പൗരസമൂഹരാഷ്ട്രീയത്തിന്റെ പ്രതിസന്ധികള്‍
മാധ്യമം ആഴ്ചപ്പതിപ്പ് (ലക്കം: 1289) തുടങ്ങിവെച്ച ‘കേരളത്തിന്റെ സിവിൽ പൊളിറ്റിക്സിന് എന്തു സംഭവിച്ചു’ എന്ന സംവാദത്തിൽ ഇടപെടുകയാണ് സാമൂഹികപ്രവർത്തകനായ ലേഖകൻ. ആത്മീയശൂന്യതയാണ് ലോകത്തെല്ലായിടത്തുമെന്നപോലെ കേരളത്തിലെയും സിവില്‍ സമൂഹത്തിന്റെ പ്രതിസന്ധിയെന്നും സിവില്‍ സമൂഹം, രാഷ്ട്രീയ സമൂഹം എന്ന ദ്വന്ദം മറികടക്കപ്പെടുകയാണ് ചെയ്യേണ്ടതെന്നും ലേഖകൻ വാദിക്കുന്നു.
കേരളത്തിന് അതിന്റേതായ ഒരാധുനികതയുണ്ടായിരുന്നു. അതിന് പല അടരുകളുണ്ട്. എങ്കിലും കേരളീയാധുനികതയില്‍ മതം ഒരു പ്രബല ഘടകമായിരുന്നു. യൂറോപ്പിലെപ്പോലെ മതവിരുദ്ധമായല്ല കേരളത്തില്‍ ആധുനികത വികസിച്ചത്. ഇസ്ലാംമത പ്രചോദിതനായ ടിപ്പു സുല്‍ത്താനാണ് കേരളീയ ആധുനികതയുടെ പ്രോല്ഘാടകരില് പ്രമുഖനായ ഒരാള്‍. കേരളത്തില്‍ കൊളോണിയലിസത്തിനും ജാതി മേധാവിത്വത്തിനും ജന്മിത്വത്തിനുമെതിരായ ആദ്യ സമരങ്ങള്‍ നടക്കുന്നത് മമ്പുറം ഫസല്‍...
Your Subscription Supports Independent Journalism
View Plansകേരളത്തിന് അതിന്റേതായ ഒരാധുനികതയുണ്ടായിരുന്നു. അതിന് പല അടരുകളുണ്ട്. എങ്കിലും കേരളീയാധുനികതയില്‍ മതം ഒരു പ്രബല ഘടകമായിരുന്നു. യൂറോപ്പിലെപ്പോലെ മതവിരുദ്ധമായല്ല കേരളത്തില്‍ ആധുനികത വികസിച്ചത്. ഇസ്ലാംമത പ്രചോദിതനായ ടിപ്പു സുല്‍ത്താനാണ് കേരളീയ ആധുനികതയുടെ പ്രോല്ഘാടകരില് പ്രമുഖനായ ഒരാള്‍. കേരളത്തില്‍ കൊളോണിയലിസത്തിനും ജാതി മേധാവിത്വത്തിനും ജന്മിത്വത്തിനുമെതിരായ ആദ്യ സമരങ്ങള്‍ നടക്കുന്നത് മമ്പുറം ഫസല്‍ പൂക്കോയ തങ്ങള്പോലെയുള്ളവരുടെ നേതൃത്വത്തിലാണ്. കേരളീയാധുനികതയുടെ മുഖചിത്രമായി മനസ്സിലാക്കപ്പെടുന്നത് ശ്രീനാരായണ ഗുരുവാണ്. അദ്ദേഹത്തിൽ ബുദ്ധമതത്തിന്റെയും ഇസ്ലാം മതത്തിന്റെയും ഹിന്ദുമതത്തിന്റെ തന്നെയും ശക്തമായ സ്വാധീനങ്ങള്‍ കാണാന്‍ കഴിയും. അദ്ദേഹം മതരാഹിത്യത്തോട് സഹിഷ്ണുത പുലര്‍ത്തിയിട്ടുണ്ട്. പക്ഷേ, അദ്ദേഹത്തിന്റെ രീതിശാസ്ത്രം ഒരിക്കലും മതരഹിതമായിരുന്നില്ല.
