ഓളവും തീരവും -ഒരു നാഴികക്കല്ല്
‘അനാഥ’, ‘ഓളവും തീരവും’ എന്നീ സിനിമകളിലെ പാട്ടിനെക്കുറിച്ച് എഴുതുന്നു. മനോഹരമായ പാട്ടുകളായിരുന്നു മലയാള സിനിമയുടെ ചരിത്രം തിരുത്തിയ ‘ഓളവും തീരവും’ സിനിമയിൽ ഉണ്ടായിരുന്നത്.പി.ഐ.എം. കാസിം സോണി പിക്ചേഴ്സിന്റെ ബാനറിൽ നിർമിച്ച നാലാമത്തെ സിനിമയാണ് ‘അനാഥ’. തിരക്കഥയും സംഭാഷണവും എഴുതിയത് പ്രശസ്ത നോവലിസ്റ്റായ പാറപ്പുറത്ത് ആണ്. പ്രേംനസീർ, ഷീല, കെ.പി. ഉമ്മർ, ജയഭാരതി, മുത്തയ്യ, അടൂർഭാസി, ബഹദൂർ, കവിയൂർ പൊന്നമ്മ, മീന, ശ്രീലത, കോട്ടയം ശാന്ത തുടങ്ങിയവർ...
Your Subscription Supports Independent Journalism
View Plans‘അനാഥ’, ‘ഓളവും തീരവും’ എന്നീ സിനിമകളിലെ പാട്ടിനെക്കുറിച്ച് എഴുതുന്നു. മനോഹരമായ പാട്ടുകളായിരുന്നു മലയാള സിനിമയുടെ ചരിത്രം തിരുത്തിയ ‘ഓളവും തീരവും’ സിനിമയിൽ ഉണ്ടായിരുന്നത്.
പി.ഐ.എം. കാസിം സോണി പിക്ചേഴ്സിന്റെ ബാനറിൽ നിർമിച്ച നാലാമത്തെ സിനിമയാണ് ‘അനാഥ’. തിരക്കഥയും സംഭാഷണവും എഴുതിയത് പ്രശസ്ത നോവലിസ്റ്റായ പാറപ്പുറത്ത് ആണ്. പ്രേംനസീർ, ഷീല, കെ.പി. ഉമ്മർ, ജയഭാരതി, മുത്തയ്യ, അടൂർഭാസി, ബഹദൂർ, കവിയൂർ പൊന്നമ്മ, മീന, ശ്രീലത, കോട്ടയം ശാന്ത തുടങ്ങിയവർ അഭിനയിച്ച ‘അനാഥ’യുടെ സംവിധായകൻ ഷൂട്ടിങ് ആരംഭിച്ചപ്പോൾ എം. കൃഷ്ണൻ നായർ ആയിരുന്നു. പിന്നീട് ജെ.ഡി. തോട്ടാൻ എം. കൃഷ്ണൻ നായരുടെ അനുമതിയോടെ സംവിധാനച്ചുമതല ഏറ്റെടുത്തു. ചിത്രത്തിന്റെ ടൈറ്റിലിൽ സാങ്കേതിക സഹകരണം -എം. കൃഷ്ണൻ നായർ എന്നു കൊടുത്തിട്ടുണ്ട്. പി. ഭാസ്കരൻ രചിച്ച അഞ്ചു പാട്ടുകൾക്ക് എം.എസ്. ബാബുരാജ് ഈണം നൽകി. (‘ചതുരംഗം’ എന്ന സിനിമയിലൂടെ വയലാർ രാമവർമയെയും പരവൂർ ജി. ദേവരാജനെയും ആദ്യമായി സിനിമയിൽ ഒരുമിപ്പിച്ച സംവിധായകൻ എന്ന വലിയ സ്ഥാനം ജെ.ഡി. തോട്ടാന് അവകാശപ്പെട്ടതാണ്, പലർക്കും ഈ സത്യം അറിയില്ല. ‘ചതുരംഗം’ എന്ന സിനിമയിലെ പാട്ടുകളെക്കുറിച്ചു സംസാരിച്ച അധ്യായത്തിൽ ഈ വിഷയം വിശദമായി പറഞ്ഞിട്ടുണ്ട്.)
