''ആശാന്റെ കവിതയും ഒ.എൻ.വിയുടെ ഗാനവും'' -ശ്രീകുമാരൻ തമ്പിയുടെ സംഗീത യാത്രകൾ തുടരുന്നു
മികച്ച പല ചിത്രങ്ങളും മികച്ച അനവധി ഗാനങ്ങളും മലയാളസിനിമക്ക് സമ്മാനിച്ച വർഷമായിരുന്നു 1966. അക്കാലത്തെ പാട്ടുകളെക്കുറിച്ചാണ് ഇത്തവണ. ഒ.എൻ.വിയും ആശാനും ആ വർഷങ്ങളിൽ പാട്ടുകളിൽ നിറഞ്ഞു.
''ആയിരം ചിറകുള്ള സ്വപ്നങ്ങളേ/ആകാശപുഷ്പങ്ങളേ/താഴ്വരക്കാട്ടിൽ തപസ്സിരിക്കും -ഈ/താഴമ്പൂവിനെ ഓർമയില്ലേ..?'' 'കനകച്ചിലങ്ക' എന്ന സിനിമക്കുവേണ്ടി പി. സുശീല പാടിയ ഗാനമാണിത്. ഗാനം ഇങ്ങനെ തുടരുന്നു: ''മറന്നൂ മധുരഗീതങ്ങൾ/മറന്നൂ മദനനൃത്തങ്ങൾ/ മനസ്സിൻ മൗനവേദനയിൽ/മയങ്ങും പാതിരാമലർ ഞാൻ/...
Your Subscription Supports Independent Journalism
View Plans''ആയിരം ചിറകുള്ള സ്വപ്നങ്ങളേ/ആകാശപുഷ്പങ്ങളേ/താഴ്വരക്കാട്ടിൽ തപസ്സിരിക്കും -ഈ/താഴമ്പൂവിനെ ഓർമയില്ലേ..?'' 'കനകച്ചിലങ്ക' എന്ന സിനിമക്കുവേണ്ടി പി. സുശീല പാടിയ ഗാനമാണിത്. ഗാനം ഇങ്ങനെ തുടരുന്നു: ''മറന്നൂ മധുരഗീതങ്ങൾ/മറന്നൂ മദനനൃത്തങ്ങൾ/ മനസ്സിൻ മൗനവേദനയിൽ/മയങ്ങും പാതിരാമലർ ഞാൻ/ സ്വപ്നങ്ങൾ പണ്ടു കൊളുത്തിക്കെടുത്തിയ/ മുത്തുവിളക്കിന്റെ കീഴിൽ/പൂവമ്പൻ കാണാത്ത പൂമ്പൊടി ചൂടാത്ത/പൂജയ്ക്കെടുക്കാത്ത പൂവാണു ഞാൻ.'' വയലാർ രാമവർമ എഴുതിയ ശോകരസം തുളുമ്പുന്ന ഈ ഭാവഗീതത്തിന് അനുയോജ്യമായ ഈണം നൽകിയത് എം.എസ്. ബാബുരാജ് ആണ്. വയലാർ-ബാബുരാജ് ടീമിനെ താൻ സംവിധാനം ചെയ്യുന്ന സിനിമകളിൽ നിലനിർത്താൻ താൽപര്യം കാണിച്ചിരുന്ന എം. കൃഷ്ണൻ നായരാണ് 'കനകച്ചിലങ്ക' എന്ന ചിത്രം സംവിധാനം ചെയ്തത്. അശോക് കുമാർ നായകനായി അഭിനയിച്ച 'കിസ്മത്ത്' എന്ന ഹിന്ദിചിത്രത്തിന്റെ കഥ പശ്ചാത്തലമാക്കി ഹിന്ദി സിനിമാ നിർമാതാവും ഫിനാൻസറുമായ സുന്ദർലാൽ നഹാത്ത മലയാളത്തിൽ നിർമിച്ച ചിത്രമാണ് 'കനകച്ചിലങ്ക.' തോപ്പിൽ ഭാസി ഈ ചിത്രത്തിന് സംഭാഷണം എഴുതി. പ്രേംനസീർ, ഷീല, മുത്തയ്യ, അടൂർ ഭാസി, തിക്കുറിശ്ശി, ജി.കെ.പിള്ള, പങ്കജവല്ലി തുടങ്ങിയവർ അഭിനയിച്ച 'കനകച്ചിലങ്ക'യിൽ മികച്ച ഗാനങ്ങൾ വേറെയും ഉണ്ടായിരുന്നു. യേശുദാസ് പാടിയ ''മനസ്വിനീ-മനസ്വിനീ -നിൻ/മാനസവീണയിൽ ഉണരുവതേതൊരു /മധുരസംഗീതം -മൗനസംഗീതം..?/പ്രേമതപസ്വിനി പാർവതി പാടിയ വിഷാദ ഗാനമോ പറയൂ...