‘കല്പന’യിലെ വയലാർ കൽപനകൾ
‘പളുങ്കുപാത്രം‘, ‘നിശാഗന്ധി‘, ‘കല്പന’ എന്നീ സിനിമകളെയും അതിലെ പാട്ടുകളെയും കുറിച്ച് എഴുതുന്നു. ഒ.എൻ.വിയും വയലാറും വരികളിൽ കോറിയിട്ട കാവ്യകൽപനകളെക്കുറിച്ചും വിവരിക്കുന്നു.‘പൂജാപുഷ്പം’ എന്ന ചിത്രത്തിനുശേഷം തമിഴ് എഴുത്തുകാരനും കർപ്പകം സ്റ്റുഡിയോയുടെ ഉടമസ്ഥനുമായ കെ.എസ്. ഗോപാലകൃഷ്ണൻ മലയാളത്തിൽ നിർമിച്ച രണ്ടാമത്തെ ചിത്രമാണ് ‘പളുങ്കുപാത്രം’. ‘പൂജാപുഷ്പം’ സംവിധാനംചെയ്ത തിക്കുറിശ്ശിതന്നെയാണ് ഈ സിനിമയും സംഭാഷണവും പാട്ടുകളും എഴുതി...
Your Subscription Supports Independent Journalism
View Plans‘പളുങ്കുപാത്രം‘, ‘നിശാഗന്ധി‘, ‘കല്പന’ എന്നീ സിനിമകളെയും അതിലെ പാട്ടുകളെയും കുറിച്ച് എഴുതുന്നു. ഒ.എൻ.വിയും വയലാറും വരികളിൽ കോറിയിട്ട കാവ്യകൽപനകളെക്കുറിച്ചും വിവരിക്കുന്നു.
‘പൂജാപുഷ്പം’ എന്ന ചിത്രത്തിനുശേഷം തമിഴ് എഴുത്തുകാരനും കർപ്പകം സ്റ്റുഡിയോയുടെ ഉടമസ്ഥനുമായ കെ.എസ്. ഗോപാലകൃഷ്ണൻ മലയാളത്തിൽ നിർമിച്ച രണ്ടാമത്തെ ചിത്രമാണ് ‘പളുങ്കുപാത്രം’. ‘പൂജാപുഷ്പം’ സംവിധാനംചെയ്ത തിക്കുറിശ്ശിതന്നെയാണ് ഈ സിനിമയും സംഭാഷണവും പാട്ടുകളും എഴുതി സംവിധാനം ചെയ്തത്. ടി.എസ്. മഹാദേവന്റെ കഥക്ക് കെ.എസ്. ഗോപാലകൃഷ്ണൻ തിരക്കഥയെഴുതി തമിഴിൽ അദ്ദേഹത്തിന്റെ സംവിധാനത്തിൽ പൊന്നി പ്രൊഡക്ഷൻസ് നിർമിച്ച ‘കൈകൊടുത്ത ദൈവം’ എന്ന സിനിമയുടെ മലയാളം റീമേക്ക് ആയിരുന്നു ‘പളുങ്കുപാത്രം’. തമിഴിൽ ശിവാജി ഗണേശൻ അഭിനയിച്ച നായക കഥാപാത്രത്തെ മലയാളത്തിൽ പ്രേംനസീർ അവതരിപ്പിച്ചു.
തമിഴിൽ സാവിത്രി അവതരിപ്പിച്ച നായികാ കഥാപാത്രമായി ഷീലയും അഭിനയിച്ചു. തിക്കുറിശ്ശിയെ കൂടാതെ മധു, ടി.എസ്. മുത്തയ്യ, അടൂർഭാസി, എസ്.പി. പിള്ള, ജയഭാരതി, വിജയശ്രീ, ഫിലോമിന, പി.ആർ. മേനോൻ തുടങ്ങിയവരും മറ്റു പ്രധാന കഥാപാത്രങ്ങളായി പ്രത്യക്ഷപ്പെട്ടു. കൊച്ചുകുഞ്ഞിനെപ്പോലെ നിഷ്കളങ്കയായ ഒരുപെൺകുട്ടിയുടെ പെരുമാറ്റത്തെ സമൂഹം തെറ്റിദ്ധരിക്കുന്നതും ഒരു ദുഷ്ടൻ ആ പ്രത്യേക പരിതഃസ്ഥിതി മുതലെടുക്കുന്നതും സത്യസ്ഥിതി മനസ്സിലാക്കുന്ന നായകൻ അവളെ രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതുമാണ് കഥ. പക്ഷേ, കഥാന്ത്യത്തിൽ നായിക മരിക്കുകയാണ്.
