മൂന്ന് അവിസ്മരണീയ സിനിമകൾ
പി. ഭാസ്കരൻ കഥയും പാട്ടുകളും എഴുതി സംവിധാനം ചെയ്ത ശ്രദ്ധേയമായ സിനിമയാണ് ‘സ്ത്രീ’. സംവിധായകൻതന്നെ എഴുതിയ കഥക്ക് പാറപ്പുറത്ത് തിരക്കഥയും സംഭാഷണവും രചിച്ചു. അസിം കമ്പനിക്കുവേണ്ടി മുഹമ്മദ് ആസം (ആസംഭായി) നിർമിച്ച ഈ ചിത്രത്തിൽ സാഹചര്യങ്ങളുടെ സമ്മർദത്താൽ അഭിസാരികയായി ജീവിക്കേണ്ടിവരുന്ന സാവിത്രി എന്ന സ്ത്രീയുടെ കഥയാണ് പറയുന്നത്. സാവിത്രിയായി ശാരദ അഭിനയിച്ചത് അക്കാലത്ത് സിനിമാരംഗത്തും പുറത്തും ചർച്ചാവിഷയമായി....
Your Subscription Supports Independent Journalism
View Plansപി. ഭാസ്കരൻ കഥയും പാട്ടുകളും എഴുതി സംവിധാനം ചെയ്ത ശ്രദ്ധേയമായ സിനിമയാണ് ‘സ്ത്രീ’. സംവിധായകൻതന്നെ എഴുതിയ കഥക്ക് പാറപ്പുറത്ത് തിരക്കഥയും സംഭാഷണവും രചിച്ചു. അസിം കമ്പനിക്കുവേണ്ടി മുഹമ്മദ് ആസം (ആസംഭായി) നിർമിച്ച ഈ ചിത്രത്തിൽ സാഹചര്യങ്ങളുടെ സമ്മർദത്താൽ അഭിസാരികയായി ജീവിക്കേണ്ടിവരുന്ന സാവിത്രി എന്ന സ്ത്രീയുടെ കഥയാണ് പറയുന്നത്. സാവിത്രിയായി ശാരദ അഭിനയിച്ചത് അക്കാലത്ത് സിനിമാരംഗത്തും പുറത്തും ചർച്ചാവിഷയമായി. സാധാരണയായി ശാലീനസുന്ദരിയായിട്ടാണ് അധികം ചിത്രങ്ങളിലും ശാരദ ആ കാലഘട്ടത്തിൽ പ്രത്യക്ഷപ്പെട്ടിരുന്നത്. ‘അഗ്നിപുത്രി’ പോലെയുള്ള സിനിമയിൽ അഭിനയിക്കാൻ ധൈര്യപൂർവം മുന്നോട്ടുവന്നിരുന്നത് ഷീലയാണ്.
‘അഗ്നിപുത്രി’യുടെ ആവർത്തനംപോലെ പ്രേക്ഷകർക്ക് തോന്നരുതെന്നു കരുതിയായിരിക്കാം ഈ ചിത്രത്തിൽ സംവിധായകൻ ശാരദയെ നായികയാക്കിയത്. ‘സ്ത്രീ’ എന്ന പേരും ആവർത്തനമായിരുന്നു. 1950ൽ ‘സ്ത്രീ’ എന്ന പേരിൽ തിക്കുറിശ്ശി കഥയും സംഭാഷണവും ഗാനങ്ങളും എഴുതി നായകനായി അഭിനയിച്ച ഒരു ചിത്രം പുറത്തുവന്നിട്ടുണ്ട്. ആർ. വേലപ്പൻ നായർ എന്നയാളായിരുന്നു അതിന്റെ സംവിധായകൻ. സിനിമയുടെ പേരുകൾ ആവർത്തിക്കുന്ന രീതി ഇന്ന് വളരെ പതിവായിട്ടുണ്ട്. പക്ഷേ, ആ കാലത്ത് വളരെ അപൂർവമായേ അങ്ങനെ സംഭവിച്ചിരുന്നുള്ളൂ. ശാരദയെ കൂടാതെ സത്യൻ, മധു, ഉമ്മർ, അംബിക, ജയഭാരതി, ആറന്മുള പൊന്നമ്മ, അടൂർ ഭാസി, വീരൻ, ബഹദൂർ, ഫിലോമിന തുടങ്ങിയവരും ‘സ്ത്രീ’യിൽ അഭിനയിച്ചു.
