നിദ്രതൻ നീരാഴി നീന്തിക്കടന്നപ്പോൾ
1966ൽ ഹിറ്റായ സിനിമാ പാട്ടുകൾക്ക് ചില പ്രത്യേകതകൾ ഉണ്ടായിരുന്നു. വരികളുടെ മികവും കാവ്യഭംഗിയും ഒരുവശത്ത്, മറുവശത്ത് ഹാസ്യാത്മകമായി നാടൻശീലിന്റെ പിൻബലത്തിൽ മനോഹരമായ ചിട്ടപ്പെടുത്തലും. അക്കാലത്തെ ഹിറ്റുകളിലൂടെ സംഗീതയാത്ര തുടരുന്നു.
ആദ്യകാല നാടകനടനായ പി.എ. തോമസ് 'തോമസ് പിക്ചേഴ്സ്' എന്ന നിർമാണക്കമ്പനി സ്ഥാപിച്ച് തുടർച്ചയായി ചിത്രങ്ങൾ എടുത്തുകൊണ്ടിരുന്നു. കഴിയുന്നത്ര ചെലവ് ചുരുക്കി ചിത്രങ്ങൾ എടുക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. അതുകൊണ്ടു വലിയ നഷ്ടം കൂടാതെ മുന്നോട്ടുപോകാൻ അദ്ദേഹത്തിന് കഴിഞ്ഞു. വളരെ ചെലവ് കുറച്ച് തോമസ് പിക്ചേഴ്സ് നിർമിച്ച 'കുടുംബിനി' എന്ന സിനിമ സൂപ്പർഹിറ്റ്...
Your Subscription Supports Independent Journalism
View Plansആദ്യകാല നാടകനടനായ പി.എ. തോമസ് 'തോമസ് പിക്ചേഴ്സ്' എന്ന നിർമാണക്കമ്പനി സ്ഥാപിച്ച് തുടർച്ചയായി ചിത്രങ്ങൾ എടുത്തുകൊണ്ടിരുന്നു. കഴിയുന്നത്ര ചെലവ് ചുരുക്കി ചിത്രങ്ങൾ എടുക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. അതുകൊണ്ടു വലിയ നഷ്ടം കൂടാതെ മുന്നോട്ടുപോകാൻ അദ്ദേഹത്തിന് കഴിഞ്ഞു. വളരെ ചെലവ് കുറച്ച് തോമസ് പിക്ചേഴ്സ് നിർമിച്ച 'കുടുംബിനി' എന്ന സിനിമ സൂപ്പർഹിറ്റ് ആയതോടെ അദ്ദേഹത്തിന് രംഗത്ത് ഉറച്ചുനിൽക്കാമെന്ന ധൈര്യം കൈവന്നു. അഞ്ചു പുതിയ ഗാനരചയിതാക്കളെയും മൂന്നു സംഗീതസംവിധായകരെയും ഒരു ചിത്രത്തിൽ കൊണ്ടുവന്ന പി.എ. തോമസ് പരീക്ഷണങ്ങൾ നിർത്തിവെച്ച് സത്യനും പ്രേംനസീറും നായകന്മാരായ 'സ്റ്റേഷൻ മാസ്റ്റർ' എന്ന ചിത്രമാണ് പിന്നെ നിർമിച്ചത്. കെ.പി. ഉമ്മർ, അടൂർ ഭാസി, ഉഷാകുമാരി (വെണ്ണീറ ആടൈ നിർമല), കമലാദേവി, ഹരി തുടങ്ങിയവരും അഭിനയിച്ചു. അമ്പാടി ഗോപാലകൃഷ്ണൻ എഴുതിയ കഥക്ക് എസ്.എൽ പുരം സദാനന്ദൻ സംഭാഷണം രചിച്ചു. പി. ഭാസ്കരൻ എഴുതിയ ഏഴു പാട്ടുകൾ ചിത്രത്തിൽ ഉണ്ടായിരുന്നു. ബി.എ. ചിദംബരനാഥ് ആയിരുന്നു സംഗീതസംവിധായകൻ. യേശുദാസ്, എസ്. ജാനകി, വസന്ത, സീറോ ബാബു എന്നിവർ പാടി. ''ഓപൺ സീറോ...'' എന്ന രസകരമായ പാട്ടിലൂടെ നാടകരംഗത്തും ഗാനമേളകളിലും പ്രശസ്തി നേടിയ സീറോ ബാബു എന്ന ഗായകന് സിനിമയിൽ ഏറ്റവും കൂടുതൽ അവസരങ്ങൾ നൽകിയ നിർമാതാവ് പി.എ. തോമസ് ആണ് ( പ്രശസ്ത ഗായികയായ രഞ്ജിനി ജോസ് പി.എ. തോമസിന്റെ മകൻ ജോസിന്റെ മകളാണ്. നാടകനടനായിരുന്ന പി.എ. തോമസും അദ്ദേഹം നായകനും ഉപനായകനുമൊക്കെയായി അഭിനയിക്കുന്ന യൗവനകാലത്ത് സ്വന്തം ശബ്ദത്തിൽ പാടുമായിരുന്നു).
