ഹൃദയസരസ്സിലെ പ്രണയപുഷ്പമേ..!
‘കാർത്തിക’, ‘കടൽ’, ‘പാടുന്ന പുഴ’ തുടങ്ങിയ സിനിമകളിലെ ഹിറ്റ് ഗാനങ്ങളെക്കുറിച്ചും ആ പാട്ടുകൾക്ക് പിന്നിലെ വഴികളെയും ആളുകളെയും കുറിച്ചും എഴുതുന്നു.യൂസഫലി കേച്ചേരി എഴുതി എം.എസ്. ബാബുരാജ് ഈണം പകർന്ന ഹിറ്റ് ഗാനങ്ങളുമായി 1968 മേയ് 24ന് കേരളത്തിൽ റിലീസ് ചെയ്ത ചിത്രമാണ് ‘കാർത്തിക’. വി.എം. ശ്രീനിവാസനും എ.ആർ. ദിവാകരനും പങ്കാളികളായ അമ്പിളി ഫിലിംസ് നിർമിച്ച ഈ സിനിമ സംവിധാനം ചെയ്തത് എം. കൃഷ്ണൻ നായരാണ്. എസ്.എൽ. പുരം സദാനന്ദൻ കഥയും സംഭാഷണവും എഴുതി. സത്യൻ...
Your Subscription Supports Independent Journalism
View Plans‘കാർത്തിക’, ‘കടൽ’, ‘പാടുന്ന പുഴ’ തുടങ്ങിയ സിനിമകളിലെ ഹിറ്റ് ഗാനങ്ങളെക്കുറിച്ചും ആ പാട്ടുകൾക്ക് പിന്നിലെ വഴികളെയും ആളുകളെയും കുറിച്ചും എഴുതുന്നു.
യൂസഫലി കേച്ചേരി എഴുതി എം.എസ്. ബാബുരാജ് ഈണം പകർന്ന ഹിറ്റ് ഗാനങ്ങളുമായി 1968 മേയ് 24ന് കേരളത്തിൽ റിലീസ് ചെയ്ത ചിത്രമാണ് ‘കാർത്തിക’. വി.എം. ശ്രീനിവാസനും എ.ആർ. ദിവാകരനും പങ്കാളികളായ അമ്പിളി ഫിലിംസ് നിർമിച്ച ഈ സിനിമ സംവിധാനം ചെയ്തത് എം. കൃഷ്ണൻ നായരാണ്. എസ്.എൽ. പുരം സദാനന്ദൻ കഥയും സംഭാഷണവും എഴുതി. സത്യൻ നായകനായ ‘കാർത്തിക’യിൽ ഒരു ഇടവേളക്കുശേഷം പ്രേംനസീറിന്റെ അനുജനും വയലാർ ആദ്യമായി ഗാനങ്ങൾ രചിച്ച ‘കൂടപ്പിറപ്പ്’ (1956) എന്ന ചിത്രത്തിലൂടെ നായകനായി രംഗപ്രവേശംചെയ്ത നടനുമായ പ്രേംനവാസ് ഒരു പ്രധാന വേഷത്തിൽ അഭിനയിച്ചു. ശാരദയായിരുന്നു നായിക. കെ.പി. ഉമ്മർ, മല്ലികാദേവി, അടൂർ ഭാസി, മീന, ദേവകി, ബേബി ഉഷ, ബേബി രജനി തുടങ്ങിയവരും അഭിനേതാക്കളായി. യേശുദാസ്, പി. സുശീല, എസ്. ജാനകി എന്നിവരോടൊപ്പം നടൻ ജോസ് പ്രകാശിന്റെ അനുജനായ പ്രേംപ്രകാശും പിന്നണിയിൽ പാടുകയുണ്ടായി. യേശുദാസ് പാടിയ ‘‘പാവാടപ്രായത്തിൽ നിന്നെ ഞാൻ കണ്ടപ്പോൾ...’’