ചിത്രത്തിലെ ഏറ്റവും വലിയ ആകർഷണം പി. ഭാസ്കരൻ എഴുതി വി. ദക്ഷിണാമൂർത്തി സംഗീതം നൽകിയ അതിലെ ഗാനങ്ങൾ ആയിരുന്നു. യേശുദാസും എസ്. ജാനകിയും ഒറ്റക്കൊറ്റക്കു പാടുന്ന ‘‘ഇന്നലെ നീയൊരു സുന്ദരരാഗമായെൻ പൊന്നോടക്കുഴലിൽ വന്നൊളിച്ചിരുന്നു’’ എന്ന പ്രശസ്ത ഗാനം ഈ ചിത്രത്തിലാണുള്ളത്. അതായത് ഒരേ ഗാനം യേശുദാസും എസ്. ജാനകിയും പാടിയിരിക്കുന്നു. ഇവരിൽ ആരു പാടിയതാണ് മെച്ചം എന്നതിനെക്കുറിച്ച് ഇന്നും ഗാനാസ്വാദകർക്കിടയിൽ ചർച്ച നടക്കാറുണ്ട്. പി. ഭാസ്കരന്റെ രചനയും സ്വാമിയുടെ സംഗീതവും വളരെ വളരെ മികച്ചുനിൽക്കുന്ന പ്രധാന ഗാനങ്ങളിൽ ഒന്നാണിത്. ‘‘ഇന്നലെ നീയൊരു സുന്ദരരാഗമായെൻ പൊന്നോടക്കുഴലിൽ വന്നൊളിച്ചിരുന്നു... മാമക കരാംഗുലീ ചുംബനലഹരിയിൽ പ്രേമസംഗീതമായ് നീ പുറത്തുവന്നു...’’ ഈ വരികൾ ഏറ്റുപാടാത്ത ഗാനാസ്വാദകർ മലയാളികൾക്കിടയിൽ ഉണ്ടാകാൻ സാധ്യതയില്ല.
‘‘മാനത്തെ മട്ടുപ്പാവിൽ താരകനാരിമാരാ ഗാനനിർഝരി കേട്ടു തരിച്ചുനിന്നു... നീലമാമരങ്ങളിൽ ചാരിനിന്നിളംതെന്നൽ താളമടിക്കാൻപോലും മറന്നുപോയി...’’ എന്നിങ്ങനെ തുടരുന്ന ഈ മനോഹരമായ പ്രേമഗാനം മലയാള സിനിമാഗാനങ്ങളിലെ രത്നങ്ങളിൽ ഒന്നാണ്.
എസ്. ജാനകി പാടിയ ‘‘അമ്പലവെളിയിൽ ഒരാൽത്തറയിൽ...’’ എന്നുതുടങ്ങുന്ന ഗാനം പി. ഭാസ്കരന്റെ ഉൽകൃഷ്ട രചനകളിൽ ഒന്നാണ്. പരിതഃസ്ഥിതികളുടെ സമ്മർദംകൊണ്ടുമാത്രം അഭിസാരികാവൃത്തി തിരഞ്ഞെടുത്ത ഒരു സ്ത്രീയുടെ മനസ്സ് ഈ ഗാനത്തിലൂടെ കവി വളരെ നന്നായി അവതരിപ്പിച്ചിരിക്കുന്നു. അവളെ രഹസ്യമായി ആരാധിക്കുന്നവരും പരസ്യമായി പരിചയംപോലും ഭാവിക്കുകയില്ല. സമൂഹം എന്ന ക്ഷേത്രത്തിനു വെളിയിലാണ് അവൾക്കു സ്ഥാനം. അവളുടെ ആത്മദുഃഖം പങ്കിടാൻ ആരുമുണ്ടാവില്ല. അത് എത്ര മനോഹരമായി പി. ഭാസ്കരൻ എന്ന കവി ആവിഷ്കരിച്ചിരിക്കുന്നു. ‘‘അമ്പലവെളിയിലൊരാൽത്തറയിൽ കൈക്കുമ്പിളിൽ നാലഞ്ചു പൂക്കളുമായ് കണ്ണുനീർചരടിന്മേൽ മാല കോർത്തിരിക്കുന്ന സന്യാസിനിയാണു ഞാൻ -പ്രേമസന്യാസിനിയാണു ഞാൻ...’’
