറകോട്ട് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല!
മഹാത്മാഗാന്ധിയുടെ 'മതസൗഹാർദം സംബന്ധിച്ച' ആശയങ്ങളാണ്, സാമുദായിക സൗഹാർദം പുലരാന്‍ അദ്ദേഹം നിർവഹിച്ച നിരന്തര പ്രവര്‍ത്തനങ്ങളാണ് സംഘ്പരിവാര്‍ ശക്തികളെ പ്രകോപിപ്പിച്ചത്. നാഥുറാം വിനായക് ഗോദ്സെയോടും സവര്ക്കറോടുമുള്ള അവരുടെ പ്രിയത്തില് പ്രത്യക്ഷമായിതന്നെ പ്രവര്‍ത്തിക്കുന്നത് മതസൗഹാർദമെന്ന ആശയത്തോടുള്ള വെറുപ്പാണ്. അതിന്റെ വേരുകളാകട്ടെ ആഴ്ന്നുകിടക്കുന്നത് ജാതിമേല്‍ക്കോയ്മയിലാണ്. സംഘ്പരിവാര്‍ ശക്തികള്‍ വെറുമൊരു വിരട്ടല്‍ പരികല്പനയായി പരിമിതപ്പെടുത്താന്‍ ശ്രമിക്കുന്ന ദേശീയത, യഥാർഥ ഇന്ത്യന്‍ ദേശീയതയല്ല, 'അപരത്വത്തിന്റെ തത്ത്വചിന്തയായി പ്രവര്‍ത്തിക്കുന്ന ജാതിമേല്‍ക്കോയ്മ'യുടെ ജനകീയ-വൈകാരിക സംഗ്രഹമാണ്. സ്വയംതന്നെ സംവാദസാധ്യതകള്‍ അടച്ചുകളഞ്ഞ ജാതിപ്രത്യയശാസ്ത്രത്തിനും അതിന്റെ രാഷ്ട്രീയ അവതാരങ്ങള്‍ക്കും സ്വയം സൃഷ്ടിച്ചൊരു വൃത്തത്തില്‍ കറങ്ങാനല്ലാതെ, വൃത്തം ഭേദിച്ച് പുറത്തുകടക്കാനാവില്ല. സംവാദമെന്നത് സൂക്ഷ്മാർഥത്തില്‍ സാമൂഹികമാറ്റത്തെ സാധ്യമാക്കുംവിധമുള്ള ആശയ ഇടപെടല്‍ എന്നതിനൊപ്പം സ്വയം നവീകരണവുമാണ്.
വ്യത്യസ്തതലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന 'അധികാരമാണ്' ആശയങ്ങളുടെ കൊടുമുടികളിലേക്ക് കുതിക്കേണ്ട 'സംവാദങ്ങളെ' പതിവ് ജീവിതത്തിന്റെ നരച്ചവഴികളില് പിടിച്ചുനിര്‍ത്തുന്നത്. അല്‍ബേർ കാമുവിന്റെ പ്രശസ്തമായ 'പതനം' എന്ന നോവല്‍, നമ്മുടെ ജീവിതത്തില്‍ സംഭവിക്കുന്ന സംവാദനഷ്ടങ്ങളെയാണ് നാടകീയമായി, ആവിഷ്കരിക്കുന്നത്. 'ആധുനിക മനുഷ്യനെപ്പറ്റി പറയാന്‍ ഒരേ വാചകം മതി- അവന് ഭോഗിച്ചു, പത്രം വായിച്ചു' എന്ന് കാമു!
അധികാരത്തിന്റെ ആജ്ഞകളെന്ന് പെട്ടെന്ന് തിരിച്ചറിയപ്പെടാത്ത ആജ്ഞകള്‍ക്കു മുന്നില്‍ വിമര്‍ശന രഹിതമായി 'ആമേന്‍' എന്നുമാത്രം പറയാന്‍ പരിശീലിപ്പിക്കപ്പെട്ട പരിമിത ജീവിതങ്ങള്‍, പതുക്കെ അനിവാര്യമായാല്‍ ഏതുതരം ഫാഷിസത്തെയും ആശ്ലേഷിക്കും. മറ്റൊരു നിർവാഹമില്ലാത്തതുകൊണ്ടു മാത്രം, അങ്ങനെ ചെയ്യുന്നവരില്‍ അപ്പോള്‍പോലും സംവാദസാധ്യതകള്‍ അവശേഷിക്കും. എന്നാല്‍, അധികാരവ്യവസ്ഥ വിജയിക്കുന്നത് 'പുഞ്ചിരിക്കുന്ന അടിമകളെയും' പരാതിയില്ലാത്ത തൊമ്മികളെയും സൃഷ്ടിക്കാനാവുംവിധം സ്വന്തം മർദകാധികാരത്തെ സൂക്ഷ്മമായി ജീവിതത്തിന്റെ സമസ്ത മണ്ഡലങ്ങളിലും പ്രയോഗിക്കാന്‍ അതിനു കഴിയുമ്പോഴാണ്. കേരളത്തിനു പുറത്തുള്ള 'ഇന്ത്യനവസ്ഥ' ഓർമിപ്പിക്കുമ്പോള്‍ അതൊന്ന് മനസ്സിലാക്കാന്‍പോലും ശ്രമിക്കാത്ത 'മലയാളികള്‍', നമുക്കിടയില്‍ സംഭവിച്ചുകഴിഞ്ഞ 'സംവാദനഷ്ടത്തെ'യാണ് ഒരാശങ്കയോടെ അടയാളപ്പെടുത്തുന്നത്. പാരസ്പര്യത്തിന്റെ പാലം പൊളിക്കുംവിധമുള്ള ഫാഷിസ്റ്റ് പ്രവര്‍ത്തനങ്ങള്‍ക്കു മുന്നില്‍ സർവതലത്തിലും നിശ്ശബ്ദരാവുന്നവര്‍, ഇന്ത്യനവസ്ഥയില്‍, നാളെ, 'ഫാഷിസ്റ്റുകളല്ലാത്ത ഫാഷിസ്റ്റുകള്‍' ആയിത്തീര്‍ന്നേക്കും! കള ി If nine people sitdown at a table with one nazi, without protest, there are ten nazis at the table എന്നെവിടെയോ വായിച്ചതോര്‍ക്കുന്നു.
'അവര്ക്കൊരെല്ല് കൂടുതലാണ്', 'മാംസം തിന്നാല്‍ മനസ്സ് കേടാവും', 'എന്തൊക്കെ പറഞ്ഞാലും ഒടുവില്‍ നമുക്ക് നമ്മള്തന്നെയേ ഉണ്ടാവൂ', 'വേണ്ടാത്തതിലൊന്നും തലയിടണ്ട', 'നമ്മളെക്കൊണ്ട് ഒന്നും ചെയ്യാന്‍ കഴിയില്ല', 'എല്ലാവരും കണക്ക്', 'ഈ കുളിമുറിയില്‍ സർവരും നഗ്നര്‍', 'കിട്ടിയാല്‍ വാങ്ങാത്തവരാരുണ്ട്', 'ഒന്നുമില്ലാത്തവര്‍ക്ക് എന്ത് ആദര്‍ശം', 'ആരു ഭരിച്ചിട്ടെന്താ' തുടങ്ങി നിരന്തരം അവതരിക്കപ്പെടുന്ന നിരുപദ്രവകരമെന്നും നിഷ്പക്ഷമെന്നും കരുതപ്പെടുന്ന അപകടകരമായ ആശയങ്ങളെ തടുത്തുനിര്‍ത്താന്‍ ശ്രമിക്കാതിരുന്നാല്‍, നാളെ മനുഷ്യര്‍ക്ക് ആത്മാഭിമാനത്തോടെ തലയുയര്‍ത്തി ജീവിക്കാന്‍ കഴിയാതാവും. സൊറകളിലായി, പരസ്പരമുള്ള സംഭാഷണങ്ങളിലായി, ഔപചാരികപ്രഭാഷണങ്ങളിലായി, വായനയിലും എഴുത്തിലും ഒത്തുചേരലുകളിലുമായി, പലതരം പൊതുപ്രവര്ത്തനങ്ങളിലായി, ഒറ്റക്ക് നടത്തുന്ന ഒരായിരം നിനവുകളിലായി ചിതറിക്കിടക്കുന്ന മനുഷ്യ-പ്രകൃതി ബന്ധമാണ്, സംവാദമായി പരിണമിക്കുന്നത്. എന്നാല്‍, നിനവുകളിലേക്കുപോലും ഭയം കിനിഞ്ഞിറങ്ങുന്ന, 'ഭയം' ജീവിതത്തെ അടക്കിഭരിക്കും വിധം 'ഭയാനക'മാവുന്ന ഒരവസ്ഥയില്‍, എല്ലാം അതില്‍ മാത്രമായി ഒതുങ്ങിപ്പോവാനുള്ള സാധ്യത വർധിക്കും. ബന്ധമില്ലായ്മകളുടെ അരക്ഷിതത്വത്തില്‍ മനുഷ്യര്‍ ബന്ധിതരാകും. ഇന്ത്യയിലിപ്പോള്‍ അതാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്.