'സ്റ്റേഷൻ മാസ്റ്ററി'ൽ യേശുദാസ് പാടിയ ''കൽപന തൻ അളകാപുരിയിൽ/പുഷ്പിതമാം പൂവാടികളിൽ/ റോജാപ്പൂ നുള്ളിനടക്കും രാജകുമാരി -നിന്നെ/പൂജിക്കും ഞാൻ വെറുമൊരു പൂജാരി'' എന്ന ഗാനം വളരെ പ്രശസ്തമാണ്. ഈ ഗാനം ശോകഭാവത്തിലും യേശുദാസ് പാടിയിട്ടുണ്ട്. എസ്. ജാനകി പാടിയ ''പണ്ടൊരിക്കലാദ്യം തമ്മിൽ/കണ്ടതോർമയുണ്ടോ.../കണ്ടുമുട്ടിയപ്പോൾ കണ്മുന/കൊണ്ടതോർമയുണ്ടോ...'' എന്ന ഗാനവും ബി. വസന്ത പാടിയ ''കൊന്നത്തെങ്ങിനു വസന്തമാസം/കൊടക്കടുക്കൻ പണിയുമ്പോൾ /കള്ളിപ്പെണ്ണേ നിന്നെ കെട്ടാൻ/പുള്ളിക്കാരനൊരാള് വരും'' എന്ന ഗാനവും ചിത്രത്തിലെ സന്ദർഭങ്ങളോട് നീതിപുലർത്തി.
എസ്. ജാനകി പാടിയ മറ്റൊരു ഗാനവും ശ്രദ്ധേയമായി. ''ജീവിത നാടകവേദിയിലെന്നെ/ഈ വിധമിറക്കിയ ജഗദീശാ / ആവുകയില്ലിനി അഭിനയംപോലും/ദേവാ, യവനിക താഴ്ത്തുക നീ'' എന്ന ദുഃഖഗാനവും ഹൃദയസ്പർശിയായിരുന്നു. സീറോ ബാബു പാടിയ ''കല്യാണം...കല്യാണം / കല്യാണനാളിനു മുമ്പായി പെണ്ണിന്/ കരളിലെമ്മാതിരിയായിരിക്കും/പറയാനും കഴിയൂല/പറഞ്ഞാലും തിരിയൂല/ പരവേശം പരവേശമായിരിക്കും...'' എന്ന കളിയാക്കൽപാട്ടും രസകരമായിരുന്നു. എസ്. ജാനകി പാടിയ ഈ ഗാനവും ശ്രദ്ധിക്കപ്പെട്ടു. ''ഒരു തുളസിപ്പൂമാലയുമായ് /ഗുരുവായൂർ നടയിൽ വെച്ചെൻ/കരളാകും മാനിനെയങ്ങു പിടിച്ചുകെട്ടും -എന്റെ/ നരജന്മം പിന്നെ ഭവാനായ് പതിച്ചുകിട്ടും...'' ഏതായാലും അന്നും ഇന്നും എന്നും ഗാനപ്രേമികൾ ഓർമിക്കുന്ന ഗാനം യേശുദാസ് പാടിയ ''കൽപന തൻ അളകാപുരിയിൽ...'' എന്ന പ്രേമഗാനം തന്നെയായിരിക്കും. അതിലാണ് പി. ഭാസ്കരൻ എന്ന കവിയുടെ മുദ്രയുള്ളത്.