എന്ന് തുടങ്ങുന്ന പാട്ടും യേശുദാസും പി. സുശീലയും ചേർന്ന് പാടിയ ‘‘ഇക്കരെയാണെന്റെ താമസം’’ എന്ന യുഗ്മഗാനവും ചിത്രം ഇറങ്ങിയ കാലത്ത് സൂപ്പർഹിറ്റുകൾ ആയിരുന്നു. പാവാടപ്രായത്തിൽ നിന്നെ ഞാൻ കണ്ടപ്പോൾ / താമരമൊട്ടായി/ നീയാകും ഗാനത്തെ എന്തെല്ലാം രാഗത്തിൽ/പാടുന്നു പ്രകൃതീദേവി എന്ന ഭാവന മനോഹരം. രണ്ടാമത്തെ ചരണം ഇങ്ങനെ തുടങ്ങുന്നു. ആ വരികളും ഇതേ നിലവാരത്തിലുള്ളത് തന്നെ. ‘‘പരിണാമചക്രം തിരിയുമ്പോൾ നീയിനി/ പത്നിയായ് അമ്മയായ് അമ്മൂമ്മയായ് മാറും/മന്നിതിലൊടുവിൽ നീ മണ്ണായ് മറഞ്ഞാലും / മറയില്ല പാരിൽ നിൻ പാവനസ്നേഹം...’’
യേശുദാസും സുശീലയും പാടിയ യുഗ്മഗാനവും രചനകൊണ്ടും ഈണംകൊണ്ടും ആലാപനമാധുര്യംകൊണ്ടും ജനഹൃദയം കവർന്നു. ‘‘ഇക്കരെയാണെന്റെ താമസം/ അക്കരെയാണെന്റെ മാനസം/പൊന്നണിഞ്ഞെത്തിയ മധുമാസം/ എന്നുള്ളിൽ ചൊരിയുന്നു രാഗരസം’’ എന്ന പാട്ടു കേട്ടിട്ടില്ലാത്തവർ ചുരുങ്ങും. എസ്. ജാനകി പാടിയ ‘‘കണ്മണിയേ...’’ എന്നാരംഭിക്കുന്ന താരാട്ടിന്റെ ഈണം വളരെ വ്യത്യസ്തമായിരുന്നു. സാധാരണയായി ഉച്ചസ്ഥായിയിൽ ഒരു താരാട്ടും തുടങ്ങാറില്ല. എന്നാൽ, ഈ താരാട്ട് തുടങ്ങുന്നത് ഉച്ചസ്ഥായിയിൽ ഒരു വിരുത്തംപോലെയാണ്. ‘‘കണ്മണിയേ....കണ്മണിയേ/ കരയാതുറങ്ങൂ നീ... /കണ്ണിനു കണ്ണായ് നിന്നെ വളർത്താൻ / അമ്മയില്ലേ നിന്നരികിൽ /അരികിൽ... അരികിൽ...അരികിൽ’’ എന്നിങ്ങനെ ഉച്ചസ്ഥായിയിൽ പാടിയതിനുശേഷമാണ് ഈ പാട്ട് ശരിക്കും ഒരു താരാട്ടുപാട്ടായി മാറുന്നത്. ‘‘കഴിഞ്ഞ കഥയിലെ കഥാനായകൻ/കനിഞ്ഞു നൽകിയ നിധിയല്ലേ... /കഴിയാത്ത കഥയിലെ കണ്ണീർക്കഥയിലെ/കഥാനായകൻ നീയല്ലേ...’’ എന്നിങ്ങനെ പാട്ടിൽ കഥയുടെ സൗമ്യമായ അംശങ്ങൾ നിറക്കുകയാണ് കവി. ഒടുവിലത്തെ ചരണം ഇങ്ങനെ: ‘‘നീറിപ്പുകയും അമ്മതൻ ഹൃദയം/നീയെന്തെന്നറിയുന്നു/എന്നാത്മാവിലെ വേദനകൾ/നീയെന്തറിയുന്നു..?’’
