എം.എസ് ബാബുരാജിന്റെ മുന്നേറ്റം
മലയാളസിനിമ പ്രമേയപരമായും വ്യവസായികമായും വളർന്നുതുടങ്ങിയതോടെ ഓരോ വർഷവും നിർമിക്കപ്പെടുന്ന ചിത്രങ്ങളുടെ എണ്ണവും അധികരിച്ചുകൊണ്ടിരുന്നു. 1964ൽ പത്തൊമ്പതു സിനിമകൾ പുറത്തിറങ്ങി. പ്രേംനസീർ, സത്യൻ, മധു എന്നിവർ മാത്രം നായകന്മാരായി അഭിനയിച്ചുകൊണ്ടിരുന്ന ആ കാലഘട്ടത്തിൽ പി. ഭാസ്കരൻ, കെ.എസ്. സേതുമാധവൻ, എം. കൃഷ്ണൻ നായർ എന്നിവരായിരുന്നു മുന്നണിയിൽ നിന്ന സംവിധായകർ. ഇവരുടെ നിരയിലേക്ക് 'ഭാർഗ്ഗവീനിലയം' എന്ന സിനിമയിലൂടെ എ. വിൻസന്റും കടന്നുവന്നു. ഈ മൂന്നു നടന്മാരും മേൽപറഞ്ഞ സംവിധായകരും മലയാളസിനിമയുടെ നെടുംതൂണുകളായിരുന്ന കാലമാണ് അറുപതുകളുടെ പൂർവാർധം (സ്റ്റുഡിയോ ഉടമകളും നിർമാതാക്കളും സംവിധായകരുമായ...
Your Subscription Supports Independent Journalism
View Plansമലയാളസിനിമ പ്രമേയപരമായും വ്യവസായികമായും വളർന്നുതുടങ്ങിയതോടെ ഓരോ വർഷവും നിർമിക്കപ്പെടുന്ന ചിത്രങ്ങളുടെ എണ്ണവും അധികരിച്ചുകൊണ്ടിരുന്നു. 1964ൽ പത്തൊമ്പതു സിനിമകൾ പുറത്തിറങ്ങി. പ്രേംനസീർ, സത്യൻ, മധു എന്നിവർ മാത്രം നായകന്മാരായി അഭിനയിച്ചുകൊണ്ടിരുന്ന ആ കാലഘട്ടത്തിൽ പി. ഭാസ്കരൻ, കെ.എസ്. സേതുമാധവൻ, എം. കൃഷ്ണൻ നായർ എന്നിവരായിരുന്നു മുന്നണിയിൽ നിന്ന സംവിധായകർ. ഇവരുടെ നിരയിലേക്ക് 'ഭാർഗ്ഗവീനിലയം' എന്ന സിനിമയിലൂടെ എ. വിൻസന്റും കടന്നുവന്നു.
ഈ മൂന്നു നടന്മാരും മേൽപറഞ്ഞ സംവിധായകരും മലയാളസിനിമയുടെ നെടുംതൂണുകളായിരുന്ന കാലമാണ് അറുപതുകളുടെ പൂർവാർധം (സ്റ്റുഡിയോ ഉടമകളും നിർമാതാക്കളും സംവിധായകരുമായ പി. സുബ്രഹ്മണ്യത്തെയും കുഞ്ചാക്കോയെയും ഇവരുടെ കൂട്ടത്തിൽ ഉൾപ്പെടുത്തുന്നില്ല.). മലയാള സിനിമയുടെ വ്യവസായികപരിമിതിയെക്കുറിച്ച് ഉത്തമബോധ്യമുള്ളവരായിരുന്നു അവർ. അതുകൊണ്ട് സിനിമയുടെ നിർമാണച്ചെലവ് ഒരു പരിധിയിലധികം കൂടാതിരിക്കാൻ അവർ ഒത്തൊരുമിച്ചു ശ്രമിക്കുമായിരുന്നു. നിർമാതാക്കൾ നിലനിന്നാൽ മാത്രമേ വ്യവസായം നിലനിൽക്കുകയുള്ളൂ എന്ന പരമമായ സത്യം അവർ മനസ്സിലാക്കിയിരുന്നു. കേരളത്തിലെ തിയറ്ററുകളിൽനിന്ന് കിട്ടുന്ന വരുമാനം മാത്രമേ അന്ന് മലയാളസിനിമക്ക് ലഭിക്കുമായിരുന്നുള്ളൂ. അപ്പോൾ ഗൾഫ് മാർക്കറ്റ് തുടങ്ങിയിട്ടില്ല. ഗൾഫ് മലയാളികളുടെ പണം മലയാള സിനിമയിലേക്ക് ഒഴുകാൻ തുടങ്ങിയിട്ടില്ല. പ്രധാന നായകന്മാരുടെയും സംവിധായകരുടെയും സഹകരണംകൊണ്ട് മുടക്കുമുതൽ അധികമാകാത്തതിനാൽ എഴുപത്തഞ്ചു ശതമാനം സിനിമകൾക്കും മുതൽമുടക്ക് തിരിച്ചുകിട്ടുമായിരുന്നു. ചിത്രങ്ങൾ തുടർന്നെടുക്കുന്ന സ്ഥിരം നിർമാതാക്കൾ അക്കാലത്ത് രംഗത്ത് നിലനിന്നു. നവാഗതരേക്കാൾ സ്ഥിരമായി ചിത്രങ്ങൾ നിർമിക്കുന്ന നിർമാതാക്കളായിരുന്നു കൂടുതൽ.