1966 മാർച്ച് 31ന് തിയറ്ററിലെത്തിയ 'സ്റ്റേഷൻ മാസ്റ്റർ' സാമാന്യവിജയം നേടി. 'സ്റ്റേഷൻ മാസ്റ്റർ' കഴിഞ്ഞ് റിലീസ് ചെയ്ത 'പകൽക്കിനാവ്' എന്ന സിനിമയിലും പി. ഭാസ്കരനും ബി.എ. ചിദംബരനാഥും ചേർന്നാണ് പാട്ടുകളൊരുക്കിയത്. 'മുറപ്പെണ്ണ്' എന്ന സിനിമയിലെ ഗാനങ്ങൾക്ക് കിട്ടിയ അംഗീകാരം ഈ ടീമിന് സഹായകമായി എന്ന് വേണമെങ്കിൽ പറയാം. ആകാശവാണിയിലെ ഉദ്യോഗം കാരണം സിനിമയിൽനിന്ന് വിട്ടുനിൽക്കേണ്ടി വന്ന കെ. രാഘവൻ മാസ്റ്ററുടെ അസാന്നിധ്യവും ചിദംബരനാഥിന് സഹായകരമായിത്തീർന്നു. അവസരത്തിനൊത്തുയരാൻ അദ്ദേഹം പരിശ്രമിക്കുകയുംചെയ്തു എന്നും പറയണം. മലയാള സിനിമാഗാനങ്ങൾ ഇഷ്ടപ്പെടുന്നവർ വർഷങ്ങളായി ആഘോഷിക്കുന്ന പി. ഭാസ്കരന്റെ രണ്ടു രചനകൾ 'പകൽക്കിനാവ്' എന്ന സിനിമയിലാണുള്ളത്.
''പകൽക്കിനാവിൻ സുന്ദരമാകും /പാലാഴിക്കരയിൽ/പണ്ടേ നിന്നെ കണ്ടിട്ടുണ്ടൊരു / പവിഴ കൽപടവിൽ /എപ്പോഴെന്നറിയില്ല/എന്നാണെന്നറിയില്ല...'' എന്ന ഗാനവും ''നിദ്ര തൻ നീരാഴി/നീന്തിക്കടന്നപ്പോൾ / സ്വപ്നത്തിൻ കളിയോടം കിട്ടി /കളിയോടം മെല്ലെ തുഴഞ്ഞു നാം മറ്റാരും/ കാണാത്ത കരയിൽ ചെന്നെത്തി...'' എന്ന ഗാനവുമാണ് ഞാൻ ഉദ്ദേശിച്ചത്. ആദ്യഗാനം യേശുദാസും രണ്ടാമത്തെ ഗാനം എസ്. ജാനകിയുമാണ് പാടിയത്. എന്നാൽ, ഈ രണ്ടു ഗാനങ്ങൾ മാത്രമല്ല ഈ ചിത്രത്തിലെ എല്ലാ പാട്ടുകളും ഹിറ്റുകളായിത്തീർന്നു എന്നതത്രേ വാസ്തവം. പാട്ടുകളുടെ പല്ലവികൾ ഉദ്ധരിക്കുമ്പോൾ ഈ കാര്യം നിങ്ങൾക്ക് ബോധ്യമാകും. എസ്.ജാനകി തന്നെ പാടിയ ''ഗുരുവായൂരുള്ളൊരു കണ്ണനെന്നൊരു ദിനം / കരുമാടിക്കുട്ടന്റെ വേഷം കെട്ടി /പെരിയാറിൻ തീരത്ത്/ പേരാലിൻ തണലത്ത് /മുരളിയുമൂതി ചെന്നിരുന്നു'' എന്ന പാട്ടും ''കേശാദിപാദം തൊഴുന്നേൻ -കേശവാ/കേശാദിപാദം തൊഴുന്നേൻ/ പീലിച്ചുരുൾമുടിയും/ നീലതിരുവുടലും ഫാലതൊടുകുറിയും /താണു തൊഴുന്നേൻ...'' എന്ന ദേശ് രാഗത്തിലുള്ള ശ്രീകൃഷ്ണ പ്രാർഥന കേട്ടിട്ടില്ലാത്ത എത്ര മലയാളികൾ ഉണ്ടാവും? ദേശ് രാഗത്തിൽ തന്നെയുള്ള ഒരു ഹിന്ദിഗാനത്തിന്റെ സ്വരങ്ങളുമായി ഈ ഈണം താദാത്മ്യം പ്രാപിക്കുന്നുണ്ടെങ്കിലും.
