‘മാനത്തെ മണ്ണാത്തിക്കൊരു പൂത്താലി കിട്ടി’ -49
മികച്ച ദേശീയോദ്ഗ്രഥന ചിത്രമായി തിരഞ്ഞെടുക്കപ്പെട്ട, ജോൺ ശങ്കരമംഗലം കഥയും സംഭാഷണവും എഴുതി സംവിധാനംചെയ്ത ‘ജന്മഭൂമി’യിൽ മികച്ച ഗാനങ്ങളുണ്ടായിരുന്നു. ആ പാട്ടുകളെക്കുറിച്ചും അതേ ദിനങ്ങളിൽ ഇറങ്ങിയ മറ്റു സിനിമകളെക്കുറിച്ചും എഴുതുന്നു. പുണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ബിരുദധാരിയായ ജോൺ ശങ്കരമംഗലം കഥയും സംഭാഷണവും എഴുതി സംവിധാനംചെയ്ത ‘ജന്മഭൂമി’ എന്ന സിനിമ രൂപരേഖ എന്ന...
Your Subscription Supports Independent Journalism
View Plansമികച്ച ദേശീയോദ്ഗ്രഥന ചിത്രമായി തിരഞ്ഞെടുക്കപ്പെട്ട, ജോൺ ശങ്കരമംഗലം കഥയും സംഭാഷണവും എഴുതി സംവിധാനംചെയ്ത ‘ജന്മഭൂമി’യിൽ മികച്ച ഗാനങ്ങളുണ്ടായിരുന്നു. ആ പാട്ടുകളെക്കുറിച്ചും അതേ ദിനങ്ങളിൽ ഇറങ്ങിയ മറ്റു സിനിമകളെക്കുറിച്ചും എഴുതുന്നു.
പുണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ബിരുദധാരിയായ ജോൺ ശങ്കരമംഗലം കഥയും സംഭാഷണവും എഴുതി സംവിധാനംചെയ്ത ‘ജന്മഭൂമി’ എന്ന സിനിമ രൂപരേഖ എന്ന ബാനറിലാണ് നിർമിക്കപ്പെട്ടത്. പിൽക്കാലത്ത് തെന്നിന്ത്യയിലെ പ്രഗല്ഭനായ ഛായാഗ്രാഹകനും സംവിധായകനുമായി വളർന്ന അശോക് കുമാർ ആദ്യമായി കാമറ ചലിപ്പിച്ച മലയാള സിനിമ എന്ന പ്രത്യേകതയും ഈ സിനിമക്കുണ്ട്. അശോക് കുമാറും ഒരു ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ബിരുദധാരിയാണ്.
തിരുവിതാംകൂറിൽനിന്ന് മലബാറിലേക്ക് കുടിയേറിയ മത്തായിയുടെ കുടുംബത്തിന്റെ കഥയാണിത്. നവധാരാ (ന്യൂ വേവ്) ശൈലിയിൽ നിർമിക്കപ്പെട്ട ചിത്രം. എങ്കിലും സിനിമയിൽ പാട്ടുകളുണ്ടായിരുന്നു. പി. ഭാസ്കരൻ എഴുതിയ പാട്ടുകൾക്ക് ബി.എ. ചിദംബരനാഥാണ് ഈണം പകർന്നത്. ഡോ. ബാലമുരളീകൃഷ്ണ, എസ്. ജാനകി, ബി. വസന്ത, പത്മ, എ.കെ. സുകുമാരൻ എന്നിവർ ഗാനങ്ങൾ പാടി. മധു, കൊട്ടാരക്കര ശ്രീധരൻ നായർ, ഉഷാകുമാരി, എസ്.പി. പിള്ള, ടി.ആർ. ഓമന, ശോഭ, സ്നേഹലത, ബേബി സരോജ, ബേബി ശാന്തി തുടങ്ങിയവർ അഭിനയിച്ച ‘ജന്മഭൂമി’ 1969 ഫെബ്രുവരി 14ാം തീയതി പ്രദർശനം തുടങ്ങി. എസ്. ജാനകി പാടിയ ‘‘മാനത്തെ മണ്ണാത്തിക്കൊരു പൂത്താലി കിട്ടി’’ എന്ന ഗാനം വളരെ ഇമ്പമുള്ളതും അർഥമുള്ളതുമായിരുന്നു. ‘‘മാനത്തെ മണ്ണാത്തിക്കൊരു പൂത്താലി കിട്ടി/പുലരൊളി തൻ പൂഞ്ചോലയിൽ/നീരാടുമ്പോൾ അതാ/മാനത്തെ മണ്ണാത്തിക്കൊരു പൂത്താലി കിട്ടി/കാർമുകിൽ കവണികൾ നീർത്തിടും നേരം/കടവിൽ കയറി മൃദുലമേനി തോർത്തിടും നേരം/നന്ദനത്തോപ്പിലുള്ള കിന്നരസുന്ദരി/ ഇന്നലെ മറന്നിട്ട മരതകമണിത്താലി/മലരുകളും കിളികളും താലി കണ്ടു കൊതിച്ചു/ താമരപ്പൂപോലും ആ താലി കിട്ടാൻ മോഹിച്ചു...’’ അപ്പോൾ ‘‘കുളിരണിപൂന്തെന്നൽ പുറകേ പാഞ്ഞു’’ എന്നാണ് പി. ഭാസ്കരൻ എന്ന കവി പറയുന്നത്.