എസ്. ജാനകി പാടിയ ‘‘മധുമാസരാത്രി...’’ എന്ന ഗാനവും പ്രേംപ്രകാശ് പാടിയ ‘‘കാർത്തിക നക്ഷത്രത്തെ...’’ എന്ന് തുടങ്ങുന്ന ഗാനവും ‘കാർത്തിക’ എന്ന പടത്തിൽ ഉണ്ടായിരുന്നു. മുകളിൽ ഉദ്ധരിച്ച മൂന്നു പാട്ടുകളെ പോലെ അവ രണ്ടും ജനപ്രീതി നേടിയില്ല. ഗായകനാകാൻ വന്ന പ്രേംപ്രകാശ് പിൽക്കാലത്ത് നിർമാതാവായി. അദ്ദേഹത്തിന്റെ രണ്ടു മക്കൾ ബോബിയും സഞ്ജയും മലയാള സിനിമയിലെ അംഗീകരിക്കപ്പെട്ട തിരക്കഥാകൃത്തുക്കളായി വളർന്നു.
പി. സുബ്രഹ്മണ്യം നീലാ പ്രൊഡക്ഷൻസിനുവേണ്ടി സംവിധാനംചെയ്തു നിർമിച്ച ‘കടൽ’ എന്ന ചിത്രത്തിന് കഥയും സംഭാഷണവും എഴുതിയത് മുട്ടത്തു വർക്കിയാണ്. ഈ ലേഖകൻ എഴുതിയ ഏഴു ഗാനങ്ങൾ ആ സിനിമയിൽ ഉണ്ടായിരുന്നു. എം.ബി. ശ്രീനിവാസൻ ആയിരുന്നു സംഗീതസംവിധായകൻ. ശ്രീകുമാരൻ തമ്പിയും എം.ബി. ശ്രീനിവാസനും ഒരുമിച്ചു പ്രവർത്തിച്ച പ്രഥമ സിനിമയാണ് ‘കടൽ’. ശാരദ, മധു, രാജശ്രീ, ശാന്തി, തിക്കുറിശ്ശി, കെ.പി. ഉമ്മർ, എസ്.പി. പിള്ള, ബഹദൂർ,നെല്ലിക്കോട് ഭാസ്കരൻ, ബേബി ശോഭ, ബേബി ശ്രീ തുടങ്ങിയവർ ‘കടലി’ൽ അഭിനയിച്ചു. ‘‘ചിരിക്കുമ്പോൾ കൂടെ ചിരിക്കാൻ ആയിരം പേർ വരും; കരയുമ്പോൾ കൂടെ കരയാൻ നിൻ നിഴൽ മാത്രം വരും’’ എന്ന ഗാനം ഈ സിനിമയിൽ ഉള്ളതാണ്. ‘‘ചിരിക്കുമ്പോൾ കൂടെച്ചിരിക്കാൻ/ ആയിരം പേർ വരും /കരയുമ്പോൾ കൂടെ കരയാൻ/ നിൻ നിഴൽ മാത്രം വരും... /സുഖമൊരു നാൾ വരും വിരുന്നുകാരൻ/ ദുഃഖമോ പിരിയാത്ത സ്വന്തക്കാരൻ...’’ എന്ന പല്ലവി ചലച്ചിത്രഗാനങ്ങൾ ഇഷ്ടപ്പെടുന്നവർക്കെല്ലാം അറിയാം. ‘‘കടലിൽ മീൻ പെരുകുമ്പോൾ/ കരയിൽ വന്നടിയുമ്പോൾ / കഴുകനും കാക്കകളും പറന്നുവരും/ കടൽതീരമൊഴിയുമ്പോൾ/ വലയെല്ലാം ഉണങ്ങുമ്പോൾ / അവയെല്ലാം പലവഴി പിരിഞ്ഞുപോകും...’’ എന്നിങ്ങനെ വളരെ ലളിതമായ ഭാഷയിലാണ് ഈ ഗാനം എഴുതിയിരിക്കുന്നത്. ഒരു പാവപ്പെട്ട മുക്കുവ കുടുംബത്തിന്റെ കഥയാണ് ‘കടൽ’. കടലിൽ പോയി മീൻ പിടിക്കുന്ന അന്തോണി എന്ന മുക്കുവ യുവാവിന്റെ വേഷമാണ് മധു അഭിനയിച്ചത്. ശാരദയാണ് അന്തോണിയുടെ ഭാര്യ മേരിയുടെ വേഷത്തിൽ. കടലിൽനിന്നു വലവീശി പിടിക്കുന്ന മീൻ വിറ്റു കിട്ടുന്ന പണംകൊണ്ട് സമാധാനവും സന്തോഷവും നിറഞ്ഞ ലളിതജീവിതം നയിക്കുന്നവരാണ് ആ ദമ്പതികൾ. ഒരുദിവസം അന്തോണി തന്റെ ഭാര്യ മേരി നൽകിയ ദൈവമാതാവിന്റെ ഒരു കൊച്ചു ലോക്കറ്റും ധരിച്ചുകൊണ്ടാണ് കടലിൽ പോയത്. ഒരു വലിയ മീൻ ചൂണ്ടയിൽ കുടുങ്ങിയെങ്കിലും അവനെയും കട്ടമരത്തെയും മറിച്ചുകൊണ്ട് ആ മീൻ പാഞ്ഞുപോയി. ദൈവമാതാവിന്റെ തിരുരൂപം കടലിൽ വീണു. അന്തോണി ആ രൂപത്തിനായി മുങ്ങിത്തപ്പി. രൂപത്തിന് പകരം അന്തോണിക്ക് കിട്ടിയത് ഒരു വലിയ വീഞ്ഞപ്പെട്ടിയാണ്. വീട്ടിൽ വന്നു വീഞ്ഞപ്പെട്ടി തുറന്നപ്പോൾ അതിൽ നിറയെ സ്വർണക്കട്ടികൾ...അന്തോണി ആഹ്ലാദംകൊണ്ട് മതിമറന്നപ്പോൾ മേരിയുടെ മുഖത്ത് ഭയവും ദുഃഖവുമാണ് നിറഞ്ഞത്. ആ സ്വർണക്കട്ടികൾ ഒരു കള്ളക്കടത്തുകാരൻ പൊലീസിനെ ഭയന്ന് കടലിൽ ഉപേക്ഷിച്ചതായിരുന്നു. പെട്ടെന്ന് പണക്കാരനായ അന്തോണിയുടെ സമാധാനം നശിക്കുന്നു. സ്വർണം അവർക്കു ശാന്തിയല്ല ഭയവും ദുഃഖവുമാണ് സമ്മാനിച്ചത്. ‘‘ചിരിക്കുമ്പോൾ കൂടെ ചിരിക്കാൻ...’’ എന്ന പാട്ടിന്റെ രണ്ടാമത്തെ ചരണത്തിൽ ഇതാണ് സൂചിപ്പിച്ചിട്ടുള്ളത്. ‘‘കരഞ്ഞു കരഞ്ഞു കരൾ തളർന്നു ഞാനുറങ്ങുമ്പോൾ / കഥ പറഞ്ഞുണർത്തിയ കരിങ്കടലേ / കനിവാർന്നു നീ തന്ന കനകത്താമ്പാളത്തിൽ/ കണ്ണുനീർച്ചിപ്പികളോ നിറച്ചിരുന്നു..?’’ ഏതൊരു ഗാനവും തിരക്കഥയുടെ ഭാഗമായാൽ മാത്രമേ ഗാനരചയിതാവിന്റെ കർമം സാർഥമാവുകയുള്ളൂ. യേശുദാസ് പാടിയ ‘‘കടലിനെന്തു മോഹം/കരയെ വാരി പുണരാൻ മോഹം / കാറ്റിനെന്തു മോഹം/ കലിയിളകി തുള്ളാൻ മോഹം/ കട്ടമരത്തോണിയേറി /കരകാണാക്കടൽ നടുവിൽ/ അലയിളക്കി നീന്തി വരും/ മീൻപിടിത്തക്കാരനോ /അരവയറു നിറയാൻ മോഹം’’ എന്ന ഗാനവും കമുകറ പുരുഷോത്തമൻ പാടിയ ‘‘മനുഷ്യൻ കൊതിക്കുന്നു/ ദൈവം വിധിക്കുന്നു / മനസ്സിന്റെ മാണിക്യശിൽപങ്ങൾ തകരുന്നു/ മധുരിക്കും സ്വപ്നങ്ങൾ/ മിഴിനീരിലലിയുന്നു...’’ എന്ന ഗാനവും ശ്രോതാക്കൾ ഇഷ്ടപ്പെട്ട ഗാനങ്ങളാണ്. കമുകറ പുരുഷോത്തമനും യേശുദാസും സംഘവും പാടിയ ‘‘ഏലേലം ഹോയ് ഏലേലം ഹോയ് ഏലേലം/ വലയും വഞ്ചിയും നീങ്ങട്ടെ/വലയങ്ങനെ നിറയട്ടെ / വലിയതുറപ്പള്ളിയിൽ/ വഴിപാടു നേരാം/വല നിറയെ മീൻ തരണേ /കടലമ്മേ... കടലമ്മേ...’’ എന്ന ഗാനം വിവിധ താളങ്ങളിലാണ് എഴുതിയതും ചിട്ടപ്പെടുത്തിയതും. എൽ.ആർ. ഈശ്വരി പാടിയ ‘‘പാടാനാവാത്ത രാഗം...’’ എന്ന പാട്ടും എം.എസ്. പത്മ പാടിയ ‘‘ആരും കാണാതയ്യയ്യാ...’’ എന്ന കുട്ടിപ്പാട്ടും യേശുദാസും കമുകറ പുരുഷോത്തമനും പാടിയ ‘‘കള്ളന്മാർ കാര്യക്കാരായി’’ എന്ന സറ്റയർ ഗാനവും ‘കടൽ’ എന്ന സിനിമയിൽ ഉണ്ടായിരുന്നു. ‘‘കള്ളന്മാർ കാര്യക്കാരായി/ കരുണയുള്ളവർ മോശക്കാരായി... /കരിഞ്ചന്തയും കള്ളപ്പണവും/കളി കാണിക്കും കലിയുഗകാലം പാതിരാത്രിയിൽ സൂര്യനുദിച്ചാൽ/പലരും പിറ്റേന്നു തൂങ്ങിമരിക്കും/പട്ടും പവിഴവുമിട്ടു നടക്കും/പതിവ്രതമാരുടെ ചെമ്പും തെളിയും...’’ അമ്പത്തിനാല് സംവത്സരങ്ങൾക്കു മുമ്പ് അതായത് 1968ൽ പുറത്തുവന്ന സിനിമയിലുള്ള പാട്ടാണെന്നോർക്കുക. ഇന്നും സമൂഹത്തിൽ കാര്യമായ മാറ്റമൊന്നും ഉണ്ടായിട്ടില്ല എന്ന് നമുക്ക് ലജ്ജയോടെ ഒാർമിക്കാം. കുട്ടിപ്പാട്ടു പാടുന്നത് എം.എസ്. പത്മയാണ്. ആ ഗാനം പാടി അഭിനയിക്കുന്നത് ബേബി ശോഭയും. ‘‘ആരും കാണാതയ്യയ്യ/അല്ലിപ്പൂക്കളിൽ അയ്യയ്യാ/ആരും കാണാത്തല്ലിപ്പൂക്കളിൽ/അങ്ങനെയിങ്ങനെ ചാഞ്ചാടി/ആടിവരും കാറ്റളിയാ.../കാറ്റളിയാ... കാറ്റളിയാ... /കാണാത്തോനെ കാറ്റളിയാ...’’ എൽ.ആർ. ഈശ്വരി പാടിയത് ‘‘പാടാനാവാത്ത രാഗം/പറയാനാവാത്ത ഭാവം/ എഴുതാനാവാത്ത ഗാനം/എന്നനുരാഗം’’ എന്നാരംഭിക്കുന്ന പാട്ടാണ്. അക്കാലത്ത് വാണിജ്യ സിനിമയുടെ അവിഭാജ്യഘടകങ്ങളിലൊന്നായിരുന്നു ഒരു കാബ്റേ നൃത്തം. മിക്കവാറും ആ പാട്ടു പാടുന്നത് എൽ.ആർ. ഈശ്വരിതന്നെയായിരിക്കും. ‘കടൽ’ എന്ന സിനിമയിലെ എം.ബി. ശ്രീനിവാസന്റെ എല്ലാ ഈണങ്ങളും തികച്ചും വ്യത്യസ്തങ്ങളായിരുന്നു.
