യേശുദാസിന്റെ അഭിനയം; സലിൽ ചൗധരിയുടെ ആഗമനം
മലയാള സിനിമാ പിന്നണിഗാനരംഗത്ത് വസന്തം തീർത്തവരാണ് യേശുദാസും സലിൽ ചൗധരിയും. യേശുദാസ് പാടി അഭിനയിക്കുന്ന രംഗം ഇപ്പോഴും ആസ്വാദകരിൽ കൗതുകമുണർത്തും. മലയാളം ശരിക്കും അറിയാത്ത സലിൽ ചൗധരിയും പാട്ടാസ്വാദകരെ വിസ്മയിപ്പിച്ചു. ആ കാലത്തെക്കുറിച്ച് എഴുതുന്നു.
'മണവാട്ടി', 'കാത്തിരുന്ന നിക്കാഹ്' എന്നീ ചിത്രങ്ങൾക്കു ശേഷം തങ്കം മൂവീസിന്റെ ബാനറിൽ രാജു എം. മാത്തൻ നിർമിച്ച മൂന്നാമത്തെ ചിത്രമാണ് 'കല്യാണരാത്രിയിൽ', എം. കൃഷ്ണൻ നായരാണ് ചിത്രം സംവിധാനം ചെയ്തത്. എസ്.എൽ പുരം സദാനന്ദൻ തിരക്കഥയും സംഭാഷണവും രചിച്ച ഈ ചിത്രത്തിലും അവരുടെ രണ്ടു മുൻ ചിത്രങ്ങളിലുമെന്നപോലെ വയലാറും ദേവരാജനും ചേർന്നാണ് പാട്ടുകൾ ഒരുക്കിയത്. എസ്. ജാനകി, പി. ലീല, ജയചന്ദ്രൻ, എൽ.ആർ. ഈശ്വരി എന്നിവർ ഗാനങ്ങൾ പാടി. ദേവരാജൻ മാസ്റ്റർ ആദ്യകാലത്ത്...
Your Subscription Supports Independent Journalism
View Plans'മണവാട്ടി', 'കാത്തിരുന്ന നിക്കാഹ്' എന്നീ ചിത്രങ്ങൾക്കു ശേഷം തങ്കം മൂവീസിന്റെ ബാനറിൽ രാജു എം. മാത്തൻ നിർമിച്ച മൂന്നാമത്തെ ചിത്രമാണ് 'കല്യാണരാത്രിയിൽ', എം. കൃഷ്ണൻ നായരാണ് ചിത്രം സംവിധാനം ചെയ്തത്. എസ്.എൽ പുരം സദാനന്ദൻ തിരക്കഥയും സംഭാഷണവും രചിച്ച ഈ ചിത്രത്തിലും അവരുടെ രണ്ടു മുൻ ചിത്രങ്ങളിലുമെന്നപോലെ വയലാറും ദേവരാജനും ചേർന്നാണ് പാട്ടുകൾ ഒരുക്കിയത്. എസ്. ജാനകി, പി. ലീല, ജയചന്ദ്രൻ, എൽ.ആർ. ഈശ്വരി എന്നിവർ ഗാനങ്ങൾ പാടി. ദേവരാജൻ മാസ്റ്റർ ആദ്യകാലത്ത് തന്റെ ഇഷ്ടഗായികയായി കണ്ടിരുന്നത് പി. സുശീലയെയാണ്. എന്നാൽ, 'കല്യാണരാത്രിയിൽ' എന്ന സിനിമയിൽ അദ്ദേഹം എസ്. ജാനകിക്കാണ് മികച്ച ഗാനങ്ങൾ നൽകിയത്. രചനയിലും സംഗീതത്തിലും ശാലീനസൗന്ദര്യം തികഞ്ഞ ''അല്ലിയാമ്പൽപ്പൂവുകളേ...'' എന്ന യുഗ്മഗാനം ജയചന്ദ്രനും എസ്. ജാനകിയും ചേർന്നാണു പാടിയിരിക്കുന്നത്.