പറയൂ...'' എന്ന ഗാനവും പി. സുശീല പാടിയ കുഞ്ഞുകുഞ്ഞുന്നാളിലെനിക്കൊരു/കൂട്ടുകാരിയെ കിട്ടി.../ തൊടുന്നതെല്ലാം സംഗീതം -അവൾ /തൂകുന്നതെല്ലാം മണിനാദം/ഒന്നിച്ചു ഞങ്ങളുറങ്ങും...സ്വപ്നത്തിൽ/ഒന്നേ മനസ്സിന് മോഹം/ ഒന്നിച്ചുഷസ്സിലുണർന്നെഴുന്നേൽക്കുമ്പോൾ/ഒന്നേ സിരകളിൽ ദാഹം/ എങ്ങനെ കാണാതിരിക്കും...ഞങ്ങൾ/ എങ്ങനെ വേർപെട്ടിരിക്കും..? എന്ന ഗാനവും ജനപ്രീതി നേടിയെടുത്തു. പി. സുശീലതന്നെ പാടിയ ''പൊന്മലയോരത്ത് പുഴയുടെ തീരത്ത് പഞ്ചമിയെന്നൊരു പെണ്ണ്'' എന്ന് തുടങ്ങുന്ന ഒരു പാട്ടും യേശുദാസ് പാടിയ ''സഖീ സഖീ നിന്നെ കാണാനെത്തിയ സങ്കൽപ കാമുകനാണ് ഞാൻ...'' എന്ന് തുടങ്ങുന്ന മറ്റൊരു പാട്ടും കനകച്ചിലങ്ക എന്ന ചിത്രത്തിലുണ്ടായിരുന്നു. എസ്. ജാനകിയും എൽ.ആർ. ഈശ്വരിയും ചേർന്നു പാടിയ ''അമരാവതിയിൽ... അരമനപ്പടവിൽ...'' എന്ന ഗാനം വയലാറിന്റെ വ്യത്യസ്തതയുള്ള രചനയായിരുന്നു. ഈ പാട്ടിൽ ചില ഗ്രഹങ്ങളുടെ പേരുകൾപോലും വയലാർ രസകരമായ വിധത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു. ''അമരാവതിയിൽ അരമനപ്പടവിൽ/അപ്സരസുന്ദരിയവളിറങ്ങി/അവളുടെ കൈകളിൽ വള കിലുങ്ങി/ഉർവശിയോ മേനകയോ/രംഭയോ തിലോത്തമയോ / യദുകുലരാഗിണി രാധയോ... അവൾ/ഹിമഗിരിനന്ദിനി പാർവതിയോ..?/ ശുക്രനവൾക്കൊരു മണിമുടി നീട്ടി/ചൊവ്വ മുത്തുക്കുട നിർത്തി / വ്യാഴം തിരുവാഭണം ചാർത്തി /രാഹു നൽകി ദേവവീണ... നിരീശ്വരവാദിയായിരുന്ന വയലാറിന് ജ്യോതിഷത്തിൽ വിവരിക്കുന്ന ഗ്രഹസ്വഭാവങ്ങളെക്കുറിച്ചും അറിവുണ്ടായിരുന്നു എന്നതിന് തെളിവാണ് ഈ പ്രയോഗം. തമിഴ് ഗായകനായ എ.എൽ. രാഘവൻ പാടിയ ഒരു ഹാസ്യഗാനവും കനകച്ചിലങ്കയിൽ ഉണ്ടായിരുന്നു. ''പോളിഷ് പോളിഷ്/കൊച്ചിയിലും കിട്ടൂല്ല/കൊല്ലത്തും കിട്ടൂല്ല /ബോംബെ കപ്പലിൽ വന്നിറങ്ങിയ/ബൂട്ട് പോളിഷ്.../ കണ്ണിൽ കൂളിങ് ഗ്ലാസ്/ ചുണ്ടിൽ ഹിന്ദി ട്യൂൺ/തലയിൽ കുരുവിക്കൂട്/കരളിൽ സിനിമാസ്റ്റാറ് / കാലിലൊട്ടിയ കളസവുമിട്ട്/കറങ്ങി നടക്കുന്നവരേ/ഷൂസിലീ പോളീഷിട്ടാൽ ഷുവർ ചാൻസ്...''
പ്രണയഗാനം, ശോകഗാനം, യുഗ്മഗാനം എന്നിവയെപ്പോലെ ഹാസ്യഗാനവും അക്കാലത്തെ കമേഴ്സ്യൽ സിനിമയിലെ പാട്ടുഫോർമുലയുടെ ഭാഗമായിരുന്നു എന്നുപറയാം. പ്രദർശനം ആരംഭിച്ചതിനു ശേഷം ചില രംഗങ്ങളിൽ മാറ്റംവരുത്തി പ്രദർശനം തുടർന്ന അപൂർവം ചിത്രങ്ങളിലൊന്നാണ് കനകച്ചിലങ്ക. 1966 നവംബർ 11നാണ് ഈ ചിത്രം തിയറ്ററുകളിൽ എത്തിയത്.
