ആയിരം പാദസരങ്ങൾ കിലുങ്ങി ആലുവാപ്പുഴ പിന്നെയുമൊഴുകി
‘ജ്വാല’, ‘വിലക്കപ്പെട്ട ബന്ധങ്ങൾ’, ‘ചട്ടമ്പിക്കവല’,‘ നദി’ എന്നീ സിനിമകളിലെ പാട്ടുകൾ മലയാളത്തിലെ എക്കാലത്തെയും വലിയ ഹിറ്റുകളാണ്. ആ പാട്ടുകളിലൂടെയും ആ പാട്ടു പിറവിയെടുത്ത വഴികളിലൂടെയും സംഗീതയാത്ര തുടരുന്നു.എക്സൽ പ്രൊഡക്ഷൻസിനു വേണ്ടി കുഞ്ചാക്കോ ഉദയാസ്റ്റുഡിയോയിൽ നിർമിച്ച ചിത്രമാണ് ‘ജ്വാല’. കാനം ഇ.ജെ എഴുതിയ കഥക്ക് എസ്.എൽ. പുരം സദാനന്ദൻ സംഭാഷണമെഴുതി. എം. കൃഷ്ണൻ നായർ ചിത്രം സംവിധാനംചെയ്തു. വയലാർ രാമവർമ എഴുതിയ അഞ്ചു ഗാനങ്ങൾക്ക് ജി. ദേവരാജൻ...
Your Subscription Supports Independent Journalism
View Plans‘ജ്വാല’, ‘വിലക്കപ്പെട്ട ബന്ധങ്ങൾ’, ‘ചട്ടമ്പിക്കവല’,‘ നദി’ എന്നീ സിനിമകളിലെ പാട്ടുകൾ മലയാളത്തിലെ എക്കാലത്തെയും വലിയ ഹിറ്റുകളാണ്. ആ പാട്ടുകളിലൂടെയും ആ പാട്ടു പിറവിയെടുത്ത വഴികളിലൂടെയും സംഗീതയാത്ര തുടരുന്നു.
എക്സൽ പ്രൊഡക്ഷൻസിനു വേണ്ടി കുഞ്ചാക്കോ ഉദയാസ്റ്റുഡിയോയിൽ നിർമിച്ച ചിത്രമാണ് ‘ജ്വാല’. കാനം ഇ.ജെ എഴുതിയ കഥക്ക് എസ്.എൽ. പുരം സദാനന്ദൻ സംഭാഷണമെഴുതി. എം. കൃഷ്ണൻ നായർ ചിത്രം സംവിധാനംചെയ്തു. വയലാർ രാമവർമ എഴുതിയ അഞ്ചു ഗാനങ്ങൾക്ക് ജി. ദേവരാജൻ സംഗീതം പകർന്നു. യേശുദാസും പി. സുശീലയും ബി. വസന്തയും ഈ പാട്ടുകൾ പാടി. പ്രേംനസീർ, ഷീല, ശാരദ, കൊട്ടാരക്കര ശ്രീധരൻ നായർ, അടൂർ ഭാസി, എൻ. ഗോവിന്ദൻകുട്ടി, എസ്.പി. പിള്ള, ആറന്മുള പൊന്നമ്മ, മണവാളൻ ജോസഫ്, അടൂർ പങ്കജം, പങ്കജവല്ലി തുടങ്ങിയവർ അഭിനയിച്ചു. 1969 ആഗസ്റ്റ് 26ന് ചിത്രം പ്രദർശനം തുടങ്ങി. ഈ ചിത്രത്തിലെ മിക്കവാറും എല്ലാ പാട്ടുകളും ശ്രദ്ധിക്കപ്പെട്ടു. പി. സുശീല പാടിയ ‘‘വധൂവരന്മാരേ, പ്രിയ വധൂവരന്മാരേ/ വിവാഹ മംഗളാശംസകളുടെ/ വിടർന്ന പൂക്കളിതാ -ഇതാ/ വധൂവരന്മാരേ’’ എന്ന പ്രശസ്ത ഗാനം ഈ ചിത്രത്തിലുള്ളതാണ്. ‘‘ഇതുവരെ കണ്ട ദിവാസ്വപ്നങ്ങളിൽ/ ഇവയിലെ നറുമണമുതിരട്ടെ/ ഇനി നിങ്ങൾ മീട്ടും നവരത്ന വീണയിൽ/ ഇവയിലെ നാദം നിറയട്ടെ/ ഒരു ദിവ്യസംഗീതമുയരട്ടെ... ഉയരട്ടെ’’ എന്നിങ്ങനെ നീങ്ങുന്ന ഈ പാട്ടിലെ വരികളും ഈണവും ഒരുപോലെ ആകർഷകങ്ങളാണ്. ഈ ഗാനംതന്നെ ശോകഭാവത്തിൽ ബി. വസന്തയും പാടിയിട്ടുണ്ട്.