''അല്ലിയാമ്പൽപ്പൂവുകളേ/അർധനഗ്നഗാത്രികളേ/നിലാവിന്റെ നീന്തൽപ്പൊയ്കയിൽ / നീരാടും തോഴികളേ'' എന്നു തുടങ്ങുന്ന ഈ പ്രശസ്ത ഗാനത്തിന്റെ തുടർന്നുള്ള വരികളും പല്ലവിപോലെതന്നെ മനോഹരങ്ങളാണ്. ''നിങ്ങടെ കടവിൽ ചന്ദനപ്പടവിൽ/ഞങ്ങൾക്ക് കുളിക്കാനിടമുണ്ടോ/ നിങ്ങടെകയ്യിലെ കുളിരിലക്കുമ്പിളിൽ/ ഞങ്ങൾക്ക് ചൂടാൻ പൂവുണ്ടോ..? /മാറിൽ നിങ്ങൾ വാരിചൂടിയൊ-/ രീറൻ പൂഞ്ചേല/ മാറിയുടുക്കാൻ ഞങ്ങൾക്ക് തരുമോ/മഞ്ഞിന്റെ പൂഞ്ചേല...'' എന്നിങ്ങനെയുള്ള വരികളിൽ വഴിഞ്ഞൊഴുകുന്നത് കറയറ്റ കാവ്യസൗന്ദര്യംതന്നെയാണ്. എസ്. ജാനകി തന്നെ പാടിയ രണ്ടു മികച്ച പാട്ടുകൾകൂടി ഈ സിനിമയിൽ ഉണ്ടായിരുന്നു. ''മാതളപ്പൂങ്കാവിലിന്നലെ/ മലർ നുള്ളാൻ ചെന്നൂ ഞാൻ/ചൂടാനൊരു പൂ ചോദിച്ചവനോടി വന്നു /പിറകേയാവനോടിവന്നു...'' എന്ന പാട്ടിലും ''ആദ്യത്തെ രാത്രിയിലെന്റെ മനസ്സിന്റെ /അന്തഃപുരങ്ങൾ തുറന്നവനേ/ കാണാത്ത നിധികൾ കാണിച്ചുതയേശുദാസിന്റെ അഭിനയം;
സലിൽ ചൗധരിയുടെ ആഗമനംന്നിട്ടും/ കള്ളനു പരിഭവമാണോ...'' എന്ന പാട്ടിലും പ്രണയത്തിൽ ലൈംഗികതയുടെ മാദകഭാവം ഒളിച്ചുവെക്കുന്ന വയലാറിന്റ രചനാകൗശലം കാണാം. യുവഹൃദയങ്ങൾ ആരാധനയോടെ സ്വീകരിച്ചതാണ് ഈ കൗശലത്തിന്റെ ഭംഗി. ''മാതളപ്പൂങ്കാവിലിന്നലെ...'' എന്ന ഗാനത്തിലെ ''കണ്മുനയാലേ മേലാസകലം/വെണ്മണിശ്ലോകങ്ങളെഴുതി'' എന്ന വരികൾ ഉദാഹരണം.
എൽ.ആർ. ഈശ്വരി പാടിയ ''ചിലമ്പൊലി...ചിലമ്പൊലി'' എന്ന നൃത്തഗാനവും ''വൺ...ടു...ത്രീ...ഫോർ...നമ്പർ സിക്സ്റ്റി ഫോർ...ഓർമ വേണം... ഓർമവേണം...പീരുമേട്ടിൽ വരുമ്പോഴീ മേൽവിലാസം'' എന്നു തുടങ്ങു'ന്ന തട്ടുപൊളിപ്പൻ പാട്ടും വ്യത്യസ്ത ജനുസ്സിൽപെട്ടവയാണ്. ''നദികൾ നദികൾ നദികൾ/ നാണംകുണുങ്ങികൾ നദികൾ /സഖികൾ സഖികൾ സഖികൾ / സർവാംഗ സുന്ദരികൾ സഖികൾ/രാഗം-താനം-പല്ലവി പാടും വാനമ്പാടികൾ'' എന്ന ലളിതസുന്ദരമായ ഗാനം പി. ലീലയാണ് ആലപിച്ചത്. പ്രേംനസീർ, വിജയനിർമല, മുത്തയ്യ, കൊട്ടാരക്കര ശ്രീധരൻ നായർ, അടൂർ ഭാസി, ഫിലോമിന, കടുവാക്കുളം ആന്റണി തുടങ്ങിയവർ അഭിനയിച്ച 'കല്യാണരാത്രിയിൽ' എന്ന ചിത്രം 1966 ജൂലൈ 29നു പുറത്തുവന്നു.
പി.എ. തോമസ് സംവിധാനംചെയ്ത 'കായംകുളം കൊച്ചുണ്ണി' എന്ന സിനിമക്ക് രണ്ടു പ്രത്യേകതകൾ ഉണ്ടായിരുന്നു. ഒന്ന്, കായംകുളം കൊച്ചുണ്ണിയായി സത്യൻ അഭിനയിച്ചു. രണ്ട്, മലയാളികളുടെ ഹൃദയം കവർന്ന യുവഗായകനായ യേശുദാസ് ചിത്രത്തിലെ റൊമാന്റിക് ഹീറോ ആയി. അങ്ങനെ തന്റെ പിതാവായ അഗസ്റ്റിൻ ജോസഫിനെപ്പോലെ അദ്ദേഹവും സിനിമയിൽ പാടി അഭിനയിക്കുന്ന ഗായകനടനായി.
