ദേശീയപുരസ്കാരം നേടിയ ‘എഴുതാത്ത കഥ’
‘നാഴികക്കല്ല്’, ‘ക്രോസ്ബെൽറ്റ്’, ‘എഴുതാത്ത കഥ’ തുടങ്ങിയ സിനിമകളെയും അതിലെ പാട്ടുകളെയും കുറിച്ച് എഴുതുന്നു.1970 മേയ് ഒന്നിന് പുറത്തുവന്ന മറ്റൊരു സിനിമയാണ്, ‘മൂടൽമഞ്ഞ്’ നിർമിച്ച വി.എസ്. പിക്ചേഴ്സിന്റെ രണ്ടാമത്തെചിത്രമായ ‘നാഴികക്കല്ല്’. ബോംബെ സിനിമാലോകവുമായി ബന്ധമുള്ള ഛായാഗ്രാഹകൻ വി.എസ്. നായരും സംവിധായകൻ സുദിൻ മേനോനും ചേർന്നു നിർമിച്ച ‘നാഴികക്കല്ലി’ന്റെ കഥയും തിരക്കഥയും സംവിധായകനായ സുദിൻ മേനോൻ രചിച്ചു. ഗാനങ്ങളോടൊപ്പം...
Your Subscription Supports Independent Journalism
View Plans‘നാഴികക്കല്ല്’, ‘ക്രോസ്ബെൽറ്റ്’, ‘എഴുതാത്ത കഥ’ തുടങ്ങിയ സിനിമകളെയും അതിലെ പാട്ടുകളെയും കുറിച്ച് എഴുതുന്നു.
1970 മേയ് ഒന്നിന് പുറത്തുവന്ന മറ്റൊരു സിനിമയാണ്, ‘മൂടൽമഞ്ഞ്’ നിർമിച്ച വി.എസ്. പിക്ചേഴ്സിന്റെ രണ്ടാമത്തെചിത്രമായ ‘നാഴികക്കല്ല്’. ബോംബെ സിനിമാലോകവുമായി ബന്ധമുള്ള ഛായാഗ്രാഹകൻ വി.എസ്. നായരും സംവിധായകൻ സുദിൻ മേനോനും ചേർന്നു നിർമിച്ച ‘നാഴികക്കല്ലി’ന്റെ കഥയും തിരക്കഥയും സംവിധായകനായ സുദിൻ മേനോൻ രചിച്ചു. ഗാനങ്ങളോടൊപ്പം സംഭാഷണവും ശ്രീകുമാരൻ തമ്പി എഴുതി. പ്രേംനസീർ, ഷീല, ജി.കെ. പിള്ള, ശങ്കരാടി, എസ്.പി. പിള്ള, ബഹദൂർ, ടി.ആർ. ഓമന, നെല്ലിക്കോട് ഭാസ്കരൻ, സരസ്വതി, കടുവാക്കുളം ആന്റണി തുടങ്ങിയവർ അഭിനയിച്ച ഈ സിനിമയിൽ അഞ്ചു പാട്ടുകൾ ഉണ്ടായിരുന്നു. ‘മൂടൽമഞ്ഞി’ലൂടെ സംഗീതസംവിധായികയായി ഉഷാ ഖന്നയെ മലയാളത്തിൽ അവതരിപ്പിച്ച വി.എസ് പിക്ചേഴ്സ് അവരുടെ രണ്ടാമത്തെ ചിത്രത്തിന് സംഗീതമൊരുക്കാൻ ബംഗാളിയായ കാനു ഘോഷിനെയാണ് കൊണ്ടുവന്നത്. ഹിന്ദി സിനിമകളിലും ബംഗാളി സിനിമകളിലും സംഗീതം പകർന്നിട്ടുള്ള കാനു ഘോഷ് ചില സിനിമകളിൽ സലിൽ ചൗധരിയുടെ പ്രധാന സഹായിയായും പ്രവർത്തിച്ചിട്ടുണ്ട്. കാനു ഘോഷ് നൽകിയ ഈണങ്ങൾക്കനുസരിച്ചാണ് ഈ ലേഖകൻ പാട്ടുകൾ എഴുതിയത്.
