ബിരുദ പഠനത്തിലെ പുതിയ മാറ്റം എന്താണ്?
രാജ്യത്തെ ബിരുദ പ്രോഗ്രാമുകളെല്ലാം നാലു വർഷമായിരിക്കണമെന്ന് 2020ലെ ദേശീയ വിദ്യാഭ്യാസനയം നിർദേശിക്കുന്നു. നാലു വർഷത്തെ ബിരുദ പ്രോഗ്രാമാണ് (FYUP) കേരളത്തിലടക്കം ഇനിയുണ്ടാവുക. എന്താണ് മാറ്റങ്ങൾ? ഇവ വിദ്യാഭ്യാസരംഗത്ത് എന്തു മാറ്റം കൊണ്ടുവരും?പുതിയ ദേശീയ വിദ്യാഭ്യാസ നയം 2020ൽ രാജ്യത്ത് നടപ്പാക്കിയതിന്റെ ഫലമായി സമഗ്രമായ പരിഷ്കാരങ്ങൾക്കാണ് രാജ്യത്തെ വിദ്യാഭ്യാസ മേഖല...
Your Subscription Supports Independent Journalism
View Plansരാജ്യത്തെ ബിരുദ പ്രോഗ്രാമുകളെല്ലാം നാലു വർഷമായിരിക്കണമെന്ന് 2020ലെ ദേശീയ വിദ്യാഭ്യാസനയം നിർദേശിക്കുന്നു. നാലു വർഷത്തെ ബിരുദ പ്രോഗ്രാമാണ് (FYUP) കേരളത്തിലടക്കം ഇനിയുണ്ടാവുക. എന്താണ് മാറ്റങ്ങൾ? ഇവ വിദ്യാഭ്യാസരംഗത്ത് എന്തു മാറ്റം കൊണ്ടുവരും?
പുതിയ ദേശീയ വിദ്യാഭ്യാസ നയം 2020ൽ രാജ്യത്ത് നടപ്പാക്കിയതിന്റെ ഫലമായി സമഗ്രമായ പരിഷ്കാരങ്ങൾക്കാണ് രാജ്യത്തെ വിദ്യാഭ്യാസ മേഖല സാക്ഷ്യംവഹിച്ചുകൊണ്ടിരിക്കുന്നത്. ഉന്നത വിദ്യാഭ്യാസ മേഖലയിൽ നടപ്പാക്കേണ്ട പരിഷ്കാരങ്ങളെ സംബന്ധിച്ച് യൂനിവേഴ്സിറ്റി ഗ്രാന്റ്സ് കമീഷൻ (യു.ജി.സി) പല നിർദേശങ്ങളും മുന്നോട്ടുവെക്കുകയും അതിന്റെ അടിസ്ഥാനത്തിലുള്ള പ്രവർത്തനങ്ങൾ രാജ്യമാകെ പുരോഗമിക്കുകയുമാണ്. ഇതിൽ ഏറ്റവും വലിയ മാറ്റം സംഭവിക്കുന്നത് സർവകലാശാലകളിൽ നിലവിലുള്ള മൂന്നു വർഷ ബിരുദ പ്രോഗ്രാമിന്റെ ഘടനയിലും പാഠ്യപദ്ധതിയിലുമാണ്.
മൂന്നു വർഷ ബിരുദ പഠനം ഇനിമുതൽ നാലു വർഷ ബിരുദ പ്രോഗ്രാമുകളാക്കാനും അതിനനുസരിച്ചു പാഠ്യപദ്ധതിയിൽ അഴിച്ചുപണി നടത്താനും രാജ്യത്തെ എല്ലാ സർവകലാശാലകളിലും നടപടികൾ തുടങ്ങിക്കഴിഞ്ഞു. അതിനോടനുബന്ധിച്ചുള്ള പരിഷ്കാരങ്ങൾ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലും നടപ്പാവുകയാണ്. രാജ്യത്തെ ഉന്നത വിദ്യാഭ്യാസ മേഖലയിൽ സ്വാതന്ത്ര്യലബ്ധിക്കു ശേഷമുള്ള സുപ്രധാനമായ ചുവടുമാറ്റമായിട്ടുവേണം ഈ നടപടിയെ കാണാൻ.
ഈ പശ്ചാത്തലത്തിലാണ് ഉന്നത വിദ്യാഭ്യാസ രംഗത്തെ സമഗ്ര പരിഷ്കരണത്തിനായി കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിൽ രൂപവത്കരിച്ച ഡോ. ശ്യാം ബി. മേനോൻ കമീഷൻ സമർപ്പിച്ച റിപ്പോർട്ട് സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ മേഖലയിൽ പരിഗണിക്കുന്നത്. ഈ കമീഷൻ സമർപ്പിച്ച റിപ്പോർട്ടിലും സംസ്ഥാനത്തെ സർവകലാശാലകളിലെ നിലവിലുള്ള മൂന്ന് വർഷത്തെ ബിരുദപഠനം നാല് വർഷമാക്കാനും അതിനനുസരിച്ചുള്ള ഘടനാപരമായ മാറ്റങ്ങളുമാണ് ശിപാർശ ചെയ്തത്.
ദേശീയ വിദ്യാഭ്യാസ നയത്തിനെ ആസ്പദമാക്കിയുള്ള യു.ജി.സി നിർദേശങ്ങളും ഡോ. ശ്യാം ബി. മേനോൻ കമീഷൻ റിപ്പോർട്ടിലെ ശിപാർശകളും പരിഗണിച്ചുകൊണ്ട് കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയിൽ നടപ്പാക്കേണ്ട പരിഷ്കാരങ്ങളെ കുറിച്ചുള്ള അന്തിമ റിപ്പോർട്ട് നിരവധി ചർച്ചകൾക്ക് ശേഷം അംഗീകരിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ ഘടനാപരമായ പരിഷ്കാരങ്ങളടക്കം സംസ്ഥാനത്തെ സർവകലാശാലകളിൽ അടുത്ത വർഷം മുതൽ നടപ്പാക്കാനായി തീരുമാനിക്കുകയും ചെയ്തു. സംസ്ഥാനത്തെ സർവകലാശാലകളിലും അഫിലിയേറ്റഡ് കോളജുകളിലും നിലവിലുള്ള മൂന്നു വർഷ ബിരുദ പ്രോഗ്രാമുകൾ അവസാനിപ്പിച്ചുകൊണ്ടു ബിരുദ പ്രോഗ്രാമുകൾ നാലു വർഷ പ്രോഗ്രാമുകളാക്കുന്നുവെന്നതാണ് ഈ തീരുമാനത്തിന്റെ അടിസ്ഥാനത്തിലുണ്ടാവുന്ന വലിയ മാറ്റം.
