എന്തുതരം സംവാദങ്ങളാണ് സോഷ്യൽ മീഡിയയിലടക്കം നടക്കുന്നത്?
സോഷ്യൽ മീഡിയയിലടക്കം എന്തുതരം സംവാദങ്ങളാണ് യഥാർഥത്തിൽ നടക്കുന്നത്? അതൊരു പൊതുമണ്ഡലത്തിെല സംവാദങ്ങളാണോ? അതോ, അല്‍ഗോരിതത്തിന്റെ ഉപകരണാത്മക യുക്തിയുടെ പ്രഭാവമാണോ നവമാധ്യമ സംവേദനത്തെ പ്രവര്‍ത്തനക്ഷമമാക്കുന്നത്? മുതലാളിത്തത്തിന്റെ വർത്തമാനതലങ്ങൾ സംവാദത്തെ ഇല്ലാതാക്കുന്നുണ്ടോ? മാധ്യമം വാർഷികപ്പതിപ്പിൽ തുടങ്ങിവെച്ച സംവാദത്തിന്റെ തുടർച്ചയും ആമുഖവുമാണ് ഈ ലേഖനം.
''All possible dissent is… depoliticized beforehand; it is dissolved into yet more personal anxieties and concerns and thus deflected from the centres of societal power to private suppliers of consumer goods. The gap between the desired and the achieved states of happiness results in the increased fascination with the allurements of the markets and the appropriation of commodities.'' -Zygmunt Bauman (1991) - Modernity and Ambivalence വൈക്കം മുഹമ്മദ് ബഷീറിന്റെ വാക്കുകള്‍ കടമെടുത്തു പറയുകയാണെങ്കില്‍ ഒരു സൂചിമുനയോളം സ്വബോധം വേണമെന്നില്ല ഒരു സമൂഹ മാധ്യമ പോസ്റ്റ് ശ്രദ്ധ നേടാനും ലൈക്ക് അടിക്കപ്പെടാനും ഷെയര്‍ ചെയ്യപ്പെടാനും. പിന്തുടരാവലിക്കാര്ക്കും വെറുപ്പഭിഷേകക്കാര്ക്കും തീവ്ര...
Your Subscription Supports Independent Journalism
View Plans''All possible dissent is… depoliticized beforehand; it is dissolved into yet more personal anxieties and concerns and thus deflected from the centres of societal power to private suppliers of consumer goods. The gap between the desired and the achieved states of happiness results in the increased fascination with the allurements of the markets and the appropriation of commodities.''
-Zygmunt Bauman (1991) - Modernity and Ambivalence
വൈക്കം മുഹമ്മദ് ബഷീറിന്റെ വാക്കുകള്‍ കടമെടുത്തു പറയുകയാണെങ്കില്‍ ഒരു സൂചിമുനയോളം സ്വബോധം വേണമെന്നില്ല ഒരു സമൂഹ മാധ്യമ പോസ്റ്റ് ശ്രദ്ധ നേടാനും ലൈക്ക് അടിക്കപ്പെടാനും ഷെയര്‍ ചെയ്യപ്പെടാനും. പിന്തുടരാവലിക്കാര്ക്കും വെറുപ്പഭിഷേകക്കാര്ക്കും തീവ്ര പ്രതികരണങ്ങള്‍ കുത്തിക്കുറിച്ചുവെക്കാനുള്ളതാണ് കമന്റ് ബോക്സ്. എങ്കിലും സമൂഹ മാധ്യമങ്ങളിലെ രാഷ്ട്രീയ നായകര്‍ക്കും സാമൂഹിക നിരീക്ഷകര്‍ക്കും അന്താരാഷ്ട്ര വിദഗ്ധര്‍ക്കും ചൊറിയാമ്പുഴു വൈജ്ഞാനികതയില്‍ അത്യുന്നത ഗവേഷണം നടത്തുന്നവര്‍ക്കും ഇതര സാമൂഹിക മഹാവീര്യര്ക്കുമെല്ലാം സായുജ്യം നല്‍കുന്നതാണ് സമൂഹ മാധ്യമത്തിന്റെ സാങ്കേതിക വാസ്തുവും ഡിസൈനും. സംവാദത്തെ പ്രോത്സാഹിപ്പിക്കാന്‍ ലക്ഷ്യംവെച്ചുള്ള സാങ്കേതികഘടനയും ഡിസൈനുമല്ല സമൂഹ മാധ്യമങ്ങളുടേത്. സംവാദത്തിനു പകരമാകുന്നില്ല ഷെയറിങ്ങും ലൈക്കും. പക്ഷേ, സംവാദാത്മകതയുടെ പ്രതീതി സൃഷ്ടിക്കാന്‍ ഇതിനു സാധിക്കുന്നു. ചംക്രമണതയെ ആധാരമാക്കുന്ന വിനിമയരീതിയാണ് ഇതിനുള്ളത്. മുതലാളിത്ത ചംക്രമണവ്യവസ്ഥയുടെ മാതൃകയില്‍തന്നെയാണ് ഇതിന്റെ നിര്‍മിതിയും. ചംക്രമണം ഒരു പ്രക്രിയയാണ്. മാര്‍ക്സിന്റെ വിശദീകരണത്തെ ആധാരമാക്കി ഡേവിഡ് ഹാര്‍വി വ്യക്തമാക്കുന്നത് കൂടുതല്‍ പണം സമ്പാദിക്കുക, കൂടുതല്‍ പണം വിനിയോഗിക്കുക എന്ന പ്രക്രിയയാണ് ചംക്രമണത. ഇത് പ്രാവര്‍ത്തികമാക്കാന്‍ പല മാര്‍ഗങ്ങളുമുണ്ട്. പണമിടപാടുകാര്‍ പലിശക്ക് പകരമായി പണം കടം കൊടുക്കുന്നു. മുതലും പലിശയും വീണ്ടും ചംക്രമണത്തിലേക്ക് വരുന്നു. കച്ചവടക്കാര്‍ കുറഞ്ഞ വിലക്ക് വാങ്ങി അവര്‍ക്ക് ഇഷ്ടപ്പെട്ട വിലക്ക് വില്‍ക്കുന്നു. പ്രത്യയശാസ്ത്രത്തില്‍ വെള്ളം ചേര്‍ത്ത് കക്ഷിരാഷ്ട്രീയ ഭേദമന്യേ മൂലധനാധിഷ്ഠിത വ്യവസ്ഥയോട് ആഭിമുഖ്യം പുലര്‍ത്തുന്ന സര്‍ക്കാറുകള്‍ അടിസ്ഥാനസൗകര്യ വികസനത്തില്‍ പണം നിക്ഷേപിക്കുന്നത് കൂടുതല്‍ വരുമാനമുറപ്പ് തരുന്ന മുന്തിയ നികുതിയോടെ കൂടുതല്‍ പണത്തെ ചംക്രമണത്തിലേക്ക് വിന്യസിക്കാമെന്നതുകൊണ്ടാണ്. അധ്വാനശക്തിയും ഉൽപാദന മാര്‍ഗങ്ങളും വാങ്ങുന്നിടത്തുനിന്ന് മൂലധന പ്രക്രിയ ആരംഭിക്കുന്നു. നിലവിലെ സാങ്കേതികവിദ്യയുടെയും സംഘാടന വ്യവസ്ഥയുടെയും അടിസ്ഥാനത്തിലേക്ക് അധ്വാനപ്രക്രിയയെ അണിചേര്‍ക്കുന്നു. ഇതിന്റെ ഫലമെന്നോണം പുതിയ ചരക്ക് വിപണിയിലേക്ക് ഇറക്കപ്പെടുന്നു. ഇത് കൂടുതല്‍ ലാഭത്തിനു ഹേതുവാകുന്നു. ഈ ചംക്രമണവ്യവസ്ഥയെ അനുകരിക്കുകയാണ് സമൂഹ മാധ്യമങ്ങള്‍. ഇവിടെ വിനിമയം ചെയ്യപ്പെടുന്നത് വ്യക്തികളുടെ അഭിപ്രായപ്രകടനങ്ങളും ഇമോജികളുമുള്പ്പെടെയുള്ള വിവരബിറ്റുകളെയുമാകുന്നു. അമൂല്യമായ വസ്തുക്കളായതുകൊണ്ടല്ല ഇത് വിനിമയം ചെയ്യപ്പെടുന്നത്. കൂടുതല്‍ വ്യക്തികളെ ആകര്‍ഷിക്കുക വഴി വിപണിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് അത്രയധികം വ്യക്തികളുടെ ബോധമണ്ഡലത്തെ സ്വാധീനിക്കാന്‍ സാധിക്കുന്നു. ബോധവ്യവസായമെന്നോ ധൈഷണിക മുതലാളിത്തമെന്നോ (cognitive capitalism) അനുയോജ്യമായ എന്തു പേരും വിളിക്കാം. എന്തായാലും ഉദ്ദേശ്യം വ്യക്തികളുടെ സ്വഭാവത്തെ സ്വാധീനിക്കുക, ഇഷ്ടാനിഷ്ടങ്ങളെ മൈക്രോ മാനേജ് ചെയ്യുക എന്നതാണ്. ഇതിനായി സമൂഹ മാധ്യമ വിനിമയങ്ങളെ ചരക്കുവത്കരിച്ചുകൊണ്ട് പുത്തന്‍ സംവേദന മുതലാളിത്തത്തിന്റെ പ്രക്രിയയാണ് സാധ്യമാക്കിയിരിക്കുന്നത്. വളിപ്പിെൻറ വളിപ്പായ പാട്ടുപാടലും അത്യുഗ്രന്‍ പ്രബോധനത്തിനും ഒരേ നിലവാരമാണ് അല്‍ഗോരിതത്തിന്റെ പരിഗണനയിലുള്ളത്. കാരണം, ഇതൊക്കെ ബിറ്റ് ഡേറ്റ മാത്രമാണ്. ബിറ്റ് ഡേറ്റയില്‍നിന്ന് ബിഗ് ഡേറ്റയിലേക്ക് ഇത് പരിവര്‍ത്തിപ്പിക്കുന്നു.
സമൂഹ മാധ്യമങ്ങളുടെ വിനിമയങ്ങളിലൂടെ ഉരുത്തിരിയുന്ന സംവേദന മുതലാളിത്തത്തിന്റെ സവിശേഷ പ്രകൃതത്തെയാണ് ജോഡി ഡീന്‍ 'സംവേദന മുതലാളിത്തം'(communicative capitalism) എന്ന് സംജ്ഞവത്കരിച്ചിരിക്കുന്നത്. സംവേദന മുതലാളിത്തത്തെ ജോഡി ഡീന്‍ നിര്‍വചിക്കുന്നത് ഇപ്രകാരമാണ്: ആശയവിനിമയത്തിന്റ അടിസ്ഥാനമെന്ന് പറയുന്നത് ഒരു സന്ദേശവും സന്ദേശത്തോടുള്ള പ്രതികരണവുമാണ്. എന്നാല്‍, സംവേദന മുതലാളിത്തത്തില്‍ ഇത് അപ്പാടെ മാറുന്നു. ഉള്ളടക്കത്തിന്റെ ചംക്രമണത്തിനു ആവശ്യമായ സംഭാവനകള്‍ മാത്രമാണ് സന്ദേശങ്ങള്‍. പ്രതികരണത്തെ തേടുന്ന ഒരു പ്രവൃത്തിയല്ല ഇതിലെ ആശയവിനിമയം. മാര്‍ക്സിസ്റ്റ് പരികൽപനവെച്ച് വിശദീകരിക്കുകയാണെങ്കില്‍ സന്ദേശങ്ങളുടെ വിനിമയമൂല്യം ഉപയോഗമൂല്യത്തെ മറികടക്കുന്നു. സന്ദേശം അയച്ചയാളും സ്വീകരിക്കേണ്ടയാളും എന്ന സംവേദനത്തിലെ സാമാന്യധാരണ ഇവിടെ തകിടംമറിയുന്നു. സന്ദര്ഭത്തില്നിന്നും പ്രവര്‍ത്തനത്തില്‍നിന്നും അടര്‍ത്തിമാറ്റപ്പെട്ട സന്ദേശം വിപുലമായൊരു ഡേറ്റ ഒഴുക്കിന്റെ ഭാഗമാകുന്നു. ആകെ പ്രസക്തമാകുന്ന കാര്യം സന്ദേശം ചംക്രമണത്തെ ത്വരിതപ്പെടുത്താനുള്ളതാകുന്നു എന്നാണ്. വിപുലമായ ചംക്രമണത്തിലേക്ക് ആകര്‍ഷിക്കപ്പെടുന്നതിനു സന്ദേശങ്ങള്‍ക്ക് ശ്രദ്ധ ലഭിക്കണം. ശ്രദ്ധ ലഭിക്കണമെങ്കില്‍ ഞെട്ടിക്കാന്‍ കഴിവുള്ളതായിരിക്കണം. അല്ലെങ്കില്‍ കെട്ടുകാഴ്ചയുടെ സ്വഭാവമുള്ളതെങ്കിലും ആയിരിക്കണം വിനിമയം ചെയ്യപ്പെടുന്ന ഉള്ളടക്കം. ഉദാഹരണത്തിന്, യൂട്യൂബ് പ്രഭാഷണങ്ങള്‍, സാരോപദേശങ്ങള്‍, സോഷ്യല്‍ കമന്ററികള്‍ എന്നിവ. ഇത്തരം വിനിമയ ഉള്ളടക്കം സംവേദനത്തെ സ്വയം റദ്ദുചെയ്യുന്നു. പരമാവധി ഷെയറും ലൈക്കുമാണ് നവമാധ്യമ സംവേദനത്തിന്റെ മാനദണ്ഡങ്ങള്‍. പ്രതികരണങ്ങളും തര്‍ക്കങ്ങളും വിമതവീക്ഷണങ്ങളും ഇതിന്റെ അനന്തരഫലമെന്നോണമുള്ള സംവാദസാധ്യതകള്‍ ഒഴുക്കിന് വിഘാതപ്പെടുത്തുന്നു. ഇത് സംവേദന മുതലാളിത്തത്തിന്റെ ചംക്രമണവ്യവസ്ഥക്ക് ഹാനികരമാണ്. അതിനാല്‍, ഇടര്‍ച്ചകളെ സൃഷ്ടിക്കുന്ന സംവേദനസാധ്യതകളെ സമൂഹ മാധ്യമങ്ങള്‍ നിരുത്സാഹപ്പെടുത്തുന്നു. സംവേദനാത്മകത, ജോഡി ദീന് അഗംബനെ ഉദ്ധരിച്ചുകൊണ്ടു വ്യക്തമാക്കുന്നതു പോലെ, സംവേദനത്തെ റദ്ദാക്കുന്നു.