സംഗീതസംവിധായകൻ നൽകിയ ഈണങ്ങൾക്കനുസരിച്ച് ശ്രീകുമാരൻ തമ്പി ഗാനങ്ങൾ രചിച്ച ആദ്യ സിനിമയാണ് ‘നാഴികക്കല്ല്’ എന്ന വിവരവും അറിഞ്ഞിരിക്കേണ്ടതാണ്. അതുവരെ പാട്ടുകൾ എഴുതിയതിനുശേഷമാണ് സംഗീത സംവിധായകർ ആ വരികൾക്ക് അനുയോജ്യമായ ഈണം കണ്ടുപിടിച്ചിരുന്നത്. ‘നാഴികക്കല്ലി’ലെ പാട്ടുകൾ പാടിയത് ജയചന്ദ്രൻ, എസ്. ജാനകി, കമുകറ പുരുഷോത്തമൻ എന്നീ മൂന്നുപേരാണ്. എന്തുകൊണ്ടോ യേശുദാസിന്റെ ശബ്ദം ചിത്രത്തിൽ ഉപയോഗിക്കപ്പെട്ടില്ല. ജയചന്ദ്രൻ പാടിയ ‘‘നിൻ പദങ്ങളിൽ നൃത്തമാടിടും എന്റെ സ്വപ്നജാലം/ നീയൊരു മലർവാടി^ മധുമലർമൊട്ടുകൾ പോരാടി മിഴികളാടി’’ എന്ന ഗാനത്തിനിടയിൽ അകലെയെങ്ങോ കേൾക്കുന്ന ‘‘ഹയ്യാ ഓ ഹയ്യ...’’ എന്ന നാടൻപാട്ടുകാരന്റെ ശബ്ദം കൊണ്ടുവന്നതിൽ പുതുമയുണ്ടായിരുന്നു. ഈ ഗാനം വലിയ ഹിറ്റായി മാറി. നായകൻ കളിയാക്കി പാടുമ്പോൾ പ്രതിഷേധിക്കുന്ന നായികയുടെ വാക്കുകൾ സംസാരിച്ചത് ടി.ആർ. ഓമന എന്ന നടിയാണ്. പ്രേംനസീറും ഷീലയുമാണ് ഈ ഗാനരംഗത്ത് അഭിനയിച്ചിരിക്കുന്നത്. ജയചന്ദ്രൻ പാടിയ മറ്റൊരു പ്രേമഗാനം ഇതാണ്.
‘‘ചെമ്പവിഴച്ചുണ്ടിൽ ചെത്തിപ്പഴക്കവിളിൽ/ ചുംബനമുന്തിരിപ്പൂവുണ്ടോ/ പൂവൊന്നു നുള്ളാൻ പൂമ്പൊടി കിള്ളാൻ പൂങ്കരൾത്തുമ്പിക്കു മോഹം/ മോഹത്തിൽ നീന്തി പ്രാണസഖീ ഞാൻ / യാചിച്ചു വന്നു നിൻ മുന്നിൽ’’ എന്ന പാട്ടും പ്രസിദ്ധി നേടി.
തത്ത്വചിന്താപരമായ ശീർഷകഗാനം കമുകറ പുരുഷോത്തമൻ ആലപിച്ചു. വരികൾ വളരെ കുറവായ പാട്ടാണിത്. ‘‘കണ്ണീരിലല്ലേ/ ജനനം കണ്ണീരിലല്ലേ മരണം -ഈ മണ്ണിൽ/ കണ്ണീരിലല്ലേ ജനനം’’ എന്ന പല്ലവിയെ തുടർന്നുവരുന്ന രണ്ടു ചരണങ്ങളിലും മൂന്നു വരികൾ വീതമേയുള്ളൂ. ഈണത്തിനനുസരിച്ച് എഴുതുമ്പോഴാണ് ഇങ്ങനെ സംഭവിക്കുന്നത്. ചില പാട്ടുകളിൽ വരികളുടെ എണ്ണം വളരെ കൂടുകയും ചെയ്യും. കവികൾ ആദ്യം എഴുതുമ്പോൾ വരികൾക്ക് ഒരു നിശ്ചിതമായ അളവും രൂപവും ഉണ്ടായിരിക്കും.
