ഉറങ്ങാത്ത സുന്ദരി മുതൽ പൂജാപുഷ്പം വരെ
‘മലയാള സിനിമയിലെ ഭീഷ്മാചാര്യർ’ എന്നു വിശേഷിപ്പിക്കപ്പെടുന്ന പി. സുബ്രഹ്മണ്യം ആദ്യമായി നിർമിച്ച ‘ആത്മസഖി’ എന്ന ചിത്രത്തിൽ സത്യനായിരുന്നു നായകൻ. സത്യനേശൻ നാടാർ എന്ന സത്യനും ചിറയിൻകീഴ് അബ്ദുൽ ഖാദർ എന്ന പ്രേംനസീറും കെ.എം.കെ. മേനോൻ എന്ന ധനികയുവാവ് തിരുവനന്തപുരത്ത് ആരംഭിച്ച ശ്രീകൃഷ്ണാ സ്റ്റുഡിയോയിൽ പ്രശസ്ത എഴുത്തുകാരനും കൗമുദി വാരികയുടെ പത്രാധിപരുമായ കെ. ബാലകൃഷ്ണന്റെ സംവിധാനത്തിൽ നിർമാണമാരംഭിച്ച ‘ത്യാഗസീമ’ എന്ന മലയാള ചിത്രത്തിലാണ്...
Your Subscription Supports Independent Journalism
View Plans‘മലയാള സിനിമയിലെ ഭീഷ്മാചാര്യർ’ എന്നു വിശേഷിപ്പിക്കപ്പെടുന്ന പി. സുബ്രഹ്മണ്യം ആദ്യമായി നിർമിച്ച ‘ആത്മസഖി’ എന്ന ചിത്രത്തിൽ സത്യനായിരുന്നു നായകൻ. സത്യനേശൻ നാടാർ എന്ന സത്യനും ചിറയിൻകീഴ് അബ്ദുൽ ഖാദർ എന്ന പ്രേംനസീറും കെ.എം.കെ. മേനോൻ എന്ന ധനികയുവാവ് തിരുവനന്തപുരത്ത് ആരംഭിച്ച ശ്രീകൃഷ്ണാ സ്റ്റുഡിയോയിൽ പ്രശസ്ത എഴുത്തുകാരനും കൗമുദി വാരികയുടെ പത്രാധിപരുമായ കെ. ബാലകൃഷ്ണന്റെ സംവിധാനത്തിൽ നിർമാണമാരംഭിച്ച ‘ത്യാഗസീമ’ എന്ന മലയാള ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്. ഈ വസ്തുത നേരത്തേ സൂചിപ്പിച്ചിട്ടുണ്ട്. അബ്ദുൽ ഖാദറിന് അപ്പോൾ പ്രായം ഇരുപത്; സത്യന്റെ പ്രായം മുപ്പത്തെട്ട്. ഒരേ ചിത്രത്തിലാണ് പുതുമുഖങ്ങളായി പ്രവേശിച്ചതെങ്കിലും അവർക്കിടയിൽ പതിനെട്ടു വയസ്സിന്റെ വ്യത്യാസം ഉണ്ടായിരുന്നു. നിർഭാഗ്യവശാൽ ശ്രീകൃഷ്ണ സ്റ്റുഡിയോ ആരോ തീവെച്ച് നശിപ്പിച്ചു. സ്റ്റുഡിയോ ഉടമയായ കെ.എം.കെ. മേനോന്റെ പിതാവ് തിരുവിതാംകൂറിലെ ഇൻസ്പെക്ടർ ജനറൽ ഓഫ് പൊലീസ് ആയിരുന്നു. അദ്ദേഹത്തിന്റെ ശത്രുക്കളായ ക്രിമിനലുകളായിരിക്കണം ആ കടുംകൈ ചെയ്തതെന്ന് പറഞ്ഞു കേൾക്കുന്നു. അങ്ങനെ ‘ത്യാഗസീമ’യുടെ നിർമാണം നിലച്ചു (1950ൽ പുറത്തു വന്ന ‘ചന്ദ്രിക’ എന്ന ചിത്രത്തെക്കുറിച്ചു സംസാരിച്ചപ്പോൾ ഈ വിഷയം ഞാൻ ലഘുവായ രീതിയിൽ രേഖപ്പെടുത്തിയിരുന്നു).