കേരള സംസ്ഥാന ഉന്നതവിദ്യാഭ്യാസ കൗൺസിൽ നാലുവർഷ ബിരുദ പ്രോഗ്രാമുകൾ നടപ്പാക്കുന്നതിനു ആവശ്യമായ റെഗുലേഷനുകളുടെ മാതൃക തയാറാക്കുകയും അതിനെ ആസ്പദമാക്കി പ്രോഗ്രാം ഘടനയും പാഠ്യപദ്ധതിയുടെ ഉള്ളടക്കവും സമീപനവും തയാറാക്കുന്നതിനുള്ള നിർദേശം സർവകലാശാലകൾക്ക് നൽകുകയുംചെയ്തു. സംസ്ഥാനത്തെ എല്ലാ സർവകലാശാലകളിലും ഈ പ്രവർത്തനം ഏതാണ്ട് അവസാന ഘട്ടത്തിലെത്തിയിരിക്കയാണ്. പുതിയ പാഠ്യപദ്ധതിയും സിലബസും സർവകലാശാലകളുടെ അക്കാദമിക് സമിതികളുടെ അംഗീകാരത്തിനായി സമർപ്പിക്കുന്ന ജോലിമാത്രമാണ് ഇനി പൂർത്തീകരിക്കാനുള്ളത്.
പ്രസ്തുത സാഹചര്യത്തിൽ കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗത്ത് നടക്കാൻ പോകുന്ന മാറ്റങ്ങളെയും നാലു വർഷ ബിരുദ പ്രോഗ്രാമിനെയും കുറിച്ച് പൊതുസമൂഹം അറിയേണ്ട കാര്യങ്ങളാണ് ചുവടെ വിശദീകരിക്കുന്നത്.
ചോയ്സ് ബേസ്ഡ് ക്രെഡിറ്റ് സെമസ്റ്റർ സമ്പ്രദായം
അക്കാദമിക് പരിഷ്കാരത്തിന്റെ ഭാഗമായി കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയിൽ 2009 മുതലാണ് പഠന-ബോധന രീതിയിലും പരീക്ഷ നടത്തിപ്പിലും ഘടനാപരമായ മാറ്റങ്ങൾ ഉൾക്കൊള്ളിപ്പിച്ചുകൊണ്ടു വാർഷിക സമ്പ്രദായത്തിന് പകരം സെമസ്റ്റർ രീതിയിലുള്ള ബിരുദ/ ബിരുദാനന്തര പഠനത്തിൽ ‘ചോയ്സ് ബേസ്ഡ് ക്രെഡിറ്റ് സെമസ്റ്റർ’ (C.B.C.S) സിസ്റ്റത്തിലൂടെ ഏർപ്പെടുത്തിയത്. കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയിൽ അന്നുവരെ പരിചിതമല്ലാതിരുന്ന ക്രെഡിറ്റും ഗ്രേഡിങ്ങും നടപ്പാക്കുന്നതിന് ഒട്ടേറെ വെല്ലുവിളികൾ തരണം ചെയ്യേണ്ടിവന്നിട്ടുണ്ടായിരുന്നു. വിമർശനാത്മക പഠന രീതി, വിഷയ വൈദഗ്ധ്യം, ഗവേഷണ കൗതുകം എന്നിവ മെച്ചപ്പെടുത്തുന്നതിനും മൂല്യനിർണയത്തിൽ ഗ്രേഡിങ് രീതി, പരിമിതമാണെങ്കിൽപോലും വിദ്യാർഥികൾക്ക് താൽപര്യമുള്ള വിഷയങ്ങൾ തിരഞ്ഞെടുത്തു പഠിക്കാനുള്ള അവസരം എന്നീ പ്രത്യേകതകൾ ഈ പാഠ്യപദ്ധതിയിൽ ഉൾപ്പെട്ടിരുന്നു.
2009 മുതൽ നടപ്പാക്കിയ പ്രസ്തുത അക്കാദമിക് പരിഷ്കാരത്തിന്റെ ഭാഗമായി പഠന-ബോധന രീതിയിലും പരീക്ഷ നടത്തിപ്പിലും മേൽ പ്രസ്താവിച്ച ഗുണപരമായ മാറ്റങ്ങൾ നാം ആഗ്രഹിച്ചെങ്കിലും അതിനനുസൃതമായ ഫലം ലഭിച്ചില്ലെന്ന വിമർശനം ഉന്നത വിദ്യാഭ്യാസ മേഖലയിൽ പരക്കെ അംഗീകരിച്ച വസ്തുതയാണ്.
ആവശ്യമായ പഠനസമയം നൽകാതെ സെമസ്റ്ററുകളുടെ ദൈർഘ്യം വെട്ടിക്കുറച്ചു പരീക്ഷ നടത്തിപ്പിനും ഫലപ്രഖ്യാപനത്തിനും മാത്രം മുൻതൂക്കം കൊടുത്തുകൊണ്ടുമുള്ള പ്രവർത്തനശൈലിയാണ് സി.ബി.സി.എസ് നടത്തിപ്പിൽ സർവകലാശാലകൾ പലപ്പോഴും പിന്തുടർന്നത്. അതിന്റെ ഫലമായി കുട്ടികളുടെ അക്കാദമിക് കഴിവുകൾ, ചിന്താശേഷി, ഗവേഷണ താൽപര്യം എന്നിവ പരിമിതപ്പെട്ടുവെന്നാണ് പൊതുവെ നിലനിൽക്കുന്ന വിമർശനം. ഇത്തരത്തിലുള്ള പരിമിതികൾ പരിഹരിക്കാനാവശ്യമായ ഘടനാപരമായ മാറ്റങ്ങളടക്കമുള്ള നിർദേശങ്ങൾ ഉൾപ്പെട്ട തികച്ചും വിദ്യാർഥി കേന്ദ്രീകൃതമായ കരിക്കുലവും റെഗുലേഷനുമാണ് പുതുതായി ആരംഭിക്കുന്ന നാലു വർഷ ബിരുദ (Four Year Undergraduate Programme) (എഫ്.വൈ.യു.ജി.പി) പാഠ്യപദ്ധതിയുടെ ഭാഗമായി തയാറാക്കിയിട്ടുള്ളത്.
ഏതൊരു പാഠ്യപദ്ധതിയും പ്രാദേശികവും ചരിത്രപരവും സാമൂഹിക-സാമ്പത്തികവുമായ സാഹചര്യത്തിലൂന്നി രൂപകൽപന ചെയ്യുമ്പോൾ നാം ലക്ഷ്യമിടുന്നത് അതതു വിഷയത്തിലുള്ള അറിവ് നേടൽ, പുതിയവ നിർമിക്കൽ എന്നിവ കൂടാതെ വിഷയത്തിലുള്ള വൈദഗ്ധ്യം, വിമർശനാത്മകത, സൃഷ്ടിപരത എന്നിവയുടെ വ്യാപ്തി പഠിതാവിൽ വർധിപ്പിക്കുകയെന്നതുകൂടിയാണ്.
അതുകൊണ്ടുതന്നെ വിദ്യാർഥികളുടെ അറിവ്, കഴിവുകൾ, അഭിരുചി എന്നിവയിലുള്ള പ്രകടനങ്ങൾ അളന്നുകൊണ്ടു വിദ്യാഭ്യാസ പദ്ധതിയുടെ ഫലത്തിനെ വിലയിരുത്തുകയെന്ന outcome based സമീപനമാണ് നാല് വർഷ ബിരുദ പാഠ്യപദ്ധതി രൂപകൽപന ചെയ്യാനായി സ്വീകരിച്ച മാനദണ്ഡം. കൂടുതൽ വെല്ലുവിളി നിറഞ്ഞ ചുമതലകളിലൂടെയും ഉയർന്ന ചിന്തയിലൂടെയും പഠനപ്രക്രിയയിലൂടെയും വിദ്യാർഥികള്ക്ക് അവരുടെ കഴിവുകൾ വികസിപ്പിച്ചെടുക്കാൻ ഔട്ട്കം ബേസ്ഡ് വിദ്യാഭ്യാസ മാതൃകകൾ സഹായകരമായിരിക്കും എന്നാണ് പൊതുവെയുള്ള വിലയിരുത്തൽ.
