ഗസൽഗന്ധമുള്ള പരീക്ഷയിലെ ഗാനങ്ങൾ
'പരീക്ഷ' എന്ന സിനിമയിലെ ഗാനങ്ങൾ മലയാള ഗാനചരിത്രത്തിൽതന്നെ വേറിട്ടുനിൽക്കുന്നു. ഗസലിന്റെ ടച്ചുള്ള ഇതിലെ പാട്ടുകൾ ഇന്നും മലയാളിക്ക് പ്രിയപ്പെട്ടതാണ്. അതോടൊപ്പം 'കൊച്ചിൻ എക്സ്പ്രസ്', 'പൂജ', 'എൻ.ജി.ഒാ' എന്നീ ചിത്രങ്ങളിലെ പാട്ടുകളെക്കുറിച്ചും എഴുതുന്നു.
'പരീക്ഷ' എന്ന മലയാള ചിത്രം ഒരു മധുരഗീത തരംഗിണിയായിരുന്നു എന്നുതന്നെ പറയണം. പി. ഭാസ്കരനും എം.എസ്. ബാബുരാജും ചേർന്നൊരുക്കിയ ഭാവഗീതങ്ങൾ അക്കാലത്തെ യുവസമൂഹത്തെ തെല്ലൊന്നുമല്ല പ്രചോദിപ്പിച്ചത്. ഗസലിന്റെ ഛായ പകർന്ന് ഈ രണ്ടു പ്രതിഭാശാലികൾ ചേർന്നൊരുക്കിയ 'ഭാർഗവീനിലയ'ത്തിലെ ''താമസമെന്തേ വരുവാൻ പ്രാണസഖീ എന്റെ മുന്നിൽ... താമസമെന്തേയണയാൻ പ്രേമമയീ...
Your Subscription Supports Independent Journalism
View Plans'പരീക്ഷ' എന്ന മലയാള ചിത്രം ഒരു മധുരഗീത തരംഗിണിയായിരുന്നു എന്നുതന്നെ പറയണം. പി. ഭാസ്കരനും എം.എസ്. ബാബുരാജും ചേർന്നൊരുക്കിയ ഭാവഗീതങ്ങൾ അക്കാലത്തെ യുവസമൂഹത്തെ തെല്ലൊന്നുമല്ല പ്രചോദിപ്പിച്ചത്. ഗസലിന്റെ ഛായ പകർന്ന് ഈ രണ്ടു പ്രതിഭാശാലികൾ ചേർന്നൊരുക്കിയ 'ഭാർഗവീനിലയ'ത്തിലെ ''താമസമെന്തേ വരുവാൻ പ്രാണസഖീ എന്റെ മുന്നിൽ... താമസമെന്തേയണയാൻ പ്രേമമയീ എന്റെ കണ്ണിൽ...'' എന്നതുപോലെയുള്ള അനശ്വരഗാനങ്ങളോട് കിടപിടിക്കാൻ പാകത്തിലുള്ള പാട്ടുകൾ 'പരീക്ഷ'യിൽ ഉണ്ടായിരുന്നു. ടി.എൻ. ഗോപിനാഥൻ നായരുടെ നാടകത്തെ അവലംബമാക്കി 'പരീക്ഷ' എന്ന ചിത്രം സംവിധാനം ചെയ്തതും പി. ഭാസ്കരൻതന്നെയാണ്. കവിയും സംവിധായകനും ഒരാളാകുമ്പോൾ ബാഹ്യമായ ഇടപെടലുകൾ ഇല്ലാതെ നല്ല പാട്ടുകൾ രചിക്കാൻ കഴിയുമെന്ന് സ്വാനുഭവംകൊണ്ട് എനിക്ക് പറയാൻ കഴിയും. പ്രേംനസീർ, ശാരദ, തിക്കുറിശ്ശി, പി.ജെ. ആന്റണി, ആറന്മുള പൊന്നമ്മ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച 'പരീക്ഷ'യിൽ ആകെ അഞ്ചു ഗാനങ്ങൾ ഉണ്ടായിരുന്നു. യേശുദാസും എസ്. ജാനകിയുമാണ് ഈ പാട്ടുകൾ പാടിയത്. ഇവയിൽ ഏറ്റവും മുന്നിൽ നിൽക്കുന്നത് ''പ്രാണസഖീ...'' എന്നു തുടങ്ങുന്ന ഗാനമാണ്. യേശുദാസ് പാടിയ ഈ ഗാനം കേൾക്കാത്ത ഒരു മലയാളിപോലും ഉണ്ടാകാൻ വഴിയില്ല.
