ആർ.എസ്.എസിനോട് സംവാദം സാധ്യമല്ല
എഴുത്ത്: ശ്രീജിത്ത് വി.വി
ഭയത്തിന്റെ കരിമ്പടത്തിനുള്ളിൽ സംവാദത്തിന് ശ്വാസം മുട്ടുന്നുവെന്ന് വ്യക്തമാക്കുന്ന മുൻ സ്പീക്കറും സി.പി.എം നേതാവുമായ പി. ശ്രീരാമകൃഷ്ണൻ ആർ.എസ്.എസിനോട് സംവാദം സാധ്യമല്ലെന്ന് തുറന്നുപറയുന്നു.
സംവാദം എന്നത് ഏത് സമൂഹത്തിന്റെയും നിലനിൽപിന് അത്യാവശ്യമാണ്. എന്നാൽ, സമകാലിക ഇന്ത്യയിൽ സംവാദം എന്ന മൂന്നക്ഷരം അപ്രത്യക്ഷമായിക്കൊണ്ടിരിക്കുകയാണ്. ഭയമാണ് ഇന്ന് രാജ്യത്തിന്റെ പൊതുവികാരമെന്ന് ചുരുക്കി നിർവചിക്കാം. ഭയം നിലനിൽക്കുന്ന ഒരു രാജ്യത്ത് സംവാദം നടക്കില്ല. സംവാദത്തെ ഭയപ്പെടുന്നത് സത്യത്തെ ഭയപ്പെടുന്നവരാണ്. ആശയങ്ങളെ പേടിക്കുന്നവരാണ് ഇന്നത്തെ ഇന്ത്യയെ നയിക്കുന്നത് എന്നാണ് നിർഭാഗ്യകരമായ വസ്തുത. പ്രതികരിച്ചാൽ അടിച്ചമർത്തുമോ എന്ന ഭയത്താൽ നിശ്ശബ്ദരാകുന്നവരുടെ എണ്ണം വർധിച്ചുവരുന്നു. സംവാദത്തിനുള്ള ആശയമോ ധൈര്യമോ ഇല്ലാത്തതിനാൽ മൗനികളാകുന്നവരുമുണ്ട്. മാധ്യമങ്ങളെ കാണാൻപോലും തയാറാകാത്ത ഭരണാധികാരിയെ ആ ഗണത്തിൽപെടുത്താം.
വിമർശനമൊഴിവാക്കാൻ എല്ലാ തരത്തിലുള്ള അധികാരങ്ങളും ഭരണകൂടം പ്രയോഗിക്കുകയാണിന്ന്. എക്സിക്യൂട്ടിവ്, ജുഡീഷ്യറി തുടങ്ങിയവയെ എല്ലാത്തിനെയും ഉപയോഗപ്പെടുത്തുന്നതിലൂടെ സംവാദം എന്നത് മരീചികയായി മാറുന്നു. വിമർശിക്കുന്നവരെയെല്ലാം അടിച്ചമർത്താൻ കേന്ദ്ര അന്വേഷണ ഏജൻസികളെയെല്ലാം തുറന്നുവിട്ടിരിക്കുന്നു. കർഷകസമരത്തെ നേരിടാൻ വരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെ ഉപയോഗിച്ചവരാണ് കേന്ദ്രസർക്കാർ. കർഷകസമരവും ഇ.ഡിയുമായി ഒരു ബന്ധവുമില്ല. എന്നാൽ, എന്തിനും മടിക്കില്ല എന്നത് വിളിച്ചു പറയുകയായിരുന്നു അതിലൂടെ.
അപ്രഖ്യാപിത അടിയന്തരാവസ്ഥയാണ് നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. ടീസ്റ്റ സെറ്റൽവാദും ആർ.ബി. ശ്രീകുമാറും അറസ്റ്റ് ചെയ്യപ്പെട്ടത് വിമർശകൾക്ക് എന്താണ് സംഭവിക്കുകയെന്നതിന് ഏറ്റവും വലിയ ഉദാഹരണമാണ്. ഇനിയൊരു ആർ.ബി. ശ്രീകുമാർ ഈ രാജ്യത്ത് ഉണ്ടാകുമോ? സത്യസന്ധമായ സംവാദങ്ങൾക്ക് തയാറായാൽ സത്യങ്ങൾ അംഗീകരിക്കേണ്ടി വരും. തന്റെ ആശയത്തിന്റെ ദൃഢതയിൽ വിശ്വാസമുള്ളവർക്ക് പേടിക്കാതെ തന്നെ കാര്യങ്ങൾ നിർവഹിക്കാൻ സാധിക്കും. എന്നാൽ, അതിന് കേന്ദ്രസർക്കാറിന് സാധിക്കുന്നില്ല. ഭയത്തിന്റെ കറുത്ത കരിമ്പടം രാജ്യത്തെ മൂടിയിരിക്കുന്നെന്ന് പറയാം. അതിനടിയിൽപെട്ട് സംവാദത്തിന് ശ്വാസം മുട്ടുകയാണ്.