'കാട്ടുപൂക്കൾ' എന്ന ചിത്രത്തിനുശേഷം നൃത്തസംവിധായകനായ കെ. തങ്കപ്പൻ സ്വന്തമായി നിർമിച്ച രണ്ടാമത്തെ സിനിമയാണ് 'കരുണ'. മഹാകവി കുമാരനാശാന്റെ അതേ പേരിലുള്ള പ്രശസ്ത കാവ്യമായിരുന്നു ഈ ചിത്രത്തിന് ആധാരം. മറ്റു സിനിമകളിൽ വയലാറിനോടൊപ്പം ഒരു ടീമായി പ്രവർത്തിച്ചിരുന്ന ദേവരാജൻ കെ. തങ്കപ്പൻ നിർമിക്കുന്ന സിനിമകളിൽ മാത്രം ഒ.എൻ.വിയോടൊപ്പം പ്രവർത്തിച്ചിരുന്നു എന്ന വസ്തുത ചിന്തനീയമാണ്. 'കരുണ' എന്ന സിനിമയിൽ ആശാന്റെ വരികളോടൊപ്പം ബാലമുരളി എന്ന തൂലികാനാമത്തിൽ ഒ.എൻ.വി എഴുതിയ ചില മനോഹര ഗാനങ്ങളും ഉണ്ടായിരുന്നു. ''എന്തിനീ ചിലങ്കകൾ/എന്തിനീ കൈവളകൾ/ എൻ പ്രിയനെന്നരികിൽ/വരില്ലയെങ്കിൽ/വാസന്തപുഷ്പങ്ങളിൽ/വണ്ടുകൾ മയങ്ങുമ്പോൾ വാസരസ്വപ്നമൊന്നിൽ/മുഴുകിപ്പോയ് ഞാൻ'' എന്ന ഗാനമാണ് ഇവയിൽ പ്രധാനം. പി. സുശീല ഈ ഗാനം മനോഹരമായി ആലപിച്ചു. യേശുദാസ് പാടിയ ''വാർതിങ്കൾ തോണിയേറി/വാസന്തരാവിൽ വന്ന/ ലാവണ്യദേവതയല്ലേ -നീ വിശ്വ/ലാവണ്യദേവതയല്ലേ..?'' എന്ന ഗാനവും കമുകറ പുരുഷോത്തമൻ പാടി അനശ്വരമാക്കിയ ''താഴുവതെന്തേ യമുനാതീരേ / തങ്കക്കതിരോനേ/ സകലസാക്ഷിയാം ദേവ നിനക്കിതു/കാണാനരുതെന്നോ..?'' എന്ന ഗാനവും മാത്രമല്ല, മഹാകവി ആശാന്റെ ചില വരികൾ നിലനിർത്തി ഒ.എൻ.വി അവയുമായി യോജിക്കുന്ന ഏതാനും വരികൾ യഥായോഗ്യം കൂട്ടിച്ചേർത്തു സൃഷ്ടിച്ച ''സമയമായില്ലാപോലും/സമയമായില്ലാപോലും/ക്ഷമയെന്റെ ഹൃദയത്തിലൊഴിഞ്ഞു തോഴീ.../ഒരിക്കലും വരില്ലെന്നു പറഞ്ഞില്ലല്ലോ.../എന്നാൽ ഒരിക്കലും വരുന്നതിന്നൊരുക്കമില്ലേ.../അനുരാഗപരീക്ഷയോ പരിഹാസമോ ...എന്റെ /അനുരാഗം ദേവനിന്നും അറിഞ്ഞില്ലെന്നോ -എല്ലാം പറഞ്ഞില്ലേ നീ..? '' എന്ന ഗാനവും ശരിക്കും ലളിതമധുരമായ കവിതയായി മാറുന്നു.
