ആർ.കെ. ശേഖർ എന്ന ജീനിയസ്
1964ൽ പുറത്തുവന്ന ചിത്രങ്ങളിൽ ഏറ്റവും കൂടുതൽ പ്രചാരം നേടിയ പാട്ടുകൾ ഉള്ള സിനിമകളെക്കുറിച്ചാണ് ഞാൻ കഴിഞ്ഞ അധ്യായത്തിൽ സംസാരിച്ചത്. അല്ലാതെ ചിത്രങ്ങൾ തിയറ്ററുകളിൽ എത്തിയ തീയതി ക്രമത്തിലല്ല...വയലാർ ദേവരാജൻ,പി. ഭാസ്കരൻ, ബാബുരാജ് എന്നിവരുമായി ചേർന്നും കെ. രാഘവനുമായി ചേർന്നും സൃഷ്ടിച്ച പാട്ടുകളായിരുന്നു അവയിൽ ഏറെയും. ഈ കാലഘട്ടത്തിൽ നടന്ന സന്തോഷകരമായ ഒരു സംഭവം ആർ.കെ. ശേഖർ എന്ന സംഗീതജ്ഞൻ 'പഴശ്ശിരാജ' എന്ന ചിത്രത്തിലൂടെ സ്വതന്ത്രസംഗീതസംവിധായകനായി മാറി എന്നതാണ്. മലയാളസിനിമയിൽ പ്രവർത്തിച്ചിരുന്ന മിക്കവാറും എല്ലാ സംഗീതസംവിധായകരുടെയും പ്രധാനസഹായി ആദ്യകാലങ്ങളിൽ ആർ.കെ. ശേഖർ ആയിരുന്നു. അറുപതുകളിൽ...
Your Subscription Supports Independent Journalism
View Plans1964ൽ പുറത്തുവന്ന ചിത്രങ്ങളിൽ ഏറ്റവും കൂടുതൽ പ്രചാരം നേടിയ പാട്ടുകൾ ഉള്ള സിനിമകളെക്കുറിച്ചാണ് ഞാൻ കഴിഞ്ഞ അധ്യായത്തിൽ സംസാരിച്ചത്. അല്ലാതെ ചിത്രങ്ങൾ തിയറ്ററുകളിൽ എത്തിയ തീയതി ക്രമത്തിലല്ല...വയലാർ ദേവരാജൻ,പി. ഭാസ്കരൻ, ബാബുരാജ് എന്നിവരുമായി ചേർന്നും കെ. രാഘവനുമായി ചേർന്നും സൃഷ്ടിച്ച പാട്ടുകളായിരുന്നു അവയിൽ ഏറെയും. ഈ കാലഘട്ടത്തിൽ നടന്ന സന്തോഷകരമായ ഒരു സംഭവം ആർ.കെ. ശേഖർ എന്ന സംഗീതജ്ഞൻ 'പഴശ്ശിരാജ' എന്ന ചിത്രത്തിലൂടെ സ്വതന്ത്രസംഗീതസംവിധായകനായി മാറി എന്നതാണ്. മലയാളസിനിമയിൽ പ്രവർത്തിച്ചിരുന്ന മിക്കവാറും എല്ലാ സംഗീതസംവിധായകരുടെയും പ്രധാനസഹായി ആദ്യകാലങ്ങളിൽ ആർ.കെ. ശേഖർ ആയിരുന്നു. അറുപതുകളിൽ ഇറങ്ങിയ ദേവരാജൻ, ബാബുരാജ്, ദക്ഷിണാമൂർത്തി, എം.ബി. ശ്രീനിവാസൻ തുടങ്ങിയ ഉന്നതന്മാരുടെയെല്ലാം പാട്ടുകളിൽ ആർ.കെ. ശേഖർ എന്ന പ്രതിഭാശാലിയുടെ നേരിയ ഭാവനാസ്പർശമെങ്കിലും പതിഞ്ഞിരുന്നു എന്നത് സത്യമാണ്. 'പഴശ്ശിരാജ' എന്ന മഹാനായ ചരിത്രപുരുഷന്റെ ജീവിതം വിഷയമാക്കി രണ്ടു സിനിമകൾ മലയാളത്തിൽ നിർമിക്കപ്പെട്ടു. കുഞ്ചാക്കോ നിർമിച്ച ആദ്യചിത്രത്തിൽ കൊട്ടാരക്കര ശ്രീധരൻ നായരാണ് 'പഴശ്ശിരാജ' ആയി അഭിനയിച്ചത്. തിക്കോടിയൻ സംഭാഷണം എഴുതിയ ഈ ചിത്രത്തിന് വയലാർ രാമവർമ പാട്ടുകൾ എഴുതി. എന്തുകൊണ്ടോ ദേവരാജൻ മാസ്റ്റർ ഈ ചിത്രത്തിൽ പ്രവർത്തിച്ചില്ല. പകരം ആർ.