ഒരു സുറുമ വിൽപനക്കാരന്റെ വേഷത്തിലാണ് യേശുദാസ് അഭിനയിച്ചത്. മലയാളസിനിമയിൽ ഉഷാകുമാരി എന്ന പേരിൽ അറിയപ്പെടുന്ന വെണ്ണിറ ആടൈ നിർമലയാണീ സിനിമയിൽ യേശുദാസിന്റെ കാമുകിയായി അഭിനയിച്ചത്. യേശുദാസ് പാടിയ ''കുങ്കുമപ്പൂവുകൾ പൂത്തു -എന്റെ തങ്കക്കിനാവിൻ താഴ്വരയിൽ'' എന്ന അതിമനോഹരമായ ഗാനം അദ്ദേഹം തന്നെ സിനിമയിൽ പാടി അഭിനയിച്ചിരിക്കുന്നു. ബി.എ. ചിദംബരനാഥ് സംഗീതസംവിധാനം നിർവഹിച്ച ഈ ചിത്രത്തിൽ പി. ഭാസ്കരനാണ് ഗാനങ്ങൾ എഴുതിയത്. 'പകൽക്കിനാവ്' എന്ന ചിത്രത്തിനു ശേഷം ചിദംബരനാഥിന്റെ എല്ലാ ഈണങ്ങളും ഹിറ്റ്ചാർട്ടിൽ ഇടംപിടിച്ച സിനിമയാണ് 'കായംകുളം കൊച്ചുണ്ണി'. പി. ഭാസ്കരൻ എഴുതിയ എല്ലാ പാട്ടുകളും ഒന്നിനൊന്നുമെച്ചമായിരുന്നു. പ്രണയവും തത്ത്വചിന്തയും നർമവും എല്ലാം തന്റെ തൂലികക്കു വഴങ്ങുമെന്ന് അദ്ദേഹം ഒരിക്കൽകൂടി ഉച്ചത്തിൽ പ്രഖ്യാപിച്ച സിനിമകൂടിയാണ് 'കായംകുളം കൊച്ചുണ്ണി'.
''കുങ്കുമപ്പൂവുകൾ പൂത്തു -എന്റെ /തങ്കക്കിനാവിൻ താഴവരയിൽ /കുങ്കുമപ്പൂവുകൾ പൂത്തു...'' എന്ന ഗാനം ഇന്നും മലയാളികളുടെ ഓർമകളിൽ അമൃതം വർഷിക്കുന്ന ഗാനമാണ്. യേശുദാസും എസ്. ജാനകിയും ചേർന്നാണ് ഈ യുഗ്മഗാനം പാടിയത്.
''മാനസമാം മണിമുരളി -ഇന്നു/മാദകസംഗീതമരുളി /പ്രണയസാമ്രാജ്യത്തിൻ അരമന തന്നിൽ/ കനകത്താൽ തീർത്തൊരു /കളിത്തേരിലേറി /രാജകുമാരൻ വന്നു ചേർന്നു...'' യേശുദാസ് പാടിയ ''ആറ്റുവഞ്ചിക്കടവിൽവെച്ച്...'' എന്ന ഗാനമാണ് മറ്റൊന്ന്. ''ആറ്റുവഞ്ചിക്കടവിൽവെച്ച് /അന്ന് നിന്നെ ഞാൻ കണ്ടപ്പോൾ/പാട്ടു വന്നത് പവിഴച്ചുണ്ടിൽ/പാതി നിർത്തിയതെന്താണ്...'' എന്ന പ്രേമഗാനത്തിലെ ഓരോ വരിയും സുന്ദരവും ഹൃദയാവർജകവുമാണ്. യേശുദാസ് പാടിയ ''സുറുമ... നല്ല സുറുമ...'' എന്ന പാട്ട് നർമബോധത്തിന്റെ ഉയരങ്ങൾ നമുക്ക് കാട്ടിത്തരുന്നു. ''വില തുച്ഛമല്ലോ... ഗുണം മെച്ചമല്ലോ മണവും മെച്ചമല്ലോ'' എന്ന വിരുത്തത്തിൽ ആരംഭിച്ച് അതിമനോഹരമായ ഒരു വിൽപനപ്പാട്ടായി വളരുന്ന ഈ ഗാനത്തിലെ വരികളിൽ നിറയുന്നത് വെറും ഹാസ്യം മാത്രമല്ല. ''മദനനെ മയക്കുന്ന മിഴിയിൽ -ഇളം /മാതളമലരുകൾ വിരിയാൻ/മുന്നിലെത്തും പുരുഷന്റെ/ കണ്ണുകെട്ടി ഞൊടിക്കുള്ളിൽ/പെണ്ണുകെട്ടൽ നടത്തിക്കും സുറുമ'' എന്നിങ്ങനെ അക്ഷരങ്ങളുടെ താളവും നർമത്തിന്റെ മധുരവും ഒരുപോലെ ലയിപ്പിക്കുന്ന പി. ഭാസ്കരൻ മാസ്റ്റർ അദ്ദേഹത്തിന്റെ പിന്നാലെ വന്നവർക്കെല്ലാം ഒരുതരത്തിൽ അല്ലെങ്കിൽ മറ്റൊരുതരത്തിൽ വഴികാട്ടിയായിട്ടുണ്ട് എന്ന കാര്യത്തിൽ സംശയം വേണ്ട. ''ഒരു പല്ലു പോയ കിഴവി -കണ്ണിൽ/തെല്ലു സുറുമയെഴുതി/ മധുരയൗവനം നേടി -ഒരു / മാരനെ വീണ്ടും നേടി...'' എന്ന വരികളിലും ''കോട്ടയത്ത് പണ്ടൊരിക്കൽ/സുറുമ വിൽക്കാൻ പോയി –ഒരു/ കോങ്കണ്ണി പെണ്ണെന്റെ/സുറുമ വാങ്ങിച്ചു / കുണ്ടായ കണ്ണിലിതു /രണ്ട്ദിനമെഴുതിയപ്പോൾ / തണ്ടുലയും താമരകൾ /കണ്ടു കണ്ണിലാകെ...'' എന്ന വരികളിലും തുളുമ്പുന്ന അതിശയോക്തി ആ പാട്ടിന് അലങ്കാരമായി വർത്തിക്കുന്നു. ബി. വസന്ത പാടിയ ''കാർത്തികവിളക്കു കണ്ടുപോരുമ്പോൾ -എന്നെ/കാമദേവൻ കണ്മുനയാൽ എയ്തല്ലോ /കോവിലിന്നരികത്തെ ഏഴിലംപാലയാൽ /കോമളയാമിനി താലം ചൂടി'' എന്ന പാട്ടും ഇന്നും ഓർമയിലുണ്ട്. എസ്. ജാനകി പാടിയ ''വിറവാലൻകുരുവീ ഞാനൊരു/കുറിമാനം തന്നെങ്കിൽ /മറ്റാരും കാണാതെ നീ / മണിമാരനു നൽകാമോ...'' എന്ന പാട്ടും സിനിമയിലെ കഥ നടക്കുന്ന കാലഘട്ടത്തിനു തികച്ചും അനുയോജ്യമാണ്.കമുകറ പുരുഷോത്തമൻ പാടിയ ''പടച്ചവൻ പടച്ചപ്പോൾ...'' എന്ന ഗാനമാകട്ടെ അങ്ങേയറ്റം ചിന്തോദ്ദീപകവും കൊച്ചുണ്ണി എന്ന മനുഷ്യന്റെ ഉൾമനസ്സ് കാട്ടിത്തരുന്നതുമാണ്. ''പടച്ചവൻ പടച്ചപ്പോൾ മനുഷ്യരെ പടച്ചു /മനുജന്മാർ മന്നിതിൽ പണക്കാരെ പടച്ചു /പണക്കാരൻ പാരിലാകെ പാവങ്ങളെ പടച്ചു/പാവങ്ങളെന്നവരെ കളിയാക്കി ചിരിച്ചു...'' എന്ന പ്രശസ്ത ഗാനത്തിലെ അവസാനത്തെ വരികളിൽ കള്ളനായ കൊച്ചുണ്ണി എങ്ങനെ നല്ലവനായിത്തീരുന്നു എന്നു സൂചിപ്പിക്കുന്നു. ''പഠിപ്പില്ലാത്തൊരുവൻ പാമരനെങ്കിലും /കൊടുക്കുന്ന കയ്യാണവന്റേതെങ്കിൽ/അല്ലാവിൻ പ്രിയപുത്രനവനാണല്ലോ /സ്വർലോകക്കൊട്ടാരം അവന്റേതല്ലോ...''
