ചിത്രങ്ങളുടെ എണ്ണം കൂടുന്നു; പാട്ടുകളുടെ എണ്ണം കുറയുന്നു
മലയാളസിനിമാഗാനങ്ങളിലൂടെ നമ്മൾ മലയാളസിനിമയുടെ ചരിത്രത്തിലേക്കും ഒരു എത്തിനോട്ടം നടത്തുകയാണ്. 1964ൽ പത്തൊമ്പതു മലയാള ചിത്രങ്ങളാണ് നിർമിക്കപ്പെട്ടത്. അടുത്തവർഷം അതായത് 1965ൽ മുപ്പതു മലയാള സിനിമകൾ പുറത്തുവന്നു. എണ്ണത്തിൽ മാത്രമായിരുന്നില്ല ഈ വളർച്ച. രൂപത്തിലും ഭാവത്തിലും അനുകരണീയമായ മാറ്റം മലയാള സിനിമ കൈവരിക്കുന്നുണ്ടായിരുന്നു. മറ്റു മൂന്നു തെന്നിന്ത്യൻ ഭാഷകളിൽ ചിത്രമൊരുക്കുന്ന സംവിധായകരും നിർമാതാക്കളും മലയാള സിനിമയെ ശ്രദ്ധിക്കാൻ തുടങ്ങിയത് ഈ കാലഘട്ടത്തിലാണ്. മലയാളസിനിമാചരിത്രത്തിൽ പുതിയ ഭാവതലങ്ങൾ ഉയർത്തിയ ഏതാനും ചിത്രങ്ങൾ പിറന്നതും ഈ ഘട്ടത്തിലാണ്. ശ്യാമളച്ചേച്ചി, ഓടയിൽനിന്ന്,...
Your Subscription Supports Independent Journalism
View Plansമലയാളസിനിമാഗാനങ്ങളിലൂടെ നമ്മൾ മലയാളസിനിമയുടെ ചരിത്രത്തിലേക്കും ഒരു എത്തിനോട്ടം നടത്തുകയാണ്. 1964ൽ പത്തൊമ്പതു മലയാള ചിത്രങ്ങളാണ് നിർമിക്കപ്പെട്ടത്. അടുത്തവർഷം അതായത് 1965ൽ മുപ്പതു മലയാള സിനിമകൾ പുറത്തുവന്നു. എണ്ണത്തിൽ മാത്രമായിരുന്നില്ല ഈ വളർച്ച. രൂപത്തിലും ഭാവത്തിലും അനുകരണീയമായ മാറ്റം മലയാള സിനിമ കൈവരിക്കുന്നുണ്ടായിരുന്നു. മറ്റു മൂന്നു തെന്നിന്ത്യൻ ഭാഷകളിൽ ചിത്രമൊരുക്കുന്ന സംവിധായകരും നിർമാതാക്കളും മലയാള സിനിമയെ ശ്രദ്ധിക്കാൻ തുടങ്ങിയത് ഈ കാലഘട്ടത്തിലാണ്. മലയാളസിനിമാചരിത്രത്തിൽ പുതിയ ഭാവതലങ്ങൾ ഉയർത്തിയ ഏതാനും ചിത്രങ്ങൾ പിറന്നതും ഈ ഘട്ടത്തിലാണ്. ശ്യാമളച്ചേച്ചി, ഓടയിൽനിന്ന്, കാവ്യമേള, മുറപ്പെണ്ണ് തുടങ്ങിയ ചിത്രങ്ങൾ ഈ വർഷമാണ് പുറത്തുവന്നത്. ഗാനങ്ങളുടെ കാര്യത്തിലും ഈ സംവത്സരം ഒട്ടും പിന്നിലായില്ല. പി. ഭാസ്കരനും വയലാറും അവരോടൊപ്പം ദേവരാജനും ബാബുരാജും മികച്ച ഗാനങ്ങൾ സമ്മാനിക്കുന്നതിൽ ആരോഗ്യപരമായ മത്സരം തന്നെ നടത്തിക്കൊണ്ടിരുന്നു. പ്രവർത്തിച്ച ചിത്രങ്ങളുടെ എണ്ണം കുറവായിരുന്നെങ്കിലും കെ. രാഘവനും ദക്ഷിണാമൂർത്തിയും അവരുടെ ശക്തമായ സാന്നിധ്യം അറിയിച്ചു. പുകഴേന്തി എന്ന തൂലികാനാമത്തിൽ കെ.വി. മഹാദേവന്റെ സഹായിയായി പ്രവർത്തിച്ചുവന്ന മലയാളിയും തിരുവനന്തപുരം സ്വദേശിയുമായ വേലപ്പൻ നായർ സംഗീതസംവിധായകനായി മലയാള സിനിമയിൽ പ്രവേശിച്ചതും ഈ വർഷത്തിലാണ്. 'പുകഴേന്തി' എന്ന തമിഴ് വാക്കിന് 'പ്രശസ്തി നേടിയവൻ' എന്നാണ് അർഥം. മലയാളസിനിമയിലെ ആദ്യകാല സംഗീതസംവിധായകരിലൊരാളും പിന്നീട് ചില സിനിമകളിൽ പശ്ചാത്തലസംഗീതം മാത്രം കൈകാര്യം ചെയ്ത് പിന്നണിയിൽ നിന്നിരുന്ന സംഗീതജ്ഞനുമായ പി.എസ്. ദിവാകർ വീണ്ടും സിനിമയിൽ സംഗീതസംവിധായകനായി പ്രത്യക്ഷപ്പെട്ടതും 1965ൽ തന്നെ.
