പ്രിയസഖി ഗംഗേ, പറയൂ പ്രിയമാനസനെവിടെ..?
മലയാളത്തിലെ മികച്ച സിനിമയായി സംസ്ഥാന സർക്കാർ ആദ്യം തിരഞ്ഞെടുത്ത ‘കുമാരസംഭവം’ എന്ന സിനിമയിലെ പാട്ടുവിശേഷങ്ങൾ പങ്കുവെക്കുന്നു. ഒപ്പം ‘മൂടൽമഞ്ഞ്’ എന്ന സിനിമയിലെ പാട്ടിനെക്കുറിച്ചും എഴുതുന്നു.1969ൽ ആണ് നമ്മുടെ സംസ്ഥാന സർക്കാർ സിനിമാ അവാർഡുകൾ ഏർപ്പെടുത്തിയത്. ആ വർഷത്തെ മികച്ച മലയാള സിനിമയായി തിരഞ്ഞെടുക്കപ്പെട്ടത് നീലാ പ്രൊഡക്ഷൻസിനു വേണ്ടി പി....
Your Subscription Supports Independent Journalism
View Plansമലയാളത്തിലെ മികച്ച സിനിമയായി സംസ്ഥാന സർക്കാർ ആദ്യം തിരഞ്ഞെടുത്ത ‘കുമാരസംഭവം’ എന്ന സിനിമയിലെ പാട്ടുവിശേഷങ്ങൾ പങ്കുവെക്കുന്നു. ഒപ്പം ‘മൂടൽമഞ്ഞ്’ എന്ന സിനിമയിലെ പാട്ടിനെക്കുറിച്ചും എഴുതുന്നു.
1969ൽ ആണ് നമ്മുടെ സംസ്ഥാന സർക്കാർ സിനിമാ അവാർഡുകൾ ഏർപ്പെടുത്തിയത്. ആ വർഷത്തെ മികച്ച മലയാള സിനിമയായി തിരഞ്ഞെടുക്കപ്പെട്ടത് നീലാ പ്രൊഡക്ഷൻസിനു വേണ്ടി പി. സുബ്രഹ്മണ്യം നിർമിച്ച ‘കുമാരസംഭവം’ എന്ന ഈസ്റ്റ്മാൻ കളർ ചിത്രമാണ്. പി. സുബ്രഹ്മണ്യം തന്നെയാണ് ചിത്രത്തിന്റെ സംവിധാനം നിർവഹിച്ചതും. വിശ്വമഹാകവിയായ കാളിദാസന്റെ ഇതേ പേരിലുള്ള കൃതിയെ അടിസ്ഥാനമാക്കി നിർമിച്ച ഈ സിനിമക്ക് നാഗവള്ളി ആർ.എസ്. കുറുപ്പ് തിരക്കഥയും സംഭാഷണവും തയാറാക്കി. ചിത്രത്തിൽ അനവധി ഗാനങ്ങൾ ഉണ്ടായിരുന്നു. ബാലമുരളി എന്ന തൂലികാനാമത്തിൽ ഒ.എൻ.വി. കുറുപ്പും വയലാർ രാമവർമയും ‘കുമാരസംഭവ’ത്തിനു വേണ്ടി പാട്ടുകൾ എഴുതി. ഈ ഗാനങ്ങൾക്ക് പരവൂർ ജി. ദേവരാജൻ സംഗീതം നൽകി. പാട്ടുകളുടെ ഉയർന്ന നിലവാരംകൊണ്ടുകൂടി കൂടുതൽ ശ്രദ്ധേയമായിത്തീർന്ന സിനിമയാണ് ‘കുമാരസംഭവം’.
