കോട്ടയം കൊലക്കേസ് മുതൽ ലേഡി ഡോക്ടർ വരെ
കുടുംബചിത്രങ്ങൾ സംവിധാനംചെയ്യാൻ എന്നും താൽപര്യം കാട്ടിയ കെ.എസ്. സേതുമാധവന്റെ ‘കോട്ടയം കൊലക്കേസ്’ മുതൽ നീലാ െപ്രാഡക്ഷൻസിനു വേണ്ടി പി. സുബ്രഹ്മണ്യം നിർമിച്ച ചിത്രം ‘ലേഡി ഡോക്ടർ’ വരെയുള്ള സിനിമാക്കാലത്തെ പാട്ടുകളെക്കുറിച്ച് എഴുതുന്നു.
ടി.ഇ. വാസുദേവൻ (ജയ് മാരുതി) നിർമിച്ച 'ജ്ഞാനസുന്ദരി' എന്ന സിനിമയിലൂടെയാണ് കെ.എസ്. സേതുമാധവൻ മലയാളത്തിൽ സ്വതന്ത്ര സംവിധായകനായത്. എന്നാൽ, തുടർന്ന് അതേ ജനുസ്സിൽപെട്ട ചിത്രങ്ങളോ ആക്ഷൻചിത്രങ്ങളോ സസ്പെൻസ് ചിത്രങ്ങളോ സംവിധാനം ചെയ്യാൻ...
Your Subscription Supports Independent Journalism
View Plansടി.ഇ. വാസുദേവൻ (ജയ് മാരുതി) നിർമിച്ച 'ജ്ഞാനസുന്ദരി' എന്ന സിനിമയിലൂടെയാണ് കെ.എസ്. സേതുമാധവൻ മലയാളത്തിൽ സ്വതന്ത്ര സംവിധായകനായത്. എന്നാൽ, തുടർന്ന് അതേ ജനുസ്സിൽപെട്ട ചിത്രങ്ങളോ ആക്ഷൻചിത്രങ്ങളോ സസ്പെൻസ് ചിത്രങ്ങളോ സംവിധാനം ചെയ്യാൻ കെ.എസ്. സേതുമാധവൻ ശ്രമിച്ചിട്ടില്ല. അദ്ദേഹം കുടുംബകഥകൾ സംവിധാനം ചെയ്യാനാണ് എന്നും താൽപര്യം കാണിച്ചിട്ടുള്ളത്. മലയാളസാഹിത്യത്തിലെ പ്രശസ്ത നോവലുകളും നാടകങ്ങളും സിനിമയാക്കുന്നതിൽ ഏറ്റവും കൂടുതൽ താൽപര്യം പ്രകടിപ്പിച്ച സംവിധായകനും അദ്ദേഹമാണ്. എങ്കിലും ജയ് മാരുതിക്കുവേണ്ടി അദ്ദേഹം 'കോട്ടയം കൊലക്കേസ്' എന്ന സസ്പെൻസ് ചിത്രം സംവിധാനം ചെയ്തു. ഒരുപക്ഷേ, സംവിധായകനാകാൻ തനിക്ക് ആദ്യമായി അവസരം നൽകിയ നിർമാതാവ് നിർബന്ധിച്ചതുകൊണ്ടാകാം അദ്ദേഹം അതിനു തയാറായത്. ചെമ്പിൽ ജോൺ എഴുതിയ കഥക്ക് സംവിധായകൻതന്നെ തിരനാടകം രചിച്ചു. സംഭാഷണം എഴുതിയത് എസ്.എൽ. പുരം സദാനന്ദനാണ്. 1967 മാർച്ച് 22ന് തിയറ്ററുകളിൽ എത്തിയ ഈ ചിത്രത്തിൽ പ്രേംനസീർ, ഷീല, കൊട്ടാരക്കര ശ്രീധരൻ നായർ, അടൂർ ഭാസി, ജി.കെ. പിള്ള, ശങ്കരാടി, സുകുമാരി, കമലാദേവി തുടങ്ങിയവർ അഭിനയിച്ചു. വയലാർ രാമവർമ പാട്ടുകൾ എഴുതി. ബി.എ. ചിദംബരനാഥ് ആയിരുന്നു സംഗീതസംവിധായകൻ. പി.ബി. ശ്രീനിവാസ്, പി. ലീല, എൽ.ആർ. ഈശ്വരി, കെ.പി. ചന്ദ്രമോഹൻ, ഉത്തമൻ എന്നിവർ ഗാനങ്ങൾ ആലപിച്ചു. പി. ലീല പാടിയ ''ആരാധകരേ... വരൂ വരൂ\ അനുരാഗ സദനത്തിൽ ഒരുങ്ങിവരൂ\വി
