നിഴലായി പ്രതികാര ദുർഗ
കേരളത്തിലെ ഗ്രാമങ്ങൾതോറും ‘ഒള്ളതു മതി’ എന്ന സിനിമയുടെ സൗജന്യ പ്രദർശനം നടന്നു. കുടുംബാസൂത്രണത്തിന്റെ ആവശ്യകതയെപ്പറ്റി ജനങ്ങളെ ബോധവത്കരിക്കുകയായിരുന്നു ലക്ഷ്യം. സുന്ദരമായ ഗാനങ്ങളായിരുന്നു ചിത്രത്തിന്റെ ഹൈലൈറ്റ്. ആ സിനിമയെയും അതിലെ പാട്ടുകളെയും കുറിച്ച് എഴുതുന്നു. ഒപ്പം പാതിരാപ്പാട്ടിനെക്കുറിച്ചും.
കുടുംബാസൂത്രണത്തിന്റെ ആവശ്യകതയെപ്പറ്റി ജനങ്ങളെ ബോധവത്കരിക്കുക എന്ന ലക്ഷ്യത്തോടെ നിർമിക്കപ്പെട്ട സിനിമയാണ് 'ഒള്ളതു മതി'. കെ.എസ്. സേതുമാധവൻ സംവിധാനം ചെയ്ത ഈ ചിത്രം നിർമിച്ചത് എം.പി. ചന്ദ്രശേഖര പിള്ളയാണ്. ചന്ദ്രൻ (നിർമാതാവിന്റെ തൂലികാനാമം) എഴുതിയ കഥക്ക് ജഗതി എൻ.കെ. ആചാരി തിരക്കഥയും സംഭാഷണവും രചിച്ചു. എൽ.പി.ആർ. വർമ സംഗീതസംവിധാനം നിർവഹിച്ച 'ഒള്ളതു...
Your Subscription Supports Independent Journalism
View Plansകുടുംബാസൂത്രണത്തിന്റെ ആവശ്യകതയെപ്പറ്റി ജനങ്ങളെ ബോധവത്കരിക്കുക എന്ന ലക്ഷ്യത്തോടെ നിർമിക്കപ്പെട്ട സിനിമയാണ് 'ഒള്ളതു മതി'. കെ.എസ്. സേതുമാധവൻ സംവിധാനം ചെയ്ത ഈ ചിത്രം നിർമിച്ചത് എം.പി. ചന്ദ്രശേഖര പിള്ളയാണ്. ചന്ദ്രൻ (നിർമാതാവിന്റെ തൂലികാനാമം) എഴുതിയ കഥക്ക് ജഗതി എൻ.കെ. ആചാരി തിരക്കഥയും സംഭാഷണവും രചിച്ചു. എൽ.പി.ആർ. വർമ സംഗീതസംവിധാനം നിർവഹിച്ച 'ഒള്ളതു മതി' എന്ന സിനിമയിൽ ഒരു ഗാനം വയലാർ രാമവർമയും ഒരു ഗാനം പി. ഭാസ്കരനും രണ്ടു പാട്ടുകൾ ഡോ. എസ്.കെ. നായരും ഒരു ഗാനം കണിയാപുരം രാമചന്ദ്രനും ഒരു പാട്ട് തിക്കുറിശ്ശി സുകുമാരൻ നായരും എഴുതി. കൂടാതെ, മഹാകവി കുമാരനാശാൻ കുട്ടികൾക്കുവേണ്ടി എഴുതിയ "ഈ വല്ലിയിൽനിന്നു ചെമ്മേ പൂക്കൾ പോകുന്നിതാ പറന്നമ്മേ...'' എന്നു