പിതാവായ ദക്ഷന്റെ യാഗശാലയിൽ ആത്മാഹുതിചെയ്ത സതിയിൽ തുടങ്ങി ശിവന്റെയും പാർവതിയുടെയും പുത്രനായി പിറന്ന കുമാരൻ (സുബ്രഹ്മണ്യൻ) താരകാസുരനിഗ്രഹം നടത്തുന്നതു വരെയുള്ള സംഭവങ്ങളാണ് ഈ പുരാണചിത്രം പറയുന്നത്. വിവാഹത്തിനുശേഷം അമേരിക്കയിൽ സ്ഥിരതാമസമാക്കിയ പ്രഗല്ഭ നടിയും നർത്തകിയുമായ പത്മിനി ഒരു നീണ്ട ഇടവേളക്കുശേഷം വീണ്ടും പാർവതിയുടെ വേഷം അഭിനയിക്കാനായി കേരളത്തിൽ വന്നു. പ്രശസ്ത തമിഴ് നടനായ ജെമിനി ഗണേശൻ പരമശിവന്റെ വേഷത്തിൽ അഭിനയിച്ചു. മുരുകനായി അഭിനയിച്ചത് അന്ന് ബാലനടിയായി എല്ലാ തെന്നിന്ത്യൻ ഭാഷാചിത്രങ്ങളിലും അഭിനയിച്ചിരുന്ന ബേബി ശ്രീദേവിയാണ്. ബാലന്റെ വേഷത്തിൽ ബാലിക അഭിനയിക്കുന്നത് അക്കാലത്ത് പതിവായിരുന്നു. ഈ ബേബി ശ്രീദേവിതന്നെയാണ് പിൽക്കാലത്ത് ഇന്ത്യയിലെ പ്രശസ്ത നടിയായി വളർന്ന് ഹിന്ദി സിനിമാലോകംവരെ കീഴടക്കിയ സാക്ഷാൽ ശ്രീദേവി. തിക്കുറിശ്ശി സുകുമാരൻ നായർ, കൊട്ടാരക്കര ശ്രീധരൻ നായർ, ടി.കെ. ബാലചന്ദ്രൻ, രാജശ്രീ, ശ്രീവിദ്യ, ആറന്മുള പൊന്നമ്മ, പങ്കജവല്ലി, അടൂർ പങ്കജം, ജോസ് പ്രകാശ്, എസ്.പി. പിള്ളതുടങ്ങിയവരും ‘കുമാരസംഭവ’ത്തിൽ അഭിനയിച്ചു.
കാളിദാസവിരചിതമായ ‘‘അസ്ത്യുത്തരസ്യാം ദിശി ദേവതാത്മാ/ ഹിമാലയോ നാമ നഗാധിരാജ/ പൂർവാ പരൗ തോയനിധീം വഗാഹ്യ/ സ്ഥിതഃപൃഥിവ്യാ ഇവ മാനദണ്ഡഃ’’ എന്ന ശ്ലോകം യേശുദാസ് പാടി. വയലാർ എഴുതിയ ‘‘ഓംകാരം ഓംകാരം ഓംകാരം/ ആദിമമന്ത്രം അനശ്വരമന്ത്രം/ നാദബ്രഹ്മ ബീജാക്ഷരമന്ത്രം/ ഓരോ ജീവകണത്തിന്നുള്ളിലും/ ഒളിയായ്, ഒലിയായ്,/ ഉണ്മയായ് നന്മയായ്/ ഉണരും ചിദാനന്ദ മന്ത്രം/ പ്രപഞ്ചസൃഷ്ടിസ്ഥിതിലയമന്ത്രം/ പുനരുജ്ജീവനമന്ത്രം’’ എന്ന ഗാനവും യേശുദാസ് തന്നെയാണ് പാടിയത്. യേശുദാസ് പാടിയ മറ്റൊരു ഗാനം ‘‘പൊൽത്തിങ്കൾക്കല പൊട്ടുതൊട്ട ഹിമവൽശൈലാഗ്ര ശൃംഗത്തിൽ...’’ എന്നാരംഭിക്കുന്നു. ഈ ഗാനം ഒ.എൻ.വിയാണ് രചിച്ചത്. രചനകൊണ്ടും ഈണംകൊണ്ടും മുൻനിരയിൽ നിൽക്കുന്നു ഈ ഗാനം.