‘പാടുന്ന പുഴ’ എന്ന ചിത്രം ജയ് മാരുതിക്കു വേണ്ടി ടി.ഇ. വാസുദേവനാണ് നിർമിച്ചത്. എസ്.എൽ. പുരം സദാനന്ദൻ തിരക്കഥയും സംഭാഷണവും രചിച്ചു. എം. കൃഷ്ണൻ നായർ ചിത്രം സംവിധാനംചെയ്തു. സസ്പെൻസ് നിറഞ്ഞുനിൽക്കുന്ന ഒരു കുടുംബകഥ, പ്രേക്ഷകരെ ഞെട്ടിക്കുന്ന ൈക്ലമാക്സ്. ശ്രീകുമാരൻ തമ്പിയും വി. ദക്ഷിണാമൂർത്തിയും ഒരുമിക്കുന്ന രണ്ടാമത്തെ സിനിമ. യേശുദാസ് പാടിയ ‘‘ഹൃദയസരസ്സിലെ പ്രണയപുഷ്പമേ...’’ എന്ന പ്രശസ്ത ഗാനം ‘പാടുന്ന പുഴ’ എന്ന സിനിമയിലാണുള്ളത്. ഒരു മുറിക്കുള്ളിലാണ് എം. കൃഷ്ണൻ നായർ എന്ന സംവിധായകൻ ഈ ഗാനം മുഴുവൻ ചിത്രീകരിച്ചിരിക്കുന്നത്. പാട്ടിൽ ഉടനീളം നായകനും നായികയും ഒരേ വേഷമാണ് ധരിച്ചിട്ടുള്ളത്. ‘‘ഹൃദയസരസ്സിലെ പ്രണയപുഷ്പമേ/ഇനിയും നിൻ കഥ പറയൂ.../അർധനിമീലിത മിഴികളിലൂറും/ അശ്രുബിന്ദുവെൻ സ്വപ്നബിന്ദുവോ..?’’ എന്നു തുടങ്ങുന്ന ‘പാടുന്ന പുഴ’യിലെ ഗാനം ‘ചിത്രമേള’യിലെ എട്ടു ഗാനങ്ങൾക്കു ശേഷം ഈ ലേഖകന് വളർച്ചക്ക് അനുയോജ്യമായ ഊർജം നൽകി. ഈ ഒരു ഗാനത്തിൽനിന്നാണ് ശ്രീകുമാരൻ തമ്പി-ദക്ഷിണാമൂർത്തി എന്ന ടീം ഉണ്ടായത്. ‘‘എഴുതാൻ വൈകിയ ചിത്രകഥയിലെ/ഏഴഴകുള്ളൊരു നായിക നീ/എന്നനുരാഗ തപോവനസീമയിൽ /ഇന്നലെ വന്ന തപസ്വിനി നീ...’’ എന്നിങ്ങനെ തുടർന്നുപോകുന്ന ഈ ഗാനം ഇന്നും റിയാലിറ്റി ഷോയിൽ കുട്ടികൾ പാടുന്നു. ഈ ഗാനം ഈ ലേഖകൻ ഇരുപത്തെട്ടാം വയസ്സിൽ എഴുതിയതാണ്. പാട്ടിന് ഇപ്പോൾ പ്രായം അമ്പത്തഞ്ചിനോടടുക്കുന്നു.