തങ്ങൾക്ക് ശരിയല്ലെന്ന് തോന്നുന്ന ഒരു കാര്യം മറ്റുള്ളവരെ പറയാൻ അനുവദിക്കുക എന്നിടത്താണ് ജനാധിപത്യം ആരംഭിക്കുന്നത്. ആ അവകാശം നിഷേധിക്കപ്പെടുന്നതോടെ ജനാധിപത്യത്തെതന്നെയാണ് നിഷേധിക്കുന്നത്. ഇന്ത്യ അറിയപ്പെടുന്നത് തന്നെ ജനാധിപത്യത്തിന് ശക്തിയുള്ള ഒരു രാജ്യമെന്ന നിലയിലാണ്. എന്നാൽ സംവാദമല്ല, സംഹാരമാണ് ശരിയെന്ന തോന്നലുണ്ടാക്കുന്ന ഒരവസ്ഥയിലേക്ക് സമൂഹം ഇന്ന് പോവുകയാണ്. എന്നാൽ, സംഹരിക്കുന്നവരെയല്ല സമൂഹം സ്വീകരിക്കുക, പ്രത്യേകിച്ച് ഇന്ത്യയെപ്പോലെ ഒരു രാജ്യത്ത്.
മഹാഭാരതവും രാമായണവും സംവാദവഴികളിൽ
രാജ്യത്തിന്റെ ഇതിഹാസങ്ങളും പുരാണങ്ങളുമൊന്നുംതന്നെ സംവാദത്തിന് വിരുദ്ധമായ സമീപനം സ്വീകരിച്ചിട്ടില്ല. മഹാഭാരതമായാലും രാമായണമായാലും സംവാദത്തിന്റെ വിവിധ തലങ്ങളിലൂടെ കടന്നുപോകുന്നത് കാണാൻ സൂക്ഷ്മവായനയിലൂടെ സാധിക്കും. നിങ്ങൾ വായിക്കുന്നത് എങ്ങനെയെന്നതിന്റെ അടിസ്ഥാനത്തിലായിരിക്കുമത്. തൃശൂലംകൊണ്ട് വയർ കുത്തിക്കീറി ആക്രമിക്കാനുള്ള ചില മരുന്നുകൾ ചിലപ്പോൾ അതിൽനിന്ന് കിട്ടും. അതുപോലെതന്നെ സ്നേഹത്തിന്റെയും ശാന്തിയുടെയും തലങ്ങളും അതിൽനിന്ന് തപ്പിയെടുക്കാൻ പറ്റും.
മഹാഭാരതത്തിൽ ഏറ്റവും വലിയ ചാണക്യനായി അറിയപ്പെടുന്ന വ്യക്തിയാണ് ഭീഷ്മാചാര്യർ. അദ്ദേഹത്തിന്റെ അടുത്തെത്തി ചോദ്യങ്ങൾ ചോദിക്കുന്നവരോടെല്ലാം അദ്ദേഹം സംവാദത്തിന്റേതായ രീതിയാണ് സ്വീകരിച്ചിരുന്നത്. കുന്തീദേവി ഒരിക്കൽ ഭീഷ്മാചാര്യരോട് ചോദിക്കുന്നുണ്ട് -ഈ നാട്ടിൽ എന്തൊക്കെയാണ് നടക്കുന്നതെന്ന്? കുട്ടികളെ പലരും പലതും പഠിപ്പിക്കുന്നതൊന്നും അങ്ങറിയുന്നില്ലേ? എന്താണ് ഇതിലൊന്നും ഇടപെടാത്തത്? അപ്പോൾ ഭീഷ്മർ പറഞ്ഞ മറുപടി- ''ഇവരാരെങ്കിലും ബലപ്രയോഗത്തിലൂടെ എന്തെങ്കിലും പഠിപ്പിക്കാൻ ശ്രമിക്കുന്നുണ്ടോ? അങ്ങനെയുണ്ടെങ്കിൽ ഭരണകൂടം ഇടപെടും. അതല്ല, തെറ്റായ ആശയങ്ങൾ പ്രചരിപ്പിക്കുകയാണെങ്കിൽ അതിനെ നേരിടേണ്ടത് ശരിയായ ആശയങ്ങൾകൊണ്ടാണ്. അവർ പ്രചരിപ്പിക്കുന്ന ആശയങ്ങൾക്കെതിരെ നീ ആശയങ്ങൾ പ്രചരിപ്പിക്കുക. കാരണം ഇത് ഹസ്തിനപുരമാണ്. ഇവിടെ എല്ലാ ആശയങ്ങൾക്കും അഭിപ്രായങ്ങൾക്കും ഇടമുള്ള, സ്വതന്ത്രസംവാദം നടക്കേണ്ട സ്ഥലമാണ്. സംവാദമേ നിഷേധിച്ചാൽ ഭയം വരും. നിർഭയരാണ് ഹസ്തിനപുരത്തെ രാജാക്കൻമാർ.'' ഈ നിലപാട് പ്രധാനമന്ത്രി വിദുരരോട് ഭീഷ്മർ പലതവണ സൂചിപ്പിച്ചിട്ടുണ്ട്. അതായത് മഹാഭാരതത്തിന്റെ യഥാർഥ വായന നമ്മെ പഠിപ്പിക്കുന്നത് അത് സംവാദവിരുദ്ധമല്ല എന്നാണ്.
രാമായണവും സംവാദവിരുദ്ധമല്ല എന്നാണ് എന്റെ വായന ബോധ്യപ്പെടുത്തിയത്. നന്മയും ശാന്തിയുമാണ് അതും പ്രദാനം ചെയ്യുന്നത്. എന്നാൽ, ആ അന്തരീക്ഷത്തെ നിലനിർത്താനുള്ള ശ്രമമല്ല ഇപ്പോൾ നടക്കുന്നത്. സംഹാരത്തിലൂടെ സംവാദത്തെ വധിക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നത്. അത് ജനാധിപത്യത്തിന്റെ തകർച്ചയുടെ ലക്ഷണമാണ്.
പൂരപ്പറമ്പിലെ നീതി
ഭരണകൂടത്തിന്റെ രീതികളുടെ ചില ചെറുപതിപ്പുകൾ സമൂഹത്തിന്റെ പല ഭാഗങ്ങളിലും കാണാവുന്നതാണ്. ആശയത്തെ ആശയംകൊണ്ട് നേരിടുന്നതിന് പകരം ആശയം പറയുന്നയാളെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന പ്രവണതയാണ് സമൂഹമാധ്യമങ്ങളിൽ കാണുന്നത്. അതും സംവാദത്തെ ഇല്ലാതാക്കും. സമൂഹമാധ്യമങ്ങൾ എന്നതൊരു പൂരപ്പറമ്പാണ്. പൂരപ്പറമ്പിന് അതിന്റേതായ എല്ലാ പ്രത്യേകതകളുമുണ്ടാകും. അതിന്റെ നീതിബോധം വ്യത്യസ്തമാകും.
ആരും നിയന്ത്രിക്കാനില്ലാത്ത, ആർക്കും എന്തും വിളിച്ചുപറയാവുന്നൊരു ഇടമാണത്. അവിടെ ശ്രദ്ധ നേടാൻ പലപല അഭ്യാസങ്ങൾ നടക്കും. സമൂഹമാധ്യമങ്ങളിൽ വൈറലാവുക എന്നതും ഇതിനോട് ചേർന്നുനിൽക്കുന്നതാണ്. വൈറലാകാനുള്ള പെരുമാറ്റങ്ങളുടെ അന്തിമഫലം യഥാർഥവും ഗൗരവമുള്ളതുമായ സംവാദങ്ങൾ ഇല്ലാതാകുന്നു എന്നതാണ്. പൂരപ്പറമ്പിൽനിന്ന് നമ്മൾ പ്രതീക്ഷിക്കാവുന്ന സംവാദമേ സമൂഹമാധ്യമങ്ങളിൽനിന്നും പ്രതീക്ഷിക്കാവൂ.
