ഒരു കൊലക്കേസ്: രണ്ടു സിനിമകൾ!
'കായംകുളം കൊച്ചുണ്ണി' എന്ന സിനിമയിൽ സൂപ്പർഹിറ്റ് ഗാനങ്ങൾ ഒരുക്കിയ പി. ഭാസ്കരൻ-ബി.എ. ചിദംബരനാഥ് കൂട്ടുകെട്ടിൽനിന്ന് സംവിധായകനും നിർമാതാവുമായ പി.എ.തോമസ് ക്രമേണ പി. ഭാസ്കരനെ ഒഴിവാക്കിയെങ്കിലും തുടർന്നുള്ള മിക്ക ചിത്രങ്ങളിലും സംഗീതസംവിധായകനായി ചിദംബരനാഥിനെതന്നെ...
Your Subscription Supports Independent Journalism
View Plans'കായംകുളം കൊച്ചുണ്ണി' എന്ന സിനിമയിൽ സൂപ്പർഹിറ്റ് ഗാനങ്ങൾ ഒരുക്കിയ പി. ഭാസ്കരൻ-ബി.എ. ചിദംബരനാഥ് കൂട്ടുകെട്ടിൽനിന്ന് സംവിധായകനും നിർമാതാവുമായ പി.എ.തോമസ് ക്രമേണ പി. ഭാസ്കരനെ ഒഴിവാക്കിയെങ്കിലും തുടർന്നുള്ള മിക്ക ചിത്രങ്ങളിലും സംഗീതസംവിധായകനായി ചിദംബരനാഥിനെതന്നെ നിലനിർത്തുകയുണ്ടായി. ഗാനരചയിതാവായി പി. ഭാസ്കരന്റെ സ്ഥാനത്ത് വയലാർ രാമവർമയെത്തി. 1967 ഏപ്രിൽ 28ന് പുറത്തുവന്ന തോമസ് പിക്ചേഴ്സിന്റെ 'പോസ്റ്റ്മാൻ' എന്ന ചിത്രത്തിലും വയലാർ ഗാനങ്ങൾ എഴുതി. ചിദംബരനാഥ് സംഗീതസംവിധായകനായി. യേശുദാസ്, പി. ജയചന്ദ്രൻ, പി. ലീല, ബി. വസന്ത, സീറോ ബാബു തുടങ്ങിയവർ ഗാനങ്ങൾ പാടി. ഇരയിമ്മൻ തമ്പിയുടെ ''ഓമനത്തിങ്കൾക്കിടാവോ...'' എന്ന താരാട്ട് ചിദംബരനാഥിന്റെ മേൽനോട്ടത്തിൽ ഈ ചിത്രത്തിനുവേണ്ടി യേശുദാസ് പാടി.