കെ. ശേഖർ ആണ് വയലാറിന്റെ പാട്ടുകൾക്ക് ഈണം നൽകിയത്. സംഗീത സംവിധാനത്തിൽ താൻ മറ്റാരുടെയും പിന്നിലല്ലെന്ന് 'പഴശ്ശിരാജ'യിലെ പാട്ടുകളിലൂടെ ശേഖർ തെളിയിച്ചു. ''ചൊട്ട മുതൽ ചുടലവരെ ചുമടും താങ്ങി/ ദുഃഖത്തിൻ തണ്ണീർപന്തലിൽ നിൽക്കുന്നവരേ'' എന്ന ഗാനവും പി. സുശീല പാടിയ ''അഞ്ജനക്കുന്നിൽ തിരിപെറുക്കാൻ പോകും/അമ്പലപ്രാവുകളെ/പോണ വഴിക്കോ വരും വഴിക്കോ -ഒരു/മാണിക്യമഞ്ചൽ കണ്ടോ-നിങ്ങളൊരു/മാണിക്യമഞ്ചൽ കണ്ടോ..?'' എന്ന ഗാനവും കാലത്തെ അതിജീവിച്ചവയാണ്. പി. സുശീല തന്നെ പാടിയ ''പാതിരാപ്പൂവുകൾ/വാർമുടിക്കെട്ടിൽ/ ചൂടാറില്ലല്ലോ -ഞാൻ/ചൂടാറില്ലല്ലോ'' എന്ന ഗാനവും നല്ല നിലവാരം പുലർത്തി. എസ്. ജാനകി പാടിയ ''പഞ്ചവടിയിൽ പണ്ടുപണ്ടൊരു/പഞ്ചവർണ പുള്ളിമാൻ'' എന്ന ഗാനവും കേൾവിക്ക് ഇമ്പം തരുന്നതായിരുന്നു. യേശുദാസ് പാടിയ ''ജയജയ മാതംഗീ...'' എന്ന ഭക്തിഗാനവും പി. സുശീല പാടിയ ''മുത്തേ വാവാവോ, മുത്തുക്കുടമേ വാവാവോ...'' എന്ന താരാട്ടും ഒന്നിനൊന്നു മെച്ചമായിരുന്നു. എന്നാൽ 'പഴശ്ശിരാജ 'എന്ന ചിത്രത്തിന്റെ പരാജയം ലഘുവായ രീതിയിലെങ്കിലും ആ പാട്ടുകളെയും സ്വാധീനിക്കുകയുണ്ടായി എന്ന് തോന്നുന്നു.
ജനപ്രീതി നേടിയ ഒന്നും രണ്ടും ഗാനങ്ങളുള്ള വേറേ ചില ചിത്രങ്ങളും ആ കൊല്ലം വന്നുപോയി. അവയെക്കുറിച്ചും ആ ചിത്രങ്ങളിലെ പാട്ടുകളെക്കുറിച്ചുമാണ് ഇനി പറയുന്നത്. ഇവയിൽ ആദ്യചിത്രം അറുപത്തിനാല് മാർച്ച് ഇരുപതാം തീയതി തിയറ്ററുകളിലെത്തിയ 'ദേവാലയം' ആണ്. കലാലയ നിർമിച്ച ഈ ചിത്രം എസ്. രാമനാഥനും എൻ.എസ്. മുത്തുകുമാറും ചേർന്ന് സംവിധാനം ചെയ്തു. എം.എം. അബ്ബാസ് എഴുതിയ കഥക്ക് എസ്.എൽ. പുരം സദാനന്ദൻ തിരക്കഥയും സംഭാഷണവും എഴുതി. പ്രേംനസീർ, അംബിക, തിക്കുറിശ്ശി, ടി.എസ്. മുത്തയ്യ, അടൂർ ഭാസി, ടി.ആർ. ഓമന തുടങ്ങിയവർ അഭിനയിച്ചു. ഒരു ഇടവേളക്കു ശേഷം അഭയദേവ് ഈ ചിത്രത്തിന് ഗാനങ്ങൾ എഴുതി. വി. ദക്ഷിണാമൂർത്തി സംഗീതസംവിധായകനായി. യേശുദാസ്, പി.ബി. ശ്രീനിവാസ്, പി. ലീല, ലത എന്നിവർ പിന്നണിയിൽ പാടി. സംഗീതസംവിധായകനായ വി. ദക്ഷിണാമൂർത്തി തന്നെ പാടിയ ''നാഗരാദിയെണ്ണയുണ്ട്/സഹചരാദിക്കുഴമ്പുണ്ട്/പടവലാദി ലേഹ്യമുണ്ട് -വേണ്ടിവന്നാൽ/അലവലാദി നെയ്യുമുണ്ടിതിൽ/ഭരണി ഒന്ന് തന്നെയാണ്/ മണവും ഒന്നുതന്നെയാണ് /മരുന്നുകൾ വെവ്വേറെയാണ് -അതിനു/വിലയും വെവ്വേറെയാണ്...'' എന്ന ഹാസ്യഗാനമാണ് ശ്രോതാക്കൾ കൂടുതൽ ഇഷ്ടപ്പെട്ടത്. ക്ലാസിക്കൽ ശൈലിയിൽ രൂപമെടുത്ത ആദ്യത്തെ കോമഡി പാട്ട് ഇതാണെന്ന് തോന്നുന്നു. അടുത്തവരോട് സംസാരിക്കുമ്പോൾ നല്ല നർമബോധം പുലർത്തുന്ന ദക്ഷിണാമൂർത്തിസ്വാമിയുടെ പ്രത്യേക ശൈലിയിലുള്ള ആലാപനവും ആ ഗാനത്തെ വ്യത്യസ്തമാക്കിത്തീർത്തു എന്നു പറയാം. എസ്.പി. പിള്ള അവതരിപ്പിച്ച വൈദ്യൻ കിട്ടു എന്ന കഥാപാത്രമാണ് ഈ തമാശപ്പാട്ട് പാടി അഭിനയിക്കുന്നത്.
പി. ലീല പാടിയ ''നീലവിരിയിട്ട നീരാളമെത്തയിൽ/വീണുറങ്ങുന്ന നിലാവേ നിൻ വരവും കാത്തുനിൽക്കുകയാണ് ഞാൻ /നീറും നിഴലുമായ് താഴെ എന്ന ഗാനവും അതിന്റെ രാഗഭാവ വൈഭവത്താൽ ശ്രദ്ധേയമായി.