'എല്ലാ ഹൃദയങ്ങളും അസ്വസ്ഥമാണ്/പക്ഷേ, ആര്‍ക്കുമത് പുറത്തുപറയാന്‍ കഴിയുന്നില്ല/സ്വാതന്ത്ര്യത്തെക്കുറിച്ച് നാം സ്വതന്ത്രമായി സംസാരിച്ചാല്‍,/ സ്വാതന്ത്ര്യത്തിന് അതൊരു ശല്യമായാലോ' എന്ന് കശ്മീരി കവി ഗുലാം മെഹ്ജൂര്‍. 'കൈവെട്ടിമാറ്റിയവന്റെ കൈരേഖ നോക്കി ഭാവി പറയുമോ കൈനോട്ടക്കാരാ' എന്ന് ആഗാ ഷാഹിദ് അലി! അധികാരമാണ് എല്ലാത്തിന്റെയും അവസാന വിധി തീരുമാനിക്കുന്നത്. നിരപരാധിയെ അപരാധിയാക്കാനും പശുവിനെ പുലിയാക്കാനും സൗമ്യസിംഹത്തെ രൗദ്രസിംഹമാക്കാനും തൊഴില്‍ ചെയ്യുന്നവരുടെ അവകാശങ്ങള്‍ കവര്‍ന്നെടുക്കാനും മതനിരപേക്ഷതയെ മറിച്ചിടാനും ജനങ്ങളെ വൈകാരിക പ്രശ്നങ്ങളുയര്‍ത്തി വിഭജിക്കാനും അതിനു കഴിയും. ചര്‍ച്ചയും സംവാദവും ഫാഷിസ്റ്റ് നിഘണ്ടുവില്‍ തിരഞ്ഞാല്‍ കാണാത്ത വാക്കുകളാണ്. ചര്‍ച്ച വേണ്ട അനുസരണം മാത്രംമതി എന്നാജ്ഞാപിക്കുന്നൊരു പ്രത്യയശാസ്ത്രവും 'സംവാദങ്ങളെ' സ്വാഗതം ചെയ്യില്ല. ജർമനി മാത്രമല്ല, യുദ്ധത്തിനു കാരണക്കാര്‍ എന്ന മട്ടിലുള്ള ചര്‍ച്ച തുടങ്ങിവെച്ചതുതന്നെ തെറ്റായിരുന്നുവെന്നും എല്ലാ തെറ്റുകളുടെയും ഉത്തരവാദിത്തം ശത്രുവിന്റെ തലയിൽ മാത്രം കെട്ടിവെക്കണമെന്നും ഹിറ്റ്ലറും, വലിയ നുണപറച്ചില്വിദ്യയാണ് വികസിപ്പിക്കേണ്ടതെന്ന് ഗീബല്‍സും രക്തംകൊണ്ട് ചിന്തിക്കുകയും ബുള്‍ഡോസര്‍ രാജിനെ പ്രകീര്‍ത്തിക്കുകയും ചെയ്യുന്ന നവഫാഷിസ്റ്റുകളും നിരന്തരം നിറയൊഴിക്കുന്നത് നീതിയുടേതെന്നപോലെ, 'സംവാദ'ങ്ങളുടെയും നെഞ്ചിലേക്കാണ്. നിങ്ങളും പറയൂ, ഞങ്ങളും പറയാം എന്നല്ല, ഞങ്ങള്‍ പറയുന്നതിനപ്പുറം ഒന്നും ചിന്തിച്ചുപോകരുതെന്നാണ്, 'സംവാദവിരുദ്ധശക്തികള്' കൽപിക്കുന്നത്. ഡയലോഗിന് പകരം അറിയിപ്പുകളിലാണവര് അഭിരമിക്കുന്നത്!
മതനിരപേക്ഷ ആദര്‍ശങ്ങളെ നിര്‍വീര്യമാക്കുന്ന 'അറിയിപ്പുകള്'കൊണ്ട് ഒരു രാഷ്ട്രം നിറയുമ്പോള്‍, നീതി ഒന്നുകില്‍ നിലംപരിശാവുകയോ അല്ലെങ്കില്‍ ഒളിവില്‍ പോകേണ്ടി വരുകയോ ചെയ്യും. ഞങ്ങള്‍ പറയുന്നതാണ് ശരിയെന്ന് നിങ്ങളെ ബോധ്യപ്പെടുത്താന്‍ പൊലീസും ഞങ്ങള്‍ക്കൊപ്പമുണ്ടാവുമെന്ന് ഒരു സര്‍ക്കാര്‍ പ്രഖ്യാപിക്കുകയും, 'പൊലീസിനെ സഹായിക്കുക, സ്വയം മർദിക്കുക' എന്നൊരു 'പോസ്റ്റര്‍' മനസ്സിന്റെ ചുമരുകളില്‍ 'പതിയുകയും' ചെയ്താല്‍ പിന്നെ എല്ലാ 'ഡയലോഗു'കളും അവസാനിക്കും. 'യോഗിമോഡല്‍' കര്‍ണാടകയില്‍ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി ബസവരാജ ബൊമ്മൈ പറയുമ്പോഴും, ഗോദ്സെ പ്രശംസയിലൂടെയും സ്ഫോടന വാര്‍ത്തകളിലൂടെയും 'പ്രശസ്തയായ' പ്രജ്ഞ സിങ് ഠാകുര്‍ ഭാരതീയ സംസ്കാരത്തിന്റെ അഭിമാനമായി ആദരിക്കപ്പെടുമ്പോഴും മുഹമ്മദ് അഖ്ലാഖ് കൊലയിലെ പ്രതിയുടെ മൃതദേഹത്തില്‍ ദേശീയപതാക പുതപ്പിക്കുമ്പോഴും കീഴ്മേല്‍ മറിക്കപ്പെടുന്നത് ആരോഗ്യകരമായൊരു സംവാദത്തിനുള്ള അവസരമാണ്.