തുടങ്ങുന്ന മനോഹരഗീതവും ചിത്രത്തിൽ ഉണ്ടായിരുന്നു. വയലാർ എഴുതി യേശുദാസ് പാടിയ ''അജ്ഞാതസഖീ ആത്മസഖീ/അനുരാഗ നർമദാ തീരത്തു നിൽപു നീ/ആകാശപുഷ്പങ്ങൾ ചൂടി'' എന്ന ഗാനമാണ് ഏറ്റവും ജനപ്രീതി നേടിയത്. പി. ഭാസ്കരൻ എഴുതിയ ''ഞാനൊരു കാശ്മീരി സുന്ദരി...'' എന്ന ഗാനം തികച്ചും പുതുമയുള്ളതും എഴുതാൻ ബുദ്ധിമുട്ടുള്ളതും ആയിരുന്നു. പി. ലീല, എ.പി. കോമള, ബി. വസന്ത, രേണുക എന്നീ നാല് ഗായികമാർ ചേർന്നാണ് ഈ ഗാനം പാടിയത്. ''ഞാനൊരു കാശ്മീരി സുന്ദരി...സുന്ദരി... സുന്ദരി/നീലത്തടാകത്തിൽ മധുമാസദേവതകൾ/നീന്തുന്ന പുഷ്പവനമെന്റെ രാജ്യം/ മഞ്ഞണിമാമലകൾ മുന്തിരിക്കാടുകളാൽ/ഇന്ദ്രനീലമാല ചാർത്തുമെന്റെ രാജ്യം/ഗംഗാതരംഗങ്ങൾ സംഗീതം പഠിപ്പിക്കും/വംഗദേശത്തിലെ വനിതയല്ലോ ഞാൻ...'' എന്നിങ്ങനെ ഭാരതത്തിലെ വിവിധ സംസ്ഥാനങ്ങളിലെ സുന്ദരിമാരെ പ്രതിനിധാനം ചെയ്യുന്ന ഈ ഗാനത്തിൽ മലയാളി സ്ത്രീയെ അടയാളപ്പെടുത്തുന്നത് ഇങ്ങനെയാണ്. ചന്ദനമരനിരകൾ കാറ്റിൽ/സുന്ദരമായ് കഥകളിയാടും/നന്ദനമലർവാടിക തന്റെ/നന്ദിനി ഞാൻ കേരളരമണി...'' എസ്.കെ. നായർ എഴുതിയ രണ്ടു പാട്ടുകളും ജനശ്രദ്ധ ലഭിക്കാതെ മറവിയിൽ ലയിച്ചു. ''ഉണ്ണി വിരിഞ്ഞിട്ടും...'' എന്നു തുടങ്ങുന്ന പാട്ടും ''സന്താപമിന്നു നാട്ടാർക്ക്...'' എന്നു തുടങ്ങുന്ന പാട്ടും കമുകറ പുരുഷോത്തമൻ പാടിയിട്ടും തികച്ചും ബാലിശമായ രചനാശൈലിമൂലം ശ്രദ്ധിക്കപ്പെടാതെ പോയി. മലയാളഭാഷ പഠിപ്പിച്ചതുകൊണ്ടോ മലയാളത്തിൽ ഡോക്ടറേറ്റ് എടുത്തതുകൊണ്ടോ ഒരാൾക്ക് നല്ല ഗാനരചയിതാവാകാൻ കഴിയില്ല എന്ന് ഈ പാട്ടുകളിലൂടെ ഡോ. എസ്.കെ. നായർ തെളിയിച്ചു. ''ഉണ്ണി വിരിഞ്ഞിട്ടും കണ്ണിമാങ്ങാ കണ– /ക്കുണ്ണികൾ ഇല്ലത്തെ മുറ്റത്തു കാൺകിലോ/ കണ്ണിനതിൽപരം കർപ്പൂരസാരമായ്/ എണ്ണുവാനെന്തുണ്ട് നണ്ണുവിൻ ലോകരേ...'' എന്നും മറ്റും എഴുതി എല്ലാവരെയും തോൽപിച്ചുകളഞ്ഞു ഡോ. എസ്.