‘‘വിടരുന്നു മോഹങ്ങളിവിടെ/ പടരുന്നു സങ്കൽപമിവിടെ/ പാറുന്നു കരളിൻ പരാഗങ്ങൾ നോവിൽ...’’ എന്നും വളരുന്ന വ്യാമോഹനടയിൽ/ തളരുന്നു പാദങ്ങളൊടുവിൽ/ ചേരുന്നു പ്രാണൻ വിതുമ്പുന്ന കാറ്റിൽ...’’ എന്നും വരികൾ തുടരുന്നു. കമുകറയുടെ ശബ്ദം ഈ ഗാനത്തിന് തികച്ചും അനുയോജ്യമായിരുന്നു.
എസ്. ജാനകി പാടിയ രണ്ടു പാട്ടുകളുടെയും ഈണം മികച്ചതായി. ‘‘ചന്ദനത്തൊട്ടിൽ ഇല്ലാ ചാമരത്തൊട്ടിൽ ഇല്ലാ/ ചെന്താമരക്കണ്ണനുണ്ണി വാ വാ വോ.../ രാരീരം പാടി രാക്കിളികൾ പൂവാടിയിൽ/ താരകങ്ങൾ വീണുറങ്ങി മേഘങ്ങളിൽ/ ചന്ദ്രികപ്പൊൻവിളക്കില്ലാ താമരപ്പൊൻമെത്തയില്ലാ/ ചെന്താമരക്കണ്ണനുണ്ണി വാവാവോ...’’ എന്നിങ്ങനെ തുടരുന്ന താരാട്ടും ചിത്രത്തിൽ നായിക പാടുന്ന ദുഃഖഗാനവും ജനപ്രീതി നേടി. ആ ശോകഗാനം ഇതാണ്: ‘‘ഏതോ രാവിൽ ജീവന്റെ തംബുരു പാടി/ പാടിയ രാഗം ഗദ്ഗദമായി...’’ പാട്ടിലെ വരികൾ ഇങ്ങനെ തുടരുന്നു: ‘‘തേങ്ങും തേനൂറും പൂവിന്റെ ദാഹം/ കാണാതെ തെന്നൽ തേരുകൾ മാഞ്ഞു/ പൂനിലാവിൻ പാലരുവിയും മാഞ്ഞു...’’
ഗാനത്തിലെ രണ്ടാമത്തെ ചരണം ഇങ്ങനെ: ‘‘തേടും വീഥിയിൽ വീഴുന്നു മോഹം/ പാടാതെ നെഞ്ചിൽ വിങ്ങുന്നു ഗാനം/ പാഴ്സ്വരം ഞാൻ/ പാട്ടുകാരനെ തേടി/ ഏതോ രാവിൽ…’’ ‘നാഴികക്കല്ലി’ലെ എല്ലാ പാട്ടുകളും നന്നായി. എന്നിട്ടും പിന്നീട് ഒരു മലയാള ചിത്രത്തിലും കാനു ഘോഷിന്റെ ഈണങ്ങൾ കേൾക്കാൻ കേരളത്തിലെ സിനിമാപ്രേക്ഷകർക്കു ഭാഗ്യമുണ്ടായില്ല.