'നോട്ട് നിരോധനവും' കര്‍ഷകവിരുദ്ധ നിയമവും പൗരത്വവിരുദ്ധ നിയമവും കശ്മീര്‍ സംസ്ഥാനപദവി റദ്ദാക്കലും ബാബരിപള്ളി പൊളിക്കലും അടക്കമുള്ള ജനവിരുദ്ധ ചെയ്തികള്‍ എളുപ്പത്തില്‍ നടപ്പാക്കിയത് സംവാദവേദിയാകേണ്ട പാര്‍ലമെന്റിനെപ്പോലും നോക്കുകുത്തിയാക്കിയാണ്. കോർപറേറ്റ് സേവക്കും വെറുപ്പുൽപാദന പ്രവര്‍ത്തനങ്ങള്‍ക്കുമിടയില്‍ മാനുഷികമൂല്യങ്ങള്‍ക്കൊപ്പം അതിനെ മുന്നോട്ടുകൊണ്ടുപോവേണ്ട നാനാവിധത്തിലുള്ള സംവാദശ്രമങ്ങളുമാണ് ഇന്ത്യയിലിപ്പോള്‍ നിസ്സഹായമാവുന്നത്. കോർപറേറ്റ് ആനന്ദമാത്രവാദ കാഴ്ചപ്പാടും നവഫാഷിസ്റ്റ് 'ശുദ്ധിഭീകരതകളും' ചിന്തയെയും അതിന്റെ പ്രയോഗങ്ങളെയും വഴിമുടക്കുന്ന ശല്യങ്ങളായാണ് കാണുന്നത്. 'കൊലപാതകത്തിന് ഒരുപാട് നിര്‍വചനങ്ങളുണ്ട്' എന്ന സമകാലിക രാഷ്ട്രീയ പ്രാധാന്യമുള്ള ശ്രദ്ധേയമായ കവിതയില്‍ കലാപ്രതിഭകൂടിയായ കവി രവിചിത്രലിപി പങ്കുവെക്കുന്നത് സംവാദവിരുദ്ധ സമീപനം സൃഷ്ടിക്കുന്ന സംഘര്‍ഷങ്ങളാണ്. 'ഞങ്ങള്‍ പറയുന്നതേ/നിങ്ങള്‍ പറയാവൂ/ഞങ്ങള്‍ കണ്ടതേ/നിങ്ങള്‍ കാണാവൂ... ഞങ്ങള്‍ ചിന്തിച്ചതേ/നിങ്ങള്‍ ചിന്തിക്കാവൂ... ഇത്രമാത്രം ആനുകൂല്യങ്ങള്‍ തന്നിട്ടും/നിങ്ങളെന്തിനാണ് ചിന്തിച്ച് ചിന്തിച്ച്/തലപുണ്ണാക്കുന്നത്-/വേണ്ടാത്ത സ്വപ്നങ്ങള്‍ കാണുന്നത്/നിങ്ങള്‍ക്ക് വെറുതെ/ജീവിച്ചുതന്നാല്‍ പോരെ' സംവാദം സത്യത്തില്‍ രവിചിത്രലിപിയുടെ കവിതയില്‍ പറയുന്നതുപോലെ 'വെറുതെ ജീവിച്ചുപോവാന്' കഴിയാത്ത മനുഷ്യരുടെ ആകുലതകളുടെയും കിനാവുകളുടെയും പ്രതികരണങ്ങളുടെയും പ്രതിരോധങ്ങളുടെയും പടപ്പുറപ്പാണ്.
എന്തുവന്നാലും ഇപ്പോഴുള്ള ജീവിതം തുടരുകവയ്യെന്നും പുതിയൊരു ജീവിതം തുടങ്ങാനുള്ള ശ്രമത്തില്‍ എന്തു പ്രതിസന്ധികള്‍ അനുഭവിക്കേണ്ടിവന്നാലും ഞങ്ങള്‍ പിന്മാറുകയില്ലെന്നും പീഡനമനുഭവിക്കുന്നവര്‍ സമസ്ത ഊർജവും സമാഹരിച്ചുകൊണ്ട് പ്രഖ്യാപിക്കുമ്പോഴാണ് ആധിപത്യം വഹിക്കുന്ന അധികാരബന്ധങ്ങളെ അട്ടിമറിക്കുംവിധത്തിലുള്ള ഒരു സ്ഫോടനത്തോടെ സംവാദങ്ങള്‍ സംഭവിക്കുന്നത്. വാക്ക് നിഷേധിക്കപ്പെട്ടവര്‍ ഭാഷയെ സ്വന്തംവരുതിക്ക് വിധേയമാക്കുന്ന വിമോചനത്തിന്റെ ആഘോഷവേളകള്‍ ചരിത്രത്തില്‍ ഒരാകസ്മികതയല്ലാതായി മാറുന്നത് നവോത്ഥാനത്തിന്റെ ആരംഭത്തോടുകൂടിയാണ്. ഇനി വരാനിരിക്കുന്നത് തങ്ങളുടെ കാലമാണെന്ന് തിരിച്ചറിഞ്ഞ ഒരു വർഗത്തിന്റെയും സാമൂഹിക വിഭാഗങ്ങളുടെയും തീപിടിച്ചു കഴിഞ്ഞ വാക്കുകള്‍ക്ക് സ്വയം കത്തിപ്പടരാതെ തത്ത്വങ്ങളില്‍ വിശ്രമിക്കുക അസാധ്യമാണ്.
ഒരു പുതിയ ലോകത്തെക്കുറിച്ചുള്ള സ്വപ്നം ശക്തിപ്പെടുമ്പോഴാണ് പഴയ ലോകത്തിനെതിരെയുള്ള സമരം വളരുന്നത്. ഇനിയും പിറന്നുകഴിഞ്ഞിട്ടില്ലാത്ത ഒരു പുതിയ ലോകം പഴയ ലോകത്തോട് നടത്തുന്ന നിരന്തര സമരത്തിന്റെ ചുരുക്കപ്പേരാണ് സംവാദം. പഴയ ലോകങ്ങളില്‍ സ്തംഭിച്ചുപോയവര്ക്കും പുതിയ ലോകത്തിനെതിരെ ആയുധമെടുത്തുനില്ക്കുന്നവര്ക്കും സംവാദത്തിന്റെ ഭാഷ മനസ്സിലാവുകയില്ല.