യേശുദാസ് തന്നെ പാടിയ ''കാക്കക്കും പൂച്ചക്കും കല്യാണം /നാട്ടിൽ മുഴുക്കെ പൊന്നോണം/സുന്ദരികാക്കക്കു പുന്നാരം /പൊന്നിളംവെയിലത്ത് കല്യാണം'' എന്ന കുട്ടിപ്പാട്ടും കാലത്തെ അതിജീവിക്കുന്നു. ചിദംബരനാഥ് എന്ന സംഗീതസംവിധായകന്റെ എല്ലാ പാട്ടുകളും ഒരുപോലെ സൂപ്പർഹിറ്റുകളായ ചിത്രം 'പകൽക്കിനാവ്' തന്നെയാണ്. യേശുദാസ്, എസ്. ജാനകി എന്നീ രണ്ടു ഗായകർ മാത്രമേ ഈ ചിത്രത്തിൽ പാടിയിട്ടുള്ളൂ എന്നും ഓർക്കുക! എം.ടി. വാസുദേവൻ നായർ കഥയും തിരക്കഥയും സംഭാഷണവും എഴുതിയ ഈ ചിത്രം എസ്.എസ്. രാജൻ സംവിധാനംചെയ്തു. കണ്ണമ്മ ഫിലിംസിനു വേണ്ടി എൻ.ആർ. വൈദ്യനാഥൻ നിർമിച്ച 'പകൽക്കിനാവ്' 1966 ഏപ്രിൽ ഏഴാം തീയതി തിയറ്ററുകളിൽ എത്തി. സത്യൻ, ശാരദ, വാസന്തി, പ്രേംജി, അടൂർ ഭാസി, നെല്ലിക്കോട് ഭാസ്കരൻ, എം.എസ്. നമ്പൂതിരി തുടങ്ങിയവർ 'പകൽക്കിനാവി'ൽ അഭിനയിച്ചു. 'ഓടയിൽനിന്ന്' എന്ന സിനിമയുടെ വിജയം പി. കേശവദേവിന്റെ ഇതര നോവലുകളിലേക്കും ശ്രദ്ധചെലുത്താൻ നിർമാതാക്കളെ പ്രേരിപ്പിച്ചു. അദ്ദേഹത്തിന്റെ മറ്റൊരു നോവലായ 'റൗഡി' അങ്ങനെയാണ് സിനിമയായത്. സേതുമാധവൻതന്നെയാണ് തിരുമുരുകൻ പിക്ചേഴ്സ് നിർമിച്ച 'റൗഡി'യും സംവിധാനംചെയ്തത്. 'ഓടയിൽനിന്ന് ' എന്ന ചിത്രത്തിലെ റിക്ഷാക്കാരൻ പപ്പുവിനെ അവതരിപ്പിച്ച സത്യൻതന്നെ 'റൗഡി'യിലെ നായകനെയും അവതരിപ്പിച്ചു. അദ്ദേഹത്തോടൊപ്പം മുത്തയ്യ, കൊട്ടാരക്കര ശ്രീധരൻ നായർ, അടൂർ ഭാസി, ജി.കെ. പിള്ള, ബി.കെ. പൊറ്റെക്കാട്, ടി.ആർ. ഓമന, അടൂർ പങ്കജം തുടങ്ങിയവരും അഭിനയിച്ചു. പി. കേശവദേവ് തന്നെയാണ് സംഭാഷണവും രചിച്ചത്. തിരക്കഥ സംവിധായകനും നോവലിസ്റ്റും ചേർന്നെഴുതി. വയലാറും ദേവരാജനും ചേർന്ന് ഗാനങ്ങളൊരുക്കി. നല്ല പാട്ടുകളുടെ സൃഷ്ടിക്ക് നല്ല കഥാമുഹൂർത്തങ്ങളും അനിവാര്യമാണ്. 