ഒരു നാടൻപാട്ടിന്റെ ലാളിത്യം ഈണത്തിൽ കൊണ്ടുവരാൻ ചിദംബരനാഥിന് സാധിച്ചു. ഡോ. എം. ബാലമുരളീകൃഷ്ണയും എസ്. ജാനകിയും ചേർന്നു പാടിയ ‘‘മലരണി മന്ദാരമേ, പറയൂ നിൻ/മണിവള കയ്യിതിൽ ആരു തന്നു മധു?’’ എന്ന ഗാനവും മധുരമായ ആലാപനത്താൽ ശ്രദ്ധേയമായി. ‘‘വസന്തകാലത്തിൻ ചന്ദനത്തോണിയിൽ/വന്നൊരു സുന്ദര സുമബാണൻ/കാടിതിൽ നീളെ കനകം വിതറി/കരളിൽ തേന്മഴ പെയ്തല്ലോ...’’ എന്നിങ്ങനെ ഗാനം തുടരുന്നു. ബാലമുരളീകൃഷ്ണ പാടിയ തത്ത്വചിന്താപരമായ ഭാസ്കര രചന ആശയഭദ്രതകൊണ്ടും ആലാപനത്തിലെ ഗാംഭീര്യംകൊണ്ടും വേറിട്ടുനിന്നു. ‘‘അരയടി മണ്ണിൽനിന്നു തുടക്കം/ആറടി മണ്ണിൽ നിൻ ഉറക്കം/മാനവജീവിതം ഈ ചരിത്രം/ കണ്ണീരിൻ കഥയാണാ ചരിത്രം/കറുത്ത വാനിൻ ചളിയിൽ മേലേ/ ഇരവു തോണ്ടും കുഴിയിൽ ദൂരെ /പകലൊളി തന്റെ ദേഹം മൂടി/ പാരിൻ കൺകൾ ബാഷ്പം തൂകി...’’ ഇങ്ങനെ തുടരുന്ന ഈ ഗാനത്തിൽ കഥയുമായി യോജിക്കുന്ന ക്രിസ്ത്യൻ ബിംബങ്ങൾ അണിനിരക്കുന്നത് ശ്രദ്ധിക്കുക: ‘‘ഒരു മരക്കുരിശായി കരിമുകിൽനിന്നു/ ഒരു തിരി വെക്കാൻ താരം വന്നു/കൂരിരുൾ ഒടുവിൽ മൂടും സർവം/ജീവിതനാടകലീലയിതല്ലോ...’’ ബി. വസന്ത ഈ സിനിമക്കു വേണ്ടി രണ്ടു ഗാനങ്ങൾ പാടി. ‘‘മതി മതി നിൻ മയിലാട്ടം –ഇനി/മഴമുകിലേ നിന്റെ പൂവേണിയഴിഞ്ഞെടീ...’’ എന്നു തുടങ്ങുന്ന ഗാനവും ‘‘വെള്ളിലംകാട് കരഞ്ഞു -ഇണ/പുള്ളിമാൻ രണ്ടും പിരിഞ്ഞു/വേദനയാലതു കണ്ടു/ വേഴാമ്പൽപോലും കരഞ്ഞു’’ എന്ന് ആരംഭിക്കുന്ന ഗാനവും. കഥാസന്ദർഭവുമായി വളരെ ചേർന്നുനിന്നെങ്കിലും ഗാനങ്ങൾ എന്ന നിലയിൽ അവ ശരാശരി നിലവാരമേ പുലർത്തിയുള്ളൂ. എം.എസ്. പത്മ പാടിയ ഒരു ക്രിസ്ത്യൻ ഭക്തിഗാനവും ‘ജന്മഭൂമി’യിൽ ഉണ്ടായിരുന്നു, ‘‘വിണ്ണാളും ലോകപിതാവേ/ മണ്ണായ നിന്നുടെ മകനെ/ പാപത്തിൻ ഇരുളിൽനിന്നും -നിൻ/ പാദാരവിന്ദത്തിൽ ചേർക്കൂ...’’ എന്നാണ് ഈ പാട്ടിന്റെ തുടക്കം. ‘കടത്തുകാരൻ’ എന്ന സിനിമയിലെ ‘‘മണിമുകിലേ... മണിമുകിലേ...’’ എന്ന ഗാനത്തിലൂടെ എം.എസ്. ബാബുരാജ് അവതരിപ്പിച്ച എ.കെ. സുകുമാരൻ എന്ന ഗായകനും ഈ സിനിമയിൽ ഒരു പാട്ടു പാടി. ‘‘നീലമലച്ചോലയിൽ നീരാടുമ്പോൾ/ തോണി തുഴഞ്ഞുംകൊണ്ടേ/നിന്റെ മാരൻ വന്നെടി പെണ്ണേ...’’ എന്നു തുടങ്ങുന്ന ഈ പാട്ട് സുകുമാരൻ പാടിയ ആദ്യ ഗാനംപോലെ മികച്ചതായില്ല. ജോൺ ശങ്കരമംഗലം എഴുതി സംവിധാനംചെയ്ത് സ്വന്തമായി നിർമിച്ച ‘ജന്മഭൂമി’ ബോക്സ് ഓഫിസിൽ പരാജയപ്പെട്ടെങ്കിലും അതിനു മികച്ച ദേശീയോദ്ഗ്രഥന ചിത്രം എന്നനിലയിൽ ദേശീയ പുരസ്കാരം (നർഗീസ് ദത്ത് അവാർഡ്) ലഭിച്ചു. അശോക് കുമാറിന് മികച്ച ഛായാഗ്രഹണത്തിനുള്ള സംസ്ഥാന പുരസ്കാരവും കിട്ടി.
മലയാളത്തിലെ ആദ്യത്തെ ആന്തോളജിയായിരുന്ന ‘ചിത്രമേള’ നിർമിച്ചതിനുശേഷം പ്രശസ്ത സ്വഭാവനടനായ ടി.എസ്. മുത്തയ്യ ശ്രീ മൂവീസിന്റെ പേരിൽ നിർമിച്ച ‘ബല്ലാത്ത പഹയൻ’ എന്ന ചിത്രം അദ്ദേഹംതന്നെയാണ് സംവിധാനം ചെയ്തത്. സിനിമയിൽ തിരക്കുള്ള ഹാസ്യനടനാകുന്നതിനുമുമ്പ് ബഹദൂർ നായകനായി അഭിനയിച്ച് സാമാന്യം പ്രശസ്തി നേടിയ നാടകമായിരുന്നു ‘ബല്ലാത്ത പഹയൻ’. എം.എം. ഇബ്രാഹിംകുട്ടിയായിരുന്നു നാടകകൃത്ത്. സിനിമയിൽ ടൈറ്റിൽറോളിൽ അഭിനയിക്കാനുള്ള ബഹദൂറിന്റെ മോഹം സഫലമാക്കാനാണ് അദ്ദേഹത്തിന്റെ ഉറ്റസുഹൃത്തായ ടി.എസ്. മുത്തയ്യ ഇങ്ങനെയൊരു ചിത്രം നിർമിക്കാൻ തീരുമാനിച്ചത്. എന്നാൽ, ബഹദൂർ പ്രധാനവേഷത്തിലെത്തുന്ന ഒരു സിനിമയിൽ പ്രേംനസീർ അത്രയും പ്രധാനമല്ലാത്ത കഥാപാത്രമായി വന്നാൽ ആ സിനിമ വിജയിക്കുമോ എന്ന സംശയം പല ഭാഗത്തുനിന്നും ഉയർന്നു. ‘ചിത്രമേള’ സാമ്പത്തികമായി