സത്യൻ നായകനായി പുറത്തുവന്ന പ്രഥമ ചിത്രം ‘ആത്മസഖി’ (1952 )ആണ്. എന്തുകൊണ്ടോ തന്റെ ആദ്യസിനിമയിലെ നായകനായ സത്യനെ ദീർഘകാലം പി. സുബ്രഹ്മണ്യം സ്വന്തം ചിത്രങ്ങളിൽ ഉൾപ്പെടുത്തിയില്ല. പ്രേംനസീറാണ് പി. സുബ്രഹ്മണ്യത്തിന്റെ തുടർന്നുള്ള അനവധി പടങ്ങളിൽ നായകനായത്. 1952 ആഗസ്റ്റിലാണ് ‘ആത്മസഖി’ തിയറ്ററുകളിൽ എത്തിയത്. നീണ്ട 17 വർഷങ്ങൾക്കു ശേഷം 1969ൽ നീലാ പ്രൊഡക്ഷൻസ് മെറിലാൻഡ് സ്റ്റുഡിയോയിൽ നിർമിച്ച ‘ഉറങ്ങാത്ത സുന്ദരി’ എന്ന സിനിമയിൽ സത്യൻ വീണ്ടും നായകനായി വന്നു. ശ്രീ എന്ന തൂലികാനാമത്തിൽ നാഗവള്ളി ആർ.എസ്. കുറുപ്പാണ് ഈ ചിത്രത്തിന് കഥയും സംഭാഷണവും എഴുതിയത്. ജയഭാരതിയും രാജശ്രീയും ശാന്തിയും പ്രധാന സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. കെ.പി. ഉമ്മർ, എസ്.പി. പിള്ള, ബഹദൂർ, നെല്ലിക്കോട് ഭാസ്കരൻ, പങ്കജവല്ലി, അടൂർ പങ്കജം തുടങ്ങിയ നടീനടന്മാരും ചിത്രത്തിൽ ഉണ്ടായിരുന്നു. വയലാർ-ദേവരാജൻ ടീം ആണ് ‘ഉറങ്ങാത്ത സുന്ദരി’യിലെ പാട്ടുകളൊരുക്കിയത്. യേശുദാസ്, കമുകറ പുരുഷോത്തമൻ, പി. ലീല, പി. സുശീല, ബി. വസന്ത എന്നിവർ പിന്നണിയിൽ പാടി. പി. സുശീല പാടിയ മൂന്നു ഗാനങ്ങൾ. യേശുദാസ്, കമുകറ പുരുഷോത്തമൻ, പി. ലീല എന്നിവർ പാടിയ ഓരോ ഗാനം വീതം, യേശുദാസും വസന്തയും ചേർന്നു പാടിയ ഒരു യുഗ്മഗാനം -ഇങ്ങനെ ആകെ ഏഴു പാട്ടുകൾ.
‘‘പാതിരാപ്പക്ഷികളേ പാടൂ പാടൂ പാടൂ / കാമുകമാനസശിലയലിയിയ്ക്കും/ ഗാനം-പ്രേമഗാനം/ ഞാനതിന്റെ ചിത്രച്ചിറകിലെ/ ആയിരത്തിലൊരു പീലി /തേരിൽ വന്ന ദിവാസ്വപ്നങ്ങൾ/ വാരിചൂടിയ പീലി’’ എന്ന പാട്ടും ‘‘ചന്ദനക്കല്ലിൽ ഉരച്ചാലേ/ സ്വർണത്തിൻ മാറ്ററിയൂ/ കാറ്റിൻ ചോലയിൽ അലിഞ്ഞാലേ / കൈതപ്പൂവിൻ മണമറിയൂ’’ എന്നാരംഭിക്കുന്ന പാട്ടും ‘‘പാലാഴിമഥനം കഴിഞ്ഞു/ പാർവണചന്ദ്രിക വിരിഞ്ഞു/ മനസ്സിൻ ചിപ്പിയിൽ/ പവിഴച്ചിപ്പിയിൽ/ മൃതസഞ്ജീവനി നിറഞ്ഞു’’ എന്ന പാട്ടുമാണ് പി. സുശീല ആലപിച്ചത്. ‘‘പാലാഴിമഥനം കഴിഞ്ഞു’’ എന്ന ഗാനം യേശുദാസിന്റെ ശബ്ദത്തിൽ ആവർത്തിക്കുന്നുണ്ട്. യേശുദാസും ബി. വസന്തയും ചേർന്നു പാടുന്ന യുഗ്മഗാനം ഇങ്ങനെ തുടങ്ങുന്നു. ‘‘പ്രിയദർശിനീ ഞാൻ, നമുക്കൊരു/ പ്രേമപഞ്ചവടി തീർത്തു/ മനോജ്ഞസന്ധ്യാരാഗം പൂശിയ/ മായാലോകം തീർത്തു...’’ ഇങ്ങനെ ഗായകൻ പാടുമ്പോൾ ഗായികയുടെ മറുപടി ഇങ്ങനെ: ‘‘അരികിൽ സരയൂനദിയുണ്ടോ.../ അന്നമുഖത്തോണിയുണ്ടോ...’’ പ്രണയം കിനിയുന്ന ചോദ്യോത്തരങ്ങളായി ഗാനം തുടരുന്നു. പി. ലീല പാടിയ ഗാനമാണ് അവശേഷിക്കുന്നത്. ‘‘ഗോരോചനംകൊണ്ടു കുറി തൊട്ടു/ ഗോപിക്കുറി തൊട്ടു/ അഞ്ജനമെഴുതിയ കൺകോണുകളിൽ /ആയിരം ഹൃദയങ്ങൾ എയ്തിട്ടു/ ഓരോ ഹൃദയവും ഓരോ ഹൃദയവും/ ഓരോ മാല കൊരുത്തു തന്നു –എനി/ ക്കോരോ മാല കൊരുത്തു തന്നു/ മാറിലെ മാലയിലെ മാതളമൊട്ടുകൾ / മാരകാകളിക്കു താളമിട്ടു’’ എന്നിങ്ങനെ തുടരുന്ന ഈ പാട്ട് പതിവുരീതിയിൽ സംഗീതസംവിധായകൻ എൽ.ആർ. ഈശ്വരിയെക്കൊണ്ട് പാടിക്കേണ്ടതാണ്. പരിചയസമ്പന്നനായ ദേവരാജൻ എന്തുകൊണ്ട് ഈ ഗാനം പി. ലീലക്കു നൽകി? തീർച്ചയായും അതിന്റെ പിന്നിൽ ഒരു കാരണമുണ്ടായിരിക്കും. കമുകറ പുരുഷോത്തമൻ പാടിയ ‘‘എനിക്കും ഭ്രാന്ത് നിനക്കും ഭ്രാന്ത്/ എല്ലാർക്കും എല്ലാർക്കും ഭ്രാന്ത് / കനകം മൂലം കാമിനി മൂലം/ മനുഷ്യനിപ്പോഴും ഭ്രാന്ത്’’ എന്ന പാട്ട് ഒരു ഹാസ്യഗാനത്തിന്റെ മുഖംമൂടിയണിഞ്ഞ ഒന്നാംതരം ദാർശനിക ഗാനമാണ്. പ്രേതകഥയല്ലെങ്കിലും മരണവും കൊലപാതകവുമൊക്കെ പ്രധാന വിഷയങ്ങളാകുന്നുണ്ട് ‘ഉറങ്ങാത്ത സുന്ദരി’യിൽ. പ്രേതത്തിന്റെ ഗാനമാണെന്നു ബന്ധപ്പെട്ടവരെ തെറ്റിദ്ധരിപ്പിക്കാനായി രാത്രികളിൽ ടേപ് റെക്കോഡറിൽനിന്നും ഉയരുന്ന ഒരു ഗാനവും ചിത്രത്തിലുണ്ട്. ഇതുപോലെയുള്ള ചിത്രങ്ങളിലെ പാട്ടുകൾ സൂപ്പർഹിറ്റുകൾ ആകേണ്ടതാണ്. എന്നാൽ ‘ഉറങ്ങാത്തസുന്ദരി’യിലെ ഗാനങ്ങൾ അത്രയും ഉയർന്ന നിലവാരത്തിൽ എത്തിയോ എന്നു സംശയമാണ്. വയലാർ-ദേവരാജൻ ടീമിന്റെ ഗാനങ്ങൾ കുഞ്ചാക്കോയുടെ ഉദയാ സ്റ്റുഡിയോ ചിത്രങ്ങൾക്ക് നൽകുന്ന മൂല്യം കണ്ടിട്ടാണ് മെറിലാൻഡിലേക്ക് സംവിധായക നിർമാതാവായ പി. സുബ്രഹ്മണ്യം അവരെ ക്ഷണിച്ചത് (ഉദയായും മെറിലാൻഡും തമ്മിലുണ്ടായിരുന്ന ശത്രുത ഏറെക്കാലം നിലനിന്നു എന്നത് പരസ്യമായ രഹസ്യം). ദേവരാജനും കുഞ്ചാക്കോയുമായി കൂടെക്കൂടെയുണ്ടാകുന്ന അഭിപ്രായവ്യത്യാസങ്ങളും ഇതിനു കാരണമായിട്ടുണ്ട്.