കെ. നായർ. 'നണ്ണുവിൻ' എന്ന പ്രയോഗം എത്ര വികലം! ആ ഭാഷാപണ്ഡിതൻ എഴുതിയ രണ്ടാമത്തെ ഗാനത്തിന്റെ പല്ലവിയിങ്ങനെ: ''സന്താപമിന്നു നാട്ടാർക്ക് പെരുത്തതു /സന്താനവർധനം ഒന്നുകൊണ്ടല്ലയോ/സമ്പത്ത് സന്താനമെന്നോർത്തവർക്കിന്നു/സമ്പത്തു നഷ്ടമായ് വൻവിപത്തായതു...'' പി. ഭാസ്കരനും വയലാറും ഉണ്ടായിട്ടും ഈ പണ്ഡിതനെക്കൊണ്ട് പാട്ടുകളെഴുതിച്ച നിർമാതാവ് പിൽക്കാലത്ത് ''എനിക്കൊരു അബദ്ധം പറ്റിപ്പോയി തമ്പീ'' എന്നു പറഞ്ഞത് ഞാനോർക്കുന്നു. അതേസമയം, കണിയാപുരം രാമചന്ദ്രൻ എഴുതിയ ഗാനം ഒട്ടും മോശമായില്ല. ''മാരൻ വരുന്നെന്നു കേട്ടപ്പോൾ/വാസന്തിച്ചേച്ചിക്കു മന്ദഹാസം –തൂമന്ദഹാസം... ഊം... മന്ദഹാസം. സുകുമാരൻ വരുന്നെന്നു കേട്ടപ്പോൾ/ വാസന്തിച്ചേച്ചിക്കു മന്ദഹാസം –തൂമന്ദഹാസം/കാലൊച്ച ദൂരത്ത് കേട്ടില്ലതിൻ മുമ്പ് /കള്ളിക്കു രോമാഞ്ചക്കുപ്പായം.../ "ആദ്യത്തെ രാത്രിയിൽ ആനന്ദരാത്രിയിൽ /ആരോമലാളേ നീയെന്തു ചെയ്യും?" / "അരികത്ത് ചിരിയുമായ് അണയുന്ന കള്ളന്റെ/ പിടിയിൽ നിന്നോടി ഞാൻ ദൂരെ നിൽക്കും..."
പി. ലീലയും ബി. വസന്തയും ചേർന്നാണ് ഈ ഗാനം പാടിയത്. തിക്കുറിശ്ശി എഴുതിയത് പാരഡി ഗാനമാണ്. വയലാർ-ദേവരാജൻ ടീമിന്റെ പ്രശസ്തമായ ''ശംഖുപുഷ്പം കണ്ണെഴുതുമ്പോൾ ശകുന്തളേ...'' എന്ന പാട്ടിന്റെ പാരഡി.''ശങ്കുപ്പിള്ള കണ്ണിറുക്കുമ്പോൾ/ശകുന്തളേ നിന്നെയോർമ വരും/ചേർത്തലമുക്കിലെ ബസ്സ്റ്റോപ്പു കാണുമ്പോൾ/ശകുന്തളേ നിന്നെയോർമവരും'' എന്നിങ്ങനെയാണ് തുടക്കം. ശരത്ചന്ദ്രൻ എന്നയാളാണ് ഇതിനു ശബ്ദം നൽകിയത്. ഇതിനെ നമ്മൾ ഒരു ഗാനമായി കരുതേണ്ടതില്ല.
