മാമ്പഴക്കൂട്ടത്തിൽ മൽഗോവ; സുറുമയെഴുതിയ മിഴികൾ
ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ബിരുദധാരിയായ അസീസ് (പി.എ.എം. അസീസ്) സംവിധാനംചെയ്ത സിനിമയാണ് 'അവൾ'. നിർമാണരംഗത്ത് നവാഗതനായ മുഹമ്മദ് സർക്കാർ ആണ് ബീനാ ഫിലിംസ് എന്ന ബാനറിൽ 'അവൾ' നിർമിച്ചത്. തോപ്പിൽ ഭാസി കഥയും സംഭാഷണവും രചിച്ച ഈ ചിത്രത്തിൽ മധു, കെ.പി. ഉമ്മർ, ഉഷാനന്ദിനി, മായ, മീന, ശാന്താദേവി, അടൂർ ഭാസി, ബഹദൂർ തുടങ്ങിയവർ അഭിനയിച്ചു. വയലാർ-ദേവരാജൻ ടീം ഒരുക്കിയ ഈ ചിത്രത്തിലെ ചില പാട്ടുകൾ ശ്രദ്ധിക്കപ്പെട്ടു. പി. സുശീല പാടിയ ''പ്രേമകവിതകളേ...'' എന്ന ഗാനമാണ്...
Your Subscription Supports Independent Journalism
View Plansഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ബിരുദധാരിയായ അസീസ് (പി.എ.എം. അസീസ്) സംവിധാനംചെയ്ത സിനിമയാണ് 'അവൾ'. നിർമാണരംഗത്ത് നവാഗതനായ മുഹമ്മദ് സർക്കാർ ആണ് ബീനാ ഫിലിംസ് എന്ന ബാനറിൽ 'അവൾ' നിർമിച്ചത്. തോപ്പിൽ ഭാസി കഥയും സംഭാഷണവും രചിച്ച ഈ ചിത്രത്തിൽ മധു, കെ.പി. ഉമ്മർ, ഉഷാനന്ദിനി, മായ, മീന, ശാന്താദേവി, അടൂർ ഭാസി, ബഹദൂർ തുടങ്ങിയവർ അഭിനയിച്ചു. വയലാർ-ദേവരാജൻ ടീം ഒരുക്കിയ ഈ ചിത്രത്തിലെ ചില പാട്ടുകൾ ശ്രദ്ധിക്കപ്പെട്ടു. പി. സുശീല പാടിയ ''പ്രേമകവിതകളേ...'' എന്ന ഗാനമാണ് ഏറ്റവുമധികം ജനശ്രദ്ധ കവർന്നത്. വയലാറിന്റെ രചനയും ദേവരാജന്റെ ഈണവും പുതുമയുള്ളവയായിരുന്നു. യേശുദാസ് ആലപിച്ച ''മൃണാളിനീ മൃണാളിനീ...'' എന്ന ഗാനവും മധുരതരംതന്നെ. എസ്. ജാനകി പാടിയ ''ആര്യങ്കാവിൽ ഒരാട്ടിടയൻ...'' എന്ന പാട്ടും പി. സുശീലയും ജാനകിയും ചേർന്നു പാടിയ ''ഇന്നല്ലോ കാമദേവന് പൊന്നും തിരുനാൾ...'', സീറോ ബാബു പാടിയ ''കരകാണാക്കായലിലെ...'' എന്ന പശ്ചാത്തലഗാനവും 'അവൾ' എന്ന ചിത്രത്തിൽ ഉണ്ടായിരുന്നു. നമുക്ക് ആദ്യം ''പ്രേമകവിതകളേ...'' എന്നു തുടങ്ങുന്ന പാട്ടിലെ വരികൾ ശ്രദ്ധിക്കാം. ''പ്രേമകവിതകളേ... പ്രേമകവിതകളേ ഭാവതരംഗങ്ങൾ കുളിർകോരിയിടും/ദേവഗംഗകളേ... /പ്രേമകവിതകളേ...'' എന്ന