പിന്നണി ഗായകൻ സംഗീതം പകർന്നപ്പോൾ
വയലാറിന്റെ പാട്ടുകളിൽ ശാസ്ത്രവും വിശ്വാസവുമെല്ലാം പലവിധത്തിൽ ഇടകലർന്നിരുന്നു. ശാസ്ത്രവിജയങ്ങളെക്കുറിച്ച് എഴുതിയയാൾ പ്രാർഥനാഗീതങ്ങളും സിനിമകൾക്കായി എഴുതി. അതേക്കുറിച്ചും പിന്നണിഗായകനായ എ.എം. രാജ സംഗീത സംവിധായകനായതിനെക്കുറിച്ചും എഴുതുന്നു. കമ്യൂണിസ്റ്റ് ആശയങ്ങളോട് ആഭിമുഖ്യമുള്ള എഴുത്തുകാർ ചേർന്ന് 1936ൽതന്നെ അഖിലേന്ത്യാതലത്തിൽ പുരോഗമന സാഹിത്യസംഘം എന്ന സംഘടന രൂപവത്കരിക്കുകയുണ്ടായി. ഇതിന്റെ വെളിച്ചത്തിൽ അടുത്ത വർഷം...
Your Subscription Supports Independent Journalism
View Plansവയലാറിന്റെ പാട്ടുകളിൽ ശാസ്ത്രവും വിശ്വാസവുമെല്ലാം പലവിധത്തിൽ ഇടകലർന്നിരുന്നു. ശാസ്ത്രവിജയങ്ങളെക്കുറിച്ച് എഴുതിയയാൾ പ്രാർഥനാഗീതങ്ങളും സിനിമകൾക്കായി എഴുതി. അതേക്കുറിച്ചും പിന്നണിഗായകനായ എ.എം. രാജ സംഗീത സംവിധായകനായതിനെക്കുറിച്ചും എഴുതുന്നു.
കമ്യൂണിസ്റ്റ് ആശയങ്ങളോട് ആഭിമുഖ്യമുള്ള എഴുത്തുകാർ ചേർന്ന് 1936ൽതന്നെ അഖിലേന്ത്യാതലത്തിൽ പുരോഗമന സാഹിത്യസംഘം എന്ന സംഘടന രൂപവത്കരിക്കുകയുണ്ടായി. ഇതിന്റെ വെളിച്ചത്തിൽ അടുത്ത വർഷം തന്നെ, അതായത് 1937ൽ കേരളത്തിൽ ജീവൽസാഹിത്യ സമിതി രൂപംകൊണ്ടു. കേസരി ബാലകൃഷ്ണപിള്ളയുടെ ആശയങ്ങൾ ഇതിനു പ്രചോദനമായി. നാൽപതുകളിൽ പുരോഗമന സാഹിത്യ സംഘം കേരളത്തിലും ശക്തി നേടി. പി. കൃഷ്ണപിള്ള, ഇ.എം.എസ്. നമ്പൂതിരിപ്പാട്, പി. ഗോവിന്ദപ്പിള്ള, പി. ഭാസ്കരൻ, പൊൻകുന്നം വർക്കി, പി. കേശവദേവ്, തകഴി ശിവശങ്കരപ്പിള്ള, എം.എസ്. മേനോൻ, തായാട്ട് ശങ്കരൻ തുടങ്ങിയവരെല്ലാം ഈ സംഘടനയുടെ സജീവ പ്രവർത്തകർ ആയിരുന്നു. ഈ സംഘടനയിൽനിന്ന് സിനിമയിൽ എഴുത്തുകാരായി ആദ്യം പ്രവേശിച്ചവർ പി. ഭാസ്കരനും പൊൻകുന്നം വർക്കിയുമാണ്. മലയാള സിനിമക്കുവേണ്ടി തിരക്കഥയും സംഭാഷണവും എഴുതിയ ആദ്യത്തെ പുരോഗമന സാഹിത്യകാരനാണ് പൊൻകുന്നം വർക്കി. ‘ആശാദീപം’, ‘സ്നേഹസീമ’ തുടങ്ങിയ ചിത്രങ്ങൾക്ക് മാത്രമല്ല, കർഷകസമരം വിഷയമായ ‘നവലോകം’ എന്ന ചിത്രത്തിനും അദ്ദേഹമാണ് കഥയും സംഭാഷണവും രചിച്ചത്.
