നാദബ്രഹ്മത്തിൻ സാഗരം നീന്തിവരും നാകസുന്ദരിമാർ!
1969 ജനുവരി 10ന് തിയറ്ററുകളിൽ എത്തിയ ‘പഠിച്ച കള്ളൻ’ എന്ന ചിത്രത്തിനുശേഷം കേരളത്തിൽ പ്രദർശനമാരംഭിച്ചത് പഴനി ഫിലിംസിന്റെ പേരിൽ പി. രാമസ്വാമി നിർമിച്ച ‘വില കുറഞ്ഞ മനുഷ്യർ’ എന്ന സിനിമയാണ്. പി. കേശവദേവിന്റെ ‘ഓടയിൽനിന്ന്’ എന്ന നോവൽ ചലച്ചിത്രമാക്കിയ നിർമാതാവാണ് ഛായാഗ്രാഹകൻകൂടിയായ പി. രാമസ്വാമി. ‘ദാഹം’, ‘റൗഡി’ എന്നീ സിനിമകളുടെ നിർമാണത്തിലും...
Your Subscription Supports Independent Journalism
View Plans1969 ജനുവരി 10ന് തിയറ്ററുകളിൽ എത്തിയ ‘പഠിച്ച കള്ളൻ’ എന്ന ചിത്രത്തിനുശേഷം കേരളത്തിൽ പ്രദർശനമാരംഭിച്ചത് പഴനി ഫിലിംസിന്റെ പേരിൽ പി. രാമസ്വാമി നിർമിച്ച ‘വില കുറഞ്ഞ മനുഷ്യർ’ എന്ന സിനിമയാണ്. പി. കേശവദേവിന്റെ ‘ഓടയിൽനിന്ന്’ എന്ന നോവൽ ചലച്ചിത്രമാക്കിയ നിർമാതാവാണ് ഛായാഗ്രാഹകൻകൂടിയായ പി. രാമസ്വാമി. ‘ദാഹം’, ‘റൗഡി’ എന്നീ സിനിമകളുടെ നിർമാണത്തിലും അദ്ദേഹത്തിന് പങ്കുണ്ടായിരുന്നു. എപ്പോഴും മികച്ച സിനിമകൾ നിർമിക്കാൻ ആഗ്രഹിച്ചിരുന്ന സാങ്കേതിക വിദഗ്ധനാണ് അദ്ദേഹം. എസ്.എൽ. പുരം സദാനന്ദൻ എഴുതിയ പ്രശസ്ത നാടകമാണ് ‘വില കുറഞ്ഞ മനുഷ്യർ’. അദ്ദേഹംതന്നെ നാടകത്തിന്റെ തിരക്കഥാരൂപവും തയാറാക്കി. ഏതാനും തമിഴ്സിനിമകളുടെ സംവിധായകനായ എം.എ. രാജേന്ദ്രൻ ആണ് ചിത്രം സംവിധാനംചെയ്തത്. രാമസ്വാമിയുടെ മുൻ ചിത്രങ്ങളുടെ സംവിധായകൻ കെ.എസ്. സേതുമാധവൻ ആയിരുന്നു. സത്യൻ, മധു, ശാരദ, കമലാദേവി, രാഘവൻ, പി.ജെ. ആന്റണി, അടൂർ ഭാസി, കവിയൂർ പൊന്നമ്മ, പറവൂർ ഭരതൻ, ടി.ആർ. ഓമന, ജനാർദനൻ, ശോഭ തുടങ്ങിയവർ അഭിനയിച്ച ‘വില കുറഞ്ഞ മനുഷ്യർ’ക്ക് ഗാനങ്ങൾ പി. ഭാസ്കരൻ എഴുതി. പുകഴേന്തി സംഗീതസംവിധായകനായി. യേശുദാസും എസ്. ജാനകിയും ഗാനങ്ങൾ ആലപിച്ചു. ഒരു ഗാനംപോലും മോശമായിരുന്നില്ല.