തിക്കുറിശ്ശി എഴുതിയ ഗാനങ്ങൾക്ക് വി. ദക്ഷിണാമൂർത്തിയാണ് ഈണം നൽകിയത്. യേശുദാസ്, പി. ലീല, പി. സുശീല, എസ്. ജാനകി, എൽ.ആർ. ഈശ്വരി, സി.ഒ. ആന്റോ എന്നിവരെല്ലാം പാട്ടുകൾ പാടി. യേശുദാസ് ‘‘പാടിയ മാനേ, പേടമാനെ...’’ എന്ന് തുടങ്ങുന്ന പ്രേമഗാനം സ്വാമി സെമി ക്ലാസിക്കൽ ശൈലിയിലാണ് ചെയ്തിരിക്കുന്നത്.
‘‘മാനേ പേടമാനെ/ കറുകനാമ്പും കദളിക്കൂമ്പും/ കടിച്ചു നടക്കും കണ്വാശ്രമത്തിലെ/ മാനേ പേടമാനേ/ ഇണങ്ങുവതെങ്ങിനെ പരസ്പരം ചേരാത്ത/... നിൻ രൂപവും സ്വഭാവവും/ മാനേ പേടമാനേ’’ എന്ന പല്ലവിയിൽ നായികയുടെ സ്വഭാവത്തിന്റെ പ്രത്യേകത പറയുന്നു. അനുപല്ലവിയിൽ അത് വിശദീകരിക്കുന്നു: ‘‘പാൽമണം മാറാത്ത പൈതലിൻ മനസ്സും/ പഞ്ചബാണൻ കുടികൊള്ളും വയസ്സും/ തരുണവസന്തം തളിരിട്ട വപുസ്സും/ തന്നെയറിയാത്ത തരത്തിൽ നിൻ വചസ്സും’’ എന്നിങ്ങനെ പ്രാസത്തിനു പ്രാധാന്യം നൽകി തിക്കുറിശ്ശി എഴുതുന്നു.
പി. സുശീല പാടിയ ‘‘മനസ്സേ, ഇളം മനസ്സേ’’ എന്നു തുടങ്ങുന്ന പാട്ട് ദക്ഷിണാമൂർത്തി ഭേദപ്പെട്ട വിധത്തിൽ ചിട്ടപ്പെടുത്തി. ആ ഗാനം ഇങ്ങനെ തുടങ്ങുന്നു: ‘‘മനസ്സേ ഇളം മനസ്സേ നിൻ/ വസന്തവാടി വള്ളിക്കുടിലിൽ/ വരുന്നു പുതിയൊരു മലർബാണൻ/ മനസ്സേ, ഇളം മനസ്സേ/ കയ്യിൽ കരിമ്പുവില്ലില്ലാ/ എയ്യാൻ പുഷ്പശരമില്ലാ/ രതിയില്ലാ സാരഥിയില്ല/ രഥവും തുരഗവുമില്ലാ...’’ ഇവിടെ നായികയുടെ ജീവിതത്തിലേക്കു കടന്നുവരുന്ന ഒരു പുതിയ പുരുഷനെപ്പറ്റിയാണ് സംവിധായകൻകൂടിയായ ഗാനരചയിതാവ് പറയുന്നത്. ഈ ഗാനത്തിലെ അവസാനത്തെ ചരണം ഭേദപ്പെട്ടതാണ്: ‘‘പ്രാണതന്ത്രികൾ കെട്ടി-മധുര/ പ്രേമവിപഞ്ചിക മീട്ടി/ നാദതരംഗ ഗംഗയൊഴുക്കി/ നാഥനായ് നീ പാടൂ...’’