തോപ്പിൽ ഭാസി, എസ്.എൽ. പുരം സദാനന്ദൻ, കെ.ടി. മുഹമ്മദ് തുടങ്ങിയ എഴുത്തുകാർ മലയാള സിനിമയിൽ ഇടംപിടിക്കുകയും അംഗീകരിക്കപ്പെടുകയും ചെയ്തതോടെ പൊൻകുന്നം വർക്കിക്ക് അവസരങ്ങൾ കുറഞ്ഞു (ഇവരും കമ്യൂണിസ്റ്റ് സഹയാത്രികർ ആയിരുന്നു എന്നോർക്കുക). സാമാന്യം ദീർഘമായ ഇടവേളക്കുശേഷം അദ്ദേഹം വീണ്ടും തിരക്കഥാകൃത്തായി പ്രത്യക്ഷപ്പെട്ടത് എക്സൽ പ്രൊഡക്ഷൻസിനു വേണ്ടി ഉദയാ സ്റ്റുഡിയോയിൽ കുഞ്ചാക്കോ നിർമിച്ച ‘പേൾവ്യൂ’ എന്ന ചിത്രത്തിലൂടെയാണ്. പ്രേംനസീർ, ശാരദ, കൊട്ടാരക്കര ശ്രീധരൻ നായർ, പി.ജെ. ആന്റണി, കെ.പി. ഉമ്മർ, അടൂർ ഭാസി, അടൂർ ഭവാനി, എൻ. ഗോവിന്ദൻകുട്ടി, എസ്.പി. പിള്ള, മണവാളൻ ജോസഫ്, ആലുമ്മൂടൻ തുടങ്ങിയവർ അഭിനയിച്ച ‘പേൾവ്യൂ’ കുഞ്ചാക്കോതന്നെയാണ് സംവിധാനംചെയ്തത്. വയലാർ-ദേവരാജൻ ടീമിന്റെ അഞ്ചു ഗാനങ്ങൾ ‘പേൾവ്യൂ’ എന്ന സിനിമയിൽ ഉണ്ടായിരുന്നു. യേശുദാസ്, പി. സുശീല, ബി. വസന്ത, മാധുരി എന്നിവരായിരുന്നു ഗായകർ. ചിത്രത്തിലെ അഞ്ചു പാട്ടുകളിൽ മൂന്നെണ്ണം ഹിറ്റുകളായി.
യേശുദാസ് പാടിയ ‘‘തങ്കത്താഴികക്കുടമല്ല’’ എന്നാരംഭിക്കുന്ന ഗാനം ശാസ്ത്രപുരോഗതിയിൽ ആഹ്ലാദിക്കുകയും അത് തന്റെ രചനകളിൽ സന്നിവേശിപ്പിക്കുകയും ചെയ്യുന്ന വയലാർ രാമവർമയുടെ പുരോഗമന ചിന്താഗതിക്കു മകുടോദാഹരണമായി വർത്തിക്കുന്നു. ‘‘തങ്കത്താഴികക്കുടമല്ല/ താരാപഥത്തിലെ രഥമല്ല/ ചന്ദ്രബിംബം കവികൾ പുകഴ്ത്തിയ സ്വർണമയൂരമല്ല...’’ ചന്ദ്രനെക്കുറിച്ച് റഷ്യയും അമേരിക്കയും നടത്തിയ കണ്ടുപിടിത്തങ്ങളാണ് ഈ ഗാനം എഴുതാൻ വയലാറിനെ പ്രേരിപ്പിച്ചത്. ഗാനത്തിലെ തുടർന്നുള്ള വരികൾ ശ്രദ്ധിക്കുക, ‘‘കസ്തൂരിമാനില്ല കല്ലോലിനിയില്ല/ കൽപകത്തളിർമരത്തണലില്ല/ഏതോ വിരഹത്തിൻ ഇരുൾ വന്നു മൂടുന്നൊ/-രേകാന്ത ശൂന്യതയല്ലോ -അവിടെ-/ യൊരേകാന്ത ശൂന്യതയല്ലോ...’’ ‘‘ഇന്ദുലേഖേ ഇന്ദുലേഖേ/ ഇന്ദ്രസദസ്സിലെ നൃത്തലോലേ...’’ എന്നെഴുതിയ കവി തന്നെയാണ് കാൽപനികതയിൽനിന്ന് ഇറങ്ങിവന്ന് ഈ ശാസ്ത്രഭാഷ പാടുന്നതെന്ന് ഓർമിക്കുക. യേശുദാസും ബി. വസന്തയും ചേർന്ന് പാടുന്ന ‘‘യവനസുന്ദരീ...’’ എന്ന യുഗ്മഗാനവും വളരെ പ്രശസ്തമാണ്. ‘‘യവനസുന്ദരീ സ്വീകരിക്കുകീ/ പവിഴമല്ലികപ്പൂവുകൾ’’ എന്ന് ഗായകൻ പാടുമ്പോൾ ‘‘ജനിച്ചനാൾ മുതൽ സ്വീകരിക്കുവാൻ/ തപസ്സിരുന്നവളാണ് ഞാൻ -പ്രേമ/ തപസ്സിരുന്നവളാണ് ഞാൻ’’ എന്ന് നായികയുടെ മറുപടി.
