ഉപസംവരണം ഉയര്‍ത്തുന്ന തുല്യാവകാശത്തിന്‍റെ രാഷ്ട്രീയം

ഉപസംവരണത്തെ അനുകൂലിച്ച് സാമൂഹികപ്രവർത്തകനായ കെ.എം. സലിംകുമാർ മാധ്യമം ആഴ്ചപ്പതിപ്പിന്‍റെ 1404, 1405 ലക്കങ്ങളിൽ എഴുതിയ വാദങ്ങളെ വിമര്‍ശനപരമായി പരിശോധിക്കുകയാണ് നിയമ അധ്യാപകനായ ലേഖകന്‍. ഉപസംവരണ വിഷയത്തിൽ ഗൗരവമായ ചർച്ചകൾ ഇനിയും നടക്കേണ്ടതുണ്ടെന്ന് ‘ആഴ്ചപ്പതിപ്പ്’ കരുതുന്നു. സംവരണത്തെ ചുറ്റിപ്പറ്റിയുള്ള കോടതി വ്യാഖ്യാനങ്ങള്‍ പൗരസമൂഹത്തെ നേരിട്ടു ബാധിക്കുന്നതുകൊണ്ട് അത് എല്ലായ്പോഴും കോടതിക്കകത്തും പുറത്തും പ്രക്ഷുബ്ധമാണ്. 2024 ആഗസ്റ്റ് 1നു പുറത്തുവന്ന സുപ്രീംകോടതിയുടെ ഏഴംഗ ഭരണഘടനാ ബെഞ്ചിന്‍റേത് അത്തരത്തിലുള്ള ഒരു വിധിയായിരുന്നു. ഇന്ത്യയിലെ പട്ടികജാതിക്കാരുടെ നിലവിലുള്ള സാമൂഹിക...
Your Subscription Supports Independent Journalism
View Plansഉപസംവരണത്തെ അനുകൂലിച്ച് സാമൂഹികപ്രവർത്തകനായ കെ.എം. സലിംകുമാർ മാധ്യമം ആഴ്ചപ്പതിപ്പിന്‍റെ 1404, 1405 ലക്കങ്ങളിൽ എഴുതിയ വാദങ്ങളെ വിമര്‍ശനപരമായി പരിശോധിക്കുകയാണ് നിയമ അധ്യാപകനായ ലേഖകന്‍. ഉപസംവരണ വിഷയത്തിൽ ഗൗരവമായ ചർച്ചകൾ ഇനിയും നടക്കേണ്ടതുണ്ടെന്ന് ‘ആഴ്ചപ്പതിപ്പ്’ കരുതുന്നു.
സംവരണത്തെ ചുറ്റിപ്പറ്റിയുള്ള കോടതി വ്യാഖ്യാനങ്ങള്‍ പൗരസമൂഹത്തെ നേരിട്ടു ബാധിക്കുന്നതുകൊണ്ട് അത് എല്ലായ്പോഴും കോടതിക്കകത്തും പുറത്തും പ്രക്ഷുബ്ധമാണ്. 2024 ആഗസ്റ്റ് 1നു പുറത്തുവന്ന സുപ്രീംകോടതിയുടെ ഏഴംഗ ഭരണഘടനാ ബെഞ്ചിന്‍റേത് അത്തരത്തിലുള്ള ഒരു വിധിയായിരുന്നു. ഇന്ത്യയിലെ പട്ടികജാതിക്കാരുടെ നിലവിലുള്ള സാമൂഹിക സാമ്പത്തിക സാഹചര്യങ്ങള്‍ പരിഗണിച്ച് അവരുടെ ഇടയില്‍ ഉപവര്‍ഗീകരണം നടത്തി ഉപസംവരണത്തിന്‍റെ തോത് സംസ്ഥാനങ്ങള്‍ നിശ്ചയിക്കുന്നതില്‍ ഭരണഘടന വിരുദ്ധതയൊന്നുമില്ലെന്ന് കോടതി വിധിച്ചു. ആയതിനാല്‍ ഉപവര്‍ഗീകരണം നടത്തി സംവരണത്തിന്‍റെ തോത് വിഭജിച്ച് നല്‍കിയ പഞ്ചാബ് നിയമം ഭരണഘടനാ വിധേയമാണെന്ന് കോടതി പ്രഖ്യാപിച്ചു.
അനുച്ഛേദം 341 പ്രകാരം 1950ലെ രാഷ്ട്രപതിയുടെ ഉത്തരവാല്‍ വിജ്ഞാപനം ചെയ്യപ്പെട്ട പട്ടികജാതി വിഭാഗങ്ങള്‍ വ്യത്യസ്ത തലത്തിലുള്ള വിവേചനം നേരിടുന്നവരാണെന്നും ഒരു ഏകമാന സ്വഭാവമുള്ള വര്‍ഗമല്ലെന്നും 6:1 ഭൂരിപക്ഷ അനുപാതത്തില്‍ സുപ്രീംകോടതി വിധിക്കുകയും അതിലൂടെ ഇ.വി. ചിന്നയ്യ സ്റ്റേറ്റ് ഓഫ് എ.പി (2004) എന്ന അഞ്ചംഗ ബെഞ്ചിന്‍റെ തീരുമാനത്തെ മറികടക്കുകയും ചെയ്തു. കോടതിയുടെ അഭിപ്രായത്തില്‍ പട്ടികയിലുള്ള ജാതികള്‍ തമ്മില്‍ ഏകമാനസ്വഭാവമില്ലെങ്കില്‍ അനുച്ഛേദം 15, 16, 341 എന്നീ വകുപ്പുകള്‍ പ്രകാരം ഉപവര്‍ഗീകരണ തത്ത്വം ബാധകമാക്കുന്നതില്‍നിന്ന് സംസ്ഥാനത്തെ തടയുന്ന ഒന്നുമില്ല. അതിനാല്‍, ഉപവര്‍ഗീകരണത്തിന് ഒരു യുക്തിസഹമായ തത്ത്വമുണ്ടെങ്കില്‍; കൂടാതെ ആ യുക്തിസഹമായ തത്ത്വത്തിന് ഉപവര്‍ഗീകരണത്തിന്‍റെ ഉദ്ദേശ്യവുമായി ബന്ധമുണ്ടെങ്കില്‍ സംസ്ഥാനങ്ങള്‍ക്ക് അത്തരം വര്‍ഗീകരണം നടത്താവുന്നതാണ് (2024ലെ ദാവേന്ദ്ര സിങ് കേസ്, ഖണ്ഡിക 144).
അനുച്ഛേദം 341 (2) പ്രകാരം പട്ടികയില്‍നിന്ന് ഏതെങ്കിലും ജാതിയെയോ ഗ്രൂപ്പിനെയോ ഒഴിവാക്കുന്നതിനോ ഉള്‍പ്പെടുത്തുന്നതിനോ സംസ്ഥാന നിയമസഭകള്‍ക്ക് അധികാരമില്ല. എന്നാല്‍, പട്ടികജാതികള്‍ക്കുള്ളിലെ ഉപവര്‍ഗീകരണം പട്ടികയില്‍നിന്ന് ഏതെങ്കിലും ജാതിയെയോ ഗ്രൂപ്പിനെയോ ഉള്‍പ്പെടുത്തുകയോ ഒഴിവാക്കുകയോ ചെയ്യുന്നില്ല. ആയതിനാല്‍ ഉപവര്‍ഗീകരണം ഭരണഘടനാ വിരുദ്ധമല്ലെന്നു വിധിച്ചു. പട്ടികജാതികള്‍ക്കിടയില്‍ അസമത്വം നിലനില്‍ക്കുന്നതിനാല്‍ അർഥവത്തായ സമത്വം കൈവരിക്കുന്നതിന് ഉപവര്‍ഗീകരണം അത്യന്താപേക്ഷിതമാണ്. ഇതാണ് ഭൂരിപക്ഷ വിധിയുടെ അന്തഃസത്ത.
ഈ വിധിയുടെ നടത്തിപ്പിനെ സംബന്ധിച്ചും അതിന്‍റെ വ്യാപ്തിയെ സംബന്ധിച്ചും ചില സംശയങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. പഞ്ചാബിലെ പട്ടികജാതി ഉപവര്‍ഗീകരണ നിയമം ഭരണഘടനാ വിധേയമാണെന്നു പ്രഖ്യാപിച്ചതിലൂടെ ഇത് ഇന്ത്യ മുഴുവന്‍ നടപ്പാക്കണമോ എന്നതാണ് ഒരു സംശയം. അത്തരത്തിലുള്ള ഒരു നിർദേശവും വിധിയിലില്ല. എന്നാല്‍ ഏതെങ്കിലും സംസ്ഥാനങ്ങള്‍ ഉപവര്‍ഗീകരണം നടപ്പാക്കാന്‍ ഉദ്ദേശിച്ചുകൊണ്ട് നിയമം പാസാക്കുകയാണെങ്കില്‍ അതിനു ഭരണഘടനാ സംരക്ഷണം ഈ വിധിയിലൂടെ ലഭിക്കുന്നതാണ്.