എസ്. ജാനകി പാടിയതാണ് മൂന്നാമത്തെ ഗാനം. ‘‘കല്യാണം കല്യാണം കാത്തിരുന്ന കല്യാണം/ കള്ളന്റെ കവിൾത്തടത്തിൽ/ കവിത കുറിച്ചു നാണം -നാണം’’ എന്നാണ് പല്ലവി. തുടർന്നുള്ള വരികൾ ഇങ്ങനെ: ‘‘മന്ദ മന്ദം പദം വെച്ചു മണവാട്ടി നടന്നു/ മണിയറക്കതകുകൾ മൗനമായിട്ടടഞ്ഞു/ ശരറാന്തൽവിളക്കിലെ തിരി മെല്ലെയണഞ്ഞു/ ശരൽക്കാലചന്ദ്രൻ കണ്ടു കണ്ണുപൊത്തിക്കളഞ്ഞു...’’
സി.ഒ. ആന്റോ പാടിയ ‘‘കുടിലകുന്തളക്കെട്ടിൽ’’ എന്നാരംഭിക്കുന്ന ഗാനവും പി. ലീല പാടിയ ‘‘ഒരുകൂട്ടം കടങ്കഥ’’ എന്ന് തുടങ്ങുന്ന ഗാനവും എൽ.ആർ. ഈശ്വരിയും സംഘവും പാടിയ ‘‘കുണുങ്ങിക്കുണുങ്ങിനിന്നു ചിരിക്കും’’ എന്ന ഗാനവുമാണ് ‘പളുങ്കുപാത്ര’ത്തിലെ അവശേഷിക്കുന്ന ഗാനങ്ങൾ. ഈശ്വരി നേതൃത്വം നൽകുന്ന സംഘഗാനം ഇങ്ങനെ ആരംഭിക്കുന്നു: ‘‘കുണുങ്ങിക്കുണുങ്ങി നിന്നുചിരിക്കും/ നീയൊരു കൊച്ചു കുഞ്ഞല്ല കുലുങ്ങികുലുങ്ങിക്കൊണ്ടോടും നീയൊരു കൊച്ചു കുഞ്ഞല്ല...’’ കൊച്ചുകുട്ടിയെ പോലെ പെരുമാറുന്ന നായികയെ മറ്റു യുവതികൾ കളിയാക്കുകയും ഉപദേശിക്കുകയും ചെയ്യുന്നു. ‘‘കാർകുഴൽ നീണ്ടുവളർന്നു ^നിന്റെ/ കരിമിഴി രണ്ടും വിടർന്നു/ കടഞ്ഞ തങ്കക്കുടങ്ങളുമേന്തി/ കടപ്പുറത്തിങ്ങനെ നടക്കാമോ...’’ തിക്കുറിശ്ശിയുടെ ആദ്യ നാടകമായ ‘സ്ത്രീ’ സിനിമയാക്കിയപ്പോഴും (1950) അദ്ദേഹത്തിന്റെ അഞ്ചാമത്തെ നാടകമായ ‘ശരിയോ തെറ്റോ’ അദ്ദേഹംതന്നെ സംവിധാനം ചെയ്തപ്പോഴും (1953) പാട്ടുകൾ എഴുതിയത് തിക്കുറിശ്ശിതന്നെയാണ്. 1970 മാർച്ച് 13ാം തീയതി ‘പളുങ്കുപാത്രം’ തിയറ്ററുകളിലെത്തി. തമിഴിൽ സൂപ്പർഹിറ്റ് ആയ ചിത്രത്തിന്റെ കഥ മലയാളത്തിൽ കാര്യമായ വിജയം നേടിയില്ല. ഗാനങ്ങളും വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല.