ആശയങ്ങളുടെ ലോകത്ത് അലക്ഷ്യമായി അലയുന്ന നവകാല്പനിക സമീപനങ്ങളോടും ജീവിതത്തെ വിവാദത്തിനുള്ള അസംസ്കൃത പദാർഥം മാത്രമായി പരിഗണിക്കുന്ന സംസ്കാര വ്യവസായത്തോടും വെറുപ്പുൽപാദനത്തില് അഭിരമിക്കുന്ന നവ ഫാഷിസ്റ്റ് ആശയങ്ങളോടും ഒരേസമയം എതിരിട്ടുകൊണ്ടാണ് 'സംവാദം' വളരുന്നത്. അതിന്റെ ലക്ഷ്യം ഇന്നത്തെ ജീവിതത്തേക്കാള്‍ മെച്ചപ്പെട്ട ഒരു ജീവിതം എല്ലാ മനുഷ്യര്‍ക്കും സാധ്യമാക്കാന്‍ ആശയരംഗത്ത് സമരോത്സുകമായി ഇടതടവില്ലാതെ ഇടപെട്ടുകൊണ്ടിരിക്കുക എന്നുള്ളതാണ്.
മൂന്ന്
'' 'നടരാജന് ശ്രീകൃഷ്ണന്റെ ഭാര്യയാണ്, അല്ലേ?' 1947 ആഗസ്റ്റ് മാസത്തില്‍ ഒരു ദിവസം തിരുവനന്തപുരത്തെ മസ്കറ്റ് ഹോട്ടലില്‍വെച്ച് കേരളീയനായ ഒരു എന്‍ജിനീയര്‍ എന്നോട് ചോദിച്ചതാണ്. ആ സമയത്തു ഞങ്ങളുടെ കൂടെ രണ്ടു സായിപ്പന്മാരും ഉണ്ടായിരുന്നു. ഒന്ന് ഒരു ഡെന്മാര്ക്കുകാരന്; മേറ്റത് അമേരിക്കന്‍. ഡെന്മാര്ക്കുകാരന് എവിടെയൊക്കെയോ പോയി ശേഖരിച്ചുകൊണ്ടുവന്ന ഓട്ടുവിളക്കുകളും വിഗ്രഹങ്ങളും ഞങ്ങളെ കാണിക്കുകയായിരുന്നു. ഒരു ചെറിയ നടരാജവിഗ്രഹം മേശപ്പുറത്തുവെച്ച് അല്പം പിന്‍വാങ്ങിനിന്ന് അതിന്റെ ഭംഗിനോക്കി രസിച്ചുകൊണ്ട് അയാള്‍ ഒരു പ്രസംഗം നടത്തി. അതൊരു അപൂര്‍വ കലാവസ്തുവാണെന്നും അത് കിട്ടിയത് മഹാഭാഗ്യമാണെന്നും പറഞ്ഞു. അമേരിക്കക്കാരന് ആ അഭിപ്രായം ശരിവെക്കുകയും അയാളും അനുമോദിക്കുകയും ചെയ്തു. ആ സന്ദര്‍ഭത്തിലാണ് നമ്മുടെ എന്‍ജിനീയര്‍ തന്റെ ചോദ്യം പൊട്ടിച്ചത്. ഇംഗ്ലീഷില്‍ ചോദിച്ചതുകൊണ്ടാണ് സായിപ്പന്മാര്ക്കും മനസ്സിലായത്. ഡെന്മാര്ക്കുകാരന് നിശിതമായ ആക്ഷേപം നിറഞ്ഞ ഒരു ചിരിചിരിച്ചു. സ്വന്തം ഭാഷയില്‍ അതിനിഷ്ഠുരമായ എന്തോ ചിലതു പറയുകയും ചെയ്തു. അതു മനസ്സിലാകാത്തതു ഭാഗ്യമായെന്ന് എനിക്കുകൂടി തോന്നി. അമേരിക്കക്കാരന് വിഗ്രഹത്തില്‍ ഒന്നുകൂടി നോക്കിയശേഷം: 'ഇതൊരു പുരുഷരൂപമാണല്ലോ' എന്നും പറഞ്ഞു. എന്‍ജിനീയര്‍ക്ക് അല്പം വിഷമം തോന്നി.
'അതെയതെ, നമ്മുടെ നടരാജപിള്ളയുടെ കാര്യം ഞാന്‍ മറന്നുപോയി' എന്നുപറഞ്ഞ് അദ്ദേഹം സമാധാനപ്പെട്ടു.
നമുക്ക് സ്വാതന്ത്ര്യം കിട്ടിയ കാലത്ത് ഭാരതീയ സംസ്കാരത്തിന്റെ നില എന്തായിരുന്നു എന്നു കാണിക്കാനാണ് ഞാന്‍ ഈ സംഭവം വിവരിച്ചത്. ആധുനിക വിദ്യാഭ്യാസം ഭാരതീയരില്‍ വരുത്തിയ ഏറ്റവും വലിയ മാറ്റം അവരെ ഭാരതീയരല്ലാതാക്കി എന്നതാണ്.'' (സംസ്കാരലോചനം: ഡോ. കെ. ഭാസ്കരന് നായര്‍).