'ഓടയിൽനിന്ന്' എന്ന സിനിമയിൽ വികാരതീവ്രമായ ഗാനമുഹൂർത്തങ്ങൾ ഉണ്ടായിരുന്നു. നായകൻതന്നെ പ്രതിനായകനാകുന്ന കഥയിൽ നല്ല പാട്ടുകൾ സൃഷ്ടിക്കുകയെന്നത് ക്ഷിപ്രസാധ്യമല്ല. എന്നിട്ടും പ്രതിഭാധനന്മാരായ വയലാറിനും ദേവരാജനും രണ്ടുമൂന്നു നല്ല പാട്ടുകൾ 'റൗഡി'ക്കുവേണ്ടിയും സൃഷ്ടിക്കാൻ കഴിഞ്ഞു. എസ്. ജാനകി പാടിയ ''പക്ഷിശാസ്ത്രക്കാരാ കുറവാ /പടിക്കലിത്തിരി നിന്നേ പോ /താളിയോലക്കിളിയുമായ് നീ / തണലിലൽപമിരുന്നേ പോ...'' എന്ന പാട്ടും പി. സുശീല പാടിയ ''ഇന്നലെയമ്പലമുറ്റത്തിരുന്നു ഞാൻ / കണ്ണുനീർ തൂവുകയായിരുന്നു /കഥകളി കണ്ടില്ല, കച്ചേരി കേട്ടില്ല/കരിമരുന്നൊന്നും ഞാൻ കണ്ടില്ല'' എന്ന പാട്ട് ഇന്നും ശ്രോതാക്കളുടെ ഓർമയിലുണ്ട്. പി. സുശീല ഈ ചിത്രത്തിൽ മൂന്നു ഗാനങ്ങൾ പാടി. ''വെള്ളിക്കിണ്ണം കൊണ്ടു നടക്കും /വെളുത്ത വാവേ/വിണ്ണിലെ വൃന്ദാവനിക വളർത്തിയ / കന്യക നീ -കന്യക നീ'' എന്ന പാട്ടും ''ഗോകുലപാലാ ഗോപകുമാരാ/ഗുരുവായൂരപ്പാ/വാകച്ചാർത്തും തിരുവുടലഴകും/ കാണാറാകേണം -കൃഷ്ണാ '' എന്ന ഗാനവും സുശീലയാണ് പാടിയത്.
രേണുക പാടിയ ''നീലാഞ്ജനക്കിളി നീലാഞ്ജനക്കിളി/നിനക്കുമിന്ന് നൊയമ്പാണോ/തിങ്കളാഴ്ച നൊയമ്പാണോ..?'' എന്ന ഗാനവും നന്നായിരുന്നു.
''പാലാട്ട് കോമൻ വന്നാലും /പരമു ചട്ടമ്പി മാറൂല്ല /പന്ത്രണ്ടാന മദിച്ചുവന്നാലും/പരമുചട്ടമ്പി മാറൂല്ല...'' എന്ന ഹാസ്യഗാനം ഉദയഭാനുവാണ് പാടിയത്, ദേവരാജൻ മാസ്റ്ററുടെ സംഗീതസംവിധാനത്തിൽ ഉദയഭാനു അധികം പാട്ടുകൾ പാടിയിട്ടില്ല. 'റൗഡി'യിലെ ഗാനങ്ങളെക്കുറിച്ചു ചിന്തിക്കുമ്പോൾ അത്ഭുതപ്പെടുത്തുന്ന മറ്റൊരു കാര്യം ഈ ചിത്രത്തിൽ യേശുദാസ് ഒരു പാട്ടുപോലും പാടിയിട്ടില്ല എന്നതാണ്. 'ഓടയിൽനിന്ന്' എന്ന സിനിമക്കു ലഭിച്ച പ്രശംസയും സാമ്പത്തികവിജയവും നേടാൻ 'റൗഡി' എന്ന സിനിമക്ക് കഴിഞ്ഞില്ല. ജയ് മാരുതി പ്രൊഡക്ഷൻസിനു വേണ്ടി ടി.ഇ. വാസുദേവൻ നിർമിച്ച 'പിഞ്ചുഹൃദയം' എന്ന സിനിമയുടെ മൂലകഥ തിലക് എഴുതിയതാണ്. തിരക്കഥയും സംഭാഷണവും എസ്.എൽ പുരം എഴുതി. പ്രേംനസീർ, അംബിക, മുത്തയ്യ, ശങ്കരാടി, കവിയൂർ പൊന്നമ്മ, മീന, മാസ്റ്റർ പ്രഭ തുടങ്ങിയവരായിരുന്നു അഭിനേതാക്കൾ. പി. ഭാസ്കരന്റെ ഗാനങ്ങൾക്ക് വി. ദക്ഷിണാമൂർത്തി ഈണം പകർന്നു. പി. ലീല, എം.