പി. ഭാസ്കരനും ബാബുരാജും വയലാറും ദേവരാജനും മുന്നണിയിൽ തുടരുമ്പോഴും ഇടക്ക് അഭയദേവും ദക്ഷിണാമൂർത്തിയും തിരുനയിനാർകുറിച്ചിയും ബ്രദർ ലക്ഷ്മണും കെ. രാഘവനും അവരുടെ സാന്നിധ്യമറിയിക്കുകയും അവരുടെ കഴിവുകൾ മങ്ങിയിട്ടില്ല എന്ന സത്യം തെളിയിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. മലയാള ചലച്ചിത്ര ഗാനശേഖരത്തിലേക്ക് ചില അമൂല്യ രത്നങ്ങൾ സമ്മാനിച്ച 'തച്ചോളി ഒതേനൻ' എന്ന പ്രശസ്ത ചിത്രമാണ് 1964ൽ ആദ്യമായി തിയറ്ററുകളിൽ എത്തിയത്. എസ്.എസ്. രാജൻ സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ ഛായാഗ്രഹണസംവിധായകൻ എ. വിൻസന്റ് ആയിരുന്നു. സത്യൻ നായകനും അംബിക നായികയുമായി അഭിനയിച്ച 'തച്ചോളി ഒതേനന്' ചരിത്രപരമായും പ്രാധാന്യമുണ്ട്. പിൽക്കാലത്ത് മലയാള സിനിമയുടെ അവിഭാജ്യഘടകമായി മാറിയ അടൂർ ഭാസി ഈ സിനിമയിൽ സംവിധാനസഹായിയായി പ്രവർത്തിച്ചു. വർഷങ്ങൾക്കു ശേഷം 'കബനീനദി ചുവന്നപ്പോൾ', 'ചുവന്ന വിത്തുകൾ', 'സംഘഗാനം' തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാള നവധാരാസിനിമയുടെ ഭാഗമായി മാറിയ പി.എ. ബക്കർ ഈ സിനിമയുടെ പ്രൊഡക്ഷൻ മാനേജർ ആയിരുന്നു.
പി. ഭാസ്കരൻ എഴുതി എം.എസ്. ബാബുരാജ് സംഗീതം നൽകിയ 'തച്ചോളി ഒതേനൻ' എന്ന വടക്കൻപാട്ട് സിനിമയിലെ പാട്ടുകളെല്ലാം സമാനതകളില്ലാത്ത ഉജ്വലഗീതങ്ങളായി മാറിയെന്നു പറഞ്ഞാൽ അതിൽ ഒട്ടും അതിശയോക്തിയില്ല. എസ്. ജാനകി എന്ന ഗായികയെ മലയാളത്തിലെ പിന്നണിഗായികമാരുടെ മുൻനിരയിൽ എത്തിച്ച ''അഞ്ജനകണ്ണെഴുതി ആലിലത്താലി ചാർത്തി അറപ്പുരവാതിലിൽ ഞാൻ കാത്തിരുന്നു'' എന്ന പാട്ട് ഇന്നും മലയാളികളുടെ ഓർമയിൽ നിത്യനൂതനമായി നിൽക്കുന്നു. പി. ലീല പാടിയ ഇതിലെ എല്ലാ ഗാനങ്ങളും 'ക്ലാസിക്കുകൾ' ആണെന്നുതന്നെ പറയാം. ''കൊട്ടും ഞാൻ കേട്ടില്ല കൊഴലും ഞാൻ കേട്ടില്ല/ ഇത്തിരി മുല്ലയ്ക്കാരു കൊടുത്തു/ മുത്തു പതിച്ചൊരു പൂത്താലി'' എന്ന ഗാനവും ''നല്ലോലപ്പൈങ്കിളി നാരായണക്കിളി/ നാളേയ്ക്കൊരു വട്ടി പൂ വേണം/വന്മലക്കാട്ടിലെ വനമുല്ല വേണം/വാടാത്ത വാകപ്പൂ വേണം'' എന്ന സംഘഗാനവും ''കന്നിനിലാവത്ത് / കസ്തൂരി പൂശുന്ന/ കൈതേ കൈതേ കൈനാറീ/കൈയിലിരിക്കണ പൂമണമിത്തിരി/ കാറ്റിന്റെ കൈയിൽ കൊടുത്താട്ടെ'' എന്ന ഗാനവും ''അപ്പം വേണം അട വേണം/ അമ്പാടിക്കുട്ടനു ചോറൂണ് /വായോ വായോ വയനാടൻ കാറ്റേ/ വയറു നിറച്ചും ചോറു തരാം'' എന്ന ഗാനവും നിത്യസുന്ദരം തന്നെയാണ്. പി. സുശീലയും എസ്. ജാനകിയും മലയാളസിനിമയിൽ പാടിത്തുടങ്ങിയപ്പോൾ അൽപം പിന്നിലേക്ക് പോയ പി. ലീല ഈ ഗാനങ്ങളിലൂടെ തന്റെ നാദഭംഗി മങ്ങിയിട്ടില്ലെന്നു തെളിയിച്ചു.