പ്രേമസന്യാസിനി എന്ന പ്രയോഗം എത്ര ഉജ്ജ്വലം, എത്ര ചിന്താദീപ്തം! ദേവനുവേണ്ടി മാല കോർക്കുന്ന ഭക്തയാണ് അവൾ. എന്നാൽ, കോവിലിനു പുറത്താണ് അവളുടെ സ്ഥാനം. മാലകോർക്കുന്ന ചരട് അവളുടെ കണ്ണുനീരാണ്. ആവശ്യത്തിനുള്ള പൂക്കളും അവളുടെ കൈയിലില്ല. നാലഞ്ചു പൂക്കൾ മാത്രം. സമൂഹം നിർമിച്ചിരിക്കുന്ന സദാചാര ക്ഷേത്രത്തിൽ അവൾക്കു പ്രവേശനമില്ല. ഉത്സവനാളിൽ ദേവനെ പുറത്ത് എഴുന്നള്ളിക്കുമ്പോൾ മാത്രമാണ് അവൾക്കു തൊഴാൻ കഴിയുക. ‘‘ഉത്സവവേളയിൽ സ്വപ്നരഥത്തിലെന്റെ വത്സലദേവൻ പുറത്തെഴുന്നള്ളുമ്പോൾ കഴലിൽ നമസ്കരിച്ചു നിർവൃതികൊള്ളുന്നു നിഴലിൽ മറയുന്നു ഞാൻ -ദൂരെ നിഴലിൽ മറയുന്നു ഞാൻ...’’
ചിത്രത്തിലെ സന്ദർഭവുമായും കഥയുടെ ആശയവുമായും ഈ ഗാനം എത്രമാത്രം അലിഞ്ഞുചേർന്നിരിക്കുന്നു എന്ന് ആ സിനിമ കണ്ട യഥാർഥ ആസ്വാദകർക്ക് വ്യക്തമായി മനസ്സിലാകും. പി. ഭാസ്കരൻ ഇവിടെ വെറും ഗാനരചയിതാവല്ല; മഹാകവിയായി തന്നെ ഉയർന്നുനിൽക്കുന്നു. ‘‘എന്തിനെന്നറിവീല എന്റെയീ പൂജാമാല്യം എന്നും ഞാൻ കോർക്കുന്നു... വിദൂരതയിൽ ആരാധനക്കുമല്ല അലങ്കരിക്കാനുമല്ല അധഃകൃതയല്ലോ ഞാൻ -വെറും അധഃകൃതയല്ലോ ഞാൻ..!’’ എന്നിങ്ങനെ ഗാനം അവസാനിക്കുന്നു.
എസ്. ജാനകി പാടിയ മറ്റൊരു ഗാനം ഇതേരീതിയിൽ, എന്നാൽ മറ്റൊരു ഭാവതലത്തിൽ ഉയർന്നുനിൽക്കുന്നു. ‘‘കവിത പാടിയ രാക്കുയിലിൻ കഴുത്തറുത്തു... ആ കനകപഞ്ജരം മാത്രമവർ കവർന്നെടുത്തു...’’ എന്ന രണ്ടു വരികളിൽ ഒതുങ്ങുന്നു ഗാനത്തിന്റെ പല്ലവി. ഗാനത്തിലെ തുടർന്നുള്ള വരികൾ ശ്രദ്ധിക്കുക. ‘‘തൂവലും ചിറകുകളും വിറങ്ങലിച്ചിരിക്കും -ആ പൂവലാംഗം വാരിയവർ പുണർന്നു വീണ്ടും ചിറകിൽനിന്നും താഴെ വീണ നവരത്നങ്ങൾ ചിതറിവീണ ബാഷ്പധാര മാത്രമായിരുന്നു...’’
യേശുദാസ് പാടിയ മറ്റൊരു ഗാനംകൂടി ‘സ്ത്രീ’യിൽ ഉണ്ടായിരുന്നു. വളരെ വികാരതീവ്രമായ വരികളായിരുന്നു ഈ പാട്ടിലും ഉണ്ടായിരുന്നത്. ‘‘ജന്മം നൽകീ -പാവനജീവന സ്തന്യം നൽകി പുരുഷനു നീ ധന്യാധിധന്യേ, ജനനീ നിന്നെ കണ്ണീരു കുടിപ്പിക്കുന്നു -പുരുഷൻ കണ്ണീരു കുടിപ്പിക്കുന്നു...’’ എന്നിങ്ങനെ തുടങ്ങുന്ന ഈ ഗാനം യേശുദാസ് തികഞ്ഞ ഭാവതീവ്രതയോടെ പാടിയിട്ടുണ്ട്. സ്വാമിയുടെ ഈണവും വരികൾക്ക് തികച്ചും അനുയോജ്യം.