വിജയിക്കാത്തതിനാൽ അടുത്തത് ഒരു ലോ ബജറ്റ് ചിത്രം മതിയെന്ന് നിർമാതാവായ മുത്തയ്യ തീരുമാനിച്ചു. അക്കാലത്ത് മുത്തയ്യയോടൊപ്പം ഒരേ വീട്ടിൽ താമസിച്ചിരുന്ന പ്രേംനസീറിനും ഈ േപ്രാജക്ടിൽ വലിയ താൽപര്യമുണ്ടായിരുന്നില്ല. എങ്കിലും, നിർമാതാവ് തന്റെ തീരുമാനത്തിൽ ഉറച്ചുനിന്നു. എം.എം. ഇബ്രാഹിംകുട്ടിയുടെ നാടകത്തിന് എസ്.എൽ. പുരം സദാനന്ദനാണ് തിരക്കഥാരൂപം നൽകിയത്. ‘ബല്ലാത്ത പഹയൻ’ എന്ന കഥാപാത്രമായി (കാള അലിയാർ) ബഹദൂർ തന്നെ അഭിനയിച്ചു. പ്രേംനസീർ, ജയഭാരതി, കെ.പി. ഉമ്മർ, ചന്ദ്രകാന്ത, തിക്കുറിശ്ശി, മീന, എസ്.പി. പിള്ള, ശങ്കരാടി, പറവൂർ ഭരതൻ, മാസ്റ്റർ ശ്രീധർ, ബേബി ഇന്ദിര തുടങ്ങിയവരായിരുന്നു മറ്റ് അഭിനേതാക്കൾ. ശ്രീകുമാരൻ തമ്പി എഴുതിയ 10 ഗാനങ്ങൾക്ക് ‘റോസി’ എന്ന സിനിമയിലെ ‘‘അല്ലിയാമ്പൽകടവിലന്നരയ്ക്കു വെള്ളം...’’ എന്ന സൂപ്പർഹിറ്റ് ഗാനത്തിലൂടെ പ്രസിദ്ധനായ കെ.വി. ജോബ് ഈണം പകർന്നു. യേശുദാസ്, എ.എം. രാജ, പി. സുശീല, എസ്. ജാനകി, പി. ലീല, എൽ.ആർ. ഈശ്വരി, സീറോ ബാബു, മാലിനി തുടങ്ങിയവർ പിന്നണിയിൽ പാടി.
യേശുദാസ് പാടിയ ‘‘കടലലറുന്നു കാറ്റലറുന്നു/കരയോ കണ്ണു തുടയ്ക്കുന്നു/ എത്രയോ പ്രളയം കര കണ്ടു/എത്ര പ്രവാഹം കര കണ്ടു...’’ എന്ന ഗാനം അപൂർവമായി ഇപ്പോഴും റേഡിയോയിൽ കേൾക്കാറുണ്ട്. തുടർന്നുള്ള വരികൾ ഇങ്ങനെ: ‘‘മദിച്ചു തുള്ളിപ്പുളയും തിരകൾ/ മാറിലമർന്നു പതിക്കുമ്പോൾ/ മദഭരനടനം ചെയ്തുയരുമ്പോൾ/മന്ദഹസിക്കുന്നു തീരം.../ചുഴലിക്കാറ്റിൽ ചൂളമരങ്ങൾ/ചൂളിവിറച്ചു പതിക്കുമ്പോൾ/കരിമൊട്ടുകളും വീണടിയുമ്പോൾ/കണ്ടു സഹിക്കുന്നു തീരം.../ ഒരു തിര വന്നു പല തിരയായി/ ഒടുവിൽ കടലിനു ഭ്രാന്തായി/ അലിഞ്ഞു തീരും കരയുടെ വേദന/ അറിയാനാകാശം മാത്രം...’’ യേശുദാസും എസ്. ജാനകിയും പാടിയ ‘‘മനസ്സിന്റെ കിത്താബിലെ...’’ എന്ന പാട്ട് ഈ ലേഖകൻ സിനിമക്കുവേണ്ടി മുസ്ലിം പശ്ചാത്തലത്തിൽ രചിച്ച ആദ്യ ഗാനമാണ്. ‘‘മനസ്സിന്റെ കിത്താബിലെ മാണിക്യ കടലാസ്/ മാലിന്റെ മഴയത്ത് നനഞ്ഞുപോയി/ കളിയാക്കി ചിരിക്കുമെൻ കളിപ്പെണ്ണിൻ കരൾചിത്രം/കദനനീർക്കണം വീണു പടർന്നു പോയി.../കെസ്സുപാട്ട് കേൾക്കുമ്പോൾ/ബദർ ഒപ്പന കേൾക്കുമ്പോൾ/ ഞെട്ടിറുന്നു വീഴുമെന്റെ/കണ്ണുനീർപ്പൂക്കൾ...’’ എന്നിങ്ങനെ തുടരുന്ന ഈ ഗാനത്തിന് ജോബ് പകർന്ന ഈണം വളരെ മികച്ചതായിരുന്നു. എ.എം. രാജയും പി. സുശീലയും ചേർന്നു പാടിയ യുഗ്മഗാനം ഇങ്ങനെ: ‘‘സ്നേഹത്തിൽ വിടരുന്ന പൂവേതു പൂവ്/ ദാഹത്താൽ തെളിയുന്ന പൂവേതു പൂവ്’’ എന്ന് നായകൻ ചോദിക്കുമ്പോൾ നായികയുടെ മറുപടി: ‘‘താമരപ്പെണ്ണിന്റെ കണ്ണെന്ന പൂവ്/ താരാപരാഗങ്ങൾ ചിന്തുന്ന പൂവ്...’’ വീണ്ടും നായികയുടെ ചോദ്യം: ‘‘ശോകത്തിൽ നനയുന്ന പൂവേതു പൂവ്/ നാണത്താൽ ചുവക്കുന്ന പൂവേതു പൂവ്...’’ നായകന്റെ മറുപടി: ‘‘കണ്മണിപ്പെണ്ണിന്റെ കവിളെന്ന പൂവ്/ കള്ളനുണക്കുഴി വിരിയുന്ന പൂവ്...’’ ഇതേ ഭാവത്തിൽ ഒരു ചരണംകൂടി ഈ പാട്ടിലുണ്ട്.
സി.ഒ. ആന്റോ പാടിയ ഈ ചിത്രത്തിലെ ഒരു സറ്റയർ ഗാനം എല്ലാ ചാനലുകളിലും വാർത്തയുമായി ബന്ധപ്പെട്ട ഹാസ്യപരിപാടികളിൽ ഉൾപ്പെടുത്താറുണ്ട്. ഈ ലേഖകൻ 1969ൽ അതായത്, 54 വർഷം മുമ്പ് എഴുതിയതാണ് പ്രസ്തുത ഗാനമെന്ന് ആ വാർത്താപരിപാടികൾ അവതരിപ്പിക്കുന്നവർപോലും മനസ്സിലാക്കിയിട്ടില്ല. നമ്മുടെ സമൂഹവും രാഷ്ട്രീയവും ഒട്ടും മാറിയിട്ടില്ലെന്നു തിരിച്ചറിയാൻ ആ ഗാനം കേൾക്കുക. ‘‘വേഷത്തിനു റേഷനായി/ കല്യാണം ഫാഷനായി/ അയ്യയ്യോ...അയ്യയ്യോ.../ അയ്യയ്യോ പിള്ളേരൊക്കെ പിരിലൂസുകളായി...’’
