താഴമ്പൂ മണമുള്ള തണുപ്പുള്ള രാത്രിയിൽ
അറുപതുകളുടെ അന്ത്യത്തിൽ ഇറങ്ങിയ ‘സൂസി’, ‘അടിമകൾ’, ‘കുരുതിക്കളം’ തുടങ്ങിയ സിനിമകളെയും അവയിലെ പാട്ടുകളെയും കുറിച്ച് എഴുതുന്നു.1969 ഏപ്രിൽ അഞ്ചിന് പ്രദർശനമാരംഭിച്ച ‘സൂസി’ എന്ന ചിത്രം എക്സെൽ പ്രൊഡക്ഷൻസിനു വേണ്ടി ആലപ്പുഴ ഉദയാ സ്റ്റുഡിയോയിൽ കുഞ്ചാക്കോ നിർമിച്ചതാണ്. കുഞ്ചാക്കോ തന്നെയാണ് സംവിധായകനും. തോപ്പിൽ ഭാസി കഥയും സംഭാഷണവും രചിച്ച ‘സൂസി’യിൽ പ്രേംനസീർ നായകനും ശാരദ...
Your Subscription Supports Independent Journalism
View Plansഅറുപതുകളുടെ അന്ത്യത്തിൽ ഇറങ്ങിയ ‘സൂസി’, ‘അടിമകൾ’, ‘കുരുതിക്കളം’ തുടങ്ങിയ സിനിമകളെയും അവയിലെ പാട്ടുകളെയും കുറിച്ച് എഴുതുന്നു.
1969 ഏപ്രിൽ അഞ്ചിന് പ്രദർശനമാരംഭിച്ച ‘സൂസി’ എന്ന ചിത്രം എക്സെൽ പ്രൊഡക്ഷൻസിനു വേണ്ടി ആലപ്പുഴ ഉദയാ സ്റ്റുഡിയോയിൽ കുഞ്ചാക്കോ നിർമിച്ചതാണ്. കുഞ്ചാക്കോ തന്നെയാണ് സംവിധായകനും. തോപ്പിൽ ഭാസി കഥയും സംഭാഷണവും രചിച്ച ‘സൂസി’യിൽ പ്രേംനസീർ നായകനും ശാരദ നായികയുമായി. ചിത്രത്തിന്റെ ശീർഷകം സൂചിപ്പിക്കുന്നതുപോലെതന്നെ കഥയിൽ നായികക്കാണ് പ്രാധാന്യം. കൊട്ടാരക്കര ശ്രീധരൻ നായർ, പി.ജെ. ആന്റണി, ആറന്മുള പൊന്നമ്മ, അടൂർ ഭാസി, ശ്രീലത, രാഘവൻ, എസ്.പി. പിള്ള, ആലുമ്മൂടൻ തുടങ്ങിയവരായിരുന്നു മറ്റു പ്രധാന അഭിനേതാക്കൾ. വയലാർ-ദേവരാജൻ ടീം ഒരുക്കിയ ഏഴു ഗാനങ്ങൾ പാടിയത് യേശുദാസും പി. സുശീലയും ബി. വസന്തയുമാണ്. യേശുദാസ് പാടിയ ‘‘നിത്യകാമുകീ ഞാൻ നിൻ മടിയിലെ ചിത്രവിപഞ്ചികയാകാൻ കൊതിച്ചു...’’ എന്ന ഗാനമായിരുന്നു ഈ ഏഴു പാട്ടുകളിൽ മുന്നിൽ നിന്നത്. യേശുദാസ് തന്നെ പാടിയ ‘‘ഈ കൈകളിൽ രക്തമുണ്ടോ?’’, യേശുദാസും സുശീലയും ചേർന്നു പാടിയ ‘‘രക്തചന്ദനം ചാർത്തിയ കവിളിൽ...’’ എന്നാരംഭിക്കുന്ന യുഗ്മഗാനം, പി. സുശീല പാടിയ ‘‘മാനത്തെ മന്ദാകിനീ’’, ‘‘നാഴികയ്ക്ക് നാൽപ്പതുവട്ടം’’, ‘‘സിന്ദൂരമേഘമേ’’, വസന്തയും സംഘവും പാടിയ ‘‘ജിൽ ജിൽ ജിൽ...’’ എന്നിവയാണ് മറ്റ് ആറു പാട്ടുകൾ. വയലാറിന്റെ മികച്ച രചനകളിലൊന്നായ, യേശുദാസ് ആലപിച്ച ‘‘നിത്യകാമുകീ...’’ എന്ന പാട്ട് ആദ്യം ഓർമിക്കാം.