ബേബി ലത (ലതാ രാജു) ആലപിച്ച പൂ പൂച്ച പൂച്ചട്ടി/ചട്ടി പട്ടി വട്ടി/പറ പന നരി/പന്ത് കളിക്കാൻ വാ കുട്ടീ എന്ന ഗാനവും അതിലെ കുട്ടിത്തംകൊണ്ട് ശ്രദ്ധ നേടി. ഓടിപ്പോകും വിരുന്നുകാരാ -നിന്നെ/തേടിയങ്ങു വരുന്നതാരാ എന്ന ഗാനവും മാനത്ത് കാറുകണ്ടു/മദം കൊണ്ട മയിലിനെപ്പോൽ എന്ന ഗാനവും ആരാണുള്ളിലിരിക്കണത്/ ആരേയാണ് നിനക്കിണത് എന്ന ഗാനവും പി. ലീല തന്നെയാണ് പാടിയത്.
''കൈ തൊഴാം ദൈവമേ/ കരുണ ചെയ്ക കമനീയ രൂപമേ'' എന്ന പ്രാർഥനാഗാനം യേശുദാസ് പാടി.
യേശുദാസും പി. ലീലയും ചേർന്നു പാടിയ ''ഇന്നലെ ഞാനൊരു കുടില് െവച്ചു/നല്ലൊരു പെണ്ണിനെ കുടി െവച്ചു/അതു നീയാണോ അതു നീയാണോ'' എന്ന യുഗ്മഗാനവും പി.ബി. ശ്രീനിവാസ് പാടിയ ''കണ്ണിൽ പെട്ടത് കയ്യിൽ പെടില്ല / കാലം നമ്മൾക്കെതിരായാൽ'' എന്ന തത്ത്വചിന്താപരമായ ഗാനവും 'ദേവാലയ'ത്തിൽ ഉണ്ടായിരുന്നു. ഇതേ വർഷം ഏപ്രിൽ പതിനെട്ടിന് പുറത്തുവന്ന, പി. സുബ്രഹ്മണ്യം സംവിധാനം ചെയ്ത നീലാ െപ്രാഡക്ഷൻസിന്റെ 'ആറ്റംബോംബ്' എന്ന സിനിമയുടെ ഏറ്റവും വലിയ പ്രത്യേകത അതിലെ നായകൻ ആയിരുന്നു. മലയാളിയാണെങ്കിലും തമിഴ്നടനായി അറിയപ്പെടുന്ന കെ. ബാലാജി ആയിരുന്നു 'ആറ്റംബോംബി'ലെ നായകൻ. നായിക രാഗിണിയും. കൂടാതെ തിക്കുറിശ്ശി, പ്രേംനവാസ്, ആറന്മുള പൊന്നമ്മ, കവിയൂർ പൊന്നമ്മ, ശാന്തി തുടങ്ങിയ നടീനടന്മാരും 'ആറ്റം ബോംബി'ൽ ഉണ്ടായിരുന്നു. സിനിമക്ക് കഥയും സംഭാഷണവും രചിച്ച എൻ.പി. ചെല്ലപ്പൻ നായരും ഈ ചിത്രത്തിൽ ഒരു കഥാപാത്രമായി അഭിനയിച്ചു. മുരളി എന്ന തൂലികാനാമത്തിൽ തിരുനയിനാർകുറിച്ചി എഴുതിയ എട്ടു പാട്ടുകൾ 'ആറ്റംബോംബി'ൽ ഉണ്ടായിരുന്നു. ബ്രദർ ലക്ഷ്മൺ തന്നെ സംഗീതസംവിധാനം നിർവഹിച്ചു. കമുകറ പുരുഷോത്തമൻ, യേശുദാസ്, പി.ബി. ശ്രീനിവാസ്, പി. ലീല, പി. സുശീല, എസ്. ജാനകി, എ.പി. കോമള, എൽ.ആർ. ഈശ്വരി എന്നിവർ ഗാനങ്ങൾ ആലപിച്ചു. ഒരു കോമഡിച്ചിത്രമായിരുന്നു 'ആറ്റംബോംബ്'. അതുകൊണ്ട് പാട്ടുകളും ആ രീതിയിൽ ആയിരുന്നു. പി.ബി. ശ്രീനിവാസും എസ്. ജാനകിയും ചേർന്നു പാടിയ ''അഴകിൽ മികച്ചതേത് /അറിവിൽ മികച്ചതേത് -ഏത് / അറിവിനുമഴകിനുമിന്ന് / അവനിയിൽ മികച്ചത് പെണ്ണ്-അവളെ / അടിമയാക്കിടുമൊരാണ്'' എന്ന ഗാനത്തിന്റെ അവസാനവരികളിൽ ആണും പെണ്ണും മികച്ചവരാണെന്നു സമർഥിക്കുന്നു. ''ദൈവമേ, ദേവകീനന്ദനാ /നിൻ പദം കൈവണങ്ങുന്നേൻ/കമലാമനോഹരാ'' എന്ന പ്രാർഥനാഗീതം പി. സുശീലയാണ് ആലപിച്ചത്. ''എന്നുമുതൽ എന്നുമുതൽ/ഇന്നു വരും നീയെന്നെൻ/കണ്ണു രണ്ടും കൊതിച്ചിരുന്നു./എന്തെല്ലാം പറയുവാൻ/എന്തെല്ലാം അറിയുവാൻ/എൻ ചിത്തം നൊന്തു തുടിച്ചിരുന്നു'' എന്ന ഗാനം പി. ലീല പാടി. എസ്. ജാനകി പാടിയ ''ലവ് വേണമോ ലവ് വേണമോ/ ഒരു ലാട്ടറി ചീട്ടിതു ലായറേ-എന്റെ/ കോർട്ടിൽ കുടുങ്ങുമെന്റെ ഡിയറേ'' എന്ന ഗാനം എസ്. ജാനകിയാണ് പാടിയത്. യേശുദാസും എൽ.