വളരെ കൂടുതൽ പണം മുടക്കി നിർമിച്ച 'സത്യഭാമ' എന്ന ചിത്രത്തിന്റെ പരാജയത്തിൽനിന്ന് പാഠം പഠിച്ച ടി.ഇ. വാസുദേവൻ ഒരു ലക്ഷം രൂപ ചെലവാക്കി മലയാളത്തിലെ പ്രധാന നടീനടന്മാരെയെല്ലാം അണിനിരത്തി നിറയെ ഗാനങ്ങൾ ഉൾപ്പെടുത്തി ഒരു സിനിമ നിർമിക്കാൻ തീരുമാനിച്ചു. ഒരു ലക്ഷം രൂപ കൊണ്ട് ഒരു സിനിമ നിർമിക്കാനോ...അത് നടക്കുന്ന കാര്യമാണോ..? എന്നാണ് കേട്ടവരെല്ലാം ചോദിച്ചത്. എന്നാൽ തികച്ചും അവിശ്വസനീയമായ ആ സംഭവം നടന്നു. 'അമ്മ' മുതൽ 'സത്യഭാമ' വരെയുള്ള അനേകം മികച്ച സിനിമകൾ നിർമിച്ച ടി.ഇ. വാസുദേവന്റെ വ്യക്തിത്വവും നടീനടന്മാരും സാങ്കേതിക വിദഗ്ധന്മാരും അദ്ദേഹത്തിൽ അർപ്പിച്ചിരുന്ന അചഞ്ചലമായ വിശ്വാസവും ഇതിനു സഹായകമായിട്ടുണ്ടാവാം. പ്രേംനസീർ, മധു , അംബിക, ഷീല, മുരളി, അടൂർ ഭാസി, ബഹദൂർ, ഹാജി അബ്ദുൽ റഹ്മാൻ, ഫിലോമിന, നിലമ്പൂർ ആയിഷ, ശാന്താദേവി തുടങ്ങിയവർ അഭിനയിച്ച, പത്തു പാട്ടുകൾ അടങ്ങിയ ചിത്രമാണ് ജയ്മാരുതിയുടെ ബാനറിൽ വാസുസാർ ഒരു ലക്ഷം രൂപ മാത്രം ചെലവാക്കി നിർമിച്ചത്. എം. കൃഷ്ണൻ നായർ എന്ന സംവിധായകന്റെ അസാമാന്യമായ സാങ്കേതികബോധവും ഈ അസാധാരണമായ വിജയത്തിന് കാരണമായിട്ടുണ്ടെന്നു സമ്മതിച്ചേ മതിയാകൂ. ഒരു ലക്ഷം രൂപ മാത്രം മുടക്കി നിർമിച്ച 'കുട്ടിക്കുപ്പായം' എന്ന സിനിമ കോഴിക്കോട് രാധാ തിയറ്ററിൽ നൂറ്റിയറുപത്തിനാലു ദിവസം തുടർച്ചയായി പ്രദർശിപ്പിച്ചു. അങ്ങനെ ഒരു സിനിമയുടെ മുടക്കുമുതലും അതിന്റെ കലക്ഷനും തമ്മിൽ ഒരു ബന്ധവുമില്ലെന്ന് ടി.ഇ. വാസുദേവൻ എന്ന നിർമാതാവ് തെളിയിച്ചു. 'കുട്ടിക്കുപ്പായ'ത്തിലെ എല്ലാ പാട്ടുകളും സൂപ്പർ ഹിറ്റുകളായി. പി. ഭാസ്കരനും ബാബുരാജും ചേർന്നൊരുക്കിയ ആ ഗാനങ്ങൾ കേട്ടാൽ അവ വളരെ കുറച്ച് സംഗീതോപകരണങ്ങൾ മാത്രം ഉപയോഗിച്ച് റെക്കോഡ് ചെയ്ത പാട്ടുകൾ ആണെന്ന് ആരും പറയുകയില്ല. ആ പാട്ടുകൾ കേട്ടിട്ടില്ലാത്ത മലയാളികൾ ഉണ്ടാകാൻ വഴിയില്ല. പാട്ടുകൾ താഴെ കൊടുക്കുന്നു.
ഒന്ന്: ''കല്യാണരാത്രിയിൽ കള്ളികൾ തോഴിമാർ/ നുള്ളി, പലതും ചൊല്ലി, പിന്നെ/മെല്ലെ മെല്ലെ മണിയറയിൽ തള്ളി'' (പി. ലീല). രണ്ട്: ''ഒരു കൊട്ട പൊന്നുണ്ടല്ലോ മിന്നുണ്ടല്ലോ മേനി നിറയെ/കരയല്ലേ ഖൽബിൻ മണിയേ/കൽക്കണ്ടക്കനിയല്ലേ'' (എൽ.ആർ. ഈശ്വരിയും സംഘവും). മൂന്ന്: ''വെളുക്കുമ്പോ കുളിക്കുവാൻ പോകുന്ന വഴിവക്കിൽ വേലിക്കൽ നിന്നവനേ/കൊച്ചു കിളിച്ചുണ്ടൻ മാമ്പഴം കടിച്ചുംകൊണ്ടെന്നോട് കിന്നാരം പറഞ്ഞവനേ'' (എ.പി. കോമള).
നാല്: ''പുള്ളിമാനല്ല മയിലല്ല മധുരക്കരിമ്പല്ല മാരിവില്ലൊത്ത പെണ്ണാണ്/ ഇവൾ മാരിവില്ലൊത്ത പെണ്ണാണ്'' (എൽ.ആർ. ഈശ്വരിയും സംഘവും).
അഞ്ച്: ''ഇന്നെന്റെ കരളിന്റെ പൊന്നണിപ്പാടത്തൊരു പുന്നാരപ്പനംതത്ത പറന്നു വന്നു'' (പി. ലീല). ആറ്: ''പൊൻവളയില്ലെങ്കിലും പൊന്നാടയില്ലെങ്കിലും പൊന്നിൻകുടം എന്നും പൊന്നിൻകുടം''( കെ.പി. ഉദയഭാനു).
ഏഴ്: ''വിരുന്നുവരും വിരുന്നുവരും പത്താം മാസത്തിൽ - അത് വിരുന്നുകാരനോ അതോ വിരുന്നുകാരിയോ...'' (പി. ലീലയും ഉത്തമനും).
എട്ട്: ''ഉമ്മയ്ക്കും ബാപ്പയ്ക്കും ആയിരമായിരം ഉമ്മയും കൊണ്ടിങ്ങു വരുമല്ലോ'' (എൽ.ആർ. ഈശ്വരി.)
ഒമ്പത്: ''പൊട്ടിച്ചിരിക്കുവാൻ മോഹമുണ്ടെങ്കിലോ പൊട്ടിക്കരയിക്കും ജീവിതം'' (പി. ലീല, ഉത്തമൻ, ഗോമതി).