''പ്രാണസഖീ ഞാൻ വെറുമൊരു/ പാമരനാം പാട്ടുകാരൻ / ഗാനലോകവീഥികളിൽ/ വേണുവൂതും ആട്ടിടയൻ'' എന്ന ഗാനംപോലെതന്നെ ആകർഷകമാണ് വ്യത്യസ്ത താളത്തിൽ ബാബുരാജ് ചിട്ടപ്പെടുത്തിയെടുത്ത ''അന്നു നിന്റെ നുണക്കുഴി തെളിഞ്ഞിട്ടില്ല/ അന്നു നിന്റെ കവിളിത്ര ചുവന്നിട്ടില്ല/ പൊട്ടു കുത്താനറിയില്ല/ കണ്ണെഴുതാനറിയില്ല/ എട്ടും പൊട്ടും തിരിയാത്ത പാവാടക്കാരി -ഒരു/തൊട്ടാവാടിക്കരളുള്ള പാവാടക്കാരി'' എന്ന രസകരമായ തികച്ചും ലളിതമായ ഗാനം. യേശുദാസ് പാടിയ മൂന്നാമത്തെ ഗാനവും ഇന്നും പുതുമയുള്ളതാണ്. ''ഒരു പുഷ്പം മാത്രമെൻ/ പൂങ്കുലയിൽ നിർത്താം ഞാൻ/ ഒടുവിൽ നീയെത്തുമ്പോൾ ചൂടിക്കുവാൻ/ ഒരു ഗാനം മാത്രമെൻ ഹൃദയത്തിൽ സൂക്ഷിക്കാം/ ഒടുവിൽ നീയെത്തുമ്പോൾ ചെവിയിൽ മൂളാൻ / ഒരു മുറി മാത്രം തുറക്കാതെ വെക്കാംഞാൻ/ അതിഗൂഢമെന്നുടെയാരാമത്തിൽ/ സ്വപ്നങ്ങൾ കണ്ടു നിനക്കുറങ്ങീടുവാൻ/പുഷ്പത്തിൻ തൽപമൊന്നു ഞാൻ വിരിക്കാം...'' എസ്. ജാനകി പാടിയ പാട്ടുകളും ഏതാണ്ട് ഇതേ നിലവാരം പുലർത്തുന്നവ തന്നെ. ''അവിടുന്നെൻ ഗാനം കേൾക്കാൻ /ചെവിയോർത്തിട്ടരികിലിരിക്കെ/ സ്വരരാഗസുന്ദരിമാർക്കോ/ വെളിയിൽ വരാനെന്തൊരു നാണം! / ഏതു കവിത പാടണം നിൻ /ചേതനയിൽ മധുരം പകരാൻ / എങ്ങിനെ ഞാൻ തുടങ്ങണം നിൻ/ സങ്കൽപം പീലി വിടർത്താൻ..!'' എന്ന ഗാനവും ''എൻ പ്രാണനായകനെ -എൻ നായകനെ/എന്തു വിളിക്കും/ എങ്ങനെ ഞാൻ നാവെടുത്തു പേര് വിളിക്കും/ സഖീ -എൻ പ്രാണനായകനെ എന്തു വിളിക്കും മധുരപ്പേരായിരം മനസ്സിലുണ്ടെങ്കിലും/ മറ്റുള്ളോർ കേൾക്കെ ഞാനെന്തു വിളിക്കും..?'' എന്ന ഗാനവും വളരെ വലിയ ജനപ്രീതി നേടി. പ്രണയത്തിലെ നിഷ്കളങ്കത തുളുമ്പിനിൽക്കുന്ന ഈ ഗാനത്തിലെ ചില വരികൾ ഈ കാലഘട്ടത്തിലുള്ള പ്രണയികൾക്ക് ഇഷ്ടമാകണമെന്നില്ല. കാമുകനെയും ഭർത്താവിനെയും പേര് ചൊല്ലിയും 'നീ' എന്നും 'എടാ' എന്നുമൊക്കെ വിളിക്കുന്ന പുതിയ തലമുറയിലെ യുവതികൾ ഈ ആശയത്തെ അംഗീകരിക്കണമെന്നുമില്ല. എങ്കിലും, ഈ ഗാനം ലളിതവും മനോഹരവുമാണെന്നു പറയാതെ വയ്യ. എസ്. ജാനകി പാടിയ ഒരു ഗാനശകലംകൂടി 'പരീക്ഷ'യിൽ ഉണ്ടായിരുന്നു. ''ചേലിൽ താമര പൂത്തു പരന്നൊരു/ നീലജലാശയ നികടത്തിൽ/ കൽപടവിങ്കലിരുന്നു കാമിനി / സ്വപ്നവിഹാരവിലാസിനിയായ്'' എന്നിങ്ങനെ നാലുവരികൾ മാത്രം. ഈ പാട്ടുകളുടെ കൂട്ടത്തിൽ ഒന്നാംസ്ഥാനത്തുനിൽക്കുന്നത് ഗസലിനോട് അടുത്തുനിൽക്കുന്ന ''പ്രാണസഖീ ഞാൻ വെറുമൊരു പാമരനാം പാട്ടുകാരൻ...'' എന്ന ഗാനംതന്നെയാണ്. ഈ പാട്ടിന്റെ സൗന്ദര്യത്തെ കാലത്തിന്റെ മാറ്റങ്ങൾക്ക് ഇതേവരെ സ്പർശിക്കാൻപോലും കഴിഞ്ഞിട്ടില്ല. 1967 ഒക്ടോബർ പത്തൊമ്പതാം തീയതി പുറത്തുവന്ന 'പരീക്ഷ' എന്ന സിനിമ ലക്ഷ്യബോധമുള്ള കഥയുടെ പ്രസക്തികൊണ്ടും ഗാനങ്ങളുടെ മേന്മകൊണ്ടുമാണ് ശ്രദ്ധിക്കപ്പെട്ടത്.