സംവാദവേദികളെ ഇകഴ്ത്തുന്ന മാധ്യമങ്ങൾ
നിയമസഭയാണ് സംവാദങ്ങളാൽ ശ്രദ്ധയാകേണ്ട ഏറ്റവും പ്രധാന ഇടങ്ങളിലൊന്ന്. എന്നാൽ, അവിടെയും അത്ര സുഗമമല്ല കാര്യങ്ങൾ എന്ന് മനസ്സിലാകും. ഇതോടൊപ്പം പറയേണ്ട ഒരു പ്രധാന വസ്തുത, നിയമസഭയിൽ നടക്കുന്ന പല പ്രധാന ഗൗരവ ചർച്ചകൾക്കും മാധ്യമങ്ങൾ പ്രാധാന്യം നൽകുന്നില്ല എന്നതാണ്. ഹാസ്യപരിപാടികൾക്കുള്ള ആശയങ്ങൾ ലഭിക്കാനുള്ള ഇടമായി മാത്രം നിയമസഭയെ കാണുന്ന മാധ്യമങ്ങൾ, മണിക്കൂറുകളോളം അവിടെ നടക്കുന്ന പല നിയമനിർമാണ ചർച്ചകളും അവഗണിക്കുന്നു. ഒരിക്കൽ സഭയിൽതന്നെ റൂളിങ് പോലെ ഞാൻ ഇക്കാര്യം പറഞ്ഞിരുന്നു. ഇത്തരത്തിൽ ഗൗരവ ചർച്ചകളെ പുറത്തെത്തിക്കാത്തത് നിയമനിർമാണ പ്രക്രിയയെ ദുർബലപ്പെടുത്തും. ഒരിക്കൽ ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റ് സംബന്ധിച്ച ബിൽ സഭയിൽ വന്നു. 1600ഓളം ഭേദഗതികൾ വന്നു. ഓരോന്നും വിശദമായി അവതരിപ്പിക്കാൻ സമയം നൽകി. എന്നാൽ, അത്രയും സുപ്രധാന ചർച്ച നടന്ന ദിവസവും സഭയിൽ നടന്ന നിസ്സാര തർക്കങ്ങളാണ് മാധ്യമങ്ങൾ ചർച്ച ചെയ്തത്. ഗോഷ്ഠി കാണിക്കലിനാണ് അവർ പ്രാധാന്യം നൽകിയത്.
ഇതുപോലെ സംവാദാത്മക ജനാധിപത്യത്തിനുള്ള ഒരു പ്രധാന വേദിയായിരുന്നു ലോക കേരളസഭ. എന്നാൽ, ലോകത്തുള്ള എല്ലാ മലയാളികളുടെയും വികാര-വിചാരങ്ങളെ പ്രതിഫലിപ്പിക്കാനുള്ള ആ വേദിയെക്കുറിച്ച് തെറ്റായ ചിത്രമാണ് മാധ്യമങ്ങൾ പ്രചരിപ്പിച്ചത്. ധൂർത്ത് എന്ന വാസ്തവവിരുദ്ധ കാര്യമാണ് മാധ്യമങ്ങൾ ഉന്നയിച്ചത്. അനിത പുല്ലയിൽ എന്ന വ്യക്തി അതിന്റെ അനുബന്ധ പരിപാടിയിൽ പങ്കെടുത്തു എന്നതാണ് ലോക കേരളസഭയെ തന്നെ തെറ്റായി അവതരിപ്പിക്കാൻ കണ്ടെത്തിയ കാര്യം. സംവാദത്തെ പ്രോത്സാഹിപ്പിക്കുന്നതിൽ മാധ്യമങ്ങൾ വഹിക്കുന്ന പങ്ക് വളരെ പ്രധാനമാണ്. എന്നിട്ടും ഒരു സംവാദവേദിയെ ഇകഴ്ത്താൻ മാധ്യമങ്ങൾ കൂട്ടുനിന്നു എന്ന പരാതിയുണ്ട്.