കാരലഹരി പകർന്നു തരൂ'' എന്നു തുടങ്ങുന്ന ഗാനം, പി.ബി. ശ്രീനിവാസ് പാടിയ ''പൊന്നമ്പലമേട്ടിൽ പുത്തിലഞ്ഞിക്കാട്ടിൽ പൂനുള്ളാൻ വന്ന തമ്പുരാട്ടീ, \ പൊന്നോലക്കുടക്കീഴിൽ ഒന്നിച്ചുനിന്നിട്ടു\പുതിയൊരു രോമാഞ്ചം-\പുതിയൊരു രോമാഞ്ചം...''എന്ന ഗാനം, 'കുട്ടിക്കുപ്പായം' എന്ന സിനിമയിലൂടെ ടി.ഇ.വാസുദേവൻ അവതരിപ്പിച്ച ഉത്തമൻ എന്ന ഗായകൻ പാടിയ ''അല്ലലുള്ള പുലയിക്കേ ചുള്ളിയുള്ള കാടറിയൂ; \മുള്ളുകൊണ്ട കരളിനേ മുറിവിന്റെ ചൂടറിയൂ;\ കൂട്ടിലിട്ട കുരുവിക്കേ കാട്ടിലുള്ള സുഖമറിയൂ\വെയില് കൊണ്ട പശുവിനേ\വെള്ളമുള്ള കടവറിയൂ...'' എന്ന ഗാനം, എൽ.ആർ. ഈശ്വരി പാടിയ ''കയ്യിൽ മുന്തിരികിണ്ണവുമായെന്റെ\കണ്ണാടിവാതിൽ തുറന്നവനെ\സ്വപ്നം കാണുന്ന പ്രായത്തിലെന്തിനു പുഷ്പശരമെയ്തു -എന്തിനു\ പുഷ്പശരമെയ്തു...'' എന്നാരംഭിക്കുന്ന ഗാനം, പി. ലീലയും കെ.പി. ചന്ദ്രമോഹനും ചേർന്ന് പാടിയ ''വെള്ളാരംകുന്നിന് മുഖം നോക്കാൻ വെണ്മേഘം കണ്ണാടി\ വെണ്മേഘത്തിനു മുഖം നോക്കാൻ വെണ്മണിച്ചെറുപുഴ കണ്ണാടി\ നമുക്കിരുപേർക്കും മുഖം നോക്കാൻ\ നമ്മുടെ ഹൃദയം കണ്ണാടി'' എന്ന യുഗ്മഗാനം ഇങ്ങനെ ആകെ അഞ്ചു പാട്ടുകളാണ് 'കോട്ടയം കൊലക്കേസി'ൽ ഉണ്ടായിരുന്നത്. വി. ദക്ഷിണാമൂർത്തി തുടർച്ചയായി സംഗീതസംവിധാനം നിർവഹിച്ചുകൊണ്ടിരുന്ന ജയ്മാരുതിയിൽ സംഭവിച്ച അപ്രതീക്ഷിതമായ മാറ്റമായിരുന്നു ബി.എ. ചിദംബരനാഥിന്റെ വരവ്. എന്നാൽ, തുടർന്നും അവസരം കിട്ടുന്ന പാകത്തിൽ 'കോട്ടയം കൊലക്കേസി'ലൂടെ സൂപ്പർഹിറ്റ് ഗാനങ്ങൾ സമ്മാനിക്കാൻ ചിദംബരനാഥിന് കഴിഞ്ഞില്ല. എസ്. ജാനകി, പി. സുശീല, യേശുദാസ്, ജയചന്ദ്രൻ തുടങ്ങിയവർ ഈ ചിത്രത്തിൽ പാടുകയുണ്ടായില്ല.