‘‘കന്യകമാരാം കാമധേനുക്കളെ കാട്ടാളരെ പോലെ വേട്ടയാടി ചോരയും മാംസവും പങ്കുവെക്കാൻ പുരുഷമൃഗത്തിനെന്തു രസം എന്തു രസം...’’ സ്ത്രീയെ അബലയാക്കിയത് പുരുഷനാണ്. ചാരിത്ര്യം മോഷ്ടിക്കുന്നവൻ തന്നെ അവളെ ചപല എന്ന് വിളിച്ചു. പുരുഷന്റെ കാമാർത്തിയാണ് സ്ത്രീയെ ബലിമൃഗമാക്കിയത് എന്നും കവി തുടർന്നു പറയുന്നു.
പി. ഭാസ്കരന്റെ മികച്ച ചിത്രങ്ങളിലൊന്നാണ് ‘സ്ത്രീ’. എങ്കിലും ആ ചിത്രത്തിന് വേണ്ടത്ര അംഗീകാരം കിട്ടിയില്ല. സാമ്പത്തികമായും ചിത്രം ഒരു ശരാശരി വിജയമേ നേടിയുള്ളൂ. നായികയായ അഭിസാരികയുടെ വേഷത്തിൽ ശാരദ അഭിനയിച്ചത് ചിത്രത്തെ പ്രതികൂലമായി ബാധിച്ചു എന്നാണ് പലരും അഭിപ്രായപ്പെട്ടത്. 1970 ഏപ്രിൽ 10ന് ‘സ്ത്രീ’ എന്ന ചിത്രം തിയറ്ററുകളിൽ എത്തി.
പി. ഭാസ്കരൻ-ബാബുരാജ് കൂട്ടുകെട്ടിന്റെ കരുത്ത് കുറയുകയും ആദ്യകാലത്ത് ഉണ്ടായിരുന്ന പി. ഭാസ്കരൻ-ദക്ഷിണാമൂർത്തി കൂട്ടുകെട്ട് വീണ്ടും സജീവമാവുകയും ചെയ്തത് ‘സ്ത്രീ’യിലെ ഹിറ്റ് ഗാനങ്ങളിലൂടെയാണെന്നു തോന്നുന്നു. ഈ സിനിമയുടെ സംവിധായകനും പി. ഭാസ്കരൻ തന്നെയാണല്ലോ. സ്വാഭാവികമായും അദ്ദേഹം തന്നെയായിരിക്കണം സംഗീതസംവിധായകനെ നിശ്ചയിച്ചതും. ‘സ്ത്രീ’ എന്ന ചിത്രം പുറത്തുവന്ന ഏപ്രിൽ പത്താം തീയതിതന്നെയാണ് മഞ്ഞിലാസിന്റെ മേൽവിലാസത്തിൽ എം.ഒ. ജോസഫ് നിർമിച്ച ‘വാഴ്വേമായം’ എന്ന ചിത്രവും പുറത്തുവന്നത്. കെ.എസ്. സേതുമാധവൻ സംവിധാനംചെയ്ത ഈ പ്രശസ്ത ചിത്രം ജനപ്രിയ നോവലിസ്റ്റായ പി. അയ്യനേത്തിന്റെ അതേ പേരിലുള്ള നോവലിന്റെ ചലച്ചിത്രരൂപമായിരുന്നു. തോപ്പിൽ ഭാസി തിരനാടകവും സംഭാഷണവും എഴുതി. സത്യന്റെയും ഷീലയുടെയും അഭിനയം ഈ സിനിമയുടെ പ്രധാന ആകർഷണഘടകമായിരുന്നു. ചിത്രത്തിന്റെ അവസാനഭാഗത്ത് നായികയായ ഷീലയുടെ മകളായി ഷീല തന്നെ പ്രത്യക്ഷപ്പെടുന്നതും സിനിമയുടെ പ്രത്യേകതകളിൽ ഒന്നായിരുന്നു. സത്യൻ, ഷീല, ഉമ്മർ, ബഹദൂർ, കെ.പി.എ.സി ലളിത, അടൂർ ഭാസി, ശങ്കരാടി, എൻ. ഗോവിന്ദൻകുട്ടി, മുതുകുളം രാഘവൻപിള്ള, പറവൂർ ഭരതൻ, ഫിലോമിന, ഖദീജ തുടങ്ങിയവർ അഭിനയിച്ചു. വയലാർ-ദേവരാജൻ ടീമിന്റെ മികച്ച പാട്ടുകളും ചിത്രത്തെ സഹായിച്ചു. യേശുദാസ് പാടിയ ‘‘ചലനം... ചലനം... ചലനം...’’ എന്ന പ്രശസ്തഗാനവും അതിന്റെ ചിത്രീകരണവും മികച്ചതായി.