''മലരമ്പൻ മാമുനിയായ് നടിക്കയാണോ എന്റെ/മനസ്സു കൊണ്ടെത്രനാൾ കളിപ്പന്താടും/മധുമാസപാനപാത്രമൊഴിയും മുമ്പേ -എന്റെ/ മണിയറയിലെൻ നാഥൻ വരികയില്ലേ...'' ഈ മധുരഗാനവും പി. സുശീലയുടെ സ്വരശുദ്ധിയിലാണ് നാം ആസ്വദിച്ചത്. ചിത്രത്തിൽ കഥയുടെ മുഖവുരയായ അവതരണഗാനംപോലെ വരുന്ന ''ഉത്തരമഥുരാ വീഥികളേ/വിസ്തൃത ജനപഥ വീഥികളേ /തഥാഗതൻ തൻ പദങ്ങൾതേടി/കൈ നീട്ടുകയല്ലേ -നിങ്ങൾ/ കൈ നീട്ടുകയല്ലേ...'' (ആലാപനം: യേശുദാസ്) എന്നു തുടങ്ങുന്ന വരികളും ദേവരാജന്റെ പരിലാളനയാൽ ശ്രദ്ധേയമായി. ''അനുപമ കൃപനിധി അഖിലബാന്ധവൻ...'' എന്ന ആശാന്റെ പ്രസിദ്ധവരികൾ പാടിയത് സംഗീതസംവിധായകൻ ദേവരാജൻതന്നെയാണ്. മദാലസയായ വാസവദത്തക്ക് പാടാനായി ഒ.എൻ.വി എഴുതിയ വരികളിലെല്ലാം ആ കഥാപാത്രത്തിന്റെ കാമവികാരം വളരെ പക്വതയോടെ ലയിപ്പിച്ചിട്ടുള്ളത് കാണാം: ''പൂത്തു പൂത്തു പൂത്തുനിന്നു/ പൊന്നശോകം -എന്റെ /പൊന്നശോകം -താഴെ/കാത്തു കാത്തു കാത്തുനിന്ന/ മാരദൂതി ഞാൻ -അനുരാഗദൂതി ഞാൻ /മുത്തിമുത്തിക്കുടിക്കുകീ/ മുന്തിരിതേൻ കുടങ്ങൾ/മുത്തിമുത്തിക്കുടിക്കു നീ/ മുകരുക മുകരുക മുകരുകീ പൂങ്കുലകൾ/മുഗ്ധരാഗ മലർക്കുലകൾ'' തുടങ്ങിയ വരികളും ''മധുരാപുരിയൊരു മധുപാത്രം -അതിൽ/നിറയും മദിരായിതാ/മാദകമായികലഹരിയിതാ-ഇത് /നുകരൂ നുകരൂ...നുകരൂ...'' എന്ന ഗാനത്തിലെ വരികളും ശ്രദ്ധേയം. (ഗായിക -പി. സുശീല). ''വർണോത്സവമേ വസന്തമേ നീ/സ്വർണത്തേരിലെഴുന്നള്ളൂ...'' എന്ന ഗാനവും തഥാഗതനെ സ്വാഗതം ചെയ്യുന്ന ''കരുണ തൻ മണിദീപമേ... കനിവിൻ പൗർണമിനാളമേ...'' എന്ന ഗാനവും യേശുദാസും എസ്. ജാനകിയും ചേർന്നു പാടിയ ''കൽപതരുവിൻ തണലിൽ -ഒരു /സ്വപ്നത്തിൻ മലർവിരിയിൽ'' എന്ന യുഗ്മഗാനവും 'കരുണ'യിൽ ഇടംപിടിച്ചിരുന്നു.
ഗായകൻ എന്ന നിലയിലും സംഗീതസംവിധായകൻ എന്ന നിലയിലും മലയാള നാടകരംഗത്തും സിനിമാരംഗത്തും പ്രവർത്തിച്ച എൽ.പി.ആർ. വർമ ഒരു ഇടവേളക്കുശേഷം വയലാറിന്റെ പാട്ടുകൾക്ക് ഈണം നൽകിയ ചിത്രമാണ് ടി.ഇ. വാസുദേവൻ ജയ് മാരുതിക്കുവേണ്ടി നിർമിച്ച 'സ്ഥാനാർഥി സാറാമ്മ'. ഇതിലെ പാട്ടുകളെല്ലാം ശ്രദ്ധിക്കപ്പെട്ടു. മുട്ടത്തു വർക്കിയുടെ പ്രശസ്ത നോവലിന്റെ ചലച്ചിത്രഭാഷ്യമായിരുന്നു ഈ ചിത്രം. എസ്.എൽ. പുരം സദാനന്ദൻ സംഭാഷണം എഴുതി പ്രേംനസീർ, ഷീല, പങ്കജവല്ലി, അടൂർ ഭാസി, ജി.കെ. പിള്ള, ശങ്കരാടി, നെല്ലിക്കോട് ഭാസ്കരൻ, കുഞ്ഞാണ്ടി തുടങ്ങിയവർ അഭിനയിച്ച ഈ ചിത്രത്തിൽ പഞ്ചായത്ത് തെരഞ്ഞെടുപ്പ് ആയിരുന്നു പശ്ചാത്തലം. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി എഴുതപ്പെട്ട ചില പാട്ടുകൾ അടൂർ ഭാസിയാണ് പാടിയത്. കാമുകീകാമുകന്മാരായ ജോണിക്കുഞ്ഞും സാറാമ്മയും ഒരു പ്രത്യേക സാഹചര്യത്തിൽ ഒരേ വാർഡിൽ സ്ഥാനാർഥികളായി മത്സരിക്കുന്നതും തുടർന്നുണ്ടാകുന്ന വൈകാരികപ്രശ്നങ്ങളുമാണ് സിനിമ പറയുന്നത്. യേശുദാസും പി. ലീലയും ചേർന്നു പാടിയ ''അക്കരപ്പച്ചയിലെ...'' എന്ന ഗാനം ചിത്രം പുറത്തുവന്ന കാലത്ത് സൂപ്പർഹിറ്റ് ആയിരുന്നു. ഇന്നും പലരും ഈ പാട്ട് ഓർമിക്കുന്നുണ്ടാവും. ''അക്കരപ്പച്ചയിലെ അഞ്ജനച്ചോലയിലെ/ ആയിരമിതളുള്ള പൂവേ/ആർക്കുവേണ്ടി വിടർന്നു നീ അല്ലിപ്പൂവേ...'' അനുപല്ലവിയിലും ചരണത്തിലും വരുന്ന വരികളിൽ വയലാർ കൃതഹസ്തതയോടെ കഥാപാത്രങ്ങളുടെ ക്രിസ്ത്യൻ പശ്ചാത്തലം കൊണ്ടുവന്നിട്ടുണ്ട്. ''പറുദീസയിലെ പകുതി വിരിഞ്ഞൊരു /പാതിരാമലർ തേടി /ഈ വഴിയരുകിൽ വന്നു നില്ക്കുമൊ-/രിടയപ്പെൺകൊടി ഞാൻ.../തിങ്കൾക്കലയുടെ തേരിറങ്ങിയ/തിരുഹൃദയപ്പൂങ്കാവിൽ/ പൂത്തുവന്നതു പൊൻകതിരോ/പുഞ്ചിരിയോ പൂമൊഴിയോ..?/ ശരപ്പൊളിമുത്തുകൾ വാരിത്തൂകിയ/ ശരോണിലെ സന്ധ്യകളിൽ/യരൂശലേം കന്യക പോലെ/ വിരുന്നു വന്നവളാണ് ഞാൻ.'' (അക്കരപ്പച്ചയിലെ...) യുഗ്മഗാനമായി ചിത്രത്തിന്റെ ആദ്യഭാഗത്തു വരുന്ന ഈ ഗാനം എസ്. ജാനകിയുടെ ശബ്ദത്തിൽ ചിത്രത്തിൽ ആവർത്തിക്കപ്പെടുന്നുണ്ട്. ചിത്രത്തിലെ മറ്റൊരു മികച്ച ഗാനം രേണുകയാണ് പാടിയത്. ''കാവേരീ തീരത്തു നിന്നൊരു കൈനോട്ടക്കാരി/കാലത്തേ വീട്ടിൽ വന്നു/ കൈനോക്കാനരികിലിരുന്നു/മേലാകെ പച്ച കുത്തിയ കൈനോട്ടക്കാരി...'' എന്നാരംഭിക്കുന്ന ഗാനവും ജനപ്രീതി നേടി. ''യരുശലേമിൻ നാഥാ -യേശുനാഥാ/അവിടുന്നെന്നെ പരീക്ഷണങ്ങളിൽ / അകപ്പെടുത്തരുതേ...'' എന്ന ഭക്തിഗാനവും പാടിയത് പി. ലീലയാണ്.
കുഞ്ചാക്കോ നിർമാണവും സംവിധാനവും നിർവഹിച്ച 'തിലോത്തമ' എന്ന ചിത്രം ചരിത്രപശ്ചാത്തലത്തിലുള്ള ഒരു പ്രണയകഥയായിരുന്നു. രജപുത്രരുടെ ധീരതയും സാഹസികതയുമൊക്കെ വെളിവാക്കുന്ന കഥ. ചിത്രത്തിൽ തിലോത്തമയായി വന്നത് കെ.ആർ. വിജയയാണ്.സത്യൻ, പ്രേംനസീർ, മധു, ശാരദ, തിക്കുറിശ്ശി, കൊട്ടാരക്കര ശ്രീധരൻ നായർ, അടൂർ ഭാസി തുടങ്ങിയവരോടൊപ്പം ഒ.എ.കെ. തേവർ എന്ന തമിഴ് നടനും 'തിലോത്തമ'യിൽ അഭിനയിച്ചു. പ്രശസ്ത എഴുത്തുകാരൻ വൈക്കം ചന്ദ്രശേഖരൻ നായരാണ് ഈ ചിത്രത്തിന് സംഭാഷണം എഴുതിയത്. വയലാറും ദേവരാജനും ചേർന്നൊരുക്കിയ തിലോത്തമയിലെ പാട്ടുകളെല്ലാം മികച്ചുനിന്നു. രണ്ടു മൂന്നു ഗാനങ്ങൾ സൂപ്പർഹിറ്റുകളായി. പി. സുശീല പാടിയ ''ഏഴര വെളുപ്പിനുണർന്നവരേ/എന്റെ സഖിമാരേ/ എന്തിനെന്നെ പൊന്നണിയിച്ചു,/മന്ത്രകോടിയുടുപ്പിച്ചു'' എന്ന ഗാനവും ''പൂവിട്ടു