'മൂടുപടം' എന്ന സിനിമയിൽ ''മയിലാഞ്ചിത്തോപ്പിൽ മയങ്ങിനിൽക്കണ മൊഞ്ചത്തി...'' എന്ന ഒരു മാപ്പിളപ്പാട്ടെഴുതി സിനിമയിൽ പ്രവേശിച്ച ഗാനരചയിതാവായ യൂസഫലി കേച്ചേരി ഒരു സിനിമയിലെ മുഴുവൻ പാട്ടുകളും എഴുതിയത് 'അമ്മു' എന്ന ചിത്രത്തിലാണെന്നു പറഞ്ഞുകഴിഞ്ഞു. അദ്ദേഹം പാട്ടുകൾ എഴുതിയ മൂന്നാമത്തെ ചിത്രം വേണു എന്ന നവാഗതസംവിധായകന്റെ 'ഉദ്യോഗസ്ഥ'യാണ്. പി.എസ്. ദാസും പി.കെ. ദേവദാസും ചേർന്ന് 'ഗീതാഞ്ജലി' എന്ന ബാനറിൽ നിർമിച്ച ഈ ചിത്രം കെ.ജി. സേതുനാഥ് എഴുതിയ നോവലിന്റെ (തുടർക്കഥ) ചലച്ചിത്രാവിഷ്കരണമായിരുന്നു. 1967 ഏപ്രിൽ 14ന് പുറത്തുവന്ന 'ഉദ്യോഗസ്ഥ'യിൽ ശാരദ, സത്യൻ, പ്രേംനസീർ, മധു, മുത്തയ്യ, കെ.പി. ഉമ്മർ, വിജയനിർമല, സുകുമാരി, നെല്ലിക്കോട് ഭാസ്കരൻ തുടങ്ങിയവർ അഭിനയിച്ചു. യൂസഫലി എഴുതിയ ഗാനങ്ങൾക്ക് എം.എസ്. ബാബുരാജ് ഈണം നൽകി. യേശുദാസ്, എസ്. ജാനകി, ജയചന്ദ്രൻ എന്നിവരാണ് ഗാനങ്ങൾ പാടിയത്. ജയചന്ദ്രന്റെ ആദ്യകാല ഹിറ്റുകളിലൊന്നായ ''അനുരാഗഗാനം പോലെ അഴകിന്റെയലപോലെ \ആരു നീ ആരു നീ ദേവതേ'' എന്ന ഗാനം 'ഉദ്യോഗസ്ഥ'യിലാണുള്ളത്. യേശുദാസും എസ്. ജാനകിയും ചേർന്ന് പാടിയ ''എഴുതിയതാരാണ് സുജാതാ -നിന്റെ\കടമിഴിക്കോണിലെ കവിത\കവിയവനിരിപ്പുണ്ടെൻ കരളിൽ -എന്റെ\അനുരാഗപ്പൂമുല്ലത്തറയിൽ'' എന്ന പാട്ടാണ് പ്രശസ്തി നേടിയ മറ്റൊന്ന്. യേശുദാസ് തനിച്ചു പാടിയ ''കളിചിരി മാറാത്ത പെണ്ണെ\കവിളിണ ചുവന്നിട്ടും കടമിഴി കറുത്തിട്ടും\ കളിചിരി മാറാത്ത പെണ്ണേ...'' എന്ന പാട്ട് രചനയിലും സംഗീതത്തിലുമുള്ള ലാളിത്യംകൊണ്ട് ശ്രദ്ധേയമായി. ആ ഗാനം ഇങ്ങനെ തുടരു ന്നു: ''മലരമ്പനായിരം മണിവില്ലൊടിഞ്ഞല്ലോ കവിളത്ത് മഴവില്ലു വിരിഞ്ഞല്ലോ മധുരിതജീവിത മാകന്ദവനികയിൽ\മധുമാസപ്പുലർകാലമണഞ്ഞല്ലോ...'' എസ്. ജാനകി പാടിയ ''ശരണം നിൻ ചരണം മുരാരേ\ശരണം നിൻ ചരണം മുരാരേ\കായാമ്പൂവുടൽ കാണായ് വരണം \അടിമലരിതളിൽ അഭയം തരണം'' എന്ന പ്രാർഥനാഗാനവും 'ഉദ്യോഗസ്ഥ'യിൽ ഉണ്ടായിരുന്നു. എസ്. ജാനകി പാടിയ മറ്റു രണ്ടു ഗാനങ്ങൾ താഴെ പറയുന്നവയാണ്. ''തങ്കം വേഗമുറങ്ങിയാലായിരം\ തങ്കക്കിനാവുകൾ കാണാം...'' എന്നു തുടങ്ങുന്ന താരാട്ടുപാട്ട് അതിലെ നല്ലവരികൾ തുടരുന്നതിങ്ങനെ: ''പണ്ടൊരു രാജ്യത്തെ രാജകുമാരന്റെ പവിഴസിംഹാസനം കാണാം\മുത്തശ്ശിക്കഥയിലെ മുത്തിനുപോയൊരു\സുൽത്താനെയുണ്ണിക്കു കാണാം...'' എസ്. ജാനകി ഒറ്റക്ക് പാടിയ മറ്റൊരു ഗാനം ''മാൻകിടാവിനെ...'' എന്ന് ആരംഭിക്കുന്നു. ''മാൻകിടാവിനെ മാറിലേന്തിയ\ തിങ്കളേ മലർത്തിങ്കളേ\തങ്കനാണയം വാരിവിതറും\ തിങ്കളേ മലർത്തിങ്കളേ\തേന്മലരുകൾ കോർത്ത വാടിയിൽ\ തേടിയെത്തുന്നതാരേ നീ\ താഴെ നിൽക്കുമീയോമലാൾക്കൊരു\താലി നൽകുവതെന്നു നീ..?''