ഓരോ കോഴ്സും പഠിക്കുമ്പോൾ വിദ്യാർഥികൾ നേടേണ്ട കഴിവുകൾ (outcome) ഏതൊക്കെയാണെന്ന് പാഠ്യപദ്ധതിയിൽ നിർവചിക്കപ്പെടണമെന്നും പഠനത്തിലൂടെ അവർ അത് നേടിയെന്നു ഉറപ്പുവരുത്തുന്ന വിദ്യാർഥി കേന്ദ്രീകൃത സമീപനമാണ് പാഠ്യപദ്ധതി തയാറാക്കുമ്പോൾ അവലംബിക്കേണ്ടതെന്നുമുള്ള നിർദേശമാണ് സർവകലാശാലകൾക്ക് ഈ പശ്ചാത്തലത്തിൽ ഉന്നത വിദ്യാഭ്യാസ കൗൺസിൽ നൽകിയിട്ടുള്ളത്.
നാലു വർഷ ബിരുദ പാഠ്യപദ്ധതിയിലെ പ്രത്യേകതകൾ
(i) ക്രെഡിറ്റ് സമ്പ്രദായം
ചോയ്സ് ബേസ്ഡ് ക്രെഡിറ്റ് ആൻഡ് സെമസ്റ്റർ സിസ്റ്റം 2009ൽ നടപ്പാക്കുന്നതിന് മുമ്പ് കേരളത്തിലെ സർവകലാശാലകളിൽ നടന്നുവന്നിരുന്ന ബിരുദ പഠനത്തിൽ ഉൾപ്പെടുത്തിയ വിഷയങ്ങളെ മെയിൻ, സബ്സിഡിയറി, ഭാഷാ വിഷയങ്ങൾ എന്നിങ്ങനെയായിരുന്നു തരംതിരിച്ചിരുന്നത്.
ഉദാഹരണത്തിന് ഗണിതശാസ്ത്ര ബിരുദ പഠനത്തിൽ ഗണിതശാസ്ത്രം മെയിൻ വിഷയമാണ്. ഫിസിക്സ്, സ്റ്റാറ്റിസ്റ്റിക്സ് എന്നീ രണ്ടു വിഷയങ്ങൾ സബ്സിഡിയറി വിഷയങ്ങളായും ഇംഗ്ലീഷ്, ഹിന്ദി/ മലയാളം/ അറബിക് തുടങ്ങിയവ ഭാഷാ വിഷയങ്ങളായും വിദ്യാർഥികൾ പഠിക്കണമായിരുന്നു. അതിന് ഏറക്കുറെ സമാനമായ ഘടനയോടെ പേരിൽമാത്രം മാറ്റംവരുത്തി (യഥാക്രമം കോർ, കോംപ്ലിമെന്ററി, ഭാഷാ വിഷയങ്ങൾ എന്ന പേരുകൾ) സി.ബി.സി.എസ് നടപ്പാക്കുകയായിരുന്നു 2009ലെ പരിഷ്കാരത്തിന്റെ ഭാഗമായി.
ഒരു വിഷയം (കോഴ്സ് എന്നാണ് പുതിയ പാഠ്യപദ്ധതിയിൽ അറിയപ്പെടുക) പഠിപ്പിക്കാൻ ആഴ്ചയിൽ എത്ര സമയം ആവശ്യമാണെന്നുള്ളതാണ് ആ വിഷയത്തിന്റെ (കോഴ്സിന്റെ) ഉള്ളടക്കത്തെയും പ്രാധാന്യത്തെയും മനസ്സിലാക്കാൻ സാധാരണ നാം ഉപയോഗിക്കുന്ന അളവുകോൽ. അതിനു വ്യത്യസ്തമായി ഉള്ളടക്കത്തെയും പ്രാധാന്യത്തെയും ബന്ധപ്പെടുത്തി ഓരോ കോഴ്സിനും ‘ക്രെഡിറ്റ്’ നൽകുന്ന രീതിയാണ് നിലവിലുള്ള ചോയ്സ് ബേസ്ഡ് ക്രെഡിറ്റ് ആൻഡ് സെമസ്റ്റർ സിസ്റ്റത്തിൽ സ്വീകരിച്ചത്. അതിന്റെ ഭാഗമായി 120 ക്രെഡിറ്റുള്ള കോഴ്സുകളായിരുന്നു മൂന്നുവർഷ ബിരുദ പഠനത്തിൽ ഉൾപ്പെടുത്തിയിരുന്നത്.
പുതിയ പാഠ്യപദ്ധതിയിലും ക്രെഡിറ്റ് സമ്പ്രദായമാണ് നിർദേശിച്ചിരിക്കുന്നത്. പഠന-ബോധനത്തിനായി ആഴ്ചയിൽ ഒരു മണിക്കൂർ ക്ലാസ് റൂം പഠനം അല്ലെങ്കിൽ രണ്ടു മണിക്കൂർ ലാബ് വർക്ക് ആവശ്യമുള്ള ഒരു കോഴ്സിന് സാധാരണ രീതിയിൽ ഒരു ക്രെഡിറ്റുള്ള കോഴ്സ് ആയിട്ടാണ് പരിഗണിക്കുക. അതനുസരിച്ച്, ഒരു ക്രെഡിറ്റ് കോഴ്സ് കൈകാര്യം ചെയ്യാൻ ഒരു സെമസ്റ്ററിൽ 15 മണിക്കൂർ ആവശ്യമാണ്.
ക്രെഡിറ്റ് അടിസ്ഥാനമാക്കിയുള്ള പുതിയ നാല് വർഷ ബിരുദ പ്രോഗ്രാമിന്റെ ഭാഗമായി നാലുവർഷ ബിരുദം നേടാൻ 177 ക്രെഡിറ്റുകളുള്ള കോഴ്സുകൾ വിജയകരമായി പൂർത്തീകരിക്കണം. മൂന്നാം വർഷം പഠനം പൂർത്തിയാക്കി മൂന്നു വർഷ ബിരുദം മതിയെങ്കിൽ 133 ക്രെഡിറ്റുകളുള്ള കോഴ്സുകളിലാണ് വിജയിക്കേണ്ടത്.