പൂവിട്ടു പൂവിട്ടു നിൽക്കുന്നു/പൂത്തിരുവാതിര രാത്രി/ പൊന്നമ്പിളിക്കല ചൂടുന്ന ദേവനെ /പൂമാല ചാർത്തിച്ച രാത്രി'' എന്ന ഗാനവും അത്യാകർഷകങ്ങളായിരുന്നു എന്നു പറയാം. ആദ്യ ഗാനത്തിലെ അനുപല്ലവിയിൽ വരുന്ന വരികൾ കഥാസന്ദർഭവുമായി അലിഞ്ഞുചേരുന്നതായി. എൻ പ്രിയനില്ലാത്ത പന്തലിൽ ചെല്ലുമ്പോൾ/എന്തിനീ സ്വയംവരഹാരം / ബലി കൊടുക്കാൻ കൊണ്ടുപോകുമ്പൊഴേന്തിനീ/ തിലകവും താലവും തോഴീ...'' എന്നീ വരികളാണ് ഇവിടെ ഓർമിച്ചത്. യേശുദാസ് പാടിയ ''ചഞ്ചല ചഞ്ചല പാദം/ഝല ഝല നൂപുര നാദം/ തധികിണ തധികിണ മൃദംഗതാളം/തങ്കച്ചിലമ്പൊലി മേളം'' എന്ന ഗാനം വളരെ പ്രശസ്തമാണ്. നൃത്തത്തിനു വേണ്ടി ചിട്ടപ്പെടുത്തിയ ഒരു ക്ലാസിക്കൽ ഗാനമാണത്. യേശുദാസ് തന്നെ പാടിയ ''പ്രിയേ -പ്രണയിനീ -പ്രിയേ/മാനസ പ്രിയേ, പ്രണയിനീ പ്രിയേ...'' എന്ന ഗാനം തികച്ചും പുതുമയുള്ളതായിരുന്നു. രചനയിൽ വയലാറിന്റെ സ്ഥിരം ശൈലിയിൽനിന്നും വിട്ടുനിന്നതുപോലെ ഈണം ദേവരാജന്റെ പതിവുശൈലിയിൽനിന്നും അകന്നു നിന്നു. നായകനായ പ്രേംനസീർ കുതിരപ്പുറത്ത് സഞ്ചരിക്കുമ്പോൾ പാടുന്ന ഗാനമാണത്. കുതിരയുടെ വേഗം, കുളമ്പടിയുടെ താളം -ഇവയെല്ലാം പാട്ടിൽകൊണ്ടുവരാൻ സംഗീതസംവിധായകൻ ശ്രദ്ധിച്ചിട്ടുണ്ട്. പി. ലീലയും പി. സുശീലയും ചേർന്നു പാടിയ ''ഇന്ദീവരനയനേ സഖി നീ/ഇന്നലെ രാത്രിയിൽ ഉറങ്ങിയില്ലേ..?'' എന്ന ഗാനവും എസ്. ജാനകി പാടിയ ''ദേവകുമാരാ... ദേവകുമാരാ/പ്രേമസരോരുഹമാലയിതണിയൂ... ദേവകുമാരാ/ എന്ന ഗാനവും പി. ലീല പാടിയ ഭാഗ്യഹീനകൾ ഭാഗ്യഹീനകൾ ഭാരതസ്ത്രീകൾ എന്ന ഗാനവും മോശമായിരുന്നില്ല. 1966 ഡിസംബർ 22നു തിയറ്ററുകളിൽ എത്തിയ തിലോത്തമ സംഗീതവിജയം നേടിയെങ്കിലും സാമ്പത്തികവിജയം നേടിയില്ല. ഇതേ ദിവസംതന്നെ റിലീസ് ചെയ്ത നീല പ്രൊഡക്ഷൻസിന്റെ 'പ്രിയതമ' എന്ന സിനിമ താരതമ്യേന മുടക്കുമുതൽ കുറവായ പടമായിരുന്നു. കാനം ഇ.ജെ കഥയും സംഭാഷണവും രചിച്ച പ്രിയതമക്ക് ഈ ലേഖകനാണ് പാട്ടുകൾ എഴുതിയത്. 'കാട്ടുമല്ലിക' എന്ന വനസാഹസിക ചിത്രത്തിനു ശേഷം പി. സുബ്രഹ്മണ്യം സംവിധാനംചെയ്തു നിർമിച്ച സിനിമയാണ് പ്രിയതമ. എനിക്ക് സിനിമയിൽ ആദ്യമായി അവസരം നൽകിയ നിർമാതാവ് തുടർന്നു നിർമിച്ച കുടുംബചിത്രത്തിലും എന്നെ ഗാനരചയിതാവായി നിശ്ചയിച്ചത് ഒരു നവാഗതൻ എന്ന നിലയിൽ എനിക്ക് വലിയ അംഗീകാരമായി തീർന്നു എന്നു പറയാം. ഈ ചിത്രത്തിൽ പ്രധാനപ്പെട്ട രണ്ടു പാട്ടുകൾ പാടിയത് പി.