യേശുദാസ് പാടിയ ‘‘ഗോപുരക്കിളിവാതിലിൽ നിൻ/ നൂപുരധ്വനി കേട്ട നാൾ/ ഞാൻ മറന്നു ഞാൻ മറന്നു/ സ്വാഗതഗീതം -എന്നും /സാധകം ഞാൻ ചെയ്തുവെച്ച/ പ്രേമസംഗീതം...’’ എന്ന ഗാനം രചനകൊണ്ടും ഈണംകൊണ്ടും ശ്രദ്ധേയമായി. എസ്. ജാനകി പാടിയ ‘‘മധ്യാഹ്നസുന്ദര സ്വപ്നത്തിൽ ഞാനൊരു/ ചിത്രശലഭമായി പറന്നുപോയി / മധുമാസ പകലുകൾ പൂമാല വിൽക്കുന്ന/ മഴവില്ലിൻ നാട്ടിലേക്കുയർന്നു പോയി’’ എന്ന പാട്ടും നന്നായി. യേശുദാസ് പാടിയ രണ്ടു ദുഃഖഗാനങ്ങളും ജനപ്രീതി നേടി. ‘‘നിഴൽനാടകത്തിലെ നായിക നീ /അണിയുന്നതെന്തിനു കണ്ണുനീരിൻ / മണിമുത്തുമാലകൾ നീ വെറുതേ/ എന്തിനലങ്കാരം എന്തിനു സിന്ദൂരം/ എന്തിനോ കിനാക്കൾ തൻ പുഷ്പഹാരം?’’ എന്ന പാട്ടും ‘‘സ്വന്തം ഹൃദയത്തിനുള്ളറയിൽ -എന്റെ / സ്വപ്നത്തെയടക്കിയ കല്ലറയിൽ/ പുഷ്പചക്രം ചാർത്തുവാനായി/ പൂന്തിങ്കൾ വീണ്ടും വന്നു’’ എന്ന പാട്ടും ആണ് ഇവിടെ ഓർമിക്കപ്പെടുന്നത്. ‘‘മതങ്ങൾ കെട്ടിയ മതിലുകൾക്കുള്ളിൽ /മർത്ത്യൻ വീണു മരിച്ചപ്പോൾ/ ആരുമറിയാതെൻ അനുരാഗസ്വപ്നത്തെ/ ആറടി മണ്ണിലൊതുക്കി/ കൊളുത്തിയില്ല താരകളന്നൊരു/ കൊച്ചു കൈത്തിരി വാനിടത്തിൽ/കാവലിരിക്കുന്നു കണ്ണീർമഴയിലും...’’ എന്നിങ്ങനെയുള്ള വരികളെല്ലാം പ്രണയം നൽകുന്ന തീവ്രവേദന പ്രകാശിപ്പിക്കുന്നു. എസ്. ജാനകി പാടിയ ‘‘എന്റെ കണ്ണിൽ പൂത്തുനിൽക്കും/ പ്രേമസുന്ദര പുഷ്പവനം എങ്ങിനെ ഞാനിതു മൂടിവെയ്ക്കും/ എവിടെ ഒളിപ്പിക്കും?/ എന്റെ കരളിൽ തന്ത്രികൾ മീട്ടും/ വീണാസംഗീതം/ എങ്ങിനെയെങ്ങിനെ ഞാനടക്കും/ മന്നിടമറിയാതെ...’’ എന്നിങ്ങനെയൊഴുകുന്ന നിഗൂഢപ്രണയം വിവരിക്കുന്ന പാട്ടും മോശമായില്ല. നാടകമായി അവതരിപ്പിച്ചപ്പോൾ ‘വില കുറഞ്ഞ മനുഷ്യർ’ നേടിയ വിജയം സിനിമയായപ്പോൾ എന്തുകൊണ്ടോ നിലനിർത്താനായില്ല. സിനിമ 1969 ജനുവരി 17ന് കേരളത്തിലെ പ്രദർശനശാലകളിലെത്തി. അത് ശരാശരിവിജയമേ നേടിയുള്ളൂ.