മലയാള സിനിമക്ക് ആദ്യത്തെ സ്വർണമെഡൽ നേടിത്തന്ന 'ചെമ്മീൻ' എന്ന അവിസ്മരണീയ ചിത്രം 1966 ആഗസ്റ്റ് 19ാം തീയതിയാണ് തിയറ്ററുകളിൽ എത്തിയത്. ബാബു എന്ന ധനികനായ യുവാവ് കണ്മണി ഫിലിംസിന്റെ പേരിൽ തകഴിയുടെ പ്രശസ്ത നോവലിനെ അടിസ്ഥാനമാക്കി നിർമിച്ച 'ചെമ്മീൻ' എന്ന ചിത്രം സംവിധാനം ചെയ്തത് രാമു കാര്യാട്ട് ആണ്. തകഴിയുടെ കഥക്ക് തിരക്കഥയും സംഭാഷണവും എഴുതിയത് എസ്.എൽ പുരം സദാനന്ദനാണ്. 'ചെമ്മീൻ' എന്ന ചിത്രത്തിലൂടെ രാമു കാര്യാട്ട് മാർക്കസ് ബാർട്ട് ലി എന്ന ഛായാഗ്രാഹകനെയും ഇന്ത്യൻ സിനിമയിലെ ഒന്നാംകിട ഫിലിം എഡിറ്ററായ ഋഷികേശ് മുഖർജിയെയും ഹിന്ദിയിലും ബംഗാളിയിലും പ്രശസ്തനായ സംഗീതസംവിധായകൻ സലിൽ ചൗധരിയെയും മലയാള സിനിമയിൽ അവതരിപ്പിച്ചു. ബി. നാഗറെഡ്ഢി സ്ഥാപിച്ച വാഹിനി സ്റ്റുഡിയോയിൽ അതിന്റെ തുടക്കക്കാലത്ത് കാമറാവിഭാഗം തലവനായിരുന്നു മാർക്കസ് ബാർട്ട് ലി. 'നീലക്കുയിൽ' അടക്കമുള്ള ആദ്യകാല മലയാളചിത്രങ്ങൾ അധികവും ഷൂട്ട് ചെയ്തിരുന്നത് വാഹിനി സ്റ്റുഡിയോയിലാണ്. അതുകൊണ്ട് മാർക്കസ്സ് ബാർട്ട് ലിക്ക് മലയാള സിനിമാവേദിയിലെ പ്രധാന നിർമാതാക്കളും നടീനടന്മാരും മറ്റും അപരിചിതരായിരുന്നില്ല. ചെമ്മീൻ എന്ന നോവലിലെ കഥാപാത്രങ്ങളെയും ചിത്രത്തിലെ നടീനടന്മാരെയും മലയാളികൾക്ക് പരിചയപ്പെടുത്തേണ്ട കാര്യമില്ല. മധുവിന്റെ പരീക്കുട്ടിയും സത്യന്റെ പളനിയും ഷീലയുടെ കറുത്തമ്മയും കൊട്ടാരക്കരയുടെ ചെമ്പൻകുഞ്ഞും 'ചെമ്മീൻ' എന്ന സിനിമയിലൂടെ നിത്യഹരിത കഥാപാത്രങ്ങളായി മാറി. മലയാളത്തിൽ സലിൽ ചൗധരിയുടെ ഈണങ്ങൾക്കനുസരിച്ച് വരികൾ എഴുതാനുള്ള അവസരം ആദ്യമായി ലഭിച്ചത് വയലാർ രാമവർമക്കാണ്. 'നീലക്കുയിലി'ൽ ഒരുമിച്ചുനിന്ന പി. ഭാസ്കരനും രാമു കാര്യാട്ടും സംവിധാനകർമത്തിൽ സ്വതന്ത്രരായി മാറിയെങ്കിലും പിന്നീട് രാമു കാര്യാട്ട് സംവിധാനംചെയ്ത 'മിന്നാമിനുങ്ങ്', 'മുടിയനായ പുത്രൻ', 'മൂടുപടം' തുടങ്ങിയ ചിത്രങ്ങളിലെല്ലാം പി. ഭാസ്കരൻതന്നെയാണ് പാട്ടുകൾ എഴുതിയത്. രാമു കാര്യാട്ട് പി. ഭാസ്കരനെ ഒഴിവാക്കി ആ സ്ഥാനത്ത് വയലാർ രാമവർമയെ കൊണ്ടുവന്ന പ്രഥമചിത്രം