സംവാദാത്മകതയല്ല അതിനു പകരമെന്നോണമുള്ള വ്യക്തിഗത ആഹ്ലാദ നിര്‍വൃതിദായകമായ ഷെയറുകളും ലൈക്കുകളുമാണ് സമൂഹ മാധ്യമ വിനിമയങ്ങളില്‍ പ്രധാനമാകുന്നത്. സാമൂഹികതയല്ല ഈ മാധ്യമങ്ങളുടെ സവിശേഷത. ശൃംഖലയാണ് സാമൂഹികതക്ക് പകരം നില്‍ക്കുന്നത്. ഓരോരുത്തരും കണ്ണിചേര്‍ക്കപ്പെടുകയാണ്. വൈറല്‍ മാര്‍ക്കറ്റിങ് പുതുകാല പ്രവണതയാണ്. ഇതില്‍ ഒരു ഉപഭോക്താവിനെയും കണ്ണിചേര്ക്കുകയാണ്. കൂടുതല്‍ ഉപഭോക്താക്കളെ കണ്ണിചേര്‍ക്കുക എന്നതാണ് കണ്ണിചേര്ക്കപ്പെട്ടവരുടെ നിയോഗം. ഈ നിയോഗത്തെ സ്വീകരിച്ചാല്‍ മാത്രമേ ലാഭവിഹിതം ലഭിക്കുകയുള്ളൂ. അങ്ങനെ അനേകം കണ്ണികള്‍ ചേരുന്നു എന്നതുകൊണ്ട് ഇതിന് സാമൂഹിക മാനം വന്നുചേരുന്നില്ല. വിനിമയത്തിന് വേഗത കൂടുന്നു എന്നുള്ളതാണ് ശൃംഖലയുടെ പ്രത്യേകത. ശൃംഖലാ മാധ്യമത്തിലൂടെ ലഭ്യമാകുന്ന ദൃശ്യാത്മകതയാണ് ഈ മാധ്യമങ്ങളില്‍ പങ്കാളികളാകുന്നവര്‍ തേടുന്നത്. ഓരോരുത്തരുടെയും വ്യക്തിഗത ആഹ്ലാദത്തെ ഇരട്ടിയാക്കുന്നു ശൃംഖലാ പ്രഭാവം (network effect). ശൃംഖലാ പ്രഭാവമാണ് വന്‍കിട ടെക് കമ്പനികള്‍ക്ക് ലാഭകരമാകുന്നത്. കൂടുതല്‍ വ്യക്തികളിലേക്ക് കണ്ണിചേര്‍ക്കപ്പെടുന്നതോടെ പരസ്യദാതാക്കള്‍ ഇതിലേക്ക് ആകര്‍ഷിക്കപ്പെടുന്നു. പരസ്യവരുമാനം മാത്രമല്ല, സോഷ്യല്‍ മീഡിയ സൈറ്റുകള്‍ വികസിപ്പിച്ചെടുത്ത അല്‍ഗോരിതം ഈ കണ്ണികളിലൂടെ വിനിമയം ചെയ്യപ്പെടുന്ന ഡേറ്റയെ വിശകലനത്തിനു വിധേയമാക്കുന്നു. ഇതിന്റെ ഉപോൽപന്നം എന്ന നിലയില്‍ ഉപയോക്താക്കളുടെ പെരുമാറ്റ വൈചിത്ര്യങ്ങള്‍ കണ്ടെത്തുന്നു. ഇതുമാത്രമല്ല, ഡേറ്റയുടെ വിപണനവും നടക്കുന്നു. ലൈക് ബട്ടണ്‍ സമൂഹ മാധ്യമ വിനിമയത്തിലെ പ്രധാന ഘടകമാകുന്നത് കണ്ണിചേര്ക്കുന്നതിലേക്കും ഇതുവഴി കൂടുതല്‍ പരസ്യവിപണനത്തിനും സഹായകമാകുന്നു എന്നുള്ളതുകൊണ്ടാണ്. ലഹരിദായകമാണ് ലൈക്കിന്റെ സ്വഭാവം. ലൈക്കുകളിലൂടെയാണ് 'ഗ്രൂപ് തിങ്ക്' എന്ന് വിളിക്കുന്ന സമൂഹ മാധ്യമങ്ങളിലെ കൂട്ടങ്ങള്‍ രൂപപ്പെടുന്നത്. ആത്യന്തികമായി സമാഹൃത ലൈക്കുകള്‍ ചേര്‍ന്നുകൊണ്ട് പ്രതിധ്വനി ചേംബറുകളാകുന്നു.
സമൂഹ മാധ്യമങ്ങളിലൂടെ പ്രത്യക്ഷമാകുന്ന പൊതുജന രോഷത്തിന്റെ സ്വഭാവം പരിശോധിക്കുക. ഇതുമായി ബന്ധപ്പെടുത്തി ഒരു രോഷവ്യവസായംതന്നെ രൂപപ്പെട്ടിരിക്കുന്നു. രോഷപ്രകടനങ്ങള്‍ക്ക് ആവശ്യമായ ടൂള്‍ കിറ്റുകള്‍ക്കുള്ള പരസ്യങ്ങള്‍ പ്രത്യക്ഷമാകും. ഇത് മാത്രമല്ല അല്‍ഗോരിതത്തിന്റെ സഹായത്തോടെ കരുതിക്കൂട്ടിതന്നെ പൊതുജന രോഷം കൃത്രിമമായി സൃഷ്ടിക്കാനുമാകുന്നു. ഒരു വിഷയത്തെ അധികരിച്ചുകൊണ്ട് ശൃംഖലയിലേക്ക് രോഷത്തെ തൊടുത്തുവിട്ടാല്‍ മതി ഷെയറിലൂടെയും ലൈക്കിലൂടെയും വിസ്തൃതമായി തന്നെ രോഷത്തിന്റെ മീമുകള്‍ വിന്യസിക്കപ്പെടുന്നു. പൊതുജന രോഷത്തെ മാനിപുലേറ്റ് ചെയ്യാമെന്നതാണ് പ്രത്യേകത. ശൃംഖലാപ്രഭാവം മാത്രമാണ് രോഷത്തെ നിര്‍ണയിക്കുന്ന ഘടകം. വിനിമയം ചെയ്യപ്പെടുന്ന ഉള്ളടക്കത്തിന്റെ വിശകലനവും സംവാദവും അടക്കപ്പെടുന്നു. ആൾക്കൂട്ടമാണ് ഇതിലൂടെ രൂപപ്പെടുന്നത്. ഈ ആള്‍ക്കൂട്ടം രൂപപ്പെടുന്നത് അനുകരണങ്ങളിലൂടെയാണ്. അനുകരണാത്മകത വലതുപക്ഷത്തിന്റെ ആശയവിനിമയ രീതിക്ക് അനുയോജ്യമാണ്. അഭിപ്രായവ്യത്യാസങ്ങള്‍ക്കും സംവാദത്തിനും ഇടം നിഷേധിക്കപ്പെടുന്നു. അനുകരണാത്മകമാകുന്നതുകൊണ്ടാണ് സമൂഹ മാധ്യമങ്ങളില്‍ ഒരു പ്രതികരണം പൊടുന്നനെ കത്തിപ്പടരുന്നതും ത്വരിതഗതിയില്തന്നെ ഇത് വ്യാപകമാകുന്നതും. വിയോജനങ്ങളും ഇടര്‍ച്ചകളും ഈ സംവേദനപ്രക്രിയയുടെ താളക്രമത്തെ ലംഘിക്കുന്നു.