പത്ത്: ''തൊട്ടിലിൽനിന്നു തുടക്കം മയ്യത്തുകട്ടിലിൽ യാത്ര മടക്കം'' (പി.ബി. ശ്രീനിവാസ്). കേരളത്തിലെ ഇസ്‍ലാം ജീവിതവുമായി ഇത്രയധികം ഇണങ്ങിച്ചേരുന്ന പാട്ടുകൾ ഈ ചിത്രത്തിന്റെ അഭൂതപൂർവമായ സാമ്പത്തിക വിജയത്തിനു കാരണമായിട്ടുണ്ട് എന്നത് തർക്കമറ്റ സംഗതിയാണ്. കുട്ടികളുണ്ടാകാതിരിക്കുമ്പോൾ സ്ത്രീയെ 'വന്ധ്യ'എന്ന് വിളിച്ച് ആക്ഷേപിക്കുന്നവർക്കുള്ള മറുപടിയായിരുന്നു ഈ ചിത്രം. ഭർത്താവിന്റെ കുറവുകൾകൊണ്ടും ഭാര്യ പ്രസവിക്കാതിരിക്കാം എന്ന അറിവ് സമൂഹത്തിനു കിട്ടിയ ഒരു ഷോക്ക് ട്രീറ്റ്മെന്റ് ആയിരുന്നു. 'അന്ന', 'ദേവാലയം', 'സ്കൂൾ മാസ്റ്റർ', 'മണവാട്ടി', 'ആറ്റംബോംബ്', 'ഒരാൾകൂടി കള്ളനായി', 'കറുത്ത കൈ', 'പഴശ്ശിരാജ', 'ശ്രീഗുരുവായൂരപ്പൻ', 'ആദ്യ കിരണങ്ങൾ', 'ഓമനക്കുട്ടൻ', 'ഭാർഗ്ഗവീ നിലയം', 'ഭർത്താവ്', 'കളഞ്ഞുകിട്ടിയ തങ്കം', 'ആയിഷ', 'കുടുംബിനി', 'അൾത്താര' എന്നിങ്ങനെ പതിനേഴ് ചിത്രങ്ങൾ കൂടി ആ വർഷം പുറത്തുവന്നു. ഇവയിൽ വയലാറും ദേവരാജനും ഒരുമിച്ചു പ്രവർത്തിച്ച 'അന്ന', 'സ്കൂൾ മാസ്റ്റർ', 'മണവാട്ടി', 'ഓമനക്കുട്ടൻ', 'കളഞ്ഞുകിട്ടിയ തങ്കം' എന്നീ ചിത്രങ്ങളിൽ ചില ഗാനങ്ങളെങ്കിലും ശ്രദ്ധേയങ്ങളായി എന്നു പറയാം. പി. ഭാസ്കരനും ബാബുരാജും ചേർന്നു പ്രവർത്തിച്ച 'ഭാർഗ്ഗവീ നിലയം' എന്ന ചിത്രത്തിലെ എല്ലാ ഗാനങ്ങളും ശരിക്കും സുവർണഗീതങ്ങളായിരുന്നു. 'കറുത്ത കൈ' എന്ന, നീലാ പ്രൊഡക്ഷൻസ് ചിത്രത്തിൽ തിരുനയിനാർകുറിച്ചിയോടൊപ്പം ബാബുരാജ് ചേർന്നപ്പോൾ അനുകൂലമായ ചില മാറ്റങ്ങളുണ്ടായി. ലോട്ടസ് പിക്ചേഴ്സിന് വേണ്ടി കെ.എസ്. സേതുമാധവൻ സംവിധാനം ചെയ്ത 'അന്ന' എന്ന ചിത്രത്തിൽ വയലാർ എഴുതി ദേവരാജൻ ഈണമിട്ട എട്ടു പാട്ടുകളുണ്ടായിരുന്നു പി. സുശീല പാടിയ ''ഉരുകിയുരുകിയുരുകി തെളിയും/മെഴുകുതിരികളെ/മരുഭൂമിയിലെ യാത്രക്കാരനു/വഴി കാണിക്കുകയില്ലേ..?'' എന്ന ഗാനം ശ്രദ്ധിക്കപ്പെട്ടു. യേശുദാസ് പാടിയ ''കറുത്ത പെണ്ണെ , കരിങ്കുഴലീ... / നിനക്കൊരുത്തൻ കിഴക്കുദിച്ചു / പൊന്നു തരാം പൊരുളു തരാം/ ഒരുങ്ങു പെണ്ണേ നീ/ ഒരുങ്ങു പെണ്ണേ...'' എന്ന പാട്ടും ഭേദപ്പെട്ട നിലവാരം പുലർത്തി. ഇതര ഗാനങ്ങൾ വയലാർ-ദേവരാജൻ ടീമിൽ നിന്ന് അവരുടെ ആരാധകർ പ്രതീക്ഷിച്ച നിലയിലേക്കുയർന്നില്ല. അതേ സമയം 'സ്കൂൾ മാസ്റ്റർ' എന്ന ചിത്രത്തിലും 'മണവാട്ടി' എന്ന ചിത്രത്തിലും വയലാർ -ദേവരാജൻ കൂട്ടുകെട്ട് ഒരുക്കിയ മിക്കവാറും എല്ലാ ഗാനങ്ങളും നന്നായി. തമിഴിൽ ശിവാജി ഗണേശനെ നായകനാക്കി 'കർണ്ണൻ' എന്ന അത്യുജ്വല ചിത്രം നിർമിച്ച സംവിധായകനും നിർമാതാവുമായ ബി.