‘‘അകലെ വീനസ്സിൻ രഥത്തിലും/ അമൃതവാഹിനീ തടത്തിലും/ വിരിഞ്ഞ പൂവിലും കൊഴിഞ്ഞ പൂവിലും/ തിരഞ്ഞു നിന്നെ ഞാനിതു വരെ...’’ എന്നിങ്ങനെ തുടർന്നുപോകുന്നു ഈ മനോഹരഗാനം. യേശുദാസും പി. മാധുരിയും പാടുന്ന ‘‘കൈതപ്പൂവിശറിയുമായ് കാറ്റേ കൂടെ വരൂ/ കടലും മലയും കുളിർ കോരും കാറ്റേ കൂടെ വരൂ...’’ എന്ന് തുടങ്ങുന്ന യുഗ്മഗാനവും വളരെ പ്രശസ്തമാണ്. ആ ഗാനം ഇങ്ങനെ തുടരുന്നു: ‘‘ഏഴു സമുദ്രത്തിന്നകലെ ഏഴാകാശത്തിനകലെ/ എദൻതോട്ടത്തിലൊരു നാളിൽ/ ആദവും ഹവ്വയും ആദ്യം ചൂടിയ/ പാതിരാമലരിറുത്തു തരൂ...’’
യേശുദാസും വസന്തയും സംഘവും പാടിയ പ്രാർഥാനാഗാനവും ശ്രദ്ധേയം. ‘‘വിശുദ്ധനായ സെബാസ്ത്യാനോസേ/ ഞങ്ങൾക്കു വേണ്ടി പ്രാർഥിക്കേണമേ/ പാപികൾ ഞങ്ങളെ പരിശുദ്ധരാക്കുവാൻ/ പണ്ട് നർദോനയിൽ ജനിച്ചവനേ/ പാവങ്ങൾ ഞങ്ങൾക്കു സ്വർഗരാജ്യം തരാൻ/ പീഡനമേറ്റു തളർന്നവനേ...’’ യേശുവിനെക്കുറിച്ചും മാതാവിനെക്കുറിച്ചുമുള്ള പ്രാർഥനാഗീതങ്ങൾ നമുക്ക് സുപരിചിതങ്ങളാണ്. എന്നാൽ, സെബാസ്ത്യാനോസിനെക്കുറിച്ചുള്ള ഗാനം സിനിമയിൽ അപൂർവമാണ്. 1970 ജനുവരി 30ന് പുറത്തുവന്ന ‘പേൾവ്യൂ’ എന്ന ചിത്രം തിയറ്ററുകളിൽ ഭേദപ്പെട്ട വിജയം നേടി. ഉദയാ ചിത്രങ്ങൾ പൊതുവെ പുലർത്തിവന്ന ഗാനങ്ങളുടെ ഉയർന്ന നിലവാരം ‘പേൾവ്യൂ’ എന്ന സിനിമയും നിലനിർത്തിയെന്നു പറയാം.