ഇന്ത്യയിലെയും കേരളത്തിലെയും സ്വാതന്ത്ര്യസമരം മതരഹിത മതേതരത്വത്തിെന്റ ആവിഷ്കാരമായിരുന്നില്ല. ഗാന്ധി മുന്നോട്ടുവെച്ചത് മതസഹിതമായ മതേതരത്വമായിരുന്നു. ദേശീയതലത്തില്‍തന്നെ രൂപപ്പെട്ട ഖിലാഫത്ത് പ്രസ്ഥാനം ഏറ്റവും ശക്തമായി പ്രവര്‍ത്തിച്ച സ്ഥലങ്ങളിലൊന്ന് കേരളമായിരുന്നു. കേരളീയ യുക്തിവാദംപോലും കേവല മതവിരുദ്ധതയുടെ ആഘോഷമായിരുന്നില്ല. മതവിരുദ്ധ പ്രസ്ഥാനം എന്നതിനെക്കാള്‍ അത് ജാതിവിരുദ്ധ പ്രസ്ഥാനമായിരുന്നു. ഇസ്ലാം, ക്രൈസ്തവ, ബുദ്ധ മൂല്യങ്ങളെ സ്വാംശീകരിച്ചാണ് കേരളീയ യുക്തിവാദം മുന്നോട്ടുപോയിരുന്നത്. അങ്ങനെയാണ് സാഹോദര്യം കേരളീയ യുക്തിവാദത്തിന്റെ വളരെ പ്രധാനപ്പെട്ട മുദ്രാവാക്യമായി മാറിയത്.
കേരളത്തെ യൂറോപ്യന്‍ രീതിയാല്‍ മതരഹിതമാക്കുന്നതില് മുഖ്യ പങ്കുവഹിച്ചത് മാര്‍ക്സിസമാണ്. കേരളീയ മാര്‍ക്സിസം പ്രായോഗികമായി മതത്തോട് പലതരം അടവുനയങ്ങള്‍ സ്വീകരിച്ചുതന്നെയാണ് മുന്നോട്ടുപോയത്. പക്ഷേ, ആശയമണ്ഡലത്തില്‍ മതത്തിനെതിരായ പ്രത്യേകിച്ച്, സാമൂഹിക ജീവിതത്തിലെ മതസാന്നിധ്യത്തിനെതിരായ വലിയ വേലിയേറ്റം സൃഷ്ടിക്കാന്‍ മാര്‍ക്സിസത്തിനു കഴിഞ്ഞു. മാര്‍ക്സിസം അടവുനയങ്ങള്‍ സ്വീകരിച്ചത് മിക്കപ്പോഴും മതത്തോടല്ല മതത്തിന്റെ സമുദായ സംവിധാനങ്ങളോടായിരുന്നു. പൊതുജീവിതം മതരഹിതമായിരിക്കണമെന്ന ആശയത്തെ കേരളത്തിന്റെ പൊതു ആശയമാക്കി മാറ്റിയതില്‍ മുഖ്യ പങ്കുവഹിച്ചത് കമ്യൂണിസ്റ്റ് പ്രസ്ഥാനമാണ്. മതങ്ങള്‍ക്കെതിരെ യുക്തിവാദരീതിയുള്ള ആക്രമണം കമ്യൂണിസ്റ്റ് പാര്‍ട്ടി കാര്യമായി നടത്തിയിട്ടില്ല എന്നത് ശരിയാണ്. ശരീഅത്ത് വിവാദമാണ് അതിനുള്ള പ്രധാന അപവാദം. അങ്ങനെ കേരളത്തിന്റെ തനതായ ആധുനികത ഇല്ലാതാവുകയും അത് യൂറോപ്യന്‍ ആധുനികതതന്നെയായി മാറുകയും ചെയ്തു. യൂറോ സെന്‍ട്രിക്കായ ഒരു ആധുനികതക്കാണ് കമ്യൂണിസ്റ്റ് പാര്‍ട്ടി കേരളത്തില്‍ നേതൃത്വം നല്‍കിയത്. യൂറോസെന്‍ട്രിക്കായ ഏത് ആശയത്തിനും വെള്ള സവര്‍ണ വംശീയ സ്വഭാവം സഹജമായി തന്നെ ഉണ്ടായിരിക്കും.