ജസ്റ്റിസ് ബേല ത്രിവേദി വിയോജിപ്പ് രേഖപ്പെടുത്തി വിധി പ്രഖ്യാപിച്ചു. ചിന്നയ്യ കേസില്‍ സുപ്രീംകോടതി ശരിയായ നിയമമാണ് പുറപ്പെടുവിച്ചതെന്നും അത് യുക്തിസഹമായ കാരണങ്ങളില്ലാതെ അസാധുവാക്കാന്‍ പാടില്ലെന്നും അവര്‍ പറഞ്ഞു. അനുച്ഛേദം 341 പ്രകാരം പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ജാതികളെ ഉപവര്‍ഗീകരിച്ചോ വിഭജിച്ചോ ഏതെങ്കിലും ജാതികൾക്കോ ജാതി കൂട്ടായ്മകൾക്കോ മുന്‍ഗണന നല്‍കുന്നതിനായി നിയമങ്ങള്‍ നിർമിച്ചു നടപ്പാക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരമില്ലെന്ന് ജസ്റ്റിസ് ത്രിവേദി തന്‍റെ വിയോജന വിധിയില്‍ വ്യക്തമാക്കുന്നു. അനുച്ഛേദം 341 (2) പ്രകാരം പട്ടികയില്‍ മാറ്റം വരുത്താനുള്ള അധികാരം പാര്‍ലമെന്‍റിന് മാത്രമാണ്. രാഷ്ട്രപതിയുടെ പട്ടികയില്‍നിന്ന് ഉപവര്‍ഗീകരണം നടത്തുന്നത് ഏതെങ്കിലും ജാതിയെ ഉള്‍പ്പെടുത്തുന്നതിനോ ഒഴിവാക്കുന്നതിനോ തുല്യമല്ലെങ്കിലും, രാഷ്ട്രപതി ലിസ്റ്റിനു മാറ്റം വരുത്തുന്നതിനോ അതിനെ അലോസരപ്പെടുത്തുന്നതിനോ തുല്യമായിരിക്കും. ആയതിനാല്‍ ഉപവര്‍ഗീകരണം ഭരണഘടനാവിരുദ്ധമാണ്.
എന്നാല്‍, കാതലായ ചില പോരായ്മകള്‍ ഈ വിധിക്കുണ്ട്. ഒന്ന്, ഈ വിധി എല്ലാ സംസ്ഥാനങ്ങളിലും നടപ്പാക്കാന്‍ കഴിയില്ല. കാരണം ഓരോ സംസ്ഥാനത്തും വ്യത്യസ്തമായ സാമൂഹിക സാമ്പത്തിക അവസ്ഥകളിലാണ് പട്ടികജാതിക്കാര്‍ നിലകൊള്ളുന്നത്. ചില സംസ്ഥാനങ്ങളില്‍ അനര്‍ഹമായി പട്ടികജാതി ലിസ്റ്റില്‍ ഉള്‍പ്പെട്ട വിഭാഗങ്ങളുണ്ട്. അവരെ ലിസ്റ്റില്‍നിന്നും ഒഴിവാക്കിയേ മതിയാകൂ. രണ്ടാമതായി ഉപവര്‍ഗീകരണം നടത്തുന്നതിലൂടെ സംവരണം മുന്നോട്ടുവെക്കുന്ന ലക്ഷ്യം സാധൂകരിക്കുന്നില്ല. പട്ടികജാതി, പട്ടികവര്‍ഗക്കാരെ ക്രിമിെലയറില്നിന്നും ഉപവര്‍ഗീകരണത്തില്‍നിന്നും ഒഴിവാക്കിയ ഇന്ദ്ര സാഹ്നി കേസിലെ കാരണങ്ങള്‍ അതിനേക്കാള്‍ ചെറിയ ബെഞ്ചായ ഈ കേസില്‍ മറികടന്നത് പ്രഖ്യാപിത തത്ത്വങ്ങള്‍ക്ക് എതിരും പുനഃപരിശോധിക്കേണ്ടതുമാണ്.
ഉപവര്‍ഗീകരണം നടത്തിയ സംസ്ഥാനങ്ങളെ സംബന്ധിച്ചിടത്തോളം ഈ വിധിയുടെ തീര്‍പ്പു ശരിയാണെങ്കിലും അവയിലേക്ക് നയിക്കാന്‍ കണ്ടെത്തിയ ന്യായങ്ങളും വിലയിരുത്തലുകളും തീര്‍ത്തും പ്രതിലോമകരമാണ്. ദലിത് മോചനത്തിന്‍റെ വിധിയാണ് ഇതെന്നു വാദിക്കുന്നവര്‍ അതില്‍ ഒളിഞ്ഞുകിടക്കുന്ന ദലിത് വിരുദ്ധത ബോധപൂർവം അവഗണിക്കുന്നു.
എന്‍.എം. തോമസ് കേസില്‍ (സ്റ്റേറ്റ് ഓഫ് കേരള, എന്‍.എം. തോമസ്, 1976) സുപ്രീംകോടതി കണ്ടെത്തിയ തീരുമാനങ്ങളും നിരീക്ഷണങ്ങളും ആയിരുന്നു ചിന്നയ്യ കേസിലെ വിധിക്ക് ആധാരം. അനുച്ഛേദം 341 പ്രകാരം പട്ടികജാതി ലിസ്റ്റ് പ്രസിദ്ധീകരിച്ചു കഴിഞ്ഞാല്‍ പട്ടികജാതിക്കാര്‍ സ്വയം ഒരു വര്‍ഗമായി മാറുകയും ഉപവര്‍ഗീകരണം ന്യായയുക്തതയുടെ സിദ്ധാന്തത്തെ ലംഘിക്കുമെന്ന് കോടതി നിരീക്ഷിച്ചു. ആയതിനാല്‍ ഉപവര്‍ഗീകരണം അനുച്ഛേദം 14ന്‍റെ ലംഘനമാണെന്ന് ചിന്നയ്യ വിധിയില്‍ കോടതി വ്യക്തമാക്കി. പട്ടികജാതി ലിസ്റ്റില്‍ ഉള്‍പ്പെട്ട വിവിധ ജാതി വിഭാഗങ്ങള്‍ ഏകമാന സ്വഭാവമുള്ളവയല്ലെന്ന കാരണത്താല്‍ ഉപവര്‍ഗീകരണം നടത്തുന്നതിനെ ന്യായീകരിക്കാന്‍ കഴിയില്ല.

ബി.പി. മണ്ഡൽ റിപ്പോർട്ട് രാഷ്ട്രപതി ഗ്യാനി സെയിൽസിങ്ങിന് കൈമാറുന്നു
അനുഛേദം 341 ഒരു ലീഗല്‍ ഫിക്ഷന്‍ സൃഷ്ടിക്കുന്നു. നിയമസംരക്ഷണത്തിന്‍റെ പരിധിയില്‍ വരാത്ത ഒന്നിനെ നിയമസംരക്ഷണം നല്‍കുക എന്ന ഉദ്ദേശ്യത്തോടുകൂടി നിയമപരിധിയില്‍ വരുന്ന ഒന്നായി സങ്കൽപിച്ചു നിയമപരിരക്ഷ നല്‍കുന്ന നിയമശാസ്ത്രത്തിന്‍റെ ഒരു അംഗീകൃത തത്ത്വമാണ് ലീഗല്‍ ഫിക്ഷന്‍. സജാതീയരല്ലാത്ത പട്ടികജാതി വിഭാഗങ്ങള്‍ക്ക് സംവരണം നല്‍കുക എന്ന ഉദ്ദേശ്യത്തോടെ അനുച്ഛേദം 341 പ്രകാരം ഇന്ത്യന്‍ പ്രസിഡന്‍റ് ഒരു പട്ടികയായി ഉത്തരവിറക്കുകയും ആ പട്ടികയിലുള്ള എല്ലാ ജാതി വിഭാഗക്കാരും സംവരണീയരായ സജാതീയ ഗ്രൂപ്പായി പരിഗണിക്കപ്പെടുകയും ചെയ്യുന്നു. സജാതീയരല്ലാത്തവരെ ഒരു പ്രത്യേക ആവശ്യത്തിന് സജാതീയരായി പരിഗണിക്കുന്ന നിയമതത്ത്വത്തെയാണ് ലീഗല്‍ ഫിക്ഷന്‍ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.