‘‘പൊൽത്തിങ്കൾക്കല പൊട്ടുതൊട്ട ഹിമവൽ/ ശൈലാദ്രിശൃംഗത്തിൽ/ വെൺകൊറ്റക്കുട പോൽ വിടർന്ന/ വിമലാകാശാന്തരംഗങ്ങളിൽ/ നൃത്യധൂർജടി ഹസ്തമാർന്ന തുടിതൻ/ ഉത്താള ഡുംഡും രവം/ തത്ത്വത്തിൻ പൊരുളാലപിപ്പൂ മധുരം/ സത്യം-ശിവം-സുന്ദരം...’’
ഈ വിരുത്തത്തിനു ശേഷം പാട്ട് ഇങ്ങനെ തുടരുന്നു: ‘‘സത്യശിവസൗന്ദര്യങ്ങൾ തൻ/ ഭദ്രപീഠമീ ശൈലം -ശിവശൈലം/ ആദിയുഷസ്സു വിടർന്നു -ഇവിടെ/ ആദിമനാദതരംഗമുണർന്നു.../ പ്രപഞ്ചദർശന മൂല്യങ്ങൾ തൻ/ പ്രഭാതദീപമുണർന്നു -ഉണർന്നു...’’ പി. സുശീലയും സംഘവും പാടിയ ‘‘നല്ല ഹൈമവതഭൂമിയിൽ വസന്ത/ നന്ദിനിമാർ വന്നു -മലർ/ നന്ദിനിമാർ വന്നു.../ സ്വർണപരാഗം നിറുകയിലണിയും/ സുന്ദരിമാർ വന്നു -സുമ/ സുന്ദരിമാർ വന്നു...’’ എന്ന ഗാനത്തിന്റെ രചനയും ഒ.എൻ.വി. കുറുപ്പിന്റേതാണ്.
അദ്ദേഹംതന്നെ എഴുതി മാധുരി പാടിയ ‘‘പ്രിയസഖി ഗംഗേ പറയൂ/ പ്രിയമാനസനെവിടെ/ ഹിമഗിരിശൃംഗമേ പറയൂ/ എൻ പ്രിയതമനെവിടെ’’ എന്നു തുടങ്ങുന്ന പാട്ടും വളരെ പ്രശസ്തമാണ്. രേണുക എന്ന ഗായിക പാടിയ ‘‘എല്ലാം ശിവമയം ശക്തിമയം/ കല്ലും കളഭവും കാഞ്ചനവും/ എല്ലാം ശിവമയം ശക്തിമയം/ അല്ലും പകലും അനന്തതയും/ ഓരോ പൂവും വിരിയുമ്പോളതിൽ/ ഓംകാരപ്പൊരുൾ ഉണരുന്നു/ ഓരോ കിളിയും പാടുമ്പോൾ ശിവ-/ പൂജാമണികൾ കിലുങ്ങുന്നു’’ എന്നു തുടങ്ങുന്ന പാട്ടും ഒ.എൻ.വിയുടെ രചന തന്നെ.