എന്ന പ്രത്യേകതയും 'ചെമ്മീൻ' എന്ന പടത്തിനുണ്ട്. മലയാളത്തിലെ ആദ്യകാല ചിത്രങ്ങളിൽ സംഗീതസംവിധാനം എന്ന പ്രക്രിയതന്നെ ഒട്ടും സ്വതന്ത്രമായിരുന്നില്ല എന്നും അന്നത്തെ ഹിന്ദിഗാനങ്ങളുടെയും അപൂർവം തെലുങ്ക് ഗാനങ്ങളുടെയും ഈണങ്ങളിലാണ് പാട്ടുകൾ ഒരുക്കിയതെന്നും ആദ്യത്തെ അധ്യായങ്ങളിൽ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ, അമ്പതുകളുടെ ഉത്തരാർധം മുതൽ പുരോഗമനവാദികളായ കവികളുടെയും സംഗീതജ്ഞരുടെയും വരവോടുകൂടി മലയാള സിനിമക്ക് മലയാള സംസ്കാരത്തനിമയുള്ള വരികളും ഈണങ്ങളും ലഭിച്ചു. ആദ്യം കവി ഗാനമെഴുതുന്നു. പിന്നീട് സംഗീതസംവിധായകൻ ആ വരികൾക്ക് യോജിക്കുന്ന ഈണം കണ്ടെത്തുന്നു. ഈ രീതി സർവാത്മനാ അംഗീകരിക്കപ്പെട്ട സമയത്താണ് മലയാളഭാഷ വശമില്ലാത്ത ബംഗാളിയായ സലിൽ ചൗധരിയുടെ വരവ്. ബംഗാളി ഭാഷയിൽ ഗാനങ്ങൾ എഴുതുന്ന കവികൂടിയാണ് സലിൽ ചൗധരി. ബിമൽ റോയ് എന്ന പ്രശസ്തസംവിധായകന്റെ വിഖ്യാതചിത്രമായ 'ദോ ബീഗാ സമീൻ' എന്ന ഹിന്ദിസിനിമയുടെ കഥാകൃത്ത് സലിൽ ചൗധരിയാണ്. ബംഗാളിയിലും ഹിന്ദിയിലും സംഗീതസംവിധാനം തുടങ്ങുന്ന കാലത്തുതന്നെ ആദ്യം ഈണം സൃഷ്ടിച്ചതിനുശേഷം ആ ഈണങ്ങൾക്കനുസരിച്ച് വരികൾ എഴുതുന്ന രീതിയാണ് സലിൽ ചൗധരി അവലംബിച്ചിരുന്നത്. അതുകൊണ്ടാണ് ഇന്ത്യയിലെ അനവധി പ്രാദേശികഭാഷകളിലുള്ള സിനിമകളുടെ സംഗീതസംവിധായകനാകാൻ അദ്ദേഹത്തിന് സാധിച്ചത്. ഒരേ ഈണംതന്നെ അനവധി ഭാഷകളിൽ അദ്ദേഹം ഉപയോഗിച്ചിട്ടുണ്ട്. അങ്ങനെ 'ചെമ്മീൻ' എന്ന സിനിമയിലൂടെ ഈണത്തിനനുസരിച്ച് വരികൾ എഴുതുന്ന രീതി മലയാളത്തിൽ വീണ്ടും തുടങ്ങി. മന്നാഡെ പാടിയ ''മാനസമൈനേ വരൂ...'', യേശുദാസ് പാടിയ ''കടലിനക്കരെ പോണോരെ... കാണാപ്പൊന്നിനു പോണോരെ ...പോയ് വരുമ്പോഴെന്തു കൊണ്ടുവരും...'', പി. ലീലയും യേശുദാസും സംഘവും പാടിയ ''പെണ്ണാളേ...പെണ്ണാളേ...കരിമീൻ കണ്ണാളേ...'', യേശുദാസും കെ.പി. ഉദയഭാനുവും പി. ലീലയും സംഘവും പാടിയ ''പുത്തൻ വലക്കാരേ പുന്നപ്പുറക്കാരേ, പുറക്കാട്ടു കടപ്പുറത്ത് ചാകര...ചാകര...ചാകര...'' എന്നിങ്ങനെ നാല് ഗാനങ്ങൾ മലയാളികളുടെ നിത്യഹരിത ഗാനങ്ങളായി മാറി.