നവ സാമൂഹിക പ്രസ്ഥാനങ്ങള്‍
നവ സാമൂഹിക പ്രസ്ഥാനങ്ങളുടെ ആശയാടിത്തറ പ്രധാനമായും ഉത്തരാധുനികതയാണ്. മനുഷ്യന്റെയും കേന്ദ്രത്തിന്റെയും യുക്തിയുടെയും നിഷേധമാണ് ഉത്തരാധുനികത. യൂറോപ്യന്‍ ആധുനികതയുടെ ഈ മൂന്ന് ആശയങ്ങളും പ്രായോഗികമായും സൈദ്ധാന്തികമായും പ്രതിസന്ധികള്‍ നേരിട്ട ഘട്ടത്തിലാണ് ഉത്തരാധുനികത ഉയര്‍ന്നുവരുന്നത്. ടി.ടി. ശ്രീകുമാര്‍ നിരീക്ഷിച്ചതുപോലെ പ്രതിസന്ധിയിലായത് പാശ്ചാത്യരുടെ മനുഷ്യസങ്കല്പവും യുക്തിയും കേന്ദ്രവുമായിരുന്നു. അപ്പോള്‍ പാശ്ചാത്യര്‍ മനുഷ്യനും യുക്തിയും കേന്ദ്രവും തന്നെയില്ല എന്ന് സിദ്ധാന്തിച്ചു. യഥാർഥത്തില്‍ മനുഷ്യനെക്കുറിച്ചും കേന്ദ്രത്തെക്കുറിച്ചും യുക്തിയെക്കുറിച്ചും പാശ്ചാത്യേതരമായ പലതരം സങ്കൽപങ്ങള് ലോകത്ത് ഉണ്ടായിരുന്നു. കേരളീയ ആധുനികതയിലടക്കം അതു കാണാന്‍ കഴിയും. പേക്ഷ കേരളം, കമ്യൂണിസ്റ്റുകള്‍ കേരളത്തില്‍ പ്രബലപ്പെടുത്തിയ പാശ്ചാത്യ ആധുനികതയില്‍നിന്ന് പാശ്ചാത്യ ഉത്തരാധുനികതയിലേക്ക് മാറുകയാണ് ചെയ്തത്. കലയിലും സാഹിത്യത്തിലും നിരൂപണത്തിലും സോഷ്യല്‍ ആക്ടിവിസത്തിലും മാധ്യമപ്രവര്ത്തനത്തിലുമെല്ലാം ഇതു കാണാന്‍ കഴിയും.
പാശ്ചാത്യന്‍ ഉത്തരാധുനികതയുടെ വൈരുധ്യങ്ങളും വൈകല്യങ്ങളുമാണ് കേരളത്തിലെ സിവില്‍ സമൂഹ പ്രസ്ഥാനങ്ങളുടെ പ്രതിസന്ധിയുടെ ആശയതലം. ഉത്തരാധുനികത അല്ലെങ്കില്‍ ഘടനാനന്തരവാദത്തിന്റെ സാധ്യത എല്ലാ അധികാര ബന്ധങ്ങളെയും അത് അഴിച്ചു കാണിച്ചുതരും എന്നതാണ്. സമൂഹത്തിലെയും പാഠങ്ങളിലെയും എല്ലാ അധികാരബന്ധങ്ങളെയും അത് അഴിച്ചുകാണിക്കും. അതുകൊണ്ടുതന്നെ അത് വിമോചനത്തിന്റെ ഊർജം നല്‍കുന്നുണ്ട്. പക്ഷേ, അതുമാത്രം ഉപയോഗിച്ച് ഒന്നും നിര്‍മിക്കാനാവില്ല. സിവില്‍ സമൂഹ മുന്‍കൈകള്‍ക്ക് ഒരു തിരുത്തല്‍ എന്നതിനപ്പുറം മുന്നോട്ടുപോകാന്‍ കഴിയാത്തതിന്റെ സൈദ്ധാന്തിക കാരണം ഇതാണ്. സിവില്‍ സമൂഹം ഉന്നയിക്കുന്ന പലകാര്യങ്ങളും നിര്മാണശേഷികൂടിയുള്ള മുഖ്യധാര സ്വാംശീകരിക്കുകയും ചെയ്യുന്നു.
