അകലെയകലെ നീലാകാശം -44
‘തുലാഭാരം’, ‘രാഗിണി’, ‘മിടുമിടുക്കി’, ‘അദ്ധ്യാപിക’ തുടങ്ങിയ സിനിമകളെക്കുറിച്ചും അതിലെ പാട്ടുകളെക്കുറിച്ചും എഴുതുന്നു. ‘തുലാഭാര’ത്തിലെയും ‘മിടുമിടുക്കി’യിലെയും പാട്ടുകൾ ഇന്നും എന്തുകൊണ്ട് മധുരതരമായി തുടരുന്നു?കെ.പി.എ.സി അവതരിപ്പിച്ചു വിജയിച്ച തോപ്പിൽ ഭാസിയുടെ ‘തുലാഭാരം’ എന്ന പ്രശസ്ത നാടകം അതേ പേരിൽ ഹരിപോത്തൻ സുപ്രിയ എന്ന ബാനറിൽ ചലച്ചിത്രമാക്കി. ‘അശ്വമേധം’ സംവിധാനംചെയ്ത എ. വിൻസെന്റ്...
Your Subscription Supports Independent Journalism
View Plans‘തുലാഭാരം’, ‘രാഗിണി’, ‘മിടുമിടുക്കി’, ‘അദ്ധ്യാപിക’ തുടങ്ങിയ സിനിമകളെക്കുറിച്ചും അതിലെ പാട്ടുകളെക്കുറിച്ചും എഴുതുന്നു. ‘തുലാഭാര’ത്തിലെയും ‘മിടുമിടുക്കി’യിലെയും പാട്ടുകൾ ഇന്നും എന്തുകൊണ്ട് മധുരതരമായി തുടരുന്നു?
കെ.പി.എ.സി അവതരിപ്പിച്ചു വിജയിച്ച തോപ്പിൽ ഭാസിയുടെ ‘തുലാഭാരം’ എന്ന പ്രശസ്ത നാടകം അതേ പേരിൽ ഹരിപോത്തൻ സുപ്രിയ എന്ന ബാനറിൽ ചലച്ചിത്രമാക്കി. ‘അശ്വമേധം’ സംവിധാനംചെയ്ത എ. വിൻസെന്റ് ആണ് ‘തുലാഭാര’വും സംവിധാനം ചെയ്തത്. ചിത്രത്തിനു തിരക്കഥയും സംഭാഷണവും തയാറാക്കിയതും നാടകകൃത്തായ തോപ്പിൽ ഭാസി തന്നെ. വയലാർ-ദേവരാജൻ കൂട്ടുകെട്ട് പാട്ടുകൾ ഒരുക്കി. ‘അശ്വമേധ’ത്തിലെ പാട്ടുകളെപ്പോലെയോ അതിലും ഉപരിയായോ ജനപിന്തുണ നേടിയ പാട്ടുകളാണ് ‘തുലാഭാര’ത്തിൽ ഉണ്ടായിരുന്നത്. യേശുദാസ്, പി. സുശീല, ബി. വസന്ത എന്നിവർ പാടിയ ഗാനങ്ങളിൽ ഒന്നുപോലും പാഴിലായില്ല എന്നുപറയാം. രണ്ടു മൂന്നു പാട്ടുകൾ മലയാളികൾ എന്നെന്നും ഓർമിക്കുന്ന സൂപ്പർഹിറ്റുകൾ ആവുകയും ചെയ്തു. യേശുദാസ് പാടിയ ‘‘കാറ്റടിച്ചു, കൊടുങ്കാറ്റടിച്ചു...’’ എന്ന ഗാനം എങ്ങനെ മറക്കാൻ കഴിയും? ‘‘കാറ്റടിച്ചു, കൊടുങ്കാറ്റടിച്ചു/കായലിലെ വിളക്കുമരം കണ്ണടച്ചു/ സ്വർഗവും നരകവും കാലമാം കടലിൻ/അക്കരെയോ...ഇക്കെരയോ..?’’ എന്ന ഗാനം ശ്രദ്ധിക്കുക. സ്വരങ്ങളുടെ ആരോഹണത്തിലും അവരോഹണത്തിലും യേശുദാസ് പുലർത്തുന്ന കൃത്യത പൂർണമായും ഉപയോഗിക്കാവുന്ന രീതിയിലാണ് ദേവരാജൻ ഈണം ഒരുക്കിയിട്ടുള്ളത്. ഉച്ചസ്ഥായിയിലുള്ള ‘‘അക്കരെയോ... ഇക്കരെയോ...’’ എന്ന ഭാഗവും തുടർന്നുള്ള ഹമ്മിങ്ങും ശ്രദ്ധിച്ചാൽ ഇതു മനസ്സിലാകും. സന്ദർഭവുമായി ഇണങ്ങിച്ചേരുമ്പോൾതന്നെ രചനയിൽ അസാധാരണമായ നിലവാരം കാത്തുസൂക്ഷിക്കാൻ വയലാറിനു സാധിച്ചു. യേശുദാസിന്റെ ആലാപനം വരികളോടും ഈണത്തോടും ചേർന്നുനിന്ന് അവയെ സുഭദ്രമാക്കി. അങ്ങനെ ആ ഗാനം മരണമില്ലാത്ത ഗാനങ്ങളിലൊന്നായിത്തീർന്നു. ‘‘മനുഷ്യനെ സൃഷിച്ചതീശ്വരനാണെങ്കിൽ/ഈശ്വരനോടൊരു ചോദ്യം/കണ്ണുനീർക്കടലിലെ കളിമൺ ദ്വീപിതു /ഞങ്ങൾക്കെന്തിനു തന്നു... പണ്ടു നീ/ഞങ്ങൾക്കെന്തിനു തന്നു..?’’ എന്നിങ്ങനെ ചോദ്യങ്ങളായി തുടരുന്ന ഗാനത്തിലെ വരികൾ സൃഷ്ടിക്കുന്ന അർഥതലങ്ങളെ വിലയിരുത്തുക പ്രയാസം. യേശുദാസ് തന്നെ പാടിയ ‘‘പ്രകാശഗോപുര വാതിൽ തുറന്നു/പണ്ടു മനുഷ്യൻ വന്നു/വിശ്വപ്രകൃതി വെറുംകൈയോടെ/വിരുന്നു നൽകാൻനിന്നു...’’ എന്നു തുടങ്ങുന്ന പ്രശസ്ത ഗാനത്തിന്റെ അവസ്ഥയും ഇതുപോലെതന്നെ ‘‘കോടി യുഗങ്ങൾക്കകലെ, ദൈവം കൂടി ജനിക്കും മുമ്പേ/ സൂര്യനിൽനിന്നൊരു ചുടുനീർക്കുടമായ്/ശൂന്യാകാശസരസ്സിൽ /വീണു തണുത്തു കിടന്നുമയങ്ങി-/യുണർന്നവളല്ലോ ഭൂമി.../വായുവിലീറൻ ജീവകണങ്ങളെ/വാരിച്ചൂടിയ ഭൂമി...’’ എന്നിങ്ങനെ വയലാർ എഴുതുന്നു. സൂര്യനിൽനിന്നു ഗോളങ്ങൾ പിറന്നു; ഭൂമിയുടെ ജനനം എങ്ങനെ എന്നൊക്കെ നമ്മൾ പഠിച്ചിട്ടുണ്ട്. എന്നാൽ അത് ഒരു സിനിമാഗാനത്തിൽ കൊണ്ടുവരാനും സിനിമയുടെ ഒരു പ്രത്യേക കഥാമുഹൂർത്തത്തിൽ അതിനെ സന്നിവേശിപ്പിക്കാനും വയലാറിനു കഴിഞ്ഞു എന്നതാണ് അദ്ദേഹത്തിന്റെ മഹത്ത്വം. ‘‘തൊട്ടു തൊട്ടില്ല; തൊട്ടു തൊട്ടില്ല/ മൊട്ടിട്ടുവല്ലോ മേലാകെ/മൊട്ടു വിരിയുമ്പോൾ /മുത്തു പൊഴിയുമ്പോൾ/മുത്തായ മുത്തൊക്കെ ഞാനെടുക്കും’’ എന്ന ലളിതമധുരമായ പ്രണയഗാനവും യേശുദാസ് ആണ് പാടിയത്. പി. സുശീലയും ബി. വസന്തവും ചേർന്നു പാടിയ ‘‘ഭൂമിദേവി പുഷ്പിണിയായി/കാമദേവനുത്സവമായി/ഉത്സവമായ് ഉത്സവമായ്/മദനോത്സവമായ്’’ എന്ന മനോഹരമായ നൃത്തഗാനവും ആഹ്ലാദദായകമായിരുന്നു. ഷീലയും ശാരദയും ഒരുമിച്ചാണ് ഈ ഗാനരംഗത്തിൽ അഭിനയിച്ചിട്ടുള്ളത്. യേശുദാസും പി. സുശീലയും ചേർന്നു പാടിയ ‘‘ഓമനത്തിങ്കളിനോണം