സത്യൻ, നസീർ, മധു, ഷീല, കമലാദേവി, ഉമ്മർ, കൊട്ടാരക്കര ശ്രീധരൻ നായർ, ടി.എസ്. മുത്തയ്യ, എസ്.പി. പിള്ള, അടൂർ ഭാസി, മീന, ടി.ആർ. ഓമന, ബഹദൂർ, ശങ്കരാടി, ബി.കെ. പൊറ്റെക്കാട് തുടങ്ങിയവർ അഭിനയിച്ച ഈ ചിത്രം 1967 ഡിസംബർ 22ന് തിയറ്ററുകളിലെത്തി. കുടുംബ സംവിധാനത്തെപ്പറ്റി ജവഹർലാൽ നെഹ്റു പ്രസംഗിക്കുന്നതും ഇ.എം.എസ് നമ്പൂതിരിപ്പാട് പ്രസംഗിക്കുന്നതും ഇതിൽ കാണിക്കുന്നുണ്ട്. കേരള ഗവണ്മെന്റ് ഈ ചിത്രം വിലയ്ക്കുവാങ്ങി കുടുംബാസൂത്രണ പ്രചാരണത്തിനായി ഉപയോഗിച്ചു. കേരളത്തിലെ ഗ്രാമങ്ങൾതോറും ഈ സിനിമയുടെ സൗജന്യ പ്രദർശനം നടന്നു.
'സ്കൂൾ മാസ്റ്റർ', 'ചേട്ടത്തി', 'പൂച്ചക്കണ്ണി' തുടങ്ങിയ സിനിമകൾ സംവിധാനംചെയ്ത എസ്.ആർ. പുട്ടണ്ണ ഒരു ഇടവേളക്കുശേഷം മലയാളത്തിൽ സംവിധാനംചെയ്ത 'സ്വപ്നഭൂമി' എന്ന ചിത്രം സുജാത പിക്ചേഴ്സിനുവേണ്ടി രംഗരാജൻ (ഹിന്ദു ദിനപത്രം ഉടമകളിലൊരാൾ) നിർമിച്ചതാണ്. ത്രിവേണി എഴുതിയ കഥക്ക് എസ്.എൽ. പുരം സദാനന്ദൻ തിരക്കഥയും സംഭാഷണവും എഴുതി. വയലാർ-ദേവരാജൻ ടീമിന്റെ ഗാനങ്ങൾ യേശുദാസും പി. സുശീലയും ആലപിച്ചു. പ്രേംനസീർ, സത്യൻ, ഷീല, കവിയൂർ പൊന്നമ്മ, അടൂർഭാസി, ബേബി രമണി തുടങ്ങിയവർ അഭിനയിച്ച 'സ്വപ്നഭൂമി'യും 1967 ഡിസംബർ 22നാണ് തിയറ്ററുകളിൽ എത്തിയത്. യേശുദാസ് പാടിയ ''പ്രേമസർവസ്വമേ നിൻ പ്രമദവനം ഞാൻ കണ്ടു...'' എന്ന് തുടങ്ങുന്ന പ്രശസ്ത ഗാനം ഈ ചിത്രത്തിലുള്ളതാണ്. ''പ്രേമസർവസ്വമേ -നിൻ/ പ്രമദവനം ഞാൻ കണ്ടു -അതിൽ /മദനൻ വളർത്തും മാനിനെ കണ്ടു/ മദിരോത്സവം കണ്ടു...'' എന്നാരംഭിക്കുന്ന ഗാനത്തിലെ വരികളെല്ലാംതന്നെ മികച്ചതാണ്. ചരണത്തിലെ ചില വരികൾ ശ്രദ്ധിക്കുക. ''തിരിയിട്ടു കൊളുത്തിയ/മുത്തുവിളക്കുമായ്/ധനുമാസരാത്രികൾ വന്നു/ഈ സ്വപ്നഭൂമിയിൽ പൂക്കാലം /സ്വയംവര പന്തലിട്ടു -പൂക്കാലം/സ്വയംവര പന്തലിട്ടു...''
യേശുദാസ് തന്നെ പാടിയ ''മധുമതി മധുമതി/ഇത്രനാളും നീയൊരചുംബിത/പുഷ്പമായിരുന്നു/ഈ വിജനലതാഗൃഹത്തിൽ/ഈ വിഹാരസദനത്തിൽ/ മനസ്സിലെ മുന്തിരി തേൻകുടം/എനിക്കു നീട്ടിത്തന്നു നീ...'' എന്ന ഗാനവും ശ്രദ്ധേയം. പി. സുശീല പാടിയ മൂന്നു പാട്ടുകൾ 'സ്വപ്നഭൂമി'യിൽ ഉണ്ടായിരുന്നു. മൂന്നും മോശമായില്ല.