ആർ. ഈശ്വരിയും ചേർന്നു പാടിയ ''വൺ...ടു...ത്രീ ...ഫോർ...ഫൈവ് ...സിക്സ്... /പിന്നെയും കിടക്കുന്നൊരു പത്തു പന്ത്രണ്ട്/പണ്ടേ പറഞ്ഞു ഞാൻ പൊന്നേ നീയിത്ര/പണ്ടാരങ്ങളെ പെറ്റുകൂട്ടരുതെന്ന്'' എന്ന ഗാനം കൂടുതൽ കുട്ടികളുള്ള ദമ്പതിമാരുടെ പ്രശ്നമാണ്. പി.ബി. ശ്രീനിവാസും പി. ലീലയും പാടിയ ''റോമിയോ റോമിയോ റോമിയോ/ഹാ! ലോകത്തിൽ ആനന്ദം രാഗജീവിതം'' എന്ന ഗാനവും ഒരു കോമഡിച്ചിത്രത്തിന് അനുയോജ്യമാണെന്ന് അതിന്റെ സ്രഷ്ടാക്കൾ കരുതി. പക്ഷേ, 'ആറ്റംബോംബ്' എന്ന ഹാസ്യചിത്രം ഒടുവിൽ നിർമാതാവിന്റെ കണ്ണിൽ ദുഃഖപര്യവസായിയായി മാറി. ചിത്രമോ പുതിയ രീതിയിൽ സംസാരഭാഷയിൽ എഴുതപ്പെട്ട പാട്ടുകളോ ജനശ്രദ്ധ നേടിയില്ല. 'ആറ്റംബോംബി'ലെ നായകൻ കെ. ബാലാജി പിന്നീട് തമിഴ് സിനിമയിലെ പ്രശസ്ത നിർമാതാവായി. ശിവാജി ഗണേശനെ നായകനാക്കി അനവധി സിനിമകൾ നിർമിച്ച് ഉയരങ്ങളിൽ എത്തിക്കഴിഞ്ഞും അദ്ദേഹം പി. സുബ്രഹ്മണ്യവും അദ്ദേഹത്തിന്റെ കുടുംബവുമായി അടുത്ത ബന്ധം പുലർത്തി. ബാലാജിയുടെ രണ്ടാമത്തെ പുത്രി സുചിത്രയാണ് നടൻ മോഹൻലാലിന്റെ പത്നി. പുതിയ തലമുറയും ആ ബന്ധം നിലനിർത്തുന്നു...കെ. ബാലാജിയുടെ കൊച്ചുമകനും മോഹൻലാലിന്റെ മകനുമായ പ്രണവ് നായകനായി അഭിനയിച്ച 'ഹൃദയം' എന്ന സിനിമയുടെ നിർമാതാവായ വിശാഖ് സുബ്രഹ്മണ്യം സാക്ഷാൽ പി. സുബ്രഹ്മണ്യത്തിന്റെ കൊച്ചുമകനാണ്.
എസ്.എൽ. പുരം സദാനന്ദൻ രചിച്ച 'ഒരാൾകൂടി കള്ളനായി' എന്ന നാടകം നടനും നിർമാതാവുമായ പി.എ. തോമസ് ചലച്ചിത്രമാക്കി. ഉദയായിലും മെറിലാൻഡിലും സംവിധാനസഹായിയായി പ്രവർത്തിച്ചതിനു ശേഷം മദ്രാസിലെത്തിയ ശശികുമാർ പി.എ. തോമസിനെ സഹായിക്കാൻ കൂടെയുണ്ടായിരുന്നു. ശശികുമാർ തിരക്കഥയും നാടകകൃത്തായ എസ്.എൽ. പുരം തന്നെ സംഭാഷണവും എഴുതിയ ഈ ചിത്രത്തിന് അഞ്ചുഗാനങ്ങൾ അഭയദേവും രണ്ടു ഗാനങ്ങൾ ശ്രീമൂലനഗരം വിജയനും എഴുതി. മഹാകവി ജി. ശങ്കരക്കുറുപ്പ് കുട്ടികൾക്കു വേണ്ടിയെഴുതിയ രണ്ടു കവിതാശകലങ്ങളും ഉണ്ടായിരുന്നു. കെ.വി. ജോബ് ആണ് സംഗീതസംവിധാനം നിർവഹിച്ചത്. യേശുദാസ്, പി. ലീല, ജയലക്ഷ്മി, സി.ഒ. ആന്റോ എന്നിവരാണ് ഗാനങ്ങൾ പാടിയത്, പ്രേംനസീർ, അംബിക, ഷീല, മുത്തയ്യ, അടൂർഭാസി, ശശികുമാർ തുടങ്ങിയവർ അഭിനയിച്ചു.