ഉദയായിൽ വയലാർ രാമവർമ സ്ഥിരം ഗാനരചയിതാവായി തുടരുമ്പോഴും സംഗീതസംവിധായകനായി ദേവരാജനെ കുഞ്ചാക്കോ സ്ഥിരപ്പെടുത്തിയില്ല. എന്നാൽ, ഉദയാ ചിത്രങ്ങളിൽ നേടിയ തുടർച്ചയായ വിജയം മെറിലാൻഡ്ചിത്രങ്ങളിൽ ആവർത്തിക്കാൻ വയലാർ-ദേവരാജൻ ടീമിന് സാധിച്ചില്ല. മെറിലാൻഡിൽ നിർമിച്ച പുരാണചിത്രങ്ങളിലെ ഏതാനും പാട്ടുകൾ ഇതിന് അപവാദങ്ങളായി ഉണ്ടാവാം. ഏതായാലും ഗാനരചയിതാക്കൾ മാറിമാറി വന്നിട്ടും ദേവരാജൻ ക്രമേണ മെറിലാൻഡ് ചിത്രങ്ങളിൽ സ്ഥിരം മ്യൂസിക് ഡയറക്ടറായി മാറി. ‘ഉറങ്ങാത്ത സുന്ദരി’യിലെ ‘‘എനിക്കും ഭ്രാന്ത് നിനക്കും ഭ്രാന്ത് ’’ എന്ന ഗാനത്തിലെ ചില വരികളിൽ വയലാർ എന്ന കവിയുടെ തനിമയും ഗരിമയും ദൃശ്യമാണ്. ‘‘സത്യം തെരുവിൽ മരിച്ചു/തത്ത്വശാസ്ത്രം ചിതലു പിടിച്ചു / ഭൂമിക്കു വഴി പിഴച്ചു/ മാനം തീ പിടിച്ചു/ സ്വപ്നം ചിതയിൽ ദഹിച്ചു/ സ്വർഗദൂതൻ കുരിശിൽ പിടച്ചു/ ധർമത്തിൻ തല നരച്ചു/ ദൈവം രാജിവെച്ചു.’’ യഥാർഥ കവികൾ ഋഷിതുല്യരാണെന്ന ചൊല്ല് എത്ര സത്യം! 1969 മേയ് ഒന്നാം തീയതി പ്രദർശനം തുടങ്ങിയ ‘ഉറങ്ങാത്ത സുന്ദരി’ വ്യവസായികമായും ഒരു വലിയ വിജയമായില്ല.
സസ്പെൻസിനും സംഘട്ടനങ്ങൾക്കും സംഗീതത്തിനും ഒരുപോലെ പ്രാധാന്യം നൽകി നിർമിച്ച ചിത്രമായിരുന്നു ജയ് മാരുതി പ്രൊഡക്ഷൻസിന്റെ ‘കണ്ണൂർ ഡീലക്സ്’. ഈ ചിത്രത്തിൽ പ്രേംനസീറും ഷീലയുമാണ് പ്രധാന വേഷങ്ങളിൽ അഭിനയിച്ചത്. കെ.പി. ഉമ്മർ, അടൂർഭാസി, ശങ്കരാടി, ജോസ് പ്രകാശ്, എൻ. ഗോവിന്ദൻകുട്ടി, കോട്ടയം ചെല്ലപ്പൻ, നെല്ലിക്കോട്ടു ഭാസ്കരൻ തുടങ്ങിയവരും അഭിനേതാക്കളായി. ശ്രീകുമാരൻ തമ്പി എഴുതിയ ഗാനങ്ങൾക്ക് വി. ദക്ഷിണാമൂർത്തി സംഗീതം നൽകി. ‘ഭാര്യമാർ സൂക്ഷിക്കുക’ എന്ന സിനിമക്കു ശേഷം എല്ലാ പാട്ടുകളും ഹിറ്റുകളായ ജയ് മാരുതി ചിത്രമാണ് ‘കണ്ണൂർ ഡീലക്സ്’. യേശുദാസ് പാടിയ ‘‘എത്ര ചിരിച്ചാലും ചിരി തീരുമോ -നിന്റെ/ ചിത്തിരപ്പൂവിതൾ ചുണ്ടിൽ/ എത്ര ചൊരിഞ്ഞാലും കതിർ തീരുമോ -നിന്റെ/ ശിൽപ മനോഹരമിഴിയിൽ..?