‘‘പുറവും പൊന്നണിയും മാറും/പുറമ്പോക്കു ഭൂമികളായി/ നാളീകലോചനമാർക്കോ/ വയറും മുഖവും തിരിയാതായി.../ രാഷ്ട്രീയം ലോട്ടറിയായി/സന്ന്യാസം ബിസിനസായി/വാക്കുകൊണ്ടു വസ്ത്രമഴിക്കും/ സാഹിത്യം ജനകീയമായി/ തുമ്മുമ്പോൾ സത്യാഗ്രഹമായ്/ തൂണുകളും സമരക്കാരായ്/സന്മാർഗം പണ്ടാരാണ്ടോ/പാടിത്തീർന്ന പഴങ്കഥയായി...’’ പി. ലീലയും എൽ.ആർ. ഈശ്വരിയും ചേർന്നു പാടിയ ‘‘സ്വർഗപുതുമാരൻ വന്നു സുന്ദരിപ്പെണ്ണേ/ സുറുമയിട്ടൊരുങ്ങെടീ സുന്ദരിപ്പെണ്ണേ/ നാരങ്ങാക്കവിളത്ത് നാണം വന്നുദിച്ചു/ നക്ഷത്രക്കണ്ണില് സ്വപ്നങ്ങൾ ചിരിച്ചു’’ എന്ന ഒപ്പനപ്പാട്ടും വ്യത്യസ്തമായ രീതിയിൽ ഈ സിനിമയിൽ ഉണ്ടായിരുന്നു. ഒരു ഹിന്ദു വിവാഹവും ഒരു മുസ്ലിം വിവാഹവും ഇന്റർകട്ട് ചെയ്തു കാണിക്കുന്ന രീതി പുതുമയുള്ളതായിരുന്നു. അതുകൊണ്ട് അടുത്ത വരികൾ ഇങ്ങനെയാണ്: ‘‘ഇല്ലത്തെ പെണ്ണിനെ വേളി കഴിക്കാൻ/ കൊല്ലത്തുകാരൻ ചെറുക്കൻ വന്നു.../നാദസ്വരത്തിന്റെ നാദലഹരിയിൽ/നാലുകെട്ടാകെ തരിച്ചുനിന്നു...’’ വീണ്ടും പാട്ട് ഒപ്പനയുടെ മട്ടിലാകുന്നു. ‘‘തങ്കത്തിൻ തരിവള തഞ്ചത്തിൽ കിലുങ്ങുമ്പോൾ/തങ്കപ്പതക്കങ്ങൾ മാറിൽ തിളങ്ങുമ്പോൾ/ചുണ്ടത്തു മാരന്റെ ചുംബനം തുടിക്കുമ്പോൾ/ പണ്ടത്തെ തോഴിയെ മറക്കല്ലേ പെണ്ണേ...’’ വീണ്ടും ഹിന്ദു വിവാഹത്തിലേക്കു പോകുന്നു. വരികൾ മാറുന്നു.
സീറോ ബാബുവും മാലിനിയും ചേർന്നു പാടി: ‘‘അലിയാരു കാക്കാ സൂളേന്നു വീണു/അണപ്പല്ല് രണ്ടെണ്ണം അയപൊട്ടിവീണു’’ എന്ന് തുടങ്ങുന്ന ഒരു ഹാസ്യഗാനവും ‘ബല്ലാത്ത പഹയനി’ൽ ഉണ്ടായിരുന്നു. സ്കൂൾകുട്ടികൾക്കു വേണ്ടി എഴുതിയ ‘‘THIRTY DAYS OF SEPTEMBER/APRIL JUNE AND NOVEMBER / FEBRUARY ONLY TWENTY EIGHT/ ALL THE OTHER THIRTY ONE’’ എന്ന് ഇംഗ്ലീഷിലും ‘‘മുപ്പതു ദിവസം സെപ്റ്റംബറിനുണ്ടേപ്രിൽ ജൂണ് നവംബറിനും ഫെബ്രുവരിക്കിരുപത്തെട്ടിനി മറ്റൊക്കെക്കും നാൾ മുപ്പത്തൊന്നും’’ എന്ന് മലയാളത്തിലും എഴുതിയ ഗാനം മാസങ്ങളുടെ പേരും ദിവസങ്ങളുടെ എണ്ണവും ഓർമിക്കാനായി കുട്ടികൾ പാടുന്ന പാട്ടാണ്. ഇതിനോടൊപ്പം ‘‘ചിങ്ങം വന്നാൽ പൊന്നോണം/ കന്നിയിലല്ലോ നവരാത്രി /തുലാമാസത്തിൽ ദീവാളി/ വൃശ്ചികമായാൽ തൃക്കാർത്തിക...’’ എന്നിങ്ങനെ വിശേഷ ദിവസങ്ങളെപ്പറ്റിയും പറയുന്നു. പി. ലീലയും മാലിനിയും ചേർന്നാണ് കുട്ടികൾക്കുവേണ്ടി ഈ വരികൾ പാടിയത്. എന്നാൽ, സംവിധായകനായ മുത്തയ്യ സാർ ഈ ഗാനം ഏതാനും സ്ത്രീകൾ ആറ്റിൽ കുളിച്ചുകൊണ്ടു പാടുന്നതായിട്ടാണ് ചിത്രീകരിച്ചത്. അത് വളരെ അപഹാസ്യമായെന്ന് പറയാതെ വയ്യ. 1969 ഫെബ്രുവരി 27നു തിയറ്ററുകളിൽ എത്തിയ ‘ബല്ലാത്ത പഹയൻ’ എന്ന ചിത്രം വിജയിച്ചില്ല. പിന്നീട് ടി.എസ്. മുത്തയ്യ എന്ന നടൻ സിനിമാ നിർമാണം നിർത്തിവെക്കുകയും ചെയ്തു.