എ.എൻ. തമ്പിയും എസ്. പ്രഭാകരൻ നായരും ചേർന്ന് ചിത്രവാണി എന്ന ബാനറിൽ നിർമിച്ച സിനിമയാണ് ‘നിശാഗന്ധി’. നിർമാതാക്കളിലൊരാളായ എ.എൻ. തമ്പി ഈ ചിത്രം സംവിധാനം ചെയ്തു. എസ്റ്റേറ്റ് ഉടമയും ദുഷ്ടനുമായ തമ്പി എന്നയാളിനെയും ഫോറസ്റ്റ് റേഞ്ചറായ തോമസ് ജോണിനെയും വനം സർവേ ചെയ്യാൻ വന്ന മേനോനെയും അയാളുമായി പ്രണയത്തിലാകുന്ന അമ്മിണിയെയും ചുറ്റിപ്പറ്റി നീങ്ങുന്ന ഈ കഥയിലും ഒരു കള്ളപ്രേതമാണ് കഥ മുന്നോട്ടു കൊണ്ടുപോകുന്നത്. പണ്ട് തോട്ടത്തിലുണ്ടായിരുന്ന ഒരു സായിപ്പ് അകാലമൃത്യുവിന് ഇരയായി. അയാൾ ഇപ്പോഴും കാട്ടിൽ പ്രേതമായി അലയുന്നുണ്ടെന്ന് തോട്ടമുടമയും അയാളുടെ പിണിയാളുകളും പറഞ്ഞു പരത്തുന്നു. യഥാർഥത്തിൽ പ്രേതത്തിന്റെ വേഷം കെട്ടുന്നത് എസ്റ്റേറ്റ് ഉടമതന്നെയാണ്. ഇല്ലാ പ്രേതങ്ങളുടെ കഥ മലയാളത്തിൽ മുമ്പും വന്നിട്ടുണ്ട്.
ബാലമുരളി എന്ന പേരിൽ ഒ.എൻ.വി. കുറുപ്പ് പാട്ടുകൾ എഴുതി. ദേവരാജൻ ഈണം പകർന്നു. വയലാർ-ദേവരാജൻ കൂട്ടുകെട്ട് ഒന്നാം നിരയിൽ എത്തിയതിനുശേഷം ഒ.എൻ.വിയും ദേവരാജനും അപൂർവമായി മാത്രമേ സിനിമയിൽ ഒരുമിച്ചു പ്രവർത്തിച്ചിരുന്നുള്ളൂ. യേശുദാസ്, പി. സുശീല, എസ്. ജാനകി എന്നിവർ പിന്നണിയിൽ പാടി. ‘‘പാതിവിരിഞ്ഞൊരു പാതിരാപ്പൂവായ്/ വാതിലിൽ വന്നു വസന്തം എൻപടി/ വാതിലിൽ വന്നു വസന്തം/ കസ്തൂരിദീപവും കയ്യിലേന്തി/ കാർത്തികത്താരമായ് വന്നു നീ/ പൊട്ടിച്ചിരിച്ചു നിൻ കൈവളകൾ/ പൊട്ടിവിടർന്നെന്റെ പൊൻകിനാക്കൾ’’ എന്ന ഗാനം യേശുദാസ് പാടി. എസ്.ജാനകി പാടിയ ‘‘നീലവാനമേ...’’ എന്ന ഗാനം ശ്രദ്ധേയമായി.
‘‘നീലവാനമേ... നീലവാനമേ/ നീയാരെ താഴെത്തിരഞ്ഞു വന്നു/ ചക്രവാളത്തിൻ ചന്ദനക്കട്ടിലിൽ/ പട്ടുവിരിയിൽ ഇരുന്നു -നീ/ പൂഴിമണ്ണിനെ കെട്ടിപ്പുണർന്നു/ പൂവുപോൽ മുത്തം പകർന്നു’’ എന്ന ഗാനത്തിലെ അടുത്ത ചരണത്തിലെ വരികളും ഇതേ ഭാവതലത്തിലുള്ളവയാണ്. ഇതേ ഗാനം എസ്. ജാനകി ശോകഭാവത്തിലും പാടിയിട്ടുണ്ട്. യേശുദാസ് ആലപിച്ച മറ്റൊരു ഗാനമിതാണ്. ചിത്രത്തിന്റെ പേരിൽ പാട്ടു തുടങ്ങുന്നതുകൊണ്ട് പ്രമേയഗാനം എന്ന് വേണമെങ്കിൽ പറയാം.