മലയാളത്തിന്റെ അഭിമാനമായ ഭാസ്കരന്നായരെപ്പോലുള്ളൊരു പ്രതിഭ 'ഭാരതീയത'യെ അടയാളപ്പെടുത്താനുള്ള മാനദണ്ഡമായി, 'പുരാണപരിചയ'ത്തെ പരിഗണിക്കുന്നതിലുള്ളത്ര അപകടം, ആ പാവം എൻജിനീയറുടെ പുരാണ 'അജ്ഞത'യിലില്ലെന്ന് തിരിച്ചറിയപ്പെടുന്നിടത്തുവെച്ചാണ് സത്യത്തില്‍, ശരിക്കുള്ള ഭാരതീയതയെക്കുറിച്ചുള്ള ഒരാശയ 'സംവാദം' സാധ്യമാവുന്നത്. സാമാന്യബോധം ദൃഢപ്പെടുത്തിയ സ്വസ്ഥസമതലങ്ങളില് സ്തംഭിച്ചുപോയവര്ക്ക്, അവരെത്ര പണ്ഡിതരാണെങ്കിലും സംവാദങ്ങളുടെ ലോകത്തിലേക്ക് പ്രവേശിക്കാനാവില്ല. നടരാജവിഗ്രഹം ഒരു എൻജിനീയര്‍ക്ക് തിരിച്ചറിയാന്‍ കഴിഞ്ഞില്ല എന്ന കെ. ഭാസ്കരന് നായരുടെ സത്യസന്ധമായ വിവരണം സ്വാഗതാര്‍ഹമാണ്. വിഗ്രഹശേഖരണത്തിലും അവയുടെ പഠനത്തിലും വ്യാപൃതരായ വിദേശികളെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ആദരവും അഭിനന്ദനാര്‍ഹമാണ്. എന്നാല്‍ 'ഭാരതീയത' സംബന്ധിച്ച അദ്ദേഹത്തിന്റെ സമീപനം, 'നടരാജവിഗ്രഹം' തിരിച്ചറിയാത്ത എൻജിനീയറെക്കാള്‍ അപകടകരമാണ്. എൻജിനീയറുടേത് വസ്തുതാപരമായ ഒരു തെറ്റാണ്. എളുപ്പം തിരുത്താന്‍ കഴിയുന്നത്. എന്നാല്‍, ഭാസ്കരന് നായരുടേത് വീക്ഷണപരമായ പരിമിതിയാണ്. ആദിവാസികളും വ്യത്യസ്ത മതവിഭാഗങ്ങളും മതരഹിതരും വ്യത്യസ്ത കാഴ്ചപ്പാട് പുലര്‍ത്തുന്നവരുമായ നാനാവിഭാഗം ഇന്ത്യാക്കാരുടെ നിരന്തര ഇടപെടലുകളിലൂടെ രൂപപ്പെട്ടുകൊണ്ടിരിക്കുന്ന 'ഭാരതീയത' 'ഒരൊറ്റ പുരാണത്തില്‍' മാത്രമായി ഒതുങ്ങുന്നതല്ലെന്ന് തിരിച്ചറിയുന്നതിലാണ് അദ്ദേഹത്തിന് വീഴ്ച പറ്റിയത്. സൂക്ഷ്മാർഥത്തില്‍ പ്രശ്നം നടരാജവിഗ്രഹമോ അതിനുമുന്നില്‍ വിസ്മയസ്തബ്ധരായ വിദേശികളോ 'നിന്ദിതനായ എൻജിനീയറോ' എന്തിന് ഭാസ്കരന് നായര്പോലുമോ അല്ല, മറിച്ച് ഭരണവർഗ തത്ത്വചിന്തയുടെ 'ഫോക് ലോര്‍' ആയിത്തീര്‍ന്ന, സാമാന്യബോധമാണ്. സങ്കീർണ വൈവിധ്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഭാരതീയതയെ, ഒരു 'സവര്‍ണ സമവാക്യ'ത്തിലേക്ക് വിവര്‍ത്തനം ചെയ്യാനുള്ള പരമ്പരാഗത ധൈഷണിക ശ്രമങ്ങളുടെകൂടി ഭാഗമാണ് ഭാസ്കരന് നായരുടെ സമീപനം. ആധുനിക വിദ്യാഭ്യാസം ഭാരതീയരെ അഭാരതീയരാക്കി എന്നൊരു സമീപനം സ്ഥാപിച്ചെടുക്കാനുള്ള അദ്ദേഹത്തിന്റെ തിടുക്കം ഒരർഥത്തിലും നിരുപദ്രവകരമല്ല. 'ഭാരതീയത'യെ പുരാണപരിചയം കൊണ്ടല്ല, വിശകലന ശേഷികൊണ്ടും പ്രവര്‍ത്തന മികവുകൊണ്ടും പ്രബുദ്ധതകൊണ്ടുമാണ് അടയാളപ്പെടുത്തുകയും അഭിവാദ്യം ചെയ്യുകയും വേണ്ടത്. ആശയവിനിമയത്തിലൂടെയും അതിന്റെതന്നെ സജീവ പ്രയോഗമായ സംവാദത്തിലൂടെയുമാണ് ആശയ ഐക്യത്തിലോ ആശയഭിന്നതയിലോ ഒരാധുനിക സമൂഹം എത്തേണ്ടത്. അതിനു പകരം 'ആശയ ഐക്യത്തെ' മാത്രം ഏകപക്ഷീയമായി കൊണ്ടാടാനുള്ള പ്രവണതയാണ് പൊതുവില്‍ സാംസ്കാരിക രംഗത്ത് സജീവമാകുന്നത്.