അക്കാലത്ത് സിനിമകളിൽ ദുഷ്ടകഥാപാത്രമായി മാത്രം പ്രത്യക്ഷപ്പെട്ടിരുന്ന ജി.കെ. പിള്ള ‘നാഴികക്കല്ല്’ എന്ന ചിത്രത്തിൽ നായിക ഷീലയുടെ പിതാവിന്റെ വേഷത്തിലാണ് അഭിനയിച്ചത്. അത് നന്മകൾമാത്രം ചെയ്യുന്ന ഒരു സദ് കഥാപാത്രമായിരുന്നു. തരക്കേടില്ലാത്ത കഥയും മികച്ച സംഗീതവും ഉണ്ടായിട്ടും ‘നാഴികക്കല്ല്’ എന്ന സിനിമ സാമ്പത്തികവിജയം നേടിയില്ല. പി. ഭാസ്കരന്റെ ‘അമ്പലപ്രാവ്’ എന്ന ചിത്രവുമായിട്ടാണ് ‘നാഴികക്കല്ല്’ തിയറ്ററുകളിൽ മത്സരിച്ചത്.
‘മിടുമിടുക്കി’ എന്ന സിനിമ നിർമിച്ച എ. പൊന്നപ്പൻ ദീപ്തി ഫിലിംസിന്റെ പേരിൽ നിർമിച്ച അടുത്ത ചിത്രം ‘ക്രോസ് ബെൽറ്റ്’ ആയിരുന്നു. എൻ.എൻ. പിള്ളയുടെ പ്രശസ്ത നാടകത്തെ അടിസ്ഥാനമാക്കി നിർമിച്ച ഈ ചിത്രം സംവിധാനംചെയ്തതും ‘മിടുമിടുക്കി’യുടെ സംവിധായകനായ മണി എന്ന വേലായുധൻ നായർ ആയിരുന്നു. ‘ക്രോസ്ബെൽറ്റ്’ എന്ന സിനിമ പുറത്തുവന്നതോടെ അദ്ദേഹം ‘ക്രോസ്ബെൽറ്റ്’ മണി എന്ന പേര് സ്വീകരിച്ചു. എൻ.എൻ. പിള്ള തന്നെ ചിത്രത്തിന് തിരക്കഥയും സംഭാഷണവും രചിച്ചു. സത്യൻ, ശാരദ, ഉഷാകുമാരി, തിക്കുറിശ്ശി, കൊട്ടാരക്കര ശ്രീധരൻ നായർ, പി.ജെ. ആന്റണി, കവിയൂർ പൊന്നമ്മ, ആറന്മുള പൊന്നമ്മ, അടൂർ ഭാസി, ബഹദൂർ, കോട്ടയം ചെല്ലപ്പൻ, എൻ. ഗോവിന്ദൻകുട്ടി, പറവൂർ ഭരതൻ തുടങ്ങിയവരാണ് ‘ക്രോസ് ബെൽറ്റി’ലെ നടീനടന്മാർ. ചിത്രത്തിൽ രണ്ടു ഗാനങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ.
ശ്രീകുമാരൻ തമ്പിയും എം.എസ്. ബാബുരാജും ചേർന്ന് ഈ പാട്ടുകളൊരുക്കി. രണ്ടു പാട്ടുകളും യേശുദാസാണ് പാടിയത്. ‘‘കാലം മാറി വരും കാറ്റിൻ ഗതി മാറും കടൽ വറ്റി കരയാകും കര പിന്നെ കടലാകും കഥയിതു തുടർന്നു വരും -ജീവിത കഥയിതു തുടർന്നു വരും...’’ കേരളത്തിൽ സൂനാമിയും വെള്ളപ്പൊക്കവും മറ്റും വന്നപ്പോൾ പലരും ഈ പാട്ട് ചർച്ചാവിഷയമാക്കുകയുണ്ടായി. ഈ പാട്ടിലെ തുടർന്നുള്ള വരികൾക്ക് ഒരു വിപ്ലവഗാനത്തിന്റെ ഛായയാണുള്ളത്. പ്രത്യേകിച്ചും പാട്ടിന്റെ രണ്ടാമത്തെ ചരണം... ‘‘അഭയാർഥിസംഘങ്ങൾ അജയ്യരായുയരും അരമനക്കോട്ടകൾ തകരും! അടിമതൻ കണ്ണിലിന്നെരിയുന്ന നൊമ്പരം അഗ്നിനക്ഷത്രമായ് വിടരും -നാളെ അഗ്നിനക്ഷത്രമായ് വിടരും.’’