സംവരണം നടപ്പാക്കുക വഴി സ്വതന്ത്ര ഇന്ത്യ ലക്ഷ്യംെവച്ചത് വലിയൊരു സമൂഹത്തിനെതിരായ അതിക്രമങ്ങളെയും അതിന്‍റെ ഫലമായി ഉടലെടുത്ത അരക്ഷിതാവസ്ഥയെയും അതിജീവിക്കുക എന്ന മഹത്തായ രാഷ്ട്രീയ ഉത്തരവാദിത്തമാണ്. സ്വതന്ത്ര ഇന്ത്യയുടെ സംവരണ നയവും കോടതി അതിനു നല്‍കിയ തീര്‍പ്പുകളും പരസ്പരം കലഹിക്കുന്നതും വൈരുധ്യം നിറഞ്ഞതുമായിരുന്നു. കോടതിവിധികളെ മറികടക്കാന്‍ പലപ്പോഴും ഇന്ത്യന്‍ പാര്‍ലമെന്‍റിനു ഭരണഘടനതന്നെ ഭേദഗതി ചെയ്യേണ്ടതായി വന്നിട്ടുണ്ട്.
സര്‍ക്കാറിന്‍റെ സംവരണ ഉദ്യമങ്ങളെ പലപ്പോഴും സമത്വസിദ്ധാന്തത്തിന്‍റെ വാച്യാർഥ നിര്‍വചനത്തിലൂടെ പരമോന്നത കോടതി പ്രതിരോധിക്കുകയാണ് ഉണ്ടായത്. 1951ലെ ശ്രീമതി ചെമ്പകം ദൊരൈ രാജന്‍ കേസില്‍ ഭരണഘടനാബെഞ്ചിന്‍റെ വിധിയും അതിനെ തുടര്‍ന്ന് വിധിയെ മറികടക്കാനായി പാര്‍ലമെന്‍റ് കൊണ്ടുവന്ന ഒന്നാം ഭരണഘടനാ ഭേദഗതിയും ഒരു ഉദാഹരണം മാത്രമാണ്. ഇത്തരം ചരിത്രത്തെയും അത് സഹായിച്ച റിവൈവലിസ മൂവ്മെന്‍റിനെയും വിലയിരുത്താതെ 2024 ഒക്ടോേബര്‍ 1ന് സുപ്രീംകോടതി പുറപ്പെടുവിച്ച വിധിയെ സമീപിക്കാന്‍ കഴിയില്ല. സംവരണംപോലുള്ള വിഷയങ്ങളില്‍ കേവലമായ വാച്യാർഥ നിര്‍വചനങ്ങള്‍ക്കുപരി ഭരണഘടനയുടെയും നിയമങ്ങളുടെയും അന്തഃസത്ത ഉള്‍ക്കൊണ്ടുള്ള നിര്‍വചനമാണ് അഭികാമ്യം.
ജനാധിപത്യ സംവിധാനത്തില്‍ എല്ലാ വിഭാഗം ജനങ്ങള്‍ക്കും ശരിയായ പ്രാതിനിധ്യം ലഭിക്കണം. ഉപസംവരണത്തിലൂടെ ഇത് സാധ്യമാണോ എന്നത് പ്രധാനപ്പെട്ട ഒരു ചോദ്യമാണ്. കാരണം പട്ടികജാതി വിഭാഗങ്ങളെ ഒരു വര്‍ഗമായി കണക്കാക്കി സംവരണം നല്‍കുമ്പോള്‍തന്നെ ആനുപാതികമായി ലഭിക്കേണ്ട പങ്കുപോലും അവര്‍ക്ക് ലഭിക്കുന്നില്ല. ഉപസംവരണം നടപ്പാക്കുന്നതിലൂടെ സ്ഥിതി കൂടുതല്‍ വഷളാവുകയും സംവരണ സീറ്റുകള്‍ ഒഴിഞ്ഞു കിടക്കുകയോ അത് കാലക്രമേണ മറ്റു വിഭാഗക്കാരെക്കൊണ്ട് നികത്തപ്പെടുകയോ ചെയ്തേക്കാം. ആയതിനാല്‍ ദേശീയ അടിസ്ഥാനത്തിലും എല്ലാ സംസ്ഥാനങ്ങളിലും ഉപസംവരണം നിര്‍ബന്ധപൂർവം നടപ്പാക്കണമെന്ന് നിർദേശിക്കാന്‍ സാധിക്കില്ല.
പട്ടികജാതിയില്‍ ഉള്‍പ്പെട്ട ജാതികള്‍ ഏകമാന സ്വഭാവമുള്ളവരല്ല; അവര്‍ വൈജാത്യരായ ഒരു ഗ്രൂപ്പാണ്. ഒരു സംസ്ഥാനത്ത് പട്ടികജാതിയില്‍പ്പെട്ട ജാതി മറ്റൊരു സംസ്ഥാനത്തെ അതേ തോതിലുള്ള അടിമത്തം അനുഭവിക്കുന്ന ജാതി ആകണമെന്നില്ല. ഓരോ സംസ്ഥാനത്തും അവരുടെ അവസ്ഥ വ്യത്യസ്തമാണ്. അങ്ങനെ വൈജാത്യരായ ഒരു ഗ്രൂപ്പാണ് പട്ടികജാതിയെന്നത്, പട്ടികജാതി ലിസ്റ്റിനെ സംബന്ധിച്ചുള്ള ഭരണഘടനാ നിർമാണസഭയുടെ ചര്‍ച്ചകളില്‍തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്. എന്നാല്‍, 2024 ഒക്ടോബര്‍ ഒന്നിലെ സുപ്രീംകോടതി വിധിയില്‍ ഇത് അവതരിപ്പിക്കുന്നത് ഒരു പുതിയ കണ്ടെത്തല്‍ എന്ന നിലയിലാണ്. വൈജാത്യരായ പട്ടികജാതിക്കാരെ ഉപവര്‍ഗീകരണം നടത്തുന്നതില്‍ നീതിശാസ്ത്രപരമായി തെറ്റില്ലെന്നു പ്രതിപാദിക്കാനാണ് ഇതൊരു പുതിയ കണ്ടെത്തല്‍ എന്ന നിലയില്‍ അവതരിപ്പിച്ചിരിക്കുന്നത്.
തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും സമാന സ്വഭാവമുള്ളതോ ഏകീകൃതമോ ആയിരുന്നില്ല. സ്വാമി വിവേകാനന്ദന്‍റെ വാക്കുകള്‍തന്നെ അതിനുദാഹരണമാണ്. ഉത്തരേന്ത്യയില്‍ ഉണ്ടായിരുന്നതിനേക്കാള്‍ ജാതി അടിമത്തം കേരളത്തിലുണ്ടെന്നും അത് ഒരു ഭ്രാന്തമായ അവസ്ഥയിലാണെന്നുമാണ് അദ്ദേഹം ചൂണ്ടിക്കാണിച്ചത്. പട്ടികജാതി എന്നത് ഒരു നൈതിക സംജ്ഞ മാത്രമല്ല അത് വിമോചനത്തിന്‍റെയും അന്തസ്സിന്‍റെയുംകൂടി പദമാണ്. ഇന്ത്യയിലെ ഏറ്റവും പിന്നാക്കം നില്‍ക്കുന്ന സാമൂഹിക സാമ്പത്തിക ജാതിവിഭാഗങ്ങളെ അതതു സംസ്ഥാന സര്‍ക്കാറുകളുമായി കൂടിയാലോചിച്ചശേഷം അവരെ ഔദ്യോഗികമായി പ്രഖ്യാപിക്കുന്നു. ബ്രിട്ടീഷ് ഭരണകാലഘട്ടത്തില്‍ ജാതിശ്രേണിയുടെ ഏറ്റവും അടിത്തട്ടിലുള്ള അയിത്ത ജാതിക്കാരെ ഔദ്യോഗികമായി ഡിപ്രെസ്ഡ് ക്ലാസുകള്‍ എന്നാണ് അറിയപ്പെട്ടിരുന്നത്. സൈമണ്‍ കമീഷനും പിന്നീട് 1935ലെ ഗവണ്‍മെന്‍റ് ഓഫ് ഇന്ത്യ ആക്ടിലുമാണ് പട്ടികജാതിയെന്ന പദം ആദ്യമായി ഉപയോഗിച്ചത്. സ്വതന്ത്ര ഇന്ത്യയുടെ ഭരണഘടനയും ഈ പദം അംഗീകരിച്ചു.