'മൂടുപടം' എന്ന ചിത്രത്തിനുവേണ്ടി ''മയിലാഞ്ചിത്തോപ്പിൽ മയങ്ങിനിൽക്കുന്ന മൊഞ്ചത്തി...'' എന്ന ഒരുഗാനം മാത്രമെഴുതി ഗാനരചയിതാവായി രംഗത്തുവന്ന യൂസഫലി കേച്ചേരി ഒരു സിനിമയിലെ മുഴുവൻ ഗാനങ്ങളുമെഴുതി വീണ്ടും പ്രത്യക്ഷപ്പെട്ടതും ഇതേ വർഷം തന്നെ. ചന്ദ്രിക എന്ന ആദ്യകാല മലയാള സിനിമ നിർമിച്ച കെ.എം.കെ. മേനോൻ തന്റെ പത്നിയായ ഭാരതിമേനോന്റെ പേരിൽ നിർമിച്ച ദേവത എന്ന ചിത്രമാണ് ഈ വർഷം ആദ്യം പുറത്തുവന്നത്. എഴുത്തുകാരനായ കെ. പത്മനാഭൻ നായരും ഛായാഗ്രാഹകൻ ഡബ്ല്യൂ.ആർ. സുബ്ബറാവുവും ചേർന്നു സംവിധാനം ചെയ്ത 'ദേവത'യിൽ സത്യനും പ്രേംനസീറും നായകന്മാരായി. അംബികയും സുഷമയും ആയിരുന്നു നായികമാർ.
(മായ എന്ന പേരിൽ ഉദയായുടെ 'കടലമ്മ'യിൽ പുതുമുഖമായി വന്ന സുഷമ പ്രശസ്ത നാടകനടിയായ മാവേലിക്കര പൊന്നമ്മയുടെ മകളാണെന്ന് ഞാൻ നേരത്തേ സൂചിപ്പിച്ചിട്ടുണ്ട്. 'കടലമ്മ'യിലും 'ദേവത'യിലും മാത്രമേ സുഷമ അഭിനയിച്ചിട്ടുള്ളൂ. അവർ വിവാഹിതയായി സിനിമാരംഗം വിട്ടു.) ചിത്രത്തിന് സംഭാഷണം രചിച്ചതും സംവിധായകരിൽ ഒരാളായ കെ. പത്മനാഭൻ നായർ തന്നെ. പി. ഭാസ്കരൻ എഴുതിയ പതിനാല് പാട്ടുകൾ ഈ ചിത്രത്തിൽ ഉണ്ടായിരുന്നു. പി.എസ്. ദിവാകർ ആണ് സംഗീതസംവിധാനം നിർവഹിച്ചത്. പി. ലീല. യേശുദാസ്, എസ്. ജാനകി, ഉദയഭാനു, ലതരാജു എന്നിവരോടൊപ്പം പ്രശസ്ത സംഗീതജ്ഞനായ ഡോക്ടർ എം. ബാലമുരളീകൃഷ്ണയും ഈ ചിത്രത്തിൽ പാടിയിട്ടുണ്ട്. ഓർമെവയ്ക്കേണം ഈ പ്രേമരംഗം /ഓമൽ പ്രകൃതി തൻ ഈ രാഗരംഗം/ വാസന്തശലഭത്തെ സ്വപ്നം കാണുന്നു / വനമുല്ലപ്പൂവിന്റെ മാനസം /ഹൃദയാധിനായകൻ പോയതെങ്ങോ... / നവരാഗ ഗായകൻ പോയതെങ്ങോ... എന്ന ഗാനമാണ് ഡോക്ടർ എം. ബാലമുരളീകൃഷ്ണയും എസ്. ജാനകിയും ചേർന്ന് പാടിയത്. യേശുദാസും ലതാരാജുവും സംഘവും പാടിയ ജന്മഭൂമി ഭാരതം/ കർമഭൂമി ഭാരതം / ജനത നാം ജയിച്ചുയർന്ന/ ധർമഭൂമി ഭാരതം. /മണ്ണെറിഞ്ഞാൽ പൊന്നു വിളയും /മണ്ണ് ചേർന്ന ഭാരതം എന്നാരംഭിക്കുന്ന ദേശഭക്തി ഗാനവും ശ്രദ്ധേയമാണ്.