യേശുദാസും വസന്തയും ചേർന്നു പാടിയ ‘‘കുടമുല്ലപ്പൂവിനും/ മലയാളിപ്പെണ്ണിനും/ ഉടുക്കാൻ വെള്ളപ്പുടവ/ കുളിക്കാൻ പനിനീർച്ചോല/ കൂന്തൽ മിനുക്കാൻ ഞാറ്റുവേല’’ എന്ന വളരെ പ്രശസ്തമായ യുഗ്മഗാനവും ‘ജ്വാല’യിൽ ഉള്ളതാണ്. ‘‘ഉത്രാടസന്ധ്യ ഉണർന്നതിനാലോ/ ഉദ്യാനപാലകൻ വന്നതിനാലോ/ ആപാദചൂഡമീ രാഗപരാഗം/ ആകെ തളിർക്കുമീ രോമാഞ്ചം...’’ എന്നിങ്ങനെയുള്ള വരികൾ എല്ലാംതന്നെ ചലച്ചിത്രസംഗീതത്തെ സ്നേഹിക്കുന്ന എല്ലാ മലയാളികൾക്കും കാണാപ്പാഠമാണ്. അത്രമാത്രം ജനപ്രീതി നേടിയ ഗാനമാണിത്. പി. സുശീല പാടിയ ‘‘ജ്വാല... ജ്വാല... ഞാനൊരു ദുഃഖജ്വാല’’ എന്ന ഗാനവും മികച്ചതാണ്. പി. സുശീലയുടെ വ്യത്യസ്ത ഭാവത്തിലുള്ള ആലാപനശൈലി ഈ ഗാനത്തെ ഉയരങ്ങളിലെത്തിക്കുന്നു. അഗ്നിജ്വാലകൾക്കിടയിലൂടെ ഒരു പ്രേതം പാടി നടക്കുന്ന രീതിയിലാണ് ഈ ഗാനം ചിത്രീകരിക്കപ്പെട്ടിട്ടുള്ളത്. ഗാനം കേട്ട് ഞെട്ടിയുണരുന്ന നായികാനായകന്മാരുടെ (ഷീലയും പ്രേംനസീറും) ഭയവും അത്ഭുതവും വിഷ്വൽസിനു കൂടുതൽ ശക്തിനൽകുന്നു.
‘‘ജ്വാല... ജ്വാല... ഞാനൊരു ദുഃഖജ്വാല/ ഒരു കണ്ണീർത്തിരി തേടി നടക്കും/ വിരഹാഗ്നിജ്വാല/ കതിരുകൾ മേഘക്കതിരുകൾ തൂകി/ കൊതി തീരും മുമ്പേ/ വിധിയുടെ ചുഴലിക്കാറ്റിൻ ചുഴിയിൽ/ വീണു പൊലിഞ്ഞു ഞാൻ/ വെളിച്ചമേ നീയെന്നെ നയിക്കൂ...’’ എന്നിങ്ങനെ തുടരുന്ന ഈ പ്രേതഗാനത്തിൽ ഈണത്തിനും ആലാപനത്തിനും തന്നെയാണ് പ്രാമുഖ്യം.