പട്ടികജാതിക്കാര്‍ ഏകമാന സ്വഭാവമുള്ള ഒരു സമൂഹമല്ല. തൊഴിലിന്‍റെ അടിസ്ഥാനത്തിലും തൊട്ടുകൂടായ്മയുടെ മാനദണ്ഡത്തിലും അവര്‍ ആന്തരികമായി വ്യത്യാസപ്പെട്ടിരിക്കുന്നു. പ്രധാനമായും ഭൂരഹിതരായ തൊഴിലാളികള്‍, കൈത്തൊഴിലാളികള്‍, ചെരുപ്പുകുത്തികള്‍, മണ്‍പാത്രങ്ങള്‍ നിർമിക്കുന്നവര്‍, മത്സ്യത്തൊഴിലാളികള്‍, തോല്‍പ്പണിക്കാര്‍, അടിമ തൊഴിലാളികള്‍, കക്കൂസ് വൃത്തിയാക്കുന്നവര്‍, അലക്കുകാര്‍, തോട്ടികള്‍ തുടങ്ങിയ ജോലികള്‍ ചെയ്യുന്നവരാണ് പട്ടികജാതിക്കാരിലധികവും. തോട്ടിപ്പണി, ശവസംസ്കാരം, തോലുരിച്ചെടുക്കല്‍, തുടങ്ങിയ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവരായതിനാല്‍ പട്ടികജാതിക്കാരെ സവർണര്‍ തൊട്ടുകൂടാത്തവരായി കണക്കാക്കി.

മണ്ഡൽ കമീഷൻ നടപ്പാക്കാൻ തീരുമാനിച്ച കാലത്തെ ഒരു ചിത്രം -വി.പി. സിങ്, രാം വിലാസ് പാസ്വാൻ, സ്വാമി അഗ്നിവേശ് എന്നിവർ ഒരു യോഗത്തിൽ
അവര്‍ക്ക് സാമൂഹിക, രാഷ്ട്രീയ, ജുഡീഷ്യല്‍ അധികാരങ്ങളില്‍ ഒരു പങ്കുമില്ലായിരുന്നു. അടിമകളുടെ സ്ഥാനമായിരുന്നു സമൂഹവും അവര്‍ക്കു കൽപിച്ചു നല്‍കിയിരുന്നത്. അങ്ങനെയുള്ളവരെയാണ് അനുച്ഛേദം 341 അനുസരിച്ച് പട്ടികജാതിക്കാരായി പ്രഖ്യാപിക്കുന്നത്. പട്ടികജാതിക്കാര്‍ ജീവിതരീതിയിലും ആചാരങ്ങളിലും തൊഴിലിലും വ്യത്യസ്തത പുലര്‍ത്തുന്ന വിഭാഗങ്ങളാണ്. എങ്കിലും അവരെ ഒരു ഗ്രൂപ്പ് ആയി പരിഗണിക്കാന്‍ ധാരാളം കാരണങ്ങളുണ്ട്. ജാതിശ്രേണിയുടെ മാതൃകയില്‍ ദലിതര്‍ തങ്ങള്‍ക്കിടയില്‍ ഒരു ശ്രേണി പുനര്‍നിർമിച്ചിട്ടുണ്ട്. ഭക്ഷണം, വെള്ളം, മതവുമായി ബന്ധപ്പെട്ട തൊട്ടുകൂടായ്മ പട്ടിക വിഭാഗങ്ങളുടെ ഇടയിലും നിലനില്‍ക്കുന്നു. തോട്ടിപ്പണിക്കാര്‍ അധികാരശ്രേണിയുടെ ഏറ്റവും താഴെയുള്ളവരും താഴ്ന്ന പദവി കൽപിക്കപ്പെട്ടിട്ടുള്ളവരുമാണ്. എന്നാല്‍, ഇവരെയെല്ലാം പട്ടികജാതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതിന്‍റെ ലക്ഷ്യം പ്രാതിനിധ്യ സ്വഭാവമുള്ള സംവരണം ഉറപ്പുവരുത്തുക എന്നതു മാത്രമാണ്.
തൊട്ടുകൂടായ്മയുടെ വ്യത്യാസങ്ങള്‍ അവരുടെ അവസ്ഥകളിലെ വ്യത്യാസങ്ങളെ സൂചിപ്പിക്കുന്നില്ലെന്നും തൊട്ടുകൂടായ്മയുടെ കാഠിന്യത്തിലെ വ്യത്യാസം അത്തരമൊരു ആചാരത്തെ ഇല്ലാതാക്കുന്നില്ലെന്നും ഡോ. അംബേദ്കര്‍ നിരീക്ഷിക്കുന്നുണ്ട്. (ഡോ. അംബേദ്കര്‍, ഡിപ്രെസ്ഡ് ക്ലാസുകളെക്കുറിച്ചുള്ള കുറിപ്പ്, ഫ്രാഞ്ചൈസി കമ്മിറ്റി റിപ്പോര്‍ട്ട് 211). ഉപവര്‍ഗീകരണം സാധൂകരിക്കാവുന്നതല്ലെന്നാണ് അദ്ദേഹത്തിന്‍റെ നിരീക്ഷണത്തില്‍നിന്നും മനസ്സിലാക്കേണ്ടത്. ആന്ധ്രപ്രദേശിലും പഞ്ചാബിലും തമിഴ്നാട്ടിലും ഹരിയാനയിലും ഉപസംവരണത്തിന് വഴിതെളിഞ്ഞത് അവിടങ്ങളില്‍ ദലിത് സമൂഹം നടത്തിയ പോരാട്ടങ്ങളുടെ ആകത്തുകയാണെന്നുള്ളത് എന്നതിന് തര്‍ക്കമില്ല, എന്നാല്‍ മറ്റു സംസ്ഥാനങ്ങളിലെ ദലിത് സമൂഹങ്ങളുടെ അവസ്ഥ വ്യത്യസ്തമാണ്.
പഞ്ചാബിലെ പട്ടികജാതി ഉപവര്‍ഗീകരണം
സാമൂഹിക സമത്വത്തിലും നീതിയിലും കര്‍ശനമായി വിശ്വസിക്കുന്നവരാണ് സിഖ് മതക്കാര്‍. അവര്‍ മനുഷ്യനും മനുഷ്യനും തമ്മിലുള്ള എല്ലാത്തരം സാമൂഹിക വിവേചനങ്ങളെയും അപലപിക്കുന്നു. സിഖ് മതത്തിലെ എല്ലാ ഗുരുക്കന്മാരും സമത്വം എന്ന ആശയത്തിനായി വാദിക്കുകയും അതിന്‍റെ സാക്ഷാത്കാരത്തിനുവേണ്ടി പ്രയത്നിക്കുകയും ചെയ്യുന്നു. സിഖ് മതം ജാതീയതക്കെതിരാണെങ്കിലും പട്ടികജാതികളില്‍നിന്ന് സിഖ് മതത്തിലേക്ക് പരിവര്‍ത്തനംചെയ്ത ചിലര്‍ ഇപ്പോഴും അവരുടെ ജാതി ലേബല്‍ നിലനിര്‍ത്തുന്നു. ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ വെച്ച് ഏറ്റവും ഉയര്‍ന്ന പട്ടികജാതി ജനസംഖ്യ അനുപാതം പഞ്ചാബിലാണ്. അവിടത്തെ ജനസംഖ്യയില്‍ 32 ശതമാനം പട്ടികജാതി വിഭാഗക്കാരാണ്. പട്ടികജാതി വിഭാഗങ്ങള്‍ക്കായി 25 ശതമാനം സീറ്റുകള്‍ സംവരണംചെയ്തിട്ടുണ്ട്.