ഘടനാനന്തരവാദം നിരവധി വൈരുധ്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒന്നുകൂടിയാണ്. ഇത്തരം വൈരുധ്യങ്ങള്‍ നവ സാമൂഹികതയെ വലിയ അളവില്‍ ദുര്‍ബലപ്പെടുത്തുന്നുണ്ട്. ജെന്‍ഡര്‍ പൊളിറ്റിക്സും ജെന്‍ഡര്‍ ന്യൂട്രാലിറ്റിയും നവ സാമൂഹികതയുടെ ഘടകങ്ങളാണ്. സ്ത്രീകള്‍ക്ക് നല്കപ്പെടുന്ന എല്ലാ സവിശേഷ പരിരക്ഷകളെയും ജെന്‍ഡര്‍ ന്യൂട്രാലിറ്റി നിരാകരിക്കുന്നു. സംവരണത്തിനെതിരെ അത് മെറിറ്റ് വാദം മുന്നോട്ടുവെക്കുന്നു. യഥാർഥത്തില്‍ ഈ മെറിറ്റ് വാദം നവ സാമൂഹികത നഖശിഖാന്തമെതിര്‍ത്ത വരേണ്യതയുടെ വാദമുഖമാണ്. ഫെമിനിസം എന്തിനെതിരെയാണോ പ്രയാണമാരംഭിച്ചത് അവിടെത്തന്നെ എത്തിച്ചേര്‍ന്നു. ആണും പെണ്ണുമില്ല മനുഷ്യനും മെറിറ്റും മാത്രമേയുള്ളൂ എന്നതാണ് െജന്ഡര് ന്യൂട്രാലിറ്റിയുടെ വാദം. ഈ മനുഷ്യ സങ്കൽപത്തിനും മെറിറ്റ് സങ്കല്പത്തിനുമെതിരെയാണ് ഫെമിനിസം ഉള്‍പ്പെടെയുള്ള ആധുനികതാ വിമര്‍ശന പ്രസ്ഥാനങ്ങള്‍ ഉയര്‍ന്നുവന്നത്. ഫെമിനിസം നിരവധി വികാസഘട്ടങ്ങളിലൂടെ കടന്നു വരേണ്യ ആധുനികതയുടെ താവളത്തില്‍തന്നെ എത്തിച്ചേര്‍ന്നു. യഥാർഥത്തിലുള്ള വൈവിധ്യത്തെ നിരാകരിച്ച് കൃത്രിമ ഏകത സ്ഥാപിച്ചാല്‍ ആ ഏകതക്കകത്ത് അധീശത്വമുള്ളവരുടെ ആധിപത്യമായിരിക്കും പുലരുക. ജാതി നിലനില്‍ക്കുന്ന സമൂഹത്തില്‍ ജാതിയില്ല എന്നു സങ്കൽപിക്കുന്നതുകൊണ്ടുള്ള ഗുണഫലം വരേണ്യജാതികള്ക്ക് മാത്രമായിരിക്കും. വ്യത്യസ്ത മുതലാളിത്ത താല്പര്യങ്ങളോടെ കേരള സര്‍ക്കാര്‍ ജെന്‍ഡര്‍ ന്യൂട്രാലിറ്റി സ്കൂളുകളില്‍ നടപ്പാക്കാന്‍ പോവുകയാണ്. ഇവിടെ നവ സാമൂഹികതക്ക് പ്രതിപക്ഷമാവാന്‍ കഴിയില്ല.
