പൗർണമിചന്ദ്രിക തൊട്ടുവിളിച്ചു പത്മരാഗം പുഞ്ചിരിച്ചു
അമ്പതുകളുടെ രണ്ടാം പകുതിയിൽ തുടങ്ങിയ പി. ഭാസ്കരൻ-ബാബുരാജ് മാജിക്കിന്റെ ശക്തിയും സൗന്ദര്യവും അറുപതുകളുടെ അവസാനമായപ്പോൾ കുറഞ്ഞുതുടങ്ങി. എന്താണ് കാരണം? അതിന് ഉത്തരം പറയുന്നതിനൊപ്പം ‘കൂട്ടുകുടുംബം’, ‘വിരുന്നുകാരി’, ‘റസ്റ്റ്ഹൗസ്’ സിനിമകളിലെ പാട്ടുകളെക്കുറിച്ചും എഴുതുന്നു.ഉദയാ സ്റ്റുഡിയോയിൽ എക്സെൽ പ്രൊഡക്ഷൻസിനു വേണ്ടി കുഞ്ചാക്കോ നിർമിച്ച ‘കൂട്ടുകുടുംബം’ എന്ന ചിത്രം...
Your Subscription Supports Independent Journalism
View Plansഅമ്പതുകളുടെ രണ്ടാം പകുതിയിൽ തുടങ്ങിയ പി. ഭാസ്കരൻ-ബാബുരാജ് മാജിക്കിന്റെ ശക്തിയും സൗന്ദര്യവും അറുപതുകളുടെ അവസാനമായപ്പോൾ കുറഞ്ഞുതുടങ്ങി. എന്താണ് കാരണം? അതിന് ഉത്തരം പറയുന്നതിനൊപ്പം ‘കൂട്ടുകുടുംബം’, ‘വിരുന്നുകാരി’, ‘റസ്റ്റ്ഹൗസ്’ സിനിമകളിലെ പാട്ടുകളെക്കുറിച്ചും എഴുതുന്നു.
ഉദയാ സ്റ്റുഡിയോയിൽ എക്സെൽ പ്രൊഡക്ഷൻസിനു വേണ്ടി കുഞ്ചാക്കോ നിർമിച്ച ‘കൂട്ടുകുടുംബം’ എന്ന ചിത്രം കെ.എസ്. സേതുമാധവൻ സംവിധാനം ചെയ്തു. കുഞ്ചാക്കോ നിർമിച്ച ചില ചിത്രങ്ങൾ എം. കൃഷ്ണൻ നായർ സംവിധാനം ചെയ്തിട്ടുണ്ടെങ്കിലും കെ.എസ്. സേതുമാധവന്റെ ഉദയാപ്രവേശം തികച്ചും പുതുമയായിരുന്നു.
തോപ്പിൽ ഭാസിയുടെ നാടകം അവലംബമാക്കി അദ്ദേഹംതന്നെ തിരനാടകവും സംഭാഷണവും എഴുതിയ സിനിമയായിരുന്നു ‘കൂട്ടുകുടുംബം’. പ്രേംനസീർ, സത്യൻ, ശാരദ, ഷീല, ഉഷാകുമാരി, കൊട്ടാരക്കര ശ്രീധരൻ നായർ, അടൂർ ഭാസി, എസ്.പി. പിള്ള, എൻ. ഗോവിന്ദൻകുട്ടി, മണവാളൻ ജോസഫ്, ആലുമ്മൂടൻ, അടൂർ ഭവാനി, അടൂർ പങ്കജം തുടങ്ങിയവർ അഭിനയിച്ചു.
‘കൂട്ടുകുടുംബം’ മികച്ച ഗാനങ്ങളാൽ സമൃദ്ധമായിരുന്നു. വയലാർ-ദേവരാജൻ ടീമിന്റെ ഗാനങ്ങൾ യേശുദാസ്, പി. സുശീല, വസന്ത എന്നിവരാണ് ആലപിച്ചത്. നാടൻശൈലിയിൽ ദേവരാജൻ ചിട്ടപ്പെടുത്തിയ ‘‘തങ്കഭസ്മക്കുറിയിട്ട തമ്പുരാട്ടീ’’ എന്ന് തുടങ്ങുന്ന സൂപ്പർഹിറ്റ് ഗാനം ഈ സിനിമയിലുള്ളതാണ്. യേശുദാസ് പാടിയ ഈ ഗാനം സുപ്രസിദ്ധമാണ്.