സിനിമയിലെ രണ്ടാമത്തെ ഗാനം ശരിക്കും ഒരു വിപ്ലവഗാനം തന്നെയാണ്. തൊഴിലാളികളുടെ ഘോഷയാത്രയിൽ പാടുന്ന പാട്ട്. ‘‘സിന്ദാബാദ് സിന്ദാബാദ്... തൊഴിലാളി ഐക്യം സിന്ദാബാദ്... രക്തസാക്ഷികൾ സിന്ദാബാദ്... ഉയരട്ടെ... ഉയരട്ടെ... ഉദയ രക്തതാരകങ്ങൾ ഉയരട്ടെ... തകരട്ടെ... തകരട്ടെ... തങ്കദന്തഗോപുരങ്ങൾ തകരട്ടെ... ഉയരട്ടെ ഉയരട്ടെ ഉയരട്ടെ...’’ പല്ലവിയും മുദ്രാവാക്യങ്ങളും കഴിഞ്ഞാൽ പാട്ട് ഇങ്ങനെ തുടരുന്നു: ‘‘തൊണ്ടു തല്ലി വേർപ്പണിഞ്ഞ കൈകളേ പണ്ട് മഞ്ചൽ ഏറ്റി നൊന്ത കൈകളേ കയർപിരിച്ചു വിരലൊടിഞ്ഞ കൈകളേ കരളു നൽകി നേടുകയീ ചെങ്കൊടി.’’
അടുത്ത ചരണത്തിലെ വരികൾ ഇങ്ങനെ: ‘‘ചെഞ്ചോരപ്പുഴയൊഴുകിയ വയലാറിൽ വഞ്ചനതൻ കെണി തകർത്ത വയലാറിൽ അലയടിച്ച സ്വാതന്ത്ര്യ ഗാനവുമായ് അണിയണിയായ് ഏന്തുകയീ ചെങ്കൊടി... ചെങ്കൊടി... ചെങ്കൊടി... ചെങ്കൊടി...’’
‘ക്രോസ്ബെൽറ്റി’ലെ രണ്ടു പാട്ടുകളും ഹിറ്റുകളായി. 1970 മേയ് 14ന് പ്രദർശനമാരംഭിച്ച ‘ക്രോസ്ബെൽറ്റ്’ എന്ന സിനിമ വമ്പിച്ച വിജയം നേടി.
മികച്ച മലയാള ചിത്രത്തിനുള്ള ദേശീയപുരസ്കാരം നേടിയ ‘എഴുതാത്ത കഥ’യും 1970ലാണ് പുറത്തിറങ്ങിയത്. ‘ജയ് മാരുതി’ പിക്ചേഴ്സിനു വേണ്ടി ടി.ഇ. വാസുദേവൻ നിർമിച്ച ‘എഴുതാത്ത കഥ’ എ.ബി. രാജ് സംവിധാനംചെയ്തു. കോട്ടയം ഇ.പി. കുര്യൻ എഴുതിയ കഥക്ക് വി. ദേവൻ തിരക്കഥയും ജഗതി എൻ.കെ. ആചാരി സംഭാഷണവും രചിച്ചു.