‘‘നിത്യകാമുകീ ഞാൻ നിൻ മടിയിലെ/ ചിത്രവിപഞ്ചികയാകാൻ കൊതിച്ചു/ ആ മൃണാള മൃദുലാംഗുലിയിലെ/ പ്രേമപല്ലവിയാകാൻ കൊതിച്ചു’’ എന്ന പല്ലവിതന്നെ മനോഹരം. അതിനുശേഷം ചരണങ്ങളിലേക്കു കടക്കുമ്പോൾ ഗാനത്തിന്റെ ഭാവമധുരിമയും ബിംബസൗന്ദര്യവും കൂടുന്നതല്ലാതെ തെല്ലും കുറയുന്നില്ല. ‘‘ആശകൾ സങ്കൽപ ചക്രവാളത്തിലെ/ആലോലവാസന്തമേഘങ്ങൾ/ അവയുടെ ചിറകിലെ വൈഡൂര്യമുത്തിന്/ഹൃദയമാം പുൽക്കൊടി കൈനീട്ടി... കൈനീട്ടി -വെറുതേ കൈ നീട്ടി/ആശകൾ വാസരസ്വപ്നമാം പൊയ്കയിൽ /ആരോ വരയ്ക്കുന്ന ചിത്രങ്ങൾ.../അവയുടെ കയ്യിലെ പാനപാത്രത്തിലെ/ അമൃതിനു ദാഹിച്ചു കൈ നീട്ടി -കൈനീട്ടി -വെറുതേ കൈനീട്ടി...’’ രചനകൊണ്ടും ഈണംകൊണ്ടും അതിമനോഹരമായി തീർന്ന ഈ പ്രേമഗാനമാണ് ‘സൂസി’യിലെ ഏറ്റവും നല്ല പാട്ട്. ‘‘ഈ കയ്യിൽ രക്തമുണ്ടോ..?’’ എന്നു തുടങ്ങുന്ന ഒരു പാട്ടും യേശുദാസ് പാടിയിട്ടുണ്ട്. ‘‘ഈ കൈകളിൽ രക്തമുണ്ടോ/ ഈ മനസ്സിൽ കളങ്കമുണ്ടോ/ അപമാനിതയോ അപരാധിനിയോ.../ ആരോ...നീയാരോ...’’ എന്നിങ്ങനെ തുടങ്ങുന്ന ഗാനം.
യേശുദാസും സുശീലയും ചേരുന്ന യുഗ്മഗാനം ഇങ്ങനെ തുടങ്ങുന്നു: ‘‘രക്തചന്ദനം ചാർത്തിയ കവിളിൽ/ രത്നം വിളയും കരളിൽ/ കൃഷ്ണമൃഗമിഴി നൽകാം ഞാനൊരു/ ക്രിസ്തുമസ് സമ്മാനം -പുതിയൊരു/ ക്രിസ്തുമസ് സമ്മാനം...’’ ആ സമ്മാനം ചുംബനമാണെന്നു വ്യക്തം. അതുകൊണ്ടാണ് മറുപടിയായി നായിക ഇങ്ങനെ പാടുന്നത്: ‘‘മന്ത്രകോടി എനിക്കു കിട്ടും വരെ/ മറ്റാരും കാണാതെ സൂക്ഷിക്കും/ മധുവിധുനാളിൽ നിൻ കരവലയങ്ങളിൽ/ മയങ്ങുമ്പോളതു മടക്കിനൽകും...’’ സുശീല പാടിയ മൂന്നു ഗാനങ്ങൾകൂടി ‘സൂസി’യിലുണ്ട്. ആ മൂന്നു ഗാനങ്ങളിലും കൂടുതൽ ജ്വലിച്ചുനിൽക്കുന്നത് ആ വലിയ ഗായികയുടെ ആലാപനചാതുരി തന്നെയാണ്. ‘‘സിന്ദൂരമേഘമേ/സന്ധ്യയാം കാമുകി കാറ്റിൽ പറത്തുന്ന/സന്ദേശകാവ്യമേ /ചൊരിയൂ തേന്മഴ ചൊരിയൂ/ചന്ദ്രനിലോ ചൊവ്വയിലോ/ ഇന്ദ്രധനുസ്സിൻ പന്തലിലോ/ ഭൂമികന്യതൻ രാഗകഥയുമായ്/പോവതെങ്ങോ -ദൂതു പോവതെങ്ങോ...’’ എന്ന പല്ലവിയിൽ തെളിയുന്ന കാവ്യസൗന്ദര്യം ആലോചനാമൃതം തന്നെ. ‘‘നാഴികയ്ക്കു നാൽപ്പതു വട്ടം/ഞാനവനെ സ്വപ്നം കാണും/മാർ നിറയെ മൊട്ടുകൾ ചൂടും/മാറിമാറിയാശ്ലേഷിക്കും.../ജനുവരിയിലെ മഞ്ഞിൽ മുങ്ങി/ ജനലരികിൽ ചന്ദ്രിക നിൽക്കും/ സർവാംഗം രോമാഞ്ചവുമായ് സർവസ്വവുമർപ്പിക്കും ഞാൻ...’’ എന്ന ഗാനവും സന്ദർഭോചിതമാണ്. സുശീലയുടെ ശബ്ദം ഉൾപ്പെടുന്ന ‘സൂസി’യിലെ നാലാമത്തെ ഗാനമിങ്ങനെ തുടങ്ങുന്നു: ‘‘മാനത്തെ മന്ദാകിനിയിൽ വിടർന്നൊരു/ മേഘപ്പൂവായിരുന്നു/ ദൈവം ദിവസവും ഉമ്മതരാറുള്ളോ-/ രോമൽപ്പൂവായിരുന്നു...’’ ബി. വസന്തയും സംഘവും പാടിയ ‘‘ജിൽ...ജിൽ...ജിൽ’’ എന്നു തുടങ്ങുന്ന പാട്ട് ദേവരാജൻ മാസ്റ്ററുടെ സ്ഥിരം ശൈലിയിൽനിന്ന് തെല്ലു വ്യത്യസ്തമായിരുന്നു. വയലാറിന്റെ രചനയും ഒട്ടൊക്കെ വ്യത്യസ്തം തന്നെ. ‘‘ജിൽ ജിൽ ജിൽ ജിൽ ജിൽ ജിൽ/ജിൽ ജിൽ തുമ്പികളേ.../ ഇല്ലിപ്പൂവിനു മല്ലിപ്പൂവിനു/മിന്നു പിറന്നാള്/മാനത്തിന്റെ കുടക്കീഴിൽ/താനേ ചുറ്റണ പൂന്തൊട്ടിൽ/പൂക്കൾ ചിരിക്കുന്നു -പൂങ്കുയിൽ പാടുന്നു /ഭൂമി നമുക്കൊരു പൂന്തൊട്ടിൽ/ മെറി ഗോ റൗണ്ട്...’’ മൊത്തത്തിൽ ‘സൂസി’ എന്ന ചിത്രത്തിലെ ഗാനവിഭാഗം ശ്രോതാക്കളെ നിരാശപ്പെടുത്തിയില്ല. അതേസമയം, അത് ഒരു സംഗീതചിത്രം എന്നു വിശേഷിപ്പിക്കപ്പെടാനുള്ള അർഹത നേടിയതുമില്ല. യേശുദാസ് പാടിയ ‘‘നിത്യകാമുകീ...’’ എന്ന ഗാനം കാലത്തെ അതിജീവിക്കുകയും ചെയ്തു.