യേശുദാസ് തന്നെ പാടിയ ''കാർമുകിലേ കാർമുകിലേ /കരയാൻപോലും വിധിയില്ലേ /മാനത്തെയേകാന്തവീഥിയിലലയും /ഞാനും നീയും ഒരുപോലെ'' എന്നു തുടങ്ങുന്ന ഗാനം മികച്ച രചനയായിരുന്നു. ആ ഗാനത്തിലെ ചില പ്രധാന വരികൾ ശ്രദ്ധിക്കുക. ''താലോലിക്കാനുള്ള കരങ്ങൾ/തല്ലിയുടയ്ക്കുകയായിരുന്നു/വാർമഴവില്ലുകൾ മാനസപുത്രികൾ/വാതിലടയ്ക്കുകയായിരുന്നു.../ ഈശ്വരനുണ്ടെങ്കിൽ ഈശ്വരൻ കൂടിയും ഇന്നു നമ്മളെ കൈവെടിഞ്ഞു /ആകാശത്തിലെ അന്തിനക്ഷത്രമേ അകലെ വെളിച്ചമുണ്ടോ -പറയൂ/അകലെ വെളിച്ചമുണ്ടോ..?'' പി. ജയചന്ദ്രൻ പാടിയ ' വള്ളിയിലായിരം കിങ്ങിണി കിങ്ങിണി/അതിലിരുന്നാടുന്ന നക്ഷത്രക്കുഞ്ഞിന് /അരയ്ക്കു ചുറ്റും നല്ല തൊങ്ങല് തൊങ്ങല്'' എന്ന ഗാനമായിരുന്നു മറ്റൊന്ന്. പി. ലീല പാടിയ പ്രാർഥനാഗാനം ഇങ്ങനെ തുടങ്ങുന്നു. ''ഗോകുലപാലാ ഗോവിന്ദാ/ഗോപകുമാരാ ഭഗവാനേ /ഗോവിന്ദാ ഹരിഗോവിന്ദാ/ഗുരുവായൂരപ്പാ ഗോവിന്ദാ/വാർമുടിയിൽ ചാർത്തിയതാരീ/വർണപ്പീലി മയിൽപ്പീലി/ വാകച്ചാർത്തിനു വന്നവരോ/ വൃന്ദാവനത്തിലെ ഗോപികളോ..?'' ബി. വസന്തയാണ് ''നർത്തകീ നർത്തകീ നീയൊരു കഥ പറയൂ കൺപീലികളാൽ, കൈമുദ്രകളാൽ കഥപറയൂ, ഒരു കഥ പറയൂ'' എന്ന ഗാനം ആലപിച്ചത്. തോമസ് പിക്ചേഴ്സിലെ സ്ഥിരം ഗായകനായിരുന്ന സീറോബാബു ഒരു ഹാസ്യഗാനം പാടി. ആ പാട്ടിന്റെ പല്ലവി ഇങ്ങനെ: ''കുമ്പളം നട്ടു കിളിച്ചത് വെള്ളരി പൂത്തതും കായ്ച്ചതും കൂവളയ്ക്കാ/കൂവളയ്ക്കാ പറിച്ചു കൊട്ടയിലിട്ടപ്പോൾ/കൊട്ടയിൽ കണ്ടതു കൊത്തച്ചക്ക...'' എന്തായാലും 'പോസ്റ്റ്മാൻ' എന്ന സിനിമയിലെ പാട്ടുകൾ വേണ്ടതുപോലെ ശ്രദ്ധിക്കപ്പെട്ടില്ല. ചിദംബരനാഥിന്റെ സംഗീതത്തിന്റെ നിലവാരം കുറഞ്ഞുകൊണ്ടിരിക്കുന്നു എന്നു ചില നിരൂപകർ അഭിപ്രായപ്പെടുകയും ചെയ്തു. പി.എ. തോമസ് തന്നെയാണ് ഈ ചിത്രത്തിനു കഥയെഴുതിയത്. ജഗതി എൻ.കെ. ആചാരി സംഭാഷണം എഴുതി. സത്യൻ, കവിയൂർ പൊന്നമ്മ, കെ.പി. ഉമ്മർ, തിക്കുറിശ്ശി, കമലാദേവി, സുകുമാരി, അടൂർ ഭാസി, മണവാളൻ ജോസഫ് തുടങ്ങിയവർ അഭിനയിച്ചു. സത്യൻ നായകനായി അഭിനയിച്ചിട്ടും 'പോസ്റ്റ്മാൻ' എന്ന ചിത്രം വേണ്ടത്ര വിജയം നേടിയില്ല.