ബി. ശ്രീനിവാസും കമുകറ പുരുഷോത്തമനുമാണ്. പാട്ടുകൾക്ക് സംഗീതം നൽകിയത് മെറിലാൻഡ് സിനിമകളിൽ ആദ്യകാലത്ത് സ്ഥിരം സംഗീതസംവിധായകനായിരുന്ന ബ്രദർ ലക്ഷ്മൺ ആണ്. ''ജീവിതമൊരു കൊച്ചു കിലുക്കാംപെട്ടി വിധിയെന്ന കളിക്കുട്ടി വിരലുകൾകൊണ്ടു തട്ടി/കിലുക്കി കളിക്കുമൊരു കിലുക്കാംപെട്ടി'' എന്ന ഗാനം പി.ബി. ശ്രീനിവാസ് പാടി. കമുകറ പുരുഷോത്തമൻ പാടിയ ഗാനവും തത്ത്വചിന്താപരമായിരുന്നു. ''പൂവായ് വിരിഞ്ഞതെല്ലാം കായാകുമോ/കായായ് വിളഞ്ഞതെല്ലാം കനിയാകുമോ/ മണ്ണിൽ കുരുത്തതെല്ലാം മലർ ചൂടുമൊ മനസ്സിന്റെ സ്വപ്നമെല്ലാം നിലനിൽക്കുമോ...''എന്നിങ്ങനെ ആരംഭിക്കുന്നു ആ ഗാനം. പി. ലീല പാടിയ ''മുത്തേ നമ്മുടെ മുറ്റത്തും /മുത്തുക്കുടകളുയർന്നല്ലോ/ ഓണം വന്നു/ഓണം വന്നു, നമ്മുടെ വീട്ടിലും/ ഓണപ്പൂക്കൾ വിരിഞ്ഞല്ലോ എന്ന ഗാനം സിനിമയിൽ വന്ന എന്റെ ആദ്യത്തെ ഓണപ്പാട്ടാണ്. യേശുദാസിന് 'കാട്ടുമല്ലിക'യിലെന്നതുപോലെ 'പ്രിയതമ'യിലും എസ്. ജാനകിയുമൊത്തു പാടുന്ന ഒരു യുഗ്മഗാനമാണ് കിട്ടിയത്.
''കരളിൻ വാതിലിൽ മുട്ടിവിളിക്കും/കാവ്യദേവകുമാരീ /കണ്ണിൽ നാണക്കതിരുകൾ ചൂടി /കടന്നിരിക്കൂ നീ...'' എന്നാരംഭിക്കുന്ന ഗാനം. പി. സുശീല പാടിയ ''കനവിൽ വന്നെൻ കവിളിണ തഴുകിയ/ കരതലമേതു സഖീ/കണ്ണു തുറന്നപ്പോഴും കരളിൽ/ പുളകം തിങ്ങി സഖീ'' എന്ന സെമി ക്ലാസിക്കൽ ഗാനവും എൽ.ആർ. ഈശ്വരി പാടിയ ''കടല വിൽക്കുന്ന...'' എന്ന പാട്ടും ചിത്രത്തിലുണ്ടായിരുന്നു. ''കണ്ണാടിക്കടപ്പുറത്ത്/കാറ്റുകൊള്ളാൻ വന്നവരേ/വെടിപറയും നേരത്തൽപം ചുടുകടല കൊറിച്ചാട്ടെ.../ചുടുകടലേ... ചുടുകടലേ/ചുടുകടലേ...കടലേ... കടലേ...'' എന്ന പാട്ട്. എസ്. ജാനകി പാടിയ ''അനുരാഗത്തിൻ അലകടൽ നീന്തി /അവനൊരു ഗന്ധർവൻ...'' എന്നിങ്ങനെ തുടങ്ങുന്ന ഒരു ഗാനശകലവും (പൂർണ ഗാനമല്ല ) ഈ ചിത്രത്തിൽ ഉണ്ടായിരുന്നു. പ്രേംനസീർ, ഷീല, തിക്കുറിശ്ശി, വൈക്കം മണി, ആറന്മുള പൊന്നമ്മ തുടങ്ങിയവർ പ്രിയതമയിൽ അഭിനയിച്ചു. വർഷം 1966ൽ അവസാനമായി തിയറ്ററുകളിൽ എത്തിയത് 'മേയർ നായർ' എന്ന ചിത്രമാണ്. കഥയുടെ ക്രെഡിറ്റ് ഡോ. എസ്.കെ. നായർക്ക് നൽകിയിരുന്നെങ്കിലും ചിത്രം ലോകപ്രശസ്ത നോവലിസ്റ്റ് തോമസ് ഹാർഡി 1886ൽ എഴുതിയ 'മേയർ ഓഫ് കാസ്റ്റർബ്രിഡ്ജ്' എന്ന നോവലിനെ അടിസ്ഥാനമാക്കി നിർമിച്ചതാണ്. വിദ്വാൻ സി.എൽ. മീനാക്ഷിയമ്മയും വി.ബി. നാരുശ്ശേരിയും ചേർന്ന് തിരക്കഥയും സംഭാഷണവും രചിച്ചു. പി.എ. തങ്ങൾ എന്ന നിർമാതാവ് നിർമിച്ച രണ്ടാമത്തെ ചിത്രമാണിത്. കന്നടത്തിലെ മികച്ച സംവിധായകനായ എസ്.ആർ. പുട്ടണ്ണയാണ് ഈ സിനിമ സംവിധാനം ചെയ്തത്. ''എനിക്ക് മലയാളസിനിമയിൽ സംഭവിച്ച ഒരു വലിയ തെറ്റ്'' എന്ന് ഈ സിനിമയെപ്പറ്റി പിൽക്കാലത്ത് പുട്ടണ്ണ ഈ ലേഖകനോട് പറഞ്ഞിട്ടുണ്ട്.