ആർ. പന്തലുവിന്റെ മേൽനോട്ടത്തിൽ അദ്ദേഹത്തിന്റെ ശിഷ്യൻ എസ്.ആർ. പുട്ടണ്ണ സംവിധാനം ചെയ്ത 'സ്കൂൾ മാസ്റ്റർ' എന്ന സിനിമക്ക് ആദ്യം കന്നടത്തിലും പിന്നീട് ഹിന്ദിയിലും വിജയിച്ച ഒരു സിനിമയുടെ കഥയായിരുന്നു ആധാരം. പൊൻകുന്നം വർക്കി സംഭാഷണവും വയലാർ ഗാനങ്ങളും എഴുതി. പ്രേംനസീർ, അംബിക, രാഗിണി, ബാലാജി, തിക്കുറിശ്ശി, ആറന്മുള പൊന്നമ്മ, അടൂർ ഭാസി, ബഹദൂർ തുടങ്ങിയവർ അഭിനയിച്ച ഈ ചിത്രത്തിൽ ശിവാജി ഗണേശൻ അതിഥി താരമായി പ്രത്യക്ഷപ്പെട്ടു. ''ജയജയജയജന്മഭൂമി/ ജയജയജയ ഭാരതഭൂതി'' എന്ന ദേശഭക്തിഗാനം യേശുദാസും സംഘവും പാടി. യേശുദാസും പി. സുശീലയും പാടിയ ''താമരക്കുളക്കടവിൽ/താഴത്തെ കൽപടവിൽ/കണ്ണാടി നോക്കും പൊന്നോമലാളേ/കാത്തിരിക്കുവതാരെ...'' എന്ന പ്രേമഗാനം പുതുമയുള്ളതായിരുന്നു. യേശുദാസ് എസ്. ജാനകിയോടൊപ്പം പാടിയ ''ഇനിയെന്റെയിണക്കിളിക്കെന്തു വേണം-എന്തുവേണം/ഈ രാത്രി വെളുക്കാതിരിക്കേണം'' എന്ന പ്രണയഗാനവും വ്യത്യസ്ത രീതിയിൽ ഉള്ളതായിരുന്നു. ബഹദൂറും കൽപന എന്ന കന്നട നടിയുമാണ് ഈ ഗാനരംഗത്തിൽ അഭിനയിച്ചത്. പി.ബി. ശ്രീനിവാസ് പാടിയ ''നിറഞ്ഞ കണ്ണുകളോടെ /നിശ്ശബ്ദ വേദനയോടെ /പിരിഞ്ഞു പോണവരേ/വിധിയുടെ കൈകൾക്കറിയില്ലല്ലോ/വിരഹവേദന'' എന്ന ഗാനവും വികാരതീവ്രമായിരുന്നു. ബേബി പദ്മിനി എന്ന ബാലനടി അവതരിപ്പിച്ച കഥാപാത്രത്തിനു വേണ്ടി വയലാർ എഴുതിയ ടെലിഫോണിനെക്കുറിച്ചുള്ള കുട്ടിപ്പാട്ട് കുട്ടികൾക്കുവേണ്ടി പാടുന്ന പ്രശസ്ത ഗായികയായ എം.എസ്. രാജേശ്വരി പാടി. ''കിലുകിലുക്കം കിലുകിലുക്കം/ കിങ്ങിണിചെപ്പിലൊളിച്ചിരിക്കും/ ടെലെഫോണിന്നുള്ളിലുണ്ടൊരു/കൂട്ടുകാരി-കളിക്കൂട്ടുകാരി'' എന്ന ഗാനം മൊബൈൽ ഫോണിന്റെ കാലത്ത് കുട്ടികൾക്ക് മനസ്സിലാവുകയില്ല. എന്നാൽ ഒരു കാലഘട്ടത്തിലെ എല്ലാ മലയാളിക്കുട്ടികളെയും ആകർഷിച്ചടുപ്പിച്ച കുട്ടിപ്പാട്ടായിരുന്നു ഇത്. തങ്കം മൂവീസിന്റെ ബാനറിൽ രാജു എം. മാത്തൻ നിർമിച്ച് കെ.എസ്. സേതുമാധവൻ സംവിധാനം ചെയ്ത 'മണവാട്ടി' എന്ന ചിത്രത്തിലെ വയലാർ-ദേവരാജൻ ടീമിന്റെ എട്ടു ഗാനങ്ങളും ഭേദപ്പെട്ട നിലവാരം പുലർത്തി. സത്യൻ, മധു, കെ.ആർ. വിജയ, രാഗിണി തുടങ്ങിയവർ അഭിനയിച്ച ചിത്രം സാമ്പത്തികവിജയം നേടിയില്ലെങ്കിലും എ.എം. രാജ പാടിയ ''ദേവതാരു പൂത്ത നാളൊരു ദേവകുമാരിയെ കണ്ടു ഞാൻ'' എന്നാരംഭിക്കുന്ന പ്രണയഗാനത്തിന്റെ പേരിൽ ആ ചിത്രം ഇന്നും ഓർമിക്കപ്പെടുന്നു. അത്രമാത്രം ഹൃദയാവർജകമായിരുന്നു ആ ഗാനം. ''ദേവതാരു പൂത്ത നാളൊരു/ ദേവകുമാരിയെ കണ്ടു ഞാൻ/വേദനയിൽ അമൃതു തൂകിയ/ ദേവകുമാരിയെ കണ്ടു ഞാൻ.''