ഒ.എൻ.വി എഴുതിയ ‘‘മായാനടന വിഹാരിണീ/ മാനസമോഹനരൂപിണീ/ മാരവികാര തരംഗിണീ/ മദനനൊരുക്കിയ പൂക്കണി/ ഉർവശി ഞാൻ/ മേനക ഞാൻ സ്വർവധൂമണികൾ ഞങ്ങൾ...’’ എന്ന നൃത്തഗാനം പി. ലീലയും രാധാജയലക്ഷ്മിയും ചേർന്നു പാടി. ചിത്രത്തിൽ അവശേഷിക്കുന്ന ഒ.എൻ.വിയുടെ മറ്റൊരു രചന ഇങ്ങനെ തുടങ്ങുന്നു: ‘‘ശൈലനന്ദിനി നീയൊരു പൂജാ-/ മന്ത്രതരംഗിണിയായി -അനുരാഗ/ മന്ത്രതരംഗിണിയായി.../ അമ്പിളി ചൂടും തമ്പുരാനൊരു/ തുമ്പപ്പൂക്കണിയായി...’’ ഈ പാട്ടിലെ ചരണങ്ങളും നന്നായിട്ടുണ്ട്. അവയിൽ ഒരെണ്ണം ഇങ്ങനെ: ‘‘പുണ്യവാഹിനി മന്ദാകിനി പൂ-/ കുമ്പിളിൽ നൽകിയ തീർഥവുമായ്/ ദേവനിരിക്കും താഴ്വരനിഴലിൽ/ പൂജാരിണിയായ് വന്നു -ശിവപദ/ പൂജാരിണിയായ് വന്നു...’’ യേശുദാസും ബി. വസന്തയും ചേർന്നു പാടിയ പാട്ടാണിത്.
വയലാർ എഴുതിയ ‘‘ഇന്ദുകലാമൗലി തൃക്കയ്യിലോമനിക്കും/ സ്വർണമാൻപേടയെന്റെ സഖിയായി/ കന്മദം മണക്കുമീ കൈലാസത്തിലെ/ കല്ലോലിനിയുമെന്റെ സഖിയായി’’ എന്നു തുടങ്ങുന്ന ഗാനം പാടിയത് മാധുരിയാണ്. വയലാർ എഴുതിയ ‘‘ശരവണപൊയ്കയിൽ അവതാരം -ശ്രീ/ ശിവപഞ്ചാക്ഷര തേജസാരം/ മുരുകാ... ശ്രീമുരുകാ/ മൂവുലകിന്നു നീയാധാരം...’’ എന്ന ഗാനം പി. ലീലയും കമുകറ പുരുഷോത്തമനും ചേർന്നാണ് പാടിയത്. കുമാരന്റെ വിവിധ ലീലകൾ വർണിക്കുന്ന ഈ പാട്ട് സാമാന്യം ദൈർഘ്യമുള്ളതാണ്. താരകാസുരവധവും വള്ളീപരിണയവുമൊക്കെ കടന്നുവരുന്ന പാട്ടാണിത്.
എം.ജി. രാധാകൃഷ്ണനും ബി. വസന്തയും ചേർന്നു പാടിയ ‘‘മല്ലാക്ഷീമണിമാരിൽ/ ഉന്മാദമുണർത്തുവാൻ/ മല്ലീശരന്റെ വില്ലിൽ മണി കിലുങ്ങി/ പുത്തിലഞ്ഞിമരത്തിന്മേൽ/ പുഷ്പിണികൾ വള്ളികൾ/ മുത്തണിമൂല ചേർത്തു പുണർന്നുറങ്ങി’’ എന്ന ഗാനവും വയലാറിന്റെ രചനയാണ്.
മികച്ച സിനിമക്കുള്ള ആദ്യത്തെ സംസ്ഥാന അവാർഡ് ‘കുമാരസംഭവം’ നേടി. മികച്ച സംവിധായകനുള്ള പുരസ്കാരം പി. സുബ്രഹ്മണ്യത്തിനു ലഭിച്ചു. മികച്ച സംഗീതസംവിധായകനായി ജി. ദേവരാജൻ തിരഞ്ഞെടുക്കപ്പെട്ടു. മികച്ച പിന്നണിഗായികക്കുള്ള പുരസ്കാരം ഈ ചിത്രത്തിലെ ആലാപനത്തിന് പി. ലീലയും നേടി. 1969 ഡിസംബർ 25ന് തിയറ്ററുകളിൽ എത്തിയ ‘കുമാരസംഭവം’ എന്ന പുരാണചിത്രം വമ്പിച്ച പ്രദർശനവിജയം നേടിയെടുത്തു. തമിഴിലേക്കും തെലുങ്കിലേക്കും ഭാഷാമാറ്റം നടത്തി ചിത്രം തമിഴ്നാട്ടിലും ആന്ധ്രയിലും പ്രദർശിപ്പിച്ചു.