വയലാർ രാമവർമയും എം.എസ്. ബാബുരാജും ചേർന്ന് ഗാനങ്ങളൊരുക്കിയ എക്സൽ പ്രൊഡക്ഷൻസിന്റെ (ഉദയാ സ്റ്റുഡിയോ) 'അനാർക്കലി' എന്ന ചിത്രത്തിൽ പന്ത്രണ്ടു പാട്ടുകൾ ഉണ്ടായിരുന്നു. പ്രേനസീറും കെ.ആർ. വിജയയും യഥാക്രമം സലിം രാജകുമാരനും അനാർക്കലിയുമായി അഭിനയിച്ച ചിത്രത്തിൽ സത്യനായിരുന്നു അക്ബർ ചക്രവർത്തി. തിക്കുറിശ്ശിയും കൊട്ടാരക്കര ശ്രീധരൻ നായരും എസ്.പി. പിള്ളയും അടൂർ ഭാസിയും ഈ സിനിമയിൽ അഭിനയിച്ചു. ചിത്രത്തിലെ ആറു പാട്ടുകൾ പാടിയത് പി. സുശീലയാണ്. അക്ബറിന്റെ ദർബാറിലെ രണ്ടു പ്രശസ്ത ഗായകരായി യേശുദാസും ഗായകനും സംഗീതസംവിധായകനുമായ എൽ.പി.ആർ. വർമയും അഭിനയിച്ചു. യേശുദാസായിരുന്നു താൻസന്റെ വേഷത്തിൽ. എന്നാൽ, യേശുദാസിനുവേണ്ടി പിന്നണിയിൽ പാടിയത് പി.ബി. ശ്രീനിവാസ് ആയിരുന്നു. ഇന്ന് ഈ അറിവ് പലർക്കും അത്ഭുതമായി തോന്നാം. എന്നാൽ, എല്ലാ വലിയ കലാകാരന്മാരുടെയും വളർച്ചയുടെ വഴികളിൽ ഇതുപോലെയുള്ള ചില ദുഃഖരേഖകൾ മങ്ങലേറ്റു കിടക്കുന്നുണ്ടാവും. യേശുദാസ് പാടിയ ''നദികളിൽ സുന്ദരി യമുന...'', പി. സുശീല പാടിയ ''ഏഴു ചിറകുള്ള തേര്...'', ''പ്രണയഗാനം പാടുവാനായ്...'', ''മാതളപ്പൂവേ...'' എന്നീ ഗാനങ്ങളും ഡോ. എം. ബാലമുരളീകൃഷ്ണയും പി.ബി. ശ്രീനിവാസും ചേർന്നു പാടിയ ''സപ്തസ്വരസുധാ സാഗരമേ...'' എന്ന ഗാനവുമാണ് മുന്നിൽനിന്നത്. ''നദികളിൽ സുന്ദരി യമുന...യമുന...യമുന / സഖികളിൽ സുന്ദരി അനാർക്കലി... /അരമനപ്പൊയ്ക തൻ കടവിൽ / അമൃതമുന്തിരിക്കുടിലിൽ / ചഷകവുമായ് ^മധുചഷകവുമായ് / ഒമർഖയാമിൻ നാട്ടിലെ നർത്തകി /ഒരുങ്ങിയൊരുങ്ങിയൊരുങ്ങി വരൂ... പ്രിയസഖീ പ്രിയസഖീ...'' എന്ന ഗാനമാണ് യേശുദാസ് ആലപിച്ചത്. പി. സുശീല പാടിയ ''ഏഴു ചിറകുള്ള തേര് -ഏഴു ചിറകുള്ള തേര് /മാനത്തുണ്ടൊരു തേര് -തേരിനു / മഴവില്ലെന്നാണ് പേര്...'' തുടർന്നുള്ള വരികളിൽ ''തെരുവിൽനിന്നൊരു നൃത്തക്കാരിയെ തേരിലെടുത്തു പറന്ന'' ഒരു രാജകുമാരന്റെ കഥയാണ് പറയുന്നത്. ഇവിടെ അനാർക്കലിയുടെ അന്ത്യത്തിന് ആമുഖംപോലെയാകുന്നു വയലാറിന്റെ വരികൾ. ''പോയിട്ടവളെ കണ്ടില്ല -ഇനി /തേടാനെങ്ങും തെരുവില്ല /നൂപുരശിഞ്ജിതം അകലെ/കേട്ടു/ഗോപുരവാതിലടഞ്ഞു...'' പി. സുശീലതന്നെ പാടിയ ''മാതളപ്പൂവേ മാതളപ്പൂവേ/മദനന്റെ കളിപ്പൂവേ / മധുപൻ വരുമോ മധുരം തരുമോ... / മാതളപ്പൂവേ...