'ആശയങ്ങളുടെ കിടങ്ങ് കല്ല് കിടങ്ങിനേക്കാള് കരുത്തേറിയതാണ്' എന്ന് മാര്‍ടി. കല്ല് കിടങ്ങ് മണ്ണിട്ട് തൂര്‍ക്കാന്‍ പറ്റും, മർദകര്ക്ക് മർദിതരില്നിന്ന് ആയുധങ്ങള്‍ പിടിച്ചെടുക്കാന്‍ പറ്റും, അധികാരികള്‍ക്ക് ജനതയെ പലവിധത്തില്‍ ശിക്ഷിക്കാന്‍ കഴിയും, അവര്‍ക്ക് സമരങ്ങളെ തകര്‍ക്കാന്‍കഴിയും, പക്ഷേ ആശയങ്ങളുടെ കിടങ്ങ് പൂർണമായും തൂര്‍ക്കാന്‍ കഴിയില്ല. അതിന് നിലവിലുള്ള മണ്ണ് മതിയാവില്ല! എത്ര മണ്ണിട്ട് മൂടിയാലും ഏതെങ്കിലുമൊരു പഴുതില്‍, എവിടെയെങ്കിലുമത് മുളച്ചുവരും. കരാഗൃഹങ്ങളുടെ മരുപ്പറമ്പുകളില്പോലും!
''ആശയങ്ങളില്ലാത്ത ജീവിതം നിരർഥകമാണ്. അവക്കുവേണ്ടി പൊരുതുന്നതിനേക്കാള്‍ സന്തോഷകരമായി മറ്റൊന്നുമില്ല. ആശയങ്ങളാണ് ലോകത്തില്‍ പ്രകാശം ചൊരിഞ്ഞിട്ടുള്ളത്. ആശയങ്ങളെക്കുറിച്ച് സംസാരിക്കുമ്പോള്‍ ഞാന്‍ അർഥമാക്കുന്നത് ഉത്തമവും നീതിപൂര്‍ണവും ലോകത്ത് സമാധാനം സ്ഥാപിക്കാന്‍ കാരണമാകുന്നതുമായ ആശയങ്ങള്‍ മാത്രമാണ്.'' ഫിദല്‍ കാസ്ട്രോ ആശയങ്ങളെക്കുറിച്ച് പങ്കുവെച്ച ഈയൊരാശയം, സത്യത്തില്‍ സർവ ജനാധിപത്യ ചിന്തകരും സ്വന്തമായ രീതികളില്‍ മുമ്പേ പങ്കുവെച്ചതുതന്നെയാണ്. തത്ത്വചിന്തയും മതവും കലയും സാഹിത്യവും ശാസ്ത്രവും വ്യത്യസ്ത വഴികളിലൂടെ മനുഷ്യജീവിതത്തില്‍ 'ആശയങ്ങളുടെ' പ്രാധാന്യം അമര്ത്തിപ്പറഞ്ഞിട്ടുണ്ട്. ജീവിതത്തെ നിറപ്പകിട്ടുള്ളതാക്കി മാറ്റുന്ന ആദര്‍ശങ്ങളും സങ്കല്പങ്ങളും മൂല്യങ്ങളുമെല്ലാം മുളക്കുന്നത് ആശയങ്ങളുടെ മണ്ണിനും ആകാശത്തിനുമിടയിലാണ്. ആശയലോകം നിര്‍ജീവമാകുന്ന മുറക്ക് ആദര്‍ശങ്ങളും മൂല്യങ്ങളും നിറംകെട്ട് നിര്‍വീര്യമാകും. ദീര്‍ഘകാലാടിസ്ഥാനത്തില്‍ മനുഷ്യരാശി നേരിടാന്‍ പോകുന്ന വലിയൊരു പ്രതിസന്ധിയായി 'മൂല്യനിരാസം' മാറും!