മഞ്ഞിലാസ് സിനി എന്റർപ്രൈസസിനു വേണ്ടി കെ.എസ്. സേതുമാധവന്റെ സംവിധാനത്തിൽ എം.ഒ. ജോസഫ് നിർമിച്ച ചിത്രമാണ് ‘അടിമകൾ’. റെയിൽവേ ഉദ്യോഗസ്ഥനും എഴുത്തുകാരനുമായ എം.കെ. മേനോൻ ‘പമ്മൻ’ എന്ന തൂലികാനാമത്തിൽ അനവധി നോവലുകൾ എഴുതി. പമ്മന്റെ അതേ പേരിലുള്ള പ്രശസ്ത നോവലാണ് ‘അടിമകൾ’ എന്ന സിനിമയായത്. കള്ളസന്യാസിമാരുടെയും ഭക്തിയുടെ കപടവേഷമണിയുന്ന ചില സ്ത്രീകളുടെയും തനിനിറം പുറത്തുകൊണ്ടുവരുക എന്നതായിരുന്നു പമ്മൻ എഴുതിയ നോവലിന്റെ ലക്ഷ്യം. തോപ്പിൽ ഭാസിയുടെ ശക്തമായ തിരക്കഥയും സേതുമാധവന്റെ സംവിധാനമികവും ‘അടിമകൾ’ എന്ന ചിത്രത്തെ ഓർമയിൽ സൂക്ഷിക്കാവുന്ന ഒരു കഥാചിത്രമാക്കിത്തീർത്തു, സത്യനും ഷീലയും പ്രേംനസീറും ശാരദയും ഉജ്ജ്വലമായ അഭിനയം കാഴ്ചവെച്ച ഒരു സിനിമകൂടിയാണ് ‘അടിമകൾ’. എഴുത്തുകാരനും നാടകനടനുമായ ജെ.സി. കുറ്റിക്കാട് ജേസി എന്ന പേരിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു (നടൻ എന്നനിലയിൽ മുന്നേറാൻ കഴിയാത്ത സാഹചര്യത്തിൽ അദ്ദേഹം പിന്നീട് സംവിധായകനായി മാറുകയായിരുന്നു). അടൂർ ഭാസി, ശങ്കരാടി, ബഹദൂർ, എൻ. ഗോവിന്ദൻകുട്ടി, പറവൂർ ഭരതൻ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിച്ചു. ‘അടിമകളി’ലെ ഗാനങ്ങളെല്ലാം തന്നെ ജനപ്രീതി നേടി. വയലാറിന്റെ നല്ല രചനയും ദേവരാജന്റെ നല്ല സംഗീതവും ഒത്തുചേരുമ്പോൾ പാട്ടുകൾ നല്ലതാവുകതന്നെ ചെയ്യും. എല്ലാ കാലഘട്ടങ്ങളിലും നായകനടൻ സത്യൻ അഭിനയിക്കുന്ന ഗാനങ്ങൾ പാടാൻ ദേവരാജൻ എ.എം. രാജയെയാണ് നിയോഗിച്ചിരുന്നത്. ‘അടിമകൾ’ എന്ന സിനിമയിലും ആ പതിവ് തുടർന്നു. അപ്പുക്കുട്ടൻപിള്ള എന്ന കഥാപാത്രമായി അഭിനയിക്കുന്ന സത്യൻ പാടി അഭിനയിക്കുന്ന രണ്ടു പാട്ടുകളും എ.എം. രാജ തന്നെയാണ് ആലപിച്ചത്. ആ രണ്ടു ഗാനങ്ങളും സൂപ്പർഹിറ്റുകളായി.