മലയാള നാടകവേദിയിൽ രണ്ടു മൂന്നു വ്യാഴവട്ടക്കാലം പ്രശസ്ത നായികാനടിയായി വിരാജിച്ച കായംകുളം കമലമ്മ എന്ന നാടകനടിയുടെയും അവരുടെ ഗായികയായ മകളുടെയും കഥയാണ് ഈ ചിത്രം പറയുന്നത്. കാലചക്രത്തിന്റെ തിരിച്ചിലിൽ ഓജസ്സും തേജസ്സും നഷ്ടപ്പെട്ട കമലമ്മ തീരാത്ത ദുഃഖത്തിലും ദുരിതത്തിലുമാണ് കഴിഞ്ഞുപോകുന്നത്. ഗായികയായ മകൾ മീന ഗാനമേളകൾക്കു പോയി കിട്ടുന്ന ചെറിയ വരുമാനംകൊണ്ടാണ് അവർ ഇപ്പോൾ കഴിഞ്ഞുകൂടുന്നത്. ‘ധർമയുദ്ധം’ വാരികയുടെ പത്രാധിപരായ പ്രതാപൻ ഈ കുടുംബവുമായി ബന്ധപ്പെടുന്നതും കായംകുളം കമലമ്മയുടെ ആത്മകഥ തന്റെ വാരികയിൽ പ്രസിദ്ധീകരിക്കാൻ ശ്രമിക്കുന്നതും തുടർന്നുണ്ടാകുന്ന സംഭവപരമ്പരകളുമാണ് ‘എഴുതാത്ത കഥ’ എന്ന ചിത്രം പറയുന്നത്.
കായംകുളം കമലമ്മയായി ഷീലയും മകൾ മീനയായി കന്നട നടി ചന്ദ്രകലയും അഭിനയിച്ചു. (എം.ജി.ആർ നായകനും നിർമാതാവും സംവിധായകനുമായ ‘ഉലകം ചുറ്റും വാലിബൻ’ എന്ന പ്രശസ്ത തമിഴ് സിനിമയിലെ മൂന്നു നായികമാരിൽ ഒരാൾ ഈ ചന്ദ്രകലയാണ്.) പ്രേംനസീർ പത്രാധിപർ പ്രതാപന്റെ വേഷത്തിൽ വന്നു. കെ.പി. ഉമ്മർ, തിക്കുറിശ്ശി, അടൂർ ഭാസി, ജി.കെ. പിള്ള, ശങ്കരാടി, ടി.ആർ. ഓമന, നെല്ലിക്കോട്ട് ഭാസ്കരൻ, മുതുകുളം രാഘവൻ പിള്ള, പറവൂർ ഭരതൻ തുടങ്ങിയവരും അഭിനേതാക്കളായി ഉണ്ടായിരുന്നു. അതിഥിതാരമായി ടി.കെ. ബാലചന്ദ്രനും പ്രത്യക്ഷപ്പെട്ടു.
ശ്രീകുമാരൻ തമ്പി എഴുതിയ ആറു ഗാനങ്ങൾക്ക് വി. ദക്ഷിണാമൂർത്തി സംഗീതം പകർന്നു. ജയചന്ദ്രനും ബി. വസന്തയും പാടിയ ‘‘പ്രാണവീണതൻ ലോലതന്ത്രിയിൽ/ ഗാനമായി വിടർന്നു നീ/ രാജമല്ലികൾ താലമേന്തിയ/ രാഗഹേമന്ത സന്ധ്യയിൽ’’ എന്നു തുടങ്ങുന്ന കവിത ഇങ്ങനെ തുടരുന്നു: ‘‘സാന്ധ്യതാരക സംഗമത്തിന്റെ/ ശാശ്വത സ്മൃതിയാകവേ/ വാനദർപ്പണ വർണരാജികൾ/ യാമിനിയെ പുണരവെ/ പ്രാണസിന്ധുവിൽ പ്രേമലോലയാം/ വേണിയായി ലയിച്ചു നീ/ ഇന്ദ്രിയങ്ങളിലാത്മ പൂജയാൽ/ ഇന്ദ്രജാലങ്ങൾ കാട്ടി നീ/ മാമലകളിൽ പൊൻപുലരിയിൽ/ മഞ്ഞലയെന്ന പോലവേ/ വാസരക്കുളിർ തെന്നലിൽ പൂവിൻ/ വാസനയെന്ന പോലവേ/ നിദ്രയിൽ സ്വപ്നമെന്നപോലവേ/ നിർവൃതിയെന്ന പോലവേ/ എന്നിലെയെന്നിൽ, എന്റെ വേണുവിൽ/ ഇന്നലിഞ്ഞുകഴിഞ്ഞു നീ...’’