തമിഴിൽ വമ്പിച്ച പ്രദർശനവിജയം നേടിയ ‘പെണ്ണിൻ പെരുമൈ’ എന്ന സിനിമയുടെ കഥ അവലംബമാക്കി തമിഴ് നിർമാതാവായ എ.എൽ. ശ്രീനിവാസൻ മലയാളത്തിൽ നിർമിച്ച സിനിമയാണ് ‘സരസ്വതി’. ഈ ചിത്രം തിരക്കഥയും സംഭാഷണവും ഗാനങ്ങളും എഴുതി സംവിധാനംചെയ്തത് തിക്കുറിശ്ശി സുകുമാരൻ നായരാണ്. വിവാഹത്തിനുശേഷം സിനിമാരംഗം വിട്ട പ്രശസ്ത നടി രാഗിണി വീണ്ടും പ്രധാനവേഷത്തിൽ മലയാളസിനിമയിൽ മടങ്ങിവന്നത് ഈ ചിത്രത്തിലൂടെയാണ്. ദീർഘകാലം സിനിമാരംഗം വിട്ടുനിന്ന തന്റെ മൂത്ത സഹോദരി പത്മിനി ‘കുമാരസംഭവം’ എന്ന ചിത്രത്തിലൂടെ തിരിച്ചുവന്നത് രാഗിണിക്ക് പ്രചോദനമായിട്ടുണ്ടാവാം. പ്രേംനസീർ ആയിരുന്നു ‘സരസ്വതി’യിലെ നായകൻ. ചിത്രത്തിലെ ഒരു പ്രധാനവേഷം അഭിനയിച്ചതും സംവിധായകനായ തിക്കുറിശ്ശിതന്നെയാണ്. കെ.പി. ഉമ്മർ, ടി.എസ്. മുത്തയ്യ, അടൂർ ഭാസി, വിജയ ലളിത, മീന, ബഹദൂർ, മുതുകുളം രാഘവൻപിള്ള തുടങ്ങിയവരായിരുന്നു ഇതര താരങ്ങൾ. തിക്കുറിശ്ശി എഴുതി എം.എസ്. ബാബുരാജ് ഈണം പകർന്ന ഏഴു പാട്ടുകൾ ചിത്രത്തിലുണ്ടായിരുന്നു (അതുവരെ തിക്കുറിശ്ശി എഴുതിയ എല്ലാ സിനിമാഗാനങ്ങൾക്കും സംഗീതസംവിധാനം നിർവഹിച്ചത് വി. ദക്ഷിണാമൂർത്തിയായിരുന്നു). യേശുദാസ്, എസ്. ജാനകി, എൽ.ആർ. ഈശ്വരി, സി.ഒ. ആന്റോ, സീറോ ബാബു എന്നിവർ പിന്നണിയിൽ പാടി. യേശുദാസ് പാടിയ ഈ ഗാനം ഓംകാരത്തിലും സ്വരാക്ഷരങ്ങളിലുമാണ് തുടങ്ങുന്നത്.
‘‘ഓം ഓം ഓം
ഹരിശ്രീ ഗണപതയേ നമഃ
അ ആ ഇ ഈ ഉ ഊ എ ഏ ഐ ഒ ഓ ഔ അം അഃ
ക ഖ ഗ ഘ ങ
ച ഛ ജ ഝ ഞ
ട ഠ ഡ ഢ ണ
ത ഥ ദ ധ ന
പ ഫ ബ ഭ മ
യ ര ല വ ശ ഷ
സ ഹ ള ഴ റ
അമ്പത്തൊന്നക്ഷര സാക്ഷാൽക്കാരമേ/ ആശയ ഭണ്ഡാഗാരമേ/ സംപൂഷ്ടാർഥ സ്വരൂപമേ/ മലയാളമേ... നമസ്തേ/... ദ്രാവിഡ ഹിമഗിരിഗളിതേ/ ദേവസംസ്കൃത സംഗീതേ/ സുകുമാരകലാരസികേ ഓം...ഓം...’’
മലയാള ഭാഷയെക്കുറിച്ച് പി. ഭാസ്കരൻ എഴുതി ദക്ഷിണാമൂർത്തി ഈണം പകർന്ന് എം.എൽ. വസന്തകുമാരിയും പി. ലീലയും ചേർന്ന് ‘ആശാദീപം’ എന്ന സിനിമയിൽ പാടിയ ‘‘ജനനി ജയിക്ക നീണാൾ മലയാളമേ’’ എന്ന ഗാനത്തിനു ശേഷം മലയാളഭാഷയെ പുകഴ്ത്തുന്ന മറ്റൊരു ഗാനമാണ് തിക്കുറിശ്ശി എഴുതിയത്. പക്ഷേ, എന്തുകൊണ്ടോ ഈ ഗാനം വേണ്ടവിധത്തിൽ ശ്രദ്ധിക്കപ്പെടാതെ പോയി. പി. ലീല പാടിയ ഗാനം ഇങ്ങനെ തുടങ്ങുന്നു: ‘‘എത്രതന്നെ ചോദിച്ചാലും ഉത്തരം പറയില്ല ഞാൻ/ ഉത്പലനയനനെന്നെ വിശ്വസിച്ചു ചൊന്ന കാര്യം....’’ പാട്ട് ഇങ്ങനെ തുടരുന്നു: ‘‘നെല്ലിയാമ്പൽകുളങ്ങരെ കല്ലിൽ ഞങ്ങളിരിക്കുമ്പോൾ/ മെല്ലവേയെൻ കാതിനുള്ളിൽ ചൊല്ലിനാനാകാര്യം പ്രിയൻ...’’ നാടൻപാട്ടിന്റെ ശൈലിയിൽ തിക്കുറിശ്ശി എഴുതിയ ഈ പാട്ട് ബാബുരാജ് ലളിതമായ രീതിയിൽതന്നെ ചിട്ടപ്പെടുത്തി.