അമ്പതുകളിലും അറുപതുകളിലും തെന്നിന്ത്യൻ സിനിമകൾ എല്ലാം തന്നെ സ്റ്റുഡിയോ ഫ്ലോറുകളിലാണ് ചിത്രീകരിച്ചിരുന്നത്. കലാസംവിധായകർ അവരുടെ കരവിരുതുകൊണ്ട് പ്രകൃതിയുടെ രൂപഭാവങ്ങൾ തന്മയത്വത്തോടെ സ്റ്റുഡിയോ ഫ്ലോറിൽ സൃഷ്ടിച്ചെടുക്കുമായിരുന്നു. വീടുകൾ, വിദ്യാലയങ്ങൾ, ക്ഷേത്രങ്ങൾ, പള്ളികൾ തുടങ്ങിയവ മാത്രമല്ല കായൽത്തീരം, കുളങ്ങൾ, രാജവീഥികൾ തുടങ്ങിയവപോലും സ്റ്റുഡിയോ ഫ്ലോറുകൾക്കുള്ളിൽ ഒരുക്കിയെടുക്കാൻ കഴിവുള്ള കലാസംവിധായകർ ആ കാലത്തുണ്ടായിരുന്നു. ഫ്ലോറുകൾക്ക് ഹോളിവുഡിൽ 'സൗണ്ട് സ്റ്റേജ്' എന്നാണു പറയുന്നത്. ദൃശ്യങ്ങൾക്കൊപ്പം ശബ്ദവും റെക്കോഡ് ചെയ്യാൻ കഴിയുന്നതുകൊണ്ടാണ് സ്റ്റുഡിയോ ഫ്ലോറിന് 'സൗണ്ട് സ്റ്റേജ്' എന്ന് പേരുണ്ടായത്. കലാസംവിധായകർ ഇങ്ങനെ തയാറാക്കുന്ന സെറ്റുകളിലേക്ക് അതിനുള്ളിൽ വേണ്ട സാമഗ്രികൾ വാടകക്ക് കൊടുക്കുന്ന സ്ഥാപനങ്ങളുണ്ട്. സെറ്റ് ഒരു വീടാണെങ്കിൽ അതിലേക്ക് ആവശ്യമായ ഫർണിച്ചർ, അടുക്കള സാമഗ്രികൾ, അമ്പലമാണെങ്കിൽ വിഗ്രഹങ്ങൾ, വിളക്കുകൾ, അഭിഷേകം ചെയ്യാനുള്ള കുംഭങ്ങൾ, മറ്റു സാമഗ്രികൾ എന്നിങ്ങനെ. മദ്രാസിൽ ഈ തൊഴിലിൽ ഏർപ്പെട്ടിരുന്ന പ്രശസ്ത സ്ഥാപനം 'സിനി ക്രാഫ്റ്റ്സ്' എന്ന കമ്പനിയായിരുന്നു. മുഹമ്മദ് എന്ന പ്രശസ്തനായിരുന്നു അതിന്റെ ഉടമസ്ഥൻ. എല്ലാവരും തികഞ്ഞ ബഹുമാനത്തോടെ ആസം ഭായി എന്നാണ് അദ്ദേഹത്തെ സംബോധന ചെയ്തിരുന്നത്. അദ്ദേഹം അസിം ആൻഡ് കമ്പനിയുടെ പേരിൽ നിർമിച്ച സിനിമയാണ് 'കുടുംബം'. എം. കൃഷ്ണൻ നായർ സംവിധാനംചെയ്ത ഈ ചിത്രത്തിൽ സത്യനും പ്രേംനസീറും നായകന്മാർ ആയിരുന്നു. അംബിക, ഷീല, ടി.എസ്. മുത്തയ്യ, പങ്കജവല്ലി, അടൂർ ഭാസി തുടങ്ങിയവരായിരുന്നു മറ്റ് അഭിനേതാക്കൾ. വയലാർ രാമവർമ എഴുതിയ പാട്ടുകൾക്ക് ആർ. സുദർശനം എന്ന സംഗീതസംവിധായകനാണ് ഈണം പകർന്നത് (എ.വി.