‘‘തങ്കഭസ്മക്കുറിയിട്ട തമ്പുരാട്ടീ -നിന്റെ/ തിങ്കളാഴ്ച നൊയമ്പിന്നു മുടക്കും ഞാൻ/ തിരുവില്വാമലയിൽ നേദിച്ചുകൊണ്ടുവരും/ ഇളനീർക്കുടമിന്നുടയ്ക്കും ഞാൻ...’’ ഈ വരികളും ഗാനത്തിലെ തുടർന്നുള്ള വരികളും യുവജനങ്ങളുടെ ഹൃദയം കവർന്നു. വരികളും ഈണവും ഒരുപോലെ ഹൃദ്യം. ‘‘വടക്കിനിത്തളത്തിൽ പൂജയെടുപ്പിനു/ വെളുപ്പാൻകാലത്തു കണ്ടപ്പോൾ/ മുറപ്പെണ്ണേ നിന്റെ പൂങ്കവിളിങ്കൽ ഞാൻ/ ഹരിശ്രീയെഴുതിയതോർമയില്ലേ -പ്രേമത്തിൻ/ ഹരിശ്രീയെഴുതിയതോർമയില്ലേ..?’’ തിരുവോണക്കാലത്തും മേടപ്പുലരിയിലും നടന്ന സമാനരംഗങ്ങൾ കൂടി ഓർമിപ്പിച്ചുകൊണ്ടാണ് ഈ പാട്ട് അവസാനിക്കുന്നത്.
പ്രണയത്തിൽപെട്ട് കുഴങ്ങുന്ന നായികയെ കളിയാക്കി അവളുടെ കൂട്ടുകാരിയോ അടുത്ത ബന്ധുവോ പാടുന്ന ഒരു പാട്ട് അക്കാലത്ത് പല ചിത്രങ്ങളിലും ഉണ്ടായിരുന്നു. ‘കൂട്ടുകുടുംബ’ത്തിലും അങ്ങനെയൊരു പാട്ടുണ്ട്. പി. സുശീലയും വസന്തയും ചേർന്നാണ് ഈ ഗാനം പാടിയിരിക്കുന്നത്. ‘‘സ്വപ്നസഞ്ചാരിണീ, നിന്റെ മനോരഥം/ സ്വർഗത്തിലോ ഭൂമിയിലോ..?’’ എന്ന ചോദ്യത്തിന് ‘‘സ്വർഗത്തിലല്ല, ഭൂമിയിലല്ല/ സങ്കൽപഗന്ധർവ ലോകത്തിൽ -ഒരു/ സങ്കൽപഗന്ധർവ ലോകത്തിൽ’’ എന്ന് മറുപടി പറയുന്നു. ഈ ഗാനം മുഴുവൻ ഇങ്ങനെ നിഗൂഢപ്രണയം നിറയുന്ന ചോദ്യോത്തരങ്ങളാണ്.
‘‘ഉത്സവപ്പന്തലിൽ കഥകളിയിന്നലെ/ രുക്മിണീ സ്വയംവരമായിരുന്നു/ നന്ദകുമാരന്റെ വേഷം കണ്ടിട്ട്/ നിന്മിഴിയെന്തേ നനഞ്ഞുപോയി?’’ അതിന് ഉത്തരമിങ്ങനെ: ‘‘വൃന്ദാവനത്തിലെ രാധയെ ഞാൻ/ അന്നേരമോർമിച്ചു നിന്നുപോയി...’’ വീണ്ടും ചോദ്യം. ‘‘മുറ്റത്തെ മുല്ലയിൽ മുഴുവനുമിന്നലെ/ പുഷ്പിണീ ലതികകളായിരുന്നു/ ദേവന് നൽകുവാൻ പൂവിനു പോയിട്ട്/ നീ വെറുംകൈയുമായ് തിരിച്ചുപോന്നു...’’ ഉത്തരം: ‘‘ആരാധനീയനായ് മറ്റൊരാളെ/ അന്നേരമോർമിച്ചു നിന്നുപോയി...’’ ബി. വസന്ത പാടിയ പ്രശസ്തമായ ഒരു ഗാനവും ‘കൂട്ടുകുടുംബ’ത്തിലുണ്ട്.