‘ഉദ്യോഗസ്ഥ’ സംവിധാനംചെയ്ത വേണുവിന്റെ സംവിധാനത്തിൽ പി. സുകുമാരൻ, അർജുനൻ എന്നിവർ പങ്കാളികളായി വിഷ്ണു ഫിലിംസിന്റെ ബാനറിൽ നിർമിച്ച ചിത്രമാണ് ‘വീട്ടുമൃഗം’. ‘ഉദ്യോഗസ്ഥ’ക്കു കഥയെഴുതിയ കെ.ജി. സേതുനാഥ് ഈ ചിത്രത്തിന് കഥയും സംഭാഷണവും രചിച്ചു. സംവിധായകനായ വേണുവാണ് തിരനാടകം തയാറാക്കിയത്. സത്യൻ, മധു, ശാരദ, കമലാദേവി, പി.ജെ. ആന്റണി, അടൂർ ഭാസി, രാഘവൻ, നെല്ലിക്കോട്ടു ഭാസ്കരൻ, ശങ്കരാടി, ജനാർദനൻ, ടി.ആർ. ഓമന തുടങ്ങിയവർ അഭിനയിച്ച ‘വീട്ടുമൃഗ’ത്തിൽ പി. ഭാസ്കരൻ എഴുതിയ ഗാനങ്ങൾക്ക് ജി. ദേവരാജൻ സംഗീതസംവിധാനം നിർവഹിച്ചു. യേശുദാസ്, എ.എം. രാജാ, ജയചന്ദ്രൻ, എസ്. ജാനകി, പി. സുശീല, ബി. വസന്ത എന്നിവരായിരുന്നു പിന്നണി ഗായകർ. ‘‘കടങ്കഥ പറയുന്ന കടമിഴികൾ -നിന്റെ/ കവിതകൾ ചൊരിയുന്ന മധുമിഴികൾ/ അനുരാഗ ചതുരംഗ കേളിയിൽ നിൻ മുന്നിൽ/ അടിയറവായിപ്പോയെൻ ഹൃദയം...’’ എന്ന ഗാനം എ.എം. രാജായും ബി. വസന്തയും ചേർന്നു പാടി. ‘‘കണ്ണുനീർക്കടലിൽ പോയ കിനാവുകളെ/ തിരഞ്ഞിട്ടെന്തു കാര്യം -ഇനി/ കരഞ്ഞിട്ടെന്തു കാര്യം/ ആശ തൻ കടലാസു പൂപ്പന്തലിൽ/ ആഗതമായി കൊടുംകാലവർഷം/ ആശിച്ചു തൂക്കിയ പൊൻകൂടു തകർന്നു പോയി/ ആരോ കൊണ്ടുപോയി നിന്നിണപ്രാവിനെ! ’’ എന്ന ദുഃഖഗാനം പി. സുശീല ആലപിച്ചു. യേശുദാസ് പാടിയ ‘‘മന്മഥസൗധത്തിൽ...’’ എന്നാരംഭിക്കുന്ന ഗാനം ജയചന്ദ്രനും പാടിയിട്ടുണ്ട്. ‘‘മന്മഥസദനത്തിൽ ഇന്ദ്രനീലജാലകങ്ങൾ/ ഇന്നു നിന്റെ കണ്ണുകൾ മൽസഖീ/ അങ്ങുവന്നെത്തിനോക്കും തങ്കക്കിനാക്കളെന്നെ/ കിങ്ങിണി കിലുക്കത്താൽ വിളിച്ചിടുന്നു-/ എന്നെ ക്ഷണിച്ചിടുന്നു...’’ യേശുദാസ് പാടിയ ‘‘യാത്രയാക്കുന്നു സഖീ’’ എന്ന ഗാനം പി. ഭാസ്കരന്റെ ‘ഓർക്കുക വല്ലപ്പോഴും’ എന്ന പ്രശസ്ത കവിതയിലെ വരികളാണ്; ‘‘യാത്രയാക്കുന്നു സഖീ നിന്നെ ഞാൻ മൗനത്തിന്റെ/ നേർത്ത പട്ടുനൂൽ പൊട്ടിച്ചിതറും പദങ്ങളാൽ... / ആയിരം വ്യാമോഹങ്ങൾ ആയിരം വികാരങ്ങൾ/ ആയിരം സങ്കൽപങ്ങൾ, ഇവയിൽ മുങ്ങിത്തപ്പി/ പണ്ടത്തെ കളിത്തോഴൻ കാഴ്ചവെക്കുന്നു മുന്നിൽ/ രണ്ടു വാക്കുകൾ മാത്രം, ‘ഓർക്കുക വല്ലപ്പോഴും’...’’ (‘വീട്ടുമൃഗം’ എന്ന ചിത്രത്തിന്റെ പാട്ടുപുസ്തകത്തിൽ ഈ വരികൾ പാടിയത് ജയചന്ദ്രൻ എന്നാണു കാണിച്ചിരിക്കുന്നത്). 1969 ജനുവരി 24ാം തീയതി ‘വീട്ടുമൃഗം’ തിയറ്ററുകളിൽ എത്തി. ഭാര്യ കുടുംബത്തിൽ വെറും ഒരു മൃഗമായി അധഃപതിക്കുന്ന കാഴ്ച പ്രതീക്ഷിച്ച സാമ്പത്തികവിജയം നേടിയില്ല. അതിഭാവുകത്വത്തിന്റെ ദൃശ്യങ്ങൾ എല്ലായ്പോഴും വിജയിക്കണമെന്നില്ലല്ലോ.