/ എങ്ങനെ കോരി നിറച്ചു നിൻ കണ്ണിൽ നീ/ ഇത്ര വലിയ സമുദ്രം/ അനുരാഗ/ സ്വപ്നനീലസമുദ്രം/ എങ്ങനെ നുള്ളി വിടർത്തി നിന്നുള്ളിൽ നീ/ ഇത്ര വലിയ വസന്തം -അനുരാഗ/ സപ്തവർണവസന്തം’’ എന്ന ഗാനവും യേശുദാസ് തന്നെ പാടിയ താളപ്രാധാന്യമുള്ള ‘‘തൈപ്പൂയക്കാവടിയാട്ടം/ തങ്കമയിൽപീലിയാട്ടം/ മനസ്സിലെയമ്പലത്തിൽ തേരോട്ടം/ മാരമഹോത്സവത്തിൻ തേരോട്ടം’’ എന്ന ഗാനവും ജയചന്ദ്രൻ പാടിയ മറ്റൊരു ഫാസ്റ്റ് നമ്പറായ ‘‘തുള്ളിയോടും പുള്ളിമാനേ, നില്ല് -നിന്റെ/ വള്ളിമേടക്കാടെവിടെ ചൊല്ലു ചൊല്ല് /നില്ലു നില്ല് -ചൊല്ലു ചൊല്ല്/ മാൻപേട പോലെ മയിൽപേട പോലെ/ മാനത്തുംകാവിലെ മാലാഖപ്പെണ്ണ്/ പത്മരാഗ രത്നമാല പവിഴമാല പോലെ/ പാരിജാതപ്പൂവനത്തിൻ പൊൻകിനാവു പോലെ എന്തിനായി വന്നു വീണു -നീ/ എന്റെ മുന്നിൽ മിന്നി നിന്നു...’’ എന്ന പാട്ടും സൂപ്പർഹിറ്റുകളായി.
എസ്. ജാനകി പാടിയ ‘‘വരുമല്ലോ രാവിൽ പ്രിയതമൻ -സഖീ/വരുമല്ലോ രാവിൽ പ്രിയതമൻ/ വരുമരുകിൽ ദാഹമായ്/ മനസ്സിന്റെ മധുരിതമണിയറ മലരമ്പനെ/ മാടിവിളിക്കും -മാടിവിളിക്കും -സഖീ/ വരുമല്ലോ രാവിൽ പ്രിയതമൻ’’ എന്ന ഗാനവും കമുകറ പുരുഷോത്തമൻ പാടിയ ‘‘മറക്കാൻ കഴിയുമോ -പ്രേമം/ മനസ്സിൽ വരക്കും വർണചിത്രങ്ങൾ/ മായ്ക്കാൻ കഴിയുമോ..?/ നീലാഞ്ജനമിഴി നീയെവിടെ/ നീറും കരളുമായ് ഞാനിവിടെ/ അന്നു നാമൊന്നായി ലാളിച്ച സങ്കൽപ/ സംഗീത വീണകൾ ഇന്നെവിടെ..?/ തകർന്നുവോ തന്ത്രി തകർന്നുവോ/ തളിരിട്ട മോഹങ്ങൾ കരിഞ്ഞുവോ..?’’ എന്ന ഗാനവും ജനപ്രീതി നേടി. പി.ബി. ശ്രീനിവാസും പി. ലീലയും ചേർന്നു പാടിയ യുഗ്മഗാനം എന്തുകൊണ്ടോ അർഹിക്കുന്ന രീതിയിൽ അംഗീകാരം നേടിയില്ല. അതുകൊണ്ട് ആ പാട്ടു പൂർണമായും ഉദ്ധരിക്കുന്നു. ‘‘കണ്ണുണ്ടായതു നിന്നെ കാണാൻ/ കാതുണ്ടായതു നിൻ കഥ കേൾക്കാൻ / കരളുണ്ടായതു നിനക്കു കവരാൻ/ കദനംകൊണ്ടതു നിനക്കായ് കരയാൻ.../കൈകളുണ്ടായതു നിന്നരക്കെട്ടിൽ/ കണിമലർവള്ളി പോൽ ചുറ്റിപ്പിണയാൻ/ കവിളുണ്ടായതു നിൻ വിരിമാറിൽ/ കൈത മലർതാളുപോലെയമർത്താൻ.../ പകലണയുന്നതു നിന്നൊളി കാണാൻ/ നിശയണയുന്നതു നിൻ നിഴൽ കാണാൻ/ കനവുണ്ടായതു കാമുകാ നിന്റെ/ കാമമനോഹര കേളികൾ കാണാൻ...’’