തിക്കുറിശ്ശി, കൊട്ടാരക്കര ശ്രീധരൻ നായർ, രമേശ്, അടൂർ ഭാസി, കമലാദേവി, മീന തുടങ്ങിയവരോടൊപ്പം നിർമാതാവായ പി.എ. തങ്ങളും ചിത്രത്തിൽ അഭിനയിച്ചു. വയലാറും എൽ.പി.ആർ. വർമയും ഒരിക്കൽകൂടി ഒരുമിച്ചു പ്രവർത്തിച്ചു. എന്നാൽ, 'സ്ഥാനാർഥി സാറാമ്മ'യിലെ വിജയം ആവർത്തിക്കപ്പെട്ടില്ല. തിരക്കഥയുടെ ദൗർബല്യം പാട്ടുകളെയും ബാധിച്ചിരിക്കും. യേശുദാസ് പാടിയ ''തൊട്ടാൽ പൊട്ടുന്ന പ്രായം ഇത്/സ്വപ്നം കാണുന്ന പ്രായം /തങ്കമിത്ര സുന്ദരിയായ് ഞാൻ കണ്ടിട്ടില്ല/ ഇതുവരെ കണ്ടിട്ടില്ല'' എന്ന ഗാനവും ജയചന്ദ്രൻ പാടിയ ''സ്വപ്നസഖീ-/വൈശാഖ പൗർണമിരാവിൽ/വെള്ളിനിലാവിൽ/ പാൽക്കടൽക്കരയിൽ/സങ്കൽപഗന്ധർവനഗരം തീർക്കും/ സ്വപ്നസഖീ'' എന്ന ഗാനവും കൂട്ടത്തിൽ മെച്ചപ്പെട്ടുനിന്നു. എസ്. ജാനകിയും ജയചന്ദ്രനും പാടിയ ''മുടി നിറയെ പൂക്കളുമായ്/കടമിഴിയിൽ കവിതയുമായ്/മധുമതി നിന്നെ കാണുമ്പോഴൊരു/മധുരവികാരം'' എന്ന ഗാനവും എൽ.ആർ. ഈശ്വരി പാടിയ ഇന്ദ്രജാലക്കാരാ ഇന്ദ്രജാലക്കാരാ/മന്ത്രചെപ്പിലെ മായാമോതിരം/ഒന്നു കണ്ടോട്ടെ'' എന്ന ഗാനവും ചിത്രത്തിൽ ഉണ്ടായിരുന്നു. ''വർണപുഷ്പങ്ങൾ വാരിത്തൂവും/വസന്ത സന്ധ്യകളേ-/സ്വർണരഥങ്ങളിലെന്തിനു വന്നു /സ്വർഗകുമാരികളേ..? എന്ന പാട്ട് എസ്. ജാനകി, ജയചന്ദ്രൻ എന്നിവരോടൊപ്പം സംഗീതസംവിധായകൻ എൽ.പി. വർമയും ചേർന്നാണ് പാടിയത്. മികച്ച പല ചിത്രങ്ങളും മികച്ച അനവധി ഗാനങ്ങളും മലയാളസിനിമക്ക് സമ്മാനിച്ച വർഷം 1966 വിടപറഞ്ഞത് 'മേയർ നായർ' പോലെയൊരു സിനിമയോടുകൂടിയായിരുന്നു എന്നത് നിരാശാജനകമായി എന്നുപറയാതെ വയ്യ. എന്നാൽ, 1967 ചില അപൂർവ സമ്മാനങ്ങളുമായി കാത്തിരിക്കുന്നുണ്ടായിരുന്നു.
(തുടരും)