‘‘മേലേ മാനത്തെ നീലിപ്പുലയിക്ക്/ മഴ പെയ്താൽ ചോരുന്ന വീട്/ അവളെ സ്നേഹിച്ച പഞ്ചമിചന്ദ്രന്/ കനകം മേഞ്ഞൊരു നാലുകെട്ട്...’’ എന്നു തുടങ്ങുന്ന ഗാനം. വയലാർ എഴുതി ദേവരാജൻ ഈണം പകർന്ന ‘‘തെക്കുംകൂറടിയാത്തി തളിര് പുള്ളോത്തി സർപ്പം പാട്ടിനു പാടാൻ പോയ്...’’ എന്ന പ്രശസ്ത ഗാനത്തിനു ശേഷം വസന്ത എന്ന പാട്ടുകാരിക്ക് ലഭിച്ച വളരെ മികച്ച പാട്ടാണിത്. വസന്ത അത് മനസ്സിരുത്തി പാടുകയും ചെയ്തു.
യേശുദാസ് പാടിയ മറ്റൊരു നല്ല ഗാനം ‘‘ഇന്ദ്രനീല യവനിക ഞൊറിഞ്ഞു’’ എന്നു തുടങ്ങുന്നു. ഇതും ഏറെപ്പേർ ഇഷ്ടപ്പെടുന്ന പാട്ടാണ്. സൂപ്പർഹിറ്റുകളിൽ ഒന്ന് എന്നുതന്നെ പറയാം.
‘‘ഇന്ദ്രനീല യവനിക ഞൊറിഞ്ഞു/ ചന്ദ്രലേഖ മണിയറ തുറന്നു/ രജനീ ചൈത്രരജനീ -നിന്റെ/രഹസ്യകാമുകൻ വരുമോ...?’’ എന്നു തുടങ്ങുന്ന ഈ പാട്ടിലും കാവ്യഭംഗി തുളുമ്പുന്ന വരികളുണ്ട്. ‘‘അർധനഗ്നാംഗിയായ് അന്തപ്പുരത്തിൽ നീ/ അല്ലെങ്കിലെന്തിനായ് ഒരുങ്ങിനിന്നു/ കാറ്റത്തു കിളിവാതിൽ താനേ തുറന്നപ്പോൾ/ കൈകൊണ്ടു മാറിടം മറച്ചു... നീ/ കൈ കൊണ്ടു മാറിടം മറച്ചു...’’ എന്നിങ്ങനെ ഒഴുകുന്ന വരികൾ. പി. സുശീലയും സംഘവും പാടുന്ന ഒരു നൃത്തഗാനവും ‘കൂട്ടുകുടുംബ’ത്തിലുണ്ട്.
‘‘പരശുരാമൻ മഴുവെറിഞ്ഞു നേടിയതല്ല/ തിരകൾ വന്നു തിരുമുൽക്കാഴ്ച നൽകിയതല്ല/ മയിലാടും മലകളും പെരിയാറും സഖികളും/ മാവേലിപ്പാട്ടു പാടുമീ മലയാളം...’’ അങ്ങനെ വയലാർ-ദേവരാജൻ ടീമിന്റെ എല്ലാ പാട്ടുകളും ഹിറ്റുകളായ മറ്റൊരു സിനിമയായി ‘കൂട്ടുകുടുംബ’ത്തെ കണക്കാക്കാം. 1969 നവംബർ 18ന് കേരളത്തിൽ പ്രദർശനമാരംഭിച്ച ‘കൂട്ടുകുടുംബം’ എന്ന ചിത്രം നല്ല വിജയം നേടി.