തോട്ടാൻ സംവിധാനംചെയ്ത കൂടുതൽ പടങ്ങൾക്കും പാട്ടുകൾ എഴുതിയത് പി. ഭാസ്കരനാണ്. എന്നാൽ, ‘അനാഥ’ ബാബുരാജ് സംഗീത സംവിധായകനായ ജെ.ഡി. തോട്ടാന്റെ ആദ്യ സിനിമയാണ്. യേശുദാസ് ഒരു ഗാനവും പി. സുശീലയും എസ്. ജാനകിയും രണ്ടു ഗാനങ്ങൾ വീതവും പാടി. യേശുദാസ് പാടിയ ‘‘ഇന്ദുലേഖ തൻ പൊൻ കളിത്തോണിയിൽ/ ഇന്നലെ ഞാൻ നിന്നെ കൊണ്ടുപോയി/ നിദ്രാസമുദ്രത്തിൻ തീരത്തു നമ്മുടെ/ നിശ്ചയതാംബൂലം നടന്നു...’’ എന്ന ഗാനം ശ്രദ്ധിക്കപ്പെട്ടു. ആ ഗാനം ഇങ്ങനെ തുടരുന്നു: ‘‘വെണ്മുകിൽമാലകൾ തോരണം കെട്ടിയ/ സുന്ദരവാസന്തമണ്ഡപത്തിൽ/ ജാതിയും മുല്ലയും പൂമഴ പൊഴിച്ചപ്പോൾ/ ജാതകം കൈമാറി നമ്മൾ...’’ പി. സുശീല പാടിയ ‘‘മുല്ലപ്പൂബാണത്താൽ കാമുകൻ കണ്ണൻ/ കൊല്ലാതെ കൊല്ലുന്ന നേരം/ രാസനിലാവിൽ ആടാൻ പാടാൻ/ രാധയ്ക്കു വല്ലാത്ത നാണം’’ എന്ന പാട്ടും ‘‘താലോലം കിളി പൂത്താലി/ തങ്കക്കുടത്തിനു പൊൻതാലി/ ആകാശത്തിലെയമ്പിളിപ്പൈതലി-/ന്നായിരം കല്ലുള്ള മണിത്താലി’’ എന്ന പാട്ടും ഇമ്പമുള്ളവയായിരുന്നു.
എസ്. ജാനകി പാടിയ രണ്ടു പാട്ടുകളുടെ പല്ലവികൾ ഇനി പറയുന്നു: ഒന്ന്, ‘‘ഏതോ സുന്ദരസ്വപ്നങ്ങൾ നുകരും/ ഏകാന്ത ഗാനവിഹാരി/ ആരു നീ ആരു നീ പഞ്ചവർണക്കിളീ/ ആരാണു നിന്നുടെ പ്രേമധാമം?’’ രണ്ട്, ‘‘ഹേമന്തനിദ്രയിൽനിന്നും വിളിച്ചുണർത്തിയെന്നേ/ പ്രേമത്തിൻ പ്രമദവനത്തിൽ ക്ഷണിച്ചിരുത്തി/ ഭവാൻ ക്ഷണിച്ചിരുത്തി/ അഞ്ജനക്കണ്ണിണയിൽ ആയിരം തിരിയിട്ട്/ മഞ്ജുളസങ്കൽപങ്ങൾ കൊളുത്തിവെച്ചു...’’