ബോംബെ പ്രവർത്തനമേഖലയാക്കിയ സുദിൻ മേനോൻ സംവിധാനം ചെയ്ത മലയാള ചിത്രമാണ് ‘മൂടൽമഞ്ഞ്’. വി.എസ് പിക്ചേഴ്സിന് വേണ്ടി വി.എസ്. നായർ നിർമിച്ച ഈ സിനിമയുടെ ഛായാഗ്രാഹകനും നിർമാതാവ് തന്നെയായിരുന്നു. പ്രേംനസീർ, ഷീല, ജി.കെ. പിള്ള, അടൂർ ഭാസി, മധുബാല, ടി.ആർ. ഓമന തുടങ്ങിയവർ അഭിനയിച്ച ഈ ചിത്രത്തിലൂടെ ഹിന്ദി സിനിമാസംഗീതത്തിലെ സ്ത്രീശക്തിയായി അറിയപ്പെട്ടിരുന്ന ഉഷാഖന്ന മലയാള സിനിമയിൽ വന്നു. പി. ഭാസ്കരൻ ഉഷാഖന്ന നൽകിയ ഈണങ്ങൾക്കനുസരിച്ച് ഗാനങ്ങൾ എഴുതി. ‘മൂടൽമഞ്ഞി’ലെ എല്ലാ പാട്ടുകളും സൂപ്പർഹിറ്റുകളായി. യേശുദാസ്, എസ്. ജാനകി, ബി. വസന്ത എന്നിവരാണ് ഗാനങ്ങൾ പാടിയത്.
യേശുദാസ് പാടിയ ‘‘നീ മധു പകരൂ മലർ ചൊരിയൂ/ അനുരാഗപൗർണമിയേ.../ നീ മായല്ലേ മറയല്ലേ/ നീലനിലാവൊളിയേ’’ എന്ന ഗാനം കേൾക്കാത്ത മലയാളികളുണ്ടാകുമോ..? ആ ലളിതമനോഹരമായ ഭാസ്കരഗീതം ഇങ്ങനെ തുടരുന്നു: ‘‘മണിവിളക്കു വേണ്ട, മുകിൽ കാണേണ്ട/ ഈ പ്രേമസല്ലാപം/ കളി പറഞ്ഞിരിക്കും കിളി തുടങ്ങിയല്ലോ/ തൻ രാഗസംഗീതം/ ഇരു കരളുകളിൽ വിരുന്നു വന്നു/ മായാത്ത മധുമാസം.../ നീ മായല്ലേ മറയല്ലേ/ നീലനിലാവൊളിയേ...’’ ഉഷാഖന്നയുടെ ഈണവുമായി പദാനുപദം ലയിച്ചു ചേരുന്നുണ്ട് പി. ഭാസ്കരന്റെ വരികൾ.