എസ്. ജാനകി പാടിയ ‘‘ആരു പറഞ്ഞു ആരു പറഞ്ഞു/ പ്രിയമാനസനായ ഭവാനൊരു/ ഭ്രാന്തനാണെന്നാരു പറഞ്ഞു…?’’ എന്ന് തുടങ്ങുന്ന ഗാനം ഇങ്ങനെ തുടരുന്നു: ‘‘മഞ്ഞക്കണ്ണാടി വെച്ച മനുഷ്യർക്ക്/ മറ്റുള്ളതെല്ലാം മഞ്ഞയായ് തോന്നും/ ഓടുന്ന വണ്ടിയിലൊരുവനു ചുറ്റും/ ഓടുന്നതായ് തോന്നും...’’ എസ്. ജാനകി തന്നെ പാടിയ പ്രാർഥനാഗാനം ഒട്ടൊക്കെ ശ്രദ്ധേയമായി. ‘‘മരതകമണിവർണാ മനംപോലെ തരാം വെണ്ണ/ കണി കാണാൻ കമലക്കണ്ണാ വാ...വാ/ മമ മുന്നിൽ, കനിവെന്നിൽ കലർന്ന കണ്ണാ/ നേരം പുലർന്നു കണ്ണാ...’’ എന്നിങ്ങനെ തുടങ്ങുന്ന ഗാനത്തിലെ തുടർന്നുള്ള വരികൾ ഇങ്ങനെ: ‘‘നിറയവേ നറുപീലി നിരത്തിയ തലമുടി/ നെറുകയിൽ ചെറുതായി കെട്ടിവെച്ചു/ കൂട്ടി കെട്ടി വെച്ചു/ മലർമാല വനമാല തിരുമാറിലണിഞ്ഞു/ പൂമിഴികളിൽ മയ്യെഴുതി വാവാ... മണിചുണ്ടാൽ മധുരിത മുരളിയൂതി/ രാഗമുരളിയൂതി...’’ എൽ.ആർ. ഈശ്വരി പാടിയ രണ്ടു പാട്ടുകൾ ചിത്രത്തിലുണ്ടായിരുന്നു. ‘‘മധുരപ്പതിനേഴ്/ കയ്യിൽ കരിയുംകൊണ്ടു നടക്കും/ കാലത്തിനു കഴിവില്ലാ/ അറിയാതെൻ അഴകിൽ/ ഒരു വിരലടയാളം പതിക്കുവാൻ’’ എന്നു തുടങ്ങുന്ന പാട്ടും ‘‘പെണ്ണ് വരുന്നേ പെണ്ണ് വരുന്നേ/ മയിലാടും കുന്നില് മഞ്ചാടി മരത്തില്/ മഴവില്ലും കൊത്തിക്കൊണ്ടൊരു/ തത്തമ്മപെണ്ണ് വരുന്നേ/ പെണ്ണ് വരുന്നേ... പെണ്ണ് വരുന്നേ’’ എന്നു തുടങ്ങുന്ന പാട്ടുമാണ് എൽ.ആർ. ഈശ്വരി ആലപിച്ചത്. സി.ഒ. ആന്റോയും സീറോ ബാബുവും ചേർന്നു പാടിയ ഒരു ഹാസ്യഗാനവും ‘സരസ്വതി’യിൽ ഉണ്ടായിരുന്നു. പാരഡിപ്പാട്ടുകൾ എഴുതി പാടുന്നതിൽ പ്രശസ്തനായ തിക്കുറിശ്ശിയുടെ വികടസരസ്വതീപ്രഭാവം ഈ ഗാനത്തിലെ ചില വരികളിൽ പ്രസരിക്കുന്നതു കാണാം.