''വെള്ളിച്ചിറകുള്ള മേഘങ്ങളേ/വെണ്ണിലാപ്പുഴയിലെ ഹംസങ്ങളേ/അളകാപുരിയിലേക്കോ -നിങ്ങൾ/അമരാവതിയിലേക്കോ...'' എന്ന പാട്ടും ''ഏഴിലം പൂമരക്കാട്ടിൽ/ഏലം പൂക്കുന്ന കാറ്റിൽ/കാലത്തുണർന്നൊരു കുങ്കുമപ്പൂവിന്/ മേലാകെ കസ്തൂരി കസ്തൂരി'' എന്ന പാട്ടും ''ആ കയ്യിലോ ഈ കയ്യിലോ/ അമ്മാനക്കല്ല്... ആ കയ്യിലാണെങ്കിൽ നാളെ വരും / ഈ കയ്യിലാണെങ്കിൽ ഇന്ന് വരും/പ്രിയനിന്നു വരും'' എന്ന പാട്ടുമാണ് പി. സുശീല പാടിയത്. മലയാള സിനിമയിലും സാഹിത്യത്തിലും ശ്രദ്ധേയനായിരുന്നു എൻ.എൻ. പിഷാരടി എന്ന കലാകാരൻ. അദ്ദേഹം എഴുതിയ നോവൽ അക്കാലത്ത് ഏറ്റവും അംഗീകാരമുണ്ടായിരുന്ന സാഹിത്യവാരികയായ 'കൗമുദി'യിൽ (പത്രാധിപർ -കെ. ബാലകൃഷ്ണൻ) ഖണ്ഡശ്ശഃ പ്രസിദ്ധീകരിച്ചിട്ടുണ്ട്. എന്നെപ്പോലെയുള്ളവർ അതു വായിക്കാനായി 'കൗമുദി' വാരിക വരാൻ കാത്തിരുന്നിട്ടുണ്ട്. പാറപ്പുറത്തിന്റെ 'നിണമണിഞ്ഞ കാൽപ്പാടുകൾ' എന്ന നോവൽ സിനിമയാക്കിയപ്പോൾ എൻ.എൻ. പിഷാരടിയായിരുന്നു അതിന്റെ സംവിധായകൻ. എന്നാൽ, എന്നെപോലുള്ളവർ പ്രതീക്ഷിച്ചതുപോലെ സാഹിത്യത്തിലും സിനിമയിലും അദ്ദേഹം ഉയർന്നുവന്നില്ല. 'മുൾക്കിരീടം' അദ്ദേഹം നിർമിച്ച് സംവിധാനംചെയ്ത സിനിമയാണ്. സത്യൻ നായകനായ ഈ സിനിമയിൽ ശാരദയായിരുന്നു നായിക. പി.ജെ. ആന്റണി, നെല്ലിക്കോട്ട് ഭാസ്കരൻ, ശങ്കരാടി, എൻ. ഗോവിന്ദൻ കുട്ടി, എസ്.പി. പിള്ള, അടൂർഭാസി, ഇന്ദിരാതമ്പി തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളായി. മലബാറിൽ കുടിയേറിയ തിരുവിതാംകൂറുകാരായ ക്രിസ്ത്യൻ കർഷകരുടെ കഥയാണ് 'മുൾക്കിരീടം'. എൻ.എൻ. പിഷാരടിയുടെ കഥയും തിരനാടകവും. പ്രശസ്ത നാടകകൃത്തായ കാലടി ഗോപിയുടെ സംഭാഷണം. പി. ഭാസ്കരന്റെ ഗാനരചന, നവാഗതനായ പ്രദീപ് സിങ്ങിന്റെ സംഗീതം. പ്രധാന ഗായിക എസ്. ജാനകിയോടൊപ്പം തമ്പി എന്ന പുതിയ ഗായകനെയും സംവിധായകൻ ഈ ചിത്രത്തിലൂടെ അവതരിപ്പിച്ചു. എസ്. ജാനകി പാടിയ ''കുളി കഴിഞ്ഞു കോടി മാറ്റിയ ശിശിരകാലചന്ദ്രികേ...'' എന്ന ഗാനം ഇന്നും കേൾക്കാൻ പുതുമയുള്ളതാണ്. പി. ഭാസ്കരന്റെ മനോഹരമായ രചനയും പ്രദീപ് സിങ്ങിന്റെ ഭാവസാന്ദ്രമായ ഈണവും എസ്. ജാനകിയുടെ സ്വർഗീയനാദവും ചേരുമ്പോൾ ജനിക്കുന്ന അത്ഭുതം.