‘നീലക്കുയിൽ’, ‘രാരിച്ചൻ എന്ന പൗരൻ’, ‘മൂടുപടം’, ‘മുടിയനായ പുത്രൻ’, ‘തച്ചോളി ഒതേനൻ’, ‘ഭാർഗ്ഗവീനിലയം’ തുടങ്ങിയ വിവിധ സിനിമകളിലൂടെ മലയാള സിനിമയുടെ യശസ്സ് ഉയർത്തിയ ചന്ദ്രതാരാ പ്രൊഡക്ഷൻസ് നിർമിച്ച ‘ആൽമരം’ എന്ന ചിത്രം 1969 ജനുവരി 31ന് പുറത്തുവന്നു. ഇതും ഭേദപ്പെട്ട നിലവാരം പുലർത്തിയ സിനിമയായിരുന്നു. എ. വിൻെസന്റ് സംവിധാനംചെയ്ത ‘ആൽമര’ത്തിൽ പ്രേംനസീർ, മധു, ഷീല, കവിയൂർ പൊന്നമ്മ, കൊട്ടാരക്കര ശ്രീധരൻ നായർ, പി.ജെ. ആന്റണി, ശങ്കരാടി, പറവൂർ ഭരതൻ, സരസ്വതി, ശാന്താദേവി തുടങ്ങിയവർ അഭിനയിച്ചു. പി. ഭാസ്കരൻ എഴുതിയ ഗാനങ്ങൾക്ക് എ.ടി. ഉമ്മറാണ് ഈണം നൽകിയത്. യേശുദാസ്, ജയചന്ദ്രൻ, എസ്. ജാനകി, ബി. വസന്ത, സി.ഒ. ആന്റോ എന്നിവർ പിന്നണിയിൽ പാടി. യേശുദാസും ബി. വസന്തയും ചേർന്നു പാടിയ ‘‘നൂതനഗാനത്തിൻ യമുനാതീരത്തിൽ നൂപുരധ്വനികൾ മുഴങ്ങട്ടെ’’ എന്നാരംഭിക്കുന്ന ഗാനം പ്രശസ്തമാണ്. ‘‘നിറയ്ക്കൂ നിങ്ങൾ നിറയ്ക്കൂ വീണ്ടും/ നിർവൃതി തൻ പാനപാത്രം...’’ എന്നിങ്ങനെ പല്ലവി തുടരുന്നു. ജയചന്ദ്രനും എസ്. ജാനകിയും പാടിയ യുഗ്മഗാനവും മികച്ചതാണ്. ‘‘പിന്നെയും ഇണക്കുയിൽ പിണങ്ങിയല്ലോ /ഇന്നെന്താണിന്നെന്താണുറക്കമില്ലേ... /കഥയൊന്നു ചൊല്ലുവാൻ ബാക്കിയില്ലേ..?’’ ഈ പാട്ടിലെ അവസാനത്തെ ചരണമാണ് ഏറ്റവും മനോഹരം. ‘‘ആയിരം രജനികൾ വന്നാലും/ ആദ്യത്തെ രാത്രിയിതൊന്നു മാത്രം/ മാനസമുരളിതൻ സ്വരരാഗസംഗീതം/ ഞാനിന്നടക്കിയാൽ അടങ്ങുകില്ല...’’ വധൂവരന്മാർ ആദ്യരാത്രിയിൽ പാടുന്ന ഗാനമാണിതെന്ന് ഈ വരികൾ വ്യക്തമാക്കുന്നു.