സർവകലാശാല അക്കാദമിക് സമിതികൾ ശിപാർശ ചെയ്ത യു.ജി.സി അംഗീകരിച്ച കോഴ്സുകളിൽ റെഗുലേഷനിൽ പ്രതിപാദിച്ചിട്ടുള്ള നിയമത്തിനു വിധേയമായി വിദ്യാർഥികൾക്ക് സ്വന്തം നിലക്ക് പഠനം നടത്തി ക്രെഡിറ്റ് നേടാനുള്ള സ്വാതന്ത്ര്യം പുതിയ പാഠ്യപദ്ധതിയിൽ ഉറപ്പുവരുത്തുന്നു. അതുകൊണ്ടു വിദ്യാർഥി പഠിച്ചുകൊണ്ടിരിക്കുന്ന കോളജിൽ/ സർവകലാശാലയിൽ ബിരുദ പഠനത്തിന്റെ ഭാഗമായി ആ വ്യക്തിക്ക് പഠിക്കാൻ താൽപര്യമുള്ള വിഷയം ലഭ്യമല്ലായെങ്കിൽക്കൂടി യു.ജി.സിയുടെ ഓൺലൈൻ പ്ലാറ്റ്ഫോമിൽ കൂടിയോ മറ്റേതെങ്കിലും തരത്തിലോ പഠനം നടത്തി ക്രെഡിറ്റ് സമ്പാദിക്കാനുള്ള അവസരം വിദ്യാർഥികൾക്ക് ലഭിക്കും.
ഈ പശ്ചാത്തലത്തിൽ മൂന്ന് അല്ലെങ്കിൽ നാല് വർഷം കാലയളവ് പൂർത്തിയാക്കി പരീക്ഷ വിജയിക്കുന്നവർക്ക് ബിരുദം എന്ന പരമ്പരാഗത രീതിക്കു പകരം സർവകലാശാല അംഗീകരിച്ച വിഷയങ്ങളിൽ റെഗുലേഷനിൽ പ്രതിപാദിച്ച ക്രെഡിറ്റ് സമ്പാദിച്ചു വിജയിച്ചു വരുന്ന അവസരത്തിൽ വിദ്യാർഥികൾക്ക് ബിരുദപഠനം പൂർത്തീകരിക്കാം. പ്രസ്തുത മാറ്റമാണ് ക്രെഡിറ്റ് അടിസ്ഥാനപ്പെടുത്തിയുള്ള ബിരുദ പ്രോഗ്രാമിന്റെ പ്രധാന സവിശേഷത. അതേസമയം, ഒരു വിദ്യാർഥിക്ക് ഒരു സെമസ്റ്ററിൽ എടുക്കാവുന്ന പരമാവധി ക്രെഡിറ്റുകൾ 30 ആയി പരിമിതപ്പെടുത്തിയിട്ടുമുണ്ട്.
(ii ) വിഷയങ്ങൾ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം
കഴിഞ്ഞ കാലങ്ങളിലെ ബിരുദ പ്രോഗ്രാമുകളിൽ നാം പരിചയപ്പെട്ട വിഷയങ്ങളുടെ പരിമിതമായ കോമ്പിനേഷനുകൾക്കു പകരം അനന്തമായ ഓപ്ഷനുകളാണ് നാലു വർഷ ബിരുദ പ്രോഗ്രാമുകൾ വിദ്യാർഥികൾക്ക് നൽകുന്നത്. നിലവിലുള്ള സി.ബി.സി.എസ് സിസ്റ്റത്തിൽ കോർ, കോംപ്ലിമെന്ററി, ഒന്നാം ഭാഷ (ഇംഗ്ലീഷ്), രണ്ടാം ഭാഷ (മലയാളം/ ഹിന്ദി/ അറബിക് തുടങ്ങിയവ), ഓപൺ കോഴ്സ് എന്നിവയാണ് പഠനവിഷയങ്ങൾ. ഏതെങ്കിലും ഒരു ബിരുദ പ്രോഗ്രാമിൽ ചേർന്നതിനു ശേഷം വിദ്യാർഥികൾക്ക് പഠനകാലത്തു സിലബസിൽ സൂചിപ്പിച്ച വിഷയങ്ങൾക്ക് പകരം അവർക്കു താൽപര്യമുള്ള മറ്റൊരു വിഷയം തിരഞ്ഞെടുക്കാനുള്ള അവസരങ്ങൾ വളരെ പരിമിതമായിരുന്നു.
ഉദാഹരണമായി, ഹിസ്റ്ററി പ്രധാന വിഷയമായി എടുത്ത വിദ്യാർഥി ഇക്കണോമിക്സ്/ പൊളിറ്റിക്കൽ സയൻസ്/ സോഷ്യോളജി/ സർവകലാശാല പഠന ബോർഡ് നിർദേശിച്ച മറ്റേതെങ്കിലും കോഴ്സ് എന്നിവയിൽനിന്ന് ഏതെങ്കിലും രണ്ടു വിഷയങ്ങൾ കോംപ്ലിമെന്ററിയായി പഠിക്കണം. അതിനു പകരം ഹിസ്റ്ററിയുടെ കൂടെ സ്റ്റാറ്റിസ്റ്റിക്സും മ്യൂസിക്കും കോംപ്ലിമെന്ററിയായി പഠിക്കണമെന്ന് ഒരാൾ താൽപര്യപ്പെടുന്നപക്ഷം അതിനുള്ള സ്വാതന്ത്ര്യം നിലവിലില്ല.
കേരളത്തിലെ സർവകലാശാലകളിലെ അക്കാദമിക് സമിതികൾ അംഗീകരിച്ച പരമ്പരാഗത കോർ-കോംപ്ലിമെന്ററി കോമ്പിനേഷനുകൾ (പഴയകാലത്തു മെയിൻ എന്നും സബ്സിഡിയറിയെന്നും അറിയപ്പെട്ടിരുന്നവ) തിരഞ്ഞെടുക്കാൻ വിദ്യാർഥികൾ നിർബന്ധിതരാവുകയായിരുന്നു. ‘ചോയ്സ് ബേസ്ഡ്’ എന്ന് അറിയപ്പെട്ടിരുന്നെങ്കിലും ഓപൺ കോഴ്സിലും രണ്ടാം ഭാഷയിലും മാത്രമാണ് യഥാർഥത്തിൽ വിദ്യാർഥികൾക്ക് വിഷയങ്ങൾ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യമുണ്ടായിരുന്നത്.
പ്രസ്തുത രീതിക്കു പകരമായി വ്യത്യസ്തമായ വിഷയങ്ങളുടെ കോമ്പിനേഷനുകൾ നാലു വർഷ ബിരുദ പദ്ധതിയിൽ സാധ്യമാവുന്നു എന്നത് പ്രധാന പ്രത്യേകതയാണ്. ഇപ്പോഴുള്ള സമ്പ്രദായത്തിലെ കോർ, കോംപ്ലിമെന്ററി വിഷയങ്ങൾ മേജർ, മൈനർ എന്നീ പേരുകളിലാവും നാലു വർഷ പ്രോഗ്രാമിൽ അറിയപ്പെടുക. എന്നാൽ, നിലവിൽ നാം പരിചയപ്പെട്ടമാതിരി മേജർ എന്നാൽ കോർ ആണെന്നും മൈനർ എന്നാൽ കോംപ്ലിമെന്ററി ആണെന്നും പൂർണ അർഥത്തിൽ അംഗീകരിച്ചുകൊണ്ടല്ല പാഠ്യപദ്ധതി വിഭാവനംചെയ്തിട്ടുള്ളത്.