'ഉദ്യോഗസ്ഥ'യിലെ ഗാനങ്ങളിൽ ഒന്നുപോലും മോശമായിരുന്നില്ല. ''അനുരാഗഗാനം പോലെ...'', ''എഴുതിയതാരാണ് സുജാതാ...'' എന്നീ രണ്ടു പാട്ടുകൾ പെട്ടെന്നുതന്നെ ജനപ്രീതി നേടുകയും ചെയ്തു. ''അനുരാഗഗാനം പോലെ...'' എന്ന ഗാനം ഇന്നും ജയചന്ദ്രൻ പല ഗാനമേളകളിലും പാടാറുണ്ട്.
മലയാളികളുടെ പ്രിയങ്കരനായ 'ബേപ്പൂർ സുൽത്താൻ' വൈക്കം മുഹമ്മദ് ബഷീർ എഴുതിയ വിഖ്യാതകൃതിയായ 'ബാല്യകാലസഖി' മലയാളത്തിൽ രണ്ടുവട്ടം ചലച്ചിത്രമാക്കപ്പെട്ടു. 1967ൽ എച്ച്.എച്ച്. ഇബ്രാഹിം സേട്ടിന്റെ ഉടമസ്ഥതയിലുള്ള കലാലയ, ശശികുമാറിന്റെ സംവിധാനത്തിൽ അത് ചലച്ചിത്രമാക്കി. നായകനായ മജീദിന്റെ വേഷത്തിൽ പ്രേംനസീർ അഭിനയിച്ചു. പതിറ്റാണ്ടുകൾക്കുശേഷം പുതിയ തലമുറയിലെ ഭാവനാസമ്പന്നനായ യുവസംവിധായകൻ പ്രമോദ് പയ്യന്നൂരിന്റെ സംവിധാനത്തിൽ ആ നോവൽ വീണ്ടും സിനിമയായി. ഇക്കുറി മമ്മൂട്ടിയായിരുന്നു നായകൻ. ശശികുമാർ സംവിധാനംചെയ്ത ആദ്യത്തെ 'ബാല്യകാലസഖി'യിലെ മറ്റു നടീനടന്മാർ ഷീല, കൊട്ടാരക്കര ശ്രീധരൻ നായർ, പി.ജെ. ആന്റണി, ബഹദൂർ, മീന, ടി.ആർ. ഓമന, മാസ്റ്റർ പ്രദീപ്, ബേബി ഉഷ തുടങ്ങിയവരായിരുന്നു. പി. ഭാസ്കരൻ എഴുതിയ ഗാനങ്ങൾക്ക് ബാബുരാജ് സംഗീതം നൽകി. പി.ബി. ശ്രീനിവാസ്, എസ്. ജാനകി, എ.പി. കോമള എന്നിവർ ഗാനങ്ങൾ പാടി. ബഷീറിന്റെ അടുത്ത സുഹൃത്തുകൂടിയായ പി. ഭാസ്കരൻ നോവലിന്റെ ആത്മാവിനെ സ്പർശിക്കുന്ന രീതിയിലാണ് വരികൾ എഴുതിയത്. പി.ബി. ശ്രീനിവാസ് പാടിയ ''കരളിൽ കണ്ണീർമുകിൽ നിറഞ്ഞാലും\കരയാൻ വയ്യാത്ത വാനമേ\അപാരശാന്തി തൻ തീരമേ\ആരറിഞ്ഞു നിൻ മുറിവിന്നാഴം\ആരറിഞ്ഞു നിൻ ബാഷ്പത്തിൻ ഭാരം'' എന്ന ഗാനത്തിലെ തുടർന്നുള്ള വരികളിൽ അടങ്ങുന്ന ഭാവസൗന്ദര്യം അനുപമം തന്നെയാണ്. ''നെഞ്ചിൽനിന്നും ചോരയൊലിച്ചാലും\പുഞ്ചിരിപ്പൂ നീ സന്ധ്യകളിൽ\ നദിയുടെയലകൾ യുഗയുഗങ്ങളായ് \ കദനഗദ്ഗദത്തിൽ കരഞ്ഞാലും\ താരബിന്ദു നിൻ മിഴിയിൽ പൊടിഞ്ഞു\ താഴെ വീഴാതെ വറ്റുന്നു...'' പി. ഭാസ്കരൻ എന്ന പ്രതിഭാശാലി