അഭയദേവ് എഴുതിയ ''എന്തിനും മീതേ മുഴങ്ങട്ടെ ദൈവമേ /നിൻ തിരുനാമവും കാരുണ്യവും'' എന്ന ഗാനവും മഹാകവി ജിയുടെ ''പൂവുകൾ തേടും പൂമ്പാറ്റ .../പൂമ്പൊടി പൂശും പൂമ്പാറ്റ'' എന്ന കാവ്യശകലവും ''കാരുണ്യം കോലുന്ന സ്നേഹസ്വരൂപാ -നിൻ/കാലിണ കൈവണങ്ങുന്നു ഞങ്ങൾ...എന്ന കാവ്യഭാഗവും പി. ലീലയാണ് പാടിയത്. അഭയദേവ് രചിച്ച ''കിനാവിലെന്നും വന്നെന്നെ കിക്കിളി കൂട്ടും പെണ്ണെ''എന്ന ഗാനം പി. ലീലയും യേശുദാസും ചേർന്ന് പാടി. ''കണ്ണുനീർ പൊഴിക്കൂ നീ ലോകമേ.... നിൻ വേദാന്തസംഹിതയെല്ലാം നിർത്തി'' എന്ന പാട്ടും യേശുദാസാണ് പാടിയത്. ''വീശുക നീ കൊടുങ്കാറ്റേ...'' എന്ന പാട്ട് ജയലക്ഷ്മി പാടി. ''ഉണ്ണണമുറങ്ങണം സുഖിക്കണമൊട്ടേറെ...''എന്നാരംഭിക്കുന്ന ഗാനം സി.ഒ. ആന്റോ ആണ് പാടിയത്.
ശ്രീമൂലനഗരം വിജയൻ രചിച്ച രണ്ടു ഗാനങ്ങൾ ഇവയാണ്. ഒന്ന്: ''ചായക്കടക്കാരൻ ബീരാൻ കാക്കേടെ/മോളൊരു ചീനപ്പടക്കം...'' രണ്ട്: ''കരിവള വിൽക്കണ പെട്ടിക്കാരാ /കടം തരാമോ കുപ്പിവള?'' ആദ്യ ഗാനം യേശുദാസും പി. ലീലയും ചേർന്നും രണ്ടാമത്തേത് പി. ലീല തനിച്ചും പാടി.
നീലാ പ്രൊഡക്ഷൻസ് നിർമിച്ച 'കറുത്ത കൈ' എം. കൃഷ്ണൻ നായർ ആണ് സംവിധാനം ചെയ്തത്. തിരുനയിനാർകുറിച്ചി എഴുതിയ പാട്ടുകൾക്ക് ബാബുരാജ് ഈണം പകർന്നു. യേശുദാസും കമുകറ പുരുഷോത്തമനും ചേർന്ന് പാടിയ ''പഞ്ചവർണ തത്ത പോലെ കൊഞ്ചിവന്ന പെണ്ണേ...''എന്നാരാഭിക്കുന്ന ഖവാലി ഗാനമാണ് മികച്ച ജനപിന്തുണ നേടിയെടുത്തത്. ആദ്യകാലനാടകനടൻ പാപ്പുകുട്ടി ഭാഗവതരും യേശുദാസും ചേർന്ന് പാടിയ ''കള്ളനെ വഴിയിൽ മുട്ടും/കണ്ടാലുടനെ തട്ടും/അയ്യായിരവും കിട്ടും -നമ്മൾ /ക്കയ്യായിരവും കിട്ടും''എന്ന ഗാനം രസകരമായിരുന്നു. കമുകറ പുരുഷോത്തമനും എസ്. ജാനകിയും പാടിയ ''ഏഴു നിറങ്ങളുമില്ലാതെ/എഴുതാൻ തൂലികയില്ലാതെ /ഏഴഴകുള്ളൊരു ചിത്രമെനിക്കായ് /എഴുതിത്തരുമോ നീ...'', കമുകറയും എൽ.ആർ. ഈശ്വരിയും ചേർന്നു പാടിയ ''കണ്ണുകൾ കണ്ണുകൾ ദൈവം നൽകിയ/കനകവിളക്കുകളുള്ളോരെ/കണ്ണില്ലാത്തൊരു പാവമെന്നെ/കണ്ടില്ലെന്നു നടിക്കരുതേ /കാശ് തരുവാൻ മടിക്കരുതേ'', പി. ലീല പാടിയ ''മാനത്തെ പെണ്ണെ...'', എസ്. ജാനകി പാടിയ ''പാലപ്പൂവിൻ പരിമളമേകും കാറ്റേ...'', എൽ.ആർ. ഈശ്വരി പാടിയ ''മുങ്ങാക്കടലിൽ...'' എന്നീ ഗാനങ്ങൾ 'കറുത്ത കൈ' എന്ന ചിത്രത്തിൽ ഉണ്ടായിരുന്നു.
കെ.എസ്. ഗണപതി സുദർശൻ ഫിലിംസിനുവേണ്ടി നിർമിച്ച 'ശ്രീഗുരുവായൂരപ്പൻ' എസ്. രാമനാഥനാണ് സംവിധാനം ചെയ്തത്. പുരാണചിത്രമായതുകൊണ്ട് ഭക്തിനിർഭരമായ സംഗീതം നൽകാൻ വി. ദക്ഷിണാമൂർത്തിയെയാണ് ചുമതലപ്പെടുത്തിയത്. ഈ ചിത്രത്തിലെ പന്ത്രണ്ടു പാട്ടുകളും എഴുതിയത് അഭയദേവ് ആണ്. യേശുദാസ്, പി. ലീല, രേണുക എന്നിവരാണ് ഗാനങ്ങൾ പാടിയത്. പ്രേംനവാസ് ശ്രീകൃഷ്ണനായി അഭിനയിച്ച ചിത്രത്തിലെ മറ്റു പ്രധാന അഭിനേതാക്കൾ അംബിക, മുത്തയ്യ, തിക്കുറിശ്ശി തുടങ്ങിയവർ ആയിരുന്നു. കെടാമംഗലം സദാനന്ദനാണ് സംഭാഷണം എഴുതിയത്. വടക്കൻ പാട്ടിന്റെ ശൈലിയിൽ ഈണം പകർന്ന ''ആപൽബാന്ധവാ പാഹിമാം ദേവ...'' എന്ന സംഘഗാനം യേശുദാസ് നേതൃത്വം കൊടുത്തു പാടി. നാരായണീയത്തിലെയും ഹരിനാമകീർത്തനത്തിലെയും ഭാഗങ്ങൾ ദക്ഷിണാമൂർത്തിതന്നെയാണ് പാടിയത്. ''രാധാമാധവഗോപാലാ/രാഗമനോഹരശീലാ/രാവും പകലും നിൻപദചിന്തന-/മല്ലാതില്ലൊരു വേല'' എന്ന ഗാനവും യേശുദാസ് ആണ് പാടിയത്. ചിത്രത്തിലെ ഏറ്റവും മികച്ച പാട്ടും ഇതുതന്നെ. പി. ലീലയും രേണുകയും ഒരുമിച്ചു പാടിയ ''മലയാളിപെണ്ണേ നിന്റെ മഹനീയ രൂപം കണ്ടു...''എന്ന ഗാനവും ശ്രദ്ധേയമായി. ''കൃഷ്ണാ കൃഷ്ണാ എന്നെ മറന്നായോ...എന്നെ മറന്നാലും നിന്നെ മറക്കില്ല ഞാൻ...'' എന്ന ഗാനവും ലീലയാണ് ആലപിച്ചത്.