1969 മേയ് പതിനാറിന് പ്രദർശനം തുടങ്ങിയ ‘കണ്ണൂർ ഡീലക്സ്’ എന്ന ചിത്രം വൻ ബോക്സ് ഓഫിസ് ഹിറ്റായി മാറി. ടി.ഇ. വാസുദേവൻ നിർമിച്ച ‘കൊച്ചിൻ എക്സ്പ്രസ്’ എന്ന ചിത്രത്തിന്റെ കഥ ഇതര ഭാഷകളിലേക്ക് വിറ്റുപോയതുപോലെ ‘കണ്ണൂർ ഡീലക്സി’ന്റെ കഥയും ഇതരഭാഷാ നിർമാതാക്കൾ വിലയ്ക്കു വാങ്ങി. ഹിന്ദിയടക്കമുള്ള വിവിധഭാഷകളിൽ ഈ സിനിമയുടെ റീമേക്കുകൾ ഉണ്ടായി. പിൽക്കാലത്ത് മലയാള സിനിമയിലെ എതിരില്ലാത്ത ഷോമാൻ ആയി വളർന്ന ഐ.വി. ശശി ‘കണ്ണൂർ ഡീലക്സ്’ എന്ന ചിത്രത്തിൽ സംവിധായകൻ എ.ബി.രാജിന്റെ സഹായിയായിരുന്നു.
‘സന്ധ്യ’ എന്ന മലയാള ചിത്രം ഡോ. വാസൻ എന്നയാൾ കഥയെഴുതി സംവിധാനം ചെയ്തതാണ്. റീത്താ എന്റർപ്രൈസസിന്റെ ബാനറിൽ മിസിസ് ടി. കോമളമാണ് ഈ സിനിമ നിർമിച്ചത്. കെ.പി. നായർ സംഭാഷണം എഴുതി. വയലാർ എഴുതിയ പാട്ടുകൾക്ക് ഈണം പകർന്നത് എം.എസ്. ബാബുരാജ് ആയിരുന്നു. എന്തുകൊണ്ടോ അദ്ദേഹത്തിന് അവസരങ്ങൾ കുറഞ്ഞുതുടങ്ങിയ സമയം. സത്യൻ, ശാരദ, ജയഭാരതി, കെ.പി. ഉമ്മർ, അടൂർ ഭാസി, ബഹദൂർ, മുതുകുളം രാഘവൻ പിള്ള, ഖദീജ തുടങ്ങിയവർ അഭിനയിച്ച ‘സന്ധ്യ’യിൽ നാല് ഗാനങ്ങളാണ് ഉണ്ടായിരുന്നത്. ഒരു പാട്ടു മറ്റൊരു ശബ്ദത്തിൽ ആവർത്തിക്കപ്പെടുന്നതിനാൽ അഞ്ചു പാട്ടുകൾ എന്ന് പറയാം. യേശുദാസും എസ്. ജാനകിയും ചേർന്നു പാടുന്ന ‘‘അസ്തമനക്കടലിന്നകലെ...അകലെ...അകലെ/ അജ്ഞാതദ്വീപിലെ/ അരയന്നങ്ങളേ തിരമാലകളേ/ ആരു ദൂതിനയച്ചു -നിങ്ങളെ/ ആരു ദൂതിനയച്ചു’’ എന്ന ഗാനം പി.ബി. ശ്രീനിവാസും പാടിയിട്ടുണ്ട്. എസ്. ജാനകി പാടിയ ‘‘ദാഹം ദാഹം/ സ്നേഹസാഗരതീരത്തലയും/ ദാഹമല്ലോ ഞാൻ.../ വരുമോ വരുമോ/ പ്രിയമുള്ളവനേ വരുമോ...’’ എന്ന ഗാനവും പി.ബി. ശ്രീനിവാസ് പാടിയ ‘‘കാവിയുടുപ്പുമായ് കാറ്റു കൊള്ളാൻ വരും/ കർപ്പൂരമേഘമേ/ ക്ലാവ് പിടിച്ച നിൻ പിച്ചളമൊന്തയിൽ/ കണ്ണുനീരോ പനിനീരോ...’’ എന്ന ഗാനവും എസ്. ജാനകി തന്നെ പാടിയ ‘‘ആടു മുത്തേ ചാഞ്ചാടു മുത്തേ/ ആലിമാലി പൊന്നൂഞ്ഞാലാടു മുത്തേ/ ഇന്നല്ലോ പൂത്തിരുനാള്/ പൊന്നുങ്കുടത്തിൻ പൂത്തിരുനാള്/ അമ്പാടിക്കുഞ്ഞു പിറന്നൊരാഷ്ടമിരോഹിണി നാള്’’ എന്ന ഗാനവുമാണ് ‘സന്ധ്യ’യിൽ ഉണ്ടായിരുന്നത്. വയലാർ-ബാബുരാജ് ടീമിന്റെ പാട്ടുകൾ എന്ന നിലയിൽ ഇവ വേണ്ടവിധത്തിൽ അംഗീകരിക്കപ്പെട്ടില്ല. പി.ബി. ശ്രീനിവാസ് പാടിയ ‘‘കാവിയുടുപ്പുമായ് കാറ്റു കൊള്ളാൻ വരും/ കർപ്പൂരമേഘമേ...’’ എന്ന പാട്ടാണ് കൂട്ടത്തിൽ മെച്ചം. 1969 ജൂലൈ 20ന് കേരളത്തിൽ പ്രദർശനം തുടങ്ങിയ ‘സന്ധ്യ’ ഒരു തികഞ്ഞ പരാജയമായിരുന്നു.
തമിഴിലെ പ്രശസ്ത തിരക്കഥാകൃത്തും സംവിധായകനും നിർമാതാവും കർപ്പകം സ്റ്റുഡിയോയുടെ സ്ഥാപകനുമായ കെ.എസ്. ഗോപാലകൃഷ്ണൻ ശാരദാ പിക്ചേഴ്സിന്റെ ബാനറിൽ മലയാളത്തിൽ നിർമിച്ച സിനിമയാണ് ‘പൂജാപുഷ്പം’. അദ്ദേഹം തന്നെയെഴുതിയ ഒരു തമിഴ് ചിത്രത്തിന്റെ കഥയായിരുന്നു അവലംബം. പ്രശസ്ത നടനായ തിക്കുറിശ്ശി സുകുമാരൻ നായർ സംഭാഷണവും പാട്ടുകളുമെഴുതി ചിത്രം സംവിധാനം ചെയ്തു. ഒരു പ്രധാന വേഷത്തിൽ അദ്ദേഹം അഭിനയിക്കുകയുമുണ്ടായി. പ്രേംനസീർ, ഷീല, മുത്തയ്യ, അടൂർ ഭാസി, മീന, ആറന്മുള പൊന്നമ്മ, ബഹദൂർ, ഖദീജ തുടങ്ങിയവർ അഭിനയിച്ചു. തിക്കുറിശ്ശി എഴുതിയ ഗാനങ്ങൾക്ക് വി. ദക്ഷിണാമൂർത്തി ഈണം നൽകി. വർഷങ്ങൾക്കു മുമ്പ് തിക്കുറിശ്ശി നിർമിച്ച് സംവിധാനംചെയ്ത ‘ശരിയോ തെറ്റോ’ എന്ന സിനിമയിലും സംഗീതസംവിധായകൻ വി. ദക്ഷിണാമൂർത്തിയായിരുന്നു. ‘പൂജാപുഷ്പ’ത്തിൽ ആറു ഗാനങ്ങൾ ഉണ്ടായിരുന്നു. യേശുദാസ് പാടിയ ‘‘കസ്തൂരിപ്പൊട്ടു മാഞ്ഞു -നിന്റെ/ കാർകൂന്തൽ കെട്ടഴിഞ്ഞു’’ എന്ന ഗാനം പ്രശസ്തമാണ്. യേശുദാസ് തന്നെ പാടിയ ‘‘വിരലുകളില്ലാത്ത വിദ്വാന്റെ കൈയിൽ വീണയെന്തിനു നൽകി?’’ എന്ന പാട്ടും രചനയിൽ നിലവാരം പുലർത്തി. ‘‘കസ്തൂരിപ്പൊട്ടു മാഞ്ഞു -നിന്റെ/ കാർകൂന്തൽ കെട്ടഴിഞ്ഞു/ കല്യാണ സൗഗന്ധികപ്പൂ കൊഴിഞ്ഞു/ കസ്തൂരിപ്പൊട്ടു മാഞ്ഞു... / കണ്ണാടിക്കവിളെന്തേ ചുവന്നു -നിന്റെ/ കണ്മഷി എന്തിവിടെ പരന്നു/ ചുണ്ടിലെങ്ങനെ ചോര പൊടിഞ്ഞു/ സുന്ദരവദനം വിയർപ്പു നിറഞ്ഞു...’’ എന്ന ഗാനത്തിന് തന്നെയാണ് ഒന്നാം സ്ഥാനം. യേശുദാസ് പാടിയ ‘‘വിരലുകളില്ലാത്ത വിദ്വാന്റെ കൈയിൽ / വീണയെന്തിനു നൽകി/ കണ്ണുകാണാ കുരുടന്റെ മുന്നിൽ/കണ്ണാടിയെന്തിനു കാട്ടി..?’’ എന്ന ഗാനവും നന്നായി. യേശുദാസും എൽ.ആർ. ഈശ്വരിയും ചേർന്നു പാടിയ ‘‘അക്കരെ നിൽക്കണ ചക്കരമാവിലെ/ തൂക്കണാം കുരുവിക്കുഞ്ഞേ/ ഇക്കരെയെത്തും നേരത്തിങ്ങനെ/ ഇക്കിളി കൊള്ളുവതെന്താണ്..?’’ എന്ന പാട്ടും യേശുദാസ് തനിച്ചു പാടിയ ‘‘കാമിനീ നിൻ കാതരമിഴിയിൽ/ കാണ്മൂ ഞാനൊരു സ്വർഗകവാടം/ കാത്തിരുന്ന മന്ദാരമലരുകൾ/ പൂത്ത നന്ദന മലർവാടം...’’ എന്ന പാട്ടും മോശമായില്ല. ‘‘കോടി ജന്മമെടുത്താലും/ ആരു തന്നെയെതിർത്താലും/ കൂടവേ നിൻ നിഴൽപോലെ പോരുമേ ദേവാ...’’ എന്ന് തുടങ്ങുന്ന ഗാനവും എസ്. ജാനകിയും യേശുദാസും ചേർന്നാണ് പാടിയത്. ആ ഗാനത്തിൽനിന്നു ചില വരികൾ കൂടി. ‘‘രാജമല്ലികേ ഹൃദയവനികയിൽ/ രാഗസൗരഭം പൂശി നീ/ രാവും പകലും മനസ്സിനുള്ളിൽ/ രാസക്രീഡ നടത്തി നീ.../ രാഗലോലയെൻ ഹൃദയസരസ്സിൽ/ രാജഹംസമായ് വന്നു നീ...’’ എസ്. ജാനകി പാടിയ ‘‘മോഹമോ ദാഹമോ ദിവ്യമാം അനുരാഗമോ/ പേരെന്ത് -ഇതിന്റെ പേരെന്ത്..?/ ഞാനറിയാതൊരു ദേവൻ വന്നു /മനസ്സിൽ തപസ്സിരുന്നു/ ഞാനറിയാതെ തിരുമുമ്പിൽ ഞാൻ / എന്നെ കാഴ്ചവെച്ചു...’’ തിക്കുറിശ്ശിയും ദക്ഷിണാമൂർത്തിയും ചേർന്നൊരുക്കിയ ‘പൂജാപുഷ്പ’ത്തിലെ പാട്ടുകൾ എല്ലാം ഹിറ്റുകളായില്ലെങ്കിലും അവ തീർച്ചയായും ഒരു നിശ്ചിതനിലവാരം പുലർത്തുകതന്നെ ചെയ്തു. 1969 ജൂലൈ 18ന് തിയറ്ററുകളിൽ എത്തിയ ‘പൂജാപുഷ്പം’ ഭേദപ്പെട്ട ചിത്രം എന്ന അഭിപ്രായം നേടുകയും ചെയ്തു.
(തുടരും)