ജയമാരുതിക്കുവേണ്ടി ടി.ഇ. വാസുദേവൻ നിർമിച്ച 'കൊച്ചിൻ എക്സ്പ്രസ്' എന്ന ചിത്രം എം. കൃഷ്ണൻ നായർ സംവിധാനം ചെയ്തു. വി. ദേവൻ എഴുതിയ കഥക്ക് എസ്.എൽ. പുരം സദാനന്ദൻ സംഭാഷണമെഴുതി. ആക്ഷനും സസ്പെൻസിനും പ്രാധാന്യമുള്ള ഈ ചിത്രം തീവണ്ടിയിൽ നടക്കുന്ന ഒരു കൊലപാതകത്തെ ചുറ്റിപ്പറ്റിയാണ് നീങ്ങുന്നത്. പ്രേംനസീർ, ഷീല, വിജയലളിത, ശങ്കരാടി, അടൂർ ഭാസി തുടങ്ങിയവർ ഈ ചിത്രത്തിൽ അഭിനയിച്ചു. സംഘട്ടനങ്ങൾക്കു പ്രാധാന്യമുള്ള ഈ സിനിമയിൽ ഗാനങ്ങൾക്ക് തീരെ പ്രസക്തിയുണ്ടായിരുന്നില്ല. എങ്കിലും ആറു പാട്ടുകൾ സിനിമയിൽ ഉൾപ്പെടുത്താൻ തീരുമാനിച്ചു. ഈ ലേഖകൻ ഗാനരചന നിർവഹിച്ച നാലാമത്തെ സിനിമയാണ് 'കൊച്ചിൻ എക്സ്പ്രസ്'. 'ചിത്രമേള'യിലെ എട്ടു പാട്ടുകളും ഹിറ്റ് ആയതിന്റെ ഹാങ്ങോവറിലായിരുന്നു ഞാൻ. ഈ ചിത്രത്തിന്റെ കഥയും ഗാനസന്ദർഭങ്ങളും എന്നെ ആദ്യമൊക്കെ നിരാശപ്പെടുത്തുകയുണ്ടായി എന്നതു സത്യമാണ്. എങ്കിലും ഞാൻ ആറു പാട്ടുകൾ രചിച്ചു. വി. ദക്ഷിണാമൂർത്തി അവ ചിട്ടപ്പെടുത്തി. ചിത്രത്തിൽ അടൂർ ഭാസി പാടുന്ന ഒരു ഹാസ്യഗാനത്തിനു മാത്രമാണ് യേശുദാസിന്റെ ശബ്ദം ഉപയോഗിച്ചത്. ആ സന്ദർഭത്തിനു പറ്റിയ ഒരു പല്ലവി പറയാൻ നിർമാതാവായ വാസുസാർ എന്നോട് ആവശ്യപ്പെട്ടു. ഞാൻ ഒരു പല്ലവി പറഞ്ഞു. വീണ്ടും വീണ്ടും പല്ലവികൾ പറയാൻ നിർമാതാവായ വാസുസാർ ആവശ്യപ്പെട്ടുകൊണ്ടിരുന്നു. അങ്ങനെ ഒരു ഗാനസന്ദർഭത്തിന് അനുയോജ്യമായ ഇരുപത്തിമൂന്നു പല്ലവികൾ നിന്നനിൽപിൽ എനിക്ക് പറയേണ്ടിവന്നു. ഒടുവിൽ ഞാൻ എഴുതിയ ആദ്യപല്ലവിതന്നെ അദ്ദേഹം സ്വീകരിച്ചു. ഞാൻ എന്ത് ചെയ്യണമെന്നറിയാതെ വിഷമിച്ചു നിന്നപ്പോൾ വാസുസാർ പറഞ്ഞു: ''ആദ്യകാലത്ത് അഭയദേവ്, പിന്നെ പി. ഭാസ്കരൻ. അതുകഴിഞ്ഞ് വയലാർ രാമവർമ -ഈ മൂന്നുപേർ മാത്രമേ എന്റെ ചിത്രങ്ങൾക്ക് പാട്ടുകൾ എഴുതിയിട്ടുള്ളൂ. വയലാറിനെ മാറ്റിയിട്ടാണ് ആ സ്ഥാനത്തു ഞാൻ നിങ്ങളെ വെച്ചിരിക്കുന്നത്. അതുകൊണ്ട് നിങ്ങളുടെ കഴിവ് പരിശോധിക്കേണ്ടത് എന്റെ കടമയാണ്, ഡോണ്ട് മിസ്റ്റേക്ക് മി.'' ഞാൻ മറുപടിയൊന്നും പറഞ്ഞില്ല. പരീക്ഷണത്തിൽ തോറ്റില്ലല്ലോ എന്ന് ആശ്വസിച്ചു, ആ ഗാനം യേശുദാസ് എൽ.