പിറക്കുമ്പോൾ/താമരക്കുമ്പിളിൽ പനിനീര് /ഓണം പിറന്നാലും ഉണ്ണി പിറന്നാലും/ഓരോ കുമ്പിൾ കണ്ണീര്-മണ്ണി-/നോരോ കുമ്പിൾ കണ്ണീര്’’ എന്ന കണ്ണീരിൽ കുതിർന്ന താരാട്ടും മനോഹരമായിരുന്നു. ‘‘നഷ്ടപ്പെടുവാൻ വിലങ്ങുകൾ/കിട്ടാനുള്ളത് പുതിയൊരു ലോകം/തൊഴിലാളി -ഇതു തൊഴിലാളി/ പിറന്ന നാടിൻ ജീവിതഖനിയിലെ തൊഴിലാളി...’’ എന്നു തുടങ്ങുന്ന ഒരു മുദ്രാവാക്യ ഗാനവും ചിത്രത്തിൽ ഉണ്ടായിരുന്നു. പ്രേംനസീർ, മധു, ശാരദ, ഷീല, തിക്കുറിശ്ശി, അടൂർ ഭാസി, അടൂർ ഭവാനി, നെല്ലിക്കോട് ഭാസ്കരൻ, തോപ്പിൽ കൃഷ്ണപിള്ള, ഖാൻ തുടങ്ങിയവർ അഭിനയിച്ച ‘തുലാഭാരം’ 1968 സെപ്റ്റംബർ നാലിന് പ്രദർശനം ആരംഭിച്ചു. വമ്പിച്ച പ്രദർശനവിജയം നേടിയ ‘തുലാഭാരം’ ഇതരഭാഷകളിലും ചലച്ചിത്രമാക്കപ്പെട്ടു. തമിഴിലും ദേവരാജൻ ആയിരുന്നു സംഗീതസംവിധായകൻ. തെലുങ്കുനാട്ടുകാരിയായ ശാരദക്ക് ഇന്ത്യയിലെ മികച്ച നടിക്കുള്ള ആദ്യത്തെ പുരസ്കാരം (ഉർവശി അവാർഡ്) നേടിക്കൊടുത്തത് ഈ മലയാളസിനിമയാണ്.
വൈക്കം ചന്ദ്രശേഖരൻ നായർ കഥയും സംഭാഷണവും എഴുതിയ ‘രാഗിണി’ എന്ന ചിത്രം ‘സ്വർഗ്ഗരാജ്യം’ എന്ന ചിത്രത്തിലൂടെ രംഗത്തുവന്ന പി.ബി. ഉണ്ണി സംവിധാനംചെയ്തു, രവി മൂവീസിനുവേണ്ടി കെ.എൻ. മൂർത്തിയാണ് ചിത്രം നിർമിച്ചത്. മധു നായകനും കെ.ആർ. വിജയ നായികയുമായി. തമിഴ് നടനായ ബാലാജിയും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു. തെലുങ്ക് നടി വാസന്തി, കോട്ടയം ചെല്ലപ്പൻ, ശങ്കരാടി, ആറന്മുള പൊന്നമ്മ, അടൂർ പങ്കജം തുടങ്ങിയവരായിരുന്നു മറ്റ് അഭിനേതാക്കൾ. ലത, വൈക്കം എന്ന തൂലികാനാമത്തിൽ വൈക്കം ചന്ദ്രശേഖരൻ നായർതന്നെയാണ് ഗാനങ്ങൾ എഴുതിയത് (കഥാകൃത്തും നോവലിസ്റ്റുമായ വൈക്കം ചന്ദ്രശേഖരൻ നായർ ആദ്യകാലത്ത് കമ്യൂണിസ്റ്റ് പാർട്ടിക്കുവേണ്ടി ചില വിപ്ലവഗാനങ്ങളും എഴുതിയിട്ടുണ്ട്). നാടകരംഗത്ത് അറിയപ്പെട്ടിരുന്ന ആലപ്പി ഉസ്മാൻ ആയിരുന്നു സംഗീതസംവിധായകൻ. യേശുദാസ്, കെ.പി. ഉദയഭാനു, എസ്. ജാനകി, കമലം എന്നിവർ ആലപിച്ച എട്ടു പാട്ടുകൾ ‘രാഗിണി’യിൽ ഉണ്ടായിരുന്നു. യേശുദാസ് പാടിയ ‘‘കിനാവ് കെട്ടിയ...’’ എന്ന ഗാനം, യേശുദാസും എസ്. ജാനകിയും പാടിയ ‘‘കദളിപ്പൂവിൻ...’’ എന്ന് തുടങ്ങുന്ന യുഗ്മഗാനം, എസ്. ജാനകി തനിച്ചു പാടിയ ‘‘ആവണിമുല്ല...’’, ‘‘നിമിഷം തോറും...’’, ‘‘അനന്തകോടി... ’’ എന്നീ ഗാനങ്ങൾ, ഉദയഭാനു ഒറ്റക്ക് പാടിയ ‘‘ഏകതാരകേ...’’ , കമലം പാടിയ ‘‘ഇത്തിരിക്കാറ്റേ...’’ തുടങ്ങിയവയാണ് ഗാനങ്ങൾ. പുതിയ സംഗീതസംവിധായകന് വേണ്ടത്ര ജനപിന്തുണ ലഭിച്ചില്ല. വലിയ ഗായകർ ശബ്ദം നൽകിയിട്ടും പാട്ടുകൾ ഹിറ്റുകളായില്ല. (ഈ ഗാനങ്ങളുടെ വരികൾ ഉദ്ധരിക്കാൻ കഴിയാത്തതിൽ ഖേദിക്കുന്നു.)
ദീപ്തി ഫിലിംസിന്റെ പേരിൽ എ. പൊന്നപ്പൻ നിർമിച്ച ചിത്രമാണ് ‘മിടുമിടുക്കി’. കെ.ജി. സേതുനാഥ് കഥയും സംഭാഷണവും രചിച്ച ‘മിടുമിടുക്കി’ സംവിധാനംചെയ്തത് പിൽക്കാലത്ത് ‘ക്രോസ്ബെൽറ്റ് മണി’ എന്ന പേരിൽ പ്രശസ്തനായ മണി എന്ന വേലായുധൻ നായരാണ്, മെറിലാൻഡ്സ്റ്റുഡിയോയിൽ കാമറ അസിസ്റ്റന്റ് ആയിരുന്ന മണി ഛായാഗ്രഹണം തൊഴിലായി സ്വീകരിക്കാതെ നേരെ സംവിധാനത്തിലേക്ക് തിരിയുകയായിരുന്നു. തന്റെ ഗുരുവായ ഇരണിയൽ എൻ.എസ്. മണിയെ ഛായാഗ്രഹണ സംവിധായകനാക്കി മണി ആദ്യമായി സംവിധാനം ചെയ്ത ഈ ചിത്രത്തിൽ സത്യൻ, ശാരദ, അംബിക, കൊട്ടാരക്കര ശ്രീധരൻനായർ, ആറന്മുള പൊന്നമ്മ, അടൂർ ഭാസി, ബഹദൂർ, ഹരി, ബേബി രജനി തുടങ്ങിയവർ അഭിനയിച്ചു. എം.എസ്. ബാബുരാജ് ഈണം പകർന്ന ഈ സിനിമയിലെ പാട്ടുകൾ സൂപ്പർഹിറ്റുകളായി. ‘കാട്ടുമല്ലിക’ എന്ന സിനിമക്കുശേഷം ഈ ലേഖകൻ ബാബുരാജുമായി ചേർന്നു പ്രവർത്തിച്ച രണ്ടാമത്തെ സിനിമയാണ് ‘മിടുമിടുക്കി’. യേശുദാസും എസ്. ജാനകിയും ചേർന്നു പാടിയ ‘‘അകലെയകലെ നീലാകാശം, അലതല്ലും മേഘതീർഥം...’’ എന്ന പ്രശസ്ത യുഗ്മഗാനം ഈ സിനിമയുടെ ഭാഗമാണ്. ‘‘അകലെയകലെ നീലാകാശം /അലതല്ലും മേഘതീർഥം/ അരികിലെന്റെ ഹൃദയാകാശം/അല്ല തല്ലും രാഗതീർഥം’’ എന്ന പല്ലവി കേട്ടിട്ടില്ലാത്ത മലയാളി ശ്രോതാക്കൾ ചുരുക്കമായിരിക്കും. ബാബുരാജിന്റെ സംഗീതം സൃഷ്ടിച്ചിരിക്കുന്ന അനുഭൂതിമണ്ഡലം അപാരസുന്ദരം എന്നേ പറയേണ്ടൂ. ചാരുകേശി രാഗത്തിന്റെ മുഴുവൻ സൗന്ദര്യവും ഈ വരികളിലേക്ക് ഒരു മാന്ത്രികനെ പോലെ അദ്ദേഹം ആവാഹിച്ചിരിക്കുന്നു. ‘‘പാടിവരും നദിയും കുളിരും/പാരിജാതമലരും മണവും/ ഒന്നിലൊന്നായ് കലരും പോലെ /നമ്മളൊന്നായ് അലിയുകയല്ലേ..?’’ എന്ന ആദ്യ ചരണവും ‘‘നിത്യസുന്ദര നിർവൃതിയായ് നീ / നിൽക്കുകയാണെന്നാത്മാവിൽ/വിശ്വമില്ല നീയില്ലെങ്കിൽ/വീണടിയും ഞാനീ മണ്ണിൽ’’ എന്ന രണ്ടാം ചരണവും ആ രാഗത്തിന്റെ ദുഃഖഭാവം ഉൾക്കൊള്ളുന്നതുകൊണ്ട് പ്രണയഗാനം ദുഃഖഗാനമായി മാറി എന്ന് പരിഭവിക്കുന്നവരുണ്ട്. ദുഃഖസ്പർശമില്ലാതെ ഈ ഭൂമിയിൽ എന്ത് പ്രണയം? ‘‘അകലെയകലെ നീലാകാശം...’’ എന്ന ഗാനം ഒരു ഗ്രാമഫോൺ ഡിസ്കിന്റെ (75 R.P.M) ഇരുവശങ്ങളിലുമായിട്ടാണ് ആലേഖനം ചെയ്യപ്പെട്ടിരുന്നത്. ഒരു പാട്ടിന്റെ സമയദൈർഘ്യം മൂന്നു മിനിറ്റ് ഇരുപതു സെക്കൻഡിൽ കൂടാൻ പാടില്ല എന്ന് ഗ്രാമഫോൺ കമ്പനി ഓഫ് ഇന്ത്യ തീരുമാനിച്ചിരുന്നു. പാട്ടിന്റെ പൂർണതക്കുവേണ്ടി നാലു മിനിറ്റ് ദൈർഘ്യം അനുവദിച്ചാലും സിനിമയിൽ മാത്രമേ ആ ദൈർഘ്യം ഉണ്ടായിരിക്കൂ. സൗണ്ട് ട്രാക്ക് ഗ്രാമഫോൺ കമ്പനിക്കു നൽകുമ്പോൾ ചിത്രത്തിന്റെ എഡിറ്റർ ദൈർഘ്യം മൂന്നു മിനിറ്റ് ഇരുപതു സെക്കൻഡ് ആയി കുറച്ചു കൊടുക്കണം. ചില വരികളുടെ ആവർത്തനം വേണ്ടെന്നുവെക്കും. പാട്ടിന്റെ അവസാനം ഫെയ്ഡ് ഔട്ട് ആക്കും. ചില പാട്ടുകളിൽ ബാക്ക് ഗ്രൗണ്ട് മ്യൂസിക്കിന്റെ ദൈർഘ്യം കുറക്കും. ഇങ്ങനൊക്കെയാണ് അക്കാലത്തെ ഫിലിം എഡിറ്റർമാർ ഒരു പാട്ടിന്റെ സമയം ഗ്രാമഫോൺ ഡിസ്കിനുവേണ്ടി മൂന്ന് മിനിറ്റ് ഇരുപതു സെക്കൻഡിൽ ഒതുക്കിയിരുന്നത്. പാട്ടു വളരെ മികച്ചതാണെന്ന് ഉറപ്പുണ്ടെങ്കിൽ എഡിറ്റിങ് ഒഴിവാക്കി ഒരു ഡിസ്കിന്റെ രണ്ടു വശങ്ങളിലുമായി ഒരു പാട്ടിന്റെ ട്രാക്ക് പ്രിന്റ് ചെയ്യും. അപ്പോൾ ആ പാട്ടിന് ആറു മിനിറ്റിൽ കൂടുതൽ ദൈർഘ്യമുണ്ടാകും. ഇങ്ങനെ മേന്മകൊണ്ട് തുടക്കത്തിൽതന്നെ ഗ്രാമഫോൺ കമ്പനിയുടെ അംഗീകാരം കിട്ടിയ ഗാനമാണ് ‘‘അകലെയകലെ നീലാകാശം...’’ എന്ന ചലച്ചിത്രഗാനം. ഒരു ഡിസ്കിൽ ഈ പാട്ടു മാത്രമായതുകൊണ്ട് അതിന്റെ ആയിരക്കണക്കിന് കോപ്പികൾ വിറ്റുപോയി. ഒരു ഗാനത്തിന്റെ സമയദൈർഘ്യം നാലു മിനിറ്റിൽ കൂടരുതെന്ന് അക്കാലത്ത് നിർമാതാക്കൾക്കും നിർബന്ധമുണ്ടായിരുന്നു. ഒരു പാട്ടിന്റെ സമയദൈർഘ്യം നാലര മിനിറ്റിൽ കൂടിയാൽ സംഗീതോപകരണങ്ങൾ വായിക്കുന്നവർക്ക് പ്രതിഫലം