എം സ്റ്റുഡിയോ നിർമിച്ച അനേകം തമിഴ് ചിത്രങ്ങളിൽ സംഗീതസംവിധായകനായി പ്രവർത്തിച്ച ആദ്യകാല സംഗീതസംവിധായകനാണ് ആർ. സുദർശനം). നാല് പാട്ടുകളും നന്നായിരുന്നു. യേശുദാസും എസ്. ജാനകിയും ചേർന്നു പാടിയ ''ചിത്രാപൗർണമി രാത്രിയിൽ'' എന്നാരംഭിക്കുന്ന ഗാനം വളരെ മികച്ചതായി. ആ പാട്ട് കാലാതിവർത്തിയായി നിലനിൽക്കുന്നു. ''ചിത്രാപൗർണമി രാത്രിയിലിന്നലെ ലജ്ജാവതിയായ് വന്നവളേ/കാലത്തുറങ്ങിയുണർന്നപ്പോൾ നിന്റെ/നാണമെല്ലാമെവിടെ...'' എന്നു തുടങ്ങുന്ന ഗാനവും മോശമായില്ല. എസ്. ജാനകി പാടിയ ''ഉണരൂ ഉണരൂ ... ഉമ്മ തരാനുണ്ണിയുണരൂ'' എന്ന പാട്ടും എൽ.ആർ. ഈശ്വരി പാടിയ ''പൂക്കുല ഞൊറി വെച്ച് /പൊന്നും നൂലിഴ കോർത്ത് /കുഞ്ഞുടുപ്പു തുന്നുന്ന പൊൻമുകിലേ/കടിഞ്ഞൂൽ മുത്തിനു കൊടുക്കാനോ -ഇതു/കന്നിനിലാവിനുടുക്കാനോ..?'' എന്ന പാട്ടും ശ്രുതിമധുരം തന്നെയായിരുന്നു, ഇങ്ങനെ ആകെ നാല് പാട്ടുകളാണ് 'കുടുംബം' എന്ന സിനിമയിൽ ഉണ്ടായിരുന്നത്. വയലാറിന്റെ വരികൾ തമിഴ് ലിപിയിൽ എഴുതിയെടുത്ത് സ്വരപ്പെടുത്തിയ ആർ. സുദർശനം മലയാളിയല്ലെന്ന് ഈ പാട്ടുകൾ കേൾക്കുന്ന ആരും പറയുകയില്ല. പ്രതിഭാധനനും ജ്ഞാനിയുമായിരുന്നു ആർ. സുദർശനം. അദ്ദേഹത്തെ പരിചയപ്പെടാനുള്ള ഭാഗ്യം എനിക്കുണ്ടായിട്ടുണ്ട്. അദ്ദേഹം സംഗീതം നൽകിയ വേറെയും ഹിറ്റ് ഗാനങ്ങൾ മലയാളത്തിലുണ്ട്. അവയെപ്പറ്റി വഴിയേ പറയാം.
1967 ജൂൺ രണ്ടാം തീയതി കേരളത്തിലെ തിയറ്ററുകളിൽ എത്തിയ 'മൈനത്തരുവി കൊലക്കേസ്' എന്ന ചിത്രം കേരളത്തിൽ നടന്ന ഞെട്ടിക്കുന്ന ഒരു കൊലപാതകം പശ്ചാത്തലമാക്കിയുള്ളതായിരുന്നു. മറിയക്കുട്ടി എന്ന സ്ത്രീ കൊല്ലപ്പെട്ടതിനെത്തുടർന്ന് പള്ളിയിലെ ഒരു വികാരി അറസ്റ്റു ചെയ്യപ്പെട്ട സംഭവം കേരളത്തെയാകെ ഇളക്കിമറിച്ചു. അക്കാലത്ത് അങ്ങനെയുള്ള സംഭവങ്ങൾ കേരളത്തിൽ അപൂർവമായിരുന്നു. 