ഉദാഹരണത്തിന് ഇക്കണോമിക്സ് മുഖ്യ (മേജർ) വിഷയമായി പഠിക്കാനായി ബിരുദത്തിനു ചേർന്ന വിദ്യാർഥിക്ക് ഗണിതശാസ്ത്രവും ഇംഗ്ലീഷ് ഭാഷയും (മൈനർ വിഷയങ്ങൾ) പഠിക്കാനുള്ള അവസരം പുതിയ പാഠ്യപദ്ധതിയിലൂടെ ലഭിക്കും. ഇംഗ്ലീഷ് സാഹിത്യം മേജറായി പഠിക്കുന്ന ഒരാൾക്ക് മലയാളവും അറബിക്കും മൈനർ വിഷയങ്ങളായി പഠിക്കാം. ഇതുപോലെ വ്യത്യസ്തമായ വിഷയ കോമ്പിനേഷനുകൾ പഠിക്കാനുള്ള അവസരം ഉണ്ടാകും.
നമ്മുടെ സർവകലാശാലകളിൽ കാലാകാലങ്ങളായി ബിരുദ പഠനപ്രക്രിയയിൽ സ്വീകരിച്ചുപോരുന്ന ഒരു മുഖ്യവിഷയവും അതിന്റെ ഉപവിഷയങ്ങളും എന്ന പരമ്പരാഗത രീതി ഇതോടെ ഇല്ലാതാവുന്നുവെന്നതാണ് പുതിയ പാഠ്യപദ്ധതിയിലൂടെ നടപ്പാകാൻ പോകുന്ന മാറ്റം. വിദ്യാർഥികൾക്ക് പഠനകാലത്ത് ആകർഷകമാവുന്നതും താൽപര്യമുള്ള പ്രഫഷനലിലേക്ക് പ്രവേശിക്കാൻ സഹായകരമാകുന്നതുമായ പരസ്പരബന്ധമില്ലാത്തതും വൈവിധ്യവുമാർന്ന വിഷയങ്ങൾ പഠനത്തിനായി തിരഞ്ഞെടുക്കാൻ സാധിക്കും.
(iii) ഒന്നിലധികം എൻട്രി/ എക്സിറ്റ് ഓപ്ഷനുകൾ
യു.ജി.സി അവതരിപ്പിച്ച കരടുരേഖയിൽ നാലു വർഷ പ്രോഗ്രാമുകൾക്കിടയിൽ വിദ്യാർഥികൾക്ക് ആവശ്യമെങ്കിൽ ഒന്നും രണ്ടും മൂന്നും വർഷങ്ങളിൽ പഠനം അവസാനിപ്പിക്കാമെന്നും അതിന്റെ അടിസ്ഥാനത്തിൽ ഒരു വർഷം പൂർത്തിയാക്കിയവർക്ക് സർട്ടിഫിക്കറ്റും രണ്ടാം വർഷത്തിന്റെ അവസാനം പുറത്തുകടക്കുന്നവർക്ക് ഡിപ്ലോമയും മൂന്നാം വർഷം പൂർത്തിയായവർക്കു ബിരുദവും ലഭ്യമാവുമെന്ന വ്യവസ്ഥയുണ്ട്. അതായത് വിദ്യാർഥികൾക്ക് ബിരുദപഠനത്തിൽ ഒന്നിലധികം എൻട്രി/ എക്സിറ്റ് ഓപ്ഷനുകൾ വാഗ്ദാനംചെയ്യുന്നു.
എന്നാൽ, അതിനു വ്യത്യസ്തമായി കേരള ഉന്നത വിദ്യാഭ്യാസ കൗൺസിൽ അംഗീകരിച്ച റെഗുലേഷനിൽ മൂന്നാം വർഷത്തിലെ അവസാനം മാത്രമേ എക്സിറ്റ് അനുവദിക്കുന്നുള്ളൂ. മൂന്നാം വർഷത്തിൽ പഠനം അവസാനിപ്പിക്കുന്നവർക്കു മൂന്നു വർഷ ഡിഗ്രിയാണ് ലഭിക്കുക. നാലു വർഷം പൂർത്തിയാക്കുന്നവർക്കു പാഠ്യപദ്ധതിയിലെ നാലാം വർഷത്തിൽ ഉൾപ്പെടുത്തിയ വിഷയങ്ങളിൽ വിദ്യാർഥികൾ ഏതാണ് തിരഞ്ഞെടുത്തത് എന്നതിനെ ആസ്പദമാക്കി ബിരുദം (ഓണേഴ്സ്) അല്ലെങ്കിൽ ബിരുദം (ഓണേഴ്സ് വിത്ത് റിസർച്) ഡിഗ്രി ലഭിക്കും.
നാലാം വർഷത്തിൽ കടക്കാതെ മൂന്നുവർഷ പഠനത്തിലൂടെ ബിരുദം നേടിയവരാണെങ്കിൽ സർവകലാശാലകളിലും കോളജുകളിലും നിലവിൽ പിന്തുടരുന്ന രീതിയിൽതന്നെ രണ്ടു വർഷ ബിരുദാനന്തര ബിരുദ കോഴ്സിൽ ചേരാനും ബിരുദാനന്തര ബിരുദം നേടാനും സാധിക്കും. നാല് വർഷത്തെ ഓണേഴ്സ് ബിരുദമുള്ളവരാണെങ്കിൽ നിലവിലുള്ള ബിരുദാനന്തര ബിരുദ പ്രോഗ്രാമിന്റെ രണ്ടാം വർഷത്തിലേക്ക് നേരിട്ട് പ്രവേശനം ലഭിക്കും. പോസ്റ്റ് ഗ്രാജ്വേറ്റ് ഡിഗ്രി ലഭിക്കാൻ അവർ ഒരു വർഷം മാത്രം ബിരുദാനന്തര പഠനം നടത്തിയാൽ മതി. ഗവേഷണത്തോടുകൂടിയ ഓണേഴ്സ് ബിരുദം നേടിയവർ ബിരുദാനന്തര പഠനം നടത്താതെ തന്നെ പിഎച്ച്.ഡി എന്ന ഗവേഷണ ബിരുദം നേടാനുള്ള പഠനത്തിന് യോഗ്യതയുള്ളവരായി പരിഗണിക്കും.
ഇടക്കുവെച്ചു പഠനം ഉപേക്ഷിക്കേണ്ടിവരുന്നവരെ സഹായിക്കുന്ന വ്യവസ്ഥകളും റെഗുലേഷനിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പുതിയ രീതിയനുസരിച്ച് ഒരു വര്ഷം കഴിഞ്ഞോ രണ്ടു വര്ഷം കഴിഞ്ഞോ പഠനം നിര്ത്തുന്ന വിദ്യാര്ഥിക്ക് കുറച്ചു കാലത്തിനു ശേഷം തിരികെവന്ന് പഠനം തുടരാന് സാധിക്കും. പഠനം താൽക്കാലികമായി ഉപേക്ഷിക്കുന്നതിനു മുമ്പ് വിദ്യാർഥി നേടിയ ക്രെഡിറ്റുകൾ യു.ജി.സിയുടെ പുതിയ വിർച്വല് സംരംഭമായ ‘അക്കാദമിക് ബാങ്ക് ഓഫ് ക്രെഡിറ്റ്സി’ൽ നിക്ഷേപിക്കാവുന്നതും പരമാവധി ഏഴു വർഷത്തിനുള്ളിൽ അവ ഉപയോഗിച്ച് ബിരുദം നേടാൻ ബാക്കി ആവശ്യമുള്ള ക്രെഡിറ്റ് നേടിയെടുക്കുന്നതിനായി പഠനം തുടരാവുന്നതുമാണ്.