''യേശുദാസും പി. ലീലയും ചേർന്ന് പാടിയ കണ്ണുകളെന്നാൽ കളവു പറയും/ കള്ളസാക്ഷികൾ -ഉൾ കണ്ണുകളാണല്ലോ സത്യം പറയും /കർമസാക്ഷികൾ എന്ന ഗാനവും എസ്. ജാനകി പാടിയ ഒരു നാളെന്നോണനിലാവേ /ഗുരുവായൂർ പോരണം / മതിലകത്തു കാണാമെന്നെ /മണവാട്ടി വേഷത്തിൽ എന്ന ഗാനവും ഡോക്ടർ ബാലമുരളീകൃഷ്ണയും പി. ലീലയും ചേർന്ന് പാടി താലോലം ഉണ്ണി താലോലം / തങ്കക്കുടം കിളി താലോലം/കണ്മണിക്കുട്ടന് കണ്ടാൽ കൊതിക്കുന്ന /കായാമ്പൂപോലുള്ള മിഴിയാണ്/ കൈവിരൽ കൊണ്ടിന്നു/കണ്ണീർ തുടച്ചപ്പോൾ/കായാംപൂമിഴിയെന്നറിഞ്ഞു ഞാൻ എന്ന ഗാനവും ജനപ്രീതി നേടി.
അനേകം പാട്ടുകളുള്ള ഈ സിനിമയിൽ നിന്ന് എനിക്ക് നിലവാരമുള്ളവയെന്നു തോന്നിയ പാട്ടുകൾ മാത്രമാണ് ഇവിടെ പരാമർശവിഷയമാക്കിയിട്ടുള്ളത്.
'കുട്ടിക്കുപ്പായം' എന്ന സിനിമയുടെ അഭൂതപൂർവമായ വിജയംമൂലം ഈ കാലത്ത് പല നിർമാതാക്കളും മുസ്‍ലിം സമുദായവുമായി ബന്ധപ്പെട്ട സിനിമകൾ നിർമിക്കാൻ മുന്നോട്ടു വന്നു. അങ്ങനെ നിർമിക്കപ്പെട്ട സിനിമകളിലൊന്നാണ് 'സുബൈദ'. കലാലയയുടെ ബാനറിൽ എച്ച്.എച്ച്. ഇബ്രാഹിം സേട്ട് നിർമിച്ച 'സുബൈദ'യിൽ മധു, അംബിക, പ്രേംനവാസ്, മീന, ദേവകി, ഫിലോമിന, ബഹദൂർ, നിലമ്പൂർ ആയിഷ തുടങ്ങിയവർ അഭിനയിച്ചു. എം. ഹുസൈൻ തിരനാടകവും സംഭാഷണവും എഴുതി. പി. ഭാസ്കരൻ എഴുതിയ ഗാനങ്ങൾക്ക് ബാബുരാജ് ഈണം പകർന്നു. യേശുദാസ്, മെഹബൂബ്. പി. സുശീല, എസ്. ജാനകി, ജിക്കി, എൽ.ആർ. ഈശ്വരി, ലതാരാജു, എൽ.ആർ. അഞ്ജലി എന്നിവരോടൊപ്പം സംഗീതസംവിധായകനായ ബാബുരാജും പിന്നണിയിൽ പാടി.
എന്റെ വളയിട്ട കൈപിടിച്ചു വിരുന്നുകാരൻ /പിന്നെ വലയിട്ടു കണ്ണുകൊണ്ടു പുതുമാരൻ/ വിരിയ്ക്കുള്ളിൽനിന്നു രണ്ടു വിറയ്ക്കുന്ന കൈകൾ കൊണ്ടു/ വിരണ്ടൊരീ പുള്ളിമാനെ പിടിക്കാൻ നോക്കി എന്ന ഗാനം പാടിയത് പി. സുശീലയാണ്. പി. ഭാസ്കരന്റെ കാവ്യഭംഗി നിറഞ്ഞ രചനാശൈലി ഈ ഗാനത്തിലും പ്രകടമാണ്. അതേസമയം കഥാമുഹൂർത്തവുമായി അത് അലിഞ്ഞുചേരുകയും ചെയ്യും. അതിനുള്ള ഉത്തമമാതൃകയാണ് പാട്ടിലെ തുടർന്നുള്ള വരികൾ.
കരക്കാരറിയാതെ കണ്ണിണയിടയാതെ/കരളും കരളും ചേർന്നു നിക്കാഹ് ചെയ്തു -എന്റെ /കരിവള സാക്ഷിയായ് നിക്കാഹ് ചെയ്തു. /വനമുല്ലപ്പെണ്ണിന്റെ മലരണികൈ പിടിച്ചു/ വലിക്കാൻ നോക്കുന്ന വസന്തത്തെപ്പോൽ..!
എൽ.ആർ. ഈശ്വരിയും അവരുടെ അനുജത്തി എൽ.ആർ. അഞ്ജലിയും ചേർന്നു പാടിയ ഒരു കുടുക്ക പൊന്നു തരാം/പൊന്നാലുള്ളൊരു മിന്നു തരാം എന്ന് തുടങ്ങുന്ന ഗാനവും എൽ.ആർ. അഞ്ജലിയും ലതാരാജുവും ചേർന്നു പാടിയ പൊന്നാരം ചൊല്ലാതെ /പഞ്ചാരമണലത്ത് /കന്നാരം പൊത്തിക്കളിക്കാൻ വാ /എന്ന ഗാനവും എം.എസ്. ബാബുരാജും മെഹബൂബും എൽ.ആർ. ഈശ്വരിയും എൽ.ആർ. അഞ്ജലിയും ചേർന്നു പാടിയ ഈ ചിരിയും ചിരിയല്ല ഈ കളിയും കളിയല്ല/കാനേത്തൊന്നു കഴിഞ്ഞോട്ടെ/ കൈ പിടിക്കാൻ വന്നോട്ടെ എന്ന ഗാനവും ശ്രദ്ധേയങ്ങളായെങ്കിലും യേശുദാസും എസ്. ജാനകിയും ചേർന്നു പാടിയ മണിമലയാറിന് തീരത്ത്/മാൻതുള്ളും മലയോരത്ത് /നാലുമണിപ്പൂ നുള്ളി നടക്കും /നാടൻ പെണ്ണേ നിന്നാട്ടെ... എന്ന് തുടങ്ങുന്ന യുഗ്മഗാനവും സംഗീതസംവിധായകനായ എം.എസ്. ബാബുരാജ് തന്നെ പാടിയ ശോകം തുടിക്കുന്ന പൊട്ടിത്തകർന്ന കിനാവിന്റെ മയ്യത്ത് /കെട്ടിപ്പിടിച്ചു കരയുന്ന പെണ്ണേ / കെട്ടുകഴിഞ്ഞ വിളക്കിൻ കരിന്തിരി / കെട്ടിപ്പിടിച്ചു കരയുന്നതെന്തേ... എന്ന പശ്ചാത്തലഗാനവുമാണ് ജനങ്ങൾ ഇന്നും ഓർമിക്കുന്നത്. മെഹബൂബും എൽ.ആർ. അഞ്ജലിയും ചേർന്നു പാടുന്ന ഹാസ്യരസസ്പർശമുള്ള ഒരു പാട്ടും സുബൈദയിൽ ഉണ്ടായിരുന്നു. കൊല്ലാൻ നടക്കണ കൊമ്പുള്ള ബാപ്പ /കൊല്ലാതെ കൊല്ലണ ബമ്പത്തിമോള് / വല്ലാത്തതാണെന്റെ കല്യാണക്കോള് /പൊല്ലാപ്പിലായി മുസീബത്തിനാല് എന്ന ഗാനത്തിൽ ഗായിക പാടുന്ന വരികളിലൂം ഗാനരചയിതാവിന്റെ നർമബോധം നന്നായി പ്രകാശിക്കുന്നുണ്ട്. കത്ത് കൊടുക്കല് നിങ്ങക്ക് ജോലി/ കുത്തിമലർത്തല് ബാപ്പാക്ക് ജോലി /കണ്ണുനീരെപ്പഴും പെണ്ണിന് കൂലി/ എന്നിനി കെട്ടീടും കല്യാണത്താലി.
പി. ഭാസ്കരനും ബാബുരാജും ചേരുമ്പോൾ -പ്രേത്യകിച്ചും ഇസ്‍ലാം ജീവിത പശ്ചാത്തലമാണെങ്കിൽ-ഗാനങ്ങൾ നന്നാവുമെന്നും അവ ചിത്രത്തിന് മുതൽക്കൂട്ടാവുമെന്നും ഒരിക്കൽക്കൂടി തെളിയിക്കപ്പെട്ടു. സൂപ്പർഹിറ്റ് ഒന്നുമായില്ലെങ്കിലും ശരാശരി സാമ്പത്തികവിജയം നേടാൻ സുബൈദക്ക് കഴിഞ്ഞത് ഈ ഗാനങ്ങളുടെ പിന്തുണകൂടി ലഭിച്ചതിനാലാണ്.
പി. ഭാസ്കരൻ കഥയെഴുതി സംവിധാനം നിർവഹിച്ച 'ശ്യാമളച്ചേച്ചി' എന്ന ചിത്രത്തിൽ അദ്ദേഹമെഴുതിയ ഏഴു ഗാനങ്ങൾ രഘുനാഥ് എന്ന തൂലികാനാമത്തിൽ കെ. രാഘവനാണ്ചിട്ടപ്പെടുത്തിയത്. തോപ്പിൽ ഭാസി സംഭാഷണം രചിച്ചു. സത്യൻ, അംബിക, മുത്തയ്യ, എസ്.പി. പിള്ള, കൊട്ടാരക്കര ശ്രീധരൻ നായർ, അടൂർഭാസി, അടൂർ ഭവാനി തുടങ്ങിയവർ അഭിനയിച്ചു. യേശുദാസ്, പി. ലീല, എസ്. ജാനകി, ഉദയഭാനു, എ.പി. കോമള എന്നിവർ ഗാനങ്ങൾ ആലപിച്ചു. യേശുദാസ് പാടിയ കനകക്കിനാവിന്റെ കളിവള്ളമിറക്കുമ്പോൾ /കടവത്തു വന്നു നിന്ന കറുത്ത പെണ്ണേ/ കവിളത്ത് കണ്ണുനീർചാലുകളണിഞ്ഞെന്റെ / കരളിന്റെ കൽപടവിൽ കടന്നോളെ.. എന്ന ഗാനം മെച്ചമായെന്നു മാത്രമല്ല ഹിറ്റ് ആവുകയും ചെയ്തു. എസ്. ജാനകി പാടിയ എന്തേ ചന്ദ്രനുറങ്ങാത്തു/ എന്തേ താരമുറങ്ങാത്തു/ പാലാഴിക്കുളി തീരാഞ്ഞിട്ടോ /പട്ടുകിടക്ക വിരിക്കാഞ്ഞിട്ടോ എന്ന പാട്ടും എസ്.ജാനകി തന്നെ പാടിയ കാണുമ്പോളിങ്ങനെ നാണം കുണുങ്ങിയാൽ/കല്യാണപ്പന്തലിൽ എന്തു ചെയ്യും-ചേട്ടൻ/കൈയിൽ പിടിക്കുമ്പോളെന്തു ചെയ്യും എന്ന ഗാനവും പി. ലീല പാടിയ കണ്ടാലാർക്കും കണ്ണിൽ പിടിക്കാത്ത / കണ്ണിൽദണ്ഡക്കിളിയേ എന്ന ഗാനവും പി. ലീലയും എ.പി. കോമളയും ചേർന്നു പാടിയ കൈ തൊഴാം കണ്ണാ കാർമുകിൽവർണാ/ കൈതവം നീക്കുവാൻ കാലടിയെന്നുമേ എന്ന പ്രാർഥനാ ഗീതവുമാണ് ഈ സിനിമയിലെ ഭേദപ്പെട്ട ഇതര ഗാനങ്ങൾ. യേശുദാസിന്റെ മുന്നേറ്റത്തിൽ ക്രമേണ പിന്നാക്കം പോയിത്തുടങ്ങിയ ഉദയഭാനുവും പെറ്റവളന്നേ പോയല്ലോ -നിധി / യിട്ടെറിഞ്ഞെങ്ങോ പോയല്ലോ എന്ന പശ്ചാത്തല ഗാനം പാടി. എ.പി. കോമള പാടിയ കണ്ണുപൊത്തിക്കളി കാക്കാത്തിക്കളി/ കാട്ടിലൊളിച്ചൊരു കണ്ണാ കണ്ണാ കാറ്റ് കൊള്ളണ കണ്ണാ കണ്ണാ കള്ളനെ വെക്കം പിടിക്കാൻ വാ എന്ന ഗാനവും ശ്യാമളചേച്ചിയിൽ ഉണ്ടായിരുന്നു.
പി. കേശവദേവിന്റെ പ്രശസ്ത നോവലായ 'ഓടയിൽനിന്ന്' സിനിമയായപ്പോൾ അത് സത്യൻ എന്ന നടന്റെ അത്യുജ്വലമായ അഭിനയംകൊണ്ടും വയലാർ-ദേവരാജൻ ടീമിന്റെ പാട്ടുകൾകൊണ്ടും കെ.എസ്. സേതുമാധവന്റെ സംവിധാന പാടവംകൊണ്ടും വളരെയധികം ജനശ്രദ്ധ നേടി. നോവലിസ്റ്റ് തന്നെയാണ് സിനിമക്ക് തിരക്കഥയും സംഭാഷണവും എഴുതിയത്. ഛായാഗ്രാഹകൻകൂടിയായ പി. രാമസ്വാമി, തിരുമുരുകൻ പിക്ചേഴ്സിന്റെ പേരിൽ നിർമിച്ച 'ഓടയിൽനിന്ന്' എന്ന ചിത്രം 1965 മാർച്ച് മാസം അഞ്ചിന് തിയറ്ററുകളിൽ എത്തി. സത്യൻ, പ്രേംനസീർ, കവിയൂർ പൊന്നമ്മ, കെ.ആർ. വിജയ, തിക്കുറിശ്ശി, അടൂർഭാസി, ബേബി പത്മിനി തുടങ്ങിയവർ അഭിനയിച്ച ഈ സിനിമയിലെ എട്ടു പാട്ടുകളും രചനാഭംഗികൊണ്ടും ഈണങ്ങളിലെ വൈവിധ്യംകൊണ്ടും ഉന്നതങ്ങളായി. പി. ലീല പാടിയ അമ്പലക്കുളങ്ങരെ കുളിക്കാൻ ചെന്നപ്പോൾ /അയലത്തെ പെണ്ണുങ്ങൾ കളിയാക്കി/കല്യാണി കളവാണി പാടിക്കൊണ്ടവരെന്നെ/കല്യാണപ്പെണ്ണിനെപ്പോൽ കളിയാക്കി എന്ന ഗാനത്തിലെ ലാളിത്യവും അതിൽ നിറയുന്ന പ്രണയത്തിന്റെ നിഷ്കളങ്കതയും എത്ര മധുരതരമാണ്! കേരളത്തിലെ പ്രാദേശികാന്തരീക്ഷം എത്ര സുന്ദരമായി വയലാർ തന്റെ വരികളിലൂടെ ആലേഖനം ചെയ്തിരിക്കുന്നു. എസ്. ജാനകി പാടിയ മുറ്റത്തെ മുല്ലയിൽ/ മുത്തശ്ശി മുല്ലയിൽ / മുത്തുപോലെ മണിമുത്തുപോലെ /ഇത്തിരിപ്പൂ വിരിഞ്ഞു എന്ന ഗാനവും പി. സുശീല പാടിയ / കാറ്റിൽ, ഇളംകാറ്റിൽ ഒഴുകിവരും ഗാനം /ഒരു കാണാക്കുയിൽ പാടും /കളമുരളീഗാനം എന്ന ഗാനവും ശരിക്കും മുത്തുകൾ തന്നെയാണ്. ബേബി പത്മിനിക്ക് വേണ്ടി (കെ.ആർ. വിജയയുടെ ബാല്യം) രേണുക എന്ന ഗായിക പാടിയ അമ്മേ അമ്മേ അമ്മേ നമ്മുടെ /അമ്പിളിയമ്മാവനെപ്പൊ വരും /അമ്മിണി താരകൾ കുഞ്ഞിന്റെ കൂടെ / അത്താഴമുണ്ണാനെപ്പൊ വരും എന്ന കുട്ടിപ്പാട്ട് ആ കാലത്തെ എല്ലാ മലായാളി കുട്ടികളും ഏറ്റു പാടി. യേശുദാസ് പാടിയ വണ്ടിക്കാരാ വണ്ടിക്കാരാ /വഴിവിളക്ക് തെളിഞ്ഞു / സ്വപ്നം കണ്ടുനടക്കും നീയൊരു /സ്വാഗതഗാനം കേട്ടു... എന്ന പാട്ട് അതിന്റെ അർഥഭംഗികൊണ്ടും മെഹബൂബ് പാടിയ 'റിക്ഷാവാലാ' എന്ന പാട്ട് താളപ്രാധാന്യംകൊണ്ടും ആ ഗായകന്റെ ശബ്ദംകൊണ്ടും മികച്ചതായി. എ.എം. രാജാ മനോഹരമായി പാടിയ മാനത്തു ദൈവമില്ല/മണ്ണിലും ദൈവമില്ല /മനസ്സിന്നുള്ളിലാണ് ദൈവം എന്ന പാട്ട് നല്ലതാണെങ്കിലും ചിത്രത്തിൽ തികച്ചും അനുചിതമായ സന്ദർഭത്തിൽ ഉപയോഗിക്കുകയാൽ ജനങ്ങൾ അതിനെ സ്വീകരിച്ചില്ല. ആ പാട്ട് പ്രേംനസീർ പാടുന്ന രംഗം തുടർന്നപ്പോൾ പ്രേക്ഷകർ അസ്വസ്ഥരാകുന്നതിനു സാക്ഷിയായപ്പോൾ പ്രേംനസീറിന്റെ ആരാധകനായ എനിക്കുണ്ടായ ദുഃഖം നിസ്സാരമായിരുന്നില്ല. തെറ്റുകൾ അധികം വരുത്താത്ത നല്ല സംവിധായകനായ കെ.എസ്. സേതുമാധവന് 'ഓടയിൽനിന്ന്' എന്ന സിനിമയിൽ സംഭവിച്ച ഒരു വലിയ തെറ്റ് എന്ന് ഇതേപ്പറ്റി പറയാം. സംവിധായകൻ എം. കൃഷ്ണൻ നായർക്ക് എന്നും വയലാർ ഗാനങ്ങളോടായിരുന്നു താൽപര്യം. അവർ ഉറ്റ സുഹൃത്തുക്കളും ആയിരുന്നു. എന്നാൽ അദ്ദേഹത്തിന് മാനസികമായി കൂടുതൽ അടുപ്പമുള്ള സംഗീതസംവിധായകൻ ബാബുരാജ് ആയിരുന്നു. സംവിധായകൻ എന്ന നിലയിൽ കൂടുതൽ സ്വാതന്ത്ര്യം കിട്ടിയ അവസരങ്ങളിലെല്ലാം അദ്ദേഹം താൻ സംവിധാനം ചെയ്ത ചിത്രങ്ങളിൽ വയലാർ-ബാബുരാജ് ടീമിനെ നിലനിർത്താനാണ് ശ്രമിച്ചിട്ടുള്ളത്.