സിനിമക്കുവേണ്ടി എഴുതിയ ഗാനംപോലും ഉദാത്തകവിതയായി മാറാറുണ്ട് എന്നതിന് ഇതിലും വലിയ ഒരു ഉദാഹരണം ആവശ്യമില്ല. എസ്. ജാനകി പാടിയ ഒരുകൂട്ടം ഞാനിന്നു ചെവിയിൽ ചൊല്ലാം ''കുരുക്കുത്തിമുല്ലേ, കുടമുല്ലേ... ശരത്കാലചന്ദ്രലേഖ മയങ്ങിക്കോട്ടെ\ ചിരിക്കുന്ന നക്ഷത്രങ്ങൾ ഉറങ്ങിക്കോട്ടെ...\ ഹൃദയത്തിൻ തുടിപ്പുകൾ അടങ്ങിടട്ടെ\ മധുരിക്കും ലഹരിയൊന്നൊതുങ്ങീടട്ടെ'' എന്ന ഗാനം നായിക സുഹ്റ (ഷീല) പാടുന്നതാണ്. എ.പി. കോമള പാടിയ ''ഉമ്മിണി ഉമ്മിണി ഉയരത്ത്\അമ്പിളിവീട്ടിന്നയലത്ത് \ പാദുഷാ ഞാൻ കെട്ടീ നല്ലൊരു \ പവിഴക്കൊട്ടാരം-നല്ലൊരു \ പവിഴക്കൊട്ടാരം \ മതിലുകളെല്ലാം മാണിക്യം\വാതിലെല്ലാം വൈഡൂര്യം\ മുത്തു പതിച്ചൊരു മട്ടുപ്പാവിൽ\ ഒത്തിരിയൊത്തിരി ഹൂറികളും'' എന്ന ഗാനവും മനോഹരമായിരുന്നു. ബാലനായ മജീദ് ആണ് ഈ ഗാനം സിനിമയിൽ പാടിയത്. അതുകൊണ്ടാണ് ഗായികയുടെ ശബ്ദം ഉപയോഗിച്ചത്. ''എവിടെയാണ് തുടക്കം -പാന്ഥാ\ എവിടേക്കാണു മടക്കം\കാലത്തിൻ കളിത്തോപ്പിൽ\മൂളിപ്പറന്ന രണ്ടു\കാനനശലഭങ്ങൾ കണ്ടുമുട്ടി\കളിച്ചും ചിരിച്ചും\കണ്ണീരാലൊട്ടിച്ചും\ കരിയിലകൊണ്ടൊരു കൂടുകെട്ടി\കടലിന്നക്കരെ കാണാത്ത നാട്ടിൽനിന്നും\വിധിയുടെ കൊടുങ്കാറ്റു ചീറിവന്നു\ ശലഭങ്ങൾ പരസ്പരം പിരിഞ്ഞു, സംഭവ- \ കഴുകൻ വന്നൊന്നിനെ കൊണ്ടുപോയി...'' എന്നിങ്ങനെ കഥയുടെ ഉൾത്തടം കാട്ടിത്തരുന്ന ഗാനവും പി.ബി. ശ്രീനിവാസ് തന്നെയാണ് പാടിയത്. പി.ബി. ശ്രീനിവാസും എസ്. ജാനകിയും പാടിയ ''നിൻ രക്തമെന്റെ ഹൃദയരക്തം\നിൻ കണ്ണീരിന്റെ കണ്ണീർ തന്നെ\ എൻ കൊച്ചു സ്വപ്നങ്ങൾ\നിന്നുടെ സ്വപ്നങ്ങൾ\സങ്കൽപസാമ്രാജ്യ മധുവനങ്ങൾ'' എന്നു തുടങ്ങുന്ന പ്രണയയുഗ്മഗാനവും എസ്. ജാനകി പാടിയ ''മനസ്സിന്റെ മലർമിഴി തുറന്നീടാൻ\അനുഗ്രഹമരുളുക പരമേശാ\പൂക്കളിൽ മണമായും\രാക്കളിൽ ഇരുളായും\ പൂനിലാവലകളിൽ തിളക്കമായും \കടലിൽ തിരയായും\കരയിൽ മണമായും \കളിയാടിയുണരുന്ന\കരുണാസ്വരൂപാ...'' എന്ന ഗാനവും 'ബാല്യകാലസഖി'യിൽ ഉണ്ടായിരുന്നു.