മൊത്തത്തിൽ ‘അനാഥ’ എന്ന ചിത്രത്തിലെ അഞ്ചു പാട്ടുകളും രചനയിലും ഈണത്തിലും മോശമായില്ല എന്നു പറയാം. എന്നാൽ, ആ പാട്ടുകൾ പി. ഭാസ്കരൻ-ബാബുരാജ് ടീമിന്റെ പഴയ പാട്ടുകളുടെ നിലവാരം പുലർത്തിയതുമില്ല. 1970 ഫെബ്രുവരി 20ന് തിയറ്ററുകളിലെത്തിയ ‘അനാഥ’ സാമ്പത്തികലാഭം നേടിയില്ലെങ്കിലും നിർമാതാവിന് നഷ്ടം വരുത്തിയില്ല എന്നാണ് അറിവ്.
സ്റ്റുഡിയോയിൽ തയാറാക്കുന്ന സെറ്റുകളിൽമാത്രം ചിത്രീകരിക്കപ്പെട്ടിരുന്ന മലയാള സിനിമയെ യഥാർഥ ലൊക്കേഷനുകളിലേക്ക് ആദ്യമായി കൂട്ടിക്കൊണ്ടുപോയത് ‘റോസി’ എന്ന സിനിമയിലൂടെ സംവിധായകനായി കയറ്റം ലഭിച്ച പി.എൻ. മേനോൻ എന്ന കലാസംവിധായകനാണ്. അതുവരെ സ്റ്റുഡിയോ ഫ്ലോറുകളിൽ സെറ്റ് തയാറാക്കിയിരുന്ന കലാ സംവിധായകരിൽ ഒരാളായിരുന്നു അദ്ദേഹം. സെറ്റുകളുടെ ബാക്ക് ഗ്രൗണ്ട് വരക്കുന്നതിൽ സമർഥനായിരുന്നു പി.എൻ. മേനോൻ. സിനിമയിൽ പുതുമ കൊണ്ടുവരണമെന്ന് മോഹിച്ചിരുന്ന പി.എ. ബെക്കർ എന്ന ചെറുപ്പക്കാരൻ സ്റ്റുഡിയോ സെറ്റുകളെ ആശ്രയിക്കാതെ യഥാർഥ വീടുകളിലും റോഡുകളിലും പുഴയോരങ്ങളിലും മറ്റും യഥാതഥമായ രീതിയിൽ ഒരു സിനിമയിലെ രംഗങ്ങൾ ചിത്രീകരിക്കാൻ മോഹിച്ചതിന്റെ ഫലമായി ജന്മംകൊണ്ട ഒരു മികച്ച സിനിമയാണ് ആശാ ഫിലിംസ് അവതരിപ്പിച്ച ചാരുചിത്രയുടെ ‘ഓളവും തീരവും’.
മലയാളത്തിൽ ‘നവധാര’ (ന്യൂവേവ് –ഫ്രഞ്ച് ഭാഷയിൽ ‘നുവൽ വേഗ്’) എന്ന പ്രസ്ഥാനം തുടങ്ങിയത് ഈ ചിത്രത്തിലാെണന്നു പറഞ്ഞാൽ എതിർക്കുന്നവരുണ്ടാകാം. ആ എതിർപ്പിന് കാരണം ഈ ചിത്രത്തിൽ ഗാനങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട് എന്നതാണ്. ന്യൂവേവ് സിനിമയിൽ പാട്ടുകൾ പാടില്ല എന്ന നിയമം തൽപരകക്ഷികൾ പ്രചരിപ്പിച്ചിരുന്നു. എം.ടി. വാസുദേവൻ നായരാണ് ഈ ചിത്രത്തിന് തിരക്കഥയും സംഭാഷണവും എഴുതിയത്. അദ്ദേഹത്തിന്റെ ഒരു ചെറുകഥതന്നെയാണ് തിരക്കഥയുടെ അടിസ്ഥാനം.