ആർ. ഈശ്വരിയുടെകൂടെ ചേർന്ന് പാടി. ഞാൻ ഒട്ടും ഇഷ്ടമില്ലാതെ എഴുതിയ ആ പാട്ട് ജനങ്ങൾ ഇഷ്ടപ്പെട്ടു എന്നതാണ് അത്ഭുതം. ഇതാണ് ആ ഗാനം,
''ചന്തമുള്ളൊരു പെണ്മണീ / എന്തിനെന്നെ ചതിച്ചു നീ/ സുന്ദരീ നിൻ മേനി കാട്ടി / എന്തിനെന്നെ വലച്ചു നീ...'' സ്ത്രീശബ്ദത്തിലുള്ള പാട്ടുകളാണ് 'കൊച്ചിൻ എക്സ്പ്രസ്' എന്ന സിനിമയിൽ കൂടുതൽ. പി. ലീല പാടിയ ''ഏതു രാവിലെന്നറിയില്ല/ ഏതധരമെന്നറിയില്ല / എന്നറയിൽ ഞാൻ ഉറങ്ങുമ്പോൾ /എൻ കവിളിൽ രണ്ടില തൻ പടം വരച്ചു'' എന്ന പാട്ട് ചിത്രത്തിൽ ഷീലയാണ് പാടി അഭിനയിച്ചത്. പി. ലീലതന്നെ പാടിയ മറ്റൊരു ഗാനം ''കണ്ണുകൾ തുടിച്ചപ്പോൾ...'' എന്നാണു തുടങ്ങുന്നത്.
''കണ്ണുകൾ തുടിച്ചപ്പോൾ / കാളിന്ദി ചിരിച്ചപ്പോൾ/കണ്ണൻ വരുമെന്നറിഞ്ഞേൻ /കരലതയറിയാതെൻ / കരിവള ചിലച്ചപ്പോൾ / കമനൻ വരുമെന്നറിഞ്ഞേൻ... (കണ്ണുകൾ...) / കൃഷ്ണതുളസിക്കതിർ നെറുകയിൽ ചൂടിനിന്നു / കീർത്തനം പാടിവരും തെന്നൽ/ അവൻ വരുന്നെന്നു ചൊല്ലി പരിഹസിക്കുകയായി /അരുമയെൻ ശാരികപ്പൈതൽ (കണ്ണുകൾ...) / നിമിഷശലഭജാലം ചിറകടിച്ചകന്നപ്പോൾ /നിർന്നിദ്രമിരവിൽ ഞാൻ കാത്തു /ഒരുനാളുമുരുകാത്ത പ്രണയത്തിൻ വെണ്ണയുമായ് / ഓമനക്കണ്ണനെ ഞാൻ കാത്തു... (കണ്ണുകൾ...)'' എസ്. ജാനകി പാടിയ ''കഥയൊന്നു കേട്ടു ഞാൻ...'' എന്നഗാനം സംവിധായകനായ എം. കൃഷ്ണൻ നായർക്കാണ് ഏറെ ഇഷ്ടപ്പെട്ടത്. ''കഥയൊന്നു കേട്ടു ഞാൻ / കൽപനകൾ നെയ്തു ഞാൻ /കനകമനോരഥത്തിൽ/കണ്ണുകെട്ടി പറന്നു ഞാൻ/ ഭാവനാവാനഗംഗ കടന്നുപോയി /പൗർണമി തിങ്കളിന്റെ നാട്ടിലെത്തി / കാർത്തികത്താരത്തിൻ കതിരൊളിയിൽ/ കഥയിലെ നായകന്റെയരികിലെത്തി...'' ഈ ഗാനം അവസാനിക്കുന്നത് ഈ രണ്ടു വരികളിലാണ്. ''വാസ്തവമല്ലെന്നാലും മധുമയങ്ങൾ/ വാസരസങ്കൽപങ്ങൾ മനോഹരങ്ങൾ...'' ഈ ഗാനത്തിന്റെ റെക്കോഡിങ് കഴിഞ്ഞപ്പോൾ സംവിധായകൻ എം. കൃഷ്ണൻ നായർ എന്നോടു പറഞ്ഞു: ''നിങ്ങൾ നന്നായി എഴുതീട്ടൊണ്ട്. ഇങ്ങനെ പറഞ്ഞതുകൊണ്ട് ഞാൻ ഇനി ഡയറക്ട് ചെയ്യുന്ന പടങ്ങളിലെല്ലാം നിങ്ങളെക്കൊണ്ട് പാട്ടെഴുതിക്കുമെന്നു വിചാരിക്കണ്ട. എന്റെ പടങ്ങളിൽ ഞാൻ വയലാറിനെക്കൊണ്ടേ എഴുതിക്കൂ. പക്ഷേ ഏതെങ്കിലും പ്രൊഡ്യൂസർ നിങ്ങളുടെ പേര് ഇങ്ങോട്ടു പറഞ്ഞാൽ ഞാൻ കട്ട് ചെയ്യൂല്ല.'' 'കൊച്ചിൻ എക്സ്പ്രസി'ൽ രണ്ടു സംഘഗാനങ്ങൾ കൂടിയുണ്ടായിരുന്നു. എസ്. ജാനകിയും 'കുട്ടിക്കുപ്പായം' എന്ന ചിത്രത്തിലൂടെ ടി.ഇ. വാസുദേവൻ അവതരിപ്പിച്ച ഉത്തമൻ എന്ന ഗായകനും സംഘവും പാടിയ ''ഇരതേടി പിരിയും കുരുവികളേ / ഇനിയേതു ദിക്കിൽ കാണും / ഇതുവരെയൊന്നായ് കണ്ട കിനാവുകൾ/ ഇനിയെന്നു തളിർത്തു കാണും..?'' എന്ന പാട്ടും വി. ദക്ഷിണാമൂർത്തിയും എൽ.ആർ. ഈശ്വരിയും സംഘവും പാടിയ ''ഇന്നു നമ്മൾ രമിക്കുക /നാളെയെന്നതു മറക്കുക/ നാണമെന്നതു പഴങ്കഥ / നാരി വെറുമൊരു കടങ്കഥ...''എന്ന പാട്ടും നൃത്തഗാനങ്ങളായിരുന്നു. 1967 ഒക്ടോബർ ഇരുപത്തെട്ടാം തീയതി ചിത്രം തിയറ്ററുകളിലെത്തി. ഒരു സാധാരണ ആക്ഷൻ സിനിമയെന്ന് ഞാൻ വിലയിരുത്തിയിരുന്ന 'കൊച്ചിൻ എക്സ്പ്രസ്' എന്ന ചിത്രം വമ്പിച്ച ബോക്സ് ഓഫിസ് വിജയം നേടി. ഹിന്ദി, തമിഴ്, തെലുങ്ക് എന്നീ ഭാഷകളിൽ 'കൊച്ചിൻ എക്സ്പ്രസ്' റീമേക്ക് ചെയ്യപ്പെട്ടു. തമിഴിൽ 'നീലഗിരി എക്സ്പ്രസ്' എന്നും തെലുങ്കിൽ 'സർക്കാർ എക്സ്പ്രസ്' എന്നും ഹിന്ദിയിൽ 'ബോംബെ മെയിൽ' എന്നുമായിരുന്നു ആ ചിത്രങ്ങളുടെ പേരുകൾ. എന്റെ കാഴ്ചപ്പാടല്ല ബഹുജനങ്ങളുടെ കാഴ്ചപ്പാട് എന്ന് എന്നെ ആദ്യം പഠിപ്പിച്ചത് ഞാൻ പാട്ടുകളെഴുതിയ 'കൊച്ചിൻ എക്സ്പ്രസ്' എന്ന സിനിമയുടെ അഭൂതപൂർവമായ വിജയമാണ്.