മനുഷ്യനും പ്രകൃതിയും തമ്മിലുള്ള പാരസ്പര്യത്തെ നിഷേധിച്ചതിന്റെ ഫലമായാണ് പാരിസ്ഥിതിക പ്രശ്നങ്ങള്‍ ലോകത്ത് ഉണ്ടായത്. മുതലാളിത്ത ആധുനികത സൃഷ്ടിച്ച പാരിസ്ഥിതിക പ്രശ്നങ്ങള്‍ക്കെതിരായ വൈജ്ഞാനികവും പ്രായോഗികവുമായ മുന്നേറ്റം എന്നതാണ് നവസാമൂഹികതയുടെ പ്രധാന പ്രസക്തി. എന്നാല്‍, ആണും പെണ്ണും തമ്മിലുള്ള പാരസ്പര്യത്തെ നിഷേധിക്കുന്ന ലിബറല്‍ ജെന്‍ഡര്‍ പൊളിറ്റിക്സില്‍ നവസാമൂഹികത ചെന്ന് തലകുത്തി വീഴുകയാണ്. മറ്റുള്ളവര്‍ക്ക് ദോഷകരമല്ലാത്ത എന്തും വ്യക്തിക്കോ വ്യക്തികള്‍ക്കോ ചെയ്യാം എന്നതാണ് യൂറോസെന്‍ട്രിക് ലിബറല്‍ ധാര്‍മികതയുടെ അടിത്തറ. മറ്റുള്ളവരെ ബാധിക്കാത്ത സ്വകാര്യത എന്നതുതന്നെ ഒരു വ്യാജ നിർമിതിയാണ്. വ്യക്തിജീവിതവും പൊതുജീവിതവും വെള്ളം കടക്കാത്ത അറകളല്ല. ലോകം നിലനില്‍ക്കുന്നത് പാരസ്പര്യത്തിലാണ്. അതുകൊണ്ടാണ് ബുദ്ധന് പറഞ്ഞത് അതുള്ളതുകൊണ്ട് ഇതുണ്ട്. ഇതിനർഥം സ്വകാര്യതക്കുള്ള അവകാശമില്ലെന്നല്ല. വ്യക്തിപരമായത് രാഷ്ട്രീയമാണ് എന്നത് നവസാമൂഹികതയുടെ പ്രധാന തിരിച്ചറിവുകളില്‍ ഒന്നായിരുന്നു. പക്ഷേ, വ്യക്തി ധാര്‍മികതയുടെ കാര്യത്തില്‍ നവ സാമൂഹികതയും ഈ തിരിച്ചറിവ് ഉപേക്ഷിച്ച് സ്വകാര്യം പൊതു എന്ന ആധുനികതാ വാദഗതിതന്നെ സ്വീകരിക്കുകയാണ് ചെയ്തത്.
കേരളീയവും നൈതികവുമായ ആധുനികത മുന്നോട്ടുവെച്ച ശ്രീനാരായണഗുരു ഇങ്ങനെ പറയുന്നുണ്ട്: "അവനവന് ആത്മസുഖത്തിനായി ആചരിക്കുന്നവ അപരന്ന് സുഖത്തിനായി വരേണം". ഗുണത്തിനായി വന്നില്ലെങ്കില്‍ ദോഷത്തിനായി വരും എന്ന ലിബറല്‍ മൂല്യബോധത്തിനുള്ള തിരുത്തുകൂടി ഈ വിവേകത്തിലുണ്ട്. 'എന്റെ ശരീരം എന്റെ തെരഞ്ഞെടുപ്പ്' എന്ന ലിബറല്‍ സിദ്ധാന്തം ഇടതുപക്ഷ രാഷ്ട്രീയവും നവ സാമൂഹിക പ്രസ്ഥാനങ്ങളും ഒരേപോലെ ആഘോഷിക്കുകയും എന്നിട്ട് കേരളത്തില്‍ മയക്കുമരുന്ന് വ്യാപിക്കുന്നു എന്ന് രാഷ്ട്രീയ സമൂഹവും സിവില്‍ സമൂഹവും പരിതപിക്കുകയും ചെയ്യുന്നതില്‍ അര്‍ഥമില്ല. ശ്രീനാരായണഗുരു ഏറ്റവും സ്മരിക്കപ്പെടുക ജാതിക്കെതിരായി നടത്തിയ സാമൂഹിക പരിഷ്കരണത്തിന്റെ പേരിലായിരിക്കും. എന്നാല്‍, അദ്ദേഹം ജാതിയെക്കാള്‍ രൂക്ഷമായി എതിര്‍ത്തത് ലഹരിയെ ആയിരുന്നു എന്ന് എം.കെ. സാനു നിരീക്ഷിക്കുന്നുണ്ട്. ഒരു സൈദ്ധാന്തിക രക്ഷാകര്‍തൃത്വവും ഇല്ലാത്ത ചില മദ്യവിരുദ്ധ പ്രവര്‍ത്തകര്‍ അല്ലാതെ മറ്റാരും ഗുരുവിന്റെയും ഗാന്ധിയുടെയും ലഹരിവിരുദ്ധ നിലപാടുകള്‍ പിന്നീട് കേരളത്തില്‍ ഉയര്‍ത്തിപ്പിടിച്ചിട്ടില്ല. കേരള വികസനത്തിന്റെ ഗുണമേന്മയെ ലഹരി എങ്ങനെ തകര്‍ക്കുന്നു എന്ന ശാസ്ത്ര സാഹിത്യ പരിഷത്ത് നേതാവ് ടി.പി. കുഞ്ഞിക്കണ്ണന്റെ പഠനത്തെ ഇവിടെ മറക്കുന്നില്ല.