ഏകയായ് ഏകയായ്/എൻമണിയറയിൽ വന്നു/വീണ്ടും ഹൃദയം തളിരിട്ടു/വീണ പൂക്കൾ വിടർന്നു...''എന്നിങ്ങനെ തികച്ചും ലളിതമായ രീതിയിൽ വയലാർ എഴുതിയ ഗാനത്തെ ദേവരാജനും എ.എം. രാജയും ഈണം കൊണ്ടും നാദംകൊണ്ടും അനശ്വരമാക്കി. യേശുദാസ് പാടിയ ''ഇടയകന്യകേ പോവുക നീ/ ഈയനന്തമാം ജീവിതവീഥിയിൽ/ ഇടറാതെ കാലിടറാതെ...''എന്ന ഗാനം ഏറക്കാലം യേശുദാസ് തന്റെ ഗാനമേളകളിൽ പാടുന്ന ആദ്യഗാനമായിരുന്നു. യേശുദാസും പി. ലീലയും ചേർന്ന് പാടിയ ''അഷ്ടമുടിക്കായലിലെ/ അന്നനടത്തോണിയിലെ /ചിന്നക്കിളീ, ചിങ്കാരക്കിളീ ചൊല്ലുമോ എന്നെ നിനക്കിഷ്ടമാണോ...''എന്നതും അതീവ ഹൃദ്യം. പി. സുശീല പാടിയ മൂന്നു ഗാനങ്ങളും ശ്രദ്ധേയങ്ങളായിരുന്നു. ''പറക്കും തളികയിൽ/ പാതിരാത്തളികയിൽ/ പണ്ടൊരു രാജകുമാരൻ/അറബിക്കഥയിലെ ആകാശക്കോട്ടയിലെ/ അത്ഭുതവിളക്കിനു പോയി'' , ''മുത്തശ്ശികഥ പറഞ്ഞുറക്കാം/മുത്തം തന്നുണർത്താം ഞാൻ'', നീലവർണ കൺപീലികൾ/നനഞ്ഞുപോയോ കരഞ്ഞുപോയോ'' എന്നീ ഗാനങ്ങളാണ് പി. സുശീല പാടിയത്. രേണുക പാടിയ ''കാട്ടിലെ കുയിലിൻ കൂട്ടിൽ/ കാക്ക പണ്ടൊരു മുട്ടയിട്ടു/ കൂടറിഞ്ഞില്ല കാടറിഞ്ഞില്ല/കുയിലുമറിഞ്ഞില്ല'' എന്ന കുട്ടിപ്പാട്ടും ശ്രദ്ധിക്കപ്പെട്ടു.
1964ൽ ഇറങ്ങിയ പടങ്ങളിൽ വയലാറും ദേവരാജനും ചേർന്നു പ്രവർത്തിച്ച മറ്റൊരു ചിത്രം 'ഓമനക്കുട്ടൻ' ആണ്. കേരളശ്രീ പ്രൊഡക്ഷൻസിന്റെ ബാനറിൽ പി.കെ. കൈമൾ (പ്രശസ്ത വിതരണക്കമ്പനിയായ തിരുമേനി പിക്ചേഴ്സിന്റെ ഉടമ) നിർമിച്ച ചിത്രമാണ് 'ഓമനക്കുട്ടൻ'. തകഴി ശിവശങ്കരപ്പിള്ളയുടെ കഥക്ക് തോപ്പിൽ ഭാസി തിരക്കഥയും സംഭാഷണവും എഴുതി. വയലാർ എഴുതി ദേവരാജൻ സംഗീതം പകർന്ന ഗാനങ്ങളിൽ അധികവും ഹിറ്റുകളായി. സത്യൻ, അംബിക, തിക്കുറിശ്ശി, അടൂർ പങ്കജം തുടങ്ങിയവർ അഭിനയിച്ചു. കെ.എസ്. സേതുമാധവൻ ചിത്രം സംവിധാനം ചെയ്തു. പാട്ടുകളെല്ലാം സൂപ്പർഹിറ്റുകളായിട്ടും സാമ്പത്തികവിജയം നേടാതെ പോയ മറ്റൊരു ചിത്രമാണ് 'ഓമനക്കുട്ടൻ'. ''കണികാണും നേരം കമലനേത്രന്റെ /നിറമെഴും മഞ്ഞത്തുകിൽ ചാർത്തി''എന്നാരംഭിക്കുന്ന പരമ്പരാഗതമായ ഭക്തിഗാനത്തിന് ദേവരാജൻ പഴയ മട്ടിൽ തന്നെ ഈണം പകർന്നു. പി. സുശീലയും പി. ലീലയും ചേർന്നു പാടിയ ''ഇല്ലത്തമ്മ കുളിച്ചുവരുമ്പോൾ/ വെള്ളിക്കിണ്ണം തുള്ളി തുള്ളി / കിണ്ണം നിറയെ പൂ തരുമോ /കിളുന്നുമുല്ലപ്പൂ തരുമോ...പൂ തരുമോ'' എന്ന ഗാനം ഒരു നാടൻപാട്ട് പോലെ മനോഹരമാണ്. എ.എം. രാജയും പി. സുശീലയും ആവർത്തിച്ചു പാടുന്ന ''ആകാശഗംഗയുടെ കരയിൽ/അശോകവനിയിൽ /ആരെയാരെ തേടിവരുന്നു/ വസന്ത പൗർണമി നീ'' എന്ന ഗാനവും പി. സുശീല പാടുന്ന ''അഷ്ടമിരോഹിണി രാത്രിയിൽ/അമ്പലമുറ്റത്ത് നിൽക്കുമ്പോൾ/ആൽവിളക്കിന്റെ നീലവെളിച്ചത്തിൽ/അന്ന് ഞാൻ ആദ്യമായ് കണ്ടു, ഈ മുഖം അന്ന് ഞാൻ ആദ്യമായ് കണ്ടു'' എന്ന ഗാനവും വളരെ പ്രശസ്തമാണ്. പി. സുശീല തന്നെ ആലപിച്ച ''താരാട്ടു പാടാതെ താലോലമാട്ടാതെ/ താമരപ്പൈതലുറങ്ങി'' എന്ന ഗാനം ഒരു താരാട്ടുപോലെ തന്നെ മനോഹരം.