‘‘ചലനം... ചലനം... ചലനം... മാനവജീവിത പരിണാമത്തിൻ മയൂരസന്ദേശം ചലനം... ചലനം... ചലനം’’ എന്നു തുടങ്ങുന്ന ഗാനത്തിലെ വരികളിൽ ചിത്രത്തിന്റെ ആശയവും ഭൗതികവാദിയായ കവിയുടെ വിശ്വാസവും പ്രതിഫലിക്കുന്നുണ്ട്. ‘‘വേദങ്ങൾ എഴുതിയ മുനിമാർ പാടി: വാഴ്വേമായം ഈ യുഗം നിർമിച്ച മനുഷ്യൻ തിരുത്തി: വാഴ്വേ സത്യം’’ എന്നിങ്ങനെ അത് വെളിപ്പെടുന്നു. യേശുദാസ് തന്നെ പാടിയ ‘‘ഈ യുഗം കലിയുഗം; ഇവിടെയെല്ലാം പൊയ്മുഖം’’ എന്ന ഗാനവും തത്ത്വചിന്താപരമാണ്. മനുഷ്യൻ മനുഷ്യനെ സ്നേഹിക്കുമ്പോൾ മനസ്സിൽ ദൈവം ജനിക്കുന്നു... മനുഷ്യൻ മനുഷ്യനെ വെറുക്കാൻ തുടങ്ങുമ്പോൾ മനസ്സിൽ ദൈവം മരിക്കുന്നു... എന്നിങ്ങനെ വളരെ ലളിതമായ ശൈലിയിൽ വയലാർ എഴുതിയിരിക്കുന്നു. പി. സുശീലയും ജയചന്ദ്രനും പാടിയ യുഗ്മഗാനവും പ്രസിദ്ധമാണ്. ‘‘സീതാദേവി സ്വയംവരം ചെയ്തൊരു ത്രേതായുഗത്തിലെ ശ്രീരാമൻ കാൽവിരൽകൊണ്ടൊന്നു തൊട്ടപ്പോൾ പണ്ട് കാട്ടിലെ കല്ലൊരു മോഹിനിയായ്’’ എന്നിങ്ങനെ ആരംഭിക്കുന്ന ആ പാട്ടു മനോഹരംതന്നെയാണ്. ഈ പാട്ടിലെ ‘‘കല്ലിൽ കൊത്തിവെച്ച കവിതേ -നിന്റെ കനകച്ചിലങ്ക കിലുങ്ങിയതെങ്ങനെ മാറിടം തുടിക്കും പ്രതിമേ -നിന്റെ മേലാസകലം തളിരിട്ടതെങ്ങനെ..?’’ തുടങ്ങിയുള്ള വരികളിൽ വയലാറിന്റെ മായാജാലം കാണാം.
പി. സുശീല പാടിയ ‘‘കല്യാണസൗഗന്ധിക പൂങ്കാവനത്തിലൊരു കസ്തൂരിമാനിനെ കണ്ടു’’ എന്നു തുടങ്ങുന്ന പാട്ടും ജനങ്ങൾ ഇഷ്ടപ്പെട്ടു.
പി. ലീല പാടിയ ‘‘ഭഗവാനൊരു കുറവനായി ശ്രീപാർവതി കുറത്തിയായി ധനുമാസത്തിൽ തിരുവാതിരനാൾ തീർഥാടനത്തിനിറങ്ങി -അവർ ദേശാടനത്തിനിറങ്ങി’’ എന്ന പാട്ടും വ്യത്യസ്തമായിരുന്നു. മാധുരി പാടിയ ‘‘കാറ്റും പോയ്... മഴക്കാറും പോയ്’’ എന്ന പാട്ട് മാധുരിയുടെ ആദ്യകാല ഹിറ്റുകളിൽ ഒന്നായിമാറി.