'ഭാര്യ' എന്ന പേരിൽ 'അമ്മാളു കൊലക്കേസ്' സിനിമയാക്കി വമ്പിച്ച വിജയം നേടിയ ഉദയാ സ്റ്റുഡിയോയുടെ ഉടമസ്ഥനായ കുഞ്ചാക്കോ തന്നെയാണ് ഈ കൊലപാതകവും ചലച്ചിത്രത്തിന് വിഷയമാക്കിയത്. സത്യൻ, ഷീല, കൊട്ടാരക്കര ശ്രീധരൻ നായർ, പങ്കജവല്ലി, അടൂർ ഭാസി, എസ്.പി. പിള്ള, എൻ. ഗോവിന്ദൻകുട്ടി, നെല്ലിക്കോട് ഭാസ്കരൻ തുടങ്ങിയവർ അഭിനയിച്ചു. എം.സി. അപ്പൻ കഥയും സംഭാഷണവും എഴുതി (ഇത് ഒരു തൂലികാനാമം ആയിരുന്നു എന്നാണറിവ്). ഗാനസന്ദർഭങ്ങൾ താരതമ്യേന കുറവായിരുന്ന ഈ സിനിമയിൽ വയലാർ എഴുതിയ മൂന്നു പാട്ടുകളേ ഉണ്ടായിരുന്നുള്ളൂ. വി. ദക്ഷിണാമൂർത്തി അവക്ക് ഈണം നൽകി. കമുകറ പുരുഷോത്തമൻ, യേശുദാസ്, പി. സുശീല എന്നിവർ ഗാനങ്ങൾ ആലപിച്ചു. യേശുദാസ് പാടിയ ''പള്ളാത്തുരുത്തിയാറ്റിൽ -ഒരു/നല്ല നിലാവുള്ള നാളിൽ/ പണ്ടൊരു തമ്പുരാൻ വഞ്ചിയിൽ വന്നൊരു/പെണ്ണിനെ കണ്ടു -കണ്മുന കൊണ്ടു/ ആറ്റിൻകടവിൽ അരനീർ വെള്ളത്തിൽ/നീരാട്ടിനെത്തിയ പെണ്ണ് -ഒരു/മാറു മറയ്ക്കാത്ത പെണ്ണ് തമ്പുരാനെ കണ്ടു നാണിച്ചുനിന്നു /താഴമ്പൂപോലൊരു പെണ്ണ് -കൺകളിൽ/കാമവലയുള്ള പെണ്ണ്...'' എന്ന പാട്ട് അക്കാലത്ത് പ്രസിദ്ധമായിരുന്നു. പി. സുശീല പാടിയ ''പോയ് വരാമമ്മ പോയി വരാം/പൊന്മുട്ടയിടുന്നൊരു പൈങ്കിളിയെ/കൊണ്ടുവരാം -അമ്മ കൊണ്ടുവരാം'' എന്നു തുടങ്ങുന്ന പാട്ടും കമുകറ പുരുഷോത്തമൻ പാടിയ ''അപ്പനാണെ/അമ്മയാണെ/അമ്മായിയമ്മയാണെ/അന്തപ്പനിന്നൊരു നിധി കിട്ടും/പൊന്നാണേലും പണമാണേലും/പള്ളിക്കു പാതി, യെനിക്കു പാതി'' എന്ന ഹാസ്യഗാനവും ഈ സിനിമയിൽ ഉണ്ടായിരുന്നു. മെറിലാൻഡ് സിനിമകളിലെ സ്ഥിരസാന്നിധ്യമായിരുന്ന കമുകറ പുരുഷോത്തമൻ ഉദയാക്കു വേണ്ടി പാടിയ ആദ്യ ഗാനവും അവസാനഗാനവും ഇതാണെന്നാണ് എന്റെ വിശ്വാസം. എന്നാൽ, എന്തുകൊണ്ടോ വയലാർ കൃതികളിൽ ഈ ഗാനം കാണുന്നില്ല.