കൂടുതൽ കൊടുക്കേണ്ടിവരും. (ദൈർഘ്യം നാലര മിനിറ്റായാൽ ഒരു പാട്ട് ഒന്നര പാട്ടായി കണക്കാക്കും.) അക്കാലത്ത് – അതായത് അറുപതുകളിലും എഴുപതുകളുടെ പകുതിവരെയും – മലയാളസിനിമകൾ വളരെ ചെലവു കുറച്ചാണ് നിർമിക്കപ്പെട്ടിരുന്നത്. ഏതാണ്ട് ഒന്നര ലക്ഷത്തിനും രണ്ടര ലക്ഷത്തിനും ഇടയിലായിരുന്നു ഒരു മലയാളസിനിമയുടെ മൊത്തം മുടക്കുമുതൽ. നിർമാതാക്കൾ കോടികൾ വാരിയെറിയുന്നതു കാണുന്ന ഇന്നത്തെ സംഗീതസംവിധായകർക്ക് ഈ ചരിത്രം മനസ്സിലായെന്നു വരികയില്ല. ചെറിയ പ്രായത്തിൽതന്നെ നിർമാതാവാകാൻ സാഹസം കാണിച്ചതുകൊണ്ടും ആ രംഗത്ത് നല്ല അനുഭവമുള്ളതുകൊണ്ടുമാണ് എനിക്ക് ഈ സത്യങ്ങൾ തുറന്നുപറയാൻ കഴിയുന്നത്. ‘മിടുമിടുക്കി’യിലെ എല്ലാ ഗാനങ്ങളും ഹിറ്റുകളായി എന്നതാണ് സത്യം. എന്നാൽ, ‘‘അകലെയകലെ നീലാകാശം...’’ എന്ന യുഗ്മഗാനത്തിന്റെ അസാധാരണമായ പ്രശസ്തിയുടെ പ്രഭയിൽ മറ്റു ഗാനങ്ങൾ മുങ്ങിപ്പോയി എന്നതാണ് സത്യം. പി. സുശീല പാടിയ ‘‘കനകപ്രതീക്ഷ തൻ കണിമലർത്താലത്തിൽ/കല്യാണപ്പൂവുമായ് നിന്നവളേ/കതിരണിച്ചിറകറ്റു മോഹങ്ങൾ വീണപ്പോൾ/കരയാൻ പോലും മറന്നവളേ...’’ എന്ന ഗാനം ശ്രോതാക്കൾക്ക് ഇഷ്ടമായി. നമ്മുടെ ഭാവഗായകനായ പി. ജയചന്ദ്രന് ഏറ്റവും ഇഷ്ടമുള്ള പാട്ടാണിത്. പി. സുശീലയുടെ ആരാധകരിൽ ജയചന്ദ്രനെ വെല്ലാൻ കഴിയുന്ന മറ്റൊരു ആരാധകനുണ്ടാവില്ല എന്നാണ് ഞാൻ മനസ്സിലാക്കിയിട്ടുള്ളത്. ശ്രീകുമാരൻ തമ്പി-ബാബുരാജ്-പി. സുശീല കൂട്ടുകെട്ടിൽ പിറന്ന ഏറ്റവും മികച്ച ഗാനം ഇതാണ് എന്നും ജയചന്ദ്രൻ പറയും. യേശുദാസ് പാടിയ ‘‘പൊന്നും തരിവള മിന്നും കയ്യിൽ/ഒന്നു തൊടാനൊരു മോഹം/ചുണ്ടിലൊളിച്ചു കളിക്കും പുഞ്ചിരി/കണ്ടു നിൽക്കാനൊരു മോഹം’’ എന്ന ഗാനവും സത്യൻ അത് പാടി അഭിനയിക്കുന്ന രംഗവും ജനങ്ങൾ ഇഷ്ടപ്പെട്ടു. ‘‘ദൈവമെവിടെ/ദൈവമുറങ്ങും ദേവാലയമെവിടെ/ മണ്ണിലെ ദുഃഖത്തിൻ ചുമടുതാങ്ങിയായ്/പെണ്ണിനെ സൃഷ്ടിച്ച ദൈവമെവിടെ...’’ എന്ന പശ്ചാത്തല ഗാനവും ‘‘പൈനാപ്പിൾ പോലൊരു പെണ്ണ് /പാൽപായസം പോലൊരു പെണ്ണ്/ പഞ്ചാരച്ചിരി കൊണ്ടു പഞ്ചായത്താകെ/ പലിശയ്ക്കു വാങ്ങിയ പെണ്ണ്’’ എന്ന ഹാസ്യഗാനവും യേശുദാസ് തന്നെയാണ് പാടിയത്.