‘‘സിന്ധുഭൈരവീ രാഗരസം/സുന്ദരഗന്ധർവ ഗാനരസം/ഇന്ദ്രസദസ്സിലെ ഉർവശി പാടും/ ഇന്ദ്രമനോമധുര മന്ത്രരസം’’ എന്ന ഗാനം പി. ലീലയും എ.പി. കോമളയും ചേർന്നാണ് പാടിയത്. ചിത്രത്തിലെ നായിക (ഷീല) ഉപനായികയെ (ഉഷാനന്ദിനി) പാട്ടു പഠിപ്പിക്കുന്ന രംഗത്തിലാണ് ഈ ഗാനം ഉപയോഗിച്ചിട്ടുള്ളത്. ഗാനത്തിൽതന്നെ വിവിധ രാഗങ്ങളുടെ പേരുകൾ ഉൾപ്പെടുത്തിയത് ഈ കാരണത്താലാണ്.
‘‘സിന്ധുഭൈരവീരാഗരസം’’ എന്നു തുടങ്ങുന്ന നാലു വരികൾ സിന്ധുഭൈരവി രാഗത്തിലും ‘‘കല്യാണി’’ എന്നാരംഭിക്കുന്ന നാല് വരികൾ കല്യാണി രാഗത്തിലും ഹിന്ദോളം എന്ന വാക്കിൽ തുടങ്ങുന്ന ഭാഗം ഹിന്ദോള രാഗത്തിലും ആനന്ദഭൈരവി എന്നാരംഭിക്കുന്ന നാല് വരികൾ ആനന്ദഭൈരവി രാഗത്തിലുമാണ് ദക്ഷിണാമൂർത്തി സ്വാമി ചിട്ടപ്പെടുത്തിയിട്ടുള്ളത്. ‘പാടുന്ന പുഴ’യിലെ ഈ ഗാനം ഈ ലേഖകൻ സിനിമക്കു വേണ്ടി എഴുതിയ ആദ്യത്തെ രാഗമാലികയാണ്.
‘‘കല്യാണി കമനീയ ഗാനപ്രദായിനി/ കല്യാണമണ്ഡപമോഹിനി, കളവാണി/ ശൃംഗാരയൗവന സ്വപ്നാനുഭൂതികൾ/ സങ്കൽപരംഗമൊരുക്കുന്ന സ്വരവേണി/ ഹിന്ദോളം ഓളങ്ങളിളകുന്ന സ്വരമേളം/ മന്ദമായാത്മാവിലൊഴുകുന്ന കുഞ്ഞോളം / ഭാവപ്രഭാപൂർണ ഭാസുരലയരാഗം/ദേവസങ്കീർത്തനം പാടുന്ന പ്രിയരാഗം / ആനന്ദഭൈരവി അതിരൂപ സുന്ദരി / ആത്മഹർഷങ്ങൾ തൻ ആർഭാടമഞ്ജരി/അലതല്ലുമാനന്ദ സുഖധാരയിൽ നീന്തി/ ഒരു രാഗമാലിക നെയ്യുക നീ സഖീ...’’