പല്ലവിതന്നെ മനോഹരം. തുടർന്നുള്ള വരികളും മനോഹരങ്ങളാണ്. ''കമലദളങ്ങൾ ഉറങ്ങും രാവിൽ/നിമിഷഹംസങ്ങൾ നീന്തും കടവിൽ/കടവിൽ, നിങ്ങൾ തൻ കടവിൽ/പുഷ്പമംഗല്യനികുഞ്ജങ്ങൾ തേടും/സ്വപ്നസഞ്ചാരിണി ഞാൻ –ഒരു /സ്വപ്നസഞ്ചാരിണി ഞാൻ...'' യേശുദാസ് പാടിയ ''മൃണാളിനീ മൃണാളിനീ/മിഴിയിതളിൽ –നിൻ മിഴിയിതളിൽ /മധുരസ്വപ്നമോ മൗനപരാഗമോ... /സുരസിന്ധുവോ ബാഷ്പഹിമബിന്ദുവോ.../വഴിവിളക്കെവിടെ'' എന്ന പാട്ടും സന്ദർഭവുമായി ചേരുന്നതായിരുന്നു. ''ഇന്നല്ലോ കാമദേവന് പൊന്നുംതിരുനാൾ /പൂത്തിരുന്നാൾ –പൂത്തിരുന്നാൾ/ അരയരയോ അരയരയോ കിങ്ങിണിയരയോ/അണിയം പൂവള്ളി പൂത്തല്ലോ...'' എന്ന ഗാനമാണ് പി. സുശീലയും എസ്. ജാനകിയും ചേർന്നു പാടിയത്. ''ആര്യങ്കാവിൽ ഒരാട്ടിടയൻ പണ്ട് /ആടുമേയ്ക്കാൻ വന്നു/അവന്റെ പാട്ടുകൾ പൂന്തേനരുവികൾ/ഒഴുകിനടന്നു...'' എന്ന ഗാനം എസ്. ജാനകി പാടി. 1967 ജൂൺ 30ാം തീയതി റിലീസായ 'അവൾ' ഭേദപ്പെട്ട ചിത്രമായിരുന്നെങ്കിലും സാമ്പത്തികവിജയം നേടിയില്ല.
പഴനി ഫിലിംസിനു വേണ്ടി പി. രാമസ്വാമി നിർമിച്ച 'ഭാഗ്യമുദ്ര' എന്ന സിനിമ തമിഴ് സംവിധായകനായ എം.എ.വി. രാജേന്ദ്രൻ ആണ് സംവിധാനം ചെയ്തത്. എസ്.എൽ. പുരം സദാനന്ദൻ തിരക്കഥയും സംഭാഷണവും എഴുതി. പ്രേംനസീർ, കെ.ആർ. വിജയ, അടൂർ ഭാസി, സുകുമാരി, ജി.കെ. പിള്ള, മുതുകുളം രാഘവൻപിള്ള തുടങ്ങിയവർ അഭിനയിച്ചു. പി. ഭാസ്കരൻ എഴുതിയ ഗാനങ്ങൾക്ക് പുകഴേന്തി (ആർ. വേലപ്പൻ നായർ) സംഗീതം നൽകി. യേശുദാസ്, പി.ബി. ശ്രീനിവാസ്, എസ്. ജാനകി, എൽ.ആർ. ഈശ്വരി എന്നിവർ പിന്നണിയിൽ പാടി. ഈ ചിത്രം വമ്പിച്ച വിജയമൊന്നുമായില്ലെങ്കിലും പാട്ടുകൾ സൂപ്പർഹിറ്റുകളായി. യേശുദാസ് പാടിയ "മാമ്പഴക്കൂട്ടത്തിൽ..."എന്ന ഗാനം ഈ സിനിമയിലുള്ളതാണ്. ''മാമ്പഴക്കൂട്ടത്തിൽ മൽഗോവയാണു നീ/മാസങ്ങളിൽ നല്ല കന്നിമാസം/കാട്ടുമരങ്ങളിൽ കരിവീട്ടിയാണു നീ വീട്ടുമൃഗങ്ങളിൽ സിന്ധിപ്പശു...'' എന്നിങ്ങനെ ആരംഭിക്കുന്ന ഈ ഗാനം സുപ്രസിദ്ധമാണ്. യേശുദാസും എസ്. ജാനകിയും ചേർന്നു പാടിയ ''മധുരപ്രതീക്ഷ തൻ പൂങ്കാവിൽ വെച്ചൊരു /മണിവേണുഗായകനെ കണ്ടുമുട്ടി/ അനുരാഗയമുന തൻ തീരത്തു വെച്ചൊരു /അജപാലബാലികയെ കണ്ടുമുട്ടി'' എന്ന യുഗ്മഗാനവും അന്നും ഇന്നും മലയാളികൾക്ക് പ്രിയപ്പെട്ട ഗാനമാണ്. എസ്. ജാനകി പാടിയ ''ഏതു കൂട്ടിൽ നീ പിറന്നു താമരക്കിളിയേ... ഏതു കാട്ടിൽ നീ വളർന്നു പൂമരക്കിളിയേ... / ഏതു വിധി തൻ കാറ്റിലൂടെ പറന്നുപാറിവന്നു... /എന്റെ മാനസമലർവാടികയിൽ താമസിച്ചിടാൻ എന്നാരംഭിക്കുന്ന പാട്ട് പ്രസിദ്ധമായില്ലെങ്കിലും അതൊരു നല്ല രചനതന്നെയായിരുന്നു.'' പേരാറും പെരിയാറും/കളിയാടും നാടേതോ/ കടലലയും കായലുമേ/ കഥ പറയും നാടേതോ.../ പേരതിനു മലയാളം/ പേരുകേട്ട മലയാളം'' എന്നു തുടങ്ങുന്ന ഗാനം ലളിതമായി രചിക്കപ്പെട്ട കേരളഗാനമാണ് –എന്നും ഏതു മലയാളിക്കും പാടാവുന്ന ഗാനം. എൽ.ആർ. ഈശ്വരിയും സംഘവുമാണ് ഈ ഗാനം പാടിയത്. കുട്ടികളുടെ ശബ്ദത്തിൽ പാടുന്ന രണ്ടു ഗായികമാരാണ് അക്കാലത്ത് തെന്നിന്ത്യയിൽ ഉണ്ടായിരുന്നത്. രേണുകയും എം.എസ്. രാജേശ്വരിയും. രേണുക പ്രശസ്ത പിന്നണിഗായികയായ അനുരാധ ശ്രീറാമിന്റെ അമ്മയാണ്. എം.എസ്. രാജേശ്വരി പാടിയ ഒരു കുട്ടിപ്പാട്ടും 'ഭാഗ്യമുദ്ര'യിൽ ഉണ്ടായിരുന്നു. ഗാനമിങ്ങനെ തുടങ്ങുന്നു: ''മണ്ണാങ്കട്ടയും കരിയിലയും/കണ്ണാരംപൊത്തി കളിക്കാൻ പോയ് /കരിവേപ്പിൻ തണലിൽ കർക്കിടമാസം കടുക്കാരം ചൊല്ലി കളിക്കാൻ പോയ്...'' പി.ബി. ശ്രീനിവാസും എൽ.ആർ. ഈശ്വരിയും പാടിയ ഒരു യുഗ്മഗാനവും ഈ ചിത്രത്തിൽ ഇടം നേടി. അതിങ്ങനെയാണ്. ''ഇന്ദ്രനന്ദനവാടിയിൽ/ചന്ദ്രികാങ്കിതവേദിയിൽ/ പന്തടിച്ചു പാടിയാടിയ / സുന്ദരീമണിയാണു ഞാൻ / പേരെനിക്കോ മേനക / പ്രേമമലർവനഗായിക'' എന്നിങ്ങനെ തുടങ്ങുന്ന ഈ ഗാനം മേനകയും മഹർഷി വിശ്വാമിത്രനും തമ്മിലുള്ള സംഗമരംഗമാണ് ഉൾക്കൊള്ളുന്നത്. ചിത്രത്തിലെ ഒരു അന്തർനാടകരംഗമായിരിക്കാം. എന്തായാലും പി. ഭാസ്കരനും പുകഴേന്തിയും ചേരുമ്പോഴെല്ലാം മികച്ച ഗാനങ്ങൾ പിറന്നിട്ടുണ്ട് എന്നതിന്റെ ആദ്യ ദൃഷ്ടാന്തങ്ങളിൽ ഒന്നാണ് 'ഭാഗ്യമുദ്ര' എന്ന ചിത്രം.