‘‘താരകപ്പൂവനമറിഞ്ഞില്ല/ താമരപൊയ്കകളറിഞ്ഞില്ല/ തങ്കക്കുടത്തിന്റെ ചന്ദനത്തൊട്ടിലിൽ/ എങ്ങാണ്ടൂന്നൊരു പൂമൊട്ട്/ മണ്ണിൽ വിടർന്നാൽ മാണിക്യം/ മാനത്തിരുന്നാൽ നക്ഷത്രം/ മുത്തശ്ശിക്കഥയുടെ മുത്തുച്ചിപ്പിയിൽ/ മുങ്ങിക്കിടന്നൊരു വൈഡൂര്യം’’ എന്ന ഗാനം യേശുദാസും പി. സുശീലയും ചേർന്നാണ് പാടിയത്. മരിച്ചുപോയ യുവതി പ്രേതമായി വരുന്നു എന്ന് തെറ്റിദ്ധരിപ്പിക്കുന്ന -അതിനായി വെള്ളനിറത്തിൽ വേഷമണിഞ്ഞ ഒരു സ്ത്രീയെ രാത്രികാലങ്ങളിൽ പാട്ടും പാടി നടക്കാൻ നിയോഗിക്കുന്ന- ഒരു വില്ലൻ കഥാപാത്രം ‘ജ്വാല’ എന്ന സിനിമയിലും ഉണ്ട്. ഇത് മലയാള സിനിമയിൽ അന്നും ആവർത്തനമായിരുന്നു. അതുകൊണ്ടാവാം വളരെ നല്ല പാട്ടുകൾ ഉണ്ടായിട്ടും ഉയർന്ന താരനിരയുണ്ടായിട്ടും ‘ജ്വാല’ സാമ്പത്തികമായി വൻവിജയം നേടിയില്ല.
കലാലയ ഫിലിംസ് നിർമിച്ച ‘വിലക്കപ്പെട്ട ബന്ധങ്ങൾ’ പ്രശസ്ത ഫിലിം എഡിറ്ററും സംവിധായകനുമായ എം.എസ്. മണി സംവിധാനം ചെയ്തു. കൗസല്യാദേവി എഴുതിയ ഡോക്ടർ ചക്രവർത്തി എന്ന തെലുങ്ക് കഥയാണ് മലയാളത്തിൽ ‘വിലക്കപ്പെട്ട ബന്ധങ്ങൾ’ എന്ന പേരിൽ സിനിമയായത്. എസ്.എൽ. പുരം സദാനന്ദൻ സംഭാഷണവും ഡോ. പവിത്രൻ പാട്ടുകളും എഴുതി. എ.ടി. ഉമ്മർ സംഗീതസംവിധായകനായി. സത്യൻ, നസീർ, അംബിക, ഉഷാകുമാരി, ജയഭാരതി, കെ.പി. ഉമ്മർ, ടി.കെ. ബാലചന്ദ്രൻ, അടൂർ ഭാസി, ബഹദൂർ, ടി.ആർ. ഓമന തുടങ്ങിയവർ ആയിരുന്നു അഭിനേതാക്കൾ. ചിത്രത്തിൽ അഞ്ചു പാട്ടുകളുണ്ടായിരുന്നു. എസ്. ജാനകി പാടിയ ‘‘സ്വർണമുകിലുകൾ സ്വപ്നം കാണും/ പൗർണമിരാവിൽ നീയെങ്ങോ/ കാത്തിരിക്കും കാമിനിയെന്നെ/ കാണാനായ് നീയെന്നു വരും?’’ എന്ന ഗാനം കുറെയൊക്കെ ശ്രദ്ധിക്കപ്പെട്ടു. യേശുദാസും വസന്തയും ചേർന്നു പാടിയ യുഗ്മഗാനം ഇങ്ങനെ. ‘‘കൈവിരൽത്തുമ്പൊന്നു കവിളത്തു തട്ടുമ്പോൾ/ കണ്മണിക്കെവിടുന്നീ നാണം വന്നു ?’’ എന്ന് നായകന്റെ ചോദ്യം. അപ്പോൾ നായികയുടെ മറുപടിയിങ്ങനെ: ‘‘കവിളത്തു തട്ടീല കൈവിരൽത്തുമ്പുകൾ/ കരളിന്റെ കോവിലിൽ പൂവെറിഞ്ഞു...’’ എസ്. ജാനകി പാടിയ മറ്റൊരു ഗാനം ഇങ്ങനെ തുടങ്ങുന്നു: ‘‘പാടണോ ഞാൻ പാടണോ.../മാമക ഗാനം പൂജാമാല്യം/ മറ്റൊരു വേദിയിൽ ചാർത്താനാമോ..?/ കൃഷ്ണാ.../ മാനസഗാനം നീയല്ലാതെ/ മറ്റാരാനും കേൾക്കാനാണോ/ പാടണോ ഞാൻ പാടണോ..?’’
എസ്. ജാനകിതന്നെ ഈ ഗാനം മറ്റൊരു രീതിയിൽ പാടുന്നുണ്ട്. വരികൾ ഇങ്ങനെ: ‘‘പാടുമേ ഞാൻ പാടുമേ.../ മാനസവേദിയിൽ നീയണയുമ്പോൾ/ ആനന്ദലഹരിയിൽ ആറാടി/ പാടുമേ പാടുമേ പാടുമേ ഞാൻ പാടുമേ.../ പി.ബി. ശ്രീനിവാസും എൽ.ആർ. ഈശ്വരിയും ചേർന്നു പാടുന്ന ‘‘പെണ്ണിന്റെ കണ്ണിൽ തിളക്കം/ അനുരാഗത്തിന്റെ തുടക്കം/ ആണിന്റെ തലയിൽ മയക്കം/ ഒരു രോഗത്തിന്റെയിളക്കം’’ എന്ന് തുടങ്ങുന്ന ഗാനം ഭേദപ്പെട്ടതാണ്.
ഒരു കുടുംബകഥ പറയുന്ന ‘വിലക്കപ്പെട്ട ബന്ധങ്ങൾ’ 1969 സെപ്റ്റംബർ 19ാം തീയതി തിയറ്ററുകളിൽ എത്തി. ചിത്രം ശരാശരി വിജയം നേടി. ഗാനാസ്വാദകർക്ക് എന്നെന്നും ഓർമയിൽ സൂക്ഷിക്കാവുന്ന ഉയർന്ന നിലവാരമുള്ള ഒരു ഗാനം നൽകാൻ ഡോ. പവിത്രൻ-എ.ടി. ഉമ്മർ ടീമിന് സാധിച്ചില്ല.
ശ്രീവിദ്യ ആദ്യമായി നായികയായി അഭിനയിച്ച ‘ചട്ടമ്പിക്കവല’ എന്ന സിനിമ ശ്രീകുമാർ പ്രൊഡക്ഷൻസിനു വേണ്ടി പി. സുബ്രഹ്മണ്യം മെറിലാൻഡ് സ്റ്റുഡിയോയിൽ നിർമിച്ചതാണ്, സത്യൻ ശ്രീവിദ്യയുടെ നായകനായി. എൻ. ശങ്കരൻ നായർ സംവിധാനംചെയ്ത ‘ചട്ടമ്പിക്കവല’യിൽ കെ.പി. ഉമ്മർ, ശാന്തി, തിക്കുറിശ്ശി, എസ്.പി. പിള്ള, മീന, ജോസ് പ്രകാശ്, ബഹദൂർ,കാലായ്ക്കൽ കുമാരൻ തുടങ്ങിയവരും അഭിനയിച്ചു. ഒ.എൻ.വി. കുറുപ്പ് എഴുതിയ പാട്ടുകൾക്ക് ബി.എ. ചിദംബരനാഥ് സംഗീതം നൽകി. യേശുദാസ്, ജയചന്ദ്രൻ, പി. ലീല, എസ്. ജാനകി എന്നിവർ ഗാനങ്ങൾ പാടി. യേശുദാസും എസ്. ജാനകിയും പാടിയ ‘‘മയിൽപീലി മിഴികളിൽ’’ എന്നാരംഭിക്കുന്ന യുഗ്മഗാനം ഭേദപ്പെട്ടതാണ്.