എസ്. ജാനകി പാടിയ ‘‘ഉണരൂ വേഗം നീ സുമറാണീ/ വന്നൂ നായകൻ/ പ്രേമത്തിൻ മുരളീഗായകൻ/ മലരേ തെന്മലരേ... മലരേ/ വന്നൂ പൂവണിമാസം/ വന്നൂ സുരഭില മാസം/ തൻ തംബുരു മീട്ടീ കുരുവി/ താളം കൊട്ടി അരുവി/ ആശകളും ചൂടി വരവായ്/ ശലഭം വന്നു പോയ്/ ആനന്ദഗീതാമോഹനൻ.../ മലരേ തേന്മലരേ... മലരേ...’’ എസ്. ജാനകി തന്നെ പാടിയ മറ്റൊരു ഗാനം ഇങ്ങനെ തുടങ്ങുന്നു:
‘‘മാനസമണിവേണുവിൽ/ ഗാനം പകർന്നൂ ഭവാൻ/ മായാത്ത സ്വപ്നങ്ങളാൽ/ മണിമാല ചാർത്തി മനം.../ മാനസമണിവേണുവിൽ.../ ഗാനം പകർന്നൂ ഭവാൻ/ പ്രേമാർദ്രചിന്തകളാൽ/ പൂമാല തീർക്കും മുമ്പേ/ പൂജാഫലം തരുവാൻ/ പൂജാരി വന്നു മുമ്പിൽ...’’ ഒരു ദുഃഖഗാനംകൂടി ‘മൂടൽമഞ്ഞി’ന് വേണ്ടി എസ്. ജാനകി പാടിയിട്ടുണ്ട്. ‘‘മുകിലേ.../ വിണ്ണിലായാലും കണ്ണീരു തൂകും നീ/ ഓ...മുകിലേ/ സുന്ദരവാനിൽ നന്ദനം വാടി/ നിന്നുടെ വെണ്മതി വേഷം മാറി/ സ്വപ്നം വെറുതേ/ സ്വർഗമതും വെറുതേ...’’ എന്നിങ്ങനെ തുടരുന്ന ഈ ഗാനവും ഒട്ടും മോശമല്ല.
ബി. വസന്തയും സംഘവും പാടിയ ‘‘കവിളിലെന്തേ കുങ്കുമം/ കണ്ണിലെന്തേ സംഭ്രമം/ മണ്ഡപത്തിൽ മാരനെത്തി/ മാലയിടാറാകുമ്പോൾ’’ എന്ന പാട്ടാണ് ‘മൂടൽമഞ്ഞി’ലെ മറ്റൊരു വ്യത്യസ്ത ഗാനം. ‘‘മണിയറയിൽ തോഴിമാർ/ കള്ളി നിന്നെ തള്ളിടും/ കളി പറയും കാമുകൻ/ കാതിൽ ചൊല്ലും മെല്ലെ മെല്ലെ...’’ എന്നിങ്ങനെ തുടരുന്ന ഈ കളിയാക്കൽ പാട്ടിനും അതിന്റേതായ സൗന്ദര്യം ഉണ്ടായിരുന്നു.
‘മൂടൽമഞ്ഞി’ലെ എല്ലാ പാട്ടുകളും ഹിറ്റുകളായിട്ടും എന്തുകൊണ്ടോ ഉഷാഖന്ന പിന്നെ ഒരിക്കലും മലയാള സിനിമയിൽ പ്രവർത്തിക്കുകയുണ്ടായില്ല. അത് തീർച്ചയായും ഒരു നഷ്ടം തന്നെ.
1970 പുതുവർഷത്തിലെ ആദ്യ ചിത്രമായി ജനുവരി നാലിന് തിയറ്ററുകളിൽ എത്തിയ ‘മൂടൽമഞ്ഞ്’ ശരാശരി വിജയം നേടി. പാട്ടുകൾ തന്നെയായിരുന്നു ‘മൂടൽമഞ്ഞി’ലെ പ്രധാന ആകർഷണഘടകം.