നിർമാതാവും എഴുത്തുകാരനുമായ കെ.പി. കൊട്ടാരക്കര ഗണേഷ് പിക്ചേഴ്സിന്റെ പേരിൽ എഴുതി നിർമിച്ച ആക്ഷൻ ചിത്രമാണ് 'കാണാത്ത വേഷങ്ങൾ'. എം. കൃഷ്ണൻ നായർ ചിത്രം സംവിധാനംചെയ്തു. പ്രേംനസീർ, ഷീല, ജയഭാരതി, കെ.പി. ഉമ്മർ, അടൂർ ഭാസി, സുകുമാരി തുടങ്ങിയവർ അഭിനേതാക്കളായി. ചിത്രത്തിൽ ആറു ഗാനങ്ങൾ ഉണ്ടായിരുന്നു. വയലാറിന്റെ ഗാനങ്ങൾക്ക് ബി.എ. ചിദംബരനാഥ് സംഗീതം നൽകി. യേശുദാസ് പാടിയ ''സ്വർഗവാതിൽ തുറന്നു തന്നൊരു/സ്വപ്ന കാമുകിയാണു നീ.../ ലജ്ജകൊണ്ടു തളിരണിഞ്ഞൊരു /പുഷ്പിണീലതയാണ് നീ'' എന്ന പാട്ടും ജയചന്ദ്രൻ പാടിയ ''ഇന്നലത്തെ പെണ്ണല്ലല്ലോ/ഇത്തിരിപ്പൂമൊട്ടല്ലല്ലോ/ ഇന്നു നിന്റെ നെഞ്ചിനകത്തൊരു/ പുന്നാരത്തേൻകൂട് എന്നു തുടങ്ങുന്ന ഗാനവും പ്രേമഗാനങ്ങൾ ആയിരുന്നു. എൽ.ആർ. ഈശ്വരിയും ബി. വസന്തവും ചേർന്നു പാടിയ ''കടലൊരു സുന്ദരിപ്പെണ്ണ്/കല്യാണം കഴിയാത്ത/കാമുകരില്ലാത്ത/കടലൊരു സുന്ദരിപ്പെണ്ണ്...'' എന്ന ഗാനത്തിലെ തുടർന്നുള്ള വരികൾ അർഥഗർഭമാണ്. ''കൈമണിച്ചെപ്പിൽ രത്നങ്ങൾ/കരളിൽ നിറയെ സ്വപ്നങ്ങൾ/ പാടിയുറക്കാൻ വാനമ്പാടികൾ/ പരിചരിക്കാൻ സഖികൾ -അവളെ/പരിചരിക്കാൻ സഖികൾ'' എന്നിങ്ങനെ വിവിധ മാനങ്ങളിൽ വയലാറിന്റെ ഭാവന സഞ്ചരിക്കുന്നു. ഇതേ ഗായികമാർതന്നെ പാടിയ ''അക്കരെയിക്കരെ അക്കരെയിക്കരെ/ അത്തപ്പൂമരക്കാട്ടിലൊളിച്ചേ/ പച്ചപ്പനംകിളിപ്പെണ്ണ് /കിളിയെ പിടിക്കണം കിങ്ങിണി കെട്ടണം/കിളിയുടെ വാലൊരു പൂവാല്'' എന്ന പാട്ടും യേശുദാസ്, പി. ലീല, ജെ.എം. രാജു എന്നിവർ ചേർന്നു പാടിയ ''പാൽക്കടൽ നടുവിൽ പാമ്പിന്റെ മുകളിൽ/ഭഗവാനുറങ്ങുന്നു കൃഷ്ണാ/അവിടത്തെ കാഞ്ചന സിംഹാസനത്തിൽ/ചെകുത്താനിരിക്കുന്നു -അയ്യോ'' എന്ന പാട്ടും സന്ദർഭവുമായി പൊരുത്തപ്പെടുന്നവയാണ്. പി. ലീലയും വസന്തയും ചേർന്നു പാടിയ ''നാളെ വീട്ടിൽ വിരുന്നുവരുമ്പോൾ /നാണിച്ചുനിൽക്കും ഞാൻ...'' എന്നാരംഭിക്കുന്ന ഒരു ഗാനവും 'കാണാത്ത വേഷങ്ങൾ' എന്ന ചിത്രത്തിൽ ഉണ്ടായിരുന്നു. 