(iv) മൂന്ന് തരത്തിലുള്ള കോഴ്സുകൾ
പുതിയ പാഠ്യപദ്ധതിയിൽ ഫൗണ്ടേഷൻ കോഴ്സുകൾ, മുഖ്യവിഷയം സംബന്ധിച്ച മേജർ/ മൈനർ കോഴ്സുകൾ, ക്യാപ്സ്റ്റോൺ ലെവൽ കോഴ്സുകൾ എന്നീ മൂന്നു തരത്തിലുള്ള കോഴ്സുകളാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. ഓരോ മേജർ/ മൈനർ കോഴ്സുകൾക്ക് നാല് ക്രെഡിറ്റും ഫൗണ്ടേഷൻ കോഴ്സുകൾക്ക് മൂന്നു ക്രെഡിറ്റും ഉണ്ടായിരിക്കണമെന്ന് റെഗുലേഷനിൽ വ്യക്തമാക്കിയിട്ടുണ്ട്.
ഫൗണ്ടേഷൻ കോഴ്സുകൾ
നാല് വർഷ ബിരുദ പഠനത്തിൽ എല്ലാ വിദ്യാർഥികളും നിർബന്ധമായും പഠിച്ചിരിക്കേണ്ട കോഴ്സുകളെയാണ് ഫൗണ്ടേഷൻ കോഴ്സുകൾ (Foundation Components), എന്നറിയപ്പെടുന്നത്. വിദ്യാര്ഥികള്ക്ക് അവർ തിരഞ്ഞെടുത്ത പ്രോഗ്രാമിനെ കുറിച്ചുള്ള അടിസ്ഥാന അറിവു ലഭിക്കാന് ഫൗണ്ടേഷൻ കോഴ്സുകൾ സഹായകരമായിരിക്കും. പ്രോഗ്രാമിൽ ഉൾപ്പെട്ട വിഷയങ്ങളെ സംബന്ധിച്ചുള്ള പൊതുവായതും വിഷയത്തിലധിഷ്ഠിതവുമായ ഒരു കൂട്ടം കോഴ്സുകൾ അടങ്ങുന്നതാണ് ഫൗണ്ടേഷൻ കോഴ്സുകൾ.
ബിരുദ പഠനത്തിന് ഒരു വിദ്യാർഥിയെ സജ്ജമാക്കാൻ ആവശ്യമായ ജനറൽ കോഴ്സുകളും മേജർ/ മൈനർ കോഴ്സുകൾക്കു സഹായകമാകുന്ന പൊതുധാരണ നൽകുന്ന കോഴ്സുകളുമാണ് ഫൗണ്ടേഷൻ കോഴ്സുകൾകൊണ്ട് ഉദ്ദേശിക്കുന്നത്. എബിലിറ്റി എൻഹാൻസ്മെന്റ് കോഴ്സുകൾ (AEC), സ്കിൽ എൻഹാൻസ്മെന്റ് കോഴ്സുകൾ (SEC), മൂല്യാധിഷ്ഠിത കോഴ്സുകൾ (VAC), മൾട്ടി ഡിസിപ്ലിനറി കോഴ്സുകൾ (MDC), ഡിസിപ്ലിൻ സ്പെസിഫിക് കോഴ്സുകൾ (DSC) എന്നിവയാണ് ഈ വിഭാഗത്തിൽ ഉൾപ്പെടുത്തിയിട്ടുള്ള വിവിധ കോഴ്സുകൾ.
ഇംഗ്ലീഷ് ഭാഷയിലും മലയാളം/ ഹിന്ദി/ അറബിക്/ മറ്റു ഇന്ത്യൻ/ വിദേശ ഭാഷകളിൽ വിദ്യാർഥികളുടെ കഴിവ് വർധിപ്പിക്കുന്നതിനായിട്ടുള്ള കോഴ്സുകൾ ഇതിൽപെടുന്നതാണ്. ഭാഷാ വൈദഗ്ധ്യം, വിമർശനാത്മക വായന, അക്കാദമിക എഴുത്ത്, ഭാഷകളുടെ സാംസ്കാരികവും ബൗദ്ധികവുമായ പൈതൃകം എന്നിവയൊക്കെ എബിലിറ്റി എൻഹാൻസ്മെന്റ് കോഴ്സുകളിൽ ഉൾപ്പെടും. കല, ശാസ്ത്രം, വാണിജ്യം, ഭാഷ, സാമൂഹിക ശാസ്ത്രം തുടങ്ങിയ വിവിധ വിഷയങ്ങളിൽ പ്രാഥമികമായ അറിവ് ലഭിക്കുന്നതിനുള്ള കോഴ്സുകളും ഈ ഗണത്തിൽപെടുന്നുണ്ട്. വ്യക്തിത്വ വികാസത്തിന് ഉതകുന്ന മൂല്യാധിഷ്ഠിത കോഴ്സുകൾ ഫൗണ്ടേഷൻ കോഴ്സിന്റെ ഭാഗമായി പഠിക്കാനുള്ള അവസരം വിദ്യാർഥികൾക്ക് ലഭിക്കുന്നതാണ്.
വിദ്യാർഥികളുടെ കമ്യൂണിക്കേഷൻ സ്കിൽ ഉൾപ്പെടെയുള്ള വിവിധതരം കഴിവുകൾ വികസിപ്പിക്കുന്നതിനും ജോലിലഭ്യതക്കും ജീവിതവിജയത്തിനും ആവശ്യമായ മൂല്യങ്ങൾ പകരുന്നതിനും ഉതകുന്നതരത്തിലുള്ള വിവിധ കോഴ്സുകളാണ് ഫൗണ്ടേഷൻ കോഴ്സുകളിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. വിദ്യാർഥികൾക്ക് വിപുലമായ മേഖലകളിൽ അറിവ് ലഭിക്കുന്നതിനും കഴിവ് വർധിപ്പിക്കാനുമുള്ള സാഹചര്യമാണ് ഇതിന്റെ ഭാഗമായി സൃഷ്ടിക്കപ്പെടുന്നത്.
മേജർ/ മൈനർ കോഴ്സുകൾ
ഏതെങ്കിലും ഒരു കോർ വിഷയത്തിലും രണ്ടു കോംപ്ലിമെന്ററി വിഷയത്തിലും മൂന്നു വര്ഷം പഠനം പൂര്ത്തിയാക്കിയിട്ടാണ് നിലവിൽ ബിരുദം നേടുന്നത്. പുതിയ സമ്പ്രദായത്തില് വിദ്യാർഥികൾ തിരഞ്ഞെടുക്കുന്ന മുഖ്യ വിഷയത്തെ മേജർ എന്നും മറ്റു വിഷയങ്ങളെ മൈനർ എന്നും അറിയപ്പെടും. ഈ വിഭാഗത്തിൽപെട്ട കോഴ്സുകൾ വ്യത്യസ്ത തരത്തിലും അളവിലും വിദ്യാർഥികൾക്ക് തിരഞ്ഞെടുക്കാവുന്നതാണ്. അത്തരത്തിലുള്ള വിവിധ സ്ട്രീമുകളെ pathways എന്നാണ് അറിയപ്പെടുക. സംസ്ഥാന ഹയർ എജുക്കേഷന്റെ റെഗുലേഷൻ പ്രകാരം നാലു വർഷ ബിരുദ പദ്ധതിയിൽ ആറ് പാത്ത് വേകളാണ് നിർദേശിച്ചിട്ടുള്ളത്.