1965 മാർച്ച് പന്ത്രണ്ടിന് തിയറ്ററുകളിലെത്തിയ 'കടത്തുകാരൻ' എന്ന സിനിമയിലും വയലാറിന്റെ പാട്ടുകൾക്ക് ഈണം പകർന്നത് ബാബുരാജ് ആയിരുന്നു. ശരവണഭവ പിക്ചേഴ്സിന് വേണ്ടി എ.കെ. ബാലസുബ്രഹ്മണ്യം നിർമിച്ച 'കടത്തുകാരന്' തിരക്കഥയും സംഭാഷണവും രചിച്ചത് കെ. പത്മനാഭൻനായർ ആയിരുന്നു. സത്യൻ, അംബിക, ഷീല, പ്രേംനവാസ്, ഹരി, അടൂർഭാസി, കോട്ടയംചെല്ലപ്പൻ തുടങ്ങിയവർ അഭിനയിച്ച ഈ സിനിമയിൽ വയലാർ എഴുതി ബാബുരാജ് സംഗീതം നൽകിയ ഭേദപ്പെട്ട പാട്ടുകൾ ഉണ്ടായിരുന്നു. യേശുദാസ്, ഉദയഭാനു, പി. ലീല, എസ്. ജാനകി, ലത എന്നിവർക്കൊപ്പം കണ്ണൂർ എ.കെ. സുകുമാരൻ എന്ന പുതിയ ഗായകനും പിന്നണിയിൽ പാടി. കണ്ണൂർ എ.കെ. സുകുമാരനും എസ്. ജാനകിയും ചേർന്ന് പാടിയ '' മണിമുകിലേ മണിമുകിലേ...'' എന്ന ഗാനം ഒട്ടൊക്കെ ജനപ്രീതി നേടിയെങ്കിലും അദ്ദേഹത്തിന് തുടർന്ന് ബാബുരാജിന്റെ പിന്തുണപോലും വേണ്ടത്ര ലഭിച്ചില്ല. മണിമുകിലേ മണിമുകിലേ /മാനം മീതെയിതാരുടെ പൊന്നും /തോണിയിലേറി പോണു. / കാറ്റിന്റെ കളിയോടത്തിൽ / കാക്കപ്പൊന്നിനു പോണു...എന്നിങ്ങനെയാണ് ആ മധുരഗാനം തുടങ്ങുന്നത്.
പി. ലീല പാടിയ മുത്തോലക്കുടയുമായ് /മുന്നാഴിപ്പൂവുമായ് / ഉത്രാടരാത്രിയുടെ തേരിറങ്ങി എന്ന ഗാനവും ഉദയഭാനുവും പി. ലീലയും പാടിയ/തൃക്കാർത്തികയ്ക്കു / തിരികൊളുത്താൻ വരും /നക്ഷത്രകന്യകളേ/ കൈതപ്പൂങ്കടവിൽ ചകളിവള്ളം തുഴയും / കടത്തുകാരനെ കണ്ടോ..? എന്ന ഗാനവും നന്നായി. ഉദയഭാനുവും ലതയും (ലതാരാജു ) ചേർന്നു പാടിയ പാവക്കുട്ടീ പാവാടക്കുട്ടീ/ പിച്ച പിച്ച പിച്ച/കാത്തിരിപ്പൂ വീട്ടിലൊരു കൊച്ചുകൂട്ടുകാരി എന്ന ഗാനമാണ് ഏറ്റവും കൂടുതൽ ജനശ്രദ്ധ നേടിയെടുത്തത്. രചനയിലും ഈണത്തിലുമുള്ള ലാളിത്യവും ആലാപനവിശുദ്ധിയും ഈ പാട്ടിനെ വ്യത്യസ്തമാക്കി. എൽ.ആർ. ഈശ്വരി പാടിയ രാജഹംസമേ...രാജഹംസമേ /അനുരാഗഗംഗയിൽ നിന്നെയൊഴുക്കിയ/തേതൊരു രാജകുമാരി എന്ന പ്രണയഗാനവും യേശുദാസ് അടൂർഭാസി അഭിനയിക്കുന്ന കഥാപാത്രത്തിന് വേണ്ടി പാടിയ ''കൊക്കരക്കോ കൊക്കരക്കോ ...പൂവൻകോഴി പൂവൻകോഴീ, പൂവാലൻകോഴി എന്ന ഗാനവും 'കടത്തുകാരനി'ൽ ഉണ്ടായിരുന്നു.