‘‘കാറ്റും പോയ്... മഴക്കാറും പോയ്... കർക്കടകം പുറകേ പോയ്... ആവണിത്തുമ്പിയും അവൾ പെറ്റ മക്കളും വാ... വാ...വാ...’’ എന്നിങ്ങനെ ഒഴുകുന്ന ആ ഗാനം ചിത്രത്തിൽ അതീവ ഹൃദ്യമായ രീതിയിൽ പാടി അഭിനയിക്കുന്നത് കെ.പി.എ.സി ലളിതയാണ്. പി. ഭാസ്കരന്റെ ‘സ്ത്രീ’യും കെ.എസ്. സേതുമാധവന്റെ ‘വാഴ്വേമായ’വും ഒരേദിവസം തിയറ്ററുകളിൽ എത്തി. രണ്ടും സംവിധാന മികവുള്ള ചിത്രങ്ങൾ. രണ്ടിലുമുണ്ട് മനോഹര ഗാനങ്ങൾ. ജനങ്ങൾ കൂടുതൽ ഇഷ്ടപ്പെട്ടത് ‘വാഴ്വേമായ’മാണ്. എന്നാൽ, പാട്ടുകളിൽ പി. ഭാസ്കരൻ-ദക്ഷിണാമൂർത്തി ടീമിന്റെ ‘‘ഇന്നലെ നീയൊരു സുന്ദരരാഗമായെൻ പൊന്നോടക്കുഴലിൽ വന്നൊളിച്ചിരുന്നു’’ എന്ന പാട്ട് അൽപം മുന്നിൽനിന്നു എന്നാണ് ഈ ലേഖകന്റെ വിനീതമായ അഭിപ്രായം.
ഗാനരചനാരംഗത്ത് വയലാർ ശക്തനായി നിൽക്കുമ്പോഴും കവി എന്നനിലയിലും സംവിധായകൻ എന്നനിലയിലും പി. ഭാസ്കരൻ നല്ല തിരക്കിലായിരുന്നു. പി. ഭാസ്കരന്റെ ‘സ്ത്രീ’ എന്ന ചിത്രം തിയറ്ററുകളിലെത്തി മൂന്നു വാരം കഴിഞ്ഞപ്പോൾതന്നെ അദ്ദേഹം ഗാനങ്ങളെഴുതി സംവിധാനം ചെയ്ത ‘അമ്പലപ്രാവ്’ എന്ന സിനിമ റിലീസ് ചെയ്തു. ദോസ്തിപോലെയുള്ള ഹിന്ദി ചിത്രങ്ങൾ നിർമിച്ച പ്രശസ്ത ഹിന്ദി നിർമാതാവായ താരാചന്ദ് ബർജാത്യ (രാജശ്രീ പ്രൊഡക്ഷൻസ്, ബോംബെ) സർഗം പിക്ചേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന പുതിയ ബാനറിൽ മലയാളത്തിൽ നിർമിച്ച സിനിമയാണ് ‘അമ്പലപ്രാവ്’. താപ്പ എന്ന ഹിന്ദി എഴുത്തുകാരന്റെ കഥക്ക് എസ്.എൽ. പുരം സദാനന്ദൻ തിരനാടകവും സംഭാഷണവും എഴുതി. പി. ഭാസ്കരന്റെ ഗാനങ്ങൾക്ക് ചെറിയ ഇടവേളക്കു ശേഷം ബാബുരാജ് ഈണം നൽകി. യേശുദാസ്, പി. ലീല, എസ്. ജാനകി, ജയചന്ദ്രൻ എന്നിവരാണ് പിന്നണിഗായകർ. ‘അമ്പലപ്രാവ്’ എന്ന ചിത്രത്തിന് ഒരു വലിയ പ്രത്യേകതയുണ്ട്. ശാരദയുടെ അമ്മയായി ഷീല അഭിനയിച്ചു. ഷീല എന്ന നടി തന്റെ ഇമേജിനെപ്പറ്റി ഒരിക്കലും ഉത്കണ്ഠപ്പെട്ടിരുന്നില്ല എന്നതിന് ഇതിലും വലിയൊരു തെളിവ് ആവശ്യമില്ലല്ലോ. ‘അമ്പലപ്രാവ്’ 1970 മേയ് ഒന്നാം തീയതി തിയറ്ററുകളിൽ എത്തി.