മധു, ഉഷാനന്ദിനി, ജോസ് പ്രകാശ്, നിലമ്പൂർ ആയിഷ, നെല്ലിക്കോട് ഭാസ്കരൻ, ഫിലോമിന, മാല, പറവൂർ ഭരതൻ, കുഞ്ഞാവ, ആലുമ്മൂടൻ തുടങ്ങിയവർ അഭിനയിച്ചു. പിൽക്കാലത്ത് അടൂർ ഗോപാലകൃഷ്ണൻ സംവിധാനം ചെയ്ത മിക്കവാറും എല്ലാ സിനിമകളുടെയും ഛായാഗ്രാഹകനായിരുന്ന മങ്കട രവിവർമയാണ് ‘ഓളവും തീരവും’ എന്ന ചിത്രത്തിലെ ദൃശ്യങ്ങൾ കാമറയിൽ പകർത്തിയത്. ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ബിരുദധാരിയായ രവി എഡിറ്റിങ് നിർവഹിച്ചു. അങ്ങനെ സ്റ്റുഡിയോ സെറ്റുകളെ ആശ്രയിക്കാതെ നിർമിക്കപ്പെട്ട ആദ്യ മലയാള ചിത്രം എന്ന ബഹുമതി ‘ഓളവും തീരവും’ എന്ന പി.എൻ. മേനോൻ ചിത്രത്തിന് ലഭിച്ചു.
പി. ഭാസ്കരൻ എഴുതി എം.എസ്. ബാബുരാജ് ഈണം പകർന്ന ചില മികച്ച പാട്ടുകൾ ഈ സിനിമയിൽ ഉണ്ടായിരുന്നു. എസ്. ജാനകി പാടിയ ‘‘ഇടയ്ക്കൊന്നു ചിരിച്ചും/ ഇടയ്ക്കൊന്നു കരഞ്ഞും/ ഇടവപ്പാതിയുമോടിയെത്തി/ തുടങ്ങി കണ്ണുകൾ പേമാരി/ മടങ്ങിയിട്ടില്ലല്ലോ മണിമാരൻ...’’ എന്നു തുടങ്ങുന്ന മനോഹരമായ ഭാസ്കര രചന മലയാളികൾ മറന്നിട്ടില്ല. ഗാനം ഇങ്ങനെ തുടരുന്നു:
‘‘ആശ തൻ വയലിൽ കാത്തുവളർത്തിയോ-/രാനക്കോടൻ നെല്ല് മറഞ്ഞുവല്ലോ/ കരളിന്റെ കയങ്ങൾ കരകവിഞ്ഞൊഴുകുന്ന/ കണ്ണീരിൽ മുങ്ങി മറഞ്ഞുവല്ലോ...’’ യേശുദാസും മച്ചാട്ട് വാസന്തിയും ചേർന്നുപാടിയ യുഗ്മഗാനമാണ് അടുത്തത്.
‘‘മണിമാരൻ തന്നത് പണമല്ല പൊന്നല്ല/ മധുരക്കിനാവിന്റെ കരിമ്പിൻതോട്ടം.../ കണ്ണുനീർ തേവി തേവി കരളിതിൽ നിർമിച്ച/ കനകക്കിനാവിന്റെ കരിമ്പിൻതോട്ടം’’ എന്ന പാട്ടും ലളിതമനോഹരം തന്നെ. ഈ പാട്ടിലെ അവസാനത്തെ നാല് വരികൾ കൂടി ഉദ്ധരിക്കുന്നു: ‘‘നാടും നഗരവും കടന്നുപോകാം/ നാഴൂരി മണ്ണു വാങ്ങി നമുക്ക് പാർക്കാം/ പുള്ളിക്കുയിലിന്റെ കൂടു പോലുള്ളൊരു/ പുല്ലാനിപ്പുര കെട്ടി നമുക്കിരിക്കാം...’’