കോഴിപ്പോരിൽ മരിക്കുന്ന സത്യം
ചാനൽ ചർച്ചകളാണ് സംവാദങ്ങൾ മരിക്കുന്ന മറ്റൊരിടം. രാഷ്ട്രീയ നിലപാടുകൾ മേൽക്കൈ നേടേണ്ടതിന് പകരം അവിടെ ശബ്ദവും ആക്രോശവുമാണ് ഇന്ന് ആധിപത്യം സ്ഥാപിക്കുന്നത്. കോഴിപ്പോരാണ് അവിടെ നടക്കുന്നത്. ഒരു വിഷയം മുന്നോട്ടുവെച്ച ശേഷം വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾക്ക് അതിൽ അഭിപ്രായം പറയാൻ വേദിയൊരുക്കുന്നതിൽ ചാനൽ ചർച്ചകൾ സഹായിച്ചു എന്നത് സത്യമാണ്. എന്നാൽ, ഓരോ വിഷയങ്ങളിലും ജനങ്ങളെ ഒരു നിലപാടിൽ എത്താൻ സഹായിക്കേണ്ടതിന് പകരം ചാനൽ അവതാരകർ അവരുടെ നിലപാട് അടിച്ചേൽപിക്കാനാണ് ശ്രമിക്കുന്നത്. താൻ ഉദ്ദേശിക്കുന്ന വിധത്തിൽ ചർച്ച സമാപിക്കുന്നില്ല എന്ന് കാണുമ്പോൾ അവതാരകർ ഇടപെടും. അർണബ് ഗോസ്വാമിക്ക് പഠിക്കുകയാണിവർ. ഈ സമീപനം ചാനൽ ചർച്ചകളെ മുഖരിതമാക്കുന്നു. ക്രൂരമായ രീതിയിൽ അഭിപ്രായങ്ങളെ അടിച്ചമർത്തിയാൽ മാത്രമേ, ചർച്ചകളെ വിൽപനച്ചരക്കാക്കാൻ സാധിക്കൂവെന്ന നിലപാടിലാണ് അവതാരകർ. റേറ്റിങ് കൂട്ടലാണ് ലക്ഷ്യം. ഒരിക്കൽ ഒരു മാധ്യമപ്രവർത്തകനോട് ഞാൻ ഇക്കാര്യം ചോദിച്ചു. അദ്ദേഹം തിരിച്ചു ചോദിച്ചത് ഇതൊരു ഷോ അല്ലേ? എന്നാണ്.
വാർത്തകൾ ഒരിക്കലും ഷോ അല്ല. വാർത്തകളെ അങ്ങനെ കാണരുത്. ജീവിതപ്രശ്നങ്ങൾ ഷോ അല്ല. ജനങ്ങളുടെ ജീവൽപ്രശ്നങ്ങളെ സെൻസേഷനാക്കി മാറ്റരുത്. ചാനൽ ചർച്ചകളിൽ പങ്കെടുത്ത അനുഭവത്തിന്റെ അടിസ്ഥാനത്തിൽ പറയട്ടെ, നമ്മൾ ഇടപെടുന്ന രീതിക്കനുസരിച്ചാണ് കാര്യങ്ങൾ. ഏറ്റവും പ്രധാന സംഗതി നമ്മൾ അവതാരകനോടല്ല, കാര്യങ്ങൾ പറയേണ്ടത്, ജനങ്ങളോടാണ് എന്നതാണ്. ജനങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി പറയുന്ന രീതിയിലാണ് നാം മറുപടി പറയുന്നതും പറയേണ്ടതും. അപ്പുറത്ത് ആരാണെന്ന് നോക്കിയിട്ടോ, അവരുടെ രീതി നോക്കിയിട്ടോ അല്ല നാം പെരുമാറേണ്ടത്.
ജനങ്ങളെ അഭിസംബോധന ചെയ്ത് പെരുമാറുമ്പോൾ സംവാദങ്ങളുടെ നിലവാരമുയരും. കോഴിപ്പോര് പോലെ ചർച്ചയിലുള്ള രാഷ്ട്രീയ പ്രതിനിധികൾ തമ്മിലടിക്കുമ്പോൾ സന്തോഷിക്കുന്ന മാധ്യമപ്രവർത്തകരുണ്ട്. ഇത്തരം ചർച്ചകൾ കേൾക്കുന്നവർക്ക് അത് പുച്ഛവും പരിഹാസവും മാത്രമാണ് സമ്മാനിക്കുക. ആശയങ്ങൾക്ക് പകരം ശാരീരിക ശക്തിക്കനുസരിച്ച് പെരുമാറിയാൽ അതിന് ജനപിന്തുണ കിട്ടില്ല. ചർച്ചയിൽ പെട്ടെന്ന് ക്ഷോഭിക്കുന്ന പ്രതിനിധികളുടെ എണ്ണവും കൂടിവരുകയാണ്. പലപ്പോഴും ആ ക്ഷോഭം കൃത്രിമമായിരിക്കും. ഇത് തങ്ങളുടെ വാദത്തിന് ബലം കിട്ടാൻ നടത്തുന്ന ഒരു തന്ത്രമായിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്.