പി. ഭാസ്കരൻ-ബാബുരാജ് ടീം പിന്നാലെയാകുന്നു എന്ന അഭിപ്രായം ആസ്വാദകർ പ്രകടിപ്പിച്ചപ്പോൾ സ്വാഭാവികമായും ബാബുരാജിന് ദുഃഖം തോന്നിയിരിക്കണം. അതുകൊണ്ടാവാം ‘ അമ്പലപ്രാവി’ലെ സംഗീതം വളരെ ഉയർന്ന നിലവാരം പുലർത്തിയത്. ചിത്രത്തിനുവേണ്ടി പി. ഭാസ്കരനും എം.എസ്. ബാബുരാജും ചേർന്നൊരുക്കിയ എല്ലാ ഗാനങ്ങളും രചനയിലും സംഗീതത്തിലും ഉന്നതനിലവാരം പുലർത്തി. പാട്ടുകളുടെ ആദ്യവരികൾ കേൾക്കുമ്പോൾതന്നെ നിങ്ങളിൽ ഗൃഹാതുരസ്മരണകൾ ഉണരും. യേശുദാസ് പാടിയ ‘‘ദുഃഖങ്ങൾക്കിന്നു ഞാൻ അവധി കൊടുത്തു’’, പി. ലീല പാടിയ ‘‘പ്രമദവനത്തിൽ വെച്ചെൻ ഹൃദയാധിനാഥനിന്നു’’, എസ്. ജാനകി പാടിയ ‘‘താനേ തിരിഞ്ഞും മറിഞ്ഞും’’, ജയചന്ദ്രൻ പാടിയ ‘‘കുപ്പായക്കീശമേൽ’’ തുടങ്ങിയ ഗാനങ്ങൾ. ‘‘ദുഃഖങ്ങൾക്കിന്നു ഞാൻ അവധി കൊടുത്തു...’’ എന്നു തുടങ്ങുന്ന ഗാനം മലയാള സിനിമയിലെ തത്ത്വചിന്താപരമായ ഗാനങ്ങളിൽ വേറിട്ട വ്യക്തിത്വം പുലർത്തുന്ന ഒരു പാട്ടാണ്.
‘‘ദുഃഖങ്ങൾക്കിന്നു ഞാൻ അവധി കൊടുത്തു... സ്വർഗത്തിൽ ഞാനൊരു മുറിയെടുത്തു... വിധിയും ഞാനും ഒരു കൂടു ചീട്ടുമായ് വിളയാടാനിരിക്കുന്നു...’’ എന്ന പല്ലവിയിലെ ഗഹനതയും നർമവും ഇങ്ങനെ ലളിതമായ വിധത്തിൽ ലയിപ്പിക്കാൻ പി. ഭാസ്കരന് മാത്രമേ സാധിക്കൂ. ഗാനത്തിലെ അവസാനത്തെ നാലുവരികൾ കേൾക്കുമ്പോൾ ‘ആ വരികളിൽ തെളിയുന്നത് എന്റെ മനസ്സല്ലേ?’ എന്ന് ഓരോ ശ്രോതാവിനും തോന്നിയേക്കാം.
‘‘മനുജജീവിത മലർപ്പൊതിയിതുവരെ അനുഭവിക്കാനെനിക്കൊത്തില്ല... പതിരും മലരും ശരിയും തെറ്റും പെറുക്കിപ്പെറുക്കി ഞാൻ വലഞ്ഞല്ലോ...’’