മലയാള സിനിമയിലെ ആദ്യകാല ഛായാഗ്രാഹകന്മാരിൽ ഒരാളായ ആർ. വേലപ്പൻ നായർ വ്യവസായ സിനിമയിൽ ഒരു വലിയ പരീക്ഷണം നടത്തിയതും ഇതേ വർഷത്തിലാണ്. മലയാളത്തിലെ നടീനടന്മാരെ മുഴുവൻ ഒഴിവാക്കി മിസ്റ്റർ കേരളം ആയി തിരഞ്ഞെടുക്കപ്പെട്ട ശാരീരികശക്തിയുള്ള ബോഡിബിൽഡേഴ്സിനെയും ഗുസ്തിക്കാരെയും മറ്റു ചില ആജാനുബാഹുക്കളെയും താരങ്ങളാക്കി ഒരു സിനിമ സംവിധാനം ചെയ്തു. കഥയും അദ്ദേഹത്തിന്റേതുതന്നെ. ‘ആര്യങ്കാവ് കൊള്ളസംഘം’ എന്ന ഈ സിനിമയിൽ കേരളശ്രീ സണ്ണി, ഗുസ്തി ചാമ്പ്യൻ പോളച്ചിറ രാമചന്ദ്രൻ, കേരളത്തിലെ നീന്തൽ വിദഗ്ധനായ മാധവൻ നായർ, ബേക്കർ ഫയൽവാൻ, സ്റ്റണ്ട് നടൻ സാൻഡോ കൃഷ്ണൻ, വസന്തകുമാരി, ശാന്ത തമ്പി, ബേബി, ഖദീജ തുടങ്ങിയവരാണ് അഭിനയിച്ചത്. കഥാപാത്രങ്ങൾ തമ്മിൽ സംസാരിക്കുന്നില്ല. ചിത്രത്തിൽ ഉടനീളം ആക്ഷൻ മാത്രം. പക്ഷേ, പശ്ചാത്തലത്തിൽ കേൾക്കുന്ന രണ്ടു പാട്ടുകൾ ഉണ്ടായിരുന്നു. ഈ ഗാനങ്ങൾ കെടാമംഗലം സദാനന്ദനാണ് എഴുതിയത്. ചിദംബരനാഥ് സംഗീതം നൽകി. പി. ലീലയും സി.ഒ. ആന്റോയും പാടി. സി.ഒ. ആന്റോ പാടിയ ‘‘അലയുവതെന്തിനു വെറുതെ/ വിലയില്ലാത്തവൻ -ഇനിമേൽ /അപമാനിതനായ് കഴിയുന്നതിലും/ബഹുമതിയല്ലേ മരണം?’’ എന്ന് തുടങ്ങുന്നു. പി. ലീല പാടിയ ഗാനത്തിന്റെ തുടക്കം ഇങ്ങനെ: ‘‘പുഞ്ചിരി തൂകിയുണർന്നല്ലോ/ പുലരിപ്പെണ്ണൊളികണ്ണെറിഞ്ഞല്ലോ/ ഒന്നല്ലൊരായിരമായിരം പൂവുകൾ/ കണ്ണിമപോലെ വിരിഞ്ഞല്ലോ.’’ 1969 ഫെബ്രുവരി 27നു പുറത്തുവന്ന ‘ആര്യങ്കാവ് െകാള്ളസംഘം’ എന്ന സിനിമയെ ജനം നിഷ്കരുണം തള്ളിക്കളഞ്ഞു. ആ പാട്ടുകളും ആരും കേട്ടില്ല എന്നുതന്നെ പറയാം.
(തുടരും)