‘‘നിശാഗന്ധീ -നിശാഗന്ധീ/ എന്നുമെന്നോർമതൻ പൂപ്പാലികയിൽ/ നിൻ മന്ദഹാസം വിരിഞ്ഞു നിൽക്കും/ എന്നനുരാഗത്തിൻ രത്നകിരീടം/ എന്തിനോ നിന്നെ ഞാൻ ചാർത്തി/ എൻ മനസങ്കൽപ സിംഹാസനത്തിലെ/ സൗന്ദര്യറാണിയായ് നീയിരുന്നു...’’
എസ്. ജാനകി പാടിയ ‘‘മണിവീണയാണു ഞാൻ നിൻ മടിയിൽ/ മധുരമാം രാഗത്തിൻ മലരുകൾ ചൂടിയ/ മണിവീണയാണു ഞാൻ നിൻ മടിയിൽ’’ എന്ന ഗാനത്തിലെ വരികൾ ഇങ്ങനെ തുടരുന്നു: ‘‘ഒരു കുളിർതെന്നലിൻ കൈകളെൻ പിന്നിൽ/ വന്നരുമയായെൻ മുഖം പൊത്തി/ തനിയേയെൻ ചുണ്ടുവിടർന്നപ്പോൾ നാലഞ്ച്-/ പനിനീർക്കണങ്ങൾ പുരണ്ടു...’’
തന്റെ വരികളിൽ കവിതയുടെ ഗന്ധം നിറഞ്ഞുനിൽക്കണമെന്ന് ഒ.എൻ.വി എന്ന കവിക്ക് നിർബന്ധമുണ്ടായിരുന്നു എന്ന് ഈ വരികളൊക്കെ വായിക്കുമ്പോൾ മനസ്സിലാകും.
എസ്. ജാനകി പാടിയ ഈ ചിത്രത്തിലെ മൂന്നാമത്തെ ഗാനം ഇങ്ങനെ തുടങ്ങുന്നു: ‘‘പൂവാലൻകിളീ പൂവാലൻകിളീ/ പൂവു നുള്ളാൻ പോരണോ/ പുന്ന പൂത്ത കടവിലേക്കെൻ/ തോണിയേറി പോരണോ/ പൂവാലൻ കിളീ പൂഹോയ്/ പൂഹോയ് ഹോയ്/ ചീനവലക്കമ്പികളിൽ ചിറകുണക്കും മൈനേ/ മൈനേ മൈനേ മൈനേ/ അക്കരത്തോപ്പില് പണ്ടു ഞാൻ നട്ടൊരു/ ചക്കരമാന്തയ്യ് പൂത്തല്ലോ/ പൂ...ത്ത...ല്ലോ...’’ ‘നിശാഗന്ധി’ എന്ന ചിത്രത്തിനു വേണ്ടി പി. സുശീലയും ഒരു ഗാനം പാടിയിട്ടുണ്ട്.
‘‘ഒരു പളുങ്കുപാത്രം തൊഴുകലോടേറ്റുവാങ്ങാൻ/ കരളിലെൻ മോഹങ്ങൾ തപസ്സിരിപ്പൂ/ ഒരു പളുങ്കുപാത്രം പ്രിയതോഴനെനിക്കേകും/ ഒരു ഭാഗ്യനിമിഷം ഞാൻ കൊതിച്ചു നിൽപ്പൂ’’ എന്നിങ്ങനെയാണ് ഗാനം ആരംഭിക്കുന്നത്.