1967 ആഗസ്റ്റ് 18ാം തീയതി തിയറ്ററുകളിലെത്തിയ 'കാണാത്ത വേഷങ്ങൾ' വലിയ വാണിജ്യവിജയം നേടി. കുടുംബബന്ധങ്ങളും ആക്ഷൻ രംഗങ്ങളും ഹാസ്യരംഗങ്ങളും സമാസമം ചേർത്ത് അൽപം സസ്പെൻസും നിലനിർത്തി നിർമിക്കുന്ന ഫോർമുലാ ചിത്രങ്ങൾക്ക് ഒരു തുടക്കമായിരുന്നു എം. കൃഷ്ണൻ നായരും കെ.പി. കൊട്ടാരക്കരയും ചേർന്നൊരുക്കിയ 'കാണാത്ത വേഷങ്ങൾ'. പെട്ടെന്ന് ഏറ്റുപാടാൻ കഴിയുന്ന രണ്ടോ മൂന്നോ പാട്ടുകൾ കൂടിയുണ്ടെങ്കിൽ നിർമാതാവിന് ലാഭം സുനിശ്ചിതം. പക്ഷേ, ചേരുവകൾ കൃത്യമായ അനുപാതത്തിൽ ചേർന്നിരിക്കണം.
യൂസഫലി കേച്ചേരി പാട്ടുകൾ എഴുതിയ ചിത്രമാണ് 'കദീജ'. എം. കൃഷ്ണൻ നായർ സംവിധാനംചെയ്ത ചിത്രം. കലാരത്ന പ്രൊഡക്ഷൻസ് നിർമിച്ച 'കദീജ'യുടെ മൂലകഥ എഴുതിയത് നടനായ കോട്ടയം ചെല്ലപ്പനാണ്. കെ.ജി. സേതുനാഥ് തിരക്കഥയും സംഭാഷണവും എഴുതി. യൂസഫലിയുടെ ഗാനങ്ങൾക്ക് എം.എസ്. ബാബുരാജ് സംഗീതം പകർന്നു. ഗാനങ്ങൾ പാടിയത് യേശുദാസ്, എസ്. ജാനകി, എൽ.ആർ. ഈശ്വരി, ബി. വസന്ത, സീറോ ബാബു, തങ്കം എന്നിവരാണ്. യേശുദാസ് പാടിയ ''സുറുമയെഴുതിയ മിഴികളേ...'' എന്ന ഗാനമാണ് 'കദീജ' എന്ന ചിത്രത്തിലെ ഏറ്റവും മികച്ചത്. ''സുറുമയെഴുതിയ മിഴികളേ പ്രണയമധുരത്തേൻ തുളുമ്പും സൂര്യകാന്തിപ്പൂക്കളേ'' എന്ന പാട്ട് യൂസഫലിയുടെ മികച്ച ഗാനങ്ങളിലൊന്നാണ്. ഈ ഗാനത്തിന് ബാബുരാജ് നൽകിയ ഗസൽ ശൈലിയിലുള്ള ഈണവും അത്യന്തം ആകർഷകമായി. ''ജാലകത്തിരശ്ശീല നീക്കി/ജാലമെറിയുവതെന്തിനോ/തേൻ പുരട്ടിയ മുള്ളുകൾ നീ/ ചേലിലെറിയുവതെന്തിനോ...'' എന്നിങ്ങനെ തുടരുന്ന വരികൾ ഹൃദയാവർജകം തന്നെ. എൽ.ആർ. ഈശ്വരി പാടിയ ''കണ്മുന നീട്ടി മൊഞ്ചും കാട്ടി/ കാത്തിരിക്കുന്ന മണവാട്ടി /മണിയറവാതിൽ തുറന്നു തരാം /മാരനെ മുന്നിൽ കൊണ്ടുവരാം /കല്യാണമൊന്നു കഴിഞ്ഞോട്ടെ/ കാണികളെല്ലാം പിരിഞ്ഞോട്ടെ/ മൈലാഞ്ചിക്കൈ കൊട്ടി ഒപ്പന പാടുന്ന / മൈക്കണ്ണിമാരും പിരിഞ്ഞോട്ടെ...'' എന്ന ഖവാലി രീതിയിലുള്ള ഒപ്പനപ്പാട്ടും മികച്ചുനിന്നു.