ഇത് ദേശീയ ശരാശരിയേക്കാള്‍ വളരെ വലിയ അനുപാതമാണ് (ദേശീയതലത്തില്‍ 15 ശതമാനമാണ് പട്ടികജാതി സംവരണം). മറ്റിടങ്ങളിലെന്നപോലെ, പഞ്ചാബിലെ പട്ടികജാതിക്കാര്‍ വ്യത്യസ്തമായ സാമൂഹിക ഐഡന്‍റിറ്റികളും സാമ്പത്തിക വികസനത്തിന്‍റെ അനുഭവങ്ങളും ഉള്ള വ്യത്യസ്ത സമുദായങ്ങളാണ്. ഔദ്യോഗിക പട്ടിക പ്രകാരം പഞ്ചാബില്‍ 37 പട്ടികജാതി വിഭാഗങ്ങളാണ് ഉള്ളത്. സാമൂഹിക സാമ്പത്തിക വ്യത്യാസങ്ങളുടെ അടിസ്ഥാനത്തില്‍ അവരെ രണ്ടോ മൂന്നോ ക്ലസ്റ്ററുകളായി തിരിച്ചിരിക്കുന്നു. മാസാബി സിഖുകാരുടെയും ബാല്‍മീകികള്‍/ഭംഗികളുടെയും ആദ്യ കൂട്ടം മൊത്തം പട്ടികജാതി ജനസംഖ്യയുടെ 41.9 ശതമാനമാണ് (യഥാക്രമം 30.75, 11.15 ശതമാനം). അതുപോലെ, ആദി ധർമികളും (15.74 ശതമാനം), ചാമര്‍/ രാവിദാസികള്‍/ രാംദാസി സിഖുകാരും (25.85 ശതമാനം) അടങ്ങുന്ന രണ്ടാം ജാതി ക്ലസ്റ്ററില്‍ 41.59 ശതമാനം വരും.
1975 മേയ് 5ന് പഞ്ചാബ് സര്‍ക്കാര്‍ പട്ടികജാതി ജനസംഖ്യയെ രണ്ടായി വര്‍ഗീകരണം നടത്തി അതിലൂടെ പട്ടികജാതിക്കാര്‍ക്കായി സംവരണം ചെയ്തിട്ടുള്ള എല്ലാ ഒഴിവുകളുടെയും 50 ശതമാനം ബാല്‍മീകികള്‍ക്കും മാസാബി സിഖുകാര്‍ക്കും ലഭ്യമാക്കി (പട്ടികജാതിക്കാര്‍ക്കായി സംവരണം ചെയ്തിട്ടുള്ള 25 ശതമാനത്തില്‍നിന്നും 12.5 ശതമാനം നീക്കിവെച്ചു). ബാക്കി വരുന്ന 12.5 ശതമാനം ശേഷിക്കുന്ന പട്ടികജാതി വിഭാഗങ്ങള്‍ക്കെല്ലാംകൂടി മാറ്റിവെച്ചു. പഞ്ചാബിനെ പിന്തുടര്‍ന്ന് ഹരിയാന സംസ്ഥാന സര്‍ക്കാറും 1994ല്‍ തങ്ങളുടെ പട്ടികജാതി ജനസംഖ്യയെ എ, ബി എന്നിങ്ങനെ രണ്ട് ബ്ലോക്കുകളായി വിഭജിച്ചു. രണ്ടു ബ്ലോക്കിനും 50 ശതമാനം വീതം നല്‍കി.
ആന്ധ്രപ്രദേശ്
മദിഗ മുതലായ കൂടുതല്‍ പാര്‍ശ്വവത്കരിക്കപ്പെട്ട ദലിത് സമുദായങ്ങള്‍ക്ക് യുക്തിസഹമായി സംവരണ േക്വാട്ട സമ്പ്രദായം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് 1990കളില്‍ മദിഗകള്‍ ശക്തമായ ഒരു പ്രക്ഷോഭം നടത്തുകയുണ്ടായി. പട്ടികജാതി വിഭാഗത്തിനുള്ളിലെ വിദ്യാഭ്യാസ, തൊഴില്‍ അവസരങ്ങളില്‍ വർധിച്ചുവരുന്ന അസമത്വത്തില്‍നിന്നാണ് ഈ പ്രക്ഷോഭം ഉടലെടുത്തത്. മദിഗ സമുദായത്തിന്, വലിയ ജനസംഖ്യ ഉണ്ടായിരുന്നിട്ടും, സംവരണ അവസരങ്ങളുടെ ന്യായമായ വിഹിതം തങ്ങള്‍ക്ക് ലഭിക്കുന്നില്ലെന്ന് തോന്നി. ഈ അസമത്വം പട്ടികജാതി സംവരണങ്ങളെ വര്‍ഗീകരിക്കണമെന്ന ആവശ്യത്തിന് ആക്കംകൂട്ടി.
പ്രക്ഷോഭങ്ങളുടെ ഫലമായി 1996 സെപ്റ്റംബറില്‍ ആന്ധ്രപ്രദേശ് സര്‍ക്കാര്‍, പട്ടികജാതി വിഭാഗത്തിൽപെട്ട ഏതെങ്കിലും വിഭാഗത്തിന് ആനുപാതികമല്ലാത്തവിധം ആനുകൂല്യങ്ങള്‍ ലഭിച്ചിട്ടുണ്ടോയെന്നു പരിശോധിക്കാന്‍ ജസ്റ്റിസ് പി. രാമചന്ദ്ര രാജുവിന്‍റെ (റിട്ട.) നേതൃത്വത്തില്‍ ഒരു ഏകാംഗ അന്വേഷണ കമീഷന്‍ രൂപവത്കരിച്ചു. അങ്ങനെ ലഭിച്ചിട്ടുണ്ടെങ്കില്‍, ആനുകൂല്യങ്ങളുടെ തുല്യമായ വിതരണത്തിന് ആവശ്യമായ നടപടികള്‍ ശിപാര്‍ശ ചെയ്യാനും കമീഷനോട് ആവശ്യപ്പെട്ടു. കമീഷന്‍, 1997 മേയ് മാസത്തെ അതിന്‍റെ റിപ്പോര്‍ട്ടില്‍, എസ്.സി വിഭാഗങ്ങള്‍ക്കിടയില്‍ മല, ആദി ആന്ധ്ര എന്നിവക്ക് കൂടുതല്‍ പ്രാതിനിധ്യം പൊതു ജോലിയിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനത്തിനും അനുപാതികമല്ലാത്ത സംവരണാനുകൂല്യം ലഭിച്ചിട്ടുണ്ടെന്നു കണ്ടെത്തി. സംസ്ഥാനത്തെ പട്ടികജാതി വിഭാഗങ്ങളെ യുക്തിസഹമായ അടിസ്ഥാനത്തില്‍ എ, ബി,സി,ഡി എന്നിങ്ങനെ നാല് ഗ്രൂപ്പുകളായി തരംതിരിക്കണമെന്നും ആനുപാതിക സംവരണം ഏര്‍പ്പെടുത്തണമെന്നും അങ്ങനെ ചെയ്യുന്നതിന് ഭരണഘടനാപരമായ തടസ്സമില്ലെന്നും കമീഷന്‍ ശിപാര്‍ശ ചെയ്തു.

ജസ്റ്റിസ് ബേല ത്രിവേദി,ഇന്ദ്ര സാഹ്നി
കമീഷന്‍റെ ശിപാര്‍ശകളനുസരിച്ച്, ആന്ധ്രപ്രദേശ് സര്‍ക്കാര്‍ 1997 ജൂണില്‍ സംസ്ഥാന പട്ടികജാതി ജനസംഖ്യയെ എ, ബി, സി, ഡി വിഭാഗങ്ങളായി തരംതിരിക്കാന്‍ തീരുമാനിക്കുകയും ഓരോ ജാതി വിഭാഗങ്ങള്‍ക്കും നിശ്ചിത സീറ്റ് ജനസംഖ്യാനുപാതികമായി നിശ്ചയിക്കുകയും ചെയ്തു. എന്നാല്‍, ഇത്തരത്തിലുള്ള വര്‍ഗീകരണത്തിന്‍റെ നിയമ സാധുതയെ സുപ്രീംകോടതിയില്‍ ചോദ്യംചെയ്യുകയും 2004ലെ ചിന്നയ്യ കേസില്‍ സുപ്രീംകോടതി പട്ടികജാതി ഉപവര്‍ഗീകരണം ഭരണഘടനാവിരുദ്ധമെന്നു പ്രഖ്യാപിക്കുകയുമുണ്ടായി.