'ബാല്യകാലസഖി'യും 'ഉദ്യോഗസ്ഥ'യും ഒരേ ദിവസമാണ് തിയറ്ററുകളിൽ എത്തിയത്. 'ബാല്യകാലസഖി' വേണ്ടതരത്തിൽ ശ്രദ്ധിക്കപ്പെട്ടില്ല. എന്നാൽ, നായികാപ്രാധാന്യമുള്ള കണ്ണീർക്കഥയായ 'ഉദ്യോഗസ്ഥ' ബോക്സ് ഓഫിസിൽ വിജയം നേടി. ശശികുമാർ എന്ന സംവിധായകന്റെ സംവിധാനശൈലിക്ക് 'ബാല്യകാലസഖി' ഇണങ്ങുന്നതായില്ല എന്നായിരുന്നു നിരൂപകരുടെ കാഴ്ചപ്പാട്. ഇത് ശശികുമാറിനെ വേദനിപ്പിച്ചു. അദ്ദേഹത്തിന്റെ സിനിമാജീവിതത്തിൽ ഈ സംഭവം ഒരു വലിയ മാറ്റം സൃഷ്ടിച്ചു. മെലോഡ്രാമയുടെയും ആക്ഷൻ ചിത്രങ്ങളുടെയും ലോകത്തേക്ക് അദ്ദേഹം തന്റെ കാമറ തിരിച്ചുവെച്ചു. പിന്നെ ശശികുമാർ എന്ന എൻ.വി. ജോൺ മലയാളസിനിമയിലെ ഏറ്റവും വലിയ ഹിറ്റ്മേക്കർമാരിൽ ഒരാളായി മാറിയത് ചരിത്രം.
കലാനികേതൻ എന്ന ബാനറിൽ ജോയി നിർമിച്ച 'അരക്കില്ലം' എന്ന സിനിമ എൻ. ശങ്കരൻ നായർ ആണ് സംവിധാനം ചെയ്തത്. എസ്.എൽ. പുരം സദാനന്ദൻ കഥയും സംഭാഷണവും തയാറാക്കി. വയലാർ രചിച്ച അഞ്ചു ഗാനങ്ങൾക്ക് ദേവരാജൻ സംഗീതം നൽകി. ഈ ചിത്രവും 1967 ഏപ്രിൽ 14നാണ് റിലീസ് ചെയ്തത്. യേശുദാസ് പാടിയ ''വിരഹിണീ...വിരഹിണീ'' എന്നു തുടങ്ങുന്ന ഗാനവും പി.ബി. ശ്രീനിവാസും എസ്. ജാനകിയും ചേർന്നു പാടിയ ''ഓർമകളേ...'' എന്ന ഗാനവും പി. സുശീല പാടിയ ''മയിലാടും മതിലകത്ത്'' എന്ന ഗാനവും പി. ലീല പാടിയ ''കാതരമിഴി...കാതരമിഴി'' എന്ന ഗാനവും എൽ.ആർ. ഈശ്വരി പാടിയ ''ചിത്രശലഭമേ......''എന്നാരംഭിക്കുന്ന ഗാനവും... ഇങ്ങനെ ആകെ അഞ്ചു പാട്ടുകൾ. ഈ അഞ്ചു പാട്ടുകളിൽ ഏറ്റവും ശ്രദ്ധേയം യേശുദാസ് പാടിയ ഗാനമായിരുന്നു. ''വിരഹിണീ...വിരഹിണീ പ്രേമവിരഹിണീ ഈറൻ കണ്ണുമായ് നിന്നെയും തേടി ഞാൻ ഈ അരക്കില്ലത്തിൽ വന്നു...'' എന്ന പല്ലവിയുടെ ഈണംതന്നെ ഹൃദയാവർജകമാണ്. അനുപല്ലവിയും ചരണവും ഇങ്ങനെ: ''നിത്യബാഷ്പത്തിൻ തടാകതീരത്ത്\നിന്റെ തപോവനം കണ്ടു -ഞാൻ\നിന്റെ തപോവനം കണ്ടു\നീയറിയാത്ത നിഴലിന്റെ പിന്നാലെ\നിന്റെ മനോരഥം കണ്ടു -ഞാൻ\നിന്റെ മനോരഥം കണ്ടു...\ ''ഓർമകളേ... ഓർമകളേ...'' എന്ന പാട്ട് ഇങ്ങനെ തുടങ്ങുന്നു. ''ഓർമകളേ... ഓർമകളേ\ഓടിവരൂ നിങ്ങളോടി വരൂ\ തകരും മൂകമാം മനസ്സിൻ തീരം താലോലിപ്പൂ നിങ്ങളെ... \കണ്ണീരിൽ മുങ്ങിയ കനകദ്വീപിലെ\ കാണാത്ത ചിപ്പികൾ തേടി\ഓരോ തിരയിലും ഓരോ കരയിലും\ ഓടിയലഞ്ഞു നമ്മൾ-ഇതുവരെ\ഓടിയലഞ്ഞു നമ്മൾ...'' (പി.