ശാന്തശ്രീ പ്രൊഡക്ഷൻസിന്റെ ബാനറിൽ വേണു എന്ന സംവിധായകനും ശ്രീധർ എന്ന പങ്കാളിയും ചേർന്ന് നിർമിച്ച ‘വിരുന്നുകാരി’ എന്ന ചിത്രം കഥയും തിരക്കഥയുമെഴുതി വേണു സംവിധാനം ചെയ്തു. അഭിനേതാവും നാടകകൃത്തുമായ പി.ജെ.ആന്റണിയാണ് സംഭാഷണം എഴുതിയത്. വിരുന്നുകാരിയെ പോലെ ഒരു കുടുംബത്തിൽ വന്നുചേരുന്ന യുവതി പരിതഃസ്ഥിതികളുടെ സമ്മർദത്താൽ ആ കുടുംബത്തിന്റെ രക്ഷകയായി മാറുന്നു. ഒടുവിൽ അവളിൽനിന്ന് സഹായം നേടിയവർതന്നെ അവളുടെ ശത്രുവായി മാറുന്നു. ഇതാണ് ‘വിരുന്നുകാരി’യുടെ കഥ. ഷീലയാണ് ടൈറ്റിൽ റോളിൽ അഭിനയിച്ചത്. പ്രേംനസീർ നായകനായി. അംബിക, മധു, ജയഭാരതി, കെ.പി. ഉമ്മർ, പി.ജെ. ആന്റണി, ടി.എസ്. മുത്തയ്യ, ശങ്കരാടി, നെല്ലിക്കോട്ട് ഭാസ്കരൻ, ടി.ആർ. ഓമന തുടങ്ങിയവർ മറ്റു വേഷങ്ങൾ കൈകാര്യം ചെയ്തു.
പി. ഭാസ്കരൻ എഴുതിയ ഗാനങ്ങൾക്ക് എം.എസ്. ബാബുരാജ് ഈണം നൽകി. യേശുദാസ്, ജയചന്ദ്രൻ, പി. ലീല, എസ്. ജാനകി, സി.ഒ. ആന്റോ തുടങ്ങിയവർ പിന്നണിയിൽ പാടി. യേശുദാസ് പാടിയ ‘‘ചുമലിൽ സ്വപ്നത്തിൻ ശവമഞ്ചം ചുമക്കുന്ന/ ചുമട്ടുകാരീ കൊച്ചു ചുമട്ടുകാരീ/ ചിതയിൽ വെക്കുമ്പോഴും പിടയുന്നോ നിന്റെ/ ചിരകാലസുന്ദരവിഫലസ്വപ്നം’’ എന്നു തുടങ്ങുന്ന ഗാനം നായികയുടെ ഹൃദയവ്യഥ പൂർണമായും ഒപ്പിയെടുത്തു എന്നുതന്നെ പറയാം. ഗാനം ഇങ്ങനെ തുടരുന്നു: ‘‘സ്വന്തം ഹൃദയത്തിൻ ചുടുകാട്ടിൽ ആശാ-/ചന്ദനവിറകിനാൽ ചിതയൊരുക്കി/ ഉദകക്രിയയ്ക്കു നീ ഒരുങ്ങിയപ്പോൾ വീണ്ടും/ ഉയിർത്തെഴുന്നേൽക്കുന്നു നിന്റെ മോഹം...’’