വിദ്യാർഥികൾക്ക് അവരവരുടെ താൽപര്യത്തിനനുസരിച്ചും പഠിക്കുന്ന കോളജിൽ/ സർവകലാശാലയിൽ ലഭ്യമായിട്ടുള്ള പ്രോഗ്രാമുകളെ അടിസ്ഥാനമാക്കിയും പാത്ത് വേ തിരഞ്ഞെടുക്കാവുന്നതാണ്. ഒരു മേജർ അടങ്ങുന്ന ഡിഗ്രി (Degree with single major), ഒരു മേജറും ഒരു മൈനറും അടങ്ങുന്ന ഡിഗ്രി (Degree with major and minor), ഒന്നിലധികം മേജർ വിഷയങ്ങൾ ഉൾപ്പെടുന്ന ഡിഗ്രി (Major with multiple disciplines of study), ഇന്റർ ഡിസിപ്ലിനറി മേജർ ഡിഗ്രി (Interdisciplinary major), മൾട്ടി ഡിസിപ്ലിനറി മേജർ (Multi-disciplinary major), രണ്ടു മേജർ ഉള്ള ഡിഗ്രി (Degree with double major) എന്നിവയാണ് ആറു സ്ടീമുകൾ.
ബിരുദ പഠനത്തിലെ മൂന്നു മുതൽ ആറു വരെ സെമസ്റ്ററുകളിലായാണ് മൈനർ കോഴ്സുകൾ പഠിക്കേണ്ടത്. രണ്ടാം സെമസ്റ്റർ അവസാനിക്കുന്നതിനു മുമ്പ് വിദ്യാർഥികൾ പ്രവേശന സമയത്ത് തിരഞ്ഞെടുത്ത മേജർ വിഷയം മാറ്റി മറ്റൊരു അനുബന്ധ വിഷയം മേജർ ആയി തിരഞ്ഞെടുക്കാനുള്ള അവസരം റെഗുലേഷനിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ക്യാപ്സ്റ്റോൺ ലെവൽ കോഴ്സുകൾ
ഏറ്റവും പ്രാധാന്യമുള്ളതായി കരുതുന്ന മുഖ്യ വിഷയത്തിലൂന്നിയ കോഴ്സുകളെയാണ് ക്യാപ്സ്റ്റോൺ ലെവൽ കോഴ്സുകളുടെ ലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ഇത്തരത്തിലുള്ള കോഴ്സുകൾ വിദ്യാർഥികൾക്ക് പഠനത്തിലൂടെ ലഭിച്ച അറിവ് വിവിധ മേഖലയിൽ പ്രയോഗിക്കാനും അതതു മേഖലയിൽ പ്രഫഷനൽ ആകാനും വിദ്യാർഥികളെ സഹായിക്കുന്നതായിരിക്കും. മേജറിലോ മൈനറിലോ ഉൾപ്പെട്ടിട്ടുള്ള വിഷയത്തിൽ ആഴത്തിൽ പഠിക്കാൻ സഹായിക്കുന്ന, ഇന്റേൺഷിപ്പുകളും പ്രോജക്ടുകളും ഒക്കെ ഉൾപ്പെടുന്നതാണ് ക്യാപ്സ്റ്റോൺ കോഴ്സുകൾ. കമ്യൂണിറ്റി സേവനങ്ങൾ, തൊഴിൽ പരിശീലനം, പ്രഫഷനൽ പരിശീലനം അല്ലെങ്കിൽ മറ്റ് തരത്തിലുള്ള പ്രവൃത്തിപരിചയം എന്നിവ സംബന്ധിച്ചുള്ള വിഷയങ്ങളിൽ പ്രാവീണ്യം ലഭിക്കാൻ പ്രസ്തുത കോഴ്സുകൾ സഹായിക്കും.
മൂല്യനിർണയം
നിലവിലെ സി.ബി.സി.എസ് രീതിക്കു സമാനമായിട്ടുതന്നെയാണ് പുതിയ പദ്ധതിയിലും മൂല്യനിർണയത്തെ സംബന്ധിച്ചുള്ള നിദേശം. വിദ്യാർഥികളെ വിലയിരുത്താൻ അതതു സെമസ്റ്ററുകളിൽ വിവിധ ഘടകങ്ങളെ ആസ്പദമാക്കി വിദ്യാർഥികളുടെ പ്രാവീണ്യം വിലയിരുത്തിയുള്ള നിരന്തര മൂല്യനിർണയവും സെമസ്റ്റർ അവസാനം നടത്തുന്ന സർവകലാശാലാതല പരീക്ഷയും ഉൾപ്പെടുത്തിയിട്ടുള്ള രണ്ടു തരത്തിലുള്ള മൂല്യനിർണയ പ്രക്രിയയാണ് നിർദേശിച്ചിട്ടുള്ളത്.
40 ശതമാനം വെയ്റ്റേജ് നിരന്തര മൂല്യനിർണയത്തിനും 60 ശതമാനം വെയ്റ്റേജ് സർവകലാശാല നടത്തുന്ന പരീക്ഷക്കും നൽകും (സി.ബി.സി.എസ് സിസ്റ്റത്തിൽ ഇത് യഥാക്രമം 20 ശതമാനവും 80 ശതമാനവും ആയിരുന്നു). നിരന്തര മൂല്യനിർണയത്തിനായി പരിഗണിക്കേണ്ട ഘടകങ്ങളെ സർവകലാശാലകളുടെ അക്കാദമിക് സമിതികളായിരിക്കും നിർദേശിക്കുന്നത്. പരീക്ഷ മൂല്യനിർണയത്തിനു മാര്ക്ക് സിസ്റ്റം പിന്തുടരുകയും 10 പോയന്റ് പരോക്ഷ ഗ്രേഡിങ് സിസ്റ്റത്തിൽ വിലയിരുത്തുകയും ചെയ്യും. ബിരുദ പ്രോഗ്രാം വിജയകരമായി പൂർത്തീകരിച്ചവർക്ക് അതിനനുസരിച്ച് ഗ്രേഡ് നൽകുന്ന രീതി അവലംബിക്കുന്നതുമാണ്.
സാധ്യതകളും വെല്ലുവിളികളും
രാജ്യത്തെ ബിരുദ പ്രോഗ്രാമുകളെല്ലാം നാല് വർഷമായിരിക്കണമെന്നു 2020ലെ ദേശീയ വിദ്യാഭ്യാസ നയം നിർദേശിക്കുന്നതുകൊണ്ടുതന്നെ നാലു വർഷത്തെ ബിരുദ പ്രോഗ്രാമാണ് (FYUP) കേരളത്തിലടക്കമുള്ള ഇന്ത്യയിലെ എല്ലാ സർവകലാശാലകളിലും കോളജുകളിലും ഇനിമുതൽ ഉണ്ടാവുക. ഘടനാപരമായിട്ടും അക്കാദമിക് രംഗത്തും വമ്പിച്ച മാറ്റങ്ങൾ മുന്നോട്ടുവെക്കുന്ന ഈ പുതിയ പരിപാടി നടപ്പാക്കിയാൽ അതിനനുസരിച്ചുള്ള ഗുണഫലങ്ങളും നാം പ്രതീക്ഷിക്കുന്നു.