നീലാ പ്രൊഡക്ഷൻസിനു വേണ്ടി പി.സുബ്രഹ്മണ്യം മെറിലാൻഡ് സ്റ്റുഡിയോയിൽ നിർമിച്ച് സംവിധാനം ചെയ്ത ‘അദ്ധ്യാപിക’യിൽ പ്രശസ്ത നടി പത്മിനിയാണ് നായികയായി അഭിനയിച്ചത്; മധുവും തെലുങ്ക് നടൻ രാമകൃഷ്ണയും നായകന്മാരും. അംബിക, ശാന്തി, ആറന്മുള പൊന്നമ്മ, തിക്കുറിശ്ശി, കൊട്ടാരക്കര ശ്രീധരൻ നായർ, ടി.കെ. ബാലചന്ദ്രൻ, എസ്.പി. പിള്ള, ബഹദൂർ തുടങ്ങിയവരായിരുന്നു ഇതര നടീനടന്മാർ. കാനം ഇ.ജെ കഥയും സംഭാഷണവും എഴുതി. ബാലമുരളി എന്ന തൂലികാനാമത്തിൽ ഒ.എൻ.വി. കുറുപ്പ് എഴുതിയ പാട്ടുകൾക്ക് വി. ദക്ഷിണാമൂർത്തി സംഗീതം പകർന്നു. ‘അദ്ധ്യാപിക’യിലാണ് ഒ.എൻ.വിയും ദക്ഷിണാമൂർത്തിയും ആദ്യമായി ഒരുമിച്ചത്. ആകെ ഒമ്പതു ഗാനങ്ങൾ ഉണ്ടായിരുന്നു. കമുകറ പുരുഷോത്തമൻ, യേശുദാസ്, പി. ലീല, പി. സുശീല, രേണുക, പത്മ, കല്യാണി മേനോൻ എന്നിവരായിരുന്നു പിന്നണി ഗായകർ. പി. ലീലയും രേണുകയും സംഘവും പാടിയ ‘‘പള്ളിമണികളേ പള്ളിമണികളേ/സ്വർലോകഗീതത്തിന്നുറവകളേ/നല്ലൊരു നാളെയെ മാടിവിളിക്കുവിൻ/നല്ലൊരു നാളെ...നാളെ...’’ എന്ന ഗാനവും കമുകറ പുരുഷോത്തമൻ പാടിയ ‘‘മന്നിടം പഴയൊരു മൺവിളക്കാണതിൽ/നിന്നെരിയും തിരിനാളം –നീയതിൽ / നിന്നെരിയും തിരിനാളം’’ എന്ന ഗാനവും കഥയുമായി ചേർന്നുനിന്നു. യേശുദാസ് ആലപിച്ച ‘‘സ്വപ്നസുന്ദരീ നീയൊരിക്കലെൻ/സ്വപ്നശയ്യാതലങ്ങളിൽ/വാസനപ്പൂക്കൾ വർണപുഷ്പങ്ങൾ/വാരിവാരി ചൊരിഞ്ഞുപോയ്’’ എന്ന പ്രണയഗാനം ജനങ്ങളുടെ ഇഷ്ടഗാനമായി എന്ന് പറയാം. ‘‘ദേവദൂതികേ നീ കടന്നു പോം/ആ വഴിവക്കിൽനിന്നു ഞാൻ/ ദേവതാരുവിൻ ചോട്ടിൽനിന്നൊരു / പ്രേമസംഗീതം കേട്ടു ഞാൻ’’ എന്നിങ്ങനെ വളരെ മൃദുലമായ ശൈലിയിലാണ് ഒ.എൻ.