ഗസൽഛായയിലുള്ള ഈണങ്ങളിലൂടെയാണല്ലോ ബാബുരാജ് എന്ന സംഗീതമാന്ത്രികൻ മലയാളികളെ പിടിച്ചിരുത്തിയത്. ഏതാണ്ട് അതിനോടടുത്തു നിൽക്കുന്ന ശൈലിയിലാണ് എസ്. ജാനകി പാടിയ ‘‘താനേ തിരിഞ്ഞും മറിഞ്ഞും...’’ എന്നാരംഭിക്കുന്ന അതിമനോഹര ഗാനത്തിന്റെ ഈണം ബാബുരാജ് ഒരുക്കിയിട്ടുള്ളത്. ‘‘താനേ തിരിഞ്ഞും മറിഞ്ഞും -തൻ താമരമെത്തയിലുരുണ്ടും മയക്കം വരാതെ മാനത്തു കിടക്കുന്നു മധുമാസ സുന്ദരചന്ദ്രലേഖ...’’ ഇന്നും കേരളത്തിൽ നടക്കുന്ന ഗാനമേളകളിലും റിയാലിറ്റി ഷോകളിലും ആവർത്തിച്ചു കേൾക്കുന്ന ഗാനമാണ്. ‘‘ചന്ദനക്കട്ടിലിൽ പാതിര വിരിച്ചിട്ട ചെമ്പകവെൺമലർത്തൂവിരിപ്പിൽ മധുവിധുരാവിനായ് ചുണ്ടുകളിൽ -പ്രേമ മകരന്ദ മഞ്ജരിയേന്തി...’’ എന്നിങ്ങനെ തുടരുന്ന ഈ ഗാനത്തിലെ ഓരോ വരിയും സ്വരസംവിധാനവും ഉന്നതംതന്നെ. പി. ലീല എന്ന ഗായികക്കും ഈ ചിത്രത്തിൽ അതീവസുന്ദരമായ ഒരു ഗാനം ലഭിച്ചു. ആ ഗാനത്തിൽ കർണാടകസംഗീത ശൈലിയാണ് ബാബുരാജ് പിന്തുടർന്നിട്ടുള്ളത്. പാട്ടു കേൾക്കുമ്പോൾ അത് വി. ദക്ഷിണാമൂർത്തിയുടെ ഈണമാണോ എന്നുപോലും പലർക്കും സംശയം തോന്നാം. എന്നാൽ, ഇതുപോലെയുള്ള പാട്ടുകൾ ‘തച്ചോളി ഒതേനനി’ലും ആ ജാതിയിൽപെട്ട മറ്റു ചില ചിത്രങ്ങളിലും ബാബുരാജ് മുമ്പുതന്നെ ഒരുക്കിയിട്ടുണ്ട്.
‘‘പ്രമദവനത്തിൽ വെച്ചെൻ ഹൃദയാധിനാഥനിന്നു പ്രണയകലഹത്തിനു വന്നു... സഖീ മുല്ലപ്പൂബാണമേറ്റു മുറിഞ്ഞു, തനു തളർന്നു -ഇവൾ അല്ലിത്താമര മാല കൊടുത്തതു കള്ളൻ തട്ടിയെറിഞ്ഞു കളഞ്ഞു...’’
പി. ലീല അതിമനോഹരമായി ഇത് പാടുകയും ചെയ്തു. എസ്. ജാനകി തന്നെ പാടിയ ‘‘മാവു പൂത്തു -മാതളം പൂത്തു താണി പൂത്തു -തമ്പകം പൂത്തു കാമദേവനോടിയടുത്തു ആവനാഴി വാരിനിറച്ചു... പാല പൂത്തു -പയനം പൂത്തു... പട്ടുപുള്ളിച്ചേലയുടുത്തു കുളി കഴിഞ്ഞു, കുന്നും മലയും കളഭചന്ദന ഗോപികൾ തൊട്ടു...’’ പ്രകൃതിദൃശ്യങ്ങളുടെ വാങ്മയചിത്രം ഇതിലും മനോഹരമായി വരക്കുന്നതെങ്ങനെ? ഭാസ്കരൻ മാസ്റ്റർക്ക് പാദനമസ്കാരം!
ജയചന്ദ്രൻ പാടിയ ‘‘കുപ്പായക്കീശമേൽ കുങ്കുമപ്പൊട്ടു കണ്ട് കൂട്ടുകാരിന്നെന്നെ കളിയാക്കി... കിളിവാലൻമുടിക്കുള്ളിൽ കുടമുല്ലപ്പൂവു കണ്ട് കളിത്തോഴന്മാർ കഥയുണ്ടാക്കി’’ എന്നു തുടങ്ങുന്ന ഗാനം നന്നായിരുന്നെങ്കിലും ചിത്രത്തിലെ മറ്റു പാട്ടുകളുടെ ഭാവഗരിമ അതിനു ലഭിച്ചില്ല. ജയചന്ദ്രൻ ഹിറ്റുകളുടെ കൂട്ടത്തിൽ ആ ഗാനം ഉൾപ്പെടാതെ പോവുകയും ചെയ്തു.
അടുത്തടുത്തു വന്ന മൂന്നു സിനിമകൾ -സ്ത്രീ, വാഴ്വേമായം, അമ്പലപ്രാവ്- മലയാളികൾ ഓർമിക്കുന്ന സിനിമകളാണ്. അവയിലെ പാട്ടുകളും ജനഹൃദയം കവർന്നു.