ജയ്മാരുതിക്കുവേണ്ടി ടി.ഇ. വാസുദേവൻ നിർമിച്ച 'ഭർത്താവ്' എന്ന ചിത്രം തികച്ചും വ്യത്യസ്തമായിരുന്നു. ജനിച്ച കുടുംബത്തോടും സഹോദരങ്ങളോടും ബന്ധുക്കളോടും അമിത സ്നേഹം കാണിക്കുന്നതിനിടയിൽ സ്വന്തം ഭാര്യയുടെ ക്ഷേമത്തെക്കുറിച്ചും ചിന്തിക്കണം എന്ന് ഭർത്താക്കന്മാർക്ക് മുന്നറിയിപ്പ് നൽകുന്നു എന്നതായിരുന്നു ഈ ചിത്രത്തിന്റെ പ്രത്യേകത. സ്വഭാവനടൻ ടി.എസ്. മുത്തയ്യ ആണ് ടൈറ്റിൽ റോളിൽ അഭിനയിച്ചത്. കാനം ഇ.ജെ കഥയും സംഭാഷണവും രചിച്ച 'ഭർത്താവ്' എന്ന സിനിമയിൽ മുത്തയ്യയെ കൂടാതെ ഷീല, കവിയൂർ പൊന്നമ്മ, ആറന്മുള പൊന്നമ്മ, അടൂർ ഭാസി, അടൂർ പങ്കജം, ബേബി വിനോദിനി തുടങ്ങിയർ അഭിനയിച്ചു. സത്യനോ പ്രേംനസീറോ മധുവോ നായകസ്ഥാനത്തില്ലാതെ ടി.ഇ. വാസുദേവൻ നിർമിച്ച ആദ്യ സിനിമയാണ് 'ഭർത്താവ്'. എം. കൃഷ്ണൻ നായർ സംവിധാനം ചെയ്ത ഈ സിനിമയിൽ പി. ഭാസ്കരൻ എഴുതിയ ഏഴു പാട്ടുകൾ ഉണ്ടായിരുന്നു. വി. ദക്ഷിണാമൂർത്തിയാണ് സംഗീതസംവിധായകൻ. യേശുദാസും എൽ.ആർ. ഈശ്വരിയും ചേർന്നു പാടിയ ''കാക്കക്കുയിലേ ചൊല്ലു / കൈ നോക്കാനറിയാമോ/പൂത്തു നിൽക്കുമാശകളെന്നു/കായ്ക്കുമെന്നു പറയാമോ'' എന്ന ഗാനവും എൽ.ആർ. ഈശ്വരി പാടിയ ''നാദസ്വരത്തിന്റെ നാദം കേൾക്കുമ്പോൾ/നാണം കുണുങ്ങല്ലേ -പെണ്ണേ/നാണം കുണുങ്ങല്ലേ'' എന്ന ഗാനവും യേശുദാസ് പാടിയ ''ഭാരം വല്ലാത്ത ഭാരം; ദൂരം വല്ലാത്ത ദൂരം'' എന്ന ഗാനവും ഇന്നും ഓർമിക്കപ്പെടുന്നു. എ.പി. കോമളയും ഉത്തമനും സംഘവും പാടിയ ''സ്വർഗ്ഗത്തിൽ പോകുമ്പോൾ ആരെല്ലാം വേണം...'', എന്ന പാട്ടും പി. ലീല പാടിയ ''ഒരിക്കലൊരു പൂവാലൻകിളി'' എന്നാരംഭിക്കുന്ന ഗാനവും ഭേദപ്പെട്ട നിലവാരം പുലർത്തി.