വി ഈ ഗാനം എഴുതിയിരിക്കുന്നത്. യേശുദാസ് പാടിയ ‘‘അഗ്നികിരീടമണിഞ്ഞവളേ–/നീലാഞ്ജനമിഴികൾ നിറഞ്ഞവളേ/ ചുറ്റും പരിമളധൂമം പരത്തി നീ / കത്തും ചന്ദനത്തിരി പോലെ...’’ എന്ന ഗാനവും യേശുദാസും പി. സുശീലയും പാടിയ ‘‘ആതിരരാവിലെ അമ്പിളിയോ –എൻ /താമരക്കൂട്ടിലെ പൈങ്കിളിയോ... /നിൻ വിരൽ മെല്ലെ തഴുകിടുമ്പോൾ/ഒന്നിനി പാടുന്ന വീണയല്ലേ...’’ എന്ന് തുടങ്ങുന്ന യുഗ്മഗാനവും ഭേദപ്പെട്ട പാട്ടുകൾ ആയിരുന്നു. പി. ലീല, കല്യാണി മേനോൻ, രേണുക, പദ്മ എന്നിവർ ചേർന്നു പാടിയ ‘‘മാവ് പൂത്തു, മാതളം പൂത്തു/മാനത്തെ മന്ദാരം പൂത്തു/മനസ്സിലെന്നും പൂത്തുനിൽക്കും/പൂവിന്റെ പേരെന്ത് -പേരെന്ത്...? / മാവ് പൂത്തത്...മാമ്പൂ/മാതളം പൂത്തത്...മാതളപ്പൂ/മാനത്തു പൂത്തത് –നക്ഷത്രം /മനസ്സിൽ പൂത്തത് –സ്നേഹം’’ എന്ന പാട്ട് അധ്യാപിക കുട്ടികളെ പഠിപ്പിക്കുന്ന പാട്ടെന്ന നിലയിൽ മികച്ചതായി. പി. ലീല പാടിയ ‘‘കന്യാനന്ദന, നിൻ തിരുനാമമാണെൻ/ മനസ്പന്ദനമെന്നും/കണ്ണീർക്കണികകൾ കോർത്തതാണെൻ വിരൽ/എണ്ണുമീ ജപമണിമാല’’ എന്ന ക്രിസ്ത്യൻ ഭക്തിഗാനവും പി. ലീല തന്നെ പാടിയ ‘‘മനസ്സിനുള്ളിലെ മയിൽപ്പീലി മഞ്ചത്തിൽ/മയങ്ങും രാജകുമാരി –എൻ മധുര സ്വപ്നകുമാരീ /ഉണരൂ നീയുണരൂ’’ എന്ന പാട്ടും ‘അദ്ധ്യാപിക’യിൽ ഉണ്ടായിരുന്നു. ഒരു ചിത്രത്തിലെ എല്ലാ പാട്ടുകളും ഹിറ്റുകൾ ആക്കാൻ കഴിവുള്ള ദക്ഷിണാമൂർത്തിയുടെ പ്രതിഭ ‘അദ്ധ്യാപിക’യിൽ പൂർണമായി തെളിഞ്ഞു കണ്ടില്ല. എങ്കിലും യേശുദാസ് പാടിയ രണ്ടു പാട്ടുകളും കമുകറ പുരുഷോത്തമന്റെ ഒരു പാട്ടും ഹിറ്റുകളായി. യേശുദാസിന്റെ ‘‘സ്വപ്നസുന്ദരി...’’ തന്നെയായിരുന്നു ഏറ്റവും മുന്നിൽ. 1968 സെപ്റ്റംബർ 27ാം തീയതി പ്രദർശനമാരംഭിച്ച ‘അദ്ധ്യാപിക’ വമ്പിച്ച വിജയം നേടി. ‘കുലവിളക്ക്’ എന്ന പേരിൽ ഈ കഥ തമിഴിലും ചലച്ചിത്രമായി വന്നു.
(തുടരും)