''കുളി കഴിഞ്ഞു കോടി മാറ്റിയ ശിശിരകാല ചന്ദ്രികേ/കണ്ണെഴുത്തിനു ചെപ്പു നീട്ടി/വിണ്ണിലുള്ള താരകൾ/അല്ലിയാമ്പൽ മാല കോർത്തു/നിന്റെ മുടിയിൽ ചൂടുവാൻ/പോരുമോ...പോരുമോ/പരിമളത്തിനു തൈലം ചാർത്തി/പാലപ്പൂവിൽ യാമിനി/പാട്ടു പാടാൻ തന്ത്രി മീ/കൂട്ടിനുള്ളിൽ രാക്കിളി/ചുണ്ടിലൂറും മൗനഗീതം/മന്ദമൊന്നിനി മൂളുമോ...പാടുമോ...പാടുമോ...'' എസ്. ജാനകിതന്നെ പാടിയ മറ്റൊരു ഗാനം ഇങ്ങനെ തുടങ്ങുന്നു. കനകസ്വപ്നശതങ്ങൾ വിരിയും/കദളീസുമവനകന്യക ഞാൻ... രാഗസാഗരതീരത്തുള്ളൊരു/ രാജകുമാരിയല്ലോ ഞാൻ...'' തമ്പി എന്ന പുതിയ ഗായകൻ രണ്ടു ഗാനങ്ങൾ പാടി. ''കൂകാത്ത പൂങ്കുയിലേ/മാനസവേണുവിൽ/പാടാത്ത പാട്ടുമായ് / തേടുന്നതാരെയോ നീ...''
''കരിവള്ളൂർ കാടുപൂത്തു/പീലിനീർത്തുമ്പോൾ/പവിഴപ്പൊൻകുന്നു മെയ്യിൽ/പച്ച കുത്തുമ്പോൾ/കിളിതുള്ളും കാവിലെന്നെ കാക്കുമോ..?/ വയനാടൻ തത്തകൾ മൈലാഞ്ചി കൊക്കുമായ്/പാട്ടുപാടും നാട്ടിലേക്കു പോരുമോ'' എന്നിങ്ങനെ നീളുന്ന പി. ഭാസ്കരന്റെ ഗാനതരംഗിണി തമ്പി എന്ന ഗായകനെ അനുഗ്രഹിച്ചു എന്ന് പറയണം. തമ്പിതന്നെ പാടിയ ''ദേവാ യേശുനായകാ/ നാഥാ, ലോകപാലകാ/പാതയിൽ വെളിച്ചമായ് /സാഗരത്തിൽ നൗകയായ് /നീ തെളിക്കൂ ഞങ്ങളെ / ദേവാ യേശു നായകാ'' എന്ന ക്രിസ്ത്യൻ ഭക്തിഗാനവും നന്നായിരുന്നു. ഈ രണ്ടു പാട്ടുകൾ ഭേദപ്പെട്ട രീതിയിൽ പാടിയിട്ടും തമ്പി എന്ന ഗായകന് പിന്നണിഗാനരംഗത്ത് മുന്നോട്ടുവരാൻ സാധിച്ചില്ല. പുരുഷ ശബ്ദത്തിലുള്ള മികച്ച ഗാനം യേശുദാസിന്; രണ്ടു പാട്ടുകൾ യേശുദാസ് പാടിക്കഴിഞ്ഞ് വീണ്ടും പുരുഷശബ്ദത്തിൽ പാട്ടുകളുണ്ടെങ്കിൽ ഒരു ഗാനം ജയചന്ദ്രന്... ഇതായിരുന്നു 