'പൂജ' എന്ന ചിത്രം പി. കർമചന്ദ്രൻ കഥയും സംഭാഷണവുമെഴുതി സംവിധാനംചെയ്ത ചിത്രമാണ്. സാഹിത്യരംഗത്തും നാടകവേദിയിലും അറിയപ്പെട്ടിരുന്ന പി. കർമചന്ദ്രൻ ഭാവനാസമ്പന്നനായ കലാകാരനായിരുന്നു. നിർഭാഗ്യവശാൽ കാര്യമായ നേട്ടങ്ങളൊന്നും ഉണ്ടാക്കാതെ ആ കലാകാരൻ വിസ്മൃതിയിലാണ്ടു. പ്രശസ്തനായ കൈനിക്കര പത്മനാഭപിള്ളയുടെ മകനാണ് പി. കർമചന്ദ്രൻ. ശിവചന്ദ്രാ പ്രൊഡക്ഷൻസിന്റെ പേരിൽ വേണുവും ചന്ദ്രനും ചേർന്ന് നിർമിച്ച 'പൂജ'യിൽ (ചന്ദ്രൻ എന്നയാൾ കർമചന്ദ്രൻ തന്നെ) പ്രേംനസീർ, ഷീല, വിജയനിർമല, മുത്തയ്യ, കൊട്ടാരക്കര ശ്രീധരൻ നായർ, കവിയൂർ പൊന്നമ്മ, സുകുമാരി, ബഹദൂർ തുടങ്ങിയവർ അഭിനയിച്ചു. പി. ഭാസ്കരൻ രചിച്ച ഗാനങ്ങൾക്ക് ജി. ദേവരാജൻ സംഗീതം നൽകി. യേശുദാസ്, പി. സുശീല, പി. ലീല, എസ്. ജാനകി എന്നിവർ പിന്നണിയിൽ പാടി. ഏഴു പാട്ടുകൾ ചിത്രത്തിലുണ്ടായിരുന്നു (ഒരു പാട്ട് ചിത്രത്തിൽ രണ്ടുവട്ടം വരുന്നുണ്ട്. അതുംകൂടി ചേർത്താൽ എട്ടു പാട്ടുകൾ). യേശുദാസ് പാടിയ ''മാനസസാരസ മലർമഞ്ജരിയിൽ'' എന്നാരംഭിക്കുന്ന ഗാനം പ്രസിദ്ധമാണ്. ''മധുവുണ്ണാനൊരു ശലഭമെത്തും... / വിളഞ്ഞ മുന്തിരിമധുവാടികയിൽ / വിരുന്നുണ്ണാനൊരു കുരുവിയെത്തും'' എന്നാണു പല്ലവി. തുടർന്നുള്ള വരികളും മികച്ചതുതന്നെ. ''കാനനവീഥിയിൽ കാർത്തികവിളക്കുമായ്/കൈതകൾ നിരക്കുന്ന കാലമല്ലോ/ മനമിതിൽ സങ്കൽപസുരഭില കർപ്പൂര -/ മണിദീപം കൊളുത്തീടൂ / ഹൃദയമേ... ഹൃദയമേ...'' ഈ ഗാനം ചിത്രത്തിൽ മറ്റൊരു സന്ദർഭത്തിനുവേണ്ടി എസ്. ജാനകിയും പാടിയിട്ടുണ്ട്. പി. സുശീല പാടിയ ''മാവിൻ തയ്യിനു മകരനിലാവത്ത്/ മാറത്തും കഴുത്തിലും പൂത്താലി /മകയിരം പിറന്നപ്പോൾ / മഞ്ഞു പൊഴിഞ്ഞപ്പോൾ /മാണിക്യംകൊണ്ടൊരു മണിത്താലി/ വെള്ളിക്കൊടക്കടുക്കൻ തെന്നലിലാടി / തുള്ളിക്കളിക്കുന്ന തേൻമാവേ / ആരും കാണാതെ എന്തിനെടുത്തു നീ / മാരൻ തന്നൊരു മലർത്താലം/ മുറ്റത്തെ പേരയിൽ തത്തമ്മപ്പെണ്ണുങ്ങൾ/ മുത്തശ്ശിക്കഥകൾ പറയുമ്പോൾ / കാറ്റിന്റെ കയ്യിൽ പരിമളം പൂശിയ / കത്തുകൾ കൊടുക്കുന്നതാർക്കാണ്...?'' എന്ന ഗാനത്തിലെ അലങ്കാരപ്രയോഗങ്ങൾ ആകർഷകങ്ങളാണ്. പി. സുശീലതന്നെ പാടിയ ഗാനമിതാണ്. ''ഓലക്കത്താലിയും ഓഡ്ഡ്യാണവും കെട്ടി /ഓണനിലാവ് പരന്നല്ലോ.../ കാണാമെന്നോതിയ കല്യാണധാമന്റെ/ കാലൊച്ചയോർത്തു ഞാൻ കാത്തിരുന്നു/താളത്തിൽ താംബൂലമൊരുക്കിെവച്ചു /പാലും പഴവും ഞാനെടുത്തുെവച്ചു / കസ്തൂരിക്കുറിയിട്ടു, കൈതപ്പൂത്തൈലം തേച്ചു / കത്തുന്ന ഹൃദയമായ് കാത്തിടുന്നു...'' എന്നിങ്ങനെ ഒഴുകുന്ന ഗാനവും നന്ന്; പി. ഭാസ്കരൻതന്നെ എഴുതിയ ''അഞ്ജനക്കണ്ണെഴുതി ആലിലത്താലി ചാർത്തി'' എന്ന പ്രശസ്ത ഗാനത്തെ ഇത് ഓർമിപ്പിക്കുന്നുണ്ടെങ്കിലും പി. ലീല പാടിയ ''ഒരു കൊച്ചു സ്വപ്നത്തിന്റെ മരണക്കിടക്കയിൽ/ ഒരു കണ്ണും കണ്ണുനീർ ചൊരിഞ്ഞില്ലല്ലോ/ ഒരു കണ്ണുപോലും പൊട്ടിക്കരഞ്ഞില്ലല്ലോ/ പൊട്ടിത്തകർന്നൊരെൻ പ്രേമസങ്കൽപത്തിന്റെ/ പെട്ടിയിലിതിനെ ഞാൻ അടക്കിയേക്കാം'' എന്ന ദുഃഖഗാനവും സന്ദർഭത്തിന് അനുയോജ്യമായിരുന്നു. പി. ലീല തന്നെ പാടിയ ''വനചന്ദ്രികയുടെ യമുനയിൽനിന്നും /വസന്തരാജകുമാരി ഞാൻ / ചൂടാത്ത മലരല്ലോ ചുരുൾമുടിയിൽ -ഞാൻ / പാടാത്ത പാട്ടില്ല പവിഴച്ചുണ്ടിൽ / ജീവന്റെ ജീവനിൽ മധു ചൊരിയും /പൂവമ്പനെവിടെപ്പോയ് തോഴിമാരേ / സ്വർഗത്തിൻ നന്ദനമലർവനിയിൽ / സ്വപ്നവും കണ്ടുകിടന്നുപോയോ..?'' എന്നിങ്ങനെ മധുരതരമായി തുടരുന്ന ഗാനവും നന്നായിരുന്നു. എസ്. ജാനകിയുടെ ശബ്ദത്തിൽ ''സ്വർഗീയസുന്ദര നിമിഷങ്ങളേ / സ്വരരാഗ പുഷ്പവന ശലഭങ്ങളേ / നിങ്ങൾ തൻ ചിറകടി കേൾക്കുമ്പോൾ കാലിലെ/ കിങ്ങിണി പൊട്ടിചിരിച്ചാടുന്നു...'' എന്ന ഗാനവും മോശമായില്ല.
ദേവരാജന്റെ ലാളനയിൽ പി. ഭാസ്കരന്റെ വരികൾ ആകർഷകങ്ങളായിത്തീർന്നിട്ടും 'പൂജ' എന്ന ചിത്രം വിജയിച്ചില്ല. പാട്ടുകളുടെ വിജയവും സിനിമയുടെ വിജയവും തമ്മിൽ അക്കാലത്ത് അഭേദ്യമായ ബന്ധമുണ്ടായിരുന്നു. പാട്ടുകൾ നന്നായിട്ടും സിനിമ വിജയിക്കാത്തതിൽനിന്നും കഥയും അവതരണവും വേണ്ടത്ര നന്നായില്ല എന്നുവേണം അനുമാനിക്കാൻ.