സൈബര്‍ പൊതുമണ്ഡലമല്ല
ഇന്റര്‍നെറ്റിനെ പൊതുമണ്ഡലമായി വിശദീകരിക്കുന്ന പ്രവണത വളരെ മുമ്പേ തന്നെയുള്ളതാണ്. ഇന്റര്‍നെറ്റ് സംവേദനത്തിന്റെ തുടര്‍ഫലമെന്നോണം രൂപപ്പെട്ട നവമാധ്യമങ്ങളിലൂടെയുള്ള സംവേദനങ്ങളിലെ വ്യക്തികളുടെ പങ്കാളിത്തത്തിന്റെ തോത് വര്‍ധിക്കുന്നതിനനുസരിച്ച് ഇതിലെ വിനിമയങ്ങള്‍ക്ക് പൊതുസ്വഭാവ പ്രതീതി വരുന്നതോടെ നവമാധ്യമങ്ങളെയും പൊതുമണ്ഡലമായി വിവക്ഷിക്കപ്പെട്ടു. പൊതുമണ്ഡല സങ്കൽപനത്തിനു രൂപകൽപന നല്കിയ യുര്‍ഗന്‍ ഹാബെർമാസ് ഇന്റര്‍നെറ്റിനെ ആഗോള പൊതുമണ്ഡലമെന്നാണ് വിശേഷിപ്പിച്ചത്. യഥാർഥത്തില്‍ നവമാധ്യമങ്ങള്‍ക്ക് പൊതുവായൊന്നും ഉണ്ടായിരുന്നില്ല എന്നുവേണം അനുമാനിക്കാന്‍. കോര്‍പറേറ്റ് നിയന്ത്രിതമായ പ്ലാറ്റ്ഫോമുകളെയാണ് പൊതുമണ്ഡലമെന്ന വിവക്ഷയിലേക്ക് കൊണ്ടുവന്നത്. കോര്‍പറേറ്റ് സ്ഥാപനങ്ങള്‍ അതതു രാജ്യങ്ങളിലെ ഭരണകൂടങ്ങളുമായി സഹവര്‍ത്തിച്ചുകൊണ്ട് ഇതിലൂടെയുള്ള വിനിമയങ്ങളെ അല്‍ഗോരിതം നിയന്ത്രണത്തിന് വിധേയമാക്കിയിരുന്നു. നവമാധ്യമങ്ങളെക്കാള്‍ ബൃഹത്താണ് ഇന്റര്‍നെറ്റ് എന്നൊരു വാദമുണ്ട്. വന്‍കിട ടെക് കോര്‍പറേറ്റുകളുടെ നിയന്ത്രണമില്ലാത്ത സംവേദന ഉപാധികളെ പറ്റിയാണ് ഇതുകൊണ്ട് അർഥമാക്കുന്നത്. പക്ഷേ, വന്‍കിട ടെക് കമ്പനികളുടെ നിയന്ത്രണവിധേയമായ സംവേദന ഉപാധികളാണ് പ്രധാനമായും ബഹുജനങ്ങള്‍ ആശ്രയിക്കുന്നതും ഉപയോഗിക്കുന്നതും.
പൊതുമണ്ഡലത്തില്‍ സംവാദം സാധ്യമാകണമെങ്കില്‍ ഇതിനു മുന്‍കൂറായി ചില വ്യവസ്ഥകള്‍ വേണം. അമര്‍ത്യാ സെന്നിനെപ്പോലുള്ളവര്‍ 'Argumentative Indian' എന്ന പുസ്തകത്തില്‍ ഇന്ത്യയുടെ സംവാദ പാരമ്പര്യത്തെ വളരെ മുന്കാലങ്ങളില്കൊണ്ടു പ്രതിഷ്ഠിക്കുന്നുണ്ട്. സംവാദത്തിന്റെ ദീര്‍ഘചരിത്രത്തില്‍ ഓരോ സംസ്കാരത്തിനും അതിന്റേതായ സവിശേഷമായ പാരമ്പര്യവും സ്വഭാവവുമുണ്ടായിരിക്കാം. എന്നിരുന്നാലും നമ്മള് സംവാദം എന്ന് വിവക്ഷിക്കുന്നതില്‍ 'പൊതു' എന്ന സങ്കൽപവും ഉള്‍ച്ചേര്‍ന്നിരിക്കുന്നു. ഇത് പ്രബുദ്ധാനന്തര ജനാധിപത്യ സങ്കൽപമാണ്. ശ്രേണീഘടനകളെ നിര്‍ബാധം തള്ളിക്കളഞ്ഞുകൊണ്ട് ഏവര്‍ക്കും പങ്കെടുക്കാവുന്നതാണ് സംവാദം. സംവാദത്തിലേര്പ്പെടുന്നവരുടെ സമതുല്യത ഒരു പ്രധാനപ്പെട്ട ഘടകമാണ്. സാമൂഹിക ശ്രേണി ഘടനയില്‍ വ്യത്യസ്ത നിലകളിലുള്ളവരായിരിക്കെ തന്നെ സംവാദഭൂമികയില്‍ അവര്‍ക്ക് തുല്യ അവകാശമായിരിക്കുമെന്നാണ് ഉദാരവാദപരമായ സങ്കല്പം. നിയമം മുമ്പാകെയുള്ള എല്ലാവരും തുല്യര്‍ എന്ന അർഥത്തിലാണ് ഇത്. സംവാദം സമവായത്തില്‍ എത്തിച്ചേരണമെന്നൊരു നിർബന്ധമില്ലെങ്കിലും വിയോജിച്ചു പിന്മാറാമെന്നുള്ള സമതുല്യമായ ധാരണ ആവശ്യമാണ്. സംവാദത്തിലെ സമതുല്യത പ്രധാനമാണ്. സമതുല്യം എന്ന പ്രതീതി സൃഷ്ടിച്ചും സംവാദത്തെ അട്ടിമറിച്ചുകൊണ്ട് ഏകപക്ഷീയമായി സ്വന്തം ഇച്ഛകള്‍ അടിച്ചേൽപിക്കപ്പെടുകയും ചെയ്യാം. ഇന്ന് പല സൈദ്ധാന്തികരും വാഴ്ത്തുന്ന ഗാന്ധി-അംബേദ്കര്‍ സംവാദം വാസ്തവത്തില്‍ സംവാദമായിരുന്നോ എന്നത് സംശയമാണ്. ഗാന്ധി സമ്മർദം സൃഷ്ടിച്ചുകൊണ്ട് അംബേദ്കറെ സന്ധിയിലേക്കെത്തിച്ചേര്ക്കുകയായിരുന്നു. സംവാദത്തിന്റെ തുറസ്സല്ല ഇതിലൂടെ സംജാതമായത്. പകരം, സംവാദത്തിന്റെ പ്രതീതി സൃഷ്ടിച്ചുകൊണ്ടും യുക്തിപരമായ ഇടപെടലിനെ നിരാകരിച്ചുകൊണ്ടും സാമൂഹിക നീതിയുടെ രാഷ്ട്രീയത്തെ ദുര്‍ബലപ്പെടുത്തുകയായിരുന്നു. എന്തായാലും, പരസ്പര