1967 മുതൽ മലയാള ചലച്ചിത്ര സംഗീതരംഗത്തെ അംഗീകൃത രീതി. ഫിലിം വിതരണത്തിനെടുക്കുന്ന വിതരണക്കാർ ചോദിക്കും -സിനിമയിൽ യേശുദാസിന്റെ എത്ര പാട്ടുകളുണ്ട് ? മലയാളത്തിലെ വാണിജ്യസിനിമയിൽ യേശുദാസിന്റെ ശബ്ദം ഒരു അദൃശ്യതാരമായി മെല്ലെ വളരാൻ തുടങ്ങിയത് ഈ കാലഘട്ടത്തിലാണ്. 'ചിത്രമേള'യിലെ എട്ടു പാട്ടുകൾ ഈ മാറ്റത്തിൽ ഒരു വലിയ പങ്കുവഹിച്ചു. ആ സിനിമയിലെ എട്ടു പാട്ടുകളും പാടിയത് യേശുദാസ് ആയിരുന്നല്ലോ. പി.ബി. ശ്രീനിവാസിനും എ.എം. രാജക്കും പാട്ടുകൾ ക്രമേണ കുറഞ്ഞുതുടങ്ങി. ദേവരാജൻ മാസ്റ്റർ മാത്രം സത്യൻ അഭിനയിക്കുന്ന സിനിമകളിൽ അദ്ദേഹത്തിന്റെ ശബ്ദമായി എ.എം. രാജയുടെ ശബ്ദംതന്നെ തുടർന്നും ഉപയോഗിച്ചുകൊണ്ടിരുന്നു.
മൂവി ക്രാഫ്റ്റിനുവേണ്ടി ഛായാഗ്രാഹകൻകൂടിയായ എൻ. പ്രകാശ് സംവിധാനംചെയ്തു നിർമിച്ച 'പാതിരാപ്പാട്ട്' എന്ന ചിത്രത്തെ 'പ്രേതമില്ലാത്ത പ്രേതസിനിമ' എന്ന് വിശേഷിപ്പിക്കാം. ഒരു സ്ത്രീ കൊല്ലപ്പെടുന്നു. അല്ല, അവൾ കാമുകനോടൊപ്പം ഒളിച്ചോടിപ്പോയതാണെന്നു നാട്ടുകാരിൽ ചിലർ പറയുന്നു. വെള്ളിയാഴ്ചകളിൽ സ്ത്രീശബ്ദത്തിലുള്ള ഒരു സുന്ദരഗാനത്തിന്റെ നേർത്ത വീചികൾ നിശയുടെ നിശ്ശബ്ദതയെ ഭേദിച്ച് ഒഴുകാൻ തുടങ്ങി. അതൊരു പ്രേതം പാടുന്നതാണെന്ന് പലരും വിശ്വസിച്ചു. ഒടുവിൽ സത്യം പുറത്താകുന്നു. ആ പാതിരാപ്പാട്ട് കൊലപാതകികളെ ആകർഷിക്കുവാൻ സി.ഐ.ഡി ഓഫിസറുടെ ഭാര്യ തന്റെ ശരീരത്തിൽ ഘടിപ്പിച്ച ടേപ്റെക്കോഡറിൽനിന്നും കേട്ടിരുന്നതാണെന്നു തെളിയുന്നു. പി. ഭാസ്കരന്റെ ഗാനങ്ങൾക്ക് ഈണം പകർന്നത് വിജയഭാസ്കർ ആണ്; പാതിരാപ്പാട്ട് പാടിയത് എസ്. ജാനകിയും. യേശുദാസ്, എൽ.