ഇപ്പോൾ നടന്നുവരുന്ന ക്ലാസ് റൂമിൽ മാത്രം ഒതുങ്ങിനിന്നുകൊണ്ടുള്ള പഠനത്തിന് വ്യത്യസ്തമായി സെമിനാറുകൾ, ഫീല്ഡ് വര്ക്കുകള്, ഇന്റേണ്ഷിപ്പുകള് എന്നിവയടക്കം പുതിയ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അതിന്റെ ഫലമായി വിദ്യാർഥികളുടെ ഇടയിൽ നൈപുണ്യ വികസനം വര്ധിക്കുമെന്നുള്ളതും പഠിച്ച വിഷയങ്ങളെ ബന്ധപ്പെടുത്തിക്കൊണ്ട് അവർക്കുള്ള തൊഴിൽ സാധ്യതകൾ കൂടുമെന്നതും നാല് വർഷ ബിരുദ പദ്ധതി ലക്ഷ്യമിടുന്ന ഗുണഫലങ്ങളാണ്.
ഗവേഷണത്തിന് പ്രാധാന്യം കൊടുത്തുകൊണ്ടാണ് നാലു വർഷ ഡിഗ്രി പ്രോഗ്രാമിന്റെ ഭാഗമായി നാലാം വർഷത്തെ കോഴ്സുകൾ തയാറാക്കിയിട്ടുള്ളത്. വിദ്യാർഥികൾക്ക് നാലാം വർഷത്തിലെത്തുമ്പോൾ രണ്ടു ഓപ്ഷനുകളാണുള്ളത് ഓണേഴ്സ് ബിരുദം (Degree Honours) അല്ലെങ്കിൽ ഗവേഷണത്തോടു കൂടിയുള്ള ഓണേഴ്സ് ബിരുദവും (Degree Honours with Research). ഗവേഷണം ഉൾപ്പെടുന്ന ഓണേഴ്സ് ബിരുദം തിരഞ്ഞെടുക്കുന്നവർ ഒരു അംഗീകൃത ഗവേഷണ മാർഗദർശിയുടെ മേൽനോട്ടത്തിൽ ഗവേഷണ പ്രോജക്ട് പൂർത്തീകരിക്കണം.
ഇത്തരത്തിൽ ഗവേഷണ അവസരങ്ങൾ ഒരുക്കാൻ മതിയായ എണ്ണം ഗവേഷണ മാർഗദർശികൾ നമ്മുടെ സര്വകലാശാലകളിലും കോളജുകളിലും നിലവിലില്ലെന്നത് ഈ അവസരത്തിൽ ഗൗരവമായി കാണേണ്ട വിഷയമാണ്. പുതിയ പദ്ധതി നടപ്പാക്കാൻ പറ്റുന്ന മനുഷ്യവിഭവ ശേഷിയും ലൈബ്രറി, ലാബ്, ക്ലാസ് റൂമുകൾ തുടങ്ങിയ ഭൗതിക സൗകര്യങ്ങളും നമ്മുടെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വേണ്ടത്രയില്ലായെന്നതാണ് വർത്തമാന യാഥാർഥ്യം.
മൂന്നുവർഷം നീണ്ടുനിന്നിരുന്ന ബിരുദ പഠനത്തെ നാല് വർഷത്തേക്ക് നീട്ടുന്നതിന്റെ ഭാഗമായി ആധുനികവും അന്താരാഷ്ട്ര നിലവാരത്തിലുള്ളതുമായ ഭൗതിക സൗകര്യങ്ങൾ ഒരുക്കാനും മനുഷ്യ വിഭവശേഷി വർധിപ്പിക്കാനും അടിയന്തരമായി നീക്കങ്ങൾ ആരംഭിച്ചില്ലായെങ്കിൽ പുതിയ പരിപാടിയുടെ വിജയം കേവലം ചർച്ചകളിൽ മാത്രം ഒതുങ്ങിനിന്നുപോകും.
വിദ്യാർഥികൾ ബിരുദപഠനത്തിനായി സ്ഥാപനങ്ങളിൽ ചേരുന്നതിനുശേഷം വിഷയങ്ങൾ തിരഞ്ഞെടുക്കുന്നതിലും വിവിധ മാർഗത്തിലൂടെ ക്രെഡിറ്റ് നേടുന്നതിനും അവ ട്രാൻസ്ഫർ ചെയ്യുന്നതിനും വിപ്ലവകരമായ രീതികളാണ് പുതിയ പാഠ്യപദ്ധതി മുന്നോട്ടുവെക്കുന്നത്. അതിനനുസൃതമായി പരീക്ഷ നടത്തിപ്പിനും ബിരുദം നൽകാനും അക്കാദമിക് തീരുമാനങ്ങളെടുക്കാനും സർവകലാശാലകളെ പ്രാപ്തമാക്കുകയെന്നതാണ് നാം നേരിടേണ്ടിവരുന്ന മറ്റൊരു വെല്ലുവിളി. വിദ്യാർഥി സൗഹൃദ കേന്ദ്രങ്ങളായിട്ടല്ല സർവകലാശാലകൾ പ്രവർത്തിക്കുന്നതെന്ന ആരോപണം പൊതുവെ സമൂഹത്തിൽ ഉയർന്നുകേൾക്കാറുണ്ട്. അതിന്റെ പശ്ചാത്തലത്തിൽ വലിയ മാറ്റങ്ങൾ ഉൾപ്പെടുത്തിയിട്ടുള്ള നാല് വർഷ ബിരുദ പരിപാടി നടപ്പാക്കുമ്പോൾ അവ വിദ്യാർഥികൾക്ക് പ്രതിസന്ധിയില്ലാതെ സ്വീകരിക്കാൻ സാധിക്കണമെങ്കിൽ സർവകലാശാല ഭരണത്തിലും വിപ്ലവകരമായ അഴിച്ചുപണി ആവശ്യമാണ്.
ഈ പശ്ചാത്തലത്തിൽ പുതിയ പരിഷ്കാരം ഉന്നത വിദ്യാഭ്യാസ മേഖലയിൽ നടപ്പാക്കുമ്പോൾ സർക്കാറും സർവകലാശാലകളും അധ്യാപക സമൂഹവും കൂടുതൽ ഫലപ്രദമായി കാര്യങ്ങളിൽ ശ്രദ്ധചെലുത്തേണ്ടതുണ്ട്. ഉന്നത വിദ്യാഭ്യാസ രംഗത്തെ ഘടനാപരമായ മാറ്റങ്ങളടക്കം ഉൾപ്പെടുത്തിയ പുതിയ പദ്ധതി കൂട്ടായ പ്രവർത്തനത്തിലൂടെ കാര്യക്ഷമതയോടെ നടപ്പാക്കിയാൽ അന്താരാഷ്ട്രതലത്തിൽ പ്രാവീണ്യമുള്ള ഒരു യുവതയെ വാർത്തെടുക്കാൻ നമുക്ക് സാധിക്കുമെന്നു പ്രത്യാശിക്കാം.
=======