ബഹുമാനത്തോടെ മാത്രമേ സംവാദം സാധ്യമാവുകയുള്ളൂ. അതുകൊണ്ടാണ് പ്രതിപക്ഷ ബഹുമാനം എന്നത് പ്രധാനമാകുന്നത്. സംവാദം വിമതത്വത്തെയും പ്രോത്സാഹിപ്പിക്കുന്നു. ഇതിനാലാണ് സംവാദം ജനാധിപത്യത്തെ സമ്പുഷ്ടമാക്കുന്നത്. എന്നാല്‍, പ്രതിപക്ഷത്തെ നിര്‍മാര്‍ജനം ചെയ്ത് വ്യത്യസ്തതകളെ ഉന്മൂലനം ചെയ്യുന്ന വ്യവസ്ഥകളില്‍ സംവാദങ്ങള്‍ റദ്ദു ചെയ്യപ്പെടുന്നു. സംവാദങ്ങള്‍ക്ക് നിദാനമാകുന്ന അഭിപ്രായസ്വാതന്ത്ര്യത്തെ കൂച്ചുവിലങ്ങിട്ടുകൊണ്ടാണ് സമഗ്രാധികാരം ഇത് നടപ്പാക്കുന്നത്. സമൂഹ മാധ്യമങ്ങളിലെ വിദ്വേഷപ്രചാരണങ്ങള്ക്കെതിരായ ഉന്നത നീതിപീഠത്തിന്റെ നിരീക്ഷണങ്ങളെ മുന്‍നിര്‍ത്തി ഐ.ടി നിയമം ഭേദഗതി ചെയ്തും പുതിയ നിയമനിര്‍മാണം നടത്തിയും സമൂഹ മാധ്യമങ്ങളിലെ വിനിമയങ്ങളെ നിയന്ത്രിക്കാനുള്ള ഭരണകൂടത്തിന്റെ നീക്കം ഇന്റര്‍നെറ്റ് ഷട്ട് ഡൗണ്‍ പോലുള്ള നടപടികള്‍ക്ക് സമാനമാണ്. ഇതൊക്കെ പ്രയോഗതലത്തില്‍ ജനാധിപത്യത്തിന്റെ അത്യന്താപേക്ഷിത അഭിപ്രായസ്വാതന്ത്ര്യമായ ശ്വാസോച്ഛ്വാസത്തെ ഞെരുക്കി വീര്‍പ്പുമുട്ടിക്കുക എന്ന ദുരുദ്ദേശ്യത്തോടെയുള്ള സ്വേച്ഛാധികാര നടപടികളാണ്.
സംവാദത്തിന്റെ പ്രതീതി സൃഷ്ടിക്കുകയും എന്നാല്‍, സംഘടിതമായി തന്നെ സംവാദ മണ്ഡലത്തെ വിധേയപ്പെടുത്തിക്കൊണ്ട് വ്യത്യസ്ത വീക്ഷണങ്ങളെയും വിമതശബ്ദങ്ങളെയും നിരാകരിക്കുന്ന പ്രവണത സമൂഹ മാധ്യമങ്ങളില്‍ വ്യാപകമാണ്. സമൂഹ മാധ്യമങ്ങളില്‍ പങ്കാളികളായവരുടെ പ്രവര്‍ത്തനഫലമായി മാത്രം സംഭവിക്കുന്നതല്ല ഇത്. വന്‍കിട ടെക് കമ്പനികള്‍ സൃഷ്ടിച്ച സമൂഹ മാധ്യമ ഘടനയുടെ പ്രത്യേകതയാണ് ഇതിനു ഹേതുവാകുന്നത്. ജോസഫ് നയ് രചിച്ച 'The future of power' എന്ന പുസ്തകത്തില്‍ ഭരണകൂടശക്തി എങ്ങനെ പ്രത്യക്ഷീകരിക്കുന്നു എന്നതിനു കാരണമായി നിരത്തുന്ന മൂന്ന് ഘടകങ്ങള്‍ സമൂഹ മാധ്യമങ്ങളുടെ വ്യവസ്ഥക്കും ബാധകമാണ്. ജോസഫ് നയ് ഇന്റര്‍നാഷനല്‍ റിലേഷന്‍സ് അക്കാദമിക് ആണ്. ആഗോളശൃംഖലയില്‍ അധീശത്വം സ്ഥാപിക്കുന്നതിന് അമേരിക്കന്‍ സാമ്രാജ്യത്വം ആസൂത്രിതമായി നടപ്പാക്കുന്ന പദ്ധതിയെ വിവരിക്കുന്നുണ്ട് ഈ പുസ്തകത്തില്‍. അമേരിക്കന്‍ സെക്യൂരിറ്റി ഏജന്‍സിയായ എന്‍.എസ്.എയുടെ ചോര്‍ത്തപ്പെട്ട രേഖകളുടെ അടിസ്ഥാനത്തിലാണ് ഈ പദ്ധതിയെ വേര്‍തിരിച്ചു വ്യക്തമാക്കുന്നത്. ഭരണകൂട അധികാരങ്ങള്‍ ഫലപ്രദമായി നടപ്പാക്കുന്നതിനു മൂന്ന് മുഖങ്ങളുണ്ട്. 'മാറ്റങ്ങള്‍ക്ക് ആജ്ഞ നല്‍കുക, അജണ്ടകള്‍ നിയന്ത്രിക്കുക, താൽപര്യങ്ങളെയും മുന്‍ഗണനകളെയും സ്ഥാപിക്കുക' എന്നിവയാണത്. ആഗോളമായി നടപ്പാക്കുന്ന സൈബര്‍ നയങ്ങളുടെ ഭാഗമാണിത്. സൈബര്‍ നയമെന്നതിനെക്കാള് സൈബര്‍ യുദ്ധമെന്നു പറയുന്നതാകും ഉചിതം. ഈ മൂന്ന് മുഖങ്ങളില്‍ ആദ്യത്തെ മുഖം മനസ്സുകളെ മാനിപുലേറ്റ് ചെയ്യുക എന്ന ഉദ്ദേശ്യത്തോടെ പ്രവര്‍ത്തനങ്ങളെ സംഘടിപ്പിക്കുക എന്നതാണ്. ബലപ്രയോഗത്തിന്റെ രീതിയാണ് ഇതിനായി അവലംബിക്കുന്നത്. രണ്ടാമത്തെ മുഖം എന്ന് പറയുന്നത് ചര്‍ച്ച ചെയ്യപ്പെടേണ്ടതും തീരുമാനമാകേണ്ടതുമായ വിഷയങ്ങള്‍ മുന്‍കൂട്ടി തീരുമാനിക്കുകയും അതിന്റെ നിയന്ത്രണം ഏറ്റെടുക്കുകയും ചെയ്യുക എന്നതാണ്. ഇതിനായി കോഓപറേഷന്റെ രീതിയാണ് അവലംബിക്കുന്നത്. പ്രത്യക്ഷമായി ബാഹ്യസമ്മർദം ചെലുത്താതെ തന്നെ വ്യക്തികളുടെയും ഗ്രൂപ്പുകളുടെയും വിശ്വാസങ്ങളെയും വീക്ഷണങ്ങളെയും രൂപപ്പെടുത്താനുള്ള