'പഴശ്ശിരാജാ'ക്കു ശേഷം കുഞ്ചാക്കോ നിർമിച്ച 'ആയിഷ' എന്ന ചിത്രത്തിലും അദ്ദേഹം ആർ.കെ. ശേഖറിനെ സംഗീതസംവിധായകനാക്കി. 'ആയിഷ'ക്കു വേണ്ടിയും ശേഖർ അതിമനോഹരങ്ങളായ ഈണങ്ങൾ ഒരുക്കി. പി.ബി. ശ്രീനിവാസ് പാടിയ ''യാത്രക്കാരാ പോവുക പോവുക; ജീവിതയാത്രക്കാരാ'' എന്ന ഗാനം മനോഹരമായിരുന്നു. യേശുദാസ് പാടിയ ''ശോകാന്തജീവിത നാടകവേദിയിൽ/ഏകാകിനിയായ് നീ'' (ശോകാന്ത ജീവിത)/കഥയറിയാതെ കാളിയരംഗത്ത് നീ /കനകച്ചിലമ്പുമായ് വന്നു/കഥയിലെ നായകന്റെ കണ്ണാടിക്കൂട്ടിലെ/കണ്ണുനീർക്കുരുവിയെ കല്ലെറിഞ്ഞു'' എന്ന ഗാനവും രചനകൊണ്ടും സംഗീതംകൊണ്ടും ഏറെ ശ്രദ്ധിക്കപ്പെട്ടു. പി. ലീല പാടിയ ''സ്വർണവർണത്തട്ടമിട്ട സുന്ദരിപ്പെണ്ണേ-നിന്റെ/പുന്നാരപുതുമാരൻ വരുമല്ലോ'' എന്ന ഒപ്പനയുടെ ശൈലിയിലുള്ള പാട്ടും എ.എം. രാജയും പി. സുശീലയും പാടിയ ''മുത്താണെ എന്റെ മുത്താണെ /മുത്തുനബി തന്ന സ്വത്താണെ'' എന്ന പാട്ടും സന്ദർഭത്തിനു തികച്ചും അനുയോജ്യമായിരുന്നു. കെ.ജി. സേതുനാഥിന്റെ കഥയെ ആസ്പദമാക്കി ശശികുമാർ തിരനാടകവും കാനം ഇ.ജെ സംഭാഷണവും എഴുതിയ 'കുടുംബിനി' എന്ന ചിത്രം പി.എ. തോമസ് ആണ് നിർമിച്ചത്. പി.എ. തോമസും ശശികുമാറും ചേർന്ന് ചിത്രം സംവിധാനം ചെയ്തു. പ്രേംനസീർ, ഷീല, കവിയൂർ പൊന്നമ്മ, തിക്കുറിശ്ശി, അടൂർ ഭാസി തുടങ്ങിയവർ അഭിനയിച്ചു, 'കുടുംബിനി'ക്കു വേണ്ടി അഭയദേവ് എഴുതിയ പാട്ടുകൾക്ക് ഈണം പകർന്നത് എൽ.പി.ആർ. വർമയാണ്. നാടകങ്ങളിൽ ഹിറ്റുകൾ സൃഷ്ടിച്ച എൽ.പി.ആർ. വർമ 'കുടുംബിനി' എന്ന ചിത്രത്തിലും ഹിറ്റുകൾ ഒരുക്കി. ചിത്രത്തിലെ ടൈറ്റിൽ ഗാനമായ ''വീടിനു പൊന്മണി വിളക്കു നീ/തറവാടിനു നിധി നീ കുടുംബിനീ''എന്ന ഗാനം കേൾക്കാത്ത ഒരു മലയാളിയും ഉണ്ടെന്നു തോന്നുന്നില്ല. സി.ഒ. ആന്റോ ആണ് ഈ ഗാനം പാടിയത്. ''കൃഷ്ണാ കൃഷ്ണാ/വേദനയെല്ലാം എനിക്കു തരൂ/ഈ വീടിനാനന്ദം നീ പകരൂ'' എന്ന പ്രാർഥനാഗാനവും ''എന്തെല്ലാം കഥകളുണ്ടമ്മക്കു പറയാൻ/എൻ മകനെ നിന്നെയുറക്കാൻ''എന്ന ഗാനവും ''കരയാതെ കരയാതെ ഉറങ്ങു മോനെ/കമലക്കണ്മിഴിപൂട്ടി ഉറങ്ങുറങ്ങ്...''എന്ന താരാട്ടും ''ഓളത്തിൽ തുള്ളിത്തുള്ളി ഓടുന്ന വഞ്ചി കോള് വരുന്നോണ്ട് -ഒരു കോള് വരുന്നോണ്ട്/ദൂരെന്നൊരു കോള് വരുന്നോണ്ട്'' എന്ന പാട്ടും പി. ലീലയാണ് പാടിയത്. യേശുദാസും പി. ലീലയും ചേർന്ന് പാടിയ ''സ്വപ്നത്തിൻ പുഷ്പരഥത്തിൽ /സപ്തസ്വരഗാനവുമായ്'' എന്ന ഗാനം ചിത്രത്തിലെ ടൈറ്റിൽ ഗാനം പോലെ തന്നെ ജനഹൃദയം കവർന്നു. യേശുദാസ് പാടിയ ''അമ്പിളിമാമൻ പിടിച്ച മുയലിനു കൊമ്പെത്രയുണ്ടെന്നറിയാമോ? '' എന്ന ഗാനവും സീറോ ബാബു പാടിയ ''കണ്ണിനു കണ്ണിനെ കരളിനു കരളിനെ/തമ്മിലകറ്റി നീ കനിവറ്റ ലോകമേ...''എന്ന പാട്ടും 'കുടുംബിനി'യിൽ ഇടംപിടിച്ചു.
മലയാളം കണ്ട ഏറ്റവും മികച്ച സംഗീതസംവിധായകരിൽ ഒരാളായിരുന്നു എൽ.പി.ആർ. വർമ. പക്ഷേ അദ്ദേഹത്തിന്റെ ചില ദൗർബല്യങ്ങൾ ആ പ്രതിഭാശാലിയെ എത്തേണ്ട ഉയരങ്ങളിൽ എത്തിച്ചില്ല.