തമിഴ്നാട്ടിലെ പട്ടികജാതി സംവരണം
ജസ്റ്റിസ് എം.എസ്. ജനാർദനത്തിന്‍റെ നേതൃത്വത്തിലുള്ള ഏകാംഗ സമിതിയുടെ ശിപാര്‍ശ അടിസ്ഥാനമാക്കി തമിഴ്നാട് സര്‍ക്കാര്‍ 2009ല്‍ തമിഴ്നാട് അരുന്ധതിയാര്‍ പ്രത്യേക സംവരണ നിയമം നടപ്പാക്കി. അരുന്ധതിയാര്‍, ചക്കിലിയാര്‍, മദാരി, മാഡിഗ, പഗഡൈ, തോട്ടി, ആദി ആന്ധ്ര എന്നീ ഏഴ് പട്ടികജാതിക്കാരെ മുന്‍ഗണനാടിസ്ഥാനത്തില്‍ സംവരണത്തിനായി അരുന്ധതിയാര്‍ എന്നാക്കി നിയമം കൊണ്ടുവന്നു. പ്രസ്തുത നിയമപ്രകാരം, പട്ടികജാതി വിഭാഗങ്ങള്‍ക്കുള്ള 18 ശതമാനം സംവരണത്തില്‍, സര്‍ക്കാര്‍ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനത്തിലും സര്‍ക്കാര്‍ സര്‍വിസുകളിലേക്കുള്ള റിക്രൂട്ട്മെന്‍റിലും അരുന്ധതിയാര്‍ക്ക് 3 ശതമാനം സംവരണം അനുവദിച്ചു. അരുന്ധതിയാര്‍ വിഭാഗത്തില്‍നിന്ന് യോഗ്യരായ ഉദ്യോഗാർഥികളുടെ അഭാവത്തില്‍, ഈ തസ്തികകളിലേക്ക് മറ്റ് പട്ടികജാതിക്കാരില്‍നിന്നും നിയമനം നടത്താന്‍ കഴിയും. അരുന്ധതിയാര്‍ സാമ്പത്തികമായും സാമൂഹികമായും ജാതി പിരമിഡിന്‍റെ ഏറ്റവും താഴെയുള്ളവരാണ്.
കര്‍ണാടകയിലെ പട്ടികജാതി ആഭ്യന്തര സംവരണം
2005ല്‍ കര്‍ണാടകയിലെ ബി.ജെ.പി സര്‍ക്കാര്‍ പട്ടികജാതി ആഭ്യന്തര സംവരണം പരിശോധിക്കുന്നതിനും ഓരോ വിഭാഗങ്ങള്‍ക്ക് ലഭിക്കേണ്ട പ്രാതിനിധ്യം ശിപാര്‍ശ ചെയ്യുന്നതിനും വേണ്ടി ജസ്റ്റിസ് എ.ജെ. സദാശിവ കമീഷന്‍ രൂപവത്കരിച്ചു. കമീഷന്‍റെ ശിപാര്‍ശകളുടെ അടിസ്ഥാനത്തില്‍ കര്‍ണാടക സര്‍ക്കാര്‍ 2023ല്‍ 101 പട്ടികജാതിവിഭാഗങ്ങള്‍ക്ക് 17 ശതമാനം സംവരണം ഏര്‍പ്പെടുത്തുകയുണ്ടായി. മുസ്‍ലിംകള്‍ക്കു ലഭിച്ചുകൊണ്ടിരുന്ന 4 ശതമാനം സംവരണം ഇല്ലാതാക്കുകയും അവരെ സാമ്പത്തിക പിന്നാക്ക വിഭാഗക്കാരുടെ (ഇ.ഡബ്ല്യു.എസ്) സംവരണ പട്ടികയില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു.
മഡിഗകള്‍ ഉള്‍പ്പെടെയുള്ള ഏറ്റവും പിന്നാക്കം നില്‍ക്കുന്ന സമുദായങ്ങള്‍ അടങ്ങുന്ന (എസ്.സി ലെഫ്റ്റ്) ഗ്രൂപ്പിന് 6 ശതമാനം നല്‍കിയപ്പോള്‍ ഹോളിയകളെപ്പോലുള്ള 25ഓളം സമുദായങ്ങളായ (എസ്.സി റൈറ്റ്) വിഭാഗത്തിന് 5.5 ശതമാനം സംവരണം ലഭിച്ചു. ബഞ്ചാരകളും ഭോവികളും അടക്കമുള്ള തൊട്ടുകൂടായ്മ അനുഭവിക്കാത്ത സമൂഹങ്ങള്‍ക്ക് 4.5 ശതമാനം നല്‍കി. മറ്റ് പട്ടികജാതി വിഭാഗങ്ങള്‍ക്ക് ബാക്കി ഒരു ശതമാനം ലഭിച്ചു.
ക്രീമിലെയര്‍
ഉപവര്‍ഗീകരണം നടത്തുക മാത്രമല്ല ക്രീമിലെയറിനെ ഒഴിവാക്കണമെന്നുകൂടി ഭൂരിപക്ഷ വിധിയില്‍ ആവശ്യപ്പെടുന്നു. പട്ടികജാതിക്കാര്‍ക്കിടയില്‍ ക്രീമിലെയര്‍ ഉണ്ടെന്നും അവരെ സംവരണ പരിധിയില്‍നിന്നും ഒഴിവാക്കിയെങ്കില്‍ മാത്രമേ പിന്നാക്കാവസ്ഥയില്‍ കഴിയുന്ന പട്ടികജാതിക്കാര്‍ക്ക് കൂടുതല്‍ നീതി ലഭിക്കുകയുള്ളൂവെന്നും ജസ്റ്റിസ് ഭൂഷണ്‍ രാമകൃഷ്ണ ഗവായ് തന്‍റെ വേറിട്ടുള്ള വിലയിരുത്തലില്‍ ചൂണ്ടിക്കാണിക്കുന്നു. ക്രീമിലെയറിനെ ഒഴിവാക്കുന്നത് സംബന്ധിച്ചുള്ള ജസ്റ്റിസ് ബി.ആര്‍. ഗവായിയുടെ വിധിയെ ജസ്റ്റിസുമാരായ വിക്രംനാഥും പങ്കജ് മിത്തലും സതീഷ് ചന്ദ്രശര്‍മയും അവരുടെ വേറിട്ടുള്ള വിധികളില്‍ യോജിപ്പ് പ്രകടിപ്പിക്കുന്നു. ചുരുക്കത്തില്‍ ഭൂരിപക്ഷംപേരും ക്രീമിലെയര്‍ നടപ്പാക്കണമെന്നുതന്നെ ആവശ്യപ്പെടുന്നു.
സംവരണാവശ്യത്തിനായി പട്ടികജാതി വിഭാഗങ്ങള്‍ക്കിടയിലുള്ള വര്‍ഗീകരണത്തെ ഇന്ദ്ര സാഹ്നി കേസിന്‍റെ (ഇന്ദ്ര സാഹ്നി യൂനിയന്‍ ഓഫ് ഇന്ത്യ, 1992) വ്യാഖ്യാനം ന്യായീകരിക്കുന്നുവെന്ന സുപ്രീംകോടതിയുടെ ഭാഷ്യം അടിസ്ഥാനരഹിതവും തെറ്റിദ്ധരിപ്പിക്കുന്നതുമാണ്. മറ്റു പിന്നാക്ക വര്‍ഗക്കാരെ (Other Backward Classes) സംവരണം നല്‍കുന്ന ആവശ്യത്തിനായി പിന്നാക്കക്കാരെന്നും കൂടുതല്‍ പിന്നാക്കക്കാരെന്നും വേര്‍തിരിക്കാന്‍ കഴിയുമെന്ന് പറയുകയുണ്ടായി. ആ നിരീക്ഷണം പട്ടികജാതിക്കാര്‍ക്കും ബാധകമാണെന്നാണ് കോടതിയുടെ കണ്ടെത്തല്‍. അനുച്ഛേദം 16 (4) പ്രകാരം സംവരണീയ വിഭാഗത്തെ കണ്ടെത്തുന്നതില്‍നിന്നും ക്രീമിലെയറിനെ ഒഴിവാക്കുന്ന വിഷയം മറ്റു പിന്നാക്ക വിഭാഗത്തില്‍ മാത്രമായി ഒതുങ്ങിനില്‍ക്കുന്നതാണെന്നും പട്ടികജാതിക്കാരെ ഇത് ബാധിക്കില്ലെന്നും ഇന്ദ്ര സാഹ്നി കേസില്‍ ജസ്റ്റിസ് ജീവന്‍ റെഡ്ഡി ചൂണ്ടിക്കാട്ടി.
സാമ്പത്തിക പുരോഗതി സാമൂഹിക പുരോഗതിക്ക് കാരണമാകുന്ന തരത്തില്‍ ഉയര്‍ന്നതാണെങ്കില്‍ മാത്രമേ ക്രീമിലെയറിനെ ഒഴിവാക്കുന്നതില്‍ പ്രസക്തിയുള്ളൂ. അത്തരത്തിലുള്ള ഒരു പുരോഗതി പട്ടികജാതിയില്‍ സംഭവിച്ചിട്ടില്ല. മറ്റ് പിന്നാക്ക വിഭാഗങ്ങളുമായി താരതമ്യംചെയ്യുമ്പോള്‍ പട്ടികജാതിക്കാര്‍ കൂടുതല്‍ ഗുരുതരമായ സാമൂഹിക പിന്നാക്കാവസ്ഥയിലാണ് ഇപ്പോഴും തുടരുന്നത്. വരുമാനം മാത്രം പരിശോധിച്ചു പട്ടികജാതിയിലെ മുന്നാക്കക്കാരെ കണ്ടെത്തുന്ന മാര്‍ഗം അശാസ്ത്രീയമാണ്.