പ്രശസ്ത നോവലിസ്റ്റായ ഉറൂബിന്റെ ‘മിണ്ടാപ്പെണ്ണ് ’ എന്ന നോവലിനെ ആധാരമാക്കി അദ്ദേഹംതന്നെ തിരനാടകവും സംഭാഷണവും എഴുതി, അമ്പിളി ഫിലിംസിനുവേണ്ടി വി.എം. ശ്രീനിവാസൻ നിർമിച്ച ചിത്രമാണ് 1970 ജനുവരി 23ന് കേരളത്തിലെ പ്രധാന തിയറ്ററുകളിൽ റിലീസ്ചെയ്ത ‘മിണ്ടാപ്പെണ്ണ്’ എന്ന ചിത്രം. കെ.എസ്. സേതുമാധവൻ സംവിധാനംചെയ്ത ചിത്രത്തിൽ പ്രേംനസീർ നായകനായി. ശാരദയും ഷീലയും പ്രധാന സ്ത്രീകഥാപാത്രങ്ങളായി അഭിനയിച്ചു. പ്രേംജി, ജി.കെ. പിള്ള, അടൂർഭാസി, ബഹദൂർ, ടി.ആർ. ഓമന, സുകുമാരി, പറവൂർ ഭരതൻ എന്നിവരായിരുന്നു മറ്റു നടീനടന്മാർ. യൂസഫലി കേച്ചേരി പാട്ടുകൾ എഴുതി. പരവൂർ ജി. ദേവരാജൻ സംഗീതസംവിധായകനായി. യൂസഫലിയും ദേവരാജനും ആദ്യമായി ഒരുമിച്ചു പ്രവർത്തിച്ച സിനിമയാണ് ‘മിണ്ടാപ്പെണ്ണ്’. യേശുദാസ്, പി. സുശീല, പി. ലീല, എസ്. ജാനകി, എൽ.ആർ. ഈശ്വരി, സി.ഒ. ആന്റോ എന്നിവർ ഗാനങ്ങൾ പാടി.
‘‘അനുരാഗം കണ്ണിൽ മുളയ്ക്കും’’ എന്നു തുടങ്ങുന്ന ഗാനവും ‘‘ഇണക്കിളീ...ഇണക്കിളീ’’ എന്നു തുടങ്ങുന്ന ഗാനവും യേശുദാസ് പാടി. ‘‘അനുരാഗം കണ്ണിൽ മുളയ്ക്കും/ ഹൃദയത്തിൽ വേരൂന്നി നിൽക്കും/ തങ്കക്കിനാവിൽ തളിർക്കും/ കല്യാണപ്പന്തലിൽ പൂക്കും’’ എന്ന പല്ലവി പതിവു ഗാനങ്ങളിൽനിന്നും അൽപം വ്യത്യസ്തമായിരുന്നു. പാട്ടിന്റെ ആദ്യത്തെ ചരണം ഇങ്ങനെ: ‘‘കണ്ണീരാൽ നിത്യം നനയ്ക്കും/ നെടുവീർപ്പാൽ വളമേകുമെന്നും/ കരിയാതെ വാടാതെ വളരും -എന്റെ/ കരളിലെ അനുരാഗവല്ലി...’’ അടുത്ത ചരണത്തിൽ കവി പറയുന്നു. ‘‘സൂര്യൻ വെറും ചാമ്പലായാലും/ സമുദ്രം മരുഭൂമിയായി തീർന്നാലും എന്റെ കരളിലെ അനുരാഗദീപം/ അണയാതെ നിൽക്കും...’’ എന്ന്. ഈ പ്രേമഗാനം ചിത്രത്തിനുവേണ്ടി പി. സുശീലയും പാടിയിട്ടുണ്ട്.
യേശുദാസിന്റെ രണ്ടാമത്തെ ഗാനം ഇങ്ങനെ: ‘‘ഇണക്കിളീ ഇണക്കിളീ -നിൻ/ നന്ദനവാടിയിൽ അണയുകയാണൊരു/ കനകവസന്തം രാഗവസന്തം.../ നിൻ മിഴിയിതളിൽ നീലാഞ്ജനമോ/പ്രണയകാവ്യമോ.../ പൂങ്കവിളിണയിൽ നറുകുങ്കുമമോ/ രാഗപരാഗമോ..?/ മധുവോ മലരോ ഇണക്കിളീ...’’ എസ്. ജാനകി ‘മിണ്ടാപ്പെണ്ണ്’ എന്ന ചിത്രത്തിനുവേണ്ടി രണ്ടു ഗാനങ്ങൾ പാടിയിട്ടുണ്ട്.