കഴിവാണ് ഈ നയസമീപനത്തിലൂടെ വ്യക്തമാകുന്നത്. ഇതൊരു മൃദുശക്തിയാണ് (soft power). ഏറ്റവും ആകര്‍ഷണീയമായ രീതിയിലാണ് ഇത് സാധിച്ചെടുക്കുകയെങ്കിലും വക്രീകരണവും മാനിപുലേഷനും ഇതിന്റെ പ്രവര്‍ത്തനത്തിന്റെ ഭാഗമാണ്. വന്‍കിട ടെക് കമ്പനികളെ ഈ ക്രമീകരണത്തിലേക്ക് ഉള്‍ച്ചേര്‍ത്തിരിക്കുന്നു. നവ ഉദാരവത്കരണത്തിന്റെയും നവസാമ്രാജ്യത്വത്തിന്റെയും മൃദുശക്തി പ്രവര്‍ത്തനക്ഷമമാകുന്നത് വന്‍കിട ടെക് കമ്പനികള്‍ സൃഷ്ടിച്ചിരിക്കുന്ന നവമാധ്യമ ഉപാധികളിലൂടെയാണ്. വിവരയുദ്ധത്തിന്റെ ഭാഗമായാണ് സാമ്രാജ്യത്വ എസ്റ്റാബ്ലിഷ്െമന്റ് നവമാധ്യമങ്ങളെ കാണുന്നത്. പുതിയ വിവരയുദ്ധത്തില്‍ സൈബര്‍ മേഖല പ്രധാനപ്പെട്ടൊരു ഇടമാണ്. വിവരങ്ങള്‍ വിന്യസിക്കാനും ഡേറ്റാ വിശകലനത്തിനു വിധേയമാക്കാനുമാണ് നവമാധ്യമ ഉപാധികള്‍ ഉപയുക്തമാക്കുന്നത്. പരസ്പര സംവേദനത്തിന്റെ പ്രതീതി നല്‍കിക്കൊണ്ട് സ്വതന്ത്രമെന്ന പ്രതീതിയുള്ള വിനിമയങ്ങളെ വിപണിക്കും ഭരണകൂടത്തിന്റെ സെക്യൂരിറ്റി ഏജന്‍സികള്‍ക്കും വേണ്ടി അപഹരിക്കുകയാണ് ചെയ്യുന്നത്. സ്വതന്ത്രമെന്നു നിനച്ചുപോരുന്ന നവമാധ്യമങ്ങളുടെ സേവനങ്ങള്‍ യഥാർഥത്തില്‍ ഉപയോക്താക്കളില്‍നിന്ന് അവര്‍ അറിയാതെതന്നെ ഡേറ്റ അപഹരിച്ചുകൊണ്ടുള്ള പ്രവര്‍ത്തനമായിരുന്നുവെന്ന് ഇന്ന് വ്യക്തമാണ്. വാസ്തവത്തില്‍, വന്‍കിട ടെക് കമ്പനികളുടെ ആഗോള സ്വയം സന്നദ്ധ ഡിജിറ്റല്‍ തൊഴിലാളികളായി മാറിയിരിക്കുകയാണ് നവമാധ്യമ ഉപയോക്താക്കള്‍. ഇന്റര്‍നെറ്റ് സൈദ്ധാന്തികന്‍ എവ്ഗേനി മോറോസോവ് പറയുന്നത് പോലെ, ''ഫേസ്ബുക് ചാരിറ്റി പരിപാടിയല്ല. ദരിദ്രര്‍ വന്‍കിട ടെക് കമ്പനികളുടെ സേവനലബ്ധിക്കായി സ്വന്തം ഡേറ്റയാണ് അധീനപ്പെടുത്തുന്നത്.''
വൈറല്‍ പടര്‍ച്ചകള്‍
ഉപയോക്താവിന്റെ പരിപൂര്‍ണശ്രദ്ധ പിടിച്ചുനിര്‍ത്താനായി ആസക്തികമായ (addictive) അനുഭൂതികള്‍ പ്രദാനം ചെയ്യുക എന്നതാണ് പ്രധാനം. ഇതിനായി ഉപയോക്താവിനെ പിന്തുടരുകയും അവരുടെ സാമൂഹിക ഉപഭോഗ പെരുമാറ്റങ്ങളെ വിശകലനത്തിനു വിധേയമാക്കുകയും ചെയ്യുന്നു. ഇങ്ങനെ ഓരോത്തരുടേയും സ്വഭാവ സവിശേഷതകളെ നിര്‍ണയിച്ചുകൊണ്ടാണ് പ്ലാറ്റ്ഫോമുകള് പരസ്യങ്ങള്‍ വിന്യസിക്കുന്നത്. യൂട്യൂബിന്റെ വിഡിയോ റെക്കമെന്‍ഡേഷന്‍ അല്‍ഗോരിതം കണ്ടെത്തിയ ഉപയോക്താവിന്റെ ഉപയോഗപ്രവണതകളെ അടിസ്ഥാനപ്പെടുത്തിയാണ്. ഈ രീതിയില്‍ കസ്റ്റമൈസ് ചെയ്ത ഉള്ളടക്കമാണ് ഓരോ ഉപയോക്താവിനും ലഭ്യമാകുന്നത്. പൊതു എന്ന് വിവക്ഷിക്കാവുന്ന ഉള്ളടക്കം അപ്രത്യക്ഷമാവുകയാണ്. മനുഷ്യരുടെ മനഃശാസ്ത്രപരമായ ദൗര്‍ബല്യങ്ങളെ മുതലാളിത്തത്തിന് ഇത്രയധികം ചൂഷണത്തിന് വിധേയമാക്കാന്‍ പറ്റിയ മറ്റൊരു സാങ്കേതിക ഉപാധിയുണ്ടായിട്ടില്ല.
പക്ഷപാതിത്വങ്ങളെ, വിദ്വേഷത്തെ, വെറുപ്പിനെ വാണിജ്യവത്കരിച്ചിരിക്കുന്നു സമൂഹ മാധ്യമങ്ങള്‍. ജനാധിപത്യ സംവാദത്തില്‍ അപരത്വത്തെക്കുറിച്ചുള്ള സങ്കൽപവും അന്തര്‍ലീനമാണ്. അപരനുമായുള്ള സമതുല്യവും ബഹുമാനപൂര്‍വവുമായ സംവേദനമാണ് സംവാദത്തിനു ജനാധിപത്യപരമായ മാനം നല്‍കുന്നത്. എന്നാല്‍, അങ്ങേയറ്റം വലതുപക്ഷവത്കരിക്കപ്പെട്ട രാഷ്ട്രീയ കാലാവസ്ഥയില്‍ കാലുഷ്യത്തോടെയും സംശയത്തോടെയും വെറുപ്പോടെയും പരിഗണിക്കേണ്ട സ്ഥാനമാണ് അപരന് വ്യവസ്ഥ ചെയ്തിരിക്കുന്നത്. സംവേദനത്തിനായുള്ള തുറകള്‍ അടച്ചുകൊണ്ട് അവനവനിലേക്ക് കൂടുതല്‍ ചുരുങ്ങുക എന്നതായി.