‘‘താഴമ്പൂമണമുള്ള തണുപ്പുള്ള രാത്രിയിൽ/ തനിച്ചിരുന്നുറങ്ങുന്ന ചെറുപ്പക്കാരീ/ പൂമുഖക്കിളിവാതിൽ അടയ്ക്കുകില്ല/ കാമിനി നിന്നെ ഞാൻ ഉറക്കുകില്ല’’ എന്ന പ്രശസ്തഗാനം ഇന്നും പുതുമയുള്ളതാണ്. എല്ലാവർക്കും അറിവുള്ളതാണെങ്കിലും ഗാനത്തിന്റെ ആദ്യചരണംകൂടി ഉദ്ധരിക്കട്ടെ. ‘‘ആരും കാണാത്തൊരന്തപ്പുരത്തിലെ/ ആരാധനാമുറി തുറക്കും ഞാൻ/ ഈറനുടുത്തു നീ പൂജയ്ക്കൊരുങ്ങുമ്പോൾ/ നീലക്കാർവർണനായ് നിൽക്കും ഞാൻ...’’ വിവാഹം കഴിക്കാതെ ഭക്തിമാർഗത്തിൽ പൂജയും ഭജനവുമായി കഴിയുന്ന സരസ്വതിയമ്മ എന്ന യുവതി വിവാഹപ്രായം കഴിഞ്ഞുനിൽക്കുകയാണ്. ഒരു സന്യാസിയുടെ ആശ്രമത്തിലെ നിത്യസന്ദർശകയാണ് അവർ. അവരുടെ അയൽക്കാരനായി വന്ന രസികനായ അപ്പുക്കുട്ടൻ പിള്ള സരസ്വതിയമ്മയെ ലക്ഷ്യംവെച്ചു പാടുന്ന പാട്ടാണിത്. എ.എം. രാജതന്നെ പാടിയ ഈ സിനിമയിലെ മറ്റൊരു ഗാനവും വളരെ പ്രസിദ്ധമാണ്. ‘‘മാനസേശ്വരീ മാപ്പു തരൂ/മറക്കാൻ നിനക്കു മടിയാണെങ്കിൽ/മാപ്പു തരൂ... മാപ്പുതരൂ.../ ജന്മജന്മാന്തരങ്ങളിലൂടെ/ രണ്ടു സ്വപ്നാടകരെ പോലെ/ കണ്ടുമുട്ടിയ നിമിഷം നമ്മൾ-/ക്കെന്താത്മനിർവൃതിയായിരുന്നു.../ദിവ്യസങ്കൽപങ്ങളിലൂടെ/ നിന്നിലെന്നും ഞാനുണരുന്നു/ നിർവചിക്കാനറിയില്ലല്ലോ/ നിന്നോടെനിക്കുള്ള ഹൃദയവികാരം...’’ അപ്പുക്കുട്ടൻ പിള്ള തുടങ്ങിയ കളി കാര്യമാവുകയും ഒടുവിൽ അപ്പുക്കുട്ടൻ പിള്ളയും (സത്യൻ) സരസ്വതിയമ്മയും (ഷീല) ഒരുമിക്കുകയും ചെയ്യുന്നു. ‘അടിമകൾ’ എന്ന ചിത്രത്തിലെ മറ്റൊരു ഗാനം ജയചന്ദ്രൻ പാടി: ‘‘ഇന്ദുമുഖീ ഇന്ദുമുഖീ/എന്തിനിന്നു നീ സുന്ദരിയായി/ ഇന്ദുമുഖീ ഇന്ദുമുഖീ/ മഞ്ഞിൽ മനോഹര ചന്ദ്രികയിൽ/മുങ്ങി മാറുമറയ്ക്കാതെ/എന്നനുരാഗമാം അഞ്ചിതൾപ്പൂവിൻ /മന്ദസ്മിതത്തിൽ കിടന്നുറങ്ങി’’ എന്നിങ്ങനെ തുടരുന്ന ഈ പ്രണയഗാനവും മികച്ചതുതന്നെ.
കേരളത്തിലെ ഹിന്ദുഗൃഹങ്ങളിൽ പണ്ടുമുതലേ പ്രാർഥനയായി പാടിവരുന്ന ‘‘ചെത്തി മന്ദാരം തുളസി/പിച്ചകമാലകൾ ചാർത്തി/ ഗുരുവായൂരപ്പാ നിന്നെ കണി കാണേണം’’ എന്ന ഗാനവും വയലാറിന്റെ കൃതിയായി ഈ ചിത്രത്തിൽ ചേർത്തിട്ടുണ്ട്. വയലാർ ഈ പാട്ടുകളിലെ വരികൾ തേച്ചുമിനുക്കുകയോ വരികൾ കൂട്ടിച്ചേർക്കുകയോ ചെയ്തിട്ടുണ്ടാവണം. വയലാറിന്റെ പൂർണകൃതികളിലും അദ്ദേഹത്തിന്റെ രചനയായി ഈ പാട്ട് ഉൾപ്പെടുത്തിയിട്ടുണ്ട്. ഏതായാലും ആ ഗീതത്തിന് ദേവരാജൻ നൽകിയ ഈണം അത്യാകർഷകമായി. പി. സുശീല അത് മനോഹരമായി പാടുകയും ചെയ്തു. ‘‘നാരായണം ഭജേ നാരായണം ഭജേ...’’ എന്ന സംഘഗാനം (ഭജന) ജയചന്ദ്രനും പരമശിവവും സംഘവും ചേർന്ന് പാടി. എം.പി. ശിവം എന്നപേരിൽ അമ്പതുകളിലും മറ്റും ഗ്രാമഫോൺ റെക്കോഡുകൾക്കുവേണ്ടി മലയാളത്തിൽ പാട്ടുകൾ എഴുതിയിട്ടുള്ള കവിയാണ് ഗായകൻകൂടിയായ പരമശിവം. ഇദ്ദേഹം പിന്നീട് ക്രിസ്തുമതം സ്വീകരിച്ച് പീറ്റർ എന്നു പേരുമാറ്റി. പിൽക്കാലത്ത് പൂവച്ചൽ ഖാദർ പാട്ടുകൾ എഴുതിയ ‘കാറ്റ് വിതച്ചവൻ’ എന്ന സിനിമയിലെ സംഗീതസംവിധാനം നിർവഹിച്ച പീറ്റർ – റൂബൻ ടീമിലെ പീറ്റർ ഈ പരമശിവമാണ്. പി. ലീല മനോഹരമായി പാടിയ “ലളിതലവംഗലതാപരിശീലന കോമളമലയസമീരേ...” എന്നു തുടങ്ങുന്ന അഷ്ടപദിയിലെ വരികളും ‘അടിമകൾ’ എന്ന ചിത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സംഗീതപ്രധാനമായ ഈ സിനിമയിൽ യേശുദാസ് പാടിയിട്ടില്ല എന്ന വസ്തുതയും ശ്രദ്ധേയമാണ്. 1969 ഏപ്രിൽ അഞ്ചിന് തിയറ്ററിലെത്തിയ ‘അടിമകൾ’ നല്ല ചിത്രമെന്ന ഖ്യാതിയും നല്ല സാമ്പത്തിക വിജയവും നേടി.
കമ്യൂണിസ്റ്റ് പാർട്ടിയുടെ നാടകസമിതിയായ കെ.പി.എ.സിയിൽ നടനായും കുറച്ചുകാലം അതിന്റെ സെക്രട്ടറിയായും പ്രവർത്തിച്ചതിനുശേഷം അതിൽനിന്ന് പിരിഞ്ഞ് സ്വന്തമായി കായംകുളത്ത് ‘പീപ്ൾസ് തിയറ്റേഴ്സ്’ എന്ന പുതിയ സമിതി രൂപവത്കരിച്ച സി.ജി. ഗോപിനാഥ് എഴുതിയ നാടകമാണ് ‘കുരുതിക്കളം’. പ്രഫഷനൽ നാടകം എന്ന നിലയിൽ അത് വിജയിച്ചു. സിനിമ യുനൈറ്റഡ് എന്ന പേരിൽ കെ. സുരേന്ദ്രൻ, എ.കെ. സഹദേവൻ, എം.പി. നാരായണൻ, പി.കെ. തങ്കപ്പൻ എന്നീ നാലുപേർ ചേർന്ന് ആരംഭിച്ച നിർമാണക്കമ്പനി ആ നാടകം സിനിമയാക്കി. നാടകകൃത്തായ സി.ജി. ഗോപിനാഥ് തന്നെയാണ് തിരക്കഥയും സംഭാഷണവും എഴുതിയത്. സത്യൻ, മധു, ഷീല, അംബിക, ജോസ് പ്രകാശ്, കോട്ടയം ചെല്ലപ്പൻ, ബഹദൂർ, കെ.എൻ.പി. നമ്പ്യാർ, നിർമാതാക്കളിൽ ഒരാളായ എം.പി. നാരായണൻ തുടങ്ങിയവർ അഭിനയിച്ച ‘കുരുതിക്കളം’ നിർമാണത്തിൽ പങ്കാളികൂടിയായ എ.കെ. സഹദേവൻ സംവിധാനംചെയ്തു. പി. ഭാസ്കരൻ എഴുതിയ നാല് ഗാനങ്ങൾക്ക് ജയ-വിജയ സഹോദരന്മാർ ഈണം പകർന്നു. ഏറ്റവും ചർച്ചചെയ്യപ്പെട്ട ഭാസ്കരഗീതങ്ങളിൽ ഒരെണ്ണം ഈ ചിത്രത്തിൽ ഇടംപിടിച്ചിട്ടുണ്ട്. ഇതാണ് ആ ഗാനം:
‘‘കഴിഞ്ഞ സംഭവങ്ങൾ ഉയിർത്തെഴുന്നേറ്റാൽ/കാലം തിരിച്ചു നടന്നാൽ /ചിലർക്കൊക്കെ രസിക്കും ചിലർ പോയൊളിക്കും/ചിലരപ്പോൾതന്നെ മരിക്കും...’’ യേശുദാസ് പാടിയ ഈ ഗാനത്തിന്റെ തുടർന്നുള്ള വരികളും ശ്രദ്ധിക്കുക. ‘‘മറവി തൻ ശവപ്പെട്ടി തുറന്നുകൊണ്ടെത്രയോ/ മരിക്കാത്ത സ്വപ്നങ്ങൾ ഉണർന്നെണീക്കും/ മണ്ണിൽനിന്നുയരുന്ന ചിത്രശലഭങ്ങൾ പോൽ/മധുരസ്മരണകൾ പറന്നുവരും...’’ ഗാനത്തിന്റെ അവസാനത്തെ നാലുവരികൾകൂടി ഉദ്ധരിക്കാതെ തരമില്ല. ‘‘മനുഷ്യന്റെ മനസ്സൊരു/മാളികത്തളം, അതിൽ/ പുറകിലും മുന്നിലും വാതിലുകൾ/ ചിലതെല്ലാമടയ്ക്കുന്നു ജീവിക്കുവാനായ് മർത്ത്യൻ/ മുഴുവനും തുറന്നവൻ മുഴുഭ്രാന്തൻ...’’ യേശുദാസ് പാടിയ മറ്റൊരു ഗാനവും തത്ത്വചിന്താഭരിതമാണ്. കാലമൊരു കാളവണ്ടിക്കാരൻ/കോടികോടി യുഗങ്ങൾ തന്റെ/ആദിയന്തമില്ലാവഴിയിൽ/കാലമൊരു കാളവണ്ടിക്കാരൻ/കറുത്ത രാവും വെളുത്ത പകലും/കഴുത്തിലേറ്റിവലിക്കുന്നു/ പാന്ഥർ കേറിയിറങ്ങുന്നു/ പാതയിതങ്ങനെ നീളുന്നു...’’ ഈ പാട്ടും അതിന്റെ ആശയഭംഗികൊണ്ട് ശ്രദ്ധിക്കപ്പെട്ടു. ജയ-വിജയ സഹോദരന്മാരുടെ ഈണവും മോശമായില്ല.
പി. സുശീല പാടിയ ‘‘എന്തറിഞ്ഞു മണിവീണ പാവം/ എന്നാത്മസരസ്സിലെ കണ്ണീരിന്നാഴം/പൊയ്പോയ സ്വപ്നങ്ങൾ തളിരിട്ടു വീഴും/കൽപാന്തപ്രളയമാം കണ്ണീരിന്നാഴം’’ എന്ന ഗാനവും കഥാസന്ദർഭവുമായി ലയിച്ചുചേർന്നു. എസ്. ജാനകി പാടിയ
‘‘വിരുന്നൊരുക്കി കാത്തിരുന്നു/വീണ്ടും വീണ്ടും അണിഞ്ഞൊരുങ്ങി /വിരുന്നൊരുക്കി കാത്തിരുന്നു -ഓഹോ...’’ എന്നിങ്ങനെ തുടങ്ങുന്ന ഒരു കാത്തിരിപ്പിന്റെ സന്തോഷപ്പാട്ടും ചിത്രത്തിലുണ്ടായിരുന്നു. 1969 ഏപ്രിൽ 13ാം തീയതി റിലീസ് ചെയ്ത ‘കുരുതിക്കളം’ പ്രതീക്ഷിച്ചത്ര ഉയർന്നില്ല. ‘കുരുതിക്കളം’ എന്ന നാടകം വിജയിച്ചു; ‘കുരുതിക്കളം’ എന്ന സിനിമ പരാജയപ്പെട്ടു. ‘‘കഴിഞ്ഞ സംഭവങ്ങൾ ഉയിർത്തെഴുന്നേറ്റാൽ, കാലം തിരിച്ചു നടന്നാൽ’’ എന്ന ഗാനം ഇന്നും ചിന്താശക്തിയുള്ള ചലച്ചിത്രഗാന പ്രേമികളുടെ ഓർമയിൽ പ്രതിധ്വനിച്ചുകൊണ്ടിരിക്കുന്നു.
(തുടരും)