‘‘മയിൽപീലി മിഴികളിൽ/ മനസ്സിലെ സങ്കൽപങ്ങൾ /മലർത്തിരി കൊളുത്തിയല്ലോ -നിന്റെ/ മയിൽപീലി മിഴികളിൽ’’ എന്ന് നായകൻ പാടുമ്പോൾ നായിക പാടുന്ന വരികൾ ഇങ്ങനെ: ‘‘മനസ്സമ്മതം കേൾക്കാതെ/ മണവാളൻ ഓടിവന്നെൻ/ മണിയറ തുറന്നുവല്ലോ...’’ യേശുദാസും എസ്. ജാനകിയും ചേർന്ന് പാടുന്ന മറ്റൊരു ഗാനമിതാണ്: ‘‘അന്തിമലർക്കിളി കൂടണഞ്ഞു/ അമ്പിളിവിളക്കിൽ തിരി തെളിഞ്ഞു/ കണ്മണീ നീയൊരു കഥ പറയൂ -/നിൻ കണ്മുനയാലൊരു കഥ പറയൂ...’’ യേശുദാസും എസ്. ജാനകിയും ചേർന്ന് പാടിയ ഈ ചിത്രത്തിലെ മൂന്നാമത്തെ ഗാനം ഇങ്ങനെ: ‘‘അഞ്ജനക്കുളിർനീലവിണ്ണിലെ കൽപടവിൽ/ പഞ്ചമി പെൺകൊടി വന്നിരുന്നു/ നാളത്തെ രാത്രിയിലോ വേളിമുഹൂർത്തമെന്നു/ നാണിച്ചു നാണിച്ചവൾ നിനച്ചിരുന്നു...’’ പി. ലീലയും പി. ജയചന്ദ്രനും ചേർന്ന് പാടിയ ഗാനം ‘‘ഒരു ഹൃദയത്തളികയിൽ/ ഓമൽപൂത്തളികയിൽ/ ഒരുങ്ങി നാണം കുണുങ്ങി നിൽക്കും/ ഒരു രാഗമല്ലിക/ അനുരാഗമല്ലിക’’ എന്നിങ്ങനെ തുടങ്ങുന്നു. എൽ.ആർ. ഈശ്വരിയും ജ്ഞാനശേഖരനും ചേർന്ന് പാടിയ ഒരു ഹാസ്യഗാനവും ‘ചട്ടമ്പിക്കവല’യിൽ ഉണ്ട്. ‘‘ഒരു മുറിമീശക്കാരൻ ചെറുപ്പക്കാരൻ/ അവനെ കണ്ടവരുണ്ടോ/ പട്ടുകുപ്പായക്കാരൻ/ പഠിപ്പു കുറഞ്ഞാലും പത്രാസുകാരൻ/ കുരുവിയില്ലാക്കുരുവിക്കൂടായ്/ കുടുമ വെച്ചിട്ടുണ്ട്/ കുളിസീനുള്ള സിനിമ കാണാൻ/ ക്യൂവിൽ നിൽക്കാറുണ്ട്’’ എന്നിങ്ങനെ കുറെ രസകരമായ വിവരങ്ങൾ ഈ പാട്ടിലുണ്ട്.