'പൂജ'ക്കു പിന്നാലെ തിയറ്ററുകളിൽ വന്ന മലയാള ചിത്രം 'എൻ.ജി.ഒാ' ആയിരുന്നു. 1967 നവബർ 11ാം തീയതിയാണ് കെ.ആർ. ഷൺമുഖം അനിതാ ഫിലിംസിന്റെ ബാനറിൽ നിർമിച്ച ഈ ചിത്രം പുറത്തുവന്നത്. സത്യനും പ്രേംനസീറും നായകന്മാരായ ചിത്രത്തിൽ അംബിക, ഉഷാകുമാരി, എസ്.പി. പിള്ള, അടൂർ ഭാസി, സുകുമാരി, കോട്ടയം ചെല്ലപ്പൻ, ബേബി പത്മിനി തുടങ്ങിയവരായിരുന്നു അഭിനേതാക്കൾ. എസ്.എസ്. രാജൻ സിനിമ സംവിധാനം ചെയ്തു. പി. ഭാസ്കരൻ എഴുതിയ അഞ്ചു ഗാനങ്ങൾക്ക് ഈണം നൽകിയത് ബി.എ. ചിദംബരനാഥായിരുന്നു. യേശുദാസ്, പി. ലീല, പി. സുശീല, എസ്. ജാനകി, സീറോ ബാബു, ലത എന്നീ ഗായകർ ആ ഗാനങ്ങൾ പാടി. യേശുദാസും എസ്. ജാനകിയും പാടിയ ഈ ചിത്രത്തിലെ യുഗ്മഗാനം രചനയിലും ഈണത്തിലും ചില പ്രത്യേകതകൾ ഉള്ളതായിരുന്നു. ''കാണാനഴകുള്ളൊരു തരുണൻ/കാമിനിയെ നോക്കിയിരിക്കെ/ചേണുറ്റ കണ്മുനയെഴുതും/ചെറുകഥയുടെ പേരെന്ത് / പ്രേമം -പ്രേമം/കാണാനഴകുള്ളൊരു തരുണൻ/കാമിനിയെ നോക്കിയിരിക്കെ/പുന്നാരം ചൊല്ലും പുരുഷൻ /പുളകത്തിൻ പൂവമ്പല്ലോ...'' പി. സുശീല പാടിയ ''കസ്തൂരിമുല്ല തൻ കല്യാണമാല ചാർത്താൻ / കൽക്കണ്ടമാവല്ലോ മണവാളൻ/ പച്ചമുരിക്കിൻമേൽ പടർന്നു ചുറ്റീടുമോ/ പിച്ചകവല്ലി തൻ പിഞ്ചുകൈകൾ'' എന്ന ഗാനവും പി. സുശീലതന്നെ പാടിയ ''തൊട്ടിലിൽ -എന്റെ തൊട്ടിലിൽ/മണിത്തൊട്ടിലിലെന്നും മയങ്ങിക്കിടപ്പതു/പൊട്ടിത്തകർന്ന കിനാവുമാത്രം/തൊട്ടിലിൽ -എന്റെ തൊട്ടിലിൽ/താഴത്തു വീണു തകർന്നോരെന്നാശയ്ക്കു/താരാട്ടു പാടുമീയെന്നെ നോക്കി/പട്ടുകുപ്പായവും പാവക്കിടാങ്ങളും/പൊട്ടിച്ചിരിക്കയാണെന്നുമെന്നും...''
എന്നിങ്ങനെ തുടരുന്ന ശോകഗാനവും ഹൃദയത്തിൽ തൊടുന്നതായിരുന്നു. സീറോ ബാബുവും ലതാരാജുവും ചേർന്നു പാടിയ ഒരു കോമഡിപ്പാട്ടും 'എൻ.ജി.ഒാ' എന്ന ചിത്രത്തിൽ ഉണ്ടായിരുന്നു. ''പാമ്പിനെ പേടിച്ചു പാടത്തിറങ്ങൂല്ല/പട്ടിയെ പേടിച്ചു മുറ്റത്തിറങ്ങൂല്ല/പട്ടിണി പേടിച്ച് സമ്മന്തം ബെക്കൂല്ല/പണ്ടൊരു ബല്ലാത്ത മണ്ടൂസ്...'' പി. ഭാസ്കരന്റെ പ്രത്യേക മുദ്രയുള്ള, സഹജമായ, നർമബോധം ഈ ഹാസ്യഗാനത്തിലും പ്രകടമാണ്. പി. ഭാസ്കരനും ബി.എ. ചിദംബരനാഥും ചേർന്നു സൃഷ്ടിച്ച 'എൻ.ജി.ഒാ' എന്ന ചിത്രത്തിലെ ഗാനങ്ങൾ മോശമല്ലാത്ത നിലവാരം പുലർത്തി. എന്നാൽ, അവ സൂപ്പർഹിറ്റുകളായില്ല, ചിത്രവും വലിയ വിജയമായിരുന്നില്ല.
(തുടരും)