ബി. ശ്രീനിവാസും എസ്. ജാനകിയും) പി. സുശീല പാടിയ ''മയിലാടും മതിലകത്ത് മന്ദാരമതിലകത്ത്\മനസ്സുപോലെ നിൻ മനസ്സുപോലെ\മാണിക്യമണിവീടു കെട്ടും ഞാൻ എന്ന പാട്ടും വയലാർ-ദേവരാജൻ ടീമിന്റെ ഉയർന്ന നിലവാരത്തിൽ എത്തിയില്ല. പി. ലീല പാടിയ ''കാതരമിഴി കാതരമിഴി\ ചൊല്ല് ചൊല്ല് ചൊല്ല് നിന്റെ\ കല്യാണരൂപനിന്നലെ വന്നുവോ..? \ കദളീവനത്തണലിൽ\ കറുകപ്പുൽമെത്തയിൽ\ കവിതയും പാടിയിരുന്നുവോ..?'' എന്ന ഗാനം ഗായികയുടെ ശബ്ദത്തിനു തികച്ചും അനുയോജ്യമായിരുന്നു എന്നു പറയാം. ''ചിത്രശലഭമേ... ചിത്രശലഭമേ\എത്രരാത്രികൾ നിന്നെ തേടി ഉറക്കമൊഴിച്ചു ഞാൻ... ഈ വസന്തമെടുത്തു വിടർത്തിയ പൂവിൻ ഹൃദയമിതാ\വീണ മീട്ടും മധുപനു നീട്ടിയ\പാനപാത്രമിതാ...'' എന്ന പാട്ട് എൽ.ആർ. ഈശ്വരിയും അവരുടെ പതിവുശൈലിയിൽ പാടി. 'അരക്കില്ലം' എന്ന ചിത്രത്തിലെ ഗാനങ്ങൾ നിലവാരം കുറഞ്ഞവയായിരുന്നു എന്നു പറഞ്ഞുകൂടാ. എന്നാൽ, ആവർത്തിച്ചു കേൾക്കാൻ സംഗീതപ്രേമികൾ ആഗ്രഹിക്കുന്ന ഗാനങ്ങളായി എന്തുകൊണ്ടോ അവ ഉയർന്നില്ല. സിനിമ എന്ന നിലയിലും 'അരക്കില്ലം' ഒരു വിജയമായില്ല.
നീലാ െപ്രാഡക്ഷൻസിനു വേണ്ടി പി. സുബ്രഹ്മണ്യം നിർമിച്ച ചിത്രമാണ് 'ലേഡി ഡോക്ടർ'. തന്റെ പ്രധാനസഹായിയെ സ്വതന്ത്രസംവിധായകനാക്കുകയായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. ദീർഘകാലമായി പി. സുബ്രഹ്മണ്യത്തിന്റെ കീഴിൽ സഹസംവിധായകനായി പ്രവർത്തിച്ചുവന്നിരുന്ന കെ. സുകുമാരൻ നായർ ആണ് കെ. സുകുമാർ എന്ന പേരിൽ 'ലേഡി ഡോക്ടർ' എന്ന സിനിമ സംവിധാനംചെയ്തത്. ജേക്കബ് എഴുതിയ കഥക്ക് നാഗവള്ളി ആർ.എസ്. കുറുപ്പ് തിരക്കഥയും സംഭാഷണവും എഴുതി. മധു, ഷീല, ശാന്തി, പങ്കജവല്ലി, ആറന്മുള പൊന്നമ്മ, വൈക്കം മണി, എസ്.പി. പിള്ള, മുതുകുളം രാഘവൻപിള്ള തുടങ്ങിയവർ അഭിനയിച്ചു. പി. ഭാസ്കരൻ എഴുതിയ ആറു പാട്ടുകൾക്കു വി. ദക്ഷിണാമൂർത്തി സംഗീതം പകർന്നു. കമുകറ പുരുഷോത്തമൻ, പി. ലീല, എസ്. ജാനകി, എ.പി. കോമള, എൽ.ആർ. ഈശ്വരി എന്നിവർ പിന്നണിയിൽ പാടി. കമുകറ പുരുഷോത്തമൻ പാടിയ ''മധുരിക്കും ഓർമകളേ -പ്രേമയമുനയിൽ അല തല്ലും ഓളങ്ങളേ- മധുരിക്കും ഓർമകളേ\ പിരിയുമ്പോൾ ഒരു വാക്കും\ ഉരിയാടാനൊക്കാത്ത\പ്രിയയുടെ ചിത്രം ഒന്നെഴുതിയാലും...'' എന്നാരംഭിക്കുന്ന ഗാനം മികച്ചതായി. എ.പി. കോമള പാടിയ ''അവിടെയുമില്ല വിശേഷം\ഇവിടെയുമില്ല വിശേഷം\ കരളിനകത്തെ വിശേഷം പറയാൻ \ കണിയാനല്ലല്ലോ -ഞാനൊരു \ കണിയാനല്ലല്ലോ...'' എന്ന ഗാനവും എസ്. ജാനകി പാടിയ ''കണ്ണിണയും കണ്ണിണയും ബന്ധം നിശ്ചയിച്ചു\കണ്ടുവന്ന പൊൻകിനാവിൻ\സ്ത്രീധനം കാഴ്ച വെച്ചു'' എന്ന ഗാനത്തിൽ പി. ഭാസ്കരൻ ശൈലിയുടെ ശാലീനസൗന്ദര്യം പ്രകടമാണ്. ''വിണ്ണിലുള്ള നാഥനോട് സമ്മതം വാങ്ങിച്ചു കർമസാക്ഷി കണ്ടു നിൽക്കെ കല്യാണം നാം കഴിച്ചു... \ ആരുമാരുമറിയാതെ \ നിൻ കരം ഞാൻ പിടിച്ചു\ധന്യപ്രേമമധുപാത്രം\ ചുണ്ടിണയിലടുപ്പിച്ചു\ വെണ്ണിലാവിൻ മണിയറയിൽ\ മധുവിധുവിൻ ദിനമല്ലോ... \ സുന്ദരിയാം ചന്ദ്രലേഖ\ കണ്ടുകണ്ടു കൊതിച്ചോട്ടെ...'' എന്നിങ്ങനെ അഭംഗുരമായി ആ വാഗ്മയം ഒഴുകുന്നു. സ്വാമിയുടെ ഈണം യഥായോഗ്യം അതിനെ തലോടുന്നു. കമുകറയും ജാനകിയും ചേർന്നു പാടുന്ന യുഗ്മഗാനം ഇങ്ങനെ തുടങ്ങുന്നു: ''വിടില്ല ഞാൻ വിടില്ല ഞാൻ \പിടിച്ച കൊമ്പിതു വിടില്ല ഞാൻ \ പിറകിൽനിന്നും തേന്മാവിനെ \ പിടിച്ചുവല്ലോ മലർവല്ലി...'' സന്ദർഭത്തിന് അനുയോജ്യമായ വരികൾ എന്നേ ഈ ഗാനത്തെപ്പറ്റി പറയാനാകൂ. എൽ.ആർ. ഈശ്വരി പാടിയ ''മനോഹരം മനുഷ്യജീവിതം ശരീരം\അതൊന്നു കാണുന്നേരമെന്തിനാണ് നാണം\തുറക്കണം പഠിക്കണം ശരീരപാഠപുസ്തകം\കളിച്ചിടും ചിരിച്ചിടും മനുഷ്യഹൃദയമർക്കടം... '' എന്ന പാട്ടും എത്ര വ്യത്യസ്തം!
പി. ലീല പാടിയ ''എല്ലാമെല്ലാം തകർന്നല്ലോ -എന്റെ കല്യാണദീപം പൊലിഞ്ഞല്ലോ\ എൻ കൊച്ചുകുടിലിൽ പ്രേമം കൊളുത്തിയ\ സങ്കൽപകൈത്തിരിയണഞ്ഞല്ലോ...'' എന്ന ഗാനം സ്വാമിയുടെ സ്പർശംമൂലം വികാരോജ്ജ്വലമായിത്തീർന്നു. സംവിധായകൻ കൂടിയായതിനാലാവാം പി. ഭാസ്കരന്റെ വരികൾ എപ്പോഴും കഥാസന്ദർഭവുമായി ഇഴുകിച്ചേരും. അഞ്ചു മിനിറ്റു നേരത്തെ സംഭാഷണത്തിലൂടെ ഇതൾ വിരിയുന്ന ആശയം പാട്ടിലെ രണ്ടു വരികളിലൊതുക്കാൻ പി. ഭാസ്കരൻ എന്ന ഗാനരചയിതാവിനു സാധിക്കും.