സത്യൻ, ജയഭാരതി, കെ.പി. ഉമ്മർ, വിജയനിർമല, കൊട്ടാരക്കര ശ്രീധരൻ നായർ, അടൂർ ഭാസി, പി.ജെ. ആന്റണി, ശങ്കരാടി, പട്ടം സദൻ തുടങ്ങിയവർ അഭിനയിച്ച ‘നിശാഗന്ധി’ 1970 മാർച്ച് 14ന് തിയറ്ററുകളിലെത്തി. എ.എൻ. തമ്പി എന്ന സംവിധായകൻ പിന്നെയും ചില ചിത്രങ്ങൾ സംവിധാനംചെയ്തു. തൊണ്ണൂറുകളിൽ ചില മലയാള സിനിമകളിൽ അഭിനയിച്ച കവിതാ തമ്പി എന്ന നടി എ.എൻ. തമ്പിയുടെ മകളാണ്.
1970 മാർച്ച് 27ന് പ്രദർശനത്തിനെത്തിയ ‘കല്പന’ എന്ന ചിത്രം കെ.എസ്. സേതുമാധവനാണ് സംവിധാനം ചെയ്തത്. ശെൽവൻ പ്രൊഡക്ഷൻസിനു വേണ്ടി ശെൽവൻ എന്ന തമിഴ് നിർമാതാവ് മദ്രാസിലെ അരുണാചലം സ്റ്റുഡിയോയിൽ നിർമിച്ച ചിത്രമാണിത്. കെ.ടി. മുഹമ്മദ് ചിത്രത്തിന് കഥയും സംഭാഷണവും രചിച്ചു. സത്യൻ, പ്രേംനസീർ, ഷീല, ടി.എസ്. മുത്തയ്യ, അടൂർ ഭാസി, കവിയൂർ പൊന്നമ്മ, മീന, കൊച്ചി അമ്മിണി തുടങ്ങിയവർ അഭിനയിച്ചു.
വയലാർ രാമവർമ എഴുതിയ ഗാനങ്ങൾക്ക് വി. ദക്ഷിണാമൂർത്തിയാണ് സംഗീതം നൽകിയത്. (സേതുമാധവൻ ആദ്യമായി സംവിധാനംചെയ്തത് ടി.ഇ. വാസുദേവൻ ജയമാരുതിക്കു വേണ്ടി നിർമിച്ച ‘ജ്ഞാനസുന്ദരി’ എന്ന സിനിമയാണ്. അതിന്റെ സംഗീതസംവിധായകൻ വി. ദക്ഷിണാമൂർത്തിയായിരുന്നു.) യേശുദാസ്, പി. ലീല, എസ്. ജാനകി, എൽ.ആർ. ഈശ്വരി എന്നിവർ പാട്ടുകൾ പാടി. ഒരു ഗാനം യേശുദാസും ഒരു ഗാനം പി. ലീലയും രണ്ടു ഗാനങ്ങൾ എസ്. ജാനകിയും ഒരു ഗാനം എൽ.ആർ. ഈശ്വരിയും എസ്. ജാനകിയും ചേർന്നും ആലപിച്ചു.
‘‘അനുരാഗം അനുരാഗം -അതു/ മനസ്സിൽ മൃതസഞ്ജീവനി തൂകും മധുരമധുരവികാരം’’ എന്നു തുടങ്ങുന്ന ഗാനമാണ് യേശുദാസ് പാടിയത്. ആ പാട്ട് ഇങ്ങനെ തുടരുന്നു: ‘‘മന്മഥന്റെ വില്ലിലിരിക്കും മല്ലീശരമല്ലോ -അത്/ പെൺകൊടിമാരുടെ ലജ്ജയിൽ മുങ്ങിയ/ വെണ്മണി ശ്ലോകമല്ലോ...’’