വേണു സംവിധാനം ചെയ്ത പ്രഥമചിത്രമായ ‘ഉദ്യോഗസ്ഥ’യിൽ തുടങ്ങി എല്ലാ പടങ്ങളിലും ജയചന്ദ്രന് ഒരു ഗാനമെങ്കിലും നൽകുമായിരുന്നു. ‘വിരുന്നുകാരി’യിലും ജയചന്ദ്രൻ പാടി. ആ ഗാനമിതാണ്: ‘‘വാസന്തസദനത്തിൽ വാതായനങ്ങളിലെ/ വനപുഷ്പരാജകുമാരികളേ/ മത്സരിക്കേണ്ട സൗന്ദര്യമത്സരത്തിൽ/ മൽസഖിയോടിന്നു നിങ്ങളാരും.’’ പി. ലീല പാടിയ ഒരു മനോഹരഗാനം ഇങ്ങനെ തുടങ്ങുന്നു: ‘‘പോർമുലക്കച്ചയുമായ് ശയനവേഷത്തിൽ/ പാർവണചന്ദ്രികയിറങ്ങി വന്നു.../അമ്പിളിത്താലത്തിൽ താംബൂലമൊരുക്കി/ ചെമ്പകമലർമെത്ത നിവർത്തി/ ചന്ദനമണിയറവാതിൽ തുറന്നവൾ/ ഉമ്മറപ്പടി ചാരിയിരുന്നു -എന്തിനോ/ ഉമ്മറപ്പടി ചാരിയിരുന്നു.’’
മറ്റൊരു ഗാനംകൂടി പി. ലീല പാടിയിട്ടുണ്ട്. ആ ഗാനം ഇങ്ങനെ തുടങ്ങുന്നു: ‘‘അമ്പാടിപ്പെണ്ണുങ്ങളോടു പരിഭവിച്ചിറങ്ങി/അമ്പലപ്പുഴയിലും വന്നിരുന്നു കണ്ണൻ/ കദളിപ്പഴം നേദിച്ചു, കഴിച്ചില്ലാ -കൃഷ്ണൻ/ കൈ നിറയെ വെണ്ണ കൊടുത്തു -കഴിച്ചില്ല.’’
പി. ഭാസ്കരന്റെ മനോഹരമായ കൃഷ്ണസങ്കൽപങ്ങൾ ഇങ്ങനെ തുടരുന്നു: ‘‘വനമാല കഴുത്തിലിട്ടതു വലിച്ചെറിഞ്ഞു കണ്ണൻ/കനിവോലും കണ്ണിൽനിന്നും കനൽ ചൊരിഞ്ഞു/ ഇന്ദ്രനും ചന്ദ്രനും ബൃഹസ്പതിയും -പിന്നെ/ വിണ്ണിലെ ദേവന്മാരും വലഞ്ഞിതപ്പോൾ...’’
എസ്. ജാനകി പാടിയ ‘‘മുറ്റത്തെ മുല്ല തൻ മുത്താർക്കുമാലയിൽ/ മുത്തോ വൈരമോ മാണിക്യമോ/ മുത്തിയതും മണത്തതും ഞാനല്ല/ ഉത്രാടത്തുമ്പിയും കൂട്ടുകാരും...’’ എന്ന ഗാനവും മികച്ചതായിരുന്നു.
എസ്. ജാനകിയും സി.ഒ. ആന്റോയും ചേർന്നു പാടിയ ഒരു യുഗ്മഗാനവും ‘വിരുന്നുകാരി’യിൽ ഉണ്ടായിരുന്നു. ‘‘ഇന്നലെ ഞാനൊരു സ്വപ്നശലഭമായ് നിൻ/ കണ്മിഴി താമരയിൽ കടന്നു വന്നു/ അറിഞ്ഞുവോ സഖീ അറിഞ്ഞുവോ..?’’ എന്നു ഗായകൻ പാടുമ്പോൾ ഗായികയുടെ മറുപടിയിങ്ങനെ: ‘‘മാനസ മോഹത്തിൻ മകരന്ദ പാനപാത്രം/ മാരൻ ചുണ്ടു കൊണ്ടു നുകർന്നപ്പോൾ/ അറിഞ്ഞല്ലോ -ഞാനുണർന്നല്ലോ...’’