മഹാമാരി അത്തരമൊരു അവസ്ഥയെ കൂടുതല്‍ ഈടുറ്റതാക്കി. അപരന് അപായസ്ഥാനം കൽപിച്ചുനല്കുകയും രോഗത്തിന്റെതന്നെ ഉറവിടമായി അപരന് മാറുകയും ചെയ്യുന്ന ഒരു ഭരണകൂട പ്രത്യയശാസ്ത്ര ബോധ്യത്തെ പൊതുസമൂഹം ഉള്‍ക്കൊള്ളുകയായിരുന്നു. അകറ്റിനിര്‍ത്തേണ്ട അപരനുമായുള്ള വിനിമയസാധ്യത നിലനില്‍ക്കുന്നത് സ്പര്‍ശനരഹിതമായ ഡിജിറ്റല്‍ ഉപാധികളിലൂടെയാണ്. നവമാധ്യമങ്ങള്‍ ഇതിനു മുമ്പേ സജ്ജമായിരുന്നു. പകര്‍ച്ചവ്യാധിയെ(contagion) അനുകരിക്കുന്ന സാങ്കേതിക ഡിസൈനാണ് നവമാധ്യമങ്ങളുടേത്. വൈറല്മാധ്യമം എന്ന സങ്കൽപനം ഇതില്നിന്നുറവെടുക്കുന്നതാണ്. വൈറസുകളുടെ പടര്ച്ചയാണല്ലോ നവമാധ്യമ ശൃംഖലകള്‍ നേരിടുന്ന പ്രധാന ഭീഷണി. പ്രക്ഷോഭങ്ങള്‍ മാത്രമല്ല, സ്റ്റോക്ക് മാര്‍ക്കറ്റ് തകര്‍ച്ചയും ശൃംഖലയിലൂടെ വൈറലായി പടരുന്നതാണ്. മൃതശക്തിയധികാരത്തിനു (necro power) വൈറല്‍ ശൃംഖലകളിലൂടെ വൈകാരികതയെ നിയന്ത്രണ വിധേയമാക്കാന്‍ സാധിക്കുന്നു. ആള്‍ക്കൂട്ട ഹിംസ നടത്തുക മാത്രമല്ല, ഇതിനെ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ഭീതിപടര്‍ത്തുകയും ചെയ്യുന്ന സമാനപ്രധാനമായ ലക്ഷ്യങ്ങളുമുണ്ടിതിന്.
വൈറല്‍ മാധ്യമത്തിന്റെ പ്രത്യേകതതന്നെ പരമാവധി പങ്കുവെക്കലുകളിലൂടെ ഒരേ ഉള്ളടക്കത്തിനു തന്നെ വിവിധ അവതരണങ്ങളുണ്ടായിരിക്കുമെന്നതാണ്. പരമ്പരാഗത മാധ്യമങ്ങളിലൂടെയുള്ള ആശയവിനിമയത്തെ നിര്‍ധാരണം ചെയ്യാന്‍ പ്രത്യയശാസ്ത്ര വിശകലനം പ്രധാനമായിരുന്നു. ഉള്ളടക്കത്തെ കേന്ദ്രീകരിച്ചുള്ള വിശകലനമായിരുന്നു ഇതിലൂടെ നിർവഹിച്ചിരുന്നത്. എന്നാല്‍, വൈറല്‍ വിന്യാസങ്ങള്‍ ഉള്ളടക്കപ്രധാനമല്ല. അല്ലെങ്കില്‍ സത്താനഷ്ടം സംഭവിച്ച സംവേദനമാണ്.
ഇതിനാല്‍, വൈറല്‍ വിന്യാസങ്ങളെ മനസ്സിലാക്കാന്‍ സാമൂഹികശാസ്ത്രത്തിന്റെ പ്രത്യയശാസ്ത്ര വിശകലനം അപര്യാപ്തമാണ്. പകര്‍ച്ചവ്യാധിയുടെ രീതിയിലാണ് ഇത് പ്രവര്‍ത്തിക്കുന്നത്. ഒരാള്‍ മറ്റൊരാള്‍ക്ക് കൊടുത്തു കൊടുത്തു പോവുകയാണ്. ശൃംഖലകള്‍ അങ്ങനെയാണ് പ്രവര്‍ത്തിക്കുന്നത്. നോഡുകള്‍ പ്രവര്ത്തനക്ഷമാവുകയാണ്. നോഡുകള്‍ മൊണാഡുകളല്ല (monad). ഒരു ശൃംഖലയുടെ ഭാഗമായാണ് ഓരോ നോഡും പ്രവര്‍ത്തിക്കുന്നത്. തത്സമയത്തു നടക്കുന്ന അനുഭവപങ്കുവെക്കലാണ് വൈറലാകുന്നതിലൂടെ സംഭവിക്കുന്നത്. ആലോചനയോ വിവേചനത്വപരമായ ചിന്തയോ ആവശ്യമാകുന്നില്ല. ഈ നിമിഷം കൈമാറിയ ഒരു ഇമോജി, അല്ലെങ്കില്‍ ഒരു സ്റ്റിക്കര്‍ മറ്റൊരു ഘട്ടത്തില്‍ ഇതേ തീവ്രതയോടെയോ ലാഘവത്തോടെയോ പങ്കുവെക്കപ്പെടണമെന്നില്ല. വൈറലിന് ശാശ്വത (enduring) മൂല്യമില്ല. വൈറല്‍ പകര്‍ച്ചകളിലൂടെ അനുകരണസ്വഭാവത്തോടെ ഒരു കൂട്ടം രൂപപ്പെടുകയാണ്. സദൃശസ്വഭാവമുള്ള അനേകരുടെ കൂട്ടം. ഇത് സാമ്പ്രദായിക അർഥത്തിലെ കലക്ടിവ് അല്ല. കലക്ടിവ് രൂപപ്പെടാന്‍ പ്രാഥമികമായി വേണ്ടത് ആശയപരമായ ഐക്യമാണ്. ഇവിടെ അത്തരത്തിലൊരു രൂപവത്കരണമല്ല നടക്കുന്നത്. എല്ലാവരും ഒരേ മുഖം മൂടി ധരിച്ചു വരുന്നവരാകുന്നു. ഫാഷിസത്തിലെ അനുകരണാത്മക ഏകരൂപാത്മകതയാണ് ഇതിലൂടെ പ്രകടമാകുന്നത്. പരമോന്നത നേതാവിന്റെ മുഖംമൂടി ധരിച്ചുകൊണ്ട് രംഗത്തിറങ്ങുന്ന എല്ലാവരും ഒരേ പ്രതിച്ഛായയുള്ളവരാകും. സമാന സ്ഥിതിവിശേഷമാണ് ശൃംഖലയില്‍ രൂപപ്പെടുന്നത്. ഈ രൂപപ്പെടലില്‍ വിയോജനമോ വ്യത്യസ്തതയോ ഘടകമാകുന്നില്ല എന്നതാണ്.
കഴിഞ്ഞ കാലങ്ങളില്‍ നടന്ന ജനകീയപ്രക്ഷോഭങ്ങള്‍ക്ക് ഹേതുവായിതീര്ന്ന നവമാധ്യമ സംഘാടന രീതി മുന്‍നിര്‍ത്തി വൈറല്‍ സംവേദനത്തിന്റെ വിപ്ലവകരമായ ലീനശക്തിയെക്കുറിച്ചുള്ള പ്രത്യാശകള്‍ പങ്കുവെക്കപ്പെട്ടിട്ടുള്ളതാണ്. എന്നാല്‍, നമ്മളിന്ന് തിരിച്ചറിയുന്നത് ഈ വൈറല്‍ സംവേദനവും പുതിയൊരു മാധ്യമ ഉപഭോഗ രീതിയെ വ്യവസ്ഥ ചെയ്തുവെന്നല്ലാതെ പില്ക്കാല മുതലാളിത്തത്തിന് (late capitalism) ഒരു ഭീഷണിയേയാകുന്നില്ല എന്നതാണ്. ടോണി ഡി. സാംപ്സണ് 'Virality: Contagion theory in the age of networks'ല്‍ വിശദീകരിക്കുന്നതുപോലെ സമ്പത്തുൽപാദനത്തിനുള്ള ഉപഭോഗ മുതലാളിത്തത്തിന്റെ തുടര്‍ച്ച എന്ന നിലയില്‍ ശൃംഖലകളിലൂടെ പടരുന്ന സ്വാധീനത്തെ പണവും പിന്തുടരുന്നു.