പി. ലീല പാടിയ ഗാനമിങ്ങനെ തുടങ്ങുന്നു: ‘‘പ്രപഞ്ചമുണ്ടായ കാലം മുതലേ/ പ്രേമകഥകളെല്ലാമൊന്നുപോലെ’’ എന്നാണ് പല്ലവി. വയലാർ തുടർന്നു പറയുന്നു:
‘‘ഇരുളും വെളിച്ചവും രഥം തെളിച്ചെത്തും ഈ നിമ്നോന്നതഭൂവിൽ/ അവയിലെ നായികമാരുടെ കണ്ണുനീർ/ അരുവികൾ ഒഴുകുന്നതൊന്നുപോലെ... അവയുടെ ഗദ്ഗദം ഒന്നുപോലെ...’’ പിൽക്കാലത്ത് വയലാറിന്റെ ഏറ്റവും മികച്ച രചനകളിൽ ഒന്നായി വാഴ്ത്തപ്പെട്ട ‘‘കണ്ണുനീർത്തുള്ളിയെ സ്ത്രീയോടുപമിച്ച കാവ്യഭാവനേ’’ എന്ന ഗാനം ഈ പാട്ടിൽനിന്നുള്ള ഒരു ടേക്ക്ഓഫ് ആയിരിക്കാം.
എസ്. ജാനകി പാടിയ ‘‘കുന്നത്തെ പൂമരം കുട പിടിച്ചു/ കുളത്തിലെ താമര തിരി പിടിച്ചു/ അനുരാഗലോലരെ ആശീർവദിക്കുവാൻ/ അരുന്ധതി നക്ഷത്രം കിഴക്കുദിച്ചു’’ എന്ന പാട്ടും ‘‘വജ്രകിരീടം ശിരസ്സിലണിയും വൈദ്യുതദീപമേ ഈ നിദ്രാമുറിയിൽ നീയെന്തിനിങ്ങനെ നിശ്ശബ്ദ തപസ്സിനു വന്നു..?’’ എന്ന പാട്ടും എസ്. ജാനകി എൽ.ആർ. ഈശ്വരിയുമായി ചേർന്നു പാടിയ ‘‘അമൃതവർഷിണീ പ്രിയദർശിനീ നിൻ മൃദുലതന്ത്രികളിൽ വിരലൊഴുകുമ്പോൾ വിടരുന്നു മുന്നിലൊരു സ്വരചക്രവാളം സരിഗമ... സപ്തസ്വരചക്രവാളം... സ്വീറ്റ് ഡ്രീംസ് സ്വീറ്റ് ഡ്രീംസ് സ്വീറ്റ് ഡ്രീംസ്’’ എന്നു തുടങ്ങുന്ന തികച്ചും വ്യത്യസ്തമായ ഗാനവും ‘കല്പന’ എന്ന ചിത്രത്തിൽ ഉണ്ടായിരുന്നു. സന്ദർഭത്തിനനുസരിച്ച് വയലാർ രചനയിൽ വരുത്തുന്ന വ്യത്യസ്തതകൾക്ക് ഒരു മികച്ച ദൃഷ്ടാന്തമാണ് ഈ സരിഗമപധനി ഗാനം. അതിലെ ചില വരികൾ കൂടി ശ്രദ്ധിക്കുക. ‘‘വെള്ളിക്കൊലുസുകൾ ഉള്ളിൽ കിലുക്കും ഷെല്ലിയുടെ കവിതകളേ... ഡാലിയാപ്പൂവിൻ മാറിലുറങ്ങും കാമുകശലഭങ്ങളേ... മുത്തുച്ചിപ്പിയിൽ മുന്തിരിച്ചാറുമായ് ഉദ്യാനവിരുന്നിനു വരുമോ..?’’
‘കല്പന’ എന്ന സിനിമക്കുവേണ്ടി വയലാർ-ദക്ഷിണാമൂർത്തി ടീം ഒരുക്കിയ ഗാനങ്ങൾ സൂപ്പർഹിറ്റുകളായില്ല. എന്നാൽ, ഒരു പാട്ടുപോലും മോശമായതുമില്ല. അവ കഥയുടെ ഗതിയെ സഹായിച്ചു. ‘കല്പന’ എന്ന ചലച്ചിത്രവും ഭേദപ്പെട്ട നിലവാരം പുലർത്തി.