ഏതായാലും ‘ചട്ടമ്പിക്കവല’യിലെ പാട്ടുകളിൽ ഒന്നുപോലും സൂപ്പർഹിറ്റ് പദവി നേടിയില്ല. ഒ.എൻ.വിയും ചിദംബരനാഥും ഒരുമിച്ച ഒരേയൊരു സിനിമ ‘ചട്ടമ്പിക്കവല’യാണെന്നാണ് ഈ ലേഖകന്റെ വിശ്വാസം. ശ്രീവിദ്യ എന്ന നടിയെ മലയാള സിനിമക്കു നൽകി എന്നത് മാത്രമാണ് ‘ചട്ടമ്പിക്കവല’ എന്ന സിനിമയുടെ നേട്ടം. കൗമാരം വിട്ടു യൗവനത്തിലേക്ക് കാലെടുത്തുവെക്കുന്ന നായികയും 57 വയസ്സുള്ള നായകനും തമ്മിലുള്ള പ്രണയരംഗങ്ങൾ എത്രമാത്രം കാണികളെ ആകർഷിക്കുമെന്ന കാര്യം ഊഹിക്കാവുന്നതല്ലേയുള്ളൂ. 1969 ഒക്ടോബർ എട്ടിന് ചിത്രം തിയറ്ററുകളിൽ എത്തി.
വയലാറും ദേവരാജനും ചേർന്നൊരുക്കിയ എല്ലാ പാട്ടുകളും സൂപ്പർഹിറ്റുകളായ ചലച്ചിത്രമാണ് ‘നദി’. സുപ്രിയ എന്ന ബാനറിൽ ഹരി പോത്തൻ നിർമിച്ച ഈ പ്രശസ്ത ചിത്രം എ. വിൻസന്റ് ആണ് സംവിധാനം ചെയ്തത്. പ്രേംനസീർ, മധു, പി.ജെ. ആന്റണി, ശാരദ, അംബിക, കവിയൂർ പൊന്നമ്മ, അടൂർ ഭാസി, ശങ്കരാടി, ആലുമ്മൂടൻ തുടങ്ങിയവർ അഭിനയിച്ച ‘നദി’ കലാപരമായും വ്യവസായികമായും വിജയം വരിച്ച ചിത്രമാണ്. ‘നദി’യിലെ എല്ലാ പാട്ടുകളും രചനയിലും സംഗീതത്തിലും ഉന്നത നിലവാരം പുലർത്തി. യഥാർഥ നദിയിലെടുത്ത പുറംവാതിൽ ഷോട്ടുകളും സ്റ്റുഡിയോയിൽ നദിയുടെ ഭാഗങ്ങളുടെ സെറ്റ് തയാറാക്കി ഷൂട്ട് ചെയ്ത ദൃശ്യങ്ങളും തമ്മിൽ തിരിച്ചറിയാനാകാത്ത വിധത്തിൽ മനോഹരമായി സന്നിവേശിപ്പിക്കാൻ ഇന്ത്യൻ സിനിമാലോകം കണ്ട ഏറ്റവും മികച്ച ഛായാഗ്രാഹകരിൽ ഒരാൾകൂടിയായ സംവിധായകൻ എ. വിൻസന്റിന് നിഷ്പ്രയാസം സാധിച്ചിരിക്കുന്നു. ഈ ചിത്രീകരണ വൈഭവം പാട്ടുകളുടെ നിലവാരം കൂടുതൽ ഉയരങ്ങളിൽ എത്തിച്ചു.
‘‘ആയിരം പാദസരങ്ങൾ കിലുങ്ങി/ ആലുവാപ്പുഴ പിന്നെയുമൊഴുകി/ ആരും കാണാതെ ഓളവും തീരവും/ ആലിംഗനങ്ങളിൽ മുഴുകി -മുഴുകി’’ എന്ന ഗാനത്തിന്റെ രചനാമൂല്യവും സംഗീതഗരിമയും ചിത്രീകരണ സൗന്ദര്യവും ഒന്നുചേരുന്ന കാഴ്ച മലയാള സിനിമക്കു ലഭിച്ച അപൂർവ ചാരുതകളിലൊന്നാണ്.