‘‘അമ്പാടിപ്പൈതലേ അന്പിന്റെ കാതലേ/ കാരുണ്യം പെയ്യുന്ന കാർമുകിലേ’’ എന്നു തുടങ്ങുന്ന ഗാനം. ഇങ്ങനെ തുടരുന്നു:
‘‘കരളാകും അവിൽപ്പൊതി കാൽത്തളിരിണയിൽ/ കാണിയ്ക്ക വെക്കാം ഞാൻ കണ്ണാ.../ നീയതു നുകരുകിൽ സഫലം ജന്മം/ നീലക്കാർവർണാ കണ്ണാ...’’ എസ്. ജാനകി പാടിയ രണ്ടാമത്തെ ഗാനവും മോശമായില്ല. ‘‘പൂമണിമാരന്റെ കോവിലിൽ/ പൂജക്കെടുക്കാത്ത പൂവ് ഞാൻ/ അനുരാഗമോഹനവീണയിൽ/ താളം പിഴച്ചൊരു ഗാനം ഞാൻ...’’ പാട്ടിലെ തുടർന്നുള്ള വരികൾക്കും ഭംഗി തെല്ലും കുറവില്ല. ‘‘മധുരപ്രതീക്ഷ തൻ മധുവൂറും ഗാനങ്ങൾ/ മനമേ നീയെന്തിനു പാടി..?/ മതിമറന്നിത്ര നാൾ മൗനാനുരാഗത്തിൻ/ മണിവീണയെന്തിനു മീട്ടി..?/ പി. ലീലയും സംഘവും പാടിയ ‘‘കണ്ടാൽ നല്ലൊരു പെണ്ണാണ്/ കനകം വിളയണ കരളാണ്/ പ്രണയക്കടലൊന്നുള്ളിലൊതുക്കിയ/ മിണ്ടാപ്പെണ്ണാണ്.../ അമ്പലക്കുളത്തിലെ ആമ്പൽപ്പൂവിന്/ തീർത്താലും തീരാത്ത ദാഹം/ മധുമാസചന്ദ്രനെ മാറോടു ചേർക്കാൻ/ മനസ്സിനുള്ളിൽ മോഹം...’’ എന്നിങ്ങനെ തുടരുന്ന ഗാനവും ശ്രദ്ധിക്കപ്പെട്ടു.
സി.ഒ. ആന്റോയും എൽ.ആർ. ഈശ്വരിയും പാടിയ ‘‘പ്രേമമെന്നാൽ കരളും കരളും കൈ മാറുന്ന കരാറ് കരാറ് തെറ്റി നടന്നാൽ പിന്നെ കാര്യം തകരാറ്/ കവിളിൽ പൂങ്കുല ചിന്നി/കണ്ണിൽ താമര മിന്നി/ ആടുക തെന്നിത്തെന്നി/ കരളേ നീയെൻ ജെന്നി...’’ എന്നിങ്ങനെ ഒരു ഹാസ്യഗാനവും ‘മിന്നാമിനുങ്ങി’ൽ ഉണ്ടായിരുന്നു. ‘മിന്നാമിനുങ്ങ്’ എന്ന ചിത്രത്തിന് വിമർശകരിൽനിന്ന് ഭേദപ്പെട്ട ചിത്രം എന്ന അഭിപ്രായം നേടാൻ കഴിഞ്ഞു. പക്ഷേ, ചിത്രം സാമ്പത്തികമായി വിജയം നേടിയില്ല. യൂസഫലിയും ദേവരാജനും ചേർന്നൊരുക്കിയ പാട്ടുകളിൽ രണ്ടുമൂന്നെണ്ണം പ്രേക്ഷകർ ഇഷ്ടപ്പെട്ടു. എന്നാൽ, അവ സൂപ്പർഹിറ്റുകളുടെ പട്ടികയിൽ എത്തിച്ചേരുകയുണ്ടായില്ല.
(തുടരും)