എസ്. ജാനകിയും വസന്തവും ചേർന്നു പാടിയ ''അനന്തശയനാ അരവിന്ദനയനാ/അഭയം നീയേ ജനാർദനാ...'' എന്നു തുടങ്ങുന്ന ഹിന്ദു ഭക്തിഗാനവും മോശമായില്ല. ബി. വസന്ത പാടിയ ''കസവിന്റെ തട്ടമിട്ടു നാണിച്ചു നിൽക്കുന്ന /പതിനാലാം രാവിലെ പൂനിലാവേ/കണ്ണാടിക്കവിളത്ത് നീലവർണമെന്താണ് കാമുകൻ നുള്ളിയോ വെണ്ണിലാവേ...'' എന്ന ഒപ്പനപ്പാട്ടും രചനയിലും ഈണത്തിലും മികച്ചു നിന്നു. എസ്. ജാനകി പാടിയ ''കരളിൽ വിരിഞ്ഞ റോജാമലരാണ് നീ കദീജ/ ഇരുളിൽ പ്രകാശമേകും/ കതിരാണ് നീ കദീജാ'' എന്ന ഗാനവും സീറോ ബാബു പാടിയ ''ചക്കരവാക്കു പറഞ്ഞെന്നെ/ചാക്കിലാക്കി -എന്നെ ചാക്കിലാക്കി /തക്കം നോക്കി കണ്ണെറിഞ്ഞ് / ഹലാക്കിലാക്കി -എന്നെ / ഹലാക്കിലാക്കി'' എന്ന ഹാസ്യഗാനവും 'കദീജ' എന്ന ചിത്രത്തിൽ ഉണ്ടായിരുന്നു. പി. തങ്കം എന്ന ഗായിക പാടിയ ''കദീജേ കദീജേ കാണുന്നതെന്നിനി ഞാൻ -നിന്നെ/കാണുന്നതെന്നിനി ഞാൻ?'' എന്ന ഗാനവും 'കദീജ' എന്ന സിനിമയിൽ ഉണ്ടായിരുന്നു. യൂസഫലിയും ബാബുരാജും ചേർന്നൊരുക്കിയ ഒരു മ്യൂസിക്കൽ ഹിറ്റ് ആയിരുന്ന ഈ ചിത്രം 1967 ജൂൺ 18നാണ് പ്രദർശനമാരംഭിച്ചത്. അതായത് ഒരു സംവിധായകന്റെ രണ്ടു സിനിമകൾ ഒരേദിവസം തിയറ്ററുകളിൽ എത്തുന്നു. എം. കൃഷ്ണൻ നായർ സംവിധാനംചെയ്ത 'കാണാത്ത വേഷങ്ങൾ', 'കദീജ' എന്നിവ. ഇത്തരം പല അത്ഭുതങ്ങളും മലയാള സിനിമയിൽ സംഭവിച്ചിട്ടുണ്ട്.