വർണവ്യവസ്ഥയെ പുകഴ്ത്താനും അതിന്‍റെ നീതിപൂർവമായ വീതംവെക്കലിനെ വിശദീകരിക്കാനും വിധിയുടെ ഒരു ഭാഗം മാറ്റിവെക്കുന്ന ന്യായാധിപന്‍ തന്‍റെ വിധിയില്‍ പറയുന്നത് ഒരിക്കല്‍ സംവരണ ആനുകൂല്യം ലഭിച്ച കുടുംബത്തിന് അവരുടെ അടുത്ത തലമുറയെ സംവരണത്തിന്‍റെ പ്രയോജനം നേടാന്‍ അനുവദിക്കരുതെന്നാണ്. ഭൂരിപക്ഷം പട്ടികജാതി/പട്ടികവര്‍ഗക്കാര്‍ക്കും സംവരണത്തിലൂടെ ലഭിക്കുന്ന ജോലി പ്യൂണായും അറ്റന്‍ഡറായും തൂപ്പുജോലിക്കാരായുമൊക്കെയാണ്. അവരുടെ മക്കള്‍ക്ക് സംവരണം നിഷേധിക്കുന്നതിലൂടെ സാമൂഹികനീതി കൈവരിക്കാന്‍ കഴിയുമോ? വിവേചനം സാമൂഹികമാകുമ്പോള്‍ സംവരണത്തിന്‍റെ അടിസ്ഥാനം എന്തുകൊണ്ടു സാമ്പത്തികമാകണം എന്ന കാതലായ ചോദ്യത്തിനു സുപ്രീംകോടതി തൃപ്തികരമായ മറുപടി നല്‍കിയില്ല.
ഒരു പട്ടികജാതി/പട്ടികവര്‍ഗ സമുദായത്തില്‍നിന്നും മന്ത്രിയോ എം.പിയോ ഐ.എ.എസുകാരോ ഉണ്ടായതുകൊണ്ടുമാത്രം ആ സമൂഹമാകെതന്നെ വളര്‍ച്ചപ്രാപിച്ചുവെന്ന് അർഥമില്ല. അതേസമയം, മറ്റു പട്ടികജാതി/ പട്ടികവര്‍ഗ സമൂഹങ്ങളെ സംവരണം നേടുന്നതിലേക്ക് പ്രാപ്തമാക്കേണ്ടത് കൂടുതല്‍ കരുത്താര്‍ന്ന സംവരണ നയങ്ങളും (affirmative action) രാഷ്ട്രീയ ഇടപെടലുകളുമാണ്. സാമൂഹിക യാഥാർഥ്യങ്ങളെ പരിഗണിക്കാതെയുള്ള യാന്ത്രികമായ വിലയിരുത്തലുകളാണ് പലപ്പോഴും ഇങ്ങനെയുള്ള വിധികളില്‍ നിഴലിച്ചുനില്‍ക്കുന്നത്, പ്രത്യേകിച്ചും പട്ടികജാതി/പട്ടികവര്‍ഗക്കാരുടെ ഇടയില്‍ ക്രീമിലെയര്‍ നടപ്പാക്കണമെന്നു നിരീക്ഷിക്കുന്ന വിധികള്‍.
നികത്തപ്പെടാത്ത ഒഴിവുകള്‍
തീര്‍ച്ചയായും ഒഴിഞ്ഞുകിടക്കുന്ന സംവരണ സീറ്റുകളെ സംബന്ധിച്ചുള്ള പഠനങ്ങള്‍ കോടതി പരിഗണിക്കേണ്ടതായിരുന്നു. സര്‍വിസ് രംഗത്തും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പട്ടികജാതി വിഭാഗങ്ങളുടെ പ്രാതിനിധ്യം പരിശോധിക്കണമായിരുന്നു. ഇന്ത്യയിലെ ഹൈകോടതികളിലും സുപ്രീംകോടതിയിലും പട്ടികജാതിക്കാരുടെ പ്രാതിനിധ്യം എത്രയാണ്? ഇന്ത്യയിലെ സെക്രട്ടറിമാരിലും ഐ.ഐ.ടി, ഐ.ഐ.എം തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പ്രഫസർ, സര്‍വകലാശാലകളിലെ വൈസ് ചാന്‍സലര്‍ തസ്തികകളിലെയും പട്ടികജാതി പ്രാതിനിധ്യം ഞെട്ടിപ്പിക്കുന്ന തരത്തില്‍ കുറവാണ്.
പട്ടികജാതികള്‍ക്കായി മാറ്റിവെച്ചിരിക്കുന്ന നിലവിലുള്ള സംവരണ സീറ്റുകള്‍പോലും നികത്താനാവശ്യമായ ഉദ്യോഗാർഥികളെ ലഭിക്കുന്നില്ലെന്നിരിക്കെ പട്ടികജാതികള്‍ക്കിടയില്‍ ഉപവര്‍ഗീകരണം നടപ്പാക്കുന്നതിലൂടെ സ്ഥിതി കൂടുതല്‍ വഷളാവുകയും ഉദ്യോഗാർഥികളെ കിട്ടാതെ സംവരണ സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുകയും ചെയ്യും. ഇതിലൂടെ നിലവില്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്ന സംവരണത്തെ അട്ടിമറിക്കാന്‍ കഴിയുകയും നികത്താന്‍ കഴിയാതെ വരുന്ന പോസ്റ്റുകള്‍ മറ്റു വിഭാഗങ്ങളിലേക്ക് ചെന്നെത്തുകയും ചെയ്യും. ചുരുക്കത്തില്‍ പട്ടികജാതിക്കാര്‍ക്കിടയിലുള്ള അസമത്വം വർധിപ്പിക്കുകയും പട്ടികജാതി ഒഴിവുകള്‍ നികത്തപ്പെടാതിരിക്കുകയും അധികാരകേന്ദ്രങ്ങളില്‍നിന്നും വീണ്ടും അകറ്റിനിര്‍ത്തുകയും െചയ്യുന്നതിന് കാരണമാകും.
കേന്ദ്ര, സംസ്ഥാന സര്‍വിസുകളില്‍ ഗസറ്റഡ്, മറ്റു ഉന്നത പോസ്റ്റുകളില്‍ പട്ടികജാതിക്കാരുടെ പ്രാതിനിധ്യം തുലോം പരിമിതമാണെന്ന് മാത്രമല്ല ഭയാനകമാംവിധം കുറവാണ്. എന്നാല്‍, ഗ്രൂപ് സി, ഡി തുടങ്ങിയ മേഖലകളില്‍ സംവരണം ചെയ്യപ്പെട്ട സീറ്റുകളെക്കാള്‍ കൂടുതലാണ് പട്ടികജാതിക്കാരുടെ പ്രാതിനിധ്യം. ഉദാഹരണത്തിന് ഗ്രൂപ് സി ജോലികളില്‍ 19 ശതമാനവും തൂപ്പ്, തോട്ടിപ്പണി തുടങ്ങിയ മേഖലകളില്‍ 37 ശതമാനവുമാണ് പ്രാതിനിധ്യം. 2019ലെ കണക്കുപ്രകാരം ഇന്ത്യയില്‍ ആകെയുള്ള 322 സെക്രട്ടറിമാരുടെയും ജോയന്‍റ് സെക്രട്ടറിമാരുടെയും പോസ്റ്റില്‍ വെറും 4 ശതമാനം മാത്രമാണ് പട്ടികജാതി പ്രാതിനിധ്യം. 89 സെക്രട്ടറിമാരില്‍ ഒരാള്‍ മാത്രമായിരുന്നു എസ്.സി വിഭാഗത്തില്‍നിന്നുമുള്ളത്.