അമ്പതുകളുടെ രണ്ടാം പകുതിയിൽ തുടങ്ങിയ പി. ഭാസ്കരൻ-ബാബുരാജ് മാജിക്കിന്റെ ശക്തിയും സൗന്ദര്യവും അറുപതുകളുടെ അവസാനമായപ്പോൾ കുറഞ്ഞുതുടങ്ങി. എന്താണ് കാരണം? ദേവരാജനും പുകഴേന്തിയും ഭാസ്കരഗീതങ്ങൾക്കു മെച്ചപ്പെട്ട ഈണങ്ങൾ നൽകിത്തുടങ്ങി. ബാബുരാജ് തന്റെ സഹായിയായിരുന്ന ആർ.കെ. ശേഖറുമായി അകന്നു. ബാബുരാജ് പാട്ട് കമ്പോസ് ചെയ്യുമ്പോൾ തബല വായിക്കുന്ന ഭൈരവൻ എന്നയാളിന്റെ അനുജൻ ഡി.ബി. രാമചന്ദ്രനെ പുതിയ സഹായിയാക്കി. അയാൾക്ക് ഒരിക്കലും ആർ.കെ. ശേഖറിന്റെ വിടവ് നികത്താൻ കഴിഞ്ഞില്ല. ക്രമേണ എം.എസ്. ബാബുരാജിനെ ഭാസ്കരൻ മാസ്റ്ററും ഒഴിവാക്കാൻ തുടങ്ങി. കാലം മാറുന്നു; ബന്ധങ്ങളും മാറുന്നു.
1969 ഡിസംബർ 10ന് റിലീസ് ചെയ്ത ‘വിരുന്നുകാരി’ എന്ന സിനിമ ശരാശരി വിജയം നേടി. പാട്ടുകൾ മോശമായില്ല. പക്ഷേ പാട്ടുകളുടെ ഓർക്കസ്ട്രേഷനിൽ പഴയ സൗന്ദര്യം പ്രകടമായില്ല. ഒരു ഗാനംപോലും സൂപ്പർഹിറ്റ് ആയതുമില്ല. ഗണേഷ് പിക്ചേഴ്സിനു വേണ്ടി കെ.പി. കൊട്ടാരക്കര കഥയും സംഭാഷണവുമെഴുതി നിർമിച്ച ‘റസ്റ്റ് ഹൗസ്’ എന്ന ചിത്രം സംഗീതപ്രധാനമായിരുന്നു. പ്രേംനസീർ, ഷീല, കെ.പി. ഉമ്മർ, അടൂർ ഭാസി, രാഘവൻ, വിൻസന്റ്, മീന, ശ്രീലത, ഫ്രണ്ട് രാമസ്വാമി, കോട്ടയം ചെല്ലപ്പൻ, പറവൂർ ഭരതൻ, മോഹൻ (കുഞ്ചൻ) തുടങ്ങിയവർ അഭിനയിച്ചു. അടൂർ ഭാസി ‘റസ്റ്റ് ഹൗസി’ൽ ഇരട്ട വേഷങ്ങളിൽ പ്രത്യക്ഷപ്പെട്ടു. കോളജ് പ്രഫസറായ അമ്മാവനും വിദ്യാർഥിയായ അനന്തരവനും. ‘കറുത്ത പൗർണമി’ എന്ന ഒരേയൊരു ചിത്രത്തിൽ മാത്രം സംഗീതസംവിധായകനായി പ്രവർത്തിച്ചതിനു ശേഷം കാളിദാസ കലാകേന്ദ്രത്തിൽ പരവൂർ ജി. ദേവരാജന്റെ കീഴിൽ ഹാർമോണിസ്റ്റ് ആയി പ്രവർത്തിച്ചുകൊണ്ടിരുന്ന എം.കെ. അർജുനനെ ഈ ലേഖകന്റെ ശിപാർശപ്രകാരമാണ് കെ.പി. കൊട്ടാരക്കരയും സംവിധായകൻ ശശികുമാറും ‘റസ്റ്റ് ഹൗസ്’ എന്ന സിനിമയിൽ സംഗീതസംവിധായകനാക്കിയത്.