എ.പി. കോമളവും സംഘവും പാടിയ ''കുപ്പിവളക്കൈകളിൽ/ മയിലാഞ്ചിയണിയുന്ന പെണ്ണേ /കുട്ടനാടൻ പെണ്ണേ/നാളെയീ നേരത്ത്/ നാഥന്റെ ചാരത്ത്/നാണിച്ചു നാണിച്ചു നിൽക്കും നീ'' എന്ന ആഹ്ലാദഗാനം ചിത്രത്തിലെ ഇതരഗാനങ്ങളിൽ നിന്ന് വ്യത്യസ്തമായിരുന്നു. വയലാറും ദേവരാജനും പാട്ടുകളൊരുക്കിയ മറ്റൊരു ചിത്രമാണ് 'കളഞ്ഞുകിട്ടിയ തങ്കം'. 'സ്കൂൾ മാസ്റ്റർ' നിർമിച്ച സാവിത്രി പിക്ചേഴ്സാണ് ഈ ചിത്രവും നിർമിച്ചത്. സത്യൻ, അംബിക, തിക്കുറിശ്ശി, പി.ജെ. ആന്റണി തുടങ്ങിയവർ അഭിനയിച്ച ഈ സിനിമ കന്നട സിനിമയിൽ പ്രസിദ്ധനായ എസ്.ആർ. പുട്ടണ്ണ സംവിധാനം ചെയ്തു. യേശുദാസ്, പി. സുശീല, എ.എം. രാജ, കെ.പി. ഉദയഭാനു, പി.ബി. ശ്രീനിവാസ് എന്നിവർ ഗാനങ്ങൾ പാടി. യേശുദാസും പി. സുശീലയും ചേർന്ന് പാടിയ ''കൈ നിറയെ വളയിട്ട പെണ്ണേ /കല്യാണപ്രായമായ പെണ്ണേ/നിൻ കവിൾപ്പൂവിലെ ചന്ദനപ്പൂമ്പൊടി /എങ്ങനെ പോയിതെടീ തങ്കം /എങ്ങനെ പോയിതെടീ'' എന്ന ഗാനവും ഉദയഭാനു പാടിയ ''എവിടെ നിന്നോ എവിടെ നിന്നോ/വഴിയമ്പലത്തിൽ വന്നു കയറിയ/വാനമ്പാടികൾ നമ്മൾ'' എന്ന ഗാനവും ഹിറ്റുകളായി. പി.ബി. ശ്രീനിവാസ് പാടിയ ''ഭൂമി കുഴിച്ചു കുഴിച്ചു നടക്കും ഭൂതത്താൻ...''എന്ന ഗാനവും യേശുദാസ് പാടിയ ''കൈ തൊഴാം...''എന്നാരംഭിക്കുന്ന ഗാനവും മെഹബൂബ് പാടിയ ''പറയുന്നെല്ലാരും...'' എന്ന ഹാസ്യഗാനവും എ.എം. രാജയും പി. സുശീലയും ചേർന്നു പാടിയ ''പെൺകൊടി നിൻ മാനസമിന്നൊരു പളുങ്കു പാത്രം...'' എന്ന ഗാനവും ചിത്രത്തിലുണ്ടായിരുന്നു. 1964ൽ വയലാറും ദേവരാജനും സംഗീതവിഭാഗം കൈകാര്യം ചെയ്ത ചിത്രങ്ങളെക്കുറിച്ചാണ് ഞാൻ തുടർച്ചയായി എഴുതിയത്. ചിത്രങ്ങൾ പുറത്തുവന്ന ക്രമത്തിലല്ല. അതിനു കാരണമുണ്ട്. ഗാനരചനയിൽ വയലാറും സംഗീതസംവിധാനത്തിൽ ദേവരാജനും ബഹുദൂരം മുന്നിലേക്ക് വന്ന വർഷമാണത്. എന്നാൽ 'കുട്ടിക്കുപ്പായം', 'തച്ചോളി ഒതേനൻ', 'ആദ്യകിരണങ്ങൾ', 'ഭാർഗ്ഗവീനിലയം' എന്നീ സിനിമകളിലൂടെ ഗാനരചനയിൽ താൻ ഇപ്പോഴും അനിഷേധ്യൻ തന്നെയാണെന്ന് പി. ഭാസ്കരനും തെളിയിച്ചു. 'കുട്ടിക്കുപ്പായ'ത്തിലെയും 'തച്ചോളി ഒതേനനി'ലെയും 'ഭാർഗ്ഗവീ നിലയ'ത്തിലെയും ഈണങ്ങൾ ബാബുരാജിന്റെ സ്ഥാനവും ഉറപ്പിച്ചു. സ്വന്തം ഈണങ്ങൾക്കു ബാബുരാജ് ഒരു ഗസൽഛായ കൊണ്ടുവന്നത് 'ഭാർഗ്ഗവീ നിലയം' എന്ന ചിത്രത്തോടുകൂടിയാണ്. ഇത് മനസ്സിലാക്കണമെങ്കിൽ ഒരേ കൊല്ലം ഇറങ്ങിയ അദ്ദേഹത്തിന്റെ രണ്ടു പടങ്ങളിലെ-'തച്ചോളി ഒതേനനും' 'ഭാർഗ്ഗവീ നിലയ'വും- പാട്ടുകൾ ശ്രദ്ധിച്ചാൽ മതിയാകും. ആകാശവാണിയിലെ സ്ഥിരം ജോലിക്കിടയിൽ വല്ലപ്പോഴും മാത്രം മലയാളസിനിമയിൽ പ്രവേശിക്കാറുള്ള കെ. രാഘവൻ 'ആദ്യകിരണങ്ങൾ' എന്ന ചിത്രത്തിലെ പാട്ടുകൾ അത്യുജ്വലമാക്കി. പി. ഭാസ്കരൻ സംവിധാനം ചെയ്ത 'ആദ്യകിരണങ്ങൾ' എന്ന ചിത്രത്തിൽ അദ്ദേഹം കെ. രാഘവനുമൊത്ത് സൃഷ്ടിച്ച എല്ലാ ഗാനങ്ങളും മികച്ചതായിരുന്നു. പി. സുശീല പാടിയ ''പതിവായി പൗർണ്ണമി തോറും /പടിവാതിലിനപ്പുറമെത്തി/കണിവെള്ളരി കാഴ്ച വയ്ക്കും /കനകനിലാവേ'' എന്ന ഗാനവും പി. ലീല പാടിയ ''കല്യാണമോതിരം കൈമാറും നേരം'' എന്ന ഗാനവും എ.പി. കോമള പാടിയ ''കിഴക്കുദിക്കിലെ ചെന്തെങ്ങിൽ/കരിക്കു പൊന്തിയ നേരത്ത്/മുരിക്കിൻ തയ്യേ നിന്നുടെ ചോട്ടിൽ /മുറുക്കിത്തുപ്പിയതാരാണ്?'' എന്ന പാട്ടും യേശുദാസ് പാടിയ ''മലമൂട്ടിൽ നിന്നൊരു മാപ്പിള/ മാലാഖ പോലൊരു പെമ്പിള'' എന്ന പാട്ടും ''ഭാരതമെന്നാൽ പാരിൻ നടുവിൽ/കേവലമൊരുപിടി മണ്ണല്ല ജനകോടികൾ നമ്മെ നാമായ് മാറ്റിയ ജന്മഗൃഹമല്ലോ'' എന്ന ദേശഭക്തിഗാനവും ഉയർന്ന നിലവാരം പുലർത്തി.