കേരളീയാധുനികതക്ക് തുടര്ച്ചകളില്ലാതെ പോയി എന്നതാണ് കേരളം അനുഭവിക്കുന്ന ധാര്‍മിക പ്രതിസന്ധിയുടെ മര്‍മം. ശ്രീനാരായണഗുരു ദര്‍ശനം എസ്.എന്‍.ഡി.പിയുടെ സാമുദായികതയില്‍ വഴിയറിയാതെ സ്തംഭിച്ചുനിന്നു . കാലഗണനാപരമായ ആധുനികതക്കും മുമ്പേ കേരളത്തെ നിര്‍മിക്കുന്നതില്‍ നല്ല പങ്കുവഹിച്ച ഇസ്ലാമിക വിമോചന ആശയങ്ങള്‍ 21നു ശേഷം മുസ്ലിംലീഗിന്റെ സാമുദായികതയില്‍ നിശ്ചലമായി. കേരളത്തിലെ ഇസ്ലാമിനും മുസ്ലിംകള്ക്കും സ്വന്തമായ വിമോചന ദൈവശാസ്ത്രത്തിന്റെ ഒരു പാരമ്പര്യം ഉണ്ടായിരുന്നു. കൊളോണിയലിസത്തിനും ജന്മിത്തത്തിനും ജാതിമേധാവിത്വത്തിനുമെതിരായ ഇരുപത്തിയൊന്നിലെ ഉള്‍പ്പെടെയുള്ള സമരങ്ങള്‍ ആ പാരമ്പര്യത്തിന്റെ ഭാഗമായിരുന്നു. ഇരുപത്തിയൊന്നിന്റെ വലിയ തിരിച്ചടികള്‍ അവരെ വിമോചന ദൈവശാസ്ത്രത്തിന്റെ പ്രവിശാലതയില്നിന്ന് സമുദായ അതിജീവനത്തിന്റെ ഹ്രസ്വതയിലേക്ക് ചുരുക്കി. സമുദായ അതിജീവനം പൊതുസമൂഹവുമായി ഒരു ബന്ധവും പുലര്‍ത്താത്ത പദ്ധതിയായിരുന്നു. എന്നല്ല, ഇസ്ലാമിക ആശയാടിത്തറകളില്‍നിന്നുകൊണ്ട് എല്ലാ മനുഷ്യരുടെയും വിമോചനം എന്ന സങ്കല്പം അത് ഉപേക്ഷിച്ചു എന്നതാണ്. ഇന്ത്യയെ എന്നപോലെ കേരളത്തെയും രൂപപ്പെടുത്തുന്നതില്‍ ഗാന്ധിജിക്ക് വലിയ പങ്കുണ്ട്. പക്ഷേ, ഗാന്ധിജിക്കും സ്വാതന്ത്ര്യാനന്തര കേരളത്തില്‍ കാര്യമായ തുടര്‍ജീവിതം ഉണ്ടായിട്ടില്ല. പരിസ്ഥിതി വികസന വിഷയത്തില്‍ ഗാന്ധിയുടെ തിരിച്ചുവരവ് കേരളത്തില്‍ പ്രത്യേകിച്ച് സിവില്‍ സമൂഹ ആശയരംഗത്ത് സംഭവിക്കുന്നുണ്ട്. ജീവിത ധാര്‍മികതയില്‍ അപ്പോഴും നമുക്ക് ഗാന്ധി അന്യനായിരുന്നു. അംബേദ്കര്‍ കേരളത്തില്‍ സജീവജീവിതമുള്ള ചരിത്രപുരുഷനാണ്. പ്രത്യേകിച്ച് ആധുനികാനന്തര കാലത്ത്. പക്ഷേ, അംബേദ്കര്‍ കേരളത്തില്‍ മനസ്സിലാക്കപ്പെട്ടത് ലിബറല്‍ സ്വത്വ രാഷ്ട്രീയത്തിന്റെ വെളിച്ചത്തില്‍ മാത്രമാണ്. ലിബറല്‍ ആധുനികതയെയും ആധുനികാനന്തരതയെയും അതിവര്ത്തിക്കുന്നതിന് സഹായകമായി