എൽ. വസന്തകുമാരി, എൽ.ആർ. ഈശ്വരി, എ.പി. കോമള, രേണുക, അരുണ എന്നീ ഗായികമാർ പിന്നണിയിൽ പാടി. എം. കൃഷ്ണൻനായരാണ് 'പിഞ്ചുഹൃദയം' സംവിധാനംചെയ്തത്. പി. ലീല പാടിയ ''കറ്റക്കിടാവായ കണ്ണനാമുണ്ണിക്കു/ പെറ്റമ്മയായതു ദേവകിയേ/കണ്മണിക്കുട്ടനെ പാലൂട്ടി താരാട്ടും/അമ്മയായ് തീർന്നു യശോദയല്ലോ /പുന്നാരക്കവിളത്തു മുത്തം വിതറുവാൻ / നന്ദകുമാരന് രണ്ടമ്മ'' എന്ന ഗാനം രചനയിലും ഈണത്തിലും മികച്ചുനിന്നു. രേണുക പാടിയ ''അമ്പാടിക്കുട്ടാ -കണ്ണാ-കണ്ണാ/ അമ്മയെ കാണാൻ ഒക്കൂല്ലേ -ഇനി/ അമ്മയെ കാണാൻ ഒക്കൂല്ലേ/ മറ്റാരും കാണാതെ കെട്ടിപ്പിടിച്ചൊരു/മുത്തം കൊടുക്കാൻ പറ്റൂല്ലേ...'' എന്ന ഗാനവും കഥാസന്ദർഭവുമായി അലിഞ്ഞുചേരുന്നതായിരുന്നു. എൽ.ആർ. ഈശ്വരിയും സംഘവും പാടിയ ''അത്തം പത്തിനു പൊന്നോണം/പുത്തരി കൊയ്തൊരു കല്യാണം/ചാഞ്ചക്കം ചാഞ്ചക്കം ചാഞ്ചാട്ടം/ചന്ദനക്കൊമ്പത്ത് ചാഞ്ചാട്ടം'' എന്ന ഓണാഘോഷഗാനവും നിറവുള്ളതായിരുന്നു.
''ഗാനവും ലയവും നീയല്ലോ/ ആനന്ദകാരിണീ സംഗീതരൂപിണീ /വീണയിൽ സ്വരം നീയേ /വാക്കിൽ ധ്വനി നീയേ/മാനസത്തിൻ മധുരകൽപന നീയേ.../നാദബ്രഹ്മമേ നീ കനിഞ്ഞാൽ /നരകവും സ്വർഗമായ് തീരുമല്ലോ'' എന്ന ഗാനം രചനയിലും സംഗീതത്തിലും ഉയർന്ന നിലവാരം പുലർത്തി.
പി. ലീല പാടിയ ''മല്ലാക്ഷീമണിമൗലേ രാധികേ തവ ചിത്തം/ മുല്ലപ്പൂവമ്പുകൊണ്ടാൽ മുറിയില്ലെന്നോ..? /ഹേമന്തരജനിയിൽ താമരത്തളിരിൽ നീ/ ലേഖമയച്ചു -ഞാൻ കൊതിച്ചു -ദർശനം തേടി'' എന്ന പ്രശസ്തഗാനം 'പിഞ്ചുഹൃദയ'ത്തിലെ ഗാനമാണെന്നു പലർക്കും അറിയില്ല. രണ്ടു നല്ല പാട്ടുകൾകൂടി 'പിഞ്ചുഹൃദയ'ത്തിൽ ഉണ്ട്.
''അകലെയകലെ അളകാപുരിയിൽ/ അതിസുന്ദരി റാണിയൊരുത്തി/കൂട്ടിലിട്ടൊരരയന്നത്തെ പോറ്റിവളർത്തി'' എന്ന കഥാഗാനവും ''കൺ കവരും കാമിനിയാളേ രമണീ സീതേ/ വരൂ നീ -വന്നാൽ ലങ്കാപുരിറാണിപ്പട്ടം/തരുവേൻ ഉടൻ തരുവേൻ'' എന്നിവയാണ് ആ പാട്ടുകൾ. ഈ രണ്ടു പാട്ടുകളും എൽ.ആർ. ഈശ്വരിയാണ് പാടിയത്.