മൈത്രി പിക്ചേഴ്സിന് വേണ്ടി പി.എ. തോമസും ശശികുമാറും ചേർന്നു സംവിധാനം ചെയ്ത 'പോർട്ടർ കുഞ്ഞാലി' എൻ.എൻ.പിള്ളയുടെ അതേ പേരിലുള്ള നാടകത്തെ അവലംബമാക്കി നിർമിച്ച ചിത്രമാണ്. ശശികുമാർ തിരക്കഥ തയാറാക്കി. എൻ.എൻ. പിള്ള സംഭാഷണമെഴുതി. അഭയദേവ് എഴുതിയ അഞ്ചു ഗാനങ്ങളും ശ്രീമൂലനഗരം വിജയൻ എഴുതിയ ഒരു ഗാനവും ചിത്രത്തിൽ ഉണ്ടായിരുന്നു. ബാബുരാജിന്റെ സംഗീതം അദ്ദേഹത്തിന്റെ ആരാധകർ പ്രതീക്ഷിച്ച നിലവാരത്തിലേക്ക് ഉയർന്നില്ല എന്ന പരാതിയുയർന്നെങ്കിലും പാട്ടുകൾ മോശമല്ലായിരുന്നു എന്നത്രേ ഈ ലേഖകന്റെ അഭിപ്രായം പി.ബി. ശ്രീനിവാസ്, പി. ലീല, എസ്. ജാനകി, എ.പി. കോമള എന്നിവർ പാടി.
കട്ടുറുമ്പിന്റെ കാതുകുത്തിനു/കാട്ടിലെന്തൊരു മേളാങ്കം/കൂട്ടുകാർ വന്നു, വീട്ടുകാർ വന്നു/ കേട്ടോരൊക്കെ വിരുന്നു വന്നു എന്ന ഗാനം എ.പി. കോമളയാണ് പാടിയത്.
പാടാം പാടാം തകരും കരളിൻ / തന്ത്രികൾ മീട്ടി പാടാമല്ലോ ഞാൻ എന്ന ഗാനം എസ്. ജാനകി പാടി. പി. ലീല പാടിയ ജന്നത്തു താമര പൂത്തല്ലോ-ഒരു/ പൊന്നിതൾ നുള്ളിയെടുത്തോട്ടെ /പൂതി പെരുത്തുണ്ട് പൊന്നേ---ഞമ്മളാ/ പൂവൊന്നെടുത്ത് മണത്തോട്ടെ... എന്ന ഗാനവും ഭേദപ്പെട്ടതാണ്. ഓടിപ്പോകും കാറ്റേ / ഒരു നിമിഷം നിൽക്കാമോ എന്ന ഗാനം പി.ബി. ശ്രീനിവാസും പി. ലീലയും ചേർന്നു പാടി. പൂവണിയുകില്ലിനിയും/ പൂവണിയുകയില്ല / കരളിൽ വളർന്നോരെൻ കിനാവിന്റെ തൂമുല്ല എന്നതും പി.ബി. ശ്രീനിവാസാണ് പാടിയത്. മുകളിൽ പറഞ്ഞ അഞ്ചു ഗാനങ്ങളും എഴുതിയത് അഭയദേവ് ആണ്.
ശ്രീമൂലനഗരം വിജയൻ എഴുതിയ വണ്ടിക്കാരൻ ബീരാൻകാക്ക/ രണ്ടാം കെട്ടിന് പൂതി െവച്ച് /കൊണ്ടോട്ടീ ചെന്നുകണ്ട് /തണ്ടുകാരി പാത്തുമ്മാനെ...'' എന്ന ഹാസ്യഗാനവും ഈ സിനിമയിൽ ഉണ്ടായിരുന്നു.
അറുപതുകളുടെ മധ്യത്തിലെത്തിയപ്പോൾ നാം മനസ്സിലാക്കിയ പ്രധാന വസ്തുതയിതാണ്. ചിത്രങ്ങളുടെ എണ്ണം കൂടുന്നു. ചിത്രത്തിലെ ഗാനങ്ങളുടെ എണ്ണം ക്രമേണ കുറഞ്ഞുവരുന്നു. ഒന്നാമത്തെ ശബ്ദചിത്രമായ 'ബാലനി'ൽ ഇരുപത്തിമൂന്നു ഗാനങ്ങൾ, രണ്ടാമത്തെ ശബ്ദസിനിമയായ 'ജ്ഞാനാംബിക'യിൽ പതിനാലു ഗാനങ്ങൾ, മൂന്നാമത്തെ ചിത്രമായ 'പ്രഹ്ലാദ'യിൽ ഇരുപത്തിനാലു ഗാനങ്ങൾ. ക്രമേണ അത് കുറഞ്ഞ് ഒരു സിനിമയിലെ ഗാനങ്ങളുടെ എണ്ണം പന്ത്രണ്ടിനും പത്തിനുമിടയിൽ എന്ന സ്ഥിതിയിലെത്തുന്നു. പിന്നീട് പത്തിലും കുറയാൻ തുടങ്ങുന്നു. അപ്പോഴും ഗാനങ്ങൾ സിനിമയിൽ ഒരു നിർണായകശക്തിയായി തുടരുകയും ചെയ്യുന്നു.
(തുടരും)