‘‘ഈറനായ നദിയുടെ മാറിൽ/ ഈ വിടർന്ന നീർക്കുമിളകളിൽ/ വേർപെടുന്ന വേദനയോ/ വേരിടുന്ന നിർവൃതിയോ/ ഓമലേ... ആരോമലേ.../ ഒന്നു ചിരിക്കൂ... ഒരിക്കൽ കൂടി’’ എന്നീ വരികളും അടുത്ത ചരണത്തിലെ ‘‘ഈ നിലാവും ഈ കുളിർകാറ്റും/ ഈ പളുങ്കു കൽപടവുകളും/ ഓടിയെത്തും ഓർമകളിൽ/ ഓമലാളിൻ ഗദ്ഗദവും/ ഓമലേ... ആരോമലേ.../ ഒന്നു ചിരിക്കൂ...ഒരിക്കൽകൂടി’’ എന്നീ വരികളും ഏതൊരു ഗാനാസ്വാദകനും അസുലഭ നിർവൃതി പ്രദാനം ചെയ്യുന്നു.
യേശുദാസ് തന്നെ പാടിയ ‘‘കായാമ്പൂ കണ്ണിൽ വിടരും/ കമലദളം കവിളിൽ വിടരും/ അനുരാഗവതീ നിൻ ചൊടികളിൽ നി/ ന്നാലിപ്പഴം പൊഴിയും.../ ഞാനിറങ്ങി...’’ പി. സുശീല പാടിയ ‘‘പഞ്ചതന്ത്രം കഥയിലെ/ പഞ്ചവർണ കുടിലിലെ/ മാണിക്യപ്പൈങ്കിളി മാനം പറക്കുന്ന/ വാനമ്പാടിയെ സ്നേഹിച്ചു -ഒരു/വാനമ്പാടിയെ സ്നേഹിച്ചു...’’ എന്ന ഗാനവും മനോഹരംതന്നെ.
‘‘പുഴകൾ മലകൾ പൂവനങ്ങൾ/ ഭൂമിക്കു കിട്ടിയ സ്ത്രീധനങ്ങൾ/സന്ധ്യകൾ മന്ദാരച്ചാമരം വീശുന്ന/ ചന്ദനശീതള മണപ്പുറങ്ങൾ/ഇവിടമാണിവിടമാണിതിഹാസരൂപിയാം/ ഈശ്വരനിറങ്ങിയ തീരം’’ എന്ന പാട്ടും യേശുദാസാണ് പാടിയിട്ടുള്ളത്. പി. സുശീലതന്നെ പാടിയ ‘‘നിത്യവിശുദ്ധയാം കന്യാമറിയമേ/ നിൻ നാമം വാഴ്ത്തപ്പെടട്ടെ’’ എന്ന ഗാനം മലയാള സിനിമയിലെ നിലവാരം തികഞ്ഞ ക്രിസ്ത്യൻ ഭക്തിഗാനങ്ങളിൽ ഒന്നാണ്. ‘‘കുഞ്ഞിനെ വേണോ ...കുഞ്ഞിനെ വാങ്ങാനാരുണ്ട്...’’ എന്നു തുടങ്ങുന്ന പാട്ട് കുട്ടിയെ (ബേബി സുമതി) കളിപ്പിക്കുന്ന ലളിതമധുരമായ പാട്ടാണ്. ‘‘തപ്പുകൊട്ടാമ്പുറം തകിലുകൊട്ടാമ്പുറം/ കൊട്ടാമ്പുറത്തൊരു കുഞ്ഞ്/ കുഞ്ഞിനെ വേണോ കുഞ്ഞിനെ വേണോ.../ കുഞ്ഞിനെ വാങ്ങാനാരുണ്ട്... ആരുണ്ട്...ആരുണ്ട്?’’ കേരളത്തിൽ വിവിധ പ്രദേശങ്ങളിൽ വിവിധ രീതികളിൽ പാടിവരുന്ന ഒരു നാടോടിപ്പാട്ടിന്റെ ചുവടുപിടിച്ചാണ് -എന്നാൽ തികച്ചും സ്വതന്ത്രമായ രീതിയിൽ- വയലാർ ഈ പാട്ട് എഴുതിയിട്ടുള്ളത്. പി. സുശീലയും സംഘവും ഈ ഗാനം പാടിയിരിക്കുന്നു. ‘നദി’യിലെ ഗാനങ്ങൾ കാലാതിവർത്തിയായി നിലനിൽക്കും.
(തുടരും)