സംവിധായകൻകൂടിയായതുകൊണ്ട് സന്ദർഭവുമായി ഇണങ്ങിച്ചേരുന്ന വരികൾ എഴുതാൻ ഭാസ്കരൻ മാസ്റ്റർ സമർഥനായിരുന്നു. എസ്. ജാനകി പാടിയ ‘‘പരാഗസുരഭില കുങ്കുമമണിയും/ പവിഴമല്ലി പെൺകൊടിമാരേ/ കണ്ടവരുണ്ടോ കാട്ടുമുളയിൽ/ കവിതകൾ പകരുമെൻ ഗന്ധർവനെ..?/ കണ്ടവരുണ്ടോ..?’’ എന്ന പാട്ടും ശ്രദ്ധേയം. ആ ഗാനം ഇങ്ങനെ തുടരുന്നു. ‘‘പൂത്ത കാനനവീഥിയിലെന്നെ/ കാത്തു കാത്തു കുഴങ്ങുകയാവാം/ സ്വപ്നം കാണും കതിർമണ്ഡപത്തിൽ/ പുഷ്പമാലകൾ തൂക്കുകയാവാം...’’ പി. ലീലയും സി.ഒ. ആന്റോയും ചേർന്നു പാടിയ നാടൻപാട്ടിന്റെ രീതിയിലുള്ള ഒരു ഗാനവും ‘ആൽമര’ത്തിൽ ഉണ്ടായിരുന്നു. ‘‘പുല്ലാനിവരമ്പത്ത് പൂക്കൊന്നക്കൊമ്പത്ത്/ നെല്ലോലക്കുരുവികൾ കൂടു വെച്ചു... രണ്ടു/ നെല്ലോലക്കുരുവികൾ കൂടു വെച്ചു.../ കൂട്ടിനു മേക്കടി കുരുത്തോല/ പാടത്തെ പഴംപായൽ തഴപ്പായ/തേനുണ്ണാൻ പോയതും തെന തിന്നാൻ പോയതും/ തെമ്മാങ്കു പാടിയതും ഒരുമിച്ചാണേ.../ പൂവനും പിടയുമായ് കിനാവു കണ്ടു / ദൂരത്തു കതിർ കൊയ്യാൻ പോയി പൂവൻ / കാലത്തു വന്നപ്പോൾ കൂടില്ല, പിടയില്ല/ കോലോത്തെ തമ്പ്രാന്റെ ചിരി മാത്രം -കഷ്ടം/ കോലോത്തെ തമ്പ്രാന്റെ ചിരി മാത്രം...’’ കഥാപാത്രങ്ങളുടെ അനുഭവം ‘സിംബോളിക്’ ആയി വിവരിക്കുന്ന ഈ ഗാനവും സന്ദർഭോചിതമായ രീതിയിൽ രചന നിർവഹിക്കാനുള്ള ഭാസ്കരൻ മാസ്റ്ററുടെ പാടവം വെളിവാക്കുന്നു. ജയചന്ദ്രൻ പാടിയ ‘‘എല്ലാം വ്യർഥം -ആ കളിയും ചിരിയും/ മലർക്കിനാവും വ്യാമോഹം, വ്യർഥം/ മഴവില്ലിൻ പൂപ്പന്തലിത്ര വേഗം/മഴയേറ്റു വീഴുമെന്നാരറിഞ്ഞു..?’’ എന്നിങ്ങനെയുള്ള വരികളും സന്ദർഭത്തിന്റെ ഗൗരവം ഉൾക്കൊള്ളുന്നവയായിരുന്നു.