പി. ലീല പാടിയ പാട്ട് ഇങ്ങനെ തുടങ്ങുന്നു: ‘‘കവിളിലുള്ള മാരിവില്ലിനു/ കണ്ടമാനം തുടുതുടുപ്പ്/ കരളിലുള്ള പൈങ്കിളിക്ക്/ ചിറകിനുള്ളിൽ പിടപിടപ്പ്/ മോഹമാകും മയ്യെഴുതിയ/കണ്ണിലെന്തൊരു കറുകറുപ്പ്/ ദേഹമാകും പൂവനത്തിൽ/ പുഷ്പകാല പുളപുളപ്പ്...’’
എസ്. ജാനകി പാടിയ ‘‘ചാമ്പക്കം ചോലയിൽ/ ചന്ദനപ്പൂഞ്ചോലയിൽ/ചാഞ്ഞു നിൽക്കും ചമ്പകത്തിൽ/ ചങ്ങാടം കെട്ടി -ഒരുവൻ ചങ്ങാടം കെട്ടി/ ആറ്റുവക്കിൽ കന്നിവെയിൽ/ കസവു നെയ്യും നേരം/ കാട്ടുകിളിപ്പെണ്ണിനൊരു/ കവിത തോന്നിയ നേരം /പച്ചവെള്ളം ചോദിച്ചെന്റെ/ കൊച്ചുവീട്ടിൽ വന്നു/ ഉച്ചമരത്തണലിലവൻ/ കെസ്സു മൂളി നിന്നു’’ എന്ന ഗാനവും കേൾക്കാൻ രസമുള്ളതാണ്.
പി. ഭാസ്കരൻ എഴുതിയ ഈ ഗാനങ്ങൾ കൂടാതെ വടക്കൻ മലബാറിൽ പ്രചാരത്തിലുള്ള ചില ശീലുകളും ചിത്രത്തിൽ ഉൾപ്പെടുത്തിയിരുന്നു. ഇവ മോയിൻകുട്ടി വൈദ്യർ എഴുതിയ വരികളാണ്. പാടിപ്പതിഞ്ഞ വരികൾ! ഇവയെല്ലാം പാടിയത് സംഗീതസംവിധായകനായ എം.എസ്. ബാബുരാജ് തന്നെയാണ്. ചില വരികൾ സി.എ. അബൂബക്കർ എന്ന ഗായകനും ചേർന്നു പാടിയിട്ടുണ്ട്.
‘‘ഓയ്യെ എനിക്കുണ്ട് പയ്യല്/ഒത്തൊരുമിച്ചു കളിച്ചുംകൊണ്ട് ഒരുവൻ/ ഉറ്റോരു വാക്കു ഞാൻ തെറ്റിടാതെ/ വയ്യവൻ നാമത്തെ മോയയും സൈനത്തുജാർ/ ആമെയിൻ നാമം നഹിമാത്തെന്നും’’ എന്നിങ്ങനെ തുടങ്ങുന്നു ഒരു ഗാനഭാഗം.
മറ്റൊരു ഗാനശകലം ഇങ്ങനെ തുടങ്ങുന്നു: ‘‘തടകി മണത്തെ സമയത്തിൽ/ ഉടനവനെത്തി മനസ്സുള്ളിൽ/ സരസിജമുത്തേ മധുരത്തേൻ/ ഹുസനുൽജമാല -അവളുടെ/ തരമഹതൊക്കെ മറന്നീടും/ എനതുടെ ഹാലാൽ...’’ മൂന്നാമത്തെ ഗാനശകലം ഇങ്ങനെ തുടങ്ങുന്നു: ‘‘കണ്ടാറകട്ടുമ്മേൽ വേണ്ടാരലാശാവേ/ തന്നതിലുണ്ടാനെ ഒരുത്തി/ കണ്ണിലുദിച്ച കമർ പോൽ മുഖം കത്തി/ ലെങ്കി മറന്താനെ...’’