ആർ. ഈശ്വരി, വസന്ത എന്നിവരും ഈ ചിത്രത്തിൽ പാടിയിട്ടുണ്ട്. ജാനകി പാടിയ പാതിരാപ്പാട്ട് സൂപ്പർഹിറ്റ് പട്ടികയിൽ വന്നു. ''നിഴലായി നിന്റെ പിറകേ/പ്രതികാരദുർഗ ഞാൻ വരുന്നു.../ഒടുങ്ങാത്ത ദാഹവുമായി...'' എന്ന പല്ലവി കേട്ടിട്ടില്ലാത്തവർ കുറവായിരിക്കും. തുടർന്നുള്ള വരികളിലും ഒരു പ്രേതത്തിന്റെ ഭയാനകത ലയിപ്പിക്കാൻ പി. ഭാസ്കരൻ ശ്രമിച്ചിട്ടുണ്ട്. ''ഏതോ യക്ഷിക്കു ചൂടുവാൻ മാനത്തെ/ഏഴിലംപാലകൾ പൂത്തു.../പാടിത്തീരാത്ത പാതിരാപ്പാട്ടുമായ്/പാതയിൽ ഞാൻ നിന്നെ കാത്തു...'' എന്നിങ്ങനെ തുടരുന്നു ആ പാതിരാപ്പാട്ട്. യേശുദാസും ബി. വസന്തവും ചേർന്നു പാടിയ പ്രണയഗാനം ഇതാണ്. ''അനുരാഗക്ഷേത്രത്തിൽ മണിമുഴങ്ങി/ആനന്ദപൂജയ്ക്കായ് ഞാനൊരുങ്ങി/പൂക്കാരിയെവിടെ പൂത്താലമെവിടെ/പൂജാമലരുകളെവിടെ...'' നായകൻ ഇങ്ങനെ ചോദിക്കുമ്പോൾ നായികയുടെ മറുപടിയിങ്ങനെ: ''വാസന്തനന്ദനവനികകളിൽ/വാടാത്ത പൂവുകൾ നുള്ളിനുള്ളി/പൂമരത്തണലിൽ മാലകെട്ടുമ്പോൾ/പ്രേമത്തിൻ ലഹരിയിലുറങ്ങി...'' ബി. വസന്ത ഒരു സോളോ ഗാനവും പാടിയിട്ടുണ്ട് – ''ശോകബാഷ്പസാഗരത്തിൽ/ രാഗനൗക താണുപോയ് / ആശ തന്റെ പാമരങ്ങൾ/പാശമറ്റു വീണുപോയ്'' എന്ന് തുടങ്ങുന്ന ഈ ഗാനവും നന്ന്. എൽ.ആർ. ഈശ്വരിയും സംഘവും പാടിയ പൂമാല വിൽക്കുന്ന ഗാനമാണ് ചിത്രത്തിലെ നാലാമത്തെ ഗാനം. ''പൂമാലകൾ പുതിയ മാലകൾ/ മധുമാസറാണി തീർത്ത മാരിവില്ലുകൾ / മാലകൾ...മാലകൾ.../വരിക വരിക വാങ്ങുവാൻ... നിഴലായി നിന്റെ പിറകേ'' എന്ന ഗാനം ചിത്രത്തിൽ പലവട്ടം ആവർത്തിക്കപ്പെടുന്നതുകൊണ്ട് നാല് പാട്ടുകളേ ഈ സിനിമയിലുള്ളൂ എന്ന് ഗാനാസ്വാദകർക്കു തോന്നുകയില്ല.
(തുടരും)