‘‘പൗർണമിചന്ദ്രിക തൊട്ടുവിളിച്ചു/ പത്മരാഗം പുഞ്ചിരിച്ചു/ അഴകേ നിൻ ചിരി തൊട്ടുവിളിച്ചു/ ആശാലതികകൾ പുഞ്ചിരിച്ചു’’ എന്ന ഗാനമാണ് ശ്രീകുമാരൻ തമ്പി എഴുതി എം.കെ. അർജുനൻ ഈണം പകർന്ന ആദ്യ ഗാനം. യേശുദാസ് ആണ് ആ ഗാനം പാടിയത്. ‘റസ്റ്റ്ഹൗസി’ലെ എല്ലാ പാട്ടുകളും ഹിറ്റുകളായി. യേശുദാസ് തന്നെ പാടിയ ‘‘പാടാത്ത വീണയും പാടും/ പ്രേമത്തിൻ ഗന്ധർവ വിരൽ തൊട്ടാൽ പാടാത്ത/ മാനസവീണയും പാടും’’ എന്ന പാട്ടും ‘‘മുത്തിലും മുത്തായ മണിമുത്തു കിട്ടി/ മുത്തം തരാനൊരു മരതകം കിട്ടി/ ചിത്രമനോഹര സ്വപ്നങ്ങളെന്റെ/ ചിത്തത്തിലെഴുതുവാൻ ഭാവന കിട്ടി’’ എന്ന പാട്ടും ജയചന്ദ്രനും എസ്. ജാനകിയും ചേർന്നു പാടിയ ‘‘യമുനേ യമുനേ യദുകുലരതിദേവനെവിടെ/ നീലപ്പീലി തിരുമുടിയെവിടെ/നിറകാൽ തളമേളമെവിടെ...’’ എന്ന യുഗ്മഗാനവും ജയചന്ദ്രനും സംഘവും പാടിയ ‘‘ശിൽപികൾ നമ്മൾ, ഭാരത ശിൽപികൾ നമ്മൾ/ ഉണരും നവയുഗ വസന്തവാടിയിൽ/ വിടർന്ന പുഷ്പങ്ങൾ’’ എന്നാരംഭിക്കുന്ന ദേശീയോദ്ഗ്രഥന ഗാനവും മാത്രമല്ല കോളജ് വിദ്യാർഥികളും വിദ്യാർഥിനികളും പരസ്പരം കളിയാക്കി പാടുന്ന പാട്ടുകൾപോലും ഹിറ്റുകളായി.
‘‘മാനക്കേടായല്ലോ നാണക്കേടായല്ലോ/ മാളികപ്പുറത്തമ്മമാരേ’’ എന്ന് ആൺകുട്ടികളും (ജയചന്ദ്രനും സംഘവും) ‘‘മാനക്കേടായല്ലോ നാണക്കേടായല്ലോ/ കാലു തെറ്റിയ കൊമ്പന്മാരേ’’ എന്ന് പെൺകുട്ടികളും (പി. ലീലയും സംഘവും) പാടുന്നു. എസ്. ജാനകി പാടുന്ന ‘‘വസന്തമേ വാരിയെറിയൂ/ വർണമോഹരാജികൾ/ ഹൃദന്തമേ വാരിയണിയൂ/ സ്വർണമോഹമാലകൾ’’ എന്ന ഗാനവും സി.ഒ. ആന്റോ പാടിയ ‘‘വിളക്കെവിടെ, വിജനതീരമേ/ വിളക്കെവിടെ/ വീണടിയും കൂരിരുളിൽ/ കരയുന്നു... ഭൂമി കരയുന്നു...’’ എന്ന ഗാനവുമാണ് ‘റസ്റ്റ് ഹൗസി’ലെ മറ്റു രണ്ടു പാട്ടുകൾ.
‘റസ്റ്റ് ഹൗസ്’ എന്ന സിനിമയിലൂടെ ശ്രീകുമാരൻ തമ്പി-അർജുനൻ ടീം ജനിച്ചു. 1969 ഡിസംബർ 18ന് പുറത്തുവന്ന ‘റസ്റ്റ് ഹൗസ്’ എന്ന ചിത്രം വമ്പിച്ച പ്രദർശന വിജയം നേടി.
(തുടരും)