അറബിയും തമിഴും മലയാളവും ചേർന്ന മിശ്രഭാഷയിൽ രചിക്കപ്പെട്ട ഈ വരികളാണ് ആദ്യകാല മാപ്പിളപ്പാട്ടുകളുടെ മാതൃക എന്നു മനസ്സിലാകുന്നു. പി. ഭാസ്കരൻ-ബാബുരാജ് ടീമിന്റെ ഉജ്ജ്വലസ്പർശം ഈ സിനിമയിലെ രണ്ടു പാട്ടുകളിലെങ്കിലും ആസ്വദിക്കാൻ സാധിച്ചു. 1970 ഫെബ്രുവരി 27ന് കേരളത്തിൽ പ്രദർശനമാരംഭിച്ച ‘ഓളവും തീരവും’ ജനങ്ങൾ ഇഷ്ടപ്പെട്ടു. ചിത്രം അനവധി പുരസ്കാരങ്ങളും നേടി.
മദ്രാസിലെ വിക്രം സ്റ്റുഡിയോ ഉടമയും പ്രശസ്ത സംവിധായക നിർമാതാവുമായ ബി.എസ്. രങ്ക മലയാളത്തിൽ നിർമിച്ച രണ്ടാമത്തെ ചിത്രമാണ് ‘കുരുക്ഷേത്രം’. പി. ഭാസ്കരൻ ഗാനങ്ങൾ എഴുതി സംവിധാനംചെയ്ത ഈ സിനിമയിൽ നായകൻ സത്യൻ ആയിരുന്നു. നായിക ഷീലയും. പി.ജെ. ആന്റണി, കൊട്ടാരക്കര ശ്രീധരൻ നായർ, ജയഭാരതി, അടൂർ ഭവാനി, അടൂർ ഭാസി, ആറന്മുള പൊന്നമ്മ, നെല്ലിക്കോട് ഭാസ്കരൻ, ബഹദൂർ, മണവാളൻ ജോസഫ്, പറവൂർ ഭരതൻ, ബി.കെ. പൊറ്റെക്കാട് തുടങ്ങിയവരും താരനിരയിൽ ഉണ്ടായിരുന്നു. ബി.എസ്. രങ്ക നിർമിച്ച ആദ്യ മലയാള ചിത്രമായ ‘അപരാധിനി’യും പി. ഭാസ്കരനാണ് സംവിധാനംചെയ്തത്.
‘കുരുക്ഷേത്ര’ത്തിന്റെ കഥയും സംഭാഷണവും ഉറൂബ് ആണ് എഴുതിയത്. പി. ഭാസ്കരൻ രചിച്ച പാട്ടുകൾക്ക് രഘുനാഥ് എന്ന തൂലികാനാമത്തിൽ കെ. രാഘവൻ ഈണം നൽകി. ജയചന്ദ്രൻ പാടിയ ‘‘പൂർണേന്ദുമുഖിയോടമ്പലത്തിൽവെച്ച്/ പൂജിച്ച ചന്ദനം ഞാൻ ചോദിച്ചു.../ കണ്മണിയതു കേട്ടു നാണിച്ചു നാണിച്ചു/ കാൽനഖം കൊണ്ടൊരു വര വരച്ചു’’ എന്ന സൂപ്പർഹിറ്റ് ഗാനം ഈ സിനിമയിലുള്ളതാണ്. ‘‘ആരാധന തീർന്നു നടയടച്ചു /ആൽത്തറവിളക്കുകൾ കണ്ണടച്ചു/ആളികളൊഴിഞ്ഞു, അമ്പലക്കുളങ്ങരെ/ അമ്പിളിയീറൻ തുകിൽ വിരിച്ചു’’ എന്നിങ്ങനെ തുടരുന്ന ഈ മനോഹരമായ പ്രേമഗാനം ഇന്നും പുതുമയോടെ നിലനിൽക്കുന്നു. പി. ലീല പാടിയ ‘‘ചെറുപീലികളിളകുന്നൊരു/ കുനുകുന്തളച്ചുരുളും/ ചേലാർന്നൊരു മുഖവും നിൻ/ ചെങ്കുങ്കുമക്കുറിയും കരുണാമൃതമൊഴുകുന്നൊരു/ കരിമീൻമിഴിമുനയും/ കളിയാടണമടിയന്നെഴു-/മകതാരിതിൽ ഭഗവൻ...’’ എന്നാരംഭിക്കുന്ന പ്രാർഥനാഗാനവും ഭക്തിനിർഭരമാണ്.