ആയിരക്കണക്കിന് ഒഴിവുകള്‍ നികത്തപ്പെടാതെ കിടക്കുന്ന ഈ സാഹചര്യത്തില്‍ ഉപവര്‍ഗീകരണം യോഗ്യരായ ആള്‍ക്കാരെ കണ്ടെത്തുന്നതിന് കൂടുതല്‍ ബുദ്ധിമുട്ടുള്ളതായി മാറും. പട്ടികജാതി വിഭാഗങ്ങള്‍ തമ്മില്‍ സാമൂഹികമായ വലിയ അന്തരം ഇല്ലെങ്കില്‍ കേവലമായ വരുമാന വ്യത്യാസം കണക്കിലെടുത്ത് ഉപവര്‍ഗീകരണത്തിന് ശ്രമിക്കുന്നത് സംവരണ ലക്ഷ്യങ്ങളുടെ ലംഘനമാണ്. കാരണം, സംവരണം കേവലം സാമ്പത്തിക അടിസ്ഥാനത്തില്‍ നല്‍കപ്പെടേണ്ടതല്ല. ഒരു വ്യക്തിയെയോ കുടുംബത്തെയോ സമൂഹത്തെയോ സംവരണത്തിന്‍റെ പരിധിയില്‍നിന്നും ഒഴിവാക്കാന്‍വേണ്ടി കേവലമായ വ്യക്തിവരുമാനം മാത്രം കണക്കിലെടുത്താല്‍ പോരാ. അതിന് സമഗ്രമായ ഒരു സംവിധാനം വേണം, ആ കുടുംബത്തിന്‍റെ ആകെ വരുമാനം കണക്കിലെടുക്കണം.
സ്വന്തമായിട്ടുള്ള ഭൂമിയെ സംബന്ധിച്ച കണക്കുകള്‍ വേണം, ഉൽപാദന ഉപാധികള്‍ സ്വന്തമായിട്ടുണ്ടെങ്കില്‍ അതിനെ സംബന്ധിച്ച കണക്ക് വേണം, കുടുംബത്തിലെ മറ്റുള്ള വ്യക്തികളുടെ സാമ്പത്തിക സ്രോതസ്സുകളെ സംബന്ധിച്ച് കണക്കുകള്‍ വേണം, മറ്റുള്ള സമൂഹങ്ങളുമായി മത്സരിക്കാന്‍ അവരുടെ സാമ്പത്തികസ്ഥിതി അവരെ പ്രാപ്തമാക്കിയിട്ടുണ്ടോ എന്ന് വിലയിരുത്തണം. ഇതിനെല്ലാം ഉപരി അവരുടെ ബാധ്യതകള്‍ തട്ടിക്കിഴിച്ച് യഥാർഥ സാമ്പത്തികസ്ഥിതിയെ സംബന്ധിച്ച നിജസ്ഥിതി കണ്ടെത്തണം. എങ്കില്‍ മാത്രമേ ഒരു വ്യക്തിയെ, അഥവാ അയാള്‍ പ്രതിനിധാനംചെയ്യുന്ന സമൂഹത്തെ സംവരണത്തിന്‍റെ പരിധിക്കുള്ളില്‍നിന്നും ഒഴിവാക്കുന്നതിനെ ന്യായീകരിക്കാന്‍ കഴിയൂ. ഇതൊന്നുംതന്നെ പരിഗണിക്കാതെ ഉപരിപ്ലവമായ വിലയിരുത്തല്‍ സംവരണീയരായ സമൂഹത്തിന്‍റെ ഉന്നതിക്ക് സഹായിക്കില്ല.

ഡോ. ബി.ആർ. അംബേദ്കർ
കേരളത്തില്‍ ഉപസംവരണം നടപ്പാക്കുന്നതിനു ചില പ്രായോഗിക ബുദ്ധിമുട്ടുകളുണ്ട്. സംവരണത്തിന്‍റെ തോതു നിശ്ചയിക്കുന്നത് ജനസംഖ്യാ അനുപാതത്തിലാണ്. 53 ജാതികളാണ് കേരള പബ്ലിക് സര്‍വിസ് കമീഷന്‍റെ കണക്കുപ്രകാരം സംവരണീയരായ പട്ടികജാതിക്കാര്‍. ഇവര്‍ക്കെല്ലാംകൂടി 8 ശതമാനം സംവരണമാണ് നല്‍കുന്നത്. ഈ 8 ശതമാനം സംവരണം പട്ടികജാതി വിഭാഗങ്ങളുടെ ഇടയില്‍ വിഭജിച്ചു നല്‍കുന്നത് ഒരു വെല്ലുവിളിയാണ്. പല ഗ്രൂപ്പുകള്‍ക്കായി സംവരണം വിഭജിക്കുമ്പോള്‍ ഒന്നിച്ചുനിൽക്കുമ്പോള്‍ കിട്ടുന്നതിനേക്കാള്‍ കുറവായിരിക്കും ലഭിക്കുക എന്നു മാത്രമല്ല അവരുടെ അവസരത്തിന്‍റെ സംഭവ്യത തുലോം പരിമിതപ്പെടും. ആയതിനാല്‍ കേരളത്തില്‍ ഇത് ഗുണത്തിലേറെ ദോഷമായി ഭവിക്കാനാണ് സാധ്യത.
പട്ടികജാതിക്കാര്‍ തമ്മിലുള്ള പിന്നാക്കാവസ്ഥ പരിശോധിച്ച് ഉപവര്‍ഗീകരണം നിർദേശിക്കുന്ന കമ്മിറ്റികളും കമീഷനുകളും പട്ടികജാതിക്കാര്‍ തമ്മിലുള്ള സംവരണ പ്രാതിനിധ്യത്തെ സംബന്ധിച്ചു മാത്രമാണ് പഠനം നടത്തിയിട്ടുള്ളത്. എന്നാല്‍, പട്ടികജാതിക്കാര്‍ ഒരു വര്‍ഗം എന്ന നിലയില്‍ ലഭിക്കേണ്ട സംവരണം ലഭിച്ചിട്ടുണ്ടോ എന്നും അവയില്‍ എത്രയാണ് ഇപ്പോള്‍ ഒഴിഞ്ഞുകിടക്കുന്നത് എന്നും പരിശോധിച്ചിട്ടില്ല. ഒരു സമഗ്രപഠനത്തിന്‍റെ ആവശ്യകത നിലവിലെ സംവരണവ്യവസ്ഥ മാറ്റം വരുത്തുമ്പോള്‍ അത്യന്താപേക്ഷിതമാണ്. ഇത്തരത്തിലുള്ള ഒരു പരിശോധനയുടെ അഭാവം കോടതി ഈ വിധിയില്‍ പരിഗണിച്ചിട്ടില്ല. ആയതിനാല്‍ പരിഗണിക്കേണ്ടതായ ഘടകങ്ങളെ പരിഗണിക്കാതെ എടുക്കുന്ന തീരുമാനങ്ങള്‍ ജുഡീഷ്യലാണെന്ന് പറയാന്‍ നിര്‍വാഹമില്ല.
ചില ദലിത് വക്താക്കള്‍ ഉപസംവരണത്തെ ന്യായീകരിക്കുന്നത് നിലനില്‍ക്കുന്ന യാഥാർഥ്യം മനസ്സിലാക്കാതെയാണ്. ഏത് വിഭാഗമാണ് പിന്നാക്കാവസ്ഥയിലുള്ളതെന്നും അവരുടെ ജനസംഖ്യ അനുപാതം കണക്കിലെടുത്ത് എത്ര ശതമാനം സംവരണം നല്‍കണമെന്നുമുള്ള കാര്യങ്ങള്‍ സമഗ്രമായ ഒരു പഠനത്തിന്‍റെ അഭാവത്തില്‍ ചര്‍ച്ചചെയ്യുന്നതുതന്നെ ഉപരിപ്ലവമായ വാചകമടി മാത്രമായിരിക്കും. ഡോ. ബി.ആര്‍. അംബേദ്കര്‍ ഹിന്ദുസമൂഹത്തെക്കുറിച്ച് പറയുന്ന ശ്രേണീകൃതമായ അസമത്വം പട്ടികജാതിയില്‍ ആരോപിക്കപ്പെടുകയും, അതിലൂടെ പട്ടികജാതി സമൂഹവും സനാതനധർമത്തിന്‍റെ ശ്രേണീകൃതമായ അസമത്വം പേറുന്നുണ്ടെന്നു സ്ഥാപിക്കാന്‍ സംവരണവിരുദ്ധര്‍ ഉയര്‍ത്തുന്ന വാദം അതേപടി ചില ദലിത് വാദികള്‍ പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്നത് ചരിത്രത്തോടുള്ള നീതിനിഷേധമാണ്.
===========
(കൊച്ചി നാഷനല്‍ യൂനിവേഴ്സിറ്റി ഓഫ് അഡ്വാന്‍സ്ഡ് ലീഗല്‍ സ്റ്റഡീസില്‍ അസോസിയേറ്റ് പ്രഫസറാണ് ലേഖകൻ)