1964ൽ തിയറ്ററുകളിൽ എത്തിയ ഒടുവിലത്തെ സിനിമയാണ് 'അൾത്താര'. പൊൻകുന്നം വർക്കിയുടെ പ്രശസ്തനാടകത്തിന്റെ ചലച്ചിത്രാവിഷ്കാരമായിരുന്നു ഇത്. നീലാ പ്രൊഡക്ഷൻസിനു വേണ്ടി പി. സുബ്രഹ്മണ്യം സംവിധാനം ചെയ്ത ചിത്രം. നാടകകൃത്തായ പൊൻകുന്നം വർക്കിതന്നെയാണ് തിരനാടകവും സംഭാഷണവും എഴുതിയത്. പ്രേംനസീർ, ഷീല, ശാന്തി, കൊട്ടാരക്കര ശ്രീധരൻ നായർ, ജോസഫ് ചാക്കോ തുടങ്ങിയവർ അഭിനയിച്ചു. മുരളി എന്ന തൂലികാനാമത്തിൽ തിരുനയിനാർകുറിച്ചി എഴുതിയ ഒൻപതു ഗാനങ്ങൾക്ക് എം.ബി. ശ്രീനിവാസൻ ഈണം നൽകി. യേശുദാസ്, കമുകറ, ഉദയഭാനു, പി. സുശീല, എസ്. ജാനകി, എൽ.ആർ. ഈശ്വരി എന്നിവർ പാടി. എസ്. ജാനകി പാടിയ ''വരുമൊരു നാൾ സുഖം/ഒരുനാൾ ദുഃഖം/ഉലകിലെല്ലാമിതു നിയമം - എന്നാൽ ഒരുനാളിലും/ഇരുളകലാത്തൊരു /കഥയായ് പാഴ്ക്കഥയായ്'' എന്ന ഗാനമാണ് ചിത്രത്തിൽ മികച്ചുനിന്നത്. എസ്. ജാനകി തന്നെ പാടിയ ''കണ്ണെഴുതി പൊട്ടു തൊട്ട് കമ്പിളിക്കുപ്പായമിട്ട്/നിന്നെയിങ്ങ് ചൊല്ലിവിട്ടതാരാണ്/നിനക്കഴക് തന്നു വിട്ടതാരാണ്?'' എന്ന ഗാനവും എൽ.ആർ. ഈശ്വരി പാടിയ ''ഓണത്തുമ്പി ഓണത്തുമ്പീ -വന്നാട്ടെ /ഓമനത്തുമ്പീ വന്നാട്ടെ/ ഒരുനല്ല കഥ പറയാം/ഒന്നിരുന്നാട്ടെ'' എന്ന ഗാനവും കമുകറ പുരുഷോത്തമനും എസ്. ജാനകിയും ചേർന്ന് പാടിയ ''പാതിരാപ്പൂവൊന്നു കൺതുറക്കാൻ/പാലൊളിച്ചന്ദ്രനുദിച്ചു വന്നു/പൂവിന്റെയുള്ളിലെ പുഞ്ചിരിയാൽ/പൂന്തിങ്കൾ പാലൊളി തൂകിനിന്നു'' എന്ന ഗാനവും എസ്. ജാനകി പാടിയ ''കന്യാ മറിയമേ...പുണ്യപ്രകാശമേ/കാത്തുരക്ഷിക്കേണമമ്മേ...'' എന്ന പ്രാർഥനാഗീതവും 'അൾത്താര'യിൽ ഉണ്ടായിരുന്നു.
''അച്ചായൻ കൊതിച്ചതും പാല്, ആശാൻ കുറിച്ചതും പാല്'' എന്ന ഹാസ്യഗാനം പാടിയത് കെ.പി. ഉദയഭാനുവും സംഘവും ചേർന്നാണ്. ''ദീപമേ...നീ നടത്തൂ എന്നെയും/ ഈയിരുളിൽ നിൻ മാർഗത്തിൽ കൂടെ/ഞാൻ സ്വർഗത്തിൽ ചേരുംവരെ/പാവമാമെന്നെ തൃക്കൈകളാലെ/ പാരിൽ നീയെന്നും താങ്ങിടേണമേ...'' എന്ന പ്രാർഥനാഗീതം യേശുദാസും സംഘവും പാടി.
ഈ അധ്യായം എഴുതിതീർന്നപ്പോൾ എന്റെ മനസ്സിൽ നിറഞ്ഞുനിൽക്കുന്നത് എന്റെ പ്രിയസ്നേഹിതൻ ആർ.കെ. ശേഖറിന്റെ മുഖമാണ്. ഉദയായുടെ മേൽവിലാസത്തിൽ നിർമിക്കപ്പെട്ട 'പഴശ്ശിരാജ', 'ആയിഷ' എന്നീ രണ്ടു ചിത്രങ്ങളിൽ മധുരസംഗീതം നിറച്ചിട്ടും വീണ്ടും സഹായിയായി തുടരാനായിരുന്നു അദ്ദേഹത്തിന്റെ വിധി. സംഗീതക്രമീകരണത്തിന്റെ മറുകര കണ്ട ആർ.കെ. ശേഖർ എത്തേണ്ട ഉയരങ്ങളിൽ എത്തിച്ചേരാൻ ശ്രമിക്കാതെ സാഹചര്യങ്ങളുടെ സമ്മർദത്തിൽ വിനീതനായി നിന്ന മ്യൂസിക് ജീനിയസ്! കാലം മാറി, ശേഖറിന്റെ മകൻ ദിലീപ്കുമാർ ഇന്ന് ഓസ്കർ അവാർഡ് നേടിയ സംഗീതജ്ഞൻ എ.ആർ. റഹ്മാൻ ആണ്. അജയ്യനായി ഉയരങ്ങളിൽ നിൽക്കുന്ന സംഗീതസംവിധായകനും ഗായകനും. എനിക്ക് അത്ഭുതമില്ല. ആർ.കെ. ശേഖർ എന്ന തിരിയിൽനിന്ന് കൊളുത്തിയ പന്തമാണ് മകനായ എ.ആർ. റഹ്മാൻ.