‘‘രാജാവ്... നീയൊരു രാജാവ് ഞാനൊരു ഞഞ്ഞാമിഞ്ഞാ മന്ത്രി/ നീയൊരു രാജാവ് ഞാനല്ല, നീ/ ഞാൻ, ഞാനൊരുരാജാവ് നീയൊരു ഞഞ്ഞാമിഞ്ഞാ മന്ത്രി.../ സിംഹാസനമെവിടെ ചെങ്കോലും കിരീടവും എവിടെ/ സേനകളെവിടെ ചേടികളെവിടെ സേവകന്മാരെവിടെ’’ എന്നിങ്ങനെ നീണ്ടുപോകുന്ന പാട്ടിൽ ലേശം സറ്റയർ കടന്നുകൂടിയിട്ടുണ്ട്. ഈ വരികൾ ശ്രദ്ധിക്കുക: ‘‘യൂണിയനുണ്ടോ പ്ലീനമുണ്ടോ/ പിക്കറ്റിങ് ഉണ്ടോ നിങ്ങൾക്ക്/ നെല്ലും പണവും കിട്ടുന്നുണ്ടോ/ നേരേ ചൊവ്വേ മഴയുണ്ടോ/ അവിശ്വാസപ്രമേയമുണ്ടോ/ അട്ടിമറിപ്പുണ്ടൊ -ഉണ്ടോ...’’ എന്നിങ്ങനെ അൽപം സാമൂഹിക വിമർശനവും വന്നുപോകുന്നുണ്ട്. വളരെ പുരാതനമായ ഒരു സരസ്വതീ സ്തോത്രഭാഗവും എസ്. ജാനകി പാടിയിട്ടുണ്ട് ‘‘യാകുന്ദേന്ദു തുഷാരഹാരധവളാ യാശ്വേതപത്മാസന’’ എന്നു തുടങ്ങുന്ന ശ്ലോകം. ഇതിന്റെ രചയിതാവും തിക്കുറിശ്ശിയാണെന്നു പാട്ടുപുസ്തകത്തിലും മറ്റും കൊടുത്തിട്ടുണ്ട്. അത് ശരിയല്ല. ആ ശ്ലോകം വളരെ പ്രാചീനമാണ്... ഇതിന്റെ രചയിതാവ് ‘‘അമ്പത്തൊന്നക്ഷരാളീ, കലിതതനുലതേ, വേദമാകുന്ന/ ശാഖി--ക്കൊമ്പത്തൻപോടു പൂക്കും/ കുസുമതതിയിലേന്തുന്ന പൂന്തേൻകുഴമ്പേ...’’എന്നു തുടങ്ങുന്ന ശ്ലോകം രചിച്ച പ്രശസ്ത കവിയായ മഴമംഗലം നാരായണൻ നമ്പൂതിരിയാണെന്നാണ് ഈ ലേഖകന്റെ വിശ്വാസം. തൃശൂരിനടുത്തുള്ള ചേർപ്പ് എന്ന സ്ഥലത്ത് ജീവിച്ചിരുന്ന (A.D 1540-1610) കവിയാണ് മഴമംഗലം നാരായണൻ നമ്പൂതിരി.
‘സരസ്വതി’ എന്ന ചിത്രത്തിനു വേണ്ടി തിക്കുറിശ്ശി എഴുതിയ ഗാനങ്ങളും ആ പാട്ടുകൾക്കു ബാബുരാജ് നൽകിയ ഈണങ്ങളും വേണ്ടത്ര പ്രശസ്തി നേടിയില്ല. 1970 ഏപ്രിൽ ആറിന് തിയറ്ററുകളിൽ എത്തിയ ‘സരസ്വതി’ ഒരു ശരാശരി സിനിമ മാത്രമായിരുന്നു. പിന്നീട് തമിഴ് നിർമാതാവായ എ.എൽ. ശ്രീനിവാസൻ മലയാളത്തിൽ സിനിമ നിർമിച്ചതുമില്ല.
മഞ്ഞിലാസ് എന്ന ബാനറിൽ എം.ഒ. ജോസഫ് നിർമിച്ച എല്ലാ സിനിമകളും സംവിധാനംചെയ്തിരുന്നത് കെ.എസ്. സേതുമാധവൻ ആണ്. ആ ചിത്രങ്ങളുടെ വിജയം നൽകിയ പ്രചോദനത്താലാകാം സേതുമാധവനും സ്വന്തമായി സിനിമ നിർമിക്കാൻ തീരുമാനിച്ചു. അദ്ദേഹം തന്റെ അനുജൻ കെ.എസ്. രാമമൂർത്തിയുടെ (കെ.എസ്.ആർ. മൂർത്തി) പേരിൽ ആരംഭിച്ച നിർമാണക്കമ്പനിയാണ് ചിത്രാഞ്ജലി. ‘അമ്മ എന്ന സ്ത്രീ’ ആണ് ചിത്രാഞ്ജലി നിർമിച്ച പ്രഥമ ചിത്രം. ജീവിതസംഘർഷങ്ങളെ ധൈര്യപൂർവം നേരിട്ട ഒരു അമ്മയുടെ കഥ പറയുന്ന ഈ സിനിമക്ക് കഥയും സംഭാഷണവും കെ.ടി. മുഹമ്മദ് എഴുതി. നായികയായി അഭിനയിച്ചത് കെ.ആർ. വിജയയാണ്. സത്യൻ, പ്രേംനസീർ, തിക്കുറിശ്ശി സുകുമാരൻ നായർ, കെ.പി. ഉമ്മർ, രാഘവൻ, രാഗിണി, ജയഭാരതി, കവിയൂർ പൊന്നമ്മ തുടങ്ങിയവരായിരുന്നു മറ്റു നടീനടന്മാർ.