പൊതുപ്രവര്‍ത്തനത്തോടുള്ള പുച്ഛം, ഒന്നിനോടും ആദരവില്ലായ്മ, ഫാന്‍സ്/ഗാങ് മാനസികാവസ്ഥ മുതല്‍ എന്തും അനുവദനീയം എന്നതുവരെ എത്തുന്ന പ്രതിലോമ ആശയങ്ങള്‍ക്ക്, ഒരു വിധേനയും പിന്തുണനല്കാന് കഴിയില്ലെന്നിരിക്കെ, സർവ ആശയങ്ങളെയും, അവ ആശയങ്ങള്‍ മാത്രമാണെന്ന ഒരൊറ്റ കാരണത്താല്‍ പിന്തുണക്കാന്‍ കഴിയുമോ എന്ന ചോദ്യം അവഗണിക്കാനാവില്ല. അതുകൊണ്ടാണ് കാസ്ട്രോ അടക്കമുള്ളവര്‍ ആശയങ്ങളെ പൊതുവില്‍ സ്വാഗതം ചെയ്യുമ്പോഴും, പ്രകാശം പരത്തുന്ന ആശയങ്ങള്‍ക്ക് മുന്‍ഗണന നല്‍കുന്നത്. അതേസമയം, ചരിത്രത്തിലൊരിക്കലും ഇരുട്ടിനെതിരെ പ്രകാശം പരത്തുന്ന ആശയങ്ങള്‍ മാത്രമായി നിലനിന്നിട്ടില്ലെന്നും ഇന്നത്തെ അവസ്ഥയില്‍ അങ്ങനെ മാത്രമായി ഒരാശയത്തിനും നിലനില്ക്കാന് കഴിയില്ലെന്നും 'ഇരുട്ടിനോട്' ഇടര്‍ച്ചയില്ലാതെ പൊരുതിക്കൊണ്ട് മാത്രമേ മുമ്പെന്നപോല ഇന്നും നാളെയും പ്രകാശം പരത്തുന്ന ആശയങ്ങള്‍ക്ക് നിലനില്ക്കാനാവുകയുള്ളൂവെന്നും തിരിച്ചറിയേണ്ടതുണ്ട്.
ആശയങ്ങളുടെ പ്രവാഹലോകത്തിലേക്ക് പ്രവേശിക്കുന്നതോടെ ഏത് 'ദുഷ്ടചിന്തയും' എപ്പോഴെങ്കിലും അത്ര ദുഷ്ടമല്ലാത്തൊരവസ്ഥയിലേക്ക് എത്തിപ്പെടാനുള്ള സാധ്യതയുണ്ട്. എന്നാല്‍, ഒരുവിധ ചിന്തയുമില്ലാത്തവര്, ഒരു ചിന്താലോകത്തിലേക്ക് കടക്കുന്നതുവരെ ഒരുവിധേനയും മാറാനുള്ള സാധ്യതയില്ല. അതുവഴി 'ദുഷ്ടചിന്തയുള്ളവര്' ദുഷ്ടചിന്തയുള്ളവരായി തുടരാന്‍ മാത്രമല്ല, 'നല്ലചിന്തയുള്ളവര്' പോലും കൂടുതല്‍ നല്ല ചിന്തയുള്ളവരായി തീരാനുള്ള സാധ്യതയും അടഞ്ഞുപോവാന്‍ ഇടയുണ്ട്. അതുകൊണ്ട് അടിമുടി ജീവിതത്തെ ആശയനിര്‍ഭരമാക്കുകയും സംവാദങ്ങള്‍ക്ക് അവധികൊടുക്കാതിരിക്കുയും സമരോത്സുകവും സര്‍ഗാത്മകവുമാവുകയും ചെയ്യുകയെന്നുള്ളത്, പരിവര്‍ത്തനത്തെ സംബന്ധിച്ചിടത്തോളം അനിവാര്യമാണ്. തന്നോടും മറ്റുള്ളവരോടും പ്രകൃതിയോടും നിതാന്തബന്ധം പുലര്‍ത്തുന്നത് അസാധ്യമാക്കുംവിധം ആശയങ്ങളുടെ വാതിലുകള്‍ പൂര്‍ണമായും അടഞ്ഞാല്‍, സമസ്ത പരിവര്‍ത്തന സാധ്യതകളും ഇല്ലാതാവും. അതുകൊണ്ട് വ്യക്തികള്‍, സംഘടനകള്‍, സമരങ്ങള്‍ എന്നിവ തകര്‍ന്നാലും ആശയങ്ങള്‍ തകരാതിരുന്നാല്‍, വ്യക്തികള്‍ക്കും സംഘടനകള്‍ക്കും സമരങ്ങള്‍ക്കും വീണ്ടും ഉയിര്ത്തെഴുന്നേല്ക്കാന് കഴിയും. അതുകൊണ്ട് അധികാരവ്യവസ്ഥയുടെ പുതിയ കാര്യപരിപാടി ജനാധിപത്യ മതനിരപേക്ഷ ആശയങ്ങളെ മാത്രമല്ല, ആശയകേന്ദ്രിതമെന്ന ജീവിതാവസ്ഥയെത്തന്നെ നേര്‍പ്പിച്ച്, മയപ്പെടുത്തി, മെരുക്കി, ഉള്ളതിനൊപ്പം ഇല്ലാതാക്കി മാത്രം നിലനിര്‍ത്തുകയെന്നുള്ളതാണ്.
ഇപ്രകാരമുള്ള അധികാര ശ്രമങ്ങളെ ആശയരംഗത്ത് പ്രതിരോധിക്കാനുള്ള പല വഴികളില്‍ പ്രധാനമായത് സംവാദങ്ങളെ സജീവമാക്കുകയെന്നുള്ളതാണ്. സ്വതന്ത്രമായ ആശയവിനിമയത്തിനും വിമര്‍ശനത്തിനും വിലങ്ങുവീഴുകയും മാധ്യമങ്ങള്‍ ഭരണവർഗാശയങ്ങളുടെ മാറ്റൊലികള്‍ മാത്രമായി മാറുകയും ചെയ്യുന്നൊരു കാലത്ത്, ജനകീയ സംവാദങ്ങളുടെ സമരവേദിയായി ജീവിതത്തെയാകെ മാറ്റിത്തീര്ക്കുകയെന്നുള്ളത് അത്യന്തം പ്രധാനമാണ്.