കവിതയിൽ ഏതാനും വരികൾ കൂടിയുണ്ട്. ജയചന്ദ്രനും വസന്തയും ഈ കവിത നന്നായി പാടിയിട്ടുണ്ട്. വളരെ കുറച്ചു സംഗീതോപകരണങ്ങൾ മാത്രമേ ഈ കവിതയുടെ റെക്കോഡിങ്ങിൽ ഉപയോഗിച്ചിട്ടുള്ളൂ. യേശുദാസ് പാടിയ രണ്ടു ഗാനങ്ങൾ ഈ ചിത്രത്തിലുണ്ട്.
‘‘മനസ്സെന്ന മരതകദ്വീപിൽ/ മായാജാലത്തിൻ നാട്ടിൽ/ മലരായ് വിടർന്നതു മുള്ളായ് മാറും/ മധുവായ് നുകർന്നതു വിഷമായ് മാറും’’ എന്ന ഗാനമാണ് ആദ്യത്തേത്. അതിന്റെ തുടർന്നുള്ള വരികൾ ഇങ്ങനെ: ‘‘ചിത്രമനോഹര സന്ധ്യാശിൽപികൾ/ ചിത്രം വരയ്ക്കാറുണ്ടവിടെ/ സ്വപ്നസുധാകര ശോഭകൾ മായ്ക്കാൻ/ ദുഃഖത്തിൻ മേഘവുമുണ്ടവിടെ/ അവർണനീയം അനിർവചനീയം/ ആ നിഴൽനാടകലോകം...’’ ഇതേ ഭാവത്തിലുള്ള ഒരു ചരണംകൂടി ഈ ഗാനത്തിലുണ്ട്. യേശുദാസ് പാടിയ മറ്റൊരു ഗാനം: ‘‘കണ്ണുണ്ടെങ്കിലും കണ്ണാടിയില്ലെങ്കിൽ കാണുന്നതെങ്ങനെ നിൻ രൂപം?’’ എന്നാരംഭിക്കുന്നു.
‘‘കണ്ണുണ്ടെങ്കിലും കണ്ണാടിയില്ലെങ്കിൽ/ കാണുന്നതെങ്ങനെ നിൻ രൂപം –നീ/ കാണുന്നതെങ്ങനെ നിൻ രൂപം/ നിന്നിലെ സത്യങ്ങൾ നേരിട്ടറിയാത്ത/ നിസ്സാരജീവിയല്ലോ -നീയൊരു/ നിസ്സാരജീവിയല്ലോ’’ എന്ന പല്ലവിയും തുടർന്നുള്ള ചരണങ്ങളും വളരെ വ്യത്യസ്തമായ ഒരു കഥയുമായി ലയിച്ചുചേരാൻ പാകത്തിൽ എഴുതപ്പെട്ടവയാണ്: ‘‘സ്വപ്നങ്ങൾ പോലെ അനന്തമാം വാനം/ സ്വർഗത്തെ നോക്കി തളരുന്ന ഭൂമി/ മുന്നിൽ നീളുന്നു വിളറിയ വീഥി/ മൂന്നുലകും കണ്ടുവെന്നാണ് ഭാവം/ കൂരിരുൾ വന്നാൽ കുരുടനായ് തീരും/ കൂവളപ്പൂവിതൾ കണ്ണുള്ള നീയും/ മനസ്സിൽ വെളിച്ചം വിടരുകില്ലെങ്കിൽ/ മിഴിയുള്ള നീയും അന്ധനു തുല്യം!’’