ബ്രേക്കിങ് ന്യൂസിലെ സംവാദ വിരുദ്ധത
അന്നന്നത്തെ അന്നത്തിനു വേണ്ടി നിരുത്തരവാദപരമായി പെരുമാറുകയും ബ്രേക്കിങ് ന്യൂസിന് വേണ്ടി എന്ത് മാർഗവും സ്വീകരിക്കുകയും ചെയ്യുന്നതും സംവാദവിരുദ്ധതയാണ്. മാധ്യമങ്ങൾ ഇക്കാര്യത്തിൽ മത്സരിക്കുകയാണിന്ന്. ഞാൻതന്നെ ഇതിന്റെ ഒരു ഇരയാണ്. സ്വർണക്കടത്ത് വിവാദകാലത്ത് പ്രചരിപ്പിച്ച വാർത്തകളിലേക്ക് തിരിഞ്ഞുനോക്കിയാൽ അത് ബോധ്യമാകും. യൂറോപ്പിൽ 300 കോടിയുടെ നിക്ഷേപം, കോളജുകളുടെ ഉടമസ്ഥാവകാശം തുടങ്ങിയ ബ്രേക്കിങ് ന്യൂസുകളും പത്രങ്ങളിലെ ഒന്നാം പേജ് വാർത്തകളും വഴിയാണ് ഞാൻ എനിക്കെതിരെ വന്ന പല 'ഞെട്ടിക്കുന്ന' വെളിപ്പെടുത്തലുകളും അറിഞ്ഞത്. അടുത്ത് പരിചയമുള്ള എത്രയോ ദൃശ്യമാധ്യമ പ്രവർത്തകർ എന്നെ നേരിട്ട് പരിചയമുണ്ടായിട്ടും ഒരു കാൾ ചെയ്ത് എന്താണ് എനിക്ക് പറയാനുള്ളതെന്ന് ചോദിച്ചില്ല.
ഭരണഘടനാ പദവിയായ സ്പീക്കർ പദത്തിൽ ഇരിക്കുന്ന ഒരാൾക്ക് രാഷ്ട്രീയ പ്രതികരണത്തിന് പരിമിതികളുണ്ടെന്നറിഞ്ഞിട്ടും നിരന്തരം വേട്ടയാടാൻ ശ്രമിച്ചു. ആ വാർത്തകൾ ഒക്കെ തെറ്റാണെന്ന് ബോധ്യമായിട്ടും ആരും പിന്നീട് തിരുത്തിയില്ല. ദൃശ്യമാധ്യമ പ്രവർത്തകർ സ്വീകരിക്കുന്ന മറ്റൊരു അസഹിഷ്ണുതയാണ് നടന്നുപോകുന്നവരെപ്പോലും തടഞ്ഞുനിർത്തി മൈക്ക് നീട്ടി നിർബന്ധ പ്രതികരണമെടുക്കുന്ന രീതി. ഇത് വിദേശരാജ്യങ്ങളിലെവിടെയും കാണാത്ത പ്രവണതയാണ്. നിർബന്ധ പ്രതികരണം സംവാദത്തിന്റെ നേരെ എതിർവശത്താണ്.
അക്രമമാർഗികൾക്ക് സംവാദം മരുന്നല്ല
സംവാദങ്ങൾക്ക് എന്നും പ്രസക്തിയുണ്ട്. എന്നാൽ, ആർ.എസ്.എസിനോട് സംവാദം സാധ്യമാകില്ല. കാരണം, അവരുടെ സംഘടനാരീതി അതിന് പറ്റിയതല്ല. അവർ അങ്ങനെ പരസ്യസംവാദത്തിന് വരാറുമില്ല. വ്യത്യസ്ത തലങ്ങളിലൂടെ വിവിധ മേഖലകളിലേക്ക് നുഴഞ്ഞുകയറുന്ന ശൈലിയാണ് അവരുടേത്. അക്രമമാർഗം സ്വീകരിക്കുന്നവരോട് എന്ത് സംവാദമാണ്? ഗോമാംസത്തിന്റെ പേരിൽ കൊലപ്പെടുത്തുക, സ്ത്രീ-പുരുഷ സൗഹൃദത്തെപ്പോലും ആക്രമണത്തിനുള്ള അവസരമാക്കി മാറ്റുക എന്നിവയൊക്കെ നടപ്പാക്കുന്നവരോട് സംവാദത്തിന് അവസരമില്ല.