1966 ഏപ്രിൽ 22ന് കേരളത്തിൽ പ്രദർശനമാരംഭിച്ച 'കടമറ്റത്തച്ചൻ' എന്ന ചിത്രം മന്ത്രവാദിയായ ക്രിസ്ത്യൻ പുരോഹിതന്റെ കഥയാണ്. സത്യങ്ങളും മിത്തുകളും കൂടിക്കുഴഞ്ഞ് ഏതു സത്യം, ഏത് അസത്യം എന്ന് വേർതിരിച്ചെടുക്കാൻ കഴിയാത്ത അവസ്ഥയാണ് ഇത്തരം കേട്ടുകേൾവികളിലുള്ളത്. ഒരു പുരോഹിതൻ തന്നെയാണ് ഈ സിനിമയുടെ നിർമാതാവും. റവ. ഫാദർ ജോർജ് തര്യൻ. അദ്ദേഹവും കെ.ആർ. നമ്പ്യാരും ചേർന്ന് സിനിമ സംവിധാനംചെയ്തു. മുതുകുളം രാഘവൻ പിള്ളയാണ് സംഭാഷണരചയിതാവ്. പ്രേംനസീർ, തിക്കുറിശ്ശി, എൻ. ഗോവിന്ദൻകുട്ടി, സുകുമാരി, ടി.ആർ. ഓമന, ജി.കെ.പിള്ള, എസ്.പി. പിള്ള, മുതുകുളം രാഘവൻപിള്ള, പള്ളം ജോസഫ് തുടങ്ങിയവർ അഭിനയിച്ച 'കടമറ്റത്തച്ചൻ' എന്ന ചിത്രത്തിലെ ഗാനരചയിതാക്കൾ അഭയദേവും നവാഗതനായ അനുജൻ കുറിച്ചിയുമായിരുന്നു. നിർമാതാവായ ഫാദർ ജോർജ് തര്യനും രണ്ടു പാട്ടുകൾ എഴുതി. യേശുദാസ്, പി. ലീല, പി. സുശീല എന്നിവരോടൊപ്പം സംഗീതസംവിധായകനായ വി. ദക്ഷിണാമൂർത്തിയും പിന്നണിയിൽ പാടി. ചിത്രത്തിൽ ആകെ ഒമ്പതു പാട്ടുകളുണ്ടായിരുന്നു. ആറു പാട്ടുകൾ അഭയദേവും രണ്ടു പാട്ടുകൾ ഫാദർ ജോർജ് തര്യനും ഒരു ഗാനം അനുജൻ കുറിച്ചിയും എഴുതി. ''അങ്ങങ്ങു ദൂരെ ചക്രവാളത്തിൽ/ മങ്ങിമറഞ്ഞു നീ മാരിവില്ലേ / എങ്ങൂന്നോ വന്നു എന്തിനോ വന്നു എങ്ങോ പോയ് മറഞ്ഞു -അങ്ങങ്ങു ദൂരെ...'' എന്ന ഗാനമാണ് നവാഗതനായ അനുജൻ കുറിച്ചി എഴുതിയത്. ഈ ഗാനം പി. ലീല പാടി. ഫാ. ജോർജ് തര്യൻ എഴുതിയ ''ദുഷ്ടാത്മാക്കൾക്കും പിശാചുക്കൾക്കും -പിന്നെ/കുട്ടിച്ചാത്തന്മാർക്കും സംഹാരരൂപിയായ്/ ആയിരത്താണ്ടുകൾക്കപ്പുറം ജീവിച്ചോ - /രാരാധ്യപുരുഷൻ കടമറ്റത്തച്ചൻ'' എന്ന പാട്ടും ''കന്യകാപുത്രന്റെ ദാസനായ് ലോകത്തിൽ/അന്യോന്യസ്നേഹത്തിൻ ദീപം തെളിയിച്ച / പരിശുദ്ധാചാര്യനാം കടമറ്റത്തച്ചന്റെ / പ്രാർഥന ഞങ്ങൾക്ക് തുണയായിരിക്കണേ...'' എന്ന പാട്ടും വി. ദക്ഷിണാമൂർത്തിയാണ് പാടിയത്.