റോബർട്ട് ലൂയി സ്റ്റീവൻസൺ രചിച്ച 'ഡോക്ടർ ജക്കിൾ ആൻഡ് മിസ്റ്റർ ഹൈഡ്' എന്ന കഥയെ അടിസ്ഥാനമാക്കി 1931ൽ ഹോളിവുഡിലെ പാരമൗണ്ട് ഫിലിംസ് ഒരു സിനിമ നിർമിക്കുകയുണ്ടായി. അക്കാലത്തെ പ്രശസ്ത നടൻ ഫ്രെഡറിക് മാർച്ച് ആയിരുന്നു നായകൻ. മിറിയം ഹോപ്കിൻസ് നായികയും. ഈ സിനിമയുടെ കഥയെ അനുകരിച്ച് പി. സുബ്രഹ്മണ്യം മെറിലാൻഡ് സ്റ്റുഡിയോയിൽ നിർമിച്ച ചിത്രമാണ് 'കറുത്ത രാത്രികൾ'. അദ്ദേഹത്തിന്റെ സഹായിയായ മഹേഷിന്റെ പേരാണ് സംവിധായകനായി ടൈറ്റിലിൽ കൊടുത്തിരുന്നത്. നാഗവള്ളി ആർ.എസ്. കുറുപ്പ് ചിത്രത്തിന് തിരക്കഥയും സംഭാഷണവും എഴുതി. നായകനായി മധു അഭിനയിച്ചു, ശാന്തിയും രാജശ്രീയുമായിരുന്നു പ്രധാന നടികൾ. ടി.കെ. ബാലചന്ദ്രൻ, എസ്.പി. പിള്ള, വൈക്കം മണി, മുതുകുളം രാഘവൻ പിള്ള, എൻ. ഗോവിന്ദൻകുട്ടി തുടങ്ങിയവരും ചിത്രത്തിൽ അഭിനയിച്ചു. ബാലമുരളി എന്ന തൂലികാനാമത്തിൽ ഒ.എൻ.വി എഴുതിയ എട്ടു പാട്ടുകൾക്ക് എം.എസ്. ബാബുരാജ് ഈണം നൽകി. യേശുദാസ്, കമുകറ പുരുഷോത്തമൻ, എസ്. ജാനകി, എൽ.ആർ. ഈശ്വരി, ബി. വസന്ത, സീറോ ബാബു, കമല തുടങ്ങിയവർ പിന്നണിയിൽ പാടി. കമുകറ പാടിയ ''ആരറിവൂ ആരറിവൂ ഇരവെന്നും പകലെന്നും / ഇരു വഴി പിരിയുന്ന /കാലത്തിൻ പൊരുളെന്തെന്നാരറിവൂ... /കറുത്ത രാത്രികൾ കരിനാഗങ്ങൾ/ പത്തി വിടർത്തി നൃത്തം ചെയ് വൂ / കത്തും കനൽമിഴിയോടെ /പായുകയല്ലോ പകൽ പിമ്പേ... /തീരാപ്പകയോടെ...'' എന്ന പാട്ടാണ് രചനയിൽ മികച്ചുനിന്നത്. കഥയുടെ ആത്മാവ് ആ ഗാനത്തിൽ ലയിച്ചിരുന്നു. ബാബുരാജ് നൽകിയ ഈണവും ഭാവഭദ്രമായിരുന്നു. യേശുദാസും എസ്. ജാനകിയും ചേർന്ന് പാടിയ ''ചിരിക്കുടുക്കേ -എന്റെ ചിരിക്കുടുക്കേ -നിന്റെ /ചിരികളിലേതോ ചിലമ്പുമണിയുടെ/ മധുരസംഗീതം...'' എന്ന് നായകൻ പാടുമ്പോൾ നായികയുടെ മറുപടിയിങ്ങനെ: ''കളിയാക്കല്ലേ -എന്നെ കളിയാക്കല്ലേ / കളിവാക്കു കേൾക്കെ കരളിലുണർന്നൊരു/ മധുരവികാരം -ഒരു മധുരവികാരം...'' എസ്. ജാനകി ഈ സിനിമക്കുവേണ്ടി മൂന്നു ഗാനങ്ങൾ പാടി. ആദ്യഗാനം ''കിളിമകളേ, കിളിമകളേ, തുയിലുണർത്താൻ വാ...വാ...'' എന്നാരംഭിക്കുന്നു. ''ഓമനത്തിങ്കളേ ഓമനത്തിങ്കളേ -നിൻ/പൂമടി പുൽകിയ മാൻകിടാവിനു /സുഖമാണോ... സുഖമാണോ'' എന്ന് തുടങ്ങുന്ന ഗാനം എസ്. ജാനകി രണ്ടു രീതിയിൽ പാടിയിട്ടുണ്ട്. ആദ്യം സന്തോഷത്തോടെയും പിന്നെ സങ്കടത്തോടെയും. ''താമരക്കുമ്പിളിൽ ദാഹനീർ കൊടുത്തു നീ / താലോലം പാടി ഉറക്കിയോ.../താഴമ്പൂ വിരിയുന്ന താഴ്വരയി/കളിത്തോഴന്റെ മടിയിൽ ഞാൻ മയങ്ങുമല്ലോ...'' ഈ വരികൾ ദുഃഖത്തിൽ പാടുമ്പോൾ ഇങ്ങനെ മാറുന്നു. ''താമരക്കുമ്പിളിൽ ദാഹനീർ കൊടുത്തു നീ താലോലം പാടി ഉറക്കിയോ?/താഴമ്പൂ വിരിയും താഴ് വാരത്തോപ്പിലിന്നും/ദാഹിക്കും മനസ്സുമായ് ഞാനിരിപ്പൂ.../ താരകൾ വിരിയും ആകാശ തീർഥങ്ങളേ/ വേഴാമ്പൽപോലെ ഞാനുഴറുമ്പോൾ/ഓരിതൾപ്പൂവുപോലെ നീളുമെൻ കുമ്പിളിൽ/ നീ കനിഞ്ഞരുളുമോ നീർമണികൾ..?''
എൽ.ആർ. ഈശ്വരി പാടിയ ''പൂക്കളാണെൻ കൂട്ടുകാർ...'' എന്ന് തുടങ്ങുന്ന പാട്ടും എൽ.ആർ. ഈശ്വരിയും എം.എസ്. ബാബുരാജും ചേർന്ന് പാടിയ ''മായയല്ല മന്ത്രജാലമല്ല /മനസ്സിന്റെ ചുമരിൽ മന്മഥനെഴുതിയ/മായാത്ത രൂപമിതാ...'' എന്ന ഗാനവും സീറോ ബാബുവും കമലയും പാടിയ ''മാനത്തേക്കു പറക്കും ഞാൻ...'' എന്ന് തുടങ്ങുന്ന ഹാസ്യഗാനവും ഈ ചിത്രത്തിൽ ഉൾപ്പെടുത്തിയിരുന്നു. എന്തായാലും 'കറുത്ത രാത്രികൾ' ഒരു മ്യൂസിക്കൽ ഹിറ്റ് ആയില്ല. ചിത്രവും കേരളത്തിൽ പ്രദർശനവിജയം നേടിയില്ല.