സ്വയം പ്രചാരണത്തിന്റെ ശൃംഖല വൈറാലിറ്റി (virality) ശൃംഖലാ മുതലാളിത്തത്തിന്റെ (പ്ലാറ്റ്ഫോം മുതലാളിത്തം) അനുദിന വികാസവുമായി താദാത്മ്യപ്പെട്ടിരിക്കുന്നു. ബിസിനസ് സംരംഭകത്വത്തിന്റെ ജ്ഞാനവും ശൃംഖലാ സാങ്കേതികവിദ്യയെക്കുറിച്ചുള്ള ശാസ്ത്രീയ ധാരണകളും നവ ഡാര്വീനിയന് അറിവുകളും മിശ്രണം ചെയ്തെടുത്ത വൈജ്ഞാനിക പദ്ധതി ഈ വൈറാലിറ്റിക്ക് പ്രേരകമാകുന്നുണ്ട്. പരിണാമ സിദ്ധാന്തവും കമ്പ്യൂട്ടര്‍ സഹായത്തോടെയുള്ള പകര്‍ച്ചവ്യാധി മോഡലിങ്ങും ബിസിനസ് ട്രെന്‍ഡുകളുടെ വിശകലനവും ചേര്‍ത്തുകൊണ്ടുള്ള അപക്വമായ അറിവുകളുടെ അടിസ്ഥാനത്തില്‍നിന്ന് രൂപപ്പെടുത്തിയതാണ് മീമും വൈറലും (നെറ്റ് വർക് യുഗത്തിലെ ഏറ്റവും പ്രമുഖവും ട്രെന്‍ഡിയുമായ പദങ്ങള്‍). പകര്‍ച്ചവ്യാധി മാതൃകകളുടെ രീതികളെ ഈ നിലയില്‍ അവലംബിക്കുന്നതാണ് വൈറല്‍ മാധ്യമത്തിലെ സാമൂഹിക സ്വാധീനം (social influencing), സാമ്പത്തിക പ്രതിസന്ധികള്‍, ഫാഷനുകള്‍, വികാരതള്ളലുകള്, സെല്‍ഫി പ്രകടനങ്ങള്‍ എന്നിവയൊക്കെത്തന്നെ. ഇതിനെതിരെ ഉയര്‍ത്താവുന്ന ഒരു സാമാന്യ വിമര്‍ശനം കോര്‍പറേറ്റ് നിയന്ത്രിതമായ അച്ചടി -ദൃശ്യ മാധ്യമം തമസ്കരിക്കുന്ന, അല്ലെങ്കില്‍ പുറത്തുകൊണ്ടുവരാത്ത പല വിവരങ്ങളും വാര്‍ത്തകളും ചര്‍ച്ചകളും നവമാധ്യമങ്ങളിലൂടെ വിനിമയം ചെയ്യപ്പെടുന്നില്ലേ എന്നതാണ്. നവമാധ്യങ്ങളുടെ വിശ്വാസ്യത വര്‍ധിപ്പിക്കുന്നതില്‍ കോര്‍പറേറ്റ് മാധ്യമങ്ങള്‍ക്ക് വലിയ പങ്കുണ്ട്. ഭരണകൂടത്തിന് അനിഷ്ടകരമായ സന്ദേശങ്ങള്‍ നിയന്ത്രിക്കാന്‍ കോര്‍പറേറ്റ് പ്ലാറ്റ്ഫോമുകള് നിർബന്ധിതമാണ്. സ്വതന്ത്ര വിനിമയങ്ങളെയോ സംവാദത്തെയോ പ്രോത്സാഹിപ്പിക്കാന്‍ ലക്ഷ്യംവെച്ച് പ്രവര്‍ത്തിക്കുന്നതല്ല കോര്‍പറേറ്റ് നിയന്ത്രിത പ്ലാറ്റ്ഫോമുകള്, അവരുടെ അവകാശവാദം അങ്ങനെയായിരിക്കെതന്നെ. ലാഭേച്ഛ ഉദ്ദേശിച്ചുകൊണ്ട് പ്രവര്‍ത്തിക്കുന്നവയാണ്. നവമാധ്യമങ്ങള്‍ വ്യവസ്ഥാപിത മാധ്യമങ്ങള്‍ക്ക് ബദലുമല്ല. പലപ്പോഴും പരസ്പരസഹായകമാണ്. വ്യവസ്ഥാപിത മാധ്യമങ്ങള്‍ തമസ്കരിക്കുന്ന വാര്‍ത്തകള്‍ പുറത്തുവരാനുള്ള സാധ്യതകള്‍ അംഗീകരിക്കുമ്പോള്‍തന്നെ ജനാധിപത്യത്തിനു കരുത്തു പകരാന്‍ സാധിക്കുന്നവിധം സംവാദങ്ങള്‍ക്കുള്ള പുതിയ തുറസ്സുകള്‍ തുറന്നിടാന്‍ സമൂഹ മാധ്യമങ്ങളെ അസാധ്യമാക്കുന്ന ഇതിന്റെ ഘടനാപരമായ പരിമിതികള്‍ തിരിച്ചറിയപ്പെടേണ്ടതുണ്ട്. എന്നാല്‍, ഇതേ ഘടനയും അതിന്റെ വസ്തുവുമാണ് വിപണി സമ്പദ്വ്യവസ്ഥക്ക് ഏറ്റവും പ്രയോജനദായകവും. വ്യക്തികളുടെ ആത്മരോഷത്തെയും ആത്മഹർഷത്തെയും പൊതുരോദനവും രോഷവും ഹര്ഷവുമാക്കി പരിവര്‍ത്തനപ്പെടുത്താനുള്ള അല്‍ഗോരിതത്തിന്റെ ഉപകരണാത്മക യുക്തിയുടെ പ്രഭാവമാണ് (effect) നവമാധ്യമ സംവേദനത്തെ പ്രവര്‍ത്തനക്ഷമമാക്കുന്നത്. ജനാധിപത്യവത്കരണത്തിന് ഒരു ഗാരന്റിയും ഇതു നല്‍കുന്നില്ല. വിപണിക്കും മൂലധനക്രമത്തിനും പുറത്ത് നടന്നിരുന്ന സംവേദനങ്ങളെപ്പോലും പിടിച്ചെടുത്ത് പ്ലാറ്റ്ഫോമുകളിലൂടെ മുതലാളിത്തം വിനിമയങ്ങളെ കോളനീകരിക്കുന്ന മനുഷ്യാനന്തര സാങ്കേതിക വ്യവസ്ഥയെ മറികടക്കേണ്ടതുണ്ട്, പൊതുമയുടെ ഭാഗമായുള്ള സംവേദന മണ്ഡലങ്ങളെ സ്വതന്ത്രമായി വീണ്ടെടുക്കേണ്ടതുണ്ട്.