സേതുമാധവൻ ചിത്രങ്ങളിലെ സംഗീതം പതിവായി കൈകാര്യം ചെയ്തുവന്ന വയലാർ-ദേവരാജൻ ടീമിൽനിന്ന് ദേവരാജൻ മാസ്റ്ററെ ഒഴിവാക്കുകയും വയലാറിനെ നിലനിർത്തുകയും ചെയ്തു. സ്വന്തം അനുജന്റെ പേരിൽ നിർമിക്കുന്ന ആദ്യചിത്രത്തിന് സേതുമാധവൻ സംഗീത സംവിധായകനായി കണ്ടെത്തിയത് പ്രശസ്ത പിന്നണിഗായകനായ എ.എം. രാജയെയാണ്. തമിഴ് സിനിമയിൽ ആദ്യമായി മാറ്റത്തിന്റെ ചലനങ്ങൾ സൃഷ്ടിച്ച പ്രശസ്ത സംവിധായകനായ ശ്രീധർ സംവിധാനം ചെയ്ത ‘കല്യാണപ്പരിശ്’ എന്ന സിനിമക്ക് എ.എം. രാജ നൽകിയ സംഗീതം വളരെ മികച്ചതായിരുന്നു. പട്ടുകോട്ടൈ കല്യാണസുന്ദരം എന്ന കവിയാണ് ‘കല്യാണപ്പരിശി’ലെ അതി മനോഹരഗാനങ്ങൾ എഴുതിയത് (തമിഴ് സിനിമയുടെ ദൗർഭാഗ്യം എന്നു തന്നെ പറയട്ടെ, പ്രതിഭാശാലിയായ ആ കവി 28ാം വയസ്സിൽ അന്തരിച്ചു. അതിനുശേഷമാണ് കണ്ണദാസൻ മുൻനിരയിൽ എത്തിയത്). സേതുമാധവൻ തന്നിൽ അർപ്പിച്ച വിശ്വാസം എ.എം. രാജ ഉയർത്തിപ്പിടിക്കുക തന്നെ ചെയ്തു.
വയലാർ എഴുതി എ.എം. രാജ ഈണം പകർന്ന ആറു പാട്ടുകളും മോശമായില്ല. എ.എം. രാജ പാടിയ ‘‘നാളെയീ പന്തലിൽ ഒഴുകിവരും/ നാഗസ്വരത്തിന്റെ നാദം/ നാദത്തിൻ തീരത്ത് വളകിലുക്കും/ നവവധുവിൻ നാണം.../ വേളി കഴിഞ്ഞു നീ നാളെയീ നേരത്ത്/ വേറൊരു സ്വർഗത്തിലായിരിക്കും/ ഏഴഴകുള്ളൊരു സ്നേഹസ്വരൂപന്റെ/ ലാളനയേൽക്കുകയായിരിക്കും’’ എന്ന ഗാനം കേൾക്കാൻ വളരെ ഇമ്പമുള്ളതായിരുന്നു. യേശുദാസ് പാടിയ ‘‘മദ്യപാത്രം മധുരകാവ്യം -മൽസഖി നിൻ അനുരാഗം/ എല്ലാം അരികിൽ എനിക്കുള്ളപ്പോൾ/ എന്തിനു മറ്റൊരു സ്വർഗലോകം?’’ എന്ന ഗാനവും വ്യത്യസ്തംതന്നെയായിരുന്നു. അതിന്റെ ചരണം നോക്കുക: ‘‘വെണ്ണിലാവിനെ ലജ്ജയിൽ മുക്കും/ വൈഡൂര്യ മല്ലികപ്പൂവേ/ നിന്റെ ചൊടികളിൽ മഞ്ഞുതുള്ളിയോ/ നിന്നിലെ സ്വപ്നത്തിൻ വീഞ്ഞോ/ ഇരിക്കൂ അടുത്തിരിക്കൂ എനിക്ക് ദാഹിക്കുന്നു...’’ പി. സുശീല പാടിയ ‘‘ആദിത്യദേവന്റെ കണ്മണിയല്ലോ’’ എന്നാരംഭിക്കുന്ന പാട്ടിന്റെ ഈണത്തിലും പുതുമയുണ്ടായിരുന്നു.