മാടത്തരുവി കൊലക്കേസ് സംഭവകഥയുടെ പശ്ചാത്തലത്തിൽ സംവിധായക നിർമാതാവായ പി.എ. തോമസും ഒരു സിനിമ നിർമിക്കുകയുണ്ടായി. അതിന് അദ്ദേഹം 'മാടത്തരുവി' എന്നാണു പേര് നൽകിയത്. ജഗതി എൻ.കെ. ആചാരി ഈ സിനിമക്ക് തിരക്കഥയും സംഭാഷണവും രചിച്ചു. കെ.പി. ഉമ്മർ, തിക്കുറിശ്ശി, കമലാദേവി, ഉഷാകുമാരി, സി.ഐ. പോൾ, അടൂർ ഭാസി, ശാന്തി, സുകുമാരി, ടി.ആർ. ഓമന തുടങ്ങിയവരായിരുന്നു 'മാടത്തരുവി'യിലെ അഭിനേതാക്കൾ. നിർമാതാവായ പി.എ. തോമസ് തന്നെ ചിത്രം സംവിധാനം ചെയ്തു. 'മൈനത്തരുവി കൊലക്കേസ്' എന്ന ചിത്രത്തിന് വയലാർ ഗാനരചന നിർവഹിച്ചതുകൊണ്ട് പി.എ. തോമസ് ഈ ചിത്രത്തിന്റെ പാട്ടുകൾ എഴുതാൻ വീണ്ടും പി. ഭാസ്കരനെ ക്ഷണിച്ചു. അങ്ങനെ ഒരിക്കൽകൂടി പി. ഭാസ്കരനും ബി.എ. ചിദംബരനാഥും തോമസ് പിക്ചേഴ്സിന്റെ സിനിമയിൽ ഒരുമിച്ചു. ചിത്രത്തിൽ അഞ്ചു ഗാനങ്ങൾ ഉണ്ടായിരുന്നു. യേശുദാസും ജയചന്ദ്രനും പി. ലീലയും ബി. വസന്തയും ഹേമയും പാടി. യേശുദാസ് ഹേമയുമായി ചേർന്നു പാടിയത് ''മാടത്തരുവിക്കരയിൽ വന്നൊരു മാടത്തക്കിളിയെവിടെപ്പോയ് /പൊട്ടിക്കരയും കൊച്ചരുവീ നീ/ സത്യം പറയാമോ..?'' എന്ന ഗാനമായിരുന്നു. യേശുദാസ് ബി.വസന്തയോടൊപ്പം പാടിയ ''കരുണാകരനാം ലോകപിതാവേ/കനിവിന്നുറവിടമേ/തിരുകൃപയാലീ പനിനീർവനിയിൽ /കുരുവികളായ് ഞങ്ങൾ'' എന്ന ഗാനവും ബി. വസന്ത പാടിയ ''കന്യകാമാതാവേ നീയല്ലാതേഴ തൻ കണ്ണീർ തുടയ്ക്കുവതാരോ.../ സ്വർഗജനനിയാമമ്മയല്ലാതെന്റെ ദുഃഖങ്ങൾ നീക്കുവതാരോ...'' എന്ന ഗാനവും പ്രാർഥനാഗീതങ്ങൾ എന്ന നിലയിൽ നന്നായി. ''ശക്തി നൽകുക താത നീയെൻ /മുൾക്കിരീടം പേറുവാൻ/ കൂരിരുളിൻ കാൽവരിയിൽ / കുരിശുമേന്തി നീങ്ങുവാൻ'' എന്ന ദുഃഖഗാനം ജയചന്ദ്രനാണ് പാടിയത്. ''പുഞ്ചിരിചുണ്ടിൽ -പ്രണയ / മുന്തിരി കയ്യിൽ /ആനന്ദമണിവേദിയിൽ -ഞാൻ /ഗായികയല്ലോയെന്നും... /കാരുണ്യമലർ പൂത്തുവരും / താമരയാറ്റിൽ രാഗമധു തേടിയെത്തിയ/ രാജഹംസം ഞാൻ...'' എന്ന പാട്ട് പി.ലീലയാണ് പാടിയത്.
1967 ജൂൺ പത്തിന് സിനിമ തിയറ്ററുകളിൽ എത്തി. 'മൈനത്തരുവി കൊലക്കേസി'ന് ശേഷം വന്നതുകൊണ്ടുകൂടിയാകാം, 'മാടത്തരുവി' എന്ന സിനിമയും അതിലെ ഗാനങ്ങളും വേണ്ടത്ര ജനശ്രദ്ധ ആകർഷിച്ചില്ല.
(തുടരും)