ചിത്രത്തിൽ ആവർത്തിച്ചു കേൾക്കുന്ന ‘‘പാടുന്നു പുഴ പാടുന്നു ; പാരാവാരം തേടുന്നു’’ എന്ന ഗാനത്തിന് മൂന്ന് ഈണങ്ങൾ നൽകിയിട്ടുണ്ട്. വി. ദക്ഷിണാമൂർത്തി നൽകിയ മൂന്നു വ്യത്യസ്ത ഈണങ്ങൾ അദ്ദേഹത്തിന്റെ പ്രതിഭയുടെ മഹത്ത്വത്തിന് ഉത്തമനിദർശനങ്ങൾ തന്നെയാണ്. ‘‘പാടുന്നു പുഴ പാടുന്നു / പാരാവാരം തേടുന്നു / എന്നാത്മ സംഗീതനാദമേ/ എൻ രാഗം നിന്നെ വിളിക്കുന്നു.../ നിറകതിർപുഞ്ചിരിപ്പൂവുമായി/ നിത്യാനുരാഗത്തിൻ പാട്ടുമായി/ എൻ ജീവസാരമേ നീ വരില്ലേ /എൻ ഗാനം നിന്നെ വിളിക്കുന്നു / കുളിരാർന്നു ചില്ലകൾ തളിരണിഞ്ഞു /കുരുക്കുത്തിമുല്ലകൾ ചിലമ്പണിഞ്ഞു/ഈറൻ ശരത്കാലമേള കാണാൻ/ എൻ ദാഹം നിന്നെ വിളിക്കുന്നു.../ ഈ ശരത്കാലം കഴിഞ്ഞു പോകും/ ഈ സ്വപ്നലോകം മറഞ്ഞുപോകും / എങ്കിലുമെങ്കിലും എൻ കിനാവേ/ എൻ ദാഹം നിന്നെ വിളിക്കുന്നു...’’
ഈ ഗാനം പി. ലീലയും എസ്. ജാനകിയും യേശുദാസും പാടിയിട്ടുണ്ട് -മൂന്നു വ്യത്യസ്ത രംഗങ്ങളിൽ മൂന്ന് ഈണങ്ങളിലാണ് മൂന്നുപേരും പാടിയിട്ടുള്ളത്.
സി.ഒ. ആന്റോ പാടിയ ‘‘ഭൂഗോളം തിരിയുന്നു/ഭൂതവും ഭാവിയും അറിയാതെ/ഭൂഗോളം തിരിയുന്നു/തിരിയുന്ന കോളത്തിൽ/ തീരങ്ങൾ കാണാതെ/യാത്രക്കാർ അലയുന്നു...’’ എന്ന പശ്ചാത്തലഗാനവും ‘പാടുന്ന പുഴ’ എന്ന ചിത്രത്തിൽ ഉണ്ടായിരുന്നു. പ്രേംനസീർ, ഷീല, കെ.പി. ഉമ്മർ, ഉഷാനന്ദിനി, ജി.കെ. പിള്ള, അടൂർ ഭാസി, ശങ്കരാടി, ജയഭാരതി, ആറന്മുള പൊന്നമ്മ , ടി.ആർ. ഓമന തുടങ്ങിയവർ അഭിനയിച്ച ‘പാടുന്ന പുഴ’ 1968 ജൂൺ 20ന് തിയറ്ററുകളിൽ എത്തി. മറ്റൊരു നിർമാതാവ് ‘മന്നിപ്പ്’ എന്ന പേരിൽ ഈ കഥ തമിഴിലും നിർമിച്ചു. ‘മന്നിപ്പ്’ എന്ന തമിഴ് ചിത്രവും എം. കൃഷ്ണൻ നായർതന്നെയാണ് സംവിധാനംചെയ്തത്. പ്രസ്തുത തമിഴ് ചിത്രത്തിൽ എം. കൃഷ്ണൻനായരുടെ സഹായിയായി വന്ന യുവാവാണ് പിൽക്കാലത്ത് തമിഴ് സിനിമയിൽ അത്ഭുതങ്ങൾ സൃഷ്ടിച്ച് പേരെടുത്ത സംവിധായകനായ ഭാരതിരാജ. തമിഴ് സംവിധായകനായ ഭാരതിരാജയുടെ പ്രധാന ഗുരു മലയാളിയായ എം. കൃഷ്ണൻ നായർ ആയിരുന്നു എന്ന വിവരം പലർക്കും അറിയില്ല. അതുകൊണ്ടാണ് സാംഗത്യമില്ലെങ്കിലും ആ അറിവ് ഇവിടെ പങ്കുവെക്കുന്നത്.
(തുടരും)