‘‘ആദിത്യദേവന്റെ കണ്മണിയല്ലോ അല്ലിത്താമര/ അമ്പിളിമാമന്റെ കണ്മണിയല്ലോ അല്ലിയാമ്പൽ/ ഹൃദയം കുളിരും പുഷ്പതടാകത്തിനിരുവരും/ ഒരുപോലെ -ഇരുവരും ഒരുപോലെ/ പനിനീരിൽ കുളിപ്പിക്കും പൊന്നാട ചാർത്തിക്കും/ പൂനെറ്റിയിൽ പൊട്ടുകുത്തി പൂണാരം ചൂടിക്കും/ ചിറ്റോളംചിലമ്പിലും നൃത്തം പഠിപ്പിക്കും/ ചിങ്ങനിലാവത്ത് തുള്ളിക്കളിക്കും/ ഇരുവരും ഒരുപോലെ...’’
എ.എം. രാജയുടെ ഭാര്യയും പ്രശസ്ത ഗായികയുമായ ജിക്കിയും (ജി. കൃഷ്ണവേണി) ഈ സിനിമയിൽ ഒരു ഗാനം പാടിയിട്ടുണ്ട്. ‘‘അമ്മ പെറ്റമ്മ...’’ എന്നു തുടങ്ങുന്ന ഗാനം.
‘‘അമ്മ... പെറ്റമ്മ.../ നമ്മുടെ തറവാട്ടമ്മ.../ അമ്മക്ക് മക്കൾ പതിനാലവർ/ ക്കാചാരങ്ങൾ പതിനാല്/ അമ്മയെ കണ്ടാൽ അറിയാത്ത മക്കൾ/ അകന്നുപോയി -തങ്ങളിൽ/ അകന്നു പോയി...’’ കഥയുടെ ആത്മാവുമായി ചേർന്നു നിൽക്കുന്ന ഈ ഗാനത്തിന്റെ ഈണവും ഹൃദയസ്പർശിയായിരുന്നു. വയലാറിന്റെ കൽപനയും മനോഹരം. ‘‘ഗംഗ യമുന ഗോദാവരീ/ പമ്പ കൃഷ്ണ കാവേരി/ അവർ ഒരമ്മപെറ്റുവളർത്തിയ നദികൾ/ ഒരിക്കലും കാണാത്ത അമ്മയും മക്കളും...’’
പി. സുശീല പാടിയ രണ്ടാമത്തെ ഗാനം ‘‘ആലിമാലി ആറ്റിൻകരയിൽ’’ എന്നു തുടങ്ങുന്നു. ‘‘ആലിമാലി ആറ്റിൻകരയിൽ/ അമ്പലപ്രാവിൻ മുളങ്കൂട്ടിൽ/ സ്വപ്നസരസ്സിൻ കടവിൽനിന്നൊരു/ സ്വർഗവാതിൽകിളി വന്നു... ചെമ്പകപ്പൂമരം പൂക്കും കാലം/ ചന്ദനം പൂക്കുന്ന കാലം/-അവൾ അന്തപ്പുരത്തിൽ/ അവനു വിരിച്ചു അന്നത്തൂവൽ പൂമെത്ത/ തിങ്കളുറങ്ങുമ്പോൾ -ഇളം തെന്നലുറങ്ങുമ്പോൾ/ -അവൻ മുന്തിരിച്ചുണ്ടിൽ മൂളിപ്പാട്ടുമായ്/ മിണ്ടാതെ എങ്ങോ പോയ്!’’
‘അമ്മ എന്ന സ്ത്രീ’ 1970 ഫെബ്രുവരി 19ന് റിലീസ് ചെയ്തു. ചിത്രം പലതുകൊണ്ടും ശ്രദ്ധേയമായിരുന്നു. സംഗീതസംവിധായകൻ എന്ന നിലയിലും എ.എം. രാജ എന്ന ഗായകൻ വിജയിച്ചു.
(തുടരും)