അഭയദേവ് എഴുതിയ ''ആരുണ്ടെനിക്കൊരു വീണ തരാൻ /ആനന്ദപൊന്മണി വീണ തരാൻ.../ ഉള്ളിൽ തുടിക്കുന്ന ഗാനമെല്ലാം ഞാൻ/ ഉല്ലാസമോടെ പകർന്നുതരാം...'' എന്ന ഗാനവും ''എല്ലാം തകർന്നല്ലോ...'' എന്ന ഗാനവും പി. ലീല തന്നെയാണ് ആലപിച്ചത്. അഭയദേവ് എഴുതിയ ''എണ്ണിയാൽ തീരാത്ത പാപം / ഒരു തുള്ളി കണ്ണീരു കണ്ടാൽ/ പൊറുക്കുന്നോനെ /മണ്ണിനും വിണ്ണിനും നായകനെ -നിന്റെ /പുണ്യമാം നാമം /ജയിക്കേണമേ...'' / ''മുൾമുടി ചൂടി...'' എന്നാരംഭിക്കുന്ന ഗാനവും ''നിൻ തിരുനാമം...'' എന്ന ഗാനവും ആണ് ഈ സിനിമയിൽ യേശുദാസ് പാടിയത്. ''എണ്ണിയാൽ തീരാത്ത പാപം/ഒരു തുള്ളി കണ്ണീരു/കണ്ടാൽ/പൊറുക്കുന്നോനെ/ മണ്ണിനും വിണ്ണിനും നായകനെ -നിന്റെ /പുണ്യമാം നാമം ജയിക്കേണമേ'' (യേശുദാസ്).
''നിൻ തിരുനാമം വാഴ്ത്തുന്നേൻ /നന്മ നിറഞ്ഞവനല്ലോ നീ / ചുഴിയിൽപെട്ടൊരു വഞ്ചിയെ നീ /നേർവഴിയിൽ തന്നെയെത്തിച്ചു... / കരുണ നിറഞ്ഞൊരു കൈകളിലെന്നെ/കർത്താവേ നീയേൽപ്പിച്ചു...'' (യേശുദാസ്).
''സ്വപ്നശതങ്ങൾ മയങ്ങുമെൻ ആനന്ദ-/സ്വർഗത്തിലാദ്യം വിരിഞ്ഞ മുല്ലേ /മുത്തണി പല്ലുകൾ കാട്ടി/ചിരിച്ചെന്റെ / ചിത്തം കവരുന്ന കൊച്ചുമുല്ലേ...കൊച്ചുമുല്ലേ...'' എന്ന ഗാനം പി. സുശീലയാണ് പാടിയത്. ''പട്ടടക്കാളീ പട്ടടക്കാളീ പട്ടടക്കാളീ /പാട്ടും ചിലങ്കയും കേട്ടെടി കാളീ'' എന്ന ഒരു സംഘഗാനവും 'കടമറ്റത്തച്ചനി'ൽ ഇടംപിടിച്ചിട്ടുണ്ട്.
'കടമറ്റത്തച്ചൻ' എന്ന ചിത്രവും അതിലെ പാട്ടുകളും വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടോ എന്ന് സംശയമാണ്. നിർമാതാവും സംവിധായകനുമായ ഫാ. ജോർജ് തര്യൻതന്നെ തര്യൻ പിക്ചേഴ്സിന്റെ മേൽനോട്ടത്തിൽ ചിത്രത്തിന്റെ വിതരണവും നടത്തി.
1966ന്റെ ആദ്യപകുതിയിൽ രണ്ടു ചിത്രങ്ങളിലൂടെ എന്നെന്നും ഓർമിക്കുന്ന കുറെ പാട്ടുകൾ നൽകിയ ബി.എ. ചിദംബരനാഥിന്റെ പ്രതിഭക്ക് നാം നന്ദി പറയണം. ''നിദ്രതൻ നീരാഴി നീന്തിക്കടന്നപ്പോൾ'' എന്ന ഗാനത്തിന്റെ സൗന്ദര്യം പി. ഭാസ്കരൻ എന്ന മഹാകവിക്കും ചിദംബരനാഥിനും ഒരുപോലെ അവകാശപ്പെട്ടതാണ്.
(തുടരും)