മാതളപ്പൂവേ /പൊന്നേലസ്സുകൾ അണിയാതെ പവിഴക്കൊലുസ്സുകൾ അണിയാതെ/ നഗ്നപദം -നഗ്നപദം നീ നൃത്തമാടുമീ രാവിൽ/നിന്റെ മുത്തണിക്കവിളിൽ, മുന്തിരിയിതളിൽ/ ചിത്രശലഭമായ് വരുമോ... വരുമോ...'' എന്ന ഗാനവും സുന്ദരമാണ്. ഡോ. എം. ബാലമുരളീകൃഷ്ണയും പി.ബി. ശ്രീനിവാസും ചേർന്നു പാടിയ ''സപ്തസ്വരസുധാ സാഗരമേ...'' എന്നത് ഉത്തരേന്ത്യൻ സംഗീതശൈലിയിൽ ചിട്ടപ്പെടുത്തിയ ക്ലാസിക്കൽ ഗാനമാണ്. ഈ ഗാനരംഗത്ത് അഭിനയിക്കുന്നവരും രണ്ടു ഗായകരാണ്, എൽ.പി.ആർ. വർമയും യേശുദാസും. ''സപ്തസ്വരസുധാസാഗരമേ/സ്വർഗീയസംഗീതമേ / സ്വപ്നാടകരായ് നിൻ തീരങ്ങളിൽ/നിൽപ്പൂ ഗായകർ ഞങ്ങൾ/ നാദബ്രഹ്മമേ നിന്നിലേക്കൊഴുകും/ കാലമാം ഹിമവാഹിനിയിൽ /ജലതരംഗം വായിക്കുന്നു കലയുടെ കനകാംഗുലികൾ'' എന്നിങ്ങനെ ഒഴുകുന്ന ഈ ഗാനം ഒരു രാഗമാലികയാണ്. യേശുദാസ് അഭിനയിക്കുന്ന രംഗമായതിനാൽ ഈ ഗാനം ഡോ. എം. ബാലമുരളീകൃഷ്ണയും യേശുദാസും ചേർന്നു പാടിയിരുന്നെങ്കിൽ എന്ന് 'അനാർക്കലി' എന്ന ചിത്രം കണ്ടുകൊണ്ടിരുന്നപ്പോൾ ഞാൻ ചിന്തിച്ചുപോയി; പി.ബി. ശ്രീനിവാസ് അതിമനോഹരമായി പാടിയിട്ടുണ്ടെങ്കിലും...
പി. സുശീലയുടെതന്നെ സ്വരത്തിലുള്ള ''ഈ രാത്രിതൻ വിജനതയിൽ/ഈ ദുഃഖഗാനത്തിൻ കരയിൽ /ഇനിയുറങ്ങൂ പ്രിയൻ ഇനിയുറങ്ങൂ'' എന്ന ഗാനവും ശോകനിർഭരമാണ്. ''മുകിലസിംഹമേ... മുകിലസിംഹമേ...'' എന്ന് തുടങ്ങുന്ന ഗാനവും എൽ.ആർ. ഈശ്വരി പാടിയ ''അരുതേ...അരുതേ...'' എന്നാരംഭിക്കുന്ന ഗാനവും ''ചക്രവർത്തികുമാരാ...'' എന്ന ഗാനവും പി. സുശീല തന്നെ പാടിയ ''പ്രണയഗാനം പാടുവാനായ് / പ്രമദവനത്തിൽ വന്നു ഞാൻ /വിരഹഗാനം പാടിപ്പാടി പിരിഞ്ഞുപോവുകയാണ് ഞാൻ'' എന്ന ഗാനവും കേൾക്കാനിമ്പമുള്ളതാണ്. അവശേഷിക്കുന്ന പാട്ടുകൾ എം.എസ്. ബാബുരാജിന്റെ സംഗീതനിലവാരത്തിലേക്ക് ഉയർന്നില്ല, ചിത്രത്തിന്റെ കഥ ഉത്തരേന്ത്യൻ സംഗീതവുമായി ബന്ധമുള്ളതായിട്ടും.
1966 ആഗസ്റ്റ് രണ്ടിന് റിലീസായ 'അനാർക്കലി' പ്രതീക്ഷിച്ച നിലവാരത്തിലേക്കുയർന്നില്ല. സാമ്പത്തികമായും ചിത്രം ഒരു ശരാശരിവിജയം മാത്രമേ നേടിയുള്ളൂ.
മലയാള സിനിമ വർഷം 1966 -ഉത്തരാർധം നൽകിയ പുതുമകളിൽ ഇവയും ഉൾപ്പെടുന്നു. 'കായംകുളം കൊച്ചുണ്ണി' എന്ന ചിത്രത്തിലും 'അനാർക്കലി' എന്ന ചിത്രത്തിലും കണ്ട യേശുദാസിന്റെ അഭിനയവും 'ചെമ്മീനി'ലെ സലിൽ ചൗധരിയുടെ സംഗീതവും.