1969 ജനുവരി 31ന് പ്രദർശനം തുടങ്ങിയ ‘ആൽമരം’ ഭേദപ്പെട്ട ചിത്രമായിരുന്നു. എങ്കിലും ചന്ദ്രതാരാ പ്രൊഡക്ഷൻസ് (നിർമാതാവ് ടി.കെ. പരീക്കുട്ടി) തുടർന്ന് സിനിമകൾ നിർമിച്ചില്ല. പി. ഭാസ്കരൻ, രാമു കാര്യാട്ട്, എ. വിൻസന്റ് എന്നീ പ്രഗല്ഭരായ സംവിധായകരെ മലയാള സിനിമയിൽ അവതരിപ്പിച്ച ആ വലിയ സ്ഥാപനം ക്രമേണ സിനിമാ വ്യവസായത്തോടുതന്നെ വിടപറഞ്ഞു. പ്രശസ്ത നോവലിസ്റ്റായ കെ. സുരേന്ദ്രന്റെ ‘കാട്ടുകുരങ്ങ്’ എന്ന നോവൽ പി. ഭാസ്കരന്റെ സംവിധാനത്തിൽ കൊല്ലം ജനറൽ പിക്ചേഴ്സിനു വേണ്ടി കെ. രവീന്ദ്രനാഥൻ നായർ (രവി) ചലച്ചിത്രമാക്കി. കെ. സുരേന്ദ്രൻ തന്നെയാണ് സംഭാഷണവും രചിച്ചത്. മികച്ച സിനിമ എന്ന് പേരുകേട്ട ഈ സിനിമയിലെ ഗാനങ്ങൾ എല്ലാംതന്നെ മികച്ചവയായിരുന്നു. എക്കാലത്തും പുതുമ പുലർത്താൻ യോഗ്യതയുള്ളവയെന്നു വിശേഷിപ്പിക്കപ്പെടുന്ന ചില ഗാനങ്ങൾ ‘കാട്ടുകുരങ്ങ്’ എന്ന സിനിമയിൽ ഇടംപിടിക്കുകയുണ്ടായി. പി.ഭാസ്കരനും ജി. ദേവരാജനും ആയിരുന്നു ഗാനശിൽപികൾ. രചനയുടെ ചാരുതകൊണ്ടും സംഗീതത്തിന്റെ ഗാംഭീര്യംകൊണ്ടും വേറിട്ടുനിൽക്കുന്ന ‘‘നാദബ്രഹ്മത്തിൻ സാഗരം നീന്തിവരും നാകസുന്ദരിമാരേ...’’ എന്ന ഗാനം ഈ ചിത്രത്തിലാണുള്ളത്. യേശുദാസിന്റെ ശബ്ദസൗന്ദര്യം ദേവരാജൻ മാസ്റ്റർ നന്നായി പ്രയോജനപ്പെടുത്തിയ രാഗമാലിക എന്ന് ഈ ഗാനത്തെ വിശേഷിപ്പിക്കാം.
‘‘നാദബ്രഹ്മത്തിൻ സാഗരം നീന്തിവരും/ നാകസുന്ദരിമാരേ/ സപ്തസ്വരങ്ങളേ, സംഗീതസരസ്സിലെ/ ശബ്ദമരാളങ്ങളേ -സാക്ഷാൽ/ നാദബ്രഹ്മത്തിൻ സാഗരം നീന്തിവരും/ നാകസുന്ദരിമാരേ...’’ കാലാതിവർത്തിയായി നിലനിന്നു പോരുന്ന ഈ ഭാസ്കരരചനയിലെ തുടർന്നുള്ള വരികളിൽ രാഗം മാറുന്നുണ്ട്. ദേവരാജൻ എന്ന സംഗീതസംവിധായകന്റെ കരകൗശലം നിറഞ്ഞുനിൽക്കുന്ന ഗാനമാണിത്. ‘‘കല്പനാകാകളികൾ മൂളിവന്നെത്തുമെന്റെ/ സ്വപ്നചകോരങ്ങളേ/ മാനസവേദിയിൽ മയിൽപീലി നീർത്തിയാടും/ മായാമയൂരങ്ങളേ -സാക്ഷാൽ/ നാദബ്രഹ്മത്തിൻ സാഗരം നീന്തിവരും/ നാകസുന്ദരിമാരേ.../ ഊഴിയിൽ ഞാൻ തീർത്ത സ്വർഗമണ്ഡപത്തിലെ/ ഉർവശിമേനകമാരെ/ ഇന്നെന്റെ പുൽ മേഞ്ഞ മൺകുടിൽപോലും നിങ്ങൾ/ ഇന്ദ്രസഭാതലമാക്കി...’’ പി. സുശീല പാടിയ മനോഹാരിത തുളുമ്പിനിൽക്കുന്ന നാല് ഗാനങ്ങൾ ഈ സിനിമയിലുണ്ട്. ആദ്യവരി കേൾക്കുമ്പോൾതന്നെ നമ്മുടെ ഓർമയിൽ തെളിയുന്നവ. ‘‘അറിയുന്നീല ഭവാൻ അറിയുന്നീല/അനുദിനമനുദിനം ആത്മാവിൽ നടക്കുമെൻ / അനുരാഗപൂജ ഭവാനറിയുന്നീല’’ എന്ന ഗാനമാണ് ഒന്ന്. ‘‘മാറോടണച്ചു ഞാനുറക്കിയിട്ടും -എന്റെ /മാനസവ്യാമോഹമുണരുന്നു/ ഏതോ കാമുകന്റെ നിശ്വാസം കേട്ടുണരും/ ഏഴിലം പാലപ്പൂവെന്നപോലെ’’ എന്നു തുടങ്ങുന്ന ഗാനമാണ് മറ്റൊന്ന്. ‘‘കാർത്തികരാത്രിയിലെ മഞ്ഞുതുള്ളിയോ/ കദനത്തിൻ കണ്ണുനീർത്തുള്ളിയോ/എന്തോ തിളങ്ങുന്നു സ്വപ്നം കണ്ടിരിക്കുമീ/ ഏകാന്ത കാമുകന്റെ കവിൾത്തടത്തിൽ..?’’ എന്ന പാട്ടു മൂന്നാമത്തേത്. പി. സുശീല തന്നെ ആലപിച്ച ‘‘വിദ്യാർഥിനി ഞാൻ -ഒരു/ വിദ്യാർഥിനി ഞാൻ/ പ്രണയപാഠശാലയിൽ/ മധുരയൗവനവേളയിൽ/കാമദേവൻ പണിചെയ്ത/ കലാശാലയിൽ...’’ എന്ന ഗാനം മറ്റൊരു ഭാവതലമാണ് സൃഷ്ടിക്കുന്നത്. കമലം എന്ന ഗായിക പാടിയ ‘‘പങ്കജദള നയനേ/മാനിനി മൗലേ/ ശങ്കിയാതെ കേട്ടാലുമെൻ /ഭാഷിതം ബാലേ’’ എന്നിങ്ങനെ തുടങ്ങുന്ന ഒരു ക്ലാസിക്കൽ പദവും അടൂർ ഭാസി പാടിയ ഒരു ഹാസ്യഗാനവും ഈ സിനിമയിലുണ്ട്. പി. ഭാസ്കരൻ എന്ന കവിയുടെ തികഞ്ഞ നർമബോധം ഈ ഹാസ്യഗാനത്തിലും പ്രകടമാണ്. ‘‘കല്ലുകുളങ്ങര കല്ലാട്ടു വീട്ടിലെ/ കല്യാണിയെന്നൊരു സുന്ദരിയാൾ/ മെല്ലെയെഴുന്നേറ്റു, ഉമിക്കരികൊണ്ടവൾ / മുല്ലപ്പൂ പോലുള്ള പല്ലു തേച്ചു’’ എന്നിങ്ങനെ തുടങ്ങുന്ന ആ പാട്ടും ‘‘നാദബ്രഹ്മത്തിൻ സാഗരം നീന്തിവരും നാകസുന്ദരിമാരേ’’ എന്ന പാട്ടും ഒരു സിനിമയിലാണുള്ളതെന്ന് ചിന്തിക്കുമ്പോൾ പി. ഭാസ്കരൻ എന്ന കവിയുടെ രചനാരീതിയിൽ നിറഞ്ഞുനിൽക്കുന്ന വൈവിധ്യം നമ്മെ അത്ഭുതപ്പെടുത്തുക തന്നെ ചെയ്യും.
(തുടരും)