എസ്. ജാനകി പാടിയ ‘‘തിരുവേഗപ്പുറയുള്ള ഭഗവാനൊരു നാൾ/ ഗൗരിയെന്നൊരുത്തിയെ കിനാവു കണ്ടു/മകയിരപ്പൂനിലാവിൽ ദശപുഷ്പങ്ങളും ചൂടി/ മാങ്കൊമ്പിൽ പൊന്നൂഞ്ഞാലാടിയാടി/ തിരുനോയമ്പിൽ മനമൂന്നി/ മലമുകളിൽ നിൽക്കുമ്പോൾ/ മദനന്റെ മലരമ്പ് ഭഗവാനേറ്റു’’ എന്ന ഗാനവും വളരെ പ്രശസ്തമാണ്.
എസ്. ജാനകി തന്നെ പാടിയ ‘‘കാർമുകിൽ പെണ്ണിന്നലെ തൻ/ കമ്മല് വെച്ചു മറന്നേ പോയ്/ അല്ലിക്കുളങ്ങരെ വെള്ളികുളങ്ങരെ/ ആകാശത്തെ പാൽക്കുളങ്ങരെ/ കടമെടുത്ത് പടിഞ്ഞാറേ/ കടലിൽനിന്നും പോയപ്പോൾ/ കുളികഴിഞ്ഞു കൂരിരുട്ടിൽ/ കടമ്പ കേറി പോയപ്പോൾ/ മറന്നേപോയ് -മാനത്തുള്ളൊരു/ മണ്ണിൽ വീണു പുതഞ്ഞേ പോയ്...’’ എന്ന ഗാനവും രചനയിലും ഈണത്തിലും മികച്ചതായി.
എസ്. ജാനകി പാടിയ മൂന്നാമത്തെ ഗാനമിതാണ്: ‘‘കാലം മുടിക്കെട്ടിൽ/ മുല്ലപ്പൂ ചൂടിച്ചാലും/ കവിളത്തെ താമര വാടിയാലും/ എന്നനുരാഗമാം മയിൽപ്പീലി തേന്മാവി-/ നെന്നും കുന്നും പതിനാറു തിരുവയസ്സ്/ കൗമാരം കൊളുത്തിയ കാർത്തികവിളക്കുകൾ/ പൂമിഴികളിൽനിന്നു മറഞ്ഞാലും/ കൈകൾ വിറച്ചാലും കാലുകൾ തളർന്നാലും/ കരളിലെ മധുവിധു തുടർന്നുപോകും...’’ വളരെ വ്യത്യസ്തമാണ് ഈ ഗാനവും അതിന്റെ സന്ദർഭവും.
ഉറൂബിന്റെ രചനയും പി. ഭാസ്കരന്റെ സംവിധാനവും ചേർന്നാൽ ആ ചിത്രം നന്നാകാനേ വഴിയുള്ളൂ. 1954ൽ ‘നീലക്കുയിലി’ൽ തുടങ്ങിയ ബന്ധമാണത്. 1970 മാർച്ച് ആറിന് തിയറ്ററുകളിൽ എത്തിയ ‘കുരുക്ഷേത്ര’വും ഒരു വിജയമായിരുന്നു. ജയചന്ദ്രൻ പാടിയ ‘‘പൂർണേന്ദുമുഖി...’’ എന്ന ഗാനവും ഓർമകളിൽ അലയടിക്കുന്നു.
(തുടരും)