വര്‍ത്തിക്കാന്‍ കഴിയുന്ന, കേവല യൂറോപ്യന്‍ ലിബറലല്ലാത്ത ബുദ്ധനായ ഒരു അംബേദ്കറുണ്ട്. കേരളീയ ആധുനികതയുടെ മുന്നോട്ടുപോക്കില്‍ ഈ ഗാന്ധിയും അംബേദ്കറും വലിയ സ്രോതസ്സുകള്‍ ആയിരുന്നു. അവര്‍ തമ്മിലുള്ള വൈരുധ്യങ്ങളെ അവര്‍ക്കു ശേഷമുള്ള ഈ ചരിത്രഘട്ടത്തെ പരിഹരിക്കാന്‍ കഴിയുമായിരുന്നു. പക്ഷേ, ബുദ്ധനായ അംബേദ്കര്‍ അല്ല വെറും പാശ്ചാത്യ ലിബറലായ അംബേദ്കര്‍ ആണ് കേരളത്തില്‍ പ്രചാരം നേടിയത്. സാമൂഹിക രാഷ്ട്രീയ മണ്ഡലത്തില്‍ പ്രസക്തമായ നൈതികവും ബൗദ്ധവുമായ അംബേദ്കറെ കുറിച്ച് സംസാരിക്കുന്ന നേര്‍ത്ത ധാരകളെ കാണാതിരിക്കുന്നില്ല. അതിന് നമ്മുടെ സിവില്‍ സമൂഹത്തിന്റെ മുഖ്യധാരയില്പോലും ഇടംപിടിക്കാന്‍ ആയിട്ടില്ല എന്നുമാത്രം.
ആത്മീയ ശൂന്യതയാണ് ലോകത്തെല്ലായിടത്തുമെന്നപോലെ കേരളത്തിലെയും സിവില്‍ സമൂഹത്തിന്റെ പ്രതിസന്ധി. ഈ പൊതുപ്രവണതയില്‍നിന്ന് വ്യത്യസ്തമായ രീതിയില്‍ സിവില്‍ സമൂഹത്തില്‍ ഇടപെടാന്‍ ശ്രമിച്ചവരുണ്ട്. ക്രൈസ്തവ വിമോചന ദൈവശാസ്ത്രത്തിന്റെ വക്താക്കള്‍ ഇതിന്റെ ഒരു ഉദാഹരണമാണ്. അത്തരമൊരു മുന്‍കൈയാണ് കേരളത്തിലെ ആദ്യകാല ജനകീയ സമരങ്ങളില്‍ ഒന്നായ 80കളിലെ മത്സ്യത്തൊഴിലാളി സമരത്തെ മുന്നോട്ടു നയിച്ചത്. ട്രോളിങ് നിരോധനം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ആ സമരത്തിന്റെ നേട്ടമായിരുന്നു. ഇത് പാരിസ്ഥിതികവും തൊഴിലാളി അവകാശപരവുമായ ആവശ്യങ്ങള്‍ സര്‍ക്കാറിനെക്കൊണ്ട് അംഗീകരിപ്പിക്കുന്നതില്‍ വിജയംവരിച്ച സമരമായിരുന്നു. ആ സമരത്തിന്റെ ബുദ്ധിജീവികളെക്കുറിച്ച് ഡോ. മാത്യൂ എയര്ത്തയില് എഴുതുന്നു: ''ബൈബിളിന്റെ വിമോചനസന്ദേശത്തില്‍ പ്രചോദിതരായി തൊഴിലാളികളുടെ മോചനത്തിനുവേണ്ടി പ്രവര്‍ത്തിച്ച വൈദികരും സന്യാസികളും ഇക്കൂട്ടത്തില്‍പെടുന്നു.'' (കേരളത്തിലെ മത്സ്യത്തൊഴിലാളി പ്രസ്ഥാനം, സാമൂഹിക ശാസ്ത്രപരമായ വിശകലനം. പേജ് 128). ഫാദര്‍ എസ്. കാപ്പന് കേരളത്തിലെ സിവില്‍ സമൂഹംപോലും ഇനിയും വേണ്ടത്ര തിരിച്ചറിയാത്ത മഹാസാന്നിധ്യമാണ്. മുഖ്യധാരാ ഇടതുപക്ഷത്തോടു ചേര്‍ന്ന് പ്രവര്‍ത്തിച്ച ഒരു ധാരയും ക്രൈസ്തവ വിമോചന ദൈവശാസ്ത്രത്തിനകത്തുണ്ട്. കേരളത്തിലെ സിവില്‍ സമൂഹത്തിനകത്ത് മതത്തിെന്റ വിമോചനപരതയുടെ ശക്തമായ സാന്നിധ്യമായിരുന്നു സോളിഡാരിറ്റി യൂത്ത്മൂവ്മെന്റ്. കേരളീയാധുനികത സൃഷ്ടിക്കുന്നതില്‍ സുപ്രധാന പങ്കുവഹിച്ച ഇസ്ലാമിക വിമോചന ദൈവശാസ്ത്രത്തിന്റെ തിരിച്ചുപിടിക്കലായിരുന്നു അതിലൂടെ നടന്നത്. സോളിഡാരിറ്റിയുടെ സാന്നിധ്യം സിവില്‍ സമൂഹത്തിന് വലിയ അളവില്‍ ഉണർവ് പകര്‍ന്നിരുന്നു.
സിവില്‍ സമൂഹം, രാഷ്ട്രീയ സമൂഹം എന്ന ദ്വന്ദം മറികടക്കപ്പെടുകയാണ് ചെയ്യേണ്ടത്. ഇന്ന് പൗരസമൂഹം കൈകാര്യം ചെയ്യുന്ന എല്ലാ സാമൂഹിക അജണ്ടകളും നേരത്തേ കക്ഷിരാഷ്ട്രീയ അജണ്ടകള്തന്നെയായിരുന്നു. നമ്മുടെ എല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങളും അതിന്റെ ആരംഭത്തില്‍ സാമൂഹിക പ്രസ്ഥാനങ്ങള്കൂടിയായിരുന്നു. കക്ഷി രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ സാമൂഹിക അജണ്ടകള്‍ ഉപേക്ഷിക്കുകയും ആദര്‍ശരഹിതമായ വോട്ട് രാഷ്ട്രീയത്തിലേക്ക് അധഃപതിക്കുകയും ചെയ്ത ചരിത്രസന്ദര്‍ഭത്തിലാണ് സിവില്‍ സമൂഹ പ്രസ്ഥാനങ്ങള്‍ ഉയര്‍ന്നുവരുന്നത്. കക്ഷിരഹിത പൗരസമൂഹ രാഷ്ട്രീയം പ്രസക്തമാവുന്നതുതന്നെ കക്ഷി രാഷ്ട്രീയ ജീര്‍ണതയുടെ സന്ദര്‍ഭത്തിലാണ്. അതിനെ ആശയപരമായും പ്രായോഗികമായും ശാശ്വതീകരിക്കുകയല്ല ചെയ്യേണ്ടത്. അധികാര രാഷ്ട്രീയത്തെ ആശയരാഹിത്യത്തിന് വിട്ടുകൊടുക്കുകയല്ല വേണ്ടത്. ചരിത്രം ആവശ്യപ്പെടുന്നത് സിവില്‍ സമൂഹ അജണ്ടകള്‍ അധികാര രാഷ്ട്രീയ വ്യവഹാരങ്ങള്ക്കകത്തുതന്നെ ഉന്നയിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനത്തെയാണ്. സിവില്‍ സമൂഹ അജണ്ടകളുള്ള രാഷ്ട്രീയ പ്രസ്ഥാനം. അല്ലെങ്കില്‍ അധികാര രാഷ്ട്രീയ അജണ്ടകളുള്ള സിവില്‍ സമൂഹ പ്രസ്ഥാനം.