വയലാറും ദേവരാജനും സൃഷ്ടിച്ച ചലനങ്ങൾക്കൊപ്പം ഒട്ടും താഴെയല്ലാത്ത ദ്രുതചലനങ്ങൾ പി. ഭാസ്കരൻ-ബാബുരാജ് കൂട്ടുകെട്ടും സൃഷ്ടിച്ചു. അതുവരെ മികച്ച ഛായാഗ്രാഹകൻ എന്ന നിലയിൽ തെന്നിന്ത്യയിലാകെ ആദരിക്കപ്പെട്ടിരുന്ന എ. വിൻസന്റ് എന്ന പ്രതിഭാധനൻ 'ഭാർഗ്ഗവീനിലയം' എന്ന ചിത്രത്തിലൂടെ സംവിധായകനായി മാറി. വൈക്കം മുഹമ്മദ് ബഷീറിന്റെ 'നീലവെളിച്ചം' എന്ന ചെറുകഥക്ക് അദ്ദേഹം തന്നെയെഴുതിയ തിരക്കഥയാണ് 'ഭാർഗ്ഗവീ നിലയം' ആയി മാറിയത്. ഈ ചിത്രത്തിനുവേണ്ടി പി. ഭാസ്കരൻ രചിച്ച ഗാനങ്ങളും ബാബുരാജ് ഒരുക്കിയ ഈണങ്ങളും അനശ്വരതയെ പുൽകി എന്ന് തന്നെ പറയാം. ഉത്തരേന്ത്യൻ സംഗീതശൈലിയിലേക്കു ബാബുരാജ് തന്റെ ഈണങ്ങളെ നയിക്കാൻ തുടങ്ങിയത് ഈ ചിത്രത്തിലൂടെയാണ്. യേശുദാസ് പാടിയ ''താമസമെന്തേ വരുവാൻ പ്രാണസഖീ എന്റെ മുന്നിൽ'' എന്ന ഗാനത്തെ വെല്ലാൻ കഴിവുള്ള എത്ര പ്രേമഗാനങ്ങളുണ്ട് മലയാളത്തിൽ എന്ന് നാം മനഃസംയമനത്തോടെ തിരയേണ്ടതുണ്ട്. എസ്. ജാനകി സന്തോഷത്തിലും ദുഃഖത്തിലും പാടിയ ''പൊട്ടാത്ത പൊന്നിൻ കിനാവ് കൊണ്ടൊരു പട്ടുനൂലൂഞ്ഞാല കെട്ടീ ഞാൻ'' /''പൊട്ടിത്തകർന്ന കിനാവുകൊണ്ടൊരു പട്ടുനൂലൂഞ്ഞാല കെട്ടീ ഞാൻ'' എന്നീ ഗാനങ്ങളും ''അറബിക്കടലൊരു മണവാളൻ; കരയോ നല്ലൊരു മണവാട്ടി''എന്ന യുഗ്മഗാനവും എസ്. ജാനകി തന്നെ പാടിയ ''വാസന്തപഞ്ചമി നാളിൽ വരുമെന്നൊരു കിനാവ് കണ്ടു...''എന്ന ഗാനവും കമുകറ പുരുഷോത്തമൻ തന്റെ വ്യത്യസ്തമായ ശൈലിയിൽ മനോഹരമായി പാടിയ ''ഏകാന്തതയുടെ അപാരതീരം...''എന്ന ഗാനവും ബാബുരാജ് എന്ന സംഗീതസംവിധായകനെ ബഹുദൂരം മുന്നിലേക്ക് കൊണ്ടുപോയി. വയലാറിന്റെ ഗാനങ്ങളിലൂടെ അതിവേഗത്തിൽ മുന്നേറിക്കൊണ്ടിരുന്ന ദേവരാജനോട് ബാബുരാജ് തന്റെ ഈണങ്ങളിലൂടെ ഇങ്ങനെ പറഞ്ഞു: ''ഞാൻ ഒട്ടും പിന്നിലല്ല. കൂടെത്തന്നെയുണ്ട്.'' സത്യം, 'ഭാർഗ്ഗവീ നിലയ'ത്തിലെ പാട്ടുകൾ നിങ്ങൾ വീണ്ടും വീണ്ടും കേട്ടു നോക്കുക. എന്തൊരു മാസ്മരശക്തിയാണ് ആ ഈണങ്ങൾക്ക്..!