യേശുദാസ് പാടിയിട്ടും ഈ രണ്ടു ഗാനങ്ങളും ഹിറ്റുകളായില്ല. ചിത്രത്തിൽ എസ്. ജാനകി പാടിയ ഗാനവും പി. ലീല പാടിയ ഗാനവും ശ്രദ്ധിക്കപ്പെട്ടു. ‘‘ഉദയതാരമേ, ശുഭതാരമേ/ ഉണരാൻ വൈകുവതെന്തേ/ ഉദയപർവതം നിനക്കായ്/ ഉദ്യാനവിരുന്നൊരുക്കി’’ എന്നു തുടങ്ങുന്ന ഗാനമാണ് എസ്. ജാനകി പാടിയത്. ആ ഗാനം ഇങ്ങനെ തുടരുന്നു: ‘‘മംഗള മധുമൊഴി പാടി വരുന്നു/ മന്ദാനിലനാം ഗായകൻ/ ചന്ദ്രികചൂടിയ ചൂഡാമണി പോൽ/ ചന്ദ്രോപലം തിളങ്ങുന്നു/ പൂവൻ കദളികൾ പുളകമൊരുക്കി/ പൂജാമണ്ഡപവാതിലിൽ/ ഇളമഞ്ഞുതിരും ഹൃദയവുമായി/ ഈ കാട്ടുപൂവും വിടരുന്നു.’’
പി. ലീല പാടിയ ഗാനം ഇനി പറയുന്നതാണ്: ‘‘അമ്പലമണികൾ മുഴങ്ങി/ ആത്മാവിലാനാദമലിഞ്ഞിറങ്ങി/ പന്തീരടിപ്പൂജ തൊഴുതു ഞാൻ നിന്നു/ ചിന്തയിൽ കർപ്പൂരമെരിഞ്ഞു നിന്നു/ ആലോലമാടുന്ന തൂക്കുവിളക്കുകൾ/ ആശകൾപോലെ കൈ കൂപ്പി നിന്നു/ ആഷാഢമേഘത്തിൽ മാരിവില്ലെന്നപോൽ/ ആശ്വാസ പുഷ്പമെന്നിൽ വിടർന്നു വന്നു’’ എന്നിങ്ങനെ തുടരുന്ന ഈ ഗാനം സാമാന്യം പ്രശസ്തി നേടിയിട്ടുണ്ട്. പി. ലീലയും സംഘവും പാടിയ ഒരു സംഘഗാനം കൂടി ‘എഴുതാത്ത കഥ’ എന്ന സിനിമയിലുണ്ട്. ‘‘വെൺകൊറ്റക്കുടക്കീഴിൽ എഴുന്നള്ളുന്നു/ വെൺചാമരനിഴലിൽ എഴുന്നള്ളുന്നു/ താരുണ്യക്കുടംപോലെ എഴുന്നള്ളുന്നു/ താരമ്പൻ കൊതിക്കുന്ന തമ്പുരാട്ടി...’’ എന്നു തുടങ്ങുന്ന ഈ ഗാനം കായംകുളം കമലമ്മ എന്ന നാടകനടിയുടെ ജീവിതത്തിലെ സുവർണകാലം ഓർമിപ്പിക്കുന്ന രംഗത്ത് വരുന്നതാണ്.
ആക്ഷൻ സിനിമകൾ മാത്രമല്ല, ലക്ഷ്യബോധമുള്ള ചിത്രങ്ങളും സംവിധാനംചെയ്യാൻ തനിക്കു കഴിയുമെന്ന് എ.ബി. രാജ് എന്ന സംവിധായകൻ ‘എഴുതാത്ത കഥ’ എന്ന സിനിമയിലൂടെ തെളിയിച്ചു. 1970ലെ മികച്ച പ്രാദേശിക ചിത്രത്തിനുള്ള ദേശീയ അവാർഡ് മലയാളത്തിൽ ‘എഴുതാത്ത കഥ’ക്കാണ് കിട്ടിയത്. പാടിനടക്കാൻ ലോബികളില്ലാത്തതിനാൽ ഈ വിവരം പലർക്കുമറിയില്ല. 1970 മേയ് 21ന് ‘എഴുതാത്ത കഥ’ പ്രദർശനം തുടങ്ങി.
(തുടരും)